'ഗ്രഹണം'- ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എഴുതിയ കഥ

കുറച്ചു പിന്നിലായി, ചുറ്റും തെളിയുന്നതെല്ലാം വലിച്ചെടുക്കാനെന്നപോലെ ഉഴിഞ്ഞുനോക്കി പ്രസരിപ്പുള്ള ഒരു ചെറുചിരിയോടെ കരോലിന മേം സാവധാനം നടന്നുവരുന്നു
ചിത്രീകരണം - ചന്‍സ്
ചിത്രീകരണം - ചന്‍സ്

കൊച്ചിയില്‍ വിമാനം ഇറങ്ങുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. ഒപ്പം കരുതിയിരുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ക്ലിയറന്‍സ് നീണ്ടുപോയതുകൊണ്ട് എമിഗ്രേഷന്‍ കൗണ്ടറും താണ്ടി അറൈവല്‍ പോര്‍ച്ചിലെത്തിയപ്പോള്‍ നേരം പുലര്‍ന്നിരുന്നു. ആരെയൊക്കെയോ സ്വീകരിക്കാനെത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍ ഉയര്‍ത്തിപ്പിടിച്ച വെളുത്ത ഒരു കൈത്തണ്ടയിലെ ചെറിയ പ്ലക്കാര്‍ഡും അതില്‍ പെറുക്കിയെഴുതിയ അക്ഷരങ്ങളും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു:

  -പ്രൊഫ. കരോലിന ഷെപ്പേര്‍ഡ്

കുറച്ചു പിന്നിലായി, ചുറ്റും തെളിയുന്നതെല്ലാം വലിച്ചെടുക്കാനെന്നപോലെ ഉഴിഞ്ഞുനോക്കി പ്രസരിപ്പുള്ള ഒരു ചെറുചിരിയോടെ കരോലിന മേം സാവധാനം നടന്നുവരുന്നു. വാഹനത്തില്‍ ബാഗേജുകള്‍ കയറ്റുന്നതിനിടെ സ്റ്റീഫനും സഹായിക്കാനായി കൂടി. കൗമാരവും യൗവ്വനവും വേര്‍പിരിഞ്ഞിട്ടില്ലാത്ത തങ്ങളുടെ ഗൈഡ് കം ഡ്രൈവറോട് അയാള്‍ കുശലം പറഞ്ഞു.
''എന്താ പേര്...?''
''ചന്ദ്രു'' അനാഗതശ്മശ്രുവായ അവളുടെ മുഖത്തു ഉറക്കച്ചടവുണ്ട്. പാതിരാമുതല്‍ കാത്തു കിടക്കുകയായിരുന്നെന്നു തോന്നുന്നു. പ്രതീക്ഷിച്ചപോല മേം ഉടന്‍തന്നെ ആ പേരിന്റെ അര്‍ത്ഥം തിരക്കി.
''മൂണ്‍... നിക്ക് നെയിം ഓഫ് മൂണ്‍.''

സങ്കോചമില്ലാത്ത വള്ളുവനാടന്‍ ഇംഗ്ലീഷ് സ്ലാങ്. കരോലിന മേം അവനെ നോക്കി ചിരിച്ചു.
സാവോപോളോയില്‍നിന്നു യാത്ര തുടങ്ങിയത് ഒരു വൈകുന്നേരമാണ്. ഏതാണ്ട് 36 മണിക്കൂറുകള്‍ക്കു മുന്‍പ്. ഇടയ്ക്ക് രണ്ടു ലേ ഓവറുകള്‍. ഹീത്രുവില്‍ നാലര മണിക്കൂറും മുംബെയില്‍ മൂന്നേമുക്കാല്‍ മണിക്കൂറും.

വെയില്‍ ചൊരിഞ്ഞിട്ട വിശാലമായ, ഇടയ്‌ക്കൊക്കെ കൊത്തിക്കിളച്ചിട്ട കരിനിലംപോലെയുള്ള, ടാര്‍ റോഡിലൂടെ ഒഴുകിയും ചിലപ്പോള്‍ ഉരുണ്ടും ഇറങ്ങിക്കയറിയും ഇന്നോവ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ഡ്രൈവിംഗ് അനായാസമാകുമ്പോള്‍ മാത്രം, വയനാട്ടിലെ ഡെസ്റ്റിനേഷനുകളെക്കുറിച്ച് ചന്ദ്രു ആകര്‍ഷകമായ സ്‌ത്രൈണശബ്ദത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. 
''മാനേജര്‍ സാര്‍ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.''
മുന്‍സീറ്റിലിരുന്ന സ്റ്റീഫനെ നോക്കി ചന്ദ്രു പറഞ്ഞു.

ഓഷ്യന്‍ ബ്ലൂസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍ യാത്രോദ്ദേശ്യം അറിയിച്ചപ്പോള്‍ ആദ്യമേതന്നെ റിലേഷന്‍ ഓഫീസര്‍ താനൊരു സയന്‍സ് ബാക്ഗ്രൗണ്ടുള്ള ബി സ്‌കൂള്‍ പ്രോഡക്ടായതിനാല്‍, ശാസ്ത്രനിരീക്ഷണങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ അനല്പമായ സന്തോഷമുണ്ടെന്ന് മെയില്‍ അയച്ചിരുന്നത് സ്റ്റീഫന്‍ ഓര്‍ത്തു.

കരോലിന മേം ഡയറി തുറന്ന്, ഒബ്‌സര്‍വേഷന്‍ ചാര്‍ട്ടുചെയ്തത് പരിശോധിക്കുകയാണ്.
''സൂര്യഗ്രഹണം ഞാനിതുവരെ കണ്ടിട്ടില്ല. ഇപ്രാവശ്യം എനിക്കും കാണാമോ സാര്‍?''
'ഷുവര്‍' ഡയറി അടച്ചുകൊണ്ട് മേം ചന്ദ്രുവിന്റെ തോളില്‍ത്തട്ടി.

ബ്രസീലിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് എന്‍വയോണ്‍മെന്റ് സയന്‍സിലെ പ്രൊഫ. കരോലിന ഷെപ്പേര്‍ഡ് യാത്രകളെ തേടിപിടിക്കുകയും അതിനിടയില്‍ കഴിയുമെങ്കില്‍ ആഴത്തിലുള്ള ഗവേഷണത്തെ കണ്ടെത്തുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് വെള്ളിയാഴ്ച വൈകുന്നേരങ്ങളിലുള്ള ഒരു റിസര്‍ച്ച് റിവ്യൂ മീറ്റിങ്ങിനിടെ സ്റ്റീഫന്‍, ഉത്തരകേരളത്തില്‍ ദൃശ്യമാകുന്ന സൂര്യഗ്രഹണത്തെപ്പറ്റി സൂചിപ്പിക്കുന്നത്.

അത്യുത്സാഹത്തോടെയാണ് കരോലിന മേം അതേറ്റെടുത്തത്. നാലുദിവസത്തെ യാത്ര. ജനുവരി 12-ന് കൊച്ചിയിലെത്തി, കല്‍പ്പറ്റയിലെ സൂര്യഗ്രഹണം ഏറ്റവും നന്നായി നിരീക്ഷിക്കാവുന്ന ഒരു റിസോര്‍ട്ടില്‍ താമസം... സൈറ്റ് സീയിങ്... അങ്ങനെയൊരു നാലുദിവസം.
''ഹായ് ചന്ദ്രൂ ...'' അവനെ തട്ടിവിളിച്ചുകൊണ്ട് മേം പറഞ്ഞു.
''വൃത്തിയുള്ള, ടോയ്ലെറ്റുള്ള ചെറിയ ഏതെങ്കിലും റെസ്റ്റോറന്റില്‍ നിര്‍ത്തൂ.''
ശരിയാണ്. നല്ല വിശപ്പുണ്ട്. സ്റ്റീഫന്‍ ഓര്‍ത്തു. ഇന്‍സ്റ്റിറ്റിയൂട്ടിലെ തിരക്കുപിടിച്ച കഫറ്റീരിയയിലെ ചോളപ്പൊടികൊണ്ടുള്ള കോണ്‍ കേക്കിനു മേലെ, പ്രാതലിന്റെ ഒട്ടേറെ രുചിമണങ്ങള്‍ മൊരിഞ്ഞ തേങ്ങാക്കൊത്തുകള്‍ വറുത്തുകോരിയിട്ടു.

ഈസ്റ്റര്‍ ദിവസം കള്ളപ്പവും അതുമൂടി പേരിനു രണ്ടോമൂന്നോ ഇറച്ചിക്കഷ്ണവും അതിലേറെ ഉരുളക്കിഴങ്ങും മസാലയരപ്പുമുള്ള കൊഴുത്ത കറിയുമൊഴിച്ച് ഡഗ്ലസ് ആന്‍ഡ് ഡഗ്ലസ് സ്റ്റുഡിയോ എന്ന തകര ബോര്‍ഡിനു താഴെ അരപ്രൈസില്‍ കയറിയിരുന്നു റോഡിലേക്കു നോക്കി സ്വാദറിഞ്ഞു കഴിക്കുമ്പോഴേക്ക് അമ്മച്ചി സ്ഫടികഗ്ലാസ്സില്‍ തുളുമ്പെ ആട്ടിന്‍പാലൊഴിച്ച ചായയുമായി വരും.

''വഴീലോട്ട് നോക്കിയിരുന്ന് തിന്നില്ലേല്‍ ചെറുക്കനെറങ്ങത്തില്ല.''
അതു സത്യം. ഡഗ്ലസ് ആന്‍ഡ് ഡഗ്ലസ് സ്റ്റുഡിയോയോട് ഒട്ടിച്ചേര്‍ന്ന ചായ്പ്പിലാണ് അപ്പച്ചന്‍ പോയശേഷം തങ്ങള്‍ മൂവരും ഉണ്ടുറങ്ങിയിരുന്നത്. ത്രേസ്യാക്കുട്ടി പത്താംക്ലാസ്സില്‍, വെളുപ്പിനു പഠിക്കാനെഴുന്നേല്‍ക്കുമ്പോള്‍ അമ്മച്ചിയാണ് അപ്പച്ചന്റെ അടച്ചിട്ടിരിക്കുന്ന സ്റ്റുഡിയോയിലിരുന്ന് പഠിക്കാമെന്നു പറഞ്ഞത്. വെളുപ്പിനത്തെ മയക്കം, വെളിച്ചംകൊണ്ടു നനച്ചാല്‍ അത് ത്രേസ്യാക്കുട്ടിയാണെങ്കില്‍ക്കൂടി അമ്മച്ചിക്ക് മഹാ കലിയാണ്. അങ്ങനെയാണ് ഒരു വെളുപ്പാന്‍കാലത്ത് ത്രേസ്യാക്കുട്ടി അതു പരീക്ഷിച്ചത്. ഫിലിം കഴുകുന്ന മുറിയിലെ കറുപ്പിലേക്ക് അരക്കയ്യന്‍ ബനിയനുമിട്ട് അപ്പച്ചന്‍ കയറിപ്പോകുന്നതു കണ്ട് അന്നു മുഴുവന്‍ അവള്‍ പനിച്ചുകിടന്നു. പിറ്റേന്നു ക്ഷീണമൊന്നു മാറിയപ്പോഴാണ്, പഠിക്കാനും കളിക്കാനും മുഷിയുമ്പോള്‍ വഴിയിലേക്ക് നോക്കിയിരിക്കാനുമൊക്കെ ഏറ്റവും പറ്റിയ ഒരിടം എന്ന നിലയില്‍ സ്റ്റീഫന്‍ അവള്‍ക്ക് സ്റ്റുഡിയോയുടെ വരാന്ത വര്‍ണ്ണിച്ചു കൊടുക്കുന്നത്. അമ്മച്ചിക്ക് അതത്ര ബോധിച്ചില്ലെങ്കിലും ത്രേസ്യാക്കുട്ടിക്കത് നന്നായി പിടിച്ചു. 

പിന്നിലേക്ക് കുതറിയോടുന്ന തെളിച്ചമില്ലാത്ത കാഴ്ചകള്‍ നോക്കി സ്റ്റീഫന്‍ ചിരിച്ചു. ആ വരാന്തയിലിരുന്നാണ് തീസീസിന്റെ പ്രൂഫ് നോക്കിയത്... അരപ്രൈസില്‍ ചമ്രം പടഞ്ഞിരുന്ന് ഫെല്ലോഷിപ്പിന്റെ കുടിശ്ശിക കിട്ടിയപ്പോള്‍ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ലാപ്ടോപ്പില്‍ ബയോഡാറ്റ തയ്യാറാക്കിയത്... ഒട്ടേറെ കാത്തിരിപ്പിനുശേഷം പ്രൊഫ. കരോലിനയുടെ റിസര്‍ച്ച് അസ്സോസിയേറ്റാകുന്നത്...
റോഡിനു പെട്ടെന്നു വീതി കൂടിയിരിക്കുന്നു. റബ്ബറൈസ്ഡ് റോഡിലൂടെ വാഹനം ഇപ്പോള്‍ ഒഴുകിനീങ്ങുകയാണ്. ആര്‍ത്തലച്ചുവന്ന വിശപ്പ് ഒടുവില്‍ ക്ഷമകെട്ട് ഉറങ്ങാന്‍ തുടങ്ങുകയാണ്.
''ദാ... ഇടതുവശത്തൊരു ഹോട്ടലുണ്ട്.''

ചന്ദ്രു, സ്റ്റീഫന്റെ ഉള്ളറിഞ്ഞതുപോലെ വണ്ടി പതുക്കെ ഇടത്തേയ്ക്ക് ഒതുക്കിനിര്‍ത്തി.
നൂല്‍പ്പുട്ടും അയില മുളകിട്ടതും ആവേശത്തോടെ കരോലിന മേം എരുവിന്റെ നീറ്റിലിറങ്ങി ആസ്വദിച്ചു.
അടുത്ത നാല്‍ക്കവലയ്ക്കു തൊട്ടുമുന്‍പ് വഴിയോരത്ത് ഡഗ്ലസ് ആന്‍ഡ് ഡഗ്ലസ് സ്റ്റുഡിയോയുടെ വരാന്ത ഇന്നിപ്പോള്‍ നടപ്പാതയാണ്. തങ്ങളുറങ്ങിയിരുന്ന ചായ്പ്പു മുറിയുടെ മേലെയുള്ള വെയ്റ്റിംഗ് ഷെഡ്ഡില്‍ ആരോ കിടന്നുറങ്ങുന്നത് വിന്‍ഡോ ഗ്ലാസ്സിലൂടെ സ്റ്റീഫന്‍ കണ്ടു. കരോലിന മേമിന്റെ ലാബില്‍ ഞായറാഴ്ചകളില്‍ കംപ്യൂട്ടറിനു മുന്‍പില്‍ എത്രനേരം കാത്തിരുന്നാലാണ് കണക്ഷന്‍ ശരിയായി വരുന്നത്... മറുതലയ്ക്കല്‍ അമ്മച്ചിയേയും ത്രേസ്യാക്കുട്ടിയേയും ഒന്നു കാണാനോ ശബ്ദം കേള്‍ക്കാനോ വീണ്ടും സമയമെടുക്കും. പത്തിലെപ്പോലെ പന്ത്രണ്ടിലും നല്ല മാര്‍ക്കോടെ പാസ്സായതിന്റെ സര്‍ട്ടിഫിക്കറ്റ്, റെസൊല്യൂഷന്‍ കുറവാണെങ്കിലും ഉയര്‍ത്തിക്കാണിച്ചത്... ഡിഗ്രി ഒന്നാംവര്‍ഷ പരീക്ഷയുടെ സ്റ്റഡിലീവിന്റെ സമയത്ത് ഒരു പകല്‍ വെളുത്തുവന്നപ്പോള്‍ ത്രേസ്യാക്കുട്ടി ചായിപ്പിലില്ലായിരുന്നു. എവിടെനിന്നോ വന്ന വഴിയോരവണ്ടിക്കൊപ്പം കാഴ്ചതേടി ത്രേസ്യാക്കുട്ടി പോയത് വൈകിയാണറിഞ്ഞത്. ആ സമയത്താണ് കരോലിന മേമിന്റെ കരുതലും തണലും ഏറെ താങ്ങായത്. ത്രേസ്യാക്കുട്ടിയെ നോക്കിവളര്‍ത്താന്‍ തനിക്കായില്ലെന്ന നീറ്റം അമ്മച്ചിയെ കിടപ്പിലാക്കി. അമ്മച്ചിക്കടുത്തിരുന്നു വേണ്ടതുചെയ്യാന്‍ ഒട്ടേറെ ദിവസങ്ങള്‍ മേം അയാള്‍ക്കനുവദിച്ചുകൊടുത്തു.

അമ്മച്ചി പിന്‍വാങ്ങിയശേഷം ഇന്‍സ്റ്റിറ്റിയൂട്ടില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് മേം ഉച്ചഭക്ഷണത്തിനു വീട്ടിലേക്കു ക്ഷണിച്ചു. ലളിതമെങ്കിലും ഒട്ടേറെ വിഭവങ്ങളുണ്ടായിരുന്ന തീന്‍മേശയില്‍ സ്റ്റീഫന് ഓരോന്നും വിശദമായി പരിചയപ്പെടുത്തിക്കൊണ്ട് മേം സംഭാഷണത്തില്‍ മുഴുകി.

ഭക്ഷണത്തിനുശേഷം ചുവരിലെ ചെറുതും വലുതുമായ ഫോട്ടോഗ്രാഫുകള്‍ അയാള്‍ കണ്ടുനിന്നു.
'എഡ്വിന്‍ ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു.''

മേമിന്റെ മുഖത്ത് തിളക്കമോ മങ്ങലോ...? അയാള്‍ക്കു മനസ്സിലായില്ല. എന്നത്തേയും പോലെ അന്നും അവര്‍ നീല ഷേഡുള്ള, നന്നായി ഇണങ്ങുന്ന ഒരു വേഷത്തിലായിരുന്നു. 

''എഡ്വിനാണ് യാത്രകളന്വേഷിച്ച് യാത്രചെയ്യാന്‍ എന്നെ ശീലിപ്പിച്ചത്... 15 വര്‍ഷം സാഹസികമായി ഒന്നിച്ചു സഞ്ചരിച്ചു. 16-ാം വര്‍ഷം ഞങ്ങള്‍ മാരി ചെയ്തു. സാഹസികതയ്ക്ക് പകരം സ്വാഭാവികതകൊണ്ട് ജീവിതം നിറയ്ക്കണമെന്നേ ഞാനാവശ്യപ്പെട്ടുള്ളു. പക്ഷേ, അത് എഡ്വിനെ, ഫോക്കസ്സു ചെയ്യാനാവാത്ത ഒരു ക്യാമറയിലെ ചിത്രമെന്നപോലെ മാറ്റിക്കളഞ്ഞു. സാവധാനം നിറം കെടുത്തുന്ന ഒരാലാപനം പോലെ അതിസാധാരണത്വത്തിലേക്ക് എഡ്വിന്റെ ചിത്രങ്ങള്‍ മാഞ്ഞുതുടങ്ങിയപ്പോള്‍ ഞാന്‍ തന്നെ വീണ്ടും അഡ്വഞ്ചര്‍ ഫോട്ടോഗ്രഫിയിലേക്ക് തള്ളിവിട്ടതാണ്.''

കരോലിന മേം അല്പനേരം നിശ്ശബ്ദയായി... വീണ്ടും തുടര്‍ന്നു.
''അതാണ് എഡ്വിന്റെ ലാസ്റ്റ് ഫ്‌ലാപ്പ്സ്...''
''എന്തുപറ്റിയതാണ്...?''
''ഒരു സാഹസികതയുടെ ആണ്ടുപോകലില്‍ തിരികെ കയറാനായില്ല.''
''കേടുപറ്റിയ ക്യാമറയിലെ നഷ്ടപ്പെടാത്ത ചിത്രങ്ങളാണവ.''
ഏതോ ധ്യാനാവസ്ഥയിലെന്നപോലെ അവര്‍ പറഞ്ഞു.

''ഏകാന്തതയാണ് ഊര്‍ജ്ജം, സാഹസികതയാണ് മധുരം. അങ്ങനെയായിരുന്നു എഡ്വിന്‍.''
വൈകുന്നേരത്തെ മടക്കയാത്രയില്‍ സ്റ്റീഫന്‍, മേമിനെപ്പറ്റിയാണ് ഏറെയും ഓര്‍ത്തത്. കരോലിന മേം അയാളെ അത്ഭുതപ്പെടുത്താന്‍ തുടങ്ങിയിരുന്നു. 

തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന റിസോര്‍ട്ടിലെത്താനായി ഇനിയും ഏറെ ദൂരം ഓടിയെത്താനുണ്ട്. ഒരു പകലറ്റം വരെ നീണ്ട യാത്രയ്ക്കുശേഷവും ക്ഷീണമേതുമില്ലാതെ, ഇരുണ്ട ചെറിയ വഴികളിലൂടെ അങ്ങിങ്ങു പൊന്തക്കാടുകളും പടര്‍ന്നുപന്തലിച്ച മഹാശാഖികളും വനസദൃശമായ വിജനതയും കൊടും വളവുകളും പിന്നിട്ട് വാഹനം പായുമ്പോള്‍, സ്റ്റീഫനു മുന്‍പില്‍ ഭയം ഒരുഗ്രരൂപിയായി ക്രമേണ തെളിഞ്ഞുവന്നു.
''ചന്ദ്രൂ... നീ മുന്‍പിവിടെ വന്നിട്ടുണ്ടോ...?''
''ഇല്ല സാര്‍, പക്ഷേ, മാപ്പുണ്ടല്ലോ.''

സ്റ്റീയറിങ്ങിനടുത്ത് തുറന്നുവച്ച മൊബൈലിലെ ജി.പി.എസ് മാപ്പ് കാട്ടുന്ന മെലിഞ്ഞ വഴിയിലൂടെ ഒരമ്പുപോലെ തങ്ങളുടെ വാഹനം നീങ്ങുന്നുണ്ടെകിലും സ്റ്റീഫനു തീരെ ആശ്വാസം തോന്നിയില്ല.
''റിലാക്‌സ് സ്റ്റീഫന്‍...'' കരോലിന മേം പിന്‍സീറ്റിലെ ഇരുട്ടില്‍നിന്നു വിളിച്ചുപറഞ്ഞു.
ഇരുട്ടിന്റെ മഷിക്കുപ്പിയില്‍ വീണ ഒരു പ്രാണിയെപ്പോലെ ചന്ദ്രു വാഹനം പായിച്ചുകൊണ്ടേയിരുന്നു. അല്പം കണ്ണാടി താഴ്ത്തി ഇരുട്ടും പാഞ്ഞുപോകുന്ന കാറ്റും കണ്ടും കൊണ്ടുമിരിക്കെ കരോലിന മേം ഉറക്കെ പറഞ്ഞു:

''ദാ... അവിടെ പ്രകാശമുണ്ട്.'' അവിടെ രണ്ടുമൂന്നു വളവുകള്‍ക്കപ്പുറമെന്നപോലെ പ്രകാശം. അപ്പോള്‍ സമയം ഒന്നരയോടടുക്കുന്നു. വീണ്ടും മുക്കാല്‍ മണിക്കൂറോളം ഓടിയാണ് റിസോര്‍ട്ടിലെത്തിയത് .
രാത്രിയില്‍ ആ വഴിയിലൂടെ ഗസ്റ്റിനെ കൊണ്ടുവന്നതിന് ചന്ദ്രുവിനു പൊതിരെ ശകാരം കിട്ടി.
പിറ്റേന്നു രാവിലെതന്നെ നിരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. മരങ്ങളേറെയുള്ള ഒരു കുന്നിന്റെ നെറുകയോടടുത്ത ഒരു സമതലത്തിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. റിസോര്‍ട്ടിന്റെ രണ്ടാംനിലയുടെ മുകളില്‍ വിശാലമായ ടെറസ്സിന്റെ പാതി തുറന്നിട്ട ഭാഗത്ത്, ആകാശത്തേയ്ക്കു നോക്കി ഇരുകൈകളും നീട്ടിനില്‍ക്കുന്നപോലെ ആന്റീന ഉറപ്പിക്കുകയാണ് സ്റ്റീഫന്‍ ആദ്യം ചെയ്തത്. അടുത്ത ഘട്ടമായി ജി.പി.എസ് റിസീവര്‍, കേബിളുപയോഗിച്ച് ആന്റിനയുമായി ബന്ധിപ്പിച്ചശേഷം ലാപ്ടോപ്പിന്റെ വിവരസംഭരണിയിലേയ്ക്ക് ഡേറ്റ ഒഴുകിയെത്താന്‍ സജ്ജമാക്കി. ഭൂമിക്കു ചുറ്റും ആരാധകരെപ്പോലെ സദാ വലംവെയ്ക്കുന്ന സാറ്റലൈറ്റുകളില്‍നിന്നു ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ഡേറ്റ പ്രവാഹത്തെ ആന്റിന സ്വീകരിച്ച് കേബിളിന്റെ സിരകളിലൂടെ റിസീവറിലേക്ക്, തുടര്‍ന്ന് ലാപ്ടോപ്പിന്റെ അതിസൂക്ഷ്മമായ അന്തരാളത്തിലെ തരികളിലേക്ക് അങ്കനം ചെയ്തുതുടങ്ങി.

ടെറസ്സിലെ മേല്‍ക്കൂരയുള്ള, വിശ്രമത്തിനായി സജ്ജമാക്കിയ താല്‍ക്കാലിക മുറിയില്‍ റെക്കോര്‍ഡിങ്ങ് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് അവരിരുന്നു. യാത്രയുടെ പ്രധാന ദൗത്യം ആരംഭിക്കാനായതിലുള്ള തൃപ്തി കരോലിന മേമിന്റെ മൂളിപ്പാട്ടിലുണ്ട്.

ഉച്ചഭക്ഷണത്തിനുശേഷം ചന്ദ്രുവിനെ മേം മുകളിലേക്ക് വിളിച്ചുവരുത്തി.
''മെയിന്‍ വെഞ്ച്വര്‍ ഹാസ് ഓള്‍റെഡി സ്റ്റാര്‍ട്ടഡ്. നെക്സ്റ്റ് ഇസ് സബ്സിഡിയറി വെഞ്ച്വര്‍സ്സ്.''
''സംത്തിങ് ഇന്‍ട്രസ്റ്റിങ് ടു സീ...''
കേട്ടപാതി ചന്ദ്രുവിന്റെ ഉത്സാഹം ഇരട്ടിച്ചു.

ഡ്രൈവിംഗ് അവന് ഒരാനന്ദമാണ്. അങ്ങനെയാണ് തൊട്ടടുത്തുള്ള വെള്ളച്ചാട്ടം കാണാനായി, ഇരുട്ടിനുമുന്‍പേ മടങ്ങിയെത്തണമെന്ന കര്‍ക്കശ നിര്‍ദ്ദേശത്തോടെ, റിസെപ്ഷനിസ്റ്റ് അവരെ യാത്രയാക്കിയത്.
വളരെ അപൂര്‍വ്വമായിമാത്രം എതിരെ വാഹനങ്ങള്‍ കടന്നുപോകുന്ന, രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാന്‍ തക്ക വീതിയുള്ള ഒരു കാട്ടുവഴിയിലൂടെ 15 മിനിറ്റ് ഓടിയപ്പോഴേയ്ക്കും വൃത്തിയുള്ള അക്ഷരത്തില്‍ 'കാത്തി ഫാള്‍സ്' എന്നെഴുതിയ ബോര്‍ഡ് കണ്ടു. ബോര്‍ഡിനു താഴെ രണ്ടു മൂന്നു വണ്ടികള്‍ കാടിനോട് ചേര്‍ന്ന തിട്ടയില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. തുടര്‍ന്നങ്ങോട്ട് ഇറങ്ങിനടക്കാന്‍ ക്ഷണിക്കുംവിധം അതുവരെയുള്ള വഴി, രൂപം മാറി ഒറ്റയടിപ്പാതയായി കാട്ടിലേക്ക് ഇറങ്ങി മറയുന്നു. ചന്ദ്രുവാണ് മുന്നില്‍. ഏതാണ്ട് നാനൂറ് അഞ്ഞൂറ് മീറ്ററോളം കാട്ടിലൂടെ നടന്നാല്‍ ചെന്നെത്തുന്നത് അഗാധമായ ഒരു മുഴക്കത്തിന്റെ നടുവില്‍ ശക്തമായ ഒരു ജലപാതത്തിന്റെ താഴത്തെ തട്ടിലെ ഇടതൂര്‍ന്ന പച്ചയിലും തണുപ്പിലുമാണ്. ചെറുകെ വീശുന്ന കാറ്റില്‍ ഈര്‍പ്പവും മറ്റേതോ ഒരു വാസനയുമുണ്ട്. 

സ്റ്റീഫന്‍ വിലക്കിയെങ്കിലും കരോലിന മേം ചന്ദ്രുവിന്റെ കൈപിടിച്ച് ജലപാതത്തിന്റെ ആഴംകുറഞ്ഞ താഴ്തട്ടിലേക്ക് സാവധാനം ഇറങ്ങി.
എഡ്വിന്റെ ലാസ്റ്റ് ഫ്‌ലാപ്സ്...''

സ്റ്റീഫന്‍ ആ ചിത്രം ഓര്‍ത്തെടുത്തു. ഉയരത്തില്‍നിന്ന് അഗാധതയിലേക്കും താഴെനിന്ന് അത്യുന്നതിയിലേക്കും പ്രവാഹത്തെ നോക്കുന്ന, ഇതിലും ശക്തവും ഭീഷണവുമായ ഒരു ജലപാതത്തിന്റെ ഒന്നിലേറെ ചിത്രങ്ങള്‍ സ്റ്റീഫന് ഓര്‍ക്കാനായി.

വെള്ളം കുത്തിയൊലിക്കുന്ന മലകളുടെ വക്കിനപ്പുറത്തേയ്ക്ക് പ്രകാശം തെന്നിമായുന്നതു നോക്കി മേം നിശ്ശബ്ദമായി ആ നീര്‍ച്ചാലില്‍ ഏറെനേരം നിന്നു. അപ്പോഴേയ്ക്കും ഇരുണ്ട ഒറ്റയടിപ്പാതയിലൂടെ അവസാനത്തെ സഞ്ചാരിയും മടങ്ങിയിരുന്നു. പിന്നെയും ഏറെക്കഴിഞ്ഞാണ് അവര്‍ തിരികെപ്പോന്നത്.
പിറ്റേന്നു പകല്‍മുഴുവന്‍ അവര്‍ റെക്കോര്‍ഡിങ്ങിലും അതുവരെ ലഭിച്ച ഡാറ്റയുടേയും പഠനത്തിലായിരുന്നു. സ്റ്റീഫന്റെ ഇപ്പോഴത്തെ പ്രൊജക്ട് അവസാനിക്കും മുന്‍പ് നിര്‍ണ്ണായകമായ ഒരു കണ്ടെത്തല്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഈ യാത്രയ്ക്കും ഒബ്സര്‍വേഷനും പിന്നാലെ അതുകൊണ്ടുതന്നെ ഒരതിജീവനത്തിന്റെ തിക്കുമുട്ടലും ആകാംക്ഷയും വളര്‍ത്തുമൃഗത്തെപ്പോലെ പിന്തുടരുന്നുണ്ട്. പ്രൊജക്ട് എങ്ങാനും നിന്നുപോയാല്‍...

''ചിയര്‍ അപ്പ് മാന്‍...'' സ്റ്റീഫന്റെ ഉള്ളുരുക്കം തിരിച്ചറിഞ്ഞിട്ടെന്നപോലെ മേം അയാളുടെ തോളില്‍ തട്ടി.
ആ രാത്രി ഇരുട്ടിവെളുത്തത് തിരക്കേറിയ പകലൊരുക്കത്തിനുവേണ്ടിയാണ്. അടുത്ത ദിവസമാണ് ജനുവരി 15. അതുവരെയുള്ള ഡാറ്റാഫ്‌ലോ പരിശോധിക്കാന്‍ അന്നത്തെ പകല്‍ മുഴുവന്‍ സ്റ്റീഫനു വേണ്ടിവന്നു.
അത്താഴത്തിനുശേഷം ടെറസ്സിലെത്തി എല്ലാം ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തുന്നതിനിടെയാണ് മേം പറഞ്ഞത്:
''ചന്ദ്രു വൈറ്റ് റം കൊണ്ടുവരും.'' കരോലിന മേമുമായി മദ്യപിച്ചിട്ടില്ലെങ്കിലും സ്റ്റീഫന്‍ സങ്കോചം പുറത്തുകാട്ടിയില്ല.

നിറയെ നക്ഷത്രങ്ങളുള്ള ഒരു രാത്രിയായിരുന്നു അത്. ഒരു കയ്യില്‍ കരുതിയ കൂടയില്‍ മദ്യവും അനുസാരികളും മറുകയ്യിലെ വലിയ തളികയില്‍ വറുത്ത കപ്പലണ്ടിയും മേലെ തൂകിയ വിനാഗിരി പുരണ്ട ഉള്ളിനുറുക്കുകളുമായി ചന്ദ്രു കോണി കേറിവന്നു.

മരത്തലപ്പുകള്‍ താങ്ങിനിര്‍ത്തിയ ആകാശത്ത് അങ്ങിങ്ങു മാത്രമുള്ള തെളിച്ചമേറിയ നക്ഷത്രങ്ങള്‍ തിരഞ്ഞ്, ഭിത്തിയില്‍ ചാരി, മടക്കു കട്ടിലില്‍ ശരീരത്തെ നിക്ഷേപിച്ച്, ചന്ദ്രു ഒഴിച്ചുകൊടുത്ത നാരങ്ങാനീരില്‍ കുതിര്‍ന്ന വൈറ്റ് റം തരിതരിയായി നുണച്ചിറക്കി കരോലിന മേം പാടിത്തുടങ്ങി.
ചന്ദ്രുവിനെ നോക്കി അവര്‍ വാത്സല്യത്തോടെ ചോദിച്ചു:

''നിനക്ക് അനിയന്‍ മാത്രമേ ഉള്ളോ?'' ചന്ദ്രു തലയാട്ടി.
''അവന്‍ വലിയ സന്തോഷത്തിലാ... നാളത്തെ കാഴ്ച കാണാന്‍. അവന്റെ സ്‌കൂളില്‍ എല്ലാ ഏര്‍പ്പാടും ചെയ്തിട്ടുണ്ട്.''

യാത്ര തീരുംമുന്‍പേ, ഗൈഡിനോട്, അല്ലെങ്കില്‍ വഴിനീളെ വഹിച്ചുകൊണ്ടുപോകുന്ന ഡ്രൈവറോട് സംസാരിക്കുന്നത് മേമിന്റെ രീതിയാണ്. എല്ലാ ഗൈഡിനും സങ്കടംപുരണ്ട ഒരുതുണ്ട് കാര്യങ്ങള്‍, അല്ലെങ്കില്‍ നിറമുള്ള കള്ളങ്ങള്‍ പറയാനുണ്ടാവും.
''ഈ ഗ്രഹണം ഒരത്ഭുതം തന്നെ.''
''സൂര്യനെത്ര വലുപ്പം... കൊച്ചു ചന്ദ്രന്‍ സൂര്യനെ മറച്ച് നൊടിനേരമാണെങ്കിലും ഇരുട്ടാക്കുന്നു.'' ചന്ദ്രുവിന്റെ ഭാഷാനൈപുണ്യം കേട്ട് സ്റ്റീഫന് ചിരിവന്നു.

''ദാ... ഇത്രേയുള്ളൂ'' - സ്റ്റീഫന്‍ പറഞ്ഞു. താഴെ റിസോര്‍ട്ടിന്റെ മുറ്റത്തുള്ള മഞ്ഞവെളിച്ചം പുരണ്ടുനില്‍ക്കുന്ന വലിയ സോഡിയം വേപ്പര്‍ ലാംപിനു നേരെ ഒരു കണ്ണുപൊത്തി മറുകണ്ണിന് അല്പം മുന്‍പില്‍ ചൂണ്ടുവിരല്‍കൊണ്ട് കാഴ്ച മറച്ചുകൊണ്ട് സ്റ്റീഫന്‍ പറഞ്ഞു.
''ഗ്രഹണം ദാ... ഇത്രേയുള്ളൂ.''
കരോലിന മേം അനുബന്ധമെന്നോണം പറഞ്ഞുതുടങ്ങി.

''ഭാരമേറിയ വസ്തുവിന്റെ ഗുരുത്വാകര്‍ഷണം മൂലം ഉണ്മയും കാലവുമാകുന്ന പ്രതലം വക്രീകരിക്കപ്പെടുന്നു'' - അവര്‍ തുടര്‍ന്നു.
''ഈ സിദ്ധാന്തം തെളിയിച്ചതിന് വടക്കന്‍ ബ്രസീലിലെ സോബ്രാല്‍ പട്ടണത്തിനും അഭിമാനിക്കാം, നൂറുവര്‍ഷം മുന്‍പുള്ള ഒരു സൂര്യഗ്രഹണത്തിന്റെ നിരീക്ഷണത്തിലൂടെ...''
വൈറ്റ് റമ്മിന്റെ ധൈര്യത്തില്‍ ചന്ദ്രു എല്ലാം മനസ്സിലായപോലെ തലയാട്ടി.

ഇപ്പോള്‍ കരോലിന മേം പാടുകയാണ്. പാട്ടുതീര്‍ന്നപ്പോള്‍ എഡ്വിനുമൊന്നിച്ച് കാടുകള്‍ക്കരികില്‍ വാഹനം നിര്‍ത്തി ഉള്‍വനത്തിലേക്കൂളിയിട്ടതും മരത്തലപ്പുകളേതുമില്ലാത്ത പുല്‍മേട്ടില്‍വെച്ച് മഴ അപ്രതീക്ഷിതമായി തങ്ങളെ നനച്ചുണര്‍ത്തിയതും വിശന്നുവലഞ്ഞു വഴിതെറ്റിയും ദിക്കറിയാമേടുകളില്‍ കുടുങ്ങിപ്പോയതും ഏതോ അദൃശ്യതാരകം വഴികാട്ടി മുന്നില്‍ നടന്നതും... എല്ലാം വീശിയടിക്കുന്ന കാറ്റിനോട് അവര്‍ പങ്കുവെച്ചു.
നല്ല വീര്യമുള്ള ഒരു വാസന അവിടമാകെ നിറഞ്ഞുവന്നു. വെളിച്ചങ്ങളെല്ലാം അണഞ്ഞിരിക്കുന്നു. എപ്പോഴാണുറങ്ങിയതെന്നറിയില്ല. നിശ്ശൂന്യതയില്‍ ആദ്യം ഒരു ജലപാതത്തിന്റേതെന്നപോലെ വലിയ ഒരു മുഴക്കവും പിന്നെ ക്രമേണ അതു ശോഷിച്ച് നിഗൂഢമായ ചെറുശബ്ദങ്ങളുമായി മാറുന്നു. തുടര്‍ന്ന് ആഴമളക്കാനാവാത്ത നിശ്ശബ്ദത. ത്രികോണരൂപമുള്ള വലിയ പന്നച്ചെടിയുടെ ഇലപ്പടര്‍പ്പിലൂടെ അയാള്‍ എങ്ങോട്ടോ ഒലിച്ചുപോയി.

പെട്ടെന്നു ഹൃദയം നിലച്ചപോലെ അലാറം. തുടര്‍ന്നു ഫോണില്‍ അലേര്‍ട്ട് മുഴങ്ങി. 05:46 am. 15th JANUARY.

സ്റ്റീഫന്‍ ഞെട്ടിയുണര്‍ന്നു. കിടക്കയില്‍ ഇരിക്കാന്‍ തുനിയാതെ അയാള്‍ ചാടിയെഴുന്നേറ്റു. കാഴ്ച തെളിയുന്നില്ല. മൊബൈല്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ എല്ലാം തെളിഞ്ഞുവരാന്‍ വീണ്ടും സമയമെടുത്തു. ആര്‍ത്തലച്ചു കടന്നുപോയ കാറ്റില്‍ ഒടിഞ്ഞുവീണ വലിയ മരക്കൊമ്പും പാറിവീണ പാഴിലകളും... ഇടയില്‍പ്പെട്ട് ഒടിഞ്ഞുതൂങ്ങിയ ആന്റിനയും അറ്റുപോയ കേബിളിന്റെ തുഞ്ചവും...
ടെറസ്സിന്റെ ഒരറ്റത്ത് മറഞ്ഞുകിടക്കുന്ന മേശ അയാള്‍ ഒരാന്തലോടെ കണ്ടു. താഴെ കമിഴ്ന്നുവീണ തുറന്നുവച്ച ലാപ്ടോപ്പ്, ഒരു കൂടാരംപോലെ. തൊട്ടടുത്ത്, എറിഞ്ഞുടച്ചതുപോലെ റിസീവറും.
തികട്ടിവന്ന ഒരു തേക്കത്തോടെ സ്റ്റീഫന്‍ ലാപ്ടോപ്പ് കയ്യിലെടുത്തു. മിനിറ്റുകള്‍ക്കു മുന്‍പ് ഡാറ്റാപ്രവാഹം നിലച്ചുപോയിരിക്കുന്നു. ശൂന്യതയില്‍ നിന്നാവാഹിച്ച് കൊത്തിമിനുക്കിയ രൂപം, അവസാനത്തെ മോടിയൊരുക്കലില്‍ പൊട്ടിപ്പോയ നാസികാഗ്രവുമായി നിര്‍ന്നിമേഷം നില്‍ക്കുമ്പോലെ മുഴുമിപ്പിക്കാനാവാത്ത ഡാറ്റാഫയല്‍.

ടെറസ്സിന്റെ വക്കില്‍നിന്ന് സ്റ്റീഫന്‍ ഉറക്കെ പ്രൊഫ. കരോലിനയെ പേരെടുത്തു വിളിച്ചു. താഴെ എവിടെനിന്നോ അവര്‍ വിളികേട്ടപോലെ. ഒരു മിന്നലിന്റെ തോടുപൊട്ടിയ വെളിച്ചത്തില്‍, കാട്ടുവഴിയിലൂടെ ഒരു ദൂരക്കാഴ്ചയില്‍ അവര്‍ മിന്നിമാഞ്ഞപോലെ.

സ്റ്റീഫന്റെ ഉറക്കെയുറക്കെയുള്ള നിലവിളിക്കൊപ്പം, വീശിയടിച്ച കാറ്റില്‍ പ്രൊഫ. കരോലിനയുടെ മൂളിപ്പാട്ട് താഴെയെവിടെയോ നിന്നു കേള്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com