'വചനം രൂപമാകുന്നു'- യു. സന്ധ്യ എഴുതിയ കഥ

കുറേ നേരമായി ജൂലി കുര തുടങ്ങിയിട്ട്. അര്‍ദ്ധനിദ്രയില്‍ കിടന്നു കുറച്ചുനേരം സഹിച്ചു. അവള്‍ നിറുത്തുന്ന മട്ടൊന്നും കാണുന്നില്ല. ആദം എഴുന്നേറ്റു.ലൈറ്റിട്ടപ്പോള്‍ കണ്ണില്‍ ഉറക്കം നീറി
'വചനം രൂപമാകുന്നു'- യു. സന്ധ്യ എഴുതിയ കഥ

കുറേ നേരമായി ജൂലി കുര തുടങ്ങിയിട്ട്. അര്‍ദ്ധനിദ്രയില്‍ കിടന്നു കുറച്ചുനേരം സഹിച്ചു. അവള്‍ നിറുത്തുന്ന മട്ടൊന്നും കാണുന്നില്ല. ആദം എഴുന്നേറ്റു.
ലൈറ്റിട്ടപ്പോള്‍ കണ്ണില്‍ ഉറക്കം നീറി. ഭാര്യ ഒന്നും അറിയാതെ സുഖമായി ഉറങ്ങുന്നതയാള്‍ ഒരു നിമിഷം നോക്കിനിന്നു.

ജൂലി കുരച്ചുകൊണ്ടിരുന്നു. പുറത്തെ ലൈറ്റുകളെല്ലാം തെളിഞ്ഞു. മുന്‍വശത്തെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ആരുമില്ല.

കയ്യില്‍ കരുതിയ ടോര്‍ച്ച് വെട്ടത്തില്‍ കൂടുതല്‍ പരതി. ഒന്നുമില്ല. ഒരു പൂച്ചയോ പട്ടിയോ പോലുമില്ല.
''പിന്നിവള്‍ക്കെന്ത്ന്റെ കൊഴപ്പവാ'' എന്ന മട്ടില്‍ ആദം ജൂലിയെ ശാസിച്ചു.
''നിറ്ത്തിക്കോ... ഞാവന്നാ കിട്ടും നെനക്ക്.''
യജമാനന്റെ താക്കീത് അവളെ കുറച്ചു നിയന്ത്രിച്ചു. കുരയുടെ കാഠിന്യം കുറഞ്ഞു. പതിയെ അത് ഇടയ്ക്കിടെയുള്ള മൂളലിലേക്കും കുരയിലേക്കും വഴി മാറി.

ആദം സോഫയില്‍ ചാരിയിരുന്നു. ''അവളൊന്നടങ്ങട്ടെ. പിന്നേം ഉറക്കം കെടുത്താന്‍ വയ്യ.''
അവളൊന്നുമില്ലാതെ ഇങ്ങനെ കുരയ്ക്കില്ല. എന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്തോ? ഈ ചിന്തകളെല്ലാം അയാളിലെത്തിയെങ്കിലും പുറത്തേക്കിറങ്ങിയില്ല.

മകന്‍ റിനോയിയുടെ മുറിയില്‍ ഇപ്പോഴും ലൈറ്റ് തെളിഞ്ഞിട്ടുണ്ട്. അവനെന്നും ഉറങ്ങുമ്പോള്‍ ഒരു നേരമാകും. രാത്രികള്‍ അവന് പഠിക്കാനുള്ളതാണ്. പഠനം സ്വതന്ത്രമായ കണ്ടെത്തലുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ബോധ്യപ്പെട്ടു തുടങ്ങിയതു മുതല്‍ അവന്‍ അങ്ങനെയാണ്. ലൈബ്രറിയും വര്‍ക്ക്ഷോപ്പും മ്യൂസിയവുമെല്ലാം അവന്റെ കൊച്ചുമുറിക്കുള്ളിലുണ്ട്. രാത്രി അതെല്ലാം സജീവമാകും.
ജൂലി എത്രയോ നേരമായി കുരയ്ക്കുന്നു. അതവനെ തെല്ലും അലട്ടുന്നില്ല. പരിസരബന്ധമില്ലാതെയുള്ള മകന്റെ ജീവിതം ആദത്തിന്റെ ഉള്ളിലെന്നും വിങ്ങലായിക്കിടന്നു. മകന്റെ കണ്ടുപിടുത്തങ്ങളിലും അംഗീകാരങ്ങളിലും ഊറ്റംകൊള്ളുന്ന ഭാര്യയുടെ മുന്‍പില്‍ ആദം എന്നും 16-ാം നൂറ്റാണ്ടുകാരന്‍ പഴഞ്ചനാണ്.

മകന്റെ ജീവിതം ആദത്തിനെ ചിലതെല്ലാം ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തും.
വീട്ടില്‍ എന്ത് കാര്യം വന്നാലും മുന്നില്‍നില്‍ക്കുന്ന ഒരു കൗമാരക്കാരന്‍. പട്ടി കുരച്ചാലും പാമ്പുവന്നാലും പശു പ്രസവിച്ചാലും മോട്ടോര്‍ കേടായാലും ലൈറ്റ് ഫ്യൂസായാലുമെല്ലാം അവന്‍ നോക്കിക്കൊള്ളും. ഇത്തരം കാര്യങ്ങളില്‍ മറ്റാരും വ്യാകുലപ്പെട്ടില്ല.

ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

''ഒരാഞ്ചെറുക്കനുണ്ടെല്ലോ. ആദം. അവന്‍ ചെയ്‌തോളും എല്ലാം.'' ആദത്തിന്റെ മാത്രമല്ല; വീട്ടില്‍ ആണ്‍കുട്ടികളുള്ള എല്ലാ അച്ഛനമ്മമാരുടേയും വിശ്വാസമായിരുന്നു അന്നത്.
ഒരിക്കല്‍ റിനോയി സയന്‍സ് എക്‌സ്പോയില്‍ അവതരിപ്പിച്ച സെക്യൂരിറ്റി റോബോയ്ക്ക് കിട്ടിയ അംഗീകാരം ഷോകെയ്സിലിരുന്ന് തിളങ്ങുന്നത് നോക്കി ആദം ഭാര്യയോടു പറഞ്ഞു.
''അവന്റെ കണ്ടുപിടുത്തങ്ങളില്‍ എന്തോ കുറവുണ്ട്.''
''ഓ അവന്‍ ചെറുപ്പമല്ലേ. ഈ പ്രായത്തില്‍ അവനിത്രേം കഴിയുന്നത് തന്നെ അത്ഭുതാ. സെക്യൂരിറ്റി റോബോ കുറേക്കൂടി ഡെവലപ്പ് ചെയ്ത് പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണവന്‍'' - ഭാര്യ അഭിമാനം കൊണ്ടു.
''അതല്ല ഞാനുദ്ദേശിച്ചത്. കള്ളന്മാരെ പിടിക്കുന്ന റോബര്‍ട്ടിന് മനുഷ്യത്വം തീരെയില്ലല്ലോ?''
ഭാര്യ ആദത്തിനെ പരിഹസിച്ചു. ''നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ? അത് റോബര്‍ട്ടാ. മനുഷ്യനല്ലാ.''
''അതാ ഞാമ്പറഞ്ഞേ. സെക്യൂരിറ്റി കോഡ് മാച്ച് ആകാത്തയാള്‍ അകത്തു കടന്നാല്‍ അത് കൊന്നുകളയില്ലേ. മോഷണത്തിനു ശിക്ഷ മരണം ആകുന്നതാണ് അംഗീകരിക്കാനാകാത്തത്'' - ആദം ആശങ്കപ്പെട്ടു.
ഭാര്യ അയാളെ മിഴിച്ചുനോക്കി. അവള്‍ ഒരു നിഗമനത്തിലെത്തി. ''നിങ്ങള്‍ക്കു വട്ടാണ്. നോക്ക് മോന്‍ കേള്‍ക്കെ ഇതൊന്നും എഴുന്നള്ളിക്കരുത്.''

മകന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി ഭാര്യ യേശുദേവന്റെ ക്രൂശിത രൂപത്തിനു മുന്നില്‍ എന്നും മെഴുകുതിരി തെളിയിച്ചു. മുട്ടിന്മേല്‍നിന്ന് ബൈബിള്‍ വാക്യങ്ങള്‍ വായിച്ചു. പ്രാര്‍ത്ഥിച്ചു. കരുണയുള്ളവനേ നാഥാ നീ എന്റെ മകന്റെ വഴികളില്‍ എന്നും പ്രഭചൊരിയേണമേ... എന്നും അവന് കൂട്ടായിരിക്കണമേ....
ഇങ്ങനെ പ്രാര്‍ത്ഥന പുരോഗമിക്കുമ്പോള്‍ മെഴുകുതിരികള്‍ക്കു ചുറ്റും നിശാശലഭങ്ങള്‍ ചുറ്റിപ്പറക്കും. ചിലപ്പോഴൊക്കെ അവറ്റകളുടെ ചിറകടിയില്‍ തിരി കെട്ടുപോകുമെന്നു തോന്നും. അപ്പോള്‍ ആദമോ റിനോയിയോ നിശാശലഭങ്ങളെ നിയന്ത്രിക്കാന്‍ കൂടും.

ഒരു ദിവസം പ്രാര്‍ത്ഥനയ്ക്കുശേഷം റിനോയി വിജയഭാവത്തില്‍ ചോദിച്ചു:
''ഇന്ന് ശലഭങ്ങള്‍ വന്നില്ലല്ലോ?''
അപ്പോഴാണ് ആദമും ഭാര്യയും അതു ശ്രദ്ധിച്ചത്.
ജിജ്ഞാസയോടെ നോക്കിയ അച്ഛനേയും അമ്മയേയും അവന്‍ വീടിനു പുറത്തേക്ക് കൊണ്ടുപോയി. ചെടിച്ചട്ടികള്‍ക്കിടയിലേക്ക് അവന്‍ ടോര്‍ച്ചടിച്ചു. ഒരു പാത്രത്തിലെ ഏതോ ലായിനിക്കകത്ത് നിശാശലഭങ്ങള്‍ ചിറകറ്റ് ചത്ത് മലര്‍ന്നുകിടക്കുന്നു.

''ന്താടാത്? നീ കണ്ടെത്തീതാ?'' കൗതുകത്തോടെ അമ്മ ചോദിച്ചു.
''ഊം'' പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തില്‍ അവന്‍ മൂളി.
''ന്താ കാണിക്കുന്നേ?'' ആദം മകനെ നോക്കി ദേഷ്യപ്പെട്ടു.
''അവറ്റയെ ഇല്ലാതാക്കീട്ടു നെനക്ക്ന്ത് കിട്ടാനാ?''
ഉടന്‍ തന്നെ മകന്റെ മയമില്ലാത്ത മറുചോദ്യം വന്നു.
''അവറ്റെക്കൊണ്ട് അച്ഛനെന്താ ഗുണം?''
ആദത്തിന്റെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിലായി.

''ഗുണമില്ലാത്തതിനെയെല്ലാം കൊല്ലാന്‍ എവ്ട്ന്നാ പഠിച്ചേ? അറിവ് കൂടിയതിന്റെ കൊഴപ്പാണ്. ഷഡ്പദങ്ങളില്ലാത്ത ലോകത്തിന് ജീവനുണ്ടാവില്ല. ഇതാരും പറഞ്ഞു തന്നിട്ടില്ലേ?''
''ഓ അതാണോ കാര്യം. അച്ഛന്‍ വെഷമിക്കണ്ട. കൃത്രിമ ഷഡ്പദങ്ങളുടെ ഗവേഷണത്തിലാണ് ഞാന്‍. എന്റെ ഭാവി അതിലൂടെ അറിയപ്പെടും. അച്ഛന്‍ നോക്കിക്കൊ.'' ആത്മവിശ്വാസത്തോടെ പറഞ്ഞു.
അവന്റെ തിളങ്ങുന്ന കണ്ണുകള്‍ കണ്ട് ഭാര്യ മനസ്സില്‍ ഒന്നുകൂടി മകനുവേണ്ടി പ്രാര്‍ത്ഥിച്ചു.
ജൂലി ഇപ്പോള്‍ മുളുന്നില്ല. ആദം ഉറപ്പിച്ചു. ലൈറ്റുകള്‍ കിടത്തി. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അവളോട് ഗുഡ്നൈറ്റ് പറഞ്ഞു.
''നീ ഉറങ്ങിയോ? ഗുഡ്നൈറ്റ്. നമുക്ക് നാളെ കാണാം.''
പോകുന്ന വഴി മകന്റെ മുറിയിലേക്കും നോക്കി. ലൈറ്റിപ്പോഴുമുണ്ട്.

നാളെ ഞായറാഴ്ചയാണ് ജൂലിയെ കാണാനുള്ള ദിവസം. ആഴ്ചയിലൊരിക്കലാണ് അയാള്‍ അവളെ കാണാറുള്ളത്. അന്നതവള്‍ നന്നായി കൈകാര്യം ചെയ്യും. ജയമാനന്റെ കയ്യും കാലും നക്കിയെടുക്കും. മുണ്ടിന്റെ അറ്റം കടിച്ച് തൂങ്ങിക്കിടന്ന് കൊഞ്ചും. അപ്പോഴെല്ലാം അവളുടെ സ്‌നേഹം തന്റെ ജീവിതത്തിലെ വിലപ്പെട്ട സമ്പാദ്യമാണെന്ന് ആദം മനസ്സിലുറപ്പിക്കും. എല്ലാ ദിവസവും ഗേറ്റ് കടക്കുമ്പോള്‍ അയാളുടെ സാന്നിധ്യം ആദ്യം അറിയുന്നത് ജൂലിയാണ്. അവളുടെ സ്‌നേഹത്തിന് മറുപടിയുമായി ''ന്താ നെനക്ക് സുഖല്ലേ?'' എന്ന കരുതലുമായാണ് ആദം എന്നും വീട്ടിലേക്ക് കയറുന്നത്.

രാവിലെ അഞ്ചരയാകുമ്പോള്‍ വീട് വിട്ടിറങ്ങും. ട്രെയിന്‍ ചതിച്ചില്ലെങ്കില്‍ രാത്രി പത്ത് മണിയോടെ തിരികെ എത്തും. ഈ ഫോര്‍മാറ്റില്‍ അയാളുടെ ജീവിതം ഓടാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷമായി.
മടുപ്പ്... മടുപ്പ്... ഇതു മാത്രമാണ് ഓരോ ജോലിയാത്രയും അയാളുടെ മനസ്സിലുണ്ടാക്കുന്നത്. ജീവിതം ജോലിയാത്രയില്‍ മുരടിച്ചു തീരുകയാണെന്ന് ആദം അകമേ നൊമ്പരപ്പെട്ടു.

പ്രഖ്യാപിത ഒഴിവുദിനമായ ഞായറാഴ്ചകളില്‍ മാത്രമാണ് താന്‍ ജീവിക്കുന്നതെന്ന് അയാള്‍ കൂട്ടുകാരോടു പറയാറുണ്ട്. അന്നാണ് വീടും മുറ്റവും പറമ്പും കാണുന്നത്. അയല്‍ക്കാരോടു കുശലം പറയുന്നത്. നാട്ടുവെളിച്ചത്തിലേക്കിറങ്ങി നടക്കുന്നത്. ജൂലിയെ കാണുന്നത്. അവളുമായി സായാഹ്നസവാരിക്കിറങ്ങുന്നത്. മതിയാവോളം ഉറങ്ങുന്നത്. തിടുക്കപ്പെടാതെ ഭക്ഷണം കഴിക്കുന്നത്. ഭാര്യയോടും മകനോടും ഒപ്പമിരിക്കുന്നത്. നാട്ടുകാര്യങ്ങള്‍ പറയുന്നത്. ഇങ്ങനെ ആറു ദിവസവും ഒരുപാടു കാര്യങ്ങള്‍ കൂട്ടിവച്ചാണ് ഏഴാം ദിവസം ആദം ജീവിക്കാനെടുക്കുന്നത്.

രാവിലെ പതിവിലും വൈകിയാണ് അയാള്‍ ഉണര്‍ന്നത്. ജൂലിയുടെ കുര രാത്രി ഉറക്കത്തെ മുറിച്ചിരുന്നുവല്ലോ. എഴുന്നേറ്റപ്പോള്‍ മുതല്‍ മനസ്സ് ഓര്‍മ്മപ്പെടുത്തി. ഇനിയിപ്പോള്‍ മണിക്കൂറുകള്‍ നിമിഷങ്ങളുടെ ആയുസ്സോടെ കടന്നുപോകും. വീണ്ടും ഉറക്കം... ഉണര്‍വ്വ്... പിന്നെ തിടുക്കപ്പാച്ചില്‍.
കുറച്ചുനേരം അലസ്സമായി ഇരിക്കുക എന്നത് എന്നും രാവിലെയുള്ള സ്വപ്നമാണ്. ആദം അത് അത്യാവശ്യത്തിന് ആസ്വദിച്ചു.

ഞായറാഴ്ച എല്ലാം ഇഴച്ചിലാണ്. ഭാര്യയുടെ ദിവസം അന്ന് ഏഴ് മണിക്കേ തുടങ്ങൂ. അന്നവള്‍ ഫ്‌ലാസ്‌ക്കിലെ ചായ ഒഴിവാക്കി ആവിപൊന്തുന്ന ചായ ഗ്ലാസ്സുകളുമായി എല്ലാവരേയും ക്ഷണിക്കും. ഹോട്ട് ബോക്‌സുകള്‍ക്ക് അന്ന് അവധി കൊടുക്കും. എല്ലാവരുടേയും സൗകര്യത്തിന് ചൂടോടെ പുട്ടോ ഇടിയപ്പമോ പൂരിയോ ദോശയോ ഒക്കെ വിളമ്പും. ചട്ടിയില്‍ തിളയ്ക്കുന്ന മീന്‍കറിയില്‍ നിന്നു പകര്‍ന്നുകിട്ടാന്‍ മകന്‍ കപ്പപ്പുഴുക്കുമായി കാത്തുനില്‍ക്കും. ഒരാഴ്ചത്തെ ചപ്പുചവറുകള്‍ നീങ്ങി മുറ്റം വൃത്തിയാകും. വലയും പൊടിയുമെല്ലാം മാറി വീട് സുന്ദരമാകും. കുളിമുറിയില്‍നിന്ന് അലക്കാത്ത വസ്ത്രങ്ങളുടെ വിയര്‍പ്പുനാറ്റം ഒഴിയും. ഇതെല്ലാം ഞായറാഴ്ചക്കാഴ്ചകളാണ്.

പത്രം വായനയാണ് ആദത്തിന്റെ ഞായറാഴ്ച പരിപാടികളില്‍ പ്രധാനം. പത്ത് പന്ത്രണ്ട് മണിവരെ പത്രത്തെ ചുറ്റിപ്പറ്റിയാവും അയാളുടെ ജീവിതം. ഇതിനിടയില്‍ പല്ലുതേയ്ക്കലും കാപ്പികുടിയും ഉള്‍പ്പെടുത്തും. എല്ലാം കഴിഞ്ഞ് കുളിച്ചുവരുമ്പോള്‍ കപ്പയും മീന്‍കറിയും റെഡി. അതുംകഴിഞ്ഞ് കൂനിക്കൂടിയിരിക്കാന്‍ പാടില്ല. വയറ് പണി തരും. അതുകൊണ്ട് ആദം പിന്നെ ചടഞ്ഞ് കൂടാതെ നേരെ പറമ്പിലേക്കിറങ്ങും. വീടിനോട് ചേര്‍ന്ന അഞ്ച് സെന്റ് അതാണ് പറമ്പ്. അവിടെ നാട്ടുഫലവൃക്ഷങ്ങളുടെ കേന്ദ്രമാണ്. എല്ലാം ആദം നന്നായി നോക്കിക്കാണും. പൂവിട്ടതിനേയും കായ്പിടിച്ചതിനേയും ആദ്യം പൂവണിഞ്ഞതിനേയുമെല്ലാം മനസ്സില്‍ കരുതിവയ്ക്കും. അതില്‍നിന്നു ചില പുളിപ്പും മധുരവും നുണയും.

പുരയിടം വിട്ടാല്‍ പിന്നെ ആദം നേരെ പോകുന്നത് ജൂലിയുടെ അടുത്തേക്കാണ്. തുടല്‍ വലിച്ചു മുറുക്കി യജമാനന്റെ ദേഹത്തേക്ക് കുതിക്കാന്‍ വെമ്പല്‍പൂണ്ട് അവള്‍ കാത്തുനില്‍ക്കുന്നുണ്ടാകും. അയാള്‍ പുറത്തിറങ്ങുമ്പോഴേ അവള്‍ക്കറിയാം. അപ്പോള്‍ മുതല്‍ തുടങ്ങും മുക്കലും മൂളലും. യജമാനന്‍ അടുത്ത് എത്തുന്ന സമയം ജൂലിക്ക് നന്നായി അറിയാം. എത്രയോ കാലമായി തുടരുന്നതാണ്.

കണ്ണു തുറക്കുന്നതിനു മുന്‍പ് കൊണ്ടുവന്നതാണ് ജൂലിയെ. രണ്ടുവര്‍ഷം വരെ അവളുടെ താമസം വീടിനുള്ളില്‍ തന്നെയായിരുന്നു. കൂടുണ്ടാക്കി പുറത്താക്കാന്‍ ഭാര്യയും മകനും ഓര്‍മ്മപ്പെടുത്തുമെങ്കിലും ആരും അതിനു തുനിഞ്ഞില്ല. വീട്ടിനുള്ളില്‍ അവള്‍ ഒരു രാജകുമാരിയെപ്പോലെ കഴിഞ്ഞു. ഏതുമുറിയിലും കയറാം. ആ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്തില്ല. ഒരിക്കല്‍ ഭാര്യയുടെ അനുജത്തിയുടെ മകളെ ജൂലി അപ്രതീക്ഷിതമായി ഒന്നു മാന്തിക്കീറി. കൈത്തണ്ടയിലെ തൊലി പൊളിഞ്ഞു ചോരയൊലിച്ചു. അഞ്ചുവയസ്സുകാരി പേടിച്ചുപോയി. അവള്‍ നിറുത്താതെ കരഞ്ഞു. കുറ്റവാളിയെപ്പോലെ ജൂലി വാതിലിനു പുറകിലേക്ക് ഓടി ഒളിച്ചു. ചൂലിന്റെ തണ്ടകൊണ്ട് ഭാര്യ അവളെ തല്ലി പുറത്താക്കി. അന്നവള്‍ക്ക് ഭക്ഷണമൊന്നും കൊടുത്തില്ല. ഒരു മൂളല്‍പോലുമുണ്ടാക്കാതെ പിന്നാമ്പുറത്തെ പടിച്ചുവട്ടില്‍ അവള്‍ ചുരുണ്ടുകിടന്നു. പുറത്തേക്കിറങ്ങി വരുന്നവരെ ഒന്നു തലപൊക്കി നോക്കുക മാത്രം ചെയ്തു.

രാത്രിയായപ്പോള്‍ ആദത്തിനു സങ്കടമായി. ജൂലി വിശന്നാണിരിക്കുന്നത്. ഒരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. മിക്കപ്പോഴും എല്ലാ ഭക്ഷണവും ആദ്യം രുചിക്കുന്നതവളാണ്. അത്രയ്ക്ക് ഓമനയാണ് എല്ലാവര്‍ക്കും. അനുജത്തി വന്ന ആഘോഷത്തില്‍നിന്ന് അല്പം ഇറച്ചിക്കറിയെടുത്ത് ചോറില്‍ കുഴച്ച് ആദം പുറത്തേക്കിറങ്ങി.

ജൂലിയെ കണ്ടില്ല. വിളിച്ചുനോക്കി. അവള്‍ വന്നില്ല. അയാള്‍ക്ക് ഉല്‍ക്കണ്ഠയായി. ജൂലിയുടെ തിരോധാനം എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുത്തി. മകനും ഭാര്യയും അവളെ വിളിച്ചുനോക്കി. ജൂലി വന്നില്ല.
''പാവം ഞാനാ ദേഷ്യത്തിനു ചെയ്തതാ. അവക്ക് വെഷമമായിക്കാണും'' ഭാര്യ സ്വയം കുറ്റപ്പെടുത്തി.
ഇറച്ചിക്കറിയുടെ മണം കിട്ടിയതുമുതല്‍ അവള്‍ നിലത്തൊന്നുമായിരുന്നില്ല. 'ഓള്‍ ഇന്‍ ഓളായി' ഇറച്ചി കഴുകുന്നതു മുതല്‍ ഉരുളിയില്‍ കിടന്നു മസാലയോടൊപ്പം തിളയ്ക്കുന്നതുവരെ യജമാനത്തിയൂടെ കൂടെ ചുറ്റിപ്പറ്റി നിന്നു. അതിനിടയിലാണ് അവള്‍ക്ക് അബദ്ധം പറ്റിയത്. യജമാനത്തി ചെറിയൊരു പാത്രത്തില്‍ ഇറച്ചിക്കറി പകര്‍ന്ന് വാവക്കുട്ടിയുടെ കയ്യിലേക്ക് കൊടുത്തു. ജൂലി ഏതോ ലോകത്തായിരുന്നു. അവിടെനിന്നാണവള്‍ വാവക്കുട്ടിയുടെ പാത്രം തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.
''ഇറച്ചിക്ക് വേണ്ടീട്ടാവള്‍ വാവേ തൊട്ടത്'' - ഭാര്യ സങ്കടപ്പെട്ടു.

ആദവും ഭാര്യയും ജൂലിയെ കാത്ത് ഏറെ നേരം പടിക്കല്‍ത്തന്നെ ഇരുന്നു. കണ്ണിലുറക്കം കനത്തപ്പോള്‍ ഭാര്യ എഴുന്നേറ്റു പോയി. പുറകെ ഭര്‍ത്താവിന്റെ നേര്‍ക്ക് ഒരോര്‍മ്മപ്പെടുത്തലും വന്നു.
''രാവ്ലെ പോവ്ണ്ടേ?''
അയാള്‍ എഴുന്നേറ്റു. രാവിലെയുള്ള യാത്രയാണ് പ്രധാനം. എല്ലാ ഭൂകമ്പങ്ങളും അതിനു മുന്നില്‍ നിരര്‍ത്ഥകമാണ്.

രാവിലെ ഉണര്‍ന്ന് ഭാര്യ ആദ്യം നോക്കിയത് ജൂലിയെയാണ്. അവള്‍ പടിക്കു താഴെ ചുരുണ്ട് കിടക്കുന്നത് കണ്ടത് യജമാനത്തിക്ക് നിധി കിട്ടിയതുപോലെയായിരുന്നു. ജൂലിയുടെ മടങ്ങിവരവിന്റെ വാര്‍ത്ത കേട്ടാണ് ആദം അന്നുണര്‍ന്നത്. എല്ലാം പഴയതുപോലെയായതില്‍ അയാള്‍ സന്തോഷിച്ചു. സമാധാനത്തോടെ ഓഫീസിലേക്ക് പോയി.

ജൂലിക്ക് വെളിയില്‍ ഭക്ഷണം കൊടുത്തു. അവള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചില്ല. ആരും അകത്തേക്ക് വിളിച്ചതുമില്ല. ഭാര്യ പോകാന്‍നേരം ഉച്ചയ്ക്കുള്ള ഭക്ഷണം പാത്രത്തിലാക്കി ജൂലിയുടെ അടുത്ത് വച്ചു.
ഗേറ്റ് പൂട്ടിയിറങ്ങുമ്പോള്‍ ഭാര്യയ്ക്ക് ആശങ്കയായിരുന്നു.

''അവള്‍ പിന്നേം പോക്വോ? രാവിലെ കൊറച്ചേ കഴിച്ചുള്ളൂ. പിണക്കം മാറിയ മട്ടില്ല. ചോറ് വെളിയില്‍ വച്ചിട്ടുണ്ട്. കാക്കയോ പൂച്ചയോ തിന്ന്വോന്തോ? ഉറുമ്പിനെ അവള്‍ക്കിഷ്ടമല്ല. ഉറുമ്പരിക്കോന്നാ പേടി'' ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ധരിപ്പിച്ചു.

''നീ വെഷമിക്കണ്ട. വെശന്നാ എല്ലാ പിണക്കോം മാറും. കാക്കേം പൂച്ചേം അവളോടിച്ചോളും. സമാധാനായിരിക്ക്'' - ആദം ഭാര്യയെ ആശ്വസിപ്പിച്ചു.

രാത്രി വരുമ്പോള്‍ ആദം കയ്യിലൊരു തുടലും കരുതിയിരുന്നു. അടുത്ത ദിവസം മുതല്‍ മുറ്റത്തെ മാവിന്റെ ചുവട്ടില്‍ തുടല്‍ വട്ടത്തിനുള്ളില്‍ ജൂലി താമസം തുടങ്ങി. അധികം വൈകാതെ അവിടെ അവള്‍ക്കായി ഒരു കൂടും പണിതു. അവള്‍ പിണക്കങ്ങളെല്ലാം മറന്നു.

പതിവുകളില്‍ ചുറ്റിത്തിരിഞ്ഞ് ഉച്ചയായപ്പോള്‍ ആദം അന്നും ജൂലിയുടെ കൂടിനടുത്ത് എത്തി. അവളുടെ മുരള്‍ച്ചയില്‍നിന്നറിയാം. കൂടുതുറക്കാന്‍ കാത്തിരിക്കുകയാണ് യജമാനന്റെ പുറത്തേക്ക് ചാടിക്കയറാന്‍. അയാള്‍ കൂടു തുറന്നു. ജൂലിയെ പ്രതീക്ഷിച്ച് അല്പം കുനിഞ്ഞുനിന്നു. അവള്‍ പുറത്തേക്ക് ചാടിക്കയറിയില്ല. ആദം കൂടിനുള്ളിലേക്ക് നോക്കി. ജൂലി ഇല്ല. അയാള്‍ പരിഭ്രമിച്ചു. അവള്‍ തന്റെ കാല്‍ ചുവട്ടില്‍നിന്നു മുരളുന്നു. സ്‌നേഹത്തോടെ കുരയ്ക്കുന്നു. എല്ലാം അനുഭവിക്കാനാകുന്നു. ശബ്ദത്തിലൂടെ മാത്രം. രൂപമില്ല. വിശ്വസിക്കാന്‍ കഴിയാതെ ആദം കൂട്ടിനുള്ളിലേക്ക് പലതവണ നോക്കി. കൂടിനു ചുറ്റും തിരഞ്ഞു. പറമ്പിലും മുറ്റത്തും കണ്ണുകള്‍ പാഞ്ഞു. ഒരിടത്തും അവളുടെ രൂപമില്ല. പക്ഷേ, അവളുടെ ശബ്ദം അത് യജമാനന്റെ കാല്‍ച്ചുവട്ടില്‍ പതിവുപോലെ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടി നില്‍ക്കുന്നു.

ആദത്തിനു തലചുറ്റുന്നതായി തോന്നി. ഹൃദയമിടിപ്പ് കൂടി. ജൂലിയെ ഉറക്കെ വിളിച്ചു. യജമാനന്റെ വിളിയില്‍ അവളുടെ ശബ്ദം കൂടുതല്‍ അനുസരണയോടെ അയാളുടെ കാല്‍ച്ചുവട്ടില്‍നിന്നു. അയാള്‍ക്ക് ഭയമായി. ഭാര്യയെ വിളിച്ചു. മറുപടി ഉണ്ടായില്ല. വീടിനുള്ളിലേക്കു കയറി. അപ്പോള്‍ ജൂലിയുടെ ശബ്ദം യജമാനനെ പിന്തുടര്‍ന്നു പടിക്കല്‍ ഇരുന്നു.
ഭാര്യ തുണികള്‍ മടക്കി അലമാരകളില്‍ വയ്ക്കുന്ന തിരക്കിലായിരുന്നു. പരിഭ്രാന്തനായി അവളെ അന്വേഷിക്കുന്ന ആദത്തിനെ ജിജ്ഞാസയോടെ നോക്കി. ''ജൂലിയെ കാണാന്‍ പറ്റുന്നില്ല'' - അയാള്‍ പറഞ്ഞു.

അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. ആദത്തിനു കാര്യം മനസ്സിലായി.
''എന്റെ കണ്ണിനൊരു കുഴപ്പവുമില്ല. ഞാന്‍ പറഞ്ഞത് ജൂലിയുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ പറ്റുന്നുള്ളൂ. കാണാന്‍ പറ്റുന്നില്ല.''
ജൂലി അപ്പോഴും പുറത്ത് കിടന്നു കുരയ്ക്കുന്നുണ്ടായിരുന്നു.
''പുറത്ത് പിന്നെ ആരാ കൊരയ്ക്കണെ?'' - അവള്‍ ചോദിച്ചു.
''നീ ഒന്നുപോയി നോക്ക് ജൂലിയെ കാണാമ്പറ്റണ്ടോന്ന്'' ആദം അക്ഷമനായി.
ഭാര്യ അതു ശ്രദ്ധിക്കാതെ ജോലി തുടര്‍ന്നു.

അപ്പോള്‍ പുറത്ത് ജൂലി ഏതോ പൂച്ചയുമായി വഴക്കിടുന്ന ശബ്ദം അവര്‍ കേട്ടു. അയാള്‍ ജനലിലൂടെ നോക്കി. ഇടയ്ക്കൊക്കെ വരാറുള്ള കാടന്‍പൂച്ച മതില്‍ചാടി കടക്കുന്നതു കണ്ടു. മതിലിനു താഴെ ജൂലിയുടെ ആക്രോശം കേള്‍ക്കാം.

''നോക്ക് ജൂലിയവ്ടെ ഇല്ല. അവള്‍ടെ ശബ്ദമേയുള്ളൂ.'' - ആദം ഭാര്യയോട് തിടുക്കത്തില്‍ പറഞ്ഞു.
''ആണോ'' - ഭാര്യ അയാളെ കളിയാക്കുന്ന മട്ടില്‍ ചോദിച്ചു. എന്നിട്ടവള്‍ മടക്കിയെടുത്ത തുണികളുമായി മകന്റെ മുറിയിലേക്ക് പോയി.

ഭയത്തോടെ ആദം വീണ്ടും മുറ്റത്തേക്കിറങ്ങി. ജൂലിയുടെ കൂടിനടുത്തേക്ക് നടന്നു. പറമ്പിലെവിടെയോ നിന്ന ജൂലിയുടെ ശബ്ദം ഓടിക്കിതച്ച് അയാളുടെ അരികിലെത്തി. മുരണ്ടു. ആദം അസ്വസ്ഥനായി. കാണാന്‍ പറ്റാത്ത ജൂലിയെ ശബ്ദത്തെ ആശ്രയിച്ച് തഴുകാന്‍ ഒരു ശ്രമം നടത്തി. ഒന്നുമുണ്ടായില്ല. ജൂലിയുടെ രോമാവൃതമായ ശരീരത്തിന്റെ മാര്‍ദ്ദവമോ ചൂടോ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. അവളുടെ നാവിന്റെ നനവ് കയ്യില്‍ പതിഞ്ഞില്ല.

കുറച്ചുനേരം ആദം അവിടെതന്നെ നിന്നു. എന്താണ് സംഭവിക്കുന്നതെന്നു ചിന്തിച്ചുകൊണ്ട് തിരികെ നടക്കുമ്പോള്‍ ജൂലിയുടെ ശബ്ദത്തെ കൂട്ടിലാക്കാന്‍ അയാള്‍ മറന്നു.

വിയര്‍ത്തുകുളിച്ച് ആദം അതിഥിമുറിയിലെ സോഫയില്‍ ചാരിക്കിടന്നു. അന്തമില്ലാതെ ചിന്തകള്‍ അയാളെ കുഴപ്പിച്ചു. ജൂലിയുടെ മാറ്റത്തെക്കുറിച്ച് വീട്ടില്‍ മറ്റാരും സംസാരിച്ചില്ല. ആകുലപ്പെട്ടില്ല.
ആദത്തിനു മുന്നില്‍ ചായ ആറിത്തണുത്തു. സൂര്യന്‍ അസ്തമിച്ചു. ചപ്പാത്തിയും മീന്‍കറിയും ഉറുമ്പുതിന്നു. ഫോണ്‍ ബെല്ലുകള്‍ ആവര്‍ത്തിച്ചു നിലച്ചു. ഇരുട്ടായി. വെളിച്ചമായി. ആരൊക്കെയോ വന്നു. പോയി. അയാള്‍ തിരയുന്ന ജൂലിയുടെ രൂപം മാത്രം ഒരിക്കലും വന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com