'ചാള്‍സ് ഡാര്‍വിന്റെ കണക്കുപുസ്തകം'- രഞ്ജു എം.വി എഴുതിയ കഥ

മണ്‍ചുവരിലൂടെ പുറത്തേക്കിറങ്ങുന്നതിനായി ഒരു തുരങ്കം നിര്‍മ്മിക്കുവാനുള്ള കരാര്‍ രണ്ട് ആസ്സാംകാരെ ഏല്പിച്ച് മജീഷ്യന്‍ മരത്തന്‍ മറ്റ് കണക്കുകൂട്ടലുകള്‍ നടത്തി
'ചാള്‍സ് ഡാര്‍വിന്റെ കണക്കുപുസ്തകം'- രഞ്ജു എം.വി എഴുതിയ കഥ


ടല്‍ ഓരോ തിരകൊണ്ടും മാന്തിക്കൊണ്ടുപോയ ഒരു കുന്നുണ്ട്. മനോഹരമായ ബീച്ചിനെ പകുത്ത് രണ്ട് ബീച്ചുകള്‍ സൃഷ്ടിച്ച ആ കുന്നിന്റെ, കടലിലേക്ക് നോക്കുന്ന ചുവരിലൂടെ പുറത്തേക്കിറങ്ങുവാനാണ് മജീഷ്യന്‍ മരത്തന്‍ തീരുമാനിച്ചത്. ബീച്ചുകള്‍ രണ്ടും വൈകുന്നേരങ്ങളില്‍ ആള്‍ക്കാരെക്കൊണ്ട് പൊറുതിമുട്ടുമെങ്കിലും ഇങ്ങോട്ട് വന്നേക്കരുത് എന്നു കണ്ണുരുട്ടുന്ന മൂര്‍ച്ചയുള്ള കുറേ ഭീഷണിക്കല്ലുകള്‍ കുന്നിന്‍ ചുവരിലേക്കുള്ള കാഴ്ചക്കാരെ തടഞ്ഞു. മണ്‍ചുവരിലൂടെ പുറത്തേക്കിറങ്ങുന്നതിനായി ഒരു തുരങ്കം നിര്‍മ്മിക്കുവാനുള്ള കരാര്‍ രണ്ട് ആസ്സാംകാരെ ഏല്പിച്ച് മജീഷ്യന്‍ മരത്തന്‍ മറ്റ് കണക്കുകൂട്ടലുകള്‍ നടത്തി. ബീച്ചില്‍ വലിയ കുഴികളെടുത്ത് തുരങ്കത്തില്‍നിന്നും പുറത്തെത്തിച്ച ചെമ്മണ്ണ് അതിലിട്ട് മൂടി. കള്ളന്‍മാരുടെ കൃത്യതയോടെ അതീവ രഹസ്യമായി ഓരോ പുലര്‍ച്ചയിലും ജോലി മതിയാക്കി രണ്ട് ആസ്സാംകാരും വാടകമുറിയിലെത്തും. ആരെങ്കിലും കണ്ടുപിടിക്കുകയെങ്കില്‍ താനാണിതിനു പിന്നിലെന്ന് പൊലീസിനോട് പറയരുതെന്ന കരാറിലാണ് മൂന്നിരട്ടി കൂലിയില്‍ രണ്ടുപേരും പണിയേറ്റത്. മോഷ്ടിക്കാന്‍ പരിസരത്തെങ്ങും ഒരു കടപോലുമില്ലാത്ത ഒരിടത്ത്  മൂന്നിരട്ടിക്കൂലിയില്‍ തങ്ങള്‍ക്ക് പണിതന്നയാള്‍ക്ക് മുഴുവട്ടാണെന്ന് ആസ്സാമീസില്‍ അവര്‍ ചിരിച്ചു. ആറാം ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് ലക്ഷ്യം പൂര്‍ത്തിയായതിനുശേഷം അവരിരുവരും ബീച്ചില്‍ കിടന്നുരുണ്ടു. പഴയ ആസ്സാമീസ് സിനിമാപ്പാട്ടുകള്‍ മൂളാനാഞ്ഞപ്പോള്‍ വലിയൊരു തിര അവരെ നനച്ചു.

അന്ന് നട്ടുച്ചയ്ക്ക് മരത്തന്‍  അവര്‍ക്കുള്ള കരാറുകൂലി കൊടുത്തു. കോഫീ ഹൗസിന്റ തിരക്കില്ലാത്ത ഒരു മൂലയിലിരുന്ന് കൂലിക്കൊപ്പം രണ്ട് തീവണ്ടി ടിക്കറ്റും നല്‍കി.
- ദോനോം ഗുവാഹട്ടി കോ ജല്‍ദി ചലോ. യെ ട്രെയിന്‍ ടിക്കറ്റ് ലേലോ. എ സി ടിക്കറ്റ് ഹെ.
രണ്ടു പേരും പരസ്പരം നോക്കി. പൊറോട്ടക്കഷണം പഞ്ചസാരയില്‍ മുക്കി വായിലിട്ടുകൊണ്ട് ഒരാള്‍ ടിക്കറ്റ് വാങ്ങി.
    - ബഹുത് ശുക്രിയാ ജി.

ഇനിയും ഇതുപോലെ വല്ല പണിയുമുണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞ് അവന്‍ ഫോണ്‍ നമ്പര്‍ മരത്തന് കൊടുത്ത് പുറത്തേക്കു നടന്നു.

അന്ന് രാത്രി ഇരുട്ടിലൂടെ മരത്തന്‍ തുരങ്കമുഖത്തെത്തി. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ എത്ര മനോഹരമായി രണ്ടു പേരും പുല്‍ത്തകിടികൊണ്ട് മറച്ചുവച്ചുവെന്ന് ബോധ്യപ്പെടുകയും അന്നുതന്നെ തന്റെ പരിപാടിയുടെ ഒരേകദേശ പ്ലാന്‍ മനസ്സില്‍ വരയ്ക്കുകയും ചെയ്തു. മറുവശത്ത് ബീച്ചില്‍ ആളുകളുടെ എണ്ണം കൂടുകയും പാര്‍ക്കില്‍നിന്നുള്ള കളിചിരികളും കളര്‍ വെളിച്ചങ്ങളും ഇടയ്ക്കിടെ വന്നുതൊടുന്നതും മരത്തന്‍ കണ്ടു. സ്ഥലം ബോധ്യപ്പെടുകയും പ്ലാന്‍ ചിന്തിക്കവെ ഇതുവരെ വരാതിരുന്ന ഒരുള്‍ഭയം പെരുക്കുന്നതും അയാളറിഞ്ഞു. ധൈര്യത്തിന്റെ ഒരുഗ്രന്‍ ശ്വാസം ഭക്ഷിച്ച്  അവിടെനിന്നും ബീച്ചിലേക്ക് നടന്നു. പാര്‍ക്കിലെ ആകാശത്തിലേക്കും ഭൂമിയിലേക്കും മാറിമാറി പറക്കുന്ന ഭീമന്‍ തൊട്ടിലാട്ടത്തിന്റെ ചങ്കുപറിക്കുന്ന വേവലാതിയില്‍  കൂവിത്തളരുന്ന മനുഷ്യരുടെ ശബ്ദങ്ങള്‍ക്കിടയിലൂടെ അയാള്‍ ഫോണ്‍ വിളിച്ചു. ഒരു വിളി പ്രതീക്ഷിച്ചിരുന്നപോലെ അന്നാട്ടിലെ പ്രോഗ്രാം ബ്രോക്കര്‍ ദിനേശ് കുമാര്‍ പ്രതീക്ഷയോടെ ചോദിച്ചു:
- എന്തായി മരത്തേട്ടാ. നടക്കുമോ?
- ഈ വരുന്ന പതിനഞ്ചിന് ഒറപ്പിച്ചോടാ.
- സത്യായിട്ടും? അപ്പോ അനൗണ്‍സ്മെന്റ് ചെയ്യട്ടെ?
- നീ ചെയ്യ്ടാ ചെറ്ക്കാ.
- അത് പിന്ന പറയാന്ണ്ടാ. ഹൊ എനക്ക് ഇപ്പഴാ സമാധാനായത്. അല്ല, സ്ഥലം ഏട്യാ.
- പള്ളിക്കര ബീച്ചിന്റെ വടക്ക്. ഇച്ചൂളിക്കുന്നിന്റെ താഴ്വരയില്‍.
    
പാതിരാത്രിയായാലും ഇന്ന് തന്നെ കാണണമെന്നും പറഞ്ഞ് കട്ട് ചെയ്തയുടന്‍ ദിനേശ് കുമാര്‍ ഫ്‌ലക്സ് മീഡിയ ഗംഗന് വാട്സ് ആപ്പില്‍ സന്ദേശമിട്ടു. ഗംഗാ, സംഗതി മരത്തേട്ടന്‍ ഏറ്റിട്ടുണ്ട്. നമ്മടെ ഇച്ചൂളിക്കുന്നില്‍ പതിനഞ്ചാം തീയതി പരിപാടി. ഹൗഡിനിയുടെ ഫയര്‍ എസ്‌കേപ്പുമായി നമ്മുടെ നാട്ടുകാരന്‍ മജീഷ്യന്‍ മരത്തന്‍ ജാലവിദ്യയുടെ പുതിയ വഴികള്‍ വെട്ടുന്നു. എല്ലാ നാട്ടുകാരേയും കലാസ്‌നേഹികളേയും ക്ഷണിക്കുന്നു ഇച്ചൂളിക്കുന്നിലേക്ക്. ബാക്കിയൊക്കെ നിന്റിഷ്ടം പോലെ കാച്ചിക്കോ. ഫ്‌ലക്സ് കളര്‍ഫുള്ളാവണം. ടിക്കറ്റ് വെച്ച പരിപാടിയാ. നല്ലോണം വാരാന്‍ പറ്റിയ അവസരം.
മരത്തന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നടന്നു. പ്രകാശങ്ങളേറ്റ് നിറഭരിതമാവുന്ന തിരകളില്‍ നോക്കിയപ്പോള്‍ ഒരു നിമിഷത്തേക്ക് ലക്ഷ്യം മറന്നു. ദിനേശ്കുമാറിന്റെ ടെക്സ്റ്റ്  മെസ്സേജിന്റെ കനത്ത വൈബ്രേഷനില്‍ അയാള്‍ ഉണര്‍ന്നു. സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാത്ത ദിനേശ് കുമാര്‍ നന്ദിയുടെ കൂടെ ഒരു ഉമ്മയും മെസ്സേജയച്ചത് മരത്തന്‍ തുറന്നു.

രണ്ട് ദിവസം കഴിഞ്ഞ് പള്ളിക്കര സര്‍ക്കാര്‍ യു.പി. സ്‌കൂളില്‍ കലാകാരന്‍മാരുടെ പരിശീലനക്ക്യാമ്പ് തുടങ്ങി.  ക്രിസ്മസ് അവധിയായതിനാല്‍ കുട്ടികള്‍ ഒഴിഞ്ഞ ക്ലാസ്സ്മുറികളില്‍ പന്ത്രണ്ടോളം പേര്‍ മാജിക്കിനു മസാല ചേര്‍ക്കുവാനുള്ള നൃത്തരംഗം പഠിക്കാനാരംഭിച്ചു. എല്ലാവരും വന്നയുടന്‍ മരത്തന്‍ നൃത്തക്കാരോട് പറഞ്ഞു:
-ഇത്തവണ നമ്മള്‍ അത്ഭുതം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്. നിങ്ങളുടെ അതിരറ്റ പ്രകടനം എന്റെ വിജയത്തിന് അത്യാവശ്യമായിരിക്കും. ഞാനുദ്ദേശിക്കുന്നത് വെറുമൊരു ഇല്യൂഷനല്ല. മരത്തന്‍ എന്ന മാജിക്കുകാരന്റെ ജീവിതത്തിന് നിറം കൊടുക്കുന്ന  ഒരു പ്രകടനമാണ്. നമുക്ക് മുന്നില്‍ ദിവസങ്ങള്‍ കുറവാണ്. നിങ്ങളുടെ നൃത്തത്തിന്‍മേലുള്ള കാഴ്ചക്കാരുടെ ശ്രദ്ധയാണ് എന്റെ രക്ഷയുടെ സൂത്രം. അതുകൊണ്ട് നന്നായി പരിശീലനം വേണം.

- നമ്മള്‍ മികച്ചത് കളിക്കും. മരത്തന്‍ സാറിന്റെ വിജയം നമ്മുടേതുമാണ്. പക്ഷേ,
ലീല എന്നു പേരുള്ള പെണ്‍കുട്ടി അത്രയും പറഞ്ഞ് ഒന്നു നിര്‍ത്തി. കേള്‍വിക്കാരെല്ലാം ലീലയുടെ നിശ്ശബ്ദതയിലൊന്ന് ശങ്കിച്ചു. നെറ്റിയിലെ ചോദ്യചിഹ്നത്തിന്റെ ചുളിവുകള്‍ നിവര്‍ത്തി അയാള്‍ ദീര്‍ഘമായി നെടുവീര്‍പ്പിട്ടു. അമ്പത് വര്‍ഷത്തോളം നീളമുള്ള മാജിക്ക് ജീവിതത്തിന്റെ എല്ലാ വെല്ലുവിളികളും ഓര്‍മ്മയില്‍ നിരനിരയായി നിന്നു. ജീവിതത്തില്‍ ആദ്യത്തെ കുറ്റവാളിപ്പട്ടം കെട്ടി പൊലീസ് സ്റ്റേഷനില്‍ കയറേണ്ടിവന്നത് പതിന്നാലാം വയസ്സിലാണ്. സ്റ്റേഷനില്‍ കയറിയ സെക്കന്റില്‍ത്തന്നെ എസ്.ഐയുടെ ലാത്തി ഇടതു ചെവിയടച്ചു. അന്നു മുതലാണ് തന്റെ  ചെവിക്കുള്ളില്‍ ഇന്നും നിലയ്ക്കാത്ത ഒരു റേഡിയോ സ്റ്റേഷന്‍ തുറന്നതെന്ന് പുഞ്ചിരിയോടെ അടുപ്പക്കാരോട് ഇപ്പൊഴും പറയാറുണ്ട്. അന്ന്  ആഴ്ചച്ചന്തകള്‍ സജീവമായിരുന്നു. നാഴികകള്‍ക്കപ്പുറത്തുനിന്നും അരിയും പച്ചക്കറികളും തുണികളുമെല്ലാം തലച്ചുമടായി ഗ്രാമക്കാര്‍ പരസ്പരം വിറ്റുനടന്നു. ചരക്കുകള്‍ വില്‍ക്കാനും വാങ്ങാനുമായി വന്നവരെക്കൊണ്ട് നിറഞ്ഞപ്പോള്‍ ഒരു ദിവസം മരത്തന്‍ കുറച്ചു പേരെ അടുത്തേക്ക് വിളിച്ചു. കയ്യില്‍ ഒരു ഓട്ടമുക്കാല്‍ തിളങ്ങുന്നുണ്ടായിരുന്നു. ഓം ഹ്രീം കുട്ടിച്ചാത്തായെന്ന് മൂന്ന് തവണ ഉരുവിട്ടുകൊണ്ട് കൈ പൂട്ടിത്തുറന്നു. കൈയില്‍ ഓട്ടമുക്കാല്‍ ഇല്ലായിരുന്നു. അടുത്ത ഓംഹ്രീമില്‍ ഓട്ടമുക്കാല്‍ തിരികെ വന്നു. രണ്ടും മൂന്നും തവണ അതാവര്‍ത്തിച്ചപ്പോഴും കാഴ്ചക്കാര്‍ ചന്ത മറന്ന് മരത്തനു ചുറ്റും കൂടി. അതുവരെ അജ്ഞാതമായിരുന്ന ഒരത്ഭുതം നാട്ടുകാരുടെ കണ്ണില്‍ പടര്‍ന്നു. ഒരാള്‍ പറഞ്ഞു:
- ഇതാണ് കണ്‍കെട്ട്.
മറ്റൊരാള്‍ ചോദിച്ചു:
- എന്താ നിന്റെ പേര് ?
- മരത്തന്‍
കൂട്ടത്തില്‍ നിന്ന് മറ്റൊരാള്‍ വിളിച്ചുപറഞ്ഞു:
- കങ്കെട്ട് മരത്തന്‍.

അന്നത്തെ ചന്തയില്‍ വന്നവരെല്ലാം അയാള്‍ക്കു ചുറ്റും നിരന്നു. അതിശയത്തിന്റെ മര്‍മ്മരങ്ങള്‍ക്കുള്ളില്‍ മരത്തന്‍, കങ്കെട്ട് മരത്തനായി. ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും ഒരാള്‍ ഒരണ നീട്ടിക്കൊണ്ട് അദൃശ്യമാക്കാന്‍ പറഞ്ഞു. അതു കാണാതാക്കുകയും പ്രത്യക്ഷമാക്കുകയും ചെയ്തു. അണ തിരികെ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു:
- നിന്റെ കളിക്കുള്ള കോള്. അത് നീ പിടിച്ചോ.
ആളുകള്‍ കയ്യടിച്ചു. ചിലര്‍ നാണയത്തുട്ടുകള്‍ മരത്തനു നേരെയെറിഞ്ഞു. അന്നു കിട്ടിയ നാണയങ്ങളില്‍നിന്ന്, കങ്കെട്ട് മരത്തന്‍ എന്ന പേരില്‍നിന്നും ഭാവിയിലേക്കുള്ള സൂചനകള്‍ അയാള്‍ ഗ്രഹിച്ചു. ശേഷം ചന്തക്കൂട്ടങ്ങളിലും ഉത്സവപ്പറമ്പുകളിലും കയ്യടക്കത്തിന്റെ അതുവരെ അജ്ഞാതമായ അത്ഭുതങ്ങള്‍ക്കുമേല്‍ ജനക്കൂട്ടം ആശ്ചര്യരായി നിന്നു.

പാട്ടിന് യേശുദാസ്പോലെ ഇന്ദ്രജാലത്തിന് കങ്കെട്ട് മരത്തന്‍ എന്ന രണ്ട് വാക്കുകള്‍ വിലാസമായി നാടിനു പുറത്തേക്ക് പടര്‍ന്നു. ഒരാളുടെ തലയില്‍ ചൂടിയ പാളത്തൊപ്പിയില്‍ സൂക്ഷിച്ച പണം മറ്റൊരാളുടെ പാളത്തൊപ്പിയില്‍നിന്നും എടുത്തുകൊണ്ട് മറ്റൊരു ചന്തദിവസം വീണ്ടും ആശ്ചര്യം തീര്‍ത്തു. കയ്യടികള്‍ പൂര്‍ണ്ണമായും നിലയ്ക്കുന്നതിനും മുന്‍പ് ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍  തന്റെ പാളത്തൊപ്പി ഊരി ഉയര്‍ത്തിക്കാട്ടുകയും ദേഷ്യംകൊണ്ട് അലറുകയും ചെയ്തു. എല്ലാവരും അയാളെ നോക്കി. പാളത്തൊപ്പി ശൂന്യമാണെന്ന് ജനക്കൂട്ടത്തെ കാണിച്ചുകൊണ്ട് അയാള്‍ ഗര്‍ജ്ജിച്ചു:
- എന്റെ പണം മോഷ്ടിച്ചു.

അയാളുടെ കാണാതായ പണം ഉടന്‍ തിരിച്ചുവരുത്തുമെന്ന് ഉറച്ചു വിശ്വസിച്ച് ജനങ്ങള്‍ കങ്കെട്ട് മരത്തനെ നോക്കി. സംഭവത്തിന്റെ യഥാര്‍ത്ഥ വഴി തിരിയാതെ മരത്തന്‍ അവരേയും അയാളേയും നോക്കി. എല്ലാ പ്രതീക്ഷയുടേയും ഉത്തരവാദിത്വം തനിക്കില്ലെന്ന് അയാള്‍ കൈമലര്‍ത്തി. ശൂന്യമാക്കപ്പെട്ട പാളത്തൊപ്പിയുമായി ആള്‍ക്കൂട്ടത്തില്‍നിന്നും അയാള്‍ മരത്തന് നേരെ ചൂണ്ടി.
- ഓനാ എന്റെ പണം മോഷ്ടിച്ചത്. ഓനോട് അത് തിരിച്ച് തെരാന്‍ പറ.
സാഹചര്യം ഒരൊറ്റ നിമിഷംകൊണ്ട് കീഴ്മേല്‍ മറിഞ്ഞതില്‍ ജനക്കൂട്ടവും പ്രതിസന്ധിയിലായി. തൊട്ടടുത്ത നിമിഷത്തില്‍ നടക്കാനിടയുള്ള ഒരപകടം മരത്തനില്‍ മിന്നി.

- ഓന വിടര്ത്. കങ്കെട്ടിലൂടെ എന്റെ പണം തട്ടിയത് ഓന്‍ തന്നെയാണ്.
മരത്തന്‍ നിഷേധിക്കാനുള്ള കുറേ വാദങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും ഗുണം ചെയ്തില്ല. ജനങ്ങള്‍ ചന്ത മറന്ന് രണ്ട് വിഭാഗങ്ങളായി. അവര്‍ പാളത്തൊപ്പിക്കാരനും മരത്തനും വേണ്ടി പരസ്പരം ന്യായങ്ങള്‍ നിരത്തി. അന്ന് വൈകുന്നേരത്തോടെ മരത്തന്റെ പേരില്‍  മോഷണക്കുറ്റം ചുമത്തുകയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. പരാതിക്കാരനായ തൊപ്പിക്കാരന്‍ സ്റ്റേഷനില്‍ ഹാജരുണ്ടായിരുന്നു. മരത്തനെ കണ്ടപ്പോള്‍ എന്റെ പണം എന്ന് അയാള്‍  അലമുറയിട്ടതും പൊലീസുകാരന്റെ ലാത്തി മരത്തന്റെ ഇടതു കവിളില്‍ ആഞ്ഞു പതിച്ചതും ഒന്നിച്ചായിരുന്നു. ഇരുട്ടുനിറഞ്ഞ ലോക്കപ്പുകളിലൊന്നിലേക്ക് ആഞ്ഞുതള്ളുമ്പോള്‍ ഞാന്‍ പണമെടുത്തില്ലായെന്ന് നിലവിളിച്ചു. പിറ്റേ ദിവസം പൊലീസ് സ്റ്റേഷനില്‍നിന്ന് വിടുതല്‍ ചെയ്ത് വേദനയുള്ള ശരീരവുമായി മടങ്ങവെ കണ്‍കെട്ടുമായി യാതൊരുവിധ ബന്ധവും തനിക്കിനി പാടില്ലെന്ന് തീരുമാനിച്ചിട്ടും ഒരു വെളിപാടുപോലെ അടുത്ത ചന്തദിവസം മരത്തന്‍ ചന്തയിലെത്തി. കടകള്‍ക്കു നടുവിലെ ആല്‍ത്തറയിലേക്ക് കയറിനിന്ന് ഉറക്കെ ചൂളമിട്ടു. ആള്‍ക്കാര്‍ കങ്കെട്ട് മരത്തന്‍ എന്ന് നെടുവീര്‍പ്പിട്ടു. ആള്‍ക്കൂട്ടത്തിലേക്ക് ചൂണ്ടിക്കൊണ്ട് അവന്‍ നിലപാട് പ്രഖ്യാപിച്ചു:
- കള്ളക്കേസില്‍ കുടുക്കിയാലൊന്നും മരത്തന്‍ പിന്‍മാറില്ല. എന്റെ ജീവിതം കങ്കെട്ടാണെന്ന് ഞാനുറപ്പിച്ചു. നെറിയുള്ള ഇന്ദ്രജാലം.

മടക്കിയുടുത്ത മുണ്ടിനുള്ളില്‍നിന്നും ഒരു കയര്‍ വലിച്ചെടുത്തു. അരയിലൊളിപ്പിച്ച കത്തിയെടുക്കുകയും കയറിനെ കഷണങ്ങളാക്കുകയും കണ്ണടച്ചു തുറക്കും മുന്‍പേ കഷണങ്ങള്‍ ചേര്‍ത്ത് നീളന്‍ കയറാക്കുകയും ചെയ്തു. അയാളത് അമ്പരന്ന ആള്‍ക്കൂട്ടത്തിനു നേരെയെറിഞ്ഞു. ശേഷം വര്‍ഷങ്ങളോളം മാജിക്കിലൂടെ മരത്തനും മരത്തനിലൂടെ മാജിക്കും പന്തലിച്ചു. 

കാഞ്ഞങ്ങാട്ടെ കോഫീ ഹൗസിന്റെ ഒരു മൂലയില്‍വെച്ച്  മുന്നിലെ കസാരയിലിരിക്കുന്ന ഇരുപത്തി രണ്ടോളം വയസ്സു തോന്നിപ്പിക്കുന്ന ചെറുപ്പക്കാരനെ മരത്തന്‍ ദേഷ്യത്തോടെ നോക്കി.
- എന്താണ് ജോലി? പഠിക്കുവാണോ?
- പഠിത്തം നിര്‍ത്തി. ജോലിയും ഇല്ല.
ചെറുപ്പക്കാരന്റെ വരണ്ട ഭാഷയിലുള്ള മറുപടി കേട്ട് അല്പം ക്ഷുഭിതനായി മേശയില്‍ കൈ ചുരുട്ടിയിടിച്ച് മരത്തന്‍ ചോദിച്ചു:

- എന്താ നിന്റെ ഉദ്ദേശ്യം?
ചെറുപ്പക്കാരന് ഭയമുണ്ടായിരുന്നില്ല. മരത്തന്റെ കണ്ണുകളെ ചിരിച്ചുകൊണ്ട് നേരിട്ടു. കഴുത്തോളം വളര്‍ത്തിയ ചെമ്പന്‍ മുടികളില്‍ വിരലോടിച്ച് അവന്‍ പറഞ്ഞു:
- നിങ്ങളെനിക്ക് ഒരു ജോലി തരാമോ?
- നിനക്കു പറ്റിയ ജോലി എന്റെ കയ്യിലില്ല. മാത്രമല്ല, നിന്നെ ഞാനെങ്ങനെ വിശ്വസിക്കും.
- ലോകത്ത് എനിക്കറിയാവുന്ന ഒരേ ഒരു കാര്യം മാജിക്കുകളുടെ രഹസ്യമാണ്. നിങ്ങളുടെ അസിസ്റ്റന്റായി എന്നെ പരിഗണിച്ചൂടെ?
മരത്തന്‍ പൊട്ടിച്ചിരിച്ചു. അതു കണ്ട് ആ ചെറുപ്പക്കാരന്‍ കൂടുതല്‍ ഗൗരവക്കാരനായി.
- മരത്തനു മുന്നില്‍ ഒരു വഴി മാത്രമേ ഉള്ളൂ. അത് താങ്കളുടെ കൂടെ എന്നെ കൂട്ടുക എന്നതാണ്.
- എന്താടാ ചെറുക്കാ ഭീഷണിയാണോ?
മരത്തന്‍ വിറച്ചു.
- അതെ. ഭീഷണിയാണ്. എനിക്ക് പണം വേണം.

പരസ്പരം വെല്ലുവിളിച്ച് ഇരുവരും കോഫീ ഹൗസ് വിട്ടു. ചെറുപ്പക്കാരന്റെ വാക്കുകളില്‍ നിറഞ്ഞു നിന്ന ഉറപ്പ്  മരത്തനെ വേവലാതിയിലാക്കി. കുറച്ചു കാലങ്ങളായി അവന്‍ തന്നെ പിന്തുടര്‍ന്നു വന്നത് ഇത്തരത്തിലൊരു ഭീഷണിക്ക് അവസരം നോക്കിയാണെന്ന് മരത്തന്‍ ഉറച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പകല്‍വെളിച്ചത്തില്‍ തുറന്നവേദിയില്‍ അപ്സര എന്ന പെണ്‍കുട്ടിയെ വായുവിലേക്ക് ഉയര്‍ത്തവെയാണ് ആ ചെറുപ്പക്കാരനെ ആദ്യം കാണുന്നത്. മുന്‍ വരിയില്‍ ഇരുന്ന അവന്‍ എഴുന്നേറ്റ് ശക്തിയോടെ ചൂളംവിളിച്ചു. തന്റെ മാജിക്കിനുവേണ്ടിയുള്ള പ്രോത്സാഹനമാണെന്നുറപ്പിക്കും  മുന്‍പേ അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു:
- വെറും തട്ടിപ്പ്. ആ പെണ്ണ് കിടക്കുന്നത് ഒരു കമ്പിക്കിടക്കയിലാണ്.

മരത്തന്റെ നട്ടെല്ലില്‍ കുട്ടിക്കാലത്തെ പാളത്തൊപ്പിക്കാരന്റെ അലര്‍ച്ചപോലെ ഒന്ന് ഊക്കോടെ കുത്തി. അതുവരെ നിശ്ശബ്ദരായിരുന്ന കാഴ്ചക്കാര്‍ ചെറുപ്പക്കാരന്റെ പറച്ചില്‍ കേട്ട് ഒരു മാന്ത്രികനെ തോല്‍പ്പിച്ച മനസ്സോടെ ഒച്ചവയ്ക്കാന്‍ തുടങ്ങി. വായുവില്‍ പൊങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ വിറകൊള്ളുന്നത് മരത്തനു കാണാം. ധൈര്യത്തോടെ മരത്തന്‍ കാഴ്ചക്കാരോട് പറഞ്ഞു:
- കലാ സ്നേഹികളെ, ദയവു ചെയ്ത് മാജിക്കിന്റെ രസം കളയരുത്.
ചെറുപ്പക്കാരന്‍ വീണ്ടും പറഞ്ഞു:
-  തട്ടിപ്പ്
- അതെ. മാജിക്ക് എന്നാല്‍ തട്ടിപ്പ് തന്നെയാണ്. സര്‍ഗ്ഗാത്മകമായ ഒരു തരം തട്ടിപ്പ്. ആസ്വദിക്കാന്‍ കഴിയുന്ന തട്ടിപ്പ്. ദയവായി എല്ലാവരും സഹകരിക്കണം.

എന്ത് വേദാന്തത്തിനും മുകളിലാണ് രഹസ്യം കണ്ടെത്തിയ ഒരു കൂട്ടം മനുഷ്യരുടെ മനസ്സ് എന്ന് അറിഞ്ഞിട്ടും മരത്തന്‍ പറഞ്ഞുനോക്കി. സദാചാര പൊലീസിങ്ങില്‍ മനുഷ്യരഹസ്യങ്ങള്‍ കണ്ടെത്തുമ്പോഴുണ്ടാകുന്ന അതേ വികാരം ഇവിടെയും പ്രവര്‍ത്തിച്ചു. ആള്‍ക്കാരുടെ കൂവല്‍ ഉച്ചത്തില്‍ ആയി. ചുരുക്കം ചിലര്‍ ചെറുപ്പക്കാരനോട് പുറത്തുപോകാനും ആള്‍ക്കാരോട് നിശ്ശബ്ദരാകാനും  ആവശ്യപ്പെട്ടു. സാഹചര്യം അല്പം ശാന്തമാകുന്നുവെന്ന് തോന്നവേ ചെറുപ്പക്കാരന്‍ ഓടിവരികയും പെണ്‍കുട്ടിയെ മൂടിയ തുണി വലിച്ചെറിയുകയും ചെയ്തു. ജീവന്‍ നഷ്ടമായ ഇന്ദ്രജാലത്തിന്റെ ജഡം, രഹസ്യങ്ങള്‍ തുറന്നുവെച്ച ഒരു ഇരുമ്പു സ്റ്റാന്റില്‍ അപ്സര എന്ന പെണ്‍കുട്ടിയുടെ രൂപത്തില്‍ കിടന്നു. അവള്‍ എഴുന്നേറ്റ് കരഞ്ഞു. ആള്‍ക്കാര്‍ കൂവി. ചെറുപ്പക്കാരന്‍ ഭ്രാന്തമായി ചിരിച്ചുകൊണ്ട് കസേരയില്‍ കയറിനിന്ന് രണ്ടു കൈകളും ആകാശത്തേക്കുയര്‍ത്തി. ശരീരം അസഹ്യമായ ഭാരമില്ലായ്മയെന്ന് തോന്നുകയും ഈ ഭൂമിയുടെ അതിരിനു പുറത്തേക്ക് ഒരു നിമിഷം കൊണ്ടെത്തണേയെന്നും മരവിച്ച് മരത്തന്‍ നിന്നു.

- മരത്തന്‍ സാര്‍. ഞാനിവിടുണ്ട്.
രണ്ട് മാസത്തിനുശേഷം മറ്റൊരു വേദിയില്‍ മാജിക് തുടങ്ങാനുള്ള ആമുഖം പറയാന്‍ തുടങ്ങിയതായിരുന്നു. ആള്‍ക്കൂട്ടത്തിനു പിറകില്‍ ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റു നിന്നപ്പോള്‍ മരത്തന്റെ കൈ വിറച്ചു. 
- ചെറുപ്പക്കാരാ എന്താണ് നിന്റെ ഉദ്ദേശ്യം.

അവന്‍ ചിരിച്ചു. ഒന്നും മനസ്സിലാകാതെ കാഴ്ചക്കാര്‍ മുഴുവന്‍ അവരിരുവരേയും നോക്കി. അവനെ ഹാളിനു പുറത്താക്കണമെന്ന് സംഘാടകരോട് മരത്തന്‍ നിബന്ധന വച്ചു. ചര്‍ച്ചകള്‍ വളര്‍ന്നുകൊണ്ടിരിക്കെ ആളുകള്‍ പരസ്പരം ഊഹങ്ങളിട്ടു. തന്നെ പുറത്താക്കാനുള്ള തീരുമാനത്തിനുതന്നെയാണ് ചര്‍ച്ചകളെന്നു തോന്നിയപ്പോള്‍ തന്റെ സീറ്റില്‍ കയറിനിന്ന് ചെറുപ്പക്കാരന്‍ ഇരുന്നൂറ് രൂപയുടെ ടിക്കറ്റ് പൊക്കിക്കാണിച്ചു. ചെറുക്കനെ പറഞ്ഞുവിട്ടില്ലെങ്കില്‍ ഇന്ന് ഞാനിപ്പരിപാടി ചെയ്യില്ലെന്നും കാശ് തിരികെ തരാമെന്നും പറഞ്ഞപ്പോള്‍ സംഘാടകര്‍ വിഷമസന്ധിയില്‍പ്പെട്ടു. ടിക്കറ്റ് തുകയ്ക്ക് പകരം ആയിരം രൂപ കൊടുത്ത് ഒഴിവാക്കാനുള്ള ശ്രമം ചെറുപ്പക്കാരനും പ്രതിരോധിച്ചതോടെ രംഗം വഷളായി. അനിശ്ചിതത്വത്തിനിടയില്‍ രണ്ടായിരം രൂപ കീശയില്‍ തിരുകി ചെറുപ്പക്കാരനെ ഹാളിനു വെളിയിലേക്ക് ബലം പ്രയോഗിച്ച് മാറ്റുമ്പോള്‍ ചെറുപ്പക്കാരന്‍ വിറച്ചു.

- ഓന ഞാന്‍ വെറുതേ വിടൂല്ലാന്ന് പറഞ്ഞോ. എന്റെ മുന്നില് തന്നെ ഓന്‍ പെടും.
അടുത്ത ഒരു വര്‍ഷക്കാലം ചെറുപ്പക്കാരനു മുന്നില്‍ മരത്തന്‍ പെട്ടില്ല. അതിനൊരു കാരണമേയുള്ളൂ. മാജിക്കുകള്‍ക്കു പകരം സിനിട്രാക്ക് ഗാനമേള എല്ലാ സ്റ്റേജുകളിലും നിറഞ്ഞാടി. ജീവിതത്തിന് ട്രിക്കുകള്‍ ഇല്ലാത്തതിനാല്‍ പണത്തിനുവേണ്ടി നാടന്‍ പണിയിലേക്ക് തിരിഞ്ഞെങ്കിലും ഉത്തരേന്ത്യന്‍ പണിക്കാരെ ചുരുങ്ങിയ ചെലവില്‍ കിട്ടുമ്പോള്‍ മലയാളികളെ ഒഴിവാക്കുന്ന കൂട്ടത്തില്‍ മരത്തനും പെട്ടു. ഒരു രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കിക്കിടക്കവെ മരത്തന്റെ മനസ്സിലേക്ക് ഒരു ഫയര്‍ എസ്‌കേപ്പ് തെളിഞ്ഞു. അങ്ങനെയാണ് പണം സംഘടിപ്പിക്കുകയും സ്വയം സംഘാടനം ഏറ്റെടുക്കുകയും ചെയ്തത്. ടൗണില്‍ എല്ലാ ചുവരുകളിലും തീമതിലിനുള്ളില്‍നിന്നും രക്ഷപെട്ട് വരുന്ന ഒരു മാന്ത്രികന്റെ ചിത്രം നിറഞ്ഞു. മജീഷ്യന്‍ മരത്തന്റെ ഫയര്‍എസ്‌കേപ്പ് അത്ഭുതം, ആശ്ചര്യഭരിതരാകാന്‍ വരിക നാട്ടുകാരെ എന്ന് അക്ഷരങ്ങള്‍ വിളിച്ചു. 

മാസങ്ങള്‍ക്കിപ്പുറം പുതിയ പരിശീലനത്തില്‍ മരത്തന്‍ തിരക്കു പിടിക്കുകയും നഗരത്തിലും ഗ്രാമത്തിലും ഇന്ദ്രജാലത്തിന്റെ പരസ്യം പരക്കുകയും ചെയ്തു. തീയതിയിലേക്കടുക്കും തോറും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും മാഞ്ഞുപോകാത്ത, അവസാനത്തെ രണ്ടു പരിപാടികള്‍ കുളമാക്കിയ ചെറുപ്പക്കാരന്റെ മുഖം മരത്തനെ അലട്ടി. അവന്റെ തലക്കുള്ളിലേക്ക് പുതിയ മറ്റേതെങ്കിലും വിഷയം വന്നിട്ടുണ്ടാകാമെന്നും ധൈര്യത്തോടെ നീ നിന്റെ പണി നോക്കെടായെന്നും മരത്തന്‍ സ്വയം ആത്മവിശ്വാസിയായി. മെയ്യടക്കത്തിന്റെ പുതിയ റിസ്‌കിലേക്ക് തന്റെ എല്ലാ ഏകാഗ്രതയും കുത്തിനിര്‍ത്തിക്കൊണ്ട് പകലും രാത്രിയിലും മരത്തന്‍ ആ തീത്തുരുത്തില്‍ പരിശീലിച്ചുകൊണ്ടേയിരുന്നു. മാജിക്ക് ദിവസം പ്രതീക്ഷിച്ചതിനുമപ്പുറം കാഴ്ചക്കാര്‍ പരന്നു. ഇച്ചൂളിക്കുന്നിന് രണ്ടു കിലോമീറ്റര്‍ കിഴക്കുള്ള പുല്‍മൈതാനമായിരുന്നു വേദി.  മൈതാനം നിറഞ്ഞ് ആള്‍ക്കാര്‍ റോഡിലേക്ക് നീങ്ങിയതുകൊണ്ട് ചന്ദ്രഗിരി റൂട്ടിലൂടെയുളള ഗതാഗതം വഴിതിരിച്ചുവിടേണ്ട അവസ്ഥയുണ്ടായി. ഗാനമേളയെ വിട്ട് മനുഷ്യരെല്ലാം മറ്റു പരിപാടികള്‍ തേടുകയാണെന്ന് ഔപചാരിക ഉദ്ഘാടന വേളയില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞപ്പോള്‍ ആള്‍ക്കൂട്ടം കയ്യടിച്ചു. കൈകാലുകളില്‍ വിലങ്ങിടുകയും ചങ്ങലകള്‍കൊണ്ട് ചുറ്റുകയും  ചെയ്ത് ഇരുമ്പുപെട്ടിയില്‍ പൂട്ടിയിടുമ്പോള്‍ ജനക്കൂട്ടം നിശ്ശബ്ദത കാത്തു. ക്രെയിനില്‍ തൂക്കിയെടുത്ത് പുല്ലുകൊണ്ട് ചുവരു പാകിയ ഒന്നരയാള്‍ പൊക്കമുള്ള ഒരു മറവിലേക്ക്  മരത്തനെ ബന്ധിച്ച പെട്ടി താഴ്ന്നു. പൊലീസുകാര്‍ വരച്ച നിയന്ത്രണരേഖകളെ ലംഘിച്ചുകൊണ്ട് ചിലരെല്ലാം ആവേശംകൊണ്ട് കൂവി. കന്നാസില്‍ ഡീസലുമായി പുല്‍ക്കൂടിനു തീ പടര്‍ത്താന്‍ ചുമതലപ്പെട്ടവര്‍ കാത്തിരുന്നു. അതിനുള്ളില്‍ മരത്തന്‍ കൈവിലങ്ങുകളും ചങ്ങലകളും മാറ്റി പെട്ടിയുടെ രഹസ്യവാതിലും തുറന്ന് പുറത്തിറങ്ങി. ക്രെയിനില്‍നിന്നും താഴേക്ക് തൂങ്ങിനിന്ന കയര്‍ വലിച്ച് പുറത്തുള്ളവര്‍ക്ക് തീവെപ്പിനുള്ള സിഗ്‌നല്‍ കൊടുക്കാന്‍ കൈയുയര്‍ത്തിയതും പിന്നില്‍നിന്നും ഒരു മനുഷ്യന്‍ മരത്തന്റെ മുന്നിലേക്ക് നിന്നു. തന്റെ സാന്നിദ്ധ്യം മാത്രം വേണ്ടിയിരുന്ന ആ രഹസ്യ ഇടത്തിലേക്ക് വലിഞ്ഞുകയറി വന്നവന്റെ കണ്ണുകളിലേക്ക് ക്രുദ്ധനായി നോക്കിക്കൊണ്ട് താന്‍ ഭയന്ന അതേ സാഹചര്യം മുന്നില്‍ വന്നതിന്റെ അങ്കലാപ്പില്‍ അയാള്‍ അലറാന്‍ തുടങ്ങി. ശബ്ദം പുറത്ത് കടക്കാതിരിക്കാന്‍ മരത്തന്റെ വായ ചെറുപ്പക്കാരന്‍ അമര്‍ത്തിപ്പിടിച്ചു. കൈകള്‍ തട്ടിമാറ്റിക്കൊണ്ട് മരത്തന്‍ പറഞ്ഞു:
- നീ എന്റെ ജീവിതം വച്ച്  ഇത്രയും വലിയ റിസ്‌ക് ഏറ്റെടുക്കേണ്ടിയിരുന്നില്ല.
ചെറുപ്പക്കാരന്‍ നിസ്സംഗതയോടെ നിന്നു.

- എന്നെയിങ്ങനെ പകയോടെ പിന്തുടരാന്‍  ഞാനെന്താണ് നിന്നോട് ചെയ്തത്?
ദേഷ്യവും സങ്കടവുംകൊണ്ട് മരത്തന്‍ വിറച്ചു. ക്രെയിനില്‍നിന്നും ഊര്‍ന്നിറങ്ങിയ കയര്‍ വലിച്ചിടുന്നതും നോക്കി സിഗര്‍ലാമ്പില്‍ വിരലമര്‍ത്താന്‍ സഹായികള്‍ക്ക് കൈതരിച്ചു. കണ്‍മുന്നില്‍ ഒരഗ്‌നിഗോളത്തില്‍നിന്നും പുറത്തേക്കിറങ്ങുന്ന മാന്ത്രികനേയും കാത്ത് ജനങ്ങള്‍ കണ്ണുകള്‍ തുറന്നു കാത്തു.
മാജിക്കുകളുടെ ഏകകമായ സെക്കന്റുകള്‍ മരത്തനും ചെറുപ്പക്കാരനുമിടയില്‍ വല്ലാത്ത പടപടപ്പില്‍ വീഴാന്‍ തുടങ്ങി.

- മിസ്റ്റര്‍ മരത്തന്‍. വിലപേശാനുള്ള  മികച്ച അവസരത്തിനുള്ളിലാണിപ്പോള്‍ ഞാന്‍. വേണമെങ്കില്‍ മാറിനില്‍ക്കാം. പക്ഷേ ഒരുറപ്പ് തരണം.
- എന്തുറപ്പ്?
- എനിക്ക് പണം വേണം.
- എന്റെ കയ്യില്‍ പണമില്ല. ജീവിക്കാന്‍ വേണ്ടിയാണ് ഞാനീ പരിപാടി നടത്തുന്നത്. ദയവു ചെയ്ത് എന്നെ വെറുതെ വിടു.
- ഡയലോഗുകള്‍ക്കുള്ള സമയമല്ലെന്നറിയാം. പക്ഷേ, നമുക്ക് സംസാരിക്കണം. എപ്പഴാണെന്ന് ഇപ്പോ ഉറപ്പിക്കണം.
- ശരി. സമ്മതിച്ചു.
മരത്തന്‍ തിടുക്കം കൂട്ടി.
- എങ്കില്‍ സിഗ്‌നല്‍ കൊടുത്തോളൂ.

മരത്തന്‍ കയര്‍ വലിച്ചു താഴെയിടുകയും ഡീസലിന്റെ മണത്തോടൊപ്പം തീഗോളം പടര്‍ന്നു പന്തലിക്കുകയും ചെയ്തു. നെടുവീര്‍പ്പുകള്‍ക്കിടയിലൂടെ മാന്ത്രികന്റെ വരവ് പ്രതീക്ഷിച്ച് കാഴ്ചക്കാര്‍ ഇളകി.  മരത്തന്‍ കീ ജെയ് എന്നും വിളിച്ച് ആള്‍ക്കൂട്ടം ചുമലിലേറ്റിയ മാന്ത്രികന്‍ എല്ലാവര്‍ക്കും കൈവീശി കാണിച്ചു. ഭീകരമായി കത്തിക്കൊണ്ട് പുല്‍ക്കൂടൊരു അഗ്‌നിഗോളമായി മാറിയപ്പോള്‍ മരത്തന്‍ അതിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് ചെറുപ്പക്കാരന്റെ നിലവിളിക്കു പരതി. മരത്തനെ തോളേറ്റിയ മനുഷ്യന്‍ അവനെയും കൊണ്ട് ആളുകള്‍ക്കിടയിലൂടെ നീങ്ങി. ആളുകളുടെ മുകളിലൂടെ ചങ്ങാടത്തില്‍ ഇരിക്കുംപോലെ മരത്തന്‍ ഒഴുകി. കറുത്ത പുക ജയ് വിളിയില്‍ മുങ്ങി. ആഘോഷങ്ങള്‍ കഴിഞ്ഞ് ഒരുവിധം നിശ്ശബ്ദമായതിനുശേഷം  മരത്തന്റെ തുടകള്‍ക്കിടയിലൂടെ തന്നെ ചുമലേറ്റി നടന്നവന്‍ ഹായ് മരത്തന്‍ എന്ന് ചിരിച്ചു. ചെറുപ്പക്കാരന്റെ മുഖം കണ്ട് മരത്തന്‍ കണ്ണുകള്‍ അടച്ചു. ശേഷം ആള്‍ക്കൂട്ടത്തിനു മുകളിലേക്ക് മലര്‍ന്നുവീണു. എത്രയോ കാലം നശിക്കാതെ സൂക്ഷിക്കപ്പെടുന്ന ആശ്ചര്യത്തിന്റെ ഒരു വിത്ത് മനസ്സിലിട്ട് ഓരോ മനുഷ്യനും വീടു പിടിച്ചു.
രണ്ടു മാസങ്ങള്‍ക്കുള്ളില്‍  മൂന്ന് വേദികളാണ് മരത്തന് കിട്ടിയത്.   ഇടവേളയ്ക്കുശേഷം ജീവിതത്തെ ഇന്ദ്രജാലം കരകയറ്റും എന്ന് ചിന്തിക്കുമ്പോഴെല്ലാം അസിസ്റ്റന്റിന്റെ രൂപത്തില്‍ മാജിക് സംഘത്തില്‍ കൂടിയ ചെറുപ്പക്കാരന്റെ മുഖം മുന്നില്‍ വരും. ആദ്യത്തെ രണ്ടു വേദിയിലും ചെറുപ്പക്കാരന്‍ സമര്‍ത്ഥനും യോഗ്യനുമായ സഹായിയായി നിന്നു. എന്നാല്‍, മൂന്നാമത്തെ വേദിയില്‍ ഒരു സംഭവം നടന്നു. സാമാന്യം തിരക്കുള്ള കാഴ്ചക്കാരുണ്ടായിരുന്നു. വായുവില്‍നിന്ന് ഒരു മരവിത്ത്  സൃഷ്ടിക്കുകയും മേശമേല്‍ വച്ച പെട്ടിയിലിട്ട്  മൂന്നോ നാലോ മാസം പ്രായമുള്ള ചെടിയാക്കി മാറ്റുകയും ആ മരത്തൈ വീണ്ടും പെട്ടിയിലിട്ട് മുയലിനെ സൃഷ്ടിക്കുകയും ചെയ്തു. ആളുകള്‍ കയ്യടിച്ചു. മുയലിനു പകരം അടുത്തതായി പ്രത്യക്ഷപ്പെടേണ്ടത് അപ്സര എന്ന പെണ്‍കുട്ടിയായിരുന്നു. അതിനുശേഷം ചെറുപ്പക്കാരനും വരുന്ന രീതിയിലായിരുന്നു രഹസ്യങ്ങള്‍ സെറ്റ് ചെയ്തിരുന്നത്. പക്ഷേ, രഹസ്യ അറയില്‍നിന്നും അപ്സര വന്നില്ല. മാന്ത്രികവടി വായുവില്‍ വട്ടം കറക്കിക്കൊണ്ടും വാക്കുരുവിട്ടും അല്പം സമയം നേടി. പെണ്‍കുട്ടി വന്നില്ല. രഹസ്യ അറ അടങ്ങുന്ന പെട്ടി വേദിയില്‍ ശക്തമായി വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പരിമിതമായ കുഞ്ഞു വഴികളിലെവിടെയോ അവളുടെ ശരീരം പെട്ടുപോയതായിരിക്കാം എന്ന വേവലാതിയില്‍ മരത്തന്‍ കര്‍ട്ടണ്‍ താഴ്ത്താന്‍ പറഞ്ഞു. പെട്ടിയുടെ അനക്കം കൂടിവരുന്തോറും ധൃതി പിടിച്ച് മരത്തന്‍ രഹസ്യ അറയുടെ ഒരു ഭാഗം പൊളിച്ചു. കാഴ്ചകളെ വിസ്മയങ്ങളാക്കുന്ന മാന്ത്രികനെപ്പോലും ആശ്ചര്യപ്പെടുത്തും വിധത്തില്‍ പരിമിതമായ അറയില്‍ ചുരുണ്ടുകിടന്ന് ജൈവികമായ ഒരു സുഖം നേടുകയായിരുന്നു ആ  ചെറുപ്പക്കാരന്‍. പെണ്‍കുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു. ദേഷ്യംകൊണ്ട് മരത്തന്‍ പെട്ടിയില്‍ ആഞ്ഞുചവുട്ടിയപ്പോള്‍ ആ രണ്ട് മനുഷ്യജീവികളും പുറത്തേക്ക് തെറിച്ചു. അപ്സര വസ്ത്രങ്ങള്‍ നേരെയാക്കുകയും പൊട്ടിക്കരഞ്ഞ്  സ്റ്റേജിന്റെ പിന്നിലേക്ക് അപമാനത്തിന്റെ പൊള്ളലുംകൊണ്ട് ഓടി. മാന്ത്രികസംഘം സ്തബ്ധരായി നോക്കിനിന്നു. ചെറുപ്പക്കാരനാവട്ടെ, പ്രകൃതിയുടെ ഒരിന്ദ്രജാലം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ദേഷ്യത്തോടെ മരത്തനെ നോക്കി. മരത്തന്റെ കണ്ണു ചുവന്നു.

ചെറുപ്പക്കാരനെ അടിക്കാനായി കയ്യോങ്ങിയപ്പോള്‍ ഒരു ചൂണ്ടുവിരല്‍ ഭീഷണി മരത്തന് കൊടുത്തു.
- നിനക്കെന്താടാ ഭ്രാന്താണോ? 
മരത്തന്റെ കരച്ചില്‍ പൊട്ടിയൊലിച്ചു.

ഓഫ് ചെയ്യാന്‍ മറന്ന മൈക്രോഫോണിലൂടെ  പ്രേക്ഷകരിലേക്ക് അതെത്തി. സന്ദര്‍ഭങ്ങളെ ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു സന്ദര്‍ഭമാക്കി അതിവേഗം  മാറ്റുന്ന മാജിക്കുകാരനാണ് മരത്തന്‍ എന്ന് ഒരു കാഴ്ചക്കാരനെങ്കിലും തോന്നിയിരിക്കണം.

പള്ളിക്കര യു.പി. സ്‌കൂളില്‍ പരിശീലനം അതിഗംഭീരമായി നടന്നുകൊണ്ടിരിക്കെ ഒരു ദിവസം വൈകുന്നേരം ചെറുപ്പക്കാരന്‍ എത്തി. ജീവിതം എന്നത് കുറേ ഭീഷണികള്‍ക്കകത്ത് പെട്ടുപോയ കാട്ടുമൃഗമാണെന്ന് ചെറുപ്പക്കാരന്‍ കയറിവരുന്നത് കാണുമ്പോള്‍ മരത്തനു തോന്നി. അന്നത്തെ സംഭവത്തില്‍ അപ്സരയെന്ന പെണ്‍കുട്ടി ഭയന്നുപോവുകയും മാജിക്ക് സംഘത്തിലേക്ക് വരാതെയുമിരുന്നു. തുടര്‍ന്നുള്ള വേദികളിലെല്ലാം പകയോടെ പെരുമാറുമെന്ന ഭയത്താല്‍ മരത്തന്‍ ചെറുപ്പക്കാരനെ പുറത്താക്കുകയോ നിയമനടപടിയെടുക്കുകയോ ഉണ്ടായില്ല.
- മരത്തന് എന്നോട് ദേഷ്യമാണെന്നറിയാം. അതങ്ങനെ കാണിക്കാന്‍ പറ്റില്ലല്ലോ.
- ചെറുപ്പക്കാരാ, നിന്റെ വാക്കുകളെല്ലാം  എന്നോടുള്ള പുച്ഛമാണെന്നറിയാം. ഇപ്പോ കളി നിന്റെ കോര്‍ട്ടിലായിപ്പോയി. 
- അത് വിട്. നമുക്കിനി മുന്നിലുള്ളത് മാത്രം പറയാം. ഇച്ചൂളിക്കുന്നിലെ പരിപാടിയെക്കുറിച്ച് ഞാനറിഞ്ഞു.
- പക്ഷേ, ഇത്തവണ ഇച്ചൂളിക്കുന്നിലെ പരിപാടി നിനക്ക് പൊളിക്കാന്‍ കഴിയില്ല. അതിന് കുറേ കാരണങ്ങള്‍ ഉണ്ട്.

പരിശീലനസംഘത്തിലെ ചിലരുടെ ശ്രദ്ധ തന്റേയും ചെറുപ്പക്കാരന്റേയും നേര്‍ക്കുണ്ടെന്ന് മനസ്സിലായപ്പോള്‍ അയാള്‍ ചെറുപ്പക്കാരനേയും കൂട്ടി സ്‌കൂള്‍ ഗെയിറ്റ് കടന്നു.
- നിന്റെ പേര് ഇതുവരെ ഞാന്‍ ചോദിച്ചില്ല... അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്കതാവശ്യമുണ്ട്. പറയൂ എന്താ നിന്റെ പേര്?
- ലതീഷ്
- നല്ല പേര്.
- നിങ്ങളുടേതും വിചിത്രമായ പേരാണ്. മരത്തന്‍. മാജിക്കുകാരനായതില്‍ പിന്നെ ഒരു വെറൈറ്റിക്കു വേണ്ടി മാറ്റിയതായിരിക്കും.
- എന്റെ പേരും മാജിക്കും എല്ലാം എന്റെ  ജീവിതമാണ്. അത് വിട്. പറഞ്ഞുവന്നത് ഇച്ചൂളിക്കുന്നിലെ മാജിക്കിനെക്കുറിച്ചാണ്. അത് ഗംഭീരമാക്കിത്തരണം. എന്റെ ജീവിതത്തിലെ മഹാത്ഭുതമായിരിക്കണം. അതോടെ എനിക്ക് വിരമിക്കണം.  പുതിയ തലമുറക്കാര്‍ ഇനി വാഴട്ടെ.
മരത്തന്‍ ചെറുപ്പക്കാരന്റെ കൈകള്‍ പിടിച്ചു. അയാളുടെ ശബ്ദം വിറയുന്നതും കണ്ണുകള്‍ നിറയുന്നതും അവന്‍ കണ്ടു. അവസ്ഥകള്‍ വളരെപ്പെട്ടെന്ന് മാറിപ്പോയതിലെ അങ്കലാപ്പില്‍ അവന്‍ ശബ്ദമില്ലാതെ നിന്നു.
- ക്ഷണിക്കാതെ എന്റെ ജീവിതത്തിലേക്ക് വന്നവനാണ് നീ. എന്റെ ഒടുക്കത്തെ വേദിയിലേക്ക് നിന്നെ ഞാന്‍ ക്ഷണിക്കുകയാണ്.

മാജിക്കിനു മുന്‍പ് ഒരു പാതിരാത്രിയില്‍ ചെറുപ്പക്കാരനും മരത്തനും വിജനമായ ഇച്ചൂളിക്കുന്നിലെത്തി. പുല്‍ത്തകിടി മാറ്റുകയും രഹസ്യ തുരങ്കത്തിലൂടെ ചെറുപ്പക്കാരനേയും കൊണ്ട് കടല്‍ത്തീരത്തേക്ക് നടക്കുകയും ചെയ്തു. കൂറ്റന്‍ തിരമാലകള്‍ കല്ലുകളില്‍ പതിയുന്നത് കാണാന്‍ പറ്റുന്നത്രയും നിലാവുണ്ടായിരുന്നു. ഇടയ്ക്കിടെ തിരതല്ലുന്ന ഒരു കല്ലില്‍ ഇരുന്ന് മരത്തന്‍ പറഞ്ഞു:
- ഈ ബീച്ചിലേക്കെത്താന്‍ തുരങ്കമല്ലാതെ മറ്റ് വഴികളില്ലാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഈ ബീച്ച് മനുഷ്യസാന്നിദ്ധ്യമില്ലാത്ത ഒരു രഹസ്യത്തുരുത്താണ്. ഇച്ചൂളിക്കുന്ന് മാജിക്കിന്റെ രഹസ്യവും ഈ തുരങ്കമാണ്.  ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് രഹസ്യം വിളിച്ചുകൂവണമെന്ന്  തോന്നുന്നുണ്ടെങ്കില്‍  നിനക്കതിന് കഴിയില്ല. കാരണം എന്റെ വിരമിക്കല്‍ വേദിയില്‍  ഈ ഐറ്റം അവതരിപ്പിക്കുന്നത് മരത്തന്‍ അല്ല. നീയാണ്.
ചെറുപ്പക്കാരന്‍ ഗൗരവമായിത്തന്നെ ഞെട്ടി. ആള്‍ക്കൂട്ടത്തിനിടയില്‍ താന്‍ കാരണം നാണം കെടാന്‍ വയ്യാത്തവിധം മരത്തന്‍ മാറിപ്പോയെന്നും അയാള്‍ പരാജയം സമ്മതിക്കുകയാണെന്നും  വിശ്വസിച്ച് അവന്‍ പറഞ്ഞു:

- ഞാന്‍ ഏറ്റെടുത്തോളാം. ഇനിയൊരിക്കലും മരത്തന്‍ മാജിക് ഫീല്‍ഡില്‍ ഉണ്ടാവില്ലെന്ന കണ്ടീഷനില്‍ എനിക്ക് ഉറപ്പ് വേണം.
മരത്തനും ചെറുപ്പക്കാരനും ഇന്ദ്രജാലത്തിന്റെ പേരില്‍ കണ്ടീഷനുകളിട്ട് തുരങ്കം തിരിച്ചു കയറി. ഫയര്‍ എസ്‌കേപ്പിന്റെ  പരസ്യം നാട്ടുകാര്‍ വായിക്കുകയും ടിക്കറ്റെടുത്ത് പതിനഞ്ചാം തീയതി ഇച്ചൂളിക്കുന്നിലെ തുണികൊണ്ട് മറച്ച വലിയ താഴ്വരയില്‍ അക്ഷമരായി ഇരിക്കുകയും ചെയ്തു. നൃത്തവേഷത്തിലെത്തിയവരെല്ലാം വരിവരിയായി നിന്നതിനിടയിലേക്ക് മരത്തന്‍ വന്നു. അയാള്‍ മൈക്കിനു മുന്നില്‍ തന്റെ വിറച്ചുപോയ ശബ്ദത്തെ ശരിക്കാക്കിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി:

- പ്രിയപ്പെട്ടവരെ, എന്റെ ഇന്ദ്രജാലത്തെ സ്‌നേഹിക്കുന്നവര്‍ക്ക് നന്ദി. നഷ്ടപ്പെടാന്‍ ശൂന്യത മാത്രമുള്ളിടത്തുനിന്ന് പിടച്ചുപിടച്ചു മുന്നേറിയാണ് ഇതുവരെ എത്തിയത്. സെക്കന്റിന്റെ ഒരംശം കൊണ്ടോ വിരലിന്റെ നേരിയ വിറയല്‍കൊണ്ടോ നഷ്ടമാകാന്‍ സാധ്യതയുള്ളതാണ് ഒരു മജീഷ്യന്റെ ജീവിതം. നിങ്ങളുടെ കൈയിലെ ഫോണില്‍ ലഭിക്കുന്ന വീഡിയോയില്‍നിന്നു പോലും ഞങ്ങളെ ഒറ്റപ്പെടുത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും. ഇന്നിവിടെ നിങ്ങളെ വിളിച്ചു കൂട്ടിയതിന് മറ്റൊരുദ്ദേശ്യം കൂടി ഉണ്ട്. കണ്‍കെട്ട് മരത്തനില്‍നിന്നും മജീഷ്യന്‍ മരത്തനിലേക്ക്  എന്നെ വളര്‍ത്തിയ നിങ്ങളുടെ മുന്നില്‍നിന്നുതന്നെ എനിക്ക് മാജിക് നിര്‍ത്തിയതായി പ്രഖ്യാപിക്കണം.
ആള്‍ക്കൂട്ടം ഒന്നു നെടുവീര്‍പ്പിട്ടു.

- ഇന്നിവിടെ ഒരു ഫയര്‍ എസ്‌കേപ്പാണ്. പെട്ടിക്കുള്ളില്‍ മാന്ത്രികനെ പൂട്ടിയിടുകയും നിങ്ങളുടെ മുന്നില്‍വച്ച് തന്നെ ആ പെട്ടി തീയില്‍ ചാമ്പലാക്കുന്നതുമാണ്. ഇനി പ്രധാനപ്പെട്ട മറ്റൊരു കാര്യം.
മാജിക്ക് കോട്ടിട്ട് തയ്യാറായി നില്‍ക്കുന്ന ചെറുപ്പക്കാരനെ മരത്തന്‍ വേദിയിലേക്ക് കൊണ്ടുവന്നു. 
- ഇവന്‍ ലതീഷ്. എനിക്കു ശേഷം ഇവനാണ് ഈ നാടിന്റെ മാന്ത്രികന്‍. ഇന്നിവിടെ എനിക്കു വേണ്ടി ഈ ഐറ്റം ചെയ്യുന്നതും ഇവനാണ്.

മരത്തന്‍ മാജിക് നിര്‍ത്തരുത് എന്ന് ആരൊക്കെയോ വിളിച്ചുപറഞ്ഞു. ചിലര്‍ മരത്തന് ജയ് വിളിച്ചു. മരത്തന്‍ കൈകള്‍ കൂപ്പി. ജനസാഗരത്തിനു മുന്നിലുള്ള തന്റെ തുടക്കം ഭാവിയിലേക്കുള്ള കൊയ്ത്തായി മാറുമെന്ന് ഊഹിച്ച് ചെറുപ്പക്കാരന്‍ ചിരിച്ചു. അവന്‍ ആളുകള്‍ക്ക് നേരെ കൈവീശി. കയ്യാമങ്ങള്‍കൊണ്ടും ചങ്ങലകള്‍കൊണ്ടും പൂട്ടിട്ട് ചെറുപ്പക്കാരനെ കിടത്തിയ പെട്ടി അടച്ചു. സംഗീതവും നൃത്തവും തുടങ്ങി. മരത്തന്റെ നിര്‍ദ്ദേശത്തിനുശേഷം പെട്ടിക്കു ചുറ്റും അഗ്‌നി പുളക്കുകയും മണ്ണിലേക്ക് ഊര്‍ന്നുവീണ് മനുഷ്യ സാന്നിദ്ധ്യം ഇല്ലാതെ ഒരു പിടി ചാരമായി മാറുകയും ചെയ്തു. ആളുകളുടെ കയ്യടികള്‍ക്കിടയില്‍ മരത്തന്‍ കീ ജെയ് എന്ന വിളി ആള്‍ക്കൂട്ടത്തില്‍ പടര്‍ന്നു. മരത്തന്‍ ഉറക്കെ പറഞ്ഞു:
- നന്ദി. മാജിക്കുകളുടെ രഹസ്യമറിയുന്ന ഒരു മനുഷ്യനെങ്കിലും ഉള്ള  സദസ്സില്‍ ഇന്ദ്രജാലം കാണിക്കുന്ന മാന്ത്രികന്‍ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിയാണ്. നിലനില്‍പ്പിനുവേണ്ടിയുള്ള പിടച്ചില്‍ സകല സൃഷ്ടിയുടേയും കൂടപ്പിറപ്പാണ്.

ഒന്നും കേള്‍ക്കാനും കാണാനും കഴിയാതെ തുരങ്കത്തില്‍ ചെറുപ്പക്കാരന്‍ നിന്നു. മരത്തന്‍ തലേന്ന് വയ്ക്കുമെന്ന് പറഞ്ഞ ടോര്‍ച്ച് തപ്പിയിട്ടും കിട്ടിയില്ല. ഇരുട്ട് അതിഭീകരമായി കുത്താന്‍ തുടങ്ങിയപ്പോള്‍ മുന്നിലേക്ക് നടന്നു. പക്ഷേ, ബീച്ചിലേക്ക് എത്തിയില്ല. മുന്നില്‍ മറ്റൊരു ചുമര്‍ കയ്യില്‍ തടഞ്ഞു. ആഞ്ഞുതള്ളിയിട്ടും അനങ്ങാത്ത ആ അടപ്പിനു മുന്നില്‍ ഒരു ചതി മണത്തു. നിലനില്‍പ്പിനുള്ള അടങ്ങാത്ത അഭിവാഞ്ഛയ്ക്കു മുന്നില്‍ ഭൂമിയിലേക്കുള്ള ആദ്യ വരവില്‍ ഗര്‍ഭപാത്രത്തിന്റെ ഭിത്തികളില്‍ എങ്ങനെ തിടുക്കം കാട്ടിയോ അതുപോലെ മുന്നിലെ ചുവരിലേക്ക് അവന്‍ ഇരുകൈകളാളും അമര്‍ത്തി മാന്തി.

- മറത്തന്‍ കാ ഖര്‍ യെഹി ഹെ ക്യാ?
രണ്ടാഴ്ച കഴിഞ്ഞ് ഒരു പുലര്‍ച്ചെ മരത്തന്റെ വീടിനു മുന്നില്‍ വന്ന് ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു. ഉറക്കത്തോടെ പുറത്തിറങ്ങിയതുകൊണ്ട് ആദ്യം പിടികിട്ടിയില്ലെങ്കിലും തുരങ്കം പണിത ആസ്സാം കാരനാണെന്ന് പിന്നീട് മനസ്സിലായി. മരത്തനെ കണ്ടതും അയാള്‍ കുറേ വേവലാതികള്‍ ഒരുമിച്ചു പറഞ്ഞു. പിന്നെ നെഞ്ചത്ത് കൈ ചുരുട്ടിയടിച്ച് നമ്മള്‍ കള്ളന്മാരല്ല, നിങ്ങളെപ്പോലെ ചോരയും നെറിയുമുള്ളവരാണ് എന്ന് കരയാന്‍ തുടങ്ങി.  അകത്ത് കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഗെയിറ്റിലേക്ക് നീട്ടിവിളിക്കുകയും ഒരു സ്ത്രീയും മൂന്ന് കുഞ്ഞുങ്ങളും മുറ്റത്തേക്ക് വരികയും ചെയ്തു.

- നാട്ടില്‍ പലരേയും പിടിച്ച് ജയിലിലിടുവാ. നമ്മളെ തേടിയും  നാട്ടീന്ന് പൊലീസ് വരും. നമുക്ക് ജീവിക്കണം. തല്‍ക്കാലം ഒളിച്ചു താമസിക്കാന്‍ ഒരിടം വേണം സാര്‍.
അയാള്‍ വേവലാതിയോടെ ഹിന്ദിയില്‍ വിറച്ചു.
- നിങ്ങള്‍ രണ്ടു പേരുണ്ടായിരുന്നില്ലേ
- അതെ. ബിഷ്ണോയ്. അവന്‍ നാട്ടിലുണ്ട് സാര്‍.
- നിങ്ങളുടെ പേര്?
- മെഫിയുദ്ദീന്‍. മെഫിയുദ്ദീന്‍ അഹമ്മദ്. 
മരത്തന്‍ ഒരു മണ്‍വെട്ടിയെടുത്തു് അവരോടൊപ്പം ഇച്ചൂളിക്കുന്നിലെത്തി.
- നിനക്ക് ഈ സ്ഥലം ഓര്‍മ്മയുണ്ടോ?
- ഓര്‍മ്മയുണ്ട്. ഞാനും ബിഷ്ണോയും അവസാനമായി പണിയെടുത്തത് ഇവിടെയായിരുന്നു.
മരത്തന്‍ പുല്‍ത്തകിടിയും അതിനടിയില്‍ ഒളിപ്പിച്ച ഇരുമ്പു പലകയും നീക്കി. മെഫിയുദ്ദീനേയും കുടുംബത്തെയും കൂട്ടി തുരങ്കത്തിലേക്കിറങ്ങി. കനത്ത ഇരുട്ടില്‍ അവര്‍ നടക്കുമ്പോള്‍ മരത്തന്‍ ചോദിച്ചു:
- നിനക്ക് പേടിയുണ്ടോ?

അവന്‍ ഒന്നും പറഞ്ഞില്ല. അവന്റെ ഉച്ചത്തിലുള്ള ശ്വാസം മാത്രം മരത്തനു കേള്‍ക്കാം. മനുഷ്യര്‍ കടന്നുവരാന്‍ സാധ്യതയില്ലാത്ത തുരങ്കത്തിനു പുറത്തെ കടല്‍ത്തുരുത്തിലേക്ക് അവര്‍ മരത്തന്റെ പിന്നില്‍ നടന്നു. അന്ധകാരത്തില്‍ വഴി കാണാതെ കുട്ടികള്‍ കരയാന്‍ തുടങ്ങി. ആ തുരങ്കത്തെ യുഗങ്ങളോളം പരിചിതമാണെന്നപോലെ മണ്‍വെട്ടിയുമായി മരത്തന്‍ ബഹുദൂരം മുന്നിലേക്കോടുകയും ചെളികൊണ്ട് അടച്ച തുരങ്കമുഖം ആഞ്ഞുകൊത്താനും തുടങ്ങി. അണപൊട്ടിയ വെളിച്ചം മരത്തനെ ഒരു നിഴല്‍ മാത്രമാക്കിക്കൊണ്ട്   തുരങ്കത്തിനകത്തേക്ക് മലവെള്ളപ്പാച്ചില്‍  കണക്കെ ഒഴുകി.
- ഈ ഭൂമിയില്‍ നിലനിന്നേ പറ്റൂ എന്ന് ഉറച്ചുപോയാല്‍ നമുക്ക് പിന്നെ പേടിയുണ്ടാകില്ല. മെഫിയുദ്ദീന്‍ കേള്‍ക്കുന്നില്ലേ.

മെഫിയുദ്ദീന്‍ ഒന്നും കേട്ടിരുന്നില്ല. അയാളുടെ തേഞ്ഞുപോയ ചെരുപ്പ് മുന്നില്‍ ഒരു തടസ്സത്തില്‍ തട്ടി. ആ സ്പര്‍ശത്തില്‍, അടങ്ങിക്കിടന്ന നാറ്റം തേനീച്ചകള്‍ ഇളകുന്ന മാതിരി പുറത്തെ വെളിച്ചത്തിലേക്ക് മൂളിക്കൊണ്ട് പറന്നു.
                                                                    -----------

(*മരത്തന്‍ പി.ടി. ജനനം 1953 ഡിസംബര്‍ 10. കാസറഗോഡ് ജില്ലയിലെ  പള്ളിക്കര സ്വദേശി. നിലവില്‍ ഒരു കൊലപാതകത്തിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ചെറുപ്പത്തില്‍ മാതാപിതാക്കളും ചങ്ങാതിമാരും തുടങ്ങി വച്ച മരത്തലയന്‍ എന്ന വിളി ഒന്നാം ക്ലാസ്സില്‍വെച്ച്  പേരു ചോദിക്കവെ അദ്ധ്യാപകനോടും പറഞ്ഞു. യഥാര്‍ത്ഥ പേരു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാവും മരത്തലയന്‍ എന്ന് ഉറപ്പിച്ചു. സഹതാപം തോന്നിയ അദ്ധ്യാപകന്‍ മരത്തലയനെ അല്പം സുന്ദരനാക്കി മരത്തന്‍ എന്ന് ഹാജര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ചാനലിന് മരത്തന്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നാണ് പേരിനു പിന്നിലെ കഥ വെളിപ്പെട്ടത്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com