'കീഴ്കാംതൂക്ക്'-  ദേവദാസ് വി.എം എഴുതിയ കഥ

വീടുപണിക്കിടെ ഉടമസ്ഥന്‍ തെന്നിവീണ് കണങ്കാലുളുക്കി രണ്ടാഴ്ച വിശ്രമത്തിലാണെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് പെയിന്റ് പണിക്കാരന്‍ സത്യനാഥനായിരുന്നു
'കീഴ്കാംതൂക്ക്'-  ദേവദാസ് വി.എം എഴുതിയ കഥ

''The front-door step is at the back,
You're walking when you stand,
You wear your hat upon your feet,
In Tospy-Turvy Land.
You pay for what you never get,
I think it must be grand,
For when you go you're coming back,
In Tospy-Turvy land.'
- H.E. Wilkinson

വീടുപണിക്കിടെ ഉടമസ്ഥന്‍ തെന്നിവീണ് കണങ്കാലുളുക്കി രണ്ടാഴ്ച വിശ്രമത്തിലാണെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് പെയിന്റ് പണിക്കാരന്‍ സത്യനാഥനായിരുന്നു. വീടിന്റെ ഓരോ കോണിലും നിലയിലും പടിയിലുമൊക്കെ ഓരോരോ പണികള്‍ ചെയ്യുന്നവരോടായി വേണ്ടതും വേണ്ടാത്തതുമൊക്കെ കുത്തിച്ചോദിച്ചും തര്‍ക്കിച്ചും  പണിക്കാരനേക്കാള്‍ വലിയ മേലാളായി നിന്ന് ശല്യമുണ്ടാക്കുന്നവരോട് സത്യനാഥന് പൊതുവെ കലിയായിരുന്നു. വൈകുന്നേരമാകുമ്പോള്‍ കൂലിയെണ്ണിത്തരുന്നയാളോട് മോന്ത കറുപ്പിച്ചൊന്നും പറയേണ്ടല്ലോയെന്ന് കരുതിയതുകൊണ്ട് മാത്രം  കഴിഞ്ഞ നാലുനാള്‍ ഉള്ളാലെ ഇറുക്കിപ്പിടിച്ചതെല്ലാം അയച്ചുവിടുന്നെന്നോണം അവന്‍ കുപ്പായക്കുടുക്കുകളഴിച്ചു. തലേന്നത്തെ ജോലി കഴിഞ്ഞശേഷം വെള്ളത്തില്‍ ഒലുമ്പി അയയില്‍ വിരിച്ചിട്ട, പല നിറങ്ങളാല്‍ പുള്ളികുത്തിയ തന്റെ പണിവസ്ത്രം എടുത്തുടുത്തു. പുഞ്ചിരിയാലെയൊരു മൂളിപ്പാട്ടും പാടിക്കൊണ്ട് വലിയൊരു ബക്കറ്റില്‍ കുമ്മായം കലക്കുന്നേരത്താണ് ''എടാ... ത്രിശങ്കൂ...'' എന്നൊരു നീട്ടിവിളി മുഴങ്ങിക്കേട്ടത്. നാളുകുറെയായി കേള്‍ക്കാതിരുന്നൊരു വട്ടപ്പേര്, അതും കണ്ടാല്‍ തിരിച്ചറിയാവുന്ന പൊലീസുകാര് നാലഞ്ചുപേര് മാത്രം വിളിക്കുന്നൊരു പേര്,  തന്റെ ചെവിയില്‍ പെട്ടെന്നു വന്നുവീണതിന്റെ ആധിയാലെ സത്യനാഥനൊന്നു കിടുങ്ങി. ആ വിളി വന്നിടത്തേക്ക് തിരിഞ്ഞുനോക്കിയപ്പോഴുണ്ടതാ നില്‍ക്കുന്നു... പൊലീസുകാരന്‍ ശ്രീധരന്‍...  ആളെ തിരിച്ചറിഞ്ഞതും സത്യനാഥന്റെ എടുപ്പെല്ലിന്റെ മജ്ജയില്‍നിന്ന് തലച്ചോറിന്നകത്തേയ്ക്ക്  ഒരു ചായത്തുള്ളി തെറിച്ചുവീണു. അതിന്റെ വേദനയും പുളച്ചിലും കടിച്ചമര്‍ത്തിക്കൊണ്ടാണെങ്കിലും അവനൊന്ന് ചിരിച്ചു കാണിച്ചു. ശ്രീധരന്‍ കൈമാടി വിളിച്ചപ്പോള്‍ അനുസരണയോടെ അരികത്തു ചെന്നു നിന്നു.

''ഇതിപ്പൊ നന്നായി... നീയാണോ ഇവിടെ പണിക്ക്?''
''അതേല്ലോ... സാറിപ്പൊ ഇവിടത്തെ സ്റ്റേഷനിലാണോ?''
''സ്റ്റേഷനോ? ഞാന്‍ പെന്‍ഷന്‍ പറ്റീട്ട് ഒരു കൊല്ലാവാറായീ.''
''എന്താപ്പൊ പെട്ടെന്ന് ഇവിടെ അവതരിക്കാന്‍ കാരണം?''
''മരുമോന്‍ കാല് വയ്യാണ്ടായി കെടന്നാല് മോള്‍ടെ വീടുപണിക്കൊരു നോട്ടമെത്തിക്കാന്‍ എനിക്ക് വന്നൂടേ?''
''ആഹാ! മോളെ ഇങ്ങട്ടാണോ കെട്ടിച്ചുകൊടുത്തിരിക്കണത്. അങ്ങനെയൊരു ബന്ധം ഉള്ളകാര്യം എനിക്കറിയില്ലായിരുന്നൂട്ടാ.''

ഗള്‍ഫുകാരന്‍ മരുമകനില്‍നിന്ന് വീടുപണിയുടെ മേല്‍നോട്ടം റിട്ടയേര്‍ഡ് പൊലീസുകാരനായ അമ്മായിയച്ഛന്‍ ഏറ്റെടുത്തതോടെ പിടിച്ചതിലും വലിയതാണ് അളയില്‍ കിടന്നു പുളയ്ക്കുന്നതെന്ന പരുവത്തിലായി സത്യനാഥന്‍. ചോദിച്ചതിനെല്ലാം മുഖം കനപ്പിക്കാതെ മുക്കിയും മൂളിയും മറുപടിയൊപ്പിച്ചുകൊണ്ട് ഒരു വിധത്തിലങ്ങനെ നിന്നുകൊടുത്തു. പക്ഷേ, ശ്രീധരനങ്ങനെ പെട്ടെന്നു പിടിവിടാന്‍ തയ്യാറല്ലായിരുന്നു. കഴിഞ്ഞതെല്ലം എടുത്തൊന്നുകൂടി കുടഞ്ഞിടാന്‍ അയാള്‍ ഒരുമ്പെട്ടു.

''എടാ ത്രിശങ്കൂ... നിനക്കെന്നോട് പ്പളും വിരോധമുണ്ടോ?''
''ഓ..! അങ്ങനെയൊന്നുമില്ലെന്നേ...''
''എങ്ങനെയൊന്നുമില്ലെന്ന്?''
''പെന്‍ഷനായാലും സാറ് പൊലീസുകാരടെ മാതിരീത്തെ ചോദ്യം ചെയ്യല് വിട്ടിട്ടില്ല, അല്ലേ?''
''അതൊക്കെ സംഭവിച്ചിട്ട് കൊല്ലം മൂന്നാല് കടന്ന് പോയില്ലേടാ? എന്റേം നിന്റേം ഒക്കെ അവസ്ഥകളും മാറി...''
''അതോണ്ട് ?''
''നിനക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ സത്യാ?''
''സാറ് ഈ ചുറ്റിവളച്ച് കൊണ്ടോരണത് എവ്‌ടെക്ക്യാണെന്നൊക്കെ എനിക്ക് മനസ്സിലായീട്ടാ. അന്നും ഇന്നും ഞാന്‍ ഒരേ കാര്യം തന്നെ ഒറപ്പിച്ച് പറയണൂ സാറേ... ആ കൊലപാതകത്തിലെനിക്കൊരു പങ്കൂല്ല്യാ. സത്യായിട്ടും ഒരു കമ്യൂണിറ്റി ഹാളിന്റെ പെയിന്റുപണിയുടെ കാര്യത്തിനാണ് അന്നെന്നെ ഫോണില്‍ വിളിച്ചത്.''

അവനപ്പോള്‍ പറഞ്ഞകാര്യം വാസ്തവമാണെന്ന് നേരത്തേ തന്നെ ശ്രീധരനേതാണ്ട് ഉറപ്പായിരുന്നു. എങ്കിലും മനസ്സിനകത്ത് ഏറെക്കാലമായി ബാക്കിനിന്നൊരു സംശയം ഇല്ലാതാക്കിയതിന്റെ ഉള്ളയവിനാല്‍  അയാള്‍ സത്യനാഥന്റെ ചുമലില്‍ കൈവെച്ചു. തോളില്‍ പതിഞ്ഞ കൈ തട്ടിമാറ്റാനാണ് ആദ്യം തോന്നിയതെങ്കിലും, അതേ കയ്യില്‍ നിന്നാണല്ലോ വൈകുന്നേരം കൂലി വാങ്ങേണ്ടതെന്നോര്‍ത്തപ്പോള്‍ സത്യനാഥനൊന്നടങ്ങി. കലക്കിയ കുമ്മായം ഒരു ബക്കറ്റിലേക്കു പകരുന്നതിനിടെ പഴയൊരു സ്റ്റേഷനോര്‍മ്മയുടെ ബാക്കിയിരിപ്പെന്നോണം അവന്‍ ശ്രീധരനെയൊന്ന് തറപ്പിച്ചുനോക്കി.

ജീവിതത്തിലാകെ ആറുതവണയാണ് സത്യനാഥന്‍ പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടുള്ളത്. കോളേജ് വികസനഫണ്ട് വകമാറ്റി ചെലവഴിച്ചതിന് പ്രിന്‍സിപ്പാളെ ഘരാവോ ചെയ്തതിന്റെ പേരിലായിരുന്നു ആദ്യത്തേത്. ഉച്ച മുതല്‍ വൈകുന്നേരം വരെ സ്റ്റേഷനിലിരുത്തി മടുപ്പിച്ചശേഷം കേസൊന്നുമെടുക്കാതെ സത്യനാഥനുള്‍പ്പെടെവരെ വെറുതെ വിട്ടു. കോളേജിന്റെ പടിക്കല്‍ നിര്‍ത്താത്ത ബസിന് കല്ലെറിഞ്ഞതിന്റെ പേരില്‍ രണ്ടാമതും സ്റ്റേഷന്‍ കയറി. വിദ്യാര്‍ത്ഥി സംഘടനാനേതാക്കള്‍ ഇടപെട്ട് ആ കേസും സ്റ്റേഷനകത്തുവെച്ചുതന്നെ ഒത്തുതീര്‍പ്പാക്കി.  ഉഴപ്പിനടന്ന് കോളേജിലെ പഠിത്തം പൂര്‍ത്തിയാക്കിയില്ലെങ്കിലും അവന്‍ രാഷ്ട്രീയപ്രവര്‍ത്തനം  തുടര്‍ന്നു. ഇന്ധനവിലവര്‍ദ്ധനക്കെതിരെയുള്ള  പ്രതിഷേധമാര്‍ച്ച് ലാത്തിച്ചാര്‍ജ്ജിലും അറസ്റ്റിലുമൊക്കെ കലാശിച്ചപ്പോഴാണ് മൂന്നാമത്തെ തവണ സ്റ്റേഷനില്‍ കയറിയത്. അപ്പോഴേക്കും വിദ്യാര്‍ത്ഥിസംഘടനയൊക്കെ വിട്ട് പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ ലോക്കല്‍ നേതാവായി സത്യനാഥന്‍ വളര്‍ന്നുകഴിഞ്ഞിരുന്നു. ബീഫ് ഫെസ്റ്റിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് മാടിനെ അറുത്തതിന്റെ പേരിലുള്ള കശപിശയായിരുന്നു നാലാമത്തേതിനു കാരണം. അത്രയും തവണ കയറിയത് രാഷ്ട്രീയജീവിതത്തിന്റെ പേരിലായിരുന്നെങ്കില്‍ അടുത്തത് സ്വന്തം കാര്യത്തിനായിരുന്നു. പാലക്കാട്ടുള്ളൊരു അഗ്രഹാരത്തില്‍നിന്ന് ഇഷ്ടമില്ലാക്കല്യാണത്തിന്റെയന്ന് കാമുകിയെ വിളിച്ചിറക്കിക്കൊണ്ടുപോന്നതിന്റെ പേരിലായിരുന്നു അഞ്ചാമത്തെ തവണ സത്യനാഥന്‍ സ്റ്റേഷനില്‍ കയറിയത്. അപ്പനയ്യര് ഓളിവിളിച്ചുകൊണ്ട് ഹേബിയസ് കോര്‍പ്പസൊക്കെ ഫയല്‍ ചെയ്തു നോക്കിയെങ്കിലും അവനോടൊപ്പമാണ് താമസിക്കാന്‍ താല്പര്യമെന്ന് പെങ്കൊച്ച് ഉറച്ചുപറഞ്ഞതോടെ ആ കേസും പാളീസായി. പക്ഷേ, ആറാമത്തെ തവണത്തേത്  രാഷ്ട്രീയത്തിന്റെ പേരിലാണോ വ്യക്തിവൈരാഗ്യം കാരണമാണോ അതോ അബദ്ധത്തില്‍ പെട്ടതാണോ എന്നൊന്നും സത്യനാഥനു വലിയ പിടിയുണ്ടായിരുന്നില്ല. എന്താണേതാണെന്നൊക്കെയൊന്ന് ആലോചിച്ചു വട്ടമെത്തുമ്പോഴേക്കും അവന്റെ ഉടല്‍ സ്റ്റേഷനില്‍ പാകിയ തറയോടുകളുടെ വിതാനം വിട്ട് മേലേക്കുയര്‍ന്നിരുന്നു.    

''ഇവന്‍ വവ്വാലാണ് സാറേ... ഇതൊന്നും ഏശുമെന്ന് തോന്നുന്നില്ല''

കയറുകൊണ്ടു കെട്ടി കീഴ്ക്കാംതൂക്കായ നിലയില്‍  ഏതാണ്ടൊരു മണിക്കൂര്‍ കഴിഞ്ഞിട്ടും കെട്ടിയേല്‍പ്പിച്ച കുറ്റം സമ്മതിക്കാതെ പിടിച്ചുനില്‍ക്കുന്ന സത്യനാഥനെ ചൂണ്ടി സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥരോടായി പറഞ്ഞു:
''വെറും വവ്വാലല്ല... സാക്ഷാല്‍ ത്രിശങ്കുവാണിവന്‍.''

താന്‍ പറഞ്ഞതെന്തെന്ന് മുഴുവനായും മനസ്സിലാകാതെ അന്തിച്ചുനിന്നവര്‍ക്കായി ആ കേസിന്റെ അന്വേഷണത്തലവന്‍ ഡി.വൈ.എസ്.പി മഞ്ജുനാഥന്‍ വിശദീകരണത്തിനൊരുമ്പെട്ടു.

''മാടിനെ അറുത്ത് തിന്നു... വിവാഹമണ്ഡപത്തില്‍നിന്ന് ആരാന്റെ വധുവിനെ അടിച്ചോണ്ട് പോന്നു... ഇപ്പോഴിതാ ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമല്ലാണ്ടങ്ങനെ തലകുത്തനെ നില്‍ക്കുന്നു. അപ്പൊപ്പിന്നെയിവന്‍ ത്രിശങ്കുവല്ലാതെ മറ്റാരാണ്?''
ആ പുരാണകഥ കേട്ട് കീഴുദ്യോഗസ്ഥരൊക്കെ ചിരിക്കുമ്പോഴും ശ്രീധരന്റെ ഉള്ളില്‍ പടപടപ്പായിരുന്നു. അയാളുടെ മുഖത്തുനിന്ന് അക്കാര്യം വായിച്ചെടുത്തതുപോലെ മഞ്ജുനാഥന്‍ ചോദിച്ചു:
''എന്താടോ തനിക്കുമാത്രമൊരു ഇടം തിരിച്ചില്?''
''ഇവനെ പണിസ്ഥലത്ത്ന്ന് അറസ്റ്റുചെയ്തത് ഞാനാണ് സാറേ... പ്രാണന്‍ പോയാ പണിയാവും...''

മഞ്ജുനാഥന്‍ കൈവീശിക്കാണിച്ചതോടെ കോണ്‍സ്റ്റബിള്‍ കയററുത്തു. തളര്‍ന്നവശനായ നിലയില്‍ ആ ശരീരം താഴേക്കു പതിക്കുന്നേരത്ത് തല തറയില്‍ ചെന്നിടിക്കാതിരിക്കാന്‍ ശ്രീധരന്‍ ഇടയ്ക്കു കയറി കൈത്തണ്ടയാലെ സത്യനാഥനെ താങ്ങിപ്പിടിച്ചു.
 
സത്യനാഥന്റെ ജീവിതത്തിലെ ആറാമത്തെ അറസ്റ്റിന്റെ സമയത്ത് ആ സ്റ്റേഷനിലെ ചാര്‍ജ് എസ്.ഐ ശ്രീധരനായിരുന്നു.  ചോരയില്‍ വിരലുമുക്കി വരവരച്ചും കുറുകെവെട്ടിയുമുള്ള തലയെണ്ണിക്കളി തല്‍ക്കാലമൊന്നു ശമിച്ചശേഷം പിന്നെയും കോളിളക്കമുണ്ടാക്കിയൊരു രാഷ്ട്രീയക്കൊലപാതകം നടന്നത് തന്റെ സ്റ്റേഷന്‍ പരിധിയിലായതിന്റെ വേവലാതിയിലായിരുന്നു അയാള്‍.  ഏറെക്കാലം കാത്തിരുന്നൊടുക്കം ഏഡ് മൂത്ത് എസ്.ഐ ആയ ശേഷം ആദ്യം കിട്ടിയ കൊലക്കേസിനൊരു തുമ്പുണ്ടാക്കി തലയൂരാനുള്ള നെട്ടോട്ടത്തിലായിരുന്നു ശ്രീധരന്‍. ആ കേസിലെ പതിനെട്ടാമത്തെ പ്രതിയായിരുന്നു സത്യനാഥന്‍. കൃത്യം നടക്കുന്നതിനേതാണ്ട് നാലുമണിക്കൂര്‍ മുന്നെ കേസിലെ മൂന്നാംപ്രതിയുമായി രണ്ടുമിനിറ്റോളം ഫോണില്‍ സംസാരിച്ചു എന്നതായിരുന്നു ആ കേസുമായി അവനുള്ള ഒരേയൊരു ബന്ധം. കല്യാണം കഴിഞ്ഞതോടെ സജീവ രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ സത്യനാഥന്‍ ഒഴിവാക്കിയതായിരുന്നു. ഭാര്യയുടെ നിര്‍ബ്ബന്ധവും പിന്നെ പെയിന്റുപണിക്കാരനായ അച്ഛന് പക്ഷാഘാതം വന്നു കിടപ്പിലായതും മാത്രമായിരുന്നില്ല അതിന്റെ കാരണം. പാര്‍ട്ടിയിലെ വിഭാഗീയത ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇരുവശത്തുനിന്നും ചില വെട്ടിനിരത്തലുകളുണ്ടായതിന്റെ കൂട്ടത്തില്‍ സത്യനാഥനും കിട്ടി തരംതാഴ്ത്തലും സസ്പെന്‍ഷനുമൊക്കെ.

അതെല്ലാമൊന്നാറിത്തണുത്തപ്പോള്‍  തിരികെവന്നെങ്കിലും സാധാരണ അംഗം മാത്രമായി തുടരാനായിരുന്നു അവന്റെ തീരുമാനം. അതോടെ അത്യാവശ്യം വേണ്ട ചില മീറ്റിങ്ങുകള്‍ക്കു കൂടുകയല്ലാതെ ബാക്കിസമയത്തെല്ലാം തന്റെ അച്ഛനായിട്ടു ചെയ്തുപോന്ന പെയിന്റുപണി അവന്‍ ഏറ്റെടുത്തു നടത്തിത്തുടങ്ങി. സത്യനാഥന്റേതിന് തൊട്ടപ്പുറത്തെ ജില്ലാക്കമ്മിറ്റിയുടെ കീഴെയുള്ള സ്ഥലത്താണ് ഒരിടവേളയ്ക്കുശേഷം പിന്നെയും രാഷ്ട്രീയക്കൊലപാതകം നടന്നത്. കേസിലെ പ്രധാന പ്രതികളൊക്കെ ഒളിവില്‍ പോയതുകൊണ്ട് അരിച്ചുപെറുക്കിയിട്ടും പൊലീസിനാകെ കിട്ടിയത് മുള്ളിത്തെറിച്ച ബന്ധമുള്ള ചിലരെയായിരുന്നു. അങ്ങനെയാണ് സത്യനാഥന്‍ സ്ഥലം എസ്.ഐ ശ്രീധരന്റെ കയ്യില്‍ തടഞ്ഞത്.

''നീ വെറുതെ കിടന്നുരുളാന്‍ നില്‍ക്കണ്ടെടാ... നിങ്ങള് തമ്മില് ഫോണില് സംസാരിച്ചതിന് വ്യക്തമായ തെളിവുണ്ട്.''
''സംസാരിച്ചില്ലെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ സാറേ.''
''എന്നാപ്പിന്നെ ആളെ മെനക്കെടുത്താണ്ടെ ഉള്ളതൊക്കെയൊന്ന് പറഞ്ഞുതൊലയ്ക്ക്.''
''അവന്‍ എന്നെ വിളിച്ചതൊരു പണിയുടെ കാര്യം പറയാനാണ് സാറേ... അവിടെയുള്ളൊരു കമ്യൂണിറ്റി ഹാളിന്  പെയിന്റടിക്കാന്‍. ഏകദേശം മൂവായിരം സ്‌ക്വയര്‍ഫീറ്റിന് മീതെയുള്ള ഏര്‍പ്പാടായതുകൊണ്ട് പെട്ടെന്നൊരു എസ്റ്റിമേറ്റൊന്നും പറയാമ്പറ്റില്ലാ...  നേരിട്ടു ചെന്നുകണ്ടിട്ട് വേണ്ട പെയിന്റിന്റെ അളവും ഏതാണ്ട് എത്രദിവസത്തെ പണിയുണ്ടെന്നുമൊക്കെ അറിയിക്കാം എന്നും പറഞ്ഞ് ഞാന്‍ കോള് കട്ടാക്കി. അവന്‍ ഇങ്ങനെയൊരു കേസില് വന്നുപെടുമെന്ന് എനിക്ക് നേരത്തെയെങ്ങനെ നിശ്ചയമുണ്ടാകാനാണ്? വെറുമൊരു ഫോണ്‍വിളീടെ പേരില് കൊലക്കേസിലെ പ്രതിയാക്കാ എന്നൊക്കെ വെച്ചാല് അത് കൊറച്ചു കടന്നകയ്യാണെന്റെ സാറേ...''
അറസ്റ്റ് ചെയ്യുന്നേരത്ത് സത്യനാഥന്‍ തന്റെ ന്യായവും പരിഭവവുമെല്ലാം എസ്.ഐ ശ്രീധരനോട് തുറന്നു പറഞ്ഞു.
''എടാ സത്യാ... നീ പേരറിവാളന്‍ എന്നൊരു പേര് കേട്ടിട്ടുണ്ടോ?''
''ഉവ്വ്... രാജീവ് ഗാന്ധീടെ വധക്കേസുമായി ബന്ധപ്പെട്ട് അകത്ത് കിടക്കുന്നൊരു പ്രതിയല്ലേ?''
''അപ്പൊ നിനക്ക് ആളെ അറിയാം, അല്ലേ? മിടുക്കന്‍... എന്റെ പണി അത്രയും കുറഞ്ഞു. എന്താണവന്റെ പേരിലുള്ള കേസെന്നറിയാമോ?''
സത്യനാഥന്‍ ഒന്നും മിണ്ടാതെ തല കുനിച്ചു.

''ഒമ്പതു വോള്‍ട്ടിന്റെ രണ്ട് ബാറ്ററി വാങ്ങിയതിന് മുപ്പതുകൊല്ലമായി ആള് ജയിലിലാണ്... അതോണ്ട്  ഏതൊക്കെ കേസില് ആരെയൊക്കെ പൊക്കണം... എത്ര കൊല്ലം അകത്തുകിടക്കും എന്നൊന്നും നീ പൊലീസുകാരെ പഠിപ്പിക്കാന്‍ വരണ്ടാട്ടാ.''
പക്ഷേ, ശ്രീധരന്റെ ആ വിരട്ടലിലൊന്നും കാര്യങ്ങള്‍ നിന്നില്ല. കേസ് മേലോട്ട് പോയതോടെ സത്യനാഥന്റെ ശരീരവും ഭൂമിയില്‍നിന്നുയര്‍ന്നു പൊങ്ങി.

കാറ്റും വെളിച്ചവുമൊന്നും അധികമില്ലാത്ത  കുടുസ്സുമുറികളില്‍ കുറേനേരം നിന്നാല്‍ ശ്വാസം നിലയ്ക്കുന്നതുപോലെ ഒരുതരം വെപ്രാളം തോന്നുന്ന പ്രകൃതക്കാരനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ മഞ്ജുനാഥന്‍.  അതുകൊണ്ടുതന്നെ ആ കേസുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണസങ്കേതത്തിലേക്കെത്തിക്കുന്ന പ്രതികളോട് കൂടുതല്‍ നേരം ചോദ്യവും പറച്ചിലുമൊന്നും വേണ്ടായെന്ന നിര്‍ദ്ദേശം അയാള്‍ ഏവര്‍ക്കുമായി നല്‍കിയിരുന്നു. ഭേദ്യമുറകളെല്ലാം കഴിഞ്ഞശേഷം ചോദ്യം മുഴുവനാകുന്നതിന്  മുന്നെത്തന്നെ പ്രതികള്‍ ഉത്തരം ഛര്‍ദ്ദിക്കുന്ന പരുവത്തിലായാല്‍ മാത്രമേ ഡി.വൈ.എസ്.പി മഞ്ജുനാഥന്‍  അന്വേഷണമുറിയിലേക്ക് കടന്നുചെല്ലാറുള്ളൂ. വെട്ടം കുറഞ്ഞ മുറിയിലിരിക്കുമ്പോള്‍ താനനുഭവിക്കുന്ന പിരിമുറുക്കം കീഴുദ്യോഗസ്ഥര്‍ അറിയാതിരിക്കാനായി അന്നേരം അയാള്‍ തുടര്‍ച്ചയായി തുടകള്‍ വിറപ്പിക്കുകയും കാലടികൊണ്ട് താളംപിടിക്കുകയും ഇടതടവില്ലാതെ വര്‍ത്തമാനം പറയുകയും ചെയ്തുപോന്നു. ശ്രീധരന്‍ കൊണ്ടുചെന്നങ്ങോട്ട് ഏല്പിച്ചപാടെ സത്യനാഥനെ കൈകാര്യം ചെയ്യാനുള്ള ഏര്‍പ്പാടുകളൊരുക്കി നാലഞ്ചുപേര്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു. മയത്തില്‍ രണ്ടു തവണ ചോദിച്ചിട്ടും തങ്ങള്‍ക്കു വേണ്ട മറുപടിയൊന്നും കിട്ടാതായപ്പോള്‍ അവര്‍ പ്രതിയുടെ അടിവയറ്റില്‍ ആഞ്ഞുചവിട്ടി തറയിലേക്ക് കമിഴ്ത്തിയിട്ടു. കുതറിയെണീക്കാന്‍ ശ്രമിപ്പോള്‍ തുടകള്‍ക്കിടെ ലാത്തി തിരുകി വിലക്കിട്ടശേഷം മുഴങ്കാലില്‍ പിരിയന്‍ കയറുകൊണ്ട് ഊരാക്കുടുക്കുതീര്‍ത്തു. എടുപ്പെല്ലില്‍ രണ്ടുപേര്‍ മുട്ടുകുത്തിനിന്നാണ് നീളന്‍ കയറിന്റെ ബാക്കിയറ്റംകൊണ്ട്  പിടയുന്നവന്റെ കൈക്കുഴയും കപ്പലായയും കൂടി കെട്ടിമുറുക്കിയത്.  കപ്പിക്കൊളുത്തിലേക്ക്  വരിഞ്ഞുകെട്ടിയ ആ കയര്‍ പൊലീസുകാര്‍ ചേര്‍ന്നു വലിക്കുമ്പോള്‍ നടു പുറകോട്ട് വളഞ്ഞ് അനങ്ങാനാകാത്ത നിലയില്‍  സത്യനാഥന്‍ അലറിക്കരഞ്ഞു. പതിയെപ്പതിയെ ആ കരച്ചിലിന്റെ ഒച്ച താണുവന്നു. പറന്നുതളര്‍ന്നൊടുക്കം ചിറകനക്കാതെവെച്ച് ആകാശത്തുനിന്ന് താഴേക്ക് മെല്ലെമെല്ലെ ഊര്‍ന്നുതാഴ്ന്നുവരുന്ന പക്ഷിയുടെ നിലയായിരുന്നു അവനപ്പോള്‍. തൊലിപ്പുറത്ത് ക്ഷതമൊന്നും കാണില്ലെങ്കിലും സ്വന്തം ശരീരത്തിനുള്ളിലെ കൈപ്പലകയും കശേരുക്കളും വാരിയെല്ലുകളുമൊക്കെ അടര്‍ന്നുമാറുന്നത് ഉള്ളോണ്ടനുഭവിക്കുന്നവരൊക്കെ അരമണിക്കൂറിനുള്ളില്‍ അറിയാവുന്ന സത്യമെല്ലാം വിളിച്ചുപറയുന്ന ഗരുഡന്‍തൂക്കം എന്ന മുറയായിരുന്നു അത്.

ആരൊക്കെയാണ് ആളുകള്‍?
മൊത്തത്തിലെത്ര പേരുണ്ട്?
എവിടെയാണവരൊക്ക?
ചെയ്യാനേല്പിച്ചതാരാണ്?

മൊബൈല്‍ ഫോണിലെ സ്റ്റോപ്പ് വാച്ച് ഓണ്‍ ചെയ്തുവെച്ചശേഷം തറയോടിന്മേല്‍ ബൂട്ടിന്റെ അറ്റംകൊണ്ട് ഉച്ചത്തില്‍ തട്ടി ശബ്ദമുണ്ടാക്കി ബാസ് പെഡല്‍ ചവിട്ടി വായിക്കുന്നൊരു ഡ്രമ്മറെ അനുകരിച്ച് വളരെ താളാത്മകമായാണ് ഡി.വൈ.എസ്.പി മഞ്ജുനാഥന്‍ കൃത്യമായ ഇടവേളകളില്‍ ആ നാലു ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്.  അതിനിടയില്‍ ചിലമ്പിച്ചു ചിതറുന്ന ഒച്ചയില്‍ അറിയില്ലായെന്നുള്ള സത്യനാഥന്റെ ഒറ്റയുത്തരം സിമ്പലടിയായി മുഴങ്ങിക്കേട്ടു. കൊട്ടുവാദ്യമേളത്താലങ്ങനെ ഒന്നരമണിക്കൂറിലേറെനേരം തൂങ്ങിക്കിടന്നിട്ടും സത്യനാഥനില്‍നിന്ന് കനപ്പെട്ടതൊന്നും കിട്ടില്ലെന്നുറപ്പായതോടെ മൂന്നാംമുറക്കാര് കയററുത്തു. മൂക്കുംകുത്തി വീഴാന്‍പോയ സത്യനാഥനെ താങ്ങിപ്പിടിച്ചു നിലത്തു കിടത്തിയശേഷം അവനു കുടിക്കാനായി വെള്ളം കൊണ്ടുവരാന്‍ ശ്രീധരന്‍ കോണ്‍സ്റ്റബിളിനോട് ആംഗ്യം കാണിച്ചു. കെട്ടിത്തൂക്കിയിട്ടിട്ടും കാര്യമായ തെളിവൊന്നും പൊലീസിന് കണ്ടെത്താനായില്ലെങ്കിലും സത്യനാഥന്‍ നാലഞ്ചുമാസം അകത്തു കിടന്നു. ചോദ്യം ചെയ്യലും കോടതി നിരങ്ങലുമൊക്കെയായി വിചാരണത്തടവ് കഴിഞ്ഞ് അവന്‍ പുറത്തിറങ്ങുമ്പോഴേക്കും തലയെണ്ണിയുള്ള കൊലക്കണക്ക് സമാസമം ആയിക്കഴിഞ്ഞിരുന്നു. ശ്രീധരനുള്‍പ്പെടെയുള്ള പൊലീസുകാരാകട്ടെ, പുതിയ വെട്ടുകേസിന്റെ പുറകെയുള്ള നെട്ടോട്ടത്തിലും.
കുമ്മായം കലക്കിയതിന്റെ മീതെയുള്ള പാടയും കട്ടയും പതയുമെല്ലാം വടിച്ചുകളഞ്ഞപ്പോള്‍ തെളിഞ്ഞ മിശ്രിതത്തില്‍ നിന്നൊരല്പം കപ്പുകൊണ്ട് കോരിയൊഴിച്ച് കൂട്ടിന്റെ പാകം നോക്കിയശേഷം സത്യനാഥന്‍ ശ്രീധരന്റെ അടുത്തേക്കു ചെന്നു.

''ഏഴെട്ടു മണിക്കൂറ് നിവര്‍ന്നും കുനിഞ്ഞും നിന്ന് പെയിന്റടിക്കണ പണിയാണ് സാറേ എന്റേത്. ഇപ്പൊ പക്ഷേ, വൈകുന്നേരാവുമ്പളേക്കും അരക്കെട്ടീന്ന് കഴുത്തിലേക്ക് ജീരകമിഠായി പോലൊരു സാധനം പായും... എന്തൊരു സുഖാണെന്നറിയോ? പെയിന്റുപാട്ട കയ്യീന്ന് വീഴണതുപോലും ചെലപ്പൊ അറിയില്ല. വേദനിച്ചു പൊളഞ്ഞിട്ടങ്ങനെ  നാലഞ്ചുമിനിറ്റ്  അനങ്ങാണ്ടെ നിക്കേണ്ടിവരും. നിങ്ങളൊക്കെക്കൂടി എന്നെയന്ന് കയറോണ്ടുകെട്ടി തൂക്കോം തുലാഭാരോം നടത്തിയേന്റെ കേട് ഇപ്പോഴും നടുമ്പൊറത്തുണ്ട്.''
''അതങ്ങനെയൊരു കേസായിരുന്നില്ലേടാ... പിടി മുഴുവനും എന്റേല് മാത്രായിരുന്നില്ലെന്ന് നിനക്കും അറിയണ കാര്യല്ലേ? കേസന്വേഷണമൊക്കെ വല്ല്യവല്ല്യ സാറുമ്മാര് നേരിട്ടായിരുന്നില്ലേ...''
''ഞാനിപ്പൊ കുഞ്ഞൂട്ടിപ്പരാധീനങ്ങളായിട്ട് ഒതുങ്ങിക്കഴിയാണെന്റെ സാറേ... പഴേ കാര്യങ്ങളൊക്കെ പിന്നേം എടുത്തിട്ടെന്നെ ഉപദ്രവിക്കല്ല്.''
''അതിന് ഞാനെന്തു ചെയ്യാനാണ്? റിട്ടയറായതോടെ എന്റെ പല്ലും പത്തീമൊക്കെ താഴ്ന്നില്ലേ സത്യാ...''
''പാമ്പും പഴേതാണ് നല്ലതെന്നൊരു നാടന്‍ പറച്ചിലുണ്ടല്ലോ സാറേ...''
''നീയതൊക്കെ കളയ്... ആ കേസ് വിട്ടേന്റെശേഷം എന്നെങ്കിലും നിന്നെ നേരില് കാണുമ്പൊ ഒരു കാര്യം ചോദിക്കണന്ന് വിചാരിച്ചിരുന്നു.''
''സാറ് ചുമ്മാ ചോദിക്ക്. അറിയണതാണെങ്കില് പറയാനെനിക്കൊരു മടിയുമില്ലാ.''
''അല്ലാ... സാധാരണ നെലയ്ക്ക് ഞങ്ങള് തൂക്കം നടത്തുമ്പൊ ഒരുമാതിരിപ്പെട്ടവരൊക്കെ പത്തോ പതിനഞ്ചോ മിനിറ്റ്... കൂടിവന്നാല് അരമണിക്കൂറ്. അതിനുള്ളില് ഒന്നെങ്കില് ഉള്ളതെല്ലാം വിളിച്ചുപറയും... ചെലപ്പൊ ഇല്ലാത്തതും സമ്മതിക്കും... അല്ലെങ്കില് വേദനകൂടി ബോധംകെടും. അതൊക്കെയാണ് പതിവ്... പക്ഷേ, നീ ഞങ്ങടെ കണക്കിലൊരു റെക്കോര്‍ഡിട്ടിട്ടുണ്ട്. അതെങ്ങിനെയാണ്?''
''കൊറച്ചുകാലം ഈ നാടുവിട്ട് ഞാന്‍ കൊച്ചീലുണ്ടായിരുന്നു സാറേ... അരയില് സേഫ്റ്റിബെല്‍റ്റും കൊളുത്തുമൊക്കെ കെട്ടി വല്ല്യ നെലകളുള്ള കെട്ടിടങ്ങള് പെയിന്റടിക്കണ പണി ആയിരുന്നു അവിടെ. അതോണ്ട് സര്‍ക്കസ്സുകാരടെ പോലെയങ്ങനെ തൂങ്ങിക്കിടക്കണതൊരു ശീലായിരുന്നു. സാറിനൊരു കാര്യറിയോ? ഒരിക്കല് എനിക്ക് സഹകരണബാങ്കിലൊരു ജോലി ഏതാണ്ട് ഒറച്ചതാ... പക്ഷേ, അവസാന നിമിഷം അതൊരു രക്തസാക്ഷീടെ ആശ്രിതയ്ക്ക് കൊടുക്കേണ്ടിവന്നു. ആ വാര്‍ത്ത കേക്കുമ്പൊ ഞാന്‍ തൂങ്ങിക്കിടന്നിട്ടൊരു കെട്ടിടത്തിന്റെ പന്ത്രണ്ടാമത്തെ നെലേമ്മെ പെയിന്റടിക്ക്യാരുന്നു. കിട്ടൂന്ന് ഒറപ്പുള്ളൊന്ന് കയ്യീന്ന് പോയ കാര്യം അറിഞ്ഞതിന്റെ ഞെട്ടലില് എന്റെ കയ്യീന്ന് മൊബൈല്‍ ഫോണ് താഴത്ത്ക്ക്യാ വീണു. അത് എത്തിപ്പിടിക്കാന്‍ തിടുക്കത്തിലൊന്ന് ആഞ്ഞതോടെ സേഫ്റ്റിബെല്‍റ്റുമ്മേലെ കയറ് വെട്ടിപ്പിരിഞ്ഞു. എന്തോ കുരുത്തജമ്മാന്തരത്തിന് താഴെപ്പോയില്ലെങ്കിലും കീഴ്ക്കാംതൂക്കായി ഞാന്‍ കൊറേനേരം ആടിയങ്ങനെ കെടന്നു. പണ്ട് നമ്മടെ മഞ്ജുനാഥന്‍ സാറ് പറഞ്ഞ കഥയിലെ മാതിരി... മോഹിച്ചൊടുക്കം യാഗമൊക്കെ ചെയ്ത് ഉടലോടെ സ്വര്‍ഗ്ഗത്തീച്ചെന്നപ്പൊ ദേവേന്ദ്രനെടുത്ത് തൂക്കിയെടുത്ത് താഴത്തേക്ക് എറിഞ്ഞിട്ടും ഭൂമീലെത്താണ്ടിരുന്ന ത്രിശങ്കൂന്റെ അതേ അവസ്ഥ...  തലയിലേക്ക് ചോരയങ്ങനെ ഇരച്ചിറങ്ങിവന്ന് ഒറഞ്ഞുകൂടി പൊട്ടാറാവുമ്പളേക്കും സൈറ്റിലെ സൂപ്പര്‍വൈസറ് ആ ഭാഗത്തേക്കു വന്നതോണ്ട് ജീവന്‍ രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതിയല്ലോ. ഉയരള്ള കെട്ടിടങ്ങളുമ്മെ പെയിന്റടിക്കുമ്പോളങ്ങനെ പലപ്പോഴായി അങ്ങനെ പെട്ടുകിടന്നിട്ടുണ്ട്. എട്ടുകാലീടെ വലേമ്മെ കുടുങ്ങിയ പ്രാണീനെപ്പോലെ ഞാന്നും പെടഞ്ഞും കെടന്ന് ഉയിര് പോകാതെ നോക്കിയ ആ എന്നെയാണ് നിങ്ങള്  എട്ടുപിരിയന്‍ കയറോണ്ട് ഗരുഡന്‍ തൂക്കം നടത്തിയത്, അല്ലേ സാറേ?''
അതിനു മറുപടി പറയാനുള്ള കെല്‍പ്പില്ലാതെ ശ്രീധരന്റെ തല പതിയെ താഴ്ന്നു.

''നിങ്ങടെ കൂട്ടത്തിലെയൊരു വല്ല്യ സാറ് ഈയെടയ്ക്ക് സ്രാവുകളുടെ കൂടെ നീന്തുമ്പോളെന്നോ നെരങ്ങുമ്പോളെന്നോ ഒക്കെ പറഞ്ഞൊരു പുസ്തകം എഴുതീര്‍ന്നില്ലേ? എന്നാലേയ്  ആ സ്രാവുകളെപ്പറ്റി വേറൊരു കാര്യം അറിയോ ശ്രീധരന്‍ സാറിന്?''
''ചോരേടെ മണം പിടിച്ച് കൂട്ടത്തോടെ എത്തി ആക്രമിക്കണതല്ലേ...''
''ഏയ്... അതല്ലാണ്ടെ വേറെയൊന്നുംകൂടിയുണ്ട്...''
എങ്കിലക്കാര്യം തനിക്കു പിടിയില്ലെന്നമട്ടില്‍ ശ്രീധരന്‍ തലയിളക്കി.

''ഉടല് നേരെ മറിഞ്ഞു കിടന്നാല്  മിക്ക സ്രാവുകള്‍ക്കും ബോധം മറയും. ഒരനക്കോല്ല്യാണ്ട് ശ്വാസം പോലും നെലച്ച് അവറ്റയങ്ങനെ ചത്തപോലെ കിടക്കും. കുറച്ചുനേരം കഴിഞ്ഞിട്ടും ശരീരം നേരാംവിധം തിരിഞ്ഞു വന്നില്ലെങ്കില് ചെലപ്പൊ ചത്തും പോകും. അതൊക്കെ ആഴക്കടലിലെ സ്രാവുകളുടെ കാര്യമല്ലേ സാറേ... തോട്ടില് കെടന്ന് പൊളയണ എന്നെപ്പോലത്തെ തുപ്പലംകൊത്ത്യോളെ അങ്ങനെ കുരുക്കാന്‍ കിട്ട്വോ?''

ശ്രീധരന്‍ മറുത്തെന്തെങ്കിലും പറയുന്നതിനുമുന്നെ സത്യനാഥന്‍ നിലത്തു കിടക്കുന്ന കമ്പക്കയറെടുത്ത് സ്വന്തം അരയില്‍ ചുറ്റി. അതിന്റെ മറ്റേയറ്റം മേലാപ്പില്‍ കൊളുത്തിട്ടശേഷം കൈപ്പിടിയിലൊതുങ്ങുന്ന ചെറിയൊരു ബക്കറ്റിലേക്ക് കുമ്മായമിശ്രിതം ഒഴിച്ചെടുത്തു. ബ്രഷെടുത്ത് കടിച്ചുപിടിച്ച് മുളങ്കാലുകൊണ്ടുള്ള കുതിരക്കെട്ടിന്റെ മേലേയ്ക്ക് ആയത്തില്‍  കുതിച്ചു ചാടിക്കയറി.  കാലു രണ്ടും കൂട്ടിയൊരു മുളങ്കുറ്റിയുടെ മേലെ കുരുക്കിട്ടു നിലയുറപ്പിച്ചശേഷം തല പുറകോട്ടു തിരിച്ചു ചിരിച്ചുകൊണ്ട് അവന്‍ ശ്രീധരന്റെ നേരെയൊന്നു പാളിനോക്കി. ഉത്തരം കിട്ടാത്ത പലപല ചോദ്യങ്ങള്‍ ഉള്ളിലൊതുക്കിക്കൊണ്ടൊരു  മുരുക്കുമരത്തിന്മേല്‍ തൂങ്ങിക്കിടന്നു തല താഴേയ്ക്കിട്ട്  പല്ലിളിക്കുന്ന വേതാളത്തെ കണ്ടതുപോലെ  ശ്രീധരനന്നേരം ഞെട്ടി  രണ്ടു ചുവട് പുറകോട്ടുവെച്ചു. പതിയെപ്പതിയെ മുന്നോട്ട് നിരങ്ങിനീങ്ങിക്കൊണ്ട് സത്യനാഥന്‍ രണ്ടാംനിലയുടെ അരമതിലിനടുത്ത് കെട്ടിയുണ്ടാക്കിയ മരത്തട്ടിന്മേല്‍ ഞാന്നുകിടന്ന് കോണ്‍ക്രീറ്റ് ക്രാസികളുടെ മീതെ വെള്ളക്കുമ്മായമടിക്കുവാന്‍ തുടങ്ങി. ഇറ്റുവീഴുന്ന കുമ്മായത്തുള്ളികളിലൊന്ന് കണ്ണിലേക്കെങ്ങാനും തെറിച്ചോ എന്നൊരു നീറുന്ന സംശയത്താല്‍ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് ശ്രീധരന്‍ ആ കാഴ്ച മറച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com