'ആദിപാപം'- വിനു ഏബ്രഹാം എഴുതിയ കഥ

പതിവുപോലെ താന്‍ സൃഷ്ടിച്ച ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ചോര്‍ത്ത് ചിന്താഭാരത്തോടെ ഇരിക്കുന്ന ദൈവത്തിനു പെട്ടെന്നാണ് ആ തോന്നലുണ്ടായത്
ചിത്രീകരണം/ സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/ സചീന്ദ്രന്‍ കാറഡുക്ക

തിവുപോലെ താന്‍ സൃഷ്ടിച്ച ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ചോര്‍ത്ത് ചിന്താഭാരത്തോടെ ഇരിക്കുന്ന ദൈവത്തിനു പെട്ടെന്നാണ് ആ തോന്നലുണ്ടായത്. താന്‍ ജീവന്‍ നല്‍കിയ ആദിമക്കള്‍ - ആദവും ഹവ്വയും ഇപ്പോള്‍ തിരികെ ജീവിതത്തിലേക്ക് വന്ന് ഭൂമിയെ കണ്ടാല്‍ എന്താകും അവരുടെ പ്രതികരണം!
പ്രപഞ്ചത്തിലെ പഞ്ചഭൂതങ്ങളില്‍ വിലയംപ്രാപിച്ചിരിക്കുന്ന അവരുടെ ശരീരങ്ങള്‍ക്കു വീണ്ടും രൂപം കൊടുക്കുക. എന്നിട്ട് മറ്റ് മനുഷ്യര്‍ക്ക് അദൃശ്യരായി ഒരാഴ്ച ഭൂമിയില്‍ എവിടെ വേണമെങ്കിലും അതിവേഗം സഞ്ചരിക്കാം, നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ കടലുകളും പര്‍വ്വതങ്ങളും താണ്ടി ഭൂമിയിലെ നഗരങ്ങളും നാടുകളും കാണട്ടെ. ശേഷം അവര്‍ക്ക് തങ്ങള്‍ കണ്ട കാഴ്ചകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തന്നോട് പറയാം. പിന്നെ, അവര്‍ വീണ്ടും പഞ്ചഭൂതങ്ങളിലേക്കു മടങ്ങും.

ആ ആഴ്ചയിലെ ദൈവസന്നിധിയിലെ സഭകൂടലില്‍, ദൈവം മാലാഖമാര്‍ക്കു മുന്‍പാകെ തന്റെ ഈ ചിന്ത ഉണര്‍ത്തിച്ചു. എല്ലാവരും പലവിധ മടുപ്പുകള്‍ക്കിടയില്‍ മൂപ്പരുടെ ഒരു കുസൃതി എന്ന രീതിയില്‍ അതിനെ കണ്ട്, ദൈവത്തിന്റെ ആശയത്തെ പിന്തുണച്ചു. അതേസമയം, സഭയില്‍ പലപ്പോഴും  മറ്റാര്‍ക്കും തോന്നാത്ത ചില കാര്യങ്ങള്‍ ദൈവത്തോട് പറയുന്ന പയ്യന്‍ മാലാഖയ്ക്ക് ഇതു കേട്ടപ്പോള്‍ എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല.

പതിവുപോലെ, നിരന്തരം ജാഗരൂകനായ പിശാച് ഈ നീക്കവും അറിയുന്നുണ്ടായിരുന്നു. പശുവിറച്ചി കഴിച്ചെന്ന കുറ്റം ചുമത്തി ഒരു ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊല്ലുന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ വെറി പരമാവധി ജ്വലിപ്പിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു പിശാച് ഇതറിഞ്ഞത്. എന്നാല്‍ പതിവിനു വിരുദ്ധമായി, ദൈവത്തിന്റെ ഈ പുതിയ പരിപാടി അറിഞ്ഞ് പിശാചിന് ഒരാശങ്ക അനുഭവപ്പെട്ടു. എവിടെയോ എന്തോ ഒരു കല്ലുകടി മറഞ്ഞിരിക്കുന്നതുപോലെ. പിന്നെ അതു വിട്ട്, അയാള്‍ ആള്‍ക്കൂട്ടത്തിന്റെ ഈറയെ വീണ്ടും ആളിക്കത്തിക്കുന്നതില്‍ വ്യാപൃതനായി.

അനന്തരം, അനേകം യുഗാന്തരങ്ങളായി പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ച ആദവും ഹവ്വയും ദൈവകല്പനയാല്‍ വീണ്ടും ഉടല്‍ പൂണ്ടു. ദൈവം അവരോട് തന്റെ ഉദ്ദേശ്യം എന്തെന്നു വെളിവാക്കി.
സസന്തോഷം ഇരുവരും തങ്ങളുടെ നിയോഗം ഏറ്റുവാങ്ങി. അങ്ങനെ ആദവും ഹവ്വയും തങ്ങള്‍ തുടങ്ങിവച്ച ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ പല കാഴ്ചകള്‍ കണ്ട് യാത്ര തുടങ്ങി. ഇനി മേല്‍ നീ നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം കഴിക്കട്ടെ എന്ന ദൈവശാപത്തിന്റെ ഫലമായി മനുഷ്യന്‍ അധ്വാനം ചെയ്ത് ഭൂമിയില്‍ സൃഷ്ടിച്ച നല്ലതും തീയതുമായ പലതും അവര്‍ കണ്ടു. ആണും പെണ്ണും കൃത്യമായി അങ്ങനെയല്ലാത്തവരുമായ തങ്ങളുടെ പിന്‍ഗാമികളുടെ വിചിത്ര ജീവിതങ്ങള്‍ കണ്ടറിഞ്ഞു.
യാത്രകള്‍ക്കും കാഴ്ചകള്‍ക്കുമിടയില്‍ ആദവും ഹവ്വയും തങ്ങളുടെ ഉല്പത്തി മുതല്‍ യേശുവിന്റെ വരവും ഉയിര്‍ത്തെഴുന്നേല്‍പ്പും ശേഷമുള്ള ക്രിസ്തു അനുയായികളുടെ ജീവിതവും രേഖപ്പെടുത്തിയിരിക്കുന്ന വേദപുസ്തകവും കണ്ടു. ആദത്തെക്കാള്‍ ഹവ്വയുടെ കണ്ണുകളാണ് ആകാംക്ഷയോടെ അതില്‍ തങ്ങളുടെ ചരിത്രം എവ്വിധമാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നറിയാല്‍ ഉത്സുകപ്പെട്ടത്.

ഹവ്വ ഉല്പത്തി പുസ്തകത്തിന്റെ തുടക്കം വായിച്ചു. അത് വായിച്ചു കഴിഞ്ഞതും ഹവ്വയുടെ കണ്ണുകള്‍ ചുവന്നു, ഇടുങ്ങി. മൂക്കിന്റെ അറ്റം വിറച്ചു. അവള്‍ വീണ്ടും ആ ഭാഗം വായിച്ചു.

...യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അത് സ്ത്രീയോട്: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്ന് ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്ക് തിന്നാം; എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന് തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്ന് ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോട്: നിങ്ങള്‍ മരിക്കയില്ല നിശ്ചയം; അത് തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകുകയും ചെയ്യും എന്ന് ദൈവം അറിയുന്നു എന്ന് പറഞ്ഞു. ആ വൃക്ഷഫലം തിന്‍മാന്‍ നല്ലതും കാണ്‍മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്ന് സ്ത്രീ കണ്ട് ഫലം പറിച്ച് തിന്നു ഭര്‍ത്താവിനും കൊടുത്തു. അവനും തിന്നു...
''കള്ളം. പച്ചക്കള്ളം...'' ഹവ്വ കോപംകൊണ്ട് വിറയാര്‍ന്ന സ്വരത്തില്‍ അലറി. ഹവ്വയുടെ ഭാവമാറ്റം കണ്ട് ആദം അമ്പരന്നുപോയി.

''ദാ വായിക്ക്. നിങ്ങളും വായിക്ക്. എന്നതാ ഈ എഴുതിവച്ചിരിക്കുന്നതെന്ന് നോക്ക്.''
ആദമിന്റെ കണ്ണുകളും ഹവ്വ ചൂണ്ടിക്കാട്ടിയ വരികളിലൂടെ ഓടി. വായിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കി.

''ഇങ്ങനാരുന്നോ അന്ന് ഏദന്‍ തോട്ടത്തില്‍വച്ച് സംഭവിച്ചത്. പറ, നിങ്ങള് തന്നെ പറ,'' ഹവ്വയുടെ വാക്കുകള്‍ അവളുടെ നോട്ടം പോലെതന്നെ ചുട്ടുപൊള്ളുന്നതായി അയാള്‍ക്കു തോന്നി.
''വൃത്തികെട്ട ഒരു പാമ്പ് വന്നു പറഞ്ഞാല്‍, അതു കേട്ട് ദൈവത്തെ ധിക്കരിക്കാന്‍ പോരും വിധം അത്ര എരണംകെട്ടവളാണോ ഞാന്‍... ഇത് എഴുതിവച്ചിരിക്കുന്നത്  ആരായാലും അവര്‍ക്ക് പെണ്ണ് അത്രയ്ക്കും പിടിപ്പില്ലാത്ത ഒരുവളാണെന്നു സ്ഥാപിക്കണം. അത്രേയുള്ളു.''
അപ്പോള്‍ രണ്ടാളും ഒരിക്കല്‍ക്കൂടി പണ്ട് ഏദന്‍തോട്ടത്തില്‍ ഒരു സുന്ദരമായ പകലില്‍ നടന്ന ആ രംഗം കണ്ടു.

എന്നത്തേയുംപോലെ അതിമനോഹരമായ ഒരു പകല്‍. രാവിലെ കുറച്ച് ഫലങ്ങള്‍ ഭക്ഷിച്ച ശേഷം ആദം വെറുതെ ഒന്ന് ചുറ്റിനടക്കാന്‍ പോയിരുന്നു. കൂട്ടിന് ഹവ്വയെ വിളിച്ചെങ്കിലും ഇപ്പോള്‍ നടക്കാന്‍ തോന്നുന്നില്ല, താനിവിടെ കുറേ നേരം വെറുതെ ഇരുന്നോളാം എന്നു പറഞ്ഞ് ഒരു നീര്‍ച്ചോലയ്ക്ക് സമീപം വിശ്രമിച്ചു. അങ്ങനെ കുറേ നേരം കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ മനോരാജ്യം കണ്ട് അവള്‍ ഒന്നു മയങ്ങി.
പെട്ടെന്ന് ശു്...ശു്... എന്നൊരു ശബ്ദം കേട്ട് ഹവ്വ ഞെട്ടി ഉണര്‍ന്നു. തന്റെ മുന്നില്‍ ആദമിനെപ്പോലെ ഒരു പുരുഷന്‍. എന്നാലോ, ആദമിനേക്കാളും എത്രയോ മടങ്ങ് സൗന്ദര്യവും ആകാരഭംഗിയും നിറഞ്ഞ ഒരാള്‍. അയാള്‍ ചിരിച്ചുകൊണ്ട് തന്നെ നോക്കിനില്‍ക്കുകയാണ്.

ഹവ്വ എഴുന്നേറ്റ് നിന്നു. കൗതുകത്തോടെയും ഒപ്പം ലേശം ഭയത്തോടെയും ആഗതനെ നോക്കി. ആരാണിത്... ആദമല്ലാതെ മറ്റൊരു പുരുഷന്‍ ഭൂമിയിലില്ലല്ലോ. അപ്പോള്‍ നിലാവ് ഉതിരുന്നത് പോലെയുള്ള ചിരിയോടെ അയാള്‍ പറഞ്ഞു: ''പേടിക്കേണ്ട. ഞാന്‍ ഒരു മാലാഖയാണ്. ദൈവത്തിന്റെ കൂടെയുള്ള സംഘത്തിലൊരാള്‍. ദൈവം മനോഹരമായ ഏദന്‍തോട്ടവും നിങ്ങളെയുമൊക്കെ സൃഷ്ടിച്ചെന്ന് അറിഞ്ഞ് ഒന്ന് നേരില്‍ കാണാന്‍ ആശ തോന്നി. അങ്ങനെ വന്നതാണ് കേട്ടോ.''
ഹവ്വയുടെ ശ്വാസം ഒന്ന് നേരെ വീണു. അവള്‍ അയാളെ നോക്കി സന്തോഷത്തോടെ ചിരിച്ചു. ദൈവത്തിന്റെ കൂട്ടുകാരനല്ലേ...

അയാളുടെ ചിരി കൂടുതല്‍ വശ്യമായി.
''ഹോ! എന്തൊരു സൗന്ദര്യമാണ് നിനക്ക്. ദൈവത്തിന്റെ എല്ലാ കലാവിരുതും ചാലിച്ചാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത്.''
ആഗതന്റെ കണ്ണുകള്‍ തന്റെ ശരീരത്തിലൂടെ ആവേശപൂര്‍വ്വം പടരുന്നത് കണ്ട് ഹവ്വയ്ക്ക് എന്തോ ഒരു വല്ലായ്മ തോന്നി. ഇതേവരെ അറിഞ്ഞിട്ടില്ലാത്ത ഒരു വികാരം.
അയാള്‍ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചുകൊണ്ട് ചോദിച്ചു: ''എന്നിട്ട് എങ്ങനെയുണ്ട് ഇവിടത്തെ ജീവിതം? സുഖമാണോ?''
ഹവ്വ വളരെ പ്രസരിപ്പോടെ പറഞ്ഞു:

''അത് പറയാനുണ്ടോ. യഹോവ ഒന്നിനും ഒരു കുറവ് വരുത്തിയിട്ടില്ല. ഓരോ നിമിഷവും ആനന്ദകരമായ ജീവിതംതന്നെ. ദൈവത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക.''
ഇതു കേട്ട് ആഗതന്റെ ചുണ്ടില്‍ ഒരു കോടിയ ചിരി വിടര്‍ന്നു.
''പക്ഷേ, ദൈവം ഒരു കുറവ് നിങ്ങള്‍ക്ക് വരുത്തിയിട്ടുണ്ടല്ലോ. ഒരു വലിയ കുറവ്.''
ഹവ്വ അത്ഭുതത്തോടെ അയാളെ നോക്കി. എന്ത് കുറവ്!
അയാള്‍ തന്റെ കൈ തോട്ടത്തിന്റെ മധ്യഭാഗത്തേക്ക് ചൂണ്ടി.

''ദാ ആ കാണുന്ന ചുവന്ന പൂക്കളുള്ള മരത്തിലെ ഫലങ്ങള്‍ പറിച്ച് തിന്നരുതെന്ന് വിലക്കിയിട്ടില്ലേ.''
ശരിയാണ്. ദൈവം തങ്ങളോട് വിലക്ക് കല്പിച്ചിട്ടുള്ള ഒരേ ഒരു കാര്യം.
''പക്ഷേ, അതൊന്നു മാത്രമല്ലേ അങ്ങനെയുള്ളു. ബാക്കിയെല്ലാം ഞങ്ങള്‍ക്ക് അനുഭവിക്കാമല്ലോ.'' ഹവ്വ പ്രതിവചിച്ചു.

ഒന്നു കളിയാക്കുന്ന മട്ടില്‍ ചിരിച്ചിട്ട് ആഗതന്‍ പറഞ്ഞു: ''പക്ഷേ, അതിലെ  ഫലങ്ങളാണ് ഭൂമിയില്‍ ഏറ്റവും ഗംഭീരം. ഏറ്റവും സ്വാദുള്ളത്, ഭംഗിയുള്ളത്. അതിനപ്പുറം അതു കഴിച്ചാല്‍ നിങ്ങള്‍ക്കു ജ്ഞാനമുണ്ടാകും. ജ്ഞാനമുണ്ടായാല്‍ നിങ്ങള്‍ പിന്നെ ദൈവത്തിനു തുല്യര്‍, അല്ല ദൈവം തന്നെയാകും.''
ചെറ്റിട ഒന്നു നിര്‍ത്തി ഹവ്വയെ ഉറ്റുനോക്കിയിട്ട് അയാള്‍ തുടര്‍ന്നു: ''ഒരു കാര്യം ചെയ്യാം. ഞാന്‍ തന്നെ നിനക്ക് അത് പറിച്ച് തരാം. ഒന്ന് രുചിച്ചു നോക്ക്.'' ഹവ്വ ചിന്താക്കുഴപ്പത്തോടെ അയാളെ നോക്കി. മാലാഖയല്ലേ പറയുന്നത്. അപ്പോള്‍ അത് ശരിതന്നെയാകണമല്ലോ.
പക്ഷേ, അതു കഴിച്ചാല്‍ ദൈവത്തെപ്പോലെയാകുമെന്ന ഭയംകൊണ്ട് ദൈവം തങ്ങളെ വിലക്കുന്നതെങ്കില്‍ അത് ശരിയാണോ! അത് ദൈവത്തിന്റെ സ്വാര്‍ത്ഥത അല്ലേ.
അയ്യോ, ദൈവത്തെപ്പറ്റി ഇങ്ങനെ ചിന്തിക്കാന്‍പോലും പാടുണ്ടോ... എന്നാല്‍, ഏറ്റവും നല്ലതു മാത്രം മാറ്റിവയ്ക്കുക എന്നു പറഞ്ഞാല്‍, അതു ശരിയാണോ?
''ഏയ്, വരൂ. ഒന്നും പേടിക്കാനില്ല. നിങ്ങള്‍ രണ്ട് പേരും ദൈവത്തെപ്പോലെ ആയാല്‍ അദ്ദേഹം കൂടുതല്‍ നിങ്ങളെ ഇഷ്ടപ്പെടും. സത്യത്തില്‍ ആ പഴങ്ങള്‍ കഴിക്കരുത് എന്ന് ദൈവം പറഞ്ഞത്, നിങ്ങള്‍ക്കു സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള കഴിവ് എത്രത്തോളം ഉണ്ട് എന്ന് അളക്കാനാണ്. ഉള്ളതു പറഞ്ഞാല്‍,  ഈ കാര്യം ഞാന്‍ നിങ്ങളോട് വെളിപ്പെടുത്തണമെന്ന് ഉദ്ദേശിച്ചതേയല്ല. പക്ഷേ, നിന്നെ നേരില്‍ കണ്ട് അത്രത്തോളം ഇഷ്ടപ്പെട്ടതിനാല്‍ ആ സത്യം പറയുന്നു എന്നുമാത്രം.''

അയാളുടെ വശ്യതയാര്‍ന്ന കണ്ണുകളും ചിരിയും ആ വാക്കുകള്‍ക്ക് ഒപ്പം ഹവ്വയെ ഉടക്കിട്ട് വലിച്ചു.
ഹവ്വ അയാള്‍ക്കൊപ്പം ആ മരത്തിനരികിലേക്കു നടന്നു. ''ഹോ, ഇപ്പോള്‍ത്തന്നെ സൗന്ദര്യം കൊണ്ട് നീ എത്രയോ ഉയരത്തിലാണ്. അതിന്റെകൂടെ ഈ ഫലത്തിന്റെ ജ്ഞാനവും കൂടിയാകുമ്പോള്‍ എന്താകും നിന്റെ അവസ്ഥ!'' നടക്കുന്നതിനിടെ അയാളുടെ വാക്കുകള്‍ കേട്ട് ഹവ്വയുടെ ഹൃദയം വല്ലാതെ തുടിച്ചു.
വൃക്ഷത്തിനരികെ എത്തിയതും, അയാള്‍ അനായാസം കൈയെത്തിച്ച് കൂട്ടത്തില്‍ നല്ല മുഴുത്ത ഒരു ഫലം പറിച്ച് ഹവ്വയ്ക്ക് നല്‍കി.
ഇപ്പോള്‍, യഹോവ വിലക്കിയിരിക്കുന്ന ഫലം അവളുടെ കയ്യിലാണ്. ഇത് കഴിച്ചാല്‍...
അവളുടെ കൈ ഒന്നു വിറച്ചു.
മന്ദഹാസത്തോടെ ആഗതന്‍ പറഞ്ഞു: ''ഉം, മടിക്കണ്ട. ഒരു കടി കടിച്ചാല്‍, പിന്നെ നീ വിടില്ല.''
പിന്നെ ഹവ്വ മടിച്ചു നിന്നില്ല. അവളുടെ പല്ലുകള്‍ ഫലത്തിന്‍മേല്‍ ആഞ്ഞമര്‍ന്നു.
ഓ, എന്തൊരു മധുരം. സ്വാദ്.... സംശയമില്ല, ഇതുതന്നെ ഏദനിലെ ഏറ്റവും വിശിഷ്ട ഫലം. അപ്പോള്‍ ഇത്ര മികച്ചതിനെയാണ് ദൈവം വിലക്കിവച്ചിരിക്കുന്നത്.

ഹവ്വയുടെ പല്ലും നാക്കുമെല്ലാം തികഞ്ഞ നിര്‍വൃതിയോടെ ഫലത്തെ അറിഞ്ഞു.
അപ്പോള്‍ തന്റെ നടത്തം കഴിഞ്ഞ് ആദം അവിടേക്കെത്തി. ആദം അമ്പരപ്പോടെ ആ രംഗം നോക്കി.
''അയ്യോ, ഹവ്വാ നീയാ ഫലം തിന്നുന്നോ. ദൈവം വിലക്കിയത്... അല്ല, ഇതാര്!''
ആഗതന്‍ തന്നെയാണ് അതിനു സൗമ്യമായി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്: ''ആദം, ഞാന്‍ ഒരു മാലാഖയാണ്. ഈ ഫലം കഴിച്ചാല്‍ ഒരു കുഴപ്പവുമില്ല. നിങ്ങള്‍ ദൈവതുല്യരാകും എന്നൊരു കുഴപ്പം മാത്രമേയുള്ളു. ഹവ്വ നീ തന്നെ പറഞ്ഞുകൊടുക്ക്. എന്നിട്ട് നീ ആദമിനും കൂടി അത് കഴിക്കാന്‍ കൊടുക്ക്.
''മാലാഖ പറയുന്നത് ശരിയാണ്. ഇതുതന്നെയാണ് തോട്ടത്തിലെ ഏറ്റവും സ്വാദിഷ്ട ഫലം. ഇതാ കഴിച്ചാട്ടെ,'' അവള്‍ ആ ഫലം അവനു നേരെ നീട്ടി.
പിന്നെ ആദമും മടിച്ചില്ല. അയാള്‍ അതു വാങ്ങി ഭക്ഷിച്ചുതുടങ്ങി. അതീവ സ്വാദെന്ന് അയാളുടെ മുഖഭാവം വിളിച്ചുപറഞ്ഞു.
 
നിമിഷങ്ങള്‍ക്കകം രണ്ട് പേരും ഫലം തിന്നുതീര്‍ത്തു. ഭക്ഷിച്ചുതീര്‍ന്നതും ആദമും ഹവ്വയും തങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നത് അറിഞ്ഞു. ഇതാദ്യമായി തങ്ങള്‍ നഗ്‌നരാണ് എന്നവര്‍ക്ക് ബോധ്യം വന്നു. അതിനൊപ്പം ലജ്ജയും. മാലാഖയ്ക്കു മുന്നില്‍ തങ്ങള്‍ നഗ്‌നരായി നില്‍ക്കുകയാണ് എന്നറിഞ്ഞ് അവര്‍ ചൂളി.
അപ്പോള്‍ മാലാഖയുടെ പൊട്ടിച്ചിരി ഉയര്‍ന്നു.
''ഹാ! ഇതാ ഞാന്‍ ദൈവത്തെ തോല്‍പ്പിച്ചു കഴിഞ്ഞു. ഹേ വിഡ്ഢികളേ, നിങ്ങള്‍ ദൈവത്തെ ധിക്കരിച്ചിരിക്കുന്നു. ഇനി ദൈവം വന്ന് നിങ്ങളെ ഏദനു പുറത്താക്കും. പിന്നെ കഷ്ടതകള്‍, അരിഷ്ടതകള്‍, മരണം... എത്ര എളുപ്പം ദൈവത്തിന്റെ മക്കള്‍ എനിക്കു കീഴ്പ്പെട്ടുകഴിഞ്ഞു.''
ആദമും ഹവ്വയും ഞെട്ടിത്തരിച്ചു.
ദൈവമേ...
''നിങ്ങള്‍ ആരാണ്... മാലാഖയെന്നല്ലേ പറഞ്ഞത്!''
അയാള്‍ വീണ്ടും അലറിച്ചിരിച്ചു.

''ഞാനാണ് സാത്താന്‍. ദൈവത്തിന്റെ കൊടും ശത്രു. ഒരിക്കല്‍ മാലാഖയായിരുന്നു. പക്ഷേ, പിന്നീട് ദൈവവുമായി തെറ്റിപ്പിരിഞ്ഞു. ഹേ മനുഷ്യാ, സ്ത്രീയേ ദൈവം വിലക്കിയത് ലംഘിച്ച നിങ്ങള്‍ക്ക്, നിങ്ങളുടെ സന്തതിപരമ്പരകള്‍ക്ക് ഭൂമിയില്‍ ഇനി കഷ്ടകാലം. എക്കാലവും നിങ്ങള്‍ക്കും നിങ്ങളുടെ അനന്തര പരമ്പരകള്‍ക്കും ഒപ്പം ഞാനുണ്ടാകും. പക്ഷേ, ഇനി ഒരിക്കലും നിങ്ങള്‍ എന്നെ നേരില്‍ കാണില്ല.''
അടുത്ത നിമിഷം അയാള്‍ നിന്ന സ്ഥലം ശൂന്യമായി.
ആദവും ഹവ്വയും ശ്വസിക്കാന്‍പോലും ആവാതെ വിറങ്ങലിച്ചു പരസ്പരം നോക്കി നിന്നു.
യുഗയുഗാന്തരങ്ങള്‍ എത്രയോ കഴിഞ്ഞിട്ടും പിന്നെ നടന്നതിന്റെയെല്ലാം ഓര്‍മ്മകള്‍ മിന്നല്‍പ്പിണറുകള്‍പോലെ ഇപ്പോഴും ആദമിലും ഹവ്വയിലും കത്തിക്കയറുന്നു. നഗ്‌നതയുടേയും അറിവിന്റേയും നാണം തങ്ങളെ ആവരണം ചെയ്തത്, അത് മറയ്ക്കാന്‍ അത്തിയിലകള്‍ കൂട്ടി തുന്നിയ വസ്ത്രം ധരിച്ച്, ദൈവം വന്നപ്പോള്‍ ഒളിച്ചുനിന്നത്, പിന്നെ ദൈവത്തിന്റെ മുന്‍പിലേക്ക് എത്തി ശിക്ഷാവിധികള്‍ ഏറ്റുവാങ്ങിയത്... എല്ലാം എല്ലാം...

അല്പനേരം കഴിഞ്ഞ് ഓര്‍മ്മകളുടെ നടുക്കം തെല്ലൊന്ന് അയഞ്ഞപ്പോള്‍ ഹവ്വയുടെ സ്വരം ഉയര്‍ന്നു:
''അതേ, അതെല്ലാം സത്യം തന്നെയാണ്. പക്ഷേ, സുന്ദരമായ ഒരു പുരുഷരൂപത്തില്‍ വന്ന സാത്താനാണ് എന്നെ ആകര്‍ഷിച്ചത്, പ്രലോഭിപ്പിച്ചത് എന്ന സത്യം മാത്രം എന്തിനാണിങ്ങനെ തിരുത്തി എഴുതിയിരിക്കുന്നത്? അതാര്‍ക്കുവേണ്ടി?''
പക്ഷേ, ഹവ്വ ഇങ്ങനെ ചോദ്യം ഉയര്‍ത്തുമ്പോഴും ആദമിന്റെ ഉള്ളില്‍ ഒരാശ്വാസം ചിറകടിക്കുകയായിരുന്നു. തന്നേക്കാള്‍ സുന്ദരനായ ഒരു പുരുഷരൂപം വന്ന് തന്റെ ഇണയെ വശീകരിച്ചു എന്ന് എഴുതപ്പെടാത്തത് എത്ര നന്നായി. തന്റെ ഇണയായ പെണ്ണ് അങ്ങനെയാകാന്‍ പാടില്ലല്ലോ. അങ്ങനെ തന്നെ എഴുതപ്പെട്ടിരുന്നെങ്കില്‍, അത് തന്റെ മാനത്തിനും അഹംബോധത്തിനും നേരേയുള്ള വെല്ലുവിളിയാകുമായിരുന്നില്ലേ.
പക്ഷേ, ഇത് ഹവ്വയോട് പറയാന്‍ ആവില്ലല്ലോ. അവള്‍ തന്റെ ഉള്‍ഗതം അറിഞ്ഞാല്‍ സഹിച്ചെന്നു വരില്ല.
''നമ്മള്‍ ഭൂമിയിലെ ഈ യാത്രകഴിഞ്ഞ് ദൈവത്തെ കാണുമ്പോള്‍ എനിക്ക് നേരിട്ടു ചോദിക്കണം, എന്തിനായിരുന്നു ഈ തിരുത്തലെന്ന്,'' ഹവ്വയുടെ വാക്കുകളില്‍ അമര്‍ഷം നീറി.
''അതു വേണോ? എന്തെങ്കിലും പ്രത്യേക പദ്ധതി ഇല്ലാതെ അങ്ങനെ അതു തിരുവെഴുത്തുകളില്‍ എഴുതപ്പെടുമോ,'' ആദം അറച്ചറച്ച് ഹവ്വയോട് ചോദിച്ചു.
അത് കേട്ടതും ഹവ്വ വീണ്ടും തിളച്ചു:
''ആ പദ്ധതി എന്താണെന്നാണ് എനിക്ക് അറിയേണ്ടത്.''

ആദമിന് മറുപടിയൊന്നും ഇല്ലായിരുന്നു. എന്നാല്‍, പിന്നീട് രണ്ടാള്‍ക്കും ഒന്നും പറയാനിടവന്നില്ല. അടുത്ത നിമിഷം തന്നെ, ആദമിന്റേയും ഹവ്വയുടേയും ഉടലുകള്‍ അതിവേഗം അഴിഞ്ഞഴിഞ്ഞ് ഏത് പഞ്ചഭൂതങ്ങളില്‍നിന്നു വന്നോ അവയിലേക്കുതന്നെ തിരിച്ചുപോയി.
ഭൂമിയുടെമേല്‍, ദൈവത്തിന്റെ മൗനം വിഷാദം മുറ്റിയ മഞ്ഞായി, മഴയായി, തെളിച്ചമില്ലാത്ത വെയിലായി, കിതയ്ക്കുന്ന കാറ്റായി പടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com