'ഒരിക്കല്‍ ഒരു ബസ്'- വി. ഷിനിലാല്‍ എഴുതിയ കഥ

മൂന്ന് ദിവസത്തെ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ചയായിരുന്നു അന്ന്. മടിച്ചുമടിച്ച് കട്ടിലില്‍ ഉണര്‍ന്നിരുന്നപ്പോള്‍ത്തന്നെ അകാരണമായി വയറിനുള്ളില്‍ ഒരാളലുണ്ടാവുന്നതറിഞ്ഞു
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

വളരെ മുന്‍പാണ്

മൂന്ന് ദിവസത്തെ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ചയായിരുന്നു അന്ന്. മടിച്ചുമടിച്ച് കട്ടിലില്‍ ഉണര്‍ന്നിരുന്നപ്പോള്‍ത്തന്നെ അകാരണമായി വയറിനുള്ളില്‍ ഒരാളലുണ്ടാവുന്നതറിഞ്ഞു. എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ മുന്നൊരുക്കം പോലെ ഒരു പരിഭ്രമം. കിണറില്‍നിന്നും വെള്ളം കോരാന്‍ തുടങ്ങിയപ്പോള്‍, പകുതിനിറഞ്ഞ തൊട്ടി പതിവിലും ഭാരത്തില്‍ കപ്പിയെ കരയിച്ചുകൊണ്ട് ആടിയാടി ഉയര്‍ന്നുവന്നപ്പോള്‍, അതിന്റെ തുരുമ്പിച്ച ഓട്ടകളില്‍ക്കൂടി ജലധാരകള്‍ കിണറിലേക്കു മടങ്ങുന്നതും പച്ചപ്പായലുടുത്തുനിന്ന തൊടികളിലെ പന്നല്‍ സസ്യങ്ങള്‍ നനയുന്നത് നോക്കിനിന്നപ്പോള്‍ അര്‍ദ്ധബോധം മാത്രമുള്ള എന്റെ മനസ്സിനുള്ളില്‍, അല്ല, വയറിനുള്ളില്‍നിന്നും ഒരു ദിഗ്ഭ്രമം, അല്ല, ഒരു എരിപിരിസഞ്ചാരം പൊട്ടിയുയര്‍ന്നു. ഒരോളം.

സത്യത്തില്‍ ഞാനനുഭവിച്ച ആന്ദോളനത്തിന്, മുകളിലെഴുതിയ വാക്യത്തെക്കാള്‍ നീളമുണ്ടായിരുന്നു.
എനിക്കന്ന് പത്തൊമ്പതോ ഇരുപതോ ആയിരുന്നു പ്രായം. സുവോളജി ലാബിലേക്കുള്ള പച്ചത്തവളയെ കൊണ്ടുചെല്ലാമെന്ന് ഞാന്‍ ജാസ്മിന് വാക്ക് കൊടുത്തിരുന്നു. അതോര്‍മ്മിച്ച് തൊടിയിലേക്കിറങ്ങി. ദൂരെപ്പോയി സംഘംചേര്‍ന്ന് നദിയാകുന്ന ഒരു കൈച്ചാല്‍ എന്റെ പറമ്പിലെ വാല്‍ക്കുളത്തില്‍നിന്നാണ് ഉദ്ഭവിച്ചിരുന്നത്. കുളം ഒരു സമ്പൂര്‍ണ്ണ വ്യവസ്ഥയായിരുന്നു. പുല്ല്-പുല്‍ച്ചാടി-തവള-നീര്‍ക്കോലി എന്നവിധം പ്രകൃതി അവിടെ സുഖമായി ഒരു വൃത്തം നിര്‍മ്മിച്ചിരുന്നു. കുളക്കരയിലെ അലക്കുകല്ലില്‍ കയറിയിരുന്ന് നാക്ക് വടിച്ചുകൊണ്ട് ഞാന്‍ തവള വരുന്നതും കാത്തിരുന്നു. 

നിരവധി തവളകള്‍ ജലോപരിതലത്തില്‍ ഉയര്‍ന്നുവന്നു. അതിലൊന്നിനെ തോര്‍ത്തുകൊണ്ട് പിടിച്ചെടുക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ആ ആന്തലുണ്ടായി. സത്യമായും എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന് എനിക്കു തോന്നലുണ്ടായി. ഒരു തവളയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ഞാന്‍ അനങ്ങാതെ ഇരുന്നു. ആ ഇരിപ്പില്‍ എന്റെ പ്രഭാതകൃത്യങ്ങളെല്ലാം മുടങ്ങി. സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്ന എന്റെ മുന്നിലേക്ക് ഒരു കല്ല് വന്നുവീണു. ഭും എന്ന ശബ്ദവും ഓളങ്ങളുമുണ്ടായി. തവളകള്‍ ഞൊടിയിടയില്‍ അപ്രത്യക്ഷരായി.

നോക്കുമ്പോള്‍ വെറ്റിലക്കൊടിയുടെ ഇടയില്‍നിന്ന് അച്ഛന്‍ ചിരിക്കുന്നു. പണിയൊക്കെ കഴിഞ്ഞ് കൊന്നത്തെങ്ങിന്റെ തടിയില്‍ മുതുകുരച്ച് ചൊറിയുകയായിരുന്നു അച്ഛന്‍. സമയത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് അച്ഛന്‍ കിഴക്കോട്ട് വിരല്‍ചൂണ്ടി.

പിന്നെയെല്ലാം വേഗത്തിലായിരുന്നു. കാക്കക്കുളി. പാരഗണിന്റെ നീലനിറമുള്ള ചെരുപ്പ് അലക്കുകല്ലില്‍ ഉരച്ചുകഴുകല്‍. കാപ്പികുടി. ചിരട്ട കത്തിച്ച് കരിയുണ്ടാക്കല്‍. തേപ്പുപെട്ടി ചൂടാക്കല്‍. വസ്ത്രം തേയ്ക്കല്‍. കണ്ണാടി നോക്കി വേഗത്തില്‍ ഒരൊരുക്കം. 

എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഇടവഴിയേ നടന്നുവരുമ്പോള്‍ റബ്ബറ് വെട്ടുന്ന ശശിയണ്ണന്റെ പതിവ് നീട്ടിവിളി: 'കളക്ടര്‍ സാറേ...' അതു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അറിയാതെ ഉയര്‍ന്നുവരുന്ന വാശി.
മടവ ചാടിക്കടന്നതും പാന്റ്സിന്റെ കാലില്‍ ഉപ്പനച്ചച്ചെടിയുടെ മുള്ളുരഞ്ഞു. അതിന്റെ മഞ്ഞപ്പൂമ്പൊടി കറുത്ത പാന്റിനെ കളര്‍ഫുളാക്കി. പാന്റ്‌സ് തുടക്കാനെടുത്ത ആ ഒറ്റ മിനിട്ടില്‍ ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ഇരമ്പം കേട്ടു. 

അപ്പോള്‍ വീണ്ടും ഉദരാന്തരത്തില്‍നിന്നും തിരിച്ചറിയാനാവാത്ത ആ ആന്തലുയര്‍ന്നുവന്നു.
പിന്നെ, ഒരോട്ടമായിരുന്നു.

രണ്ട് കൈച്ചാലുകളും ഒരിടവഴിയും പാഞ്ഞ് മഞ്ഞവാക പൂത്ത് കിടന്ന ഞങ്ങളുടെ മുക്കിലെത്തിയതും കണ്ടക്ടര്‍ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു. 
ആ നിമിഷം ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ടു. ബസിലെ എല്ലാ സീറ്റുകളിലും ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഞാന്‍ അവളെ മാത്രം കണ്ടു. അവളുടെ കണ്ണുകളിലെ തിളക്കം കണ്ടു. വാകമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ ഊര്‍ന്നുവന്ന് അവളുടെ നാസികാഗ്രത്തെ അതിസുന്ദരമാക്കിത്തീര്‍ത്ത വെയില്‍ത്തുണ്ടു കണ്ടു. ഉണര്‍ന്നപ്പോള്‍ മുതല്‍ എനിക്കൊപ്പം കൂടിയ ആ ആന്തല്‍ അസംഖ്യം കുമിളകളായി എന്റെ ഉടലാകെ തൂവുന്നത് ഞാനറിഞ്ഞു. അവള്‍ ഒന്ന് അനങ്ങിയിരിക്കുന്നത് ഞാന്‍ കണ്ടു. ആ നിമിഷം ഞങ്ങളുടെ കണ്ണുകളിടഞ്ഞു.
അപ്പോഴേക്കും ബസ് പതിയെ ചലിച്ചുതുടങ്ങിയിരുന്നുവെങ്കിലും അവളെ നോക്കി നിശ്ചലനായി നില്‍ക്കാന്‍ മാത്രമേ എനിക്കായുള്ളൂ.

നോക്കൂ, അന്ന് ആ ബസില്‍ കയറിയിരുന്നുവെങ്കില്‍ ഒരുപക്ഷേ, മറ്റൊന്നാകുമായിരുന്നു എന്റെ ജീവിതം.
ആഹ്!

2.
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
മൂന്ന് അവധി ദിവസങ്ങള്‍ കഴിഞ്ഞുള്ള തിങ്കളാഴ്ചയായിരുന്നു അന്ന്. രാത്രി ഏറെ താമസിച്ചാണ് ഉറങ്ങാന്‍ കിടന്നത്. വല്യാമന്‍ ഗള്‍ഫില്‍നിന്നും കൊണ്ടുവന്ന വി.സി.ആറില്‍ (അത് പിന്നീട് മാമി വന്ന് തിരികെ എടുത്തോണ്ട് പോയി.) മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ കാസറ്റിട്ട് കണ്ടശേഷം പന്ത്രണ്ട് മണിയായിക്കാണും ഉറങ്ങാന്‍ കിടന്നപ്പോള്‍. രാവിലെ ഉണര്‍ന്നപ്പോള്‍ ഭയങ്കരമായ ക്ഷീണം. അടിവയറില്‍ ഉത്സവം തുടങ്ങുന്നതിന്റെ മേളം. എന്തായാലും അണത്തുണി ആറായി മടക്കി ജട്ടിക്കടിയില്‍ ജാമ്യം കെട്ടിവെച്ചുകൊണ്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്. എല്ലാക്കാലത്തുമുള്ള അത്യാഗ്രഹിയായ സഹപാഠിക്കുവേണ്ടി രണ്ടാമത്തെ പുഴുങ്ങിയ മുട്ട ചോറില്‍ പൂഴ്ത്തുന്നത് കണ്ടപ്പോള്‍ അമ്മ ചിരിച്ചു. മുറ്റത്തെ പട്ടുറോസയില്‍നിന്നും പുലര്‍ച്ചെ വിടര്‍ന്ന പൂവ് പറിച്ച് സ്ലൈഡില്‍ തിരുകിവയ്ക്കുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിച്ചു: ''നനഞ്ഞ മുടിയുമായി സൈഡ് സീറ്റില്‍ ഇരിക്കരുത് കേട്ടോ.''

എന്നിട്ടും ഞാന്‍ സൈഡ് സീറ്റില്‍ത്തന്നെ ഇരുന്നു. അതാണ് രസം. കുറെ കയറ്റിറക്കങ്ങളും കൊടുംവളവുകളും ചപ്പാത്തുകളും കടന്നാണ് ബസ് പട്ടണത്തിലെത്തുന്നത്. ഇന്നത്തെപ്പോലെയല്ല, ഇതിനിടയില്‍ ഒരു ബസ്സെങ്ങാനും എതിരെ വന്നാലായി. റോഡിന് സമാന്തരമായി ഒരുവശത്ത് വയലും മറുവശത്ത് റബ്ബര്‍ത്തോട്ടവുമാണ്. രണ്ടിടവും പച്ചയുടെ ഉത്സവമാണ്. വയലില്‍ ചിലപ്പോള്‍ പറ്റത്തോടെ തത്തകള്‍ പറന്നടുക്കും. ആകാശത്ത് വിചിത്രമായ ഒരു വ്യൂഹം തീര്‍ത്ത് താഴുന്ന അവ അതേ വേഗത്തില്‍ പൊന്തിപ്പറന്നുയരുന്നത് കാണുമ്പോള്‍ ഉള്ളില്‍ ആനന്ദം ഉറവ പൊട്ടി ഭീമാകാരമായി വളര്‍ന്നുയരും.

അങ്ങനെ കാഴ്ചകള്‍ കണ്ട് സൈഡ് സീറ്റില്‍ ഇരിക്കവെ കാരണമില്ലാത്ത ഒരു വിഷാദം എന്നെ ചൂഴ്ന്നു. ശരീരം കെല്‍പ്പുകെട്ട് തളര്‍ന്നു. ഹൃദയത്തിന് ഭാരം വെച്ചു. കാഴ്ച കനം വെച്ചു. എന്തോ സംഭവിക്കാന്‍ പോകുന്നപോലെ. ഞാന്‍ ആറ് മടക്കിട്ട ജാമ്യത്തുണി പരതി. അതല്ല.
എന്നാല്‍, ആനന്ദത്തോളമെത്തുന്ന വിഷാദത്തിന്റെ ഉറവിടം മാത്രം എനിക്ക് തെളിഞ്ഞില്ല. ഞാന്‍ പുറത്തുനിന്നും കണ്ണ് പിന്‍വലിച്ച് ബസിനുള്ളില്‍ നോക്കി. എന്റെ തൊട്ടടുത്തുള്ള സീറ്റിലൊഴികെ എല്ലാത്തിലും ആളുകള്‍ ഇരിക്കുകയാണ്. ആരും ഒന്നും സംസാരിക്കുന്നില്ല. നിശ്ചല ചിത്രത്തിലെന്നപോലെ യാത്രക്കാര്‍. ഞാനും കൂടിച്ചേര്‍ന്ന ഒരു ചുവര്‍ചിത്രം. 

പെട്ടെന്ന്, മഞ്ഞപ്പൂമരം കാവല്‍നില്‍ക്കുന്ന ഒരു ചെറുകവലയില്‍ ബസ് നിന്നു. അകാരണമായ ആനന്ദവിഷാദം എന്നെ ഗാഢമായി ചൂഴ്ന്നു. അസംഖ്യം പച്ചത്തത്തകള്‍ ഒരു പത്മവ്യൂഹം തീര്‍ത്ത് എന്റെ അടിവയറിന്റെ ആഴത്തിലേക്ക് പറന്നുതാഴ്ന്നു. ഗന്ധമില്ലാത്ത മഞ്ഞപ്പൂക്കള്‍ നിശ്ശബ്ദമായി മണ്ണില്‍ ഒരു മെത്ത തീര്‍ത്തിരിക്കുകയാണ്. പെട്ടെന്ന് കണ്ടക്ടര്‍ ഇരട്ട ബെല്ലടിച്ചു.
അപ്പോഴാണ് അത് സംഭവിച്ചത്. ഇടവഴിയില്‍നിന്നും കൈകള്‍ ഉയര്‍ത്തി വീശിക്കാണിച്ചുകൊണ്ട് അതിവേഗത്തില്‍ ഒരു യുവാവ് ഓടിവരുന്നു. ഹാ! എന്തൊരൂര്‍ജ്ജമാണവന്! ആ നിമിഷം എന്റെയുള്ളില്‍ വിങ്ങിനിന്ന വിഷാദം അപ്രത്യക്ഷമായി. അടിവയറിലേക്ക് ആഴ്ന്നിറങ്ങിയ പച്ചത്തത്തകള്‍ പൂമ്പാറ്റകളായി പറന്ന് ഉടലാകെ ഉയര്‍ന്നുപൊങ്ങി. 

കറുപ്പ് നിറക്കാരന്‍. വടിവൊപ്പിച്ച് തേയ്ച്ച വസ്ത്രം. കറുത്ത പാന്റ്സില്‍ പൂമ്പൊടിപോലെ പറ്റിപ്പിടിച്ച മഞ്ഞ നിറം. ഉരച്ച് വൃത്തിയാക്കിയ ഹവായ് ചെരുപ്പ്. മരത്തില്‍നിന്നും ഒരു മഞ്ഞപ്പൂവ് ഇറുന്നുവന്ന് അവന്റെ തലമുടിയില്‍ വീണു. അപ്പോള്‍ അവന്റെ കണ്ണുകളെ ഞാന്‍ ശ്രദ്ധിച്ചു. ഭാവിയിലെ ഒരു ബിന്ദുവിലേക്ക് ലക്ഷ്യം വച്ചോടുന്ന തീവണ്ടിയുടെ നിശ്ചയദാര്‍ഢ്യം ഞാനവയില്‍ ദര്‍ശിച്ചു. സ്വയമറിയാതെ അവനിരിക്കാനായി ഞാന്‍ സീറ്റില്‍ ഒതുങ്ങിയിരുന്നു. മരച്ചുവട്ടില്‍ വന്ന് അവന്‍ നിശ്ചലമായപ്പോഴേക്കും ബസ് സാവധാനം ചലിച്ചു തുടങ്ങി. ആ നിമിഷത്തില്‍ എന്റെയും അവന്റെയും കണ്ണുകളിടഞ്ഞു.

നോക്കൂ, 
അവന്‍ അന്ന് ആ ബസില്‍ കയറിയിരുന്നുവെങ്കില്‍ ഒരുപക്ഷേ, എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു.
ആഹ്!

3.
വിദൂരസ്ഥമായ രണ്ട് നഗരങ്ങളില്‍ ഇരുന്ന് ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ആ രണ്ട് മനുഷ്യര്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. എന്നിട്ട് അവരവരുടെ വ്യവഹാരങ്ങള്‍ തീര്‍ക്കാനായി ദിവസത്തിലേക്കിറങ്ങി നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com