'നഗരം പഴയതാകുന്നു'- ഷാഹിന ഇകെ എഴുതിയ കഥ  

വിവര സാങ്കേതിക വിദ്യയുടെ, മറ്റു വ്യവസായങ്ങളുടെ കണക്കറ്റ ഓഫീസുകളുള്ള ഈ നഗരത്തില്‍ വൈദ്യുതി നിലച്ചിട്ട് രാത്രിയുടെ ഇത്രയും മണിക്കൂറുകള്‍ പിന്നിട്ടുവല്ലോ...
'നഗരം പഴയതാകുന്നു'- ഷാഹിന ഇകെ എഴുതിയ കഥ  

വിവര സാങ്കേതിക വിദ്യയുടെ, മറ്റു വ്യവസായങ്ങളുടെ കണക്കറ്റ ഓഫീസുകളുള്ള ഈ നഗരത്തില്‍ വൈദ്യുതി നിലച്ചിട്ട് രാത്രിയുടെ ഇത്രയും മണിക്കൂറുകള്‍ പിന്നിട്ടുവല്ലോയെന്നും അത് എത്ര അപൂര്‍വ്വമാണെന്നും വിസ്മയപ്പെടുകയാണ് ഞാന്‍. നഗരത്തെ ഇത്ര വേഗം കുറഞ്ഞ്, ഇത്ര അടുത്ത് അത്രമേല്‍ സ്വച്ഛമായി കാണുന്നത് ആദ്യമായാണെന്ന് പൊടിക്കാറ്റിനേയും അവസാനിക്കാത്ത ഒച്ചകളേയും  ചൂടുപിടിച്ച വെളിച്ചത്തേയും സഹിക്കാന്‍ വയ്യാത്തതിനാല്‍ എപ്പോഴും അടച്ചിടാറുള്ള വെളുത്ത അരികുകളുള്ള ചില്ലു ജനാല തുറന്നിട്ടുകൊണ്ട് ഞാന്‍ ഓര്‍ക്കുന്നു; അതേനേരത്ത് പലരും ഓര്‍ത്തിരുന്നിരിക്കാമായിരുന്ന പോലെ.

ഞാന്‍ വെറുതെ വഴികളിലേക്കു നോക്കിനില്‍ക്കുന്നു. അതിനെ കുറിച്ചാലോചിക്കുന്നു.
രാവിലെയുടെ ഊഴത്തില്‍ ഓഫീസിലേയ്ക്ക് ചലിക്കുമ്പോള്‍  നേരത്തെ ഉറക്കമുണര്‍ന്ന് ഭ്രമാത്മക സ്വപ്നങ്ങള്‍ കണ്ടോ ആത്മരതിയാല്‍ തളര്‍ന്നോ നേരം പോക്കുന്ന കൗമാരക്കാരെപ്പോലെ ഈ പാതകള്‍ കാണപ്പെടാറുള്ളത് ഞാനോര്‍ക്കുന്നു. ഇയര്‍ ഫോണിറങ്ങിപ്പോയ ചെവികളുള്ളവരായും ലാപ്ടോപ്പുകള്‍ തുറന്നു വെച്ചിരിക്കുന്ന പണി തീരാത്തവരായും  മുറിഞ്ഞും ചതഞ്ഞും പോകുന്ന ഉറക്കത്തോടുള്ള നിരാശയും വെറുപ്പും കാണുന്നവര്‍ക്കെല്ലാം പകരാനെന്നപോലെ  ജനാലയിരിപ്പിടങ്ങളിലിരുന്ന് വാ പൊളിച്ചുറങ്ങുന്നവരായും വേഗവിരലുകളാല്‍ ഫോണില്‍ ഞെരുക്കിക്കൊ ണ്ടിരിക്കുന്നവരായും  ഉണര്‍ന്നിരിക്കുമ്പോളും ഉറക്കം തൂങ്ങിക്കണ്ണുകളുള്ളവരായും - ഇങ്ങനെ എട്ടുപത്തുപേരെ അടക്കം ചെയ്ത ക്യാബ് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇതില്‍ ഏതെങ്കിലും ഒരുവനായിത്തീരേണ്ടുന്ന എന്നെയും കൊണ്ട് നീങ്ങുന്നതു ഞാന്‍ കാണുന്നു.

ഞാനിതില്‍ എല്ലാമായിട്ടുണ്ടെന്ന് അപ്പോള്‍ ഞാനറിയുന്നു, മൂക്കടപ്പുകാരനായതിനാല്‍ ഉറങ്ങുമ്പോഴേയ്ക്കും വായ് തുറന്നു കേലയൊലിപ്പിക്കാന്‍ സിദ്ധിയുള്ള, ആരെങ്കിലും കാണുന്ന നിമിഷത്തിനു മുന്‍പേ വളരെ പെട്ടെന്ന്, കിണുത്ത വായ്‌ക്കോണുകള്‍ തുടക്കുന്ന എന്നെ ഞാനതിന്റെ മണത്തോടെ കാണുന്നു. എല്ലാവരുടേയും സ്വകാര്യമായ ഗന്ധങ്ങള്‍ സുഗന്ധങ്ങളില്‍ നഷ്ടപ്പെടുന്നത് ഞാനറിയുന്നു. കേലയൊലിപ്പി ക്കുന്നവരും അവശിഷ്ട ഗന്ധങ്ങള്‍ തേട്ടുന്നവരും കീഴ്വായു വിടുന്നവരും വായ്നാറ്റക്കാരുമായ നമ്മെ എല്ലായ്പ്പോഴും നാം പൂഴ്ത്തി വയ്ക്കുന്നു. തീര്‍ത്തും മെല്ലിച്ച ഒരു  വളി വിടാനായി വാഷ് റൂമിലേയ്ക്ക് പായേണ്ടി വരുന്ന ഔപചാരികതയും മര്യാദയും ഞാനോര്‍ക്കുന്നു.
ഞാന്‍ തുമ്മുന്നു. തുമ്മിക്കൊണ്ടേയിരിക്കുന്നു എന്റെ തലയും മുഖവും ചെറു തുണ്ടങ്ങളായി തെറിക്കും എന്നതു പോലെ അവസാനമില്ലാതെ.
''എന്നും കുറച്ചുനേരം വെയില്‍ കൊള്ളുക.  എ.സി ഒഴിവാക്കുക. ഓഫിസില്‍ ജാക്കറ്റ് ധരിക്കുക. പിന്നെ സ്ട്രെസ്... അത് എവിടെയും നല്ലതല്ലല്ലോ.''
മരുന്നെഴുതുമ്പോള്‍ ഡോക്ടര്‍ നേര്‍ത്തു ചിരിക്കുന്നു. അഥവാ ചിരിക്കുകയായിരുന്നില്ലെങ്കില്‍ മുഖത്തിനു കുറുകെ എപ്പോഴും ഒരു ചിരിപ്പക്ഷി പറന്നു പോകുന്നു.

ചിരിക്കുന്ന ഇളം നീലപ്പല്ലുകളുടെ ചെറുതിളക്കങ്ങള്‍  നോക്കിയിരിക്കുന്നു.  പറഞ്ഞതില്‍ ഏതിനെയാണ് പിന്തുടരാനാവുകയെന്നും  ഒരു തീവെയിലില്‍ പൊള്ളി നടന്നിട്ട് എത്രയായെന്നും ഞാന്‍ അന്തം വിടുന്നു. ഭൂതകാലത്തിന്റെ കുന്നുകള്‍ ഞാനോക്കുന്നു.
കശുമാങ്ങ പെറുക്കാനായി കയറിയിറങ്ങിയ വെയില്‍ പാര്‍ക്കുന്ന കുന്നുകള്‍, ഒന്നിനുമല്ലാതെ തൊട്ട ഉയരങ്ങള്‍, പേര് കൊത്തിവയ്ക്കാനായി വലിഞ്ഞു കയറിയ, ചൂടില്‍ പതച്ച പാറകളുടെ തുഞ്ചങ്ങള്‍, എന്റെ ചരിത്രകാലത്ത് ഞാന്‍ കല്ലില്‍ കൊത്തിവച്ച എന്റെ പേര്, എല്ലാം ഒന്നിനും വേണ്ടിയല്ലാതെ അന്നേരം ഞാനോര്‍ക്കുന്നു. 

നൂറായിരം വര്‍ഷങ്ങള്‍ക്കുശേഷം ആ മല കയറിയെത്തുന്ന പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെടുക്കുന്ന എന്റെ പേരും ചരിത്രവും-വെയിലില്‍ പൊള്ളിക്കൊണ്ട് പേരു കൊത്തുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടത്; പള്ളിക്കൂടക്കാലം കഴിഞ്ഞ്  എല്ലാവര്‍ക്കും ചരിത്രമില്ലെന്ന് അറിയും വരെ.
കുന്നുകള്‍ മറവു തന്ന ലഹരികളുടെ ഉന്മാദപ്പേടികള്‍ നീലാകാശം വിതാനിച്ചിട്ട വെയില്‍പോലെ ഞാന്‍ മറക്കാതിരിക്കുന്നു.
എന്റെ മധ്യാഹ്നങ്ങളെ ഞാനോര്‍ക്കുന്നു.  ഉള്ളിലുള്ളതെല്ലാം ഊറ്റിയെടുക്കപ്പെട്ട്, കണ്ണുകളിലും തലച്ചോറിലും കറുത്ത സ്‌ക്രീനുകളും വെളുത്ത അക്ഷരങ്ങളും ഏതോ ഭൂഖണ്ഡത്തില്‍നിന്നുള്ള ക്ലയന്റ് സന്ദേശങ്ങളും നിറച്ചെത്തുന്ന എന്നെ, പെറുക്കിയെടുത്ത അതേയിടത്ത് പുറന്തള്ളിപ്പോകുന്ന വെളുത്ത വണ്ടി. ക്ഷീണം, ലിഫ്റ്റിലെ മൂന്നാം നിലയിലേയ്ക്കുള്ള മൊട്ടമര്‍ത്തുകയും. സി-മൂന്ന് ഫ്‌ലാറ്റിന്റെ മുന്നില്‍ അതെന്നെ ഉപേക്ഷിക്കുകയുംചെയ്യുന്നു. 
തൊട്ടടുത്ത ഫ്‌ലാറ്റിന്റെ വാതിലിനു മുന്നില്‍  വെളുപ്പും ചുകപ്പും നിറങ്ങളില്‍ രംഗോലി വരച്ചിട്ടിരിക്കുന്നു. വിറയ്ക്കുന്ന കൈകളുടെ വരയില്‍ അതിത്തിരി കോടിപ്പോയിരിക്കുന്നു. 

അലസനും ഒച്ചക്കാരനുമായ ഒരു ഹിന്ദിക്കാരന്‍ ചെറുപ്പക്കാരനും അവന്റെ അമ്മയും മാത്രം പാര്‍പ്പുള്ള അവിടെ പകലൊറ്റയാകുന്ന ആ സ്ത്രീ ഉച്ചത്തില്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നു. രാത്രിയില്‍ അമ്മയും മകനും അങ്ങനെതന്നെ മിണ്ടുന്നു.
കുഴച്ചുമറിച്ചിട്ട മുറികള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട്  എല്ലായ്പ്പോഴും വാതില്‍ പാതിതുറന്നിടുന്നു. ഫോണുകളില്‍നിന്നും അസ്വാസ്ഥ്യം നിറഞ്ഞ ഒച്ചകള്‍ പുറപ്പടുവിക്കുന്നു. അനിഷ്ടങ്ങളുടെ പാട്ടുകള്‍ കേള്‍ക്കുന്നു. ഞാനവരെ വെറുക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.

എന്റെ, സ്‌ക്രീനില്‍ നോക്കി വറ്റിവരണ്ട കണ്ണുകളില്‍ ഞാന്‍ തണുത്ത തുള്ളിമരുന്നൊഴിക്കുന്നു. ഉറക്കുമുറിയിലെ കട്ടിത്തുണി കൊണ്ടുള്ള പടുത വലിച്ചിട്ട്, മുഖത്ത് തലയിണ മൂടി ഞാന്‍ പകല്‍ രാത്രിയുണ്ടാക്കുന്നു.. തണുത്ത കണ്ണുകള്‍  ഡ്രീം ക്യാച്ചറിനെപ്പോലെ  സ്വപ്നങ്ങളെ പിടിക്കുന്നു. ഞാന്‍  നേര്‍ത്തു മാത്രം ഉറങ്ങുന്നു. എന്നിട്ടും ഒരു ചരുവില്‍നിന്നും ഞാന്‍ പൊടുന്നനെ വഴുതുന്നു. പിടിതരാത്ത ഒരു പച്ചവള്ളി എന്നെ അഗാധതയിലേയ്ക്ക് കൈ വിടുന്നു. വള്ളിയില്‍ നിന്നൂര്‍ന്നു പോരുന്ന ഒരുവയലറ്റ് പൂവ് ഞാന്‍ കയ്യില്‍ മുറുകെ പിടിയ്ക്കുന്നു. തലച്ചോറിലെ ഞരമ്പുകളെ പിടിച്ചുലയ്ക്കുന്ന പോലെ അന്നേരം ഫോണ്‍ ഒച്ചവയ്ക്കുന്നു. എന്നെ എപ്പോഴും ഉണര്‍ത്തുന്നത് അതുതന്നെയാണ്. മൃദുവെങ്കിലും എന്നെ ജാഗരൂകനാക്കുന്ന, നിലപ്പിക്കാന്‍ എനിക്ക് അനുവാദമില്ലാത്ത മണിയടിയൊച്ചകള്‍. ചിലപ്പോളത് ജോലിസമയം പിന്നിട്ടിട്ടും വേണ്ടിവരുന്ന ഒരു സംശയത്തീര്‍പ്പ്. എന്നാല്‍, എല്ലായ്പ്പോഴും തന്നെ അത് എന്നോടുള്ള നശിച്ച ഉടമസ്ഥതാബോധം സഹിക്കവയ്യാതെ, ഓരോ ദിവസവും അവളറിയാതെ ഞാനുപേക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന കാമുകി.
എന്റെ തലയില്‍ അവ രണ്ടും വേദനയുടെ ഇടിമിന്നലുകള്‍ പായിക്കുന്നു, അസഹ്യമായ ഇടവേളകള്‍തന്നുകൊണ്ട്. 
ഞാനീ വിളികള്‍ പ്രതീക്ഷിക്കുകയും വെറുക്കുകയും ചെയ്യുന്നു; അവളുടെത് ഓരോ നിമിഷത്തിലും. 
എന്റെ മുറിവേറ്റ പൂച്ചയുറക്കമപ്പോള്‍  അവളെ കടിച്ചു കുടയുന്നു.

''നീയാകെ മാറിപ്പോയി. ക്ഷമിക്കൂ, ഇനി ശല്യമാകില്ല'' എന്നൊരു പതിവ് നരക വാചകം കൊണ്ട് അവള്‍ ഫോണ്‍ നിശ്ചലമാക്കുന്നു. വിശദീകരണങ്ങള്‍പോലെ അറ്റം കൂര്‍ത്ത സന്ദേശങ്ങള്‍ പിന്നാലെ അയയ്ക്കുന്നു. ഞാന്‍ പ്രതികരണമില്ലാത്ത ഒരു കല്ലാകുന്നു. അവള്‍ തിരികെ വിളിക്കുന്നു. കരച്ചിലുകള്‍, എല്ലായ്പ്പോഴും കരച്ചിലുകള്‍ എന്നെ പേടിപ്പിക്കുന്നു. അവള്‍ ഒറ്റയ്ക്കാവുന്നുവെന്നും അവളുടെ ജീവിതം എന്നാല്‍, ചുറ്റപ്പെട്ട ദ്വീപെന്നും അവളെനിക്ക് ഫോണില്‍ മടുപ്പിക്കുന്ന ഒരുമ്മയൊച്ച തരുന്നു.
ഞാന്‍ മറ്റൊരുവളുടെ ചുണ്ടുകളുടെ മണമോര്‍ക്കുന്നു. അവള്‍വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്നു .
ചില നേരങ്ങള്‍ക്കുള്ളില്‍ ഇതെല്ലാം ആവര്‍ത്തിക്കുന്നു.
ഞെട്ടിയുണരുന്ന എന്റെ കയ്യിലവശേഷിക്കുന്ന ചതഞ്ഞ വയലറ്റ് വള്ളിപ്പൂവ്. ഞാനവളെ മടുക്കുകയും അത്രമാത്രം വെറുക്കുകയും ചെയ്യുന്നുവെന്ന്.
അപ്പോള്‍, എനിക്കുറപ്പാകുന്നു. 

ഉറപ്പ്, ഇതുപോലൊരു ഉഷ്ണകാലം ഈ നഗരം അറിഞ്ഞിട്ടില്ലാത്തത്. എന്നിട്ടും ഇത്രനേരമായും  വൈദ്യുതി നിലച്ചു കിടക്കുന്നു.
തണുത്തവെയിലിന്റെ,  തെളിഞ്ഞ ആകാശത്തിന്റെ, പൂക്കളുടെ നഗരം,
പകല്‍ മുഴുക്കെ വെയില്‍ കൊണ്ട 
തണല്‍ മരങ്ങള്‍ വഴിയോരത്ത് തളര്‍ന്നു കൂനിയിരിക്കുന്നു. ഭക്ഷണപ്പൊതികളും വാങ്ങി വൈകി ജോലി കഴിഞ്ഞെത്തുന്നവരെ കാത്തു നില്‍ക്കുന്ന പട്ടിക്കൂട്ടം ലിങ്ക് റോഡ് കുറുകെ കടന്ന് പ്രധാന നിരത്തിലേക്ക് പായുന്നു. തെരുവ് വിളക്കുകള്‍ കെട്ടുപോയ രാത്രി. എന്നിട്ടും ചുറ്റുപാടും കാട്ടിത്തരുന്ന വെളിച്ചം നിലാവും നക്ഷത്രങ്ങളുമുള്ള ആകാശത്തിന്റേതാവാമെന്നു ഞാന്‍ കരുതുന്നു. 
നഗരം ഇത്രയ്ക്കുരുകിക്കണ്ടിട്ടേയില്ലെന്നും അതിനാല്‍ നഗരവാസികളെ തണുപ്പിക്കാന്‍ താന്‍ പുതുതായി തയ്യാറാക്കിയ പച്ചക്കറിക്കൂട്ടാണ് ഇതെന്നും ചൈനാക്കാരുടെ ഭക്ഷണശാലയിലെ ഇറുക്കന്‍ കണ്ണുള്ള പാചകക്കാരന്‍ ചെറിയൊരു പാത്രം മുന്നോട്ടു വച്ച് ഇന്നലെ എന്നോട് പറഞ്ഞിരുന്നു. അന്നത്തേയ്ക്ക് അത് സൗജന്യമാണെന്നും ഞാനും അത് കഴിച്ചുതണുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  ടിഷ്യുവില്‍ പൊതിഞ്ഞ മുള്ളുകരണ്ടി എനിയ്ക്കു നേരെ നീട്ടി അയാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
പതിവ് തെറ്റിയൊരു രുചിയില്‍ എന്റെ നാക്കപ്പോള്‍ തരിച്ചുപോയിരുന്നു.

സാലഡുകളുടെ നാരങ്ങാ/വിനാഗിരിപ്പുളിപ്പിനെ, കുരുമുളക് മണത്തെ, പച്ചക്കറികളുടെ കരു കരുപ്പിനെ  പുനര്‍ നിര്‍വചിക്കുന്ന 
മധുരിക്കുന്ന പച്ചക്കറിക്കൂട്ടില്‍ ഞാന്‍ എരിഞ്ഞും തണുത്തും നിന്നിരുന്നു.
തിന്നു തീരും മുന്‍പ് സൂക്ഷ്മം നിരീക്ഷിച്ച് അതിന്റെ ചേരുവകള്‍ ഈവിധമാവാമെന്നു ഞാന്‍ കണ്ടുപിടിച്ചിരുന്നു. ഒരിക്കലെനിക്ക് പാചകം ചെയ്യാന്‍  വലിയ ഇഷ്ടമുണ്ടായിരുന്നു. 
കാബേജ്, കാരറ്റ്, കക്കരിയ്ക്ക.
പച്ചമുളകരച്ചു ചേര്‍ത്ത പഞ്ചസാരയിട്ട് മധുരിപ്പിച്ച വിനാഗിരിയില്‍ രണ്ടു മണിക്കൂറെങ്കിലും അവയെല്ലാം മുങ്ങിക്കിടന്നിരിക്കും എന്ന് ഞാനോര്‍ത്തു വെച്ചിരുന്നു. കറുത്ത കുരുമുളക് പൊടിയുടെ എരിവ് ചൈനക്കാരന്റെ മധുര സാലഡിന്റെ സകല അപൂര്‍ണ്ണതകളേയും ഇല്ലാതാക്കിയിരുന്നു .
വളരെ നന്നായിരിക്കുന്നുവെന്നു ഞാനയാളോട് ആത്മാര്‍ത്ഥമായിപറഞ്ഞിരുന്നു. ചുവപ്പും കറുപ്പും നീളന്‍ കുപ്പായമിട്ട അയാളൊരു വിടുവായനായിരുന്നു.ഞാന്‍ അവിടത്തെ ആ രാത്രിയിലെ അവസാന സന്ദര്‍ശകനായിരുന്നുവെന്നും അതുകൊണ്ടാണ് അയാളെനിക്ക് മധുര സാലഡ് സൗജന്യമായി തന്നതെന്നും നാളെ ഞാനതേ രുചി തിരക്കി അവിടെ എത്തുമെന്ന് അയാള്‍ കരുതുന്നുണ്ടെന്നും ഞാന്‍ ഇതിനിനിടെ ആലോചിച്ചിരുന്നു. ഒന്നും ആര്‍ക്കും വെറുതെ തരാറില്ലാത്ത നഗരം എന്നെ സന്ദേഹിയാക്കിയിരുന്നു. ഭക്ഷണത്തെക്കുറിച്ചും ചൂടിനെക്കുറിച്ചുമുള്ള അയാളുടെ പ്രസംഗങ്ങളില്‍നിന്നും തിരികെ മുറിയിലേക്കുള്ള നടത്തത്തില്‍ അപരിചിതമായ ആ രുചി എന്നെ അലട്ടിയേക്കുമെന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നു. പരിചിതങ്ങളില്‍നിന്നും അപരിചിതങ്ങളിലേയ്ക്ക് പോകുമ്പോള്‍ എല്ലായ്പ്പോഴും ഞാന്‍ വിമ്മിഷ്ടപ്പെടുന്നു. ഉള്ളില്‍ സാലഡുകളുടെ ഭൂതകാല രുചി തിരികെ വരുവോളം ഞാന്‍ മധുര സാലഡ് ഛര്‍ദ്ദിച്ചു തീര്‍ത്തിരുന്നു. അന്നേരം 
ഞാന്‍ വിനാഗിരിയെക്കുറിച്ചോര്‍ത്തു പോയിരുന്നു.

ഒരിക്കല്‍ എനിക്കതു കണ്ടിട്ടില്ലാത്ത, ചെയ്തിട്ടില്ലാത്ത മദ്യ പാനത്തിന്റെ അഭിനയമായിരുന്നു. സ്റ്റോര്‍ മുറിയില്‍ ഗ്ലാസ് പകുതി വിനാഗിരിയും മറുപാതി വെള്ളവും ചേര്‍ത്ത് ജീവിതത്തിന്റെ ലഹരിയോടുള്ള ഉള്ളിലെ ആസക്തികളെ ഞാനും അനിയത്തിയും നടിച്ചു കാട്ടുകയും  കുടിക്കുകയും ലഹരി മൂത്തവരായി അഭിനയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. 'കുടല്‍ ദ്രവിക്കുമെന്നും, തെണ്ടി സിനിമകള്‍ കണ്ടതിന്റെയെന്നും അമ്മ, നീല ഇലക്ട്രിക് വയര്‍ ചുറ്റിയ നശിച്ച അതേ ചൂരല്‍ വടി കൊണ്ട് ഞങ്ങളുടെ ഞരമ്പുകളിലെ ലഹരിമോഹങ്ങളെ തല്ലിപ്പൊട്ടിച്ചിരുന്നു. പപ്പായ ഇല കൊണ്ടുള്ള സാങ്കല്‍പ്പിക കഞ്ചാവ് വലി കണ്ടു പിടിച്ച ദിവസം പോലെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും മുന്‍പില്‍ ഞങ്ങള്‍ പാപികളായി നില കൊണ്ടിരുന്നു. ഞാന്‍ പിന്നീട് ചെയ്ത പാപങ്ങളോര്‍ത്ത്  ഓര്‍ത്തോര്‍ത്ത് എനിക്ക് ചിരി വന്നുകൊണ്ടിരുന്നു. അതൊക്കെ മറന്നിട്ട് എത്രയായെന്നും അല്ലെങ്കില്‍ ഓര്‍ത്തിട്ടെത്രയായെന്നും ഞാനോര്‍ത്തുകൊണ്ടിരുന്നു.

വെളുത്ത അരികുകളുള്ള ചെറു കളങ്ങളായി സ്ഫടികം പതിപ്പിച്ച ജനലില്‍ കൂടിയിപ്പോള്‍ രാത്രി ശാന്തമാകുന്നത് ഇരുട്ടു പൊതിഞ്ഞ എന്റെ ശരീരം കാണുന്നു. രാത്രികളില്‍ ഞാനെപ്പോഴും നഗ്‌നനാകുന്നു. ഈ ഫ്‌ലാറ്റിനെ  ചുറ്റി നില്‍ക്കുന്ന മഞ്ഞയും വെളുപ്പും ഓറഞ്ചും നീലയും നിറമുള്ള മറ്റ് അപ്പാര്‍ട്ടുമെന്റുകള്‍. അവയ്ക്കിടയിലൂടെ ഓടിപ്പോകുന്ന ലിങ്ക് റോഡ്. റോഡരികില്‍ മാമ്പഴം വില്‍ക്കുന്ന തള്ളു വണ്ടിയുമായി ഒരു കുടുംബം. രാത്രികളില്‍ അവര്‍ ഒരുമിച്ചുകൂടുന്നതും നോക്കി ഞാന്‍ ഇവിടെത്തന്നെ നില്‍ക്കാറുണ്ടായിരുന്നു. പകല്‍ മുഴുക്കെ ചെറിയ പെണ്‍കുട്ടിയും അമ്മയും. രാത്രിയാകുമ്പോള്‍ അവര്‍ക്കിടയിലേക്ക് അയാളും മകനും കൂടിവരുന്നു. പകല്‍ അയാള്‍ പലതായിരുന്നു ഇസ്തിരിക്കാരന്‍, ഡബ്ബാവാല, ബ്രോക്കര്‍ അങ്ങനെ പലതും. നഗരമൊരാള്‍ക്ക് അങ്ങനെ എത്രയോ മുഖ ങ്ങള്‍ കൊടുക്കുന്നു. വെട്ടം വരാന്‍ കാത്തെന്നപോലെ അവരിന്നു വൈകുന്നു. 
ഒരുറക്കമുറങ്ങി, ചൂടാല്‍ എണീറ്റ് പോയവര്‍ 
തങ്ങളുടെ ജാലകങ്ങള്‍ അന്തരീക്ഷത്തിലേക്ക്  തുറക്കുന്നു.

ഒരിക്കലും തുറക്കാത്തവ, നിര്‍ബന്ധത്താല്‍ അലോസരപ്പെട്ട് തുറന്നു പോകുന്നു. ഇരുണ്ട ജാലകങ്ങളിലും ബാല്‍ക്കണികളിലും ഇപ്പോള്‍ മാത്രം അനക്കങ്ങള്‍ കാണുന്നു, ഇന്‍വെര്‍ട്ടറുകളുള്ള ഇടങ്ങളില്‍ മാത്രം വെളിച്ചം കത്തുന്നു.
വെളുത്ത വെളിച്ചം നിറഞ്ഞ ചതുരങ്ങള്‍.

കുട്ടികള്‍ കൂട്ടത്തോടെ മേല്‍ത്തളങ്ങളിലേയ്ക്കോടുന്നു. അവരിലൊരാളുടെ കയ്യില്‍ നിറമറിയാനാവാത്ത വലിയൊരു പന്തിരിക്കുന്നു. കുട്ടികള്‍ എവിടേയും ഉത്സവമുണ്ടാക്കുന്നു. അവരുടെ ഒച്ചകള്‍ പക്ഷികളെപ്പോലെ പറക്കുന്നു.
അവരുടെ പരസ്പരം അപരിചിതരായ രക്ഷിതാക്കളും കോവണികള്‍ കയറുന്നു. അവരില്‍ ചിലരിപ്പോള്‍ പരസ്പരം എന്തോ മിണ്ടുന്നുണ്ട്.
ആരോ ഉച്ചത്തില്‍ ചിരിക്കുന്നുണ്ട്. മറ്റൊരു കെട്ടിടത്തിന്റെ ഏകാന്തമായ മുകള്‍ത്തട്ടിലേയ്ക്ക് തലയിണകളുമെടുത്ത് പതിയെ കയറിപ്പോകുന്ന ഒരു ചെറുപ്പക്കാരനേയും  ചെറുപ്പക്കാരിയേയും ഞാന്‍ കാണുന്നു.
ഫോണ്‍ വെട്ടം കൊണ്ട് അവനവള്‍ക്ക് വഴി കാട്ടുന്നു. ഇടയ്ക്ക് ചേര്‍ത്തു പിടിക്കുന്നു.
ഒരു ചുംബനത്തോളം അരികെയാക്കുന്നു. ഈ രാത്രി അവരാ ആകാശത്തിനു കീഴെയായിരിക്കുമെന്നും അവരുടെ കാഴ്ചള്‍ക്കു മീതെ അയകളില്‍ ആറാനിട്ട തുണികള്‍ കറുത്ത കൊടികള്‍പോലെ പാറിക്കളിക്കുമെന്നും ഞാന്‍ കരുതുന്നു.
പന്ത്, ഒരുകുട്ടിയുടെ കയ്യില്‍നിന്നും മറ്റൊരുകുട്ടിയുടെ കയ്യിലേക്ക് തെന്നുന്നു. പല ഭാഷകളില്‍ പല രക്ഷിതാക്കളുടെ വഴക്കു കേള്‍ക്കുന്നു. കുട്ടികള്‍ വഴക്ക് കേള്‍ക്കുന്നു; നല്ലതിനേക്കാള്‍ എല്ലായ്പ്പോഴും.

അവരെപ്പോലെ
മേല്‍ത്തളത്തില്‍ കയറാന്‍ ഉടുപ്പുകള്‍ വലിച്ചു കയറ്റി ഞാനെന്റെ വാതില്‍ തുറക്കുന്നു. നിലത്തു കുഴച്ചുമറിച്ചിട്ട കിടക്കയില്‍ ആഴക്കിണറിലേയ്ക്ക് നോക്കിയിരിക്കുമ്പോലെ അലസന്‍ ചെറുപ്പക്കാരന്‍ ഫോണിലെ വെളിച്ചക്കുഴിയിലേയ്ക്ക് ഉറ്റു നോക്കുന്നു. വലിയൊരു ചിത്രപ്പണി വിശറിയാല്‍ അമ്മ അവനെ വീശിക്കൊണ്ട് ഉച്ചത്തില്‍ ചിലക്കുന്നു. അവരും വാതിലടച്ചു മുകള്‍പ്പടികള്‍ കയറാന്‍ ഭാവിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു.
ഒരു വിശറി, മെഴുകുതിരി, ചാര്‍ജ് ചെയ്യാതെ നശിച്ചുപോയ എമര്‍ജന്‍സി വിളക്ക് എന്നിവയുടെ സാധ്യതകളെക്കുറിച്ചോര്‍ത്ത് ഞാനാ മുഷിപ്പന്‍ ചെറുക്കന്റേയും പക്ഷിത്തള്ളയുടേയും കണ്‍വെട്ടത്തുനിന്നും മാറുന്നു.
വാതില്‍ ചാരുന്നു.

വെള്ള അരികുകളുള്ള ജാലകച്ചാരെ ഞാന്‍വീണ്ടും നഗ്‌നനാകാനോര്‍ത്ത്  നില്‍ക്കുന്നു.
കുട്ടികളുടെ കൈ വിട്ട് പന്ത് ആകാശത്തിലേക്ക് പറക്കുന്നു.
ആകാശത്തിനു കീഴെ അവള്‍ക്കും അവനുമിടയിലൂടെ ഒരിടിമിന്നല്‍ കടന്നുപോകുന്നു.
കുപ്പിയില്‍ പാതിയോളം ചുവപ്പ് വീഞ്ഞും  ഒരുപിടി സ്ട്രോബറികളും മാത്രം ബാക്കിയുണ്ടെന്ന് വിശപ്പ് ശീതീകരണിക്കടുത്തേയ്ക്ക് നടക്കുന്നു.
എനിക്കീ വഴികളിലേക്ക് ഉറ്റു നോക്കി നില്‍ക്കാന്‍ മാത്രം കൊതിയാകുന്നു. ഒരിക്കലും സാധിച്ചിട്ടില്ലാത്ത വിധം ഈ നഗരത്തെ ശാന്തമായി നോക്കിനില്‍ക്കാന്‍. അങ്ങനെ നില്‍ക്കുമ്പോള്‍ എന്റെ ഫോണ്‍ ഒച്ച വെയ്ക്കുന്നു.
ഫോണ്‍ മണിയാല്‍ പ്രവര്‍ത്തിപ്പിക്കപ്പെട്ടതെന്ന പോലെ വൈദ്യുതിയെത്തുന്നു. 

കുഞ്ഞുങ്ങള്‍ ആര്‍പ്പു വിളിയ്ക്കുന്നു. പ്രാകൃതമായ ഒരാനന്ദം മുതിര്‍ന്നവരാരുടെയോ കൂവലാകുന്നു. പടികളിറങ്ങിപ്പോകുന്നവരുടെ ഒച്ചകള്‍.
നഗരം ജനാലകള്‍ മൂടുന്നത് ഞാന്‍ കാണുന്നു. എല്ലാവരും അപരിചിതരാകുന്നു. രാത്രി, നിഗൂഢതകളിലേയ്ക്ക്  തിരികെപോകുന്നു.
അവനും അവളും നിലാവിന്റേയും നക്ഷത്രങ്ങളുടെയും ഈ രാത്രിയില്‍നിന്നിറങ്ങി വരരുതെന്ന് ഞാനാഗ്രഹിക്കുന്നു.
അപരിചിതങ്ങളില്‍നിന്നും പരിചിതങ്ങളിലേക്കെത്തിയപ്പോഴും 
മധുരസാലഡ് രുചിയേറ്റ പോലെ എനിക്ക് ഓക്കാനം വരുന്നു.
ആരോ എന്നെ തുടരെത്തുടരെ വിളിക്കുന്നു. എന്റെ ശപിക്കപ്പെട്ട കാമുകി വിളിക്കുന്നു. അല്ലെങ്കില്‍ അതൃപ്തനായ ഒരിടപാടുകാരന്‍ ഏതോ ഭൂഖണ്ഡത്തില്‍ കാത്തു നില്‍ക്കുന്നു.
ഒരു ക്ലയന്റ് എസ്‌കലേഷന്റെ* നരകം. 
നഗരം പഴയതാകുന്നു.

--------------------------------------------                              
*ഐ.ടി മേഖലയില്‍ ഉപയോഗിക്കുന്ന ഒരു പദം. ഉപഭോക്താവ് അതൃപ്തി രേഖപ്പെടുത്തുകയും അതു പരിഹരിക്കാന്‍ ഉന്നത തലത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലും തീവ്രവും കൂട്ടായതുമായ ശ്രമവും വേണ്ടി വരുന്ന അവസ്ഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com