'മധുരക്കിണര്‍'- ഡോ. ശ്രീരേഖ പണിക്കര്‍ എഴുതിയ കഥ

ചാറ്റല്‍മഴയുടെ കൈ പിടിച്ച് ചുരമിറങ്ങി വന്ന വേനല്‍ക്കാറ്റിന് കണ്ണുനീരിന്റെ ഉപ്പുരസമുണ്ടെന്ന് മുകുന്ദനു തോന്നി
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

ചാറ്റല്‍മഴയുടെ കൈ പിടിച്ച് ചുരമിറങ്ങി വന്ന വേനല്‍ക്കാറ്റിന് കണ്ണുനീരിന്റെ ഉപ്പുരസമുണ്ടെന്ന് മുകുന്ദനു തോന്നി. വെള്ളത്തുള്ളികള്‍ മുഖത്തേയ്ക്ക് ആഞ്ഞടിക്കുമ്പോള്‍, തീനാളംകൊണ്ടു നീറുന്നതുപോലെ- അയാള്‍ ഇന്നോവയുടെ കറുത്ത ഗ്ലാസ്സ് പൊക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാളുടെ തോളില്‍ ചാരിക്കിടന്ന ലീലാമ്മച്ചി പറഞ്ഞു: 

''ജോയ് മോനേ, ഗ്ലാസ്സ് പൊക്കല്ലേ - എത്ര നാളായി ഞാന്‍ കാറ്റും മഴയും വെയിലും കൊണ്ടിട്ട് എപ്പോഴും എ.സിയില്‍ ഇരുന്നു മടുത്തു.'' അയാള്‍ക്ക് അത്ഭുതം തോന്നി.
പുറത്തേയ്‌ക്കൊന്നും ഇറങ്ങാറില്ലേ? വിശാലമായ കാമ്പസും നല്ല പൂന്തോട്ടവും ഒക്കെ ഉണ്ടല്ലോ. എല്ലാമുണ്ട്. എപ്പോഴും ആയമാരും കൂടെയുണ്ട്. ഒറ്റയ്ക്ക് ഇറങ്ങിനടക്കാനൊന്നും സമ്മതിക്കുകേല പ്രായമായതുകൊണ്ട് വീഴുമെന്നും ഒക്കെ പറയും. തവണവെച്ച് വരും ആയമാര്‍. അരമണിക്കൂര്‍ നടക്കാന്‍ കൊണ്ടുപോകും. ടൈല്‍സിട്ട വഴികളിലൂടെ; മണ്ണില്‍ ചവുട്ടാന്‍ പറ്റത്തില്ല, ദേഹത്ത് അണുക്കള്‍ കേറുമെന്ന്. ഞാന്‍ തര്‍ക്കിക്കാന്‍ നില്‍ക്കത്തില്ല. 

മുകുന്ദന്‍ അവരുടെ വരണ്ട മുഖത്തേയ്ക്കു നോക്കി. രണ്ടു വര്‍ഷംകൊണ്ട് കാല്‍നൂറ്റാണ്ടിന്റെ പ്രായമേറിയതുപോലെ. ഈര്‍പ്പം വറ്റിയ മുഖത്ത് ഉഴവുചാലുകള്‍പോലെ കറുത്ത പാടുകള്‍. അമ്മ പറഞ്ഞുതന്ന ഓര്‍മ്മക്കഥകളില്‍ നിറഞ്ഞുനിന്നിരുന്നത്, അഴകും ആരോഗ്യവും ഉള്ള ലീലച്ചേച്ചിയുടെ ചിത്രങ്ങളാണ്.

അമ്മ പറയും: ''ഞാന്‍ നിറവയറോടെയാണ് ഈ വീട്ടില്‍ വന്നുകയറുന്നത്. പരിചയമില്ലാത്ത നാട്, ആള്‍ക്കാര്‍, ലൈറ്റുപോലുമില്ലാത്ത സ്ഥലം. ഒരു മാസത്തോളം ലീലച്ചേച്ചിയാണ് ആഹാരം മൂന്നു നേരവും തന്നത്. അന്ന് ലില്ലിക്കുട്ടിക്ക് ആറുമാസം പ്രായമേയുള്ളു. ജോസുകുട്ടിക്ക് അഞ്ചു വയസ്സും. എന്നിട്ടും ഒരു പരാതിയും പറയാതെ, ഉമ്മച്ചായനും ലീലച്ചേച്ചിയും എല്ലാം ചെയ്തുതന്നു.'' 

വര്‍ഷങ്ങള്‍ക്കു മുന്‍പ്, അച്ഛന്റെ കയ്യ് പിടിച്ച്, അവരുടെ വീട്ടിലേയ്ക്ക് കയറിച്ചെന്ന ഓര്‍മ്മകള്‍, നേര്‍ക്കാഴ്ചപോലെ അമ്മയുടെ വാക്കുകളില്‍ വിരിഞ്ഞു. ആ മലയോര ഗ്രാമത്തിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി പ്രൊമോഷന്‍ കിട്ടി വന്നതായിരുന്നു അച്ഛന്‍. അമ്മയ്ക്ക് അവിടെത്തന്നെയുള്ള പഞ്ചായത്ത് ഓഫീസില്‍ ട്രാന്‍സ്ഫര്‍ തരപ്പെടുത്തി; വാടകവീട് താമസിക്കാന്‍ അന്വേഷിക്കുമ്പോള്‍ സ്‌കൂളിലെ പ്യൂണ്‍ ദേവസിക്കുട്ടിയാണ് അച്ഛനേയുംകൊണ്ട് മില്‍ നടത്തുന്ന ഉമ്മന്‍ മാപ്ലയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. ''നാട്ടിലെ പ്രമുഖനും ജനസമ്മതനും മദ്ധ്യവയസ്സ് കഴിഞ്ഞിട്ടില്ലെങ്കിലും ഉമ്മന്‍ മാപ്ല എന്ന് ബഹുമാനത്തോടെ എല്ലാവരും വിളിക്കുന്ന ആള്‍'' പ്യൂണ്‍ പറഞ്ഞു; 
''അവരുടെ വീട്ടിനടുത്താ പഞ്ചായത്ത് ഓഫീസ്. നടന്നുപോകാവുന്ന ദൂരമേയുള്ളു. അവരുടെ കുടുംബവീട് പറമ്പിന്റെ നടക്കുണ്ട്. അടുത്ത് വേറെ വലിയ വീട്വെച്ച് മാറിയപ്പോള്‍ ആ വീട് അടച്ചിട്ടിരിക്കുവാ. പഴയ വീടാ എന്നാലും സൗകര്യമൊക്കെയുണ്ട്. സാറിനതു മതി.'' 

ഉമ്മന്‍ മാപ്ല നിറഞ്ഞ സന്തോഷത്തോടെ വരാന്തയിലേക്കിറങ്ങിവന്നു. 
''ഞാന്‍ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ എന്റെ വീട്ടില്‍ താമസിക്കുന്നത് അഭിമാനമാ എനിക്ക്. പക്ഷേ, അവിടെ ലൈറ്റില്ല. ഇവിടെനിന്ന് വയര്‍ വലിച്ചെടുക്കാം. ഞങ്ങള്‍ താമസം മാറ്റിയിട്ട് മൂന്നു കൊല്ലമേ ആയുള്ളു സാറേ, അപ്പച്ചനും അമ്മച്ചിയും മരിച്ചു കഴിഞ്ഞ്. വാടകയ്ക്ക് കൊടുക്കാന്‍ തോന്നിയില്ല. പക്ഷേ, ഇത് അങ്ങനല്ലല്ലോ. വാടക തന്നില്ലേലും കുഴപ്പമില്ല.'' 

അകത്തുനിന്ന്, ഉറങ്ങുന്ന കുഞ്ഞിനെ തോളിലിട്ടുകൊണ്ട് ലീലാമ്മച്ചി ഇറങ്ങിവന്നു. ''അമ്മ പറയും, ചന്ദനത്തിന്റെ നിറമെന്ന് പറയില്ലേ; ഞാനതു കാണുന്നത് ലീലച്ചേച്ചിയിലാണ്.'' 
അയാള്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത്, വാഴപ്പിണ്ടിയുടെ സ്‌നിഗ്ദ്ധതയും തണുപ്പുമുള്ള അവരുടെ വിരലുകളാണ്. അമ്മ ഓഫീസില്‍നിന്ന് വരാന്‍ താമസിക്കുമ്പോള്‍ ജോലിക്കു നില്‍ക്കുന്ന മറിയച്ചേട്ടത്തിയോട് വഴക്കിട്ട് കരയുമ്പോള്‍, ലീലാമ്മ മടിയില്‍ പിടിച്ചുകിടത്തി തന്റെ മുടിയില്‍ക്കൂടി ആ വിരലുകളോടിച്ച്, ഈണത്തില്‍ കവിത ചൊല്ലും. തോളില്‍, ലില്ലിക്കുട്ടി വിരലുകുടിച്ചുകൊണ്ട് ചാഞ്ഞുകിടക്കുന്നുണ്ടാവും. 
അമ്മ പറയും:

''ലീലച്ചേച്ചി തന്ന ധൈര്യംകൊണ്ടാണ് ഞാന്‍ അവിടെ കഴിഞ്ഞത്. ലീലച്ചേച്ചി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.'' 

''ഞാന്‍ രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ച വീടാ അത്. ഉമ്മച്ചായന്റെ അമ്മച്ചി, നാലുപേരെ പ്രസവിച്ചു. ബാക്കി എല്ലാവരും പലയിടത്തു പോയപ്പോള്‍ ഞങ്ങള്‍ മാത്രമായി ഇവിടെ. പക്ഷേ, ഞങ്ങള്‍ക്കൊരു കുഴപ്പവും ഉണ്ടായില്ല. എല്ലാ ഉയര്‍ച്ചയും ഇവിടെനിന്നാ ഉണ്ടായത്. എന്റെ ജോയ്മോന്‍ പോയി എന്നതല്ലാതെ.'' 
അതു പറയുമ്പോള്‍ അവര്‍ എപ്പോഴും കരയും. ഗദ്ഗദത്തിനിടയ്ക്ക് പറയും: ''ഒരു ചെറിയ പനി മാത്രമേയുള്ളായിരുന്നു. രണ്ട് വയസ്സ് കഷ്ടി, ഒരു സന്നി വന്നു; ആശുപത്രിയിലെത്തും മുന്‍പേ കഴിഞ്ഞു.'' 
പിന്നെ, അന്ന് മടിയില്‍ കിടന്ന് ആ കഥ കേള്‍ക്കുകയായിരുന്ന തന്റെ നെറ്റിയില്‍ ഉമ്മവെച്ച് അവര്‍ മന്ത്രിക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നു: 

''എന്റെ ജോയ്മോന്‍ തിരിച്ചുവന്നതാ നീ. ഇതേ ശരീരപ്രകൃതം. നിന്നെ കാണുമ്പോഴെല്ലാം ഞാനവനെ ഓര്‍ക്കും- എന്റെ ജോയ്. എന്റെ സന്തോഷം ആണ് നീ.'' 
അമ്മ പറയും:

''പ്രസവിച്ച് നിന്നെ അവരുടെ കയ്യിലേക്കിട്ടു കൊടുത്തതുപോലെയായിരുന്നു. പറഞ്ഞ തീയതിക്കു മുന്‍പേ വേദന തുടങ്ങി, കാറുപിടിച്ച് ഗവണ്‍മെന്റ് ആശൂപത്രിയിലെത്തിയപ്പോഴേയ്ക്കും വെള്ളം പോവാന്‍ തുടങ്ങി, വേദനയും കൂടി. പ്രസവമുറിയിലെത്തിയപ്പോള്‍ മിഡ് വൈഫ് മാത്രം.  അവരും ലീലച്ചേച്ചിയും കൂടെയാ പ്രസവമെടുത്തതെന്നു പറയാം. ഡോക്ടര്‍ പിന്നാ വന്നത്. വീട്ടില്‍നിന്ന് അമ്മയും ചേച്ചിയും ഒക്കെ വന്നപ്പോഴേയ്ക്കും ലീലച്ചേച്ചി പ്രസവ ശുശ്രൂഷക്കൊക്കെയുള്ള ആള്‍ക്കാരെ വരെ ഒരുക്കിയിരുന്നു. മറിയച്ചേട്ടത്തിയെ വീട്ടിലെ കാര്യം നോക്കാനും. ലീലച്ചേച്ചി ഒരു കൂടപ്പിറപ്പിനെപ്പോലെ തന്നെയായിരുന്നു. ഒന്നും മറക്കില്ല.'' 

ഒരു കാര്യം അമ്മ ഏറ്റവും കൃതജ്ഞതയോടെ പറയുന്നത് അയാള്‍ ഓര്‍ക്കും: 
പ്രസവശേഷം അമ്മയ്ക്ക് പനിപിടിച്ച് പാല്‍ കൊടുക്കാനാവാതെ, വിഷമിക്കുമ്പോള്‍, ലില്ലിക്കുട്ടിയെ മാറില്‍നിന്ന് മാറ്റി മുലപ്പാല്‍ നല്‍കിയ ലീലച്ചേച്ചിയെപ്പറ്റി. അമ്മൂമ്മ അമ്മയോട് ദേഷ്യത്തോടെ പറഞ്ഞു. 
നസ്രാണിയുടെ പാല്‍ കുടിച്ച് എന്റെ കുഞ്ഞ് വളരുകയാ. ഇവന്‍ കുപ്പിപ്പാല്‍ എന്തുചെയ്താല്‍ കുടിക്കത്തില്ല. എന്തൊരു രീതിയാ ഇത്! നാട്ടില്‍ ആരും അറിയണ്ട ഇത്.'' 
അച്ഛന്‍ പറഞ്ഞു: 

''മുലപ്പാലിന് ജാതിയും മതവുമൊന്നുമില്ല അമ്മേ. ഇങ്ങനൊരു കുടുംബം അടുത്തില്ലായിരുന്നേല്‍ ഞാനൊറ്റയ്ക്ക് ഇവിടെ എന്തുചെയ്യുമായിരുന്നു?''
അമ്മൂമ്മ പിന്നെയും ദേഷ്യപ്പെട്ടു: ''ഞാന്‍ പറഞ്ഞതല്ലേ പ്രസവം കഴിഞ്ഞു പോന്നാല്‍ മതീന്ന്. അത് നിങ്ങളാരും കേട്ടില്ലല്ലോ.'' 
അമ്മ വിഷമത്തോടെ പറഞ്ഞു: 

''അവിടെ ആരുണ്ട് നോക്കാന്‍? അച്ഛനില്ല അമ്മയും ചേച്ചിയും മാത്രം; ചേട്ടന്‍ അങ്ങ് ബോംബേല്. ഒന്നാമത് എനിക്ക് ഇത്രയും പ്രായമായിട്ടുള്ള പ്രസവം. ആണുങ്ങളാരുമില്ലാതെ അവിടെ നിന്നാലെങ്ങനാ? രാഘവേട്ടന്‍ എല്ലാം അന്വേഷിച്ചിട്ടാ തീരുമാനിച്ചത്. ഇപ്പോള്‍ ദേ പനി വന്നപ്പോള്‍ ഡോക്ടര്‍ വീട്ടില്‍ വന്നില്ലേ. ഗവണ്‍മെന്റ് ആശുപത്രി നടന്നുപോകാവുന്ന ദൂരത്താ. പിന്നെ ഉമ്മച്ചായന്റെ വീട്ടുകാര് ചെയ്യുന്ന സഹായം നമ്മുടെ ബന്ധുക്കള് പോലും ചെയ്യത്തില്ല.'' എന്നിട്ടും അമ്മൂമ്മയ്ക്കും വലിയമ്മയ്ക്കും എപ്പോഴും പരാതികളായിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷേ, മൂന്നു കൊല്ലത്തിന് ശേഷം അനിയത്തിയെ പ്രസവിച്ചതും അമ്മ ആ നാട്ടില്‍വെച്ചുതന്നെയായിരുന്നു. 
അന്നും ലീലാമ്മച്ചി പറഞ്ഞു:

ഇത്തവണ ഞാന്‍ സുനന്ദക്കുട്ടിയെ നേരത്തെ ആശുപത്രിയിലെത്തിക്കും. എല്ലാം ഞാന്‍ ഏര്‍പ്പാടു ചെയ്യും. ഒരു ബുദ്ധിമുട്ടും വരത്തില്ല. എന്തു സഹായത്തിനും ഞങ്ങളിപ്പുറത്തുണ്ട്. രണ്ടു വീടും തമ്മില്‍ ഒരു ശീമക്കൊന്നേടെ മറവേയുള്ളു. ഈ വീടിന് പഴക്കമൊണ്ടേലും എല്ലാ സൗകര്യമൊണ്ട്. പ്രസവിച്ച് കിടക്കാനുള്ള മുറി വരെയുണ്ട്, അറിയാമല്ലോ. നാട്ടിലൊന്നും പോവണ്ട. 
മുകുന്ദന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ചെങ്കല്ലു കെട്ടിയ ആ വീട് സ്വന്തം വീടാണെന്ന് കരുതിയ കുട്ടിക്കാലം. എല്ലാ മുറികളിലും തടികൊണ്ടുള്ള മച്ചുണ്ടായിരുന്നു. വലിയ ജനാലകളും ചുവന്ന തറയോടു പാകിയ ചുറ്റോടുചുറ്റുമുള്ള നീണ്ട വരാന്തകളും.
ഏറെ പഴക്കമുണ്ടെങ്കിലും ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല എന്നു തോന്നിപ്പിക്കുന്ന തരത്തില്‍, വലിയ പറമ്പിന്റെ നടുക്ക് വെളുത്ത ചിരിയുമായി നിന്ന വീട്. ആ വീടിന്റെ വരാന്തയില്‍ ചാരുകസേരയില്‍ കിടക്കുമ്പോള്‍ ഒരു പൂവിനുള്ളില്‍ ചിറകൊതുക്കി ഇരിക്കുന്നതുപോലെ അയാള്‍ക്കു തോന്നിയിരുന്നു, അതിന്റെ ദലങ്ങള്‍ എപ്പോഴും മേനിയില്‍ ഉരുമ്മുന്നതുപോലെയും. 

വിശേഷാവസരങ്ങളില്‍ അമ്മയുടേയും അച്ഛന്റേയും നാടുകളില്‍ പോകുമ്പോഴും എത്രയും പെട്ടെന്ന് തിരിച്ച് ഈ വീട്ടില്‍ വരാന്‍ കൊതിച്ചിരുന്നു; അരഞ്ഞാണത്തില്‍ ഒരു ചരട് ആ ഗൃഹം കൊരുത്തിട്ടിരുന്നതുപോലെ; അത് അടുത്തേയ്ക്ക് കൊളുത്തിവലിക്കുന്നതുപോലെ. 

ഒരിക്കല്‍ അയാള്‍ അമ്മയോടു ചോദിച്ചു: ''ഈ വീട്ടില്‍ നമുക്ക് എന്നും താമസിക്കാന്‍ പറ്റുമോ അമ്മേ?'' 
ഇളവെയില്‍ ചലനച്ചിത്രങ്ങള്‍ രചിക്കുന്ന തണുത്ത തിണ്ണയില്‍ വയറിന്റെ ഭാരംകൊണ്ട് ആയാസപ്പെട്ട് മരത്തൂണില്‍ ചാരിയിരിക്കുന്ന അമ്മ ചിരിച്ചു. 
''ഇല്ല മോനേ, ഇത് ലീലച്ചേച്ചിയുടെ വീടല്ലേ? അച്ഛന് ട്രാന്‍സ്ഫര്‍ വന്നാല്‍ പോകണം.'' 
മുകുന്ദന്‍ ചോദിച്ചു: 
''ഞാന്‍ ലീലാമ്മച്ചീടെ മോനല്ലേ? എനിക്ക് തരുമോ ഇത്?''
അമ്മ അത്ഭുതത്തോടെ തലയുയര്‍ത്തി: ''അപ്പോള്‍ ഞാനോ? ഞാന്‍ നിന്റെ അമ്മയല്ലേ?'' അയാള്‍ പറഞ്ഞു:
''എനിക്ക് രണ്ട് അമ്മയുണ്ടെന്ന് അമ്മ തന്നെയല്ലേ പറഞ്ഞത്. ഓഫീസില്‍ പോകുമ്പോള്‍ ലീലാമ്മച്ചിയല്ലേ എന്നെ നോക്കിയത്. ഇന്നലെ അമ്മ ആശുപത്രീ പോയപ്പോ ഞാന്‍ ലീലാമ്മച്ചീടെ കൂടെയല്ലേ കിടന്നത്? ജോയ് മോനാ ഞാനെന്ന് ലീലാമ്മച്ചി പറഞ്ഞല്ലോ.'' 

അത് കേട്ടുകൊണ്ടുവന്ന ലീലാമ്മച്ചി തന്നെ ചേര്‍ത്തുവെച്ച് നെറുകയില്‍ ഉമ്മവെച്ചത് അയാള്‍ക്ക് ഓര്‍മ്മയുണ്ട്. 
''ശരിയാ മക്കളെ, സുനന്ദക്കുട്ടീടെ മോനാണേലും നീ എന്റെ ജോയ് മോന്‍ തന്നെയാ. നിനക്ക് പാലു തരുമ്പോള്‍ എന്റെ ജോയ്ക്കുഞ്ഞിനെയാ ഞാന്‍ ഓര്‍ത്തത്. അങ്ങിനെയേ എനിക്ക് കാണാന്‍...'' അതു മുഴുവനാക്കാതെ അവര്‍ വിതുമ്പി; എപ്പോഴത്തേയും പോലെ. അവരുടെ കയ്യ് മുറുകെ പിടിച്ച് അമ്മ വിഷമത്തോടെ പറഞ്ഞു: ''കരയാതെ ലീലച്ചേച്ചീ, അത്രേ ആയുസ്സുണ്ടായിരുന്നുള്ളു എന്ന് കരുതിയാല്‍ മതി. ഇവന്‍ ചേച്ചീടെ ജോയ്മോന്‍ തന്നെയാ. എനിക്കൊരു പരാതിയും ഇല്ല. ചേച്ചീടെ പാല്‍ കുടിച്ച് വളര്‍ന്നവനല്ലേ, എനിക്കതില് സങ്കടമൊന്നുമില്ല.'' 
ഇന്ന് ശരണാലയത്തിലെ ഗ്രാനൈറ്റ് പതിച്ച ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ജോയ്മോനേ എന്ന വിളികേട്ട് നിന്നിടത്ത് തറഞ്ഞുപോയത്, ആ ഓര്‍മ്മപ്പൂക്കളുടെ സുഗന്ധം ഒരിക്കലും വറ്റാത്തതുകൊണ്ടായിരുന്നു. 
''എന്റെ ജോയ്മോനേ, നില്‍ക്ക് മോനേ.'' 

ഒരു നിലവിളിപോലെ ആ ചിലമ്പിച്ച ഒച്ച കേട്ടപ്പോള്‍ അയാള്‍ക്ക് ഇത് ഒരു വിഭ്രാന്ത സ്വപ്നമാണോ എന്ന് തോന്നി. ആരാണ് ഇത്രയും അപരിചിതമായ ഒരു സ്ഥലത്ത്, ആദ്യമായി വരുന്ന ഈ സ്ഥലത്ത് എന്നെ ഈ പേര്‍ചൊല്ലി വിളിക്കുന്നത്?
ഈ ഭൂമിയില്‍ ഒറ്റ ഒരാള്‍ മാത്രമേ എന്നെ ഇങ്ങനെ വിളിച്ചിട്ടുള്ളു; ആ ആള്‍ ഭൂമിയുടെ മറുഭാഗത്തേയ്ക്ക് പറന്നുപോയിട്ട് രണ്ട് വര്‍ഷമാകുന്നു. 
അയാള്‍ അവിശ്വസനീയതയോടെ ചുറ്റുപാടും നോക്കി; ആ സ്ഥാപനത്തിലെ ഒരു മുറിയില്‍നിന്ന് ഇളംനീല നിറമുള്ള നീളന്‍ കുപ്പായമണിഞ്ഞ് ഭ്രാന്തിയെപ്പോലെ ഓടിവരുന്ന ലീലാമ്മച്ചിയെ കണ്ട് അയാള്‍ സ്തംഭിച്ചുനിന്നു. 
അവര്‍ വര്‍ഷങ്ങളായി ഓടുന്നതുപോലെ കിതച്ചു: പിന്നെ വിറയ്ക്കുന്ന കൈകള്‍കൊണ്ട് അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. 

''മോനേ, ജോയ് മോനേ നീ എന്നെ കാണാന്‍ വന്നതാണോ? ആരു പറഞ്ഞു ഞാനിവിടുണ്ടെന്ന്?''
അയാള്‍ കല്‍പ്രതിമപോലെ മരവിച്ചുനിന്നു. 
ട്യൂഷന്‍ സെന്ററില്‍ കൂടെ പഠിപ്പിക്കുന്ന നാദിര്‍ഷാ എന്ന അടുത്ത സുഹൃത്തിന്റെ ബന്ധുവിനെ കാണാന്‍ അയാളുടെ കൂടെ വന്നതായിരുന്നു മുകുന്ദന്‍. 
നാദിര്‍ ഷാ പറഞ്ഞു:

''മുകുന്ദാ, നീ നാളെ എന്റെ കൂടെ വയനാട് വരെ വരണം. നമ്മുടെ ഡ്രൈവര്‍ സോമന്‍ വരാമെന്നു പറഞ്ഞിരുന്നു. പക്ഷേ, അവന് സുഖമില്ല എന്ന് വിളിച്ചുപറഞ്ഞു. നീ കൂടെ വന്നാല്‍ നമുക്ക് മാറി മാറി ഓടിക്കാം. ഒറ്റക്കത്രയും ദൂരെ ഡ്രൈവ് ചെയ്യാന്‍ ധൈര്യമില്ല.'' 
''എന്താ കാര്യം?''
''എന്റെ കസിന്‍ അഷ്‌റഫിന്റെ ഉമ്മയുടെ കാര്യം ഞാന്‍ പറഞ്ഞിട്ടില്ലേ. അവനും സഹോദരങ്ങളുമെല്ലാം ഗള്‍ഫിലാണ്. അവന്റെ വാപ്പ മരിച്ചതില്‍പ്പിന്നെ അവരെ അവിടെ കൊണ്ടുപോയി. അവര്‍ക്ക് ദുബായ് പിടിക്കുന്നില്ല. തിരിച്ചു കൊണ്ടുപോന്നു. കോഴിക്കോട് ഒരു ഫ്‌ലാറ്റെടുത്ത് ജോലിക്കാരിയേയും ഒക്കെയാക്കി. പക്ഷേ, ആ സ്ത്രീ ഉമ്മായുടെ പണം മോഷ്ടിച്ച് സ്ഥലം വിട്ടു. ഇപ്പോള്‍ വയനാട്ടില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഓള്‍ഡ് ഏജ് ഹോമിലാണ്. അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. ചെലവ് കൂടുതലാണേലും സേഫ് ആണെന്നവന്‍ പറഞ്ഞു.'' 
അയാള്‍ക്ക് വേദന തോന്നി. ആറോ ഏഴോ മക്കളുണ്ടവര്‍ക്ക്! ആര്‍ക്കും മണലാരണ്യത്തിലെ സൗഭാഗ്യങ്ങള്‍ ഉപേക്ഷിച്ച് വരാന്‍ താല്പര്യമില്ല. 

''ഉമ്മ സമ്മതിച്ചോ? ഞാനാ വീട്ടില്‍ നിന്റെ കൂടെ വന്നിട്ടുണ്ടല്ലോ; കോഴിക്കോട്ട് ഒത്തിരി സ്ഥലമുള്ള വലിയ വീട്ടില്‍.'' നാദിര്‍ഷാ വിഷണ്ണനായി പറഞ്ഞു: 
''മാമിക്ക് വലിയ സങ്കടമായിരുന്നു. ഒത്തിരി കരഞ്ഞു. പിന്നെ അഷ്‌റഫ് അടുത്ത കൊല്ലം ബിസിനസ്സൊക്കെ നിര്‍ത്തി പോരാമെന്ന ഉറപ്പുകൊടുത്തു സമ്മതിപ്പിച്ചു. നാളെ അവരുടെ എണ്‍പതാം പിറന്നാളാണ്. ആര്‍ക്കും വരാന്‍ പറ്റുന്നില്ല. എന്റെ ഫ്രണ്ട് രാജേഷ് വന്നപ്പോള്‍ കുറെ സമ്മാനങ്ങള് മക്കള്‍ കൊടുത്തയച്ചു; അതു കൊണ്ടുകൊടുക്കണം. വീഡിയോ എടുത്ത് അയക്കണം.'' 
അവന്‍ മ്ലാനമായ മുഖത്തോടെ തുടര്‍ന്നു:

''എന്റെ കുടുംബത്തിലോ അവന്റെ ബന്ധുക്കളോ ആരും മാമി ശരണാലയത്തിലാണെന്ന് അറിയിച്ചിട്ടില്ല; മോശമല്ലേ അത്? അവന്റെ കോഴിക്കോട്ടുള്ള റിസോര്‍ട്ടിലെ ഒരു കോട്ടേജില്‍ താമസിപ്പിച്ചിരിക്കുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ഗിഫ്റ്റൊക്കെ ആരും അറിയാതെ അവിടെത്തിക്കണം. അതിനാണ് എന്നെ ഏല്പിച്ചത്.'' ദൂരയാത്ര അയാള്‍ക്ക് ഒട്ടും ഹിതകരമായിരുന്നില്ല. നാദിര്‍ഷാ ഏറ്റവും അടുത്ത കൂട്ടുകാരനായതുകൊണ്ടുമാത്രം അയാള്‍ എതിര്‍ത്തില്ല. വീടിന്റെ സുരക്ഷിതവലയത്തില്‍നിന്ന് പുറത്തേയ്ക്ക് പോകാന്‍ അയാള്‍ മടിച്ചു. വീടിനു മുന്‍പിലെ വരാന്തയില്‍, താമരത്തണ്ടിന്റെ തണുപ്പുള്ള ചുവന്ന തറയില്‍, ഇടയ്ക്കിടെ ഇലഞ്ഞിപ്പൂക്കളും മഞ്ഞ മന്ദാരങ്ങളും മലങ്കാറ്റില്‍ കൊഴിയുന്ന നേര്‍ത്ത ശബ്ദം കേട്ടു കണ്ണടച്ചു കിടക്കുന്ന തുടുത്ത സന്ധ്യകള്‍. മരമുല്ലയില്‍ ചാഞ്ഞിരുന്ന് ഉറക്കെ കൂവുന്ന, ചൂളക്കുയിലിന്റെ ചിറകടികള്‍ കേട്ട് ഉണരുന്ന തെളിഞ്ഞ പുലരികള്‍. അതൊക്കെ അയാളെ മോഹിപ്പിക്കുന്ന ഓര്‍മ്മകളായിരുന്നു. 

അതുകൊണ്ടാണ് ലീലാമ്മച്ചിയുടെ മൂത്ത മകന്‍ ജോര്‍ജ്കുട്ടിക്ക് പട്ടണത്തിലെ പ്രശസ്തമായ കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ അയാള്‍ അച്ഛനോടു പറഞ്ഞത്: 

''അച്ഛാ, എനിക്ക് ഡോക്ടറും എന്‍ജിനീയറും ഒന്നും ആവണ്ട. കോച്ചിങ്ങിനും പോവണ്ട. ഞാനിവിടെ അടുത്തുള്ള ഗവണ്‍മെന്റ് കോളേജില്‍ പഠിച്ചോളാം. എന്നെ അന്ന് നിര്‍ബ്ബന്ധിക്കരുത്. അച്ചന്മാരുടെ ആ കോളേജില്‍ വേണ്ട. എനിക്ക് ഹോസ്റ്റലില്‍ നില്‍ക്കാന്‍ വയ്യ.'' 
അച്ഛന്‍ കടുത്ത നിരാശയോടെ പറഞ്ഞു: ''ജോര്‍ജ്കുട്ടി പഠിക്കുന്ന കോളേജില്‍ നല്ല ടീച്ചേഴ്സാണെല്ലാവരും. ഇവിടെയാണേല്‍ എന്നും സമരോം പഠിപ്പുമുടക്കവുമാണ്. അവിടെ അവര്‍ നല്ല സ്റ്റുഡന്റ്‌സിന് പ്രത്യേകം കോച്ചിങ്ങ് കൊടുക്കും. ഹോസ്റ്റലില്‍ നില്‍ക്കാന്‍ വയ്യ, അതുകൊണ്ട് പോകുന്നില്ല എന്ന് പറയുന്നത് എന്തു മണ്ടത്തരമാണ്: ആഴ്ചയിലും വരാമല്ലോ. ജോര്‍ജ്കുട്ടിക്കാണേല്‍ അവിടെ മാത്രം പഠിച്ചാല്‍ മതി, ഉമ്മച്ചായന് ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും.'' 
ജോര്‍ജ്കുട്ടി എപ്പോഴും ചക്രവാളസീമ ഭേഭിച്ച് അപ്പുറം പോകുന്നത് സ്വപ്നം കണ്ടിരുന്നു. അവന്‍ മുകുന്ദനോടു പറയും: 

''എനിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കണം. ഈപ്പന്‍ ഡോക്ടറെപ്പോലെയാകണം. അമ്മച്ചിക്ക് അന്ന് പനിയും ഛര്‍ദ്ദിലും വന്ന് തളര്‍ന്നുവീണപ്പോള്‍ അദ്ദേഹമാണ് രക്ഷപ്പെടുത്തിയത്. ജോയ്മോനെ ഈപ്പന്‍ ഡോക്ടറ് കണ്ടിരുന്നേല്‍ മരിക്കത്തില്ലായിരുന്നെന്ന് അമ്മച്ചി എപ്പഴും പറയും.'' 
ലില്ലിക്കുട്ടിയും ജോര്‍ജ്കുട്ടിക്കു പുറകേ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍, പറഞ്ഞാല്‍ അനുസരിക്കാത്ത മകനെക്കുറിച്ച് കഠിനമായ നിരാശയോടെ അച്ഛന്‍ കുണ്ഠിതപ്പെട്ടു:
അവന്‍, ജോര്‍ജ്കുട്ടിയെക്കാളും ലില്ലിക്കുട്ടിയെക്കാളും മിടുക്കനാ. ഒരു ട്യൂഷനുമില്ലാതെ ഈ സര്‍ക്കാര്‍ കോളേജില്‍ പഠിച്ചിത്രയും മാര്‍ക്കു വാങ്ങിച്ചില്ലേ. ശ്രമിച്ചാല്‍ ഡോക്ടറാവാമായിരുന്നു. എന്റെ എത്രയോ വിദ്യാര്‍ത്ഥികള്‍ ഡോക്ടറും എന്‍ജിനീയറും ഒക്കെയായി. എനിക്ക് ആ യോഗമില്ല. ഈ വീട്ടില്‍നിന്നും നാട്ടില്‍നിന്നും മാറിനില്‍ക്കാന്‍ വയ്യ എന്ന് ഓരോ വിചിത്രമായ ചിന്തകളാണ്! എന്ത് ചെയ്യും!''
അമ്മ അടക്കാന്‍ വയ്യാത്ത സങ്കടത്തോടെ പറഞ്ഞു:

''അവനൊരു പ്രത്യേക സ്വഭാവക്കാരനാണ്. പറഞ്ഞിട്ടും കരഞ്ഞിട്ടും ഒരു ഫലവുമില്ല.'' പിന്നെ അച്ഛനെ സമാധാനിപ്പിക്കുന്നതുപോലെ പറഞ്ഞു.'' 

''അവന്‍ പി.ജി. കഴിഞ്ഞ്, നല്ല നിലയില്‍ ഇവിടെ ട്യൂഷന്‍ സെന്റര്‍ നടത്തുന്നില്ലേ? എത്ര കുട്ടികള്‍ അവിടെനിന്ന് പഠിച്ച് ഡോക്ടറൊക്കെ ആയി. ഈ നാടിനെന്തെങ്കിലും ചെയ്യണമെന്ന് അവനു തോന്നുന്നത് നല്ല കാര്യമല്ലേ? എത്ര സ്‌നേഹമുള്ള ആള്‍ക്കാരാണ്. ഓരോ തവണയും രാഘവേട്ടന് ട്രാന്‍സ്ഫര്‍ വരുമ്പോള്‍ നാട്ടുകാരല്ലേ അതെല്ലാം മാറ്റി റിട്ടയര്‍മെന്റ് വരെ ഇവിടെത്തന്നെ നിര്‍ത്തിയത്. എന്നെയും ഒരുപാട് സഹായിച്ചില്ലേ? ഈ വീട് മുകുന്ദന് വലിയ ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍, ബന്ധുക്കളുടെ എതിര്‍പ്പുപോലും കണക്കാക്കാതെ നിസ്സാര വിലയ്ക്കല്ലേ ഉമ്മച്ചായന്‍ നമുക്ക് തന്നത്? കുടുംബവീട് ക്രിസ്ത്യാനിയല്ലാത്ത ഒരാള്‍ക്ക് ആരേലും കൊടുക്കുമോ? നമ്മുടെ നാട്ടീന്നോ വീട്ടീന്നോ ഈ കരുതലും ബഹുമാനവും സ്‌നേഹവും കിട്ടീട്ടുണ്ടോ? ഞാന്‍ നോക്കുന്നതില്‍ക്കൂടുതല്‍ എന്റെ മക്കളെ ലീലച്ചേച്ചിയാ നോക്കീട്ടുള്ളത്- അതൊന്നും മറക്കാന്‍ പാടില്ല.''
സ്വയം സമാധാനിക്കുന്നതു പോലെ അച്ഛന്‍ പറഞ്ഞു: 
''മാലിനിയെങ്കിലും എന്‍ജിനീയറിങ്ങ് കഴിഞ്ഞല്ലോ. അവള്‍ക്ക് ഇതുപോലെ ഭ്രാന്തന്‍ ചിന്തകളുണ്ടായില്ലല്ലോ, ഭാഗ്യം.'' 

മാലിനി അയാളെ കളിയാക്കും. ''മുകുന്ദേട്ടാ, ഈ വീട് പണ്ടെങ്ങോ ആരോ പണിതത്. നമ്മള്‍ വെച്ചതുപോലുമല്ല, ഇത്രയും സെന്റിമെന്റലാകാന്‍. ഇത് നമ്മുടെ സ്വന്തം നാടുമല്ല. എന്നിട്ടും ശ്രീനിവാസന്റെ സിനിമയിലെപ്പോലെ, തിരികെ ഞാന്‍ വരുമെന്ന് കാതോര്‍ത്ത് ഈ വീടും നാടും ഇരിക്കുന്നു എന്ന പാട്ടും പാടി നടക്കുന്ന മുകുന്ദേട്ടന്‍! ഈ പൊട്ടക്കിണറ്റില്‍നിന്ന് പുറത്തുചാടിയിരുന്നെങ്കില്‍ ഏട്ടന് ഐ.എ.എസ് ഒക്കെ പുഷ്പം പോലെ കിട്ടിയേനെ.''
മുകുന്ദന്‍ പറഞ്ഞു:

''ഇതൊക്കെ എന്റെ ചീപ്പ് സെന്റിമെന്റ്‌സ് തന്നെയാണ്. ഈ സെന്റിമെന്റ്‌സില്ലെങ്കില്‍ പിന്നെ ഞാനില്ല. ഇവിടെയുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് ഇങ്ങനെ നല്ല ചാന്‍സ് എന്റെ ട്യൂഷന്‍ സെന്ററില്‍ കൊടുത്തതുകൊണ്ടാണല്ലോ അവര്‍ ഡോക്ടറും ഐ.എ.എസ്സും ഒക്കെയായത്. അല്ലെങ്കില്‍ അവര്‍ എങ്ങും എത്തുകയില്ലായിരുന്നു. മറ്റുള്ളവര്‍ ജയിക്കാന്‍ നമ്മള്‍ കാരണമാവുന്നതും നമ്മുടെ വിജയമാണ്.'' 
അവള്‍ പരിഹസിച്ചു ചിരിച്ചു. 
''ഓ, ആദ്യം സ്വന്തം കാര്യം നോക്കിയിട്ട് നാടു നന്നാക്കിയാല്‍ മതി. ഞാനേതായാലും ചിറക് വിടര്‍ത്തി പറന്നുപോകും.'' 

ലില്ലിക്കുട്ടിയും ജോര്‍ജ്കുട്ടിയും മാലിനിയും എല്ലാവരും ചിറകുവീശി ആകാശങ്ങളുടെ അതിരുകള്‍ തേടി പറന്നു. മാലിനി ഭര്‍ത്താവിനോടൊപ്പം ആസ്ട്രേലിയയില്‍. ജോര്‍ജുകുട്ടി അമേരിക്കയില്‍. ലില്ലിക്കുട്ടി കാനഡയില്‍. ഉമ്മച്ചായന് അസുഖം കൂടുതലായപ്പോള്‍ വീഡിയോ കോളിലൂടെ ജോര്‍ജുകുട്ടി പറഞ്ഞു:
''മുകുന്ദാ, നീ വേണ്ടതു ചെയ്യണം. പണം ഒരു പ്രശ്‌നമല്ല. എന്നും സ്‌ക്കൈപ്പിലൂടെ അപ്പനെ കാണിക്കണം. നഗരത്തിലെ ഹോസ്പിറ്റലിലെ പേവാര്‍ഡിലെ മുറിയില്‍ ഇരുമ്പുകട്ടിലിന്റെ തണുത്ത കമ്പിയില്‍ മുഖമമര്‍ത്തി ലീലാമ്മച്ചി ഈറന്‍ മിഴികളോടെ ഇരുന്നു. അവരുടെ കയ്യില്‍ ഫോണ്‍ ഇരുന്ന് വിറച്ചു. 
അയാള്‍ ലീലാമ്മയുടെ പുറം തലോടി. 

''കാനഡയില്‍നിന്നും അമേരിക്കയില്‍നിന്നുമൊക്കെ പെട്ടെന്നു വരാനാവുമോ? ഞാനുണ്ടല്ലോ ഇവിടെ. അവര്‍ എന്നും എല്ലാം കാണുന്നില്ലേ, വിളിക്കുന്നില്ലേ? അതു പോരേ?''
അയാളുടെ ഭാര്യ സൗമിനി, മിക്സിയില്‍ കഞ്ഞി അടിച്ചത് ഉമ്മച്ചായന്റെ മൂക്കിലെ ട്യൂബിലേക്ക് ഒഴിച്ചുകൊടുക്കുന്നതു കണ്ട് നെഞ്ചുപൊട്ടുന്ന നീറ്റലോടെ ലീലാമ്മച്ചി പറഞ്ഞു: ''ലില്ലിക്കുട്ടി ചെയ്യേണ്ട കാര്യമാ സൗമിനി മോള് ചെയ്യുന്നത്. കര്‍ത്താവിന്റെ പരീക്ഷകള് അല്ലാതെന്താ? എല്ലാം അനുഭവിച്ചേ മതിയാവൂ.'' 
അയാള്‍ അവരുടെ വിരലുകള്‍ ചേര്‍ത്തുപിടിച്ചു. ''ഞാനാരാ പിന്നെ? അമ്മച്ചീടെ ജോയ് മോനല്ലേ? എന്നെ പ്രസവിച്ചപ്പോഴും, മാലൂനെ പ്രസവിച്ചപ്പോഴും അമ്മൂമ്മയല്ലല്ലോ ലീലാമ്മച്ചി അല്ലേ അമ്മയുടെ കൂടെ നിന്നത്?''
അയാള്‍ എല്ലാം ഓര്‍ക്കുന്നുണ്ടായിരുന്നു. 

വലിയ ഇടിയും മഴയും ഉള്ള രാത്രിയില്‍ പ്രസവവേദനകൊണ്ട് പുളയുന്ന അമ്മയുടെ പുറം തടവി ലീലാമ്മച്ചി ആശുപത്രിയില്‍ വെളുക്കുവോളം ഇരുന്നത്, അമ്മയുടെ വിശ്രമം കഴിയുന്നതു വരെ ലീലാമ്മച്ചിയുടെ കൂടെ താമസിച്ചത്, അവര്‍ ചോറു വാരിത്തന്നത്, സ്‌കൂളിലയച്ചത്- കലിഡോസ്‌കോപ്പ് തിരിക്കുമ്പോള്‍ കാണുന്ന വര്‍ണ്ണച്ചിത്രങ്ങള്‍ പോലെ, വാത്സല്യം കോരിപ്പകര്‍ന്ന് പല നിറങ്ങള്‍ വാരിയണിഞ്ഞ് ലീലാമ്മച്ചി ഓര്‍മ്മകളില്‍ നിറയുന്നു. ഓര്‍ക്കുന്തോറും മധുരം കിനിയുന്ന സ്മൃതികള്‍. 
ഉച്ചമയക്കത്തില്‍ പുറത്തുതട്ടി ഉറക്കെ ലീലാമ്മച്ചി കവിതകള്‍ ചൊല്ലുമ്പോള്‍ മുകുന്ദന്‍ ഒരിക്കല്‍ ചോദിച്ചു: 
''ലീലാമ്മച്ചി സ്‌കൂളില്‍നിന്ന് പഠിച്ചതാണോ ഇതൊക്കെ?'' 
അവരുടെ മുഖം മങ്ങി, ദീര്‍ഘമായി നിശ്വസിച്ചു. 

''ജോയ്മോനേ, ഞാന്‍ കോളേജില്‍ പഠിച്ച് ഡിഗ്രി എടുത്തതാ.'' 
മുകുന്ദന് അത്ഭുതം തോന്നി. ''പിന്നെന്താ അമ്മയെപ്പോലെ ജോലിക്ക് പോവാത്തത്? എപ്പോഴും അടുക്കള ജോലിയും വീട് ഭരണവുമായി നടക്കുന്ന ഒരാള്‍!''
അവരുടെ മിഴികള്‍ നനഞ്ഞു. 
''അതൊരു കഥയാ മോനേ.''

''നാലു പെണ്‍മക്കളുള്ള വീട്ടിലെ മൂത്തവള്‍. അപ്പനില്ലാത്ത വീട്ടിലെ കുട്ടിക്ക് സ്ത്രീധനം വേണ്ടെന്നു പറഞ്ഞ് സ്വത്തുള്ള ഒരാള്‍ വന്നപ്പോള്‍, പ്രൈമറി സ്‌കൂള്‍ ടീച്ചറായ അമ്മ എതിര് പറഞ്ഞില്ല. എന്റെ ഇഷ്ടം ആരറിയാന്‍! പോട്ടെ, സാരമില്ല. എന്റെ മക്കള്‍ പഠിച്ചല്ലോ, അതു മതി.''
പക്ഷേ, അതുപോരാ എന്ന് പലപ്പോഴും പറയാതെ അവര്‍ പിന്നീട് പറയുന്നു. 
ആഘോഷാവസരങ്ങളില്‍ മക്കള്‍ സമ്മാനപ്പൊതികള്‍ കൊടുത്തയയ്ക്കുമ്പോള്‍ നിറഞ്ഞുകവിയുന്ന നേത്രങ്ങള്‍ തുടച്ച് അവര്‍ പറയും:

''ഫോണിലോ കംപ്യൂട്ടറിലോ മക്കളുടെ നിഴലുകള്‍ കണ്ടിട്ട് എനിക്ക് എന്തു ഫലം? അവര്‍ വരുന്നതേ തിരിച്ചുപോകുന്ന കാര്യം പറഞ്ഞുകൊണ്ടാണ്. കുറച്ചു ദിവസം കൂട്ടുകാരേയും ബന്ധുക്കളെയും കണ്ട്, കുറെ സ്ഥലങ്ങളിലും പോയി തിരിച്ചുവന്ന്- അപ്പോഴേക്കും ലീവ് തീരും. രണ്ട് ദിവസം ഞങ്ങളുടെ കൂടെ നിന്നെങ്കിലായി. അപ്പന്റെ മരണം കഴിഞ്ഞ് രണ്ടുമൂന്ന് മാസം കഴിഞ്ഞാ അവരൊക്കെ വന്നത്. എല്ലാം വീഡിയോയില്‍ കണ്ടത്രെ. അവര്‍ക്കൊക്കെ അത് മതിയായിരിക്കും.'' 
പക്ഷേ, 
അവര്‍ ആരോടും പരാതി പറയാതെ, വിഷമം ആരെയും അറിയിക്കാതെ ഉമ്മച്ചായന്‍ ഉള്ള കാലത്തെപ്പോലെ, കലം നിറയെ ചോറും പലതരം കറികളും വെച്ചു മുടങ്ങാതെ എല്ലാ ജോലിക്കാര്‍ക്കും ഭക്ഷണം നല്‍കി; പള്ളിയിലെ അനാഥാലയത്തില്‍ ദിവസവും ഭക്ഷണമെത്തിച്ചു; മില്ല് അടച്ചിടാതെ നടത്തി; പറമ്പിലും പാടത്തും കൃഷി ചെയ്തു. 

അവര്‍ മുകുന്ദനോടു പറഞ്ഞു:
''തളര്‍ന്നിരുന്നിട്ടെന്താ കാര്യം? ഉമ്മച്ചായന് അതൊന്നും ഇഷ്ടപ്പെടത്തില്ല. താങ്ങുണ്ടെങ്കിലേ തളര്‍ച്ചയുള്ളു- എനിക്കാരുമില്ല. എന്റെ ലോകം ഈ വീടും ഉമ്മച്ചായനുമായിരുന്നു. അത് ഇനി തിരിച്ചുകിട്ടാനും പോകുന്നില്ല. കുനുകുനെ കീറിയ പേപ്പറ് കഷണങ്ങള്‍ ഒട്ടിച്ചുവെക്കുന്നതുപോലെ ഞാന്‍, ഓരോന്നും തിരിച്ചുപിടിക്കാന്‍ നോക്കുകയാ ജോയ് മോനേ.''

അയാള്‍ പൊരിവെയിലിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നയെ നോക്കിയിരുന്നു. നട്ടുച്ചയ്ക്കും പറമ്പില്‍ പശുക്കള്‍ക്ക് കാടിവെള്ളം കൊടുക്കുന്ന ലീലാമ്മച്ചിയോട് അയാള്‍ കളി പറഞ്ഞു:
''ഇപ്പോള്‍ പണ്ടത്തേതിലും തിരക്കായോ? വെറുതെയിരിക്കുന്നത് കാണാറേയില്ലല്ലോ?''
ലീലാമ്മച്ചി കുനിഞ്ഞിരുന്ന് കാടി ഇളക്കി. അവരുടെ കണ്ണീര്‍ത്തുള്ളികള്‍ വെള്ളത്തില്‍ കലങ്ങിവീഴുന്നു. 
''ഇപ്പോള്‍ വെറുതെ ഇരുന്നിട്ട് എന്തുചെയ്യാനാ മോനേ? എന്നിട്ടുതന്നെ രാത്രി ഉറങ്ങാനേ പറ്റുന്നില്ല. ഇരുട്ടിലേയ്ക്ക് നോക്കി കണ്ണുതുറന്ന് കിടക്കും.'' 
അയാള്‍ക്ക് ഓര്‍മ്മയുണ്ട്. 

സന്ധ്യയ്ക്ക് കുരിശുവരച്ച് പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ അവര്‍ മക്കള്‍ പഠിക്കുന്ന മുറിയില്‍ അവര്‍ക്ക് കട്ടന്‍കാപ്പി ഫ്‌ലാസ്‌ക്കിലിട്ട് അടുത്തുവെച്ച് കൂടെ ഇരിക്കും. പരീക്ഷാസമയത്ത് ഇടയ്ക്ക് അയാള്‍ക്കും പലഹാരങ്ങള്‍ ഉണ്ടാക്കി കൊണ്ടുകൊടുക്കും. നന്നായി പഠിക്കണേ ജോയ്മോനേ എന്ന് ഓര്‍മ്മിപ്പിക്കും. അനിയത്തിയേയുംകൊണ്ട് അമ്മ വീട്ടുജോലിയും ഓഫീസ് ജോലിയും ഒക്കെയായി പാടുപെടുമ്പോള്‍ അവര്‍ കാവല്‍മാലാഖയെപ്പോലെ എത്തും. അമ്മയെ വിശ്രമിക്കാന്‍ വിട്ട് ജോലികള്‍ ഏറ്റെടുത്ത് ചെയ്യും. 
രണ്ട് വീടുകളാണെങ്കിലും ഒരു മരത്തിന്റെ രണ്ട് ശാഖകള്‍പോലെ ആ വലിയ പറമ്പില്‍, ആഴത്തില്‍ വേരോടി നിന്നവര്‍ വളര്‍ന്ന് ശിഖരങ്ങളായി, മരങ്ങള്‍ അകന്നു നില്‍ക്കുമ്പോഴും വേരുകള്‍ കൂടിപ്പിണഞ്ഞ് പരസ്പരം ആലിംഗനം ചെയ്തു കിടക്കുന്നു. 

അതുകൊണ്ടാണ് രണ്ട് വര്‍ഷം മുന്‍പ് ലീലാമ്മച്ചിയെ ജോര്‍ജുകുട്ടി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നു എന്നു പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഹൃദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നിയത്. തലയ്ക്കു മുകളില്‍ തണല്‍വിരിച്ചു നിന്ന ആല്‍മരം ആരോ പിഴുതെറിഞ്ഞതുപോലെ.
അമ്മ അച്ഛനോടു പറഞ്ഞു: 

''ലീലച്ചേച്ചി അടുത്തില്ലാത്തത് എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ. എത്ര വര്‍ഷമായി അടുത്ത് കഴിയുന്നു. ശരിക്കും ഒരു ശരീരഭാഗം പോലെതന്നെ.''
ആത്മഗതം പോലെ അമ്മ തുടര്‍ന്നു: 

''എന്തൊരു മുഖശ്രീയായിരുന്നു അവര്‍ക്ക്. നല്ല പഠിപ്പും ഉണ്ടായിരുന്നു. പക്ഷേ, ഈ പറമ്പിലും മില്ലിലും എല്ലാം നടു പൊട്ടുന്നതുവരെ പണിയെടുക്കാനായിരുന്നു അവരുടെ വിധി. പക്ഷേ, ഉമ്മച്ചായന്‍ അവര്‍ക്കൊരു ബലമായിരുന്നു. ഒന്നിനും എതിര് നില്‍ക്കത്തില്ല. ഉമ്മച്ചായന്‍ പോയതോടെ അവരാകെ വല്ലാതായി. സാരമില്ല ഇനിയെങ്കിലും മക്കളുടെ അടുത്തുപോയി സമാധാനമായി നില്‍ക്കട്ടെ.'' പക്ഷേ, അച്ഛന്‍ പറഞ്ഞു: 
''അവര്‍ക്ക് ഇവിടുന്ന് പോയാല്‍ സന്തോഷം കിട്ടുമെന്ന് തോന്നുന്നുണ്ടോ സുനന്ദേ? അമേരിക്കയിലും കാനഡയിലും എല്ലാ സൗകര്യങ്ങളും ഉണ്ട്. എല്ലാം ശരി തന്നെ. പക്ഷേ, അവര്‍ക്കെല്ലാം വലിയ തിരക്കാണ്. ലീലച്ചേച്ചി രാപകല്‍ അവിടെ ഒറ്റക്കിരിക്കണം. അവര്‍ വന്ന് കൊണ്ടുപോയാലേ പുറത്തുപോകാന്‍ പറ്റൂ. ഇവിടെ ഉമ്മച്ചായന്‍ ഇല്ലെന്നേ ഉള്ളൂ. അവര്‍ക്ക് എല്ലാവരുടേയും ശ്രദ്ധ കിട്ടുന്നുണ്ട്. പിന്നെ നമ്മളെന്തു പറയാനാണ്? അവരുടെ അമ്മയല്ലേ? 
മുകുന്ദന്‍ പറഞ്ഞു: 

''കുറച്ചു നാളത്തേയ്ക്ക് മാത്രമാണ് എന്ന് ലില്ലിക്കുട്ടി പറയുന്നു. അപ്പന്‍ മരിച്ചതിന്റെ വിഷമം മാറ്റാന്‍ ഒന്നു മാറിനില്‍ക്കട്ടെ എന്ന് കരുതി; അവര്‍ക്ക് രണ്ടു പേര്‍ക്കും ഇടയ്ക്കിടയ്ക്ക് വരാനുള്ള ബുദ്ധിമുട്ട് കാരണമാണ്.'' 
ജോര്‍ജ്കുട്ടിയും ലില്ലിക്കുട്ടിയും കുടുംബവും അവരെ കൊണ്ടുപോകാനായി വന്നു. അന്ന് നാട്ടുകാര്‍ കൊടുത്ത യാത്രയയപ്പ് അയാള്‍ ഓര്‍ക്കുന്നു. പള്ളിയിലെ അധികാരികളും മറ്റു പ്രധാനികളും നാട്ടുകാരും വികാരാധീനരായി ഉമ്മന്‍ മാപ്ലയേയും ലീലാമ്മയേയും പറ്റി നല്ല വാക്കുകള്‍ പറഞ്ഞു. 
ഓര്‍ഫനേജിലെ കുട്ടികള്‍ അവരുണ്ടാക്കിയ വലിയ പൂച്ചെണ്ട് ലീലാമ്മച്ചിക്ക് കൊടുത്തപ്പോള്‍ അവര്‍ വിതുമ്പി, തേങ്ങലോടെ അവര്‍ പറഞ്ഞു: 

''എന്റെ മക്കളേ, ഞാന്‍ ഈ നാടുവിട്ട് സ്ഥിരമായി എങ്ങോട്ടും പോവുന്നില്ല. എനിക്ക് പോകാനാവുകയും ഇല്ല. ഞാന്‍ തിരിച്ചുവരും; തല്‍ക്കാലം ഈ ഭൂമിയുടെ മറുഭാഗത്തെ കാഴ്ചകള്‍ കാണാന്‍ വേണ്ടി മാത്രം; എന്റെ മക്കള്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ട് ഞാന്‍ അവരുടെകൂടെ കുറച്ചുനാള്‍ നിന്നിട്ട് തിരിച്ചുവരും. എന്റെ മനസ്സും പ്രാര്‍ത്ഥനയും നിങ്ങളോടൊപ്പം എന്നും ഉണ്ടാകും.'' കുട്ടികള്‍ കൈകൂപ്പി തൊഴുതു, അവരുടെ കണ്ണുകള്‍ കലങ്ങി. 

അമ്മച്ചി പെട്ടെന്ന് വരണം. ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം. യോഗാനന്തരം വിഭവസമൃദ്ധമായ സദ്യ ഉണ്ടിട്ട്. നാട്ടുകാര്‍ അവരുടെ പാദം വന്ദിച്ചു. പഞ്ചായത്ത്  പ്രസിഡന്റ് എഴുന്നേറ്റു നിന്നു പറഞ്ഞു:
''ഭാഗ്യവതിയായ ഈ അമ്മ; നമ്മുടെ നാടിന്റെ വെളിച്ചമാണ്. എല്ലാ സൗഭാഗ്യങ്ങളും ഉള്ള മക്കള്‍ അവരെ കൂട്ടിക്കൊണ്ടുപോകുന്നതില്‍ നമ്മള്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഇത്രയും സ്‌നേഹധനരായ മക്കളുടെ അമ്മയാവാന്‍ സാധിച്ചതില്‍ അവര്‍ ഈശ്വരനോട് നന്ദി പറയണം. ആ കൃപാവരം എന്നും ഉണ്ടാകട്ടെ.''
എല്ലാം കഴിഞ്ഞ് സന്ധ്യയ്ക്ക് ലീലാമ്മച്ചി കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍, മുകുന്ദന്‍ പെട്ടെന്ന് അവരുടെ കൈകള്‍ മുറുകെപിടിച്ചു, അവരെ വിട്ടുകൊടുക്കാനാവാത്തതുപോലെ ഗദ്ഗദം തൊണ്ടയോളം വന്ന് വാക്കുകളെ തടയുന്നു. 

ലീലാമ്മ അയാളുടെ നെറുകയില്‍ ഉമ്മവെച്ചു. അവരുടെ കണ്ണുകള്‍ തുളുമ്പി:
ജോയ് മോനേ, ''ഞാന്‍ നിന്റടുത്ത് തിരിച്ചുവരും മോനേ.''
''പിന്നെ ഒരു രഹസ്യം പോലെ അവര്‍ നനഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു.'' 
''മോനേ, എനിക്കെന്തോ ഒരു പേടിപോലെ; പക്ഷേ, പോയല്ലേ പറ്റൂ? ഒടുവില്‍ എനിക്ക് നീ മാത്രമേ കാണുകയുള്ളു. നീ വിഷമിക്കരുത്. ഞാന്‍ വരും എന്തായാലും.'' 
അമ്മയും അച്ഛനും സങ്കടം കടിച്ചമര്‍ത്തി പറഞ്ഞു; 

''സമാധാനമായിട്ട് പോയി വന്നാട്ടെ. വീടും പറമ്പും ഒക്കെ ഞങ്ങള്‍ ശ്രദ്ധിച്ചുകൊള്ളാം. വര്‍ഗ്ഗീസ് എല്ലാം വേണ്ടതുപോലെ ചെയ്യും. ഒന്നുകൊണ്ടും വിഷമിക്കണ്ട.'' മഴച്ചാറ്റലിനിടയില്‍ക്കൂടി മാരിവില്ല് തെളിയുന്നതുപോലെ നേര്‍ത്ത മന്ദഹാസവുമായി ലീലാമ്മ മക്കളോടൊപ്പം കാറില്‍ കയറി മലയിറങ്ങി പോകുന്നതു നോക്കി അവര്‍ നിന്നു. 

മുകുന്ദന്‍ ദീര്‍ഘമായി നിശ്വസിച്ചു. 
രണ്ടു വര്‍ഷമാകുന്നു ആ വണ്ടി മലയിറങ്ങി ചെമ്മണ്‍ റോഡ് മുറിച്ചുകടന്നുപോയിട്ട്. 
ലീലാമ്മച്ചി പക്ഷേ, പിന്നെ വിളിച്ചിട്ടില്ല. ജോര്‍ജുകുട്ടിയുടെ വീഡിയോ കാള്‍ ഇടയ്ക്കിടെ വന്നു. പക്ഷേ, ഒരിക്കലും അമ്മച്ചിയെ വീഡിയോയില്‍ കാണാന്‍ പറ്റിയിട്ടില്ല. 
അയാള്‍ ഒരിക്കല്‍ ചോദിച്ചു;
''അമ്മച്ചിയോട് എനിക്ക് ഒന്ന് സംസാരിക്കാന്‍ പറ്റുമോ?''
അപ്പോള്‍ ജോര്‍ജുകുട്ടി ഓരോ കാരണങ്ങള്‍ പറയും. 
ഞാന്‍ ഹോസ്പിറ്റലിലാണ്. ഞാന്‍ പുറത്തു നില്‍ക്കുവാണ്. തിരക്കാണ്. അയാള്‍ക്കത് വിശ്വസിക്കാന്‍ തോന്നിയതുമില്ല.

പക്ഷേ, 
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ്, ഒരു കറുത്തു തടിച്ച മനുഷ്യന്‍ വീടും പുരയിടവും ഒക്കെ ചുറ്റിനടന്ന് കാണുന്നത് കണ്ടപ്പോള്‍ സംശയം തോന്നി. കുറേ ദിവസം കഴിഞ്ഞ് പശുക്കളേയും ആടുകളേയും കോഴികളേയും ഒക്കെ ആ മനുഷ്യന്‍ വണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ വര്‍ഗ്ഗീസിനോടു ചോദിച്ചു.

വര്‍ഗ്ഗീസ് പറഞ്ഞു:
''അത് ടൗണിലുള്ള ഒരു ഫാമുടമയാണ്. ജോര്‍ജ് ഡോക്ടറുടെ വലിയ കൂട്ടുകാരനാണ്. അയാള്‍ക്ക് ഇതെല്ലാം കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്നെന്നോടു പറഞ്ഞു. ഞാന്‍ ഫോണില്‍ ചോദിച്ചപ്പോഴും ഡോക്ടര്‍ അങ്ങനാ പറഞ്ഞത്.'' 
ഒഴിഞ്ഞ പറമ്പ് നോക്കിനിന്നപ്പോള്‍ അയാള്‍ക്ക് നെഞ്ച് വിങ്ങുന്നതുപോലെ തോന്നി. പശുക്കളുടെ നീണ്ട നിലവിളിയും വെണ്‍നിറമാര്‍ന്ന കോഴികളുടെ നിര്‍ത്താതെയുള്ള ചിലക്കലും അകലെയെവിടെയോ കേള്‍ക്കുന്നതുപോലെ.
അയാള്‍ ജോര്‍ജുകുട്ടിയെ വിളിച്ചു. 

ജോര്‍ജുകുട്ടിയുടെ ശബ്ദത്തിലെ പരുങ്ങല്‍ അയാള്‍ തിരിച്ചറിഞ്ഞു. 
''അതേയ് മുകുന്ദാ, അമ്മച്ചിക്ക് എപ്പഴും എല്ലാംകൂടി ബുദ്ധിമുട്ടാണെന്ന് പറയുമായിരുന്നു. ഇത് അനിതയുടെ ഒരു ബന്ധുവാണ്. എന്റെ ഒരു ഫ്രണ്ടുമാണ്. പണ്ടേ അറിയാം. ടൗണില്‍ ബിസിനസ്സാണ്. ഫാം ഹൗസും പൗള്‍ട്രിഫാമും ഒക്കെയുണ്ട്. പിന്നെ ഒരു കാര്യം അറിയിക്കുവാ. വീടിന്റെ മുന്‍വശം പൊളിച്ച് ഒരു ഷോപ്പിങ്ങ് കോംപ്ലക്സ് പണിയാമെന്ന് വിചാരിച്ചു. ലില്ലിക്കുട്ടിക്കും അത് താല്പര്യമാണ്. നമ്മുടെ നാട്ടില്‍ ഇതുവരെ ഒരു നല്ല ഷോപ്പിങ്ങ് സെന്റര്‍ ഇല്ല. ഒരു പ്രയോജനവുമില്ലാതെ ആ വീട് അവിടെ നിര്‍ത്തിയിട്ട് എന്തു കാര്യം? ഇപ്പോള്‍ത്തന്നെ ആള്‍ക്കാര്‍ കടയെടുക്കാന്‍ അന്വേഷിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട്.'' 
അയാള്‍ അമ്പരപ്പോടെ ചോദിച്ചു; 
''നിങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ എവിടെ താമസിക്കും?''
ജോര്‍ജുകുട്ടി ചിരിച്ചു. 

''എന്റെ മക്കളോ ലില്ലിക്കുട്ടിയുടെ മക്കളോ ഒന്നും ആ നാട്ടുമ്പുറത്ത് വന്ന് നില്‍ക്കത്തില്ല മുകുന്ദാ. അറിയാമല്ലോ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ടൗണില്‍ മൂന്നാല് ഫ്‌ലാറ്റുകളുണ്ട്. എവിടെയെങ്കിലും നില്‍ക്കാമല്ലോ.'' 
''ലീലാമ്മച്ചി എന്തുപറഞ്ഞു? സമ്മതിച്ചോ?''
''അമ്മച്ചിയെന്തു പറയാന്‍? അമ്മച്ചിക്ക് ഇനി എത്ര കാലം? ഞങ്ങള്‍ക്കല്ലേ ഈ വീടുകൊണ്ട് ബുദ്ധിമുട്ട്. ഞങ്ങള്‍ അത് തീരുമാനിച്ചു.'' 
മുകുന്ദന്‍ കെഞ്ചുന്നതുപോലെ പറഞ്ഞു. 

''ജോര്‍ജുകുട്ടീ, ഒന്നുകൂടി ആലോചിച്ചിട്ടു പോരേ? അമ്മച്ചിയുടെ കാലം കഴിയുന്നതു വരെ വീടു പൊളിക്കല്ലേ! അവര്‍ ആഗ്രഹിച്ചുവെച്ച വീടല്ലേ. എത്രകാലം നിങ്ങള്‍ ഒന്നിച്ച് താമസിച്ച വീട്. നമ്മള്‍ ഒന്നിച്ച് കളിച്ചുവളര്‍ന്ന വീട്. ഞാനും മാലുവും എത്രനാള്‍ അവിടെനിന്ന് ആഹാരം കഴിച്ച് കിടന്നുറങ്ങിയ മുറികള്‍. ഉമ്മച്ചായന്റെ ആത്മാവ് അവിടെയുണ്ട്. ലീലാമ്മച്ചി അവിടെയാണെങ്കിലും അവരുടെ മനസ്സ് ഇവിടെയാണെന്ന് എനിക്കറിയാം.'' 
ജോര്‍ജുകുട്ടി ചിരി നിര്‍ത്തി. 
മുകുന്ദന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതുപോലെ ഒച്ചയുയര്‍ത്തി അയാള്‍ പറഞ്ഞു:
''സ്റ്റോപ്പിറ്റ്! ഇനിയും മുകുന്ദാ, നിന്റെ പഴയ റോട്ടണ്‍ സെന്റിമെന്റ്‌സ് കാണിച്ച് വിരട്ടല്ലേ! ഞങ്ങള്‍ക്ക് അറിയാം എന്തുചെയ്യണമെന്ന്.'' 

ജോര്‍ജുകുട്ടിയുടെ മുഖം. വെറുപ്പുകൊണ്ട് വികൃതമായി. അയാള്‍ പകയോടെ പറഞ്ഞു:
''ജോയ്മോനാണെന്ന് പറഞ്ഞ് അമ്മച്ചിയുടെ വീക്നെസ് മുതലെടുത്ത് നിങ്ങള്‍ സമര്‍ത്ഥമായി ആ വീടും പറമ്പും ചുളു വിലയ്ക്ക് അടിച്ചെടുത്തു. ലക്ഷങ്ങള്‍ വിലയുള്ള സ്വത്തായിരുന്നു അത്. പാവം അപ്പനും അമ്മച്ചിയും! നിങ്ങള്‍ അവരുടെ സാധുപ്രകൃതം മുതലെടുത്തു. അതുപോലെ ഇതും സ്വന്തമാക്കാമെന്നാണോ പ്ലാന്‍? അത് മനസ്സിലിരിക്കട്ടെ. എനിക്കത് സംശയമുണ്ടായിരുന്നു. അതുകൊണ്ടാ ഞാനും ലില്ലിക്കുട്ടിയും ഇത് ആലോചിച്ചത്. ഇല്ലേല്‍ ഇതും ഞങ്ങള്‍ക്ക് കിട്ടത്തില്ല. ഞങ്ങളെല്ലാം മണ്ടന്മാരാണെന്ന് കരുതിയോ?'' 
ഒന്നു നിര്‍ത്തി മുഖം വീണ്ടും കടുപ്പിച്ച് ജോര്‍ജുകുട്ടി പറഞ്ഞു: ''നീ, നീ എനിക്ക് രാഘവന്‍ സാറിന്റെ മകന്‍ മുകുന്ദന്‍ മാത്രം. ജോയ്മോനൊന്നും അല്ല. അത് ഓര്‍ത്തിരുന്നോ. രാഘവന്‍ സാറിന്റേയും സുന്ദനച്ചേച്ചിയുടേയും മകന്‍ മുകുന്ദന്‍ - അത്രമാത്രം! ഇനി കൂടുതല്‍ സ്വാതന്ത്ര്യം എടുക്കേണ്ട. ഞങ്ങളുടെ കുടുംബകാര്യമാണ് ഇത്. ഇനി ഞങ്ങളെ അങ്ങനെ കളിപ്പിക്കാനൊന്നും പറ്റത്തില്ല. ഈ സംസാരം ഇവിടെ വെച്ച് നിര്‍ത്തിയേക്ക്. ഇനി ഞാന്‍ നിന്നെ വിളിക്കില്ല. ബൈ, സോറി.''
മുകുന്ദന്‍ അറിയാതെ ചെവി പൊത്തിപ്പോയി. മുഖമടച്ച് ഒരു അടിയേറ്റതുപോലെ. മടിയില്‍നിന്ന് ലാപ്ടോപ് തെന്നി താഴേയ്ക്ക് വീണ് കമിഴ്ന്നു കിടക്കുന്നു.

അഞ്ചുവയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും കളിക്കൂട്ടുകാരെപ്പോലെ പരസ്പരം പേര് ചൊല്ലി വിളിച്ച് തോളില്‍ കയ്യിട്ട് സ്‌കൂളില്‍ പോയവര്‍ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചവര്‍, ഒപ്പം ആഹാരം കഴിച്ചവര്‍, ലീലാമ്മച്ചിയെ കെട്ടിപ്പിടിച്ച് അപ്പുറവും ഇപ്പുറവും കിടന്ന് ഉറങ്ങിയവര്‍.
ജോര്‍ജുകുട്ടിയുടെ വാക്കുകള്‍, വാള്‍ത്തലപോലെ മിന്നി, അതിന്നറ്റത്ത് ചോര കിനിഞ്ഞ് തുള്ളിപ്പെടുന്നു.
''നീ രാഘവന്‍ സാറിന്റെ മകന്‍ അത്രമാത്രം!''

അന്ന് മുകുന്ദന്‍, വീട്ടുമുറ്റത്ത് അമ്മച്ചി നട്ട ഇലഞ്ഞിമരത്തിന്റെ നിഴലില്‍ അതിന്റെ ചാഞ്ഞ ചില്ലയുടെ തണുപ്പില്‍ മുഖം ചേര്‍ത്തുനിന്നപ്പോള്‍ മിഴികള്‍ കവിഞ്ഞൊഴുകി; ഇലഞ്ഞിപ്പൂക്കളുടെ വിളറിയ ഇതളുകള്‍ കാറ്റിന്റെ താഡനമേറ്റ് ഞെട്ടറ്റ് മണ്ണില്‍ വീണ് പുതഞ്ഞ് വിണ്ടുകീറി. 
യേശുക്രിസ്തുവിന്റെ ശില്പത്തിന് മോഡലായി നിന്ന യുവാവ് വര്‍ഷങ്ങള്‍ക്കു ശേഷം ചെകുത്താന്റെ ചിത്രം വരയ്ക്കാന്‍ വേണ്ടി നിന്നുകൊടുത്തതുപോലെ, ശില്പിപോലും അമ്പരക്കുന്നു.
ഓര്‍ക്കാപ്പുറത്തെ ആ രൂപമാറ്റം കണ്ട് നടുങ്ങുന്നു. 
മുകുന്ദന്‍, ദീര്‍ഘനിശ്വാസത്തോടെ തോളില്‍ ചരിഞ്ഞുകിടക്കുന്ന ലീലാമ്മച്ചിയെ നോക്കി. അവര്‍ പെട്ടെന്ന് കണ്ണുതുറന്ന് അയാളെ നോക്കി. 

''ജോയ്മോനേ, രണ്ടു ദിവസം കഴിഞ്ഞ് നീ എന്നെ തിരിച്ചുകൊണ്ടുചെല്ലുമെന്ന് പറഞ്ഞത് നേരാണോ?''
അയാള്‍ അതു കേട്ട് പെട്ടെന്ന് ഞെട്ടി; പിന്നെ പറഞ്ഞു:
''അമ്മച്ചീ, അല്ലെങ്കില്‍ അവര്‍ അമ്മയെ വിടുമോ? ആ സിസ്റ്റര്‍ പറഞ്ഞത് കേട്ടില്ലേ? ശനിയാഴ്ച ഡോക്ടര്‍ ലില്ലിയും ഡോക്ടര്‍ ജോര്‍ജും വിളിക്കും. അമ്മയെ അവര്‍ വീഡിയോയില്‍ കണ്ടില്ലെങ്കില്‍ അന്വേഷിക്കില്ലേ? അത് കുറ്റമാണ്. അവര്‍ക്ക് ജോലി പോകും.'' 
നാദിര്‍ഷാ പറഞ്ഞു:

''അവര്‍ അങ്ങനെ ആരെയും വീട്ടില്‍കൊണ്ടുപോകാന്‍ സമ്മതിക്കില്ല. അമ്മച്ചീ, ഞാന്‍ പറഞ്ഞതുകൊണ്ടും പിന്നെ അമ്മച്ചി നിര്‍ബ്ബന്ധം പിടിച്ചതുകൊണ്ടുമാണ് അവര്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചത്. പിന്നെ അഷ്‌റഫിനെ അവര്‍ക്ക് അറിയാമല്ലോ. അവന്‍ എന്റെ ബന്ധുവാണെന്നറിയാം.'' 
അയാള്‍ക്ക് ആ രംഗം വീണ്ടും ഓര്‍ത്തപ്പോള്‍ നെഞ്ചു പിളരുന്നതുപോലെ തോന്നി. 
നാദിര്‍ഷാ ഉമ്മയെ കണ്ട് സമ്മാനങ്ങള്‍ നല്‍കി. വീഡിയോയും എടുത്ത്, തിരിച്ചുവരുമ്പോള്‍ ഗസ്റ്റ് റൂമിന്റെ ഒഴിഞ്ഞ കോണില്‍ മേശപ്പുറത്ത് തലകുനിച്ച് കിടന്ന് ഏങ്ങലടിക്കുന്ന ലീലാമ്മച്ചിയെ കണ്ട് സ്തബ്ധനായിനിന്നു. അവരുടെ പുറം തലോടി നില്‍ക്കുന്ന തന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നത് മുകുന്ദന്‍ അറിഞ്ഞത് മിഴിനീര്‍ വീണ് ഉടുപ്പ് നനഞ്ഞപ്പോഴാണ്. നാദിര്‍ഷാ, വിങ്ങലോടെ ചോദിച്ചു:
''അമ്മച്ചീ എന്നാണ് അമേരിക്കയില്‍നിന്ന് വന്നത്? ഞങ്ങളെ എന്താ അറിയിക്കാഞ്ഞത്? എന്താ വിളിക്കാഞ്ഞത്?''

അവര്‍ മുഖമുയര്‍ത്തി. കരഞ്ഞു കരഞ്ഞ് അവരുടെ കണ്‍പോളകള്‍ ചുവന്ന് വീര്‍ത്തിരുന്നു. അവര്‍ വരണ്ട ശബ്ദത്തില്‍ പറഞ്ഞു: 
''ഞാന്‍ അമേരിക്കയില്‍ പോയില്ലല്ലോ. നേരേ ഇങ്ങോട്ടാണ് വന്നത്!''
നാദിര്‍ഷാ ഞെട്ടുന്നത് ഞാന്‍ കണ്ടു. അവന്‍ പതുക്കെ, വിശ്വസിക്കാനാവാത്തതുപോലെ ചോദിച്ചു: 
''അമേരിക്കയില്‍ കൊണ്ടുപോയില്ലെന്നോ? വെളുപ്പിനെ നാലു മണിക്കാണ് ഫ്‌ലൈറ്റ് എന്ന് പറഞ്ഞ് വൈകിട്ട് യാത്രയായതോ?''

അവര്‍ തോളില്‍ക്കിടന്ന ടൗവ്വല്‍കൊണ്ട് മുഖം അമര്‍ത്തി തുടച്ചു. പിന്നെ തേങ്ങലോടെ പറഞ്ഞു:
''അതൊക്കെ എന്റെ മോന്‍ എല്ലാരെയും, നിന്നെയും എന്നെയും പറഞ്ഞു വിശ്വസിപ്പിച്ചതാ. നേരെ കോഴിക്കോട്ട് അവന്റെ ഫ്‌ലാറ്റില്‍ പോയി. രാവിലെ ഇവിടെ കൊണ്ടുവന്നാക്കി. എല്ലാം ഇവിടെ നേരത്തേ, അമേരിക്കയില്‍നിന്നേ അവന്‍ പറഞ്ഞ് ഏര്‍പ്പാടു ചെയ്തിരുന്നു. എന്നോട് പറഞ്ഞത്, പ്രായമായതുകൊണ്ട് വിസയ്ക്ക് എന്തോ പ്രശ്‌നമുണ്ട്, അത് ശരിയാവുന്നതുവരെ ഈ ഓള്‍ഡ് ഏജ് ഹോമില്‍ നില്‍ക്കണമെന്നാ. ദാ രണ്ടു കൊല്ലമായി. ഇതുവരെ വിസയുടെ പ്രശ്‌നം തീര്‍ന്നില്ലേ? എന്നെ അവര് ഒരിക്കലും കൊണ്ടുപോവത്തില്ല മക്കളേ. എനിക്കത് നന്നായി മനസ്സിലായിട്ടുണ്ട്. ഞാന്‍ ചെന്നാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാ. അവര് എല്ലാം വലിയ നിലയിലിരിക്കുന്ന തെരക്കൊള്ളോര്. പിന്നെ ഈ സിസ്റ്റര്‍ പറഞ്ഞു: നമ്മുടെ വീടൊക്കെ വില്‍ക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന്. ശരിയാണോ ജോയ്മോനേ?'' നാദിര്‍ഷാ ചോദിച്ചു; 
''അമ്മച്ചി മോനോട് ചോദിച്ചില്ലേ?''
അവര്‍ തലകുനിച്ചിരുന്നു; പിന്നെ പറഞ്ഞു. 
''ലില്ലി മോളോട് ചോദിച്ചു. അവര്‍ക്ക് എന്നെ കാണാന്‍ വീട്ടില്‍ കൂടെക്കൂടെ വരാനൊന്നും സാധിക്കത്തില്ല. കട കെട്ടിയിട്ടാല്‍ വാടക കിട്ടും. ഒരു ബുദ്ധിമുട്ടുമില്ല. വീട് ബാദ്ധ്യതയാണ് എന്ന് പറഞ്ഞു. അമ്മയ്ക്ക് അവിടെ സുഖമാണല്ലോ എന്നും പറഞ്ഞു.'' 

നാദിര്‍ഷാ ചോദിച്ചു: ജോര്‍ജുകുട്ടി എന്തു പറഞ്ഞു? അവരുടെ മിഴികള്‍ തുളുമ്പി. അവര്‍ പതുക്കെ പറഞ്ഞു: ''അവനെന്നോട് ദേഷ്യപ്പെട്ടു. അമ്മച്ചി ഞങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാത്തത് എന്താണെന്ന് ചോദിച്ചു. എന്നിട്ട് അവന്‍ പറയുകയാ, അമ്മച്ചി എന്നും അമ്മച്ചീടെ സുഖവും സൗകര്യവും മാത്രമേ നോക്കിയിട്ടുള്ളു എന്ന്.'' 
ലീലാമ്മച്ചി മുഖം ഉയര്‍ത്തി, മുകുന്ദന്റെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചുനോക്കി, അവര്‍ ചോദിച്ചു: ''ജോയ്മോനേ, സത്യം പറയെടാ, ഞാന്‍ എന്നാണ് എന്റെ സുഖവും സൗകര്യവും മാത്രം നോക്കി ജീവിച്ചിട്ടുള്ളത്?''
ആ ചോദ്യത്തില്‍നിന്ന് തീജ്വാല ഉയരുന്നതുപോലെ അയാള്‍ക്ക് തോന്നി. അതിന്റെ ചൂടില്‍ ദഹിച്ചുപോകുന്നതുപോലെയും. 

അവര്‍ അകലേയ്ക്കു നോക്കി, പിന്നെ മന്ത്രിക്കുന്നതുപോലെ പറഞ്ഞു: ''എന്റെ വീട് അവിടുണ്ടോ എന്തോ.''
നാദിര്‍ഷാ അയാളുടെ മുഖത്തേയ്ക്കു നോക്കി. അയാള്‍ തലകുനിച്ചു. 
ജെ.സി.ബി വന്ന്, പ്രൗഢിയോടെ നിന്ന ആ ഗൃഹത്തിന്റെ മുന്‍ഭാഗം മുഴുവന്‍ യന്ത്രക്കൈകള്‍കൊണ്ട് പിഴുതുമാറ്റിക്കൊണ്ടിരിക്കുന്നുവെന്ന് എങ്ങനെയാണ് പറയുക?
അയാള്‍ ഓര്‍ത്തു: 

മോരും തൈരും നിറഞ്ഞ മണ്‍ഭരണികള്‍ തൂങ്ങിക്കിടക്കുന്ന കയര്‍ഉറികളുള്ള ഇരുണ്ട അടുക്കള, പഴക്കുലകള്‍ നിരത്തിവെച്ച പത്തായം, അരിയുണ്ടയും ഉപ്പേരിയും നിറഞ്ഞ അറകള്‍, കോഴികള്‍ അടയിരിക്കുന്ന ചായ്പ്, ഉമിക്കരികള്‍ ഉണ്ടാക്കാന്‍ ചിരട്ടക്കനല്‍ കൂട്ടിയിട്ട ഇറയങ്ങള്‍, എല്ലാം തകര്‍ന്നുടഞ്ഞ് മണ്ണോടു ചേരുമ്പോഴുള്ള രോദനങ്ങള്‍ കേള്‍ക്കാനാവാതെ ജനല്‍ മുറുക്കി അടച്ചുനില്‍ക്കുന്ന ദിനങ്ങള്‍. 
യന്ത്രമനുഷ്യന്റെ അഹന്തനിറഞ്ഞ ഗര്‍ജ്ജനങ്ങള്‍ എന്നിട്ടും കേള്‍ക്കുന്നു.
ആ വീട്ടില്‍നിന്നു മാറി, അയാളുടെ വീടിനോടു ചേര്‍ന്നുള്ള കോണില്‍ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടി, കപ്പിയും കയറും ഇട്ട് ഭദ്രമാക്കിയ കല്‍ക്കിണര്‍ ഉണ്ട്. ഏതു കൊടുംവേനലിലും വറ്റാത്ത ഉറവയുള്ള ആ കിണറിന്റെ ഘനമാര്‍ന്ന സിമന്റ് തിട്ടയുടെ ചുറ്റും ബ്രഹ്മിത്തൈകള്‍ തഴച്ചു വളര്‍ന്നിരുന്നു. അതിന്റെ നാമ്പുകള്‍ ഇളവെയിലില്‍ ഇന്ദ്രനീലംപോലെ തിളങ്ങിയിരുന്നു. 
ബ്രഹ്മിത്തണ്ടുകള്‍ ഇടിച്ചുപിഴിഞ്ഞ് നെയ്യ് ഉണ്ടാക്കി ലീലാമ്മച്ചി പതിവായി അമ്മയുടെ കയ്യില്‍ കൊടുത്തു. 
''ഇത് ജോയ്മോനും മാലുമോള്‍ക്കും ഉള്ളതാ. എന്റെ മക്കള്‍ക്ക് കാച്ചിയപ്പോള്‍ ഇവര്‍ക്കും എടുത്തു. ബുദ്ധിയുണ്ടാകാന്‍ നല്ലതാ. കഴിക്കണേ മക്കളേ.''

കിണറ്റുകരയ്ക്ക് അടുത്ത് ഒരു വലിയ നാടന്‍ നെല്ലിമരം നിന്നിരുന്നു. എന്നും അതില്‍ മരതകപ്പച്ച നിറത്തില്‍ കായ്കള്‍ നിറഞ്ഞു. വീട്ടില്‍ പതിവായി ഭിക്ഷയ്ക്ക് വരുന്ന നാടോടി സ്ത്രീയുടെ മകന്‍ ആ നെല്ലിക്ക തിന്നിട്ട്, കിണറുവെള്ളം കുടിക്കുമ്പോള്‍ ചോദിക്കും: ''അമ്മാ, ഈ തണ്ണിക്ക് നല്ല ഇനിപ്പ്. ഇത് പഞ്ചാരവെള്ളമാ?''
അതോര്‍ത്തപ്പോള്‍ അയാള്‍ക്ക് നാവില്‍ വെള്ളമൂറി. യന്ത്രക്കൈകള്‍ ദയയില്ലാതെ ആ കിണറും തകര്‍ത്തുകളയുമോ എന്ന ഭയപ്പാടോടെ അയാള്‍ കതക് തുറന്ന് ധൃതിയില്‍ മുറ്റത്തേക്കിറങ്ങി ഓടിച്ചെന്നു. വീട്ടിന് മുന്‍പില്‍ ജോലിക്കാരുടെ അടുത്തുനിന്ന കോണ്‍ട്രാക്റ്ററോട് ചോദിച്ചു:  ''കിണറ് പൊളിച്ച് മൂടാന്‍ പറ്റത്തില്ല. ഞാന്‍ വാങ്ങിച്ച സ്ഥലത്താണ് കിണറ്. എന്റെ വീടിനോട് ചേര്‍ന്നിരിക്കുകയാണത്.'' 
കോണ്‍ട്രാക്റ്റര്‍ പറഞ്ഞു: 

''ഇല്ല കിണറ് മൂടണ്ട എന്ന് ജോര്‍ജ് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും കണ്‍സ്ട്രക്ഷന് വെള്ളം വേണമല്ലോ.'' 
ലീലാമ്മ അയാളുടെ ചുമലില്‍ തൊട്ടു. 

''വീട് മുഴുവനും പൊളിച്ചോ മോനേ?'' അയാള്‍ വേദനയോടെ പറഞ്ഞു. 
''മുന്‍വശം പൊളിച്ച് കട കെട്ടുമെന്നാ പറഞ്ഞത്. ഞാന്‍ നോക്കാറില്ല അമ്മച്ചീ, എനിക്കത് കാണാന്‍ വയ്യ.''
അയാള്‍ തന്റെ കൈകളില്‍ മുറുകെ പിടിച്ചിരുന്ന ലീലാമ്മച്ചിയുടെ വിരലുകള്‍ തലോടി. പണ്ട് എത്ര ജോലി ചെയ്താലും ഒരു തൂവല്‍പോലെ മൃദുവും മിനുപ്പുമാര്‍ന്ന നീണ്ട വിരലുകള്‍ മുരിങ്ങക്കോലു പോലെ വരണ്ടുപോയിരിക്കുന്നു. നഖങ്ങള്‍ വിളറി, കുത്തുകള്‍ വീണ്... 
''അവിടെ ആഹാരമൊക്കെ കൊള്ളാമോ ലീലാമ്മച്ചി? സമയത്തുതന്നെ തരുമല്ലോ ഇല്ലേ?'' 
നാദിര്‍ഷാ കനംകെട്ടിയ മൗനം മുറിച്ചു. അവര്‍ വിങ്ങലോടെ പറഞ്ഞു:
''ആഹാരത്തിനൊന്നും കുഴപ്പമില്ല മക്കളേ. എല്ലാം ഡോക്ടര്‍ പറയുന്നതുപോലെ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാ. പക്ഷേ, എന്നെ അവിടെ ആക്കിയിട്ട് ജോര്‍ജുകുട്ടിയും ലില്ലിമോളും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ കാറില്‍ കയറിപ്പോയപ്പോഴേ എന്റെ വിശപ്പും ദാഹവും കെട്ടു മോനേ; പിന്നെ സമയത്ത് അവര്‍ നിര്‍ബ്ബന്ധിക്കുമ്പോള്‍ എന്തെങ്കിലും കഴിക്കും.'' 
അവര്‍ ഒന്ന് നിര്‍ത്തിയിട്ട് പറഞ്ഞു:

''ഇന്നലെ വിഷുവായിരുന്നു. അവര് കണി ഒരുക്കി, സദ്യവെച്ചു. ഞങ്ങള്‍ നിങ്ങടെ വീട്ടില്‍ വിഷുവിന് വന്ന് ഉണ്ണുന്നത് ഓര്‍ത്തുപോയി. സന്ധ്യയ്ക്ക് സുനന്ദക്കൊച്ച് ചൊല്ലുന്ന അച്യുതം കേശവം എന്ന പ്രാര്‍ത്ഥന കുറെപ്പേര്‍ വിളക്കിനു മുന്‍പില്‍ ഇരുന്ന് ചൊല്ലുന്നത് കേട്ടപ്പോള്‍ സത്യം, എന്റെ ജോയ്മോനേ, നീ ഇന്ന് എന്നെ കാണാന്‍ വരുമെന്ന് പെട്ടെന്ന് ഒരു തോന്നലെനിക്ക് ഉണ്ടായി. അതാ നിന്നെ ദൂരെനിന്ന് കണ്ടപ്പോഴെ...'' ബാക്കി പറയാനാവാതെ അവര്‍ പൊട്ടിക്കരഞ്ഞു. അവരുടെ ചുമലുകള്‍ ചേര്‍ത്തുപിടിച്ച് അയാളും തേങ്ങി. പിന്നെ പറഞ്ഞു:

''കരയരുത്. ഇനി അമ്മച്ചി എങ്ങോട്ടും പോവണ്ട, ഞാന്‍ വിടുകയുമില്ല. അമ്മച്ചിയുടെ സ്വന്തം വീട്ടിലല്ലേ ഞാന്‍ താമസിക്കുന്നത്. അമ്മച്ചി എന്റെ കൂടെ നിന്നാല്‍ മതി. നമുക്കെല്ലാവര്‍ക്കും കഴിയാനുള്ള സൗകര്യം ഇപ്പോള്‍ അമ്മച്ചി തന്ന ആ പഴയ വീട്ടിലുണ്ട്. ഞാന്‍ വീടു വലുതാക്കിയത് അമ്മച്ചിയോട് പറഞ്ഞിരുന്നല്ലോ. അവിടെ അമ്മയുണ്ട്, അച്ഛനുണ്ട്, സൗമിനിയുണ്ട്. പിന്നെ എന്റെ മോന്‍ ആദിക്കുട്ടനുണ്ട്. അടുത്ത മാസം ലീവിന് മാലുവും വിനുവും മോളും വരും. നമുക്കെല്ലാവര്‍ക്കും കൂടി ആ വീട്ടില്‍ പണ്ടത്തെപ്പോലെ സന്തോഷമായിട്ടു കഴിയാം. ഒരു ശരാണലയത്തിലും പോവണ്ട. ഞാന്‍ വിടത്തില്ല.'' 
അവര്‍ കനംതൂങ്ങിയ മിഴികളുയര്‍ത്തി അയാളുടെ മുഖത്തേയ്ക്ക് നോക്കി. കലങ്ങി ഒഴുകുന്ന പുഴ പോലെയുള്ള ആ നയനങ്ങളില്‍ പറയാനിനിയും ബാക്കിയുള്ള അനേകം തപ്തസ്മൃതികളുടെ ഇരുണ്ട നിഴലുകള്‍, ഒരു കൊടുംചതിയുടെ കരുവാളിച്ച പാടുകള്‍. എല്ലാം അയാള്‍ കാണുന്നു.
നാദിര്‍ഷാ തിരിഞ്ഞുനോക്കി. 
''ജോര്‍ജ്കുട്ടിയോട് നീ എന്തുപറയും മുകുന്ദാ? വിരോധം കൂടുകയില്ലേ?'' 
മുകുന്ദന്‍ പതുക്കെപ്പറഞ്ഞു: 

''അമ്മച്ചി തിരിച്ചുപോയില്ല എന്നു പറയും. അല്ലാതെന്താ? ശരിയല്ലേ?''
ലീലാമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിടുന്നത് അയാള്‍ കേട്ടു. 
നാദിര്‍ഷാ പറഞ്ഞു: ''വീട് എത്താറായി, പഴയ വീടിന്റെ ഗേറ്റിലൂടെ അകത്ത് കയറാമോ?''
അയാള്‍ പറഞ്ഞു: ''വേണ്ട, അവിടെ കയറാനൊക്കുകയില്ല. മുറ്റത്ത് മുഴുവന്‍ പൊളിച്ചിട്ടിരിക്കുന്ന തടിയും കട്ടയും മറ്റുമാണ്. മെയിന്‍ ഗേറ്റ് കോണ്‍ട്രാക്ടര്‍ പൂട്ടും. കിണറിനടുത്തുകൂടി എന്റെ വീട്ടില്‍ കയറുന്ന ഗേറ്റ് വഴി പോകാം. അവിടെ നല്ല വെളിച്ചമുണ്ട്.'' 

വെളിയില്‍ ഇരുട്ട് കരിമ്പടം പുതച്ച പിശാചിനെപ്പോലെ ഭയപ്പെടുത്തുന്നു. ഇടയ്ക്കിടയ്ക്ക് ഇത്തിരി വെട്ടവുമായി, വേനല്‍മഴയില്‍ കുതിര്‍ന്ന് മിന്നാമിനുങ്ങുകള്‍ പതറിപറക്കുന്നു. 
നാദിര്‍ഷാ അയാളുടെ വീടിന്റെ മതിലിനോടു ചേര്‍ത്ത് വണ്ടി ഒതുക്കിനിര്‍ത്തി. 
ഗേറ്റിലെ വൈദ്യുത വിളക്കുകള്‍ പാല്‍വെളിച്ചം വിതറി. കിണറിന്റെ സിമന്റ് തിട്ടയും തൂണുകളും തെളിഞ്ഞ വെട്ടത്തില്‍ മിന്നിത്തിളങ്ങി. കിണറ്റിലേയ്ക്ക് തലനീട്ടി നോക്കുന്ന നെല്ലിമരത്തിന്റെ മെലിഞ്ഞ തണ്ടുകളില്‍, അരിനെല്ലിക്കകള്‍ പച്ചമുത്തുമാല കോര്‍ത്തതുപോലെ നിരന്നുനിന്നു. കിണറ്റുകരയില്‍ ജോലിക്കാര്‍ ചവിട്ടിമെതിച്ച ബ്രഹ്മിത്തൈകള്‍ തളര്‍ന്നുകിടന്നു. 

കിണറ്റിന്റെ വശത്തുള്ള കല്‍ത്തൂണുകളില്‍ മുറുകെപിടിച്ച് ലീലാമ്മച്ചി കുനിഞ്ഞ് താഴേയ്ക്ക് നോക്കി. 
അടിത്തട്ടില്‍ നിഴലുകളില്ലാതെ ഇളകിത്തുടിക്കുന്ന പളുങ്കുവെള്ളം!
അയാള്‍ ചോദിച്ചു:
''എന്താ അമ്മച്ചീ?''

അവര്‍ തൂണില്‍ ചാരിനിന്നു; അവരുടെ ക്ഷീണിച്ച മുഖം നെല്ലിമരത്തിന്റെ ഇരുണ്ട നിഴലുകള്‍ വീണ് കൂടുതല്‍ കറുത്തു. അവര്‍ പരവേശത്തോടെ പറഞ്ഞു: 
ജോയ്മോനേ, ഇത്തിരി വെള്ളം കോരി തന്നേ. വല്ലാത്ത ക്ഷീണം. എത്ര നാളായി നല്ല തണുത്ത കിണറുവെള്ളം കുടിച്ചിട്ട് . അവിടെ മിനറല്‍ വാട്ടറാ എപ്പഴും. മനം മറിച്ചുവരും. 
അയാള്‍ക്ക് നെഞ്ചത്ത് ആരോ കല്ല് കയറ്റിവെച്ചത് പോലെ വിങ്ങല്‍ തോന്നി. നാദിര്‍ഷായുടെ മുഖവും നൊമ്പരംകൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. അവന്‍ പുറകില്‍നിന്ന് രണ്ടു കൈകള്‍കൊണ്ടും അവരെ വീഴാതെ താങ്ങി. 
മുകുന്ദന്‍ ഇരുമ്പ് തൊട്ടി കിണറ്റിലിറക്കി തെളിവെള്ളം കോരിയെടുത്തു. 
അവര്‍ കൈ നീട്ടി. 

''ആ തൊട്ടിയില്‍നിന്ന് നേരെ ഒഴിച്ചുതന്നാല്‍ മതി മോനേ. നീയാ നെല്ലിമരത്തീന്ന് ഒരു നെല്ലിക്ക പൊട്ടിച്ചുതരണേ.'' 
അയാള്‍ കയ്യെത്തി നെല്ലിക്കൊമ്പില്‍നിന്ന് രണ്ടുമൂന്ന് മൂത്തുവിളഞ്ഞ് ഇളംമഞ്ഞ നിറമാര്‍ന്ന നെല്ലിക്കകള്‍ അടര്‍ത്തിയെടുത്തു. അവര്‍ അത് സാവകാശം ചവച്ച് ഇറക്കിയിട്ട്, കൈക്കുമ്പിള്‍ നീട്ടി. 
മെലിഞ്ഞ ആ കൈകളിലേക്ക് അയാള്‍ തൊട്ടി ചരിച്ചൊഴിച്ചുകൊടുത്തു. ആര്‍ത്തിയോടെ അവര്‍ പച്ചവെള്ളം മോന്തിക്കുടിക്കുന്നത് കാണാനാവാതെ അയാള്‍ മിഴികള്‍ മുറുക്കെ അടച്ചുനിന്നു. 
ഒരു നിമിഷം!

വെള്ളം ഒഴുകി തറയില്‍ വീഴുന്ന ശബ്ദം കേട്ടാണ് അയാള്‍ കണ്ണുകള്‍ തുറന്നത്. ലീലാമ്മച്ചി കുഴഞ്ഞ് പുറകില്‍നിന്ന് താങ്ങിയ നാദിര്‍ഷായുടെ കയ്കളിലൂടെ ഊര്‍ന്ന് താഴെ വീണുകിടക്കുന്നു. വെള്ളം, അവരുടെ മുഖത്തും കയ്യിലുമെല്ലാം വീണ് തറയില്‍ തളംകെട്ടി തിട്ടയിലാകെ ഒഴുകിപ്പരക്കുന്നു അവരുടെ തുറന്ന വായിലൂടെ പച്ചവെള്ളം ഒലിച്ചിറങ്ങുന്നു; കണ്ണുകള്‍ പാതിയടഞ്ഞ്... ഒരു നടുക്കത്തോടെ തൊട്ടി താഴെയിട്ട് അയാള്‍ അവരെ കുലുക്കി ഉറക്കെ വിളിച്ചു: ''ലീലാമ്മച്ചീ, അമ്മച്ചീ എഴുന്നേല്‍ക്ക്... എഴുന്നേല്‍ക്ക്... നാദിര്‍ഷാ നടുക്കം മാറാതെ, അവരുടെ കുഴഞ്ഞുകിടക്കുന്ന കൈകള്‍ മുറുക്കെ പിടിച്ചുവലിച്ച് ഉറക്കെ വിളിച്ചു: 
''അമ്മച്ചീ, എന്തുപറ്റി? കണ്ണു തുറക്ക്. എഴുന്നേല്‍ക്ക്.'' 

അയാള്‍ക്ക് മുന്‍പില്‍ തെളിഞ്ഞു കത്തിനിന്ന വിളക്ക് പെട്ടെന്ന് അണഞ്ഞുപോയതുപോലെ തോന്നി. ദിക്കു തെറ്റി പാറിനടന്ന മിന്നാമിനുങ്ങുകളുടേയും വെട്ടം കെട്ടുപോയിരുന്നു. ഇലഞ്ഞിപ്പൊത്തില്‍ ചിറകൊതുക്കി ചകിതയായി ഇരുന്ന കുറുവാല്‍ കുരുവി നീട്ടി നിലവിളിച്ചു. 
നിറഞ്ഞ അന്ധകാരത്തില്‍, ഭ്രാന്തനെപ്പോലെ അയാള്‍ ഉറക്കെ ഉറക്കെ അവരെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com