'ഇന്ദ്രാ ഗാന്ധി'- ആഷ് അഷിത  എഴുതിയ കഥ  

നേരം പുലര്‍ന്നിട്ടും വെളിച്ചം കെട്ടുകിടപ്പാണല്ലോ എന്നോര്‍ത്ത് ഒരുമാതിരിപ്പെട്ട ആളുകളെല്ലാം പണിക്കിറങ്ങാതെ വീട്ടുവരാന്തയില്‍ കുത്തിയിരിപ്പായ ദിവസമാണ്
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ന്ദിരാ ഗാന്ധിയെ തലേക്കെട്ടും താടിയുമുള്ള കാവല്‍ക്കാരന്മാര് വെടിവെച്ച് വീഴ്ത്തിയ അന്നാണ് ഉണ്ണിപ്പേരി കന്നിപ്പേറ് പെറ്റത്.

ഒന്നുരണ്ടീസായി എളങ്കൂര്‍ദേശത്ത് മഴയുടെ തോന്ന്യാസമായിരുന്നു. നേരം പുലരുമ്പോള്‍ത്തന്നെ ചിന്നം വിളിച്ചുണര്‍ന്ന്, മയിലാടും കുന്നിന്റെ മണ്ടേന്ന് ശര്‍ശറേന്നിറങ്ങി, മരങ്ങളുടെ തലേലെല്ലാം തുള്ളിയൊലിപ്പിച്ച്, കണ്ട കുണ്ടിലും കുഴീലുമെല്ലാം ചാടിയിറങ്ങി നോക്കി, അതിലും പൂതി കെടാതെ ചാത്തന്‍ കേറിയ മട്ടിലോടിട്ട വീടുകള്‍ക്ക് മീതെ കല്ലേറു പെയ്ത്തും നടത്തും. പിന്നെ, വന്നപോലെ ഒരു പോക്കാണ്. ഇരുട്ടിയാല്‍ ചിലപ്പോള്‍ ഒരു മൂക്കൊലിപ്പു മഴയുമുണ്ട്.

നേരം പുലര്‍ന്നിട്ടും വെളിച്ചം കെട്ടുകിടപ്പാണല്ലോ എന്നോര്‍ത്ത് ഒരുമാതിരിപ്പെട്ട ആളുകളെല്ലാം പണിക്കിറങ്ങാതെ വീട്ടുവരാന്തയില്‍ കുത്തിയിരിപ്പായ ദിവസമാണ്. വെയില്‍ പൊന്തുമ്പോ തൊടങ്ങി അന്തിക്കള്ള് പതയണ വരെ പാടത്തും പറമ്പിലും കൊത്തും കിളയുമുള്ള ആള്‍ക്കാരാണ്.
അന്ന് നാടിന് മൊത്തം മടിക്കുളിര്.

അടുത്ത കര്‍ക്കിടകത്തിന് കാലന്‍ വന്നു വിളിച്ചോണ്ട് പോകുമെന്നറിയാതെ, കാപ്പിയില്‍ അലിയാതെ കിടന്ന ചക്കരക്കട്ട തുപ്പി മരുമകള്‍ടെ കുറ്റക്കുറവ് പാടിക്കൊണ്ടിരിക്കുകയായിരുന്നു ചക്കിക്കുട്ടി. തള്ളയുടെ തള്ള, മണ്ണിടിഞ്ഞുവീണ് മരിച്ചുപോയ മുണ്ടിക്കുട്ടിയെ വരെ കുഴിയില്‍നിന്നും തോണ്ടിയെടുത്ത് ഭാര്യ സുമതിയും നാക്കിന്‍ മൂര്‍ച്ചകൂട്ടി തുടങ്ങിയപ്പോളാണ് ചന്ദ്രന് തെങ്ങിന് തടമെടുത്താല്‍ കൊള്ളാമെന്ന് തോന്നിയത്. തുള്ളിയൊന്ന് മുറിഞ്ഞ നേരമാണ്.
ഇടിമിന്നല് പോലെന്തോ പാളിവന്ന് അടിച്ചിട്ടു.

കേട്ടത് പാതി കേള്‍ക്കാത്തത് പാതി മൂടിന് തീ പിടിച്ചപോലെ ആള്‍ക്കാരെല്ലാം ചാടിപ്പിടിച്ച് അങ്ങട്ട് പാഞ്ഞു.
ചന്ദ്രന്റെ ശവം ഒരു ഇടിവെട്ട് വാര്‍ത്തയുമായാണ് ആസ്പത്രിയില്‍നിന്നും മടങ്ങിയത്.
ഇടിമിന്നലല്ല കൊന്നത്. ആരോ തലയ്ക്ക് താങ്ങിയതാണ്.

ചന്ദ്രന്റെ മരണം അങ്ങാടിയില്‍ നല്ലൊരോളമുണ്ടാക്കി. ഒന്നാലോചിച്ചാ എത്ര കാലം കൂടീട്ടാണ് നാട്ടിലൊരു കൊലപാതകം നടക്കുന്നത്! കണക്കന്‍ കോളനിയിലെ ചാവായതുകൊണ്ട് ആര്‍ക്കും വല്യ ദെണ്ണവുമുണ്ടായില്ല.

ശവം കിടക്കുന്ന കുടിലിലേക്ക് കേറി അയിത്തപ്പെടാതെ ആളുകള്‍ ഇടവഴിയില്‍ പഞ്ചായത്ത് കൂടി. മൂന്നും കൂടിയേടത്തുനിന്നും തെക്കോട്ട് ഇഴഞ്ഞുപോകുന്ന മണ്ണുവഴി ചെന്ന് മൂക്കുംകുത്തി നില്‍ക്കുന്നത് ഉണ്ണിപ്പേരിയുടെ പടിക്കലാണ്.
ചന്ദ്രനിലേയ്‌ക്കെത്തും മുന്‍പ് ഉണ്ണിപ്പേരിയുടെ വേലിക്കല് പല്‍പ്പനാഭന്‍ നായര്‍ക്ക് കാല് തെറ്റി. ആന്തുണയില്ലാതെ ഒറ്റത്തടി തോന്ന്യേ മട്ട് ആയി കഴിഞ്ഞു കൂടുന്നവളാണ്.

'ആ ഇദ്മ്മടെ ഇന്ദ്രാ ഗാന്ധീടെ പൊരല്ലേ... ഓളെ ഇന്ന് പൊറത്തിക്കൊന്നും കാണണില്ലാല്ലോ...'
പല്‍പ്പനാഭന്‍ കുടയുടെ മൂട് കൊണ്ട് ചെമ്പരത്തിയുടെ ചോട്ടില്‍ കുത്തി. 

'ഓള് എങ്ങട്ടോ പോകാന്‍ മയിലൂത്ത് ബസ് കാത്ത് നിക്കണ കണ്ടു... കണ്ടപ്പോ പെറാനായില്ലേ ഉണ്ണിപ്പേര്യേ ന്ന് ഞാനൊന്ന് ചോയ്ച്ചും പോയി. അപ്പത്തന്നെ ങ്ങള് പേറെടുക്കാനും തൊടങ്ങിയോ തന്തേന്നൊരു ചാട്ടം...'
റോഡിന്റെ വക്കത്ത് തന്നെ ചാഴിയേയും ചെള്ളിനേയും തുരത്താനുള്ള വളം വില്‍ക്കുന്ന പീടിക തുറന്നിരിക്കുന്ന ഇമ്പിച്ചിയുടെ കണ്ണ് വെട്ടിച്ച് പെണ്ണായി പിറന്നോരൊന്നും അങ്ങാടിയില്‍ എത്താറില്ല.

പല്‍പ്പനാഭന്‍ അത് കേട്ടതും ഉണ്ണിപ്പേരി കുഴിച്ചിട്ട കൂവച്ചെടിയെ ചെവിയില്‍ തൂക്കി പൊക്കിയെടുത്തു.
'വെള്ളം തെളപ്പിച്ച് കുടിച്ചാ മൂത്രക്കടച്ചിലിന് നല്ലതാ. ഓള് ഇടക്ക് ഒണക്കിപ്പൊടിച്ച് കൊണ്ട് തരാരുന്നു.'
പറഞ്ഞപ്പോളാണ് പിടിച്ചത് പുലിവാലിലാണല്ലോന്ന് നായര്‍ക്ക് ബോധമുണര്‍ന്നത്.
'ന്റെ മോന് കോഴിക്കോട്ടിക്ക് അയച്ചു കൊടുക്കാന്‍ വേണ്ടീട്ടാണേ...'
അയാള്‍ കഷണ്ടി തിന്ന മത്തങ്ങാത്തലയില്‍ ഉഴിഞ്ഞു. 

കോളേജ് പഠിത്തം കഴിഞ്ഞു വന്ന മോഹനചന്ദ്രനെ നാട്ടില്‍ നിര്‍ത്താതെ കോഴിക്കോട്ടേക്ക് തന്നെ ജോലി നോക്കാന്‍ വിട്ടതാണ് അയാള്‍.
വാക്കല്ലേ, വാ വിട്ട് പോയാ പോയി. എന്തേലും വീണു കിട്ടാന്‍ നിക്കണ നാട്ടുകാരും. ചെലര് കേട്ടതിന്റെ മുന കൂര്‍പ്പിച്ച് ചിരിച്ചു. മാറി നിന്ന് ചില സൂചനകളൊക്കെ കൈമാറി.

'ങ്ങടെ മൂത്രക്കടച്ചില് മാറ്റീട്ടും ഓക്ക് ഗര്‍ഭായപ്പോ പണിക്ക് വരണ്ടാ ന്ന് പറഞ്ഞത് മോശായി ട്ടോ നായരേ...'
കുഞ്ഞിമാനി കിട്ടിയ തക്കത്തിന് കൊട്ടി.
കുഞ്ഞിപ്പേരിയെ വിചാരണ ചെയ്യാന്‍ മജിസ്‌ട്രേറ്റ് ചമഞ്ഞത് ആരാ? അഞ്ചടി മൂന്നിഞ്ചു ദേഹം നെറയെ ഗര്‍വ്വും താങ്ങി നടക്കണ നായര് തന്നെ.
'ശെടാ തോന്ന്യേടം നെരങ്ങി നടക്കുന്നോള്‍ക്ക് ഗര്‍ഭം ണ്ടായീന്ന് വെച്ച് നാട്ടിലെ ആണുങ്ങളെയെല്ലാം കരിവാരി തേക്കുന്നോ?'
അരിശപ്പെട്ട് അയാള്‍ കൂവച്ചെടി നീട്ടിയെറിഞ്ഞു.

'ഇക്കോളനീലെ ആണുങ്ങളോട് ചോയ്ച്ചാ മതി. കള്ളി വെളിച്ചത്താവും...'
'അതെന്ത് വാര്‍ത്താനാ നായരേ. നാട്ടില് കേട് ണ്ടായാ അപ്പൊ കോളനിക്കാരുടെ തലേലാക്കണത് എന്തിനാ? ജാതി മുഷ്‌ക്ക് കാണിക്കാന്‍ ഇദ് പഴേ കാലല്ല.'
ചെറ്റക്കുടിയില്‍ പാര്‍പ്പാണെങ്കിലും സുബ്രഹ്മണ്യന് കട്ടിപ്പുസ്തകങ്ങള്‍ വായിക്കുന്ന സൂക്കേടുണ്ട്. സിദ്ധാന്തം പറച്ചിലും കൊറച്ച് കൂടുതലാണ്.
'എല്ലാരും ഓടിച്ചു വിട്ടപ്പോ ഉണ്ണിപ്പേരിക്ക് പെരപണിയാന്‍ സഹായം കൊട്‌ത്തേ ചന്ദ്രേട്ടനാ... ഓര് പെണ്ണുങ്ങക്ക് ഒര് ഉപദ്രവോം ചെയ്യൂല്ല...'
'അദ് ശരിയാ... തെളിവില്ലാതെ മരിച്ചു പോയോരെപ്പറ്റി ആരോപണം പറയാന്‍ പാടില്ലാ...'
നാട്ടിലെ അരിവാള്‍ പാര്‍ട്ടിക്ക് മൂര്‍ച്ച കൂട്ടാന്‍ വേണ്ടി കോളനിക്കാരെ സംഘടിപ്പിക്കാന്‍ ശശീന്ദ്രന്‍ കുറെ നാളായി വിയര്‍ക്കുന്നുണ്ട്.
'ഓഹ് ഇപ്പൊ എല്ലാരും ആ തേവിടിച്ചീന്റെ ആള്‍ക്കാരായോ? ഇദ് മാന്യന്മാര്‍ക്ക് നിക്കാന്‍ പറ്റിയ പറമ്പല്ലേ... ഞാന്‍ പോണ്...'
കുടയും നിവര്‍ത്തി തിരിഞ്ഞു നടക്കും മുന്‍പ് അയാള്‍ നുരഞ്ഞുവന്ന കോപം തുപ്പിക്കളഞ്ഞു.
'ഓഹ് വല്യേ ഒരു മാന്യന്‍. അയാള് ശെരിക്കും വെളക്കിത്തലയാ... കൊറച്ച് പൈശേം പത്രാസും ഉണ്ടായപ്പോ നല്ല നായമ്മാരെക്കാള്‍ ആളായീന്നാ വിചാരം.'
ഗോപാലന്‍ നായര്‍ കൊടിത്തൂവ നക്കിയ കാല് ആഞ്ഞു ചൊറിഞ്ഞു.

'അയാള്‍ടെ മോനേംയ്ക്ക് സംശ്യം ണ്ട് ട്ടോ... നാട്ടീന്ന് ഒളിച്ചു കടത്തീതാ...'
കൂടിനില്‍ക്കുന്നവര് മോഹനചന്ദ്രനെക്കുറിച്ചുള്ള കഥകളില്‍ രസം പിടിച്ചു കയറിയപ്പോള്‍ ന്നാലും ചന്ദ്രന് അപകടം പറ്റിയ നേരത്ത് ഉണ്ണിപ്പേരി എങ്ങോട്ട് സര്‍ക്കീട്ട് പോയെന്നോര്‍ത്ത് അയാള്‍ ചൊറിച്ചിലിന് ഊക്ക് കൂട്ടി.

വീര്‍ത്ത വയറും താങ്ങി അവള്‍ എല്ലാ ദിവസവും പണിക്ക് പോയിരുന്നതാണ്. ആ പോക്കുവരവ് കണ്ടുകണ്ട് അതുവരെ ഉണ്ണിപ്പേരിയുടെ തലവട്ടം കാണുമ്പോള്‍ മൂട് തിരിഞ്ഞു നിന്നിരുന്ന കുടുംബപ്പെണ്ണുങ്ങളുടെപോലും മനസ്സലിഞ്ഞു പോയി.
'ഉണ്ണിപ്പെര്യേ അനക്കീ അലച്ചില് നിര്‍ത്താനായില്ലേ?'
'ഉണ്ണിപ്പെര്യേ, ഉള്ളീന്ന് ആളനക്കം ഒക്കെ ണ്ടല്ലോല്ലേ' എന്നുമൊക്കെ ചോദിച്ചും പറഞ്ഞും ഒന്‍പതാം മാസം ആയപ്പോളേക്കും പെണ്ണുങ്ങള് ഊച്ചിക്കെറുവെല്ലാം നുള്ളിക്കളഞ്ഞു. 

'ഇദ് ആങ്കുട്ടിന്നേണ്. പള്ള താഴ്ത്തിക്ക് തൂങ്ങണത് നോക്കിന്‍. പെണ്ണാണെങ്കില്‍ ബലൂണ് പോലെ പൊന്തും. ആങ്കുട്ട്യാക്ക് വെപ്രാളാ. എളുപ്പത്തില് ചാടിങ്ങട്ട് പോരാന്‍ നോക്കും.'
തീയന്‍ തെങ്ങില്‍നിന്നും വീണു മരിച്ച സങ്കടത്തില്‍ കഴിയുന്ന സരോജിനി ഉണ്ണിപ്പേരിയുടെ വയറില്‍ തൊട്ടും പിടിച്ചും കുട്ടിയുടെ കിടപ്പുവശം ഗണിച്ചെടുത്തു.
ഏഴുമാസം കടന്നുകൂടിയാല്‍പ്പിന്നെ വയറ്റില്‍ കിടക്കുന്നത് ആണോ പെണ്ണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ സരോജിനിക്ക് മിടുക്കുണ്ടായിരുന്നു. തന്ത ആരെന്ന് കൂടെ എങ്ങനേങ്കിലും ചൂഴ്ന്ന് നോക്കാന്‍ പറ്റോ എന്നവര്‍ ആവുംപോലെ നോക്കിയതാണ്.

'എവടെ? വായില് കയിലിട്ട് കുത്ത്യാ ഓള് പറയോ? ഇന്ദ്രാ ഗാന്ധി അല്ലേ ഇന്ദ്രാ ഗാന്ധി.'
വായും പൊളിച്ച് കാത്ത്‌നിന്ന അയലോക്കക്കാരോട് സരോജിനി തോല്‍വി സമ്മതിച്ചു.
അന്നാട്ടില് കഴുത്തിന് താഴേക്ക് മുടി നീളാതെ പോയ പെണ്ണ് ഉണ്ണിപ്പേരി മാത്രമായിരുന്നു. പക്ഷിമൂക്കും തൂക്കണാം കുരുവിക്കൂട് പോലെ ചുരുളന്‍ മുടിയും അവളെ മയിലൂത്തെ ഇന്ദ്രാ ഗാന്ധിയാക്കി.

കോഴിവാലു മുടിക്കാര് വരെ ഉണ്ണിപ്പെണ്ണിന്റെ ചപ്രത്തല നോക്കി മൂക്കത്ത് വിരല്‍ വെച്ചപ്പോള്‍ ഉണ്ണിപ്പേരിയുടെ അമ്മയ്ക്ക് അതൊരു കുറച്ചിലായി. മുടിയില്ലാത്ത പെണ്ണിനെ ആമ്പ്രന്നോരൊന്നും തിരിഞ്ഞുനോക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അങ്ങനെയാണ് ആധി മൂത്തവര്‍ പഴനിയാത്ര കഴിഞ്ഞുവരുന്ന പണ്ടാരംകുട്ടിയുടെ കയ്യില്‍നിന്നും കരടിനെയ്യ് വാങ്ങി പെണ്ണിന്റെ മുടിയെ ഒതുക്കാന്‍ ശ്രമം തുടങ്ങിയത്.

നെയ്യ് മണപ്പിച്ച് മയക്കിയെടുത്ത മുടിയില്‍ ചെറുകല്ലുകള്‍ കെട്ടി തൂക്കിയിട്ടു. പക്ഷേ, കല്ലുകളഴിച്ചാലുടനെ ഗുരുത്വാകര്‍ഷണ നിയമത്തെ വെല്ലുവിളിച്ചുംകൊണ്ട് മുടി പത്തിവിടര്‍ത്തി. നാല്‍പ്പതാം പിറന്നാളിന്റെ അന്ന് പടവില്ലാത്ത കിണറ്റിലേക്ക് വഴുക്കി വീണ് മരിക്കും വരെയും അതോര്‍ത്ത് അവര്‍ ദെണ്ണപ്പെട്ടു.
ഉണ്ണിപ്പേരിക്ക് പൊക്കം വെച്ചപ്പോള്‍ പക്ഷേ, മുടിക്കും അന്തസ്സായി. തോന്നിയ പോലെ മേലോട്ട് പൊങ്ങി ഇന്ദ്രാ ഗാന്ധി ആയി ഞെളിഞ്ഞുനിന്നു.
ഉണ്ണിപ്പേരിയുടെ മാസക്കുളിക്കണക്ക് ഒത്തുനോക്കുമ്പോള്‍ ഒരു രണ്ടാഴ്ച കൂടെ അങ്ങോട്ട് തള്ളിപ്പോകേണ്ടതാണ്. പക്ഷേ, മൂത്രൊഴിക്കാന്‍ കുനിയുന്ന നേരത്ത് വേദന കയറിപ്പിടിക്കും.

'അദ് കള്ള നോവാണെടീ... പെറുന്നേനു മുന്‍പ് പെണ്ണുങ്ങക്ക് ദൈവം ഒരു സാമ്പിള് തരുന്നതാ... വേദനേല് നല്ലോണം മുങ്ങ്യ പിന്നെ കുളിരില്ലല്ലോ. ന്നാലും ജ്ജ് നാളെ താലൂക്കാസ്പത്രീല് ഒന്നു പോയി നോക്കിക്കോ.'
'അത് ശരിയാ... പണ്ടത്തെ കാലല്ലല്ലോ ഉണ്ണിപ്പേര്യേ. ഇപ്പൊ നമ്മക്ക് തോന്നുമ്പോ വരെ പെറാന്‍ മരുന്നുണ്ട്. അനക്ക് ഏതേലും ഒര് ഡോക്ടറെ കാണാന്‍ പൊയ്ക്കൂടേ?'
'പെണ്ണുങ്ങടെ പേറ് ദൈവം തമ്പ്രാന്റെ ഒരു കളിയാ. കേടില്ലാതെ രണ്ടും രണ്ടു പാത്രത്തിലാകാനൊക്കെ ഒര് യോഗം വേണം...'
തലേന്ന് കണ്ടപ്പോളും മൂന്നും നാലും പെറ്റു നടു വിലങ്ങിയ പെണ്ണുങ്ങള്‍ക്ക് ഉണ്ണിപ്പേരിയുടെ സമയം തിട്ടപ്പെടുത്താന്‍ പറ്റിയില്ല.
വയറ് പൊങ്ങിത്തുടങ്ങിയപ്പോള്‍ത്തന്നെ ഉണ്ണിപ്പേരിയുമായി എടപാട് നടത്തിയവരുടെ ലിസ്റ്റ് ചിലര്‍ ഉണ്ടാക്കിയിരുന്നു.
'മുണ്ടും മാടിക്കുത്തി കോളനീലെ ചന്ദ്രന്‍ ഓള്‍ടെ പൊരേന്ന് എറങ്ങിപ്പോയിട്ടുണ്ട്...'
തൊഴുതു മടങ്ങുമ്പോള്‍ ചിലര്‍ നേരമ്പോക്ക് പറഞ്ഞു.

'ആണോ? ചന്ദ്രനെ അവടെ ആരാ പ്പോ കണ്ടേ?'
'അങ്ങനെ ചോയ്ച്ചാ കണ്ടൊരൊക്കെ ഉണ്ട്. അത്രെന്നെ.'
'അതിപ്പോ ഓനല്ലേ ഓള്‍ടെ പൊരക്ക് കല്ല് കെട്ടി പടുത്തത്? കാണാന്‍ പാടില്ലാത്ത നേരത്താരേലും കണ്ടോ?'
'ഇതിനു വല്ല നേരോം കാലോം വേണോ? ഓള് മുറീല് വിളിച്ചു കേറ്റിയാ ചന്ദ്രനെന്താ പുളിക്കോ? ഓനൊരു ആണല്ലേ?'
'അല്ലാ ഓനിപ്പോ അടത്തല്ലേ മംഗലം കയിച്ചേ? ഓന്റെ ഭാര്യക്ക് വിശേഷം ണ്ട് ന്ന് പറഞ്ഞു കേട്ട് ...'
'ഓനാള് മോശല്ലല്ലോ... ഓടി നടന്ന് ഗര്‍ഭം ണ്ടാക്കാണോ?'
'ന്നാലും ഓന്റെ ഒര് യോഗേ...'
'ഓഹ് ങ്ങള് ഓനെ രാജാവാക്ക്യോ? കണ്ട കണക്കനും കള്ളാടീം ഒക്കെ കേറി നെരങ്ങാണ്. ഇവടെ കൊറേ ആള്‍ക്കാര്‍ക്ക് കോളനി ഉണ്ടാക്കാഞ്ഞിട്ടായിരുന്നു തെരക്ക്. വീടും കെട്ടി കൊട്ത്ത്. കറണ്ടും കൊടുത്ത്. പോരാഞ്ഞിട്ട് പഞ്ചായത്ത് വക ഒര് കൊളോം. അവടെ പെണ്ണുങ്ങളൊക്കെ കൂടി തിരുമ്പലും കുളീം പരദൂഷണം പറച്ചിലും ആണ്...'
'ഓള്‍ടെ ആങ്ങളമാര് പഴം മിണുങ്ങി ഇരിക്കാണോ? ഓള് കൊറേ നാളായി അഴിഞ്ഞാടി നടക്കേണ്. അല്ലേലും പെണ്ണുങ്ങളെ നെലയ്ക്ക് നിര്‍ത്താന്‍ ഇന്നാട്ടിലെ ആണുങ്ങക്ക് മിടുക്കില്ലല്ലോ...'
പറഞ്ഞു പറഞ്ഞു സന്ധ്യാനേരത്ത് ചന്ദ്രന്‍ ഉണ്ണിപ്പേരിയുടെ മുറ്റത്ത് ഉദിച്ചത് അറിയാത്തവര്‍ ആരുമില്ലാതായി. ആരൊക്കെയോ പിരികയറ്റിയപ്പോള്‍ ഉണ്ണിപ്പേരിയുടെ ആങ്ങളയുടെ പൊടിമീശക്കാരന്‍ മകന്‍ ബാബുമോന്‍ അയാളെ പുരയില്‍ കേറി തല്ലി.

'പൊലയാടി മോനെ... നിര്‍ത്തിക്കോ അന്റെ സഹായോം എടപാടും. ഞങ്ങള്‍ടെ വളപ്പില്‍ കേറിയാല് കൊടല് ഞാന്‍ പൊറത്തെടുക്കും...'
'ദെയ്‌വങ്ങളാണേ സത്യം. ഓല് *ഞൌഞ്ഞിക്കൂട്ടാന്‍ കൊണ്ടെകൊട്ക്കാന്‍ പോയതാ... ന്നെപോലൊരു പെണ്ണല്ലേ പൂതിണ്ടാവും ന്നും പറഞ്ഞു ഞാനാ കൊടുത്തയച്ചേ...'
വയറ്റിലുള്ള സുമതി നെലോളിച്ചു.

'ന്ന്ട്ട് ഓന് അയ്‌നെക്കുറിച്ച് തൊള്ള തൊറക്കണില്ലല്ലോ...'
ഒച്ചയും വിളിയും കേട്ട് കോളനിയില്‍ ആള് കൂടുന്നത് കണ്ടപ്പോള്‍ ബാബുക്കുട്ടന്റെ ആവേശം കെട്ടു. അവന്‍ കണ്ട വഴിയിലൂടെ ഓടി. 
ചേറില്‍ ചോരവീഴ്ത്തി കിടക്കുമ്പോള്‍ ചന്ദ്രന് കുഞ്ഞിപ്പേരിയെ ഓര്‍മ്മവന്നു. പണ്ടൊരിക്കല്‍ പാടവരമ്പിന്റെ ഉറവില്‍ ഒട്ടിക്കിടക്കുന്ന ഞൌഞ്ഞികളെ പിടികൂടാന്‍ നോക്കുമ്പോളാണ് അവള്‍ ലോഹ്യം കൂടാന്‍ വന്നത്. കാക്കാപ്പുള്ളി കൊണ്ടാണ് മൂക്കുത്തി.
 
'പാവങ്ങള്‌ടെ എറച്ചിക്കൂട്ടാനാ... ഇദ് ജാതീല്‍ മുന്ത്യോരൊന്നും തൊടൂല...'
തിളച്ച വെള്ളത്തിലിട്ടു കൊന്ന ഞൌഞ്ഞികളെ, മല്ലിയും മൊളകും അമ്മീലിട്ട് ചതച്ച്, ചീരുള്ളി വറവിട്ട് വറ്റിക്കുന്ന വിധം പറഞ്ഞുകൊടുത്തതും ഞൊടിനേരം കൊണ്ട് ഉടുമുണ്ടിന്റെ വാവട്ടത്തിലേയ്ക്ക് അവള്‍ കൊറേയെണ്ണത്തിനെ പിടിച്ചിട്ടു. അല്പം വളഞ്ഞു നില്‍ക്കുന്ന അവളുടെ മുണ്ടിനുള്ളില്‍ ന വട്ടത്തില്‍ ചന്തി വിരിയുന്നതും കൂമ്പുന്നതും ചന്ദ്രന്‍ കണ്ടു. നോക്കിനില്‍ക്കെ, അവള്‍ മരനിഴലുകളെ തൊട്ടും തൊടാതെയും ഒരു വാല്‍നക്ഷത്രം പോലെ പാഞ്ഞുപോയി.
പല്‍പ്പനാഭന്‍ നായരും പടയും പടികേറി വന്നപ്പോള്‍ ഉണ്ണിപ്പേരി ഞൌഞ്ഞികളെ തിളച്ച വെള്ളത്തിലേക്ക് പെറുക്കി ഇടുകയായിരുന്നു. മൂന്നാം മാസത്തിലെ ഗര്‍ഭശിയാണ്.

കോളനിയെ ചാരിയാണ് മൂന്ന് സെന്റിന്റെ കിടപ്പ്. വീട് കെട്ടാന്‍ വേണ്ടി ആങ്ങളമാരോട് അടികൂടി വാങ്ങിച്ചതാണ്. ചോറിനൊപ്പം പൊട്ടിച്ചിടാന്‍ കാന്താരിയും രണ്ടു മൂട് പൂളയും വെള്ളത്തിലിട്ട് ആറ്റിക്കുടിക്കാന്‍ കൂവയും അല്പസ്വല്പം മണം പരത്താന്‍ ഗന്ധരാജനും ഉണ്ടമുല്ലയും നട്ടപ്പോളേക്കും തൊടിക തീര്‍ന്നു.
ചുറ്റും മുളവേലി കെട്ടി അമ്മായിയെ പുറത്താക്കിയ ബാബുക്കുട്ടനാണ് ഉണ്ണിപ്പേരിയുടെ കണ്ണില്‍ ആദ്യം പെട്ടത്. കൂട്ടത്തില്‍ ഞെളിഞ്ഞുനില്‍ക്കുന്നു.
ജനിച്ചപ്പോളേ ചെക്കന്‍ ദീനക്കാരനായിരുന്നു. തള്ളേടെയുള്ളില്‍നിന്നും വലിച്ചെടുക്കുമ്പോള്‍ വയറ്റാട്ടി സരോജിനിക്ക് സമയക്കണക്ക് തെറ്റി. ഉള്ളിലെ വള്ളി ചുറ്റി ഒരു ഭാഗം ചതഞ്ഞ മട്ടായിരുന്നു. ഉണ്ണിപ്പേരിയാണ് ഉഴിഞ്ഞു കുളിപ്പിച്ച് അനക്കം വെപ്പിച്ചത്. അവന് ഒന്നര വയസ്സ് തെകയും മുന്‍പേ നാത്തൂന്‍ അടുത്തതിനുള്ള ഛര്‍ദ്ദി തുടങ്ങിയിരുന്നു. ഉണ്ണിപ്പേരിയെ അള്ളിപ്പിടിച്ചായിരുന്നു പിന്നെ ചെക്കന്റെ കെടത്തം. ഉറക്കത്തില്‍ പാല് കുടിക്കുന്ന സൂക്കേടുണ്ടായിരുന്നു. ഇരുട്ടത്ത് തപ്പിത്തപ്പി മൊലയില്‍ കടിക്കും. ഉണ്ണിപ്പേരി ബ്ലൗസിന്റെ കുരുക്ക് മെല്ലെ അയച്ചുകൊടുത്തു അനങ്ങാതെ കെടക്കും.
ഉണ്ണിപ്പേരി മുറ്റത്തെ ആളുകളോട് ചിരിച്ചു കാണിച്ച് അയയില്‍ കിടന്ന തോര്‍ത്തെടുത്ത് വയറിന് വിലങ്ങനെ ഇട്ടു. 
'ഇദിപ്പോ അന്റെ മാത്രം കാര്യല്ല. നാട്ടിലിങ്ങനെ ഓരോന്ന് നടക്കുമ്പോ ഇവിടുള്ളോര്‍ക്ക് മാറി നിക്കാന്‍ പറ്റൂല്ലല്ലോ...'
പല്‍പ്പനാഭന്‍ ഉമ്മറത്തേക്ക് കയറാന്‍ തുടങ്ങിയിട്ട് എന്തോ ഓര്‍ത്തിട്ട് വേണ്ടെന്ന് വെച്ചു. 

'ആരാന്നു വെച്ചാ ഇപ്പൊ പറഞ്ഞോ. ഇന്നെന്നെ കല്യാണം അങ്ങട്ട് നടത്തിത്തരും...'
കള്ളുവിറ്റു പ്രമാണിയായ ചോലയില്‍ വാസുവിന് വെട്ടൊന്നിനു മുറി രണ്ടാക്കണമെന്ന് നിര്‍ബ്ബന്ധമാണ്.
'തീയന്മാര് കൂടെ കെടന്ന കാലത്തൊന്നും പെറാത്തോളാണ്. മാഞ്ഞാളം നിര്‍ത്തീട്ട് കാര്യം പറ. അന്നെ പെഴപ്പിച്ചോനാരാ?'
മഞ്ചേരി കോടതിയില് ഫയലിലെ പൊടി തട്ടുന്ന പണിയാണ് ആണ്ടിക്കുഞ്ഞന്. 
'ന്നെ പെഴപ്പിച്ചൂന്നു ങ്ങക്ക് ആരാ കേസ് തന്നെ?'
ഉണ്ണിപ്പേരി കല്‍പ്പടവില്‍ അമര്‍ന്നിരുന്ന് മുണ്ടിന്റെ കോന്തലച്ചെപ്പ് തുറന്നു. വെറ്റിലയുടെ ഞരമ്പുകളിലൂടെ നൂറ്‌കൊണ്ട് വെള്ള വരച്ചു.
'ഹമ്പടീ... അണക്ക് പിന്നെ ദിവ്യ ഗര്‍ഭാണോ?'
പല്‍പ്പനാഭന്റെ ചിരി നാട്ടുകാര്‍ ഏറ്റെടുത്തു.
'ആ നായരേ... ങ്ങളെ കണ്ടപ്പോളാ ഓര്‍ത്തെ... ങ്ങടെ ചന്ദ്രന്‍മോന് ഞാന്‍ ഒരൂട്ടം എടുത്ത് വെച്ചിട്ടുണ്ട്...'
ചിരി നിന്നു. 

പല്‍പ്പനാഭന്‍ ചാവടിയന്തിരം നടത്താന്‍ പുതുക്കോടി വാങ്ങി വെച്ചിട്ടും ഒറ്റശ്വാസത്തില്‍ തൂങ്ങിക്കിടക്കുന്ന നായരമ്മയെ നോക്കലായിരുന്നു കുറച്ചു നാള് ഉണ്ണിപ്പേരിയുടെ പണി. മൂത്രോം തീട്ടവും കോരണം. കെടത്തിത്തന്നെ കുളിപ്പിക്കണം. അടുക്കളപ്പണി കൂടെ ആവാമെന്ന് നായരച്ചിക്ക് മോഹം ഉണ്ടാരുന്നു.
'യ്ക്ക് വെച്ചുണ്ടാക്കാനൊന്നും ഇഷ്ടല്ല. പള്ളേ പയ്ക്കുമ്പോ നാല് കൂട്ടം അരച്ചും കലക്കീം ഇണ്ടാക്കണ നേരത്ത് ഒര് കാന്താരി അങ്ങട്ട് പൊട്ടിച്ച് ഉപ്പും കൂട്ടി തിന്നാ പോരേ?'
ഉണ്ണിപ്പേരിന്യായം കേട്ട് വീട്ടുകാരി വാ പൊളിച്ചു.
ഉണ്ണിപ്പേരി മുറിയടിച്ചു വാരുമ്പോളാണ് മോഹനചന്ദ്രന് എല്ലില്‍ കുത്തിയത്. അപ്പോള്‍ത്തന്നെ ഈര്‍ക്കില്‍ ചൂലിന്റെ അറ്റം വെച്ച് ഉണ്ണിപ്പേരി ഒരു പ്രയോഗം നടത്തി. നായര്‍ച്ചന്ദ്രനന്ന് തുടങ്ങിയതാണ് മൂത്രം പോകുമ്പോ ഒരു വല്ലാത്ത ശങ്ക.
'അതെന്താ ആ ചെക്കനായിട്ട് അണക്ക് എടപാട്?'
ആണ്ടിക്കുഞ്ഞന്‍ കിട്ടിയ തുമ്പില്‍ തൂങ്ങി.
പല്‍പ്പനാഭന്‍ തുപ്പലിറക്കി.

'ആ... ആ... അദ് കൂവപ്പൊടി അല്ലേ... അത് ഉണ്ണിപ്പേരി ന്നെ അങ്ങട്ട് പുഴുങ്ങി തിന്നോ... ചാണകം ചാര്യാ മ്മളെ കൂടെ നാറും ന്ന് കേട്ടിട്ടില്ലേ... ഞാന്‍ പോണ്...'
അയാള്‍ കുടയുടെ കൊമ്പ് പിടിച്ചു കുലുക്കി തിരിഞ്ഞു നടന്നു.
'അല്ല ഉണ്ണിപ്പേര്യേ ദിവ്യ ഗര്‍ഭം ന്നൊക്കെ പറയുമ്പോ...'
'ആ പുരാണത്തില് ആവാങ്കില് ക്കും ആവാം. ഞാന്‍ കുട്ടീനെ ഇണ്ടാക്കിക്കോളാം ങ്ങള് ആവുമ്പോലെ തന്തമാരെ ഇണ്ടാക്കിന്‍...' 
ഉണ്ണിപ്പേരി മുറുക്കിക്കൂട്ടിയത് വായിലിട്ട് കൊഴുപ്പിച്ച് ആഞ്ഞൊന്നു തുപ്പി. തുപ്പല് തെറിച്ചത് തുടച്ച് ഓരോരുത്തരായി മുറ്റം കാലിയാക്കി.
അപ്പോള്‍ പിരിഞ്ഞുപോയെങ്കിലും ഇരിക്കപ്പൊറുതിയില്ലാത്ത പലരും പിന്നെയും ഉണ്ണിപ്പേരിയുടെ വേലിക്കല്‍ മണം പിടിച്ചു നടന്നു.
'ഓള്‍ടെ പഴേ തീയന്‍ അവടെ ചുറ്റി നടക്കണത് ശരിയാണോ കുഞ്ഞുമാന്യേ?'
പാടവരമ്പില്‍ കേറിനിന്ന് നെഞ്ച് വിരിച്ച് പല്‍പ്പനാഭന്‍ വീണ്ടും മജിസ്‌ട്രേറ്റായി.
'ഓന്‍ ഓളെ കൊറേ കൊല്ലം മുന്‍പ് കാര്യം തീര്‍ത്തതല്ലേ...'
ഞാറ് നടുന്നവര്‍ ചിലപ്പ് നിര്‍ത്തി അയാളെ നോക്കി.

'ആരാ തങ്കനോ? ഓനൊരു കാളക്കൂറ്റനാ. ങ്ങള് വെറുതേ ഓന്റെ വായിലു കയിലിട്ടിളക്കണ്ട...'
രണ്ടു കെട്ടിയതാണ് ഉണ്ണിപ്പേരി. അതിന്റെ ചൂടും ചൂരും വിടുന്നേനു മുന്‍പ് തന്നെ കെട്ടുവിടലും കഴിഞ്ഞു.
ഉണ്ണിപ്പേരിയുടെ അച്ഛന്‍ കുഞ്ഞിക്കോരന്റെ കൂടെ പന ചെത്ത് പഠിക്കാന്‍ കൂടിയതായിരുന്നു തങ്കന്‍. മിണ്ടാട്ടം കുറവാണെങ്കിലും കാണാന്‍ യോഗ്യനായിരുന്നു. കഴുത്തിന് താഴേക്ക് വളര്‍ന്ന മുടികള്‍ അയാള്‍ മരത്തില്‍നിന്നും ചാടിച്ചാടി ഇറങ്ങുന്ന താളത്തില്‍ കുതിരവാല്‍പോലെ തുള്ളും.
തിരണ്ടു കല്യാണം കഴിഞ്ഞ ഉടനെ കൊഴുത്തുരുണ്ട ഉണ്ണിപ്പേരിയെ അയാള്‍ വന്ന് ചെമ്പക്കുത്തിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. മരങ്ങളില്‍ പിടിച്ചു കേറി അയാളുടെ മസിലുകള്‍ പാറക്കല്ലായിരുന്നു. തെങ്ങുപോലെ നീണ്ടുപോയിട്ടും തല കുമ്പിട്ട് നടക്കുന്നതാണ് ശീലം. അത് ഇടത്തെ കോങ്കണ്ണ് കാണാതെ ഇരിക്കാനാണെന്ന് കെട്ടും കഴിഞ്ഞു മോരിലെ പുളിയും കെട്ടിട്ടാണ് ഉണ്ണിപ്പേരി അറിഞ്ഞത്.

കൂടുതലൊന്നും കാണാന്‍ അവള്‍ക്ക് പറ്റും മുന്‍പേ അയാള്‍ മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി നാട് മുഴുവന്‍ രാത്രിയാക്കി. പുതുപ്പെണ്ണിന്റെ നാണം കീറിക്കളഞ്ഞു. കയറു പൊട്ടിയ കാളയെപ്പോലെ കേറിമേഞ്ഞു. ചോര തെറിപ്പിച്ചു. 

പേടിച്ചു നെലോളിച്ച രാത്രി പൊലര്‍ന്നപ്പോളാണ് ഉണ്ണിപ്പേരിക്ക് വീടിന്റെ കെടപ്പ് തിരിഞ്ഞത്. കുന്നിന്റെ മോളിലൊരു ഓലക്കൂര. ഒരു മൈല്‍ കുത്തനെ ഇറങ്ങി വന്നാല്‍ കാണുന്ന കയ്പ്പങ്ങക്കണ്ടത്തിലാണ് ഏത്തക്കോരി. കിണറിന് കുറുകെയിട്ട മുളവടിയില്‍ തൂങ്ങിനിന്ന് വെള്ളം പാളത്തൊട്ടിയില്‍ കോരി വലിച്ചു ഞെളുങ്ങിയ കുടത്തിന്റെ വായിലേക്ക് ഒഴിച്ചപ്പോള്‍ തന്നെ ഉണ്ണിപ്പേരി കിതച്ചു. ഒതുക്കം വന്നിട്ടില്ലാത്ത ഊരയില്‍ കുടത്തെ ചാരിവെച്ച്, വെട്ടുകല്ല് ചെത്തിയെടുത്ത വഴിയിലൂടെ തൊട്ടാവാടിക്കുത്തും കൊണ്ട് വലിഞ്ഞുകേറി വന്ന ഉണ്ണിപ്പേരി പൊത്തോന്ന് മുറ്റത്ത് തല മിന്നി വീണു.
വീണ തക്കത്തില് കുടക്കഴുത്തിലൂടെ വെള്ളമൊഴുകി മുറ്റത്ത് പരന്നു.

മകന്റെ മംഗലം പ്രമാണിച്ച് തങ്കന്റെ തള്ള ചില്ല മുറ്റമെല്ലാം കൊത്തിക്കിളച്ച്, പാടത്തെ മണ്ണ് വെള്ളവും കൂട്ടി കുഴച്ച്, ഉണ്ടകളാക്കി പാകി, കൊട്ടുവടി കൊണ്ട് അടിച്ച് നിരപ്പാക്കി, കൈകൊണ്ട് തേമ്പി മിനുസം വരുത്തി ചാണകം മെഴുകി തിളക്കം കൂട്ടിയിരുന്നു.
മരുമോളെ തൊള്ളേല്‍ തോന്നിയ തെറിയും പറഞ്ഞോണ്ട് പാഞ്ഞുവന്നതാണ്. പെണ്ണിനെ താങ്ങിയപ്പോളാണത് കണ്ടത്. തുടയിലും കൊല്ലിയിലും മൊലയിലുമെല്ലാം ഞണ്ടിറക്കിയ പാട്.

രാത്രി ഷാപ്പിലെ കള്ള് എടുത്തു കൊടുക്കല്‍ കഴിഞ്ഞു കയറിവന്ന തങ്കനോട് ചില്ല ചീറി.
'മൊട്ടേന്ന് വിരിയുന്നേന് മുന്നെ തിന്നാന്‍ പിടിച്ചുകൊണ്ടെന്നേക്കണ്... ഓളെ നാളെത്തന്നെ പൊരേല്‍ കൊണ്ടാക്ക്.'
പക്ഷേ, പന്ത്രണ്ടു ദിവസം കഴിഞ്ഞു മദം കെട്ടപ്പോളാണ് തങ്കനവളെ തിരിച്ചയച്ചത്.
വീട്ടിലെത്തി നടു നിവര്‍ത്തും മുന്‍പേ ആങ്ങളമാര് പച്ചക്കറിക്കാരന്‍ വേലായുധന് പിടിച്ചു കൊടുത്തു. ആദ്യ ഭാര്യ ഫ്യൂരഡാന്‍ തിന്ന് മരിച്ചതിനുശേഷം മൂന്ന് മക്കളെ നോക്കാന്‍ ആളെ തെരഞ്ഞു നടക്കുകയായിരുന്നു അയാള്‍.
വെകിളി വേലായുധന് രാത്രിയെന്നോ പകലെന്നോ ഇല്ല.

വേലായുധന്‍ മീതെ. ഉണ്ണിപ്പേരി താഴെ. വേലായുധന്‍ മീതെ. ഉണ്ണിപ്പേരി താഴെ.
ഫ്യൂരഡാന്‍ തിന്നാന്‍ നില്‍ക്കാതെ ഒരാഴ്ചക്കുള്ളില്‍ ഉണ്ണിപ്പേരി പായ മടക്കി.
കൊല്ലം കൊറേ കഴിഞ്ഞാണ് തങ്കന് പിന്നെ മയിലൂത്തില്‍ കാല് കുത്തുന്നത്. കട്ടതും കുത്തി കൊടലെടുത്തതും പെണ്ണു പിടിച്ചതും ഒക്കെയായി പൊലീസും കേസുമായി നടന്നോണ്ട് മുറ്റ് ലേശം കൂടിയെങ്കിലേ ഉള്ളൂ.
'അല്ലെങ്കിത്തന്നെ ഓളെ കെട്ടിയ അധികാരം ഓന്ണ്ടല്ലോ... കാര്യം തീര്ത്താലും ആണുങ്ങക്ക് അതൊക്കെ ആവാം.'
കള്ളുഷാപ്പിലിരുന്ന് മസാല ഞണ്ടിനെ പൊക്കിയെടുത്ത് കാല് വിടര്‍ത്തി ആക്രാന്തത്തോടെ കടിച്ചു കീറുന്ന തങ്കന്റെ മട്ടും മാതിരിയും കണ്ടപ്പോള്‍ത്തന്നെ പല്‍പ്പനാഭന്‍ കളം മാറ്റിച്ചവുട്ടി.

ചെമ്പക്കുത്തില്‍ ബസിറങ്ങി അടയ്ക്കാത്തോട്ടവും കൈതവേലിയുള്ള തോടും കഴിഞ്ഞപ്പോഴാണ് ഉണ്ണിപ്പേരിക്ക് പണ്ട് വന്ന വഴി ഒരുവിധം പിടുത്തം കിട്ടിയത്. ഇനിയാണ് കുത്തനെയുള്ള കയറ്റം.
പെറുന്നതിനുള്ള മുന്‍പ് ഉള്ളിലുള്ളതെല്ലാം തീര്‍ക്കണമെന്നാണ്. കൊതിയായാലും വെറി ആയാലും.

ചെളി വന്നടഞ്ഞ പാതിക്കിണറിന്റ മീതെ മുളകൊണ്ടുള്ള ഏത്തംകോരി കണ്ടു. പത്തു പതിനഞ്ച് കൊല്ലം മുന്‍പ് കുടമേറ്റി പോയ പതിമ്മൂന്നുകാരിയുടെ പെടപ്പും കെതപ്പും ഓര്‍മ്മ വന്നു.
കുറച്ച് വെള്ളം കോരിയെടുത്ത് കൊല്ലി നനച്ചു. നനവ് വറ്റും മുന്‍പ് 'കൊറച്ച് നേരം അടങ്ങിയിരിക്ക് ചെക്കാ'ന്ന് വയറിലുഴിഞ്ഞു.
ചേറുപാടത്തിന്റെ വക്കത്ത് ഞണ്ടുകളുടെ കൂത്താട്ടം. അങ്ങട്ട് ചെല്ലുമ്പോളേക്കും ഇങ്ങട്ട് കേറി കടിക്കണ ജീവിയാണ്. പൊറകില്‍ വരെ കണ്ണുണ്ട്. കൂട്ടത്തില്‍ കൂടുന്ന സ്വഭാവവുമില്ല.

കോളനീലെ ചെക്കന്മാരാണ് സൂത്രം പറഞ്ഞു തന്നത്. പൊറകിലെ വാല് നോക്ക്യാ മനസ്സിലാവും. ആണുങ്ങക്ക് പള്ളയ്ക്ക് നേരെ വാല് മടങ്ങിക്കെടക്കും. പെണ്ണുങ്ങക്കാണ് കൊറച്ചൂടെ വിസ്താരവാല്. ഗര്‍ഭക്കുഞ്ഞുങ്ങളെ വെയ്ക്കാനാണ്. അയ്റ്റങ്ങളെ വെറുതെ വിടണം. 'കുടുംബം മുടിച്ചാ പ്രാക്ക് പള്ളേല് കേറും...' 
മിന്നല്‍ വേഗത്തില്‍ പിന്നിലൂടെ ചെന്ന് ടപ്പേന്ന് കാര്യം നടത്തണം. ചൂണ്ടുവിരല് കൊണ്ട് പൊറത്ത് ഒന്നമര്‍ത്തീട്ട്, രണ്ടു ഭാഗത്തും പിടിച്ച് പൊന്തിക്കണം. കൊടിലിനുള്ളില്‍ വെരല്‍ കുടുങ്ങിയാല്‍ പോയി കാര്യം. കൊടില്‍ക്കാലിന് തൊട്ടുമീതെ കക്ഷത്തിലാവണം വെരല് മുറുക്കേണ്ടത്. അനങ്ങാന്‍ പറ്റൂല്ല. 
അതിപ്പോ നമ്മളെക്കാളും തടിമിടുക്കുള്ള മനുഷമ്മാരായാലും ഓല്‍ക്ക് ഒര് വീഴ്ച സ്ഥാനം ണ്ടാവും. അവടെ നോക്കി വേണം പിടി മുറുക്കാന്‍.
ചെങ്കല്ല് കടിക്കുന്ന കുന്നുവഴി കേറി പടിക്കലെത്തിയപ്പോളേയ്ക്കും രണ്ടാംമഴയ്ക്ക് വേണ്ടി മാനം കറുത്തിരുണ്ടു തുടങ്ങി.
തങ്കന്റെ ഓള്, കറുമൂസത്തണ്ടിന്റെ തടിയുള്ളോള്, തെങ്ങിന്‍ച്ചോട്ടിലെ കുടത്തില് വെള്ളം പാര്‍ന്നിട്ട് കേറിപ്പോയി.

ഓള്‍ടെ മോളെയാണ് അയാള്‍ തൊട്ടും പിടിച്ചും ചാവാനാക്കിയത്. കേസും കൊണ്ട് ആള്‍ക്കാര് വന്നപ്പോ പെണ്ണ് പറങ്ക്യാവില് തൂങ്ങി നിക്കേണ്. തങ്കനാണെങ്കില്‍ പനേന്ന് ഊരിപ്പോണേക്കാള്‍ എളുപ്പത്തില്‍ തടി കയ്ചിലാക്കി.
അതും കഴിഞ്ഞാണ് ഉണ്ണിപ്പേരി അങ്ങാടീന്ന് സാധനോം വാങ്ങി വരുമ്പോള്‍ പിന്നാലെ കൂടിയത്.
'പയ്യിന്റെ മാതിരി കൊഴുപ്പ് പിടിച്ചിട്ടുണ്ടല്ലോടീ...'
ഇടവഴിക്കുടുക്കില്‍ എത്തിയപ്പോള്‍ അയാള്‍ കയ്യില്‍ കേറി പിടിച്ചു.
'ന്നെ കാണുമ്പോ അണക്കെന്താ ഒരു പാച്ചില്...? ആ കണക്കനെ മാത്രേ ജ്ജ് തൊടീക്കൊള്ളോ?'
കൊല്ലം കൊറെ തേഞ്ഞുമാഞ്ഞു പോയിട്ടും പനങ്കുറ്റി മാതിരിയുള്ള അയാളെ കണ്ടപ്പോള്‍ ഉണ്ണിപ്പേരിയുടെ ഉള്ളില് വെറ പാഞ്ഞു.
തീ കൊണ്ട് കുത്ത് കിട്ടിയ മാതിരി പഴേ മുറിവുകള്‍ പൊകഞ്ഞു. വീട്ടിനുള്ളില്‍ പതുങ്ങിയിട്ടും അത് മാറീല്ല. ഇരുട്ടത്ത് മണം പിടിച്ച് അയാള്‍ പിന്നേം വന്നു.
'ഓന് അന്നെ ഇനി ഒറ്റയ്ക്ക് ജീവിക്കാന്‍ സമ്മയ്ക്കും ന്ന് യ്ക്ക് തോന്നണില്ല...'
ഉണ്ണിപ്പേരിയുടെ ഓലവാതില്‍ മാറ്റി മുളങ്കമ്പ് വെച്ചുകെട്ടുമ്പോള്‍ ചന്ദ്രന്‍ വ്യസനപ്പെട്ടു.

ഉച്ചമയക്കം കഴിഞ്ഞു മേലാകെ എണ്ണ തൊട്ടു പുരട്ടിക്കൊണ്ട് തങ്കന്‍ പൊരേന്ന് ഇറങ്ങി വന്നപ്പോള്‍ ഉണ്ണിപ്പേരി ചെമ്പരത്തിപ്പൊന്തയ്ക്ക് മറവില്‍ മൂടുറപ്പിച്ചു. ചുറ്റിലും തോന്നിയ മാതിരി പൂത്തും വിടര്‍ന്നു നില്‍ക്കുന്ന ചെടികളുടെ ഇരുട്ടു മറവ് നല്ലോണമുണ്ട്.
അയാള്‍ തെങ്ങിന്റെ ചോട്ടിലേയ്ക്ക് നടന്നു വരണ വരവില്‍ ഊരയില്‍ ചുറ്റിയ തോര്‍ത്ത് ഊരി ചെടിക്ക് മീതെയ്ക്കിട്ടു. അതിരാവിലെ ചന്ദ്രന് മീതെ ഒടിപ്രയോഗം നടത്തിയതിന്റെ ഓര്‍മ്മ മൂളിപ്പാട്ടായി പുറത്ത് ചാടി.

വേഗത്തിലാണ് കാര്യം. ഉണ്ണിപ്പേരി പ്ലാസ്റ്റിക് കീസില്‍നിന്നും ഭീമന്‍ ഞണ്ടിനെ തൂക്കിയെടുത്ത് മുന്നോട്ടാഞ്ഞു. കോപ്പയെടുക്കാന്‍ കുനിഞ്ഞതാണ് തങ്കന്‍. കൊടില്‍ക്കാലിനുള്ളില്‍ ജീവന്‍ കുടുങ്ങി.

എന്താണെന്ന് തിരിച്ചറിയും മുന്‍പേ ചേറിന്റെ ഉരുളകള്‍ കണ്ണുകളെ ഉന്നം വെച്ച് കല്ലുവേഗത്തില്‍ പാഞ്ഞു വന്നു. അടിതെറ്റിയ അയാള്‍ടെ മുക്രയിടലില്‍ രസം പിടിച്ച് ഉണ്ണിപ്പേരി ഇറുക്കു സംഘത്തെ ഒന്നൊന്നായി ഇറക്കിവിട്ടു. 
കാര്യം കഴിഞ്ഞപ്പോള്‍ ഉണ്ണിപ്പേരി ഉറപ്പിച്ചു. ഇന്നെന്നെ പെറണം.

ഒരുവിധം വീട്ടില്‍ എത്തിപ്പെട്ടപ്പോളേക്കും ഉള്ളില്‍ ഉരുള്‍പൊട്ടി തുടങ്ങിയിരുന്നു.
കടച്ചില്‍ വേദന അടിവയര്‍ തുരന്ന് താഴേക്ക് ചാല് കീറിയപ്പോള്‍ അവള്‍ ചുമരിന്റെ മീതേയ്ക്ക് രണ്ടു കാലും പൊന്തിച്ചുവെച്ച്, കൊല്ലി കാറുംവരെ നിലവിളിച്ചു.
വേദനയുടെ ഊക്കിലുള്ള പാച്ചില്‍. കെതപ്പ്.
എടത്തോട്ടും വയ്യ, വലത്തോട്ടും വയ്യ.
പള്ളയുടെ അടീന്റടീല് വരെ കൊളുത്തിപ്പിടിച്ചാണ് ആനത്തിര ഉരുണ്ടുകയറുന്നത്.
മലര്‍ന്നു കിടന്ന് ഉണ്ണിപ്പേരി മുക്കി.

ചന്ദ്രനെ കൊന്നവന്‍ ഓടിമറഞ്ഞുപോയ കഥ കേട്ടു മടങ്ങും വഴി പൊലീസുകാര്‍ ഉണ്ണിപ്പേരിയുടെ വാതിലില്‍ ഒന്ന് മുട്ടി നോക്കി. 'ഓള്‍ക്ക് എല്ലാം അറിയാം. പക്ഷേങ്കില് ഓള്‍ടെ തൊള്ളേ കയിലിട്ട് കുത്ത്യാ ഓള് മിണ്ടോ? ഇന്ദ്രാ ഗാന്ധി അല്ലേ ഇന്ദ്രാ ഗാന്ധി.'
ആളനക്കം കാണാഞ്ഞപ്പോള്‍ കൂടെ വന്ന നാട്ടുകാരും മടങ്ങി. അപ്പോളേക്കും ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത അവിടെ ഭൂകമ്പം ഉണ്ടാക്കിത്തുടങ്ങിയിരുന്നു.
ബോധം തെളിഞ്ഞ ഉണ്ണിപ്പേരി കൈ നീട്ടി മെടഞ്ഞോലച്ചുമരില്‍ ഒരു ഓട്ടയുണ്ടാക്കി. മഴക്കാറിനുള്ളില്‍നിന്നും അപ്പോള്‍ പുറത്തുചാടിയ ചന്ദ്രന്റെ വെളിച്ചം കറുമ്പന്റെ മുഖത്ത് വന്നുദിച്ചു. 

*ഞൌഞ്ഞി/ഞവണിക്ക/നത്തയ്ക്ക, ഒച്ച് വര്‍ഗ്ഗത്തില്‍പ്പെട്ട കട്ടിയുള്ള പുറന്തോടും അകത്ത് മാംസവും ഉള്ള ജലജീവി. പാടങ്ങളില്‍ സുലഭമായിരുന്ന പാല്‍ഞണ്ടും ഞൌഞ്ഞിയുമായിരുന്നു ഒരുകാലത്ത് മലബാറിലെ ദളിതരുടെ പട്ടിണിക്കാലത്തെ വിശിഷ്ട ഭോജ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com