'അവസാനത്തെ മനുഷ്യന്‍'- സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ 

ഭൂമി അദൃശ്യമായ ഒരു ചിലന്തിവലയില്‍ കുരുങ്ങിയിരിക്കുകയാണെന്ന് ആര്‍ഹതന് പലപ്പോഴും തോന്നിയിരുന്നു
'അവസാനത്തെ മനുഷ്യന്‍'- സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ 

ഭൂമി അദൃശ്യമായ ഒരു ചിലന്തിവലയില്‍ കുരുങ്ങിയിരിക്കുകയാണെന്ന് ആര്‍ഹതന് പലപ്പോഴും തോന്നിയിരുന്നു. അക്ഷാംശങ്ങളിലും രേഖാംശങ്ങളിലും തുടങ്ങി, വന്‍കരകളായും സാമ്രാജ്യങ്ങളായും സംസ്ഥാനങ്ങളായും ജില്ലകളായും ഒടുക്കം അവനവന്റെ വീട്ടുപറമ്പുകളായും ഭൂമിയെ വിഭജിക്കുന്ന അദൃശ്യമായ രേഖകള്‍കൊണ്ടാണ് അതിസൂക്ഷ്മമായ ആ വല നെയ്‌തെടുത്തിരിക്കുന്നത്. ക്രമമായും ചിലയിടത്ത് അക്രമമായിട്ടുമാണ് ആ രേഖകളുടെ കിടപ്പ്. ചിലര്‍ ആ രേഖകളുടെ വ്യാപ്തി വിസ്തൃതമാക്കുമ്പോള്‍, മറ്റുചിലര്‍ തങ്ങളുടെ ചുരുങ്ങിവരുന്ന അതിരുകള്‍ക്കകത്ത് കൂടുതല്‍ കൂടുതല്‍ ഞെരുങ്ങിയമരാന്‍ നിര്‍ബ്ബന്ധിതരാകുന്നു. എങ്ങനെയായാലും തങ്ങള്‍ നിര്‍മ്മിച്ച വലയ്ക്കകത്തുനിന്നുകൊണ്ട് ഓരോരുത്തരും അതില്‍ കുരുങ്ങിയ ഇരയെ തങ്ങളെക്കൊണ്ടാവുംവിധം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ വല നെയ്‌തെടുത്ത ചിലന്തികള്‍ താനടങ്ങുന്ന മനുഷ്യകുലമാണെന്നതില്‍ ആര്‍ഹതന് അങ്ങേയറ്റം ഖേദവും അപമാനവുമൊക്കെ തോന്നിയിരുന്നു.

ഇത്തരം വിചിത്രമായ ചിന്തകളും അസംബന്ധമെന്ന് ആളുകള്‍ പറഞ്ഞുനടക്കുന്ന ആശയങ്ങളും പ്രവൃത്തികളും ഉള്ളത് കാരണം മുപ്പത് വയസ്സായപ്പോഴേയ്ക്കും ആര്‍ഹതന്‍ പൊതുസമൂഹത്തില്‍നിന്നു തിരസ്‌കരിക്കപ്പെടുകയോ ആട്ടിയകറ്റപ്പെടുകയോ ചെയ്തിരുന്നു. പല കാര്യങ്ങളിലും തികഞ്ഞ പ്രതിഷേധം വെച്ചുപുലര്‍ത്തിയിരുന്ന അയാള്‍, അക്കാര്യങ്ങളെപ്പറ്റി ആളുകളോട് അങ്ങേയറ്റം തര്‍ക്കിക്കാനും തന്റെ വാദമുഖങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാനും തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ മാറ്റിവെച്ചിരുന്നു. ആളുകള്‍ അയാള്‍ പറയുന്നത് അക്ഷമയോടെ കേട്ടിരുന്ന്, അവസാനം അതിനുള്ള പ്രതിവിധിയെന്തെന്ന് ഒട്ടും താല്പര്യമില്ലാതെ ചോദിക്കും. എന്ത് കാര്യത്തിനായാലും ആര്‍ഹതന്‍ പറയുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ കേള്‍ക്കാനോ അംഗീകരിക്കാനോ ഒട്ടും താല്പര്യമില്ലെങ്കിലും അത്രനേരം അവര്‍ പറഞ്ഞതിനെയെല്ലാം പൊളിച്ചടുക്കിയ അയാളുടെ വാക്സാമര്‍ത്ഥ്യത്തില്‍ അപമാനിതരായതു കൊണ്ട് അയാളുടെ ചെറിയൊരു വീഴ്ചപോലും ആഘോഷിക്കാമന്ന് കരുതിയാണ് അവര്‍ അയാളുടെ അതിഭയങ്കരമായ പ്രതിവിധി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കാറ്. അവര്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ബദല്‍മാര്‍ഗ്ഗങ്ങളാവും പലപ്പോഴും അയാള്‍ക്ക് പറയാനുണ്ടാവുക. സ്വാഭാവികമായും അതു കേള്‍ക്കുമ്പോള്‍ ആളുകള്‍ മഹാവിഡ്ഢിത്തം കേട്ടിട്ടെന്നപോലെ പൊട്ടിച്ചിരിക്കുകയും ഇതാണോ ഇത്ര വലിയ കാര്യം എന്ന മട്ടില്‍ അതൊക്കെ പുച്ഛിച്ചു തള്ളുകയും ചെയ്യും.

ആര്‍ഹതന്‍ ഏതെങ്കിലം പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയോട് ചായ്വോ രാഷ്ട്രീയത്തോട് തീര്‍ത്തും വിമുഖതയോ കാണിച്ചിരുന്നില്ല. അയാള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന കാര്യം നാട്ടുകാര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയാവാറുള്ളതാണ്. ആര്‍ഹതന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാത്ത ഒരു പാര്‍ട്ടിയും ഇല്ലാത്തതുകൊണ്ട് അത്തരം ചര്‍ച്ചകള്‍ സാധാരണയായി ഉത്തരം കിട്ടാതെ അവസാനിക്കുകയോ അല്ലെങ്കില്‍ അയാളെ പരിഹസിക്കാനുള്ള മറ്റു ചര്‍ച്ചകളിലേയ്ക്ക് വഴിമാറി പോവുകയോ ചെയ്യാറാണ് പതിവ്. അത്തരമൊരു ചര്‍ച്ചയ്ക്കിടയില്‍ ഒരിക്കല്‍ ആളുകള്‍ അയാളോട് ചോദിച്ചു:
''ശരിക്കും നിന്റെ നെലപാടെന്താണ്?''

പരസ്പരവിരുദ്ധമായ നിലപാടുകളും ആശയങ്ങളും വെച്ചുപുലര്‍ത്തിയിരുന്ന അവര്‍ ആര്‍ഹതനോടുള്ള ഇത്തരം ചോദ്യങ്ങളില്‍ മാത്രം അപൂര്‍ണ്ണങ്ങളില്‍ അപൂര്‍ണ്ണമായ ഒരു ഒത്തൊരുമ ഉണ്ടാവാറുണ്ടായിരുന്നു. ഒരു നിമിഷംപോലും ആലോചിക്കാതെ ആര്‍ഹതന്‍ മറുപടി പറഞ്ഞു:
''ഞാന്‍ പരിസ്ഥിതി ധ്വംസകര്‍ക്കും ഫാസിസ്റ്റുകള്‍ക്കും എതിരാണ്.''
അത്രവലിയ വാക്കുകള്‍ മുന്‍പ് കേട്ടിട്ടില്ലാത്ത അവര്‍ അയാളെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് അവിടെനിന്ന് ആട്ടിയോടിച്ചു. കായികമായിട്ടാണെങ്കിലും അയാളെ തുരത്താന്‍ കഴിഞ്ഞതിലൂടെ ചെറുതായൊരു വിപ്ലവം നയിച്ചതിന്റെ ചാരിതാര്‍ത്ഥ്യം അവര്‍ക്കനുഭവപ്പെടുകയും ചെയ്തു.

ഒരിക്കല്‍ പുഴയോരം ഇടിഞ്ഞുപോവുന്നതിനെപ്പറ്റി നാട്ടുകാര്‍ക്കിടയില്‍ ഒരു ചര്‍ച്ചയുണ്ടായി. കരിങ്കല്ലുകൊണ്ട് കെട്ടിയ ഭിത്തി എന്നേ തകര്‍ന്നതും അത് പുതുക്കിപ്പണിയാത്ത അധികാരികളുടെ കുറ്റകരമായ അനാസ്ഥയെപ്പറ്റിയുമൊക്കെ ആളുകള്‍ അമര്‍ഷത്തോടെ പറഞ്ഞുകൊണ്ടിരുന്നു. എപ്പഴത്തേയുംപോലെ തികച്ചും വ്യത്യസ്തമായ അഭിപ്രായമായിരുന്നു ആര്‍ഹതന് ഇക്കാര്യത്തിലും. കരിങ്കല്ലുകൊണ്ട് ഭിത്തികെട്ടുന്നത് കാര്യമായ പ്രയോജനം ചെയ്യില്ലെന്നു മാത്രമല്ല, അത്രയും കല്ലെടുക്കുന്നതു മൂലം ഒരു പ്രദേശം തന്നെ ഇല്ലാതായിത്തീരുമെന്നും വരും തലമുറയ്ക്ക് ഇവിടുത്തെ ജീവിതം അപകടവും ഏറെക്കുറേ അസാദ്ധ്യമായി തീരുമെന്നും അയാള്‍ വിഷാദത്തോടെ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആളുകള്‍ പതിവ് പുച്ഛത്തോടെ ചോദിച്ചു:

''പിന്നെന്ത് ചെയ്യണംന്നാ നീ പറയണത്?''
''പുഴയോരത്ത് കണ്ടലുകള്‍ വെച്ചുപിടിപ്പിക്കണം'' - ആര്‍ഹതന്‍ പറഞ്ഞു. ഒപ്പം കണ്ടലുകള്‍ക്കായ്, കണ്ടലുകള്‍ക്കിടയില്‍ ജീവിച്ച ഒരു മനുഷ്യന്റെ കഥ അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. മുന്‍പ് പുഴയോരത്ത് അവശേഷിച്ച കണ്ടലുകള്‍ വെട്ടിമാറ്റാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ആര്‍ഹതന്‍ അവരെ തടഞ്ഞിരുന്നു. കണ്ടല്‍ക്കാടുകള്‍കൊണ്ട് മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കുമുള്ള നേട്ടങ്ങളും അത് നശിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റിയുമൊക്കെ അയാള്‍ കാട് വെട്ടാന്‍ വന്നവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. പക്ഷേ, അതൊന്നും കേള്‍ക്കാനുള്ള ക്ഷമയോ അത്രയധികം കടന്നു ചിന്തിക്കേണ്ട ആവശ്യകതയോ അവര്‍ക്കില്ലായിരുന്നു. അവര്‍ ആര്‍ഹതനെ തീര്‍ത്തും അവഗണിച്ച് വീണ്ടും കാട് വെട്ടാനാരംഭിച്ചു. വലിയൊരു ആര്‍ത്തനാദത്തോടെ ആര്‍ഹതന്‍ കണ്ടലുകള്‍ക്കുമേലെ വീണു. അയാളുടെ പ്രവൃത്തിയില്‍ അമ്പരന്നുപോയ അവര്‍ അയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ കണ്ടലുകളെ മുറുകെപ്പിടിച്ചുകൊണ്ട് അങ്ങനെ തന്നെ കിടന്നു. കുറേ നേരം നീണ്ട അവരുടെ ബലാബല ശ്രമങ്ങള്‍ ആര്‍ഹതന്റെ ചെറുവിരലിലൊന്ന് അറ്റുവീണതോടെ അവസാനിച്ചു. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ചതായിരുന്നു അത്. ആ സംഭവം പിന്നെ പൊലീസ് കേസും മറ്റുമൊക്കെയായി വലിയ സംസാരങ്ങള്‍ക്കു വഴിവെച്ചു. ആര്‍ഹതന്‍ പക്ഷേ, വിരലറ്റുപോയതിനു പരാതിയൊന്നുമില്ലെന്നു സ്റ്റേഷനില്‍ പോയി എഴുതിക്കൊടുത്തു. എന്തായാലും ആ കണ്ടലുകളുടെമേല്‍ പിന്നെയാരും കൈവെച്ചില്ല. മഹാപ്രളയത്തിനുശേഷവും കാര്യമായ കോട്ടമൊന്നും തട്ടാതെ നിന്നത് ആ തുരുത്ത് മാത്രമായിരുന്നു. ചെറുവിരല്‍ നഷ്ടപ്പെട്ട കാര്യം ആരെങ്കിലും സൂചിപ്പിച്ചാല്‍ 'ഒരു വിരല് പോയാലും കണ്ടല് രക്ഷപ്പെട്ടില്ലേ' എന്നയാള്‍ നിസ്സാരമായി മറുപടി പറയും. അയാള്‍ ചോരചിന്തി രക്ഷിച്ചെടുത്ത ആ ചെറിയ തുരുത്തില്‍ കുറുക്കന്മാരും നീര്‍നായ്ക്കളും പാമ്പുകളുമൊക്കെ അന്യോന്യം മത്സരിക്കാതേയും കലഹിക്കാതേയും പ്രകൃതിക്കു കീഴ്പെട്ട് വസിച്ചുവരുന്നു.
അന്നത്തെ സംഭവങ്ങളുടെ ഓര്‍മ്മയില്‍ തന്റെ മുന്നില്‍ത്തന്നെ പരിഹസിക്കാനിരിക്കുന്ന ആളുകളോട് ആര്‍ഹതന്‍ പറഞ്ഞു:

''വിചാരിച്ചാ നമ്മക്കും നട്ടുപിടിപ്പിക്കാം.''
അതു പറയുമ്പോളയാള്‍ അറ്റുപോയ ചെറുവിരലിന്റെ ശൂന്യതയില്‍ പതിയെ തലോടുന്നുണ്ടായിരുന്നു.
''അതൊന്നും നടക്കണ കാര്യമല്ല. എല്ലാവര്‍ക്കും നിന്നെപ്പോലത്തെ പ്രാന്തില്ല'' - അതായിരുന്നു അവരുടെ മറുപടി.

ആര്‍ഹതന്‍ പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആളുകള്‍ എന്തു പറയുന്നു എന്നതിലൊന്നും അയാള്‍ ശ്രദ്ധിച്ചതേയില്ലായിരുന്നു. അന്നത്തെ സംസാരത്തിനുശേഷം അയാള്‍ പുഴയോരത്ത് കണ്ടലുകള്‍ വെച്ചുപിടിപ്പിക്കാനുള്ള ദൗത്യം സ്വയമേറ്റെടുത്തു. ജോലി കഴിഞ്ഞുള്ള ബാക്കി സമയം അയാള്‍ കണ്ടലുകള്‍ വെച്ചുപിടിപ്പിക്കാനായി മാറ്റിവെച്ചു. ഓരോ ദിവസവും അയാള്‍ നട്ടുപിടിപ്പിച്ച കണ്ടലുകള്‍ രാത്രിയില്‍ ആരൊക്കെയോ പിഴുതെറിഞ്ഞിട്ടും ആരോടും പരാതി പറയാതെ അയാള്‍ വീണ്ടും വീണ്ടും അതെല്ലാം നട്ടുപിടിപ്പിച്ചുകൊണ്ടേയിരുന്നു.

ആര്‍ഹതന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം, നാട്ടുകാര്‍ അയാള്‍ക്ക് പലതരം പേരുകള്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. പ്രാന്തന്‍, വക്കീല്‍, തുഗ്ലക്ക്, പിന്തിരിപ്പന്‍ എന്നതൊക്കെ അതില്‍ ചിലതായിരുന്നു. അതില്‍ ആദ്യത്തേത് മാത്രം അയാളുടെ പേരിനു മുന്നില്‍ സ്ഥിരമായി പതിഞ്ഞു: 'പ്രാന്തന്‍.' ബാക്കിയുള്ളതൊക്കെ കാലാകാലങ്ങളില്‍ മാഞ്ഞുപോവുകയോ തല്‍സ്ഥാനത്ത് വേറെ ചിലത് പതിക്കപ്പെടുകയോ ചെയ്തു. മാത്രമല്ല, അയാള്‍പോലുമറിയാതെ ചില ശത്രുക്കള്‍ അയാള്‍ക്കുണ്ടാവുകയും ചെയ്തു.

അവിടെ അത്യാവശ്യം അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംഘടനയിലെ അംഗമായിരുന്നു അയാള്‍. അയാള്‍ പറയുന്ന കാര്യങ്ങള്‍ കുറച്ചെങ്കിലും ക്ഷമയോടെ കേട്ടിരുന്നവര്‍ ആ സംഘടനയിലുള്ളവര്‍ മാത്രമായിരുന്നു. അയാളുടെ പല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവരിലും ചിരിയുണര്‍ത്തിയിരുന്നുവെങ്കിലും അതവര്‍ പുറത്തു കാണിച്ചിരുന്നില്ല. യോഗം പിരിഞ്ഞതിനുശേഷം അയാള്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റി രഹസ്യമായി അയാളെ കളിയാക്കുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപേക്ഷിക്കുന്നതിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അവര്‍ ഒരു യോഗം ചേര്‍ന്നു. കടകളില്‍ പോയി പ്ലാസ്റ്റിക് കവറുകള്‍ ഉപേക്ഷിക്കാന്‍ കടക്കാരെ നിര്‍ബ്ബന്ധിക്കണമെന്നും വീടുകളില്‍ പോയി ഓരോരുത്തരോടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ പറഞ്ഞ് മനസ്സിലാക്കണമെന്നും ജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്നും ഒക്കെയുള്ള അഭിപ്രായങ്ങള്‍ വന്നു. പഴയകാലത്തേതുപോലെ സഞ്ചിയുമായി കടയില്‍ പോകാന്‍ ആളുകളെ ശീലിപ്പിക്കണം എന്ന നിര്‍ദ്ദേശമായിരുന്നു ആര്‍ഹതന്‍ മുന്നോട്ട് വെച്ചത്. അത് പറയുമ്പോള്‍ തന്റെ ചെറുപ്പത്തില്‍ രാത്രി പണികഴിഞ്ഞുവരുന്ന നേരത്ത് അച്ഛന്‍ തോര്‍ത്തു മുണ്ടില്‍ സാധനങ്ങള്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവരാറുള്ള കാര്യം അയാള്‍ സൂചിപ്പിച്ചു. വേണ്ടിവന്നാല്‍ താനും അതിനൊരുക്കമാണ് എന്നുകൂടി അയാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. യോഗത്തിലുണ്ടായിരുന്നവര്‍ ചിരിച്ചു തള്ളിയെങ്കിലും പിറ്റേ ദിവസം അങ്ങാടിയില്‍നിന്നു പച്ചക്കറി വാങ്ങുമ്പോള്‍ അതെല്ലാം കവറിലിടാന്‍ നോക്കിയ കടക്കാരനെ തടഞ്ഞുകൊണ്ടയാള്‍ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി സുദീര്‍ഘമായി ഒരു പ്രഭാഷണം തന്നെ നടത്തി. കടക്കാരന്‍ അതെല്ലാം കേട്ടതിനുശേഷം പച്ചക്കറികള്‍ പിന്നെങ്ങനെ വീട്ടില്‍ കൊണ്ടുപോകുമെന്നു ചോദിച്ചു. അപ്പോള്‍ അയാളെ അമ്പരപ്പിച്ചുകൊണ്ട് ആര്‍ഹതന്‍ അതെല്ലാം തോര്‍ത്തില്‍ പൊതിഞ്ഞു കെട്ടാന്‍ തുടങ്ങി. തന്നെ അത്ഭുതപ്പെട്ട് നോക്കിനില്‍ക്കുന്ന കടക്കാരനെ ശ്രദ്ധിക്കാതെ ആ ഭാണ്ഡവും തലയിലേറ്റി അയാള്‍ ആള്‍ക്കൂട്ടത്തിലൂടെ നടന്നു. ചുറ്റുമുള്ളവരുടെ മുഖത്തെ അവജ്ഞ അയാളെ തെല്ലുമലട്ടിയില്ലെന്നു മാത്രമല്ല, താന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ തെല്ലൊരഭിമാനം തോന്നുകയും ചെയ്തു അയാള്‍ക്ക്.

പക്ഷേ, ആ സംഭവം അയാളുടെ ഭാര്യ യശോധരയ്ക്ക് വല്ലാത്ത നാണക്കേടാണുണ്ടാക്കിയത്. നാട്ടുകാര്‍ക്കിടയില്‍ അയാളൊരു കോമാളിയെപ്പോലെയാണെന്നും പലയിടത്തുനിന്നും അയാള്‍ ആട്ടിയകറ്റപ്പെടുന്നുണ്ടെന്നും അവളും അറിയുന്നുണ്ടായിരുന്നു. തന്റെ സങ്കല്പത്തിലുള്ള ഭര്‍ത്താവല്ല അയാളെന്ന് പലപ്പോഴും അവള്‍ക്ക് തോന്നിയിട്ടുണ്ട്. അയാളെ ഉപേക്ഷിച്ച് പോകണമെന്ന് പലവട്ടം അവള്‍ കരുതിയിരുന്നു. പക്ഷേ, അയാളുടെ കൂടെയാകുമ്പോള്‍ അനുഭവിക്കുന്ന അതിരില്ലാത്ത സ്വാതന്ത്ര്യവും സമാധാനവും കാരണം അവള്‍ അതെല്ലാം സഹിക്കുകയായിരുന്നു. പക്ഷേ, പച്ചക്കറികള്‍ തോര്‍ത്തില്‍ പൊതിഞ്ഞുകെട്ടി, അതും തലയിലേറ്റിയുള്ള വരവ് അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയല്‍പക്കത്തുള്ള പെണ്ണുങ്ങള്‍ അയാളുടെ വരവുകണ്ട് അടക്കം പറഞ്ഞു ചിരിച്ചു. അതുകൂടി കണ്ടപ്പോള്‍ നിലം കുലുക്കിക്കൊണ്ടവള്‍ അകത്തേയ്ക്ക് പോയി. ആ ദിവസം മുഴുവന്‍ അവള്‍ അയാളെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. അത്രകാലം അടക്കിവെച്ചതെല്ലാം അവള്‍ അയാളുടെമേല്‍ കൊട്ടി. അയാളതെല്ലാം കേട്ട് ഒന്നും പ്രതികരിക്കാതെ നിശ്ശബ്ദനായിരുന്നു. അത്രയൊക്കെ പറഞ്ഞിട്ടും അയാള്‍ മിണ്ടാതിരിക്കുന്നത് കണ്ടപ്പോള്‍ അവളുടെ കലി കൂടുകയാണ് ചെയ്തത്. അവള്‍ അവസാനമായി അയാളോട് ഇങ്ങനെ മുരണ്ടു:

''നിങ്ങക്കെന്താ മന്ഷന്മാരെപ്പോലെ നടന്നാല്?''
അന്നു രാത്രി ആര്‍ഹതന് ഉറക്കം വന്നതേയില്ല. വര്‍ഷങ്ങളായി അടക്കിവെച്ചതെല്ലാം അയാള്‍ക്കുമേല്‍ പെയ്തു തീര്‍ത്തതിന്റെ സംതൃപ്തിയോടെ യശോധര പുറംതിരിഞ്ഞു കിടന്ന് സുഖമായുറങ്ങി. ആ കിടപ്പ് കണ്ടപ്പോള്‍ ആര്‍ഹതന് അവളോട് വല്ലാത്ത അലിവു തോന്നി. ഒപ്പം അവളുടെ ചോദ്യം ഉള്ളില്‍ കിടന്നു വല്ലാതെ വിങ്ങുകയും ചെയ്തു. മാനുഷികമല്ലാത്തതെന്തെങ്കിലും തന്നിലുണ്ടോ എന്നയാള്‍ തിരഞ്ഞു. രാത്രിയുടെ മൂന്നാംയാമത്തിലെപ്പോഴോ അങ്ങനെയെന്തോ ഒന്ന് തന്നിലുള്ളതായ് അയാള്‍ തിരിച്ചറിഞ്ഞു. പക്ഷേ, അപ്പോഴും തന്റെ പാപമെന്താണെന്ന് എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കണ്ടുപിടിക്കാനായില്ല. ആ രാത്രി മുഴുവന്‍ മാനുഷികതയും അമാനുഷികതയും അയാളുടെ ഉള്ളില്‍ കിടന്ന് പരസ്പരം വടംവലി തുടങ്ങി. അതിലകപ്പെട്ട് അയാള്‍ വല്ലാതെ ഉലഞ്ഞുപോയി.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ യശോധരയുടെ പിണക്കം താനെ മാറിക്കോളുമെന്നാണ് ആര്‍ഹതന്‍ കരുതിയത്. അയാള്‍ കരുതിയപോലെ തന്നെയാണ് സാധാരണ സംഭവിക്കാറുള്ളത്. എത്ര വലിയ പിണക്കമായാലും കുറേ കഴിയുമ്പോള്‍ അത് താനേ അവള്‍ മറന്നുതുടങ്ങും. പക്ഷേ, ഇത്തവണ അത് വേറെ വലിയ പിണക്കത്തിനാണ് വഴിയൊരുക്കിയത്. ഒരു ചെറിയ ചെറ്റപ്പുരയിലാണവര്‍ പാര്‍ത്തിരുന്നത്. യശോധരയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദുസ്സഹമായിരുന്നു ആ കുടിലിലെ പാര്‍പ്പ്. കോഴിക്കൂട് എന്നാണവള്‍ അതിനെ കളിയാക്കി വിളിച്ചിരുന്നത്. അയല്‍വാസികളുടെയൊക്കെ അത്യാവശ്യം നല്ല കോണ്‍ക്രീറ്റ് വീടുകള്‍ക്ക് നടുവില്‍ അവരുടെ വീട് മാത്രം ആര്‍ക്കും കൂട്ടത്തില്‍നിന്നെപ്പളും കണ്ടെത്താന്‍ പാകത്തില്‍ ചേലറ്റ് കിടന്നു. വീടിനെപ്പറ്റി അവള്‍ക്ക് അവളുടേതായ ചില സങ്കല്പങ്ങളൊക്കെ ഉണ്ടായിരുന്നു. എന്തു ചെയ്തിട്ടായാലും തന്റെ ആ സങ്കല്പമെങ്കിലും യാഥാര്‍ത്ഥ്യമാക്കണമെന്ന് അവള്‍ ഉള്ളില്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇരുനില വീടായിരിക്കണം. അറ്റാച്ച്ഡ് ബാത്ത്‌റൂം വേണം. ചെടികള്‍ നട്ടുപിടിപ്പിച്ച ബാല്‍ക്കണി വേണം. പോര്‍ച്ച്, ചുറ്റുമതില്‍, ഗോഥിക്, ഭീകര കഥകളിലെ പോലുള്ള കനത്ത ഇരുമ്പ് ഗേറ്റ്, അങ്ങനെയങ്ങനെ...

കയ്യിലുള്ള സമ്പാദ്യവും അവളുടെ അച്ഛന്‍ കൊടുക്കാമെന്ന് പറഞ്ഞ പണവും സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവും ഒത്തുവന്ന നേരത്ത് അവള്‍ പിണക്കമവസാനിപ്പിച്ചുകൊണ്ട് ആര്‍ഹതനോട് വീടിന്റെ കാര്യം സൂചിപ്പിച്ചു. അയാള്‍ സമ്മതിച്ചതോടെ അവള്‍ ധൈര്യപൂര്‍വ്വം അവളുടെ സങ്കല്പമെല്ലാം അയാള്‍ക്കു മുന്നില്‍ നിരത്തിയിട്ടു. ആര്‍ഹതന്റെ പാരിസ്ഥിതിക വികാരത്തിനു താങ്ങാന്‍ പറ്റാത്തതായിരുന്നു അവളുടെ സങ്കല്പങ്ങള്‍. മുന്‍പൊരിക്കല്‍ അന്നാട്ടിലെ പണക്കാരനായ ഒരാള്‍ വീട് വെയ്ക്കാന്‍ തറകെട്ടിയപ്പോള്‍ അതിന്റെ വലിപ്പവും രാവണന്‍ കോട്ടപോലുള്ള അതിലെ മുറികളുടെ എണ്ണവും മറ്റും കണ്ട് ആര്‍ഹതന്‍ അയാളെ അത്ര വലിയ വീട് പണിയുന്നതില്‍നിന്നും പിന്തിരിപ്പിക്കാനുള്ള ഒരു ശ്രമം നടത്തിയിരുന്നു. നാലംഗങ്ങള്‍ മാത്രമുള്ള ആ കുടുംബത്തിന് അത്രയും വലിയ വീട് അനാവശ്യമാണെന്നും ഇങ്ങനെ ഓരോരുത്തരും തന്നിഷ്ടപ്രകാരം വലിയ വീടുകള്‍ പണിതു തുടങ്ങിയാല്‍ അതിനുവേണ്ടി ചെലവാക്കുന്ന കല്ലിനും മണ്ണിനുമൊക്കെയായി ഒരു പ്രദേശം തന്നെ ഇല്ലാതാവുമെന്നും ആര്‍ഹതന്‍ അയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അത് പറയുമ്പോള്‍ അയാളൊരിക്കലും കണ്ടിട്ടില്ലാത്ത, ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു വിദൂരദേശത്തിന്റെ നെടുവീര്‍പ്പും വരാനിരിക്കുന്ന തലമുറയുടെ ദയനീയതയും ആര്‍ഹതന്റെ ശബ്ദത്തില്‍ നിറഞ്ഞുനിന്നിരുന്നു. എല്ലാം മൂളിക്കേട്ട അയാള്‍ ആ കാര്യത്തെപ്പറ്റി ഗൗരവമായി ആലോചിക്കാമെന്നും പിന്നീട് വന്ന് കണ്ടോളാമെന്നും ആര്‍ഹതന് ഉറപ്പുകൊടുത്തു.
 
അതിനുശേഷം അവരുടെ കൂടിക്കാഴ്ച നടന്നത് മൂന്നു മാസങ്ങള്‍ക്കു ശേഷമായിരുന്നു. അയാളുടെ വീടിന്റെ കുടിയിരിക്കല്‍ ചടങ്ങിനു ക്ഷണിച്ചുകൊണ്ടായിരുന്നു അത്. ചുറ്റുമതിലൊക്കെ കെട്ടി സുരക്ഷിതമാക്കിയ കൊട്ടാരംപോലുള്ള വീടിന്റെ കുടിയിരിക്കലിന്റെയന്ന് ഗംഭീരമായ സദ്യ കഴിച്ച് പുറത്തേയ്ക്കിറങ്ങിയവര്‍ എതിര്‍വശത്തെ ചുമരില്‍ ഒട്ടിച്ചുവെച്ച ചില ചിത്രങ്ങളും ചുവരെഴുത്തും കണ്ട് അത്ഭുതപ്പെട്ടു നിന്നുപോയി. ആരുടേയും പേര് പരാമര്‍ശിക്കാത്ത ചില വാക്കുകളും പത്രങ്ങളില്‍നിന്നു വെട്ടിയെടുത്തൊട്ടിച്ചുവെച്ച പ്രകൃതി ദുരന്തങ്ങളുടെ ചിത്രങ്ങളായിരുന്നു ആ മതിലില്‍ ഉണ്ടായിരുന്നത്. വലിയ വലിയ സൗധങ്ങള്‍ ആഡംബരത്തിനുവേണ്ടി കെട്ടിപ്പൊക്കുമ്പോള്‍, ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് നമ്മള്‍ കൂടി ഉത്തരവാദികളാവുന്നു എന്നതായിരുന്നു ആ ചുവരെഴുത്തുകളുടെ സംഗ്രഹം. അന്ന് രാത്രി കടപ്പുറത്തെ പതിവ് ഇരുത്തം കഴിഞ്ഞ് വീട്ടിലേയ്ക്ക് നടക്കുന്നതിനിടെ ആരൊക്കെയോ ചേര്‍ന്ന് ആര്‍ഹതനെ ആക്രമിച്ചു. ഇരുട്ടത്ത് അക്രമികളെ തിരിച്ചറിയാന്‍ ആര്‍ഹതന് കഴിഞ്ഞില്ല. പക്ഷേ, അതാര് പറഞ്ഞിട്ട് ചെയ്തതാവുമെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാമായിരുന്നിട്ടുകൂടി അവരെല്ലാം തിരിച്ചറിയപ്പെടാതെ മറഞ്ഞുതന്നെ കിടന്നു.

''നമ്മക്ക് ചെറിയൊരു വീട് പോരേ?'' ആര്‍ഹതന്‍ ചോദിച്ചു.
''പോരാ'' - അവള്‍ വഴങ്ങിയില്ല.
അടച്ചുറപ്പില്ലാത്ത, ചുറ്റുമതിലില്ലാത്ത ആ കുടിലില്‍ തനിക്കിനിയും താമസിക്കാന്‍ കഴിയില്ലെന്നവള്‍ തീര്‍ത്തു പറഞ്ഞു. ചുറ്റുമതിലില്ലാത്ത കാരണം രാത്രിയാവുമ്പോള്‍ അവരുടെ പറമ്പ് മുഴുവന്‍ നായ്ക്കളെക്കൊണ്ടും കുറുക്കന്മാരെക്കൊണ്ടും നിറയും. അവറ്റകള്‍ കാരണം താന്‍ പേടിച്ചുവിറച്ചാണിവിടെ കഴിയുന്നതെന്ന് അവള്‍ പറഞ്ഞു.

''നായ്ക്കള്‍ക്കും ജീവിക്കണ്ടേ'' - ആര്‍ഹതന്‍ ദയനീയമായി ചോദിച്ചു.
''ഇനിക്ക് കേക്കണ്ട, നിങ്ങടെ പ്രകൃതിസ്‌നേഹം'' - അവള്‍ കലിതുള്ളിക്കൊണ്ട് കോഴിക്കൂട്ടിലേയ്ക്ക് കയറി.
നായ്ക്കളും കുറുക്കന്മാരും കേറാതിരിക്കാന്‍ വേലികെട്ടാമെന്ന് അയാള്‍ പറഞ്ഞുനോക്കിയെങ്കിലും കത്തുന്ന നോട്ടമായിരുന്നു അവളുടെ മറുപടി. ആ നോട്ടത്തില്‍ താന്‍ ദഹിച്ച് ചാരമാകുന്നതായും ആ ചാരത്തില്‍നിന്ന് ഒത്തിരി പുല്‍നാമ്പുകള്‍ മുളപൊട്ടുന്നതുപോലെയും ആര്‍ഹതനു തോന്നി. പിറ്റേന്ന് അച്ഛനെ കാണാന്‍ പോകുകയാണെന്നു പറഞ്ഞ് യശോധര വീട്ടില്‍നിന്നിറങ്ങി. പിന്നീടൊരിക്കലും അവളാ കോഴിക്കൂട്ടിലേയ്ക്ക് തിരിച്ചുവന്നില്ല. ആര്‍ഹതന്‍ പാലത്തില്‍നിന്നു വീണ് കുറേ ദിവസം ആശുപത്രിയില്‍ കിടന്നിട്ടും അവള്‍ തിരിഞ്ഞുനോക്കിയില്ല. അറവുശാലയിലെ മാലിന്യങ്ങള്‍ പുഴയില്‍ തള്ളാന്‍ വന്നവരുമായുള്ള വാഗ്വാദത്തിനിടയിലായിരുന്നു അയാള്‍ക്ക് ആ അപകടം പറ്റിയത്. ഇരുട്ടത്തെ പരസ്പരം മുഖം കാണാതേയുള്ള തര്‍ക്കത്തിനൊടുവില്‍ ചാക്ക് കെട്ടിനോടൊപ്പം അയാളും പുഴയില്‍ വീഴുകയായിരുന്നു.
യശോധര പോയതോടുകൂടി ഭൂമിയിലെ മനുഷ്യരുമായുള്ള ആര്‍ഹതന്റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായി. ആരോടെങ്കിലും ഒന്നു സംസാരിക്കാനുള്ള കൊതികൊണ്ട് അയാള്‍ ആളുകള്‍ കൂടിയിരിക്കുന്നിടത്തേയ്‌ക്കെല്ലാം ചെല്ലും. പക്ഷേ, അയാളെ കാണുന്ന മാത്രയില്‍ അവരെല്ലാം മാറിക്കളയും. ചിലര്‍ ഒരു ദയവുമില്ലാതെ അയാളെ ആട്ടിപ്പായിച്ചു. എന്നിട്ടും നിരാശനാകാതെ അയാള്‍ കടപ്പുറത്തും പുഴയോരത്തുമെല്ലാം മനുഷ്യരെ തേടി നടന്നു. ആയിടയ്ക്കാണ് അയാളെ തീര്‍ത്തും അമാനുഷികമായി മാറ്റിയ ഒരു സംഭവമുണ്ടായത്.

എല്ലാ വര്‍ഷവും നവംബര്‍ മാസം പിറന്നാല്‍ ആര്‍ഹതന്‍ ടര്‍ട്ടില്‍ വാക്കിന്1 ഇറങ്ങാറുണ്ട്. ആ സമയത്താണ് കടലാമകള്‍ മുട്ടയിടാനായി കരയില്‍ വരുന്നത്. പണ്ടൊക്കെ സൂര്യനസ്തമിച്ച് കഴിഞ്ഞാല്‍ കടലാമകള്‍ കൂട്ടത്തോടെ വരാറുണ്ടെന്ന് ചെറുപ്പത്തില്‍ അച്ഛന്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. ആളുകള്‍ മുട്ട കട്ടെടുത്ത് തുടങ്ങിയതോടെ വിരിഞ്ഞിറങ്ങുന്ന ആമ കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു. ആര്‍ഹതന്‍ അംഗമായ പരിസ്ഥിതി സംഘടന ആളുകളെ ബോധവല്‍ക്കരിക്കാന്‍ കടപ്പുറത്ത് മുന്‍പൊരു ഒരു യോഗം വിളിച്ചിരുന്നു. കടലാമകളെ സംരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റിയും കടലാമകളുടെ മുട്ട മോഷ്ടിക്കുന്നത് കുറ്റമാണെന്നുമൊക്കെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ വാക്കുകള്‍ കോട്ടുവായിട്ടുകൊണ്ട് ജനങ്ങള്‍ കേട്ടിരുന്നു. ആ യോഗത്തിന്റെ അവസാനം കടലാമ മുട്ടകള്‍ തേടി കണ്ടുപിടിച്ച് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ആര്‍ഹതന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ഒരു നിര്‍ദ്ദേശം പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചു. രാത്രിനേരത്ത് ആമ മുട്ടയിട്ട അടയാളങ്ങള്‍ നോക്കി, മുട്ടകള്‍ കണ്ടെത്തുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയോ അല്ലെങ്കില്‍ അവിടെവെച്ചുതന്നെ വിരിയിച്ചെടുക്കുകയോ എന്നതായിരുന്നു കമ്മിറ്റിയുടെ ചുമതല. കമ്മിറ്റിയില്‍ ആര്‍ഹതന്‍ ഉള്‍പ്പെട്ടതുകൊണ്ടാണോ, അതോ രാത്രിയില്‍ മുട്ടകള്‍ തേടി കടപ്പുറം മുഴുവന്‍ നടക്കുന്നതിനുള്ള മടികൊണ്ടാണോ, അതല്ല വേറെ വല്ല നിഗൂഢമായ ഉദ്ദേശ്യമുള്ളതുകൊണ്ടാണോ എന്നറിയില്ല കേട്ടുനിന്നവരാരും അക്കാര്യത്തിലൊരു താല്പര്യവും കാണിച്ചില്ല. ആ പദ്ധതി അതോടെ നിലച്ചു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അതുണ്ടായില്ല. കടലാമയുടെ മുട്ടകള്‍ തേടി ടോര്‍ച്ചുമെടുത്ത് ആര്‍ഹതന്‍ ഏകനായി കടപ്പുറം മുഴുവന്‍ അലഞ്ഞു. ഒരു തവണ കൂട്ടിന് യശോധരയെ വിളിച്ചുവെങ്കിലും അവളുടെ വായില്‍നിന്നു വന്ന വാക്കുകള്‍ ഒരിക്കല്‍ക്കൂടി കേള്‍ക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് അയാള്‍ പിന്നീടതിനു മുതിര്‍ന്നില്ല. ആര്‍ഹതന്‍ കടപ്പുറം മുഴുവന്‍ മുട്ടകള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്ന നേരത്ത് നായ്ക്കളും കുറുക്കന്മാരും അയാളുടെ കോഴിക്കൂടിനു കാവലിരുന്നു. നിഴലനക്കം കണ്ട് അവറ്റകള്‍ പരസ്പരം മുന്നറിയിപ്പ് കൊടുക്കുമ്പോഴൊക്കെ അകത്തിരുന്ന് യശോധര അകാരണമായി പേടിച്ചുവിറയ്ക്കുകയായിരുന്നു.

ഓരോ സീസണിലും ആര്‍ഹതന്‍ കടപ്പുറം മുഴുവന്‍ തിരഞ്ഞുനടന്നുവെങ്കിലും ഒരിക്കല്‍പ്പോലും അയാള്‍ക്ക് കടലാമകളേയോ മുട്ടകളേയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. അറിബദ്ദാസിന്റെ2 മനോഹാരിത അയാളുടെ സങ്കല്പങ്ങളില്‍ മാത്രമായൊതുങ്ങി. എങ്കിലും നിരാശനാകാതെ എല്ലാ കൊല്ലവും അയാള്‍ തന്റെ പഴയ ടോര്‍ച്ചുമെടുത്ത് ടര്‍ട്ടില്‍ വാക്കിനിറങ്ങും. അക്കൊല്ലവും ആരും ഓര്‍മ്മിപ്പിക്കാന്‍ ഇല്ലാതിരുന്നിട്ടുകൂടി, വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങള്‍ ദിശ തെറ്റാതെ കടലിലേയ്ക്കിറങ്ങും പോലെ, കാലമായപ്പോള്‍ അയാള്‍ ടര്‍ട്ടില്‍ വാക്കിനിറങ്ങി. മണലിലെ ഓരോ അടയാളങ്ങളും സൂക്ഷ്മമായി പരിശോധിച്ചും ജലനിരപ്പിനു മുകളില്‍ കടലാമകളുടെ നിശ്വാസം കേള്‍ക്കുന്നുണ്ടോ എന്നു കാതോര്‍ത്തും അയാള്‍ രാത്രികളെ പകലുകളാക്കി തിരച്ചില്‍ തുടര്‍ന്നു. പക്ഷേ, മുട്ടകള്‍ നിറഞ്ഞ ഒരു കുഴിയും അയാള്‍ക്കു മുന്നില്‍ തുറന്നില്ല. അതിലയാള്‍ക്ക് നിരാശയില്ലായിരുന്നു. മറ്റൊരാള്‍ക്കു മുന്നിലും ആ കുഴികള്‍ തുറക്കപ്പെടരുത് എന്നുമാത്രമായിരുന്നു അയാളുടെ ആഗ്രഹം. 

ഒരു ദിവസം വൈകുന്നേരം ടര്‍ട്ടില്‍ വാക്കിന് ഇറങ്ങുന്നതിനു മുന്‍പ് കുറച്ചു ചെറുപ്പക്കാര്‍ അയാളെ കാണാന്‍ വന്നു. അവര്‍ സ്വന്തമായി ഒരു കാറ്ററിംഗ് സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്നും അതിനുവേണ്ട ഉപദേശങ്ങള്‍ അയാള്‍ നല്‍കണമെന്നുമായിരുന്നു അവരുടെ ആവശ്യം. കുറേ നാളുകള്‍ക്കുശേഷമായിരുന്നു അയാള്‍ മനുഷ്യരോട് സംസാരിക്കുന്നത്. അതിന്റെ സന്തോഷം അയാള്‍ മറച്ചുവെച്ചില്ല. സ്വയം തൊഴില്‍ കണ്ടെത്താനുള്ള അവരുടെ ശ്രമത്തെ അയാള്‍ അഭിനന്ദിച്ചു. പോകാന്‍ നേരത്ത് അവര്‍ ഒരു പൊതിയഴിച്ച് കേക്ക് പോലുള്ള എന്തോ ഒന്ന് അയാള്‍ക്ക് തിന്നാന്‍ കൊടുത്തു. അവരുണ്ടാക്കിയതാണത്രേ അത്. അയാള്‍ സന്തോഷത്തോടെ അത് വായിലേയ്ക്കിട്ടു.

''എങ്ങനുണ്ട്?'' - പിള്ളേര്‍ ചോദിച്ചു.
ആര്‍ഹതന്‍ കൊള്ളാം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
''ഇതാണ് ഒലീവ് റിഡ്ലി കേക്ക്'' - അവര്‍ പറഞ്ഞു.
''കടലാമേന്റെ മുട്ടോണ്ട് ഉണ്ടാക്കിയതാ.'' അത് പറയുമ്പോള്‍ അവര്‍ കൂട്ടത്തോടെ ചിരിക്കുന്നുണ്ടായിരുന്നു. ആര്‍ഹതന്‍ വിശ്വാസം വരാതെ അവരെ നോക്കി. അപ്പോളവര്‍ മറ്റൊരു പൊതി തുറന്ന് അയാള്‍ക്കു മുന്നില്‍ നിവര്‍ത്തി. കടലാമയുടെ മുട്ടകളായിരുന്നു അതില്‍.

''നൂറ്റിപ്പത്തെണ്ണം ഉണ്ടായിരുന്നു. ഞങ്ങടെ ടര്‍ട്ടില്‍ വാക്ക് മോശായിരുന്നില്ല.''
അവരത് പറയുമ്പോളുള്ള പരിഹാസത്തിന്റെ ചുവ മനസ്സിലാക്കാനുള്ള അവസ്ഥയിലല്ലായിരുന്നു ആര്‍ഹതന്‍ അപ്പോള്‍. താന്‍ കാണാനേറെ കൊതിച്ച ആ കൊച്ചുഗോളങ്ങള്‍ പലചരക്ക് കടയില്‍നിന്ന് പൊതിഞ്ഞ് കൊണ്ടുവന്നിട്ടെന്നപോലെ തന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ അയാളുടെ നട്ടെല്ലിലൂടെ ഒരു വൈദ്യുതിപ്രവാഹം കേറിയിറങ്ങിപ്പോയി. അറിയാതെയാണെങ്കിലും അത് തന്റെ വയറ്റിലെത്തിയല്ലോ എന്നാലോചിച്ചപ്പോള്‍ അയാള്‍ക്ക് മനം പുരട്ടി. തന്റെ വയറ്റില്‍ നിന്നും ജീവനുള്ള ആമക്കുഞ്ഞുങ്ങള്‍ കടല്‍ തേടി ഇഴയുന്നപോലെ അയാള്‍ക്കു തോന്നി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വല്ലാത്തൊരു പാപബോധത്തോടെ മുട്ടുകുത്തിയിരുന്ന് അയാള്‍ തിന്നത് മുഴുവന്‍ ഛര്‍ദ്ദിച്ചു. പിള്ളേര്‍ അതെല്ലാം കണ്ട് ആര്‍ത്ത് ചിരിക്കുകയായിരുന്നു.

അതിനുശേഷം അയാള്‍ തീരെ പുറത്തിറങ്ങാതെയായി. മനുഷ്യരോടുള്ള എല്ലാ ബന്ധവുമറുത്ത് കളഞ്ഞ് പൂര്‍ണ്ണമായും പ്രാകൃതനാകാന്‍ അയാള്‍ ആഗ്രഹിച്ചു. മനുഷ്യരിലുള്ള വിശ്വാസം അയാള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഒന്നും തിന്നാതേയും കുടിക്കാതേയുമുള്ള അയാളുടെ ഇരിപ്പ് കണ്ട് അയല്‍വാസികളില്‍ ചിലര്‍ അയാള്‍ക്ക് ഭക്ഷണം കൊണ്ടുകൊടുത്തെങ്കിലും അയാളത് തൊട്ടുനോക്കുകകൂടി ചെയ്തില്ല. മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി ആലോചിക്കുമ്പോഴേ അയാള്‍ക്ക് ഓക്കാനം വന്നുതുടങ്ങി. ദിവസങ്ങള്‍ കഴിയുംതോറും താന്‍ മനുഷ്യരുടെ ഭാഷ പതിയെപ്പതിയെ മറന്നുപോകുന്നതുപോലെ അയാള്‍ക്കു തോന്നിത്തുടങ്ങി. തനിക്കു ചുറ്റുമുള്ള വസ്തുക്കളെ മറ്റൊരു പേരില്‍, അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങി. മനുഷ്യനൊഴികെയുള്ള മറ്റു ജീവികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കാനും തുടങ്ങിയത് ആയിടയ്ക്കാണ്. തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി ഒട്ടും ബോധവാനാകാതെ അയാള്‍ മറ്റു ജീവികളുടെ സംസാരങ്ങളില്‍ മുഴുകിയിരുന്നു. ഇതിനിടയില്‍ അയാള്‍ പണിക്കു പോയിരുന്ന വള്ളം കടപ്പുറത്തെ മണലില്‍ ചിതലെടുത്ത് അസ്ഥികൂടം പോലെയായതും മുന്‍പയാള്‍ ചുവരെഴുത്ത് നടത്തിയ മതിലില്‍ ''ഫാസിസത്തെ തടയുക'', ''ഫാസിസം അടുക്കളയിലേയ്‌ക്കോ?'' തുടങ്ങിയ പോസ്റ്ററുകള്‍ പതിച്ചുതുടങ്ങിയതും അയാള്‍ അറിഞ്ഞതേയില്ല. ദിവസങ്ങള്‍ ചെല്ലുംതോറും തനിക്കു ചുറ്റുമുള്ള ജീവികളുടെ സംസാരത്തില്‍ നിഗൂഢമായ എന്തോ ചിലത് ഒളിഞ്ഞിരിക്കുന്നതായി അയാള്‍ക്കു തോന്നി. നിര്‍ത്താതെ ചിലച്ചിരുന്ന കിളികള്‍ പെട്ടെന്നു നിശ്ശബ്ദരാകുകയും പടിഞ്ഞാട്ട് തലതിരിച്ച് എന്തിനേയോ പ്രതീക്ഷിക്കുന്നപോലെ ഇമവെട്ടാതെ നോക്കിനില്‍ക്കുന്നതും അയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ക്രമേണ ആ നിഗൂഢത അയാള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു.

കടലാമകളുടെ പ്രജനനത്തിന്റെ അവസാന ഘട്ടമായിരുന്നു അത്. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കടല്‍ പതിവില്ലാത്തവിധം പ്രക്ഷുബ്ധമായി. രണ്ടു ദിവസം അതങ്ങനെതന്നെ നിന്നു. മൂന്നാംനാള്‍ കടലടങ്ങിയപ്പോള്‍ ആളുകള്‍ കടപ്പുറത്ത് വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. പ്ലാസ്റ്റിക് കവറും കുപ്പികളുംകൊണ്ട് തീരം മുഴുവന്‍ നിറഞ്ഞിരിക്കുന്നു! പലനിറത്തിലുള്ള കവറുകള്‍ക്കും കുപ്പികള്‍ക്കും പുറമേ അടിവസ്ത്രങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍, സിറിഞ്ചുകള്‍, മരുന്നുകള്‍, വിമാനത്തിന്റെ ചിറകുകള്‍ തുടങ്ങി മനുഷ്യന്‍ ഉപയോഗിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ പല വസ്തുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവയില്‍നിന്ന് ശ്മശാനത്തിലേതുപോലുള്ള മണം ഉയര്‍ന്നുവന്നിരുന്നു. പോരാത്തതിന് എവിടുന്നോ പൊട്ടിമുളച്ചപോലെ ഈച്ചകളും അതുവരെ കാണാത്ത ചില പ്രാണികളും. അവറ്റകള്‍ മൂളിക്കൊണ്ട് ഹെലിക്കോപ്റ്ററുകള്‍ പോലെ കടപ്പുറം മുഴുവന്‍ ചിറകടിച്ചു പറന്നു. അന്നു മറ്റെല്ലാ പണികളും മാറ്റിവെച്ച് ആളുകള്‍ കടപ്പുറം വൃത്തിയാക്കാനിറങ്ങി. പെണ്ണുങ്ങളും കുട്ടികളും പ്രായമായവരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. വൈകുന്നേരമായപ്പോഴേയ്ക്കും ആ മാലിന്യങ്ങള്‍ മുഴുവന്‍ വലിയ പ്ലാസ്റ്റിക് ബാഗുകളിലാക്കിവെയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കടപ്പുറത്ത് നിരത്തിവെച്ച ആ ഭാണ്ഡങ്ങള്‍ ദൂരെനിന്നു നോക്കുമ്പോള്‍ കടലില്‍നിന്നു കരയ്ക്ക് കേറിയ ഉരുളന്‍ പാറക്കല്ലുകള്‍പോലെ തോന്നിച്ചിരുന്നു. അന്ന് അസ്തമയത്തിനു മുന്‍പേ ആ വലിയ ഭാണ്ഡങ്ങള്‍ കടലിലേയ്ക്കു തന്നെ പുറന്തള്ളപ്പെട്ടു.
പിറ്റേദിവസം പണിക്കുപോയ മീന്‍പിടുത്തക്കാര്‍ക്കെല്ലാം തങ്ങളുടെ വലയ്ക്ക് അസാധാരണമാംവിധം ഭാരമുള്ളതായി അനുഭവപ്പെട്ടു. മത്തി ചാകരയോ അയില ചാകരയോ പ്രതീക്ഷിച്ച അവര്‍ക്കു മുന്നില്‍ തലേദിവസം തങ്ങള്‍ കടലില്‍ താഴ്ത്തിയ ഭാണ്ഡങ്ങള്‍ കെട്ടഴിഞ്ഞ് കിടന്നു. ആ ദൃശ്യം നേരില്‍ കണ്ടിട്ടെന്നപോലെ ആര്‍ഹതന്‍ കടപ്പുറത്തിരുന്ന് ഉറക്കെയുറക്കെ ചിരിക്കാനാരംഭിച്ചു. എത്ര ശ്രമിച്ചിട്ടും ആര്‍ഹതനു ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല. അയാള്‍ വേദനയോടെ പൊട്ടിപ്പൊട്ടി ചിരിച്ചു. അയാളുടെ ചിരിയലകള്‍ ഉയരുംതോറും അതുവരെ ശാന്തമായി കിടന്ന ചക്രവാളസീമയില്‍നിന്നെവിടെനിന്നോ കാറ്റടിക്കാന്‍ തുടങ്ങി. കടല്‍ ഇളകിമറിഞ്ഞു. കൊടുങ്കാറ്റിന്റെ ശക്തിയില്‍ കെട്ടഴിഞ്ഞ ഭാണ്ഡങ്ങളിലെ മാലിന്യങ്ങള്‍ മുഴുവന്‍ മേലോട്ടുയര്‍ന്നു. പിന്നെ നൂല് പൊട്ടിയ പട്ടംപോലെ അതെല്ലാം ഒന്നാകെ കരയിലേയ്ക്ക് പറന്നു. പലനിറത്തില്‍, പെരുമഴപോലെ അവയെല്ലാം പുരപ്പുറത്തും കിണറ്റിലുമൊക്കെയായി വീണ് കുന്നുകൂടി കിടന്നു. വല്ലാത്തൊരു ശബ്ദം കേട്ട് പുറത്തിറങ്ങിയ ആളുകള്‍ ആദ്യം വിചാരിച്ചത് പറന്നുവരുന്നത് പക്ഷിക്കൂട്ടങ്ങള്‍ ആണെന്നായിരുന്നു. പക്ഷേ, പക്ഷികള്‍ക്ക് അത്രയും ദുര്‍ഗന്ധമുണ്ടാവില്ലെന്ന് അവര്‍ക്ക് പെട്ടെന്നുതന്നെ ഓര്‍മ്മവന്നു. അതു തങ്ങള്‍ തലേദിവസം തള്ളിയ മാലിന്യങ്ങള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും വന്നുവീഴുന്ന മാലിന്യങ്ങളുടെ കനം അവരുടെ കാല്‍മുട്ടോളം ഉയരത്തിലായിരുന്നു. അപ്രത്യക്ഷമായെന്നു കരുതിയ പ്രാണികളും ഈച്ചകളും നിറഞ്ഞതോടെ ഒരു യുദ്ധഭൂമിപോലെയായി കടപ്പുറം. ആളുകളുടെ നിലവിളിയും കാറ്റില്‍ പറന്നുവന്നു വീഴുന്ന പ്ലാസ്റ്റിക് കവറുകളുടെ കര കര ശബ്ദവും കാരണം ആര്‍ഹതന്റെ ഉഗ്രമായ പൊട്ടിച്ചിരി ആരും കേട്ടില്ല. അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു. മനുഷ്യനെന്ന നിലയിലുള്ള അയാളുടെ അവസാനത്തെ ചിരിയായിരുന്നു അത്. മാലിന്യമഴയും ആര്‍ഹതന്റെ ചിരിയും ഏകദേശം അഞ്ചുമിനിറ്റോളം നീണ്ടു. അത് രണ്ടും അവസാനിച്ചപ്പോഴേയ്ക്കും ഗ്രാമം മുഴുവന്‍ കുപ്പത്തൊട്ടിയായി മാറിയിരുന്നു.

വല്ലാതെ കിതച്ചുകൊണ്ട് ആര്‍ഹതന്‍ നിലത്ത് മുട്ടുകുത്തിയിരുന്നു. അയാള്‍ക്കു പിന്നിലേയ്ക്ക് നോക്കാന്‍ കഴിഞ്ഞതേയില്ല. ആളുകളുടെ നിലവിളികള്‍ അപ്പോഴും അടങ്ങിയിട്ടില്ലായിരുന്നു. അത്രനേരം ഇളകിമറിഞ്ഞ കടല്‍ അയാള്‍ക്കു മുന്നില്‍ നിശ്ശബ്ദമായി കിടന്നു. ആ നിശ്ശബ്ദത ആഴമേറിയ മറ്റൊരു മുഴക്കത്തിന്റെ മുന്നോടിയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. കടലിന്റെ ആഴങ്ങളില്‍നിന്നെവിടെയോനിന്ന് ജലജീവികള്‍ തന്നെ വിളിക്കുന്നതയാള്‍ കേട്ടു. കൈകാലുകള്‍ വിരിച്ചുവെച്ച് മണലിലൂടെ കടലിനു നേര്‍ക്കയാള്‍ ഇഴയാന്‍ തുടങ്ങി. സമുദ്ര ജലത്തിലേയ്ക്ക് ഉടലാഴ്ന്നപ്പോള്‍ പ്രാകൃതമായൊരു അനുഭൂതി അയാളെ വലയം ചെയ്തു. ആഴങ്ങളിലേയ്ക്കയാള്‍ തുഴഞ്ഞിറങ്ങി. കടലിന്റെ അടിത്തട്ടില്‍നിന്നു ടോര്‍ച്ച് തെളിയിച്ചുകൊണ്ട് മീനുകള്‍ അയാളെ വരവേറ്റു. കടല്‍ വീണ്ടും ഇളകിമറിയാന്‍ തുടങ്ങിയപ്പോഴേയ്ക്കും മീനുകള്‍ അയാളേയും കൊണ്ട് ഒത്തിരി ദൂരം പിന്നിട്ടിരുന്നു.
---------------------------
1 കടലാമ മുട്ടകള്‍ തേടി രാത്രി കാലത്ത് സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന സഞ്ചാരം
2 സൂര്യാസ്തമയത്തിനുശേഷം മുട്ടയിടാനായി കടലാമകള്‍ കൂട്ടത്തോടെ കരയിലേയ്ക്ക് വരുന്ന പ്രതിഭാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com