'മൂളിയലംങ്കാരി'- രവി എഴുതിയ കഥ 

എവിടെയെല്ലാം ഞാന്‍ അന്വേഷിച്ചു. എത്ര നിഘണ്ടു ആദ്യവസാനം പരിശോധിച്ചു. പക്ഷേ, ഈ വാക്ക് എങ്ങും കണ്ടില്ല. എങ്ങനെ അറിയും അതിന്റെ ശരിയായ അര്‍ത്ഥം
'മൂളിയലംങ്കാരി'- രവി എഴുതിയ കഥ 

വിടെയെല്ലാം ഞാന്‍ അന്വേഷിച്ചു. എത്ര നിഘണ്ടു ആദ്യവസാനം പരിശോധിച്ചു. പക്ഷേ, ഈ വാക്ക് എങ്ങും കണ്ടില്ല. എങ്ങനെ അറിയും അതിന്റെ ശരിയായ അര്‍ത്ഥം. അതുപോലെ ചമല്‍ക്കാരവും.
ഏകദേശം ഇന്നതായിരിക്കാം അര്‍ത്ഥം എന്ന് ഊഹിക്കാന്‍ പറ്റിയിട്ടുണ്ട് എനിക്ക്. ശരിയാണ്. പക്ഷേ, കണ്ടെത്തേണ്ട ഇത് എവിടെയെങ്കിലും.
പണ്ടത്തെ ഒരു ചലച്ചിത്രഗാനത്തില്‍നിന്നാണ് ഈ പദം എന്നെ പിടികൂടിയത്. പെട്ടെന്ന്.
മൂളിയലങ്കാരീ
കവിള്‍ തുളുമ്പും നിന്റെ മുഖത്തൊരു
തഴുകിത്താരാട്ട്
വിരിഞ്ഞുനിന്നാല്‍ മധുരക്കിനാവ്
കൊഴിഞ്ഞുപോയാല്‍ പവിഴമല്ലിപ്പൂ...
ഇത് ഉദ്ധരിച്ച് ഞാന്‍ എനിക്ക് പരിചയമുള്ള മറ്റൊരു പാട്ടെഴുത്തുകാരനെ കളിയാക്കി. പണ്ടൊക്കെ ഒരു സാഹസം തന്നെയായിരുന്നു പാട്ടെഴുത്ത്. അല്ലാതെ വന്നോളീ കൊന്നോളീ തിന്നോളീ എന്നെല്ലാം എഴുതിയാല്‍ മതിയാവുമായിരുന്നില്ല.
സാരാംശം വ്യക്തമാക്കാന്‍ സാധിക്കണം. അതിന് അത് ഉണ്ടായിരിക്കണം ആദ്യം.
ഉദാഹരണത്തിന് ആ പവിഴമല്ലിപ്പൂ.
കൊഴിഞ്ഞുവീണാല്‍ പവിഴമല്ലിപ്പൂ എന്ന പ്രയോഗം നോക്കുക. ആ പൂ താഴെ വീണുകിടക്കുന്നതാണ്  മരത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ ഭംഗി എന്ന് എത്ര പേര്‍ക്കറിയാം ഇവിടെ.
ഒരുപക്ഷേ, ഒരു പക്ഷിയുണ്ടാവാം ആ പേരില്‍. മൂടുകുലുക്കി എന്നതുപോലെ മൂളിയലങ്കാരി. അണിഞ്ഞൊരുങ്ങി നടക്കുന്ന കുളൂസുകാരി പെണ്ണ് എന്നൊക്കെയാവാം അതിന്റെ അര്‍ത്ഥം. അല്ലേ. ആവില്ലേ.
അന്ധയായ ഫാറ്റിമായെ കണ്ടപ്പോള്‍ എന്തോ, അവളെ മൂളിയലങ്കാരി എന്നു വിശേഷിപ്പിക്കാനാണ് തോന്നിയത്.
''നോക്ക് ഇങ്ങളെന്നെ പാത്തുമ്മാന്നൊന്നും വിളിക്കല്ലേ. ഫാറ്റിമാ എന്നാണ് പേര്. ഫയും റ്റയും - അത് ശ്രദ്ധിച്ചോളീ...''

അവളെ കണ്ടാല്‍ ഒരു അന്ധയാണെന്ന് തോന്നില്ല. ഒട്ടും. അതായത് നമുക്ക് തോന്നുകയേയില്ല. ഇത്ര മനോഹരമായ കൈവിരലുകള്‍ വേറെ ഒരു അന്ധയ്ക്കും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഒരുപക്ഷേ, കക്ഷവും.
എന്തൊരു ചേതോഹരം. കോമളം പേലവം മസൃണം. സ്‌നിഗ്ദ്ധവും ആയിരിക്കാം. പോരെങ്കില്‍ നഖങ്ങളില്‍ അതേ നിറത്തിലുള്ള ചായം ഇട്ടിരിക്കുന്നു. അതായത്, വൃത്തിയായിട്ട് അവളുടെ നഖങ്ങളുടെ നിറം തന്നെ പൂശിയിരിക്കുന്നു. ഹോ, എങ്ങനെ ഇവള്‍ക്ക് ഇതിലെല്ലാം ഇത്ര ശുഷ്‌കാന്തി പാലിക്കാന്‍ ആവുന്നു.
വാസ്തവത്തില്‍ കുറേക്കൂടി കാലം മുന്‍പു കണ്ട മറ്റൊരു അന്ധയുണ്ട്. പേര്‍ മറന്നു അവളെയായിരുന്നു യഥാര്‍ത്ഥത്തില്‍ മൂളിയലങ്കാരി എന്നു വിളിക്കേണ്ടിയിരുന്നത്. ആപാദചൂഡം മോടിയായി അണിഞ്ഞൊരുങ്ങിയിരുന്നു അവള്‍. കാലില്‍ നേരിയ ഒരു കൊലുസും മിഞ്ചികളും. വസ്ത്രങ്ങള്‍ പകിട്ടാര്‍ന്നതും പരിമളം പരത്തുന്നതും. കണ്‍മഷി, കാര്‍ക്കൂന്തല്‍, കളേബരം.
എന്തുചെയ്യാം, അന്നു പക്ഷേ, ആ വാക്ക് എനിക്കറിയില്ലായിരുന്നല്ലോ.
പിന്നീട് കണ്ടെത്തിയ ഇരയിമ്മന്‍തമ്പി എഴുതിയ ഒരു ഈരടിയിലും കണ്ടു മൂളിയലങ്കാരി. ഓര്‍മ്മയില്ലേ. പായസത്തെപ്പറ്റി പാട്ടെഴുതിയിട്ടുള്ളതും ഈ തമ്പി മാത്രമാണെന്നു തോന്നുന്നു. എന്തു നല്ല പാല്‍പ്പായസം നിന്റെ നറുമന്ദഹാസം എന്നോ മറ്റോ ആണ് അയാളുടെ രസമുള്ള ഒരു വരി.
മനപ്പായസം വരുന്നുണ്ട് മറ്റൊന്നില്‍...

പ്രയാസം അതല്ല, പരിചയപ്പെട്ടിട്ട് ഏറെ വൈകാതെ ഫാറ്റിമാ ജിജ്ഞാസ കലര്‍ന്ന സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. കൂലങ്കഷം എന്നാല്‍ എന്താണ്?
''ഉദാഹരണത്തിന് ഏട്ടന്‍-ഏട്ടന്‍ ഒരു ദുഷ്ടന്‍ ഒന്നുമല്ല എന്ന് എനിക്കറിയാം. പക്ഷേ, ഒരു പെണ്ണിനെ അടുത്തുകിട്ടിയാല്‍ ഏട്ടനും ബലാത്സംഗം ചെയ്യില്ലേ-ഊം?
ഞാന്‍ (അഥവാ അയാള്‍) അമ്പരക്കാതിരിക്കുന്നതെങ്ങനെ?
''പറ ഏട്ടാ. ഏട്ടന്‍ ചെയ്യില്ലേ അത്. ഒരു പെണ്ണ് അവള്‍ക്കും ഇഷ്ടത്തോടെ ഏട്ടന്റെ അടുത്തുവന്നാല്‍.''
''ഏയ് ഫാറ്റിമാ - അത് ബലാത്സംഗം അല്ലാ - അവള്‍ക്കും കൂടി ഇഷ്ടമുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ്.''
''ശരി, എന്നാല്‍ സംഗം. വെറും സംഗം. അത് ചെയ്യില്ലേ ഏട്ടന്‍. ചെയ്യുമോ ഇല്ലേ -  അതു പറ.''
''ഇതെന്തു ചോദ്യമാണ് ഫാറ്റിമാ... അത് സ്വാഭാവികമല്ലേ. ആരായാലും...''
''ആങ്, ഇതാണ് എനിക്ക് അറിയേണ്ടത്. ഇതുതന്നെയാണ്... അപ്പോള്‍ അമ്മ പെങ്ങന്മാരുള്ള മാന്യനായ ഏട്ടനും അത് നിരസിക്കാന്‍ പറ്റില്ല, ശരിയല്ലേ?''
ഞാന്‍... ഏയ്, ഞാന്‍ അല്ല, അയാള്‍ മതി. അയാള്‍ ഇപ്പോള്‍ കൂടുതല്‍ അതിശയിച്ചു. ഈ യുവതിക്ക് ശരിക്കും അറിയാഞ്ഞിട്ടുതന്നെയാണോ അത്. അതോ ലൈംഗിക കാര്യങ്ങളെക്കുറിച്ച് പുതിയ ഒരു സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ടല്ലോ ഈയിടെ ഒരു ആചാര്യന്‍.
അയാളുടെ അനുയായി ആവുമോ ഇവള്‍.

''അതായത് സഹജരേ, എന്താണ് ഇന്നത്തെ ഒരു അവസ്ഥ എന്നു നോക്കൂ. ആസക്തി മനുഷ്യനെ വിഴുങ്ങിയിരിക്കുന്നു. ഏറ്റവും നല്ല ആളുകള്‍പോലും അതില്‍നിന്നു വിമുക്തരല്ല. വാസ്തവത്തില്‍ അത് ഒരു സുഖമായിക്കൂടി എണ്ണിക്കൂടാത്തതാകുന്നു. പ്രത്യുല്പാദനം എന്ന ലക്ഷ്യത്തോടെ - അത് ആവശ്യമുണ്ടെങ്കില്‍ മാത്രമേ ആണും പെണ്ണും ഇണചേരാന്‍ കൂടി പാടുള്ളൂ. അങ്ങനെയിരിക്കേ നമ്മുടെ നാട്ടിലെല്ലാം എന്താണ് നടക്കുന്നതെന്നു നോക്കൂ. ആണുങ്ങളെല്ലാം ദ്രോഹികളാണിപ്പോള്‍. വിശ്വാസമില്ലെങ്കില്‍ സൂക്ഷിച്ചു നോക്കൂ. വേറെ ആരെയും കിട്ടിയില്ലെങ്കില്‍ അവര്‍ വീട്ടില്‍ പോയി ഭാര്യയേയോ മകളേയോ അമ്മയേയോ പെങ്ങളേയോ പീഡിപ്പിക്കൂ...''
മൂന്ന് നോക്കൂ. അല്ലേ. സംശയമുണ്ടെങ്കില്‍ എണ്ണിനോക്കൂ.
വിഡ്ഢിത്തം എന്നു തള്ളിക്കളയാം. പക്ഷേ, അയാളുടെ അവസാനത്തെ വാക്യം ശരിക്കും ചിരിപ്പിച്ചു കളഞ്ഞു. സ്ത്രീ വിരുദ്ധന്‍ എന്നു വ്യാഖ്യാനിക്കപ്പെട്ടേക്കുമോ എന്നൊന്നും ഭയക്കാതെ.
ആനുഷംഗികമായി ഓര്‍ത്തുപോവുന്നത് ശങ്കരന്റെ കഥയാണ്. ശങ്കരനും ചീങ്കണ്ണിയും എന്നേ വരുള്ളൂ അത്. പ്രാസദീക്ഷ ഉണ്ടാവും അപ്പോള്‍ എന്നതു മാത്രമല്ല കാരണം. ശരിക്കും ആള്‍ത്തീനിയായ ഒരു മുതലയുമായിട്ടാവില്ല ശങ്കരന്‍ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടാവുക. അതിനായി അയാള്‍ ഒരു ചീങ്കണ്ണിയെ കണ്ടുപിടിക്കുകയേയുള്ളൂ.

''ചീങ്കണ്ണീ, എനിക്ക് സന്ന്യാസം സ്വീകരിച്ചേ പറ്റൂ. നീ നരഭോജിയല്ല എന്നെനിക്കറിയാം. എന്നാലും തല്‍ക്കാലം അതു മറന്ന് എന്റെ കാലില്‍ ഒന്നു കടിച്ചുപിടിക്കൂ ദയവായി. (ഇത്രയും ആത്മഗതം, ഇനി പ്രകാശത്തിലേയ്ക്ക്). അമ്മേ, എന്നെ ലൗകികം ഉപേക്ഷിച്ചു പോവാന്‍ സമ്മതിച്ചാലേ ഈ ചീങ്കണ്ണി എന്റെ കാലില്‍നിന്നു പിടിവിടുകയുള്ളൂ - സത്യമാണ് പ്രിയപ്പെട്ട അമ്മേ...''
ഇങ്ങനെ ചിന്താമഗ്‌നനായിത്തീര്‍ന്നാല്‍ അവള്‍ എന്താണ് ഊഹിക്കുക. എന്നെ ആശയക്കുഴപ്പത്തിലാക്കാന്‍ അവള്‍ക്ക് കഴിഞ്ഞു എന്നല്ലേ. അയ്യേ. അയാള്‍ക്ക് ലജ്ജ തോന്നി.
''ഏട്ടന്‍ ഒന്നും മിണ്ടുന്നില്ലാല്ലോ - അന്തംവിട്ടുപോയി, അല്ലേ ഏട്ടാ?''
വിഷയം മാറ്റാന്‍ ശ്രമിച്ചിട്ടൊന്നും ഫലമുണ്ടായില്ല. അവള്‍ നിര്‍ന്നിമേഷം നോക്കിയിരിക്കുകയാണ് എന്നെ. കാണാത്ത കണ്ണുകളാണെങ്കിലും തന്റെ നോട്ടം ഉന്നത്തില്‍ കൊള്ളുന്നുണ്ടെന്ന് അയാള്‍ക്ക് അറിയാം. അഥവാ സാകൂതം.
എന്നാല്‍ രതിസുഖത്തെക്കുറിച്ച് ഒന്നും അറിയില്ല്യേനും.

ഹ, അതെങ്ങനെ ശരിയാവും. ശൃംഗാരം എന്നൊന്നുണ്ടെന്ന് എങ്ങനെ ഇവള്‍ക്ക് അറിയാതെ പോയി. ചലച്ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നാലേ ആ ബോധം ഉരുത്തിരിയൂ എന്നാണോ ഇനി.
''ഏയ് മിഴുങ്ങസ്യാരേ. എന്താ നിങ്ങള്‍ടെ നാവിറങ്ങിപ്പോയോന്നും?''
ഇവളുടെ ഏതു ചോദ്യത്തിനാണ് അടിയന്തരമായി ഞാന്‍ ഉത്തരം നല്‍കേണ്ടത് ഇപ്പോള്‍. തുരുതുരുതുരെ കുറേ കൂരമ്പുകള്‍ എയ്തുവിട്ട് അസ്തപ്രജ്ഞനാക്കിയിരിക്കുകയാണല്ലോ  എന്നെ.
''ഇങ്ങളെ അമ്മ എങ്ങനെ, സുന്ദരിയായിരുന്നോ?''
ഹ്ം, അമ്മ  എന്റെ അമ്മയോ - ഓഹോ, അമ്മ സുന്ദരിയല്ല, സുന്ദരിക്കോതയായിരുന്നു അവള്‍. അയാള്‍ മനസ്സില്‍ പല്ലിറുമ്മി. ഒന്നും പറയിപ്പിക്കണ്ട എന്നെക്കൊണ്ട് - ങ്ഹാ!
ഇതു കേട്ടിരുന്നെങ്കില്‍ ഇവള്‍ ഉടനെ ചോദിക്കുമായിരുന്നു - ഓഹോ, അമ്മയെ അവള്‍ എന്ന സര്‍വ്വനാമം കൊണ്ടാണോ സൂചിപ്പിക്കുക, ഏങ്?
പിന്നെ എന്തുവേണം, ആയമ്മ എന്നോ.
അതോ അവര്‍ എന്നോ. ഏയ്. അവള്‍ തന്നെയാണ് ഏറ്റവും ചേരുക അവള്‍ക്ക്.
കൂടാതെ, ദയവായി അമ്മ പെങ്ങന്മാരില്ലേ നിങ്ങള്‍ക്കും എന്ന് എന്നോട് ചോദിക്കാതിരിക്കുക. കാരണം, അത്തരം കപടപാവന സങ്കല്പങ്ങളൊന്നും എനിക്ക് ഇല്ല. എല്ലാവരേയും വ്യക്തികളായി കാണുന്നു ഞാന്‍. എന്നിട്ട് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം ഏവര്‍ക്കും കൊടുക്കുന്നു.
മുക്കിയും മൂളിയും ഒപ്പിച്ചു ഒരു പാട്ട്.

അമ്മ എനിക്ക് ഒരു ഭയങ്കര ഭാരമായിരുന്നു. സൈ്വര്യം പോയിട്ടുണ്ട് കുട്ടിക്കാലത്ത് എനിക്ക് അമ്മ കാരണം. 
നാട്ടിലെ ആണുങ്ങളെല്ലാം അമ്മയുടെ ആരാധകരും കമിതാക്കളും ആയിരുന്നല്ലോ. ജീവിതം തന്നെ വെറുത്തുപോയി ഞാന്‍.
ആരാധനാ വിഗ്രഹമായിരിക്കുന്നത് എമ്പാടും ആസ്വദിച്ചിരുന്ന ഈ സ്ത്രീയെ വിലാസിനി അഭിസാരിക സ്ലട് എന്നൊന്നും വിളിച്ചുപോവാതെ കഴിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ട് ഞാന്‍.
അന്ധയായിരുന്നെങ്കിലും ഒരു തികഞ്ഞ സൗന്ദര്യധാമം തന്നെയായിരുന്നല്ലോ ഈ അമ്മ.
ഏയ്, ഇല്ല, ദയവായി ഫാറ്റിമയുമായി എനിക്കുണ്ടായ അടുപ്പത്തെ മനോവിശ്ലേഷണന്യായേന എന്റെ അമ്മയുമായി ബന്ധപ്പെടുത്തരുതേ. അങ്ങനെ ഒരു അഭിനിവേശം ഒന്നും ഒരിക്കലും എനിക്കുണ്ടാവില്ലതന്നെ. അത്തരം സിദ്ധാന്തങ്ങളോടെല്ലാം എനിക്ക് പണ്ടേ അവജ്ഞയല്ലേ തോന്നിയിട്ടുള്ളത്.
എനിക്കറിയാം, ഇപ്പോള്‍ ഇത് വായിക്കുന്ന നിങ്ങളെല്ലാം അദ്ഭുതപ്പെടുന്നത് ഒടുക്കം ഞാനും ഒരു അന്ധനാണെന്നു വന്നു ഭവിക്കുമോ എന്നായിരിക്കും. അതെ, അതുതന്നെയാവും. എന്നാല്‍, അത്രയും അത്യുക്തി താങ്ങാനാവുമോ നമുക്ക്. ഇല്ല സുഹൃത്തേ ഇല്ല.

''ഏയ് നാവിറങ്ങിപ്പോയ ആളേ - നമുക്ക് ഇത്തിരി രാഷ്ട്രീയം പറഞ്ഞാലോ എന്നാല്‍. ട്രംപ് എന്നൊരു ആള്‍ ഉണ്ടായിരുന്നില്ലേ - അയാളെപ്പറ്റി എന്താ ഇങ്ങടെ വിനീതമായ ഐപ്രായം?''
''അതെന്തിനാണ് എനിക്ക് അയാളെപ്പറ്റി ഒരു ഐപ്രായം ഉണ്ടായിരിക്കുന്നത്.''
''തര്‍ക്കുത്തരം പറയാതെ വലാലേ - എന്തേലും ഐപ്രായം ഉണ്ടെങ്കീ പറഞ്ഞാ മതിയല്ലോ.''
''ശരിശരി - ആവട്ടെ, ഞാന്‍ അയാളെപ്പറ്റി എന്തു പറയുമെന്നാണ് നീ പ്രതീക്ഷിക്കുന്നത് ഫാറ്റിമാ?''
''നല്ല വ്യത്യസ്തമായ ഒരു ഐപ്രായം. വെറുതേ ആളുകള്‍ വളവളാ പറയുന്നതുപോലെയുള്ളതല്ലാത്ത-''
''ഉദാഹരണത്തിന്-''
''ഉദാഹരണത്തിന് - ഹ്ം... ഇതാ, ഇങ്ങനെഃ ട്രംപ് ശുംഭനായിരിക്കാം. അയാള്‍ ഒന്നാംതരം സ്ത്രീവിരുദ്ധനുമായിരിക്കാം. എന്നാലും തരക്കേടില്ല അയാളുടെ ആ പറച്ചില്‍, അല്ലേ.''
''ഏതു പറച്ചില്‍.''
''ഇത്ര വേഗം മറന്നോ എല്ലാരും ആ സ്ലോഗന്‍.''
''എന്തു സ്ലോഗന്‍ എന്റെ ഫാറ്റിമാ?''
''പറിച്ചെടുക്ക് പെണ്ണുങ്ങളെ!''
''പറിച്ചെടുക്കെന്നോ!''
''ഓ, കേള്‍ക്കാത്ത മായിരി!... മണ്ടച്ചാരേ, പുസി എന്നു പറഞ്ഞൊരു ഗീര്‍വ്വാണം ഇല്ലേ അയാളുടെ.''
''ഓ, അതാണോ...  അതുശരി... ഞാന്‍ അതുപോലെ എന്തെങ്കിലും അഭിപ്രായം പറഞ്ഞു കേള്‍ക്കണം നിനക്ക്, അല്ലേ... എന്നിട്ടുവേണം എല്ലാവരും കൂടി എന്നെ ഭര്‍ത്സിക്കാന്‍. അല്ലെങ്കില്‍ എന്താണു പറയുക  ആങ്, എന്റെമേല്‍ പൊങ്കാലയിടാന്‍.''
''ഹായ്, അതുപോലെ ഗ്രോസ് ആ എന്തെങ്കിലും എന്നല്ലേ ഞാന്‍ ഉദ്ദേശിച്ചത്. ഉദാഹരണത്തിന്... വേണ്ട, ഇനി ഉദാഹരണം ഇല്ല... അതേയ്, മാഷ്‌ക്ക് പറ്റുംച്ചാല്‍ മതി. ഇല്ലേല്‍ നാമം ജപിച്ച് ഇരുന്നോ ഒരു ഭാഗത്ത്.''
അയാള്‍ക്ക് ദേഷ്യം വന്നു. ഇവള്‍ ശരിക്കും ഒരുമ്പെട്ടിരിക്കുകയാണ്. ഹോ, എന്തൊരു മൂശേട്ടയാണിവള്‍ - ങ് ഹേ! അതോ മൂദേവിയാണോ ഇവള്‍ ഇനി. എന്നെ മാഷ് എന്നു വിളിച്ചും കളഞ്ഞു അതിനിടയില്‍.
അത് മിക്കവാറും മനപ്പൂര്‍വ്വം ചെയ്തതാവും അവള്‍. മിക്കവാറും അല്ല തീര്‍ച്ചയായും. ഓര്‍മ്മയുണ്ട് എനിക്ക്, മാഷ് എന്ന വിളി ഏറ്റവും അലോസരമുണ്ടാക്കുന്നതാണെന്നു പറഞ്ഞിട്ടുണ്ട് ഇവളോട് ഞാന്‍ മുന്‍പ് എപ്പോഴോ സൊള്ളിക്കൊണ്ടിരിക്കുന്നതിനിടയില്‍. പാതിരാ സല്ലാപങ്ങളേ സാക്ഷി.
എന്തുകൊണ്ടാണതെന്നു നിശ്ചയമില്ല. പണ്ടുപണ്ടേ എനിക്ക് ഇഷ്ടമല്ലേ ആ വിളി. ഒരിക്കലും ഞാന്‍ ആവാന്‍ ആഗ്രഹിച്ചിട്ടില്ലാത്തത് ഒരു മാഷ്.

ശരി, പകരം വീട്ടാന്‍ എന്തു വിളിക്കും അവളെ. വലാലെന്നോ. വലാല്. അതോ ഹമുക്ക് വേണോ.
അല്ല പിന്നെ, ഇത്ര കാലം സംസാരിച്ചിട്ട് ഇനിയും ഞാന്‍ വ്യതിരിക്തനാണെന്ന് തെളിയിക്കണം എന്നൊക്കെ ആവശ്യപ്പെടുന്നത് തികച്ചും കടന്ന കയ്യല്ലേ.
വലാല് എന്ന് എന്നെ ആദ്യമായി വിളിച്ചത് ആരാണെന്ന് ഓര്‍മ്മയില്ലേ. ഏഴാംതരം അദ്ധ്യാപിക ശ്രുതി. മുതിര്‍ന്നാല്‍ അവളെ ആളുകള്‍ ശ്രുതിയമ്മ എന്നു വിളിക്കുമായിരിക്കും. അവള്‍ തനിക്ക് തെറിപറയാനുള്ള ഒരു കേള്‍വിക്കാരന്‍ ആയി തെരഞ്ഞെടുത്തത് അത് എന്നെയായിരുന്നു.

''വലാലേ - ഡാ, ചാറ്റ് ചെയ്യാന്‍ വാഡാ.''
''നോക്കൂ ശ്രുതി, തെറി പറയാനാണെങ്കില്‍ ഞാനില്ല.''
''എന്താണ്, നിന്റെ മറ്റു കാമുകിമാരൊന്നും ഓണ്‍ലൈന്‍ ഇല്ലല്ലോ. പിന്നെ എന്താണ് നിനക്ക് ബുദ്ധിമുട്ട്.''
''തെറി പറയാന്‍ ഞാനില്ല എന്നാണ് ശ്രുതി.''
''ഓഹോ, ഞാന്‍ തെറി പറയുന്നതാണ് നിനക്ക് വിഷമം. അപ്പോള്‍ നീ ചെയ്യുമ്പോഴോ അത്.''
''ഞാനോ - ഞാന്‍ എപ്പോഴായിരുന്നു!''
''ഡായ്, പൊയ് സൊല്ലാതെഡാ മുണ്ടം... ഇന്നാളൊരൂസം ഞാന്‍ അനൂപേട്ടന്റെ മടിയില്‍ എന്റെ കാല്‍വെച്ചുകൊണ്ട് അങ്ങനെ ഇരിക്കുമ്പോള്‍ നിന്നോട് ചാറ്റ് തുടങ്ങിയില്ലേ. അപ്പോള്‍ നീ എന്നോട് എന്തു ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ തള്ളവിരല്‍ അയാളുടെ മടിത്തട്ടില്‍ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോ എടുത്ത് അയച്ചുതന്നില്ലേ.''
''അതുവ്വ്, പക്ഷേ, ഞാന്‍ തെറിയൊന്നും...''
''പോഡാ നുണയാ... നിന്റെ പിറ്റേ ദിവസം രാവിലത്തെ മെസിജ് എന്തായിരുന്നു എന്ന് എനിക്ക് ശരിക്കും ഓര്‍മ്മയുണ്ട്.''
''എന്തായിരുന്നു!''
''ശ്രുതിമോള്‍, പ്രവേശനോത്സവം നടന്നുവോ.''
''ഉവ്വുവ്വ്... സ്വപ്നം കണ്ടതാവും നീ ശ്രുതി. ഞാന്‍ ഒരിക്കലും ചോദിച്ചിട്ടില്ല അങ്ങനെ. ചോദിക്കുകയേയില്ല...''
''പോഡാ നുണയാ ചതിയാ വഞ്ചകാ!...''

ആലോചിച്ചപ്പോള്‍ അയാള്‍ക്ക് ചിരിക്കാതിരിക്കാനും സാധിച്ചില്ല. ഏഴാംതരം അദ്ധ്യാപികയോട് ചോദിക്കാന്‍ പറ്റിയ കുശലം തന്നെ. പ്രവേശനോത്സവം നടന്നോ മോളേ.
പെണ്ണുങ്ങള്‍ക്ക് കൂസലില്ലാതായിരിക്കുന്നു ഇപ്പോള്‍. നോക്കൂ ഒരു കഥ മെനഞ്ഞിരിക്കുന്നത് ശ്രുതി. എന്താണ് അതിന്റെ പൊരുള്‍. ഞാന്‍ അങ്ങനെ അര്‍ത്ഥഗര്‍ഭമായി ഓരോന്ന് ചോദിക്കണം അവളോട് എന്ന് അഭീഷ്ടമുണ്ട് അവള്‍ക്ക് എന്ന് അറിയിക്കാന്‍ ശ്രമിച്ചതല്ലേ അവള്‍. അതിനുവേണ്ടി മനപ്പൂര്‍വ്വം ഞാന്‍ തെറി പറഞ്ഞതായി കഥ കെട്ടിച്ചമച്ചു. അവള്‍ എന്തിലും വ്യംഗ്യാര്‍ത്ഥം കാംക്ഷിക്കുന്നവള്‍.
ജ്ഞാ സര്‍വ്വകലാശാലയിലെ കിസലയ കേരളം കാണാന്‍ വന്നപ്പോള്‍ മൂന്നു ദിവസം എന്റെ കൂടെ താമസിച്ചില്ലേ. നാട് ചുറ്റിക്കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍  കിസലയ തന്റെ ചേച്ചി പൗലോമിയെപ്പറ്റി ഒന്നും സംസാരിച്ചില്ല. അവളുടെ മുഖത്തല്ലേ സദാചാരവാദികള്‍ അമ്ലം തളിച്ചത്.
എത്തിയ ഉടനെ അവള്‍ ചോദിച്ചത് ബീഡി കിട്ടുമോ എന്നായിരുന്നു. ദിവസം നാലഞ്ചെണ്ണം മതി. പരസ്യമായി പുകവലിക്കുന്നത് നിരോധിച്ചിട്ടുണ്ട് എന്നു കേട്ടിരുന്നതിനാല്‍ ഒളിച്ചുനിന്നാണ് അവള്‍ അത് ചെയ്തുകൊണ്ടിരുന്നത്.

''ഡ്രഗ്‌സ് ഉണ്ടായിട്ടുണ്ടോ നീ കിസലയാ?''
''ഓ, മരിയ്വാന അവിടെ ഫ്രീ ആയി കിട്ടും. അതിനാല്‍ എടുക്കും. വീട്ടില്‍ പോവുമ്പോള്‍ വേണമെന്നു തോന്നില്ല. അത്രയേയുള്ളൂ പ്രശ്‌നം. കുടിക്കില്ല. പിന്നെ ഉള്ളത് ബൈപോലാര്‍ കുഴപ്പം മാത്രം.''
''ഓഹോ, അങ്ങനെയോ.''
''പേടി ഇല്ലല്ലോ ഒപ്പം താമസിപ്പിക്കാന്‍?''
''ഏയ്!''
''അവിടെ കോന്‍ഡം കിട്ടും എന്ന് കളിയാക്കിപ്പറയും. ഹഹഹ. അത് നല്ലതല്ലേ, ഉറ ഉപയോഗിക്കുന്നത്.''
''അത് ശരിയാണ്, പുരോഗമനത്തെപ്പറ്റി ഊറ്റംകൊള്ളുന്ന നാട്ടുകാര്‍ അതിനെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് എനിക്കും മനസ്സിലായിട്ടില്ല.''
''നല്ല സ്ഥലമാണ് ജ്ഞാ. ഒരിക്കല്‍ അവിടെ ചേര്‍ന്നാല്‍ ജീവിതം മുഴുവനും അവിടെയായിരിക്കും. കാലാവധി കഴിഞ്ഞാലും ആരുടെയെങ്കിലുമൊക്കെ മുറിയില്‍ കൂടാം. പിന്നെ വല്ലാത്ത ഒരു സ്വാതന്ത്ര്യമുണ്ട് അവിടെ-അതായത്...''
അതൊന്നും തരക്കേടില്ല. അയാള്‍ വിലയിരുത്തി. എനിക്ക് ആകെ മോശം തോന്നിയത് അവിടെനിന്നുള്ളവര്‍ ''ഞാന്‍ ജ്ഞാ ഉല്പന്നമാണ്'' എന്ന് വീമ്പടിക്കുന്നതാണ്. അയ്യേ, സ്വയം ഒരു ഉല്പന്നം എന്നു വിളിക്കുന്നല്ലോ.

ആധമര്‍ണ്യം തോന്നിയിട്ടല്ല എനിക്ക്. ഒരിക്കലും ആഗ്രഹിച്ചിട്ടില്ല ഞാന്‍ അവിടെ ചേരണമെന്ന്. ആ ഗര്‍വ്വ് എനിക്കു സഹിക്കില്ല. എല്ലാ അധികാര കേന്ദ്രങ്ങളും എന്നെ മുഷിപ്പിക്കുന്നു - ശരിയല്ലേ?...
''അത് നീ ഷണ്ഡനായതുകൊണ്ടല്ലേ വലാലേ.''
ങ്‌ഹേ, ഇത് ശ്രുതിയാണല്ലോ. ആങ്, ശരിയാണ്, അവളോട് ഞാന്‍ കിസലയെപ്പറ്റി പറഞ്ഞു. എന്തൊരു ഉത്സാഹമായിരുന്നു അവള്‍ക്ക് ഞങ്ങള്‍ ഒപ്പം ഉറങ്ങിയതിനെപ്പറ്റി അറിയാന്‍. സപ്രമഞ്ചം ഒന്നല്ലേ ഉണ്ടായിരുന്നുള്ളൂ.

''എന്നിട്ട് നീ അവളുടെ കൂടെ വെറുതേ കിടന്നു - അല്ലേഡാ... മൂന്നു രാത്രി!''
''എനിക്ക് കൗതുകം തോന്നിയത് എന്താണെന്നു വെച്ചാല്‍ - ഉറക്കത്തില്‍ അവള്‍ എന്തോ മൂളിപ്പാടിക്കൊണ്ടിരിക്കും ശ്രുതീ. നന്നായി ശ്രുതി തെറ്റാതെ. അതോ അതിനി അവളുടെ കൂര്‍ക്കം വലിയാവുമോ.''
''പോഡാ എരണം കെട്ടവനേ - അവന്റെയൊരു കുതൂഹലം!... ഒരു പെണ്‍കൊടിയെ മൂന്നു രാത്രി ഒപ്പം കിടക്കാന്‍ കിട്ടിയിട്ട് ഒന്നും ചെയ്യാതെ വന്നിരിക്കുന്നു - ഷണ്ഡന്‍!''
''ഹഹഹ, ഷണ്ഡനായാലെന്താണ് തരക്കേട് ശ്രുതി. അങ്ങനെ എളുപ്പം കൈവരിക്കാന്‍ പറ്റുന്നതൊന്നുമല്ല ഷണ്ഡത്വം. ബ്രഹ്മചര്യത്തെക്കാള്‍ ബുദ്ധിമുട്ടാണ്... ഹേ, ഇതു തന്റെ പലഹാരമല്ല എന്ന് സ്വയം ബോധിപ്പിച്ചുകൊണ്ട് ഓരോ നിമിഷവും.''
''ഉവ്വുവ്വ്, പാവം പെണ്‍കൊച്ച്, അവള്‍ക്കെന്തു നിരാശയായിക്കാണും. മഹാന്റെ കൂടെ കിടക്കേണ്ടിവന്ന മനുവിനേക്കാള്‍ കഷ്ടം തന്നെ - പാവം പാവം പാവം കിസലയാ...''
''മര്യാദ വിടരുതല്ലോ ശ്രുതി. മാത്രമല്ല, ആണ്‍പെണ്‍ വിചാരമില്ലാതെ എത്രയോ പേരുടെ ഒപ്പം കിടന്നുറങ്ങി ശീലമുള്ള ആളല്ലേ അവള്‍... ഒരുപക്ഷേ, അവള്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍ ഞാന്‍.''
''കോന്താ - മിണ്ടിപ്പോവരുത് നീ പെണ്‍കോന്താ. ഒന്നിനും കൊള്ളാത്തവനേ... എന്റെ മാനം കളഞ്ഞു നീ. മേലാസകലം വിറയ്ക്കുകയാണ് ഞാന്‍, അറിയാമോ. എന്റെ കണ്‍വെട്ടത്തുനിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോയ്‌ക്കോ നീ. ഷണ്ഡനും കൂടി മനസ്സില്‍ ഉണ്ടാവും അത് -  നീയൊരു - ഒരു പോഡാ!...''
അപാരമാണ് അവളുടെ പ്രത്യുല്പന്നമതിത്വം.

ഇണചേരാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് എന്നാണ് അവളുടെ മുദ്രാവാക്യം. ആണും പെണ്ണും അന്യോന്യം കോര്‍ത്തുകിടക്കുന്നതിലും ഹൃദ്യമായ മറ്റൊന്നുമില്ലതന്നെ പ്രപഞ്ചത്തില്‍.
പഴയതരം ആളാണ്, പൊറുക്കാം.
രാഷ്ട്രീയാവബോധവും കഷ്ടിയാണല്ലോ ശ്രുതിക്ക്.
നര്‍മ്മഭാവന ഉണ്ട്. പക്ഷേ, പ്രവേശനോത്സവം എന്ന ആശയം അവളുടെ കണ്ടുപിടുത്തമല്ലേ.
കേരളത്തില്‍ 'മൃഗീയഭൂരിപക്ഷം' ഇടതു വിശ്വാസികളാണ് എന്നതില്‍ കിസയ്ക്ക് നല്ല മതിപ്പുണ്ടായി.
അവള്‍ക്ക് ഇവിടം വിട്ടപോവാനേ തോന്നാതായിരുന്നു അവസാനം. അത്ര ഇഷ്ടപ്പെട്ടു ഈ സംസ്ഥാനം അവള്‍ക്ക്. മണിപ്പുരി നര്‍ത്തകിമാര്‍ വരെ ഇവിടെ ജോലിക്കാരായി നില്‍ക്കുന്നതു കണ്ട് അവള്‍ ആശ്ചര്യം കൂറി. ഇത്തരം ചെറിയ ജോലികളൊന്നും ചെയ്യുന്നവരല്ല അവര്‍ സ്വന്തം നാട്ടില്‍ എന്ന് അവള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ ചിരിച്ചു. മലയാളികളും അങ്ങനെ തന്നെ, കൂലിപ്പണി അവര്‍ മദ്ധ്യപൂര്‍വ്വദേശങ്ങളിലേ ചെയ്യൂ.

''ഹോ, എനിക്ക് ഇവിടെ ഒരു ജോലി കിട്ടിയിരുന്നെങ്കില്‍!...''
''കായലോരത്തെ കെട്ടിടം പൊളിക്കല്‍ പക്ഷേ, എന്നും ഉണ്ടാവില്ല കിസലയാ. അതുകണ്ട് കൊതിച്ചിട്ടല്ലേ നീ ഇതീ പറയുന്നത്.''
''കളിയാക്കല്ലേ ബ്രോ... എനിക്ക് ഉള്ള ബിറ്റെക് കൊണ്ട് ഇവിടെ എന്തെങ്കിലും ജോലി കിട്ടുമോ ആവോ?''
''ഓഹ്, കിസലയാ - ഇവിടെ പ്യൂണ്‍ ആയി ജോലി ചെയ്യുന്നവര്‍പോലും ബിറ്റെക് ആണെന്ന് കേള്‍ക്കാതെ പോയതെങ്ങനെയാണ് നീ... ബ്രോ!''
ഒരു ബ്രാ, പിന്നെ ബീഡി സൂക്ഷിക്കുന്ന ഒരു ചെറിയ തീപ്പെട്ടി എന്നിവയാണ് അവള്‍ ഇവിടെ മറന്നുവെച്ചുപോയിട്ടുള്ളത്. എപ്പോഴെങ്കിലും ചോദിക്കാം ശ്രുതിയോട് തനിക്ക് പാകമാവുമോ അത് എന്ന് നോക്കണമെന്നുണ്ടോ അവള്‍ക്ക് എന്ന്. സന്തോഷമാവും അവള്‍ക്ക്. അശ്ലീലച്ചുവയുള്ള എന്തെങ്കിലും കേട്ടാല്‍ തിളങ്ങുന്നതല്ലേ ആ കണ്ണുകള്‍.

''ഏയ് ചിന്തകന്‍ ചങ്ങാതീ. എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയാ?''
''ഒന്നുമില്ല ഫാറ്റിമാ, ഒന്നുമില്ല.''
''എന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അല്ല്യേ?''
പല നാട്ടിലെ ഭാഷ സംസാരിക്കുന്നല്ലോ ഇവള്‍. ആശ്ചര്യം. എന്താണ്, അവസാനം ഒരു കടംകഥയാണെന്നു വരുമോ ഇവള്‍
''എന്നാലേ, ഇതാ അവസാനമായി ഒരു ചോദ്യം... ഇതിനെങ്കിലും സ്വമനസ്സാലേ ഉത്തരം തരുമോ ഒരാള്‍, ഊം?''
''നോക്കാം ഫാറ്റിമാ, ഞാന്‍ ശ്രമിക്കാം.''
''കൃശരി മെനോന്‍ ചെയ്ത ഒരു വീഡിയോ കണ്ടു ഞാന്‍. അവള്‍ അതില്‍ ഏഴുവയസ്സുള്ളപ്പോള്‍ അവളെ ആരോ യൂസ് ചെയ്തതിനെപ്പറ്റി - എന്തൊരു ആവേശത്തോടെയാണ് അവള്‍ പറയുന്നത് അത് - ഭയങ്കരമായി എന്‍ജോയ് ചെയ്തു അത് അവള്‍ എന്നൊക്കെ... അതു വിടൂ. ഇനി എന്റെ ചോദ്യം അങ്ങനെ ഒരു പെണ്‍കുട്ടി നിങ്ങളുടെ അടുത്തുവന്ന് നിര്‍ബ്ബന്ധിച്ചാലോ - ഒഴിഞ്ഞുമാറുമോ നിങ്ങള്‍, ഊം?''
''ഫാറ്റിമാ!''
''ആലോചിച്ച് ഉത്തരം പറഞ്ഞാല്‍ മതി. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഏതു കേമനായ ആണിനും ഒറ്റ തോന്നലേയുള്ളൂ എപ്പോഴും. അതു പെണ്ണിനോടുള്ള ആ ഇതാണ്. മരിക്കാന്‍ കിടക്കുന്ന മഹാന്മാരെ നോക്കൂ. അടുത്തേയ്ക്കു വരുന്ന കൊച്ചു പെണ്‍കുട്ടികളെ മുറുക്കിപ്പിടിച്ചു കൊണ്ടേയിരിക്കും അവര്‍. വാത്സല്യമാണെന്നൊക്കെ വ്യാഖ്യാനിക്കും. ജനം എന്നേയുള്ളൂ. സംഗതി മറ്റേതു തന്നെ.''
''ഏയ് ഫാറ്റിമാ - നീ വല്ലാതെ കൂടുന്നു...''

അയാള്‍ പകച്ചുപോയിരുന്നു. താന്‍ കണ്ടു എന്നാണ് ഇവള്‍ പറഞ്ഞത് എന്നു ശ്രദ്ധിച്ചില്ലേ. അന്ധഗായികയായി നടിക്കുന്നതായിരിക്കുമോ ഇവള്‍... മാനസികരോഗം ഉള്ളത് നിനക്കല്ലല്ലോ മുത്തേ, കിസലയ്ക്കല്ലേ.
ഏയ്, അത് ആവില്ല. പൊതുവായ വാക്കുകള്‍ ഉപയോഗിക്കുന്നു എന്നേയുള്ളൂ. കൃശരിയുടെ മൊഴി കേള്‍ക്കുക മാത്രമായിരിക്കും ഇവള്‍ ചെയ്തത്. ഉള്‍ക്കാഴ്ചയാല്‍ കണ്ടുകൊണ്ട്.
എന്നാലും ഇവള്‍ക്ക് എങ്ങനെ ഇത്ര ക്രൂരമായി... അതും എന്നോട്.
ഏറ്റവും നിഷ്‌കളങ്കയാണ് ഇവള്‍ എന്നല്ലേ ഇത്ര കാലവും ഞാന്‍ കരുതിയിരുന്നത്. എന്നിട്ടും...
ഒന്നുകില്‍ കൊല്ലും ഞാന്‍. അല്ലെങ്കില്‍ ബലാത്സംഗം ചെയ്യും. അതുമല്ലെങ്കില്‍ ബലാത്സംഗം ചെയ്തിട്ട് കൊല്ലും. ഇനി അതുമല്ലെങ്കില്‍ കൊന്നിട്ട് ശവഭോഗം ചെയ്യും.

അയാള്‍ പരിസരം മാന്തിപ്പൊളിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. ദുഷ്ട. ഇവളേക്കാളും നീചയായി വേറെ ആരുണ്ടാവും. ദിഗന്തങ്ങളേ, കണ്ണുചിമ്മിക്കോളിന്‍...!
അല്ലെങ്കില്‍ വരട്ടെ, കൊല്ലാക്കൊല എന്നൊരു ഏര്‍പ്പാടില്ലേ. അത് എങ്ങനെയാണെന്ന് ഒന്ന് അന്വേഷിക്കാം. ഒരുപക്ഷേ, അതായിരിക്കും ഇവള്‍ അര്‍ഹിക്കുന്നത്.
അഹങ്കാരി. സവര്‍ണ്ണ പീയൂഷ ചമ്മന്തി. പാത്തുമ്മ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com