'മൃതിനാടകനടനം'-  അയ്മനം ജോണ്‍ എഴുതിയ കഥ

മരിക്കുന്നതിന് ഏതാനും  ദിവസങ്ങള്‍  മാത്രം അവശേഷിക്കെ, മരണം  ഏഴു വ്യത്യസ്ത വേഷങ്ങളില്‍ സേവ്യറച്ചന്റെ അടുത്തെത്തിയിരുന്നു
'മൃതിനാടകനടനം'-  അയ്മനം ജോണ്‍ എഴുതിയ കഥ

രിക്കുന്നതിന് ഏതാനും  ദിവസങ്ങള്‍  മാത്രം അവശേഷിക്കെ, മരണം  ഏഴു വ്യത്യസ്ത വേഷങ്ങളില്‍ സേവ്യറച്ചന്റെ അടുത്തെത്തിയിരുന്നു.   കാലവര്‍ഷാരംഭത്തിലെ കറുത്ത നാളുകളില്‍, ആകാശം മൂടിക്കെട്ടിനിന്ന നേരങ്ങളിലായിരുന്നു ആ തിരനോട്ടങ്ങളത്രയും.

മരണം ആദ്യമെത്തിയത് തെങ്ങുകയറ്റക്കാരന്‍ സോമന്റെ വേഷത്തിലായിരുന്നു. യഥാര്‍ത്ഥത്തില്‍ മരണസ്പര്‍ശമുണ്ടായിരുന്നുവെങ്കിലും അച്ചന്റേയും സോമന്റേയും ദൃഷ്ടിയില്‍ അത്തരം അശുഭസൂചനയൊന്നുമനുഭവപ്പെടാതിരുന്ന ഒരു പതിവ് സമാഗമമായിരുന്നു അത്. അച്ചന്റെ പുരയിടത്തിലെ തേങ്ങയിടാന്‍  ഏതാണ്ട് രണ്ടു മാസം കൂടുമ്പോള്‍ സ്വമേധയാ ചെന്നു കൊണ്ടിരിക്കുന്ന  സോമന്‍ അപ്രകാരം തന്നെ മഴ മാറിനിന്ന നേരം നോക്കി  തോര്‍ത്തുമുണ്ടുടുത്ത്   മുളയേണിയും തോളിലേന്തി അങ്ങോട്ട് കടന്നുചെല്ലുന്നു എന്നതിനപ്പുറം കാഴ്ചക്കാരായ നാട്ടുകാര്‍ക്കും മറ്റെന്തെങ്കിലും തോന്നാന്‍ കാരണമില്ലായിരുന്നു. ഇനി സോമനല്ലാതെ മറ്റൊരാളാണ് തേങ്ങയിടാനായി അച്ചന്റെ വീട്ടുവളപ്പിലേക്ക് അങ്ങനെ  കയറിപ്പോകുന്നത്   എന്ന് വന്നിരുന്നെങ്കില്‍ അതവരുടെ പ്രത്യേക ശ്രദ്ധയില്‍ പെടുകയും ചെയ്തേനെ.

സാധാരണയെന്നപോലെതന്നെ  വെയിലുറയ്ക്കുന്നതിന് മുന്‍പുമാണ് സോമന്‍ കടന്നുചെന്നത്.    അച്ചനപ്പോള്‍  ദിനചര്യപ്രകാരം  പത്രം വായിച്ചുകൊണ്ട് വരാന്തയിലെ കൈനീളമുള്ള  ചാരുകസേരയില്‍ ചാരിക്കിടക്കുകയായിരുന്നു. തീരെ ഉദാസീനമായിട്ടായിരുന്നു  അച്ചന്റെ പത്രപാരായണമെങ്കിലും അത് മനസ്സിലാകാതെ, അച്ചന്റെ ശ്രദ്ധ പതറിയാലോ എന്ന് ഭയന്ന് സോമന്‍ ഒന്നുമുരിയാടാന്‍  നില്‍ക്കാതെ,  തൊടിയിലെ തെങ്ങുകളുടെ പൊക്കത്തിലേക്ക്  ആകെപ്പാടെ ഒന്ന്  കണ്ണ് ചുറ്റിച്ചുകൊണ്ട് വീട്ടുമുറ്റം കടന്ന് നേരെ അങ്ങോട്ട് നടക്കുകയായിരുന്നു. സോമനെ കണ്‍കോണിലൂടെ കണ്ടിരുന്ന അച്ചന്‍  തുടങ്ങിപ്പോയല്ലോ എന്നത് കൊണ്ട് മാത്രം വായിച്ചുകൊണ്ടിരുന്ന വാര്‍ത്ത മുഴുമിപ്പിച്ച ശേഷം പത്രം മടക്കി, ഒപ്പം കണ്ണടയും ഊരി  രണ്ടും കൂടി ചാരുകസേരയുടെ പടിമേല്‍ വച്ചിട്ട് പിന്നാലെ ചെല്ലുമ്പോള്‍ സോമന്‍ ആദ്യത്തെ തെങ്ങില്‍ കയറാനും  തുടങ്ങിയിരുന്നു.

സോമനെപ്പോലെ തന്നെ അച്ചനും  ആറ്റുവക്കോളം നീണ്ട  ഒരു നോട്ടം തെങ്ങിന്‍ മണ്ടകളിലേക്ക് കറക്കിയെറിഞ്ഞു; എന്നിട്ട് കഴിഞ്ഞ ഇടീലിന് തേങ്ങയുടെ എണ്ണം പതിവിലുമൊത്തിരി  കുറഞ്ഞു  പോയിരുന്ന കാര്യമോര്‍ത്ത്‌കൊണ്ട്, ''ഇത്തോണേം  കണക്കാ... അല്ലേ സോമാ?'' എന്ന്  മുകളിലേക്കെറിഞ്ഞ ചോദ്യത്തിന് ''അതെ അച്ചോ നമ്മക്ക്  മാത്രമല്ല, എല്ലാടത്തും കൊറഞ്ഞോണ്ടിരിക്കുകാ. പ്രളയം കഴിഞ്ഞേപ്പിന്നെ തെങ്ങിനൊക്കെ  ആകെ മൊത്തം ഒരു ക്ഷീണവാ'' എന്ന  മറുപടി താഴേക്കിട്ടു കൊടുത്തുകൊണ്ട് സോമനും അവര്‍ക്കിടയിലെ   നാട്ടുവര്‍ത്തമാനങ്ങള്‍ തുടങ്ങിവച്ചതും മുറപ്രകാരം തന്നെയാണ്. അതിനു പിന്നാലെ  തേങ്ങ പെറുക്കാനുള്ള കുട്ടകളുമായി  അച്ചന്റെ കൊച്ചമ്മയും അടുക്കളയിലെ   സഹായി ചെല്ലമ്മയേയും കൂട്ടി  അങ്ങോട്ട് ചെന്ന് അവര്‍ക്കൊപ്പം കൂടിയതോടെ  കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക്   കൊഴുപ്പ് കൂടുകയും ചെയ്തു. അതും ഒത്തിരിക്കാലമായിട്ട് ചിട്ടപ്പടി തുടര്‍ന്നുപോരുന്ന സമ്പ്രദായമാണ്. പ്രായമേറിയതോടെ പള്ളിക്കാര്യങ്ങളൊഴികെ  പുറംലോകവുമായി വലിയ  സമ്പര്‍ക്കമൊന്നുമില്ലാതെ കഴിയുന്ന അച്ചനും അച്ചനോടൊപ്പമല്ലാതെ വീടിന് പുറത്തേക്കിറങ്ങാറില്ലാത്ത  കൊച്ചമ്മയും പണ്ട് മുതല്‍ക്കേ  ഒട്ടു മിക്കവാറും   നാട്ടുവിശേഷങ്ങള്‍ പറഞ്ഞറിയുന്നത് സോമനില്‍നിന്നാണ്. പോരാഞ്ഞിട്ട്, അടുത്തകാലത്ത് ബസില്‍ കയറാനുമിറങ്ങാനുമൊക്കെയുള്ള  ബുദ്ധിമുട്ടോര്‍ത്ത്  പട്ടണത്തിലെ  കത്തീഡ്രല്‍  പള്ളി ഉപേക്ഷിച്ച് വീട്ടില്‍നിന്ന് വിളിപ്പാടകലം മാത്രമുള്ള  തുരുത്തിലെ ചാപ്പലിലേക്ക്  മാറ്റം വാങ്ങിപ്പോന്ന നാള്‍ മുതല്‍ അച്ചന്റെ പള്ളിച്ചുമതലകളും  സാമൂഹ്യബന്ധങ്ങളും ഒത്തിരി  പരിമിതപ്പെട്ട് പോകുകയുമുണ്ടായി. അഞ്ഞൂറോളം ഇടവകക്കാരുള്ള വലിയൊരു  പള്ളിയില്‍നിന്ന്   അന്‍പതില്‍ താഴെ മാത്രം വീട്ടുകാരുള്ള കൊച്ചൊരു ചാപ്പലിലേക്കുള്ള മാറ്റമാവുമ്പോള്‍ അതങ്ങനെ വരാതിരിക്കാന്‍ തരമില്ലല്ലോ. ഏതായാലും അതേത്തുടര്‍ന്ന്  അച്ചന്റേയും കൊച്ചമ്മയുടേയും നാട്ടുവിശേഷങ്ങളറിയാനുള്ള  കൊതിയേറിയിട്ടുണ്ട്. അത് സോമനില്‍നിന്നു തന്നെ കേള്‍ക്കാന്‍ കൊതിക്കുന്നതിന് മറ്റൊരു കാരണവുമുണ്ട്.

തെങ്ങുകയറ്റക്കാരെന്ന നിലയില്‍ അപ്പനപ്പൂപ്പന്മാരുടെ കാലം മുതല്‍ സോമന്റെ കുടുംബവുമായി അച്ചന്റെ കുടുംബത്തിനുള്ള പരമ്പരാഗത ബന്ധമാണത്. അവന്റെ അച്ഛനേയും  വല്യച്ഛനേയുമൊക്കെക്കൂടി    ഓര്‍മ്മിപ്പിക്കുന്ന  സോമന്റെ വര്‍ത്തമാനത്തോടും ഭാവചേഷ്ടകളോടും വിശേഷിച്ചൊരു ഇഷ്ടമാണ് അച്ചനും കൊച്ചമ്മയ്ക്കുമുള്ളത്. തലമുറകള്‍ താണ്ടി വിഘാതമില്ലാതെ തുടര്‍ന്നുപോരുന്ന വളരെ ചുരുക്കം  ഇടപാടുകളിലൊന്നായ പറമ്പിലെ തേങ്ങയിടീലിന്റെ നേരത്ത്  അവരുടെ വൃദ്ധമനസ്സുകള്‍  ആ വിധം പോയകാല സ്മരണകളില്‍ മുഴുകിപ്പോകുന്നത് സ്വാഭാവികവുമാണല്ലോ.

അങ്ങനെ ഇത്തവണയും അക്കരെയൊരു മീന്‍കാരന് ലോട്ടറിയടിച്ചത്, അമ്പലമുക്കിലെ ചായക്കടക്കാരന്റെ ഗള്‍ഫുകാരന്‍  മകന്‍  ഒരു ശ്രീലങ്കക്കാരിയെ കെട്ടിക്കൊണ്ട് വന്നത്, നാടകക്കാരന്‍ മാട്ടേല്‍ ഗോപിയുടെ മകള്‍ സിനിമയില്‍ അഭിനയിച്ചത്, അക്കരെപ്പള്ളിക്കൂടത്തിലേക്കുള്ള വഴി കുണ്ടും കുഴിയുമായി കിടക്കെ അവിടുത്തെ  ഭഗവതിക്കാവിലേക്കുള്ള വഴിക്ക് ടാറിട്ടത്... അങ്ങനെ പലത് പുതിയ നാട്ടുവിശേഷങ്ങളായി  സോമന്‍ തേങ്ങയിടീലിനിടയില്‍ത്തന്നെ അവരെ പറഞ്ഞുകേള്‍പ്പിച്ചുകൊണ്ടിരുന്നു. അപ്പറഞ്ഞതത്രയും  ജീവിതസ്പര്‍ശിയായ സംഭവകഥകളുമായിരുന്നു. മരണസൂചനയുള്ള  ഒരു  വാക്ക് പോലും അതിനിടയില്‍  ഉച്ചരിക്കാന്‍ വഴി വന്നില്ല എന്നര്‍ത്ഥം.

തേങ്ങയിടീലൊക്കെ  കഴിഞ്ഞ് മുറ്റത്ത് കാശ് വാങ്ങാന്‍ കാത്ത് നില്‍ക്കുമ്പോള്‍ സോമന്റെ മുഖത്ത് ഒരു വൈക്ലബ്യം നിഴലിച്ചിരുന്നുവെന്നത് ശരിയാണ്  അത് പക്ഷേ, ഇടീല്‍ കൂലി കൂട്ടിയ കാര്യം  അച്ചനോട് പറയണമെന്ന് കുറേക്കാലമായി വിചാരിക്കുന്നതാണെങ്കിലും ഇത്തവണയും അത് പറയാന്‍ നാക്ക് പൊന്താതെ വന്നതുകൊണ്ടായിരുന്നു. അത് കഴിഞ്ഞ്  പതിവ് പടി തന്നെ കൈവിറയലോടെ അച്ചന്‍ വച്ചുനീട്ടിയ നോട്ടുകള്‍ വാങ്ങി  എണ്ണി നോക്കാതെ  മടിയില്‍ തിരുകി മുറ്റം കടന്ന്  പോകുമ്പോഴും, അടുത്ത തവണ അച്ചനോട് പറഞ്ഞിട്ട് തന്നെ കാര്യം എന്നൊരു വിചാരമായിരുന്നു സോമന്റെ മനസ്സില്‍; അല്ലാതെ അച്ചന്റെ ജീവിതത്തില്‍ ഇനിയൊരു തേങ്ങയിടീലുണ്ടാവില്ല എന്നൊരു തോന്നല്‍, ലവലേശം പോലും സോമന്റെ ഉള്ളില്‍ ആ  സമയത്തും ഇല്ലായിരുന്നുവെന്ന് സാരം.

അതിനുശേഷം മരണം സേവ്യറച്ചന്റെ അടുത്തെത്തിയത് കറവക്കാരന്‍ കുഞ്ഞുമോന്റെ വേഷമണിഞ്ഞായിരുന്നു.  സന്ധ്യമയക്കത്തിന് തൊണ്ട കാര്‍ക്കിച്ച് ഒരൊച്ചയുണ്ടാക്കിക്കൊണ്ടാണ്  അയല്‍വാസിയായ  കുഞ്ഞുമോന്‍ അച്ചന്റെ വീട്ടുമുറ്റത്തേക്ക് കയറിച്ചെന്നത്. അച്ചനപ്പോള്‍ കുളി കഴിഞ്ഞ് അടുത്ത ആഴ്ചത്തെ പള്ളിയിലെ വചനപ്രസംഗത്തിനു വേണ്ടിയുള്ള വേദഭാഗവായനയിലായിരുന്നു. അത് ശ്രദ്ധിച്ച കുഞ്ഞുമോന്‍ ''അച്ചാ, ഞാന്‍ മോടെ കല്യാണം വിളിക്കാന്‍ വന്നതാ... പെട്ടെന്ന് പൊക്കോളാം'' എന്നൊരു മുന്നുരയോടെയാണ്  മുറ്റത്തേക്ക് കയറിച്ചെന്നതും.

''ഓഹോ... കല്യാണമൊത്തോ... അതൊക്കെ വല്യ സന്തോഷമൊള്ള കാര്യമല്ലേടാ. നീ കേറി വാ... ഇരിക്ക്. പെട്ടെന്ന് പോക്കോണോന്നൊന്നും ഞാന്‍ പറയുകേല. എല്ലാം പറഞ്ഞിട്ട് പോയാ മതി'' എന്ന് പറഞ്ഞുകൊണ്ട് അച്ചന്‍   വേദപുസ്തകം മടക്കിവച്ചു. എഴുന്നേറ്റ് പോയി  തിണ്ണയിലെ   ലൈറ്റും  തെളിച്ചു.
അച്ചനെന്നിട്ട്  കസേര ചൂണ്ടിക്കാട്ടിയെങ്കിലും കുഞ്ഞുമോന്‍ അരഭിത്തിമേലാണിരുന്നത്.
''നിനക്കിപ്പോഴും പശുക്കറവ തന്നെയാണോ പണി?'' അച്ചന്‍ ചോദിച്ചു.  
''അതെ അച്ചോ. അല്ലാതെന്നാ ചെയ്യാനാ.''
''അതിനും മാത്രം പശുക്കള് വല്ലോം ഇപ്പം നമ്മടെയിവിടെയൊണ്ടോടാ?''   
''ഇല്ലച്ചോ. കറവയൊക്കെ തീരെക്കൊറവാ... വന്നിട്ടും പോയിട്ടും തുരുത്തിലാ കുറെ പശുവളര്‍ത്തലുകാരൊള്ളത്. ഇപ്പം അവരെക്കൊണ്ടാ കഴിഞ്ഞുകൂടുന്നെ.''
''അതാ പള്ളിപ്പറമ്പ് അങ്ങനെ കിടക്കുന്നത് കൊണ്ട്... അല്ലെങ്കി അതും കാണുകേലാരുന്നല്ലോ''   കയറൂരി  വിടുന്ന പശുക്കളെക്കൊണ്ട് പള്ളിപ്പറമ്പിലുള്ള  ശല്യമാണ് മനസ്സില്‍ വന്നതെങ്കിലും  അതിലുള്ള അമര്‍ഷം മറച്ചുപിടിച്ച് അച്ചന്‍ പറഞ്ഞു.
 
''ശരിയാണച്ചോ''  എന്നൊരു മറുപടി കൂടി പറഞ്ഞ്, കുഞ്ഞുമോനും  തുടര്‍ന്ന് പറയാന്‍ തേട്ടിയ ജീവിതപ്രാരബ്ധങ്ങള്‍ ഉള്ളിലേക്കൊതുക്കി.

പിന്നെ  കല്യാണവിശേഷങ്ങളെല്ലാം  അച്ചനേയും കൊച്ചമ്മയേയും  വിസ്തരിച്ച് പറഞ്ഞു കേള്‍പ്പിച്ചു. കല്യാണം കൂടാന്‍  രണ്ടു പേരെയും  മുറപ്രകാരം വെവ്വേറെ ക്ഷണിക്കുകയും ചെയ്തു. അച്ചന്‍ വേണം പെണ്ണിനെ പ്രാര്‍ത്ഥിച്ചിറക്കാനെന്ന അപേക്ഷയും നടത്തി. അതോടെ സംഭാഷണങ്ങള്‍ നിലച്ചമട്ടായപ്പോള്‍ ഏതാണ്ട് ഒരു  മാസത്തിനപ്പുറമുള്ള ആ   കല്യാണത്തീയതിയും പെണ്ണിറങ്ങുന്ന സമയവും  കലണ്ടറില്‍ അടയാളപ്പെടുത്താന്‍  കൊച്ചമ്മയെ  പറഞ്ഞേല്പിച്ചുകൊണ്ട്, താന്‍ സമയത്ത് തന്നെ എത്തിയിരിക്കുമെന്ന് അച്ചന്‍ കുഞ്ഞുമോനെ ബോധ്യപ്പെടുത്തി. അങ്ങനെ അച്ചന്റെ പങ്കാളിത്തം ഉറപ്പാക്കിയ  കുഞ്ഞുമോന്‍  മകള്‍  അച്ചന്റെ അനുഗ്രഹവും  വാങ്ങി, നടക്കല്ലില്‍ കണ്ണീര്‍ വീഴ്ത്തിക്കൊണ്ട് വീട് വിട്ടിറങ്ങുന്ന രംഗം പോലും മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു  മടങ്ങിപ്പോയത്. പോകും വഴി മുറ്റത്തേക്ക് നീണ്ടുകിടന്ന അച്ചന്റെ നിഴലില്‍ ചവിട്ടിയാണ് താന്‍ നടന്നിരുന്നതെന്ന് അയാള്‍ ശ്രദ്ധിച്ചിരുന്നുമില്ല. ഇനി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ത്തന്നെ, ദിവസങ്ങള്‍ക്കുള്ളില്‍ ആ മുറ്റത്തുനിന്ന് മായാന്‍  പോകുന്ന ഒരു നിഴലാണതെന്ന് അയാളെങ്ങനെ  അനുമാനിക്കാന്‍!

മരണത്തിന്റെ പിന്നത്തെ സന്ദര്‍ശനം  ആറ്റിലൂടെ പുതുവെള്ളം കുത്തിയൊഴുകി വെള്ളം കലങ്ങി മറിയുകയും മീനുകളൊക്കെ കണ്ണ് കാണാതെ കണ്ട കൂടുകളിലും വലകളിലുമൊക്കെ ചെന്ന് കുടുങ്ങുകയും ചെയ്യാറുള്ള ആ  ദിവസത്തിലും  തുരുത്തുകാരനായ വലക്കാരന്‍ കൊച്ചുകുട്ടന്റെ  വേഷത്തിലുമായിരുന്നു. ഊത്തമീനിളകിയ  കാര്യം നാടാകെ പാട്ടാകും മുന്‍പ്, വെളുപ്പിനു തന്നെ കിട്ടിയ ഒരു വള്ളിക്കുട്ട നിറയെ മീനുമായി കൊച്ചുവള്ളമെടുത്ത് കയ്യോടെ  കൂകിവിളിച്ച് പുറപ്പെട്ടതാണ് കൊച്ചുകുട്ടന്‍. വള്ളം അച്ചന്റെ കടവ് കടന്നു പോകുമ്പോഴാണ് അച്ചന്‍, പതിവില്ലാതെ കടവിലെ കല്‍ക്കെട്ടിന്മേല്‍  ആറ്റിലേക്കും  നോക്കി കയ്യും കെട്ടി നില്‍ക്കുന്നത് കൊച്ചുകുട്ടന്‍ കണ്ടത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ  ആറ് കവിയാറായ സ്ഥിതിക്ക് പ്രളയം ഇക്കുറിയും ആവര്‍ത്തിക്കുമോ  എന്നാശങ്കപ്പെട്ട് കിഴക്കന്‍വെള്ളത്തിന്റെ വരവ് നോക്കി നില്‍ക്കുകയായിരുന്നു അച്ചന്‍.

''അച്ചോ പെടയ്ക്കുന്ന മീനൊണ്ട്. കൊറച്ച് തന്നേക്കട്ടെ?'' കൊച്ചുകുട്ടന്‍ ധൃതിപ്പെട്ട്  ചോദിച്ചു.
''എന്നാ ഒക്കെയാടാ ഒള്ളത്?'' നല്ല പച്ചമീന്‍ കണ്ടിട്ട് നാള് കുറെയായല്ലോ എന്നോര്‍ത്ത് കൊണ്ട് അച്ചന്‍ ചോദിച്ചു.

''എല്ലാക്കൂട്ടോമൊണ്ടച്ചോ... കാരിയൊണ്ട്, കൂരിയൊണ്ട്, കുറുവായൊണ്ട്, പള്ളത്തിയൊണ്ട്... എന്ന് പാട്ട് പോലെ പറഞ്ഞുകൊണ്ട് കൊച്ചുകുട്ടന്‍ അച്ചന്റെ കടവിലേക്ക് വള്ളം അടുപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.
മീന്‍പിടച്ചിലുകള്‍ കണ്ടപ്പോള്‍ ഉത്സാഹിയായ അച്ചന്‍ അവിടെത്തന്നെ നിന്ന്  കൊച്ചമ്മയെ ഉറക്കെ വിളിച്ചു വരുത്തിയിട്ട് തമ്മില്‍ വലിപ്പം കൂടിയ  മീനുകളില്‍ ചിലത് തെരഞ്ഞ് വാങ്ങി.
''തുരുത്തിലേക്കൊക്കെ വെള്ളമെങ്ങനൊണ്ടടാ?'' പള്ളിപ്പരിസരത്തെ വെള്ളത്തിന്റെ സ്ഥിതിയറിയാനുള്ള ആകാംക്ഷയോടെ അച്ചന്‍ ചോദിച്ചു.

''നല്ല വരവാ അച്ചോ... ഇന്നലെ രാത്രീലത്തെ പോലത്തെ പെയ്ത്ത് പെയ്താല്‍ നാളെച്ചെലപ്പം തുരുത്തിക്കേറാനും മതി. ഇങ്ങനെ നിന്നാല്‍ കൊഴപ്പമില്ല.''
നല്ല വര്‍ത്തമാനക്കാരനാണെങ്കിലും മീന്‍ വിറ്റു തീര്‍ക്കാനുള്ള വ്യഗ്രതകൊണ്ട് കൊച്ചുകുട്ടന്‍ അത്രമാത്രം പറഞ്ഞ് കടവ് വിട്ടു പോയി.

പൊടുന്നനെ  ആകാശം  മഴക്കോള്‌കൊണ്ട് കറുത്തിരുണ്ടു തുടങ്ങിയെങ്കിലും പെട്ടെന്നുണ്ടായ  ഇരുളിമയില്‍ ഏതെങ്കിലും ദുസ്സൂചനയുള്ളതായി  അച്ചനോ കൊച്ചുകുട്ടനോ അനുഭവപ്പെട്ടിരുന്നില്ല. പുഴമീനുകള്‍കൊണ്ട് സമൃദ്ധമായിരുന്ന പഴയ കാലങ്ങളുടെ ഓര്‍മ്മയില്‍ മുഴുകിനിന്നു പോയിരുന്നു അച്ചന്‍. സഹായ വിലയ്ക്ക് മീന്‍ നല്‍കിയതില്‍ അച്ചനും കൊച്ചമ്മയും സന്തുഷ്ടരായിക്കണ്ടതിലുള്ള സന്തോഷത്തോടെയാണ് കൊച്ചുകുട്ടനും വള്ളം തുഴഞ്ഞ് മുന്നോട്ട് പോയത്.

 അതിനടുത്ത മരണപ്രത്യക്ഷം പത്രമേജന്റ് അവറാന്‍കുട്ടിയുടെ വേഷത്തിലായിരുന്നു. മുറ്റത്തിന് ചുറ്റുമുള്ള കല്‍ക്കെട്ടിലെ ഓവുകള്‍ വൃത്തിയാക്കി കെട്ടിക്കിടന്ന മഴവെള്ളം പറമ്പിലേക്കൊഴുക്കിക്കൊണ്ട് നില്‍ക്കുകയായിരുന്ന സേവ്യറച്ചന്‍ അവറാന്‍കുട്ടി സൈക്കിള്‍ ചവിട്ടി  അടുത്തേക്ക് ചെന്നപ്പോള്‍  അത്ഭുതപ്പെട്ടുപോയി.

''അല്ല. നീ ഈയിടെയെങ്ങാണ്ടല്ലേ വന്നേച്ച് പോയത്?'' അച്ചന്‍ ചോദിച്ചു.
''അല്ലച്ചോ. ഒരു മാസം മുന്‍പ് തന്നെയാ'' കയ്യിലെ രസീതുകുറ്റി തുറന്നു പിടിച്ച് അവറാന്‍കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

''ഹോ... മാസങ്ങള് കടന്നുപോണ പോക്ക്...'' എന്ന് പറഞ്ഞുകൊണ്ട് അച്ചന്‍ അടുക്കളയിലേക്ക് നോക്കി കൊച്ചമ്മയെ  വിളിച്ച് പണമെടുത്ത് കൊടുക്കാനേല്പിച്ചു.
''ഇപ്പം ഇതീന്നൊക്കെ ജീവിക്കാമ്മാത്രം വക വല്ലോം കിട്ടുവോടാ?'' കൊച്ചമ്മ പണവുമായി വരാനെടുത്ത നേരത്ത്  അച്ചന്‍ അവറാന്‍കുട്ടിയോട് ചോദിച്ചു.
''കണക്കാ അച്ചോ. വരുമാനം കൊറഞ്ഞോണ്ടിരിക്കുന്നതല്ലാതെ കൂടുന്നില്ലല്ലോ. അവക്കൂടെ  ഒരു പണിയൊള്ളത്‌കൊണ്ട് ഒപ്പിച്ചു  പോകുന്നു.'' കാശ് വാങ്ങി രസീതെഴുതിക്കൊടുക്കുന്നതിനിടയില്‍  അവറാന്‍കുട്ടി ഉത്തരം കൊടുത്തു.

''അതാ ഞാന്‍ ചോദിച്ചെ ഇപ്പം പത്രോന്നൊക്കെ പറഞ്ഞാല്‍ വയസ്സമ്മാര്‍ക്ക് മാത്രം മതീല്ലോ. പിള്ളേര്‍ക്കൊക്കെ എവിടുന്നാ വായിക്കാന്‍ നേരം. മൊബൈലീന്ന് കണ്ണെടുത്തിട്ട് വേണ്ടേ വായിക്കാന്‍'' രസീത് കൈപ്പറ്റും വഴി അച്ചന്‍ അഭിപ്രായപ്പെട്ടു.
''അത് പോട്ടച്ചോ. വരുത്തുന്നടത്ത്  തന്നെ ഇടാന്‍ പിള്ളേരെ കിട്ടാനാ അതിലും പാട്. കൊറച്ച് നാള് നിന്നേച്ച് വേറേതേലും  പണി കിട്ടിയാല്‍ എല്ലാ അവനും ഇട്ടേച്ച് പോകും.''
''അതിനതുങ്ങളെ  കുറ്റം പറയാന്‍ പറ്റുവോ. അവനോന്റെ ഭാവിയല്ലേ എല്ലാരും നോക്കുന്നെ'' അച്ചന്‍ ന്യായം പറഞ്ഞു.

''അല്ല. ഞാന്‍ പറയുകാരുന്നു'' എന്ന് മാത്രം പ്രതികരിച്ചിട്ട് സൈക്കിളില്‍ കയറിയ അവറാന്‍കുട്ടിയും സ്വപ്നേപി വിചാരിച്ചിരുന്നില്ല അടുത്ത മാസം പണം പിരിക്കാനെത്തുന്നതിന് മുന്‍പ് അച്ചനും കൂടി പത്രവായനയൊക്കെ  അവസാനിപ്പിച്ച്  ലോകം വിട്ടു പോകുമെന്ന്.

അച്ചന്റെ പുരയിടത്തില്‍  ആറ്റിറമ്പ് ചേര്‍ന്ന്  നാല് കൂറ്റന്‍ ആഞ്ഞിലിമരങ്ങളുണ്ട്; നാട്ടിലെ അറിയപ്പെട്ട തടിക്കച്ചവടക്കാരന്‍ ഭാസ്‌കരന്‍ അതത്രയും നോട്ടമിട്ടിട്ട് കാലം കുറെയായി. ''അതെല്ലാം മൂത്ത് മുറ്റിക്കഴിഞ്ഞച്ചോ. ഇനിയെനിക്കിങ്  തന്നേക്കരുതോ?'' എന്ന് ചോദിച്ച് ഇടയ്ക്കിടെ  അച്ചന്റെ വീട്ടില്‍  ചെല്ലാറുള്ള  അയാളുടെ വേഷത്തിലും  മരണം ഒരുച്ചനേരത്ത്  അച്ചനെ സമീപിക്കുകയുണ്ടായി.
പതിവുപോലെ തന്നെ ''അച്ചോ അച്ചോ ഭാസ്‌കരനാണേ'' എന്ന് പടിക്കല്‍നിന്നുതന്നെ  ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അയാള്‍  കടന്നുചെന്നത്. ചാരുകസേരയില്‍ നേരിയ മയക്കത്തിലായിരുന്ന അച്ചന്‍ വിളി കേട്ടുണര്‍ന്നപ്പോള്‍ വെള്ളത്തോര്‍ത്ത് തോളിലിട്ട് വെളുക്കെ ചിരിച്ചുകൊണ്ട്, കിണറ്റുകരയിലെ തൈത്തെങ്ങില്‍ കൈയൂന്നി ഭാസ്‌കരനതാ  മുറ്റത്ത് നില്‍ക്കുന്നു.

''തടിക്കൊക്കെ വെല കേറി നിക്കുന്ന സമയവാ അച്ചോ. അത്‌കൊണ്ട് വന്നതാ.''
അച്ചന് പക്ഷേ, തൊടിയിലെ മരങ്ങള്‍ വെട്ടിക്കളയുന്നതില്‍ പൊതുവെ വൈമനസ്യമുണ്ട്. ആ ആഞ്ഞിലിമരങ്ങളോടാകട്ടെ, വിശേഷിച്ചൊരു അടുപ്പവുമുണ്ട്. ആ മരങ്ങളുടെ തണലിലായിരുന്നു അച്ചന്‍  കളിച്ചു വളര്‍ന്നത് എന്നത്‌കൊണ്ട്തന്നെ.

''കൊറേക്കൂടി കഴിയെട്ടെ  ഭാസ്‌കരാ. കൊടുക്കാറാകുമ്പം  നിന്നെ വിളിക്കാം. ഏതായാലും നിന്നോടും കൂടെ പറയാതെ അതാര്‍ക്കും കൊടുക്കുകേല'' അച്ചന്‍  ഉദാസീനമായി പറഞ്ഞു.
''അതെനിക്കറിയാം അച്ചോ. പക്ഷേ, ഇപ്പഴാണെങ്കില്‍ നല്ല ഡിമാന്റുണ്ടായിരുന്നു.''
''ആയ്ക്കോട്ടെ. പിള്ളേര് രണ്ടും ക്രിസ്മസിന് വരും അവമ്മാരൊടും കൂടെ ചോദിച്ചിട്ടാട്ടെ.''
''എന്നാപ്പിന്നെ അന്നേരം വരാമച്ചോ'' ആ ഒഴികഴിവ് അത്രയും കാലത്തേക്ക് നീട്ടി എറിഞ്ഞതില്‍നിന്ന് അച്ചന്റെ താല്പര്യക്കുറവ് മനസ്സിലാക്കിയ ഭാസ്‌കരന്‍ പിന്‍വാങ്ങി നടന്നു.  സന്ദര്‍ഭവശാല്‍  അയാളെ ഒഴിവാക്കുവാന്‍ ഉപയോഗിച്ചതാണെങ്കിലും മക്കളോടൊത്തുള്ള  കാത്ത് കാത്തിരിക്കുന്ന ആ  വര്‍ഷാന്ത്യ ഒത്തുകൂടലിന്റെ  പാഴ്സ്വപ്നങ്ങളില്‍ മുഴുകിയ  സേവ്യറച്ചനും ആ സമയം സ്വയം കബളിപ്പിക്കപ്പെടുകയായിരുന്നു.

മരണം പിന്നെച്ചെന്നത് ലൈന്‍മേന്‍ സുരേഷിന്റെ വേഷത്തിലായിരുന്നു. തലേ രാത്രിയില്‍ വീശിയടിച്ച വലിയ കാറ്റില്‍ ലൈനിലേക്ക് മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് അച്ചന്റെ വീട്ടിലും പരിസരങ്ങളിലും കറന്റ് പോയിരുന്ന ദിവസമാണത്. വീട്ടുവാതില്‍ക്കലെ പോസ്റ്റില്‍ കയറാന്‍ അച്ചന്റെ വീട്ടിലുള്ള പൊക്കം കൂടിയ  ഇരുമ്പുകോവണി എടുക്കാനായിരുന്നു സുരേഷ് കടന്ന് ചെന്നത്.
''നിങ്ങക്കേതായാലും പിടിപ്പത് പണിയായി അല്ലെ? ഒടനെ വല്ലോം ശരിയാക്കാന്‍ പറ്റുവോ സുരേഷേ?'' കോണി സൂക്ഷിച്ചിരിക്കുന്നിടം കാട്ടിക്കൊടുത്ത്‌കൊണ്ട് അച്ചന്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു.
''ഒരൊറപ്പുമില്ലച്ചോ. ഞങ്ങളെക്കൊണ്ട് ആകുന്ന പോലെയൊക്കെ  നോക്കുകാ'' എന്ന് പറഞ്ഞ് കോണിയുമെടുത്ത് തിടുക്കത്തില്‍ പോയതല്ലാതെ സുരേഷ് പ്രതീക്ഷയൊന്നും കൊടുക്കാതിരുന്നതില്‍ ഒരിരുണ്ട രാത്രിയുടെ ദുസ്സൂചനയുണ്ടായിരുന്നതായി അച്ചന് അനുഭവപ്പെട്ടു. അത് പക്ഷേ, ഭൂമിയിലെ രാത്രി തന്നെയായിരുന്നു.

മരണത്തിന്റെ ഒടുവിലത്തെ തിരനോട്ടം  തൊട്ട് തലേന്ന്  കടത്തുകാരന്‍ തോമാക്കുട്ടിയുടെ വേഷത്തിലായിരുന്നു. കടത്തവസാനിപ്പിച്ച്  വള്ളവുമായി  തുരുത്ത്  വിട്ട് പോരാന്‍  തുടങ്ങിയ  നേരം കപ്യാര്‍ പുന്നച്ചന്‍  അച്ചന്റെ പക്കല്‍ ഏല്പിക്കുവാനായി ഓടിക്കൊണ്ടു  വന്ന് കൊടുത്തിട്ടു പോയ കവറുമായി എത്തിയതായിരുന്നു  തോമാക്കുട്ടി. പിറ്റേന്ന് പള്ളിയില്‍ വായിക്കേണ്ടിയിരുന്ന പൊതു അറിയിപ്പുകളായിരുന്നു ആ കവറിനുള്ളില്‍. കുറച്ചിടയായി, കണ്ണടയുണ്ടെങ്കിലും കയ്യക്ഷരങ്ങള്‍ എളുപ്പം വായിച്ചുപോകാന്‍ അച്ചന് പ്രയാസം അനുഭവപ്പെട്ടിരുന്നതിനാല്‍ അറിയിപ്പുകള്‍ തലേന്ന് തന്നെ ഒരു വട്ടം വായിച്ചിട്ട് പോകുകയായിരുന്നു പതിവ്. സാധാരണയായി അതൊക്കെ  കപ്യാര്‍ നേരിട്ട്  വന്ന് കൊടുത്തിട്ട് പോകുകയുമാണ് ചെയ്തിരുന്നത്. ഇക്കുറി  ആറ്റില്‍ വെള്ളം പെരുകി നില്‍ക്കുന്നത് കൊണ്ട്  അക്കരെയിക്കരെ  കടക്കുവാന്‍ നേരം   കുറെ വേണ്ടതിനാല്‍  കപ്യാര്‍ അതിന് മടിച്ച് തോമാക്കുട്ടി വശം കൊടുത്തയച്ചതാണ്. വെള്ളപ്പൊക്കക്കാലത്ത് അച്ചന്റെ വീട് കടന്നായിരുന്നു  തോമാക്കുട്ടി സ്വന്തം വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്.

കവര്‍ ഏല്പിച്ച നേരം അക്കാര്യമൊക്കെ  തോമാക്കുട്ടി അച്ചനോട് വിശദീകരിക്കുകയും ചെയ്തു.
''ഓഹോ വെള്ളമത്രയ്ക്ക് വരവാണോ?'' അച്ചന്‍ ചോദിച്ചു.
''അതെ അച്ചോ. നല്ല വരവാ. നല്ല ഒഴുക്കുവാ. കയത്തിന്റെയവിടെയൊക്കെ നല്ല തള്ളാ'' തോമാക്കുട്ടി പറഞ്ഞു.
''അപ്പപ്പിന്നെ നാളെ ഇവളെക്കൂട്ടെണ്ടെന്ന് വയ്ക്കാം അല്ലേടാ?'' അടുത്തിരുന്ന കൊച്ചമ്മയുടെ മുഖത്തേക്ക് നോക്കിയിട്ട്  അച്ചന്‍  ചോദിച്ചു.
''അതേയച്ചോ അതാ നല്ലത്. കൊച്ചമ്മയ്ക്ക് മുട്ടിനൊക്കെ വയ്യായ്ക ഒള്ളതല്ലേ. വള്ളം ചേര്‍ത്തടുപ്പിക്കാനും പാടാ.''
''എന്നാപ്പിന്നെ അങ്ങനാട്ടെടാ നീ ചെല്ല്'' എന്നുകൂടി പറഞ്ഞ് അച്ചന്‍ തോമാക്കുട്ടിയെ മടക്കിയയച്ചു. പാവം, കുത്തൊഴുക്കത്ത്  വള്ളം തുഴഞ്ഞ് തുഴഞ്ഞ് വശം കെട്ട്  വരുന്നതല്ലേ. വേഗം വീടെത്തട്ടെ എന്നൊരു ധ്വനി അച്ചന്‍ പറഞ്ഞതില്‍ ഉണ്ടായിരുന്നത് തോമാക്കുട്ടി എളുപ്പം മനസ്സിലാക്കി. യഥാര്‍ത്ഥത്തില്‍ കുത്തൊഴുക്ക് കുറുകെ മുറിച്ച് പിറ്റേന്ന് രാവിലെ തന്നെ അക്കര കടത്തുവാന്‍ പോകുന്ന ഒരുവനോടുള്ള അച്ചന്റെ അനുതാപമായിരുന്നു അത്.

പിറ്റേന്നത്തെ  പ്രഭാതം. തലേ രാത്രിയിലെ തോരാമഴ കൂടിയായപ്പോള്‍  പുഴ കണ്ണില്ലാത്ത ഒരു വന്യമൃഗത്തെപ്പോലെ കുതിച്ചു പായാന്‍ തുടങ്ങിയിരുന്നു. കടത്തുകടവില്‍നിന്ന് അക്കരെയിലേക്ക് നോക്കുമ്പോള്‍   ഒറ്റ രാത്രി കൊണ്ട് പുഴയൊത്തിരി  വലുതായതായും  തുരുത്ത് അത്രകണ്ട്  ചെറുതായതായും  തോന്നിപ്പോകുമായിരുന്നു.

അതൊക്കെ അങ്ങനെയായാലെന്ത്? തുരുത്ത് പരിചയമുള്ളവര്‍ക്ക് അതൊന്നുമൊരു പുത്തരിയല്ല.
തോമാക്കുട്ടി പതിവ്‌പോലെ തുഴയുമേന്തി കടത്ത് തുടങ്ങാന്‍ തുരുത്തേല്‍ കടവിലെത്തുമ്പോഴേക്ക്  തന്നെ വലക്കാരന്‍ കൊച്ചുകുട്ടനും കറവക്കാരന്‍ കുഞ്ഞുമോനും  അവിടെ അക്ഷമരായി കാത്ത്‌നില്‍ക്കുന്നുണ്ടായിരുന്നു. തെങ്ങുകയറ്റക്കാരന്‍ സോമനും പത്രമേജന്റ് അവറാന്‍കുട്ടിയും ലൈന്‍മേന്‍ സുരേഷും തടിക്കച്ചവടക്കാരന്‍ ഭാസ്‌കരനും കൂടി  തൊട്ടു പുറകെ എത്തിയതോടെ ഒരു വള്ളത്തിനുള്ള ആള് തികഞ്ഞുകഴിഞ്ഞിരുന്നു.

അവരെയൊക്കെക്കയറ്റി തോമാക്കുട്ടി വള്ളം തള്ളാന്‍ ഒരുങ്ങിയതുമാണ്. അപ്പോള്‍, ദാ വളവ് തിരിഞ്ഞ് സേവ്യറച്ചനും  തിടുക്കപ്പെട്ട് നടന്നുവരുന്നു. അച്ചന്റെ വരവ്  ആദ്യം കണ്ട  ഭാസ്‌കരനാണ്  ''ദാ... അച്ചനും വരുന്നോണ്ട്'' എന്ന് വിളിച്ചുപറഞ്ഞത്. അപ്പോള്‍ മറ്റുള്ളവരും അച്ചന്റെ  വരവ്  നോക്കിനില്‍ക്കാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍  ഒരു കൈകൊണ്ട് ളോഹ അല്പം പൊക്കിപ്പിടിച്ച് മറുകയ്യിലെ കാലന്‍ കുട മുന്നോട്ട് നീട്ടിക്കുത്തി അച്ചന്‍ നടപ്പിന് പിന്നെയും വേഗത  കൂട്ടി.

അച്ചനെക്കൂടി വള്ളത്തില്‍ കയറ്റിയാല്‍ ഒരാള്‍ അധികപ്പറ്റാകുമെന്ന് തോമാക്കുട്ടിക്ക് അറിയാതെയല്ലായിരുന്നു  എന്നാല്‍  പോയി വന്നിട്ട് അടുത്ത തവണയ്ക്ക് കൊണ്ടുപോകാമെന്നു വച്ചാല്‍ അച്ചന്‍ പള്ളിയിലെത്താന്‍ വൈകിപ്പോകുമെന്നുമറിയാം. വള്ളത്തില്‍ കയറിക്കഴിഞ്ഞവരെല്ലാവരും പതിവുകാരും അച്ചനെപ്പോലെ തന്നെ അത്യാവശ്യക്കാരുമാണ് താനും. അപ്പോള്‍ പിന്നെ അച്ചനെക്കൂടി കയറ്റി ഒരു  ധൈര്യത്തിനങ്ങ് പോകുക തന്നെ എന്ന് തീരുമാനിക്കുകയായിരുന്നു തോമാക്കുട്ടി.

അതിന്‍പ്രകാരം അയാള്‍  വള്ളം വീണ്ടും കരയിലെ കല്‍പ്പടവിനോട് ചേര്‍ത്തടുപ്പിച്ചു.
''നിങ്ങളാ നടുപ്പടി ഒന്ന് വിട്ട് നിക്ക്. അച്ചനിരിക്കട്ടെ.'' അച്ചന്‍ അടുത്തെത്തിയപ്പോള്‍ തോമാക്കുട്ടി മറ്റുള്ളവരോടായി പറഞ്ഞു. പറയേണ്ട താമസം; അവരെല്ലാം നടുപ്പടിയില്‍നിന്ന് നീങ്ങി നിശ്ശബ്ദതയും  ഭവ്യതയും പാലിച്ച് അച്ചനെ സ്വീകരിക്കാന്‍ ഒരുങ്ങിനിന്നു കഴിഞ്ഞു.
തോമാക്കുട്ടി  നടുപ്പടിമേല്‍ കയ്യോടിച്ച് ഒന്നു തുടച്ചു വൃത്തിയാക്കി. വള്ളത്തില്‍ പ്രത്യേകം കരുതിയിരുന്ന  കൊച്ചു തടുക്കെടുത്ത് അതിന്മേല്‍ വിരിച്ചു. എന്നിട്ട്  അച്ചനെ സാവധാനം കൈ പിടിച്ചു കയറ്റി. സോമനും കുഞ്ഞുമോനും കൂടി കൈത്താങ്ങ് കൊടുത്ത് അച്ചനെ പടിയിലേക്കിരുത്തി.
പിന്നെ  സഹയാത്രികര്‍ ഓരോരുത്തരും അച്ചനെ മാറി മാറി വണങ്ങി.
''ങ്ഹാ... വേണ്ടപ്പെട്ടൊരെല്ലാരുമൊണ്ടെല്ലോടാ... കൊച്ചുവെളുപ്പാന്‍ കാലത്ത്'' എന്ന് കളിയുംകാര്യവും കലര്‍ത്തിയിട്ടെന്നപോലെ  പറഞ്ഞുകൊണ്ട് അച്ചന്‍  നടുപ്പടിമേല്‍ ഇരിപ്പുറപ്പിച്ചു.

കടവ് വിട്ടപാടെ വള്ളത്തില്‍ ഇനിയൊരാള്‍  കൂടി കയറിക്കൂടിയത് പോലൊരു ഭാരക്കൂടുതല്‍ തോമാക്കുട്ടിക്ക് അനുഭവപ്പെട്ടു തുടങ്ങി. വള്ളത്തിന്റെ വിളുമ്പ് മാത്രമാണ് വെള്ളപ്പരപ്പിന്  മുകളിലുള്ളത് എന്ന് കണ്ടപ്പോള്‍ വര്‍ദ്ധിച്ച ആശങ്ക അല്പം പങ്കിടാതിരിക്കാന്‍ തോമാക്കുട്ടിക്ക് കഴിഞ്ഞതുമില്ല.
''എല്ലാരും ഇച്ചിരെ  നോക്കീം കണ്ടുമൊക്കെ  നിന്നോളണെ നടുക്കോട്ട് ചെല്ലുമ്പം നല്ല ഒഴുക്കാ. അല്ലെങ്കി കൊഴപ്പമില്ലാരുന്നു.''
വെള്ളക്കൂടുതലുള്ളപ്പോള്‍ തോമാക്കുട്ടി പതിവായി പറയുന്ന കാര്യമായത് കൊണ്ട് ആരുമതിനത്ര ചെവി കൊടുത്തില്ല.

വള്ളമങ്ങനെ പൊയ്ക്കൊണ്ടിരിക്കെ മഴ തൂളാന്‍ തുടങ്ങി. അച്ചന്‍ കയ്യിലെ കാലന്‍ കുട തുറക്കാനൊരുമ്പെട്ടു.  അടുത്ത് നിന്ന കുഞ്ഞുമോന്‍ അതുടനെ  പിടിച്ചു  വാങ്ങി നിവര്‍ത്തിയിട്ട് അച്ചനെ ചൂടിച്ചുകൊണ്ട് നിന്നു.  മഴക്ക് ശക്തി കൂടി കുട കാറ്റത്തുലയാന്‍ തുടങ്ങിയപ്പോള്‍  മുകളില്‍ കൂടി  പിടിച്ച് കുട  നേരെ നിര്‍ത്താന്‍  സോമനും   സഹായിച്ചു.

വള്ളം കയത്തിനു മുകളിലെത്തി അച്ചന്റെ  മരണസ്ഥലത്തെ സമീപിക്കുമ്പോള്‍ തന്നെ ദൂരെ നിന്ന്  വലിയൊരു കാറ്റിന്റെ മൂളക്കം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. കാതോര്‍ത്ത് നിന്ന നേരം  കൊണ്ട് കാറ്റ്  തുരുത്തിനു മുകളിലെത്തി. തുരുത്തിലെ മരത്തലപ്പുകള്‍ക്ക് മേല്‍  മുടിക്കുത്തിലെന്ന പോല്‍  ചുറ്റിപ്പിടിച്ചു ചുഴറ്റാന്‍ തുടങ്ങിയ കാറ്റ്  തുരുത്തിനെത്തന്നെ പിഴുതെറിയാന്‍ ശ്രമിക്കും പോലുള്ള പരാക്രമം കാട്ടി. എന്നാല്‍ തുരുത്ത് അതിന്റെ പാറമേല്‍ ഉറച്ചുനില്‍ക്കുന്നെന്ന് വന്നപ്പോള്‍ ആ കാറ്റ് അലറിക്കൊണ്ട് അക്കരയ്ക്ക് പായുകയായി. പുഴവെള്ളം മുഖത്തേക്ക് തെറിപ്പിച്ച്‌കൊണ്ട് കാറ്റ് കണ്ണില്‍ കുത്തിയപ്പോള്‍ത്തന്നെ ''കുട മടക്ക് കുഞ്ഞുമോനെ'' എന്ന് തോമാക്കുട്ടി പറയാനോങ്ങിയതാണ്. എന്നാല്‍  പറയാനാവും മുന്‍പ് കുടയില്‍ പിടിത്തമിട്ട കാറ്റ് കുട പൊക്കിയെടുത്തെറിയാന്‍ ഒരുമ്പെട്ടതും വള്ളം വശം ചെരിഞ്ഞ്  മറിഞ്ഞതും ഒരുമിച്ചായിരുന്നു.

വെള്ളപ്പരപ്പിലേക്ക് ചെരിഞ്ഞ് വീണപ്പോള്‍ത്തന്നെ മീന്‍കാരന്‍ കൊച്ചുകുട്ടനും പത്രമേജന്റ് അവറാന്‍കുട്ടിയും   തടിക്കച്ചവടക്കാരന്‍ ഭാസ്‌കരനും  ലൈന്‍മേന്‍ സുരേഷും മറ്റൊന്നുമോര്‍ക്കാതെ നേരെ തുരുത്തിലേക്ക് ആഞ്ഞ്  നീന്തി. എന്നാല്‍, വള്ളം മറിയുമെന്നായപ്പോള്‍ത്തന്നെ  തോമാക്കുട്ടിയും സോമനും കുഞ്ഞുമോനും  കുതിച്ച് ചെന്ന് അച്ചന്റെ ളോഹയില്‍ പിടുത്തമിട്ടിരുന്നു. കമിഴ്ന്ന വള്ളത്തില്‍ പിടിച്ചുകിടന്ന് അവര്‍ തുരുത്തിലേക്ക് വിളിച്ചുകൂകിയെങ്കിലും ആ  നിലവിളികള്‍ മഴയൊച്ചയില്‍ മുങ്ങിപ്പോയതേയുള്ളൂ. അവരുടെ കൈക്കരുത്തിന് പുഴയൊഴുക്കിന്റെ കരുത്തിനെ ഏറെ നേരം അതിജീവിക്കാനുമായില്ല. അച്ചനെ കൈവിട്ടുപോയതും വള്ളത്തില്‍നിന്ന് പിടിവിട്ട് അവര്‍ കയത്തിലേക്ക് നീര്‍ക്കാംകുഴിയിട്ട്  അച്ചനെ  തെരഞ്ഞ് നാല് ചുറ്റും നീന്തിക്കൊണ്ടിരിക്കുമ്പോള്‍ പുഴ അച്ചനെ വള്ളച്ചാലിനപ്പുറത്തേക്ക് വലിച്ചുകൊണ്ടുപോയി  തുരുത്തില്‍നിന്ന് പുഴയിലേക്ക് ചാഞ്ഞു വീണ് കിടന്നിരുന്ന പരുത്തിക്കാടിനടിയിലെത്തിച്ചിരുന്നു. അവരുടെ പിടിവിട്ടതോടെ അനാഥമായ വള്ളവും നീരൊഴുക്കിലൂടെ ഗതിയില്ലാതെ  ഒഴുകി നീങ്ങി.
 
അതിനകം കരയുടെ സുരക്ഷിതത്വത്തിലെത്തിക്കഴിഞ്ഞിരുന്ന മീന്‍കാരന്‍ കൊച്ചുകുട്ടനും   പത്രമേജന്റ് അവറാന്‍കുട്ടിയും തടിക്കച്ചവടക്കാരന്‍ ഭാസ്‌കരനും ലൈന്‍മേന്‍ സുരേഷും ചേര്‍ന്ന്   തുരുത്തുകാരെ ദുരന്തസ്ഥലത്തേക്ക് വിളിച്ചുകൂട്ടിക്കഴിഞ്ഞിരുന്നു. അതെത്തുടര്‍ന്ന് തുരുത്തിലെ ചാപ്പലില്‍ കൂട്ടമണികളും  മുഴങ്ങിക്കൊണ്ടിരിക്കെ തുരുത്തുകാര്‍ക്കിടയിലെ നീന്തല്‍വിദഗ്ദ്ധര്‍ പുഴയില്‍ ചാടി അച്ചന് വേണ്ടിയുള്ള തിരച്ചിലുമാരംഭിച്ചു. അവരൊടുവില്‍  പരുത്തിക്കാടിനടിയില്‍നിന്ന്  പിടിച്ചു പൊക്കി  കരയിലേക്ക് കയറ്റിക്കിടത്തിയപ്പോള്‍  സേവ്യറച്ചന് തന്നെച്ചുറ്റിയ ആള്‍ക്കൂട്ടത്തെ കാണുവാനോ അവര്‍ക്കിടയിലെ  വലിയ  ബഹളങ്ങള്‍  കേള്‍ക്കുവാനോ  കഴിഞ്ഞിരുന്നില്ല. അതുമല്ല പിന്നെയവര്‍ തന്നെ വിജയന്‍ ഡോക്ടറുടെ വീട്ടിലേക്ക്  എടുത്ത് കൊണ്ടോടിയതും  അവിടെനിന്ന് ഡോക്ടറുടെ കാര്‍ തന്നെയും  കൊണ്ട്  ജില്ലാ ആശുപത്രിയിലേക്ക് കുതിച്ചതുമൊന്നും  അച്ചനറിയുന്നതേ  ഉണ്ടായിരുന്നില്ല.

ദുരന്തത്തിന്  സാക്ഷികളായവരില്‍  ഏറെപ്പേരും പ്രതീക്ഷ കൈവിട്ടിരുന്നെങ്കിലും  അച്ചന്റെ നെഞ്ചിടിപ്പുകള്‍ വീണ്ടെടുക്കാന്‍ ഒരുപക്ഷേ, ജില്ലാ ആസ്പത്രിക്ക് കഴിഞ്ഞേക്കാം എന്ന്  പ്രത്യാശിച്ച  ചിലരും അവര്‍ക്കിടയിലുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞ് മഴ തോര്‍ന്ന് തുടങ്ങിയപ്പോള്‍  അവരുടെ പ്രത്യാശയും കൂടി  കെടുത്തിക്കൊണ്ട്   തുരുത്തിലെ ചാപ്പലില്‍നിന്ന്  വിലാപമണികള്‍ മുഴങ്ങി.
 
കടത്തുകാരന്‍ തോമാക്കുട്ടിയും തെങ്ങുകയറ്റക്കാരന്‍ സോമനും കറവക്കാരന്‍ കുഞ്ഞുമോനും മീന്‍കാരന്‍ കൊച്ചുകുട്ടനും പത്രമേജന്റ് അവറാന്‍കുട്ടിയും തടിക്കച്ചവടക്കാരന്‍ ഭാസ്‌കരനും  ലൈന്‍മേന്‍ സുരേഷും അപ്പോഴേക്ക്  അവരുടെ നനഞ്ഞ് കുതിര്‍ന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞ് കളഞ്ഞിട്ട്  പുതിയവ ധരിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ മരണമവരെ ഏല്പിച്ചിരുന്ന  പ്രച്ഛന്നവേഷങ്ങളില്‍നിന്ന് വിമോചിതരായ  അവര്‍ ഏഴു  പേരും നാടാകെ ഉയര്‍ന്ന് കേട്ട ആ വ്യസനസ്വരങ്ങള്‍ക്ക് മുന്നില്‍   തല കുനിച്ചിരുന്നുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com