'ദക്ഷച്ചേച്ചി'- പി.ജെ.ജെ. ആന്റണി എഴുതിയ കഥ

അപ്പന്‍ വച്ച പഴയ വീട് പുതുക്കിപ്പണിയുകയായിരുന്നു. ആണ്ടോര്‍മ്മ കഴിഞ്ഞിട്ട് മാസങ്ങളാകുന്നു. ഇനി ഇത്തിരി അഭ്യാസം ആകാമെന്ന് തോന്നി. അപ്പനുണ്ടായിരുന്നെങ്കില്‍ സമ്മതിക്കില്ലായിരുന്നു
'ദക്ഷച്ചേച്ചി'- പി.ജെ.ജെ. ആന്റണി എഴുതിയ കഥ

പ്പന്‍ വച്ച പഴയ വീട് പുതുക്കിപ്പണിയുകയായിരുന്നു. ആണ്ടോര്‍മ്മ കഴിഞ്ഞിട്ട് മാസങ്ങളാകുന്നു. ഇനി ഇത്തിരി അഭ്യാസം ആകാമെന്ന് തോന്നി. അപ്പനുണ്ടായിരുന്നെങ്കില്‍ സമ്മതിക്കില്ലായിരുന്നു. പഴയ മനുഷ്യരുടെ ഒരുതരം ദുര്‍വാശി. അത്രയേയുള്ളു. വീട് കണ്ടാല്‍ പുറമേനിന്ന് നോക്കുന്നവര്‍ക്ക് അത്ര പഴക്കം തോന്നരുത്. റിനോവേഷന്‍ കൊണ്ട് അതേ ഉദ്ദേശമുള്ളു. ചെലവ് കുറഞ്ഞ ഒരുതരം തരികിടപ്പണി. ഇനിയും പതിറ്റാണ്ടുകള്‍ പലതും ആയുസ്സില്‍ മിച്ചം കിടക്കുന്നുണ്ട്. സ്റ്റൈലിന് വലിയ ഇടിവില്ലാതെ മറ്റുള്ളവര്‍ക്കിടയില്‍ ജീവിച്ചുപോകണമല്ലോ. അതുകൊണ്ട് ഒരു മുഖം മിനുക്കല്‍. അത്രയേയുള്ളു. മക്കളുടെ നിര്‍ബ്ബന്ധവുമുണ്ട്. 

പുതിയ ലിവിംഗ് റൂമില്‍ രണ്ട് ചിത്രങ്ങള്‍ വേണമെന്ന് പങ്കാളിക്ക് നിര്‍ബ്ബന്ധം. ശ്രീനാരായണനും നെഹ്രുവും ആയിക്കോട്ടെയെന്ന് ഞാന്‍ ഉദാരവാനായി. അവള്‍ മുഖം വക്രിച്ചുകൊണ്ട് പറഞ്ഞു, രണ്ടും ബ്ലാക് ആന്‍ഡ് വൈറ്റില്‍ത്തന്നെ വേണമെന്ന്. അതും ഞാന്‍ വകവച്ചുകൊടുത്തു. തേടിയിറങ്ങിയപ്പോളാണ് അറിയുന്നത് കടകളിലൊന്നും ശ്രീനാരായണനും നെഹ്രുവുമില്ല. പുത്തന്‍ തലമുറയ്ക്ക് അവരെ പ്രിയമല്ലാത്തതുതന്നെ കാരണം. അങ്ങനെയിങ്ങനെ ആലോചനകളില്‍ ഞാന്നപ്പോള്‍ അയാളെ ഓര്‍മ്മവന്നു. തോളുകളില്‍ നിരവധി തുണിസഞ്ചികളുമായി വീടുകളില്‍ വന്നിരുന്ന് ഫോട്ടോകളും ചിത്രങ്ങളും ഫ്രെയിം ചെയ്തിരുന്ന ഒരാള്‍. മധ്യകാല ചിത്രകാരന്മാരെപ്പോലെ മുടി നീട്ടിവളര്‍ത്തി മുഖത്ത് ഇത്തിരി സ്‌ത്രൈണഭാവവും മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ചുറ്റിസഞ്ചരിച്ചിരുന്ന ഒരാള്‍. ഉയരവും തടിയുമൊക്കെയുള്ള ഒരു ആജാനുബാഹു. പല ഡിസൈനുകളിലുള്ള ഫ്രെയിമുകള്‍ അയാളുടെ സഞ്ചികളില്‍ ഉണ്ടായിരുന്നു. തനി തേക്കില്‍ കടഞ്ഞവയ്ക്കായിരുനു അന്ന് പ്രിയം. സ്വര്‍ണ്ണം പൂശിയതും വെള്ളി തേച്ചതുമെല്ലാം അയാള്‍ കരുതിയിരുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴമായിരുന്നു അയാളുടെ സ്പെഷലൈസേഷന്‍. പലര്‍ വരച്ച പല പാറ്റേണുകളിലുള്ള ചിത്രങ്ങള്‍. ബ്ലാക് ആന്‍ഡ് വൈറ്റ്, നീലരാശി, മഴവില്‍ വര്‍ണ്ണങ്ങള്‍, ചുവപ്പ്രാശി അങ്ങനെയങ്ങനെ അയാള്‍ ഒരു മാജിക്കുകാരനെപ്പോലെ ഒന്നൊന്നായി പുറത്തെടുക്കും. ഒടുവില്‍ പുറത്തുവരിക ലിയോനാഡോ ഡാവിഞ്ചിയുടെ ചിത്രമാകും. അതേക്കുറിച്ച് അയാളുടെ പക്കല്‍ പല കഥകളും ഉണ്ടായിരുന്നു. യേശുവിനെ വരക്കാന്‍ മോഡലായി പള്ളി ഗായകസംഘത്തില്‍നിന്നും ഒരു കൗമാരക്കാരനെ കണ്ടെത്തിയതും അയാളെത്തന്നെ വര്‍ഷങ്ങള്‍ക്കുശേഷം യൂദാസ് സ്‌കറിയോത്തായ്ക്ക് മോഡലായി ഒരു അധോലോക മദ്യശാലയില്‍നിന്നും കണ്ടെത്തേണ്ടിവന്നതുമായിരുന്നു അതില്‍ പ്രധാനം. തടികള്‍ മുറിച്ച് രാകി ക്രമപ്പെടുത്തി ഫ്രെയിം ഒരുക്കുന്നതിനിടയിലായിരുന്നു ഈ കഥ പറച്ചില്‍. കഥയിലെ ചില സവിശേഷ ഭാഗങ്ങള്‍ പറയുമ്പോള്‍ അയാള്‍ കേള്‍വിക്കാരന്റെ മിഴികളെ കോര്‍ത്തെടുക്കും. നമുക്ക് കണ്ണ് മാറ്റാനാവില്ല. വല്ലാത്ത തീക്ഷ്ണതയായിരുന്നു അയാളുടെ അത്തരം നോട്ടങ്ങള്‍ക്ക്. പക്ഷേ, ആ നോട്ടം അയാള്‍ പറയുന്ന കഥയിലേക്ക് നമ്മളെ അട്ടിമറിക്കും. കഥ തീരും വരെ അല്ലെങ്കില്‍ ഫ്രെയിം ചെയ്യല്‍ തീരുംവരെ കേള്‍വിക്കാരന് എഴുന്നേറ്റ് പോകാനാവില്ല. ഞങ്ങള്‍ കുട്ടികള്‍ കഥകളില്‍ ലയിച്ചങ്ങനെ അയാളുടെ മുന്നില്‍ ഇരുന്നുപോകും.

ഒരിക്കല്‍ അയാള്‍ പറഞ്ഞു, കുരിശേറിയതാണ് ക്രിസ്തുവിന്റെ ജീവിതത്തെ അടിമുടി മാറ്റിയതെന്ന്. അല്ലായിരുന്നെങ്കില്‍ മഗ്ദലനായിലെ മറിയത്തെ വിവാഹം ചെയ്ത് ക്രിസ്തുവും നമ്മളെയെല്ലാവരേയും പോലെ മക്കളും പേരക്കുട്ടികളുമായി വയസ്സായി മരിക്കുംവരെ ജീവിക്കുമായിരുന്നെന്ന്. അത് ശരിയാണെന്ന് എനിക്ക് തോന്നി. പക്ഷേ, അമ്മയ്ക്ക് ആ ഭാഗം ഇഷ്ടപ്പെട്ടില്ല. കഥ പറഞ്ഞു കുട്ടികളെ വഴിതെറ്റിക്കരുതെന്ന് അമ്മ അയാളോട് കോപിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല പിന്നീടയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നതായി ഓര്‍ക്കുന്നില്ല. ചിലപ്പോള്‍ വന്നിരിക്കാം. ഞാന്‍ ഓര്‍ക്കാത്തതാവാനും മതി. അതിനുശേഷവും പലയിടങ്ങളില്‍ അയാളെ നാനാവര്‍ണ്ണങ്ങളിലുള്ള തോള്‍സഞ്ചികളുമായി ഞാന്‍ കണ്ടിരുന്നു. പെരുന്നാളുകളിലും ഉത്സവങ്ങളിലും അയാള്‍ പതിവായിരുന്നു. അവിടങ്ങളില്‍ അയാള്‍ക്കു നല്ല ബിസിനസ്സായിരുന്നു. എന്തൊക്കെയോ വൈഭവങ്ങളുള്ള ഒരാളായിരുന്നു ആ ഫ്രെയിം വില്‍പ്പനക്കാരന്‍. സുഭഗനായ ഒരു നവീന യേശുക്രിസ്തു. ഇപ്പോഴും അയാളുടെ സുന്ദരമുഖം എന്റെ ഓര്‍മ്മയിലുണ്ട്. തോളൊപ്പം സമൃദ്ധമായി വളര്‍ന്നു ചുരുണ്ട മുടി. നര്‍ത്തകീഭാവമുള്ള കറുത്ത് നീണ്ട കണ്ണുകള്‍. ചെമ്പ് കലര്‍ന്ന കടുപ്പമുള്ള മീശ. ഇത്തിരി അധികം വിടര്‍ന്നു ചുവന്ന കീഴ്ച്ചുണ്ട്. എന്നാലും ഒന്നും അമിതമെന്നു തോന്നിപ്പിക്കാത്ത എന്തോ സൗമ്യത അയാളില്‍ ഉണ്ടായിരുന്നു. പരിചയപ്പെട്ടവര്‍ക്ക് അത്ര വേഗം മറക്കാന്‍ കഴിയാത്ത ഒരു മുഖം. 

കേള്‍ക്കാന്‍ പ്രിയപ്പെടാത്ത പലതും പിന്നീട് അയാളെപ്പറ്റി കേട്ടു. ലൈംഗികതയോട് ചേര്‍ന്ന കാര്യങ്ങള്‍. സത്യമോ അസത്യമോയെന്നു തിട്ടമില്ല. വിധവകളുടെ കണ്ണന്‍ എന്നൊരു വിളിപ്പേരും അയാള്‍ക്ക് ഒത്തുകിട്ടി. മിക്ക കിംവദന്തികളിലും നായികമാര്‍ വിധവകളായതായിരുന്നു കാരണം. ഇതൊന്നും അയാളുടെ ഫ്രെയിം വില്‍പ്പനകളെ ഇല്ലാതാക്കിയില്ല. ഒരിക്കല്‍ ഒരു കോണ്‍വെന്റില്‍ രാത്രി അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് മഠാംഗനകള്‍ അയാളെ തല്ലി വശംകെടുത്തിയതായും കേട്ടു. മഠത്തിനു മുന്നിലെ റോസാപ്പൂത്തോട്ടത്തില്‍ ചോരവാര്‍ന്ന് അവശനായി കിടന്നിരുന്ന അയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വൈകാതെ ഞാന്‍ ദേശം വിട്ടു. നാട്ടുചുവയുള്ള വാര്‍ത്തകളും കിംവദന്തികളും അകന്നുപോയി.
സത്യത്തില്‍ അതിനുശേഷം ഇപ്പോഴാണ് കക്ഷി എന്റെ ഓര്‍മ്മയെ സന്ദര്‍ശിക്കുന്നത്. നിറപ്പകിട്ടുള്ള ആ ഫ്രെയിം വില്‍പ്പനക്കാരന്‍ ഇതിനകം മരണകവാടം കടന്നിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാലും ഇത്തരം തൊഴിലുകാര്‍ തങ്ങളുടെ തൊഴിലിന്റെ യാതൊരു തുടര്‍ച്ചയും അവശേഷിപ്പിക്കാതെ കടന്നുപോകില്ലെന്നും എനിക്ക് തോന്നി. ഇത്തിരി തേടലുകള്‍ എന്റെ നിര്‍ണ്ണയത്തെ ബലപ്പെടുത്തി. 
നഗരത്തിനുള്ളില്‍ എവിടെയോ ഒരു കടയുമായി മകന്‍ അത് തുടരുന്നുണ്ട്. തപ്പിപ്പിടിക്കാവുന്നതേയുള്ളൂ.
അപ്പോഴാണ് ഭാര്യയുടെ ഉടക്ക്. മഹത്വമുള്ളവരെല്ലാം ആണുങ്ങള്‍ ആയിപ്പോകുന്നത് എന്തുകൊണ്ടാണെന്ന്. എന്താ മറുപടി പറയുക. നെഹ്രുവിനേയും ശ്രീനാരായണനേയും പെണ്ണാക്കാനാവുമോ? നീക്കുപോക്കാണല്ലോ കുടുംബപ്രശ്‌നങ്ങളില്‍ സഹജം. ഞാന്‍ വഴങ്ങിക്കൊടുത്തു. ആരെയെങ്കിലും ഒരാളെ മാറ്റി അവള്‍ക്കിഷ്ടമുള്ള പെണ്ണൊരാളെ പകരമാക്കാന്‍ ഞാന്‍ പറഞ്ഞതും അവള്‍ ചാടിക്കടിച്ചു. അങ്ങനെ ഔദാര്യമൊന്നും വേണ്ടെന്ന്. ആണുങ്ങള്‍ രണ്ടെങ്കില്‍ പെണ്ണുങ്ങളും അത്രതന്നെ. ഞാന്‍ പിന്നെയും ഒതുങ്ങിക്കൊടുത്തു. വിജയലക്ഷ്മി പണ്ഡിറ്റിനേയും ഗൗരിയമ്മയേയും ആകാമെന്നു ഞാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഓഫീസിലും ബാക്കിസമയം അടുക്കളയിലുമായി മേയുന്ന അവള്‍ക്ക് പൊതുവിജ്ഞാനം കുറവാണെന്ന് എനിക്കറിയാമായിരുന്നു. അല്‍ഫോന്‍സാമ്മയേയോ മഗ്ദലന മറിയത്തേയോ എഴുന്നള്ളിച്ച് എന്റെ നല്ലപാതി പരിഹാസ്യയാകുന്നതിനു തടയിടുക എന്നൊരു സദുദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളു. രണ്ടും വേണ്ടെന്ന് അവള്‍ കടുപ്പിച്ചു. ഇനി ഏത് കിണിയാമണിയത്തെയാവും അവള്‍ കൊണ്ടുവരികയെന്നു ഞാന്‍ കലങ്ങി. ദാക്ഷായണി വേലായുധനും രാജകുമാരി അമ്രുത് കൗറും മതിയെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അന്ധാളിച്ചുപോയി. ആ പേരുകള്‍ ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. ഏതോ പെണ്‍കൂട്ടങ്ങളുടെ കേരളത്തിലേയും ഡല്‍ഹിയിലേയും നേതാക്കളാവും അവരെന്നു ഞാന്‍ ഊഹിച്ചു. ഫെയ്സ് ബുക്ക് സെലിബ്രിറ്റികള്‍. ശ്രീനാരായണനും നെഹ്രുവിനും ഒപ്പം ചുവരിലിരിക്കാന്‍ ശ്രീമതി കണ്ടെത്തിയ ലലനാമണികള്‍. 

''ശ്രീനാരായണനെ ഞാന്‍ വകവച്ചുതരാം. അങ്ങേരുടെ ചില നാറിയ ശിഷ്യരുടെ ഇക്കാലത്തെ ശ്രീനാരായണവിരുദ്ധതയുടെ ചീഞ്ഞനാറ്റം കഠിനമാണെങ്കിലും അതൊന്നും ഗുരുവിന്റെ മേല്‍ ചളി തെറിപ്പിക്കുന്നില്ലല്ലോ. ആണ്‍ മലയാളികളുടെ ഈഗോയെ താങ്ങാന്‍ ആര്‍ക്കാവും. ജവഹര്‍ലാല്‍ ശ്രമിച്ചതല്ലേ. അങ്ങേര്‍ വേറൊരു വഴിയിലൂടെ നമുക്കായി തുന്നിയ ജനാധിപത്യകോണകമാണല്ലോ ഇപ്പോള്‍ അഴിഞ്ഞുവീണിരിക്കുന്നത്.'' 

അത്രയും മൊഴിഞ്ഞ് അവള്‍ വലിയ തമാശ പൊട്ടിച്ചപോലെ ചിരിച്ചാര്‍ത്തു. ഞാന്‍ കൂടിയില്ല. നെഹ്രുവിന്റെ കൗപീനത്തില്‍ അത്ര വലിയ തമാശയൊന്നും ഞാന്‍ കണ്ടില്ല. 

മഹത്വമുള്ളവരുടെ അടിവസ്ത്രത്തെ പരാമര്‍ശിച്ച് അവര്‍ക്കായുള്ള ഗൗരവതരമായ ശ്രദ്ധയെ ഫലിതമാക്കി റദ്ദാക്കുന്ന ദുര്‍നടപ്പിനെ ഞാന്‍ വെറുത്തിരുന്നു. അതൊരു ചീഞ്ഞ രീതിയാണെന്നു ഞാന്‍ കരുതി. ഗാന്ധിയും നെഹ്രുവും നേതാജിയും നമ്മുടെ ചോദ്യമില്ലാത്ത നേതാക്കന്മാര്‍. അതു ചുഴിഞ്ഞു ചിന്തിച്ചു തെളിയിക്കാനും സ്ഥാപിക്കാനും നമ്മള്‍ മിനക്കെടുന്നതെന്തിന്. കേരളത്തിന് ശ്രീനാരായണനും അങ്ങനെ തന്നെ. ഇവരാരും എഴുതിയതൊന്നും ഞാന്‍ വായിച്ചിട്ടില്ല. തീന്‍മൂര്‍ത്തി ഭവനം കാണാന്‍ പോയപ്പോള്‍ നെഹ്രുവിന്റെ പാതിരാപ്രസംഗം കേട്ടിട്ടുണ്ട്. തുടക്കത്തിലെ നാലഞ്ച് വരികള്‍ മാത്രമേ ശരിക്കു കേട്ടുള്ളു. കാഴ്ചയുടെ കാലത്ത് ഒച്ചയും കാഴ്ചയും വര്‍ണ്ണങ്ങളും കലരാത്തതൊന്നും മനസ്സില്‍ തങ്ങാറില്ല. കാലം അങ്ങനെ ആയിപ്പോയി. അന്ന് തീന്‍ മൂര്‍ത്തി ഭവനത്തില്‍ ഏതാണ്ടൊക്കെ ആലോചിച്ച് നിന്നപ്പോള്‍ നെഹ്രുവിന്റെ ഒച്ച താറിപ്പോവുകയും ചെയ്തു. നടപ്പുകാലത്തെ മഹാന്മാര്‍ക്ക് എഴുത്തും വായനയുമൊന്നും അത്ര വിശേഷാല്‍ അല്ലാത്തതിനാല്‍ നമ്മള്‍ വായിച്ചും കേട്ടും സമയം കളയേണ്ട. സര്‍ക്കാരോ കക്ഷിക്കാരോ പറയുന്നത് അതേപടി ഏറ്റുകൊണ്ടാല്‍ മതി. ഇതല്ലേ സാക്ഷാല്‍ ആമോദകാലം.

എന്റെ നല്ല പാതി മൂഡിലായിരുന്നു. അവര്‍ തെല്ല് ആലോചിച്ചു നിന്ന ശേഷം തടര്‍ന്നു: ''പെണ്ണുങ്ങളോട് നെഹ്രുവിനും ആദ്യമൊന്നും അത്ര മതിപ്പ് ഉണ്ടായിരുന്നില്ല. 1936-ലെ കോണ്‍ഗ്രസ്സ് സമ്മേളനകാലത്ത് പെണ്‍ പ്രാതിനിധ്യത്തെച്ചൊല്ലി ഈ വിദ്വാനുമായി രാജകുമാരി അമ്രുത് കൗര്‍ കോര്‍ക്കുന്നുണ്ട്. പാശ്ചാത്യ കലാശാലകളില്‍ പഠിച്ചുവന്ന അവര്‍ക്ക് പെണ്ണുങ്ങളെ കോണ്‍ഗ്രസ്സും സ്വാതന്ത്ര്യസമരവും ഓരങ്ങളിലേക്ക് തള്ളുന്നത് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. കപൂര്‍ത്തല രാജകുടുംബത്തിലെ അംഗമായിരുന്നു അവര്‍. ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനായി കിരീടാവകാശം ഉപേക്ഷിച്ച ഒരുവന്റെ മകള്‍. നീക്കുപോക്കുകള്‍ അവര്‍ പ്രിയപ്പെട്ടില്ല. ചോദ്യം ചെയ്തത് അന്ന് നെഹ്രുവിന് ഇഷ്ടമായില്ലെങ്കിലും അവര്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമായതും ഇന്ത്യയൂടെ ആദ്യ കാബിനറ്റില്‍ മന്ത്രിയായതുമൊന്നും അദ്ദേഹം തടഞ്ഞില്ല. ഇപ്പോള്‍ എല്ലാവരും മറന്നുകളഞ്ഞ എറണാകുളം മുളവനാട്ടുകാരി ദാക്ഷായിണിയും ഭരണഘടനാ സഭയില്‍ അംഗമായിരുന്നു.''
''ദാക്ഷായിണി വേലായുധനല്ലേ?'' എന്റെ ഓര്‍മ്മ തളിര്‍ത്തു. 

''എന്തിനാ ഒരു വേലായുധനെ ഒപ്പം കൂട്ടുന്നത്? സ്വന്തം കാലില്‍ നിന്നവളായിരുന്നു ദക്ഷച്ചേച്ചി. ബാക്കി എല്ലാവര്‍ക്കും കുടപിടിക്കാന്‍ ആളുണ്ടായിരുന്നു. ദക്ഷച്ചേച്ചി ഒറ്റയ്ക്കായിരുന്നു. ബ്ലൗസിട്ട് ആദ്യം പൊതുവഴി ചവിട്ടിയവള്‍. മദിരാശി സര്‍വ്വകലാശാലയില്‍ സയന്‍സ് പഠിക്കാന്‍ ചെന്ന ഒരേയൊരു പെണ്‍തരി. ജാതിക്കുശുമ്പ് മൂലം അകലെനിന്നു ശാസ്ത്രപരീക്ഷണങ്ങള്‍ കാണേണ്ടിവന്നവള്‍. പൊതുവഴി ചവിട്ടിയതിന് തൊഴി ഏറ്റവള്‍. ഭരണഘടനാ സഭയില്‍ പുരുഷന്മാരേക്കാള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയവള്‍ ദക്ഷച്ചേച്ചി.''
ലിവിംഗ് റൂമിന്റെ തുറന്ന വാതിലിലൂടെ അവള്‍ ആകാശദൂരങ്ങള്‍ കണ്ടു. വീടകം അവള്‍ മറന്നപോലെ തോന്നി. ഒരു ചെറുകാറ്റ് അകത്തേക്ക് വന്ന് അവളെ താരാട്ടി. അവളുടെ മുടിയിഴകള്‍ പാറിനിന്നു. എനിക്ക് ചൂടെടുക്കുന്നതുപോലെ തോന്നി. ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവള്‍ ഒന്നിനുമായും കാക്കാത്തവളായി. ഞാന്‍ നീങ്ങിപ്പോന്നു. ഒരാളില്‍ എത്ര ആളുകളാണ് പൊരുളാകുന്നത്?

രാവിലെ ഞാന്‍ പട്ടണത്തിലേക്ക് പോന്നു. ഇത്തിരി വട്ടംചുറ്റിയെങ്കിലും ഉച്ചതിരിയും മുന്‍പ് ഞാന്‍ കട കണ്ടെത്തി. ഒരു ഇടുക്കിലായിരുന്നു ആ കട. ഇടുക്കെന്നു വെച്ചാല്‍ അത്ര മോശമായ ഒന്നായിരുന്നില്ല. പ്രധാന റോഡുകളില്‍നിന്നും പട്ടണത്തിന്റെ ഉള്ളുകളിലേക്ക് ഞരമ്പുകള്‍ പോലെ പടരുന്ന ഇടറോഡുകളില്‍ ഒരെണ്ണം. ഒരു മെഴുകുതിരിക്കടയോട് ചേര്‍ന്നായിരുന്നു അത്. രണ്ടും തമ്മില്‍ പണ്ടൊക്കെ ഒരു ബന്ധം കല്പിക്കാമായിരുന്നു. ഇപ്പോള്‍ അങ്ങിനെയൊന്നും ഇല്ല. ആദി മുതല്‍ക്കേ അവ ചേര്‍ന്നിരുന്നു എന്നൊക്കെ പറയാം. വെളുത്ത തിരികള്‍ അപൂര്‍വ്വം. നിറങ്ങളുടെ മെഴുകുത്സവമായിരുന്നു അവിടം. ചിത്രങ്ങള്‍ വില്‍ക്കുന്ന കടയ്ക്കും അതൊരു ചന്തം പകരുന്നുണ്ടെന്നു തോന്നി. 

അച്ഛനെ പരിചയമുണ്ടെന്നു പറഞ്ഞപ്പോള്‍ കടക്കാരന്‍ എന്നോട് പാരുഷ്യമില്ലാതെ പെരുമാറി. അത് പ്രകടമായിരുന്നു. ചുരുക്കമായി കടയിലേക്ക് വന്നവരെല്ലാം അയാളുടെ പരുക്കന്‍ ഭാവം സഹിക്കുന്നുണ്ടായിരുന്നു. സത്യത്തില്‍ അയാള്‍ നല്ലവനാണെന്ന് എനിക്ക് തോന്നി. അതിജീവനകലയുടെ ഭാഗമായി അണിയുന്ന ഒരു കുപ്പായമാകും പരുക്കന്‍ മട്ട്. 

ദിദിമോസ് എന്നായിരുന്നു അയാളുടെ പേര്‍. തോമ എന്ന അച്ഛനുമായി ഇണങ്ങിനില്‍ക്കുന്ന ഒരു തുടര്‍ച്ച. അധികമാളുകള്‍ എത്തുന്ന ഒരു കടയായിരുന്നില്ലത്. ചിത്രങ്ങളും ഫ്രെയിമുകളും കാണിക്കുന്നതിനിടയില്‍ ഞങ്ങള്‍ സംസാരിച്ചു. 

''ഇപ്പോ നെഹ്രുവിനും നാരായണഗുരുവിനുമൊന്നും കമ്പോളമില്ല. ബ്ലാക് ആന്‍ഡ് വൈറ്റ് ആര്‍ക്കും വേണ്ടേവേണ്ട. പഴയ വില്ലന്മാര്‍ നായകസ്ഥാനത്താണ്. അവന്മാരെ കനകഫ്രെയിമിലാക്കുമ്പോള്‍ എനിക്ക് ഓക്കാനം വരും. കാര്യമില്ലല്ലോ. കസ്റ്റമര്‍ ഈസ് ദ് കിംഗ്.'' അയാള്‍ കുലുങ്ങിച്ചിരിച്ചു. പരനിന്ദയാണോ ആത്മനിന്ദയാണോ അതിലെന്ന് തിട്ടമില്ലായിരുന്നു. രണ്ടും കാണുമായിരിക്കും. 

പഴയ കെട്ടുകള്‍ക്കിടയില്‍നിന്നും നെഹ്രുവിനേയും ശ്രീനാരായണനേയും കറുപ്പിലും വെളുപ്പിലുമായി അയാള്‍ വലിച്ചെടുത്തു. തേക്കിന്റെ ഫ്രെയിമാണ് ഞാന്‍ തിരഞ്ഞെടുത്തത്. രാജകുമാരി അമ്രുത് കൗറും ദക്ഷച്ചേച്ചിയും എങ്ങുമില്ലായിരുന്നു. ദിദിമോസിന് അവര്‍ ഇരുവരും പരിചിതരായിരുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. പടമായവരെ പടം വില്‍ക്കുന്നത് തൊഴിലാക്കിയവര്‍ ഓര്‍ക്കുന്നതാവും.
''നെറ്റില്‍ തപ്പിയാല്‍ മതി. അവിടെ ഹാജരാകാത്തവരായി ആരുമില്ല. പ്രിന്റെടുത്ത് കൊണ്ടുവന്നാല്‍ നമുക്ക് ഫ്രെയിമിലാക്കാം.''

അപ്പോഴാണ് കടയിലേക്ക് കയറിവന്ന യൗവ്വനക്കാരനെ ഞാന്‍ ശ്രദ്ധിച്ചത്. ലക്ഷങ്ങള്‍ വിലയുള്ള ബൈക്ക് അയാള്‍ കടയുടെ മുന്നില്‍ ശ്രദ്ധയോടെ ചെരിച്ച് നിര്‍ത്തി. പൊടിയുടെ ഒരു തരിപോലും അതിന്മേല്‍ ഉണ്ടായിരുന്നില്ല. 
''എനിക്ക് യേശുക്രിസ്തുവിന്റെ ആ അത്ഭുത ചിത്രം ഒരെണ്ണം വേണം.''

രഹസ്യം പറയുമ്പോലെ ദിദിമോസിന്റെ ചെവിയോട് ചേര്‍ത്താണ് അയാള്‍ ചോദിച്ചത്. ദിദിമോസ് എന്നെയും ആ യൗവ്വനക്കാരനേയും തീക്ഷ്ണമായി നോക്കി. അയാളുടെ കണ്ണുകളില്‍ ഭാവം പകരുന്നത് ഞാന്‍ കണ്ടു. അയാള്‍ക്കപ്പോള്‍ അയാളുടെ അച്ഛന്റെ മുഖമായിരുന്നു. യൗവ്വനക്കാരന്‍ ഭക്തനായി താഴ്മയോടെ നില്‍ക്കുന്നു. ദിദിമോസ് തിരിഞ്ഞ് പിന്നിലേക്കു നടന്നു. അവിടെ അയാള്‍ മുഖം കുനിച്ച് ഏതോ ലത്തീന്‍ പ്രാര്‍ത്ഥനകള്‍ ഉരുക്കഴിക്കുന്നപോലെ തോന്നി. തെല്ലുനേരം കഴിഞ്ഞു ഞങ്ങള്‍ക്കു നേരെ തിരിഞ്ഞപ്പോള്‍ ദിദിമോസിന്റെ കൈത്തലത്തില്‍ ചിത്രമുണ്ടായിരുന്നു. അത് അയാളുടെ അച്ഛന്‍ തോമായുടേതായിരുന്നു. മുടി നീട്ടിവളര്‍ത്തി താടി രോമങ്ങളുമായി ക്രിസ്തുവിനെ ഓര്‍മ്മിപ്പിച്ചിരുന്ന ആ മുഖം എന്റെ ഓര്‍മ്മയില്‍നിന്നും കടന്നുപോയിരുന്നില്ല. ഇത് അയാളുടെ ചിത്രം തന്നെ. എനിക്ക് സംശയമില്ലായിരുന്നു. 

യൗവ്വനക്കാരന്‍ മുട്ടിന്മേല്‍നിന്നു ചിത്രം വാങ്ങി. ദക്ഷിണപോലെ എന്തോ ദിദിമോസിനു നല്‍കി. ബൈക്ക് ഓടിപ്പോയി. ഇപ്പോള്‍ ദിദിമോസ് എന്നെയാണ് നോക്കുന്നത്. 

''എന്റെ അച്ഛന്റെ പടം തന്നെ. അച്ഛന്‍ തന്നെ വരച്ചത്. വ്യത്യസ്തതയുള്ള ഒരു യേശുവിനെ തേടി ഒരുവന്‍ വന്നപ്പോള്‍ ഞാന്‍ ഇത് കാണിച്ചു. അയാള്‍ കുമ്പിട്ടു. അങ്ങനെയാണ് അതിലെ കമ്പോളസാദ്ധ്യത ഞാനറിഞ്ഞത്.''

അത്ഭുതസാദ്ധ്യതകളുടെ വാതില്‍ക്കല്‍ കൈകള്‍ കൂപ്പി ഞാനും ഒരു ചിത്രത്തിനായി കെഞ്ചി. ഫ്രെയിം വില്‍പ്പനക്കാരന്റെ മകന്‍ എന്റെ മുന്നില്‍ ആകാശം മുട്ടെ വളര്‍ന്നു തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com