'ഉമ്മച്ചിത്തെയ്യം'- മിഥുന്‍ കൃഷ്ണ എഴുതിയ കഥ

ആദി മോനെ ചെക്കപ്പിന് കൊണ്ടുപോയി വന്നതിന്റെ പിറ്റേ ദിവസം രാവിലെ അച്ഛന്‍ കുഞ്ഞിക്കണ്ണന്റെ പറച്ചില്‍ കേട്ടാണ് ഗോപന്‍ ഉണര്‍ന്നത്
'ഉമ്മച്ചിത്തെയ്യം'- മിഥുന്‍ കൃഷ്ണ എഴുതിയ കഥ

ദി മോനെ ചെക്കപ്പിന് കൊണ്ടുപോയി വന്നതിന്റെ പിറ്റേ ദിവസം രാവിലെ അച്ഛന്‍ കുഞ്ഞിക്കണ്ണന്റെ പറച്ചില്‍ കേട്ടാണ് ഗോപന്‍ ഉണര്‍ന്നത്. പതിവുള്ള ആ പറച്ചില്‍ അന്നെന്തോ ഇടിവെട്ട് പോലെയാണ് അനുഭവപ്പെടുന്നത്. ഇതുവരെ ആദിമോന്റെ കാര്യത്തില്‍ ഗോപന് പ്രതീക്ഷയുണ്ടായിരുന്നു. ''അഞ്ച് വയസ്സ് ആയില്ലേ ഇനീപ്പം വല്യ പ്രതീക്ഷ വേണ്ട. മോനേ സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തോളൂ'' - ഇന്നലെ ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വീണ്ടും കാതില്‍ കുത്തിക്കയറി. ഗോപന്‍ എഴുന്നേറ്റ് വരാന്തയിലേക്ക് വരുമ്പോള്‍ ആദിമോന്‍ ചോക്ക് കൊണ്ട് ചുമരില്‍ കാളികൂളി വരയ്ക്കുകയായിരുന്നു. ഗോപനെ കണ്ടതും അവന്‍ ചോക്ക് നിലത്തെറിഞ്ഞ് തിണ്ണയില്‍ ഇരിപ്പുറപ്പിച്ച ഗോപന്റെ മടിയിലേക്ക് ചാടിക്കയറി. മുറ്റത്ത് പശുവിനെ കുളിപ്പിച്ചു കൊണ്ടിരുന്ന കുഞ്ഞിക്കണ്ണന്‍ അപ്പോഴും പിറുപിറുത്തു. മുറ്റം തൂത്തൂ കൊണ്ടിരുന്ന ആയിഷ ഇടംകണ്ണില്‍ ഗോപനു നേരെ പരിഭവമെറിഞ്ഞു. ആദി മോനെ ഒന്നുകൂടി ചേര്‍ത്തിരുത്തി ഗോപന്‍ നെറ്റിത്തടത്തില്‍ ഉമ്മവച്ചു. ആയിഷയുടെ കണ്ണില്‍ ജലം പാട കെട്ടി തുടങ്ങി. ''നിങ്ങളൊന്ന് നിര്‍ത്ത്വോ... ഇതെപ്പൊ തൊടങ്ങ്യേതാ'' - അകത്തു നിന്നും തവിയുമായി അമ്മ സരള പുറത്തേക്ക് വന്നു. അത് കേട്ടപാതി ''നീയും സൈഡ് പറഞ്ഞൊ... കാരണോമ്മാരുടെ ശാപാ... അതാ കുഞ്ഞ് അഞ്ചു വയസ്സായിട്ടും അമ്മാന്നു പോലും പറയാത്തത്. ഹും അനുഭവിക്കുക തന്നെ.'' പശുവിനെ കുളിപ്പിച്ച് കൊണ്ടിരുന്ന പാട്ട നിലത്തെറിഞ്ഞ് കുഞ്ഞിക്കണ്ണന്‍ ദേഷ്യം പ്രകടിപ്പിച്ചു. 

ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

അച്ഛന്‍ പറഞ്ഞതിന് ശരിക്കും നല്ല മറുപടി കൊടുക്കേണ്ടതാണ്. നാവ് പലവട്ടം പുറത്തേക്ക് നീണ്ടിട്ടും ഗോപന്‍ ഒരക്ഷരം മിണ്ടിയില്ല. തലമുറകളായി ചെയ്തു വന്നിരുന്ന തെയ്യംകെട്ട് എന്നെന്നേക്കുമായി മുടക്കിയവനല്ലേ. അവന്‍ ആദിമോനെ ഒക്കത്ത് എടുത്ത് മുറ്റത്ത് ആയിഷയ്ക്ക് അടുത്തെത്തി. ആയിഷ മുഖംകൊടുക്കാതെ മുറ്റമടിച്ച ചൂല് വടക്കേമൂലയില്‍ ചാരി പിന്നാമ്പുറത്തേക്ക് നടന്നു. ആയിഷയുടെ മനസ്സിലപ്പോള്‍ ചോര പൊടിയുകയാണെന്ന് അവനറിയാം. ഇഷ്ടം തുടങ്ങിയ നാള്‍ മുതല്‍ അവളുടെ ഹൃദയമിടിപ്പിന്റെ വേഗം അവനറിയാം. അവളുടെ മനസ്സു പിടഞ്ഞാല്‍, തൊണ്ടയിടറിയാല്‍ കണ്ണൊന്നു നനഞ്ഞാല്‍ അവനറിയാം. 

''വീട്ടിലറിഞ്ഞു, ബാപ്പ നാള പൊലര്‍ച്ചത്തെ ബീമാനത്തില് വെരും'' - കോളേജ് ബസ് സ്റ്റോപ്പില്‍ തന്നെ കാത്തുനില്‍ക്കുകയായിരുന്ന ഗോപനോട് ആയിഷ കിതച്ചുകൊണ്ടുപറഞ്ഞു. ഒരു നിമിഷത്തെ മൗനാനന്തരം ഗോപന്‍ അവളുടെ കയ്യില്‍പിടുത്തമിട്ട് പാര്‍ട്ടി ഓഫീസിലേക്ക് നടന്നു. ആയിഷ യന്ത്രംകണക്കെ അവന് പിന്നാലെ ചെന്നു. 

ആയിഷയുമായി വീട്ടിലേക്ക് നടക്കുമ്പോള്‍ ഗോപന്റെ നെഞ്ചിനകത്ത് തീപ്പന്തമായിരുന്നു. വീട്ടില്‍ തെയ്യത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. എട്ട് ദിവസം കൂടിക്കഴിഞ്ഞാല്‍ വീടിനോട് ചേര്‍ന്നുള്ള കാവില്‍ പെരുങ്കളിയാട്ടം. അച്ഛന്‍ കാത്തിരുന്ന സുദിനം. രണ്ട് വര്‍ഷംമുന്‍പ് അച്ഛന്‍ കളി നിര്‍ത്തി തന്നെ കോലാധാരിയാക്കിയതു മുതല്‍ കേട്ടുകൊണ്ടിരുന്ന ദിവസം. വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം കാവില്‍ നടക്കാറുള്ള പെരുങ്കളിയാട്ടം. ഇത്തവണ അത് കെട്ടാന്‍ മകന്‍ മതിയെന്ന ആഗ്രഹം കൊണ്ടാണ് അച്ഛന്‍ രണ്ടുവര്‍ഷം മുന്‍പ് തന്നെ കോലാധാരിയാക്കിയത്. നാളെ രാവിലെ മുതല്‍ കുച്ചിലില്‍ കഠിനവ്രതമിരിക്കേണ്ടവനാണ്. ദൈവത്തെ പരകായപ്രവേശം ചെയ്യേണ്ട സമയത്ത് താന്‍ ചെയ്തത് ശരിയോ? അവന്‍ സ്വയംചോദിച്ചു. ആയിഷയുമായി ഗോപന്‍ വീടിന്റെ മുറ്റത്ത് എത്തുമ്പോള്‍ അച്ഛന്‍ ഗോപന് വ്രതമിരിക്കാന്‍ പള്ളിയറയ്ക്ക് പുറത്തായി ഓലകൊണ്ട് കുച്ചിലൊരുക്കുകയായിരുന്നു. പെരുങ്കളിയാട്ടത്തിന് സമര്‍പ്പിക്കാനുള്ള നെല്ല് ഭണ്ഡാരപ്പുരയുടെ പുറത്തുവച്ച് അളന്നുവാങ്ങുന്നവര്‍, കാവിന്റെ കന്നിമൂല മുതല്‍ ചുറ്റുപാടും കിളച്ചുവൃത്തിയാക്കുന്നവരും ചാണകംമെഴുകുന്ന പെണ്ണുങ്ങളും. തട്ടമിട്ട പെണ്‍കുട്ടിയുമായി വന്നുകയറിയ ഗോപനെകണ്ട് എല്ലാവരും ഒരു നിമിഷം സ്തബ്ധരായി. ''ഇവര് തമ്മില് ഇഷ്ടത്തിലായിരുന്നു. അത് ഞങ്ങളങ്ങ് നടത്തിക്കൊടുത്തു'' - ഗോപന് പിന്നില്‍ നടന്ന പാര്‍ട്ടി സെക്രട്ടറി മുന്നിലേക്ക് കയറി പറഞ്ഞു. 

ദേഷ്യവും സങ്കടവും ഇരച്ചെത്തിയ നേരം അച്ഛന്‍ വരാന്തയോട് ചേര്‍ന്ന ചതുക്കില്‍ തലയില്‍ കൈവെച്ച് ഇരുന്നുപോയി. അമ്മ സാരിത്തുമ്പില്‍ മുഖമൊളിപ്പിച്ച് വിതുമ്പി. ബന്ധുക്കള്‍ മുഖാമുഖം നോക്കി. ചിലര്‍ മൂക്കത്ത് വിരല്‍വെച്ച് നിശ്ചലരായി. ''നമ്മുടെ സമുദായത്തെ പറയിപ്പിക്കാന്‍ മാപ്ലച്ചിയുമായി വന്നിരിക്കുന്നു.. ഹും!'' എല്ലാവരും തിരിഞ്ഞുനോക്കി. ഗോപന്റെ അമ്മാവന്‍; സരളയുടെ നേരാങ്ങള കുമാരന്‍. ആയിഷയുടെ നെഞ്ച് പെരുമ്പറകൊട്ടി. അവള്‍ വിറച്ചു... ശരീരത്തിലങ്ങിങ്ങ് വിയര്‍പ്പു ലാവകള്‍ ഉറവയെടുത്തു. അവള്‍ ഗോപനോട് ചേര്‍ന്ന് നിന്ന് അവന്റെ കയ്യില്‍ മുറുക്കി പിടിച്ചു. അച്ഛന്‍ എഴുന്നേറ്റു. അയാളുടെ മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും പകച്ചു. ''ഇതുകൊണ്ട് വരുന്ന നാശനഷ്ടങ്ങളും അപമാനവും പേറാന്‍ രണ്ടും തയ്യാറാണെങ്കില്‍ വീട്ടിലേക്ക് കയറി പോയിനെടാ'' - അച്ഛന്‍ അത്രയും പറഞ്ഞു നിര്‍ത്തുമ്പോള്‍ തൊണ്ടയിടറുന്നുണ്ടായിരുന്നു. അതുകേട്ട് ആള്‍ക്കൂട്ടം ഇളകി. ചിലര്‍ കാര്‍ക്കിച്ചുതുപ്പി ഇറങ്ങിപ്പോയി. അമ്മ സരള മുഖം താഴ്ത്തി പിന്നാമ്പുറത്തേക്ക് ഓടി. ''നാട്ടില് കലാപത്തിനുള്ള കരിമരുന്നാ കുഞ്ഞിക്കണ്ണാ ഇന്റെ പുന്നോരമോന്‍ കയ്യില്‍ കൂട്ടിപിടിച്ചിരിക്കുന്നത്'' - അമ്മാവന്‍ കുമാരന്‍ ഉറഞ്ഞുതുള്ളി. ഉമ്മറകോണിയിലൂടെ റോഡിലേക്ക് ചാടിയിറങ്ങി. അതുകേട്ടപാതി അമ്മായിയും മക്കളും കുമാരനെ അനുഗമിച്ചു. അച്ഛന്റെ കണ്ണുകളില്‍ തീക്കനലുകളുടെ തിളക്കം. പേശികളില്‍ ചോരമിന്നല്‍ പിണരുകള്‍പോലെ പാഞ്ഞു. ഗോപന്‍ അച്ഛനില്‍നിന്നും കണ്ണെടുത്തു താഴേക്ക് നോക്കി. 

''മുച്ചിലോട്ടമ്മയെ പരകായ പ്രവേശം ചെയ്യേണ്ട സമയത്ത് ഗോപാ നീയീ ചെയ്തത് ശര്യാ?'' - കാവിലെ പെരുങ്കളിയാട്ട കമ്മിറ്റി പ്രസിഡന്റ് സഹദേവന്‍ ദേഷ്യപ്പെട്ടു. അന്യമതസ്ഥയുമായി അതും മാപ്ലച്ചിയുമായി ഒളിച്ചോടിവന്ന നിനക്കത് കെട്ടാന്‍ യോഗ്യതയുണ്ടോ? അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. പാര്‍ട്ടി സെക്രട്ടറി ഗോപന് ചുറ്റും സംരക്ഷണ വലയം തീര്‍ക്കുന്നതുപോലെ മുണ്ട് മടക്കിക്കുത്തി ഷര്‍ട്ടിന്റെ കൈതെരപ്പ് ഒന്നുകൂടി ചുരുട്ടിനില്‍ക്കെ പിന്നില്‍നിന്നും വീണ്ടും ചോദ്യശരം. ''ഒറ്റമോനാന്ന് പറഞ്ഞ് കോളേജില് പഠിക്കാന്‍ വീടുമ്പോഴും പാര്‍ട്ടിക്ക് പറഞ്ഞയക്കുമ്പോഴും ആലോചിക്കേണ്ടീന്നു കുഞ്ഞിക്കണ്ണാ...'' - ആഘോഷക്കമ്മിറ്റി സെക്രട്ടറി ചാത്തു പണിക്കര്‍ നിന്നുവിറച്ചു. ''ഇനി ഈ കുടുംബത്തീന്ന് ഒരാളേയും പെരുങ്കളിയാട്ടം കെട്ടാന്‍ മാണ്ട. അതിനു പറ്റിയ അനുസരണേള്ള ആണ്‍കുട്ട്യോള് മ്മ്ളെ സമുദായത്തില് ഇല്ലാണ്ടായിട്ടില്ല. ഇങ്ങള് വാ പ്രസിഡന്റേ'' - എന്ന് പറഞ്ഞ് ചാത്തു പണിക്കര്‍ കമ്മിറ്റി പ്രസിഡന്റിന്റെ കയ്യില്‍പിടിച്ച് വലിച്ച് പിറുപിറുത്തുകൊണ്ട് റോഡിലേക്ക് ഇറങ്ങി. അതുവരെ ഉണ്ടായിരുന്ന ആള്‍ക്കൂട്ടം മെലിഞ്ഞ് ഒറ്റക്കും തെറ്റക്കുമായി. 

അച്ഛന്റെ മുഖം കരുവാളിച്ചു. കാവില് തെയ്യംകെട്ടല് പാരമ്പര്യമായി തുടരുന്ന ആചാരമാണ്. അച്ഛനും അപ്പനപ്പൂപ്പന്മാരും തുടര്‍ന്നുവന്ന ആചാരം. എല്ലാവരും പെരുങ്കളിയാട്ടവും കെട്ടിയിട്ടുണ്ട്. ചുവപ്പ് പടര്‍ന്ന മുഖത്തെഴുത്തും ആടയാഭരണങ്ങളും ധരിച്ച് മുച്ചിലോട്ടമ്മയുടെ തിരുമുടി നിവര്‍ത്തിയാടുന്ന മകനെ കാണാനുള്ള ആ ആഗ്രഹം ഇവിടെ തകര്‍ന്നു. ഇനി ഈ കുടുംബത്തില്‍നിന്ന് ഒരു കോലാധാരിയില്ല. കുഞ്ഞിക്കണ്ണന്റെ നെഞ്ച് നീറിപുകഞ്ഞു. കണ്ണ് തിളച്ചുമറിഞ്ഞു. ഗോപനും ആയിഷയും ഒരടി പിന്നോട്ട് നിന്നു.

''ഓളെയുംകൊണ്ട് അകത്തേക്ക് കേറിപോടാ'' - അച്ഛന്‍ കണ്ണില്‍നിന്നും ഇറങ്ങാന്‍ തുടങ്ങിയ ജലധാര രണ്ടു കൈപ്പത്തിയും ചേര്‍ത്ത് തുടച്ചു വറ്റിച്ചു. പേടിച്ചുവിറച്ച ആയിഷയുടെ കയ്യുംപിടിച്ച് വീടിനകത്തേക്ക് കയറിപ്പോയ ആ ദിവസം ഗോപന് ഓര്‍മ്മ വന്നു. ആ അച്ഛനോട് താനെങ്ങനെയാണ് മറുപടി പറയുക. പതിവുപോലെ അച്ഛനെ വെറുത്തുപോകല്ലേയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച് ഗോപന്‍ ആദിമോനുമായി അകത്തേക്ക് പോയി. 

പശുവിനെ തീറ്റിച്ച് വീട്ടിലെത്തിയ അച്ഛനോട് അന്ന് ഗോപന്‍ ഒന്നുംമിണ്ടിയില്ല. ഊണ് കഴിക്കാന്‍ അടുത്താണ് ഇരുന്നതെങ്കിലും മുഖത്ത് നോക്കിയതുപോലുമില്ല. ഊണുകഴിഞ്ഞ് അവന്‍ നേരെ പോയത് കാവിലേക്കാണ്. അവിടെ കളിയാട്ട മഹോത്സവം നടക്കുകയാണ്. ആളുകളെകൊണ്ടും വാഹനങ്ങള്‍കൊണ്ടും നിറഞ്ഞ റോഡിലൂടെ അവന്‍ കാവിന്റെ പരിസരത്തേക്ക് നടന്നു. ഉച്ചഭാഷിണിയുടെ ശബ്ദത്തെ മുക്കുന്ന ആരവം. പള്ളിയറമുറ്റത്ത് അവന് ഭ്രഷ്ട് കല്‍പ്പിച്ചശേഷം വാഴിച്ച കോലാധാരി, കുമാരനമ്മാവന്റെ മൂത്തമകന്‍ തെക്കനൊടയും വെള്ളോട്ടു ചിലമ്പും അണിഞ്ഞ് കയ്യില്‍ ദീപിതക്കോലും ചേടകവാളും കുറുപരിചയുമായി ചുവടിടാന്‍ പൂത്തുനില്‍ക്കുന്നു. വില്‍പ്പനച്ചന്തകളില്‍ മാടിവിളിക്കുന്ന കളിപ്പാട്ടങ്ങളിലേക്ക് അവന്റെ കണ്ണുപാഞ്ഞു. ആദിമോനെ കൊണ്ടുവരേണ്ടതായിരുന്നു. കൊണ്ടുവന്നാലുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തമോര്‍ത്ത് മനസ്സ് പിന്നോക്കം നടന്നു. ''മാപ്ലച്ചിയുടെ ചോരയില്‍ പിറന്ന കുഞ്ഞിനെന്താ ദേവീടെ കാവില്‍കാര്യം'' - എന്നു ചോദിച്ചു ഈ ആള്‍ക്കൂട്ടത്തിന് തീപിടിച്ചേക്കാം. അതുവേണ്ട ഞാനും കുഞ്ഞും കാരണം ഇവിടെ ഒരു കലാപം വേണ്ട. ഗോപന്‍ ആത്മഗതം പൊഴിച്ചു. അവന്‍ വില്‍പ്പനച്ചന്തയിലേക്ക് നടന്നു. അവിടെ നിരത്തിവെച്ച ചില്ലുപെട്ടിയില്‍നിന്ന് ആയിഷക്ക് സുറുമയും ആദിമോന് ചാവി കൊടുത്താല്‍ ഓടിചാടുന്ന കുരങ്ങച്ചന്റെ പാവയും വാങ്ങി. 

കാവിനോട് ചേര്‍ന്ന പൊന്തക്കാട്ടില്‍ ഏഴാംക്ലാസുവരെ ഒപ്പം പഠിച്ച രാജേഷ് ചിരട്ടയില്‍ പകര്‍ന്നുകൊടുത്ത വാറ്റുചാരായം ഒരു കുപ്പി തൊണ്ട കടത്തിവിട്ട് ഗോപന്‍ വീണ്ടും കാവിനടുത്തേക്ക് നടന്നു. നേരമിരുട്ടിയിരുന്നു. തെയ്യം അതീവസുന്ദരമായ നൃത്തച്ചുവടുകളോടെ കത്തിജ്വലിച്ചു നില്‍ക്കുന്നു. മദ്യലഹരിയില്‍ ഗോപന്റെ കണ്ണുകള്‍ പാളിപ്പോയി. ചെണ്ടയുടെ താളത്തിനൊത്ത് അവന്‍ ചുവടുവച്ചു. പൊടുന്നനെ അവന്റെ ഫോണ്‍ വിറച്ചു. 

''യെസ് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. മുച്ചിലോട്ടമ്മയുള്ളപ്പോള്‍ എനിക്കെന്ത് ബുദ്ധിമുട്ട്.'' മേളങ്ങളുടേയും ഉച്ചഭാഷണിയുടേയും ആര്‍പ്പുവിളികളുടേയും ആരവങ്ങള്‍ക്കിടയില്‍ അവന്‍ ഫോണില്‍ പറഞ്ഞതൊന്നും കേട്ടിരുന്നില്ല. ഒരു ബുദ്ധിമുട്ടുമില്ല എന്നു കുഴഞ്ഞ നാവുകൊണ്ട് പറഞ്ഞൊപ്പിച്ച് ഗോപന്‍ അഴിഞ്ഞുവീഴാന്‍ തുടങ്ങിയ മുണ്ട് ഒരുവിധേന വാരിക്കുത്തി. 

''കമ്പനീന്നാണേ... കളിയാട്ടത്തിന് ലീവെടുത്ത എന്നോട് വല്ല ബുദ്ധിമുട്ടും ഉണ്ടോയെന്ന്'' - അവന്‍ അടുത്തുനിന്ന യുവാവിനെ തോണ്ടി പറഞ്ഞു. യുവാവ് മൂക്കുപൊത്തി അസഹ്യതയോടെ അവിടെ നിന്നും മാറിനിന്നു. കൂമ്പിപോകാന്‍ തുടങ്ങിയ കണ്‍പോളകള്‍ നേരെനിര്‍ത്താന്‍ പാടുപെട്ട് ഗോപന്‍ തെയ്യത്തിന്റെ ചുവപ്പ്മൂടിയ മുഖത്തെഴുത്തിലേക്ക് നോക്കി തലയിളക്കികൊണ്ടിരുന്നു. 

പിറ്റേദിവസം ഓഫീസിലെത്തിയ ഗോപന്‍ മാനേജരുടെ മുറിയില്‍ മുഖംതാഴ്ത്തിയിരുന്നു. ഫോണില്‍ ഓട്ടോമാറ്റിക്കായി റെക്കോര്‍ഡ് ആയ തലേദിവസത്തെ ഫോണ്‍കോള്‍ അവന്‍ ഹെഡ്സെറ്റ്വെച്ച് വീണ്ടും വീണ്ടുംകേട്ടു. മേളങ്ങള്‍ക്കിടയില്‍ അത് വേര്‍തിരിച്ചെടുത്തു. ''മിസ്റ്റര്‍ ഗോപന്‍ കമ്പനിയില്‍നിന്നാണ്. താങ്കളെ ഡല്‍ഹിയിലെ ഓഫീസിലേക്ക് സ്ഥലംമാറ്റി ഹെഡ് ഓഫീസില്‍നിന്ന് വന്ന ലെറ്റര്‍ താങ്കളുടെ മെയിലിലേക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. സമ്മതമല്ലേ? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മറ്റാരെയെങ്കിലും അയക്കാം.'' അവന്‍ ഹെഡ്സെറ്റ് മാറ്റി തലയുയര്‍ത്തി ''എന്തായാലും പോകണം ഇല്ലേ സര്‍'' - മാനേജര്‍ അതേയെന്ന് ധ്വനിപ്പിച്ച് തലയാട്ടി. ''അഞ്ച് ദിവസം കഴിഞ്ഞ് ജോയിന്‍ ചെയ്താല്‍ മതി. താമസ സൗകര്യം കമ്പനി വക ഹോസ്റ്റലില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഫ്‌ലൈറ്റ് ടിക്കറ്റ് റിസപ്ഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട്'' - മാനേജര്‍ നീട്ടിയ റിലീവിങ് ലെറ്റര്‍ വിറയലോടെ കൈപ്പറ്റി അവന്‍ ആ ചില്ലുക്കൂട്ടില്‍നിന്നും പുറത്തേക്ക് ഇറങ്ങി. 
ട്രാന്‍സ്ഫര്‍ വിവരമറിഞ്ഞശേഷം ഗോപന്റെ വീട് കരിനിഴല്‍ പടര്‍ന്നതുപോലെ നിന്നു. എപ്പോഴും കുത്തുവാക്കുകള്‍ പറഞ്ഞിരുന്ന കുഞ്ഞിക്കണ്ണന്‍ ഒന്നുംമിണ്ടിയില്ല. എന്തെല്ലാം ആരോക്കെ പറഞ്ഞാലും തനിക്ക് ഗോപനെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്ന് കുഞ്ഞിക്കണ്ണന്‍ തീര്‍ച്ചപ്പെടുത്തിക്കൊണ്ടിരുന്നു. തീന്‍മേശയിലും വരാന്തയിലും കാണുമ്പോള്‍ അച്ഛന്‍ ഗോപനെ വാത്സല്യത്തോടെ നോക്കി. ''ഇതുവരെ പിരിഞ്ഞിരിക്കാത്ത കുട്ടിയാ... എനിക്കതിന് കഴിയ്വോ സരളേ'' - ഉറക്കംവരാതെ കിടന്ന രാത്രി കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. സരള ഒന്നും മിണ്ടാതെ ചുണ്ടുകള്‍ കടിച്ചമര്‍ത്തി. 

ആയിഷ ഇടക്കിടെ ''എനിക്കും കുഞ്ഞിനും ആരാ ഉള്ളത്'' എന്ന ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവള്‍ക്കും ഉറക്കമുണ്ടായില്ല. ഗോപന്‍ ആദിമോനെ നെഞ്ചോട് ചേര്‍ത്ത് കിടത്തി അവന്റെ കണ്ണില്‍നിന്നും ഉറങ്ങിക്കിടന്ന ആദിമോന്റെ കവളിലേക്ക് പടര്‍ന്ന് നനവ് പുതപ്പിന്റെ തലപ്പുകൊണ്ട് തുടച്ചു. ''എന്നെയും മോനേയുംകൂടി കൊണ്ടുപോയ്ക്കൂടെ...'' ആയിഷ ചോദ്യമാവര്‍ത്തിച്ചു. ''ഈ അച്ഛന്റെ അടുത്ത് ഞാനെങ്ങനാ കഴിയുക. ഇങ്ങളുള്ളപ്പോള്‍ പറയണത് കേള്‍ക്കലില്ലേ. ഇനീപ്പം ആരുകേള്‍ക്കാന്‍... പറച്ചിലും കൂടും. എന്നേയും മോനേയും കൊണ്ടുപോയ്ക്കൂടെ...'' ആയിഷ പിറുപിറുത്തു. 

''നിനക്കറിയില്ലേ കാര്യങ്ങള്‍. ഈ ചെറിയ ശമ്പളത്തിന് ഞാനെങ്ങനെ നിന്നേയും മോനേയും അവിടെ കൊണ്ടുപോകും. ഒരു വാടക വീട് കിട്ടാന്‍ തന്നെ ആയിരങ്ങള്‍ കൊടുക്കണം. മാത്രമല്ല നമ്മള് മിശ്രവിവാഹിതരാണെന്ന് കേട്ടാല്‍ വീട് കിട്ടാനും പാടാകും. ഞാന്‍ എങ്ങനെയെങ്കിലും ട്രാന്‍സ്ഫര്‍ ഒപ്പിച്ച് തിരികെ വരാന്‍ കഴിയുമോയെന്ന് നോക്കും. ഡയറക്ടര്‍ അടുത്താഴ്ച ഡല്‍ഹി ഓഫീസില്‍ വരുന്നണ്ടത്രേ. നീ അതുതന്നെ പറഞ്ഞ് എന്നെ കരയിപ്പിക്കല്ലേ'' - അവന്‍ അവളെ ചേര്‍ത്തുപിടിച്ചു. അവള്‍ അവന്റെ നെഞ്ചിലെ രോമക്കാട്ടില്‍ മുഖമമര്‍ത്തിക്കിടന്നു കണ്ണീര്‍വാര്‍ത്തു. 

രാവിലെ ഗോപന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴേക്കും ഉത്സാഹമില്ലാതെ അച്ഛന്‍ വരാന്തയിലെ കസേരയില്‍ ഇരുപ്പുറപ്പിച്ചിരുന്നു. ആയിഷ കുഞ്ഞുമായി അവന് പിന്നാലെ നടന്നു. അമ്മ ഗോപന്റെ വസ്ത്രങ്ങടങ്ങിയ ബാഗ് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ കയറ്റിവച്ചു. ഗോപന്‍ യാത്ര ചോദിക്കാനെന്നോണം അച്ഛന്റെ അടുത്തെത്തി. അച്ഛന്‍ ഒന്നുംമിണ്ടിയില്ല. അവന്‍ ആയിഷയില്‍നിന്നും മകനെ വാങ്ങി കവിളിലും കൈകളിലും നെറുകയിലും കാല്‍പാദങ്ങളിലും ഉമ്മവച്ചു. പൊടുന്നനെ തിണ്ണയില്‍നിന്ന് എഴുന്നേറ്റ അച്ഛന്‍ ആദിമോനെ പിടിച്ചുവാങ്ങി കവിളില്‍ നിറയെ മുത്തമിട്ട് മാറോട് ചേര്‍ത്തു. ''നീ പോയി വാടാ...'' - ജനിച്ച് അഞ്ചുവര്‍ഷമായിട്ട് അന്നാദ്യമായി ആദിമോനെ അച്ഛന്‍ എടുക്കുന്ന കാഴ്ചകണ്ട് ആയിഷയുടേയും അമ്മയുടേയും കണ്ണുകള്‍ ഗോപനൊപ്പം നിറഞ്ഞൊഴുകി. 

ഗോപന്‍ പോയി ഒരാഴ്ച കഴിഞ്ഞ് ആ വീട് വീണ്ടും തിരക്കുകളിലേക്ക് മാറി. ഗോപനില്ലാത്തത് ആദിമോന് പ്രശ്‌നമായില്ല. അവന്‍ ഏതുസമയവും അച്ഛച്ഛന്‍ കുഞ്ഞിക്കണ്ണന്റെ പിന്നാലെ കൂടി. പശുവിനെ തീറ്റിക്കുമ്പോഴും കുളിപ്പിക്കുമ്പോഴും അവന്‍ ആ നിഴലറ്റം നടന്നു. പശുവിന്റെ അകിടില്‍നിന്നും മൂന്ന് വിരലുകള്‍ ചേര്‍ത്ത് കുഞ്ഞിക്കണ്ണന്‍ പാല്‍ ചുരത്തുമ്പോള്‍ ആ മടിയില്‍ കയറിയിരുന്ന് നറുപാലിന്റെ മണം നുകര്‍ന്നു. കുഞ്ഞിക്കണ്ണന്റെ നരകയറിയ കുറ്റിത്താടിരോമങ്ങളുടെ മൂര്‍ച്ചയില്‍ അവന്റെ ലോലമായ മുഖം ഉരസി ഇക്കിളിപ്പെട്ടു. ഗോപന്റെ വാട്സ് ആപ്പ് വിളികള്‍ക്കായി അച്ഛച്ചനും മകനും ആയിഷയുടെ ഫോണിന് ചുറ്റും വട്ടംകൂടി. അച്ഛന്റെ മാറ്റം കണ്ട് ഡല്‍ഹിയിലെ കൊടുചൂടിലും ഗോപന്‍ കുളിരണിഞ്ഞു. ഉടനൊന്നും ഇനിയൊരു ട്രാന്‍സ്ഫര്‍ സാധ്യമല്ലെന്ന് കമ്പനി എച്ച്.ആര്‍ പറഞ്ഞപ്പോള്‍ ഒന്നുപതറിയെങ്കിലും വീട്ടിലെ സ്‌നേഹാന്തരീക്ഷവും അച്ഛന്റെ മാറ്റവും ആയിഷ സന്തോഷത്തോടെ നിരന്തരം പങ്കുവച്ചപ്പോള്‍ ഗോപന്‍ ആഹ്ലാദിച്ചു. 

ഗോപന്‍ പോയശേഷം കുഞ്ഞിക്കണ്ണേട്ടന്റെ പെരുമാറ്റം അത്ര പന്തിയല്ലല്ലോയെന്ന ആലോചന സരളയെ നിരന്തരം അലട്ടി. കുഞ്ഞിക്കണ്ണേട്ടന്‍ ആയിഷയ്ക്ക് പിന്നാലെ കൂടുന്നു. മോന്റെ ഭാര്യയെ സ്വന്തം മകളായി കാണുന്നല്ലോയെന്ന സന്തോഷമായിരുന്നു ആദ്യമാദ്യം. പക്ഷേ, പിന്നീട് എന്തിനും അവള്‍ വേണമെന്നായി. വസ്ത്രം എടുത്തുകൊടുക്കാന്‍, കുടിക്കാന്‍ വെള്ളത്തിന്, ഭക്ഷണത്തിന് കുഞ്ഞിക്കണ്ണേട്ടന്‍ വിളിക്കുന്നത് ആയിഷയെ ആണല്ലോ? സരളയുടെ നെഞ്ച് പൊടിഞ്ഞു തുടങ്ങി. ആയിഷ അടുത്തെത്തുമ്പോള്‍ കുഞ്ഞിക്കണ്ണേട്ടന്റെ കണ്ണിലെ തിരയിളക്കം സരളയെ വറ്റിച്ചു. കൊടുംവേനലില്‍ കരിഞ്ഞുണങ്ങുന്ന ചേമ്പിന്‍താളുപോലെ താന്‍ ആ വീട്ടില്‍ ചുക്കിചുളിഞ്ഞു പോകുന്നതായി സരളയ്ക്ക് തോന്നി. 

ഒരു ദിവസം തൊഴിലുറപ്പ് കഴിഞ്ഞുവന്ന് വീടിന്റെ പടവുകള്‍ കയറുമ്പോള്‍ വരാന്തയില്‍ കണ്ട കാഴ്ച സരളയെ ഞെട്ടിച്ചു. ആയിഷയ്‌ക്കൊപ്പം ചുവട് വയ്ക്കുന്ന കുഞ്ഞിക്കണ്ണേട്ടന്‍! സരളയുടെ കയ്യിലെ ചോറ്റുപാത്രം താഴെവീണുചിതറി. സരളയെ കണ്ടിട്ടും കുഞ്ഞിക്കണ്ണന്‍ ആയിഷയുടെ കൈവിടാതെ ചുവട് തുര്‍ന്നു. ഒന്നു പതറിയെങ്കിലും ആയിഷ മുഖത്ത് ചിരിവരുത്താന്‍ ശ്രമിച്ചു. നിലത്തുവീണ ചോറ്റുപാത്രം പോലുമെടുക്കാതെ വരാന്തയില്‍ കളിക്കുകയായിരുന്ന ആദിമോനെ ശ്രദ്ധിക്കാതെ, ''എന്താപ്പോ ഇന്റെ മൊഖത്തൊരു കറുപ്പ്. വെയിലുകൊണ്ടതിന്റേയാ...'' - എന്ന കുഞ്ഞിക്കണ്ണന്റെ ചോദ്യത്തിനു മറുപടി പറയാതെ സരള ദേഷ്യത്തോടെ അകത്തേക്ക് പോയി. ഒരു അമ്മയ്ക്ക്, ഭാര്യക്ക്, പെണ്ണിന് ഇതൊക്കെ കണ്ടു നില്‍ക്കാമോ? കിടപ്പുമുറിയില്‍ കയറി പ്ലാസ്റ്റിക് കവറില്‍ കയ്യില്‍കിട്ടിയ വസ്ത്രങ്ങളെടുത്ത് നിറയ്ക്കുമ്പോള്‍ സരളയ്ക്ക് ആലോചിക്കാന്‍തന്നെ വയ്യെന്നായി. അവള്‍ വസ്ത്രങ്ങള്‍ നിറച്ച കവറെടുത്ത് കൊടുങ്കാറ്റ് കണക്കെ മുറ്റത്തേക്കിറങ്ങി. മിന്നല്‍വേഗത്തില്‍ നടക്കാന്‍ തുടങ്ങിയ സരളയ്ക്ക് മുന്നില്‍ കുഞ്ഞിക്കണ്ണന്‍ വന്‍മതിലായി രൂപപ്പെട്ടു. ''വഴിമാറ്... ഇനി ഈ വീട്ടില് ഞാനൂല്ല, ന്റെ മോനൂല്ല. എന്തു വേണേലും ആയിക്കോ... എനിക്ക് ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടോയെന്ന് നോക്കട്ടെ'' - സരളയുടെ ഇടിമുഴക്കത്തിന് മുന്നില്‍ പതറി കുഞ്ഞിക്കണ്ണന്‍ ഒന്നു അയഞ്ഞു. എന്താണ് സംഭവിക്കുന്നതെറിയാതെ ആയിഷ ആദിമോനെ വാരിയെടുത്തു. 

''ഞാന്‍ പറയട്ടെ...'' - എന്ന് അനുനയമൊഴിയിട്ട കുഞ്ഞിക്കണ്ണനെ കേള്‍ക്കാതെ സരള കോണിയിറങ്ങി ദ്രുതവേഗത്തില്‍ നടന്നു. ഒരു നിമിഷം പതറി കുഞ്ഞിക്കണ്ണന്‍ ആയിഷയെ നോക്കി. ''നീ പേടിക്കണ്ട... എന്നെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ അവള്‍ പോട്ടെ...'' എന്നു പറഞ്ഞ് കുഞ്ഞിക്കണ്ണന്‍ ആദിമോനെ ആയിഷയില്‍നിന്ന് വാങ്ങി തൊടിയിലേക്ക് ഇറങ്ങി. 

അമ്മയോട് പറയണമെന്ന് ഞാന്‍ പലവട്ടം പറഞ്ഞതാണ്. പറഞ്ഞാലും അമ്മയ്ക്ക് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അച്ഛന്‍ പറഞ്ഞതോണ്ട് മാത്രമാണ് താന്‍ പറയാതിരുന്നത്. ആയിഷ തന്റെ ഭാഗം സ്വയം ന്യായീകരിച്ചു. 

പിറ്റെദിവസം രാവിലെ സരളയ്‌ക്കൊപ്പം കോമരംപോലെ ഉറഞ്ഞുതുള്ളിയെത്തിയ അളിയന്‍ കുമാരനെ കണ്ടാണ് കുഞ്ഞിക്കണ്ണന്‍ ഉണര്‍ന്നത്. ''കുമാരാ നീ നിന്ന് വെറയ്ക്കാതെ കാര്യം പറ...'' - കണ്ണ് നുള്ളി പൊളിച്ച് ഉമ്മറത്തെത്തിയ കുഞ്ഞിക്കണ്ണന്‍ പറഞ്ഞെങ്കിലും കുമാരന്‍ മുറ്റത്തു കൂടി ധൃതി വെച്ച് ഉലാത്തിക്കൊണ്ടിരുന്നു. ''ഈ നാണം കെട്ട കാര്യം നമ്മള് രണ്ടാളും പറഞ്ഞാല്‍ ശരിയാവില്ല... എനിക്ക് ചിലരും കൂടി വരാന്‍ ഉണ്ട്'' - കുമാരന്‍ തൊണ്ട പൊട്ടിച്ചു. ''സരളേ നീ കേറി അകത്തേക്ക് പോ... നമുക്ക് പറഞ്ഞുതീര്‍ക്കാനുള്ള പ്രശ്‌നല്ലേ ഇതുള്ളൂ. കേറി പോ... നിന്റെ കൂടി വീടല്ലേ ഇത്...'' - കുഞ്ഞിക്കണ്ണന്‍ അനുനയിപ്പിച്ചെങ്കിലും സരള കനപ്പിച്ച മുഖമെടുത്തെറിഞ്ഞ് മുറ്റത്ത് മുണ്ട് മാടിക്കുത്തിയും അഴിച്ചും വെപ്രാളപ്പെട്ട കുമാരന്റെ അടുത്ത നീക്കത്തിന് കണ്ണയച്ചു. 

ആയിഷ പേടി കുത്തിയൊലിച്ച വിറയലോടെ മുറ്റത്ത് ഇറങ്ങി... ''മാറി പോടി നാശം പിടിച്ചവളെ...'' - സരള ആയിഷയെ തള്ളിമാറ്റി മുട്ടനൊരു അശ്ലീലം പറയാനൊരുങ്ങിയതും കുഞ്ഞിക്കണ്ണന്‍ സരളയുടെ വായ പൊത്തിയതും ഒരുമിച്ചായിരുന്നു.. ''വായില്‍നിന്ന് വീണാ തിരിച്ചെടുക്കാന്‍ പറ്റില്ല... നീ ആരോടാ പറയുന്നതെന്ന ഓര്‍മ്മ വേണം. ഇത് നിന്റെ മോളല്ലേടി...'' - പൊട്ടിത്തെറിച്ച കുഞ്ഞിക്കണ്ണന്റെ ബലിഷ്ടമായ കൈകളില്‍നിന്നു രക്ഷപ്പെടാന്‍ സരള വിഫലശ്രമം നടത്തി. ഇതു കണ്ട് ഓടിയടുത്ത കുമാരനെ ഒറ്റനോട്ടത്തിന് ദഹിപ്പിച്ച് കുഞ്ഞിക്കണ്ണന്‍ നിലത്ത് വീണു കിടന്ന ആയിഷയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അപ്പോഴേക്കും ചാത്തു പണിക്കരും സഹദേവനും നാട്ടുകാരും മുറ്റത്തേയ്ക്ക് കുതിച്ചെത്തി. എല്ലാം നമുക്ക് പറഞ്ഞു തീര്‍ക്കാം എന്നു പറഞ്ഞ് ചാത്തു പണിക്കര്‍ കുഞ്ഞിക്കണ്ണനെ പിടിച്ച് അല്‍പ്പം ദൂരത്തേക്ക് കൂട്ടികൊണ്ടു പോയി.

ആയിഷ വരാന്തയില്‍ കയറി മകനെ എടുത്ത് പൊട്ടിക്കരഞ്ഞു. ഫോണില്‍ ഗോപനെ വിളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ദൂരെ മാറിനിന്ന് ചാത്തു പണിക്കരും കുഞ്ഞിക്കണ്ണനും പറയുന്നത് കേള്‍ക്കാന്‍ കുമാരനും സരളയും കാതു കൂര്‍പ്പിച്ചു... ''ഇതെന്റെ തീരുമാനം ആണ്. ഞാനത് ചെയ്യും.'' കുഞ്ഞിക്കണ്ണന്റെ ശബ്ദം കതിനവെടി മുഴക്കി. ''സമ്മതിക്കില്ല കുഞ്ഞിക്കണ്ണാ... നിന്റെ മോനോ സമുദായത്തെ പറയിപ്പിച്ചു. ഇനി ആ മാപ്ലച്ചിയെ വെച്ച് നീയും...'' ചാത്തു പണിക്കര്‍ ഒച്ചവെച്ച് കുമാരനടുത്തേക്ക് നടന്നു. ''കുമാരാ നീയും സരളയും വിചാരിക്കുന്നതിനപ്പുറാകാര്യങ്ങള്‍ ഇങ്ങള് വാ'' എന്ന് പറഞ്ഞ് ചാത്തു പണിക്കര്‍ കുമാരനേയും സരളയേയും ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കുറച്ചുസമയത്തിനുശേഷം ''എന്റെ മുച്ചിലോട്ടമ്മേ'' എന്ന് വിളിച്ച് സരള കുഞ്ഞിക്കണ്ണന്റെ കാലില്‍ ചെന്നു വീണു. ''എന്നോട് മാപ്പാക്കണം. തെറ്റിദ്ധരിച്ചു. എന്നോട് പറയായിരുന്നില്ലേ...'' - സരള വാവിട്ടു കരഞ്ഞു. കുഞ്ഞിക്കണ്ണന്‍ കരിമ്പാറകണക്കെ നിന്നു. ഇതു കണ്ട കുമാരനും ചാത്തു പണിക്കരും പെട്രോളിന് തീപിടിച്ച പോലെ അവിടേക്ക് കുതിച്ചെത്തി. ''പെങ്ങളെ നീ ക്ഷമിച്ചാലും ഞങ്ങളിത് ക്ഷമിക്കൂല. സമുദായത്തെ പറയിക്കാന്‍ ഞങ്ങള് സമ്മതിക്കൂല...'' - എന്നു പറഞ്ഞ ചാത്തു പണിക്കര്‍ കോണി ഇറങ്ങി. തൊട്ടുപിന്നാലെ സരളയെ കടുപ്പിച്ച് നോക്കി ആട്ടിതുപ്പി കുമാരനും അവിടം വിട്ടു. കുഞ്ഞിക്കണ്ണന്‍ സരളയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. സരള ആയിഷയെ കെട്ടിപിടിച്ചു വിതുമ്പി.. ''സാരമില്ലമ്മേ... അച്ഛന്റെ മോഹമല്ലേ എന്നു കരുതിയ ഞാന്‍...'' ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് അത് പറയുമ്പോള്‍ അവളുടെ തൊണ്ടയിടറി. 

''നിനക്ക് പേടീണ്ടോ മോളെ...'' കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. ''ഇല്ലച്ഛാ... അച്ഛന്റെ ആഗ്രഹം നടക്കണം. ഗോപുവേട്ടന്‍ പറഞ്ഞിട്ടുണ്ട്. അത് നടക്കണം.'' - ആയിഷ ആത്മവിശ്വാസത്തോടെ അതു പറയുമ്പോള്‍ കുഞ്ഞിക്കണ്ണന്റെ നക്ഷത്രച്ചിരിയുദിച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ അച്ഛന്‍ പറഞ്ഞു കൊടുത്ത ചുവടുകള്‍ സമയം കിട്ടുമ്പോഴെല്ലാം പരിശീലിച്ചു; മറന്നുവെച്ചതിനെ വീണ്ടെടുക്കുന്ന ആവേശത്തോടെ. സരള ആദിമോനെയുമെടുത്ത് അതു നോക്കിയിരുന്നു. കുട്ടിക്കാലത്ത് വീടിനടുത്തെ ഗുരുകുലത്തില്‍ ഗോപന്‍ ചുവട് വയ്ക്കുമ്പോള്‍ അലക്കുകല്ലില്‍ കയറി നോക്കിയിരിക്കാറുള്ളത് ആയിഷ ഓര്‍ത്തു. അന്ന് എല്ലാവരും പോയിക്കഴിയുമ്പോള്‍ വീട്ടില്‍ കതകടച്ച് അവള്‍ ചുവടുവയ്ക്കും. ധമനികളില്‍ പൂര്‍വ്വികര്‍ ഉറഞ്ഞെത്തുന്നത് അവളറിഞ്ഞിരുന്നു. പലപ്പോഴും സ്വബോധം മറയുവോളം അവള്‍ തുള്ളിയാടി. അതു തനിക്കിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നത് അച്ഛനെ സന്തോഷിപ്പിക്കുന്നുവെന്നത്  ആയിഷയെ ആഹ്ലാദിപ്പിച്ചു.
 
മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും രക്തവര്‍ണ്ണാങ്കിതമായ ആടയാഭരണങ്ങളും ധരിച്ച് ചുവട് വയ്ക്കുന്നത് ആയിഷ ഉറങ്ങാതെ സ്വപ്നം കണ്ടു. പൂജാമുറിയില്‍ പൊടിപിടിച്ചു കിടന്ന ചെണ്ടയും ചേങ്ങിലയും ഇലത്താളവും കുറുംകുഴലും തകിലും എടുത്ത് കുഞ്ഞിക്കണ്ണന്‍ തുടച്ചുവച്ചു. 
ക്ഷേത്രാചാരം സ്വന്തംവീട്ടില്‍ നടത്തുന്ന, അതും ഒരു അന്യസമുദായക്കാരിയെ വെച്ച് നടത്തുന്ന കുഞ്ഞിക്കണ്ണന്‍; ചായപീടികയിലും പലചരക്ക് കടയിലും പാടത്തും സ്‌കൂളിലും ഓഫീസിലും ചന്തയിലുമെല്ലാം ആ വാര്‍ത്ത ആളിപടര്‍ന്നു. അത് സ്ത്രീകള്‍ കെട്ടുന്ന ഏകതെയ്യമായ ദേവത്താരല്ല എന്നറിഞ്ഞതോടെ അത് അന്യനാടുകളിലേക്കും പടര്‍ന്നു. പക്ഷേ, കുഞ്ഞിക്കണ്ണന്‍ കുലുങ്ങിയില്ല. പിന്തിരിയണമെന്ന ഉപദേശവുമായി എത്തുന്നവരെയെല്ലാം ഇത് ഒരു കലകൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തി കുഞ്ഞിക്കണ്ണന്‍. ചിലര്‍ കാണിച്ചു തരാമെന്നു പറഞ്ഞുപോയി. മറ്റുചിലര്‍ തനിക്ക് വട്ടാ കുഞ്ഞിക്കണ്ണാ... എന്നും പറഞ്ഞു മുഖം കറുപ്പിച്ചു. 

ചരിത്രം കുറിക്കാന്‍ പോകുന്ന ആയിഷയുടെ തെയ്യം പകര്‍ത്താന്‍ വിദേശ ദൃശ്യമാധ്യമ പ്രതിനിധികളടക്കം നേരത്തെ തന്നെ ആ വീട്ടിലെത്തി. അപ്പോള്‍ മാത്രമാണ് താന്‍ ചെയ്യാന്‍ പോകുന്നതെന്തോ കനപ്പെട്ട കാര്യമാണെന്ന് ആയിഷയ്ക്ക് ബോധ്യമായത്. അച്ഛന്റെ സന്തോഷത്തിനു മാത്രമാണല്ലോ താനിത് കെട്ടുന്നത്. അച്ഛനെ സങ്കടപ്പെടുത്തില്ല എന്ന് ഗോപന് വാക്കുകൊടുത്തതു കൊണ്ടുമാത്രം. അന്ന് ഗോപനൊപ്പം വീട് വിട്ടിറങ്ങിയശേഷം വഴിയില്‍ പലവട്ടം കണ്ടപ്പോഴെല്ലാം ഒന്നും ഉരിയാടാതെ മുഖംതിരിച്ചു നടന്നുപോയ ബാപ്പ വിളിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അവള്‍ കുലുങ്ങിയില്ല. നാട്ടില്‍ കലാപമുണ്ടാക്കരുത് എന്ന് ബാപ്പ പറഞ്ഞപ്പോഴും കലാപത്തിനല്ല സൗഹാര്‍ദ്ദത്തിനാണ് ഞാനിത്... എന്ന് ആയിഷ പറഞ്ഞുതീരും മുന്നേ മറുതലക്ക് ഫോണ്‍ കട്ടായി. 

ചാണകംമെഴുകി, കുരുത്തോല വിധാനിച്ച മുറ്റത്തെ ഒരു കോണില്‍ വിരിച്ച പായയില്‍ ആയിഷയെ കിടത്തി കുഞ്ഞിക്കണ്ണന്‍ മുഖത്തെഴുത്ത് തുടങ്ങി. ഗോപന് ലീവ് കിട്ടാത്തത് ആയിഷയെ സങ്കടപ്പെടുത്തി. തന്റെ കണ്ണുകള്‍ ചെറുതാക്കി അച്ഛന്‍ എഴുതുമ്പോള്‍ നനവ് പൊടിയാതിരിക്കാന്‍ അവള്‍ പാടുപെട്ടു. മുഖത്ത് ഇളംപ്രാവിന്റെ ചിറകുകള്‍ പടര്‍ന്നു. നെറുകയില്‍ കത്തുന്ന സൂര്യന്റെ ചൂട് അവളറിഞ്ഞില്ല. പൂരപറമ്പുപോലെ ആളുകള്‍ ഒഴുകിയെത്തി. തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്തി ചാനലുകളും അത് ചൂടോടെ എഫ്ബിയിലും യൂടൂബിലും പോസ്റ്റാന്‍ മൊബൈലുകളും.

വാദ്യമേളങ്ങളുടെ ശബ്ദം ആകാശംമുട്ടി. നാലുദിക്കുകളേയും വിറപ്പിച്ച് കതിനവെടി മുഴങ്ങി. കൈവിളക്കുമായി കുച്ചിലില്‍നിന്ന് ചായില്യത്തില്‍മുങ്ങി ആടയാഭരണങ്ങള്‍ ധരിച്ച് ആയിഷ തിരുമുടി നിവര്‍ത്തി ആട്ടംതുടങ്ങുമ്പോള്‍ പിന്നില്‍നിന്നും ഒരു ഉലക്ക ആയിഷയുടെ തലയില്‍ വന്നടിച്ചു. ചോര. അവളുടെ നിലവിളിയില്‍ ആള്‍ക്കൂട്ടം ഒരു നിമിഷം സ്തംഭിച്ചു. പൂമരം കടപുഴകും കണക്കെ ആയിഷ നിലത്ത് പതിക്കുമ്പോള്‍ ഇളക്കിതെറിച്ച ആള്‍ക്കൂട്ടതിനിടയിലൂടെ ആദിമോന്‍ മുന്നിലേക്ക് കുതിച്ചു. തറയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ആയിഷയുടെ അടുത്തേക്ക് കുതറിയോടാന്‍ ശ്രമിച്ച ആദിമോനെ പിന്നാലെയെത്തിയ സരള പിടിച്ചുനിര്‍ത്താന്‍ പാടുപെട്ടു. അവന്റെ ചുണ്ടുകള്‍ കൂട്ടിയിടിച്ചു. കണ്ണുകളില്‍നിന്ന് ജലംകുത്തിയൊഴുകി. അവന്‍ ''ഉമ്മച്ചീ...'' എന്ന് നീട്ടിവിളിച്ചു. പിറവിയെപോലും പ്രകമ്പനംകൊളിച്ച ആ ശബ്ദത്തില്‍ ഇളകിതെറിച്ച ആള്‍ക്കൂട്ടത്തിനിടയില്‍ പുറംതിരിഞ്ഞോടിയ അളിയന്‍ കുമാരനെ തിരിയുകയായിരുന്നു കുഞ്ഞിക്കണ്ണന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com