'ചീരുവിന്റെ ഭഗത് സിങ്ങ്'- പി ജിംഷാര്‍ എഴുതിയ കഥ

1926-ലെ ദസ്റ ദിനത്തില്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഭഗത് സിങ്ങിന്റെ ഇടപെടല്‍ ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തു
'ചീരുവിന്റെ ഭഗത് സിങ്ങ്'- പി ജിംഷാര്‍ എഴുതിയ കഥ

1926-ലെ ദസ്റ ദിനത്തില്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഭഗത് സിങ്ങിന്റെ ഇടപെടല്‍ ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തു. അതേ രാത്രിയില്‍ ഹൗറ പാലത്തിന്റെ അടിയില്‍ വെച്ച് ഉമാദേവി, പ്രസവിച്ചു. ചിരുവമ്മായി അവളെ 'ലളിത' എന്നു വിളിച്ചു വന്നു. അങ്ങനെ ലളിത അവളുടെ പേരായി. ഉമയും ചീരുവും ലളിതയും കൊലയാളിയായ കൃഷ്ണപിള്ളയുടെ വരവിനെ പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് ഇടങ്ങള്‍ മാറിക്കൊണ്ടേയിരുന്നു.

ജോണ്‍ സൗണ്ടേഴ്സിനെ വെടിവെച്ചിട്ടിടത്ത് നിന്നും നാല്‍വര്‍ സംഘം പിരിഞ്ഞുപോയി. കൂട്ടത്തില്‍ ജയഗോപാല്‍ വിട്ടുപോയി. അവശേഷിക്കുന്ന മൂവരും വേഷം മാറി സൈക്കിളുകളില്‍ രക്ഷപ്പെട്ടു. ലാഹോര്‍ വിട്ട് ഹൗറയിലേക്ക പോകാനായിരുന്നൂ, ഭഗത് സിങ്ങിന്റേയും കൂട്ടരുടേയും പദ്ധതി. തന്റെ താടിവടിക്കുകയും മുടിമുറിക്കുകയും ചെയ്ത ഭഗത് സിങ്ങിന്റെ കൂടെ രാജ്ഗുരുവും ദുര്‍ഗ്ഗയും യാത്ര തുടങ്ങി. ഒരു വ്യാപാര കുടുംബത്തിന്റെ വേഷത്തില്‍ വേഷപ്രച്ഛന്നരായി ബ്രിട്ടീഷ് അധികാരികളെ വെട്ടിച്ചു നടന്ന ഭഗത് സിങ്ങിന്റേയും കൂട്ടരുടേയും ഒളിവുകാലത്തേക്കാള്‍ കഷ്ടമായിരുന്നൂ, ഹരിദാസിന്റെ മരണശേഷമുള്ള ചീരുവിന്റേയും സംഘത്തിന്റേയും ഒളിവുകാലം!... ചീരുവിനും നാത്തൂനും മകള്‍ക്കും നേരിടേണ്ടി വന്ന അന്തമില്ലാത്ത യാത്ര ചെന്നു ചേര്‍ന്ന് മുട്ടിനിന്നത് ഇംതിയാസിന്റെ അടുത്തായിരുന്നു.

ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

''എന്റെ ഉമേ, പരസ്പരം കൊന്നുകളിക്കാന്‍ ഇത് ഗ്രീക്ക് നാടകമൊന്നും അല്ലാലോ?...'' പെട്ടെന്ന് എന്തോ ഉമയുടെ കണ്ണുകള്‍ നിറഞ്ഞു. ഇതോടെ പരുങ്ങലിലായ ഇംതിയാസ് അവളെ ആശ്വസിപ്പിക്കും മട്ടിലൊന്ന് നോക്കിയ ശേഷം തുടര്‍ന്നു; ''ഞാന്‍ വെറുതെ തമാശ പറഞ്ഞതല്ലേ. അല്ലേലും, ഈ കല്‍ക്കത്തേല് വന്നൊന്നും നിന്റെ ചേട്ടന്‍ പ്രശ്‌നം ഇണ്ടാക്കില്ലാ. അല്ലെടീ, ചീരുപ്പെണ്ണേ?...'' മൂത്തപിള്ള മരിച്ചോട്ക്കനെ ചേട്ടന്‍ പൊറുക്കാന്‍ പഠിച്ചുകാണും. തന്റെ അച്ഛനും ഹരിദാസും മരിച്ച സ്ഥിതിക്ക് ഇനിയാരും പ്രശ്‌നമുണ്ടാക്കില്ല.''

ഇംതിയാസിക്ക തന്റെ ശഹീദ് ദിനപ്പത്രത്തിന്റെ ഓഫീസിലേക്ക് തങ്ങളെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ത്തന്നെ നോക്കി ചിരിച്ച ചിരിയിലായിരുന്നൂ, പിന്നീടുള്ള ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളെന്ന് ഓര്‍ത്ത് ചീരു പുഞ്ചിരിച്ചു. തണുപ്പുകൊണ്ട് വിറങ്ങലിച്ച് അമ്മയിലേക്ക് ചേര്‍ന്നെന്നപോലെ ചീരുവിന്റെ മാറിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന ലളിതയുടെ ദേഹത്തേക്ക് ഒരു കമ്പിളിപ്പുതപ്പെടുത്ത് വിരിച്ച ശേഷം ഹിശാംഷാ വീടിനു പുറത്തേയ്ക്കിറങ്ങി. അയാള്‍ തന്റെ ഗ്രാമ്പു കാപ്പി നുണഞ്ഞുകൊണ്ട് പുറത്തെ ഇരുട്ടിലേക്ക് കുറേനേരം നോക്കിയിരുന്നു.
''മോശായി ഒന്നും ഇണ്ടാവില്ല ഉമേ, നീ കുളിച്ചു കിടന്ന് ഉറങ്ങാന്‍ നോക്ക്'' ചീരുവിനോട് ചിരിച്ച് തന്റെ ശഹീദ് ഡൈലി എന്ന ബംഗാളിയിലും മലയാളത്തിലും ഇറങ്ങുന്ന ന്യൂസ് പേപ്പറിന്റെ കുടുസുമുറി ഓഫീസില്‍ ഞങ്ങള്‍ക്കായി പുല്ലുപായ വിരിച്ചു തന്നു. ശേഷം തന്റെ ക്യാബിനടുത്തുള്ള പ്രിന്റിങ്ങ് റൂമില്‍ പോയി വാര്‍ത്ത അടിക്കാന്‍ തുടങ്ങി. ലാലാ ലജ്ജ്പത്ത് റായിയെ ബ്രിട്ടീഷുകാര്‍ കൊന്നിരിക്കുന്നു. ചീരു അടിച്ചുവരുന്ന പത്രത്തില്‍നിന്നും കണ്ണെടുത്ത് തൊട്ടടുത്ത് സിമന്റ് തേക്കാത്ത ചുവരില്‍ തൂക്കിയിട്ടൊരു കലണ്ടറിലേക്കും, കലണ്ടറിനു മുകളിലെ ക്ലോക്കിലേക്കും നോക്കി. 1928 നവംബര്‍ 18, രാത്രി ഒന്നേ പതിനൊന്ന്.

ലാലാലജ്ജ്പത്ത് റായിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പുകള്‍ കൂട്ടിച്ചേര്‍ത്ത് മുഖപ്രസംഗം മാറ്റി അച്ചടിപ്പിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഇംതിയാസിനെ നോക്കി അവളൊന്നു ചിരിച്ചു. ചീരുവിനപ്പോള്‍ അവളുടെ അച്ഛന്‍ ചാത്തുണ്ണിയുടെ മുഖമായിരുന്നെന്ന് ഇംതിയാസ് ഓര്‍ത്തു. ''ലജ്ജ്പത്ത് റായി'യെ കൊന്ന ബ്രിട്ടീഷ് പട്ടിയെ കൊല്ലുമെന്നാര്‍ത്ത് നഗരം തെരുവിലിറങ്ങുമെന്ന ബോധം ഭരിക്കുന്നവര്‍ക്കുണ്ട്. ലാല ലജ്ജ്പത്ത് റായിയുടെ കൊലയാളി സ്‌കോട്ടിനെ കൊല്ലുമെന്ന് ഭഗത് സിങ്ങ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന വാര്‍ത്ത നാടാകെ പരന്നു കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ ഭരണകൂടത്തെ പ്രകോപിപ്പിക്കുന്ന എഴുത്തുമായി പത്രമിറങ്ങിയാല്‍ ഉപ്പയിട്ട പത്രത്തിന്റെ പേര് പോലെ തന്റെ ജീവിതവും അറംപറ്റിപ്പോയാലോ എന്നൊരു പേടി, അന്നേരം ഇംതിയാസിനെ പിടികൂടി. അയാളുടെ വേവലാതിയെ ഏറ്റെടുത്തെന്നോണം ചുമച്ചുകൊണ്ട് കരഞ്ഞു തുടങ്ങുന്ന ലളിതയെ ഉമചേര്‍ത്തു പിടിച്ചുകൊണ്ട് പാതിയുറക്കത്തില്‍ മുലയൂട്ടിക്കൊണ്ടിരുന്നു. ഇംതിയാസ് പറഞ്ഞതൊന്നും ഗൗനിച്ചില്ലെന്ന മട്ടില്‍, പഴയൊരു പത്രത്തില്‍നിന്നും ഭഗത് സിങ്ങിന്റെ ഫോട്ടോ വെട്ടിയെടുത്തു കൊണ്ടിരിക്കുകയായിരുന്നൂ ചീരു. അവളെ കാരുണ്യത്തോടെ നോക്കിക്കൊണ്ട് അയാള്‍ അടക്കിപ്പറഞ്ഞൂ; ''അല്ലെങ്കിലേ ഞാനും എന്റെ പത്രവും ഇവിടുത്തെ നോട്ടപ്പുള്ളികളാണ്. നമുക്ക് ഇത്രയ്ക്ക് തീവ്രതയില്ലാത്തൊരു മുഖപ്രസംഗം എഴുതിയാ പോരേ? നേരത്തെ അച്ചടിച്ചത് തന്നെ മതിയായിരുന്നൂ.''
''ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കല്‍ അസോസിയേഷന്റെ പേര് മാറ്റി, ഭഗത് സിങ്ങത് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്നാക്കിയതിന് ലഡു കൊടുത്ത ആള്‍ക്കാര് തന്നെയിത് പറയണം. ഭഗത് സിങ്ങിന്റെ പാര്‍ട്ടിക്ക് അന്തിക്കാട് യൂണിറ്റ് ഇട്ട ഏട്ടന്മാരുടെ വാശി ഈ പെങ്ങള്‍ക്കും ഇണ്ട്ട്ടാ...'' ഇതുകേട്ടതും ഇംതിയാസ് അറിയാതൊന്ന് മന്ദഹസിച്ചു.
''എന്താ ഇക്കാ ചിരിച്ചേ?''
''നിന്റെ അച്ഛനേം ചേട്ടനേം ഓര്‍ക്കായിരുന്നൂ.''
''ഉം.''

കണ്ണുകള്‍ നിറഞ്ഞെങ്കിലും ചീരു കരഞ്ഞില്ല. ഇതുകണ്ടതും മരിച്ചവരെ ഓര്‍ത്ത് ഇംതിയാസിന് കരച്ചില്‍ പൊട്ടി.
1931-നു മുന്‍പുള്ള ചീരുവിനു നാട്ടിലൊരു ചേട്ടനുണ്ടായിരുന്നു, ഹരിദാസ്. ഭഗത് സിങ്ങിനാല്‍, പ്രചോദിതനായി അന്തിക്കാട് ചെത്തുതൊഴിലാളി സംഘടയില്‍ പ്രവര്‍ത്തിക്കുമ്പോളും, ഭഗത് സിങ്ങ് പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കല്‍ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം, 1925. നാല് വര്‍ങ്ങള്‍ക്കു മുന്‍പ് തിരൂരങ്ങാടിയില്‍നിന്നും പൊട്ടിപ്പുറപ്പെട്ട മലബാര്‍ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍നിന്നും കൊച്ചി ശീമയുടെ അതിരായ തണത്തറ പാലം കടന്ന് പെരുമ്പിലാവും കടന്ന് കുന്നംകുളം വഴി തൃശൂരും പിന്നിട്ട് അന്തിക്കാട്ടെ ജീവിതങ്ങളെ വിപ്ലവമോഹത്താല്‍ ചൂടുപിടിപ്പിച്ച കാലമായിരുന്നു അന്ന്!... ചീരുവിന്റെ ചേട്ടന്‍ മാത്രമായിരുന്നില്ല, മാളികപ്പുറത്തെ ഇംതിയാസും കാളിയത്തെ ഉമാദേവിയും അടക്കം, മൂന്ന് ഉറ്റചങ്ങാതിമാര്‍, അന്ന് അന്തിക്കാട്ടെ വിപ്ലവകാരികളായിരുന്നു.

ജാലിയന്‍ വാലബാഗ് കൂട്ടക്കൊല നടന്ന ശേഷം, തന്റെ ഉപ്പ അബ്ദുള്ള അന്തിക്കാട്ട് തുടങ്ങിയ ശഹീദ് എന്ന ദിനപ്പത്രവും കൊണ്ട്, ഇംതിയാസിക്ക ഹരിയേട്ടനെ കാണാന്‍ വന്ന ദിനമാണ്. ഭഗത് സിങ്ങിനെക്കുറിച്ച് ആദ്യം അറിയുന്നത്. വായിക്കാനറിയാത്ത വരികളിലൂടെ വിരല്‍ ചേര്‍ത്ത്, ഏഴ് വയസ്സുകാരി ഇംതിയാസിന്റെ അറിവിനൊപ്പം ചുണ്ടനക്കി, ഹൃദയത്തിലേക്കെടുത്ത വാക്കുകളും ജീവിതവുമായിരുന്നു അവള്‍ക്കിതുവരേയും ഭഗത് സിങ്ങ്. ഭാഗ്യമുള്ള കുട്ടി എന്ന അര്‍ത്ഥം വരുന്ന ഗഗോണ്‍വാല എന്നു നമ്മുടെ ഭഗത് സിങ്ങിനു മുത്തശ്ശിയിട്ട പേരാകുന്നു. ഭഗത് സിങ്ങ് ജനിച്ച അതേ ദിവസം തന്നെയാണ്, പിതാവിനേയും പിതാവിന്റെ രണ്ട് സഹോദരന്മാരേയും ബ്രിട്ടീഷുകാര്‍ ജയിലില്‍നിന്നും വിട്ടയച്ചത്. എന്നാല്‍, താനും ഇംതിയാസിക്കയുമൊക്കെ ഭാഗ്യം കെട്ടവരാണെന്ന് ചീരു ഓര്‍ത്തു. തന്റെ അച്ഛനേയും ഇംതിയാസിക്കയുടെ ഉപ്പയേയും സായിപ്പന്മാര്‍ പൊലീസ് സ്റ്റേഷനിലിട്ട് തല്ലിക്കൊല്ലുകയായിരുന്നു. സ്വാതന്ത്രം ആശിച്ചതായിരുന്നൂ, അവര്‍ ചെയ്ത തെറ്റ്!... ഉപ്പയുടെ മരണത്തോടെയാണ് ഇംതിയാസിക്കയും ശഹീദ് പത്രവും ബംഗാളുകാരായത്. ബ്രിട്ടീഷുകാരോടും അവരുടെ ചെരുപ്പുനക്കികളായ കാളിയത്ത് പിള്ളമാരോടും ചീരുവിനു തീര്‍ത്താല്‍ തീരാത്ത പകയും വെറുപ്പും അനുഭവപ്പെട്ടു. തന്റെ അച്ഛനേയും ചേട്ടനേയും കൊന്നവരോട് എന്നെങ്കിലുമൊരിക്കല്‍ പ്രതികാരം തീര്‍ക്കുന്നതായി അവള്‍ മനക്കോട്ട കെട്ടി.

ബ്രിട്ടീഷ് പട്ടികളെ വെടിവെച്ച് കൊല്ലണമെന്ന ഭഗത് സിങ്ങിന്റേയും കൂട്ടരുടേയും തീരുമാനത്തെ താനും അനുകൂലിക്കുന്നതിനാല്‍ ഭഗത് സിങ്ങിന്റെ സംഘത്തിനൊപ്പം ചേരാന്‍ ചീരുവിനൊരു ആശ തോന്നി!...
''ഇക്കാ, ഞാനൊരു ആഗ്രഹം പറഞ്ഞാലത് നടത്തിത്തരോ?''
''ഉം, പറഞ്ഞോ...''
''എനിക്ക് ഭഗത് സിങ്ങിനെയൊന്ന് ദൂരെ നിന്നെങ്കിലും കാണണം.''
''ഇഷ്ടംപോലെ ദൂരണ്ട് ചെയ്ത്താന്‍ ചീരോ!...''

അയാളുടെ പറച്ചിലിനോട് മറുപടിയെന്നോണം ഈര്‍ഷ്യയോടെയൊന്ന് മൂളിക്കൊണ്ട്, ''നമുക്കിവിടുന്നു പോവാം. ഇക്കയിന്നലെ ഞങ്ങളെയിങ്ങോട്ട് കൂട്ടി വരുമ്പൊ, അയാളും പിന്നാലെ ഇണ്ടാര്ന്നൂ. ഉമേച്ചീടെ ചേട്ടന്‍ ഞങ്ങളെ കൊല്ലും ഇക്കാ. നമുക്കിവിടുന്ന് പോവാം...''
ലാലാ ലജ്ജ്പത്ത് റായിയുടെ കൊലയാളികളോടുള്ള പ്രതിഷേധത്താല്‍ നഗരം പ്രക്ഷുബ്ദമാകുമെന്ന പേടിയില്‍, നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടു. കര്‍ഫ്യൂ അറിയിപ്പുമായി കൂലിപ്പട്ടാളക്കാര്‍ കുതിരപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുപോകുന്നതിന്റെ അസ്വസ്ഥതകള്‍ തെരുവിനെ നിശബ്ദമായി മര്‍ദ്ദിച്ചു കൊണ്ടിരുന്നു. അച്ചടിച്ചു തീര്‍ന്ന പത്രം പ്രസ്സിന്റെ വടക്കേ മൂലയില്‍ കൂട്ടിയിട്ട് കത്തിച്ചു കൊണ്ടിരിക്കേ അമര്‍ഷം നിറഞ്ഞ കണ്ണുകളോടെ അയാള്‍ ചീരുവിനെ നോക്കി. ''ഇനിയിവിടുന്ന് എവിടേം പോവല് നടക്കോന്ന് തോന്ന്ണില്ല. ഞാന്‍ ജീവിച്ചരിക്കുമ്പൊ നിങ്ങള്‍ക്കാര്‍ക്കും ഒന്നും പറ്റൂല'' എലിയെ പേടിച്ച് ഇല്ലം ചുടുംപോലെ കര്‍ഫ്യൂപ്പേടിയില്‍ പത്രങ്ങളെല്ലാം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു ചാരമാക്കിയ ശേഷം പ്രസ്സിന്റെ വടക്കുവശത്തുള്ള മാവിന്‍ ചുവട്ടില്‍നിന്നും ഇരുവരും തഞ്ചത്തില്‍ പ്രസ്സിനകത്തേക്ക് നടന്നു.
''എന്നെ അറിയിക്കാതെ നിങ്ങളെന്തിനാ ലക്ക്നൗവില്ക്ക് പോയത്?''
''ഇങ്ങോട്ട് വന്നാല് വേഗം പിടിക്കപ്പെടൂന്ന് വിചാരിച്ചീണ്ടാവും. ഹരിയേട്ടന്‍ ആദ്യം ഇങ്ങട്ടാ വരാന്ന്, അവര്‍ക്ക് ഊഹിക്കാലോ?''
''ഉം, അതോണ്ട് മാത്രാണാ ലക്ക്നൗ?''
''അല്ല. ഉമേച്ചീടെ ഒരു കൂട്ടുകാരിയുടെ അടുത്തേക്കായിരുന്നൂ പോയത്.''

ഉമാദേവിയുടെ കൂട്ടുകാരി ലക്ക്നൗവില്‍ ഉണ്ട്. അവര്‍ ഏര്‍പ്പാടാക്കിയ താസസ്ഥലത്തേക്കാണ്, ഉമാദേവിയേയും കൊണ്ട് ഹരിദാസ് ആദ്യം പോയത്. ചിത്രങ്ങള്‍ വരയ്ക്കാന്‍ തല്‍പ്പരയായ ചീരുവിനു പഠനത്തേക്കാള്‍ താല്‍പ്പര്യം വിപ്ലവത്തിനും വരകള്‍ക്കുമായതിനാല്‍, അവള്‍ ആ ഒളിച്ചോട്ടത്തെ വിനോദമായിട്ടാണ്, ആദ്യമൊക്കെ എടുത്തിരുന്നത്. നാടുവിടാന്‍ ഹരിയേട്ടനും ഉമേച്ചിയും പലതവണ ആലോചിച്ചെങ്കിലും തന്നെ എന്തുചെയ്യും എന്ന ചിന്തകളാണ് അവരുടെ യാത്രയെ തടഞ്ഞിരുന്നതെന്ന് ചീരുവിനു നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നാടുവിടാനുള്ള തീരുമാനം ചേട്ടനെക്കൊണ്ട് എടുപ്പിച്ചത് ചീരു തന്നെയാണ്. ഉമേച്ചി തനിക്ക് വയറ്റിലുണ്ടെന്ന് നാത്തൂന്‍കുഞ്ഞിനോട് പറഞ്ഞതിന്റെ അന്നാണ് അവര്‍ നാടുവിട്ടത്.

''ബൂര്‍ഷ്വാസികള്‍ നിലംപൊത്തും വിപ്ലവം വിജയിക്കട്ടേയെന്ന് കാളിയത്ത് വീടിന്റെ മതിലില് ഒട്ടിച്ചേച്ചാ, ഉമയേയും കൊണ്ട് നാടുവിട്ടത്. കാളിയത്ത് പിള്ള ഒതുങ്ങി നില്‍ക്കോന്ന്, എനിക്ക് തോന്ന്ണില്ല.'' യാത്രയ്ക്കിടയ്ക്ക് ഏട്ടന്‍ പറഞ്ഞതെല്ലാം തുടര്‍ന്ന് സംഭവിക്കുകയായിരുന്നു. കാളിയത്ത് മൂത്തപിള്ള വീരഭദ്രപ്പിള്ളയും മകന്‍ കൃഷ്ണപിള്ളയും പകയുള്ള വേട്ടമൃഗങ്ങളായിരുന്നു. തന്റെ മകള്‍ ഉമാദേവി ചെത്തുകാരന്‍ ചെറമ്മച്ചെക്കന്റെ കൂടെ ഓടിപ്പോയത്, വീരഭദ്രപ്പിള്ളയ്‌ക്കോ പെങ്ങള് ഈ തരവഴിത്തരം കാണിച്ചത് കൃഷ്ണപ്പിള്ളയ്‌ക്കോ ഇഷ്ടപ്പെട്ടിരുന്നില്ല. തറവാടിന്റെ യശസ് കളഞ്ഞ് നാട്ടിലെ നിലയും വിലയും കെടുത്തിയ ഒരുമ്പെട്ടോളേയും ഒരുമ്പെട്ടോനേയും തീര്‍ക്കാന്‍, കാളിയത്ത് പിള്ളയും സംഘവും പിറകെ ഇറങ്ങി. ഷജഹാന്‍പ്പൂര്‍ വരെ അവര്‍ക്ക് ഹരിദാസിനേയും സംഘത്തേയും പിന്‍തുടരാനും കഴിഞ്ഞു.

പൗര്‍ണമി വെട്ടമുണ്ടെങ്കിലും രാത്രി ഇരുണ്ട് കിടക്കും പോലെ!... കാക്കോരി സ്റ്റേഷനിലേക്ക് തീവണ്ടി അടുത്തുകൊണ്ടിരിക്കുകയാണ്. ഉമേച്ചിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ്, കാളിയത്തെ മൂത്തപ്പിള്ള ഉമേച്ചിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി വലിച്ചു പുറത്തേക്കെറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നത് കണ്ടത്. ഇതുകണ്ടപാടെ അയാളുടെ കൈക്ക് കടിച്ച് ചീരു കുതറിച്ചാടി. ചീരുവിലേക്ക് ശ്രദ്ധപോയതോടെ ഉമയില്‍നിന്നുള്ള വീരഭദ്രപ്പിള്ളയുടെ പിടി അയഞ്ഞു. വേഗത കുറഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടിയില്‍നിന്നും ഉമ ഊര്‍ന്നു വീണു. ചീരുവിനെ എടുത്ത് പുറത്തേക്കെറിയാന്‍ തുടങ്ങുന്ന വീരഭദ്രപ്പിള്ളയെ തടഞ്ഞ്, ചീരുവിനെ പിടിച്ചു വാങ്ങിക്കൊണ്ട്, വീരഭദ്രപ്പിള്ളയെ തൊഴിച്ച് വീഴ്ത്തുന്ന ഹരിദാസ്. ചീരുവിനെ ഹരിദാസ് സ്വതന്ത്രയാക്കുന്നു. മുന്നുംപിന്നും നോക്കാതെ ധൃതിപ്പെട്ട് ഓടിയവള്‍ കക്കൂസില്‍ കയറി വാതിലടച്ച് കുറ്റിയിടുന്നു.

ഒച്ചകേട്ട് ആളുകള്‍ ഉണര്‍ന്നു തുടങ്ങുമ്പോഴേക്കും, വീരഭദ്രപ്പിള്ള ഹരിദാസിന്റെ നെഞ്ചില്‍ ആഴത്തിലൊരു കുത്തുകുത്തി തീവണ്ടിയില്‍നിന്നും വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. പാളത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ മുറിഞ്ഞ കാലുകളെ ആയാസപ്പെട്ട് ചേര്‍ത്തുവെച്ച് ഉമ ഹരിദാസിനു നേരെ നടന്നു. വീഴ്ചയുടെ ഗതികേടിനു പുറത്തേക്ക് ഉന്തിനില്‍ക്കുന്നൊരു മരക്കമ്പില്‍ കഴുത്ത് കേറി ഹരിദാസ് മരണപ്പെട്ടു കഴിഞ്ഞു. ഈ ബഹളങ്ങള്‍ക്കിടയില്‍ എങ്ങനെയോ രക്ഷപ്പെട്ട് തീവണ്ടിക്കക്കൂസില്‍ ഒളിച്ചിരിക്കുകയായിരുന്നു ചീരു. കക്കൂസിന്റെ വാതില്‍ വിടവിലൂടെ ഭയത്തോടെ ചീരു വീരഭദ്രപ്പിള്ളയെ നോക്കി. തീവണ്ടി വാതിലിന്റെ വരാന്തയില്‍ മകന്‍ പിള്ളയും തന്തപ്പിള്ളയും ചേര്‍ന്നു തന്റെ ചേട്ടനെ പുറത്തേയ്ക്ക് വലിച്ചെറിയുന്നത് ചീരു വ്യക്തമായി കണ്ടതാണ്. സങ്കടം സഹിക്കവയ്യാതെ ചീരുവൊന്ന് ഏങ്ങിക്കരഞ്ഞു. ഇരുകൈകൊണ്ടും പൊത്തിപ്പിടിച്ച വായില്‍നിന്നും ഒരു ഏങ്ങല്‍ത്തരിപോലും ആരും കേട്ടില്ല. ശത്രുക്കള്‍ പോയോ എന്നറിയാന്‍ നനഞ്ഞ മിഴികളുമായി അവള്‍ വീണ്ടും പുറത്തേയ്ക്ക് നോക്കി. വീരഭദ്രപ്പിള്ള വെടിയേറ്റ് വീഴുകയും കൃഷ്ണപിള്ള പേടിച്ച് തീവണ്ടിയില്‍നിന്ന് ഇറങ്ങി ഓടുന്നതായും ചീരു കണ്ടു. തൊട്ടടുത്ത നിമിഷം തന്നെ ആയുധധാരികളായ ഏതാനം പേര്‍ തീവണ്ടിയിലേക്ക് ഓടിക്കയറുകയും ചിലരെ ബന്ധികളാക്കുകയും ചെയ്തു. പതിവിലേറെ സമയം, ആ രാത്രിയില്‍ കാക്കോരി സ്റ്റേഷനില്‍ ആ തീവണ്ടി ചലനമറ്റു കിടന്നു. വന്നുകയറിയവരുടെ കൂട്ടത്തില്‍, തനിക്കേറെ പ്രിയപ്പെട്ട ഭഗത് സിങ്ങും ഉണ്ടായിരുന്നെന്ന് ചീരു ഓര്‍ത്തു. തീവണ്ടിയില്‍നിന്നും ഉയിരുംകൊണ്ട് രക്ഷപ്പെട്ട ശേഷം ചീരു ഉറ്റവര്‍ക്കായി പരിസരത്താകെ തിരച്ചില്‍ നടത്തി. ഏകദേശം ഏഴ് നാഴിക അകലത്ത് നിന്നും, ചീരുവിന് തന്റെ ചേട്ടന്റെ മൃതദേഹവും ബോധമറ്റ് കിടക്കുന്ന ഉമയേയും കണ്ടെത്തി. 1925 ഓഗസ്റ്റ് ഒന്‍പതാം തിയതി, കക്കോരിയില്‍ വെച്ച് ചീരുവിന്റെ ചേട്ടന്‍ ഹരിദാസും, ഉമാദേവിയുടെ അച്ഛന്‍ കാളിയത്ത് വീരഭദ്രപ്പിള്ളയും ദാരുണമായി കൊല്ലപ്പെട്ടു.

ലാലാലജ്ജ്പത്ത് റായ് കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കാളിയത്ത് കൃഷ്ണപ്പിള്ള കുറച്ചധികം വെള്ളക്കാരേയും കൂട്ടി ഇംതിയാസിന്റെ ശഹീദ് ഡൈലിയിലേക്ക് ഉമയെ തേടിയെത്തി. ഉമേച്ചിയെ അവരുടെ ചേട്ടന്‍ കൊല്ലാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഇംതിയാസിക്കയെ ആദ്യം തന്നെ ഒരു വെള്ളക്കാരന്‍ വെടിവെച്ചിട്ടു. ഉയിരിനായി പിടയുന്ന ഇംതിയാസിക്കയേയും ഉമേച്ചിയേയും പത്രമോഫീസില്‍ ഉപേക്ഷിച്ചുകൊണ്ട് ലളിതയേയും കൊണ്ട് ചീരു എങ്ങനെയോ രക്ഷപ്പെട്ടു. ചീരു ലളിതയേയും വാരിയെടുത്ത് ഓടാന്‍ തുടങ്ങി. കണ്ണെത്താ ദൂരത്തോളം ഓടി..., ദേശങ്ങളെ പിന്നിലാക്കിക്കൊണ്ട് ഓടിയ കാലുകള്‍, ഒടുക്കം സത്ലജ്ജ് നദിയുടെ തീരത്തടിഞ്ഞു.

ലാലാലജ്ജ്പത്ത് റായിയുടെ കൊലപാതകത്തിനു കാരണക്കാരനായ സാകോട്ടിനെ വധിക്കാന്‍ ഭഗത് സിങ്ങ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെ ഏല്‍പ്പിച്ചതും അവര്‍ ജോണ്‍ സാണ്ടേഴ്സിനെ വകവരുത്തിയ സംഭവവും ഇക്കഴിഞ്ഞ ഏപ്രിലില്‍ ബി.കെ. ഗുരുദത്തുമായി പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിച്ച്, 1929, ഏപ്രില്‍ എട്ടിന് നാഷണല്‍ അസംബ്ലിയില്‍ ബോംബെറിഞ്ഞതും, ഇങ്ങനെ പൊട്ടുംപൊടിയുമായി ഭഗത് സിംങ്ങിനെക്കുറിച്ചുള്ള സകല വിവരങ്ങളും തമ്മില്‍ കണ്ടതു മുതല്‍ തന്നോട് വാ തോരാതെ പങ്കുവെച്ച ചീരുവിനോട്, ഹിശാംഷായ്ക്ക് അന്നത്തെ ആ രാത്രിത്തണുപ്പ് പോലെ വല്ലാത്തൊരിഷ്ടം തോന്നിയിരുന്നു.

ഇംതിയാസ് ഇക്കാന്റെ വീട്ടില് പണിക്ക് പോയിട്ട് വരുമ്പൊ, ഇക്ക കൊടുക്ക്ണ പുസ്തകങ്ങളുമായാണ് ഏട്ടന്‍ വീട്ടില് വന്നിരുന്നത്. ഇംതിയാസിക്കാന്റെ ഉപ്പ ബ്രിട്ടന്റെ ഭരണത്തിനെതിരെ നാട്ടില് നടത്തിയിരുന്ന പത്രമാണ്, പിന്നീട് ഇക്ക കൊല്‍ക്കത്തയിലേക്ക് മാറ്റീത്. അന്തിക്കാട് ചേട്ടനൊപ്പം ജീവിച്ചിരുന്ന താനിപ്പോള്‍ ചേട്ടന്റെ മകള്‍ക്കൊപ്പം കാതങ്ങള്‍ക്ക് അകലെ ഏതോ ദേശത്ത് അനാഥമായി അലയുന്നു. ആലോചനകളെല്ലാം തന്നെയും ക്രൂരവും വിചിത്രവുമായ ജീവിതത്തോട് വിടപറയാന്‍, തിടുക്കം കൂട്ടുന്ന തന്നിലെ ചിത്തരോഗിയെ പ്രോത്സാഹിപ്പിക്കുന്നതായി തോന്നുന്നു. തോന്നലുകളുടേയും ജീവിതത്തിന്റേയും നിസ്സാരതകളും നിസ്സഹായതകളുമോര്‍ത്ത്, ചീരു കണ്ണൊന്ന് ചിമ്മിയടച്ചു.

1931 മാര്‍ച്ച് 24-ന്, ലളിതയ്ക്കും ഹിശാംഷായ്ക്കുമൊപ്പം ചീരു ലാഹോര്‍ ജയില്‍ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ഒറ്റുകാരന്‍ ജയഗോപാലിനു നേരെ നോക്കി ചെരുപ്പ് വലിച്ചെറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വിപ്ലവകാരി പ്രേംദത്തിനു സമ്മാനിക്കാനായി സൂക്ഷിച്ച ചെരുപ്പ് തന്റെ ഭാണ്ഡത്തില്‍ നിന്നെടുത്ത് ചന്തം നോക്കിയ ശേഷം ചീരു തിരിച്ചുവെച്ചു. എളിയില്‍ കിടന്ന് ലളിത മോങ്ങിക്കൊണ്ടിരുന്നു. വധശിക്ഷയ്ക്ക് വിധിച്ച മൂന്നു പേരെയും ജീവപര്യന്തം തടവിനു കിടക്കുന്ന ഏഴുപേരെയും കാണണം. ഭഗത് സിങ്ങിനെ കണ്ട്, തന്റെ ചിരകാല സ്വപ്നത്തെ സാധ്യമാക്കാന്‍ ചീരുവിന്റെ ഹൃദയം, നിമിഷങ്ങളേക്കാള്‍ വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു.

ജയിലിലെ വിവേചനങ്ങള്‍ക്കെതിരെ ഭഗത് സിങ്ങ് നിരാഹാരം കിടന്ന മിയാന്‍വാലി ജയിലിലാണോ ബോസ്റ്റേണ്‍ ജയിലിലാണോ തൂക്കിക്കൊല നടക്കുന്നതെന്ന സംശയം, ചീരു ഹിശാംഷായോട് ചോദിച്ചു. അയാള്‍ മറുപടിയൊന്നും പറയാതെ തന്റെ റിക്ഷയെ മുന്നോട്ട് ചവിട്ടിക്കൊണ്ടിരുന്നു. എല്ലാവരേയും കാണാന്‍ സമയം അനുവദിച്ചില്ലെങ്കിലും, ഇത്രയും ദൂരത്ത് നിന്നും വരുന്നതിനാല്‍ ഭഗത് സിങ്ങിനെ കാണാന്‍ അവര്‍ അനുവദിച്ചേക്കും. തനിക്കേറ്റവും പ്രിയപ്പെട്ട ഭഗത് സിങ്ങിനെ തൂക്കിലേറ്റുമ്പോള്‍, അതേ സമയത്ത് അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് ഐക്യം പ്രകടിപ്പിച്ച് ആത്മത്യാഗം നടത്താനായി എത്തിയതായിരുന്നു, ചീരു. അവളുടെ ഈ തീരുമാനമറിയാതെ ഹിശാംഷാ തന്റെ റിക്ഷയെ ജയില്‍ വളപ്പിലേക്ക് ഓടിച്ചു കയറ്റി. ഭഗത് സിങ്ങിനേയും കൂട്ടരേയും വധശിക്ഷയ്ക്ക് മുന്‍പ് കാണാനായി തടിച്ചു കൂടിയിരുന്ന ജനസാഗരത്തിനു മുന്‍പില്‍, ചീരുവും ഹിശാംഷായും ലളിതയും പുലരും വരെ കാത്തിരുന്നു.

ഇന്നലെ ചീരുവും ലളിതയും താമസിച്ചിരുന്ന ഹിശാംഷായുടെ വീട്ടില്‍ നിന്നും പതിനെട്ടര നാഴിക അകലെയുള്ള 'ഗന്ധസിംഗ് വാല' എന്ന ഗ്രാമത്തില്‍ വെച്ച് ഭഗത് സിങ്ങിനേയും കൂട്ടാളികളേയും കൊന്നുകളയുകയും അഗ്‌നിക്കിരയാക്കി, 'സത്ലജ്ജ്' നദിയില്‍ ഒഴുക്കി വിടുകയും ചെയ്തിരുന്നതറിയാതെ, നിസ്സഹായരും അടിമകളുമായ ആ ജനക്കൂട്ടത്തില്‍ ഹിശാംഷാ ഇരുന്നു. ഇന്നലെ ചീരുവിനേയും ലളിതയേയും കൊണ്ട് സത്ലജ്ജിന്റെ കരയില്‍നിന്നും പോരുമ്പോള്‍ കണ്ട ആ ബ്രിട്ടീഷ് പ്രഭുവിന്റെ പേരും ഓര്‍ത്തുകൊണ്ടാണ് ഹിശാംഷാ ഉണര്‍ന്നത്. വിചാരണ നേരിടേണ്ട പ്രതികളുടെ അസാന്നിദ്ധ്യത്തില്‍ അവരെ വിചാരണ ചെയ്ത്, തൂക്കുവധം വിധിച്ച ശേഷം, ആ വിധി ദിനത്തില്‍നിന്നും ഒരു ദിനം റദ്ദ് ചെയ്ത് ഭഗത് സിങ്ങിനേയും കൂട്ടരേയും കൊന്നുകളയാന്‍, നേതൃത്വം നല്‍കിയ ഇര്‍വിന്‍ എന്ന പ്രഭുവിന്റെ പേര്, പുച്ഛത്തോടെ പിറുപിറുത്തുകൊണ്ട് ഒരു ചിത്തരോഗിയെപോലെ ഹിശാംഷാ ചുറ്റും നോക്കി. ഭഗത് സിങ്ങിനു കൊലക്കയറ് വിധിച്ച പ്രതിക്കൂടിന്റെ അകംപോലെ പരിസരം ശൂന്യമാണ്. ജയിലിന് വെളിയില്‍, സുമാര്‍ ഒന്നര ഫര്‍ലോങ്ങ് തെക്കുമാറിയൊരു പാറക്കല്ലിലാണ് താനും ലളിതയും ഉറങ്ങുന്നതെന്ന് അയാള്‍ക്കു മനസ്സിലായി.

ഉറക്കപ്പിച്ചിന്റെ പകപ്പില്‍ ലളിതയെ വാരിയെടുത്ത് പുറത്തെ മണ്ണ് തട്ടിക്കളഞ്ഞ്, അയാള്‍ ചുറ്റും നോക്കി. ചീരുവിനെ കാണാനില്ല. ഒന്നുകൂടി സൂക്ഷ്മമായി പരിസരം വീക്ഷിച്ചപ്പോള്‍, കുറച്ച് അകലത്തായി നില്‍ക്കുന്ന മാവിന്റെ കൊമ്പില്‍, ചീരുവിന്റെ മൃതദേഹം ചോദ്യചിഹ്നം പോലെ കാറ്റിലാടി. എന്തു ചെയ്യണമെന്നറിയാതെ ലളിതയേയും കൊണ്ട് ചീരുവിന് അടുത്തേക്ക് നടക്കുമ്പോള്‍, തലേന്നു രാത്രി ചീരു പറഞ്ഞ വാക്കുകള്‍ ഹിശാംഷായുടെ കാതില്‍ വന്നലച്ചു. ''ഹിശാംക്കാ, ലളിതയെ വളര്‍ത്തണം. ഭഗത് സിങ്ങിനെപ്പോലെ, ഇവളേം ഭാഗ്യമുള്ള കുട്ടിയായി വളര്‍ത്തണം. നിങ്ങള്‍ക്കറിയോ? ഭാഗ്യമുള്ള കുട്ടി എന്ന അര്‍ത്ഥം വരുന്ന ഗഗോണ്‍വാല എന്നു നമ്മുടെ ഭഗത് സിങ്ങിനു മുത്തശ്ശിയിട്ട പേരാകുന്നു. ഭഗത് സിങ് ജനിച്ച അതേ ദിവസം തന്നെയാണ്, പിതാവിനേയും പിതാവിന്റെ രണ്ട് സഹോദരന്മാരേയും ബ്രിട്ടീഷുകാര്‍ ജയിലില്‍ നിന്നും വിട്ടയച്ചത്.' ചീരുവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നനഞൊട്ടി നിസ്സഹായനായി നില്‍ക്കുന്ന ഹിശാംഷായുടെ ശരീരത്തിലേക്ക്, രണ്ടുദിവസങ്ങളായി പെയ്യാതെ കെട്ടി നിന്ന മേഘം പെയ്തിറങ്ങി. പെരുമഴ സത്ലജ്ജ് നദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ പ്രതിഷേധത്തോടെ അലയടിക്കാന്‍ തുടങ്ങി.
ഹിശാംഷാ ചീരുവിനെ ഓര്‍ത്തു. ചീരുവിന്റെ ഭഗത് സിംങ്ങിനെ ഓര്‍ത്തു!...

ഇന്നലെ,
1931 മാര്‍ച്ച് 23, സത്ലജ്ജ് നദി പെരുമഴയ്ക്ക് മുന്‍പുള്ള ശൂന്യതയെ ജലപ്പരപ്പിലൊളിപ്പിച്ച് കലങ്ങിക്കിടന്നു. ഒരു ശവശരീരം കണക്കേ, ചിരു കടല്‍മണ്ണില്‍ ബോധരഹിതയായി വീണുറങ്ങി. അവളുടെ ചൂടുപറ്റി, കരഞ്ഞുകൊണ്ട് നാലു വയസുകാരി ലളിത ചേര്‍ന്നു കിടന്നു. അവളെ തട്ടിയെഴുന്നേല്‍പ്പിച്ചുകൊണ്ട്. ഹിശാംഷാ തന്റെ കാപ്പിപ്പാത്രത്തില്‍നിന്നും സ്റ്റീല്‍ പാത്രത്തിലേക്ക് തന്റെ ഗ്രാമ്പൂ ഇട്ട ഇറാനിക്കാപ്പി പകര്‍ന്നു നല്‍കി. ഒറ്റവലിക്ക് ചൂടോടെ മൊത്തിക്കുടിച്ച്, മഴയ്ക്കായി വെമ്പി നില്‍ക്കുന്ന ആകാശത്തേയും കരുണയോടെ തന്നെ നോക്കുന്ന ആളേയും മാറിമാറി നോക്കി കൊണ്ട്, തനിക്കറിയാവുന്ന ഹിന്ദിയില്‍, ''ഭഗത് സിങ്ങിനെ കാണാനൊക്കുമോ, കുറേ ദൂരേന്ന് വരികയാ'' എന്നൊക്കെയവള്‍ തപ്പിത്തടഞ്ഞ് പറഞ്ഞൊപ്പിച്ചു.

''ഉം, നോക്കാം... വഴിയുണ്ടാക്കാം...വാ...''
എന്നും പറഞ്ഞ് അവളേയും കൂട്ടി ഹിശാംഷാ, നടന്നു തുടങ്ങി. ഈ സമയം, സത്ലജ്ജ് പരിസരത്തേക്ക് കുറേ ഇംഗ്ലീഷുകാരുടെ വാഹനങ്ങള്‍ പാഞ്ഞെത്തുകയും ചാരം നിറച്ച മൂന്നു കുടങ്ങള്‍ നദിയിലൊഴുക്കുകയും ചെയ്തു. ഈ കൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സായിപ്പിനെ താന്‍ പത്രങ്ങളില്‍ കണ്ടിരുന്നല്ലോ എന്ന് ഓര്‍ത്ത്, അത് ഇര്‍വിന്‍ പ്രഭുവല്ലേ? എന്നു വെറുതെ മന്ത്രിച്ചു. നീണ്ട യാത്രയ്ക്കിടയില്‍ ഹിന്ദി വശമായി കഴിഞ്ഞ ചീരു മറുപടിയും പറഞ്ഞു, ''അതെ...''
''ഇവര്‍ക്കെന്താ ഇപ്പൊ ഇവിടെ കാര്യം?''
''നാളെ, ഭഗത്സിങ്ങിനെ തൂക്കി കൊല്ലുകയല്ലേ, സുരക്ഷാ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതാ യിരിക്കും.''
''അല്ലെന്നേയ്, ഇത് വെറെന്തോ ആണ്.''
''ഉം.''
''പിന്നേയ് ഇവിടെ നിന്നും കുറേ ദൂരമുണ്ടോ, ജയിലിലേക്ക്?''
''പത്തെണ്‍പത് കിലോമീറ്റര്‍ കാണും.''
''എന്റെ കൂടെ വരില്ലേ?... എനിക്ക് ഭഗത് സിങ്ങ് ശഹീദാവുന്നേന് മുന്‍പൊന്ന് കാണണം.''
''പിന്നെന്താ വരാലോ!...'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com