'അന്തര്‍മുഖി'- എം. മുകുന്ദന്‍ എഴുതിയ കഥ

പണ്ട് നടന്ന ഒരു സംഭവമാണിത്.നിലാവുദിക്കേണ്ട സമയമായെങ്കിലും അതുണ്ടായില്ല.
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

ണ്ട് നടന്ന ഒരു സംഭവമാണിത്.
നിലാവുദിക്കേണ്ട സമയമായെങ്കിലും അതുണ്ടായില്ല. കിഴക്ക് ഹരീശ്വര ക്ഷേത്രത്തിന്റെ പിറകില്‍ മഴക്കാറുകള്‍ വന്ന് കൂട്ടത്തോടെ നിലാവിനെ വളഞ്ഞ് ഘെരാവോ ചെയ്തതോടെ ആകാശത്തില്‍നിന്നും വെളിച്ചം ഇറ്റിവീഴുന്ന സുഷിരങ്ങളൊക്കെ അടഞ്ഞ് എല്ലായിടത്തും ഇരുട്ട് പരന്നു. പഴയകാലത്തെ പെണ്ണുങ്ങളുടെ വെളിച്ചെണ്ണ തേച്ച് ചീകിയ തലമുടിപോലെ തിളക്കമുള്ള ഇരുട്ട് ശ്രീപാര്‍വതിയുടെ കിടപ്പുമുറിയില്‍ പതുക്കെ വന്നുനിറഞ്ഞു. മുത്തച്ഛന്‍ മരിക്കുന്നതു വരെ കിടന്നിരുന്ന, പടിഞ്ഞാറെ വളപ്പില്‍നിന്നു വെട്ടിയെടുത്ത തേക്കില്‍ മെടഞ്ഞ കാലപ്പഴക്കമുള്ള കട്ടിലില്‍, ചുമരിനോട് മുഖം ചേര്‍ത്തുകിടക്കുന്ന അവളില്‍നിന്നും ഇടയ്ക്കിടെ അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ പുറത്തുവന്നു. കട്ടിലുപോലെതന്നെ പഴക്കമുള്ള പഴമയുടെ മണമുള്ള ഉന്നക്കിടക്കയില്‍ അരികെ അവളുടെ അനിയത്തി ശ്രീലക്ഷ്മി തുടകള്‍ക്കിടയില്‍ കൈകള്‍ തിരുകി വളഞ്ഞുകിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ഇരുട്ട് കാരണം രണ്ടു സഹോദരിമാരുടേയും മുഖങ്ങള്‍ നിഴലുകളായി മാറിയിരുന്നു. നെഞ്ചില്‍നിന്നു വരുന്ന തേങ്ങലുകള്‍ കേള്‍ക്കാന്‍ വെളിച്ചത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ട് ആദ്യം ഇടവിട്ടും പിന്നീട് തുടര്‍ച്ചയായും അവളുടെ തേങ്ങലുകള്‍ കേള്‍ക്കാമായിരുന്നു. ഇടയ്ക്ക് ആ തേങ്ങലുകള്‍ കരള്‍ പിളര്‍ന്നുവരുന്ന കരച്ചിലായും കേട്ടു. ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യാതെ, അനിയത്തിയെപ്പോലെതന്നെ, മറ്റുള്ളവരും വീട്ടിലെ തണുത്ത പശിമയുള്ള ഇരുട്ടില്‍ പുതച്ചുകിടന്ന് ഉറക്കം തുടര്‍ന്നു.

രണ്ടാഴ്ച മുമ്പാണ് കളിച്ചും ചിരിച്ചും നടന്നിരുന്ന ശ്രീപാര്‍വതിയില്‍ അതിയായ ആധി കടന്നുവന്ന് അവളുടെ കരള്‍ പിളര്‍ത്തിക്കളഞ്ഞത്. രണ്ടു തവണ അവര്‍ അവളുടെ വീട്ടില്‍ വന്നു. മഴ താഴെ പെയ്യാതെ മുകളില്‍ കരിമേഘങ്ങളുമായി ഇടകലര്‍ന്ന് തങ്ങിനില്‍ക്കുന്ന, ഈര്‍പ്പം കലര്‍ന്ന ഉഷ്ണമുള്ള ഉച്ചയോടടുത്ത നേരത്താണ് രണ്ടു പെണ്ണുങ്ങളും ഒരു കാരണവരും ഒരു യുവാവും അവളെ കാണാന്‍ വന്നത്. അയാള്‍ അവളോടോ അവള്‍ അയാളോടോ എന്തെങ്കിലും ഉരിയാടുകയോ കണ്ണു തുറന്ന് നേരാംവണ്ണം ഒന്നു നോക്കുകയോ പോലും ഉണ്ടായില്ല. കണ്‍കോണു കൊണ്ടുള്ള ഒരു സ്വകാര്യ നോട്ടത്തില്‍ ഉയരം കാരണം നടക്കുമ്പോള്‍ അല്പം കുനിയുന്ന അയാളുടെ ശരീരവും കണ്ണുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന മിന്നുന്ന ചിരിയും ഒട്ടും ഒടിവുകളില്ലാത്ത അച്ചടക്കത്തോടെ പിന്നോട്ട് ചാഞ്ഞുകിടക്കുന്ന മുടിയും അവള്‍ക്ക് ഇത്തിരി പിടിച്ചു. അയാളുടെ മീശയ്ക്ക് അയാളുടെ തലമുടിയേക്കാള്‍ കറുപ്പുണ്ടായിരുന്നു. അവര്‍ വായ തുറന്ന് ഒന്നും ഉരിയാടിയില്ലെങ്കിലും മനസ്സുകൊണ്ട് നിശ്ശബ്ദം ഏതാനും വാചകങ്ങള്‍ കൈമാറുകയും അതില്‍ ഇരുവരും സംതൃപ്തരാകുകയും ചെയ്തു.

''എനിക്ക് പണി ബഹ്റീനിലാണ്. മനാമേല് സൊന്തായി ഒരു ഇലക്ട്രോണിക്ക് സാധനങ്ങള് വില്‍ക്കുന്ന ഷോപ്പുണ്ട്. അതോണ്ട് നിയ്യ് എന്റെ കൂടെ വന്നാല് ഇഷ്ടംപോലെ നിനക്ക് ടീവി കാണാം. എന്റെ ഇരിപ്പ് മുറീലും കെടപ്പു മുറീലും ടീവീണ്ട്. ഇരിപ്പ് മുറീലേത് കളറ് ടീവിയാ. കെടപ്പ് മുറീലേതാന്ന്ച്ചാല് ബ്ലാക് ആന്റ് വൈറ്റും.'' അയാളുടെ മനസ്സ് അവളോട് പറഞ്ഞു.

''എനിക്ക് ടീവി കാണാന്‍ പെരുത്ത് ഇഷ്ടാ. പക്ഷേങ്കില് ബുക്ക് വായിക്കുന്നതാ അതിലും കൂടുതല് ഇഷ്ടം. ഞാന്‍ നിങ്ങളെ കൂടെ വര്വോന്ന് അറീല്ല്യ. അത് തീരുമാനിക്കേണ്ടത് അച്ഛനും അമ്മേം ആണ്. വര്ന്ന്ച്ചാല് അപ്പോ ഞാന്‍ ന്റെ ലൈബ്രറീലെ ബുക്കുകള് മുഴ്വനും കൂടെ കൊണ്ടുവരും. എനിക്ക് സൊന്തായിട്ട് പത്തറുപത് ബുക്കുകളുണ്ട്.'' അവളുടെ മനസ്സ് അയാളോടും പറഞ്ഞു.
''ന്റെ കുട്ടീ, അത്രേം പുസ്തകങ്ങള് വിമാനത്തില് കൊണ്ടുപോകാന്‍ കഴീല്ല്യ. വെയിറ്റ് കൂട്യാല് കുറേ പൈസ കൊട്ക്കണം. ആ പൈസകൊണ്ട് നിനക്ക് നൂറിലേറെ പുസ്തകങ്ങള് വാങ്ങാന്‍ കഴീം, കേട്ടോ.'' അയാളുടെ മനസ്സ് പറഞ്ഞു.

അവര്‍ പോയപ്പോള്‍ തള്ളക്കോഴിയെപ്പോലെ പതുക്കെ നടന്നുകൊണ്ട് അച്ഛന്റെ ചുമലോളം മാത്രം പൊക്കമുള്ള, പക്ഷേ, അച്ഛനേക്കാളും നല്ല നിറമുള്ള അമ്മ അവളുടെ അരികില്‍ വന്നു നിന്ന് അവളെ ആപാദചൂഡം ഒന്ന് നോക്കി, ചെറിയൊരു മന്ദഹാസത്തോടെ പറഞ്ഞു:  ''ചെക്കന് നിന്നെ ഇത്തിരി പിടിച്ചു.''
''ചെക്കന്റെ അച്ഛനും അമ്മക്കുമോ?''
ചെക്കന്റെ ഇഷ്ടം മാത്രം നോക്കിയാല്‍ പോരെന്നും അച്ഛനമ്മമാര്‍ക്കു കൂടി തന്നെ പിടിക്കണമെന്നും അല്ലെങ്കില്‍ തന്റെ ജീവിതത്തില്‍ കല്ലുകടിയുണ്ടാകുമെന്നും ഇരുപത്തിരണ്ടു കൊല്ലത്തെ ജീവിതാനുഭവങ്ങളില്‍നിന്നു അവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
''അവരിക്കും നിന്നെ നല്ലോണം ഇഷ്ടായി.''
''എനി മുഹൂര്‍ത്തം നോക്കി തീയതിയങ്ങ് നിശ്ചയിച്ചാല് മതി.''

അവളെ അത്ഭുതത്തോടെ ഒന്നു നോക്കി, വളരെ സന്തോഷത്തോടെ നിവര്‍ന്നുനിന്നുകൊണ്ട്, അയാള്‍ ആര്‍ദ്രമായ ശബ്ദത്തില്‍ പറഞ്ഞു. ഇത്രയും നല്ലൊരു ചെക്കനെ നിഷ്പ്രയാസം കിട്ടാന്‍ മാത്രം തന്റെ മകളില്‍ എന്തുണ്ട് എന്നാലോചിച്ചാണ് അയാള്‍ അത്ഭുതം കൂറിയത്.
''തീയതി നിശ്ചയിക്കാന്‍ അവര് രണ്ടീസം കഴിഞ്ഞിട്ട് ഇങ്ങട്ട് വരുന്നുണ്ട്. ബഹ്റീനില് ചെക്കന് വെല്ല്യ വിസിനസാ. അവന് വേഗം തിരിച്ച് പോണം. ഒടനെ കല്യാണം വേണം.''

ശ്രീപാര്‍വതിയുടെ കല്യാണത്തിന് ആവശ്യമുള്ളതെല്ലാം അയാള്‍ നേരത്തെ കരുതിവെച്ചിരുന്നു. ബാങ്കുകളെ വിശ്വാസം പോരാത്തതിനാല്‍ പണം അയാള്‍ വീട്ടില്‍ത്തന്നെ, ഒരു ബലമുള്ള ഇരുമ്പുപെട്ടിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പണ്ടങ്ങളും സൂക്ഷിച്ചിരിക്കുന്നത് അതില്‍ത്തന്നെ. അതിന്റെ നീണ്ട താക്കോല്‍ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം അയാളുടെ മടിക്കുത്തിലുണ്ടാകും. വീട്ടില്‍ നടക്കുന്ന ആദ്യത്തെ കല്യാണമായതുകൊണ്ട് അത് നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ച് ഗംഭീരമായി നടത്തുവാന്‍ വലിയ വിദ്യാഭ്യാസമില്ലെങ്കിലും ആത്മാഭിമാനിയായ ആ സാധു മനുഷ്യന്‍ ഏറെ ആഗ്രഹിച്ചിരുന്നു. കൃഷിചെയ്തും ചെറിയ ചെറിയ കച്ചവടങ്ങള്‍ ചെയ്തുമാണ് അയാള്‍ കുടുംബം പോറ്റിയതും മൂത്ത മകളുടെ വിവാഹത്തിനുള്ളത് കരുതിവെച്ചതും. അതുകഴിഞ്ഞാല്‍ ഇളയവളുടെ ഊഴം വരും. അതിനെക്കുറിച്ച് അയാള്‍ നിരീക്കാന്‍ തുടങ്ങിയിട്ടില്ല. സമയമാകുമ്പോള്‍ ഹരീശ്വരന്‍ വഴി കാണിക്കുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ശ്രീപാര്‍വതിയുടെ കല്യാണം ഉറപ്പിച്ചാല്‍ ഹരീശ്വര ക്ഷേത്രത്തില്‍ ഒരു ചുറ്റുവിളക്ക് കഴിപ്പിക്കേണമെന്നും മകരമാസം പിറന്നാല്‍ ഉത്സവത്തിന് അന്നദാനം നടത്തണമെന്നും അയാള്‍ മനസ്സില്‍ നേര്‍ന്നിരുന്നു. ശ്രീപാര്‍വതിയുടെ വിവാഹം ഹരീശ്വരക്ഷേത്രത്തില്‍ വെച്ചായിരിക്കുമെന്ന് അയാള്‍ നിശ്ചയിച്ചിരുന്നു. അതവള്‍ക്ക് അറിയാമായിരുന്നു. ആ അറിവാണ് ഒരു പരുന്തിനെപ്പോലെ വന്ന് രാത്രികളില്‍ അവളുടെ ഉറക്കം മൂര്‍ച്ചയുള്ള കാല്‍നഖങ്ങള്‍ക്കിടയില്‍ കൊരുത്ത് പറന്നുപോകുന്നത്.
ശ്രീപാര്‍വതിയെ കൊണ്ടുപോകുന്നത് ദുബായിലേക്കാണെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ അത്ഭുതത്തോടെ അയാളെ നോക്കി. ബഹ്റീനും കുവൈത്തും ഖത്തറും ദമ്മാമുമെല്ലാം അവര്‍ക്ക് ദുബായിയാണ്. എല്ലാ അച്ഛന്മാരും കൊതിക്കുന്നത് പെണ്‍മക്കളെ ദുബായിലേയ്ക്ക് കെട്ടിച്ചു കൊടുക്കാനാണ്. ശ്രീപാര്‍വതിയുടെ അച്ഛന്റെ ചങ്ങാതിയും അയല്‍പക്കക്കാരനുമായ, മുറുക്കിത്തുപ്പുന്ന ചുണ്ടുകളില്‍ പാണ്ടുള്ള വാസു കുരിക്കളുടെ മകള്‍ക്ക് ബാംഗ്ലൂരില്‍നിന്ന് ഒരു ഇഞ്ചിനീയറുടെ ആലോചന വന്നപ്പോള്‍ അയാള്‍ പറഞ്ഞു: ''നിങ്ങടെ പൂതി മനസ്സിലിരിക്കട്ടെ. ഇക്കാലത്ത് ഇഞ്ചിനീയറുമാരേം ഡോക്ടറുമാരേം ആരിക്ക് വേണം? നിങ്ങളെ മോന് നിങ്ങള് പോയി വേറെ പെണ്ണിനെ നോക്കീന്‍ന്ന്. ന്റെ മോളെ ദുബായിക്കാരന്റെ കൂടേയേ ഞാന്‍ പറഞ്ഞയക്കൂ.'' അങ്ങനെ പറഞ്ഞ വാസു കുരിക്കള്‍ തന്റെ മകള്‍ക്ക് ദുബായിക്കാരന്‍ വരുന്നതും കാത്ത് ഇപ്പോഴും കടലിനക്കരയിലേയ്ക്ക് നോക്കിനില്‍ക്കുന്നു. അവിടെനിന്നാണല്ലോ ദുബായ്ക്കാര്‍ വിമാനത്തില്‍ വരുന്നത്. കടലിനോട് അയാള്‍ക്ക് ആദരവ് തോന്നി.

മൂന്നാഴ്ചക്കുള്ളില്‍ വിവാഹം നടക്കണമെന്ന് കേട്ടപ്പോള്‍ അവളില്‍ ആശങ്ക തീപ്പുകപോലെ കനത്തു വന്നു. ദുഃഖവും സന്തോഷവും ഉല്‍ക്കണ്ഠയുമെല്ലാം പതിവായി അവളറിയുന്നത് നെഞ്ചിലാണെങ്കിലും പെട്ടെന്ന് കനത്തുവന്ന ആശങ്ക അവളറിഞ്ഞത് നാഭിയിലാണ്. കൂടെ, നെഞ്ചിനുള്ളില്‍ മിടിപ്പുകള്‍ക്ക് വേഗതയേറുകയും ചെയ്തു.

''ന്താ നിന്റെ മുഖത്തൊരു വാട്ടം?''
പെട്ടെന്നുണ്ടായ അവളുടെ ഭാവമാറ്റം അവളുടെ കാര്യത്തില്‍ സദാ ജാഗ്രത പുലര്‍ത്തുന്ന അമ്മയുടെ ശ്രദ്ധയില്‍പ്പെടാതെ പോയില്ല. കണ്ണ് കോച്ചി വലിച്ച് അവര്‍ മകളുടെ മുഖത്ത് സൂചിയുടെ ദ്വാരത്തിലൂടെയെന്നപോലെ സൂക്ഷിച്ചു നോക്കുകയും എന്തോ ഒരു പന്തികേട് തിരിച്ചറിയുകയും വേവലാതിപ്പെടുകയും ചെയ്തു.

''തീയതി പറഞ്ഞോ അമ്മേ?''
''അവര് രണ്ട് ദെവസം കണ്ടുവെച്ചിട്ടുണ്ട്. എപ്പഴായാലും മ്മക്കെന്താ. എനക്കൊരു പത്ത് ദെവസം കിട്ട്യാല് മതി. മുറ്റത്ത് പന്തലുയരും.''
തികഞ്ഞ ആത്മവിശ്വാസത്തോടെയും വിവാഹത്തിനാവശ്യമായ പൊന്നും പണവും മുന്‍കൂട്ടി, കഷ്ടപ്പെട്ടിട്ടാണെങ്കിലും കരുതിവെക്കാന്‍ തനിക്ക് തോന്നിയ നല്ല ബുദ്ധിയില്‍ സ്വയം അഭിനന്ദിച്ചും അയാള്‍ ഉരുവിട്ടു. അവളാണെങ്കില്‍ ആ രണ്ട് ദിനങ്ങള്‍ ഏതാണെന്നറിയുവാനുള്ള തിടുക്കത്തില്‍ വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ നിലത്ത് മുട്ടാതെ നില്‍ക്കുന്ന സ്വന്തം കാലടികളില്‍ കണ്ണ് നട്ട് കട്ടിലില്‍ ഇരുന്നു. അച്ഛനോട് കൂടുതലൊന്നും ചോദിക്കുവാന്‍ ധൈര്യം വരാതെ അവള്‍ അയാള്‍ അലക്കി നീലം മുക്കി തേച്ച വെള്ള ഷര്‍ട്ടിട്ട്, തോര്‍ത്ത് ചുമലിലിട്ട്, വലതു കൈയില്‍ കുടയുമായി പുറത്തേക്ക് പോകുന്നതുവരെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി. അയാള്‍ പോയപ്പോള്‍ ഒരു ചാട്ടം ചാടിയിട്ടെന്നപോലെ അവള്‍ അമ്മയുടെ മുന്‍പില്‍ കിതച്ചുകൊണ്ട് ചെന്നുനിന്നു.
''അവര് പറഞ്ഞ തീയതികള് ഏതാ അമ്മേ?''
തീപ്പിടിച്ച എടുപ്പില്‍നിന്നു പുറത്തേയ്ക്ക് രക്ഷപ്പെടാനുള്ള വഴി തിരയുന്നതുപോലെ പരിഭ്രാന്തിയോടേയാണ് അവള്‍ ആ ചോദ്യം തൊടുത്തു വിട്ടത്.

''അടുത്ത മാസം പതിന്നാലും പത്തൊമ്പതുമാ അവര് കണ്ടുവെച്ച തീയതികള്. പത്തൊമ്പതാന്ന്ച്ചാല് കല്യാണം കഴിഞ്ഞിട്ട് രണ്ടീസം മാത്രേ അവന് ഇവ്ട നിക്കാന്‍ കഴിയൂ. അപ്പളേക്ക് അവന്റെ വിസ കഴീം. അതോണ്ട് കല്യാണം പതിന്നാലിനായിക്കോട്ടേന്നാ നിന്റച്ഛന്‍ പറഞ്ഞത്. അവരിക്ക് സന്തോഷമാ.''
അവള്‍ക്ക് തല കറങ്ങുകയും വീഴാതിരിക്കാനായി അവള്‍ ചുമരില്‍ പിടിച്ചുനില്‍ക്കുകയും ചെയ്തപ്പോള്‍ ആ ചുമരും കറങ്ങുന്നുണ്ടായിരുന്നു. ചുമരുകളും അതിന്മേല്‍ തൂക്കിയ ചില്ലിട്ട ശ്രീനാരായണഗുരുവിന്റെ ചിത്രവും അപര്‍ണ ജുവല്ലേഴ്സിന്റെ കലണ്ടറും പെന്‍ഡുലം ചലനമറ്റ് പ്രവര്‍ത്തിക്കാതായ പഴയ ഘടികാരവും അല്പനേരം കറങ്ങിയശേഷം വീണ്ടും നിശ്ചലമായി. അവള്‍ തലകുനിച്ച് നെറ്റിയില്‍ വലതുകൈ കൊണ്ടമര്‍ത്തി അടുത്തു കണ്ട കസാരയിലേക്ക് താണു.

''എന്താടീ നിനക്ക്?''
മകളുടെ വേവലാതി കണ്ട് അമ്മക്ക് കോപം വരികയും അവര്‍ തീപ്പാറുന്ന ഒരു നോട്ടം അവളുടെ മേല്‍ എയ്തുവിടുകയും ചെയ്തു.
''ആരും സൊപ്നത്തില്പ്പോലും നിരീച്ചിട്ടില്ലാത്ത ബന്ധാ ഇത്. നാട്ടാരിക്ക് മുഴ്വനും അസൂയയാ ഇപ്പോ. എല്ലാം നേരേയായി വരുമ്പോ നിന്റെയൊരു കൊസ്രാക്കൊള്ളി. അടിച്ച് നിന്റെ പല്ല് ഞാന്‍ കൊഴിക്കും. നോക്കിക്കോ.''
''ഞാന്‍ പറഞ്ഞില്ലേ? എനിക്ക് സമ്മതമാ.''
അവള്‍ ഉച്ചത്തില്‍ പറഞ്ഞു. സ്വന്തം ശബ്ദം അവളെ പേടിപ്പിച്ചു. പുറംകൈകൊണ്ട് കണ്ണീര്‍ തുടച്ചപ്പോള്‍ വിരലുകളുടെ വിടവുകളില്‍ നനവ് പടര്‍ന്നു.

''പിന്നെന്താടീ നിനക്ക്?'' ന്തിന്റെ കൊഴപ്പാ നിനക്ക്?''
അമ്മ കറിക്കത്തിയുടെ മൂര്‍ച്ചയുള്ള ഒരു നോട്ടം നോക്കി. മുമ്പൊരിക്കലും അവര്‍ക്ക് മകളോട് ഇത്രയധികം ദേഷ്യം തോന്നിയിട്ടില്ലായിരുന്നു.
''പതിന്നാലിന് വേണ്ട.'' അവള്‍ കുടിനീരിറക്കിക്കൊണ്ട് പറഞ്ഞു: ''പത്തൊമ്പതിന് മതി.''
''അത് നിന്റച്ഛന്‍ നിശ്ചയിച്ചോളും. ഇക്കാര്യത്തില് ഇനി നീ കമാന്ന് ഒരക്ഷരം ഉരിയാടിപ്പോകര്ത്. പോയി കണ്ണും മൊഖോം കഴ്കി മുടി ചീകി വാ. നിന്റമ്മ ചത്തിരിക്കുന്നു. ഇങ്ങനെ കണ്ണീരൊലിപ്പിച്ചിരിക്കാന്‍. എണീറ്റ് പോടീ.''

അവര്‍ മകളുടെ നേരെ കയ്യോങ്ങി. രാവിലെ അമ്മിയിലരച്ച മഞ്ഞളിന്റെ കഴുകിയിട്ടും പോകാത്ത മഞ്ഞളിപ്പുണ്ടായിരുന്നു അവരുടെ കൈവിരലുകളില്‍. കുളിക്കാന്‍ വേണ്ടിയുള്ള വെള്ളം നിറച്ചുവെച്ച ചെമ്പിനു ചുവട്ടില്‍ അടുപ്പിലെ തീയൂതുന്നതിനിടയില്‍ അവരില്‍ ഒരാലോചന തിളച്ചു വന്നു. എന്തുകൊണ്ടാണ് പെണ്ണിനിത്ര വേവലാതി? അവള്‍ക്ക് ചെക്കനെ പിടിച്ചു. കല്യാണത്തിന് സമ്മതം മൂളുകയും ചെയ്തു. എന്നിട്ടും എന്തിനാണ് ഇങ്ങനെ തീയില്‍ ചവിട്ടിനില്‍ക്കുന്നതുപോലെ പെരുമാറുന്നത്?

അവര്‍ കുളി കഴിഞ്ഞ് നനഞ്ഞ തോര്‍ത്ത് കൈത്തണ്ടയിലിട്ട് വരുമ്പോള്‍ മുഖം കഴുകി മുടി ചീകി അവള്‍ ഓണ്‍ ചെയ്തിട്ടില്ലാത്ത റേഡിയോവിന്റെ മുമ്പില്‍ കസാരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവള്‍ അനുസരണയുള്ളവളാണ്. അച്ഛനേയും അമ്മയേയും ഒരിക്കലും ധിക്കരിച്ചിട്ടില്ല. മുലയില്‍നിന്ന് മുലപ്പാലെന്നപോലെ അമ്മയില്‍നിന്ന് ഇത്തിരി സ്നേഹം അവളുടെമേല്‍ തെറിച്ചുവീണു.
''മോളേ, ന്താ നിന്റെ മനസ്സില്?''

കുളിസോപ്പിന്റെ സൗരഭ്യം പരത്തി അവര്‍ അവളുടെ അരികില്‍ മറ്റൊരു കസാരയില്‍ ഇരുന്ന് തന്റെ നനഞ്ഞ കൈ ലേഡീസ് വാച്ച് കെട്ടിയ അവളുടെ ഇടതു കൈത്തണ്ടയിന്മേല്‍ വെച്ചു.
''ന്റെ പൊന്നുമോളല്ലേ, അമ്മയോട് പറയ്യ്.''
ഉള്ളില്‍ നിന്നുയര്‍ന്ന ഗദ്ഗദം അവള്‍ തൊണ്ടയില്‍ തടഞ്ഞുനിര്‍ത്തി മുഖം ഉയര്‍ത്തി അമ്മയെ നോക്കി.
''ന്താ നിനക്ക് ? ഈ കല്യാണം നിനക്ക് വേണ്ടേ?''
''വേണം.''
''പിന്നെന്താ നിനക്ക്? ന്തിനാ നിയ്യിങ്ങനെ മുഖം വീര്‍പ്പിച്ചിരിക്കുന്നത് ? മൂധേവി.''
തല്ലാനോങ്ങിയ കൈ പിന്‍വലിച്ച്, അവളെ രൂക്ഷമായി ഒന്ന് നോക്കി, അവര്‍ എഴുന്നേറ്റ് അകത്തേയ്ക്ക് പോയി നനഞ്ഞ തോര്‍ത്ത് കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു.

''ഏത് നേരത്താ നിയ്യെന്റെ വയറ്റിലുണ്ടായത് അശ്രീകരം പിടിച്ചവളെ. ഗൊണം പിടിക്കൂല്ല നിനക്ക്. കണ്ടോളൂ.''
മകളുടെ വിവാഹം ഉറപ്പിച്ച വിവരം ബന്ധുക്കളേയും നാട്ടുകാരേയുമൊക്കെ സാഭിമാനം അറിയിച്ച്, ചെരിപ്പിടാത്ത കാലുകളില്‍ മണ്ണും ചെളിയുമായി, കക്ഷത്തില്‍ ഒരു പൊതി മധുരനാരങ്ങയുമായി അച്ഛന്‍ തിരികെ വീടണയുമ്പോള്‍ കോലായില്‍ കത്തിച്ചുവെച്ച ഏഴു തിരികളുള്ള സന്ധ്യാവിളക്ക് കരിന്തിരി കത്തി കെടാറായിരുന്നു.

''മോളേട്ത്തും?''
''അച്ഛാ, ഞാനീടേണ്ട്.''
കൈയില്‍ തുറന്നുപിടിച്ച പാഠപുസ്തകവുമായി ഇരിക്കുന്ന ശ്രീലക്ഷ്മി പറഞ്ഞു. അവളിപ്പോള്‍ ഒമ്പതിലാണ്. അച്ഛന്റെ കക്ഷത്തിലിരിക്കുന്നത് മധുരനാരങ്ങയാണെന്ന് മണം പിടിച്ച് മനസ്സിലാക്കിയ അവള്‍ പൊതിക്കായി കൈനീട്ടി.
''നിന്റേച്ചി ഏട്ത്തും?''
''ഏച്ചി അകത്തുണ്ട്. കരയ്യ്ാ.''
കൈനീട്ടി നില്‍ക്കുന്ന ശ്രീലക്ഷ്മിയെ അവഗണിച്ച് അയാള്‍ ശ്രീപാര്‍വതിയുടെ അരികിലേയ്ക്ക് ചെന്നപ്പോള്‍ അവള്‍ പറഞ്ഞത് ശരിയാണെന്ന് അയാള്‍ കണ്ടു. കട്ടിലില്‍ ഇരുന്ന് കരയുന്ന ശ്രീപാര്‍വതി അച്ഛന്‍ വരുന്നത് കണ്ട് ധൃതിയില്‍ കണ്ണ് തുടച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന ഭാവം മുഖത്ത് വരുത്താന്‍ ശ്രമിച്ചു.
''നീ പിന്നേം കരയ്യ്ാ?''
അയാള്‍ നാരങ്ങപ്പൊതി അവളുടെ നേരെ നീട്ടി. അവളത് വാങ്ങി മടിയില്‍ വെച്ചു.
''നിനക്ക് ചെക്കനെ പിടിച്ചില്ലേ?'''
ആ ചോദ്യത്തിന് മുമ്പ് പല തവണ മറുപടി പറഞ്ഞതാണെങ്കിലും പിടിച്ചു എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി കാണിച്ചു.
''പിന്നെ നിനക്കെന്താടീ?''

എങ്ങനെയാണ് അമ്മയോടും അച്ഛനോടും തന്റേതു മാത്രമായ, പ്രായപൂര്‍ത്തിയായപ്പോള്‍ തുടങ്ങിയ, നാള്‍ക്കുനാള്‍ കനപ്പെട്ടുവരുന്ന ഭയം പങ്കുവെക്കുക? മനസ്സ് പങ്കിടുവാന്‍, ആഹ്ലാദങ്ങളും ദുഃഖങ്ങളും സന്ദേഹങ്ങളും ആശങ്കകളും കൈമാറുവാന്‍ മാത്രം അടുപ്പമുള്ള ഒരു സ്നേഹിതയും അവള്‍ക്കില്ലായിരുന്നു. അല്ലെങ്കില്‍ മനസ്സിനോട് എത്രതന്നെ ചേര്‍ന്നുനില്‍ക്കുന്നവരായാലും അവരോട് ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുവാന്‍ അവള്‍ക്ക് കഴിയില്ലായിരുന്നു. അതാണ് അവളുടെ പ്രകൃതം.

അമ്മയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി പറയാതെ വിളറിയ മുഖത്തോടെ അവള്‍ തലകുനിച്ചിരുന്നു. വിവാഹദിനം ഉദയാസ്തമയങ്ങളിലൂടെ നൂണ്ടിറങ്ങി അടുത്തെത്തിയപ്പോള്‍ അവള്‍ക്ക് ഉറക്കം മാത്രമല്ല വിശപ്പും വെയില്‍ വീണ മഴനനവു പോലെ ആവിയായി ഇല്ലാതെയായി. എല്ലാരേക്കാളും മനസ്സുറപ്പുള്ള അച്ഛന്‍ ഒക്കെ കണ്ടും കേട്ടും ഭാര്യയോട് തന്റെ സ്വത:സിദ്ധമായ പരുക്കന്‍ ഒച്ചയില്‍ പറഞ്ഞു: ''പെണ്ണിന് ചെക്കനെ പിടിച്ചു. മ്മള് ചോദിക്ക്മ്പളെല്ലാം കല്യാണത്തിന് സമ്മതാണെന്ന് പറഞ്ഞു. ഇനി മ്മക്ക് ആലോചിക്കാന്‍ ഒന്നൂല്ല്യ. കല്യാണം മ്മളെക്കൊണ്ട് കഴീന്ന വിധം നന്നായങ്ങ് നടത്ത്ാ. ന്നിട്ട് ന്താ വര്ന്നതെന്ന്ച്ചാല് വരട്ടെ.''

ഈശ്വരവിശ്വാസിയായ ശ്രീപാര്‍വതി കോളേജില്‍ പഠിക്കുന്ന കാലത്ത്‌പോലും സന്ധ്യയ്ക്ക് ഉമ്മറത്ത് കത്തിച്ചുവെച്ച നിലവിളക്കിനു മുമ്പിലിരുന്ന് കൈകൂപ്പി കണ്ണടച്ച് നാമം ജപിക്കുമായിരുന്നു. ഒരിക്കല്‍ നിരത്തിലൂടെ ആ വഴി വരാനിടയായ ഒരു സഹപാഠി അത് കാണുവാന്‍ ഇടയാകുകയും അവന്‍ കോളേജില്‍ ആ വാര്‍ത്ത പരത്തുകയും ചെയ്തു. അടുത്ത ദിവസം ബസിറങ്ങി കോളേജിലേയ്ക്ക് നടന്നുകയറുന്ന അവളെ കണ്ടപ്പോള്‍ ആണ്‍കുട്ടികള്‍ മുഴുവന്‍ കണ്ണടച്ച് കൈകൂപ്പി നിന്നു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഹരീശ്വരന്‍ക്ഷേത്രത്തില്‍ പോയി തൊഴണമെന്ന് അവള്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു. ഒരിക്കല്‍ കഠിനമായ പനിയും നെഞ്ചില്‍ കഫക്കെട്ടുമായി കിടക്കുമ്പോഴും അവള്‍ ക്ഷേത്രത്തിലേയ്ക്ക് പോകാന്‍ തുടങ്ങി. നേരം പുലരുന്നേയുള്ളൂ.

''എനിക്കിത്തിരി വെള്ളം ചൂടാക്കി തരൂ അമ്മേ. ഞാനൊന്ന് കുളിക്കട്ടെ.''
''ഈ പനിയുംവെച്ച് കുളിക്കാനോ? നീ ചത്തുപോകുമെടീ.''
''എനിക്ക് അമ്പലത്തില് പോയി തൊഴണം.''
''അതിനെന്തിനാ അമ്പലത്തില് പോക്ന്നത്? ഇവ്ട്ന്നങ്ങ് തൊഴുതാല്‍ മതി.''
അവള്‍ അമ്മയുടെ വിലക്ക് ലംഘിച്ച് കുളിച്ച് അലക്കിത്തേച്ച സാരിയുടുത്ത് അമ്പലത്തില്‍ പോയി തൊഴുതുവന്നു. അപ്പോള്‍ മനസ്സ് നിറഞ്ഞുകവിയുകയും കണ്ണുകളില്‍ നീര്‍ പൊടിയുകയും ചെയ്തു.
അമ്മതന്നെയാണ്, അവള്‍ പാവാടയുടുത്ത് നടക്കുന്ന കാലത്ത്, അമ്പലത്തില്‍ പോയി തൊഴാന്‍ അവളെ പഠിപ്പിച്ചത്.
''എപ്പോം മനസ്സില് ഈശ്വര വിചാരം ഉണ്ടാകണം. ജനന ദെവസോം പരീക്ഷ എഴുതാന്‍ പോകുമ്പോ ഒക്കെ അമ്പലത്തില് പോകണം. എപ്പോം പോകണം.''
അമ്മയുടെ വാക്കുകള്‍ അവള്‍ സദാ മനസ്സില്‍ സൂക്ഷിച്ചു.
ഒരിക്കല്‍ അമ്മ മകളുടെ ചെവിയില്‍ സ്വകാര്യം പറയുന്നതും അവളുടെ വിളറിയ മുഖത്ത് മുത്തം നല്‍കുന്നതും കണ്ട് അച്ഛന്‍ ചോദിച്ചു: ''ന്താ അമ്മേം മോളും തമ്മില് ഒരു സൊകാര്യം?''
''മ്മളെ മോള് പെണ്ണായി.''
''ഇതുവരേം അവള് പെണ്ണായിര്ന്നില്ലേ?''
ഉള്ളിലെ സന്തോഷം അടക്കിവെച്ച് പരുക്കന്‍ സ്വഭാവക്കാരനായ അയാള്‍ ഒരു തമാശ പറഞ്ഞു.

അടിവയറ്റില്‍ വേദനയും ക്ഷീണവും പരിഭ്രമവും ഒക്കെ ഉണ്ടെങ്കിലും അവള്‍ സന്തോഷവതിയായിരുന്നു. ഹരീശ്വരന് നന്ദി പറയണ്ടേ? അവള്‍ പറഞ്ഞു: 
''വാ അമ്മേ, മ്മക്ക് അമ്പലത്തില് പോകാം.''
''എന്താടീ നിയ്യ് പറഞ്ഞത്? തോന്ന്യാസം പറയരുത്. ഈശ്വരന്‍ പൊറുക്കില്ല.''
അമ്മ കയ്യോങ്ങിക്കൊണ്ട് അവളുടെ നേരെ പാഞ്ഞടുത്തു. അവള്‍ ഭയംകൊണ്ട് വിറച്ചു പോയി.

പിന്നീട് മനസ്സൊന്ന് അടങ്ങിയപ്പോള്‍ അമ്മ മകള്‍ക്ക് പറഞ്ഞുകൊടുത്തു. ആര്‍ത്തവകാലത്ത് പെണ്ണുങ്ങള്‍ ആരാധനാലയങ്ങളില്‍ കാല്‍ കുത്തരുത്. ഈശ്വരന്മാര്‍ അതൊട്ടും പൊറുക്കില്ല. ദൈവശാപമുണ്ടാകും. അമ്മയുടെ വാക്കുകള്‍ അവള്‍ ജാഗ്രതയോടെ മനസ്സില്‍ സൂക്ഷിച്ചു. ഒരിക്കല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടോടെ കൊടി കയറിയപ്പോള്‍, മേളം മുറുകിയപ്പോള്‍, താലമേന്തിയ പെണ്‍കിടാവുകളുടെ അകമ്പടിയോടെ ഹരീശ്വരന്‍ നഗരപ്രദക്ഷിണത്തിനിറങ്ങിയപ്പോള്‍, നാട്ടുകാര്‍ മുഴുവന്‍ ആബാലവൃദ്ധം വീടു പൂട്ടി ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍ അവള്‍, അവള്‍ മാത്രം അടിവയറ്റില്‍ അമര്‍ത്തിപ്പിടിച്ച് ഏകാകിയായി വീട്ടിലിരുന്നു. അതിനുശേഷം അവളെന്നും ഈശ്വരനോടു പ്രാര്‍ത്ഥിക്കും, അമ്പലത്തില്‍ പോകേണ്ട അവസരങ്ങളില്‍ ആര്‍ത്തവം വരരുതേയെന്ന്.

എല്ലാ മാസവും പതിമ്മൂന്നിനോ പതിന്നാലിനോ കൃത്യമായി അടിവയറ്റില്‍ വേദന വരും. ഇതുവരെ അതൊരിക്കലും മുടങ്ങിയതായി അവള്‍ ഓര്‍ക്കുന്നില്ല.
ഈ മാസം പതിന്നാലിനാണ് ഹരീശ്വരക്ഷേത്രത്തില്‍വെച്ച് അവളുടെ വിവാഹം.

അതിന്റെ തലേ ദിവസം ശ്രീപാര്‍വതിയെ കാണാതെയായി. എല്ലാവരുടേയും കണ്ണിലുണ്ണിയായ പെണ്‍കുട്ടിയെ തേടി നാടാകെ ഇളകിമറിഞ്ഞ് ഓടിനടന്നു. ബസ് സ്റ്റാന്‍ഡിലും തീവണ്ടിയാപ്പീസിലും പൊട്ടക്കിണറുകളിലും പരതി. ചിലര്‍ റെയില്‍പ്പാതകള്‍ക്കരികിലൂടെ ഓടിയും നടന്നും അവളെ തിരഞ്ഞു. അവസാനം അവര്‍ വീട്ടില്‍നിന്നകലെ ഒരു കുളത്തിന്റെ ആകാശം പ്രതിഫലിക്കുന്ന തെളിമയുള്ള ആഴത്തില്‍ അവളെ കണ്ടെത്തുകയും ചെയ്തു. അവര്‍ അവളെ കോരിയെടുത്ത് കുളക്കരയില്‍ കിടത്തി. ചലനമറ്റു കിടക്കുന്ന അവളുടെ അടിവയറ്റില്‍ കുതിര്‍ന്നൊട്ടിയ സാരിക്കു മുകളില്‍ കൊഴുത്ത ചുവപ്പ് പടര്‍ന്നിരുന്നു.

നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് നടന്ന ഈ കഥ കേട്ട് സ്ത്രീപക്ഷ എഴുത്തുകാരിയായ അമ്മിണി ടീച്ചര്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു: ''മണ്ടിപ്പെണ്ണ്. നോറെത്തിസ്റ്ററോണ്‍ ഗുളിക ഒന്നുവീതം മൂന്നു നേരം കഴിച്ചാല്‍ മതി. ആര്‍ത്തവം പടിക്കു പുറത്ത് നില്‍ക്കും. നിനക്കത് അറിയാതെ പോയല്ലോ കുട്ടീ.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com