'ഹരണക്രിയ'- എന്‍. പ്രദീപ്കുമാര്‍ എഴുതിയ കഥ

കണ്‍മണീ അന്‍പോടു കാതലന്‍ നാന്‍ എഴുതും കടിതമേ അവസാനിച്ച്, നാന്‍ ആണൈയിട്ടാല്‍ എന്നൊരു ഉശിരന്‍ ഉരച്ചിലോടെ വാഹനം നിലച്ചതും ഫല്‍ഗുനന്‍ ചിത്രപഠനം അവസാനിപ്പിച്ചു
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

വീരനായകം ലിമിറ്റഡ് സ്റ്റോപ്പ് അരിക്കണ്ടം പാക്കയില്‍ എത്തുമ്പോള്‍ ഡ്രൈവര്‍ സീറ്റിനു പിറകില്‍ ചില്ലിട്ടുവെച്ച വലിയ ചിത്രത്തിലായിരുന്നു ഫല്‍ഗുനന്‍. പരസ്യക്കലണ്ടറില്‍നിന്ന് അന്നേരം ഇറങ്ങിവന്നതുപോലെ ഒരു കപ്പടാ മീശക്കാരന്‍! വെളുവെളുത്ത ലിനന്‍ ഷേര്‍ട്ടിലും ധോത്തിയിലും കാരിരുമ്പിന്റെ മെയ്ക്കറുപ്പ് മറച്ച്, തങ്കവളയും റാഡോ വാച്ചും ധരിച്ച കൈത്തണ്ടകള്‍ ചെരിച്ച് കൂപ്പി യാത്രികരെ വീരനായകത്തിലേയ്ക്കു വണക്കം ചെയ്യുകയാണ് വീരമുത്തു നായ്ക്കര്‍!

കണ്‍മണീ അന്‍പോടു കാതലന്‍ നാന്‍ എഴുതും കടിതമേ അവസാനിച്ച്, നാന്‍ ആണൈയിട്ടാല്‍ എന്നൊരു ഉശിരന്‍ ഉരച്ചിലോടെ വാഹനം നിലച്ചതും ഫല്‍ഗുനന്‍ ചിത്രപഠനം അവസാനിപ്പിച്ചു.

മഴമേഘങ്ങള്‍ മൂടിനിന്ന കാലവര്‍ഷാരംഭത്തിലെ നാല് അന്‍പത്തിയഞ്ച് അന്നേരത്തേക്കാള്‍ സന്ധ്യയോട് അനുഭാവം പ്രകടിപ്പിച്ചു. കൊച്ചുകൊച്ചു ജനപദങ്ങള്‍ സ്പര്‍ശിച്ച്, മലമ്പാത ചുറ്റിപ്പോകുന്ന വീരനായകം സമയകൃത്യത ദീക്ഷിച്ചു. രണ്ടുപേര്‍ ഇറങ്ങിയതിനു പിറകെ ഒരാള്‍ കയറുകകൂടി ചെയ്തതോടെ യാത്രാമണി മുഴങ്ങി. സ്റ്റീരിയോവിലൂടെ തോഴീ തോഴീ തോള്‍കൊടു കൊഞ്ചം സാഞ്ച്ക്കലാം എന്ന് ഒഴുകാന്‍ ആരംഭിച്ചപ്പോള്‍ ഫല്‍ഗുനന്‍ അപ്പോള്‍ കയറിയ യാത്രികയെ ശ്രദ്ധിച്ചു.

നന്നേ കയറ്റി തയ്പിച്ച ചുരിദാര്‍ സ്ലീവിന്റെ ശേഷിപ്പിലെ ഇടതുകൈത്തണ്ടയും ഹീലുള്ള ഇടതു ചപ്പലിലെ കാല്‍മടമ്പും മാത്രമേ കാഴ്ചയില്‍ വരുന്നുള്ളൂ. പോളിഷിട്ട നീണ്ട വിരലുകള്‍ മുന്‍സീറ്റിന്റെ കമ്പിയില്‍ അലസം താളം പിടിക്കുകയും ഹീലില്‍ അമര്‍ന്ന, തുടുത്ത മടമ്പ് സാന്ദ്രസംഗീതംപോലെ അനങ്ങുകയും ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ ഫല്‍ഗുനന്‍ ഫോണില്‍ ഫ്രെഡിയുടെ വാട്സ് ആപ്പ് തുറന്നു. മാക്കന്നൂര്‍ പാറ എന്ന സ്ഥലനാമത്തിനു താഴെ റേഞ്ചിന്റെ തടസ്സം പച്ചനിറത്തില്‍ വട്ടംചുറ്റി കളിക്കുകയാണ്. സ്ഥലം അന്വേഷിക്കാനായി ഫല്‍ഗുനന്‍ ഡ്രൈവര്‍ സീറ്റിലേയ്ക്ക് എഴുന്നേറ്റു ചെന്നു. 20 മിനിട്ടു നേരമെന്നു നിശ്ചയം വരുത്തി സീറ്റിലേക്കു തിരിച്ചു നടക്കുമ്പോള്‍ അവന്‍ സാന്ദ്രസംഗീതത്തെ സശ്രദ്ധം വീക്ഷിച്ചു.
പാതികൂമ്പിയ കണ്‍പോളകളുടെ നിറഞ്ഞ പീലികള്‍ക്കു മധ്യേ എള്ളിന്‍ പൂ നാസിക! കോമള കവിള്‍ത്തടങ്ങളെ അരുണിമമാക്കുന്ന തുടുത്ത ചൊടിയിണകള്‍. വെണ്‍ശംഖു കടഞ്ഞ കഴുത്ത്! പൊക്കിവെച്ച എതിര്‍വശത്തെ ഷട്ടറിലൂടെ പാറിവന്ന മഴത്തുള്ളി മുഖം നനച്ചപ്പോഴേ ഫല്‍ഗുനന്‍ ആ സായാഹ്ന സ്വപ്നത്തില്‍നിന്നു കണ്ണെടുത്തുള്ളൂ.

സീറ്റില്‍ തിരിച്ചെത്തിയ ഫല്‍ഗുനന്‍ ഫോണ്‍ തുറന്നു ചിത്രം കാണാന്‍ പരിശ്രമം തുടര്‍ന്നു. കൃത്യമായി വിരിയാത്ത വല വട്ടംചുറ്റി കറങ്ങുകയാണ്. ഫ്രെഡിയുടെ നമ്പറിലേയ്ക്കു വിളിച്ചപ്പോള്‍ വിറച്ചും മുറിഞ്ഞും വ്യക്തമായുമില്ല. മാക്കന്നൂര്‍ പാറ എസ്റ്റേറ്റു വഴിയില്‍ ജീപ്പ് കാണും എന്നു കഷ്ടിച്ചു കേള്‍ക്കാനായി.
ഫോണ്‍ ഓഫ് ചെയ്ത് പാന്‍സിന്റെ പോക്കറ്റില്‍ തിരുകി അവന്‍ ബസിനകം പഠിച്ചു. വളരെ കുറഞ്ഞ യാത്രികരേ ഉള്ളൂ. അയല്‍സംസ്ഥാനത്തുനിന്നു പുറപ്പെട്ട വീരനായകം യാത്ര അവസാനിപ്പിക്കാറായിട്ടുണ്ട്. യാത്രികരില്‍ വലിയൊരു ഭാഗവും ഉറക്കത്തിലാണ്. അരിക്കണ്ടം പാക്കയില്‍നിന്നും കയറിയ സായാഹ്നസ്വപ്നം താളംപിടിക്കല്‍ തുടരുന്നു.

എസ്റ്റേറ്റിന്റെ വെട്ടുവഴിയിലൂടെ ഉപനിരത്തിലേയ്ക്കു ജീപ്പ് ഓടിച്ചുകൊണ്ടിരുന്ന ഫല്‍ഗുനന്‍ ചെറിയൊരു അനക്കം കേട്ടുവോയെന്നു പിറകിലേയ്ക്കു തിരിഞ്ഞുനോക്കി. കൈകള്‍ രണ്ടും പിന്നിലേയ്ക്കു പിണച്ചു കൂട്ടിക്കെട്ടി ചുണ്ടുകള്‍ ബന്ധിച്ചു പ്ലാസ്റ്റര്‍ ഒട്ടിച്ച് ജീപ്പിന്റെ തറയില്‍ക്കിടന്ന സായാഹ്ന സ്വപ്നം ഒന്നു ഞരങ്ങി. അതോടൊപ്പം, പാതി മിഴിച്ച ക്ഷീണിച്ച കണ്ണുകള്‍കൊണ്ട് അവള്‍ ഡ്രൈവര്‍ സീറ്റിനപ്പുറം ഇരുന്ന വെള്ളത്തിന്റെ ബോട്ടിലില്‍ തൊട്ടു.

അങ്ങിങ്ങു വെള്ളം കെട്ടിക്കിടന്ന വെട്ടുവഴി വിജനമെന്നു കണിശം വരുത്തി ഫല്‍ഗുനന്‍ വാഹനം ഒതുക്കി. പിന്നെ, തിരിഞ്ഞിരുന്നു സായാഹ്ന സ്വപ്നത്തിന്റെ ചുണ്ടിലെ ബന്ധനം നീക്കി. കുപ്പി തുറന്നു ചുണ്ടിലേയ്ക്കു വെള്ളം ഇറ്റിച്ചപ്പോള്‍ പലപ്പോഴും അതു ചുണ്ടിന്‍കോണിലൂടെ ദേഹത്തേയ്ക്ക് ഊര്‍ന്നു.
''ഇതൊന്ന് അഴിച്ചു താ...'' പിറകിലേയ്ക്കു പിണച്ചുകെട്ടിയ കൈകള്‍ വിടര്‍ത്തിയെടുക്കാന്‍ പണിപ്പെട്ടുകൊണ്ട് അവള്‍ പറഞ്ഞു. ''എന്നിട്ട് ഞാനെന്നാ വേണമെന്നു പറ... വെറുതെ ഉപദ്രവിക്കുന്നതെന്നാത്തിനാ...?''
അങ്ങനെ ചോദിച്ചാല്‍ അതിലൊരു ന്യായമില്ലാതില്ല. ഫല്‍ഗുനന്‍ വിചാരിച്ചു. മാക്കന്നൂര്‍ പാറ കവലയില്‍ ബസ് ഇറങ്ങി പരിചയം ഭാവിച്ച മുഖങ്ങള്‍ക്ക് മന്ദഹാസം സമ്മാനിച്ച് എസ്റ്റേറ്റിന്റെ ഇടറോഡിലേയ്ക്കു കയറുകയായിരുന്നുവല്ലോ സായാഹ്ന സ്വപ്നം! അരിക്കണ്ടം പാക്കയിലെ കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് അവള്‍ പതിവായി വരുന്ന നേരമാണത്. നടന്നുവീടെത്തും മുന്‍പേ ഒരു ജീപ്പ് മുന്നില്‍വന്നു ചവിട്ടിനില്‍ക്കുമെന്നും വിസ്മയം പൂത്ത കണ്ണുകളെ അമ്പരപ്പിച്ച് ക്ലോറോഫോം പറ്റിച്ച ശീല മുഖത്ത് മണപ്പിക്കുമെന്നും എങ്ങനെ നിരൂപിക്കാനാണ്?
''എന്റെ ഫല്‍ഗൂ... ഈ കെട്ടൊന്നഴിക്കെടാ...'' ഞെട്ടേണ്ടതായിരുന്നിട്ടും കേട്ടത് അങ്ങനെത്തന്നെയോ എന്ന കൗതുകത്തില്‍ അവന്റെ നടുക്കം മുങ്ങിപ്പോയി.
''ഞാന്‍ ബഹളം വയ്ക്കില്ലെന്നേ... വേദനിക്കുന്നു...''
ഫല്‍ഗുനന് സ്വപ്നത്തോട് ശകലം അലിവു തോന്നാന്‍ തുടങ്ങിയിരുന്നു.

കൈകള്‍ സ്വതന്ത്രമായതും അവള്‍ കുപ്പി പിടിച്ചുവാങ്ങി തിടുക്കത്തില്‍ രണ്ടുകവിള്‍ വെള്ളം കുടിച്ചു. എന്നിട്ട് ഡ്രൈവിങ്ങ് സീറ്റിന്റെ ഇടതുവശത്തേയ്ക്കു പിന്നില്‍നിന്നു കാലെത്തിച്ചുവെച്ചു കയറി ഇരുന്നു.
ഒരുവിധം സ്വസ്ഥമായ ആ ഇരുപ്പില്‍ അവള്‍ അവനോട് മൃദുവായി ചിരിച്ചു. അവളുടെ നേര്‍ത്ത ഉച്ഛ്വാസത്താല്‍ തരളിതമാക്കപ്പെട്ട ഹൃദന്തം മറച്ചുപിടിച്ച് അവന്‍ ജീപ്പിന്റെ എന്‍ജിന്‍ ഉണര്‍ത്തി.
ഉപനിരത്തിലെത്തുന്നതിനു മുന്‍പ് വെട്ടുവഴി മൂക്കൂട്ടുകവലയില്‍ പതറിയപ്പോള്‍ ഫല്‍ഗുനന്റെ കാതിലേയ്‌ക്കെന്നപോലെ അവള്‍ മന്ത്രിച്ചു. ''ഇടത്തോട്ട് എടുത്തോ ഫല്‍ഗൂ... കവലേല് രാമന്‍ചേട്ടനും ചങ്ങാതിമാരുമൊക്കെ കാണും. ഇന്നേരത്താണേല്‍ എല്ലാതുങ്ങളും തരിപ്പിലുമായിരിക്കും.''
''അപ്പോള്‍ നിങ്ങള്‍ രണ്ടും ശരിക്കും തീരുമാനിച്ച് ഒറച്ചുതന്നെയാ അല്യോ...'' ഡ്രൈവു ചെയ്യുന്നതിനിടെ ഫ്രെഡിയുടെ നമ്പറിലേയ്ക്കു ശ്രമിച്ചുകൊണ്ട്, കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ പിന്നെന്തിനാണ് റിനീഷ് ഒരു തട്ടിക്കൊണ്ടുപോകല്‍ നാടകം കളിക്കുന്നതെന്ന് അതിശയിച്ചുകൊണ്ടും അവന്‍ ചോദിച്ചു:
''പിന്നല്ലാതെയാ... എത്ര നാളുകൊണ്ട് കാത്തിരിക്കുന്നതാ ഈ നേരം!... പുള്ളിക്കാരനെന്നാ വരാഞ്ഞേ...?''
അവളുടെ മാസ്മരഗന്ധം മൃദുസ്പര്‍ശംപോലെ ഇപ്പോള്‍ തന്റെ ശരീരം അനുഭവിക്കുന്നുണ്ടെന്ന് ഫല്‍ഗുനനു തോന്നി. ഫ്രെഡിയെ ശ്രമിച്ചു ഫലമില്ലാതെ ഫോണ്‍ പോക്കറ്റില്‍ ഇടുമ്പോള്‍, എടാ ഭയങ്കരായെന്ന്, റിനീഷിനോട് അവനൊരു ആദരം തോന്നി. 

''കൊച്ച് എന്ന വിളിക്കുംപോലെ എനിക്ക് കൊച്ചിന്റെ പേര് അറിയാന്‍മേല കേട്ടോ...'' അവന്‍ അറിയിച്ചു.
''പിന്നേ...'' വലതുകൈമുട്ട് സീറ്റിനു മുകളില്‍ ഉറപ്പിച്ച് അതിന്മേല്‍ താടി ചേര്‍ത്ത് അവനുനേരെ തിരിഞ്ഞിരുന്ന് അവള്‍ പറഞ്ഞു: ''ഭദ്ര... സുഭദ്രയല്ലേ ഞാന്‍... അറിഞ്ഞില്ലേപ്പിന്നെ ബലരാമന്‍ ചേട്ടനും പിള്ളാരും അവിടെ കാണുമെന്നു പറഞ്ഞപ്പൊ ഡൈവേര്‍ട്ട് ചെയ്തതെന്നാത്തിനാ...''    
എസ്റ്റേറ്റു വഴിയില്‍നിന്ന് ഉപനിരത്തിലേയ്ക്കു പ്രവേശിച്ചപ്പോള്‍ ഫല്‍ഗുനന് ആശ്വാസമായി. സ്വകാര്യ വഴി കടന്നല്ലോ. തന്നെയുമല്ല കിഡ്നാപ്പ്ഡിനെക്കൊണ്ട് ശല്യവുമില്ല. ഇത്രയും ലളിതമെങ്കില്‍ റിനീഷിനു നേരിട്ട് വിളിച്ചിറക്കിക്കൊണ്ടു ചെല്ലാമായിരുന്നല്ലോ എന്നും അവന്‍ ഓര്‍ത്തു.

''അതിലൊക്കെ ചെല മെനക്കേടു കാണുമെന്നേ...'' ക്വട്ടേഷന്‍ ഏല്പിച്ച് റിനീഷിന്റെ ഫോണ്‍ നമ്പര്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഫ്രെഡി വിശദമാക്കി. ''കൊച്ചിന്റെ ചേട്ടായി ഉഡായിപ്പാ... നമ്മടെ പാര്‍ട്ടീം കൊറ വല്ല. രണ്ടും ചെലപ്പം പരസ്പരം കാണാന്‍ രസമില്ലാത്ത വല്ലടത്തുംവെച്ച് കോര്‍ത്തുകാണും. നമ്മള് അപ്പം നോക്കിയാ മതിയെന്നേ... കുഴി ഒണ്ടേലും ഇല്ലേലും നമുക്കെന്നതാ...''     പെട്ടെന്ന് ഫ്രെഡിയുടെ നമ്പര്‍ സ്‌ക്രീനില്‍ തെളിഞ്ഞു. ഫല്‍ഗുനന്‍ ധൃതിയില്‍ ഫോണ്‍ എടുത്തു.
''നീയെവിടെയാ?''
''വന്നോണ്ടിരിക്കുന്നു. ഫ്രെഡിയല്ലേ എസ്റ്റേറ്റ് റോഡില് ജീപ്പ് അറേഞ്ച് ചെയ്തത്?''
''തന്നെ. പക്ഷേ, മറ്റവന്‍ എന്നെ വിളിച്ച് തെറി പറയുന്നു. നീയെന്നാ കാണിച്ചേന്നും പറഞ്ഞ്... പെണ്ണിനെ കിട്ടിയോ...?''
''ഓ... ഞാന്‍ അവളൊന്നിച്ചാന്നേ...''
''എന്തോ പന്തികേടൊണ്ടല്ലോ ഫല്‍ഗൂ... ഞാനവന്റെ കൃമികടിയൊന്നു തെരക്കട്ടേ...''
ഫോണ്‍ അവസാനിച്ചതും ഫല്‍ഗുനന്‍ ഒരാപല്‍ശങ്കയില്‍ ഉഴറി. വീരനായകം ലിമിറ്റഡ് സ്റ്റോപ്പില്‍ അരിക്കണ്ടം പാക്ക മുതല്‍ മാക്കന്നൂര്‍ പാറ വരെ. എസ്റ്റേറ്റ് ഇടറോഡില്‍ ചാവിസഹിതം നിര്‍ത്തിയിട്ട മഹീന്ദ്ര. ഉപനിരത്തില്‍നിന്നും ഇന്റര്‍സ്റ്റേറ്റ് പാതയില്‍ കയറി ജംഗ്ഷനു മുന്നിലുള്ള തട്ടുകടയുടെ പത്തുവാര പിറകിലുള്ള ട്രാന്‍സ്ഫോര്‍മറിനു മുന്നില്‍ ചെല്ലണം. റിനീഷും കൂട്ടരും ഇന്നോവയില്‍ അവിടെ സന്ധിക്കും. നിര്‍ദ്ദേശം അങ്ങനെയായിരുന്നു. 

ഫല്‍ഗുനന്‍ ഇടതുവശത്തെ സീറ്റിലേയ്ക്കു തല ചെരിച്ചുനോക്കി. സ്വപ്നം ചെറിയൊരു മയക്കത്തിലാണ്. ചുണ്ടിന്‍കോണിലൊരു ചിരിയൊളിപ്പിച്ച്. ക്ലോറോഫോമിന്റേയും പിടിവലിയുടേയും ആലസ്യം ഒഴിഞ്ഞുകാണില്ല.
ഫോണ്‍ വൈബ്രേറ്റു ചെയ്തതും ധൃതിയില്‍ അവനത് അറ്റന്‍ഡു ചെയ്തു.
''എന്നാ കോപ്പാടാ നീയെന്നെക്കുറിച്ച് കരുതിയത്...'' പരിചയമില്ലാത്ത ശബ്ദത്തിന്റെ ശാസന ഫല്‍ഗുനനു പിടിച്ചില്ല. ഫ്രെഡിയല്ലെന്നു നമ്പര്‍ കാണിച്ചു.
''റിനീഷേ, മര്യാദയ്ക്ക് സംസാരിക്ക്...'' ഫല്‍ഗുനന്‍ ശബ്ദം ഒതുക്കി പറഞ്ഞു, ''കേട്ടുനില്‍ക്കാന്‍ ഞാന്‍ നിന്നെ ഒണ്ടാക്കിയവനല്ല.''
''അതുതന്നാടാ അറിയേണ്ടത്. കാശും വാങ്ങിച്ച് തന്തയില്ലായ്മ കാണിക്കുന്നോ...? അവനൊരു കിഡ്നാപ്പറ്...!''
''ഒച്ചവെയ്ക്കാതെ കാര്യം പറ...'' നേരത്തെ തോന്നിയ ആപല്‍ശങ്ക ഫല്‍ഗുനന്റെ നട്ടെല്ലില്‍ ചെറുതായൊന്നു തോണ്ടി.

''മരുതനായകം കണ്ടപ്പം നിനക്കെന്നാ തൂറാന്‍ വന്നോ... ഫോട്ടോയും തന്നില്ലായിരുന്നോ... ചൂണ്ടിക്കാണിച്ചു തന്നാലേ നീയൊക്കെ കിഡ്നാപ്പ് ചെയ്യത്തൊള്ളൂന്നു നമ്മക്കറിയാന്‍ പാടില്ല! ചേട്ടായിയുമായി ഒടക്കേണ്ടിവന്നേലും നമ്മടെ ആമ്പിള്ളേര് അവളെയങ്ങു പൊക്കി. ഫ്രെഡിക്കും നിനക്കും വച്ചിട്ടൊണ്ട് ഞാന്‍...''
ഫോണ്‍ നിലച്ചതും ഫല്‍ഗുനന്‍ ഇടതുവശത്തിരുന്നു മയങ്ങുന്ന സ്വപ്നത്തെ നോക്കി. അപ്പോള്‍ ഇവള്‍ ആരാണ്!
കഴിഞ്ഞ നേരങ്ങളെ അവന്‍ വിദഗ്ദ്ധമായൊരു പുന:പരിശോധനയ്ക്കു വിധേയമാക്കി. കാണിച്ചാം പൊയിലിലെ മാടക്കടയില്‍ പൊടിക്കട്ടന്‍ ചൂടാറ്റി നേരംകൊല്ലുമ്പോഴാണ് ലിമിറ്റഡ് വന്നത്. കാപ്പിയുടെ ബാക്കി ചില്ലറയ്ക്കു മിനക്കെടാതെ തിടുക്കത്തില്‍ ഓടിക്കയറുമ്പോള്‍ നായകവും മാക്കന്നൂര്‍ പാറയും സ്പഷ്ടം.

അവന്‍ ഫോണിലെ ആപ്പ് തുറന്നു. മരുതനായകം. മാക്കന്നൂര്‍ പാറ എസ്റ്റേറ്റ്. ഫ്രെഡിയുടെ സന്ദേശം വായിച്ചു. റിനീഷിന്റേതായി ഫ്രെഡി ഫോര്‍വേഡ് ചെയ്തുവന്ന ചിത്രം അപ്പോഴും തെളിഞ്ഞുവന്നിട്ടില്ല.
പിന്നെയും ഓര്‍ത്തപ്പോള്‍ ഫല്‍ഗുനനു പൃഷ്ഠത്തില്‍ ചൊറിച്ചിലുണ്ടായി. തങ്കവളയും റാഡോ വാച്ചും സംഗമിക്കുന്ന കൂപ്പുകൈക്കു ചുവടെ തെളിഞ്ഞ തമിഴ് അക്ഷരങ്ങള്‍. വണക്കം... വീരനായകം!
പ്രപഞ്ചത്തില്‍ ആദ്യമായൊരു മുഷ്‌കരന്‍ ദൈവമേ എന്നു നടുങ്ങേണ്ടിവരുമോയെന്നു ശങ്കിച്ചതും സ്വപ്നത്തില്‍നിന്നെന്നപോലെ അപ്പോള്‍ കണ്‍മിഴിച്ച ഭദ്രയുടെ തേന്‍മൊഴി അവനെ തലോടി.
''ആര്യപുത്രാ, ദേവവ്രതാ അങ്ങെന്താണ് പര്യാലോചിക്കുന്നത്...?'' വലതുകൈത്തണ്ട ഫല്‍ഗുനന്റെ കഴുത്തിലൂടെ വളച്ചിട്ട്, ഇടതുകൈപ്പടം സ്റ്റിയറിങ്ങ് വീലില്‍ ചേര്‍ത്ത് അവനോട് ചാഞ്ഞിരുന്ന് അവള്‍ പറഞ്ഞു: ''സാല്വന്റെ പടയൊരുങ്ങും മുന്‍പ് അതിശീഘ്രം ഹസ്തിനപുരിയിലേയ്ക്കു നമുക്കു തേര് പായിക്കാം...''

വന്‍മരങ്ങള്‍ ചെറുസസ്യങ്ങളെപ്പോലെ തോന്നിച്ച അഗാധതയുടെ വശം ചേര്‍ന്നുള്ള നിരത്തില്‍ സ്റ്റിയറിംഗ് അവളില്‍നിന്നു പിടിച്ചെടുത്ത് ഫല്‍ഗുനന്‍ ഒരുവിധം വാഹനം നിയന്ത്രിച്ചു.
''ശരിക്കും നിന്റെ പേരെന്നതാ, കൊച്ചേ...?'' അവന്റെ ശബ്ദത്തില്‍ വെള്ളിവീണു.
''ഞാനോ, ഞാന്‍ ഭദ്ര, ഫല്‍ഗുനന്റെ സുഭദ്ര...! ദേവവ്രതനെ വേള്‍ക്കാന്‍ കൊതിച്ച സാല്വ തിരസ്‌കൃത...! കാശിരാജകന്യ...!'' അവള്‍ പ്രണയപൂര്‍വ്വം ഇരുകരങ്ങളും ചേര്‍ത്ത് ഫല്‍ഗുനന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു. ''എന്റെ ദശമുഖനേ, കൈലാസം അമ്മാനമാടിയവനെ, ഹിമഗിരിശൃംഗങ്ങള്‍ക്കു മുകളിലെ നീലാകാശത്തിലൂടെ ഈ പുഷ്പകവിമാനത്തില്‍ എന്നെ തട്ടിക്കൊണ്ടു പോകൂ... സീതയല്ലേ ഞാന്‍... നീ മോഹിച്ച സീത...''

ഇരുട്ടിലേയ്ക്കു മുങ്ങിയ സാന്ധ്യശോഭയില്‍, എതിരെ വന്ന വാഹനത്തിന്റെ നിറഞ്ഞ വെളിച്ചത്തില്‍, ക്ഷണത്തില്‍, കിടിലംകൊള്ളാന്‍ നേരംകൊടുക്കാതെ സ്റ്റിയറിംഗ്വീല്‍ കൈക്കലാക്കിയ അവള്‍ ഇടത്തോട്ടുള്ള കൊടുംവളവ് വലത്തോട്ടു വെട്ടിത്തിരിക്കുമ്പോള്‍ ഫല്‍ഗുനന് ഒരേയൊരു സന്ദേഹമേ ഉണ്ടായിരുന്നുള്ളൂ. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുഷ്പകവിമാനത്തില്‍ മേഘമാലകള്‍ക്കിടയിലൂടെ ചരിച്ചുകൊണ്ടിരിക്കുന്ന താനിപ്പോള്‍ ഏതു കഥയിലാണ്..? സുഭദ്രാധനഞ്ജയം..? അതോ സീതാപഹരണമോ..?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com