'പുലിക്കോലം'-  ബി രവികുമാര്‍ എഴുതിയ കഥ

നട്ടപ്പാതിരായിക്ക് അവിചാരിതമായി ആ ശബ്ദം കേട്ട് ഗ്രാമം കിടുങ്ങി
'പുലിക്കോലം'-  ബി രവികുമാര്‍ എഴുതിയ കഥ

ട്ടപ്പാതിരായിക്ക് അവിചാരിതമായി ആ ശബ്ദം കേട്ട് ഗ്രാമം കിടുങ്ങി. ഇടിമുഴക്കത്തിന്റെ പിന്നാലെ വരുന്ന നിലയ്ക്കാത്ത പ്രകമ്പനങ്ങള്‍ പോലെ അത് ഗ്രാമത്തിനുമേല്‍ ഉരുണ്ടുകൂടി കനംവെച്ചു. ഉച്ചഭാഷിണി കെട്ടിവെച്ചോടിക്കൊണ്ടിരുന്ന പഞ്ചായത്തിലെ ജീപ്പില്‍നിന്നായിരുന്നു ആ മുഴക്കം കേട്ടുകൊണ്ടിരുന്നത്. ഇരുട്ടുവഴിയില്‍ തിങ്ങിയ മഞ്ഞിനെ വകഞ്ഞുമാറ്റി ചെറുതും വലുതുമായ കുന്നുകളെ ചുറ്റിക്കിടന്ന വെട്ടുവഴികളിലൂടെ ജീപ്പ് ഗ്രാമത്തിലെ വലിയ മലയായ ഉമിക്കുന്നിന്റെ  അടിവാരമെത്തി. ഇനി വിളഞ്ഞുകിടക്കുന്ന പാടത്തിന്റെ നടുവിലൂടെ കഷ്ടിച്ചൊരു വണ്ടി കടന്നുപോകുന്ന വീതി കുറഞ്ഞ വരമ്പുമാത്രമാണുണ്ടായിരുന്നത്.  ആ വരമ്പുവഴിയിലേക്ക് ജീപ്പു തെന്നിയിറങ്ങി.

ഉച്ചഭാഷിണിയില്‍നിന്ന് കേട്ടുകൊണ്ടിരുന്ന സുപരിചിതമായ ശബ്ദം ഗ്രാമപഞ്ചായത്തു പ്രസിഡന്റും യുവ നേതാവുമായ സഖാവ് വി. ജയദേവന്റേതായിരുന്നു. നേരിട്ടുള്ള കേഴ്വിയില്‍ അനുനാസികാതിപ്രസരം കൂടിയ അയാളുടെ പെണ്ണൊച്ച ഉച്ചഭാഷിണിയിലൂടെ പുറത്തു ചാടുമ്പോഴെല്ലാം ആരെയും അതിശയിപ്പിച്ചുകൊണ്ട് മുഴങ്ങും. ഓരോ മുഴക്കവും നാളെയുടെ മാറ്റത്തിനായുള്ള ആഹ്വാനങ്ങളായിട്ടാണ് നാട്ടുകാര്‍ കേട്ടിരുന്നത്. അവര്‍ക്ക്  ആ ശബ്ദം സത്യത്തിന്റെ  വാമൊഴിവഴക്കങ്ങളായിരുന്നു. ആകയാല്‍ അയാളുടെ മൊഴികള്‍ നാമജപംപോലെ അവര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു. അയാളിലുള്ള കറയറ്റ വിശ്വാസം തന്നെയാണ് ഗ്രാമത്തെ ഈ രാത്രിയിലും മുള്‍മുനയില്‍ നിര്‍ത്തിയത്.

ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

അടിവാരത്തിലെ വഴി ഏകദേശം നാലുകിലോമീറ്റര്‍ ദൂരത്തില്‍ പാടവരമ്പിലൂടെ ഉമിക്കുന്നുചുറ്റി കോതകുളച്ചാലില്‍ ചെന്ന് അവസാനിക്കും. ഈ വരമ്പിന്റെ ഇരുപുറവുമായിട്ടാണ് പഞ്ചായത്തിലെ ഒന്ന് നാല് ഏഴ് ഒമ്പത് എന്നീ വാര്‍ഡുകള്‍ എണ്ണം തെറ്റിക്കിടന്നിരുന്നത്. ശാസ്ത്രത്തിന്റെ കീഴ്വഴികളെ മറികടന്ന് ജയദേവന്റെ മുഴങ്ങുന്ന വാക്കുകള്‍ വാഹനത്തിലെ പേടിച്ചു മങ്ങിയ വെട്ടത്തേക്കാള്‍ വേഗം ഓരോ വീട്ടിലുമെത്തുകയും മാലപ്പടക്കത്തിന് തീപിടിച്ചമാതിരി ഇടിത്തീയായി പടര്‍ന്നു കത്തുകയും ചെയ്തു. നിശ്ചലമായ രാവായിരുന്നതിനാല്‍ അയാളുടെ വാക്കുകള്‍ കോതകുളച്ചാലും കടന്ന് അങ്ങകലെ കവിയൂര്‍പ്പുഞ്ചവരെ അലയിളക്കി. പതിവിനുവിപരീതമായി ഇന്നാശബ്ദത്തിന് വല്ലാത്ത നിലവിളിയുടെ ആധിയായിരുന്നു. എങ്കിലും പ്രസംഗത്തിന്റെ കെട്ടുമുറകള്‍ പൊട്ടാതെ ജയദേവന്‍ തന്റെ കടമ നിര്‍വഹിച്ചുകൊണ്ടിരുന്നു.

''പ്രിയമുള്ള നാട്ടുകാരേ സുഹൃത്തുക്കളേ സഖാക്കളേ. നമ്മുടെ ദേശചരിത്രത്തില്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്തതും അത്യന്തം അപകടകരവുമായ ഒരു സ്ഥിതിവിശേഷം ഇവിടെ ഇതാ സംജാതമായിരിക്കുന്നു. അടുത്തെങ്ങും വനപ്രദേശമോ നദിയോ ആണ്ടറുതി വരെ നീരൊഴുക്കുള്ള ഒരു തോടുപോലുമോയില്ലാത്ത നമ്മുടെ ഗ്രാമത്തിലേക്ക് ഒരു പുലി ഇറങ്ങിയിരിക്കുന്നു. കൂട്ടം തെറ്റി നാട്ടിലിറങ്ങുന്ന പുലി കൂടുതല്‍ ആക്രമണകാരിയായാതിനാല്‍ ആരും തന്നെ വീടിനുപുറത്തേക്കിറങ്ങരുതെന്ന് അറിയിക്കുകയാണ്. ഏത് ഇടവഴിയിലും ഏതു വളവിലും പുലി പ്രത്യക്ഷപ്പെടന്‍ സാധ്യതയുള്ളതിനാല്‍ ഈ രാത്രി    യില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഈ നാട്ടിലെ ജനങ്ങളോട്  ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്...'' ഉമിക്കുന്നിന്റെ ചെരിവുകളിലെ വീടുകളെല്ലാം ഉണര്‍ന്നു വെളിച്ചം വിതറി. വരമ്പിനിരുപുറവുമുള്ള നാലുവാര്‍ഡുകളില്‍ ഒരുപോലെ പുലിപ്പേടിയറിയിച്ചുകൊണ്ട് ജയദേവന്‍ തന്റെ കര്‍മം തുടര്‍ന്നു.

''ഉമിക്കുന്നിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്കായി പറയുകയാണ്... അടിവാരത്തിലെ പൊന്തക്കാടുകളിലേക്ക് പ്രഭാതകര്‍മ്മത്തിനു പോകുന്നവര്‍ കൂട്ടത്തോടെ പോകണമെന്ന് പഞ്ചായത്തധികൃതര്‍ അറിയിക്കുന്നു. ഒറ്റപ്പെട്ടു കുത്തിയിരിക്കുന്നവരെ പുലി ആക്രമിക്കാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ തനിയെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സത്വരനടപടികള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ ഈ രാത്രി പുലരുംവരെ ഞങ്ങളോടു സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ്.'' മഴപെയ്ത് ചള്ളകുത്തിക്കിടന്നിരുന്ന വരമ്പിലൂടെ ഉരുണ്ടും തെന്നിയും വളരെ പതുക്കെയാണ് വാഹനം നീങ്ങുന്നത്. കതിര്‍വീശിച്ചാഞ്ഞ വിശാലമായ പാടത്തുനിന്നും വാഹനത്തിനു മുമ്പിലേക്ക് പുലി ചാടിവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈവര്‍ ജയന്‍ ഇരുപുറവും  കണ്ണിമപൂട്ടാതെ ശ്രദ്ധിക്കുന്നതും വേഗതക്കുറവിനു കാരണമായി. അങ്ങനെയൊരു അപകടം മണത്തതുകൊണ്ട് ഗ്ലാസ്സുകളുയര്‍ത്തിയിടാനും ജയന്‍ മറന്നില്ല. മൈക്ക് ഓപ്പറേറ്റര്‍ കൂടിയായ  ജയനല്ലാതെ ഇത്തരം സാഹസികയാത്രകളില്‍ മറ്റാരും ജയദേവനൊപ്പം എടുത്തു ചാടാറില്ല. പേയിളകിയ തെരുവുപട്ടികളെയും കോഴിക്കൂട്ടില്‍ കയറുന്ന മൂര്‍ഖന്‍പാമ്പുകളെയും ഇരുചെവിയറിയാതെ ഉന്മൂലനം ചെയ്ത് പഞ്ചായത്തിനെ രക്ഷിച്ചിരുന്നതും മറ്റാരുമല്ല. കരിമ്പാറച്ചങ്കുള്ള ജയന്‍ മാത്രമാണ് ഇന്നും ഒരു ദേശത്തെ രക്ഷിക്കാനുള്ള യാത്രയില്‍ ജയദേവനു കൂട്ട്.

കോതകുളച്ചാലിന്റെ കരയില്‍നിന്ന് കിഴക്കോട്ടുതിരിഞ്ഞ് പുളിന്താനം വഴി നെല്ലിമൂട് ഭാഗത്തേക്കു പോകണോ അതോ പടിഞ്ഞാറോട്ടു തിരിഞ്ഞ് പുലപ്പൂക്കാവു വഴി പാമലഭാഗത്തേക്ക് പോകണോ എന്നറിയാതെ വാഹനം ഒരു നിമിഷം നിന്നു. ഇത്തരം സന്നിഗ്ദ്ധാവസ്ഥകളൊന്നും ജയദേവനു സാധാരണയുണ്ടാവുന്നതല്ല. അയാള്‍ എന്തുചെയ്യണമെന്നറിയാതെ വാച്ചിലേക്കു നോക്കി. അപ്പോള്‍ സമയം പതിനൊന്നരയാകാന്‍ നാലു മിനിറ്റുണ്ടായിരുന്നു.

''വണ്ടി പടിഞ്ഞാറോട്ടു തിരിക്ക്.'' അയാള്‍ പറഞ്ഞു.
കേരളത്തില്‍ അവശേഷിക്കുന്ന സീ ക്ലാസ്സു കൊട്ടകകളിലൊന്ന് കുന്നന്താനം ചിത്രാടാക്കീസ് ആണ്. പന്ത്രണ്ട് മണിയ്ക്ക് സെക്കന്റ്ഷോ പിരിയും. പുലിയിറങ്ങിയ വാര്‍ത്തയറിയാതെ പുറത്തിറങ്ങുന്നവര്‍ അപകടത്തില്‍ പെട്ടാലോ. അനൗണ്‍സ്മെന്റ് തുടര്‍ന്നുകൊണ്ട് വാഹനം പാമല ഭാഗത്തേയ്ക്കു കുതിച്ചു.

''ഇന്നുരാത്രി  കൃത്യം ഒമ്പതു നാപ്പത്തിയഞ്ചിന് നമ്മുടെ ഗ്രാമത്തിലേക്ക് എവിടെനിന്നോ ഒരു പുലി ഇറങ്ങിയിരിക്കുന്നു. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയും സഹകാരിയും സര്‍വ്വോപരി ഇടതു സഹയാത്രികനുമായ മാവേലിമഠത്തിലെ ശങ്കരപ്പിള്ളസ്സാറാണ് നാട്ടിലിറങ്ങിയ പുലിയെ ആദ്യമായി കണ്ടതെന്നുള്ള വിവരം പ്രത്യേകം അറിയിക്കുകയാണ്. ഇന്നു രാത്രി കൃത്യം ഒമ്പതു നാപ്പത്തിയഞ്ചിന് ശങ്കരപ്പിള്ളസ്സാര്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മൂത്രമൊഴിക്കുന്നതിനുവേണ്ടി മുറ്റത്തിറങ്ങിയപ്പോഴാണ് വെറകുപുരയ്ക്കുള്ളില്‍നിന്നും ഇറങ്ങിയോടുന്ന പുലി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഏത് ഇടവഴിയിലും ഏതു വളവിലും പുലി പ്രത്യക്ഷപ്പെടന്‍ സാധ്യതയുള്ളതിനാല്‍ ഈ രാത്രിയില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഈ നാട്ടിലെ ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്... പുലിയെ കണ്ടനിമിഷം തന്നെ തിരികെച്ചാടി വീട്ടില്‍ കയറുകയും ദേശരക്ഷാര്‍ത്ഥം പഞ്ചാടത്തടക്കമുള്ള ഉന്നതതലങ്ങളില്‍ വിളിച്ചറിയിക്കുകയും ചെയ്ത മാവേലിമഠത്തില്‍ ശങ്കരപ്പിള്ളസ്സാറിനോട് ഗ്രാമപ്പഞ്ചായത്തിനുള്ള അകൈതവമായ നന്ദി ഞങ്ങള്‍ രേഖപ്പെടുത്തുകയാണ്.''

മദ്ധ്യതിരുവിതാംകൂറില്‍ ജീവിച്ചിരിക്കുന്ന സ്വതന്ത്ര്യസമരസേനാനികളില്‍ പെന്‍ഷന്‍ വാങ്ങാത്ത ഒരേയൊരു പോരാളിയായിരുന്നു ശങ്കരപ്പിള്ളസ്സാര്‍. രാജ്യസ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്തത് പൗരനെന്ന നിലയില്‍ തന്റെ കടമയാണെന്നും അതൊരു തൊഴിലല്ലാത്തതിനാല്‍ പെന്‍ഷന്‍ വാങ്ങുന്നതു രാജ്യദ്രോഹമാണെന്നും അദ്ദേഹം വിശ്വസിച്ചുവന്നു. രാജഭരണകാലത്ത് എം.എല്‍.സി ആയിരുന്ന മാവേലിമറ്റത്ത് ഗോപാലപിള്ളയായിരുന്നു അച്ഛന്‍. അദ്ദേഹത്തിന്റെ കാലത്തായിരുന്നു മണിമലയാറിനു കുറുകെ മല്ലപ്പള്ളിയില്‍ ആദ്യത്തെ ആര്‍ച്ചുപാലം പണിതത്. അവസരം കിട്ടുമ്പോഴൊക്കെ ശങ്കരപ്പിള്ളസ്സാര്‍ ഈ കഥ പറയുകയും പാലത്തിന്റെ വടക്കേ അറ്റത്ത് അച്ഛന്റെ പേരു കൊത്തിവെച്ചിട്ടുള്ളതോര്‍ത്ത് അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. പാലം കടന്നുള്ള ബസ്സുയാത്രകളില്‍ ശങ്കരപ്പിള്ളസ്സാര്‍ തൊഴുകയ്യോടുകൂടി എഴുന്നേറ്റു നില്‍ക്കുന്നതിന്റെ കാരണം അതുകൊണ്ടുതന്നെ ആരും തിരക്കിയിരുന്നില്ല.

ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ ഇംഗ്ലീഷ് എം.ഏയക്ക് പഠിക്കുമ്പോള്‍ സഹപാഠിയായ കമലാദേവിയുമായി വലിയ പ്രണയത്തിലായിരുന്നു മൂപ്പര്‍. അക്കാലത്താണ് കോളജിനടുത്തുള്ള  ആനന്ദാശ്രമത്തില്‍ ഗാന്ധിജി വന്നത്. ഗാന്ധിജിയെ കാണാന്‍ കമലാദേവിയേയും കൂട്ടി അദ്ദേഹം ആശ്രമത്തിലേക്ക് പോയി. ആ സന്ദര്‍ശനത്തിനുശേഷം രണ്ടു സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് ഖദര്‍വസ്ത്രങ്ങളെ സ്വീകരിച്ചതാണ് ഒരു സംഭവം. അടിവസ്ത്രങ്ങള്‍വരെ അദ്ദേഹം ഖദറില്‍ തുന്നിച്ചെടുത്തു. പില്‍ക്കാലത്ത് ഖാദി ബോര്‍ഡ് സര്‍വ്വോദയനേതാവ് എം.പി. മന്മഥന്റെ അളവില്‍ റെഡിമെയ്ഡ് ജുബ്ബകള്‍ ഇറക്കിയപ്പോള്‍ അദ്ദേഹം നാട്ടുകാര്‍ക്ക് ജുബ്ബാശങ്കരപ്പിള്ളയായി. കമലാദേവിയുടെ തിരോധാനമായിരുന്നു രണ്ടാമത്തെ സംഭവം. ആശ്രമത്തില്‍നിന്നു പിരിഞ്ഞതിനുശേഷം കമലാദേവിയെ ആരും കണ്ടിട്ടില്ല. മൂന്നാലുമാസം കഴിഞ്ഞപ്പോള്‍ സബര്‍മതി ആശ്രമത്തിന്റെ പേരടിച്ച കവറില്‍ ശങ്കരപ്പിള്ളസ്സാറിനൊരു കത്തുവന്നു. അതില്‍ മേല്‍വിലാസം എഴുതിയിരുന്നത് കമലാദേവിയുടെ കൈപ്പടയിലായിരുന്നു. തുറന്നു നോക്കാതെ ആ കത്ത് അദ്ദേഹം ഞണ്ണഞ്ഞുണ്ണം വലിച്ചുകീറി അടുപ്പിലിട്ടു.
എം.എല്‍.സി. ഗോപാലപിള്ളയുടെ മരണശേഷം അമ്മയോടൊത്ത്  മാവേലിമറ്റത്തായിരുന്നു അവിവാഹിതനായ ശങ്കരപ്പിള്ളസ്സാര്‍ കഴിഞ്ഞുവന്നത്. അരനൂറ്റാണ്ടു കാലത്തെ ദേശചരിത്രത്തില്‍ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍  അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. സഹകാരിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ഈശ്വരവിശ്വാസിയായിരുന്നെങ്കിലും ഒരു മതത്തിലും മതസംഘടനകളിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ശങ്കരപ്പിള്ളസ്സാറിനെ ക്ഷേത്രങ്ങളിലങ്ങനെ കാണാറില്ല. എന്നാല്‍  വൈകുന്നേരങ്ങളിലെ ആല്‍ത്തറക്കൂട്ടങ്ങളില്‍ സ്ഥിരം അദ്ധ്യക്ഷനായിരുന്നു. തികഞ്ഞ ഗാന്ധിയനായിരിക്കുമ്പോഴും ഇടതുപക്ഷത്തോടായിരുന്നു അടുപ്പം. അവരുടെ എല്ലാ മനുഷ്യച്ചങ്ങലകളിലും കണ്ണിചേര്‍ന്ന് പ്രതിജ്ഞ എടുത്തിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹം ഒരു കള്ളം പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനമുണ്ടായിരുന്ന കാലത്ത് മാവേലിമറ്റത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന സഖാവ് പി.കെ. ചന്ദ്രാനന്ദനെ തേടി പൊലീസ് വന്നപ്പോഴായിരുന്നു അത്.

അമ്മയും മരിച്ചതോടെ ശങ്കരപ്പിള്ളസ്സാര്‍ ആ വലിയ വീട്ടില്‍ തനിച്ചായി. സഹകരണമേഖലയില്‍ രാഷ്ട്രീയം ശക്തമായപ്പോള്‍  സ്വയം ഒഴിഞ്ഞു മാറിയ ആ സഹകാരി മുഴുവന്‍സമയ വീട്ടിലിരിപ്പുകാരനായി. വീടു നിറയെയുണ്ടായിരുന്ന പുസ്തകമായിരുന്നു പിന്നീടദ്ദേഹത്തിനു കൂട്ട്. ലോകക്ലാസ്സിക്കുകള്‍ മുതല്‍ വി. മധുസൂദനന്‍നായരുടെ ഗാന്ധി വരെ അതിലുണ്ടായിരുന്നു. നിരന്തരം  പുസ്തകങ്ങള്‍ തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഏകാന്തതയെന്നത് മാവേലിമറ്റത്തുവീട്ടിലുണ്ടായിരുന്നില്ല. ശങ്കരപ്പിള്ളസ്സാറിനു പ്രായവും കൂടിയില്ല. എങ്കിലും വരുന്ന മിഥുനത്തിലെ പുണര്‍തത്തിന് സാറിന്റെ നവതി കൊണ്ടാടാന്‍ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. അറയും പുരയും നടുമുറ്റവും നാലുകെട്ടും എട്ടേക്കര്‍ തെങ്ങിന്‍തോപ്പും പുസ്തകങ്ങളും ഗ്രന്ഥശാലാസംഘത്തിന് എഴുതിവെച്ചിരിക്കുകയാണെന്ന അനന്തിരവന്മാരുടെ മുറുമുറുപ്പും നാട്ടില്‍ അങ്ങിങ്ങായി കേട്ടുതുടങ്ങിയിരുന്നു.

കാലം മാറിയതൊക്കെ ശങ്കരപ്പിള്ളസ്സാറും അറിഞ്ഞു. ഇത്രയൊക്കെ മാറിയിട്ടും  പഴമയെ വിട്ടുകളയുവാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. അറ്റാച്ച്ഡ് ബാത്ത് റൂം എന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിനു സങ്കല്പം മാത്രമായിരുന്നു. പടിഞ്ഞാറെപ്പറമ്പിലെ മേക്കൂടില്ലാത്ത ഓല മെടഞ്ഞുകെട്ടിയ മറപ്പുരയും  വടക്കേമുറ്റത്തു വിറകുപുരയ്ക്കരികിലുള്ള കയ്യാലക്കുഴിയും കിണറ്റിന്‍കരയിലെ കുളിപ്പുരയുമായിരുന്നു ശങ്കരപ്പിള്ളസ്സാറിനു ഇക്കാലമത്രയും പഥ്യം. ആ പതിവു തെറ്റിക്കാതെ വൈകുന്നേരം വടക്കേ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് വിറകുപുരയില്‍ നിന്നിറങ്ങിയോടുന്ന പുലിയെ അദ്ദേഹം കണ്ടത്.

വാഹനം പുലപ്പൂക്കാവും കടന്ന് മുന്നോട്ടു പോയി. ഈ വഴിയരികിലാണ് ചെത്തുകാരന്‍ തൈപ്പറമ്പില്‍ രാഘവന്റെ വീട്. വലിയൊരപകടം ജയദേവന്‍ അപ്പോള്‍ മണത്തു. നാട്ടില്‍ പാര്‍ട്ടി രൂപംകൊണ്ടകാലം മുതല്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് സഖാവ് രാഘവന്‍. ബാസവപുന്നയ്യ ആയിരുന്ന രാഘവന്‍ ആരാധിച്ചിരുന്ന ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാചാര്യന്‍. ചെത്തുകാരന്‍ രാഘവന്‍ പാര്‍ട്ടിവൃത്തങ്ങളില്‍ രാഘവതെങ്ങയ്യ എന്ന് അഭിവാദ്യം ചെയ്യപ്പെട്ടു. പാര്‍ട്ടിയിലെ യൂത്തന്മാര്‍ രാഘവതെങ്ങയ്യ എന്നുവിളിച്ചാക്ഷേപിക്കന്നതു കേള്‍ക്കുന്നതുപോലും രാഘവനൊരു സുഖമായിരുന്നു. അറുപത്തഞ്ചാം വയസ്സിലും ഇത്രയധികം തെങ്ങുകളില്‍ കയറി ചെത്താനാക്കമുള്ളവര്‍ ഇവിടെ അധികമുണ്ടായിരുന്നില്ല. രാഘവനുവേണ്ടി വാഹനത്തിന്റെ വേഗം കുറഞ്ഞു. പിന്നീടു ജയദേവന്റെ വാക്കുകള്‍ രാഘവനുവേണ്ടിയായിരുന്നു.
''പുലര്‍ച്ചെ കള്ളുചെത്താനിറങ്ങുന്ന തൊഴിലാളി സുഹൃത്തുക്കളുടെയും സഖാക്കളുടെയും പ്രത്യേകം ശ്രദ്ധയ്ക്കായി അറിയിക്കുകയാണ്  യാതൊരുകാരണവശാലും നാളെ പുലര്‍ച്ചെ നിങ്ങള്‍ തെങ്ങില്‍ കയറാന്‍ പാടുള്ളതല്ല. മാര്‍ജ്ജാരവര്‍ഗത്തില്‍പ്പെട്ട പുലി മരങ്ങളില്‍ ഇര തേടി കയറാറുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നമ്മുടെ പഞ്ചായത്തില്‍ കള്ളുചെത്തു നിരോധിച്ചിരിക്കുയാണ്.''  ഉറങ്ങാതെ കിടന്ന രാഘവന്‍ ഇടിവെട്ടേറ്റതുപോലെ കട്ടിലില്‍നിന്നു താഴെ വീണു. തപ്പിത്തടഞ്ഞ് എണീറ്റ്  വീട്ടില്‍ വെട്ടമിട്ടപ്പോഴേക്കും ആ ശബ്ദം അകന്നു പോയിരുന്നു. തന്നോടുള്ള പാര്‍ട്ടിയുടെ കരുതലാണ് ജയദേവന്റെ വാക്കുകളിലൂടെ അയാള്‍ കേട്ടത്. ഒരിക്കല്‍ കൂടി ആ വാക്കുകള്‍ കേള്‍ക്കാന്‍ അയാള്‍ ചെവിയോര്‍ത്തു. ഇരതേടി തെങ്ങില്‍ കയറിയ പുലിയില്‍നിന്ന് താന്‍  കഷ്ടിച്ചു രക്ഷപെട്ടതായി രാഘവനുതോന്നി. തിരിച്ചു കിട്ടിയ ജീവനുംകൊണ്ട് അയാള്‍ ഭിത്തിയിലെ ചില്ലിട്ട ചിത്രത്തിലേക്ക് നോക്കി. തേറുകത്തി പിടിച്ചു തഴമ്പുവീണ മുഷ്ടി ചുരുട്ടിയുയര്‍ത്തി ഒരു മിനിറ്റ് നിന്നു. രാഘവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ചില്ലിട്ട ചിത്രത്തിനകത്തിരുന്ന് ബാസവപുന്നയ്യ നെടുവീര്‍പ്പിട്ടു. മേശപ്പുറത്തിരുന്ന മുപ്പത്തിയഞ്ചുലിറ്ററിന്റെ വെളുത്ത കന്നാസ് രാഘവന്‍ പതിയെ ചരിച്ചു. ഷാപ്പിലെ നാളത്തെ അളവില്‍ ഒരുലിറ്റര്‍ കുറഞ്ഞു.

രാഘവന്റെ മകന്‍ ഗള്‍ഫീന്നു കൊടുത്തുവിട്ട കറുത്ത നീളന്‍ റ്റോര്‍ച്ചു ജനാലക്കമ്പിക്കിടയിലൂടെ പുറത്തെ ഇരുട്ടിനെ കീറി മുറിച്ചു. അയാളെ വിട്ട് മിഴിച്ചുന്തിയ കണ്ണുകള്‍ മാത്രം വെളിച്ചത്തോടൊപ്പം പുറത്തിറങ്ങി. പുരയ്ക്കുചുറ്റുമുള്ള കുറ്റിക്കാടുകള്‍ അരിച്ചു പെറുക്കി. വജ്രത്തിളക്കമുള്ള കണ്ണുകള്‍ മാത്രം എങ്ങും കണ്ടില്ല.
കുന്നന്താനം ചിത്രാടാക്കീസിന്റെ മുറ്റം നിറയെ ആള്‍ക്കാര്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കൊട്ടകയില്‍ പടം പകുതിക്ക് നിര്‍ത്തേണ്ടി വന്നു. പലയിടങ്ങളിലുംനിന്നു വന്ന മൊബൈല്‍ വിളികളും വാട്ട്സാപ് സന്ദേശങ്ങളും ആദ്യമുണര്‍ത്തിയ കോമഡിയെ വൈകാതെ സീരിയസ്സാക്കി.  കാര്‍ബണ്‍ കെട്ടു. കൊട്ടകയ്ക്കുള്ളില്‍ ലൈറ്റുകള്‍ എല്ലാം തെളിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പ്രൊജക്ടര്‍ റൂമില്‍നിന്നും ഭിത്തിയിലെ ചതുരക്കള്ളിയിലൂടെ തലയിട്ട് ഓപ്പറേറ്റര്‍ റോയി  വിളിച്ചുകൂവി.
''ജീവമ്മേണേലെറങ്ങിയോടിക്കോളോ... ആറാം വാര്‍ഡില്‍ പുലിയിറങ്ങിയേ...''

പുറത്തേക്കു ചാടിയ ആള്‍ക്കാര്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്തന്നറിയാതെ പരസ്പരം ഒച്ചവെച്ചു. വാര്‍ത്തകളുടെ വരവിനായി  മിക്കവരും മൊബൈല്‍ സ്‌ക്രീനില്‍ മിഴിനട്ടു. പുലിയുടെ നീക്കങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വാട്ട്സാപ്പില്‍ മാറി മറിഞ്ഞു. ഒരേസമയം പല സ്ഥലങ്ങളില്‍ പുലിയെ കണ്ടെന്ന സന്ദേശങ്ങള്‍ അന്തരീക്ഷം കൂടുതല്‍ വഷളാക്കി.  

അകലെനിന്നും അപ്പോള്‍ ജയദേവന്റെ ശബ്ദം കേട്ടു തുടങ്ങി. അരക്ഷിതരായിരുന്ന ആ സമൂഹത്തിനു മേല്‍ പ്രത്യാശയുടെ നൂല്‍മഴ വീണു. ആ ശബ്ദം അടുത്തടുത്തുവന്നു.
''കുറുമ്പക്കാവിലേക്ക് നിര്‍മ്മാല്യദര്‍ശനത്തിനു ഭക്തജനങ്ങള്‍ കൂട്ടത്തോടെ പോകണമെന്ന് ഭജനമഠത്തില്‍വെച്ച് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് സ്വാമി ചൈതന്യപ്രകാശം നടത്തിയ പ്രസ്താവന ഞങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം അറിയിക്കുകയാണ്. അഞ്ചടി പൊക്കമില്ലാത്തവരെ പുലിയെടുക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഉയരമില്ലാത്ത ഭക്തജനങ്ങള്‍ ധ്യാനനിരതരായി അവരവരുടെ വീടുകളിലിരുന്ന് പുലിപ്പേടി അകലുന്നതിനായി ജപം നടത്തിയാല്‍ മതിയെന്ന സ്വാമി ചൈതന്യപ്രകാശത്തിന്റെ ആഹ്വാനവും ഞങ്ങള്‍ അറിയിക്കുകയാണ്.'' ടാക്കീസിന്റെ  ഗെയിറ്റിനോട് ചേര്‍ത്ത് വാഹനം വന്നു നിന്നു. അക്ഷമരായി നില്‍ക്കുന്ന ദേശവാസികള്‍. ഒരു മരണവീട്ടിലേക്കെന്നപോല ജയദേവന്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ആശ്വസിപ്പിക്കുംവണ്ണം ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ചു മുഖത്തേക്കു നോക്കി. ജയദേവന്‍ പറയുന്നതെന്തെന്നറിയുവാനുള്ള ആകാംക്ഷ അവരുടെ മുഖങ്ങളില്‍. പെട്ടെന്നായിരുന്നു ആ മുരള്‍ച്ച അനൗണ്‍സ്മെന്റ് വാഹനത്തില്‍നിന്നും ചാടി വീണത്.

''പുലിമുറുമ്മുന്നുപുലിമുറുമ്മുന്നു
ഇടി ഇടിക്കുതു ഇടി ഇടിക്കുതു
കൊടിപറക്കുതു...കൊടിപറക്കുതു...
വേട്ടക്കാരന്‍ വരാത്തപാതു
കൊലനടുക്കൂത് കൊലനടുക്കൂത്''
അലറി വിളിച്ചുകൊണ്ട് വാഹനത്തിലിരുന്ന ജയന്റെ നേരേ ആള്‍ക്കൂട്ടത്തില്‍നിന്നും കാദറു ഫയല്‍ വാന്‍ ഒരു ചാട്ടം.
''നിര്‍ത്തെടാ കൊപ്പേ നിന്റെ ഒടുക്കത്തെപ്പാട്ട്. ആതിപൂതിയെടുത്ത് മനുഷേന്‍ ചാവാന്‍ തൊടങ്ങുമ്പൊഴാ അവന്റെയൊരു മറ്റേടത്തെപ്പാട്ട്. നിര്‍ത്തെടാ...പട്ടീ...'' പാട്ടുനിന്നു. ജയദേവന്‍ തടഞ്ഞതിനാല്‍ കാദറിനൊപ്പം വേറാരും ചാടിയില്ല. ജയന്‍ ഒരു സര്‍ഗ്ഗാത്മക മൈക്ക് ഓപ്പറേറ്റര്‍ കൂടിയായിരുന്നു. അനൗണ്‍സ്മെന്റെ വേളകളില്‍ സന്ദര്‍ഭാനുസരണം മൂഡു ക്രിയേറ്റു ചെയ്യും.  അതിനായി പാട്ടുകള്‍ പ്ലേ ചെയ്യാന്‍ കഴിവുള്ള സമര്‍ത്ഥനായ ഡിസ്‌ക് ജോക്കിയായിരുന്നു ജയന്‍. പക്ഷേ കാദറിനെന്തോന്നു ഡിസ്‌ക് ജോക്കി. എതിരാളിയെ മലര്‍ത്തിയടിച്ച് ചവിട്ടിയിളക്കുന്ന ഡിസ്‌ക് മാത്രമേ കാദറു കണ്ടിട്ടുള്ളു.

നാട്ടിലിന്നുള്ള ഏക ഗുസ്തിക്കാരനാണ് കാദറ്. പണ്ടു പണ്ട് പഞ്ചായത്തും ഇലക്ഷനുമൊക്കെ വരുന്നതിനു മുമ്പ് ഈ നാട്ടിലെ പ്രധാനപ്പെട്ട തമാശക്കളി ഗുസ്തിയായിരുന്നു.  ഗുസ്തിയിലൂടെ നായര്‍ തറവാടുകള്‍ തമ്മില്‍ തണ്ടും തടിയും ഉരച്ചു രസിച്ചു വന്ന കാലം. ഗ്രേഡു സമ്പ്രദായത്തില്‍ കുടുംബസ്ഥിതി നിശ്ചയിച്ചിരുന്നതിന്റെ അടിത്തറയിലായിരുന്നു ഗുസ്തി മത്സരം അരങ്ങേറിയിരുന്നത്. പല കുടുംബക്കാരും പുറംദേശങ്ങളില്‍നിന്നു ഫയല്‍വാന്‍മാരെ വരുത്തി. മംഗലപ്പള്ളില്‍ നാരായണപിള്ളയദ്ദേഹം തൃക്കുന്നപ്പുഴ തൊറയില്‍നിന്നു കൊണ്ടുവന്നതാണ് കാദറിനെ. തൊറയിലെ വെയിലേറ്റ് പൊകഞ്ഞുകരിഞ്ഞ ആജാനുബാഹുവായ ഇയാളുടെ പേര് പീലി എന്നായിരുന്നു. മുക്കുവത്തൊഴിലാളിയായിരുന്നു പീലി. അടിതടവഭ്യാസങ്ങളും മുറകളുമെല്ലാം പീലിയെ നാരായണപിള്ളയദ്ദേഹം തന്നെ പഠിപ്പിച്ചു. തൊഴ പിടിച്ചു തഴമ്പിച്ച കൈവെള്ള കൂട്ടിത്തിരുമ്മി പീലി ആഞ്ഞൊരു കൊട്ടുകൊട്ടുമ്പോള്‍ തെക്കേടത്തുകാവിലെ മരഞ്ചില്ലകളില്‍നിന്ന് കിളികള്‍ കൂട്ടത്തോടെ പറന്നുയരും. കതിനാവെടി പൊട്ടുന്ന ശബ്ദമുണ്ടായിരുന്നു ആ കൊട്ടിന്. ആയിരത്തിത്തൊള്ളായിരത്തിയമ്പത്തിയേഴില്‍ പീലിയുടെ അരങ്ങേറ്റം നടന്നു. പീലിയെന്നുള്ള പേര് ഒരു ഫയല്‍വാന് പറ്റിയതല്ലെന്ന് നാരായണപിള്ളയദ്ദേഹത്തിന്റെ  മനസ്സ് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഫയല്‍വാന്റെ പേരുകേട്ടാല്‍ ഗോദാ കിടുങ്ങണം.

കളത്തട്ടുങ്കലെ മുക്കവലയിലായിരുന്നു ഗുസ്തി. ഗോദായിലേക്ക് പീലി ചാടുന്നതിനുമുമ്പ്  നാരായണപിള്ളയദ്ദേഹം വിളിച്ചു പറഞ്ഞു.
''മംഗലപ്പള്ളിയുടെ ഗജകേസരി  രണാങ്കണയോദ്ധാ തൃക്കുന്നപ്പുഴ കാദറുഫയല്‍വാന്‍ ഇതാ ഗോദായിലേക്കു കടന്നുവരുന്നൂ.'' ആ വിളിച്ചു ചൊല്ലല്‍ കേട്ട് പീലിപോലും ഞെട്ടി. നാരായണപിള്ളയദ്ദേഹത്തെ ദയനീയമായി നോക്കിയ പീലിയുടെ നെറുകയില്‍ കൈ ചേര്‍ത്തൊരു മര്‍മ്മരം. ഇനി മുതല്‍ നീ ഈ ദേശത്തിനു കാദറാണ്. കാദറുഫയല്‍വാനാണ്. ഉയിരും ഉശിരുമുള്ള കാദറുഫയല്‍വാന്‍.  അന്തരീക്ഷത്തിലുയര്‍ന്ന കാദര്‍ കാദര്‍ വിളിയുടെ നിലയ്ക്കാത്ത ആരവത്തില്‍  കടല്‍ച്ചൊരുക്കുള്ള പീലിയെന്ന പേര് അലിഞ്ഞലിഞ്ഞ് ഉപ്പായിത്തീര്‍ന്നു.

ഗുസ്തിയുടെ കാലം കഴിഞ്ഞു. പിന്നെ മരം വെട്ടുകാരനായും ചുമട്ടുതൊഴിലാളിയായും കാദറ് ഇവിടെത്തന്നെ കൂടി. നാലഞ്ചുപതിറ്റാണ്ടുകള്‍ താണ്ടി വേറൊരു ഫയല്‍വാനും ഈനാട്ടില്‍ കഴിഞ്ഞിട്ടില്ല. ചിത്രാ ടാക്കീസ് തുടങ്ങിയതോടെ കൊട്ടകയുടെ ചീഫ് സെക്യൂരിറ്റി ആപ്പീസറായി  കാദറ് നിയമിക്കപ്പെട്ടു.  മൂന്നു നേരം ഭക്ഷണോം കിടക്കാനുള്ള സൗകര്യോം വൈകുന്നേരം ഒരു ക്വാര്‍ട്ടറുമായിരുന്നു ദിനബത്ത. കെട്ടിയോന്‍ കാളവാസു കമ്പം തേനീ ഭഗത്ത് മാടുകച്ചോടത്തിനു പോകുന്ന രാത്രികളില്‍ തറനെരപ്പേല്‍ അമ്മിണി സെക്കന്റ് ഷോ കഴിഞ്ഞാല്‍ കാദറിനൊപ്പം കൊട്ടകയില്‍ കൂട്ടുമുണ്ടായിരുന്നു.

ജയന്‍ പെട്ടെന്നു പാട്ടുനിര്‍ത്തിയതുകൊണ്ടും ജദേവന്‍ സംസാരിച്ചു തുടങ്ങിയതുകൊണ്ടും നാട്ടുകാര്‍ക്ക് ഒരു ഗുസ്തി നഷ്ടമായി. കാദറിനെയും ആശാന്‍ നാരായണപിള്ളയദ്ദേഹത്തിനേം ഒരുമിച്ചു മലത്തിയടിക്കാന്‍ ആക്കമുള്ളവനാണു ജയന്‍. വിഷയത്തിന്റ ഗൗരവമോര്‍ത്ത് ജയന്‍ ശാന്തനായി. ഉള്ളില്‍ തികട്ടി വന്ന തെറി നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പി. കാദറിനെ ഒന്നുനോക്കുക പോലും ചെയ്യാതെ ജയന്‍  ജയദേവന്റെ അടുക്കലേക്ക് നീങ്ങി.

''ആരും വെറുതേ പേടിക്കെരുത്. നിങ്ങളൊരുകാര്യം ശ്രദ്ധിച്ചാമതി. ഒറ്റപ്പെട്ടിവിടെങ്ങും കറങ്ങി നടക്കരുത്. ഇന്നാരും വീട്ടിപ്പോവണ്ടാ. എല്ലാരും കൊട്ടകേല്‍ കേറികെടക്കണം. വെട്ടം വീണിട്ടേ പോകാവൂ.''
ജയദേവന്റെ വാക്കുകളെ ആരും എതിര്‍ത്തില്ല. എങ്കിലും ചില സംശയങ്ങള്‍ പൊങ്ങിത്തുടങ്ങി.
''പുലി ഇറങ്ങിയതുതന്നെയാണോ സഖാവേ?'' ആ ചോദ്യം പലര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും ജദേവനു രുചിച്ചില്ല.
''എന്തിനാ അങ്ങനൊരു സംശയം. കണ്ടതു മറ്റാരുമല്ലാ...? ശങ്കരപ്പിള്ളസ്സാറാ. മാത്രമല്ല വാട്ട്സാപ്പില്‍ പുലിയെ കണ്ടവരുടെ മെസേജുകളാ വന്നോണ്ടിരിക്കുന്നത്.'' സംശയാലുക്കള്‍ വാട്ട്സാപ്പിനു കീഴടങ്ങി. വാട്ടസാപ് മെസേജുകളെ അവിശ്വസിക്കാനാവത്തിതിനാല്‍ നിര്‍ത്തി വെച്ച സിനിമ വീണ്ടും ആദ്യം മുതല്‍ പ്രദര്‍ശിപ്പിക്കാനും പുലരും വരെയുള്ള ബാക്കി സമയം കൊട്ടകയില്‍ കിടക്കാനും ധാരണയാക്കി ജയദേവന്‍ ആഞ്ഞിലിത്താനം ഭാഗത്തേക്ക് തിരിച്ചു.

അനൗണ്‍സ്മെന്റ് ഏകദേശം മൂന്നുമണിക്കൂര്‍ പിന്നിട്ടു. ഉറങ്ങുന്നവരായി പിന്നെ ആ ഗ്രാമത്തില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എല്ലാ വീടുകളിലെയും പരിസരങ്ങളിലെയും ലൈറ്റുകള്‍ തെളിഞ്ഞതോടെ അവശേഷിച്ച ഇരുട്ടു സ്വയം ഭയന്നുവിറച്ചു വിളറി. ഇരുളും മഞ്ഞും കൂടിക്കുഴഞ്ഞ രാത്രിയുടെ അവസാനയാമത്തിലേക്ക് വാഹനം കടന്നുപോയി. ശബ്ദവും വെളിച്ചവും നേര്‍ത്തുനേര്‍ത്ത് ഇരുളിലേക്കോ മഞ്ഞിലേക്കോ അലിഞ്ഞു ചേര്‍ന്നു.
പ്രഭാതം വളരെ ശാന്തം. പുലിയുടെ സാന്നിദ്ധ്യമറിഞ്ഞ ജീവജാലങ്ങള്‍  പ്രാണരക്ഷാര്‍ത്ഥം സ്വയം ഒളിച്ചിരുന്നു. കോഴികൂവാതെ അന്നു സൂര്യനുദിച്ചു. കച്ചിയും കാടിയും കിട്ടാഞ്ഞിട്ടും പശുക്കള്‍ അമറിയില്ല. പട്ടികള്‍ കുരച്ചില്ല ആടുകള്‍ കരഞ്ഞില്ല പൂച്ചകള്‍ അടുക്കളവിട്ടു പുറത്തിറങ്ങിയില്ല.
എട്ടുമണിക്ക്  പാലും പത്രവും വന്നതോടെ ഗ്രാമത്തിനു ജീവന്‍വെച്ചു. ജില്ലാ വാര്‍ത്തകളില്‍ എല്ലാ പത്രങ്ങളെയും പുലിപിടിച്ചിരുന്നു. പുലിവന്ന വഴി കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പത്രങ്ങള്‍ വ്യത്യസ്തമായി. റാന്നി വനത്തില്‍നിന്ന് ആലപ്പുഴയ്ക്ക് തടികയറ്റി വന്ന ലോറിയിലാണ് പുലി ഇവിടെ എത്തിയത്. ഈറ്റയുമായി കോന്നിയില്‍നിന്നു വെള്ളൂര്‍ ന്യൂസ്പ്രിന്റിലേക്കു പോവുന്ന വണ്ടിയില്‍ വന്ന പുലി നാട്ടിലിറങ്ങി. ശബരിമലയില്‍നിന്നു അയ്യപ്പഭക്തന്മാരുമായി വന്ന ബസിനുമുകളില്‍ പുലി നില്‍ക്കുന്നതു കണ്ടതായി ഞങ്ങളുടെ പത്തനംതിട്ട ജില്ലാലേഖകന്‍ റിപ്പോര്‍ട്ടുചെയ്യുന്നു. തിരുവല്ലയില്‍ നടന്നുവരുന്ന ഭാരത് സര്‍ക്കസ്സിന്റെ കൂടാരത്തില്‍നിന്നും രണ്ടുദിവസം മുമ്പ് ഒരു പുലി പുറത്തിറങ്ങിയതായി സംശയിക്കുന്നു. വാര്‍ത്തകളില്‍ ഇങ്ങനെയൊക്കെ കണ്ടെങ്കിലും വനംവകുപ്പില്‍നിന്നും ഉദ്യോഗസ്ഥര്‍ വന്നതിനു ശേഷം മാത്രമേ പുലി വന്ന വഴിയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കൂ എന്നാണ് പ്രാദേശിക ചാനലില്‍ എഴുതിവന്നത്.

ഒമ്പതുമണിയോടെ ആദ്യത്തെ ബ്രെയിക്കിംഗ് ന്യൂസ് എത്തി. മണിയങ്കാട്ടിപ്പടിക്കല്‍ പുലിയുടെ ആക്രമണം. പാറവേലി അന്നമ്മച്ചേടത്തിയുടെ മൂന്നാടുകളെ പുലി പിടിച്ചു. വാട്ട്സാപ് മെസേജുകള്‍ തലങ്ങനേം വെലങ്ങനേം പാഞ്ഞു. പുലിയുടെ പടവും ആടുകളുടെ പടവും വാട്ട്സാപ് സന്ദേശങ്ങളെ നിറപ്പകിട്ടുള്ളതാക്കി. പുലിയുടേതായിവന്ന പലതിനും കടുവയുടെ ഛായയായിരുന്നെങ്കിലും  അലറിവിളിക്കുന്ന അന്നമ്മച്ചേടത്തിയുടെ ചിത്രം ഒറിജിനലായിരുന്നു.

ഇന്നലെ രാത്രി മൂത്തമകള്‍ മറിയക്കുട്ടീടെ മാമ്മൂട്ടിലെ വീട്ടിലായിരുന്നു അന്നമ്മച്ചേടത്തി. ഭര്‍ത്താവ് പാറവേലിച്ചാക്കോച്ചന്‍ മറിയക്കുട്ടീടെകൂടെ മാമ്മൂട്ടില്‍തന്നെയാണു താമസം. കാലുനിറയെ ആണിയായതിനാല്‍ ചാക്കോച്ചനു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അന്നമ്മച്ചേടത്തി ആഴ്ചയിലൊരിക്കല്‍ മാമ്മൂടിനു പോകും. അല്ലാത്തപ്പോള്‍ മണിയങ്കാട്ടിപ്പടിക്കല്‍ അല്ലറചില്ലറ പച്ചക്കറികൃഷിയും ആടുവളര്‍ത്തലും തൊഴിലൊറപ്പുമൊക്കയായി കഴിഞ്ഞുകൂടും. പട്ടാളത്തിലുള്ള മകന്‍ ജോര്‍ജ്ജുകുട്ടിയും കുടുംബവും വരുമ്പോളാണ് അന്നമ്മച്ചേടത്തിയുടെ ജീവിതമൊന്നുഷാറാവുന്നത്. ജോര്‍ജ്ജുകുട്ടി മടങ്ങിപ്പോകുന്നതുവരെ ചാക്കോച്ചനും ഇവിടെയുണ്ടാവും. അടുത്താഴ്ച മോന്‍ വരുമെന്നുള്ള സന്തോഷമറിയിക്കാനാണ് ചേടത്തി ഇന്നലെ മാമ്മൂട്ടിലേക്കു പോയത്. രാത്രിയില്‍തന്നെ പുലിയിറങ്ങിയ വിവരം അറിഞ്ഞു. പേടികാരണം മറിയക്കുട്ടി  നേരം നന്നേ പുലര്‍ന്നിട്ടാണ് ചേടത്തിയെ വിട്ടത്. വീട്ടിലോട്ടു കയറുന്ന വഴിയിലാണ് ചേടത്തിയുടെ ആട്ടിന്‍കൂട്. വന്ന വഴി അങ്ങോട്ടൊന്നേ നോക്കിയുള്ളു.  പിന്നെ ഒരു നിലവിളിയായിരുന്നു.
''അയ്യോ എന്റയ്യോ... എന്റയ്യോ കര്‍ത്താവേ... ചതിച്ചേ...  ഓടിവായോ  എന്റാടെല്ലാം പോയേ... എന്റാടിനെയെല്ലാം  പുലിപിടിച്ചേ... എന്റെയെല്ലാം പോയേ... ഞാനെന്തിനാണോയിനി ജീവിക്കുന്നേ...'' ഓടിക്കൂടിയവര്‍ മുറ്റത്തുകുത്തിയിരുന്ന് നെഞ്ചത്തടിച്ചു കരയുന്ന അന്നമ്മച്ചേടത്തിയെ കണ്ടു. ചേടത്തിയുടെ നെഞ്ചുതകര്‍ത്തുകൊണ്ടുള്ള വിലാപത്തിനിടയില്‍നിന്നും പുലി പിടിച്ച ആട്  മൂന്നു ലിറ്റര്‍ പാലുചുരത്തിയിരുന്നെന്നും രണ്ടാട്ടിന്‍കുട്ടികളുണ്ടായിരുന്നെന്നും ഒന്ന് മുട്ടനാടായിരുന്നെന്നും ആദ്യം വന്നവര്‍ കേട്ടെഴുതി വാട്ട്സാപ്പില്‍ വിട്ടു. പതിനഞ്ചുമിനിറ്റുകൊണ്ട് പഞ്ചായത്തിളകി മറിഞ്ഞു. അണപൊട്ടിയൊഴുകിയെത്തിയ ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍ വാരിക്കുന്തങ്ങളും മുളവടികളും വെറകിന്‍ മുട്ടികളും ചെത്തിയുരുട്ടിയ കവിളന്‍ മടലും ഉണ്ടായിരുന്നു. മണിയങ്കാട്ടിപ്പടിക്കല്‍ ആളെ നിയന്ത്രിക്കാന്‍ പാടുപെട്ട് പതിനഞ്ചു വാര്‍ഡിലെ ജനപ്രതിനിധികളും തലേംകുത്തിനിന്നു പയറ്റി. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും വഴിയിലാകെ നിരന്നു.

ആള്‍ക്കൂട്ടത്തിനിമുകളിലൂടെ മെയ് വഴക്കമുള്ള ഒരഭ്യാസിയെപ്പോലെ ജയദേവന്‍ തെന്നിമറിഞ്ഞ്  മറുകരണം ചാടി പാറവേലിമുറ്റത്തെത്തി. തൊട്ടുപിന്നാലെ ഇടവക വികാരി വിജലിയൂസച്ചന്‍ അവിടേക്കു പറന്നിറങ്ങി. അവരെക്കണ്ടതോടെ അന്നമ്മച്ചേടത്തി നിലവിളിയുടെ രണ്ടാംഘട്ട ഇന്ധനത്തിനു തിരികൊളുത്തി. മുറ്റത്തിരുന്ന് പതംപറഞ്ഞു കരയുന്ന ചേടത്തിയുടെ വലങ്കൈയ്യില്‍ അച്ചനും ഇടങ്കൈയ്യില്‍ ജയദേവനും പിടിച്ചുവലിച്ച് പൊക്കി ഇളംതിണ്ണയില്‍ കിടത്തി. കുഞ്ഞാടുകള്‍ ഒരുപാടുള്ള ഇടവകയില്‍നിന്ന് അന്നമ്മയ്ക്ക് നഷ്ടപ്പെട്ട ആറാടുകളെ  ഇന്നുതന്നെ എത്തിക്കുമെന്ന് അച്ചന്‍ പറഞ്ഞിട്ടും ചേടത്തിയുടെ ഏങ്ങലടിച്ചുള്ള കരച്ചിലിനു കുറവൊന്നുമുണ്ടായില്ല.

ജയദേവന്‍  ഫോണിലെ വീഡിയോ കാണിച്ചുകൊണ്ടു പറഞ്ഞു. ലോകം മുഴുവന്‍ കണ്ടോണ്ടിരിക്കുവാ ചേടത്തീടെ നിവിളി. ഫോണില്‍ തന്റെ പ്രകടനം കണ്ട അന്നമ്മച്ചേടത്തി കൈപ്പടംകൊണ്ട് കണ്ണും മുഖവും മൂക്കൊലിപ്പും തുടച്ചു. പാറവേലില്‍ ആദ്യമെത്തിയവരില്‍ പലരും ചേടത്തിയുടെ നിലവിളി പകര്‍ത്തിയങ്കിലും വാലുപറമ്പിലെ ജോമോനാണ് വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. കരച്ചിലുനിര്‍ത്തിയ ചേടത്തി ഒരിക്കല്‍കൂടി അതുകണ്ടു. ജമമൃമ്‌ലഹശഹ  അിിമാാമ്യല ജൗഹശ ജശറശരവമുുീഹ എന്നെഴുതിയത് ഇംഗ്ലീഷിലായിരുന്നതുകൊണ്ട് ചേടത്തിക്ക് മനസ്സിലായില്ല. സന്തോഷത്തോടെ തേങ്ങിക്കൊണ്ടവര്‍ പറഞ്ഞു
''എന്റെ ജോര്‍ജ്ജുകുട്ടിക്കിതു കാണാന്‍ പറ്റിയോ എന്തോ?''

അച്ചന്‍ ഇളംതിണ്ണയില്‍ ഇരുന്നു. അവിടെ കയറിനിന്ന് ജയദേവന്‍  നാടിനെ അഭിസംബോധന ചെയ്തു. ആകാംക്ഷയും ഭയവും അടക്കിവാണിരുന്ന ഒരു സദസ്സായിരുന്നതിനാല്‍ മൈക്കില്ലാതെ തന്നെ അനുനാസികാതിപ്രസരമുള്ള ആ ശബ്ദം എല്ലാവരും വ്യക്തമായിക്കേട്ടു.
''പ്രിയമുള്ളവരേ...നമ്മുടെ നാടിന്നോളം കണ്ടിട്ടില്ലാത്ത അപകടകരമായ ഈ സ്ഥിതിവിശേഷം നേരിടാന്‍ എല്ലാവരുടെയും ഉള്ളഴിഞ്ഞ സഹകരണം ഞങ്ങളോടൊപ്പമുണ്ടാവണം. ഇന്ന് പതിനൊന്നു മണിക്ക് പഞ്ചായത്തുകമ്മിറ്റി അടിയന്തരമായി ചേരുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പുലിയെ പിടികൂടനുള്ള പദ്ധതികള്‍ക്ക് ഞങ്ങള്‍ രൂപം നല്‍കും. നിരന്തരം പുലിയിറങ്ങുന്ന വാല്‍പ്പാറയിലെയും ചിറ്റാറിലേയും മുന്‍കരുതലുകളെപ്പറ്റി ഉടന്‍ അന്വേഷിച്ച് ഇവിടയും ഞങ്ങള്‍ പ്രാവര്‍ത്തികമാക്കും... ഗൂഡ്രിക്കല്‍ റയിഞ്ച് ഓഫീസില്‍നിന്ന് പുലിയെ പിടിക്കുവാനുള്ള ഇരുമ്പുകൂടുമായി വനം വകുപ്പുദ്യോഗസ്ഥന്മാര്‍ ഇങ്ങോട്ടു തിരിച്ചുകഴിഞ്ഞു. ഡല്‍ഹിയില്‍നിന്ന് നമ്മുടെ പ്രിയങ്കരനായ എം.പി അദ്ദേഹത്തിന്റെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. അതുപോലെ തന്നെ നമ്മുടെ പ്രിയങ്കരനായ എം.എല്‍.എ വെകുന്നേരം പുലിയെ പിടികൂടാനായി എത്തുമെന്നറിയിച്ചിട്ടുണ്ട്. പ്രിയമുള്ളവരെ... ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കൂടുന്ന സര്‍വ്വകക്ഷിയോഗത്തിലേക്ക് നിങ്ങളുടെയെല്ലാം സാന്നിദ്ധ്യം ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. പ്രസ്തുതയോഗത്തില്‍വെച്ച് ഈ നാടിന്റെ രക്ഷകനായി മാറിയ മാവേലിമറ്റത്ത്  ശങ്കരപ്പിള്ളസ്സാറിനെ പൗരസ്വീകരണം നല്‍കി ആദരിക്കുന്നതുമാണ്.''

മുന്‍നിരയിലുണ്ടായിയരുന്ന പേഴുമ്മൂട്ടിലെ കൊച്ചുരായന്‍ തന്റെ ഒണങ്ങിയുന്തിയ നെഞ്ചിന്‍കൂടിലേക്ക് ശ്വാസം പിടിച്ച് വളഞ്ഞുകുത്തിനിന്ന് ഒരു വിളി.
''മാവേലിമറ്റത്ത് ശങ്കരപ്പിള്ളസ്സാര്‍...കീ...'' കേട്ടുനിന്ന ജനം ആര്‍ത്തുവിളിച്ചു.
''ജേ..., കീ...ജേ..., കീ...ജേ...'' മൂന്നു തവണ വിളിച്ചപ്പോഴേക്കും കൊച്ചുരായന്‍ ശ്വാസം മുട്ടി താഴെ വീണു. അപ്രതീക്ഷിതമായുണ്ടായ മുദ്രാവാക്യം വിളിയുടെ ആരവത്തില്‍ മണിയാങ്കാട്ടിപ്പടി വിറച്ചു. ശബ്ദം കേട്ടുപേടിച്ച് അടുത്ത വീട്ടിലെ ബ്ലേഡുപൊന്നപ്പന്റെ  ഘടാഘടിയന്‍ റോട്ട്വീലര്‍ പട്ടിക്കൂടുതകര്‍ത്ത് ആള്‍ക്കൂട്ടത്തിലേക്ക് ചാടി. പാഞ്ഞുവന്ന പട്ടിയെ ആദ്യം കണ്ട വിവരദോഷി വിളിച്ചു കൂവി.

''അയ്യോ ദാണ്ടോ കരിമ്പുലി...'' ജനം ചിതറിയോടി. പുറകോട്ടോടിയവര്‍ മലന്നടിച്ചുവീണു. വീണവരെ ചവിട്ടിയും ചാടിയും  ആള്‍ക്കാര്‍ നാലുപാടും ഓടി. ബൈക്കുകള്‍ കൂട്ടത്തോടെ മറിഞ്ഞു. പാടത്തേക്കു ചാടിയവര്‍ ഓടാനാവാതെ ചേറിനകത്ത് പുതഞ്ഞു. തന്റെ നേരേവന്ന പട്ടിക്കിട്ട് കാഞ്ഞരത്തിങ്കലെ വാസുദേവന്‍ വാരിക്കുന്തംകൊണ്ട് ഒറ്റയടി. മൂന്നുവട്ടം അന്തരീക്ഷത്തില്‍ കറങ്ങി  പട്ടി നിലത്തുവീണു.  നാലുകാലില്‍ ചാടിനിവര്‍ന്ന പട്ടി കണ്ടത്  മുന്നില്‍ മുളവടി കറക്കി വടിമറ തീര്‍ത്തു നില്‍ക്കുന്ന മംഗലത്ത് ചന്ദ്രനെയാണ്. ഞൊടിയിടയില്‍ പട്ടി ചാടി ചന്ദ്രന്റെ വലത്തെ തുട കടിച്ചുപറിച്ചു. മുളവടി ആകാശത്തേക്ക് പറന്നു. അരക്കിലോ തുടയിറച്ചിയുമായി പട്ടി തിരിഞ്ഞോടി. ബോധംകെട്ടുവീണ ചന്ദ്രനെ പാറവേലിലെ കിണറിന്റെ തളത്തിലേക്ക്  എടുത്തുകിടത്തി. ജയദേവന്‍  ഒരു തൊട്ടി വെള്ളം കോരി  ചന്ദ്രന്റെ മുഖത്തൊഴിച്ചു. പരിസരബോധം വീണ്ടുകിട്ടിയ ചന്ദ്രന്റെ വാട്ട്സാപ്പിലും ഏറ്റവും പുതിയ സന്ദേശം എത്തി. മംഗലത്ത് ചന്ദ്രനെ കരിംപുലി പിടിച്ചു. വിവരണമാവശ്യമില്ലാത്ത ചിത്രത്തോടൊപ്പം.    

അടിയന്തരയോഗം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പേ ജയദേവന്‍ പഞ്ചായത്ത് ഓഫീസിലെത്തി. പഞ്ചായത്ത് സെക്രട്ടറി രാജപ്പന്‍ കുമളി സ്വദേശി ആയിരുന്നതിനാല്‍ അയാള്‍ക്ക് അത്യാവശ്യം തമിഴ് അറിയാമായിരുന്നു. നിരന്തരം പുലിയുടെ ഭീഷണിയുള്ള വാല്‍പ്പാറയിലേക്ക് ബന്ധപ്പെടാന്‍ ജയദേവനു രാജപ്പന്‍ തുണയായി. വാല്‍പ്പാറയിലെ ചില ഹോട്ടലുകളില്‍ വിളിച്ച്  മുനിസിപ്പല്‍ ചെയര്‍മാന്‍ കുമാരസ്വാമിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു. കുമാരസ്വാമിയെ വിളിക്കുന്നതിനുമുമ്പ് ചോദിച്ചറിയേണ്ട കാര്യങ്ങളില്‍ അവര്‍ ഒരു ധാരണയിലെത്തി. പുലി ഇറങ്ങുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം? പുലിയെ ഓടിക്കുവാനുള്ള ഉപായങ്ങള്‍ എന്തെല്ലാം? പുലിയെ പിടിക്കുവാനുള്ള തന്ത്രങ്ങള്‍ എന്തെല്ലാം? പക്ഷേ ഫോണ്‍ വിളിക്കാന്‍ ഇടനല്‍കാതെ ഓടിയെത്തിയ പഞ്ചായത്തിലെ അറ്റന്റര്‍ രാമന്‍പിള്ളച്ചേട്ടന്‍  കിതപ്പിനിടെ ആറു ഗഡുക്കളായി പറഞ്ഞൊപ്പിച്ചു. കുന്നന്താനം പള്ളിക്കുടത്തിലെ മൂത്രപ്പുരയ്ക്കകത്തു പുലി കിടക്കുന്നു.
 
ജയദേവന്‍  അവിടെ എത്തിയപ്പെഴേക്കും സ്‌കൂളുവിട്ടിരുന്നു. കൂട്ടമണിയടിച്ചു സ്‌കൂളുവിട്ടെന്നാണു കുട്ടികള്‍ പറഞ്ഞത്. ഫുട്ബോള്‍ ഗ്രൗണ്ടിന്റെ തെക്കുപടിഞ്ഞാറെ മൂലയ്ക്കാണ് ആണ്‍കുട്ടികളുടെ മൂത്രപ്പുര. സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ മാത്രം ഇന്നും കാണപ്പെടുന്ന രണ്ടായി വിഭജിച്ച മൂത്രപ്പുരയ്ക്ക് മേക്കൂരയോ വാതിലോ ഉണ്ടായിരുന്നില്ല.

ഗദാധരന്‍പിള്ളസ്സാറ് മുണ്ടുമടക്കിക്കുത്തി നീട്ടിയൊന്നു മുറുക്കിത്തുപ്പി. പതിവുപോലെ   ചുണ്ടില്‍  താളമിട്ടൊരു പാട്ടുമായി മൂത്രപ്പുരയിലേക്ക് പോയതാണ്.
''പാണ്ടന്‍ നായുടെ പല്ലിനുശൗര്യം ടണ്ടടണ്ടം ടണ്ടടണ്ടം...
പണ്ടിവനൊരു കടിയാലൊരുപുലിയെ ടണ്ടടണ്ടം ടണ്ടടണ്ടം...''
അകത്തക്കു ടണ്ടടണ്ടം ടണ്ടടണ്ടം പാടി കാലുവെച്ചതും തിരിഞ്ഞൊരോട്ടമായിരുന്നു. ഒരു മുരളിച്ച കേട്ടെന്നാണു സാറുപറയുന്നത്. പേരു ഗദാധരന്‍പിള്ളയെന്നാണെങ്കിലും ചൂലെടുത്തു തോളേല്‍ വെക്കാനുള്ള ശേഷിയദ്ദേഹത്തിനില്ല. ഏതു പ്രതികൂല സാഹചര്യത്തിലും കുഴഞ്ഞുവീണു മരിക്കാനുള്ള യോഗ്യത കൂടുതലാണുതാനും. അങ്ങേരു തിരിഞ്ഞോടിയതും കൂടെയുണ്ടായിരുന്ന ചെല്ലപ്പന്‍പിള്ളസാറും ഫിലിപ്പുസാറും കാര്യമറിയാതെ കൂടോടി. ഗ്രൗണ്ട് വിട്ട് സ്‌കൂളിന്റെ നീണ്ട വരാന്തയിലൂടെ അവര്‍ പാഞ്ഞു. ഇവരുടെ പാച്ചില്‍ കണ്ടിട്ട് ക്ലാസ്സെടുത്തുകൊണ്ടുനിന്ന സാരസാക്ഷന്‍സാറും ഭാര്‍ഗ്ഗവിയമ്മസാറും രുഗ്മിണിയമ്മസാറും തോമാസാറും കുറുപ്പുസാറും ക്ലാസ്സില്‍ നിന്നിറങ്ങി പിന്നാലെയോടി. ഓഫീസിലേക്ക് പാഞ്ഞുവരുന്ന കൂട്ടയോട്ടം കണ്ടുപേടിച്ച് കമലാക്ഷിയമ്മസാറ് ഹെഡ്മ്‌സ്ട്രസിന്റെ കസേരയില്‍നിന്ന് ചാടിയെഴുന്നേറ്റു.

''എന്താ പിള്ളസാറേ എന്തുപറ്റി?''
കമലാക്ഷിയമ്മസാറിന്റെ ചോദ്യമൊന്നും ഗദാധരന്‍പിള്ളസാറു കേട്ടില്ല. വന്നപാടേ ആംപ്ലിഫയറിന്റെ സ്വിച്ചിട്ട് മൈക്രോഫോണ്‍ കൈലെടുത്തു.

''ഇങ്ങേര്‍ക്കിതെന്താ പറ്റിയത്?'' കമലാക്ഷിയമ്മസാറ് ഭര്‍ത്താവുകൂടിയായ സാരസാക്ഷന്‍സാറിനെ നോക്കി. സദസ്യരോടെന്നവണ്ണം ചുറ്റും നിന്നവരെക്കണ്ടു സാറു സംസാരിച്ചുതുടങ്ങി.
''കുട്ടികളുടെയും അദ്ധ്യാപകരുടെയും പ്രത്യേക ശ്രദ്ധയ്ക്കായി ഒരു സുപ്രധാന വിവരം അറിയിക്കുകയാണ്. ഇന്നലെ രാത്രിയില്‍ ഈ ഗ്രാമത്തിലിറങ്ങിയ പുലി ഇപ്പോള്‍ ഗ്രൗണ്ടിനടുത്തുള്ള ആമ്പിള്ളാരുടെ മൂത്രപ്പുരയില്‍ കയറിയിട്ടുണ്ട്. ഏതുസമയവും പുലി സ്‌കൂളിലേക്ക്  കടന്നുവരാന്‍ സാധ്യതയുണ്ട്. അതിനുമുമ്പ് കുട്ടികള്‍ എത്രയും വേഗം അവരവരുടെ വീടുകളിലേക്ക് രക്ഷപെട്ടുകൊള്ളണമെന്നറിയിക്കുകയാണ്.''  ക്ലാസ്സുമുറികളില്‍നിന്ന് ആരവമുയര്‍ന്നു. ആരെയും ശ്രദ്ധിക്കാതെ പുറത്തിറങ്ങി വരാന്തയില്‍ തൂക്കിയിരുന്ന ചേങ്ങിലയില്‍ ഗദാധരന്‍പിള്ളസാറു കൊട്ടുവടിയുമായി ഞാന്നുകിടന്നു കൂട്ടമണിയടിച്ചു. നിര്‍ത്താതെ മണിയടിച്ചു കുഴഞ്ഞുവീണ സാറിനെ പതിവുമരണത്തിനുമുമ്പ് വരാന്തയിലെ ബഞ്ചില്‍ എടുത്തു കിടത്തി. വാതിലിലൂടെയും ജനാലയിലൂടെയും കുട്ടികള്‍ പുറത്തേക്കു മൂളിപ്പറന്നു. വീടുകളിലേക്കോടിയതിലും കൂടുതല്‍ കുട്ടികള്‍ ഗ്രൗണ്ടിലേക്കോടി. മൂത്രപ്പുരയ്ക്കു ചുറ്റുമായി പത്തറുനൂറുകുട്ടികള്‍ പുറത്തേക്കു വരുന്ന പുലിയെക്കാണാന്‍ തടിച്ചുകൂടി. കുട്ടികള്‍ ഗ്രൗണ്ടുവിട്ട് വീട്ടില്‍പോകണമെന്ന് പലതവണ കമലാക്ഷിയമ്മസാറ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഓരോതവണ വിളിച്ചു പറയുമ്പോഴും കുട്ടികള്‍ ആവേശത്തോടെ കൂവി.

പാറവേലില്‍ അന്നമ്മച്ചേടത്തിയുടെ ആടുകളുമായി പുലി നമ്മുടെ പള്ളിക്കൂടത്തിന്റെ മൂത്രപ്പുരയിലുണ്ടെന്ന സന്ദേശം വാട്ട്സാപ്പില്‍ വന്നതോടെ നാട്ടുകാരും രക്ഷിതാക്കളുമടക്കം വന്‍ ജനാവലി സ്‌കൂളിലേക്കോടിയെത്തി. പഞ്ചായത്തു പ്രസിഡന്റ് ജയദേവനും അദ്ധ്യാപകരും ചേര്‍ന്നു കുട്ടികളെ  മൂത്രപ്പുരയ്ക്കരികില്‍നിന്നും തള്ളിമാറ്റനുള്ള ശ്രമത്തിലാണ്. നാട്ടുകരും കൂടി ഒപ്പം ചേര്‍ന്നതോടെ ഒരു നൂറുമീറ്റര്‍  വ്യാസമുള്ള മനുഷ്യവലയത്തിനു നടുവിലായി മൂത്രപ്പുര.
മനുഷ്യമതില്‍ തീര്‍ത്തുകൊണ്ട് ഗദാധരന്‍പിള്ളസാറൊഴികെയുള്ള അദ്ധ്യാപകരും ജയദേവനും രക്ഷിതാക്കളും  നാട്ടുകാരുമാണിപ്പോള്‍ മുന്‍നിരയില്‍. അമ്പതുവാരയകലെയുള്ള വിപത്തിന്റെ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് സാരസാക്ഷന്‍സാര്‍ ചോദിച്ചു.

''ഇതിനകത്തു പുലിയൊണ്ടോ? ഗദാധരന്‍പിള്ളസാറിനെ വിശ്വസിക്കാനൊക്കത്തില്ല. പുള്ളീടെ   പല നട്ടും ലൂസാ. ഭൂമി കുലുങ്ങിയെന്നുപറഞ്ഞ് രണ്ടാഴ്ച മുമ്പ് കൂട്ടമണിയടിച്ചു സ്‌കൂളു വിട്ട പാര്‍ട്ടിയാ. പതിവുപോലെ കൊഴഞ്ഞുവീഴുകയും പിന്നെ ബോധം തെളിയുകയും ചെയ്തപ്പോള്‍ ഭൂമികുലുങ്ങിയതല്ല. അങ്ങേരുടെ തലകറങ്ങിയതായിരുന്നത്രെ.''

അതുകേട്ടപ്പോള്‍ ജയദേവനടക്കം എല്ലാവര്‍ക്കും സംശയമായി. ഗദാധരന്‍പിള്ളസാറിനു ബോധം പോയാല്‍ തിരികെ വരണമെങ്കില്‍ കുറഞ്ഞത് രണ്ടുമണിക്കൂര്‍ കഴിയും. നിമിഷങ്ങള്‍ കഴിയുന്തോറും സംശയം ശക്തമായി. വൈകാതെ നാടിന്റെ നാനാഭാഗത്തുനിന്നും വെറകിന്‍ മുട്ടവും മടലും വാരിക്കുന്തവും മുളവടിയുമായി സന്നദ്ധഭടന്മാര്‍ മുന്‍നിരയിലെത്തി. അരക്ഷിതമായ അന്തരീക്ഷത്തില്‍ ഒരു സമൂഹത്തെ നിര്‍ത്തുന്നതു ശരിയല്ലെന്നു ജയദേവനുതോന്നി.

''ഞാന്‍ കയറി നോക്കാന്‍ പോവാ.'' ജയദേവനിലെ ജനകീയനേതവ് അവസരത്തിനെത്ത് ഉയര്‍ന്നു.
''വേണ്ടാ വേണ്ടാ, അതപകടമാവും.''  സാരസാക്ഷന്‍സാര്‍തന്നെ ജയദേവനെ തടഞ്ഞു.
''പുലിയെങ്ങാനുമതിലൊണ്ടെങ്കില്‍ പിന്നെന്താ സംഭവിക്കുന്ന പുലിക്കുപോലും അറിയാന്‍ പറ്റത്തില്ല.''  
''പക്ഷേ, കാര്യങ്ങള്‍ക്കെന്തെങ്കിലും ഒരു തീരുമാനമൊണ്ടാകണ്ടേ...'' ജയദേവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. നാട്ടിലെ പ്രശസ്തഛായഗ്രാഹകനായ സ്വപ്നാ ജോയിക്കുട്ടിയാണ് അതിനു മറുപടിപറഞ്ഞത്.
''ഈ മൂത്രപ്പുരയ്ക്ക് മേക്കൂരയില്ലാത്തതുകൊണ്ട് ഞാനൊരു കാര്യം പറയാം. നമുക്ക് കോട്ടയത്തുനിന്ന് ഡ്രോണ്‍ വരുത്താം. പറന്നു പടമെടുക്കും പക്ഷേ ചില്ലറയിത്തിരി ഇറങ്ങും. അഥവാ പുലിയിറങ്ങിയോടിയാല്‍ അതും ധൈര്യമായിട്ടു പിടിക്കാം.''
പ്രകാശന്‍ പറയുന്നതു കേട്ടുകൊണ്ടു നിന്ന സഖാവു രാഘവന്റെ മനസ്സില്‍ പൊടുന്നനവേ ഒരു ചിന്ത നുരയിട്ടു പൊങ്ങി.

ഒരുത്തനേം വിളിച്ചു കാശുകളയെണ്ടാ...പണിയൊണ്ട്. രാഘവന്‍ മൂത്രപ്പുരയുടെ തെക്കുഭാഗത്ത് ഏകദേശം പത്തുമീറ്റര്‍ അകലയായി നിന്ന തെങ്ങിനരികിലേക്ക് നീങ്ങിയതും അനായാസം തെങ്ങിന്‍ മുകളിലേക്ക് കയറിപ്പോയതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. തെങ്ങിന്‍ മുകളിലെത്തും മുമ്പ് മൂത്രപ്പുരയിലെ കാഴ്ച കണ്ട് അയാള്‍ വിളിച്ചു കൂവി.     
        
''ആടിനെ തിന്നു തീരാറായേ... ഏതുസമയോം പുറത്തുചാടുമേ. ജീവന്‍ വേണ്ടവരോടിക്കോളോ...'' കേറിയതിന്റെ  നൂറിരട്ടിവേഗത്തില്‍ രാഘവന്‍ താഴെയെത്തി. ജനമിളകി നാലുവഴിക്കായി ഓടി.  സ്‌കൂളിനുള്ളിലേക്ക്  അദ്ധ്യാപകരോടൊപ്പമോടിക്കയറിയ ജയദേവനെ രാഘവന്‍ പിന്നില്‍നിന്നു വിളിച്ചുനിര്‍ത്തി ചെവിയില്‍ പറഞ്ഞു.
''പേടിക്കെണ്ടാ... അതിനകത്തൊരു പട്ടി പെറ്റു കിടക്കുവാ... ആളെ പിരിച്ചുവിടാനാ ഞാനങ്ങനെ കാച്ചിയത്.''                       
ജയദേവന്‍ പഞ്ചായത്തോഫീസില്‍ തിരികെയെത്തിയപ്പോഴേക്കും മെംബറന്മാരെല്ലാം സജീവചര്‍ച്ചയിലായിരുന്നു. പ്രസിഡന്റുകൂടി ചേര്‍ന്നതോടെ യോഗം ഔദ്യോഗികമായി മാറി. പതിനഞ്ചു മെംബറന്മാരില്‍ ഒമ്പതുപേരും വനിതകളായിരുന്നു. അവരില്‍ പകുതിയും പുലികളായിരുന്നു. അതായിരുന്നു സുധീന്ദ്രന്റെ ശക്തിയും ദൗര്‍ബല്യവും. പതിവുപോലെ കൈവിട്ടു പോയ യോഗത്തിന്റെ നിയന്ത്രണം പെട്ടെന്നു തന്നെ ജയദേവന്‍ പിടിച്ചെടുത്തു. അയാളുടെ വാക്കുകള്‍ എല്ലാവരും അവരുടെ ഇരിപ്പിടങ്ങളില്‍ ശ്വാസം പിടിച്ചിരുന്നു കേട്ടു.

''ജനങ്ങള്‍ വല്ലാതെ ഭയപ്പെട്ടിരിക്കയാണ്. അവര്‍ക്കൊരാപത്തും വരാതെ നോക്കേണ്ട ചുമതല നമ്മുടേതാണ്. ഇന്നു രാത്രി എല്ലാ വാര്‍ഡിലും സര്‍വ്വകക്ഷി പുലിജാഗ്രതാസമിതിയുടെ കാവലുണ്ടാവണം. അവര്‍ക്കുവേണ്ടി കപ്പ പുഴുങ്ങുന്നതിനും കട്ടന്‍ തിളപ്പിക്കുന്നതിനുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകഴിഞ്ഞു. പക്ഷേ വാര്‍ഡുസമിതികളുടെ നേതൃത്വം അതാതു മെംബര്‍മാര്‍ തന്നെ ഏറ്റെടുക്കണം'' ഗൗരവത്തില്‍ കേട്ടുകൊണ്ടിരുന്ന ഒമ്പതുതലകള്‍ കൂട്ടിമുട്ടി. ശാശാ ശീശീ ശൂശൂ.. അസംബ്ലി ഹാളില്‍നിന്ന് അവ്യക്തമായൊരു ശീല്‍ക്കാരം ഉയര്‍ന്നു. അതിന്റെ പൊരുളു തിരിഞ്ഞ ജയദേവന്‍  ചിരിച്ചുകൊണ്ടു തുടര്‍ന്നു.
''സ്ത്രീകള്‍ അബലകളല്ലെന്നു ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും അപകടകരമായ ഒരു ഉദ്യമമായതുകൊണ്ട് ഈ ഓപ്പറേഷനില്‍ നമ്മുടെ വനിതാ അംഗങ്ങള്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ നമ്മുടെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ലാത്തുകൊണ്ട് വനിതാഅംഗങ്ങള്‍ ഭര്‍ത്താക്കന്മാരെയോ പ്രായപൂര്‍ത്തിയായ മക്കളെയോ പുലിജാഗ്രതാസമിതിയിലേക്ക് പറഞ്ഞുവിട്ടാല്‍ നല്ലതായിരിക്കും'' വനിതാംഗങ്ങളുടെ കയ്യടിക്കിടയില്‍  പല വാര്‍ഡിലും കെട്ടിയോന്‍ ഭരണമാണെല്ലോ നടക്കുന്നത് എന്ന് ചന്ദ്രന്‍പിള്ള മെംബര്‍ പറഞ്ഞതാരും കേട്ടില്ല. പ്രതിപക്ഷനേതവ്  മെംബറു മറിയാമ്മ  എഴുന്നേറ്റതോടെ അന്തരീക്ഷം ശാന്തമായി.

''എന്റെ എളേ ചെറുക്കന്റെ പ്രായമേ ഒള്ളൂ നമ്മുടെ പ്രസിഡന്റിന്. എങ്കിലും പ്രസിഡന്റു മോന്റെ കര്‍മ്മകുശലതയെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ മോന്‍ എന്തുതന്നെ പറഞ്ഞാലും എതിര്‍ത്താലും ശരി വൈകുന്നേരം എന്റെ വാര്‍ഡില്‍ ഞാന്‍ തന്നെ നേതൃത്വം നല്‍കും. പേടിയില്ലാഞ്ഞിട്ടൊന്നുമല്ല... എന്റെ മാപ്പിളയോടിതു പറഞ്ഞാല്‍ അങ്ങേരന്നേരം മുതല്‍ വയറിളകി വയറിളകിച്ചാകും...'' ഉയര്‍ന്നുപൊങ്ങിയ പൊട്ടിച്ചിരികള്‍ക്കിടയില്‍ കുറച്ചുനേരത്തേക്കെങ്കിലും പുലിയുടെ മുരളിച്ച അവര്‍ മറന്നു.

സ്വാമി ചൈതന്യപ്രകാശത്തിന്റെ പ്രാര്‍ത്ഥനയോടയാണ് കമ്മ്യൂണിറ്റിഹാളില്‍ സര്‍വ്വകക്ഷി സമ്മേളനം ആരംഭിച്ചു. എവിടെ നിര്‍ഭയമാകുന്നു മാനസം എവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം എന്നു തുടങ്ങുന്ന ടാഗോറിന്റെ  വരികളില്‍ തുടങ്ങി തലയുയര്‍ത്തി നിര്‍ഭയമായി ഇറങ്ങിയെങ്കില്‍ മാത്രമേ പുലിപ്പേടിയെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് ചൈതന്യപ്രകാശം പറഞ്ഞുവെച്ചു. പുലിത്തോലണിയുന്ന മഹാദേവനും പുലിവാഹനനായ അയ്യപ്പസ്വാമിയും വെളിപ്പെടുത്തുന്ന ആത്യന്തികമായ സത്യം പുലി ശത്രുപക്ഷത്തല്ല മിത്രംതന്നെയാകുവെന്നതാണ്. മലബാറില്‍ പുലിയേറിവരുന്ന അയ്യപ്പന്റെ കളമെഴുതി അയ്യപ്പമ്പാട്ടു നടത്തുന്നതും പുലിമറഞ്ഞ തൊണ്ടച്ചന്റെ തെയ്യം കെട്ടി ആരാധന നടത്തുന്നതടക്കം നിരവധി പുലിത്തെയ്യങ്ങളും നമ്മുടെ അനുഷ്ഠാനങ്ങളിലെ പുലി സാന്നിദ്ധ്യങ്ങളാണ്. ഓണക്കാലത്തു പുലികളി നടത്തുന്നതവട്ടെ കേരളസംസ്‌കൃതിയിലെ പുലിയുടെ മാഹാത്മ്യം വിളിച്ചോതുകയും  ചെയ്യുന്നു. പുലിപ്പേടി താത്കാലികമാണെന്നും വൈകാതെ നാം അതില്‍നിന്നു മുക്തരാവുമെന്നുംകൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് ചൈതന്യപ്രകാശം തിരികെ പീഠത്തിലെത്തിയണഞ്ഞു.

അദ്ധ്യക്ഷനായിരുന്ന ജയദേവനെക്കൂടാതെ ശങ്കരപ്പിള്ളസാറും ആദ്യകാല പഞ്ചായത്തു പ്രസിഡന്റ് സമാദരണീയനായ അമ്പലപ്പാട്ട് സോമശേഖരക്കയ്മളും പ്രതിപക്ഷനേതാവ് മെംബറുമറിയാമ്മയും വേദിയിലുണ്ടായിരുന്നു. സ്വാമിക്കു പിന്നാലെ ജയദേവന്‍ പുലിയെ നേരില്‍ കണ്ട സംഭവം വിവരിക്കുന്നതിനായി ശങ്കരപ്പിള്ളസാറിനെ ക്ഷണിച്ചു. കമ്മ്യൂണിറ്റിഹാളിലും പരിസരത്തും തിങ്ങിനിറഞ്ഞു നിന്നിരുന്ന ജനം കരഘോഷത്താല്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. തൊഴുകയ്യുമായി എഴുന്നേറ്റുനിന്ന ശങ്കരപ്പിള്ളസാറിനെ സമപ്രായക്കാരനായ അമ്പലപ്പാട്ട് സോമശേഖരക്കയ്മള്‍ പൗരസമിതിയുടെ  അനുവാദത്തോടെ പൊന്നാട പുതപ്പിച്ചു. നിലയ്ക്കാത്ത കരഘോഷം. ശങ്കരപ്പിള്ളസാറിന്റെ കണ്ണകള്‍ ഈറനണിഞ്ഞു. ജീവിതത്തിലിന്നോളമുണ്ടാവാത്ത ഒരു മരവിപ്പില്‍ ഒരു മിനിറ്റ് മൈക്കിനു മുമ്പില്‍നിന്നശേഷം ഒന്നും മിണ്ടാനാവാതെ ശങ്കരപ്പിള്ളസാര്‍ തിരികെ കസേരയില്‍ വന്നിരുന്നു. മെംബറു മറിയാമ്മ സാറിന് ഗ്ലാസില്‍ വെള്ളമെടുത്തു കൊടുത്തു.

അധ്യക്ഷന്‍ ക്ഷണിക്കാതെ തന്നെ അമ്പലപ്പാടന്‍ മൈക്കിനരികിലേക്കെത്തി. ശങ്കരപ്പിള്ളസാറു കഴിഞ്ഞാല്‍ ഏതുവേദിക്കും സ്വീകാര്യനായ വാഗ്മിയായിരുന്നു അദ്ദേഹം. ദേശചരിത്രം ഏറ്റവും നന്നേ അറിയാമായിരുന്ന നാട്ടുകാരന്‍. അറുപതുകളുടെ പകുതി മുതല്‍ എഴുപതുകളുടെ അവസാനം വരെ നീണ്ട പഞ്ചായത്തു സമിതിയുടെ നേതൃത്വം അമ്പലപ്പാടനായിരുന്നു. എണ്‍പതുകളോടെ പഞ്ചായത്തു തിരഞ്ഞെടുപ്പു രാഷ്ട്രീയാടിസ്ഥാനത്തിലായപ്പോള്‍ അദ്ദേഹം രംഗം വിട്ടു. രാഷ്ട്രീയപ്രവര്‍ത്തനമില്ലാത്ത സമൂഹികപ്രവര്‍ത്തകനായി ഇന്നും സജീവം. നല്ല രണ്ടു ചീത്ത പറഞ്ഞോ ചെവിക്കല്ലുതീര്‍ത്ത് രണ്ടു പൊട്ടീരുകൊടുത്തോ തീര്‍ക്കാവുന്ന അല്ലറചില്ലറ പ്രശ്നങ്ങള്‍ ആ വഴിയെ പരിഹരിക്കാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.

അരിയില്ല തുണിയില്ല ദുരിതമാണെന്നാലും നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ എന്ന ഇടശ്ശേരിക്കവിതയിലൂടെയൊരു ചോദ്യമുയര്‍ത്തിക്കൊണ്ടാണ് അമ്പലപ്പാടന്‍ പ്രസംഗം ആരംഭിച്ചത്. ആദ്യത്തെ ഒന്നുരണ്ടു മിനിറ്റുകൊണ്ടുതന്നെ ആള്‍ക്കൂട്ടത്തെ നിശ്ശബ്ദരാക്കി തന്നിലേക്ക് വലിച്ചടുപ്പിച്ചു. നൂറുകണക്കിനാള്‍ക്കാരുടെ നിശ്ശബ്ദത പുലി ആ ഗ്രാമത്തിനുമേല്‍ മൂടിയ ഭയാനകതയെ വരച്ചിട്ടു. മൗനത്തിലാണ്ട ഭീതിയുടെ നിമിഷങ്ങളിലേക്ക് അമ്പലാപ്പാടന്റെ വാക്കുകള്‍ ഒഴുകിനിറഞ്ഞു.
''ജയദേവനും സ്വാമിയും മറ്റും പറഞ്ഞതുപോലെ നമ്മുടെ നാട്ടുചരിത്രത്തില്‍ പുലിയിറങ്ങിയത് ആദ്യത്തെ സംഭവമൊന്നുമല്ല. ഇതിനു മുമ്പും ഇത്തരം ദുരന്തങ്ങള്‍ നമ്മുടെഗ്രാമത്തില്‍ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് നാടിനെ വിറപ്പിച്ചുകൊണ്ട് എവിടെ നിന്നോ ഒരു കടുവാ ഈ നാട്ടിലേക്കു ഇറങ്ങി വന്നു. ഇറങ്ങിയെന്നുമാത്രമല്ല  അത് മനുഷ്യനെ പിടി    ച്ചു തിന്നുകയും ചെയ്തു.'' അമ്പലപ്പാടന്‍ ഒരുനിമിഷം നിര്‍ത്തി. അന്നുവരെ കേട്ടിട്ടില്ലാത്ത വാര്‍ത്തയുടെ അമ്പരപ്പില്‍ സദസ്സും വേദിയും നിശ്ശബ്ദതയ്ക്കുമപ്പുറം നിശ്ചലമായി. പാഴ്വാക്കു പറയാത്ത അമ്പലപ്പാടനില്‍ വിശ്വാസ്യതയുടെ ചോദ്യചിഹ്നങ്ങള്‍ മുളപൊട്ടുന്നതിനുമുമ്പ് അദ്ദേഹം പറഞ്ഞുതുടങ്ങി.

''തെളിവുകളുടെ സാക്ഷ്യമാണ് ചരിത്രത്തെയും ഐതിഹ്യത്തെയും വേര്‍തിരിച്ചു നിര്‍ത്തുന്നത്. നമ്മുടെ കുറുമ്പക്കാവില്‍ ഭഗവതിയെയും പരശുരാമസ്വാമിയെയും വസൂരിമാലയേയും കൂടാതെ ഒരു ഉപദേവന്‍ കൂടിയുണ്ടെല്ലോ. നമുക്കെല്ലാം അറിയാവുന്ന മാധവശ്ശേരില്‍ വല്യച്ഛന്‍. നാട്ടിലിപ്പോഴുമുള്ള ആ പഴയതറവാട്ടിലെ മുന്‍ഗാമിയെന്നു കരുതുന്ന വല്യച്ഛനെ കരക്കാര്‍ അമ്പലം പണിത് ആരാധിക്കുന്നതെന്തിനാണ്? വറപൊടി നേദിച്ച് മൂന്നുനേരം പൂജനടത്തുന്നതെന്തിനാണ്?'' അമ്പലപ്പാടന്റെ  പഴംപുരാണം കേട്ട് വേദിയിലിരുന്നു യുവവിപ്ലവകാരിയായ ജയദേവന്‍  ഞെളിപിരി കൊണ്ടു.
പുലിക്കൂടുമായി വനംവകപ്പുകാരെത്താത്തതിലുള്ള അങ്കലാപ്പിലായിരുന്നു ജയദേവന്‍. പക്ഷേ കമ്മ്യൂണിറ്റിഹാളിലും പുറത്തുവരാന്തയിലും മുറ്റത്തും നിന്നിരുന്ന സാധാരണക്കാര്‍ മാത്രമല്ല ജ്ഞാനവൃദ്ധനായ ശങ്കരപ്പിള്ളസ്സാര്‍ പോലും കഥയെന്നോ ചരിത്രമെന്നോ ഐതിഹ്യമെന്നോ പൊരുളുതിരിക്കാനാവാത്ത വല്യച്ഛനില്‍ മുങ്ങിപ്പോയി. വേദിയിലേക്കും സദസ്സിലേക്കും നോക്കിയിട്ട് അമ്പലപ്പാടന്‍ തുടര്‍ന്നു.

''ആ വല്യച്ഛനെയാണ് കടുവാ എടുത്തത്. പഴയ കാലം. അന്ന് തെക്കുംകൂര്‍ രാജാക്കന്മാര്‍ ഭരിച്ചിരുന്ന ഈ പ്രദേത്തെ ക്ഷേത്രങ്ങളില്‍ താഴമണ്‍മഠത്തിലെ തന്ത്രിമാര്‍ക്കായിരുന്നു അധികാരം. പണ്ടെങ്ങോ പ്രതിഷ്ഠാകര്‍മ്മത്തിന് ഇവിടെയെത്തിയ താഴമണ്‍മഠത്തിലെ കണ്ഠര് കൃഷ്ണര്  മാധവശ്ശേരില്‍ സംബന്ധം ചെയ്തു. ആ നായര്‍ത്തറവാട്ടിലെ സ്ത്രീയുമായുള്ള ആ ബന്ധത്തിലുണ്ടായ മകനാണ് മാധവശ്ശേരില്‍ വല്യച്ഛന്‍. ഈ നാട്ടിലെ കിരീടമില്ലാത്ത രാജാവ്. അങ്ങേര് വലിയ മന്ത്രവാദിയും കായികാഭ്യാസിയും സകലകലാവല്ലഭനുമായിരുന്നു. മനുഷ്യസ്നേഹത്തിന്റെ  പ്രതീകമായിരുന്ന വല്യച്ഛന്‍  താഴ്ന്ന ജാതിക്കാരെ വിളിച്ചിരുത്തി അക്ഷരം പഠിപ്പിച്ചു. പുലയരെ വട്ടം കൂട്ടി ക്ഷേത്രത്തില്‍ പുലവൃത്തം കളിപ്പിച്ചു. അന്നത്തെ നായര്‍ മാടമ്പിമാരായ കയ്മള്‍മാര്‍ക്കൊന്നും അതത്ര രസിച്ചിരുന്നില്ല. ''ജയദേവന്‍  എഴുന്നേറ്റ് വേദിയില്‍നിന്നും അല്പം മാറിനിന്നാരെയോ മൊബൈലില്‍ വിളിച്ചു. അവിടെനിന്ന് നേരെ പ്രസംഗപീഠത്തിനരികില്‍ച്ചെന്ന് അമ്പലപ്പാടനോട് എം.എല്‍.എ എത്തിച്ചേരാന്‍ പത്തുമിനിറ്റ് വൈകുമെന്ന വിവരം ധരിപ്പിച്ചു. ഏറെക്കാലത്തിനുശേഷം മൈക്ക് കിട്ടിയ അമ്പലപ്പാടനത് സന്തോഷവുമായി.
അതുകൊഴപ്പമില്ലെടൊ... നിര്‍ത്തേണ്ടപ്പോ പറഞ്ഞാമതി. എന്തായലും നമ്മുടെ നാട്ടിലുണ്ടായ ആദ്യത്തെ വന്യജീവി ആക്രമണത്തിന്റെ ചരിത്രം പറഞ്ഞു തീരുമ്പോഴേക്കും ബഹുമാനപ്പെട്ട എം.എല്‍.എ എത്തും.'' അമ്പലപ്പാടന്‍ ഒരു കവിള്‍ വെള്ളം കുടിച്ചിട്ട് കഥയിലേക്ക് തിരികെ എത്തി.

''അപ്പോള്‍ വല്യച്ഛനങ്ങനെ ജ്വലിച്ചുനിക്കുന്ന കാലത്താണ് അപ്രതീക്ഷിതമായി ഒരു കടുവാ നമ്മുടെ ഉമിക്കുന്നിന്റെ താഴെ വള്ളിക്കാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്നത്തപ്പോലെ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാത്ത കാലം. ഒരാഴ്ചകൊണ്ട് പത്തോളം നാല്‍ക്കാലികളെ കടുവാ പിടിച്ചു തിന്നു. നാട്ടുകാര്‍ ഭയന്നു പുറത്തിറങ്ങാതായി. തെക്കുംകൂറിന്റെ തലസ്ഥാനമായ മണികണ്ഠപുരത്തുനിന്ന് രാജാവ് അടിയന്തരമായി ഒരു പത്തംഗസേനയെ ഇങ്ങോട്ടയച്ചു.  സൈന്യം നാടരിച്ചുപെറുക്കി. കൂട്ടത്തില്‍ ചില്ലറ തോന്ന്യാസങ്ങളും കാണിച്ചു. കടുവായുടെ ഒരു രോമം പോലും കിട്ടിയില്ലെന്നുമാത്രമല്ല സൈനികരുവന്ന വില്ലുവണ്ടിയിലെ ഒരു    കുതിരയെ കടുവാ പിടിക്കുകയും ചെയ്തു. വന്നതിന്റെ  നാലാം നാള്‍ സൈന്യം വന്നപോലെ മടങ്ങി.'' ജയദേവനു പിന്നെയും ഫോണ്‍ വന്നു. വേദിയുടെ വശത്തേക്കു മാറിനിന്നു സംസാരിക്കുന്ന ജയദേവനിലേക്കായി അമ്പലപ്പാടന്റെ ശ്രദ്ധ. പ്രസംഗം തുടര്‍ന്നോളാന്‍ കൈകൊണ്ടു കാണിച്ചിട്ട് ജയദേവന്‍ ഫോണിലെ സംസാരം  തുടര്‍ന്നു. അമ്പലപ്പാടന്റെ കഥാപ്രസംഗം കേള്‍ക്കുന്ന രസത്തില്‍ മുഴുകി പുലിയിറങ്ങിയ കഥ പലരും മറന്നു. ഒരിറക്ക് ചൂടുവെള്ളം പിന്നെയും കുടിച്ചിട്ട് അമ്പലപ്പാടന്‍ കഥയുടെ പിരിമുറുക്കം കൂട്ടി.

''നാട്ടുകൂട്ടത്തിനു അഭയം തേടാന്‍  ഒരു രക്ഷകനെ ഉണ്ടായിരുന്നുള്ളു. മാധവശ്ശേരില്‍ വല്യച്ഛന്‍. പക്ഷേ വല്യച്ഛന്റെ പൊടിക്കൈകളിലൊന്നും കടുവാ വീണില്ല. അവസാനം വല്യച്ഛന്‍ ഒരറ്റകൈപ്രയോഗം അങ്ങു നടത്തി. അന്നോളമീനാട്ടിലാരും കണ്ടിട്ടില്ലാത്ത ഒരു മഹാമന്ത്രവാദകര്‍മ്മം.'' അമ്പലപ്പാടനും വേദിയും സദസ്സും അല്പനേരത്തേക്കു നിശ്ചലമായി.

''അമ്പലത്തിന്റെ തെക്കേമുറ്റത്ത്       മഹാഭൈരവിയുടെ പഞ്ചവര്‍ണ്ണക്കളമെഴുതി. അതിനുചുറ്റും  അമ്പത്തിയൊന്നു നിലവിളക്കുകള്‍ തെളിഞ്ഞു. കളത്തിനു തെക്കുഭാഗത്ത് മന്ത്രമൂര്‍ത്തിയ സങ്കല്പിച്ച്  പീഠം വെച്ചു. പീഠത്തില്‍ കറുത്ത പട്ടുവിരിച്ച് വെള്ളികെട്ടിയ ചൂരല്‍ ചാരി വിളക്കുവെച്ചു, വാറ്റുചാരായവും വറപൊടിയും തെരളിപുഴുങ്ങിയതുമായിരുന്നു നേദ്യം. കളത്തിനു വടക്ക് ആയിരം കൊട്ടത്തേങ്ങകള്‍ ആളുന്ന ഹോമകുണ്ഡം. ക്ഷേത്രത്തിലെ അത്താഴപ്പൂജ കഴിഞ്ഞു. വെളുത്തമാറ്റുടുത്ത് അതിനുമേല്‍ ചുവന്ന പട്ടുചുറ്റി വല്യച്ഛന്‍ ക്ഷേത്രക്കുളത്തില്‍ ഒമ്പതു തവണ മുങ്ങി നിവര്‍ന്നു. കുളക്കരയില്‍നിന്ന് ഈറനോടെ തുള്ളിവിറച്ചാണ് വല്യച്ഛന്‍ കളത്തിലേക്കു വന്നത്. കരപ്രമാണിമാരും സില്‍ബന്തികളുമടക്കം അമ്പതില്‍ താഴെ ആളുകളെ ആ രാത്രിയിലവിടെ എത്തിയിരുന്നുള്ളു. മന്ത്രമൂര്‍ത്തിയെ ധ്യാനിച്ചു കര്‍മ്മങ്ങള്‍ തുടങ്ങി. വല്യച്ഛന്‍ ഉരുവിട്ടമന്ത്രങ്ങള്‍ നാട്ടുകാരെ ഭയപ്പെയുത്തി.

    ഓം ഹ്രീം സ്ഫുരസ്ഫുര പ്രസ്ഫുര പ്രസ്ഫുര
    ഘോര ഘോരതര തനുരൂപ
    ചട ചട പ്രചട പ്രചട കഹ കഹ വമ വമ
     ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫട് സ്വഹാ

മന്ത്രങ്ങള്‍ മുറുകി. വല്യച്ഛന്‍ കളത്തിനുചുറ്റും തുള്ളിയുറഞ്ഞു. പീഠത്തില്‍ ചാരിയിരുന്ന വെള്ളി കെട്ടിയ ചൂരലെടുത്ത് പിന്നിലേക്കു വീശി പുറത്തടിച്ച്  സ്വയം പീഡിപ്പിച്ചു. ഓരോ അടിയുടെയും ശബ്ദത്തിനൊപ്പം ശരീരത്തില്‍ വീണ ചൂരല്‍പ്പാടുകളില്‍ ചോരപൊടിഞ്ഞു. സഹായി തൊറങ്ങനാട്ട് രാമന്‍പിള്ള പന്തത്തിലേക്ക് തെള്ളിപ്പൊടി വാരിത്തൂവി, അന്തരീക്ഷത്തിനു തീപിടിപ്പിച്ചുകൊണ്ട് അതാകാശത്തിലേക്കുയര്‍ന്നു. ആകാശം നിന്നുകത്തി. ഇരമ്പിയെത്തിയ കാറ്റ് വിളക്കുകള്‍ ഊതിക്കെടുത്തി. ഹോമകുണ്ഡത്തിലെ അഗ്‌നി ആളിപ്പടര്‍ന്നു. ഭൈരവിക്കളത്തിനു മുമ്പില്‍ തൊഴുതുവിറച്ചു നിന്ന വല്യച്ഛന്‍ ഉടുത്തിരുന്ന പട്ടും മാറ്റും കളത്തിനു മുമ്പിലെ തൂശനിലയിലേക്ക് ഉരിച്ചിട്ടു. കൈകള്‍ തലയ്ക്കുമുകളിലേക്ക് തൊഴുതുയര്‍ത്തിപ്പിടിച്ചുകൊണ്ട് അന്നോളം ആരും കേട്ടിട്ടില്ലാത്ത ശബ്ദത്തില്‍ അലറി വിളിച്ചു. വീശിയടിച്ചുകൊണ്ടിരുന്ന കാറ്റിന്റെ ഇരമ്പലിനെക്കാള്‍ ഉച്ചത്തില്‍ അത് മുഴങ്ങി. പോട്ടെന്ന് ഭൈരവിക്കളത്തിനുചുറ്റും മൂന്നു തവണ ഓടിക്കൊണ്ടു വലംവെച്ച് വല്യച്ഛന്‍ ആളിക്കത്തുന്ന ഹോമകുണ്ഡത്തിലേക്ക് ചാടി.'' അമ്പലപ്പാടന്‍ ഒരു നിമിഷം പ്രസംഗം നിര്‍ത്തി. തോളിത്തിട്ടിരുന്ന ഷാളുകൊണ്ട് മുഖവും കഴുത്തും തുടച്ചു. മെംബര്‍ മറിയാമ്മ കൊടുത്ത ഒരു ഗ്ലാസുവെള്ളവും അദ്ദേഹം കുടിച്ചു. കടുവാപിടിച്ച വല്യച്ഛന്‍ എന്നു മാത്രം നാട്ടില്‍ പ്രചാരമുണ്ടായിരുന്ന ഒരു പഴങ്കഥയുടെ പൊരുളു തിരിഞ്ഞ ജനം ആ കഥയുടെ ക്ലൈമാക്സിനായി കാതോര്‍ത്തു. അവരുടെ ആകാംക്ഷ നിശ്ശബ്ദതയായി മുഴങ്ങി.

''തൊഴുതുപിടിച്ച വല്യച്ഛന്റെ രൂപം  അഗ്‌നിയില്‍ സ്വര്‍ണ്ണം പോലെ ജ്വലിച്ചു. കൊടുങ്കാറ്റിന്റെ താണ്ഡവം. മഴക്കാറില്ലാത്ത ആകാശം വിണ്ടുകീറി  മിന്നലും ഇടിയും അവിടേക്കു വന്നു. കത്തിനിന്ന ആകാശം നിലത്തേക്ക് അടര്‍ന്നു വീണു. കരക്കാര്‍ പേടിച്ചു നിലവിളിച്ചു. ആ അഗ്‌നിമഴയ്ക്കിടയില്‍ ഒരു വലിയ മുരള്‍ച്ചയോടെ കളത്തിലെ നിലവിളിയ്ക്കു മുകളിലൂടെ അലറിപ്പാഞ്ഞുവന്ന കടുവാ വല്യച്ഛനെയും കടിച്ചെടുത്തുകൊണ്ട് യക്ഷിപ്പനയ്ക്കുമേലെ പറന്നുപൊങ്ങി പടിഞ്ഞാറേ ദിക്കിലേക്ക് മറഞ്ഞു. അഗ്‌നിവര്‍ണം ഉമിക്കുന്നിന്റെ നെറുകയിലെത്തുംവരെ തെളിഞ്ഞുകാണാമായിരുന്നു. പിന്നെ എല്ലാം ഇരുട്ടായി.'' അമ്പലപ്പാടന്റെ  മാസ്മരികമായ കഥപറച്ചിലില്‍ മുങ്ങിപ്പോയ ജയദേവനും ശങ്കരപ്പിള്ളസാറും ഇതിനിടയില്‍ ബഹുമാനപ്പെട്ട എം.എല്‍.എ സദസ്സില്‍ വന്നിരുന്ന കാര്യം അറിഞ്ഞില്ല. തൊണ്ടയൊന്നു മുരടനക്കിയശേഷം അമ്പലപ്പാട്ടു സോമശേഖരക്കയ്മള്‍ പൂര്‍വ്വാധികം ശക്തിയോടെ കഥ തുടര്‍ന്നു.

''കിഴക്ക് വെട്ടം വീണപ്പോള്‍ കാട്ടുതെച്ചികള്‍ പൂത്തുനിറഞ്ഞ് ഉമിക്കുന്ന് ചുവപ്പില്‍ കത്തി നിന്നു. വെളുപ്പനെ ക്ഷേത്രത്തിലേക്കോടിക്കൂടിയ നാട്ടുകാര്‍ ഞടുങ്ങി. തലേന്നു മന്ത്രവാദം നടന്ന ഭൈരവിക്കളത്തില്‍ കടുവാ ചത്തുകിടക്കുന്നു. അതിന്റെ നെറ്റിയില്‍ ആഴത്തില്‍ കുത്തിയിറക്കിയ വെള്ളികെട്ടിയ ചൂരല്‍. അപ്പോഴും ചൂരലിന്റെ വിറയല്‍ നിലച്ചിരുന്നില്ല.'' വേദിയിലുണ്ടായിരുന്ന ജയദേവന്‍ നിഷ്‌കളങ്കമായി ചോദിച്ചുപോയി.
''എന്നിട്ട് എന്താ ഉണ്ടായെ.''
''വാര്‍ത്തയറിഞ്ഞതോടെ മണികണ്ഠപുരത്തുനിന്ന് സൈനികരെത്തി. താഴമണ്‍മഠത്തില്‍നിന്ന് കണ്ഠര് കൃഷ്ണരരും എത്തി. നാടിനെ വിറപ്പിച്ച കടുവയെ ഭീതിയോടെ നാട്ടുകാര്‍ കണ്ടു. വല്യച്ഛനെ അന്വേഷിക്കാമെന്ന് സൈനികര്‍ പറഞ്ഞെങ്കിലും  കൃഷ്ണരര് അതു വിലക്കി. അവര്‍ കടുവയുടെ ജഡം കാളവണ്ടിയില്‍ കയറ്റി കൊണ്ടുപോകും മുമ്പ് നെറ്റിയില്‍ തറച്ചിരുന്ന ചൂരല്‍ കൃഷ്ണരര് വലിച്ചൂരിയെടുത്തു. നോഞ്ചോടു ചേര്‍ത്ത് പിടിച്ചു വിതുമ്മി. പിന്നെ ഭൈരവിക്കളത്തിന്റെ  തിരുനെറ്റിയില്‍കുത്തി നിര്‍ത്തി. അന്ന് ആകാശത്തേക്കു നോക്കി തൊഴുതുനിന്ന കൃഷ്ണരരുടെ കണ്ണുകളില്‍നിന്ന് നിറഞ്ഞൊഴുകിയത് ചോരയായിരുന്നു.'' കടുവായെ കീഴടക്കിയ വല്യച്ഛന്റെ കഥ നാട്ടുകാര്‍ക്കിടയില്‍ ഒരു നൊമ്പരമുണ്ടാക്കിയെങ്കിലും അതോടെ പുലിയെയും പിടികൂടാമെന്നൊരു വിശ്വാസം അവരിലുണര്‍ന്നു. അമ്പലപ്പാടന്‍ കഥാകാലക്ഷേപത്തിന്റെ ഉപസംഹാരപര്‍വ്വത്തിലേക്കു കടന്നു. സദസ്യരുടെ ഇടയിലിരുന്ന എം.എല്‍.എയെ അഭിവാദ്യം ചെയ്തു.

''നമ്മുടെ എം.എല്‍.എയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തോട് വേദിയിലേക്ക് കടന്നിരിക്കാന്‍ അഭ്യര്‍ത്ഥക്കുകയാണ്.''
കഥയില്‍ മുങ്ങിപ്പോയ ജയദേവന്‍ അപ്പോള്‍ മാത്രമാണ് എം.എല്‍.എ വന്ന വിവരം അറിയുന്നത്. വേഗം തന്നെ എഴുന്നേറ്റു ചെന്ന് അദ്ദേഹത്തെ വേദിയിലക്ക് കയറ്റിയിരുത്തി. സമയം അവസാനിച്ചെന്നു മനസ്സിലാക്കി അമ്പലപ്പാടന്‍ പ്രസംഗം വെട്ടിച്ചുരുക്കി.

''ഞാന്‍ നിര്‍ത്തുകയാണ്. സൈനികര്‍ ചത്ത കടുവയെ വാകത്താനത്തിനടുത്തുള്ള ഞാലിയാകുഴിയില്‍ കൊണ്ടുപോയി സംസ്‌കരിച്ചു. ദേശവാസികള്‍ നാടിനെ രക്ഷിച്ച വല്യച്ഛനില്‍ ദൈവക്കരുവിനെ കണ്ടു. അവര്‍ പതിനേഴാം പക്കം കവിയൂരിലെ കമ്മാളത്തകിടിയില്‍നിന്ന് വിശ്വകര്‍മ്മജരെ വരുത്തി. കൃഷ്ണരര് കുത്തിനിര്‍ത്തിയിരുന്ന ചൂരലിനെ ആധാരമാക്കി പഞ്ചവര്‍ഗ്ഗത്തിലവര്‍ അടിത്തറ കെട്ടി അതില്‍ പീഠം പണിതു. നാപ്പത്തൊന്നാം ദിവസം കണ്ഠര് കൃഷ്ണരര് എത്തി. തന്റെ മകനെ നെഞ്ചുരുകിയാവാഹിച്ച് പീഠപ്രതിഷ്ഠ നടത്തി. പീഠത്തില്‍ കറുത്ത പട്ടുവിരിച്ച് വെള്ളികെട്ടിയ ചൂരലു നെടുകെ ചേര്‍ത്തു വെച്ചു. കരിക്കും വറപൊടിയും നേദിച്ചു.  അങ്ങനെ മാധവശ്ശേരില്‍ വല്യച്ഛന്‍ ദേശരക്ഷകനായ ഉപദേവനായിത്തീര്‍ന്നു. പ്രിയമുള്ള നാട്ടുകാരേ നിങ്ങള്‍ അറിയണം. അതിനുശേഷം ഇപ്പോള്‍ മാത്രമാണ് നമ്മുടെ നാട്ടില്‍ ഒരു വന്യജീവിയുടെ ആക്രമണം ഉണ്ടാകുന്നത്.'' പൊതുവഴി വിട്ട് കമ്മ്യൂണിറ്റി ഹാളിന്റെ മുറ്റത്തേക്ക് ഒന്നിനു പിറകെ ഒന്നായി രണ്ടു ലോറികള്‍ കയറിവന്നു. വരാന്തയിലും മുറ്റത്തുമുണ്ടായിരുന്നവര്‍ ലോറിക്കു വഴിയുണ്ടാക്കി ഇരുവശങ്ങളിലേക്കും മാറി. ആദ്യം വന്ന ലോറിയില്‍  നിറയെ പൊടിമണല്‍ ആയിരുന്നു. ഇരുമ്പുചട്ടത്തില്‍ കമ്പിയഴികളിട്ട പുലിക്കൂടായിരുന്നു പിന്നാലെ വന്ന ലോറിയില്‍. പുലിക്കൂടു കാണാന്‍ ലോറിക്കു ചുറ്റും ഉന്തും തള്ളുമായി. തിരക്കില്‍പെട്ട് കവലേല്‍ കരണന്റെ മുണ്ടുപറിഞ്ഞുനിലത്തുവീണു. പിന്നിലുണ്ടായിരുന്ന കാദറുഫയല്‍വാന്‍ മുണ്ട് കുനിഞ്ഞെടുത്ത് തലയില്‍കെട്ടി. ഉടുതുണിപോയ കരണന്‍ എത്തിക്കുത്തിനിന്ന് ഫയല്‍വാന്റെ ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു. പോയകാലപ്രതാപം ഓര്‍മ്മപ്പെടുത്തുംവണ്ണം ഫയല്‍വാന്‍ കൈകള്‍ കൂട്ടിത്തിരുമ്മിയലറി. കരണന്റെ കൊങ്ങായിക്ക് പിടിച്ച് ആള്‍ക്കാരുടെ മുകളിലേക്കുയര്‍ത്തി ഫയല്‍വാന്‍ അയാളെ താഴേക്കിട്ടു. ഓടിയെത്തിയ ഡ്രൈവര്‍ ജയന്‍ ഫയല്‍വാന്റെ നാവി നോക്കി ഒരു തൊഴി വെച്ചുകൊടുത്തു. ആള്‍ക്കാരുടെ  ഇടയിലേക്ക് അയാള്‍ തെന്നിത്തെറിച്ചുവീണു. ഫയല്‍വാനെ കോളറിനുപിടിച്ചു പൊക്കിയെടുത്ത് ഇടത്തേ കരണത്തിനൊന്നു കൊടുത്തിട്ട് ജയന്‍ പറഞ്ഞു.
''ഇത് ഇന്നലെ തരാന്‍ പറ്റിയില്ല'' ജയദേവന്‍ പെട്ടെന്നു കടന്നുവന്ന് ജയനെ പിടിച്ചുമാറ്റി. ഫയല്‍വാന്‍ രണ്ടുതവണ ഉറക്കെ അലറി. പുലിക്കൂടുമായിവന്ന ലോറിയിലെ ഡ്രൈവര്‍ അതുകണ്ട് കൂടെയുണ്ടായിരുന്ന കിളിയോടു ചോദിച്ചു.

''ഇവനെ പിടിച്ച് ഈ കൂട്ടിലങ്ങടച്ചാലോ...?''
എം.എല്‍.എയും കൂടി ഹാളില്‍നിന്ന് പുറത്തിറങ്ങി വന്നതോടെ പ്രശ്നം ഒരുവിധം ശാന്തമായി.  മെംബറു മറിയാമ്മ ഹാളിനകത്ത് കാര്യങ്ങള്‍ ഏറ്റെടുത്തു. വനംവകുപ്പില്‍നിന്നുവന്ന ഉദ്യോഗസ്ഥരും ജയദേവനും എം.എല്‍.എയും കമ്മ്യൂണിറ്റി ഹാളിന്റെ വലതുവശത്തുള്ള ഓഫീസ് മുറിയിലേക്കു കയറി.  അല്പനേരത്തേക്ക് ആര്‍ക്കുമൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല. വനമേഖലയില്‍നിന്നും ഇത്രയധികം ദൂരത്തിലുള്ള ഒരു പ്രദേശത്ത് പുലിയിറങ്ങിയതെങ്ങനെയെന്ന് പറയുവാനാവാതെ  ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു. പുലിയെ  കുടുക്കിയെങ്കില്‍ മാത്രമെ ഒരു നിഗമനത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന്  പറഞ്ഞുകൊണ്ട് ഡി.എഫ്.ഒ പുലിയെ പിടികൂടുന്നതിനുള്ള പദ്ധതികള്‍ വിവരിച്ചുതുടങ്ങി.

''ഇന്നിപ്പോള്‍ ഒരു കൂടേ എത്തിയിട്ടുള്ളു. രാത്രിയില്‍ പുലി കുടുങ്ങിയില്ലെങ്കില്‍ നാളെ രണ്ടു കൂട് കോന്നിയില്‍നിന്ന് എത്തും.''
''ഞങ്ങള്‍ എന്തു സഹായമാണ് ചെയ്തുതരേണ്ടത്?'' ജയദേവന്‍ ചോദിച്ചു.
''ഞങ്ങള്‍ക്ക് നിങ്ങള്‍ പുലിയെ കണ്ട പ്രദേശങ്ങളൊന്നു കാണണം. പിന്നെ ചെറിയ പുല്‍മേടുകള്‍ പാറക്കുഴികള്‍ പൊന്തകള്‍ കാടുപിടിച്ചു കിടക്കുന്ന തോടുകള്‍ കൈതക്കാടുകള്‍  മലയിടുക്കുകള്‍ ഒക്കെയൊന്നു നോക്കണം. എല്ലാം വേഗം വേണം. സന്ധ്യക്കുമുമ്പ് കൂടുസ്ഥാപിക്കണം. ഡി.എഫ്.ഒ ജോസഫ് മാത്യു പറഞ്ഞു നിര്‍ത്തി.''

ഇന്നലെ രാത്രിയില്‍ ഉച്ചഭാഷിണികെട്ടി പോയ വഴിയെ തന്നെ ജയന്‍ വണ്ടിയെടുത്തു. മുന്‍സീറ്റിന്‍ ജയദേവനും പിന്‍സീറ്റില്‍ ജോസഫ് മാത്യുവും രണ്ടു ഗാര്‍ഡുകളും ഇരുന്നു. പഞ്ചായത്തിന്റെ  പല മേഖലകളിലും കറങ്ങി. പലയിടങ്ങളിലും ഇറങ്ങി. ഏകദേശം അഞ്ചുമണിയോടെ അവര്‍ കമ്മ്യൂണിറ്റി ഹാളില്‍ മടങ്ങിയെത്തി. യോഗം കഴിഞ്ഞ് മെംബറന്മാരും അഞ്ചെട്ടുപത്ത് ചെറുപ്പക്കാരും പഞ്ചായത്തു ജീവനക്കാരും അവരെ പ്രതീക്ഷിച്ചു അവിടെയുണ്ടായിരുന്നു. നാട്ടുകാരാവട്ടെ അന്തിക്കൂരാപ്പിനു പുലിയിറങ്ങും മുമ്പ് വീടുപറ്റി. ഡി.എഫ്.ഒ അവിടെ ഉണ്ടായിരുന്ന ചെറിയ സദസ്സിനെയും പ്രാദേശിക പത്രപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തു.

''ഞങ്ങളുടെ ഒരു പ്രാഥമികനിരീക്ഷണത്തില്‍  പുലി ഈ പ്രദേശത്തു തന്നെയുണ്ട്. നിങ്ങളോടു പരസ്യമാക്കാന്‍ പറ്റാത്ത ചില സൂചനകള്‍ ചില തെളിവുകള്‍ ഇപ്പോള്‍ നടത്തിയ യാത്രയില്‍  ലഭിച്ചിട്ടുണ്ട്. പുറത്തുപറഞ്ഞാല്‍ ജനങ്ങളുടെ അമിതാവേശം പുലിയെ കുടുക്കുന്നതിന് തടസ്സമുണ്ടാക്കും. ഇന്നല്ലെങ്കില്‍ നാളെ  പുലി കൂട്ടില്‍ വീഴുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പുലിയുടെ സഞ്ചാരവഴി മനസ്സിലാക്കുന്നതിനായി പതിനഞ്ചുവാര്‍ഡുകളില്‍ പല    സ്ഥലങ്ങളിലായി  ഏഴടി വീതിയും പത്തടി നീളവും രണ്ടിഞ്ചു കനവുമുള്ള  ഇരുപത്തിയേഴ് മണല്‍ മെത്തകള്‍ വിരിക്കാന്‍ പോവുകയാണ്. ലെവലാക്കി മിനുക്കിയിടുന്ന ആ മണ്‍പ്രതലത്തില്‍ പതിയുന്ന പുലിയുടെ പാദങ്ങളെക്കുറിച്ച് പഠിക്കുവാനുള്ള വിദഗ്ദ്ധസംഘം ഹൈദരബാദിലെ ഫോറന്‍സിക് ലാബില്‍നിന്ന് വെളുക്കുമ്പോഴേക്ക് ഇങ്ങെത്തും പുലിയെ വിരട്ടാനുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഞങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. ആശബ്ദം കേട്ട് ആരും ഭയപ്പെടരുത്.'' ആദ്യത്തെ മണല്‍മെത്ത ഒട്ടിയക്കുഴിയിലെന്നു നിശ്ചയിച്ചു. കുറെ നാട്ടുകാരെ കയറ്റി ലോറി ഒട്ടിയക്കുഴിഭാഗത്തേക്ക് പതിയെ നീങ്ങി. വളരെക്കുറച്ചപേരാണു പിന്നവിടെ അവശേഷിച്ചത്. ഡി.എഫ്.ഒയുടെ മുഖത്ത് മ്ലാനതയോ ഭയമോ  പടര്‍ന്നത് പെട്ടെന്നായിരുന്നു. ജയദേവനടക്കമുള്ള ആ ചെറിയ സഭയില്‍ ഡി.എഫ്.ഒ ഒച്ചതാഴ്ത്തി പതിയെ അപകടം മണക്കുന്നതു പോലെ പറഞ്ഞു.

''എട്ടുമണിയോടെ  ഡി.എം.ഒ ഉണ്ണികൃഷ്ണന്‍ ഡോക്ടറും സംഘവും മയക്കുവെടിവെക്കാന്‍ തയ്യാറായി എത്തും. രാത്രിയുടെ ഇരുളില്‍ പൊന്തക്കാട്ടിലേക്ക് ശക്തിയുള്ള റ്റോര്‍ച്ചുവെട്ടം ചെല്ലുമ്പോള്‍ പുലിയുടെ കണ്ണുകള്‍ വജ്രംപോലെ വെട്ടിത്തിളങ്ങും. ഉണ്ണികൃഷ്ണന്‍ ഡോക്ടര്‍ക്ക് ഇന്നോളം ഉന്നം തെറ്റിയിട്ടില്ല.''
എല്ലാവരുടെയും മുഖത്തേക്ക് ഡി.എഫ്.ഒ തുറിച്ചുനോക്കി. അയാളുടെ കണ്ണുകളില്‍ ഒരു വജ്രത്തിളക്കം. മുഖത്തെ രോമങ്ങള്‍ പുലിമീശപോലെ എഴുന്നുനിന്നു. അയാളൊരു പുലിയായി മാറുകയാണോ...? ഞരക്കത്തോടെ അയാള്‍ പറഞ്ഞു.

''നമുക്ക് മാവേലിമറ്റത്തിനും മണിയങ്കാട്ടില്‍ പടിക്കും ഇടയിലുള്ള ഇടപ്പുരയ്ക്കല്‍ ഭാഗത്തേക്ക് പുലിക്കൂടുമായി നീങ്ങാം. അവിടെ ഞങ്ങള്‍ക്ക് പുലിച്ചൂരു മണത്തു...'' ഇരുട്ടുവീഴുന്നതിനു മുമ്പ് പുലിക്കൂട് ഇടപ്പുരയ്ക്കലെത്തി. വര്‍ഷങ്ങളായി കൃഷിയിറക്കാതെ കളയും കൈതയും ആള്‍പ്പൊക്കത്തിലും വളര്‍ന്ന കവിടക്കണ്ടം. കണ്ടത്തിന്റെ പടിഞ്ഞാറേ അരികിലാണ് കോതകുളച്ചാലിലേക്കുള്ള തോടും ഉമിക്കന്നിന്റെ അടിവാരം ചേര്‍ന്നു വരുന്ന വലിയ വരമ്പും. വരമ്പിനോടു ചേര്‍ന്ന് പന്തലിച്ചുനിക്കുന്ന മരോട്ടിയുടെ ചുവട്ടിലാണ് കൂടുറപ്പിച്ചത്. കാട്ടുപൊന്തയില്‍ വളര്‍ന്ന ചേമ്പും വലിയ മാറാമ്പും ഇലകള്‍ നീട്ടി കൂടിനെ മറച്ചു.

വരമ്പില്‍ നിന്നാല്‍ മാവേലിമറ്റത്തെ വീടുകാണാം. വരമ്പ് വടക്കോട്ട് മണിയങ്കാട്ടില്‍ പടിയിലേക്ക് വളഞ്ഞും കിടന്നിരുന്നു. കൂടുറപ്പിച്ചപ്പോഴേക്കും പെട്ടിവണ്ടിയില്‍ ആടുമായി ജയന്‍ എത്തി.  ജയദേവന്‍ ആടിനെപ്പറ്റി ചോദിക്കും മുമ്പ് ജയന്‍ പറഞ്ഞു.

''അന്നമ്മച്ചേടത്തിയാ ആടിനെ തന്നത്. എടവകപ്പള്ളീന്ന്  വൈകിട്ട് കിട്ടിയതേയുള്ളു. മുടന്തനാ. ഒത്തിരി സങ്കടപ്പെട്ടാ തന്നത്. നാടിനെക്കാള്‍ വലുതാണോ ആടെന്നു ഞാന്‍ ചോദിച്ചപ്പോള്‍     ചേച്ചി വീണുപോയി.'' വനംവകുപ്പില്‍നിന്നു വന്ന ഗാര്‍ഡുകള്‍ ആടിനെ കൂട്ടിനുള്ളിലേക്ക് കയറ്റി കെട്ടിയിട്ടു. ഇരുമ്പുഷട്ടറിന്റെ ലിവര്‍ വലിച്ച് കെണി ഉറപ്പിച്ചു. ഇരുട്ടു നന്നായി പടര്‍ന്നു. ജയദേവന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു ഡി.എഫ്.ഒ യാത്രപറഞ്ഞു.

''പേടിക്കെണ്ട പ്രസിഡന്റേ നിങ്ങളെപ്പോലെ ഒരു രക്ഷകനുള്ളപ്പോള്‍ ഈ നാട്ടിലാരേം പുലി പിടിക്കത്തില്ല. ഈ രാത്രിയില്‍ത്തന്നെ പുലി കുടുങ്ങും. ഞങ്ങള്‍ ശുഭവാര്‍ത്ത കേള്‍ക്കാന്‍ പുലര്‍ച്ചെ എത്താം.'' റാന്നിയിലേക്കു തിരിച്ച വനംവകുപ്പിന്റെ വാഹനത്തിനു പിന്നാലെ പഞ്ചായത്തുവണ്ടിയില്‍ ജയദേവനും മറ്റു മെംബറന്മാരും ഒട്ടിയക്കുഴി വിട്ടു. ഇരുട്ടിനെക്കാള്‍ കനത്തില്‍ ആ പാടത്ത് ആടിന്റെ കരച്ചില്‍ ഘനീഭവിച്ചു. ജയദേവന്‍ കണ്ണടച്ചിരുന്നിട്ടും പിന്‍കാലിലെ മുടന്തുമായി പുലിക്കൂട്ടില്‍ ഏന്തിവലിഞ്ഞ് വട്ടംചുറ്റി വീഴുന്ന ആടായിരുന്നു മുന്നില്‍. ആപത്തില്‍ തെളിയുന്ന മൂന്നാം കണ്ണു പോലെ അപ്പോള്‍  മാവേലിമറ്റത്തെ ലൈറ്റുകള്‍ പ്രകാശിച്ചു.

വാട്ട്സാപ്പിലൂടെ സന്ദേശങ്ങള്‍ മിന്നിമറഞ്ഞെങ്കിലും അന്നെല്ലാവരും റ്റീവീയുടെ മുമ്പിലാണ് അന്തിത്തിരി വെച്ചതും സന്ധ്യനാമം ജപിച്ചതും. ആദ്യമായൊരു ഓ.ബി വാന്‍ നാട്ടിലെത്തിയ ദിവസം. പുലിയെ നേരില്‍ കണ്ട രാഘവതെങ്ങയ്യയായിരുന്നു പ്രധാനതാരം. മാവേലിമറ്റത്തെ വിറകുപുരയും അന്നമ്മച്ചേടത്തിയുടെ ആട്ടിന്‍കൂടും ക്യാമറാക്കണ്ണുകള്‍ അരിച്ചുപെറുക്കി. അമ്പലപ്പാടന്റെ കഥപറച്ചിലിനിടയില്‍  മാധവശ്ശേരില്‍ വല്യച്ഛന്റെ നടയും നടയ്ക്കുള്ളിലെ കറുത്ത ഉടയാട ചാര്‍ത്തിയ പീഠപ്രതിഷ്ഠയും ചാരിവെച്ചിരിക്കുന്ന ചൂരല്‍ വടിയും എടുത്തെടുത്തു കാണിച്ചു. ശങ്കരപ്പിള്ളസ്സാറിനെയും അന്നമ്മച്ചേടത്തിയെയും ഗദാധരന്‍പിള്ളസ്സാറിനെയും സ്വാമി ചൈതന്യപ്രകാശത്തെയും ജയദേവനെയുമൊക്കെ റ്റീവിയില്‍ കണ്ടിരുന്നുപോയ നാട്ടുകാര്‍ പുലിയെ മറന്നു. തോക്കുമായി വന്നിറങ്ങുന്ന ഉണ്ണികൃഷ്ണന്‍ ഡോക്ടറുടെ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് പുലിപ്പേടി വീണ്ടും പടികയറി ഓരോ വീട്ടുമുറ്റത്തും എത്തിയത്.
എല്ലാ വാര്‍ഡുകളിലെയും പുലിജാഗ്രതാസമിതികള്‍ ജയദേവന്റെ വാട്ട്സാപ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രാത്രിയുടെ കാവല്‍ക്കാരായി. വാരിക്കുന്തവും മുളവടിയും മടലും വെറകിന്‍മുട്ടിയും തോളോടുതോള്‍ ചേര്‍ന്ന് ഗ്രാമത്തിന്റെ സിരകളില്‍ ഒഴുകി നടന്നു. മെംബറു മറിയാമ്മയുടെ വീട്ടില്‍ ഒത്തുകൂടിയ വനിതാ അംഗങ്ങള്‍ വലിയ അലുമിനിയക്കലത്തില്‍ കപ്പ കണ്ടിച്ചിട്ട് തുണ്ടനായി പുഴുങ്ങുകയും കട്ടന്‍ കാപ്പി തിളപ്പിക്കുകയും ചെയ്തു. പുലിയിറങ്ങിയതറിഞ്ഞ് കരിമ്പടത്തിന്‍ കീഴില്‍ പനിപിടിച്ചു ചുരുണ്ട കെട്ടിയോന്‍ ബേബിച്ചന് ചുക്കു കാപ്പിയിട്ടുകൊടുക്കാനും ഇതിനിടയില്‍ മെംബറു മറിയാമ്മ സമയം കണ്ടെത്തി.
ചീവീടിന്റെയും തവളകളുടെയും കരച്ചിലുകളുടെ മീതെ രാവ് അതിന്റെ നിശാവസ്ത്രം അഴിച്ചു മൂടി. പുലിജാഗ്രതാസമിതിക്കാര്‍ പരസ്പരം നെഞ്ചിടിപ്പിന്റെ താളം കൈമാറി. അവരുണ്ടാക്കിയ മൗനം സ്വയം ഭയപ്പെടുത്തുന്ന ശൂന്യതയായി അവരെ പൊതിഞ്ഞു. സമയം അപ്പോള്‍ ഒമ്പതുനാപ്പത്തിയഞ്ച്. നേരത്തോടു നേരം ആയിരിക്കുന്നു.

അപ്രതീക്ഷിതമായ മിന്നലിനു പിന്നാലെയാണാ ശബ്ദം ഗ്രാമത്തില്‍ പ്രകമ്പനം കൊണ്ടത്. ഇരുമ്പും ഇരുമ്പും കൂട്ടിയടിച്ച മുഴക്കം ചിലമ്പിച്ചടങ്ങും മുമ്പ് മണിയങ്കാട്ടിപ്പടിക്കല്‍നിന്നും കാദറിന്റെ ഒച്ച പൊങ്ങി.
''പുലി വീണേ.''

നാലു വാര്‍ഡുകളില്‍ ആ മുഴക്കം നേരിട്ട് കേട്ടു. വാട്ട്സാപ്പിലൂടെ മറ്റുവാര്‍ഡുകളില്‍ അതിന്റെ പ്രതിധ്വനിയും കേട്ടു. വള്ളമലയില്‍നിന്നും ജയദേവനെയുംകൊണ്ട് ജയന്‍ ഒട്ടിയക്കുഴിയിലേക്കു പറന്നു. വാഹനത്തിലെ ലൈറ്റുകള്‍ പുലിക്കൂടിനു നേരേ ഓഫാക്കാതെ നിര്‍ത്തി ഡ്രൈവര്‍ ജയന്‍ പുറത്തു ചാടി. പിന്നാലെ ജയദേവനും. ഓടിക്കൂടിയവരുടെ ഇടയില്‍നിന്നും ഫയല്‍വാന്‍ കാദറും രാഘവനും ഒപ്പം കൂടി. കൂടിനെ മൂടിനിന്ന മാറാമ്പിന്റെ ഇലകള്‍ ജയന്‍ പിഴുതുമാറ്റി. രാഘവന്‍ തന്റെ വിദേശനിര്‍മ്മിത റ്റോര്‍ച്ച് അടിച്ചു കൊടുത്തു. കൂടിന്റെ ഷട്ടര്‍ കൃത്യമായി വീണിരിക്കുന്നു. ജയദേവന്‍ റ്റോര്‍ച്ച് വാങ്ങി കൂടിനുള്ളിലേക്ക് തെളിച്ചു.

ഓടിക്കോളോ പുലി വീണിട്ടില്ലേ... ആടിനേം കാണാനില്ലേ... അതിനേം തിന്നേ...
കാദര്‍ വിളിച്ചുകൂവി. മുന്നോട്ടാഞ്ഞ ജനം പിന്നാക്കം വലിഞ്ഞു. ജയദേവന്‍ കൂട്ടിനുള്ളില്‍ കണ്ട ലളിതമെങ്കിലും ഭീകരമായ കാഴ്ചയുടെ മരവിപ്പില്‍ വീണുപോവാതെ ജയന്റെ തോളിലേക്ക്  ചേര്‍ന്നു നിന്നു. അടഞ്ഞ പുലിക്കൂടിനുള്ളില്‍ കീറിപ്പറിഞ്ഞ് ചോരപുരണ്ട ഒരു വെളുത്ത ഖദറുജുബ്ബയും ഖദറുമുണ്ടും ഒരു തോല്‍ച്ചെരുപ്പും അയാള്‍ മാത്രംകണ്ടു.

പാടത്തിനക്കരെ മാവേലിമറ്റത്തെ ലൈറ്റുകള്‍ എല്ലാം തെളിഞ്ഞിരുന്നു. ഞെട്ടലില്‍നിന്നു   തിരിച്ചുകയറിയ ജയദേവന്‍ മുന്നില്‍ നടന്നു. ശവഘോഷയാത്രയുടെ നൊമ്പരം പേറി ഒരു ഗ്രാമം പിന്നാലെയും. അവര്‍ ആ വലിയ തറവാടിന്റെ മുറ്റത്ത് എത്തി. തറവാടിനോടുചേര്‍ന്ന ചാവടിപ്പുരയുടെ ഇളംതിണ്ണയിലെ തൂണില്‍ കെട്ടിയിരുന്ന ആട് അവരെക്കണ്ട് ചാടിയെഴുന്നേറ്റു കരഞ്ഞു. ആട് പിന്‍കാലില്‍ മുടന്തിയെഴുന്നേല്‍ക്കുന്നത് കണ്ട ജയദേവന്‍ മറ്റുള്ളവര്‍ കാണാതെ കണ്ണുതുടച്ചു.  എല്ലവരും മുറ്റത്തെത്തി. മാവേലിമഠത്തിന്റെ മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു.

''ഞാന്‍ കയറിനോക്കാം.'' എല്ലവരോടുമായി പറഞ്ഞിട്ട് ജയദേവന്‍ അകത്തേക്കു കയറി. പിന്നലെ ചെന്ന ജയനെ തടഞ്ഞ് തനിയെ ഉള്ളിലേക്കു പോയി. എല്ലാമുറുകളിലും ലൈറ്റുകള്‍ കത്തുന്നുണ്ടായിരുന്നു. ശങ്കരപ്പിള്ളസ്സാറിനെ മാത്രം കാണാനുണ്ടായിരുന്നില്ല. ചാരുകസേരയ്ക്കരികിലെ വട്ടമേശയില്‍ പകുതി വായിച്ച പോലെ ഒരു പുസ്തകം നിവര്‍ത്തുവെച്ചിരുന്നു. ജയദേവന്‍ അതു കയ്യിലെടുത്തു. കാറ്റിരമ്പിവന്നതും ആര്‍ത്തലച്ചു മഴ കനത്തതും  വൈദ്യുതിനിലച്ചതും ഒരുമിച്ചായിരുന്നു. എങ്ങും കൂരിരുട്ട്. ഇരുളിലെ വജ്രത്തിളക്കം ഭയന്ന് ആ രാത്രിയില്‍ പിന്നെ എല്ലാവരും റ്റോര്‍ച്ച് അണച്ചുവെച്ചു.
പിറ്റേന്ന് നേരം പുലര്‍ന്നത് ശങ്കരപ്പിള്ളസ്സാറിനെ കാണാനില്ലെന്ന വാര്‍ത്തയുമായിട്ടായിരുന്നില്ല. വെളുപ്പിനെ മാന്താനത്തുനിന്ന് പുലിയെപ്പേടിച്ച് വലിയ സംഘമായി നിര്‍മ്മാല്യം തൊഴാന്‍ വന്ന സ്ത്രീകളാണ്  ക്ഷേത്രത്തിന്റെ തെക്കുവശത്ത്  പഞ്ചായത്തുവഴിയില്‍ കത്തിയെരിയുന്ന പന്തം കണ്ടത്. അവര്‍ മേല്‍ശാന്തിയെയും കഴകക്കാരെയും കൂട്ടി അടുത്തു ചെന്നു നോക്കി. കത്തിയെരിയുന്ന പന്തം കുത്തിയിറക്കിയിരിക്കുന്നത് ചത്തുകിടന്ന പുലിയുടെ നെറുകയിലായിരുന്നു.

''പുലി ചത്തേ...'' മേല്‍ശാന്തി അലറിവിളിച്ചു. സ്ത്രീജനങ്ങള്‍ പ്രദക്ഷിണവഴിയെ നിലവിളിച്ചുകൊണ്ടോടി. ശങ്കരങ്കുട്ടി മാരാര് വീക്കന്‍ ചെണ്ടയും കൊട്ടിക്കൊണ്ട് പാടവരമ്പേ പടിഞ്ഞാട്ടോടി. പുലി ചത്തതിന്റെ ആഘേഷങ്ങളില്‍ ഒരു ഗ്രാമം സ്വയം സമര്‍പ്പിക്കപ്പെട്ടു. തൊട്ടടുത്ത പഞ്ചായത്തുകളായ  കറുകച്ചാലിലും കവിയൂരിലും കല്ലൂപ്പാറയിലും ആഘോഷങ്ങള്‍ പൊടി പൊടിച്ചു. കവിയൂരില്‍നിന്ന്  ഒരു സംഘം വന്ന് പുലികളി നടത്തി. കറുകച്ചാലില്‍നിന്ന് കളരിയഭ്യാസികളെത്തി പുലിയങ്കം വെട്ടി. ആരവങ്ങള്‍ അരങ്ങുതകര്‍ത്താടുമ്പോള്‍ അമ്പലത്തിന്റെ കളത്തട്ടിലിരുന്ന് ആരുടെയും കണ്ണില്‍പ്പെടാതെ ജയദേവന്‍ ഏങ്ങലടിച്ചു കരഞ്ഞു. കീറിപ്പറിഞ്ഞ ഖദറുടുപ്പും മുണ്ടും ഒരു തോല്‍ച്ചെരുപ്പും പൊതിഞ്ഞെടുത്തത് അയാള്‍ മുറുകെപിടിച്ചു.

ഉച്ചയോടെ പുലിയുടെ ജഡം കൊണ്ടുപോകുവാന്‍ ലോറിയുമായി ഡി.എഫ്.ഓയുടെ നേതൃത്വത്തില്‍ വനംവകുപ്പുദ്യോഗസ്ഥരെത്തി. അവര്‍ കാളവണ്ടിയിലേക്ക് കടുവയെ കയറ്റുന്നതായി ജയദേവനു തോന്നി. അയാളുടെ ശരീരം വിയര്‍ക്കുകയും വിറയ്ക്കുകയും ചെയ്തു. ലോറിയിലേക്കു കയറ്റിയ പുലിയുടെ നെറുകയില്‍ തറച്ചിരുന്ന പന്തത്തിലായിരുന്നു ജയദേവന്റെ കണ്ണുകള്‍. അയാളുടെ പിന്നില്‍ തപ്പു മേളം മുഴങ്ങി. കാതുകളില്‍ പന്തപ്പാട്ട് കേട്ടപ്പോള്‍ ജയദേവന്‍ ചാടിയെഴുന്നേറ്റു.
''അഗ്‌നിയില്‍ച്ചെന്നാലെരിയാത്ത പന്തം അപ്പുവില്‍വീണാല്‍ കെടാതുള്ള പന്തം
കാളിക്കുമുമ്പില്‍ വിളക്കായപന്തം കാലകാലന്‍ തെളിഞ്ഞാടുന്ന പന്തം
അമ്പത്തൊന്നക്ഷരം കൂടുന്ന പന്തം അമ്പോടു ചൊല്ലീട്ടു വാങ്ങുന്നടിയന്‍.''
ലോറിക്കരികിലേക്കോടിയടുത്ത ജയദേവന്‍ പുലിയുടെ നെറുകയില്‍ തറച്ചിരുന്ന പന്തം വലിച്ചൂരി. ഒരു തുടം ചോര കുത്തുവായിലൂടെ പുറത്തേക്കൊഴുകി. വലംകയ്യില്‍ പൊതിയും ഇടംകയ്യില്‍ പന്തവുമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ ജയദേവന്‍ എങ്ങോട്ടാണ് ഒഴിഞ്ഞുപോയതെന്ന് പിന്നെ ആരും കണ്ടില്ല.
മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഒറ്റയ്ക്കു കഴിയുന്ന ജയദേവന്‍ വീടുവിട്ട് പുറത്തിറങ്ങിയില്ല. അകന്നബന്ധത്തിലുള്ള ഒരു സ്ത്രീ ചില നേരങ്ങളില്‍ ആഹാരം കൊണ്ടുകൊടുക്കും. പലപ്പോഴും അവരുടെ നേരെതന്നെ അത് വലിച്ചെറിയും. സമൂഹത്തില്‍നിന്ന് പിന്‍വാങ്ങിയ ജയദേവനെപ്പറ്റി നാട്ടില്‍ പലതരം പറച്ചിലുകള്‍ ഉയര്‍ന്നു. തിരികെ കൊണ്ടുവരാന്‍ പാര്‍ട്ടിയും പുറത്തുള്ള സൗഹൃദങ്ങളും നടത്തിയ ശ്രമങ്ങളൊന്നും ജയദേവനു മനസ്സിലായില്ല. മുടിയും താടിയും വളര്‍ന്നിറങ്ങിയ ജയദേവന്‍  വീടിന്റെ വരാന്തയില്‍ മണിക്കൂറുകളോളം ഇമവെട്ടാതെ സൂര്യനെ നേക്കിയിരിക്കും. ഗ്രാമം പതിയെപ്പതിയെ പുലിയെ മറന്നു. ശങ്കരപ്പിള്ളസാറിനെ മറന്നു. ജയദേവനെയും എല്ലാവരും മറന്നു. എല്ലാം ജയദേവനും മറന്നു.
വേനല്‍മഴയോടൊപ്പം അടുത്ത പടയണിക്കാലമെത്തി. പതിവുപോലെ കരയില്‍ കമുക് പിഴുത്  ആരംഭം കുറിച്ചു. സന്ധ്യയോടെ പടയണിക്കളരിയില്‍ വിളക്കുതെളിഞ്ഞു. ചുവടുചവിട്ടിക്കൊണ്ട് സാധിപ്പ് തുടങ്ങി. രാക്കാലങ്ങളില്‍ പടേനിക്കളരിയില്‍നിന്ന് തടിത്തപ്പിലെ മേളം ഉയരും. അതു കേള്‍ക്കുമ്പോള്‍ ജയദേവന് വിറച്ചു തുടങ്ങും. ജീവതാളം കൊട്ടിത്തുടങ്ങുമ്പോള്‍ തന്റെ പൊട്ടിപ്പിളരുന്ന നെഞ്ചില്‍ കൈ വെച്ച് അയാള്‍ നിലവിളിക്കും. പനിച്ചുകിടന്ന് പിച്ചുംപേയും പറയും.  പിന്നെ ബോധം മറഞ്ഞ്  എവിടെയെങ്കിലും ചുരുണ്ടുകിടന്നുറങ്ങും.

മേടം ഏഴ്. ജയദേവന്‍ കലണ്ടറില്‍നിന്ന് പതിയെ കണ്ണുകള്‍ താഴ്ത്തി. ഏഴാമുത്സവത്തിനാണ് കുറുമ്പക്കാവില്‍ പടയണി. ഒമ്പതുമാസത്തിനു ശേഷം ആ രാത്രിയില്‍ ജയദേവന്‍ വീട്ടില്‍നിന്നും പുറത്തിറങ്ങി.  അമ്പലപ്പറമ്പില്‍ എത്തിയ ജയദേവനു പരിചയക്കാരാരും അവിടെ ഇല്ലായിരുന്നു. അമ്പലം തന്നെ ജയദേവന്‍ ആദ്യമായിക്കാണുകയായിരുന്നു. മൈക്ക് ഓപ്പറേറ്റര്‍ ജയന്‍ ജയദേവനെ കയ്യുയര്‍ത്തിക്കാണിച്ചെങ്കിലും ജയദേവന് അയാളെ അറിയില്ലായിരുന്നു.

അമ്പലമുറ്റത്ത് തപ്പുമേളം തുടങ്ങിയിരുന്നു. എഴുത്തുപുരയില്‍നിന്ന് പിശാചും പക്ഷിയും മറുതായും മാടനും കാലനും ഭൈരവിയും തിരുമുറ്റത്തെ പടയണിക്കളത്തിലേക്ക് കാപ്പൊലിച്ചു വന്നു. കളത്തിലേക്കുവരാതെ ജയദേവന്‍ കുളക്കരയിലേക്കു നടന്നു. അമ്പലക്കുളത്തിലിറങ്ങി മുങ്ങിക്കയറി. വളര്‍ന്നമുടി പിന്നിലേക്കു പിടിച്ച് ചുരുട്ടിക്കെട്ടി. ഈറനോടെ നേരേ കോലമെഴുത്തുപുരയിലേക്ക് നീങ്ങി. എഴുത്തുപുരയിലെ നിലവിളക്ക് അണഞ്ഞിട്ടില്ല. അവിടെ സാഷ്ടാംഗം നമസ്‌കരിക്കുമ്പോള്‍ അയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. തിരഞ്ഞുമാറ്റിയുപേക്ഷിച്ച പാളക്കൂമ്പാരത്തില്‍നിന്ന്  ജയദേവന്‍ ഒരു പച്ചപ്പാള തപ്പിയെടുത്തു. അതിന്റെ  കരിന്തൊലി ചെത്തിമാറ്റി വെളുത്ത പ്രതലത്തിലേക്ക് പച്ചമടലുചതച്ച ചായക്കോലുകൊണ്ട് അരച്ച മഞ്ഞളില്‍ മുക്കി പുറവര എഴുതി. മാവില കരിച്ച് കുറുക്കിയ കരിയില്‍ മുക്കി ഇണവരയെഴുതി. കണ്ണും കുറിയും എകിറും വെട്ടിവെച്ചു. ചാലിച്ച ചെമ്മണ്ണില്‍ മുക്കി തുണവരയെഴുതി. നാവു ചോപ്പിച്ചു. കണ്ണിനു തീപിടിപ്പിച്ചു. വാരിക്കമ്പുചീകി തുണിചുറ്റി അറ്റം കൂര്‍പ്പിച്ച് പന്തം കെട്ടി എണ്ണക്കോരികയില്‍ മുക്കിവെച്ചു.
കളത്തില്‍ കോലങ്ങളുടെ കാപ്പൊലി മുറുകി. ചെണ്ടയും തപ്പും അഞ്ചാം തവണയും താളം കൊട്ടിമാറി. കത്തിയെരിയുന്ന ചൂട്ടുകറ്റകള്‍ ഉയര്‍ന്നുതാണു. കരവാസികള്‍ ആകാശത്തിലേക്ക് തോര്‍ത്തുമുണ്ടുകള്‍ ഉയര്‍ത്തി വീശി. മേളം ഉച്ചസ്ഥായിയിലെത്തിയിട്ട് പൊടുന്നനെ നിലച്ചു. ആ നിശ്ശബ്ദതയിലാണ് പ്രദക്ഷിണവഴിയില്‍നിന്ന് പുലി അലറിയതു കേട്ട് നാടു നടുങ്ങിയത്.

നെറുകയില്‍ പന്തം കുത്തിയിറക്കി അലറിവിളിച്ചു വരുന്ന ആ കോലം അന്നുവരെ ആരും കണ്ടിരുന്നില്ല. പുറക്കളത്തിലാസമയത്ത്  പിശാചുകോലം കാപ്പൊലിച്ചു തുടങ്ങിയിരുന്നു. ആ താളത്തിനൊത്ത് നെറുകയില്‍ പന്തം കുത്തിയ കോലം പ്രദക്ഷിണ വഴിയില്‍നിന്നും തിരുമുറ്റത്തേക്ക് ചുവടുവെച്ചുകയറി. പന്തത്തിന്റെ വെളിച്ചത്തില്‍ പാളക്കോലം പുലിമുഖം പോലെ ഭയാനകമായിരുന്നു. പന്തം കുത്തിയിറക്കിയ നെറ്റിയില്‍നിന്ന് വാര്‍ന്നൊഴുകിയ ചോര എഴുത്തുമുഖത്തില്‍നിന്ന് നെഞ്ചിലേക്ക് ഇറ്റിറ്റുവീണു. മേളം ചെണ്ടയില്‍നിന്ന് തപ്പിലേക്ക് പകര്‍ന്നുമാറി. കാച്ചിക്കൊട്ടിയ തപ്പുതാളത്തില്‍ പുലിക്കോലത്തിന്റെ ചുവടുകള്‍ ചടുലമായി. കളത്തിലെ അഗ്‌നിക്കോണില്‍ ആളിക്കത്തുന്ന തീക്കുണ്ഡത്തിനു ചുറ്റും പുലിക്കോലം മൂന്നുവട്ടം ചുവടുചവിട്ടി. പെട്ടെന്ന് പുലിമുരളുന്ന ഒച്ചകേട്ട് താളം നിലച്ചു. ആ നിശ്ശബ്ദതയില്‍ കോലം പുലിക്കരണം മറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് ചാടി. നാട്ടുകാര്‍ വാവിട്ടലറിക്കരഞ്ഞു. ഓലച്ചൂട്ടുകള്‍ ആകാശത്തോളം പറന്നുകത്തി. തീക്കുണ്ഡത്തിനുള്ളില്‍ കോലം തീപിടിച്ച്  സ്വര്‍ണം പോലെ ജ്വലിച്ചു. കണ്ടുനിന്ന കരവാസികള്‍ കൂട്ടത്തോടെ നിലവിളിച്ചു. കോലം കളം വിട്ട് പടിഞ്ഞാറേ പാടത്തേക്ക് ഓടി. പിന്നാലെ പാഞ്ഞവരൊന്നും കൂടെയെത്തിയില്ല. കാറ്റിന്റെ വേഗത്തില്‍ അഗ്‌നിരൂപന്‍ പാടത്തിനുമേലെ പറന്നു. ഉമിക്കുന്നിന്റെ നെറുകയിലെത്തും വരെ അത് ജ്വലിച്ചുനിന്നു. പിന്നെ എല്ലാം ഇരുട്ടായി. വീടിനു തീപിടിച്ച് ജയദേവന്‍ കൊല്ലപ്പെട്ടതും അതേ രാത്രിയിലായിരുന്നത്രെ...!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com