'ഗിരിധറിന്റെ മകള്‍'- ദേവി ജെ.എസ് എഴുതിയ കഥ

'ഗിരിധറിന്റെ മകള്‍'- ദേവി ജെ.എസ് എഴുതിയ കഥ
'ഗിരിധറിന്റെ മകള്‍'- ദേവി ജെ.എസ് എഴുതിയ കഥ

ക്ടോബര്‍ പതിനൊന്ന്! ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദി ഗേള്‍ ചൈല്‍ഡ്! പെണ്‍മക്കളെ കണ്ട് അഭിമാനിക്കുകയും അഹങ്കരിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന അച്ഛന്മാരോട് ഗിരിധറിന് അസൂയ തോന്നുന്ന ദിവസം!
ഗിരിധര്‍ ലാബിലേക്ക് വരുമ്പോള്‍ പാരിജാതം കുനിഞ്ഞിരുന്ന് ഏതോ പേപ്പറുകള്‍ അടുക്കിയെടുക്കുകയായിരുന്നു. അവള്‍ തലയുയര്‍ത്തി അയാളെ നോക്കി ചിരിച്ചുകൊണ്ട് എഴുന്നേറ്റു. അയാള്‍ സ്വന്തം ഇരിപ്പിടത്തിലിരുന്നു. അവള്‍ ഫയലുകള്‍ അയാളുടെ മേശപ്പുറത്തു വെച്ചു. പിന്നെ എതിരെയുള്ള ഇരിപ്പിടത്തില്‍ ഇരുന്നു.

പാരിജാതം എന്ന ടിപ്പിക്കല്‍ തമിഴ് പെണ്ണ്! ആ രാജീവ് ഗാന്ധി സെന്ററിലെ അനേകം റിസേര്‍ച്ച് സ്‌കോളര്‍മാരില്‍ ഒരുവള്‍. തമിഴ്നാട് സര്‍വ്വകലാശാലയില്‍നിന്ന് പി.ജി കഴിഞ്ഞ് യു.ജി.സി എഴുതി സ്‌കോളര്‍ഷിപ്പോടെ ഇവിടെ വന്നവള്‍. 2015 മുതല്‍ അവള്‍ ഇവിടെയുണ്ട്.

പ്രൊഫസര്‍മാരും ഡിപ്പാര്‍ട്ട്മെന്റ് ഹെഡുകളും പുതുതായി വന്നുചേര്‍ന്ന ഗവേഷണ വിദ്യാര്‍ത്ഥികളും തമ്മില്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന പരിപാടിയില്‍ വെച്ചാണ് പാരിജാതത്തെ ഗിരിധര്‍ ആദ്യമായി കണ്ടത്. അന്നുതന്നെ അവള്‍ ഗിരിധറിന്റെ മനസ്സില്‍ കയറിക്കൂടി. എന്താണ് അവള്‍ക്കൊരു പ്രത്യേകത! സ്വര്‍ണ്ണക്കതിരിന്റെ അഴകോ? മെടഞ്ഞിട്ട മുടിയോ? മുല്ലപ്പൂചിരിയും തമിഴ് ചുവയുള്ള ഇംഗ്ലീഷ് സംസാരവുമോ? ഏതായാലും പാരിജാതം എന്ന ആ തമിഴ് പെണ്ണ് അയാള്‍ക്കൊരു ദൗര്‍ബ്ബല്യമായി. ഡോ. റോയ് വര്‍ഗ്ഗീസിന്റെ കീഴില്‍ ജനറ്റിക്‌സിലാണ് അവളുടെ പരീക്ഷണങ്ങള്‍. സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്സിനായി അവള്‍ ഗിരിധറിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ വരുന്നു. പരിചയവും അടുപ്പവും വളര്‍ന്നതോടെ അവള്‍ക്കു ഗിരിധര്‍സര്‍ ഗിരിയായി. അവള്‍ അയാളുടെ പ്രിയസഖിയായി. അവള്‍ക്ക് അയാളോട് എന്തും പറയാം, അയാള്‍ക്കവളോട് എല്ലാം പറയാം എന്ന നിലയിലായി. അയാളുടെ വീട്ടുവിശേഷങ്ങള്‍ പോലും എല്ലാം അവള്‍ക്കറിയാം.

അങ്ങനെയങ്ങനെ നാലുവര്‍ഷം കടന്നുപോയി. ഇതിനിടെ അവള്‍ ഇടയ്ക്കിടയ്ക്ക് പുതുച്ചേരിയിലെ അപ്പാഅമ്മാവുക്കടുത്തേയ്ക്ക് പോയി. ഒന്നുരണ്ടു തവണ കാനഡയില്‍ വിജയ്യുടെ അടുത്തേയ്ക്ക് പറന്നു. ആ ദിവസങ്ങളില്‍ അവളെ അയാള്‍ വല്ലാതെ മിസ്സ് ചെയ്തു.

സത്യത്തില്‍ പാരിജാതമാണ് വീണ്ടും അയാളില്‍ മകള്‍മോഹമുണര്‍ത്തിയത്. അവള്‍ അയാളുടെ മകളായിരുന്നെങ്കില്‍ എന്നെത്രയോ തവണ അയാള്‍ ആശിച്ചിട്ടുണ്ട്. സൗന്ദര്യം, ചെറുപ്പം, ആരോഗ്യം, ബുദ്ധി, സാമര്‍ത്ഥ്യം, ചുറുചുറുക്ക്... എല്ലാം തികഞ്ഞൊരുവള്‍.

പാരിജാതത്തിന്റെ പേപ്പറുകള്‍ നോക്കുന്നതിനിടയില്‍ ഗിരിധര്‍ ഇതെല്ലാമോര്‍ത്തു.
അയാളുടെ മനസ്സില്‍ എന്നുമുണ്ടായിരുന്നു പട്ടുപാവാടയുടുത്ത്, പാദസരമിട്ട്, ചെഞ്ചുണ്ടില്‍ ചിരിയുമായി അവള്‍, ഗിരിധറിന്റെ മകള്‍!

ഓ ഇനിയിപ്പോള്‍ അവള്‍ അങ്ങനെതന്നെയാവണമെന്നില്ല. കാലുറപോലൊരു ലെഗ്ഗിങ്‌സ് ഇട്ട് ചുമലില്‍ രണ്ടുവള്ളികള്‍ മാത്രമുള്ള മേലുടുപ്പിട്ട് മെലിഞ്ഞുനീണ്ട്, ചൂലുപോലെ നീട്ടിയ മുടിയുമായി അവള്‍!
വിവാഹത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ കാന്തിമതിയോട് അയാള്‍ പറഞ്ഞിരുന്നു.
''കാന്തീ നമുക്കൊരു കുട്ടി മതി. ഒരു പെണ്‍കുട്ടി, നിന്നെപ്പോലെ. അവള്‍ക്കു നമ്മള്‍ ഹീര എന്നു പേരിടും.''
കൗതുകത്തോടെ കാന്തി കേട്ടുനിന്നു.
ഒരു കൊല്ലത്തിനുശേഷം, ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളുള്ള കൊച്ചിയിലെ ആശുപത്രിയുടെ പോഷ് ലേബര്‍ റൂമിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്നു മടുത്തപ്പോള്‍, പുറത്തേക്കു തലനീട്ടിയ നഴ്സ് വിളിച്ചു. അയാള്‍ മുന്നോട്ടു ചെന്നു വാതിലിനുള്ളില്‍ ഡോക്ടര്‍ ഹിരണ്‍മയിയുടെ മുഖം കണ്ടു.
''കണ്‍ഗ്രാറ്റ്സ് ആണ്‍കുട്ടിയാണ്.''
ഗിരിധറിന്റെ പുഞ്ചിരി ഇരുണ്ടുപോയി.
''അത് കൊള്ളാം. ആദ്യത്തെ കണ്‍മണി ആണാവണമെന്നല്ലേ എല്ലാര്‍ക്കും'' ഹിരണ്‍മയി ചിരിച്ചുകൊണ്ട് അകത്തേക്ക് തല വലിച്ചു.

ഹിരണ്‍മയി! അവളെ ഒരുപാടു മോഹിച്ചതാണയാള്‍. അവള്‍ പോലുമറിയാതെ. ഓര്‍മ്മവെച്ച നാള്‍ മുതല്‍. പക്ഷേ, മെഡിസിനു പഠിക്കാന്‍ പോയപ്പോള്‍ അവള്‍ അവിടെയൊരുത്തനെ പ്രേമിച്ച് വിവാഹം കഴിച്ചു. കാന്തിമതി ജീവിതത്തിലേക്ക് കടന്നുവന്നിട്ടും ആദ്യത്തെ പ്രണയം ഗിരിധറിന്റെ ഉള്ളില്‍നിന്നൊഴിഞ്ഞുപോയില്ല. അതല്ലേ മകള്‍ക്കു ഹീര എന്നു പേരിടണമെന്നുപോലും അയാള്‍ ആശിച്ചത്!
സീമന്തപുത്രന്‍ ഹരി ഗിരിധറിന്റേയും കാന്തിമതിയുടേയും കണ്ണും കരളുമായി വളരുമ്പോഴും ഹീര എന്ന പുത്രി ഗിരിധറിന്റെ സ്വപ്നങ്ങളില്‍ വന്നെത്തി നോക്കിച്ചിരിച്ചുകൊണ്ടിരുന്നു. പക്ഷേ, രണ്ടാമതും മൂന്നാമതും അയാള്‍ തോറ്റു. ഉണ്ണിയും കണ്ണനും ഹരിയോടൊപ്പം മുറ്റത്തോടിക്കളിച്ചു. കൊല്ലങ്ങള്‍ പത്തിരുപതു കഴിഞ്ഞു. ആണ്‍മക്കള്‍ വളര്‍ന്നിട്ടും മകള്‍മോഹം അയാളുടെ മനസ്സില്‍നിന്നു മാഞ്ഞില്ല.
ആ ദിവസത്തിന്റെ പ്രത്യേകതകൊണ്ടാവാം അന്നും അയാള്‍ ആ വിഷയമെടുത്തിട്ടു.

തിരക്കിട്ട ജോലികള്‍ക്കിടയില്‍ ചിരിച്ചുകൊണ്ട് പാരിജാതം ചോദിച്ചു:
''ഇപ്പോഴെന്താണ് വീണ്ടും ഒരു മകള്‍മോഹം?''
പലതവണയായി അയാള്‍ അവളോട് ആ സ്വപ്നം പങ്കുവെച്ചിരുന്നു. മകള്‍, ഗിരിധറിന്റെ മകള്‍.
ലാബില്‍ അപ്പോള്‍ അവര്‍ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തോ കുത്തിക്കുറിക്കുന്നതിനിടയില്‍ പാരിജാതം മുഖമുയര്‍ത്തി.
''കാന്തിയോട് തന്നെ പറയൂ.''
''ഇല്ല അവള്‍ക്ക് ആണ്‍കുട്ടികളേ ഉണ്ടാവൂ.''
''എന്നാരു പറഞ്ഞു?''
ഗിരിധര്‍ മിണ്ടിയില്ല.

''ഗിരീ... ഒരു അണ്ഡമല്ല നിശ്ചയിക്കുന്നത് കുട്ടി ആണോ പെണ്ണോ എന്ന്. ഒരു ബീജമാണ്. എക്‌സ് എക്‌സ്, എക്‌സ് വൈ. ഗിരീ നീയാണുത്തരവാദി. നിന്റെ എക്‌സ് വൈ.''
''നിര്‍ത്തെടീ. നിന്റെ വിജ്ഞാനം. അത് നിന്റെ റിസേര്‍ച്ചില്‍ മതി.''
''അതല്ല ഗിരീ ഇതെല്ലാവര്‍ക്കുമറിയാം. എക്‌സ് എക്‌സ് എക്‌സ് വൈ. പക്ഷേ, അതിലൊന്ന് തിരഞ്ഞെടുക്കപ്പെടുന്നതെങ്ങനെ... അതാണ് പ്രശ്‌നം.''
അത്രയും പറഞ്ഞ്, ഫയലുകള്‍ വാരിയെടുത്ത് അവള്‍ പോയി.
അധികം താമസിയാതെ പാരിജാതം ഡോക്ടര്‍ പാരിജാതമാവാനുള്ള വഴിതെളിഞ്ഞു. അവളുടെ ഗവേഷണം പൂര്‍ത്തിയായി.

അവള്‍ ആ സന്തോഷത്തില്‍ ആര്‍ത്തുവിളിച്ച് ഗിരിധറിന്റെ മുന്നിലെത്തി. അയാളെ കെട്ടിപ്പിടിച്ചു.
''അപ്പോള്‍ നിനക്ക് സമ്മതമാണല്ലേ?''
''എന്ത്?''
''ഞാന്‍ പറഞ്ഞ കാര്യം.''
അതും ഗിരിധര്‍ അവളോട് പലതവണ പറഞ്ഞിട്ടുണ്ടായിരുന്നു.
''സറോഗസി. ഗര്‍ഭപാത്രം വാടകയ്ക്ക്. ഗിരീ എന്‍ പുരുഷനെ മറന്തിട്ടായാ?'' അവളുടെ തമിഴ് മൊഴി ഗിരിധറിനെ പെട്ടെന്നു നിശ്ശബ്ദനാക്കി.

വിജയ്യുടെ പാരിജാതം! പാരിജാതത്തിന്റെ വിജയ്! ലിവിങ് ടുഗെതെര്‍ എന്ന വിശേഷണം അവര്‍ക്കു ചേരുകയില്ല. ഭാര്യയും ഭര്‍ത്താവും എന്നു പറഞ്ഞാല്‍ അറുബോറാവും. ഒരു വിശേഷപ്പെട്ട ബന്ധമാണത്. രണ്ടുടലും ഒരുയിരും. ഒരുയിരും ഒരു ഉള്ളവും എന്നൊക്കെ അവള്‍ ഇടയ്ക്ക് പറയാറുണ്ട്. റിസര്‍ച്ച് പൂര്‍ത്തിയായാല്‍ അവള്‍ അവന്റെ അടുത്തേയ്ക്കു പറക്കും.
പിഎച്ച്.ഡി കിട്ടാന്‍ പാരിജാതത്തിന് ഏകദേശം ഒരു വര്‍ഷത്തോളം ഇനിയും നാട്ടില്‍ കഴിയേണ്ടിവരും.
''അതിനിടയില്‍...'' ഗിരിധര്‍ അവളെ നിര്‍ബ്ബന്ധിച്ചു.
''നോക്ക് ഗിരീ അധികം ആവേശമാവരുത് പെണ്‍കുട്ടി വേണമെന്നുണ്ടെങ്കില്‍!''
അവള്‍ പറഞ്ഞു.
''അത് നീയാണോ നിശ്ചയിക്കുന്നത്? നിനക്കു പറ്റുമോ? അതു പറഞ്ഞാല്‍ മതി. എനിക്കൊരു മകള്‍... നിന്നെപ്പോലെ.''
ഗിരിധര്‍ പതുക്കെ അവളെ ചേര്‍ത്തുപിടിച്ചു. ഒരെതിര്‍പ്പും കൂടാതെ അവള്‍ ഒതുങ്ങിനിന്നു. പിന്നെ പതുക്കെ പിന്മാറി.
''ഞാനും ഗിരിക്കൊരു പുത്രനെ തന്നാലോ.''
അവള്‍ ഗൗരവം പൂണ്ടു.
''നോക്ക് ഗിരീ ഒരു പരീക്ഷണമാവാം. എന്റെ നിരീക്ഷണമനുസരിച്ച്.''
''എന്നാല്‍ പറഞ്ഞു തുലയ്ക്ക്.''
''എക്‌സ് വൈകള്‍ക്ക് ആയുസ്സു കുറവാണ്. വേഗം കൂടും. പക്ഷേ, സ്റ്റാര്‍ട്ടിങ് പോയിന്റില്‍നിന്നു നീന്തിത്തുടിച്ച് ഫിനിഷിങ്ങ് പോയിന്റിലെത്താന്‍ അവയ്ക്കാവില്ല. വഴിനീളെ ചത്ത് പോകും.''
ഗിരിധറിന്റെ തല തിരിഞ്ഞു.
''പക്ഷേ, എക്‌സ് എക്‌സുകള്‍ക്ക് ലൈഫുണ്ട്. സ്പീഡ് കുറവ്. എന്നാലും പതുക്കെ നീന്തി ലക്ഷ്യത്തിലെത്തിക്കോളും. അതുകൊണ്ട്... അതുകൊണ്ട്...''
പാരിജാതം ചിരി തുടങ്ങി.

''ഗിരീ ആവേശം കൂടിയിട്ടാണ് മൂന്നും ആണായിപ്പോയത്... ഇനി അതു പാടില്ല എന്‍ട്രന്‍സില്‍നിന്ന് അവര്‍ ഒരു ഓട്ടപ്പന്തയം വയ്ക്കട്ടെ...''
ഗിരിധറിന്റെ ക്ഷമകെട്ടു.
''ഇതാണോ നിന്റെ കണ്ടുപിടിത്തം?''
''അതെ ഗിരീ. കാര്യങ്ങള്‍ ഞാന്‍ പറഞ്ഞില്ലേ? കാന്തിയുമായിത്തന്നെ ഒരു പരീക്ഷണമാവാം.''
''അവള്‍ സമ്മതിക്കില്ല.''
''ഇത് സമ്മതിക്കുമാ, മറ്റൊരുവളില്‍ ഉങ്കള്ക്കൊരു കുഴന്തൈ?''
പാരിജാതം മുഖം കൂര്‍പ്പിച്ചു. അവള്‍ക്കു ദേഷ്യം, സങ്കടം ഒക്കെ വരുമ്പോഴാണ് ഇംഗ്ലീഷ് തമിഴിനു വഴിമാറുന്നത്. പെട്ടെന്നവള്‍ അവിടെനിന്നു പോയി.
ആരെന്തു പറഞ്ഞാലും എനിക്കു വേണം എന്റെ മകളെ... ഗിരിധര്‍ നിശ്ശബ്ദമായി വിളിച്ചുകൂവി.
എങ്കിലും ഇതൊന്നും നടക്കുകയില്ല എന്ന് അയാള്‍ക്കൊരു ആധി കേറി.
ഹിരണ്‍മയി തന്നെ ആശ്രയം. എല്ലാം കേട്ടപ്പോള്‍ അവളുടെ നീണ്ട കണ്ണുകള്‍ ഉരുണ്ടുരുണ്ട് ഉണ്ടക്കണ്ണായി അയാളുടെ മുഖത്തു തറഞ്ഞു.

''നിനക്ക് ഭ്രാന്താണ് ഗിരീ.''
അതേ... നിന്നോട് ഭ്രാന്തായിരുന്നു. പിന്നെ കാന്തിയോടായി. ഇപ്പോള്‍ ഭ്രാന്ത് പാരിജാതത്തിനോടല്ല, അവള്‍ പ്രസവിക്കുന്ന എന്റെ മകളോടാണ്... ഗിരിധറിന്റെ മൗനം പല്ലിറുമ്മിയത് അവള്‍ കേട്ടില്ല.
''ആ പെണ്‍കുട്ടി സമ്മതിച്ചോ?'' ഹിരണ്‍മയി അമ്പരന്നു.

''ഉവ്വ്.''
കുറെ ദിവസമായി അവള്‍ മൗനത്തിലാണ്. അത് സമ്മതം എന്നയാള്‍ ഉറപ്പിച്ചു.
''ഗിരീ നീ പറയുംപോലെ ഇതൊക്കെ എങ്ങനെ നടക്കാനാണ്.'' ഹിരണ്‍മയി നിഷേധിച്ചു.
''സറോഗസിയില്‍ അല്ലെങ്കില്‍ ഒരു ടെസ്റ്റ് ട്യൂബില്‍ എന്ത് ആണ്? എന്ത് പെണ്ണ്? ആട്ടെ കാന്തി...?''
''ഹിരണ്‍ നിനക്കെല്ലാമറിയില്ലേ...?''
ഗിരിധര്‍ നിരാശനായി. മൂന്നാമത്തെ മകന്റെ കരച്ചിലിനൊപ്പം തീര്‍ന്നുപോയി അയാളുടെ മോഹങ്ങള്‍.
''ഇനി വേണ്ട ഗിരീ. കാന്തിയുടെ യൂട്രസ്സ് അതു താങ്ങുകയില്ല. വീ വില്‍ ലൂസ് ഹെര്‍?''
അന്ന് ഹിരണ്‍മയി മുന്നറിയിപ്പ് കൊടുത്തതാണ്. എന്നിട്ടിപ്പോള്‍ വീണ്ടും? അയാളുടെ മോഹങ്ങള്‍ പിന്നെയും പൂവിടാന്‍ തുടങ്ങിയത് പാരിജാതത്തിന്റെ സാമീപ്യത്തിലാണ്.
''ഹിരണ്‍...'' അയാള്‍ വിളിച്ചു.

''ഇല്ല ഗിരീ നടക്കില്ല.''
''പ്രസവിച്ച് കുഞ്ഞിനെ നിന്നെ ഏല്പിച്ച് പാരിജാതം പോകും. ഞാനവളെ ദത്തെടുക്കും. നീ മാത്രം വിചാരിച്ചാല്‍ നടക്കും.'' 
കൈമുട്ടുകള്‍ മേശമേലൂന്നി, ഇരുകൈകൊണ്ടും മുഖം പൊത്തി ഹിരണ്‍മയി ഇരുന്നു. ആ ഡോക്ടര്‍ക്ക് താങ്ങാനായില്ല കൂട്ടുകാരന്റെ ഭ്രാന്ത്. 
''നിന്റെ പ്ലാനനുസരിച്ച് കാര്യങ്ങള്‍ കരക്കെത്തിച്ചാലും ഒടുവില്‍ കുഞ്ഞിനെ അവള്‍ തരില്ല. അമ്മയായിക്കഴിയുമ്പോള്‍ അങ്ങനെയാണ്. എത്രയോ അനുഭവങ്ങള്‍.''
ഹിരണ്‍മയി പിന്നെയും തര്‍ക്കിച്ചു.
ഒരുപാടു വാദപ്രതിവാദങ്ങള്‍ക്കുശേഷം ഹിരണ്‍മയി ശാന്തയായി.
''സറോഗസിയും ഐ.വി.എഫുമൊക്കെ ഇവിടെ ഒരുപാടു നടക്കുന്നുണ്ട്. പക്ഷേ, ഗിരീ നിന്റെ കാര്യം വളരെ കോംപ്ലിക്കേറ്റടാണ്.''

ഹിരണ്‍മയി ഉല്‍ക്കണ്ഠപ്പെട്ടു. എന്നിട്ടും അവര്‍ ഗിരിധറിന്റെ ആഗ്രഹത്തിനു സമ്മതം മൂളി.
നിശ്ചയിച്ച ദിവസം, രണ്ടായിരത്തി പത്തൊന്‍പത് ജനുവരി ഒന്നാം തീയതി, ഗിരിധര്‍ ക്ലിനിക്കില്‍ എത്തി. ഹിരണ്‍മയി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എക്‌സ് എക്‌സും എക്‌സ് വൈയുമൊക്കെ കൊടുത്ത് അയാള്‍ പോയി. പാരിജാതം പിന്നീട് വരും എന്നായിരുന്നു പ്ലാന്‍.
മണിക്കൂറുകള്‍ പിന്നെയും കഴിയണം. ടെസ്റ്റ് ട്യൂബില്‍ എഴുപത്തിരണ്ട് മണിക്കൂര്‍ അയാളുടെ മകള്‍! പിന്നെയവളെ മാറ്റി പാര്‍പ്പിക്കണം, ഗര്‍ഭപാത്രത്തിലേക്ക്. അതിനുള്ളില്‍ അവള്‍ നീണ്ട ഒന്‍പതു മാസങ്ങള്‍!  
ഗിരിധറിന് ഉണ്ണാനും ഉറങ്ങാനും ഉണര്‍ന്നിരിക്കാനും കഴിയാതായി. അയാള്‍ ഹിരണ്‍മയിയെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. ഗതികെട്ട് ആ ഫോണ്‍ സ്വിച്ച് ഓഫായി.
ദിവസങ്ങള്‍ നിശ്ശബ്ദമായി.

പിന്നീടു കേട്ട വാര്‍ത്ത, പാരിജാതം അകലേക്ക് പറന്നു എന്നാണ്. കാന്തിയാണതു പറഞ്ഞത്. അവള്‍ പോകും മുന്‍പ് കാന്തിയെ ചെന്നു കണ്ടിരുന്നു. ഒന്‍പതു നിറമുള്ള കല്ലുകള്‍ പതിച്ച നവരത്‌ന നെക്ലസ് കാന്തി അവള്‍ക്കു നല്‍കിയത്രെ. പിഎച്ച്.ഡിക്കുള്ള അഭിനന്ദനം. പിന്നെയൊരു വിടവാങ്ങല്‍ പാരിതോഷികം!
ഗിരിധര്‍ നടുങ്ങിപ്പോയി.
അയാള്‍ ഉടനെ ഹിരണ്‍മയിയെ വിളിച്ചു.

''അവള്‍ പോയി. എന്നെ പറ്റിച്ചിട്ടുപോയി. ഇനിയവള്‍ എന്റെ കുഞ്ഞിനേയും കൊണ്ടാണോ പോയത്.'' 
''എനിക്കറിയില്ല ഗിരീ. ഒരു പെണ്‍കുട്ടി വന്നു ട്രീറ്റ്മെന്റ് എടുത്തുപോയി. അത്. അത് പാരിജാതം തന്നെയാവണം. ഞാന്‍ ഡോക്ടര്‍ അമൃതയെ ഏല്പിച്ചിരുന്നു. എനിക്കൊരു എമര്‍ജന്‍സി വന്നു.''
''ഹിരണ്‍... ണ്‍... ണ്‍ നിന്നെയല്ലേ ഞാന്‍ ഏല്പിച്ചിരുന്നത്?''
''അതിനു പാരിജാതത്തെ കണ്ടാലും എനിക്കറിയില്ലല്ലോ. ഞാന്‍ കണ്ടിട്ടില്ലല്ലോ.''
ഹിരണ്‍മയി ഒഴികഴിവു പറഞ്ഞു. ഗിരിധറിന്റെ മൊബൈല്‍ നിലത്തുവീണു ചിതറി.
രാത്രിവരെ മറ്റൊരു ഫോണില്‍നിന്നു പാരിജാതത്തെ വിളിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. അനക്കമില്ല. ആ സിം കാര്‍ഡ് അവള്‍ കളഞ്ഞിട്ടുണ്ടാവും.
ഒടുവില്‍ ഗിരിധര്‍ വിജയ്നെ വിളിച്ചു.

''യെസ്... പാരിജാതം എത്തിയാച്ച്. ഇങ്കെ വേല കെടയ്ക്കും... ശീഘ്രം വരമുടിയാത്. എന്ന സര്‍ ഏതാവത് പെന്റിങ് വര്‍ക്ക്?''
ആഹ്ലാദത്തില്‍ മുങ്ങിപ്പൊങ്ങി വിജയ്.
''ഏയ് ഇല്ല. ഒന്നുമില്ല.'' ഗിരിധര്‍ സ്വരം താഴ്ത്തി.
ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും ഉത്സാഹം നഷ്ടപ്പെട്ടു.
ഒടുവില്‍ ഹിരണ്‍മയി വിളിച്ചു.
''ഗിരീ ഒരു പെണ്‍കുഞ്ഞുണ്ട് ദത്തെടുക്കുന്നോ?''
പോടീ അവിടുന്ന്. ആര്‍ക്കു വേണം... നിന്റെ...''
ഗിരിധര്‍ നിയന്ത്രണം വിട്ടു.
''ഗിരീ ഇത് നിന്റെ മകളാണ്... നിന്റേയും കാന്തിയുടേയും.'' ഹിരണ്‍മയി അക്ഷമയായി. 
''നുണ! നീയല്ലേ പറഞ്ഞത്... കാന്തിക്കിനി...''
''അതിനു ഗര്‍ഭപാത്രം വേണ്ട. ഒരു അണ്ഡം മതി. അത് കാന്തി തന്നു. എത്ര കഷ്ടപ്പെട്ടെന്നോ പാരിജാതം! ഒരു പെണ്‍കുഞ്ഞിനെ നിനക്ക് തരാന്‍!''
''ഹിരണ്‍...''
സര്‍വ്വ നാഡികളും തളര്‍ന്ന് അയാള്‍ വിളിച്ചു.
''പക്ഷേ, ഗിരീ നിന്റെ മകളെ പ്രസവിച്ചത് പാരിജാതമല്ല... അവളും കാന്തിയും കൂടി വിലയ്‌ക്കെടുത്ത ഒരുവള്‍... കാന്തിയേയും കൂട്ടി വരൂ മകളെ കൊണ്ടുപോകാന്‍...''
ഹിരണ്‍മയിയുടെ ശബ്ദത്തില്‍ മണികിലുങ്ങി.

പൊന്‍കതിര്‍പോലെ പാരിജാതം. സ്‌നേഹമായി കാന്തിമതി. ആത്മസഖിയായ ഹിരണ്‍... ഗിരിധര്‍ മൂന്നുപേരെയും ഹൃദയത്തോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com