'മിഠായിത്തെരുവ്'- മുഹമ്മദ് റാഫി എന്‍.വി എഴുതിയ കഥ

'മിഠായിത്തെരുവ്'- മുഹമ്മദ് റാഫി എന്‍.വി എഴുതിയ കഥ
'മിഠായിത്തെരുവ്'- മുഹമ്മദ് റാഫി എന്‍.വി എഴുതിയ കഥ

തെരുവ് മുറിച്ചുകടന്ന് ഇടത്തോട്ടു പോയാലും വലത്തോട്ട് പോയാലും മദ്യശാലകളുണ്ട്. കോര്‍ണര്‍ കഴിഞ്ഞ സ്ഥലത്തുള്ള ഹനുമാന്‍ കോവിലിനു മുന്‍പില്‍ ഒരു പെണ്‍കുട്ടി കുറെ ലോട്ടറി ടിക്കറ്റുകളുമായി നില്‍ക്കുന്നു. പ്രാര്‍ത്ഥനയും പൂജയും കഴിഞ്ഞു പോകുന്ന ചിലര്‍ ലോട്ടറി ടിക്കറ്റ് വാങ്ങുന്നുണ്ട്. അയാള്‍ കുറച്ചുസമയം പെണ്‍കുട്ടിയെ വെറുതെ നോക്കി നിന്നു. അവള്‍ പ്രതീക്ഷയോടെ അയാളെ നോക്കി. അയാള്‍ അടുത്തു ചെന്നു. ടിക്കറ്റ് വേണ്ട എന്നു പറഞ്ഞു. പെണ്‍കുട്ടി അയാളുടെ അപ്രതീക്ഷിതമായ ആ നീക്കത്തില്‍ തെല്ലിട പകച്ചു. ടിക്കറ്റ് വേണ്ട എങ്കില്‍ അടുത്തേക്ക് വന്നത് എന്തിന് എന്ന നോട്ടം നോക്കി. അയാള്‍ ചോദിച്ചു:
''നീ എന്റെ കൂടെ വരുന്നോ?''
പെണ്‍കുട്ടി ഒന്നുകൂടി പകച്ചു!
പെണ്‍കുട്ടി പറഞ്ഞു:

''വരാം, ഈ ടിക്കറ്റുകള്‍ വില്പന കഴിഞ്ഞ് ഏജന്‍സിയില്‍ ഏല്പിച്ചു കമ്മീഷന്‍ കൈപ്പറ്റണം. ഇന്നുച്ചയ്ക്കു ശേഷം നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ടിക്കറ്റുകളാണ്!''
ടിക്കറ്റ് വില്‍ക്കാന്‍ അയാളും സഹായിച്ചു. അവള്‍ ഏജന്‍സിയില്‍ പണമേല്പിച്ചു കമ്മീഷന്‍ കൈപ്പറ്റി അയാളോടൊപ്പം തെരുവ് മുറിച്ചുകടന്നു. വലതുഭാഗത്തെ മദ്യശാല പിന്നിട്ട് കടല്‍ക്കരയിലേക്കു നടന്നുപോയി. പെണ്‍കുട്ടി ചോദിച്ചു:
''എന്താ ഏട്ടാ ഉദ്ദേശ്യം?''
''പ്രത്യേകിച്ചൊന്നുമില്ല. ഒരു പകല്‍ നമുക്ക് ഒരുമിച്ചിരിക്കുന്നതില്‍ വിരോധമുണ്ടോ?''
''ഇല്ല.''
പെണ്‍കുട്ടിയും അയാളും പഴയ കടല്‍പ്പാലം പൊളിഞ്ഞ തൂണുകള്‍ക്കു സമീപം കരിങ്കല്‍ക്കെട്ടില്‍ വെറുതെ ഇരുന്നു. അയാള്‍ സൂര്യനെ നോക്കി. പെണ്‍കുട്ടി അയാളേയും.
''നിങ്ങള്‍ക്ക് ജോലി ഒന്നും ഇല്ലേ, ഇവിടെ വന്നിരിക്കുന്നതെന്ത് ?''
പെണ്‍കുട്ടി ചോദിച്ചു.

''ഉണ്ട്, ലീവ് എടുത്തിരിക്കയാ, ഒരാഴ്ചയായി.''
''എന്തിനാ ലീവ് എടുത്തത്?''
''ലീവ് എടുത്തത് മടുപ്പ്‌കൊണ്ട്!''
''എന്താ പണി? സര്‍ക്കാര്‍ ജോലിയാണോ?''
''ജോലി സര്‍ക്കാര്‍ കോളേജിലാ...''
''ജുബ്ബ ഒക്കെ കണ്ടാല്‍ ഒരു ലക്ച്ചററെപ്പോലെ ഉണ്ട്. കോളേജില്‍ മടുപ്പിന് ലീവ് ഉണ്ടോ?''
''ലെക്ച്ചറര്‍ അല്ല, പ്യൂണാ...
മടുപ്പിന് ലീവ് ഇല്ല, ശമ്പളമില്ലാത്ത അവധിയാണ് എടുത്തത്. രണ്ടുമൂന്നു മാസം കൂടുമ്പോള്‍ മടുപ്പ് വരും. ഒന്ന്രണ്ടാഴ്ച മടുപ്പ് നില്‍ക്കും. അത്വരെ ലീവ് എടുക്കും.''
അയാള്‍ വീണ്ടും കടലിലേക്ക് നോക്കിനിന്നു. 
അവള്‍ അയാളേയും!

അയാള്‍ കല്‍ക്കെട്ടില്‍നിന്നെഴുന്നേറ്റു. ഒരു സിഗരറ്റ് കത്തിച്ചു പുകവിട്ടു. കടല്‍ക്കര മുറിച്ചുകടന്നു. പെണ്‍കുട്ടി അയാളുടെ കൂടെ നടന്നു. വലതുഭാഗത്തെ മദ്യശാല പിന്നിട്ടു. തെരുവിന്റെ ഇടതു ഭാഗത്തുള്ള പഴയ ഒരു മദ്യശാല ഉള്ള ഗസ്റ്റ് ഹൗസിന്റെ റസ്റ്റോറന്റില്‍ പോയി ഇരുന്നു. പെണ്‍കുട്ടി അയാള്‍ക്ക് അഭിമുഖം ഇരുന്നു. അയാള്‍ ഒരു ബിയര്‍കൊണ്ട് വരാന്‍ പരിചാരകനായ ചെറുപ്പക്കാരനോട് പറഞ്ഞു. പെണ്‍കുട്ടിയോട് വേണോ എന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ തലയാട്ടി. പരിചാരകനോട് രണ്ടു ബിയര്‍ ഗ്ലാസ്സ് കൊണ്ടുവരാന്‍ പറഞ്ഞു. 
നിന്റെ കാര്യങ്ങള്‍ പറയൂ, പെണ്‍കുട്ടിയോട് അയാള്‍ അന്വേഷിച്ചു. 
എനിക്കു നിങ്ങള്‍ പറയുന്നത് കേള്‍ക്കാനാണ് ഇഷ്ടം എന്നു പെണ്‍കുട്ടി അയാളെ നോക്കിയിരിക്കുക മാത്രം ചെയ്തു. 

പരിചാരകന്‍ ഒരു ഗ്ലാസ്സും ബിയറും കൊണ്ടുവന്നു. എന്താണ് ഒരു ഗ്ലാസ്സ് മാത്രം എന്നു ചോദിച്ചപ്പോള്‍ പരിചാരകന്‍ അയാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അയാള്‍ സിഗരറ്റു പോക്കറ്റിന്റെ ഉള്ളിലുള്ള തുണ്ടുകടലാസില്‍ എന്തോ എഴുതി പരിചാരകന്റെ കയ്യില്‍ കൊടുത്തു. പരിചാരകന്‍ ഒരു ഗ്ലാസ്സ് കൂടി എടുത്തു കൊണ്ടുവന്നു.
പെണ്‍കുട്ടി കൗതുകത്തോടെ അന്വേഷിച്ചു.
''അയാള്‍ ആദ്യം രണ്ടു ഗ്ലാസ്സ്‌കൊണ്ട് വരാന്‍ മടിച്ചത് എന്ത്? നിങ്ങള്‍ സിഗരറ്റു കടലാസില്‍ എന്താ എഴുതിക്കൊടുത്തത്?''
''സ്ത്രീകള്‍ക്ക് ഇവിടെ പരസ്യമായി മദ്യം വിളമ്പാറില്ല എന്ന് പരിചാരകന്‍ പറഞ്ഞു. നിന്റെ തന്തയുടെ വകയാണോ ഈ രാജ്യത്തെ കിംഗ്ഫിഷര്‍ കമ്പനി. ബിയര്‍ സ്ത്രീകള്‍ക്ക് കൊടുക്കില്ലെന്നു പറയാന്‍'' എന്നാണ് ഞാന്‍ തുണ്ടില്‍ എഴുതി ഹോട്ടലിന്റെ മുതലാളിക്ക് കൊടുത്തയച്ചത്?''
''എന്നിട്ടോ, അയാള്‍ കൊടുത്തോ?'' പെണ്‍കുട്ടി അന്വേഷിച്ചു. 
''അത് നേരില്‍ കൊടുത്താല്‍ അവന്റെ പണി പോകും. വിമാനമാക്കി മാറ്റി മുതലാളിയുടെ റൂമിലേക്ക് പറത്തിവിട്ടു. ഐഡിയ ഞാന്‍ പറഞ്ഞുകൊടുത്തതാ!''
അയാള്‍ പറഞ്ഞു.
പെണ്‍കുട്ടി ചിരിച്ചു.
അവള്‍ ചോദിച്ചു:

''ലീവ് എടുക്കുന്ന ദിവസങ്ങളില്‍ എന്ത് ചെയ്യും, മടുപ്പു മാറ്റാന്‍?''
''പതിനൊന്നു മണിയാവും ബാര്‍ തുറക്കാന്‍. അതുവരെ അലഞ്ഞുതിരിയും!''
''എല്ലാ ദിവസവും കുടിക്കുമോ?''
''ഏയ് ഇല്ല, മടുപ്പു വരുമ്പോള്‍ മാത്രം.''
''എല്ലാ ദിവസവും മടുപ്പു വരുമോ?''
''മിക്കവാറും വരും!''
പെണ്‍കുട്ടി ചിരിച്ചു. അവള്‍ക്ക് അയാളുടെ നര്‍മ്മം ഇഷ്ടമായി.
''ദിവസവും കുടിക്കാന്‍ കുറെ പൈസ വേണ്ടേ... എവിടുന്നു കിട്ടും. ഇടക്ക് ലീവും എടുക്കുമെല്ലോ!''
''പ്യൂണ്‍ ആണെങ്കിലും എം.എ ഉണ്ട്. അതുകൊണ്ട്കൂടിയായിരിക്കും കുട്ടിക്ക് ലക്ച്ചര്‍ ആണെന്നു തോന്നിയത്! തേര്‍ഡ് ക്ലാസ്സിലാണ് ജയിച്ചത്. അതും രണ്ടാം വട്ടം എഴുതീട്ട് ജയിച്ചതാ... അതുകൊണ്ട് ലക്ച്ചര്‍ ഉദ്യോഗത്തിന് അപേക്ഷിക്കാന്‍ പറ്റിയില്ല. പക്ഷേ, വൈകുന്നേരം ക്വാര്‍ട്ടേഴ്‌സില്‍ എം.എ കുട്ടികള്‍ക്ക് റ്റിയൂഷന്‍ എടുക്കും. കോളേജിലെ പല ലെക്ച്ചറര്‍മാരും ബോറന്മാരാ... കുട്ടികള്‍ക്കിഷ്ടമല്ല. ബോറന്മാരായ ലെക്ച്ചറര്‍മാര്‍ സ്ഥലം മാറ്റം വാങ്ങി അവിടെ വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കും. അതുകൊണ്ട് ഞാന്‍ കുടിച്ചു മരിക്കുന്നു...
പെണ്‍കുട്ടി വീണ്ടും ചിരിച്ചു.

''എന്താ പരീക്ഷ ആദ്യം തോറ്റുപോയത്? പഠിക്കുന്ന കാലത്തും മടുപ്പ് വന്നിരുന്നോ?''
''മടുപ്പല്ല പുച്ഛം. സിദ്ധാന്തത്തിന്റെ പരീക്ഷ എഴുതാന്‍ ഹാളില്‍ ചെന്നപ്പോള്‍ അതു പഠിപ്പിച്ചവന്‍ തന്നെ ഇന്‍വിജിലേഷനു വന്നിരിക്കുന്നു. കള്ള ഭാഷയും കാപട്യവും ഉള്ള ഒരു എരപ്പന്‍ പ്രൊഫസറായിരുന്നു ആ താടിക്കാരന്‍. പരീക്ഷ എഴുതാന്‍ തോന്നിയില്ല. അരമണിക്കൂര്‍ വെറുതെ ഇരുന്നു. അതുകഴിഞ്ഞപ്പോള്‍ ഒരു അഡീഷണല്‍ ഷീറ്റ് വാങ്ങി സൈദ്ധാന്തിക ജീവിതവും കള്ളജീവിതവും എന്ന വിഷയത്തില്‍ ഒരു പ്രബന്ധം പത്തു മിനിട്ടുകൊണ്ട് എഴുതി പേപ്പര്‍ മടക്കി എഴുന്നേറ്റുപോന്നു. റിസള്‍ട്ട് വന്നപ്പോള്‍ ആ പേപ്പറിനു പൂജ്യം മാര്‍ക്ക്! ആ പ്രൊഫസര്‍ തന്നെ ആയിരിക്കും പേപ്പര്‍ നോക്കിയിട്ടുണ്ടാവുക എന്ന് മനസ്സിലായി. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കനാണ് അയാള്‍. അപ്പി ഇടുന്നത്‌പോലും അന്യന്റെ പറമ്പില്‍ ആണെങ്കില്‍ വിരല് വെച്ചാണ് എന്നാണ് പലരും പറയുന്നത്!''

അയാള്‍ ഒരു ബിയറിനുകൂടി ഓര്‍ഡര്‍ ചെയ്തു. പെണ്‍കുട്ടിക്ക് വേണോ എന്നു ചോദിച്ചു.
അവള്‍ വീണ്ടും തലയാട്ടി. രണ്ടു ബിയറിനും കപ്പലണ്ടിക്കും പറഞ്ഞതിനുശേഷം അയാള്‍ അവളോട് മടിച്ചു മടിച്ചു ഒരു ആമുഖം പറഞ്ഞു.
''ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? സമ്മതമായാലും അല്ലെങ്കിലും ആരോടും പറയരുത്. പിന്നെ ഒരു കാര്യം, പൂര്‍ണ്ണസമ്മതമാണെങ്കില്‍ മാത്രം യെസ് പറഞ്ഞാല്‍ മതി കേട്ടോ...''
ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതിനാലായിരിക്കണം അത്തവണ അവള്‍ പകച്ചില്ല. പകരം പുഞ്ചിരിച്ചു. അവരുടെ തലമുകളില്‍ത്തന്നെ ഉണ്ടായിരുന്ന എയര്‍ക്കണ്ടീഷണര്‍ അവളെ കുറച്ചുകൂടി തണുപ്പിച്ചു. അവള്‍ക്ക് ഇക്കിളി തോന്നി.
അയാള്‍ പറഞ്ഞു:

''ഞാന്‍ ഒരു സിനിമാ പ്രാന്തന്‍ കൂടിയാണ്. എന്റെ കയ്യില്‍ ഒരു തിരക്കഥയുണ്ട്. പല സംവിധായകരുടേയും പിറകെ നടന്നു മടുത്തു. ഇതൊന്നു വായിച്ചു കേള്‍പ്പിക്കണമെന്നുണ്ട്. നീ കേള്‍ക്കാമോ?''
ഇത്തവണ അവള്‍ വീണ്ടും പകച്ചു!
അയാള്‍ പേന്റിന്റെ അരയില്‍ തിരുകിയ കടലാസ്സ് കെട്ടുകള്‍ എടുത്തു.
അവള്‍ പറഞ്ഞു. 
''ഇത് വായിക്കുന്നതിന് മുന്‍പ് കഥ ചുരുക്കിപ്പറയാമോ?''
അയാള്‍ പറഞ്ഞു:
''ഇതിലെ നായകന്‍ നാട്ടില്‍ നടക്കുന്ന അനീതിയിലും ഭരണകൂടത്തിന്റെ അക്രമത്തിലും വലിയ വിഷമം അനുഭവിക്കുന്ന ഒരാളാണ്. ഓരോ തവണ രാജ്യത്ത് ആക്രമണവും അഴിമതിയും നടക്കുമ്പോളും മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുമ്പോളും അയാള്‍ മദ്യപിക്കും. ബാറില്‍ ചെന്ന് ആരുടെയെങ്കിലും തല്ല് ഇരന്നുവാങ്ങും. അയാള്‍ ഒരു മസോക്കിസ്റ്റ് ആണ്.''
''ഇതിലെ നായകന്‍ ആയി മമ്മൂട്ടിയെ അഭിനയിപ്പിക്കുമോ?''
പെണ്‍കുട്ടി ചോദിച്ചു. 

''മമ്മൂട്ടി ആകുമ്പോള്‍ ഇന്റര്‍വെല്‍ വരെ മാത്രമേ നായകന് അടി കിട്ടുന്ന കഥ കാണിക്കാന്‍ പറ്റൂ. ഇന്റര്‍വെലിനുശേഷം മമ്മുക്ക അതുവരെ കിട്ടിയ തല്ലെല്ലാം തിരിച്ചുകൊടുക്കുന്ന കഥ വേണ്ടി വരും. സെക്കന്റ് ഹാഫിന് ഫസ്റ്റ് ഹാഫിനേക്കാള്‍ നീളവും വേണ്ടിവരും. എന്റെ സിനിമയില്‍ നായകന് എല്ലാ ദിവസവും അടി കിട്ടുന്നതാണ് കഥ. അയാള്‍ അത് ഇരന്നുവാങ്ങുന്നതാണ്. ഒറ്റ അടിയും തിരിച്ചുകൊടുക്കുകയില്ല.''
''എന്നാല്‍, ദുല്‍കര്‍ സല്‍മാന്‍ പറ്റുമോ? അല്ലെങ്കില്‍ ഫഹദ് ഫാസില്‍?''
അവരെ ഒന്നും അഭിനയിപ്പിക്കാന്‍ എന്റെ കയ്യില്‍ പൈശ ഇല്ല.
''സിനിമാനടന്മാര്‍ കഞ്ചാവ് വലിക്യോ?''
പെണ്‍കുട്ടി അതീവ നിഷ്‌കളങ്കയായി ചോദിച്ചു.
അയാള്‍ കാരുണ്യത്തോടെ മറുപടി പറഞ്ഞു.
''ദുല്‍കര്‍ സല്‍മാന്‍ വലിക്കില്ലായിരിക്കും. മമ്മൂട്ടി ചീത്ത പറയില്ലേ?''
അയാള്‍ ഒരു ബിയറിന് കൂടി ഓര്‍ഡര്‍ ചെയ്തു. പെണ്‍കുട്ടിക്ക് ഇനിയും വേണോ എന്ന് അവളെ നോക്കി.
അവള്‍ വീണ്ടും തലയാട്ടി.

അയാള്‍ തിരക്കഥ വായിക്കട്ടെ എന്ന് അവളെ ദയനീയമായി നോക്കി രണ്ടു ബിയറിനു കൂടി ഓര്‍ഡര്‍ ചെയ്തു.
അയാള്‍ വായിക്കാന്‍ തുടങ്ങി. പരിചാരകന്‍ കൊണ്ട്വന്ന രണ്ടു ബിയറും അവള്‍ ഒറ്റയ്ക്കു കഴിച്ചു. അയാള്‍ രണ്ടു ബിയറുകള്‍ക്കു കൂടി കല്പന കൊടുത്തു, വായനയുടെ ലഹരിയിലേക്ക് പോയി. അവള്‍ അയാളുടെ സിനിമ കണ്ട് ബിയര്‍ കുടിച്ചു. ഇടക്ക് പെണ്‍കുട്ടി രണ്ടു തവണ മൂത്രമൊഴിക്കാന്‍ പോയി. വായനയുടെ ലഹരിയിലായിരുന്ന അയാള്‍ അത് ശ്രദ്ധിച്ചില്ല. സിനിമയുടെ സെക്കന്റ് ഹാഫില്‍ നായകന്‍ മദ്യശാലയില്‍വെച്ച് നില്‍പ്പനടിച്ചുകൊണ്ടിരുന്ന ഒരാളുടെ കാലില്‍ ബോധപൂര്‍വ്വം മൂന്നാലു വട്ടം ഷൂസിട്ട കാല്കൊണ്ട് ചവിട്ടി അടി ഇരന്നുവാങ്ങുന്ന രംഗം വായിക്കുകയായിരുന്നു അയാള്‍. നായകന്‍ അടിയും ഉന്തും കൊണ്ട് സോഡാക്കുപ്പികള്‍ നിരത്തി വെച്ച പെട്ടിയുടെ മുകളില്‍ വീഴുന്ന രംഗം എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് വീണ്ടും മൂത്രമൊഴിക്കാനും ഒരു സിഗരറ്റ് വലിക്കാനും തോന്നി. അവള്‍ വേച്ചുവേച്ചു നടന്നുപോയത് വായനയുടെ ലഹരിയിലായിരുന്ന അയാള്‍ ശ്രദ്ധിച്ചില്ല. അയാള്‍ അപ്പോള്‍ തനിക്ക് അഭിനയിക്കാന്‍ സാധിക്കാതെപോയ ഒരു സിനിമയിലെ നായകനെപ്പോലെ തന്റെ തിരക്കഥാ വായനയുടെ ചേഷ്ടകളില്‍ മുഴുകിയിരിക്കുകയായിരുന്നു. സിഗരറ്റു വാങ്ങി കത്തിച്ചു റോഡില്‍നിന്നും വേച്ചുവേച്ചു പെണ്‍കുട്ടി നടന്നു. അവളുടെ ലക്ഷ്യം അയാള്‍ ഇരിക്കുന്ന റെസ്റ്റോറന്റ് ആയിരുന്നെങ്കിലും ഗസ്റ്റ് ഹൗസിന്റെ വരാന്തയില്‍ എത്തിയപ്പോള്‍ അവള്‍ക്കവിടെ ഇരിക്കാന്‍ തോന്നി. ബാറില്‍നിന്ന് ഇറങ്ങിവരികയായിരുന്ന ചിലര്‍ കൗതുകത്തോടെ അവളോട് തീപ്പെട്ടി ചോദിച്ചു. അവള്‍ കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് ഒന്നു മയങ്ങണമെന്നു തോന്നി. അവള്‍ റെസ്റ്റോറന്റിലെ മദ്യശാലയ്ക്കു സമീപം ഉണ്ടായിരുന്ന വരാന്തയില്‍ ചരിഞ്ഞുകിടന്നു. തിരക്കഥാകൃത്ത് അപ്പോഴും താന്‍ തന്നെ നായകനായി അഭിനയിക്കുന്ന തന്റെ സ്വന്തം സിനിമ ആവേശത്തോടെ ഇരുന്നു വായിക്കുകയായിരുന്നു. അയാള്‍ ഓരോ വൈകുന്നേരവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ആരെയെങ്കിലും തോണ്ടുകയോ കാലില്‍ ചവിട്ടുകയോ ചെയ്തു. സിനിമയിലെ ക്ലൈമാക്‌സ് രംഗത്തില്‍ അയാളെ പൊലീസ് തേടിവന്നു. എന്നാല്‍, വന്ന പൊലീസുകാര്‍ ജീവിതത്തില്‍നിന്നായിരുന്നു. സിനിമയിലെ പൊലീസുകാര്‍ ആയിരുന്നില്ല.
അത് അയാള്‍ തിരിച്ചറിയാന്‍ കുറച്ചു സമയമെടുത്തിരുന്നു.
തെരുവ്.

പെണ്‍കുട്ടി കാരുണ്യ ലോട്ടറിയുടെ ഫലം മാതൃഭൂമി പത്രത്തില്‍ നോക്കിക്കൊണ്ടിരിക്കെ ഒരു മൂലയില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് വായിച്ചുനോക്കി. തലക്കെട്ട് ഇങ്ങനെയായിരുന്നു: പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം. യുവാവ് അറസ്റ്റില്‍. അറസ്റ്റിലായ ചെറുപ്പക്കാരന്‍ നഗരത്തിലെ കോളേജിലെ പ്യൂണ്‍ ആണെന്നും പേര് മുഹമ്മദ് സിദ്ദീഖ് എന്നാണെന്നും രാവിലെ കടപ്പുറത്ത് രണ്ടു പേരെയും ഒറ്റയ്ക്ക് കണ്ട് സംശയം തോന്നിയ പിങ്ക് പൊലീസാണ് മഫ്ടിയില്‍ പിന്തുടര്‍ന്ന് ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതെന്നും പ്രത്യേകം എഴുതിയിരുന്നു. പെണ്‍കുട്ടിയുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരായതുകൊണ്ടായിരിക്കും അവളുടെ പേരും മറ്റു വിവരങ്ങളും ഉണ്ടായിരുന്നില്ല. മാത്രമല്ല, അവളെ മുന്നറിയിപ്പ് കൊടുത്ത് രാത്രി തന്നെ വനിതാ പൊലീസുകാര്‍ സുരക്ഷിതമായി വീട്ടില്‍ എത്തിക്കുകയും ചെയ്തിരുന്നു. 

വാര്‍ത്ത കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ കരളിനു വേദന വന്നു. അവള്‍ എസ്.കെ. സ്റ്റാച്ച്യുവിന് സമീപമുള്ള ഇരിപ്പിടങ്ങളില്‍ ഒന്നില്‍ സങ്കടത്തോടെ ചാഞ്ഞിരുന്നു. എസ്.കെ. പൊറ്റക്കാടിന്റെ തലമുകളില്‍ വന്നിരിക്കുന്ന ഒരു കാക്കയെ വെറുതെ നോക്കി. കാക്കയ്ക്ക് അതിഷ്ടമായില്ല. അത് കാ കാ എന്നു പറഞ്ഞു പറന്നുപോയി. ലോട്ടറി വില്‍പ്പന നിര്‍ത്തി ബഷീര്‍ റോഡിലേക്ക് പതിയെ നടന്നു. വേദന മാറിയില്ല. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ തെരുവില്‍ ഒരു വൈകുന്നേരം പരിചയപ്പെട്ട ചെറുപ്പക്കാരനെ ഫോണില്‍ വിളിച്ചുനോക്കി. അവന്‍ വന്നു. പെണ്‍കുട്ടി കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു. ചെറുപ്പക്കാരന്‍ ഈയിടെ തുടങ്ങിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എട്ടായിരം രൂപ പ്രതിമാസ വരുമാനം കൈപ്പറ്റി ജോലി ചെയ്യുകയായിരുന്നു. അവര്‍ രണ്ടുപേരും കൂടി കസബ സ്റ്റേഷനില്‍ ചെന്നു പൊലീസുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോക്കോപ്പി കൊടുത്ത് ഒപ്പുവെച്ച് മുഹമ്മദ് സിദ്ദീഖിനെ ജാമ്യത്തിലെടുത്തു. മുഹമ്മദ് സിദ്ദീഖ് പെണ്‍കുട്ടിയോടും ചെറുപ്പക്കാരനോടും കൃതാര്‍ത്ഥത ഉള്ളവനായി. അയാള്‍ക്ക് അവരോട് സ്‌നേഹം വന്നു. കോര്‍ണര്‍ മുറിച്ചുകടന്നു വരി നിന്നു രണ്ടു പേര്‍ക്കും മില്‍ക് സര്‍ബത്ത് വാങ്ങിക്കൊടുത്തു. 
 മുഹമ്മദ് സിദ്ദീഖ് പെണ്‍കുട്ടിയോട് പറഞ്ഞു. 

''നിന്നെ ഞാന്‍ ഫ്രീ ആയി എം.എ കറസ്പോണ്ടന്‍സ് കോഴ്സ് ട്യൂഷന്‍ പഠിപ്പിക്കാം, ഫീസ് തരണ്ട.''
പെണ്‍കുട്ടി പറഞ്ഞു:
''ഞാന്‍ പണ്ട് വെള്ളത്തൂവലില്‍ ആയിരുന്നപ്പോ അപ്പന്റെ കൂടെ ഒരു ഗ്ലാസ് ബിയര്‍ കുടിച്ചതാ. അപ്പന്‍ മരിച്ചപ്പോ ഞങ്ങള്‍ അവിടം വിട്ട് നഗരത്തില്‍ വന്നു. ആദ്യമാ ഇക്കാ ഇങ്ങിനെ കുടിച്ചത്! അതാ മയങ്ങിപ്പോയത്!''
''സാരമില്ല കുട്ടീ, കുട്ടിയുടെ തെറ്റല്ല. നമ്മുടെ വ്യവസ്ഥയും ബ്യൂറോക്രസിയുമൊന്നും ശരിയല്ല, അതാ പ്രശ്‌നം!'' - അയാള്‍ പ്രതിവചിച്ചു. 
പെണ്‍കുട്ടി പറഞ്ഞു:
''ഇക്കയുടെ സിനിമ നല്ല സിനിമയാണ്. നമ്മക്കത് ഉണ്ടാക്കണം. ലോട്ടറി വിറ്റ് കിട്ടുന്ന പൈശയില്‍നിന്നു കുറച്ചു ഞാന്‍ തരാം.''
 അയാള്‍ക്ക് പെണ്‍കുട്ടിയോട് അതിയായ സ്‌നേഹം വന്നു. തെരുവില്‍ കൂടി വെറുതെ നടക്കാന്‍ തോന്നി. തന്റെ സിനിമ രാജ്യത്തിന്റെ പുറത്തു തെരഞ്ഞെടുക്കപ്പെടുന്നതും അവളും അയാളും പോകുന്നതും സ്വപ്നം കണ്ട് അവര്‍ ആ തെരുവ് തുഴഞ്ഞു കടന്നു. മൂന്നു പേരും വലത്തോട്ട് പോയി. തെരുവില്‍നിന്നു കടല്‍ക്കരയിലേക്ക് പോകാന്‍ നിര്‍മ്മിച്ച പാലം കടന്നു. 
പെണ്‍കുട്ടി ചോദിച്ചു:
''മടുപ്പ് മാറിയോ?'' 
അയാള്‍ പറഞ്ഞു.

''ഇന്നെനിക്ക് വലിയ സന്തോഷം വന്നു പക്ഷേ, ഉള്ളിലുള്ള വേദന ഒഴിയുന്നില്ല.''
പെണ്‍കുട്ടി അയാളോട് ഒരു പാട്ട് പാടാമോ എന്ന് അന്വേഷിച്ചു. കടപ്പുറത്ത് മലര്‍ന്നു കിടന്ന് രണ്ടുപേര്‍ക്കും വേണ്ടി ആകാശത്ത് നോക്കി മുഹമ്മദ് സിദ്ദീഖ് ഒരു പഴയ പാട്ട് പാടി. 
കോഴിക്കോട് അബ്ദുള്‍ ഖാദര്‍ സിനിമയ്ക്കു വേണ്ടി ചങ്കു വേദനിച്ചു പാടിയ ആ പാട്ട് പാടുമ്പോള്‍ സിദ്ദീഖിന്റെ ഹൃദയവും വേദനിച്ചു എന്നു പെണ്‍കുട്ടിക്കു തോന്നി. ബാബുരാജ് ഈണമിട്ടപ്പോഴും പി. ഭാസ്‌കരന്‍ എഴുതിയപ്പോഴും അനുഭവിച്ച അനുഭൂതിയില്‍ രണ്ടുപേരും ആകാശത്തേയ്ക്ക് ഹൃദയവേദനയോടെ നോക്കി.

നീല താരമേ നീ...
നീയെന്തറിയുന്നു നീയെന്തറിയുന്നു
നീലത്താരമേ
വസന്തവാനത്തില്‍ നീ ചിരിക്കുന്നു മണ്ണിലുള്ള കണ്ണുനീരിന്‍ ചൂടറിയാമോ
മാനവന്റെ നെഞ്ചിലെഴും നോവറിയാമോ
പൂപോലെ പുഞ്ചിരിക്കും താരേ
നീ പോയി നില്പതെത്ര ദൂരെപാടും രാക്കുയിലേ
ആലോലസംഗീതം നീ ചൊരിയുന്നു
നീയെന്തറിയുന്നു
വീണടിഞ്ഞ പൊന്‍കിനാവിന്‍
കഥയറിയാമോ
കൂടുവിട്ടൊരെന്‍കിളി തന്‍
കഥയറിയാമോ
മാലാര്‍ന്നൊരെന്നാത്മരാഗം ഞാന്‍
മാത്രമാലപിപ്പൂ മൂകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com