'മാച്ചേര്‍ കാലിയ'- ടി. അരുണ്‍കുമാര്‍ എഴുതിയ കഥ

ചൂണ്ടയില്‍ മീന്‍കൊത്തുന്നതുപോലെ ആയിരുന്നു അത്. ഒരേസമയം പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ ഒന്നാണതെന്ന് മനുവിനറിയാമായിരുന്നു
'മാച്ചേര്‍ കാലിയ'- ടി. അരുണ്‍കുമാര്‍ എഴുതിയ കഥ

ചൂണ്ടയില്‍ മീന്‍കൊത്തുന്നതുപോലെ ആയിരുന്നു അത്. ഒരേസമയം പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ ഒന്നാണതെന്ന് മനുവിനറിയാമായിരുന്നു. അങ്ങനെയൊരു അപൂര്‍വ്വ നിമിഷത്തിലാണ് യമുന ഒരിന്റര്‍നാഷണല്‍ കോളിന്റെ അറ്റത്ത് കുരുങ്ങി ശബ്ദമുണ്ടാക്കിയത്. അപ്പോള്‍ തപന്‍ വാട്സാപ്പില്‍ ഇട്ടുകൊടുത്ത മധുരപലഹാരക്കുറിപ്പുകള്‍ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. അതിലൊരണ്ണം പാകിസ്താനി ബര്‍ഫിയും മറ്റൊന്ന് ചൈനീസ് ടോഫുവും ആയിരുന്നു. ഫോണിനപ്പുറത്ത് യമുനയുടെ സ്വരം മനുവിനു ത്രിമധുരമായി: ''മനൂ, നീയെവിടെയാ?''
ഒരു നിമിഷത്തെ അമ്പരപ്പിനുശേഷം മനു വാക്കുകളെ വലയെറിഞ്ഞു കുരുക്കി: ''ഏയ്, യമുനാ! ഇതിപ്പോ, നീയെവിടുന്ന്? ആദ്യം അതു പറയൂ.''

യമുന ഉത്തരം വൈകിപ്പിക്കുന്നത് സസ്പെന്‍സിനെ മുന്നില്‍ വിടാനാണെന്നത് മനുവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ മനു കരുതിനിന്നു. 

''ഞാന്‍ മുംബയില്‍'' യമുന പറഞ്ഞു: ''കൊച്ചിയിലേയ്ക്ക് ചെക്കിന്‍ കഴിഞ്ഞിരിക്കുന്നു. നീ എയര്‍പോര്‍ട്ടിലേയ്ക്കു വാ.''
''മുംബയില്‍?'' മനുവിനു പരമാവധി ശ്രമിച്ചിട്ടും ആശ്ചര്യത്തെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞില്ല. അതു ചൂണ്ടയില്‍നിന്നു വഴുതിയ മീനിനെപ്പോലെ അയാളുടെ ശബ്ദത്തിലൂടെ പുറത്തേയ്ക്കു ചാടി.
''കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ നീ വേറെ ഏതോ സ്ഥലമാണല്ലോ പറഞ്ഞത്.'' മനുവിന് ആ സ്ഥലം പക്ഷേ, ഓര്‍മ്മ വന്നില്ല. ഓര്‍മ്മയ്ക്ക് കടന്നുവരാന്‍ ഇത്തിരി നിശ്ശബ്ദത അനുവദിച്ച് അയാള്‍ കാത്തിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.

''അതൊക്കെ പണ്ട്'' യമുന പൊട്ടിച്ചിരിച്ചു: ''അവസാനം വിളിക്കുമ്പോള്‍ ഞാന്‍ അന്റാനാനവറിയായില്‍ ആയിരുന്നു. അവിടന്നു കഴിഞ്ഞയാഴ്ച ഞാന്‍ കിഴക്കോട്ട് വെച്ചു പിടിച്ചിരുന്നു. അതും ഞാന്‍ പറഞ്ഞിരുന്നതാണ്. നീ എല്ലാം മറന്നുപോവുകയാണ്.''
എന്നിട്ട് അവള്‍ മുന്നേ പോയ സസ്പെന്‍സിനെ തിരിച്ചുവിളിച്ചു: ''അതു ഞാന്‍ വന്നിട്ട് പറഞ്ഞു തരാം.''
മനു അവളെ ഫോണിലുടെ ചുംബിച്ചു. എന്നിട്ട് തപനെ വിളിച്ചു: 
''സാബ്.''
''തപന്‍?''
''പറയൂ, സാബ്.''
ബംഗാളിയിലാണ് തപന്‍ ആദ്യവാചകം പറഞ്ഞതെങ്കിലും പതിവുപോലെ സംഭാഷണം ഇംഗ്ലീഷിലേയ്ക്ക് വഴിമാറിയൊഴുകി: 
''യമുന വരുന്നു, വൈകിട്ട് ഫ്‌ലാറ്റിലേയ്ക്കു വരണം. മീന്‍ കറി വയ്ക്കണം.''

തപനത് ആവേശത്തോടെ സമ്മതിച്ചു. കഴിഞ്ഞതവണ യമുന വന്നുപോയപ്പോള്‍ മായികമായൊരു ബംഗാളി മീന്‍കറിയില്‍ അവളെ വീഴ്ത്തിക്കളഞ്ഞിരുന്നു അയാള്‍. നെയ്മത്തി ബംഗാളിശൈലിയില്‍ കടുകെണ്ണയില്‍ കുളിപ്പിച്ച്, ഉണ്ടാക്കി വിളമ്പുകയായിരുന്നു തപന്‍. വെട്ടിത്തിളങ്ങി, ഇത്തിരിയുയര്‍ന്നു പാത്രത്തില്‍ കിടന്ന മീന്‍വയര്‍ യമുന കത്തിവെച്ച് വരഞ്ഞപ്പോള്‍ കേരളത്തിന്റെ ഭൂപടംപോലെ മത്തിമുട്ട പുറത്തുചാടി. അതിലേയ്ക്ക് ഉറ്റുനോക്കിയിരുന്ന് യമുന ഇങ്ങനെ പറഞ്ഞു: ''ഞാന്‍ കരുതിയത്, കേരളത്തിലാണ് ഒന്നാന്തരമായി മീന്‍ വെയ്ക്കുന്ന മനുഷ്യരുള്ളതെന്നാണ്.''

''ലോകത്തിലേയ്ക്കും നല്ല മീന്‍കറി വെയ്ക്കുന്നത് ബംഗാളികളാണ്'' തപന്‍ വാക്കുകളാല്‍ ഗുസ്തി പിടിക്കാന്‍ തയ്യാറായി: ''ദാ ഇതുപോലൊന്ന് ഇതിന് മുന്‍പ് കഴിച്ചിട്ടുണ്ടോ, മേംസാബ് ലോകം മുഴുവന്‍ കറങ്ങിനടക്കുന്ന ആളല്ലേ?''
''ഈ രുചി, അതില്ല'' യമുന സമ്മതിച്ചു. 
''അതാണ്'' തപന്റെ മുഖം അഭിമാനപൂരിതമായി: ''ഇതുതന്നെ മീന്‍ ഒരു പ്രത്യേക പാകത്തില്‍ കടുകും മസാലയും അരച്ചു പുരട്ടി ചൂടുതട്ടിച്ച ശേഷമാണ് കറിയാക്കുന്നത്.''

രാത്രിയില്‍ യമുന അവളുടെ തൊഴിലനുഭവങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഒരു വാചകത്തില്‍ കുറേ നേരം തടഞ്ഞുനിന്നത് മനു ഓര്‍ത്തു. അവള്‍ പറഞ്ഞത് ഏതാണ്ട് ഇങ്ങനെ അര്‍ത്ഥം വരുന്നൊരു വാചകം ആയിരുന്നു: അഭയാര്‍ത്ഥികളോട് ലോകം കടപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അവര്‍ ചുമന്നു നടക്കുന്നത് വലിയ വലിയ സംസ്‌കാരങ്ങളെക്കൂടിയാണ്. 

ഐക്യരാഷ്ട്രസഭയുടെ റഫ്യൂജി മിഷനില്‍ വേറെ വലിയ വിശേഷങ്ങളെന്തുണ്ടെന്നു ചോദിക്കാന്‍ മനു മെനക്കെട്ടില്ല. അയാളവളുടെ വലിയ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു തന്നിലേയ്ക്ക് ചേര്‍ത്തു കിടത്തി. അവളുടെ ചുണ്ടുകളില്‍ അയാള്‍ മീന്‍ മണത്തു. മനു മത്സ്യഗന്ധിയെന്നു വിളിച്ചപ്പോള്‍ അവള്‍ അടക്കിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''സത്യത്തില്‍ അഭയാര്‍ത്ഥികളും സഞ്ചാരികളും ചേര്‍ന്നാണ് ലോകത്തെ ഉണ്ടാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ നമ്മളെങ്ങനെ ഇന്ന് തപന്റെ കടുകരച്ച മീന്‍കറി കഴിക്കുമായിരുന്നു?''
അവള്‍ പതിയെ മനുവിന്റെ കൈകള്‍ എടുത്തുമാറ്റി. എന്തോ ഓര്‍ത്തു കിടന്നു. 

''സാബ്, ഞാനൊന്നു ചോദിക്കട്ടെ?'' തപന്റെ ചോദ്യത്തില്‍ മനു വര്‍ത്തമാനത്തിലേയ്ക്ക് വഴുതി വീണു.
''പിന്നെന്താ?''
ഒരു നിമിഷം നിശ്ശബ്ദനായിട്ട്, ധാക്കയില്‍നിന്ന് റീമ വന്ന കാര്യം തപന്‍ അറിയിച്ചപ്പോള്‍ യമുന സസ്പെന്‍സിന്റെ തന്ത്രം അയാള്‍ക്കു കൂടി പകര്‍ന്നിട്ടാണോ പോയതെന്ന് മനു സംശയിച്ചു. എന്തേ തന്നോട് പറഞ്ഞില്ലെന്ന് മനു ചോദിച്ചപ്പോള്‍ തപന്‍ കൂടുതല്‍ ആഹ്ലാദവാനായി: ''അവള്‍ ഇത്തിരി മുന്‍പ് റെയില്‍വേ സ്റ്റേഷനിലെത്തിയിട്ട് എന്നെ വിളിക്കുകയായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല.''
എന്നിട്ടാണ് അയാള്‍ അത് ചോദിച്ചത്: ''മേംസാബിനുള്ള സ്പെഷ്യല്‍ മീന്‍കറി, വൈകിട്ടത്തേയ്ക്കുള്ളത്, അത് താനുണ്ടാക്കിയാലോ എന്ന് റീമ ചോദിക്കുന്നു.''

മനു സമ്മതിച്ചു. കടല്‍വിഭവങ്ങളുടെ പാചകത്തില്‍ പ്രത്യേകം പഠനം നടത്തുകയാണ് റീമയെന്ന കാര്യം തപന്‍ പറഞ്ഞ് അയാള്‍ക്കറിയാമായിരുന്നു. മറ്റ് വിശദാംശങ്ങള്‍ വാട്സാപ്പിലിടാമെന്നു പറഞ്ഞ് തപന്‍ പിന്‍വാങ്ങിയതും മനു കാറിന്റെ കീ തപ്പിയെടുത്തു. ഫ്‌ലാറ്റ് ലോക്ക് ചെയ്ത് അയാള്‍ ലിഫ്റ്റിലേയ്ക്ക് ചാടിക്കയറി കൂപ്പുകുത്തി. 

തപന്‍ കൊല്‍ക്കത്തയില്‍നിന്ന് കൊച്ചിന്‍സ്വീറ്റ്സില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ രണ്ട് കഴിഞ്ഞെന്ന് മനു കാറോടിക്കുന്നതിനിടെ ഓര്‍ത്തു. ഇടയ്ക്കിടയ്ക്ക് അടുത്തും അകലെയുമായി തെളിഞ്ഞിരുന്ന പച്ചയും മഞ്ഞയും ചുവപ്പിലുമുള്ള ഗതാഗതവിളക്കുകള്‍ ആ ഓര്‍മ്മയെ കൂടുതല്‍ തെളിച്ചമുള്ളതാക്കി. എന്തെന്നാല്‍ ഓരോ നിറവും അയാളെ ഓരോ മധുരപലഹാരങ്ങളെ ഓര്‍മ്മിപ്പിച്ചു. 

ഒരു വലിയ താലത്തില്‍ ഒരുപാട് നിറങ്ങളെ താങ്ങിയെടുത്തു വരുന്ന ഒരു മനുഷ്യനായാണ് തപന്‍ മനുവിന്റെ മനസ്സില്‍ ആദ്യമായി കയറിപ്പറ്റിയത്. മീന്‍ വയര്‍പോലെ വെട്ടിത്തിളങ്ങുന്ന ആ താലത്തില്‍ നിറയെ മധുരപലഹാരങ്ങളായിരുന്നു. ഉത്തരേന്ത്യയിലേയ്ക്ക് മധുരപലഹാരങ്ങള്‍ കയറ്റി അയക്കാന്‍ കമ്പനി തീരുമാനിച്ചതു മുതല്‍ ബേക്കിംഗ് ടെസ്റ്റിന് ഒരുപാട് പേര്‍ വന്നുകൊണ്ടേ ഇരിക്കുകയായിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു തപനും. 

മനു മധുരം പരീക്ഷിക്കുന്നതിനു മുന്‍പ് മാര്‍ക്കറ്റിംഗ് ഹെഡിനേയും ബേക്കിംഗ് ക്യാപ്ടനേയും കൂട്ട് വിളിച്ചു. തപന്‍ കണ്ണുകളിലേയ്ക്കാണ് ഉറ്റുനോക്കിയതെങ്കിലും അയാളെ സംബന്ധിച്ചിടത്തോളം താന്‍ വലിയൊരു നാവ് മാത്രമായി മാറിയിട്ടുണ്ടാവുമെന്ന് മനുവിനു തോന്നി. മഞ്ഞയിലും ചുവപ്പിലുമുള്ള കുഞ്ഞന്‍ മുത്തുകള്‍ ചേര്‍ത്തുരുട്ടിയ ഗോളത്തില്‍നിന്ന് ഇത്തിരി നാവിലേയ്ക്ക് പറ്റിച്ചപ്പോള്‍ മനുവിന് അത് ഉറപ്പിക്കേണ്ടിവന്നു: അതെ, താനൊരു നാവ് മാത്രമായി മാറിയിരിക്കുന്നു. 
അതു കഴിഞ്ഞിട്ടിപ്പോള്‍ വര്‍ഷം രണ്ടാകുന്നു. ഫോണ്‍ ശബ്ദിച്ചു. അയാള്‍ വേഗം കുറച്ചു വണ്ടി ഓരത്തേക്കൊതുക്കി.

''പറയൂ, തപന്‍?''
''സാബ്, ഈ മീന്‍ വാങ്ങുമ്പോള്‍, രോഹുവോ കട്ലയോ വാങ്ങണം. അല്ലെങ്കില്‍ ദശക്കട്ടിയുള്ള വേറെ ഏതെങ്കിലും.''

ഫോണ്‍ വയ്ക്കുന്നതിനു മുന്‍പ് കാറ്റ് ഫിഷായാലും മതിയെന്ന് തപന്‍ പറയുന്നത് മനു കേട്ടു. അതിനു ശൈലി ഇത്തിരി മാറ്റിപ്പിടിച്ചാല്‍ മതിയത്രേ. 

ഫോണ്‍ തിരികെ വയ്ക്കുന്നതിനു മുന്‍പ് അയാള്‍ വാട്സാപ്പ് തുറന്നു നോക്കി. തപന്റെ സന്ദേശം ഏറ്റവും മുകളില്‍ വന്നു കിടപ്പുണ്ട്. മീന്‍കറിക്കു വേണ്ട ചേരുവകളാണതില്‍. 

കടുകെണ്ണ, ബേലീഫ്, ഉരുളക്കഴിങ്ങ് - വാട്ട്സാപ്പില്‍ ചേരുവകളുടെ പട്ടിക അങ്ങനെ നീണ്ടുപോകുന്നു. 
ട്രാഫിക് സിഗ്‌നല്‍ അയാളെ കണ്ടെന്നവണ്ണം മഞ്ഞ കത്തിച്ചു കാണിച്ചപ്പോള്‍ മനുവിനു വീണ്ടും തപന്റെ താലവും ആദ്യത്തെ കൂടിക്കാഴ്ചയും ഓര്‍മ്മവന്നു. താലത്തില്‍ ഏറെയും മഞ്ഞയും ചുവപ്പുമായിരുന്നു. നിറങ്ങളും ക്ഷേത്രഗണിത രൂപങ്ങളും ചേര്‍ന്നൊരു സമ്മേളനമായിരുന്നു അത്. 

മഞ്ഞനിറത്തിലെ മറ്റൊരു ഗോളം കയ്യിലെടുത്ത് മനു പൊടിച്ചു നാവിലേക്കിട്ടു. കൊള്ളാം. 
''എന്താണിത്?''
തപന്‍ പറഞ്ഞു: ''ഇതു പാല്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരു മധുരമാണ്. രാജ്ഭോഗ് എന്നു പറയും.''
രാജ്ഭോഗ്, മനു ആ പേര് ഒന്നുകൂടി മനസ്സിലുരുവിട്ടു. എന്നിട്ട് വീണ്ടും താലത്തിലേയ്ക്ക് ഉറ്റുനോക്കി. മഞ്ഞയിലും വെള്ളയിലും ചാരം കലര്‍ന്ന ചുവപ്പിലുമെല്ലാമായി കുറെ ചതുരക്കട്ടകള്‍ ചിതറിക്കിടക്കുന്നു. അതിനു നടുവിലായി സാമാന്യം വലിയൊരു കുഴിപ്പാത്രമുണ്ട്. അതില്‍ വെളുത്ത തോടുള്ള കുഞ്ഞനാമകള്‍ മുങ്ങിക്കിടക്കുന്നു. 

തപന്‍ വിശദമാക്കി: ''ഇതിന് സന്ദേശ് എന്നു പറയും സാബ്. ഈ കട്ടകള്‍. ഓരോ നിറവും ഓരോ രുചികളാണ്. കഴിച്ചുനോക്കൂ.''

മനു ഇത്തിരി സന്ദേശ് പൊട്ടിച്ചു വായിലിട്ട് നുണഞ്ഞു. കൊള്ളാം. രുചിമുകുളങ്ങള്‍ കിഴക്കന്‍ രസങ്ങളിലേയ്ക്ക് പൊട്ടിയുണര്‍ന്നു കഴിഞ്ഞെന്ന് അയാളുറപ്പിച്ചു. അയാള്‍ സ്പൂണ്‍ എടുത്ത് കുഴിപ്പാത്രത്തിലേക്കിട്ട്, ആമകളെ ചെറുതായൊന്ന് അലോസരപ്പെടുത്തി. എന്നിട്ടയാള്‍ നോട്ടം കൊണ്ടൊരു ചോദ്യം തപന്റെ നേര്‍ക്കെറിഞ്ഞു. ആ മധുരത്തിന് പേര് ചനാര്‍പയേഷ് എന്നാണെന്ന് അടുത്ത നിമിഷത്തില്‍ മനുവിനു മനസ്സിലായി.

പിന്നീടാണ് സ്വന്തം ജീവിതത്തിലെതന്നെ ഏറ്റവും വിലപ്പെട്ട 'മധുരശാസ്ത്രം' മനുവിനു ലഭിക്കുന്നത്. തുടര്‍ന്നുള്ള 19 മിനിറ്റുകള്‍ തപന്‍ ഒരു നാവായും മനു രണ്ട് ചെവികള്‍ മാത്രമായും മാറി. ആ രണ്ട് ഇന്ദ്രിയങ്ങള്‍ക്കിടയില്‍ മധുരം അതിന്റെ സര്‍വ്വ രഹസ്യങ്ങളേയും വാക്കുകളില്‍ ലയിപ്പിച്ച് മനുവിനു കൈമാറി. അമൃതി, ബുന്ദിയ, ചനാര്‍ഗോജ, ചനാമുഖി, ചോംചോം, കലോജാം, രസഗുള എന്നിങ്ങനെ നിരവധി മധുരപലഹാരങ്ങള്‍ അയാള്‍ക്കുള്ളില്‍ കുമിഞ്ഞുകൂടി. മധുരശാസ്ത്രത്തില്‍ നിപുണനായ ഒരാള്‍ പറയുന്നപക്ഷം മധുരം ചെവിയിലൂടെയും പ്രാപ്യമാവുന്ന ഒന്നാണെന്ന അനുഭവം മനുവിനെ ഞെട്ടിച്ചുകളഞ്ഞു. തപന്റെ മധുരഭാഷണം പര്യവസാനിച്ചപ്പോള്‍ ഭൂരിഭാഗം മധുരങ്ങളും പാലില്‍നിന്നാണ് ഉരുത്തിരിയുന്നതെന്നും ചിലത് മാത്രമാണ് നെയ്യില്‍നിന്നും രൂപം കൊള്ളുന്നതെന്നും അയാള്‍ക്കു മനസ്സിലായി. അയാളത് തപനോട് ചോദിക്കുകയും ചെയ്തു. 

''അത് സാബ്'' തപന്റെ ചിരിയില്‍ ആദ്യമായി കുസൃതി കലരുന്നത് മനു കണ്ടുപിടിച്ചു: ''നെയ്യ് എന്നു പറയുന്നതും പാലല്ലാതെ മറ്റെന്താണ് സാബ്?''
അങ്ങനെയാണ് കൊച്ചിന്‍ സ്വീറ്റ്സിന്റെ സ്പെഷ്യല്‍ പ്രോജക്ടിന്റെ പൂര്‍ണ്ണ ചുമതല തപന്‍ ഏറ്റെടുക്കുന്നത്. ഉത്തരേന്ത്യന്‍ മധുരങ്ങള്‍ അവിടത്തന്നെ മാര്‍ക്കറ്റ് ചെയ്യുന്ന, വിജയിക്കാന്‍ വളരെ ചെറിയൊരു ശതമാനം സാധ്യത മാത്രം മനു കണ്ടിരുന്ന ഒരു പദ്ധതിയായിരുന്നു അത്. പ്രതീക്ഷയ്ക്കു വിപരീതമായി കാര്യങ്ങള്‍ നന്നായി പോകുന്നുണ്ടായിരുന്നെങ്കിലും മൂന്നാമത്തെ മാസം മനു ആ സന്ദേഹം തപനുമായി പങ്കുവച്ചു: ''തപന്‍?''
''സാബ്?''
''ഇതിപ്പോ, ഗോകുലത്തിലേയ്ക്ക് നമ്മള്‍ പാല്‍ കയറ്റി അയക്കുംപോലെ ആവുമോ?''
''ഇല്ല, സാബ്. നമ്മുടെ സ്വീറ്റ്സ് തലകുത്തി മറിഞ്ഞാലും അവര്‍ക്കുണ്ടാക്കാനാവില്ല. അതിലൊരു രഹസ്യക്കൂട്ടുണ്ട്'' തപന്‍ കണ്ണിറുക്കിക്കാണിച്ചപ്പോള്‍ മനു അന്ധാളിച്ചു. അയാള്‍ മുന്നോട്ടാഞ്ഞിരുന്ന്, തപന്റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി: ''ശരിക്കും?''
തപന്‍ ഇത്രയും മാത്രം പറഞ്ഞു: ''ഇത്തിരികൂടി ക്ഷമിക്കൂ, സാബ്. അങ്ങേയ്ക്ക് അതു സ്വയം ബോധ്യപ്പെടും.''

അതങ്ങനെ തന്നെ സംഭവിച്ചു. കൊച്ചിന്‍ സ്വീറ്റ്സിന്റെ സതേണ്‍ ഫ്‌ലേവേഡ് സ്പെഷ്യലി ബേക്ക്ഡ് സ്വീറ്റ്സ് ഉത്തരേന്ത്യന്‍ നാവുകളെ പിടിച്ചുകുലുക്കി. ഇതെങ്ങനെ ഇത്രയും രുചിക്കുന്നെന്ന് അവര്‍ അദ്ഭുതപ്പെട്ടു. ആറ് മാസം പിന്നിട്ടപ്പോള്‍ ബംഗ്ലാദേശിലേയ്ക്ക് നേരിട്ടും പാകിസ്താനിലേയ്ക്കും മിഡില്‍ ഈസ്റ്റിലേയ്ക്കും ഒരിടനിലക്കാര്‍ വഴിയും വലിയ ഓര്‍ഡറുകള്‍ വന്നു. തപന്റെ വിജയമാണ് അതെന്നു കാട്ടി മനു ട്വീറ്റ് ചെയ്തു. മാര്‍ക്കറ്റിങ്ങിലേയ്ക്ക് കൂടുതല്‍ പണമൊഴുക്കാന്‍ അയാള്‍ മടിച്ചതുമില്ല. 

അങ്ങനെ വിജയത്തിന്റെ ഒന്നാം വര്‍ഷത്തില്‍ കൊച്ചിന്‍ സ്വീറ്റ്സിന്റെ ഫേസ്ബുക്ക് പേജില്‍ തപന്റെ ചിത്രം സഹിതം സമഗ്രവും എന്നാല്‍, കാച്ചിക്കുറുക്കിയതുമായ ഒരു പോസ്റ്റും മനു അപ് ലോഡ് ചെയ്തു. താമസിയാതെ, ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ ലേഖകന്‍ മനുവിനെ വിളിച്ചു. മനുവിനേയും തപനേയും ഒരുമിച്ചിരുത്തിയൊരു സ്പെഷ്യല്‍ സ്റ്റോറിയായിരുന്നു അയാള്‍ക്കു വേണ്ടിയിരുന്നത്. 
''നമുക്ക് എന്റെ ഫ്‌ലാറ്റിലിരിക്കാം'' മനു പറഞ്ഞു: ''ശനിയാഴ്ച വൈകിട്ട് നിങ്ങളങ്ങോട്ട് വരൂ. ഞാനും തപനും അവിടെയുണ്ടാവും.''

അയാള്‍ ഉപസംഹരിച്ചു: ''ഞാന്‍ ഇപ്പോള്‍ത്തന്നെ ലൊക്കേഷന്‍ അയക്കാം.''
ആ ശനിയാഴ്ചയിലാണ് ആദ്യമായി തപന്‍ അയാളുടെ പ്രശസ്തമായ മീന്‍കറി ഉണ്ടാക്കുന്നത്. കടുകെണ്ണയിലുള്ളൊരു പരിപാടിയായിരുന്നു അത്. കുഞ്ഞനുരുളക്കിഴങ്ങുകള്‍ പുഴുങ്ങിയത് മീന്‍കറിയിലേയ്ക്ക് ചേര്‍ക്കവേ മനു അന്ധാളിച്ചു: ''മീന്‍കറിയില്‍ ഉരുളക്കിഴങ്ങോ?''
ഉരുളക്കിഴങ്ങുകള്‍ മീന്‍കഷണങ്ങളുമായി തൊട്ടുകളിക്കുമ്പോള്‍ തപന്‍ മനുവിനെ നോക്കിച്ചിരിച്ചു. മനു രണ്ടാമതൊരു പെഗ് കൂടി ഒഴിക്കുന്ന തിരക്കിലായിരുന്നു. അയാള്‍ നിര്‍ബ്ബന്ധിച്ചിട്ടും തപന്‍ മദ്യം കഴിക്കാന്‍ തയ്യാറായിരുന്നില്ല,
''അതായത്, സാബ്'' തപന്‍ ചിരിച്ചു: ''ഞങ്ങള്‍ ബംഗാളികള്‍ക്ക് ഉരുളക്കിഴങ്ങ് പരമപ്രധാനമാണ്. പ്രത്യേകിച്ച് നോണ്‍ ഉണ്ടാക്കുമ്പോ. ആട്ടിന്‍കറി വയ്ക്കുമ്പോള്‍ ആട് ഇല്ലെങ്കിലും ഞങ്ങള്‍ സഹിക്കും. പക്ഷേ, കിഴങ്ങില്ലെങ്കിലുണ്ടല്ലോ...''
അസാധ്യമായിരുന്നു ആ മീന്‍കറി. പിന്നീട് യമുന അവധിക്കും അപ്രതീക്ഷിതമായും ഒക്കെ അയാള്‍ക്കരുകിലേയ്ക്ക് പറന്നിറങ്ങുമ്പോള്‍ അവര്‍ക്കിടയില്‍ തപന്റെ മീന്‍കറികള്‍ തിളച്ചു. കടുകെണ്ണ മണത്തു. 

വിമാനത്താവളത്തില്‍നിന്നു മടങ്ങുമ്പോള്‍ യമുന പതിവുപോലെ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരാഴ്ച അവധിയുണ്ട്. തിരികെ ദമാമിലേക്കാണ് പറക്കേണ്ടത്. അവിടെനിന്ന് ജനീവ. 

''നീ അവസാനം വിളിക്കുമ്പോള്‍ എവിടെ ആയിരുന്നൂവെന്നാണ് പറഞ്ഞത്?'' - മനു ചോദിച്ചു.
''ഞാന്‍ നിന്റെ അടുത്തുതന്നെ ഉണ്ടായിരുന്നു'' അവള്‍ കുസൃതിച്ചിരി ചിരിച്ചു: ''ആലോചിച്ച് നോക്ക്.''
''അമ്പടി മിടുക്കി, ഇന്ത്യയില്‍? ദല്‍ഹി?''
അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി: ''ഹൂ... ഹൂം''
മനു ഒരു വളവ് തിരിച്ചു. വശത്തുണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് കയറാമെന്ന് അയാള്‍ തീരുമാനിച്ചു. വണ്ടി പാര്‍ക്കിംഗിലേയ്ക്ക് കയറ്റി അയാള്‍ ഇത്തിരി നേരം തോല്‍വി അഭിനയിച്ചിരുന്നു. അവള്‍ അയാളുടെ ചൂണ്ടുകളില്‍ വിരലുകള്‍കൊണ്ട് തൊട്ടു. എന്നിട്ടൊരു ബര്‍മ്മീസ് നഗരത്തിന്റെ പേര് അയാളുടെ ചെവിയില്‍ പറഞ്ഞു: ''നായ്പെയ്റ്റാ.''

അവളതു പറഞ്ഞ ശൈലിയും സ്വരഭേദവും കൊണ്ട് മനു കേട്ടതും അനുഭവിച്ചതും കിടപ്പറയെ ആയിരുന്നു. കുറച്ചുനേരം കൂടി അയാള്‍ അവളുടെ പൊട്ടിത്തെറിക്കുന്ന മുഖഭാവങ്ങളെ നോക്കിയിരുന്നു. അവള്‍ അയാളുടെ കൈപിടിച്ച് അവളുടെ ഹാന്‍ഡ്ബാഗിന്റെ മുകളിലൂടെ ഓടിച്ചു. ഒരു സ്തനഗോളം അതിനുള്ളില്‍ അമര്‍ന്നിരിക്കുന്ന പോലെയാണ് അയാള്‍ക്കു തോന്നിയത്. ഇക്കുറി അയാളും ചിരിച്ചു. യമുന മനുവിന്റെ മനസ്സ് വായിച്ചു: ''അതൊരു കുപ്പിയാണ് പൊട്ടാ. നമുക്ക് രാത്രി കുടിക്കാനുള്ളത്'' എന്നിട്ടവള്‍ കൂട്ടിച്ചേര്‍ത്തു: ''ടാന്‍യെ.''
''ടാന്‍യെ?''
''അത് ബര്‍മ്മാക്കാരുടെ വാറ്റുചാരായമാണ്.''

അവര്‍ മാര്‍ക്കറ്റിനകത്തേക്ക് കയറിയപ്പോള്‍ കൊച്ചിന്‍ സ്വീറ്റ്സിന്റെ വെളുത്ത രസഗുളയുടെ ടിന്നുകള്‍ ഏറ്റവും ശ്രദ്ധ കിട്ടുന്നിടത്ത് തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് അയാള്‍ കണ്ടു. പച്ചക്കറികളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും നിരയിലേക്ക് നടക്കവേ അയാളത് അവള്‍ക്ക് കാട്ടിക്കൊടുത്തു. 
മനു വാട്ട്സാപ്പ് തുറന്നിട്ട് തപനയച്ച ചേരുവകളുടെ പട്ടിക യമുനയ്ക്ക് കാട്ടിക്കൊടുത്തു. അവളത് ഓരോന്നായി വായിക്കുവാനും അയാളത് റാക്കുകളില്‍നിന്നു ശേഖരിക്കാനും ആരംഭിച്ചു. അതിനു മുന്‍പ് പെട്ടെന്നതോര്‍ത്തിട്ട് മനു അവള്‍ക്കഭിമുഖമായി തിരിഞ്ഞുനിന്നു: ''ഒരു വിശേഷമുണ്ട്. ഇക്കുറി നമുക്കു വേണ്ടി മീന്‍കറി വയ്ക്കുന്നത് തപനല്ല.''
''പിന്നെ?''
''റീമ വന്നിട്ടുണ്ട്. തപന്റെ മകള്‍.''

ചേരുവകള്‍ ഓരോന്നായി വായിക്കുന്നതിനു മുന്‍പായി യമുന എന്താണ് റീമ ഉണ്ടാക്കാന്‍ പോകുന്നതെന്ന് മനുവിനോട് ചോദിച്ചു. അപ്പോഴാണ് തപന്‍ അതു പറഞ്ഞിട്ടില്ലല്ലോ എന്ന് അയാളോര്‍ത്തത്. റോഹുവോ കട്ലയോ ഇതൊന്നുമില്ലെങ്കില്‍ കാറ്റ് ഫിഷോ വാങ്ങാനാണ് നിര്‍ദ്ദേശം കിട്ടിയിട്ടുള്ളത്. ഒരു നിമിഷം എന്തോ ചിന്തിച്ചു നിന്ന ശേഷം അവള്‍ ഫോണിലേയ്ക്ക് നോക്കി ഇങ്ങനെ വായിച്ചു തുടങ്ങി: ''കടുകെണ്ണ, മല്ലിയില, തക്കാളി...''
ഏതൊക്കെ കിച്ചണിലുണ്ടെന്നത് അറിയാഞ്ഞതിനാല്‍ പട്ടികയിലുള്ളതെല്ലാം മനു വാങ്ങിച്ചു. മീന്‍ വില്‍ക്കുന്നിടത്തേക്ക് നടക്കുമ്പോള്‍, യമുന മനുവിനോട് ചോദിച്ചു: ''നിനക്ക് ഏറ്റവുമവസാനം ഞാന്‍ വന്നതോര്‍മ്മയില്ലേ?''
ഉണ്ടെന്ന് മനു ഒരു കുസൃതിച്ചിരികൊണ്ട് അറിയിച്ചതും അവള്‍ വിളിച്ചു: ''അതേ, മനൂ...''
''പറയ്.''
''കഴിഞ്ഞ എന്റെ വരവിന് തപന്‍ ഉണ്ടാക്കിയൊരു മീന്‍കറിയില്ലേ, ആ കടുകരച്ച് വച്ച കറി?''
''ങ്ങാ, സോര്‍ഷേ മാച്ച്, അങ്ങനെയല്ലേ അതിന് പേര്.''

''പേരല്ലല്ലോ, രുചിയല്ലേ അതിന്റെ ഐഡന്റിറ്റി.'' ഇത്രയും പറഞ്ഞിട്ട് അവളൊന്ന് നിര്‍ത്തി: ''അത് ഞാന്‍ കഴിഞ്ഞയാഴ്ച ധാക്കയില്‍നിന്നു കഴിച്ചു. അതവിടെ വളരെ സാധാരണമാണ്. സത്യത്തില്‍ അതൊരു ടിപ്പിക്കല്‍ ബംഗ്ലാഡിഷാണെന്നു പറഞ്ഞാലും തെറ്റില്ല.''

അതില്‍ എന്താണദ്ഭുതം എന്നോര്‍ത്തുകൊണ്ട് മനു സ്ഥടികവാതില്‍ തുറന്നു മീന്‍ശാലയ്ക്കകത്തേയ്ക്കു കടന്നു. ജലലോകം കടന്നു മത്സ്യങ്ങള്‍ സംഘമായി മറുലോകം കാത്തു കിടക്കുന്നത് അയാള്‍ കണ്ടു. ഒന്നും മിണ്ടാതെ അയാള്‍ മൂന്നു കിലോ രോഹു വാങ്ങി. 

തിരികെ വീട്ടിലേയ്ക്ക് കാറോടിക്കുമ്പോള്‍ അവരധികം സംസാരിച്ചില്ല. യമുന ഏതോ ഒരു വിദേശ രാഷ്ട്രീയ വാരികയ്ക്കുവേണ്ടി ഒരു ലേഖനപരമ്പര എഴുതുന്ന കാര്യം മാത്രം പറഞ്ഞു: ''ഞാനതിന് ഒരു ഇന്‍ട്രോ പോലൊന്ന് എഴുതിയിട്ടുണ്ട്'' അവള്‍ പറഞ്ഞു: ''രാത്രിയില്‍ വായിച്ചു കേള്‍പ്പിക്കാം. മുസ്ലിം റഫ്യൂജീ ഇഷ്യൂ ആണ് ഫോക്കസില്‍.''

ഫ്‌ലാറ്റ് അവസാനം കണ്ടതുപോലെ വൃത്തിക്കു തന്നെയുണ്ടെന്നു പറഞ്ഞ് യമുന അകത്ത് കയറിയ ഉടന്‍ അയാളെ കഴുത്തിലൂടെ കയ്യിട്ട് അഭിനന്ദിച്ചു. പിന്നീടവര്‍ നഗ്‌നരായി ഒരുമിച്ചു കുളിച്ചു. അതു കഴിഞ്ഞ്, കിടക്കയില്‍ വിവിധ നിലകളില്‍, വിവിധ ശൈലികളില്‍, വിവിധ വൈകാരികഭേദങ്ങളില്‍ സ്വന്തം ശരീരങ്ങളെ എക്കാലത്തേയും രുചിയുള്ള മധുരമായി അറിഞ്ഞു. വൈകിട്ട് ആറ് മണി കഴിഞ്ഞപ്പോള്‍ അവര്‍ ടാന്‍യെ പൊട്ടിച്ച് അടിക്കാന്‍ തുടങ്ങി. കൃത്യം രണ്ടാമത്തെ പെഗില്‍ കോളിംഗ് ബെല്‍ ശബ്ദിച്ചു. തപനും റീമയും വന്നു.

യമുന മാത്രമല്ല, മനുവും റീമയെ ആദ്യമായി കാണുകയായിരുന്നു. ഒരു ബംഗാളിക്കവിതപോലെ അവള്‍ പ്രസരിച്ചു വിടര്‍ന്നുനിന്നു. തന്റെ കയ്യിലുണ്ടായിരുന്ന സമ്മാനപ്പൊതി തപന്‍ യമുനയ്ക്ക് നേരെ നീട്ടിയപ്പോള്‍ അതിന്റെ ഒരറ്റത്ത് വിരല്‍കൊണ്ട് തൊടാനുള്ള വിവേകം റീമയും കാട്ടി.
''കുറച്ച് മധുരം'' തപന്‍ പറഞ്ഞു: ''ഉള്ള സമയംകൊണ്ട് ഞാന്‍ തന്നെ ബേക്ക് ചെയ്‌തെടുത്തതാണ്.''
യമുന സമ്മാനപ്പൊതി തുറന്നപ്പോള്‍ പതിവുപോലെ തപന്‍ പറയാന്‍ തുടങ്ങി: ''അത് ചനാര്‍ഗോജ, ദാ ഇത് സന്ദേശ്, ഇത് രസഗുള.''
യമുന ചിരിച്ചു: ''പേരറിയണ്ട, ഇതു നാവിനുള്ളതല്ലേ?''

ഇത്തിരി കുശലാന്വേഷണത്തിനുശേഷം തപന്‍ മത്സ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി. രോഹുവാണ് എന്നറിഞ്ഞപ്പോള്‍ അയാള്‍ റീമയെ നോക്കി മന്ദഹസിച്ചു. പിന്നീട് ചേരുവകള്‍ പൊതുവായി ഒന്നു നീക്കി നോക്കി. റീമ തപനോട് എന്തോ ശബ്ദം താഴ്ത്തി ബംഗാളിയില്‍ ചോദിച്ചപ്പോള്‍ മനു ഇടപെട്ടു : ''എന്താണ് ബംഗാളികള്‍ തമ്മിലൊരു ഗൂഢാലോചന?''
''അല്ല ബോസ്, മേംസാബ് എത്ര മണിക്കാണ് ഡിന്നര്‍ കഴിക്കുകയെന്നവള്‍ ചോദിക്കുകയാണ്.''
മനുവും അപ്പോഴാണ് സിനിമയ്ക്കു പോകാനുള്ള പദ്ധതിയെപ്പറ്റി ഓര്‍ത്തത്. വരുന്ന വഴിക്ക് പുതിയൊരു ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത് യമുന കണ്ടിരുന്നു. വെബില്‍ കണ്ടാപ്പോരേ എന്നു ചോദിച്ചപ്പോള്‍ യമുന അയാളെ പരിഹസിച്ചു: ''സിനിമ ഈസ് മേഡ് ഫോര്‍ ബിഗ് സ്‌ക്രീന്‍. ഇറ്റീസ് ദി ബിഗസ്റ്റ് ആര്‍ട്ട് ഹ്യൂമന്‍ എവര്‍ ഇന്‍വെന്റ്''
മനു പിന്നീടൊന്നും പറയാന്‍ നിന്നില്ല. ഒന്‍പതരയ്ക്കാണ് ഷോ. ഒരു എട്ടരയ്‌ക്കെങ്കിലും ഡിന്നര്‍ കഴിച്ചിറങ്ങണം.

അതു കേട്ടയുടന്‍ റീമ കിച്ചണിലേയ്ക്ക് നടന്നു. അവളവിടെ എന്തു ചെയ്യുകയാണ് എന്നവര്‍ക്കു കാണാനാവുമായിരുന്നില്ല. എങ്കിലും കാലുകളുടെ മൃദുപതനങ്ങളില്‍നിന്നും താളാത്മകമായി ലോഹവും ലോഹവും കൂട്ടിമുട്ടുന്നതില്‍നിന്നും ഇടവേളകളില്‍ ലഘുവായി വീഴുന്ന ജലപ്രവാഹശബ്ദത്തില്‍നിന്നും ഒരു മീന്‍കറി അനായാസമൊരുങ്ങുകയാണെന്ന് മനുവിനു മനസ്സിലായി. ഒരു ഘട്ടത്തില്‍ തപന്‍ ഇങ്ങനെ പറയുക കൂടി ചെയ്തു: ''റീമ പാചകം ചെയ്യുന്നതു ഗുഡിയനൃത്തം പോലെയാണ്. താളവും ഭാവവും മുദ്രയുമെല്ലാം അവിടെയുണ്ടാവും.''

പെട്ടെന്ന് അയാള്‍ അതു തിരുത്തുകയും ചെയ്തു: ''ക്ഷമിക്കണം സാബ്, ഞാന്‍ അവളുടെ അച്ഛനല്ലേ, എനിക്കു വെറുതെ തോന്നുന്നതാണ്.''

കിച്ചണില്‍നിന്ന് ആദ്യം പുറത്തുവന്ന ശബ്ദബിന്ദുക്കള്‍ പതിയെ നിലച്ചു. പിന്നീട് അത് അന്തരീക്ഷത്തില്‍ നീരാവിയുടെ സാന്നിധ്യമായും അതിനുമപ്പുറം ഗന്ധമായും മൂവര്‍സംഘത്തെ സമീപിച്ചു വട്ടംചുറ്റി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഗന്ധം അതിന്റെ പ്രലോഭനത്തിന്റെ വസ്ത്രങ്ങള്‍ തുറന്നിട്ടു. സ്വന്തം ദേശത്തേയ്ക്ക് മൂക്കുകൊണ്ട് യാത്രചെയ്യുന്ന വണ്ണം തപന്‍ ആ മണത്തില്‍ മുഴുകിയിരിക്കുന്നത് യമുന ശ്രദ്ധിച്ചു. അവളില്‍ കുസൃതി പതിയെ തലപൊക്കാന്‍ തുടങ്ങി. 

അപ്പോഴേയ്ക്കും മനുവും യമുനയും ഓരോ പെഗുകള്‍ കൂടി അകത്താക്കി കഴിഞ്ഞിരുന്നു. തപന്‍ അവരെ ഒറ്റയ്ക്ക് വിടാനുള്ള ഔചിത്യം കാണിച്ചു. അയാള്‍ കിച്ചണിലേയ്ക്ക് നടക്കാന്‍ തുടങ്ങി: ''അവള്‍ക്കെന്തെങ്കിലും കൈസഹായം ആവശ്യമായി വന്നാലോ?''
അപ്പോഴാണ് കൃത്യം യമുനയും ചാടിയെണീറ്റത്: ''ഞാനുമുണ്ട്, എനിക്ക് റീമയോട് ചിലത് ചോദിക്കാനുണ്ട്.''

കിച്ചണില്‍ സ്ഥടികമൂടിക്കകത്ത് കൂടി യമുന രോഹുവിന്റെ കഷണങ്ങള്‍ കടുകിനും തക്കാളിക്കും ഉരുളന്‍കിഴങ്ങിനുമൊപ്പം വെട്ടിത്തിളയ്ക്കുന്നതു കണ്ടു. ഒരു മാത്ര, യമുനയുടെ കൗതുകത്തെ ശമിപ്പിക്കാനെന്നവണ്ണം റീമ പാത്രം തുറന്നു കാട്ടി. ചുവപ്പിനും മഞ്ഞയ്ക്കുമിടയില്‍, ചരിത്രസന്ധികളിലത്രയും പതറാതെ കടന്നുപോയ ഒരു രസച്ചേരുവ അതിന്റെ ആത്മാവില്‍ തിളച്ചര്‍മ്മാദിക്കുന്ന കാഴ്ച യമുനയ്ക്കു പിന്നില്‍നിന്ന് മനുവും കണ്ടു. കറിയില്‍നിന്നു പഞ്ഞിമുട്ടായി പോലെ പറന്നുയര്‍ന്ന നീരാവി, മത്സ്യഗന്ധത്തിന്റെ മോഹവല നിവര്‍ത്തി അയാളെ ഒരു മാത്രയിലേയ്ക്കു വീണ്ടും പരാശരനാക്കി. അപ്പോള്‍ യമുന റീമയോട് ഇങ്ങനെ ചോദിക്കുന്നത് അയാള്‍ കേട്ടു: ''ഇതിന്റെ പേരെന്താണ്?''
റീമ വെടിപ്പുള്ള ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു: ''മച്ചേര്‍ കാലിയ- ബംഗാളികളുടെ സ്വന്തം മീന്‍കറി!''
എന്നിട്ടവള്‍ യമുന ചോദിക്കാതെ തന്നെ ഉത്സാഹത്തിന്റെ മേമ്പൊടി വിതറി, മാച്ചേര്‍ കാലിയ ഉണ്ടാക്കുന്നവിധം വിശദീകരിച്ചു തുടങ്ങി. അപ്പോള്‍ യമുന കാതുകള്‍ റീമയ്ക്കും ചുണ്ടുകള്‍ എനിക്കും തന്നു: ''ഒരു സ്മോള്‍ കൂടി!''
''പക്ഷേ, മാച്ചേര്‍ കാലിയ എനിക്കറിയാവുന്നിടത്തോളം ഏറ്റവും നന്നായി ഉണ്ടാക്കുന്നത് ബംഗ്ലാദേശികളാണ്'' റീമ പറഞ്ഞുതുടങ്ങിയിരുന്നു: ''ആദ്യം രോഹു ഉപ്പും മഞ്ഞളും പുരട്ടി, മാറ്റി വയ്ക്കണം.''

പിന്നീട് ആ കഷണങ്ങള്‍ എണ്ണയില്‍ വറുത്തെടുക്കണം, അതേ എണ്ണയില്‍ത്തന്നെ വറ്റല്‍ മുളകും ഗരം മസാലയും വഴറ്റിയെടുക്കണം ഇങ്ങനെ തുടങ്ങി, ഒരു നിത്യാഭ്യാസിയെപ്പോലെ മച്ചേര്‍ കാലിയയുടെ ഓരോ ഘട്ടവും റീമ ചാടിക്കടന്നുകൊണ്ടിരുന്നു. അവള്‍ വാക്കുകളില്‍ മീന്‍കറി പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ യമുന ചാടിവീണു: ''ഇത് ബംഗാളികളുടെ ഡിഷ് അല്ലേ, പിന്നെങ്ങനെ ബംഗ്ലാദേശികള്‍ അവരെ കടത്തിവെട്ടും?''
റീമ മീന്‍പാത്രം തീയ്ക്ക്‌മേല്‍ വച്ചുതന്നെ ഒന്നു ചുഴറ്റിയെടുത്തു: ''ബംഗ്ലാദേശില്‍ നല്ല പച്ചമീന്‍ കിട്ടും, അത്രേയുള്ളൂ അതിന്റെ രഹസ്യം.''

''അതു ശരിയാണ്, മേംസാബ്'' തപന്‍ മകളെ അനുകൂലിച്ചു: ''ഇപ്പോ ഹിത്സയുടെ കാര്യം തന്നെയെടുക്കൂ. സംഗതി ബംഗാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ്. പക്ഷേ, പത്മാനദിയില്‍നിന്നു തന്നെ വരേണ്ടേ?''
യമുന എന്തോ ഓര്‍ത്തുനിന്നു. അവള്‍ പതിവിലും കൂടുതല്‍ കുടിച്ചിട്ടുണ്ടോ എന്ന് മനു ആദ്യമായി സംശയിച്ചു. അയാള്‍ തപനെ നോക്കി. അയാള്‍ റീമയുടെ വിശേഷങ്ങളില്‍ത്തന്നെ തുടരുകയായിരുന്നു: ''ഇപ്പോള്‍ത്തന്നെ ഇവള്‍ പറയുന്നത്, പഠിത്തം കഴിഞ്ഞാല്‍ ധാക്ക വിട്ട് വരില്ലെന്നാണ്. പത്മയുടെ കരയില്‍ മീന്‍വിഭവങ്ങള്‍ മാത്രം കിട്ടുന്നൊരു ഹോട്ടല്‍ തുറക്കുമെന്നാണ് വാശി.''

റീമ ധാക്കയിലെ ഒരു കളിനറി ആര്‍ട്സ് സ്‌കൂളില്‍ പാചകം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം അതിനുശേഷമാണ് യമുന അറിയുന്നത്. റീമയുടെ വാക്കുകളിലെ ഉത്സാഹത്തിന്റെ മേമ്പൊടി ഇപ്പോള്‍ തപനിലേയ്ക്ക് പാറിവീണെന്ന് മനു കേള്‍വികൊണ്ടറിഞ്ഞു. 

എന്നാല്‍, അതിനിടയില്‍ റീമ കയറിയിടപെട്ട് കഴിഞ്ഞിരുന്നു. അവള്‍ ബംഗ്ലാനദികളെക്കുറിച്ചു വാചാലയാവാന്‍ തുടങ്ങി. അതിന്റെ തീരങ്ങളിലെ മനുഷ്യരെപ്പറ്റിയും അതിനുള്ളിലെ മത്സ്യസമ്പത്തിനെപ്പറ്റിയും അവള്‍ പറഞ്ഞു. ഒരു പതിനെട്ടുകാരിക്കുണ്ടാവാന്‍ സാധ്യതയുള്ളതിനേക്കാളേറെ നദിയറിവ് അവള്‍ക്കുണ്ടെന്ന് ആ ഭാഷണം തുടരവേ മനുവിനു മനസ്സിലായി. പത്മാനദിയിലൂടെ അവള്‍ നടത്തിയ അസംഖ്യം ജലയാത്രകളുടെ സൂക്ഷ്മവിവരണങ്ങള്‍ വാങ്ങ്മയ ചിത്രങ്ങളായി പുറത്തുവന്നത് അയാളെ അമ്പരപ്പിച്ചു. സമയം പിന്നിടവേ, ഒരു ബംഗ്ലാദേശ് വിക്കിപീഡിയയായി റീമ പരിണമിച്ച കാര്യം മനു യാതൊരു അദ്ഭുതവുമില്ലാതെ ഉള്‍ക്കൊണ്ടു. 

പെട്ടെന്നു വീണ്ടും യമുന പൊട്ടിവീണു. സാകൂതം റീമയെ കേട്ടുനില്‍ക്കുകയായിരുന്ന അവളുടെ മുഖത്തൊരു പുഞ്ചിരി തെളിയുന്നത് മനു കണ്ടു. തപന്റെ മധുരപ്പൊതി വാക്കുകള്‍കൊണ്ടവള്‍ വീണ്ടും തുറക്കുകയായിരുന്നു. ഓരോ മധുരത്തിന്റേയും പേര് പ്രത്യേകം അവള്‍ എടുത്തു പറഞ്ഞപ്പോള്‍ മനു അമ്പരന്നുപോകുകതന്നെ ചെയ്തു. ഓരോ പ്രാവശ്യവും തപനോട് ''അങ്ങനെതന്നെയല്ലേ?'' എന്നവള്‍ ചോദിക്കുക കൂടി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ മധുരപ്പട്ടിക പൂര്‍ത്തിയാക്കിയശേഷം അവള്‍ ആ ചോദ്യം ചോദിച്ചു: ''ഇതെന്താണ് തപന്‍, ഇതെല്ലാം ബംഗ്ലാമധുരങ്ങളായിപ്പോയത്?''
തപന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു: ''ആരു പറഞ്ഞു? ഇതൊക്കെ ബംഗാളികളുടേതാണ്.''
''എന്റെ അനുഭവം'' അവള്‍ ചിരിച്ചു: ''എന്റെ അവസാന അസൈന്‍മെന്റ് ബംഗ്ലാദേശിലും ബര്‍മ്മയിലുമായിരുന്നു.''

തപന്‍ നിശ്ശബ്ദനായി. അയാള്‍ പതിയെ ഡിന്നറിനുള്ള പാത്രങ്ങള്‍ തുടയ്ക്കാന്‍ തുടങ്ങി. പാകപ്പെടലിന്റെ പൂര്‍ണ്ണവിരാമത്തിലേയ്ക്കു കടക്കുന്ന മച്ചേര്‍ കാലിയയില്‍ കണ്ണുംനട്ട് റീമ ഒരു നിശ്ചലദൃശ്യമായി. അപ്പോഴും യമുനയുടെ ചോദ്യങ്ങള്‍ അവസാനിച്ചിരുന്നില്ല.

''മറ്റൊന്ന്, കഴിഞ്ഞ പ്രാവശ്യം നിങ്ങളുണ്ടാക്കിയ ആ മീന്‍കറിയില്ലേ? കടുകരച്ച ആ വെടിക്കെട്ട് സാധനം. ഇപ്രാവശ്യം അതു ഞാന്‍ ധാക്കയില്‍നിന്നു കഴിച്ചു മടുത്തു.''

ആരുമാരും കുറച്ചു സമയം ഒന്നും മിണ്ടിയില്ല. വെട്ടിത്തിളയ്ക്കുന്ന മീന്‍കറിയുടേതും പ്ലേറ്റിനെ തഴുകിപ്പോകുന്ന ടവലിന്റെ ഒച്ചയും അദൃശ്യവും വിചിത്രമായൊരു സെക്കന്റ് സൂചിയുടെ ചലനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് യമുന കുറച്ചുകൂടി ഭീതിജനകമായൊരു കളിക്കു മുതിര്‍ന്നതും: ''ലെറ്റ്മീ, ഗെറ്റ് ഇന്റു എ വൈല്‍ഡ് ഗസ്സ് തപന്‍, എന്റെ തൊഴില്‍പരിചയം വച്ചും നിങ്ങളുടെ മുഖം വായിച്ചിട്ടും?''
തപനു സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് അറിയാമായിരുന്നുവെന്നു തോന്നി. എങ്കിലും അയാള്‍ തലയാട്ടി സമ്മതിക്കുന്നത് മനു നോക്കിനിന്നു. അയാള്‍ക്ക് ഒരു പെഗ് കൂടി കഴിക്കാന്‍ തോന്നി. 
യമുന നാടകീയതയെ അപ്പാടെ നേരിട്ടുള്ളൊരു ചോദ്യംകൊണ്ട് ഇല്ലാതാക്കി: ''സത്യത്തില്‍ നിങ്ങള്‍ ഇന്ത്യാക്കാരേ അല്ല, അല്ലേ, തപന്‍? മറിച്ചു നിങ്ങള്‍ ബംഗ്ലാദേശികളാണ്?''
ചോദ്യചിഹ്നത്തിന് ഒരു ശബ്ദമുണ്ടാവുമെങ്കില്‍ അത് ലോഹം നിലത്തുവീഴുമ്പോഴുണ്ടാകുന്ന ഒന്നാണെന്ന് മനുവിനു തോന്നി. ഗ്രാനൈറ്റില്‍ വീണ ലോഹത്തവി എടുക്കാതെ, പൗരത്വത്തിന്റെ എലിയും പൂച്ചയും കളിയില്‍ കുടുങ്ങി റീമ നിന്നു. അത്തരമൊരു നിര്‍ണ്ണായക നിമിഷത്തെ എന്തു പറഞ്ഞാണ് അലിയിപ്പിച്ചുകളയേണ്ടതെന്നു സത്യമായും അറിയാത്തതിനാല്‍ മനുവും അതേ നിമിഷങ്ങളില്‍ തുടര്‍ന്നു. 

രോഹു വേവുന്നൊരു അടുക്കളിയിലേയ്ക്കുപോലും ഏതൊരു സന്ധ്യയിലും ഏറ്റവും അപ്രതീക്ഷിതമായി കടന്നുവരാവുന്നൊരപരിചിതനാണ് ആ ചോദ്യമെന്ന് മനു മനസ്സിലാക്കി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. യമുനയുടെ മുഖത്തുമാത്രം ഒരു ചിരി വറ്റാതെ നിന്നു; അതൊരു തരത്തിലുള്ള ആശ്വാസവും തപനു നല്‍കിയില്ലെങ്കിലും. 

തപന്‍ ഇത്രയും ചോദിച്ചു: ''മേംസാബ്, എന്താണ് ഈ ഊഹത്തിന്റെ അടിസ്ഥാനമെന്നെങ്കിലും എന്നോട് പറയുമോ?''
''തപന് അറിയാമല്ലോ, ഞാന്‍ എത്രയോ വര്‍ഷങ്ങളായി അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും കാണുന്ന ഒരാളാണ്. എനിക്കവരെ പെട്ടെന്നു തിരിച്ചറിയാന്‍ പറ്റും. അത് എന്റെയൊരു ട്രേ്ഡ് സീക്രട്ടാണെന്ന് വച്ചോളൂ.''
അഭയാര്‍ത്ഥിത്വം ഒരു ട്രേഡ് ആണോയെന്നാണ് പെട്ടെന്നു തപന്‍ ചോദിച്ചത്. യമുന സത്യം പറയാന്‍ മടിച്ചതുമില്ല: ''ചിലപ്പോഴൊക്കെ.''

സത്യത്തെ മുഖാമുഖം കണ്ടു പേടിച്ചയാള്‍ കുറേ നേരം മിണ്ടാതെ നിന്നു. അപ്പോള്‍ റീമ പൊടുന്നനെ സംസാരിച്ചു തുടങ്ങി. ആ ഭാഷണമാകെ അവളുടെ ചരിത്രമായിരുന്നു. അതവളുടെ പിറവിയില്‍നിന്നാണ് തുടങ്ങിയത്. റീമ ജനിച്ചത് ധാക്കയിലെ സര്‍ക്കാരാശുപത്രിയിലാണ് എന്നറിഞ്ഞതും മനു കണ്ണടച്ചുപിടിച്ചു രണ്ട് പെഗുകള്‍ തുടരെത്തുടരെ അടിച്ചു. എന്നിട്ടയാള്‍ തപന്റെ മുഖത്തേക്കെന്നപോലെ ഗ്ലാസ്സ് താഴേയ്ക്ക് അടിച്ചുവെച്ചു. ആ ഭീതിജനകമായ ശബ്ദത്തില്‍ നിന്ന് ഭീതിയുടെ തന്നെ ചോദ്യവുമുണ്ടായി: ''നിങ്ങള്‍ ശരിക്കും കുടിയേറ്റക്കാരനാണോ തപന്‍? ഈ മീനും മധുരവുംകൊണ്ട് മാത്രം നിങ്ങള്‍ക്കെന്നെ പറ്റിക്കാന്‍ കഴിഞ്ഞെന്നാണോ?''
ഈ സമയമത്രയും തപന്റെ മുഖത്ത് ഭയമോ വേവലാതിയോ ആയിരുന്നെങ്കില്‍ ഇപ്പോളതിനു പൊടുന്നനെ ശമനമായി. അയാള്‍ പിന്നീടൊരു പ്രണയകഥ പറഞ്ഞുതുടങ്ങി. കഥയിലേയ്ക്ക് കൊല്‍ക്കത്തയിലെ ആലിയ സ്വീറ്റ്സ് വന്നു. ഉടമ ആലിയും മകള്‍ അലിയയും കഥയിലുയിര്‍ത്തു. 

ആലിയാണ് മധുരശാസ്ത്രത്തിന്റെ മാസ്മരവിദ്യ തപനിലേക്ക് ഇറ്റിച്ചു കൊടുത്തത്. കൊല്‍ക്കത്തയില്‍ ചെറുതെങ്കിലും മറ്റൊരിടത്തും കിട്ടാത്ത രുചിഭേദങ്ങളിലാണ് ആലിയ സ്വീറ്റ്സ് പ്രശസ്തമായത്. വെളുമ്പന്‍ രസഗുളകളാലും മഞ്ഞപടര്‍ന്ന ജിലേബികളാലും ആലിയയുടെ മാത്രം പുഡ്ഢിംഗുകളാലും ആ മധുരശാലയുടെ പരിസരം രാവിലെ പത്ത് മണി കഴിയുമ്പോള്‍ മുതല്‍ ആളുകളാല്‍ നിറയുമായിരുന്നു. 
മധുരശാസ്ത്രത്തിന്റെ പാഠങ്ങള്‍ പായസം കുടിക്കുന്നപോലെ അനായാസം കടന്നുപോവുകയായിരുന്നു തപന്‍ ചെയ്തതെന്ന് അയാള്‍ അവിടെയത്തി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ ആലിക്കു മനസ്സിലായി. അടുത്ത ആറ് മാസം കൂടി പിന്നിട്ടപ്പോള്‍ തപന്‍ സ്വന്തമായി മധുരപരീക്ഷണങ്ങള്‍ തുടങ്ങി. ആ പരീക്ഷണശാലയിലേയ്ക്കാണ് ആദ്യം ആലിയ കടന്നുവരുന്നത്. അവള്‍ രുചിപരീക്ഷകയായി മാറി. ആ പരിണാമത്തിന്റെ അവസാനദിനങ്ങളിലൊന്നില്‍ തപന്‍ അയാള്‍ക്കു കഴിയുമായിരുന്നതില്‍ ഏറ്റവും മധുരമുള്ളതും അവളതേവരെ രുചിച്ചതില്‍ ഏറ്റവും മധുരതരവുമായ ഒന്ന് അവളുടെ തേന്‍ചുണ്ടുകളിലേയ്ക്കു തേച്ചു കൊടുത്തു. അതിന്റെ പേര് പ്രണയമെന്നാണെന്ന് ആ നിമിഷത്തില്‍ത്തന്നെ അവള്‍ക്കു മനസ്സിലാവുകയും ചെയ്തു.

''മേംസാബ്'' തപന്‍ കഥ ചുരുക്കി: ''ദാ ഇവിടം മുതല്‍, ഞാന്‍ ഒരു കടലാസുപോലുമില്ലാതെ കുടിയേറ്റക്കാരനായി. ഇന്ത്യയിലല്ല. ധാക്കയില്‍. പത്മാനദിക്കരയില്‍. ബംഗ്ലാദേശില്‍.''
ഒരു ഹിന്ദു-മുസ്ലിം കമിതാക്കള്‍ക്കു ചിലപ്പോഴൊക്കെ സ്വന്തം രാജ്യംതന്നെ നഷ്ടപ്പെട്ടു പോവുമായിരുന്നുവെന്നു വൈകിയാണ് താന്‍ തിരിച്ചറിഞ്ഞതെന്ന കഥയിലെ പാഠം പക്ഷേ, തപന്‍ പറഞ്ഞില്ല. കഥ അവസാനിച്ചപ്പോള്‍, അലിയയുടെ വയറില്‍നിന്നു പുറത്തുവന്ന റീമയ്ക്ക് പത്ത് വയസ്സും ആറ് മാസവും പ്രായമായിരുന്നു. 
''അപ്പോഴാണ് എനിക്ക് കൊല്‍ക്കത്തയിലേയ്ക്ക് തിരിച്ചുവരാന്‍ പറ്റിയത്'' തപന്‍ പര്യവസാനിപ്പിച്ചു: ''ധാക്കയിലെ എന്റെ ബേക്ക്ഹൗസ് അവരുടെ ഒരു വലിയ ഔട്ട്ലെറ്റ് കൊല്‍ക്കത്തയില്‍ തുറന്നു. ഞാനതിന്റെ മാനേജരായി.''

ആരുമാരും ഒന്നും മിണ്ടിയില്ല. യമുന തന്നെത്തന്നെ നോക്കിയിരിക്കുന്നത് മനു കണ്ടു. അതയാളെ അസുഖകരമായ ചിലതിന്റെ വരവറിയിച്ചെങ്കിലും അതെന്തായിരിക്കുമെന്നൊരു സാധ്യതാപഠനം നടത്താനുള്ള സമയംപോലും അവിടെയുണ്ടായിരുന്നില്ലെന്ന് മനുവിന് ആ നിമിഷത്തില്‍ത്തന്നെ മനസ്സിലായി. ''ഇത് ആകപ്പാടെ തെളിയിക്കുന്നത് നിങ്ങള്‍ നല്ലൊരു സ്റ്റോറിടെല്ലര്‍ മാത്രമാണെന്നെങ്കിലോ?'' എന്ന് യമുന ചോദിക്കുന്നത് അയാള്‍ കേട്ടു.
ഒരു നിമിഷം തപന്റെ കൈകള്‍ പാന്റിന്റെ കീശയില്‍ തടഞ്ഞു. അതിനുള്ളില്‍ പഴ്സുണ്ട്. 
അതിനകത്ത് ആധാറുണ്ട്.
വോട്ടര്‍ ഐ.ഡിയുണ്ട്.
പാസ്പോര്‍ട്ടിന്റെ കോപ്പിയുമുണ്ട്. 

പക്ഷേ, അതിലേതെങ്കിലുമൊന്നു പുറത്തെടുക്കുന്ന നിമിഷം ഈ പ്രശ്‌നത്തില്‍ താന്‍ എന്നെന്നേയ്ക്കുമായി കുരുങ്ങിപ്പോവുമോ എന്ന് അയാള്‍ സത്യമായും ഭയന്നു. ഭയത്തില്‍ ചവിട്ടി മുഖമുയര്‍ത്തി നോക്കിയ തപന്‍ റീമയുടെ മുഖത്ത് അതേ ഭയത്തിന്റെ അനേകം പതിപ്പുകളിലൊന്നിനെ കണ്ടുമുട്ടി. അയാള്‍ പതിയെ നടന്ന് അവള്‍ക്കരികിലെത്തി. തപന്‍ റീമയെ തൊട്ടു. ആ സ്പര്‍ശം തുടര്‍ന്നുകൊണ്ടുതന്നെ അയാള്‍ യമുനയുടെ കണ്ണുകളിലെ ഇരുണ്ട കുസൃതിയേയും നോട്ടംകൊണ്ടു തൊട്ടു. അപ്പോഴേയ്ക്കും അവരൊരു ത്രികോണമായെന്നും താന്‍ അതിനു പുറത്തായെന്നും മനുവിനു മനസ്സിലായിരുന്നു. അയാള്‍ക്കപ്പോള്‍ കാണിയുടെ ലാഘവത്വം അപ്രതീക്ഷിതമായി വീണ്ടുകിട്ടി. 
അപ്പോഴേക്കും തപന്‍ ചിരിച്ചു: ''മേംസാബ്, ഈ മധുരപലഹാരങ്ങളും മീന്‍കറിയും എന്നെ ഒറ്റുകൊടുക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?''
തുടര്‍ന്നയാള്‍ വര്‍ഷങ്ങള്‍ കൂടി ഒരാളെ പരിഹസിച്ചു: ''അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കു മനുഷ്യന്റെ ചരിത്രത്തെപ്പറ്റി ഒരു പുണ്ണാക്കും അറിയില്ല.''
യമുനയുടെ മുഖത്തേയ്ക്ക് കോപം ഇരച്ചുകയറി. അവള്‍ ചാടിയെണീറ്റു. ഇക്കുറി തപന്‍ മാത്രമല്ല, റീമയും ചിരിച്ചു. അതും ഇത്തിരിയുറക്കെ. 

''മേംസാബ്'' തപന്‍ വളരെ സാവധാനത്തില്‍, ഔപചാരികമായി ഒരു സമ്മേളനത്തിനു നന്ദി പറയുന്നതുപോലെ, ഇതേവരെയില്ലാത്ത ഗൗരവത്തില്‍ പറഞ്ഞു തുടങ്ങി: ''ബംഗാള്‍ കിഴക്കന്‍ പാക്കിസ്താനാവുമ്പോഴും അതു പിന്നീട് ബംഗ്ലാദേശ് ആവുമ്പോഴും ആ ചരിത്ര മുഹൂര്‍ത്തങ്ങളെയത്രയും തള്ളിക്കളഞ്ഞുകൊണ്ട് ഒരുപാട് മാച്ചേര്‍ കാലിയകള്‍ എത്രയോ വീടുകളില്‍ തിളച്ചുകൊണ്ടിരിക്കുകയായിരുന്നിരിക്കണം. ഒന്നോര്‍ത്തുനോക്കൂ. മനുഷ്യന്റെ മനസ്സിലും ഭൂപടങ്ങളിലും വിഭജനം അതിന്റെ മാറ്റങ്ങളെ സ്ഥാപിക്കുമ്പോള്‍, മച്ചേര്‍ കാലിയകള്‍ മാത്രം അങ്ങനെതന്നെ തുടരുന്നു. ഒരേ പലവ്യഞ്ജനങ്ങളില്‍, ഒരേ മസാലകളില്‍, ഒരേ ഉപ്പിലും കടുകിലും പൊതുവായൊരു രുചിക്കുവേണ്ടി അതു വെട്ടിത്തിളയ്ക്കുന്നു. ഏത് അതിര്‍ത്തിക്കകത്തും പുറത്തും അത് മാച്ചേര്‍ കാലിയ മാത്രമായിരിക്കുന്നു. മനുഷ്യന്റെ വിഭജനം മീന്‍കറിക്ക് ബാധകമാവാതെയിരിക്കുന്ന ആ കൗതുകം ആലോചിച്ചുനോക്കൂ.''
യമുന അവളറിയാതെ തന്നെ ഒരിന്ദ്രിയം മാത്രമായി പരിവര്‍ത്തിച്ചു പോയിരുന്നു. അതു ചെവിയായിരുന്നു എന്നത് അവളെ നോക്കാതെ തന്നെ മനുവിന് അറിയുകയും ചെയ്യുമായിരുന്നു. ചെവിക്കും വായയ്ക്കുമിടയില്‍ വാക്കുകളെ ഒഴുക്കിക്കൊണ്ട് തപന്‍ നടത്തുമായിരുന്ന ആ വിസ്മയവിദ്യ അയാള്‍ക്ക് പണ്ടേ പരിചിതമായിരുന്നതുമാണല്ലോ. യുക്തിയുടേയും പ്രതിവാദങ്ങളുടേയും ചെതമ്പലുകളെല്ലാമൊഴിഞ്ഞ് ഒരു മത്സ്യകന്യകയെപ്പോലെ യമുന നഗ്‌നയായി അങ്ങനെ തുടര്‍ന്നപ്പോള്‍ സത്യമായും മനുവിനു വേദന തോന്നി. മനുഷ്യന്റെ ഏറ്റവും പ്രാചീനവും എന്നാല്‍, ഏറ്റവും ഫലപ്രദവുമായ ജൈവഭാഷ - സ്പര്‍ശം - അതുതന്നെ ഉപയോഗിക്കാന്‍ മനുവും മുതിര്‍ന്നു. യമുനയുടെ തൊലിയില്‍നിന്നു തണുപ്പ് മനുവിന്റെ വിരലുകളിലേയ്ക്ക് വന്നൊട്ടി. 

''അതുകൊണ്ട് മേംസാബ്'' തപന്‍ മാച്ചേര്‍ കാലിയ വലിയൊരു സ്ഫടികപ്പാത്രത്തിലേയ്ക്ക് പകര്‍ന്നു; വലിയ മീന്‍ കഷണങ്ങള്‍ വെണ്ണപോലെയോ അലുവപോലെയോ മഞ്ഞയും ചുവപ്പും കലര്‍ന്ന വര്‍ണ്ണരാശിയില്‍ ഉല്ലസിച്ചു തിമിര്‍ത്തു. 

തപന്‍ മാച്ചേര്‍ കാലിയ ഇരുകൈകളിലും ഒരു പ്രാര്‍ത്ഥനപോലെ ഉയര്‍ത്തിയെടുത്ത്, തീന്‍മേശയ്ക്ക് നേരെ നോക്കി. അങ്ങോട്ടേയ്ക്ക് നടക്കുന്നതിന്റെ ഇടവേളയില്‍ അയാള്‍ ഇത്രയും കൂടി പറഞ്ഞു: ''നിസ്സാരം, ഒരു മീന്‍കറിപോലും വിഭജനങ്ങള്‍ക്കെതിരായ വലിയ യുദ്ധങ്ങള്‍ നയിക്കുന്നുണ്ട്. പക്ഷേ, അതു നമ്മള്‍, ബുദ്ധിജീവികളായ മനുഷ്യര്‍ എത്രകണ്ട് തിരിച്ചറിയുന്നുണ്ട് എന്നതിലാണ് കാര്യമിരിക്കുന്നത്.''
റീമ എണീറ്റ് അച്ഛനെ പിന്‍തുടര്‍ന്നു. അവരൊരുമിച്ചു മാച്ചേര്‍ കാലിയ തീന്‍മേശയുടെ മധ്യത്തിലേയ്ക്ക് സ്ഥാപിക്കാന്‍ തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com