'മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന'- പി.എഫ്. മാത്യൂസ് എഴുതിയ കഥ

കാലങ്ങള്‍ക്കുശേഷം കുറച്ചൊക്കെ ലോകം കണ്ടും കേട്ടും മടുത്ത് അതേ വീട്ടിലേക്കുതന്നെ അയാള്‍ മടങ്ങിവന്നു
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക


    
ന്തു ചെയ്താലും നിമിഷം കൊണ്ടതു പാപമായിത്തീരുന്ന ഒരു വീട്ടിലാണ് അയാള്‍ ജനിച്ചത്. 

കാലങ്ങള്‍ക്കുശേഷം കുറച്ചൊക്കെ ലോകം കണ്ടും കേട്ടും മടുത്ത് അതേ വീട്ടിലേക്കുതന്നെ അയാള്‍ മടങ്ങിവന്നു. യാത്ര തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു മടക്കത്തെക്കുറിച്ചുള്ള ചിന്തകളൊന്നുമില്ലാതിരുന്നതിനാല്‍ യുദ്ധത്തിനായി ശത്രുവിന്റെ ദ്വീപിലേക്ക് എത്തിച്ച അവസാനത്തെ യാനപാത്രവും കത്തിച്ചുകളഞ്ഞ പോരാളിയുടെ മനസ്സായിരുന്നു അയാളുടേത്. അയാളേപ്പോലെ തന്നെ ചെറിയ ചെറിയ പരുക്കുകളോടെ ആ വീട് ഏതാണ്ട് അതേപടി തന്നെയുണ്ട്. അതേ നോട്ടം, അതേ ഭാവം. എല്ലായിടത്തും ഓടിനടന്ന് നിറയെ പാപം ചെയ്തിട്ടാണല്ലോടാ നീ വരുന്നതെന്ന് മന്ത്രിക്കുന്നുമുണ്ട്.   
തിണ്ണപൊട്ടിയടര്‍ന്ന് പുല്ലുമുളച്ച നിലയിലായിരുന്നുവെങ്കിലും കാലെടുത്തു വച്ചപ്പോഴേക്കും അകത്തുനിന്ന് അധികാരസ്വരം കേട്ടു:
''കാലു കഴുകിയോടാ...''
''ഇല്ല... കഴുകാം.''

ചെയ്തു കൂട്ടിയ പാപങ്ങളും കീഴടക്കിയ ലോകങ്ങളും മറന്ന് അയാള്‍ വിനയത്തോടെ പറഞ്ഞു. 
''എന്താടാ നിന്റ സ്വരത്തിനിത്രേം വല്യ കൊമ്പ്... ഞാമ്പറഞ്ഞത് നിനക്ക് പിടിച്ചില്ലേ...''
ഒന്നും മറുത്തു പറയാതെ അരമതിലിലുണ്ടായിരുന്ന കിണ്ടിയിലെ വെള്ളം കാല്‍പ്പടത്തിലേക്കു കമിഴ്ത്തി. പഴയതുപോലെ കിണറ്റുവെള്ളമാണ്; നല്ല തണുപ്പ്. ആ നേരംതൊട്ട് എല്ലാം കുത്തനേ മറിഞ്ഞു. അയാളുടെ നീളന്‍ പാന്റ്സ് മൂന്നിലൊന്നായി ചുരുങ്ങി വള്ളിക്കളസമായി. സന്ധ്യാ നേരത്ത് പട്ടാളം കാക്കയുടെ പലചരക്കുകടേന്ന് പഞ്ചാരേം ചായപ്പൊടീം മേടിച്ച് ടയറുവണ്ടി ഉരുട്ടിവന്ന ചെറുക്കനായി. വണ്ടിയെ പറമ്പിലേക്കു തളച്ച് ചെക്കന്‍ അകത്തേക്കു കേറി. 

''എന്താടാ പഞ്ചാരപ്പൊതീട മൂട്ടില് ഒരു തൊള...''
''നടന്നു വന്നപ്പോ വെശന്നുപോയി... അപ്പോ, കുമ്പിള് കടിച്ചുപൊട്ടിച്ച് ഇച്ചിരി പഞ്ചാര നക്കി...''
''ഇച്ചിരിയോ... നൂറ്റമ്പത് പഞ്ചാര മേടിച്ചട്ട് നൂറു പോലും ബാക്കിയില്ലല്ലോടാ... വെശക്കുമ്പ മനുഷ്യര് പഞ്ചാരയാണോടാ തിന്നണത്...''
''സോറിയമ്മായി...''
''കര്‍ത്താവിന്റ നടേല് മുട്ടുകുത്തടാ...''
കുത്തി.
''കൈകൂട്ടിപ്പിടിയെടാ.''
പിടിച്ചു.
''ഇനി പത്താകാശങ്ങളിലിരിക്കുന്നേം പത്തു നന്‍മാര്‍ഞ്ഞ മറിയോം പത്ത് വാവാ തമ്പുരാനും ചൊല്ലി കുരുക്കഴിക്കണ മാതാവിന് പൂമാലയിട്ടോ...''

ചറപറാന്ന് ചൊല്ലി. അല്ലേല്‍ പുളിവാറല് ചെക്കന്റെ ചന്തിമ്മേല് വീഴും. എന്നാല്‍ ചന്തി പൊള്ളിപ്പിടിക്കുന്ന അടി വീണില്ല. വാത്സല്യത്തിന്റെ മണമുള്ള, ലേശം പരുക്കനായ സ്വരമാണ് കേട്ടത്:
''പഞ്ചാര കട്ടുതിന്നണ കൊച്ചുങ്ങള്ട നാവുമ്മേല് കുരുക്കളുപൊന്തി പഴുക്കും. പിന്നെയാ നാക്ക് ചീഞ്ഞുപൊട്ടി അലുത്തു തറേല് വീഴും... അമ്മായീട മോന് അങ്ങനൊണ്ടാകാതിരിക്കാനാണിപ്പ പ്രാര്‍ത്ഥന ചെല്ലണത്...''
മുട്ടിലെ വേദനയും പഞ്ചസാരയുടെ രുചിയും മറന്നു പ്രാര്‍ത്ഥന ചൊല്ലി. ചൊല്ലുന്നതിനിടയില്‍ ചെറിയൊരു ശങ്ക... അല്ല തീര്‍ച്ച... നാവില് കുരുക്കള് പൊന്തുന്നുണ്ട്... നാവിന്റെ അറ്റം ചെന്നുതൊടുന്ന തൊണ്ടേന്നു ചീഞ്ഞ മണം വരുന്നുണ്ട്... ദാ നാക്ക് പൊട്ടിയടര്‍ന്നു തിണ്ണയിലേക്കു വീഴുകയാണ്.
''അയ്യോ...''
ചെക്കന്‍ എല്ലാം മറന്നു നിലവിളിച്ചുപോയി. 
''എന്താടാ...''
''നാവുമ്മേ കുരുവുണ്ടായി വരണണ്ട്...''
''പത്താകാശങ്ങളിലിരിക്കുന്ന മുഴുക്കെ ചൊല്ലിയാ...''
''ചൊല്ലി... എന്നട്ടും പോണില്ല...''

അമ്മായി ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ യൂ.രാ.ന.ഈ എന്ന് ചൂണ്ടാണി വിരലുകൊണ്ട് എഴുതിയിട്ട് പതുക്കെ സുകൃതജപം ചൊല്ലി:
''യൂദമ്മാര്ട രാജാവായ നസ്രായക്കാരനീശോയേ രോഗത്തീന്നും പേടീന്നും പെടുമരണത്തീന്നും പിശാശുബാധേന്നും ദുഷ്ടചിന്തേന്നുമൊക്കെ എന്റ കൊച്ചിനെ കാത്തോളണേ...''
ഉറങ്ങാന്‍ പോകുമ്പോ ചൊല്ലണ സുകൃതജപം ഇപ്പോ ചൊല്ലിയതെന്തിനായിരിക്കും എന്നാലോചിക്കുന്ന നേരത്ത് അമ്മായീടെ സ്വരം പിന്നേയും കേട്ടു:
''ഇഞ്ഞി ഒന്നുകൊണ്ടും പേടിക്കണ്ട... എണീറ്റ് അടുക്കളേപ്പോ...''
പോയി. അടുക്കളത്തിണ്ണേല് കുന്തിച്ചിരുന്നു. മുമ്പില് കവിടി പിഞ്ഞാണം നിരങ്ങിവന്നു.
ആവി പറക്കുന്ന, ചാക്കിന്റെ മണമുള്ള വെള്ളപ്പശച്ചോറ് തവികൊണ്ട് ഒരു പത്തി കോരി പിഞ്ഞാണത്തിലിട്ടിട്ട് കമീലാമ്മായി ചെക്കനെ നോക്കി.

''കെഴക്കേല സാന്റപ്പനും വടക്കേല ഗീതേം തിന്നാന്ന് നീ തെരക്കിയാ...''
''ഇല്ല...''
''അതെന്താ തെരക്കാഞ്ഞത്...''
''തിന്നട്ട് പോരേ...''
''പോര... ഗീതേട വീട്ടീന്ന് ഒരല്ലി വാളമ്പുളി മേടിച്ചാലേ ഉപ്പുംമുളകില് ചേര്‍ക്കാമ്പറ്റൂ... ഓടിപ്പോ... അവള് തിന്നട്ടില്ലേല് കൂട്ടിക്കൊണ്ടു വരേം വേണം...''

എണീറ്റ നേരത്താണ് കച്ചേരിപ്പടി കസബേലെ സത്രത്തീന്ന് സയറണ്‍ പൊന്തിയത്. ചെക്കന്‍ പേടിച്ച് അമ്മായീടെ മടിയിലേക്കു കയറി. വിളക്കുകളായ വിളക്കുകളൊക്കെ ഊതിക്കെടുത്തി വീടിനെ ലോകമാസകലമുള്ള ഇരുട്ടിന്റെ കൂടെ ചേര്‍ത്തുവച്ചിട്ട് വരണ്ട തൊലിയുള്ള മെലിഞ്ഞ കൈകളാല്‍ അമ്മായി ചെക്കനെ സുരക്ഷിതമായി പൊതിഞ്ഞുപിടിച്ചു. പിന്നെ മേക്കാമോതിരത്തിന്റെ തണുപ്പു കവിളിലുരുമി മരിച്ചവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന വെറ്റിലച്ചാറിന്റെ വാസനയോടെ ചൊല്ലാന്‍ തുടങ്ങി:
''മരിച്ച വിശ്വാസികള്‍ടെ ആത്മാവിന് തമ്പുരാന്റെ മനോഗുണത്താല്‍
മോക്ഷത്തീച്ചേരാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടേ
നിത്യപിതാവേ ഈശോമിശ്യാ കര്‍ത്താവിന്റെ
വിലതീരാത്ത തിരുച്ചോരയേക്കുറിച്ച് അവര്ട മേല്‍ കൃപയുണ്ടായിരിക്കണമേ...''
അതു കഴിഞ്ഞപ്പോഴേക്കും സയറണും തീര്‍ന്നു.
 
''കണ്ടാ ഇതാണ് പ്രാര്‍ത്ഥനേട ഗുണം... വെട്ടുപോത്തിന്റ കൂട്ട് വരണ യുദ്ധമാണേല്‍ പോലും വഴി മാറിപ്പോകും... ഇഞ്ഞി മോന്‍ തിന്നോ...''
അനുസരിച്ചു. ഗീതയേയും സാന്റപ്പനേയും മറന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ സ്പീഡു കൂടിപ്പോയി. ഉപ്പുംമുളകില് വെളിച്ചെണ്ണയും വാളമ്പുളിയുമില്ലെങ്കിലും ഭയങ്കര രുചിയാണ്. അലുമിനിയം തംബ്ലേറില് വെള്ളം കൊണ്ടുവന്നപ്പോ തിണ്ണേല് ചോറും വറ്റു വീണുകിടക്കുന്നതു കണ്ട് അമ്മായിയുടെ മുഖം കറുത്തു. 
''പഷ്ണിക്കാലത്ത് തിന്നണ ചോറുവറ്റ് തിണ്ണേല് കളഞ്ഞാലെന്താണ് ഒണ്ടാകാമ്പോണേന്നറിയോ...''
അബദ്ധം പറ്റിപ്പോയി. വിഷമിച്ചും പേടിച്ചും കമീലാമ്മായീടെ മുഖത്തേക്കു നോക്കി ചെക്കന്‍.
''നമ്മള് മരിച്ച് ചെല്ലുമ്പം സ്വര്‍ഗ്ഗത്തിന്റ വാതിലിനു മുന്നിലുള്ള ആയിരത്തിപ്പതിനെട്ടു ചവിട്ടുപടിമ്മേലും ചെളീല് പുരണ്ട് ചോറും വറ്റു കിടക്കുന്നുണ്ടാകും... അതു മുഴുവന്‍ ഈ നാവുകൊണ്ട് നക്കിത്തിന്നാലെ നമ്മളെ പത്രോസ് ശ്ലീഹ അകത്തേക്കു കേറ്റൂ...''
''പത്രോസ് ശ്ലീഹയോ...''
''അങ്ങോരാണവിടത്തെ കാവല്... സ്വര്‍ഗ്ഗത്തിന്റെ താക്കോല് അങ്ങോര്ട കയ്യിലാണ്... അതും കൂടി അറിയൂല്ലേ... നിനക്ക്...''

സ്വര്‍ഗ്ഗത്തില് പാട്ടും പൂക്കളും മഞ്ഞും പൊഴിക്കുന്ന ജനലുകളുള്ള ഒരുലക്ഷത്തി നാല്‍പ്പത്തെണ്ണായിരം മുറികളുണ്ട്... അതിന്റെയെല്ലാം കൂട്ടി രണ്ടുലക്ഷത്തിനടുത്തു താക്കോലുകളുള്ള വലിയൊരു താക്കോല്‍ക്കൂട്ടം, അമ്മായീടെ മുണ്ടിന്റെ കോന്തലേല് തിരുകിക്കൊണ്ടു നടക്കുന്നതുപോലെ ചുമന്നുനടക്കാന്‍ എത്രവലിയ പത്രോസ് ശ്ലീഹയാണേലും നല്ല പാടായിരിക്കും. അങ്ങനെയാണേല്‍ എല്ലാ മുറികള്‍ക്കും കൂടി ഒറ്റത്താക്കോലായിരിക്കും ഉണ്ടാകുക. ഒരേയൊരു താക്കോല്‍ മാത്രമുള്ള സ്വര്‍ഗ്ഗം എന്നു കേള്‍ക്കുന്നതുതന്നെ എന്തു രസമാണ്. 

''വേഗം പോയി മുട്ടുകുത്തി ഒരു കൊന്തയെത്തിച്ച് ഔസേപ്പിതാവിനു കാഴ്ചവെക്ക്...''
മുട്ടുകുത്തി... രൂപത്തിന്റെ നടയിലിരിക്കുന്ന മന്തന്‍ മണികളുള്ള ചിരട്ടക്കൊന്ത തന്നെ എടുത്തുരുട്ടാന്‍ തുടങ്ങി. ചെക്കന്റെ അപ്പന്‍ പട്ടാളത്തിലാണ്. യുദ്ധം തുടങ്ങിയതില്‍പ്പിന്നെ വീട്ടിലാകമാനം എരിപൊരി സഞ്ചാരത്തിലായത് അതുകൊണ്ടും കൂടിയാണ്. ഈ നശിഞ്ഞ യുദ്ധം തുടങ്ങിയതില്‍പ്പിന്നെ അപ്പനേക്കുറിച്ച് ഒരു വിവരവുമില്ല. സാധാരണ നീലനിറമുള്ള ഇന്‍ലന്റിലും മഞ്ഞനിറത്തിലുള്ള കാര്‍ഡിലും കരപുരാന്ന് എഴുതിയ അപ്പന്റെ കത്തുകള്‍ വരാറുണ്ട്. അതെല്ലാം കമീലാമ്മായീടെ ബൈബിളിനുള്ളില്‍ വളരെ ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട്. എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍ ഫോണ്‍ ചെയ്യാനായിട്ട് കമീലാമ്മായി അയലത്തെ ഒരേയൊരു മുതലാളിയായ കേസി വേലപ്പന്റെ നമ്പറു സംഘടിപ്പിച്ച് അപ്പന് അയച്ചിട്ടുമുണ്ട്. ഈ പരിസരത്ത് ആകെക്കൂടി ഫോണുള്ള കെ.സി. മുതലാളിക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടക്കു തുമ്മുന്ന, മൂക്കു നീണ്ടതും കേസീ മോട്ടോഴ്സ് എന്നു പേരുള്ളതുമായ പതിന്നാലു ബസുകളുണ്ട്. വേലപ്പന്‍ മുതലാളി അതിരാവിലെ അയാളുടെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറി ഞങ്ങളുടെ കോളനിയാകമാനം കേള്‍ക്കുമാറുച്ചത്തില്‍ ഹലോ... ഹലോ എന്നു തൊണ്ടപൊട്ടി വിളിക്കാറുള്ളതുകൊണ്ടാണ് ലോകത്തിന്റെ ഏതോ മൂലയില്‍ ഫോണെന്ന ഉപകരണം കണ്ടുപിടിച്ചതെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്. എന്നാലും അതേല് സംസാരിക്കാനായി കേസി മുതലാളിയുടെ തൊള്ള തന്നെ വേണ്ടിവരും. ഇക്കണക്കിന് ആ ഫോണില്‍ അപ്പനെങ്ങാനും വിളിച്ചാല്‍ ഞങ്ങടെ വീട്ടിലെ രഹസ്യമെല്ലാം ഈ കോളനീലും നാട്ടിലും സ്‌കൂളിലുമെല്ലാം പാട്ടാകുമല്ലോ എന്നാലോചിച്ചപ്പോള്‍ ആകെക്കൂടെ നാണക്കേടായി.    

''എടാ...''
അമ്മായിയുടെ അലര്‍ച്ച കേട്ടപ്പോള്‍ പാകിസ്താന്റെ അണുബോംബു ഞങ്ങയെ തറവാടു വീടിന്റെ മേല്‍ക്കൂരയില്‍ത്തന്നെ വീണുവെന്നുതന്നെ എനിക്കു തോന്നി. അണുബോംബിനുള്ളില്‍ ലോകത്തിലുള്ള എല്ലാ ഞാഞ്ഞൂളുകളും പഴുതാരകളും ഇരുതലമൂരികളും വെഷമുള്ള തരം കുഞ്ഞുജീവികളും നിറച്ചുവച്ചിട്ടുണ്ടാകും. ആ ജീവികളത്രയും നമ്മളെ ഇത്തിരീശ്ശേയായി തിന്നു തിന്നു തീര്‍ത്തുകളയുകയും ചെയ്യും. പേടിച്ചുവിറച്ച്, നൂറുകണക്കിനു മെഡലുകളുമൊക്കെ കുത്തിവച്ച പട്ടാള യൂണിഫോമിട്ട യാഹ്യാഖാനെ കണ്ടതുപോലെ അമ്മായിയെ നോക്കി.

''പലവിചാരത്തോടെ കൊന്ത ചൊല്ലരുതെന്നു പറഞ്ഞിട്ടില്ലേ നിന്നോട്...''
എന്റെ മനസ്സില് നടക്കുന്ന കാര്യങ്ങളെങ്ങനെയാണ് ഈ യാഹ്യാഖാന്‍ കണ്ടുപിടിച്ചത്. നേരു പറഞ്ഞാല്‍ ഇവര് ശരിക്കും മന്ത്രവാദിത്തള്ള തന്നെയാണ്. 

അമ്മായി ചെക്കന്റെ അരികില്‍ വന്നു മുട്ടുകുത്തിയിട്ടു പറഞ്ഞു:
''ദാ പൊറത്തേക്കു നോക്ക്...''
നോക്കി.
പുറത്ത് കൂരിരുട്ടില്‍ തലപോയ കൂനന്‍ തെങ്ങ് പതുക്കെ നിന്നു വിറക്കുന്നതു കണ്ടപ്പോള്‍ ചെക്കനു പേടിയായി. 
''ആ തെങ്ങുമ്മേ ചാരി പിശാശ് നിക്കണ കണ്ടാ...''
കര്‍ത്താവേ... ആ തെങ്ങില്‍ ചാരിനില്‍ക്കുന്ന മെലിഞ്ഞ രൂപത്തെ ചെക്കനും കണ്ടു. ആ മെല്ലിച്ച പിശാചിന്റെ വായില്‍നിന്നു തീ മിന്നുകയും പുകപാറുകയും ചെയ്യുന്നുണ്ട്. കൈപ്പത്തിയില്‍ നിന്നു തീ കൊണ്ടുള്ള മാല നീണ്ടുകിടക്കുന്നു. 

''കൊച്ചുങ്ങള് ചൊവ്വിന് കൊന്തയെത്തിച്ചില്ലെങ്കില്‍ തല പോയ തെങ്ങുമ്മേ ചാരിനിന്ന് ചെകുത്താന്‍ തീയൂതിവിട്ട് തീമണികളുള്ള കൊന്തയുരുട്ടിക്കൊണ്ടിരിക്കും... നീ പലവിചാരത്തോടെ കൊന്തയുരുട്ടിയപ്പോ തീക്കൊന്തയുടെ നീളം കൂടിയതു കണ്ടാ...''
ഞാനതു വെടിപ്പായിത്തന്നെ കണ്ടു. ചുണ്ടില്‍ കനലെരിയുന്ന മെലിഞ്ഞ ചെകുത്താന്റെ കവിളുകള്‍ ഒട്ടിയും ചുണ്ടുകള്‍ കൂര്‍ത്തുമിരുന്നു. അതോ അയാള്‍ അമ്മായീടെ തകരപ്പെട്ടീന്ന് ബീഡി കട്ടു വലിക്കുകയായിരിക്കുമോ. എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ്. അയാളുടെ തീനാളംകൊണ്ടുള്ള കൊന്തയുടെ നീളം നിലം മുട്ടാറായിരിക്കുന്നു. തക്കസമയത്ത് കമീലാമ്മായി വന്ന് എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു മണിക്കൂര്‍ നീളുന്ന അമ്പത്തിമൂന്നു മണി ജപവും വണക്കമാസവുമടക്കമുള്ള പ്രാര്‍ത്ഥന നീളത്തിലും റോമിലെ പള്ളിമണിയുടെ കൂട്ട് സുന്ദരമായ സ്വരത്തിലും ചൊല്ലി. ആ നേരത്ത് മരിച്ചാത്മാക്കളെപ്പോലെ വലിയ വീടിന്റെ പലമുറികളിലായി ഒളിച്ചിരുന്ന അമ്മച്ചിയും കൊച്ചമ്മായിയും നിഴലുകളുടെ മറപിടിച്ച് പതുങ്ങിപ്പതുങ്ങി വന്ന് ജപങ്ങളും ലുത്തീനിയയും ഏറ്റുചൊല്ലാനും തുടങ്ങി. അവസാനം വരെ എനിക്കു സമാധാനമുണ്ടായില്ല. നല്ല മാതാവിന്റെ പാട്ടു തുടങ്ങിയപ്പോള്‍ പിന്നേയും പേടി കലശലായി. 

''ചെകുത്താമ്മാര്‍ ഞങ്ങളേ കാത്തീടുകില്‍ 
ഹാ കഷ്ടം ഞങ്ങളും ദുഷ്ടരായി...''
എന്നു കമീലാമ്മായി പാടിയപ്പോള്‍ കൊമ്പും തേറ്റയുമൊക്കെയുള്ള ദുഷ്ടമായ കരുത്ത് അതിനുണ്ടെന്നു തോന്നി. ചെക്കന്‍ ആ നേരത്ത് നരകം കാണുകയായിരുന്നു. ഇപ്പോള്‍ അവിടേയുള്ള കുട്ടിച്ചെകുത്താന്‍മാരൊക്കെ കൈകൊട്ടി ചിരിക്കുന്നുണ്ട്. 

''ദേ... ഭൂമീന്ന് ഒരു ചെക്കന്‍ വരണണ്ട് നമ്മക്ക് അവന്റ കൂടെ കൂടാം...അവന്റെ ഇറച്ചിക്കൊക്കെ നല്ല ടേസ്റ്റായിരിക്കും... നിറയെ കട്ടുതിന്ന പഞ്ചസാരയുടേം ശര്‍ക്കരയുടേയും മധുരമായിരിക്കും... അവന്റെ ഇറച്ചി മാത്രമല്ല, കടിച്ചാല്‍ പൊടിഞ്ഞു തരിതരിയായി മാറുന്ന എല്ലുകളും കൂടി നമുക്കു തിന്നാമല്ലോ...''
എന്നൊക്കെ അവറ്റകള്‍ കൈകൊട്ടി പാടുന്ന നേരത്ത് മാലാഖക്കുട്ടികള് ചിറകുകളൊക്കെ ഒതുക്കിവച്ച് വലിയ സങ്കടത്തില്‍ പൊട്ടിപ്പൊട്ടിക്കരയും. 

''പാവം ചെക്കന്‍ അവന്‍ വന്നിരുന്നെങ്കില്‍ നമുക്ക് വട്ടവാറും അമാറൈറ്റും സാദേമ്പ്രുകോലും കളിക്കാമായിരുന്നു. പാവം അവന്‍ നരകത്തിലേക്കാണല്ലോ പോകുന്നത്...''
അത്രയുമായപ്പോള്‍ ചെക്കനു സഹിക്കാനായില്ല. 
''ഇല്ല ഞാനാ നാറിയ നരകത്തിലേക്കു പോകൂല്ല...''
ചെക്കന്റെ സ്വരത്തിന് ഒച്ചകൂടിയപ്പോള്‍ പ്രാര്‍ത്ഥനാവേളകളിലെല്ലാം അപ്പനേയോര്‍ത്തു കരഞ്ഞുകൊണ്ടിരിക്കാറുള്ള അമ്മച്ചി പെട്ടെന്ന് തോളില്‍ കൈവച്ചു. നരകത്തിലെ തീയുടെ തുള്ളി അടര്‍ന്നുവീണതാണെന്നു കരുതി ഞാനതു തട്ടിനീക്കിയതും അമ്മായി പൊട്ടിത്തെറിച്ചു. 

''ചെക്കാ നീയത്രക്കായോ... അമ്മേന തല്ലാറായല്ലേ നീ... ദേ... അമ്മേന തല്ലണ കൊച്ചുങ്ങടെ കൈകള് ശവപ്പെട്ടീന്ന് പൊന്തിനില്‍ക്കും... അതറിയോ നിനക്ക്... മണ്ണീ കുഴിച്ചിട്ടാലും കൈ പൊന്തിത്തന്നെ നില്‍ക്കും...''
അതോടെ ചെക്കന്റെ സകല നിയന്ത്രണങ്ങളും വിട്ടുപോയി. അവന്‍ വാവിട്ടു കരയുവാന്‍ തുടങ്ങിയപ്പോള്‍ കൊച്ചമ്മായി അവനേയും കൂട്ടിക്കൊണ്ട് മുറ്റത്തേക്കു നടന്നു. കൊച്ചമ്മായി പറഞ്ഞതൊന്നും ചെക്കന്റെ തലയില് കയറിയില്ല. അമ്മായീടെ മടിയിലങ്ങനെ സ്വസ്ഥതയില്ലാതെ കിടക്കുമ്പോള്‍ ചെക്കന്‍ മരിച്ചും പോയി. ആ നിമിഷം അവന്റെ വലതുകൈ അനുസരണയില്ലാതെ ചാടിപ്പൊങ്ങി നിവര്‍ന്നുനില്‍ക്കാന്‍ തുടങ്ങി. ചെക്കന്‍ കുറേ പണിപ്പെട്ടുവെങ്കിലും കൈ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ഒടുക്കം ഒരുവിധത്തില്‍ കൈ ഒതുക്കിക്കൂട്ടി വച്ച് സെമിത്തേരിയിലെ കുഴിയില്‍ ചെക്കനെ മണ്ണിട്ടു മൂടിയിട്ട് എല്ലാവരും യാത്രയായി. 

ആ പകലു തീരുവോളം എല്ലാം സാധാരണ നിലയിലായിരുന്നു. രാത്രിയായപ്പോള്‍ നല്ല നിലാവെളിച്ചമടിച്ചപ്പോള്‍ അവന്റെ കൈ പതുക്കെ പൊങ്ങിപ്പൊങ്ങി ഭൂമിക്കു മുകളിലെത്തി. സസ്യങ്ങളും പൂക്കളുമില്ലാതിരുന്ന ആ സെമിത്തേരിയില്‍നിന്നുയര്‍ന്നുനിന്ന ഒരേയൊരു കൈ മനോഹരമായ ഒരു പുഷ്പം പോലെ നിലാവെളിച്ചമേറ്റ് അങ്ങനെ നിലകൊണ്ടു. 
എന്തുചെയ്താലും പാപമായിത്തീരുന്ന വീടിന് ഇരുട്ടായിരുന്നു. 

അയാളുടെ തോള്‍സഞ്ചിയില്‍ പട്ടാളക്കാരുടെ ചാവി കറക്കി വെളിച്ചമുണ്ടാക്കുന്ന ടോര്‍ച്ചു വിളക്കും മെഴുതിരികളും തീപ്പെട്ടിയുമെല്ലാമുണ്ടായിരുന്നു. പതിനാറു മുറികളിലായി പതിനാറ് മെഴുതിരികള്‍ കത്തിച്ചുവച്ച് ആ വീടിന്റെ ജീവിച്ചിരിക്കുന്ന ഏക അവകാശിയായ അയാള്‍ അതിലൂടെയൊക്കെ നടന്നു. ആ വീട്ടിലെ എല്ലാ മുറികളും ആത്മാക്കള്‍ എവിടേയും പോകാതെ പതുങ്ങിയിരിക്കുന്നുണ്ടെന്ന് അയാള്‍ കണ്ടെത്തി. 

''കമീലാമ്മായി...''
അയാള്‍ പതുക്കെ വിളിച്ചു.
''ആത്മക്കാര്ടെ സൈ്വരം കെടുത്താണ്ട് മിണ്ടാണ്ടിരിക്കടാ...''
''അതുകൊള്ളാം... മനുഷ്യമ്മാരിക്ക് ജീവിക്കേണ്ട സ്ഥലം മുഴുവന്‍ പിടിച്ചെടുത്തു വച്ചിട്ട് ന്യായം പറയുന്നോ...''
''അപ്പന്റെ കൂട്ട് പട്ടാളത്തീച്ചേര്‍ന്ന നിന്നെ മനുഷ്യനായിട്ട് ഞങ്ങള് കണക്കാക്കിയിട്ടില്ല...''
കാതോര്‍ത്തപ്പോള്‍ അത് അമ്മയുടെ സ്വരമാണെന്നു പിടികിട്ടി. 
''ഇങ്ങനെ നന്ദികേട് പറയരുതമ്മേ... അപ്പനെവിടെയാണെന്നറിയാതെ, ചത്തോ ജീവിച്ചോ എന്നുപോലുമറിയാതെ, പട്ടിണീം തിന്നു കിടന്ന നിങ്ങളേക്കെ പോറ്റാനല്ലേ ഞാനീ പണിക്കിറങ്ങിത്തിരിച്ചത്...''
''ഓ പിന്നേ... ആളെക്കൊല്ലണ പണിക്കു പോയിട്ട് അവന്‍ ന്യായം പറേണ കേട്ടോ...'' കൊച്ചമ്മായിയാണത്. 
''പള്ളീ പാട്ടുപാടണ വിന്‍സന്റിന കെട്ടാമ്പറ്റാഞ്ഞിട്ട് ഇവിടെക്കിടന്നു മോങ്ങിയ ആളാണ് പറേണതു കേട്ടോ...''
''എന്നട്ടു നീയെന്നെ കെട്ടിച്ചോടാ...''
''അതിനുമുന്‍പേ പരാമറു കുടിച്ചു ചത്തുകളയാനാരാ പറഞ്ഞത്...''
''പതിനാറ് മനുഷ്യമ്മാരെ നീ വെടിവച്ചുകൊന്നുവെന്ന വാര്‍ത്ത വന്ന ദിവസമാണ് ഞങ്ങള്‍ക്ക് ഭയങ്കരമായ ദാഹം വന്നതും പരാമറു കുടിച്ചതും... അതുംകൂടി അറിഞ്ഞോ എന്റ മോന്‍...''
''പണ്ടാരമടങ്ങാന്‍... ചത്താലും മനസ്സമാധാനം തരൂല്ല...''

അയാള്‍ വന്നതിലും വേഗത്തില്‍ ഇരുട്ടിലേക്കിറങ്ങി. മുന്നില്‍ കണ്ട വഴികളിലൂടെയൊക്കെ നടന്നു. എല്ലാ വഴികളും ചെന്നുചേരുന്നത് ഒരേയൊരിടത്തേക്കാണെന്ന് പണ്ട് അപ്പന്‍ പറഞ്ഞത് അപ്പോഴാണ് ഓര്‍മ്മവന്നത്. അപ്പോഴേക്കും കൂരിരുട്ടില്‍ പിശാചിന്റെ വായില്‍നിന്നു തെറിക്കുന്ന പൂത്തിരിപോലെ തീ പറപ്പിച്ചുകൊണ്ട് പള്ളി സെമിത്തേരി മുന്നിലേക്കു നിവര്‍ന്നുവന്നു. കുട്ടിക്കാലത്തെന്നതുപോലെ സെമിത്തേരിയുടെ പടി ചവിട്ടിക്കേറി വിശാലമായ കാഴ്ച കിട്ടുന്ന മട്ടില്‍ സ്വസ്ഥമായി ആ വലിയ മതിലില്‍ അയാള്‍ ഇരുന്നു. ഇപ്പോള്‍ നൂറുകണക്കിന് കല്ലറകളും കണക്കില്ലാത്ത കുഴിമാടങ്ങളും ചുമക്കുന്ന ആ പുല്‍മേട് വിസ്തരിച്ചും വിശദമായും കാണാറായി. ചെകുത്താന്റെ വായില്‍നിന്നുള്ള പൂത്തിരിയടങ്ങിയപ്പോള്‍ കൂരിരുട്ടു മാത്രമായി മാറിയ ആ ദ്വീപിനു നടുവില്‍ ചെറിയൊരു പ്രകാശനാളം. രണ്ടാം നോട്ടത്തില്‍ ഒരു കുഞ്ഞിന്റെ കൈപ്പടംപോലെ മനോഹരമായൊരു പൂവു വിരിഞ്ഞുനില്‍ക്കുന്നതു കണ്ട് പതിവില്ലാത്ത സന്തോഷത്തോടെ മരിച്ചവിശ്വാസികളുടെ പ്രാര്‍ത്ഥന ചൊല്ലാനായി അയാള്‍ ശ്രമിച്ചു. 
അതിശയം... ഒരു വാക്കുപോലും അയാളുടെ മനസ്സിലേക്കു വന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com