'മുത്തപ്പന്‍ ദൈവം'- അംബികാസുതന്‍ മാങ്ങാട് എഴുതിയ കഥ

ഒരു നായ്ക്കുട്ടിയാണ് കിങ്ങിണി. അമ്മയോടൊപ്പം അവള്‍ ചതുപ്പും പൊന്തക്കാടും നിറഞ്ഞ, മനുഷ്യരങ്ങനെ കടന്നുചെല്ലാത്ത ഒരിടത്താണ് ഒളിച്ചുതാമസിക്കുന്നത്
'മുത്തപ്പന്‍ ദൈവം'- അംബികാസുതന്‍ മാങ്ങാട് എഴുതിയ കഥ

''അമ്മേ...''
കിങ്ങിണി കരഞ്ഞു വിളിച്ചു.
നൂറാമത്തെ വിളിയാണ്. അമ്മയ്ക്കറിയാം വിളിക്കുന്നതെന്തിനാണെന്ന്. എന്നാലും അത്ഭുതവും ദേഷ്യവും കലര്‍ന്ന തുറിച്ചുനോട്ടത്തോടെ അമ്മ തല പൊന്തിച്ചു. 
''എന്തേ?''
''എനക്ക് വെശക്കുന്നൂ അമ്മേ.''

ഒരു നായ്ക്കുട്ടിയാണ് കിങ്ങിണി. അമ്മയോടൊപ്പം അവള്‍ ചതുപ്പും പൊന്തക്കാടും നിറഞ്ഞ, മനുഷ്യരങ്ങനെ കടന്നുചെല്ലാത്ത ഒരിടത്താണ് ഒളിച്ചുതാമസിക്കുന്നത്. പഞ്ചായത്ത് മുനിസിപ്പാലിറ്റിയാകുന്നതിനു മുന്‍പ് ഉണ്ടായിരുന്ന വില്ലേജ് ഓഫീസിന്റെ ഓടുമേഞ്ഞ് പഴകിയ കെട്ടിടം ആ ചതുപ്പിലേക്ക് പകുതിയിലേറെയും മൂക്കുകുത്തി വീണിരുന്നു. മീന്‍ചന്തയില്‍നിന്നും ഒഴുകിവരുന്ന കറുത്ത് കുറുകിയ മലിനജലം ചതുപ്പിലെപ്പോഴും ഇരുണ്ട രാത്രിയുടെ നിറവും ദുര്‍ഗന്ധവും പരത്തി. 
''അമ്മേ...''
കിങ്ങിണി അല്പം ശബ്ദമുയര്‍ത്തി. 
അമ്മ ചുറ്റും നോക്കി ഭയത്തോടെ പറഞ്ഞു:

''അയ്യോ, നീയിങ്ങനെ കൂറ്റെടുക്കല്ലേ. അപകടമാണ്. ഇത്രനേരം നീ വെശപ്പ് സഹിച്ചിരുന്നില്ലേ. കൊറച്ച് നേരം കൂടി നീ കാത്തിരിക്ക്. നമ്മുടെ മുത്തപ്പന്‍ നിനക്ക് തിന്നാന്‍ എന്തെങ്കിലും കൊണ്ടുവരാതിരിക്കീല. ഇല്ലേങ്കില് ഇരുട്ട് പരന്നോട്ട്. ഞാന്തന്നെ ചന്തേല് പോയി എന്തെങ്കിലും തപ്പിക്കൊണ്ട് വരാം.'' 
''ഞാനിപ്പൊ ചന്തേലോട്ട് ഒന്ന് പോയി നോക്കട്ടെ അമ്മേ? ഞാന്‍ കുഞ്ഞല്ലേ, എന്നെ ആരും ഉപദ്രവിക്കീല.''
''അയ്യോ! അത് വേണ്ട മോളേ. നമ്മുടെ കൂട്ടരെ മുഴുവന്‍ പിടിച്ചോണ്ട് പോയി കൊന്ന് കളഞ്ഞില്ലേ. നിന്നെ കണ്ടാല് അപകടമാണ്. കല്ലും വടിയുമായി ആള്‍ക്കാര് ഇങ്ങോട്ട് ഇരച്ചുവരും. പിന്നെ...''
അമ്മയുടെ കണ്ണുകളില്‍ തിളയ്ക്കുന്ന ഭയത്തിലേക്ക് നോക്കി കിങ്ങിണി ആരാഞ്ഞു. 

''എന്തിനാമ്മേ നായ്ക്കളെ മാത്രം ഇങ്ങനെ കൊല്ല്‌ന്നേ? മീന്‍ചന്തേല് എത്ര പൂച്ചകളും കൊച്ചകളും കാക്കകളുമൊക്കെയ്ണ്ട്. ഈടെ കാട്ട്‌പൊന്തകളില് എത്ര പാമ്പ്കളും കീരികളും കുണ്ടക്കോഴികളും ഇണ്ട്. എന്താമ്മേ നമ്മളോട് മാത്രം മനുഷ്യമ്മാരിക്കിത്ര വിരോധം?''
''എനിക്കറീല മോളേ. ഏതോ നാട്ടില് നായ്ക്കള് കൂട്ടം കൂടി മനുഷ്യരെ കടിച്ചുപറിച്ചിനോലും... അതാരിക്കും.''
''ഏത് നാട്ടിലാ അമ്മേ? അതോ എല്ലാ നാട്ടിലും നായ്ക്കള് കൂട്ടംകൂടി മനുഷ്യരെ കടിച്ച് പറിച്ചോ? ന്നിട്ട് ആരാങ്കിലും മരിച്ച് പോയാ?''
കിങ്ങിണി വിശപ്പ് മറന്ന് ചോദ്യങ്ങള്‍ തൊടുത്തപ്പോള്‍ അമ്മയ്ക്ക് ആശ്വാസം തോന്നി. മനസ്സില്‍ തോന്നിയ ഉത്തരങ്ങള്‍ അവള്‍ മിണ്ടിക്കൊണ്ടിരുന്നു. 

''ആരെങ്കിലും എവിടേങ്കിലും ചത്തോ എന്നൊന്നും എനക്കറീല മോളേ. ഉണ്ടാവാം. ഉണ്ടാവാണ്ടിരിക്കാം. പക്ഷേ, വെറ്‌തെ നായ്ക്കള് മനുഷ്യനെ കടിക്കീല. ന്തെങ്കിലും കാരണംണ്ടാവും. മനുഷ്യന്‍ മനുഷ്യനെ വെറ്‌തെ വെട്ടിക്കൊല്ല്ന്നത് പോലെ ന്തായാലും നായ്ക്കള് ചെയ്യേല.''
''എന്തിനാമ്മേ നായ്ക്കള് കൂട്ടംകൂട്‌ന്നേ? ഒറ്റക്കൊറ്റക്ക് നടന്നാപ്പോരേ? കൂട്ടംകൂട്മ്പഴല്ലേ പ്രശ്‌നംണ്ടാവ്‌ന്നേ?''
അത് പറഞ്ഞാ നെനക്ക് മനസ്സിലാവീല മോളേ. പണ്ട് പണ്ടത്തെ കാര്യാന്ന്.''
''അമ്മ പറയറോ. എനക്ക് തിരിയും.''
''സത്യാന്നോന്ന് എനക്കറീല. എന്റെ അമ്മമ്മ ഇതുപോലെ കുട്ടിക്കാലത്ത് എനക്ക് പറഞ്ഞ് തന്ന കഥയാന്ന്. പണ്ട് പണ്ട് കാലത്ത് നമ്മള് കാട്ടില് കഴിഞ്ഞ കൂട്ടരാത്രെ. പണ്ട് പണ്ട് എന്ന് പറഞ്ഞാല് വളരെപ്പണ്ട്. മനുഷ്യന്‍ കൃഷിപ്പണിയൊന്നും തൊടങ്ങീറ്റില്ലാത്ത കാലം. കാട്ട്മൃഗങ്ങളെ നായാടിപ്പിടിച്ച് ചൂട്ട് തിന്ന്ന്ന കാലം. കാട്ടിലുള്ള നമ്മ്‌ടെ പൂര്‍വ്വികരെ പിടികൂടി മനുഷ്യന്‍ ഇണക്കി വളര്‍ത്താന്‍ തൊടങ്ങി. ഒറ്റക്കൊറ്റക്ക്. ചിലപ്പോള്‍ രണ്ടും മൂന്നും. എന്നാലും ഒര് കൂട്ടമായിറ്റല്ല. എന്തിനാ വളര്‍ത്തുന്നെ? മനുഷ്യന്റെ കൂടെ കാട്ടിലേക്ക് പോയി ഉരുക്കളെ വേട്ടയാടി പിടിക്കാന്‍. അങ്ങനെയാ നമ്മ്‌ടെ പൂര്‍വ്വികര് മനുഷ്യന്റെ സഹജീവികളായത്. പിന്നെപ്പിന്നെ കൃഷിപ്പണിയൊക്കെയായപ്പോ വീട്ടുകാവലിനും സമ്പത്തായപ്പോ കള്ളമ്മാരെ പിടിക്കാനും നായ്ക്കള് അത്യാവശ്യമായി.''
''കൂട്ടംകൂടിയതെന്തിനാന്ന് അമ്മ പറഞ്ഞില്ല.''
''ഓ, അതോ, അത് നമ്മടെ കൂട്ടരെ ജന്മവാസനയല്ലേ മോളേ.''
ആശ്ചര്യത്തോടെ കിങ്ങിണി ചോദിച്ചു:
''അതെന്താമ്മേ ജന്മവാസന?''
''അത്, പണ്ട് നായ്ക്കള് കാട്ടില് ഒറ്റക്കല്ലല്ലോ കഴിഞ്ഞ്കൂടീത്. കൂട്ടംകൂട്ടമായിറ്റല്ലെ. അത് ചോരേല്ണ്ടാവും. അതാ ജന്മവാസന. മനുഷ്യര് നായ്ക്കളെ തെരുവിലേക്ക് ആട്ടി ഓടിച്ചില്ലേ. അപ്പൊ അവ ജന്മവാസനകൊണ്ട് കൂട്ടംകൂടി. അത്രതന്നെ. ജന്മവാസന അങ്ങനെ തൂത്താലും മായ്ച്ചാലും പോവാത്ത സാധനാ മോളേ. നിന്‍ക്ക് മനസ്സിലായോ?''
''മനസ്സിലായി അമ്മേ. പക്ഷേ, പൂച്ചേടെ കാര്യോ? അവരും പുറത്താക്കപ്പെട്ടവരല്ലേ. അവര് കൂട്ടംകൂടി മനുഷ്യരെ ആക്രമിക്കുന്നില്ലല്ലോ.''

കിങ്ങിണിയുടെ ചോദ്യത്തിന് മുന്നില്‍ അമ്മ കുഴങ്ങിപ്പോയി. പിന്നെ മനസ്സില്‍ തോന്നിയ ഉത്തരം പറഞ്ഞു: 
''അത്, പൂച്ച ചെറിയ ജീവ്യോളല്ലേ കിങ്ങിണീ. മനുഷ്യനെ ആക്രമിക്കാനൊക്കെ അതിന് പാങ്ങുണ്ടോ? മാത്രോല്ല, പൂച്ചകളെ മനുഷ്യന്‍ മെരുക്കി വീട്ടിനകത്താക്കിയത് എലിയോളെ പിടിക്കാനാ. കൃഷിക്കാര് വീട്ടിലെല്ലാം ധാന്യങ്ങള് സൂക്ഷിച്ചിവെച്ചിട്ട്ണ്ടാകും. രാത്രിയാമ്പള് എലിയോള് കൂട്ടത്തോടെ വന്ന് എല്ലാം തിന്നും. മനുഷ്യര് സമാധാനായിട്ട് ഒറങ്ങുമ്പോ വീട്ടിനകത്ത് പൂച്ചകളും പൊറത്ത് നായ്ക്കളും കാവലിരിക്കും. അങ്ങനാ ഇക്കണ്ട കാലമത്രയും മനുഷ്യന്‍ കഴിഞ്ഞ്കൂടീത്. പിന്നൊര് കാര്യം കൂടീണ്ട്. നായ്ക്കള്‍ക്ക് പരിശീലനം കൊട്ത്തപോലെ പൂച്ചകള്‍ക്ക് കൊട്ത്തിറ്റില്ലാല്ലോ. കൂടാണ്ട് പൂച്ചേടെ ജന്മവാസന ഒറ്റക്ക് നടക്കലാ.''
കിങ്ങിണിക്ക് സങ്കടം വന്നു. 

''എന്നിട്ടും എന്തിനാമ്മേ കാവല് നിന്ന നായ്ക്കളേം പൂച്ചകളേമെല്ലാം വീട്ടുകാര് തെരുവിലേക്ക് അടിച്ചോടിച്ചത്? നേരാംവണ്ണം പണി ചെയ്യാഞ്ഞിട്ടാ?''
അമ്മ വീണ്ടും കുഴങ്ങി. മുത്തപ്പന്‍ ഭക്ഷണവുമായി വരുന്നതിന്റെ കാലൊച്ച കേള്‍ക്കുന്നുണ്ടോ എന്ന് ചെവി കൂര്‍പ്പിച്ചു. ഇല്ല, ശബ്ദമൊന്നും കേള്‍ക്കാനില്ല. അല്പനേരം ചിന്തയില്‍ മുഴുകിയശേഷം അമ്മ നെടുവീര്‍പ്പോടെ പറഞ്ഞു: 

''അല്ല മോളേ. നായ്ക്കളെപ്പോലെ മനുഷ്യനോട് അത്രയധികം നന്ദി കാണിച്ച ജീവിവര്‍ഗ്ഗം വേറെ ഏതാ? തന്റെ യജമാനനെ കാണുമ്പോഴേക്കും വാലാട്ടിയും കുണുങ്ങിയും മേലേക്ക് പാഞ്ഞ് കേറിയും നക്കിത്തുടച്ചും നായ കാണിക്ക്ന്ന സ്‌നേഹം മറ്റേത് ജന്തുവാ മോളേ കാണിച്ചിട്ട്ള്ളത്? മനുഷ്യര് പോലും തമ്മാമ്മില് കാണിക്ക്ന്ന സ്‌നേഹത്തിന് പോലും ഉള്ള്ണ്ടാവീല. കാണ്മ്പോള്ള ഒര് കാട്ടിക്കൂട്ടല്. അത്രേള്ളു. പക്ഷേല് നായ്ക്കള്‌ടെ സ്‌നേഹത്തില് തുള്ളി കലര്‍പ്പുണ്ടായിര്ന്നില്ല മോളേ. ഇക്കണ്ട കാലമത്രയും മനുഷ്യര് സമാധാനായിറ്റ് വീട്ടിനകത്ത് കെടന്നുറങ്ങീത് മിറ്റത്ത് നായ്ക്കള് ഉണര്‍ന്ന് കിടന്നതോണ്ടാ.''
''എന്നിറ്റും പൊറത്താക്കീതെന്തിനാ?''
''എനിക്കതിന്റെ കാര്യം ശരിക്കറീല മോളേ. മനുഷ്യന് വല്യ സുകസൗകര്യങ്ങളൊക്കെ വന്നീലേ. അടച്ചുറപ്പുള്ള വീട്കളായി. കൃഷി അവന് വേണ്ടാണ്ടായി. പരിഷ്‌കാരമൊക്കെ വന്നപ്പള് നാടന്‍ നായ്ക്കള് ചേരാണ്ടായിട്ട്ണ്ടാവും. കയ്യിലാണെങ്കില് വേണ്ടത്ര പൈസേം. അങ്ങനാ വെലകൂടിയ നായ്ക്കളെ അന്യദേശത്ത്ന്നക്കെ വാങ്ങിച്ച് കൊണ്ട്വന്ന് വീട്ടിന്റുള്ളിലും പൊറത്തുമൊക്കെ പോറ്റാന്‍ തൊടങ്ങീത്. അലങ്കാരം കാണിക്കാനും പൊങ്ങച്ചം കാണിക്കാനും. അല്ലാണ്ടെന്താ?''
അത്ഭുതത്താല്‍ കിങ്ങിണിയുടെ വായ പിളര്‍ന്നുപോയി. അവള്‍ക്കത് വിശ്വസിക്കാനായില്ല. 

''അമ്മേ വീട്കളിലൊക്കെ വേറെ നായ്ക്കള്ണ്ട്ന്നാ അമ്മ പറേന്നെ?''
''ഇണ്ട് മോളേ. ഇവിടെ അട്ത്ത് ഒര് മാളിക വീട്ണ്ട്. നമ്മ്‌ടെ പൂര്‍വ്വികരൊക്കെ കഴിഞ്ഞുവന്ന വീടാ. ഒരീസം എന്റെ അമ്മമ്മ എന്നെ കൂട്ടീറ്റ് ആ വീട് കാണിക്കാന്‍ കൊണ്ട്‌പോയി. ഞാനപ്പൊ ചെറ്തായിര്ന്ന്. നിന്റത്രേള്ള്. അമ്മമ്മേനെ ആ വീട്ടീന്ന് ആട്ടിപ്പുറത്താക്കീതാത്രേ! പിന്നാമ്പുറത്തൂടെ ചെന്ന് അമ്മമ്മയ്‌ക്കൊപ്പം ഞാനും മതിലേല് പിടിച്ച് കേറി. പതുങ്ങിപ്പതുങ്ങി ചെന്ന് നോക്കിയപ്പോ ഞാന്‍ പേടിച്ച് വിറച്ചുപോയി. ഒര് ഭയങ്കര കായ്ച!''
''എന്താമ്മേ?''
ഭയത്തോടെ കിങ്ങിണി ചോദിച്ചു. 

''അത്, രണ്ട് വെല്യ നായ്ക്കള്! ഒത്ത കുതിരേടെ എകരമുണ്ട്. നാവൊക്കെ നീണ്ട്, കോമ്പല്ല് തുറിച്ച്.... കണ്ടാലാരും പേടിച്ചോവും. ദൂരെ ഏതോ നാട്ടീന്ന് വെല്യ കാശ് കൊട്ത്ത് കൊണ്ടന്നതാവും. വേലക്കാര് അതിനെ കുളിപ്പിക്ക്യാര്ന്ന്. അവറ്റ്യോളെ കൂട്ടിലാക്കീപ്പോ വീട്ടിന്റെ ഉള്ളീന്ന് വേറെ മൂന്നെണ്ണത്തിനെ മുറ്റത്തേക്ക് കൊണ്ടന്നു. മൂന്നു തരം ജീവികള്. ഒന്ന്  വെളുത്ത ചെമ്മരിയാട് പോലെ. പക്ഷേ, അതിലും കൂട്തല് രോമണ്ട്. നിലം മുട്ട്ന്ന രോമം. വേറൊന്നിന് കണ്ടാമൃഗത്തിന്റെ മുഖാ. കണ്ടാല് ഒര് ഭംഗീല്ല. വേറൊന്ന് ഒര് കരിങ്കുട്ടി. പെട്ടെന്ന് അമ്മമ്മ പറഞ്ഞു: വേലക്കാര് നമ്മള കണ്ടു മോളേ, ചാടിക്കോന്ന്. ഞാന് കണ്ണുംപൂട്ടി ഒറ്റ ചാട്ടം ചാടി അമ്മമ്മയ്‌ടെ പിന്നാലെ ഓടി. പിന്നെ ഒരിക്കലും ആ വഴിക്ക് ഞങ്ങള് പോയിറ്റില്ല.''
കിങ്ങിണി പറഞ്ഞു: 
''അമ്മേ, അതാ ഒര് ഒച്ച കേക്കുന്നു.''

അമ്മ ചെവി കൂര്‍പ്പിച്ചു. ശബ്ദം തിരിച്ചറിഞ്ഞു. ആഹ്ലാദത്തോടെ പറഞ്ഞു:
''നമ്മുടെ മുത്തപ്പന്‍ വര്ന്ന്ണ്ട് മോളേ. നിനക്ക് എന്തെങ്ക്ലും കൊണ്ട് വരാതിരിക്കീല.''
നാലഞ്ചുനിമിഷം കഴിഞ്ഞപ്പോള്‍ താടിയും തലമുടിയും നീട്ടിവളര്‍ത്തിയ, കാട്ടുമനുഷ്യനെപ്പോലെ തോന്നിച്ച വൃദ്ധനായൊരു മനുഷ്യന്‍ ധൃതിയില്‍ നടന്നു വന്നു. വാലാട്ടി, കുണുങ്ങിനിന്ന കിങ്ങിണിയോട് പറഞ്ഞു:
''ഞാനിന്ന് കുറച്ച് ദൂരത്തായിപ്പോയി കിങ്ങിണീ. അതാ വൈക്യേത്. നിനക്ക് നന്നായി വെശന്ന്ണ്ടാകും ല്ലേ?''
കിങ്ങിണി സന്തോഷത്തോടെ പറഞ്ഞു: 

''നല്ലോണം വെശന്നുപോയി മുത്തപ്പാ. ഈ അമ്മാണെങ്കില് എന്ന പൊറത്തേക്ക് വിടുന്നൂല്ലാ. ഹാ! നല്ല മണം വര്ന്ന്ണ്ടല്ലോ. എന്താ പൊതീല്?''
മുത്തപ്പന്‍ സംതൃപ്തിയോടെ പൊതിയഴിക്കാന്‍ തുടങ്ങി. 
''ഇന്ന് സ്പെഷലാണ്. ഒന്നാന്തരം ബിരിയാണി. ഒര് കല്യാണവീട്ടീന്നാ. പത്ത് നൂറ് പിച്ചക്കാര് വേറെം ഉണ്ടാര്ന്ന് ബാക്കിവന്ന ബിര്യാണിയൊക്കെ കുഴിച്ച് മൂട്‌ന്നേടത്ത്. പണിക്കാര് പാവങ്ങളായിര്ന്നു. എല്ലാരേം നിരത്തിയിരുത്തി വെളമ്പിക്കൊട്ത്തു. എനക്കും നല്ല വെശപ്പുണ്ടായിര്ന്നു. നിങ്ങള് രണ്ടാളും വെശന്നിരിക്കുന്നതോര്‍ത്തപ്പൊ എനക്ക് തിന്നാന്‍ തോന്നീല. വേഗം ഞാനിങ്ങോട്ട് നടന്നു.''
കിങ്ങിണിയുടെ അമ്മ പറഞ്ഞു:
''കൊറച്ച് കഴിച്ചിട്ട് നടന്നാ മത്യാര്ന്നു. വെശന്നിട്ട് നടക്ക്‌മ്പോ:''
''ഓ അത് സാരൂല്ല.''
ഇലപ്പൊതി തുറന്ന്വെച്ച് അയാള്‍ ഭക്ഷണം മൂന്നായി പകുത്തു. രുചിച്ചു നോക്കിയിട്ട് കിങ്ങിണി പറഞ്ഞു:
''അമ്മേ, എന്തൊര് രുചിയാണ്.''

മൂന്നു പേരും കഴിച്ചു തുടങ്ങി. അപ്പോഴാണ് രണ്ട് മൂന്ന് പേര്‍ അങ്ങോട്ട് പ്രവേശിച്ചത്. കെട്ടിടത്തിലേക്കും ചതുപ്പിലേക്കും ചൂണ്ടി പാന്റിട്ട മനുഷ്യന്‍ രണ്ട് പേര്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയാണ്. വൃദ്ധനെ കണ്ട് അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു:
''ഏ, പിച്ചക്കാരാ, നാളെ പൊലര്‌മ്പോ സ്ഥലം വിട്ടോണം. രാവിലെ ഇതൊക്കെ ഇടിച്ചു നിരത്താന്‍ ജെ.സി.ബി വരും. മനസ്സിലായോ?''
വൃദ്ധന്‍ തലയാട്ടി. 
മുണ്ട് മാടിക്കുത്തിയ ചെറുപ്പക്കാരന്‍ കുറച്ച് മുന്നോട്ട് വന്ന് പൊട്ടിച്ചിരിയോടെ കൂടെയുള്ളവരോട് പറഞ്ഞു: 
''ഇതാ ഇവിടെ ഒരു കാഴ്ച നോക്കിക്കേ. ഒരു ഇലയില്‍നിന്നും മൂന്നു പേര്‍ ചോറുണ്ണുന്നു. ഒരു മനുഷ്യനും രണ്ട് നായ്ക്കളും.''
രണ്ട് പേരും ഓടിവന്ന് കാഴ്ചയിലേക്ക് കണ്ണുകള്‍ തുറിപ്പിച്ച് പൊട്ടിച്ചിരിയില്‍ പങ്കുചേര്‍ന്നു. 
അവര്‍ പോയപ്പോള്‍ കിങ്ങിണിയുടെ അമ്മ പറഞ്ഞു:
''അവര് വര്‌മ്പോ ഞങ്ങള് ഒളിക്കണാര്ന്നു അല്ലേ. പെട്ടെന്ന് അങ്ങനെ തോന്നീല. കഷ്ടായി. അവര് നമ്മളെ കണ്ടല്ലോ. ഇനി...''
മുത്തപ്പന്‍ സമാധാനിപ്പിച്ചു. 
''ഓ, സാരമില്ലെന്നേ. പേടിക്കാതിരിക്ക്.''
ഭക്ഷണത്തിനുശേഷം പതിവ്‌പോലെ വൃദ്ധന്‍ മാറാപ്പില്‍നിന്നും കീറിപ്പറിഞ്ഞ കമ്പിളിയെടുത്ത് നിലത്ത് വിരിച്ചു. 

''വാ, മക്കളെ നമുക്ക് കിടക്കാം.''
വൃദ്ധനെ മുട്ടിയുരുമ്മി കിങ്ങിണി കിടന്നു. അല്പനേരത്തിനുള്ളില്‍ അവള്‍ ഉറങ്ങിപ്പോയി. പക്ഷേ, കിടന്നെങ്കിലും കിങ്ങിണിയുടെ അമ്മയ്ക്ക് ഉറക്കമേ വന്നില്ല. അവള്‍ ചോദിച്ചു:
''നാളെ നമ്മള്‍ എന്ത്‌ചെയ്യും? എവിടെ പോയി ഒളിക്കും?''
വൃദ്ധന്‍ പറഞ്ഞു:
''എവിടേങ്കിലും പോയേ പറ്റൂ. നിങ്ങളെ കണ്ടാല് മനുഷ്യര് ബാക്കിവെച്ചേക്കില്ല. ഈ നഗരസഭയ്ക്ക് രണ്ടീസം മുന്‍പ് അവാര്‍ഡ് കിട്ടീതാ. തെര്വ് പട്ടികളില്ലാത്ത ആദ്യത്തെ നഗരസഭായാത്രെ ഈ കാരിക്കാട്ടില്‍ നഗരസഭ. പത്രത്തിലൊക്കെണ്ടാര്ന്നു.''
അവള്‍ ചോദിച്ചു:
''നമ്മളെങ്ങോട്ട് പോകും?''
വൃദ്ധന്‍ മിണ്ടിയില്ല. കുറച്ചു നേരം കഴിഞ്ഞ് അയാള്‍ മിണ്ടി:
''നമ്മളെങ്ങോട്ട് പോകും?''
അവള്‍ മിണ്ടിയില്ല. ഒരു വഴിയും തെളിയുന്നില്ല. പെട്ടെന്നൊരാശയം തോന്നി.
''മുത്തപ്പന്റെ നാട് ഏട്യാ? നമ്മക്ക് ആട പോയാലോ? ആട നമ്മക്ക് രക്ഷ കിട്ടീലേ?''
വൃദ്ധന്‍ ഇരുട്ടില്‍ ചിരിച്ചു. തലമുടിയിലേക്ക് കയറിയ പ്രാണിയെ തപ്പിയെടുത്ത് വേദനിപ്പിക്കാതെ ദൂരേക്കെറിഞ്ഞ് വൃദ്ധന്‍ പറഞ്ഞു: 

''എന്ത് നാട് മോളേ. ആ നാട്ടിന്റെ പേരേ എനക്കോര്‍മ്മയില്ലാ. ഒര് നല്ല ഓര്‍മ്മയും നാട്ടിനെക്കുറിച്ച് പറയാനില്ല. അമ്മേന കണ്ട ഓര്‍മ്മയും ഇല്ല. ഓര്‍മ്മവര്‌മ്പോ അപ്പന്റെ കൂടെ വീപ്പക്കുറ്റിപോലെ തടിച്ച ഒരു സ്ത്രീയ്ണ്ടായിര്ന്ന്. കല്യാണം കഴിഞ്ഞതാണോന്നും എനക്കറീല്ല. ഓളെപ്പഴും ന്നെ നായീന്റെ മോനേന്നേ വിളിക്കൂ. അപ്പനും എന്ന അങ്ങനെയാ വിളിച്ചിര്‌ന്നേ. എന്റ പേര് ഒരിക്കലും വിളിച്ചില്ല. നാട്ടാരും അങ്ങനെ വിളിക്കാന്‍ തുടങ്ങി. പിന്നെ എന്റെ പേര് ഞാനന്നെ മറന്നോയി. ആ പെണ്ണ്ങ്ങളെ ഉപദ്രവം സഹിക്കാണ്ടായപ്പോ ഞാന്‍ ആ വീട്ടീന്ന് ഒളിച്ചോടി. പിന്നെ ഓരോ നാട് ചുറ്റി ഒടുക്കം ഈടെത്തി. ഞാനേടാ നിങ്ങളെ കൊണ്ട് പോണ്ട്?''
''നാളെ...''
''നമ്മളെ ജീവിതത്തില് നാളേന്നൊരു വാക്ക് ഇല്ല മോളെ. ഇന്ന് കയിഞ്ഞാലല്ലേ നാളെ ണ്ടാവൂ.''
പിന്നെ കുറേ നേരത്തേക്ക് ആരും മിണ്ടാതായി. പെട്ടെന്ന് മിന്നല്‍പോലെയുണ്ടായ ഒരോര്‍മ്മയില്‍ തൊട്ട് അവള്‍ പ്രതീക്ഷയോടെ ചോദിച്ചു: 
''എന്റെ അമ്മമ്മ ഒരിക്കെ പറഞ്ഞിന്. നായ്ക്കളെ സ്‌നേഹിച്ച് പരിരക്ഷിക്ക്ന്ന ഒര് ദൈവം ഏട്യോ ഉണ്ടെന്ന്. ഞാന്‍ മറന്നോയി. മുത്തപ്പനറിയോ ആ സ്ഥലം?''
വൃദ്ധന്‍ പെട്ടെന്ന് ഉത്സുകനായി.

''ഓ, ഒണ്ട് മോളേ. മുത്തപ്പന്‍ ദൈവം. മുത്തപ്പന്റെ മടപ്പുരയിലേക്ക് രണ്ട് മൂന്നീസത്തെ നടത്തണ്ട്. പണ്ടൊരിക്കെ നാലീസം ഞാനാട താമസിച്ചിറ്റ്ണ്ട്. സമയാസമയം ചോറ് കിട്ടും. ആട നെറയെ നായ്ക്കള്ണ്ട്. ആരും നിങ്ങളെ കൊല്ലീല. ഒരൊറക്കം ഒറങ്ങീറ്റ് നമ്മക്ക് എണീറ്റ് നടക്കാം. ന്തേ?''
''ഓ'' സന്തോഷത്തോടെ അവള്‍ മൂളി. കണ്ണടയ്ക്കുന്നേരം അവള്‍ പ്രാര്‍ത്ഥിച്ചു: ''മുത്തപ്പന്‍ ദൈവേ, ഞങ്ങളെ മൂന്നിനേം കാത്തോളണേ.''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com