'സിനിമാച്ചോറ്'- വി. ദിലീപ് എഴുതിയ കഥ

എട്ടാമത്തെ തവണ ബാഹുബലി കണ്ട് തിയേറ്റര്‍ വിട്ടിറങ്ങിയ അനീഷിന്റെ മുന്‍പില്‍ ഒരു ബെന്‍സ് ഒഴുകിനിന്നു. ഗ്ലാസ്സ് താണപ്പോള്‍ തണുപ്പുള്ള സുഗന്ധം പൊതിഞ്ഞു
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ട്ടാമത്തെ തവണ ബാഹുബലി കണ്ട് തിയേറ്റര്‍ വിട്ടിറങ്ങിയ അനീഷിന്റെ മുന്‍പില്‍ ഒരു ബെന്‍സ് ഒഴുകിനിന്നു. 
ഗ്ലാസ്സ് താണപ്പോള്‍ തണുപ്പുള്ള സുഗന്ധം പൊതിഞ്ഞു.
'സിനിമ ഇഷ്ടായോ?'
ബാക്ക് സീറ്റിലിരുന്നയാള്‍ ചോദിച്ചു. അയാളുടെ തല വെയിലടിച്ച് കോഴിമുട്ടപോലെ തിളങ്ങി. ഇയാളാകുമോ സിനിമയിലെ കട്ടപ്പ? 
അയാള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി.

'മറുപടി തന്നില്ല. സിനിമ ഇഷ്ടായോന്ന് ചോദിച്ചതു കേട്ടില്ലേ?'
തനിക്ക് ഊരോ പേരോ അറിഞ്ഞുകൂടാത്ത ഒരാള്‍ വന്ന് ഇതുപോലെ ചോദിച്ചാല്‍ താനെന്തിന് മറുപടി പറയണമെന്ന ചിന്തയിലായി അനീഷ്. എങ്കിലും പറഞ്ഞു:
'എട്ടു തവണ കണ്ടപ്പോ കാശ് തീര്‍ന്നു. അല്ലെങ്കില്‍ ഇനിയും കാണും.'
അയാള്‍ ഉറക്കെ ചിരിച്ചു.

കട്ടപ്പയുടെ ചിരി. അതേ തലയുയര്‍ത്തല്‍. കാതിലൊരു കടുക്കനും കൂടി വേണ്ടതായിരുന്നുവെന്ന് അനീഷിനു ശരിക്കും തോന്നി.

'ഞാന്‍ കട്ടപ്പയല്ല. അതുകൊണ്ടു കടുക്കന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സിനിമയുമായി എനിക്കൊരു ബന്ധവുമില്ല. പക്ഷേ, ഒരാളും പണമില്ലാത്ത കാരണത്താല്‍ സിനിമ കാണാതിരിക്കുന്നത് എനിക്കിഷ്ടമല്ല. അനീഷ് ഒരു ശരിയായ സിനിമാ പ്രാന്തനാണെന്ന് മനസ്സിലായി. അതുകൊണ്ട്...'
അയാള്‍ പഴ്‌സ് എടുത്ത് രണ്ടായിരത്തിന്റെ അഞ്ചു നോട്ടുകള്‍ ഈണത്തില്‍ വലിച്ചെടുത്ത് അനീഷിന്റെ കയ്യില്‍ വെച്ചുകൊടുത്തിട്ട്:

'പതിനായിരമുണ്ട്. ഇതുകൊണ്ട് എത്ര തവണ ഈ സിനിമ കാണാന്‍ പറ്റും?'
അമ്പരപ്പ് മറച്ചുവെച്ച് അനീഷ് മനസ്സില്‍ ഗുണിക്കാനും ഹരിക്കാനും തുടങ്ങി.
'കഷ്ടപ്പെടേണ്ട... എത്ര തവണ കാണാന്‍ പറ്റുമോ അത്രയും കണ്ടോ...'
'നിങ്ങള്‍ ആരാണ്?'
അനീഷ് അല്പം സംശയത്തോടെ ചോദിച്ചു.
'ആരായാലെന്താ? അല്ലെങ്കിത്തന്നെ കഥ നേരത്തെ കേട്ട് ബോധ്യപ്പെട്ടിട്ടാണോ അനീഷ് സിനിമ കാണാറ്? ഇപ്പോള്‍ തന്ന പണം തീരുമ്പോള്‍ നമുക്ക് വീണ്ടും കാണാം. ഞാന്‍ ദാ... ഈ തിയേറ്ററിനു പുറത്ത് ഇതേ സ്ഥലത്ത് ഇതുപോലെ വന്നുനില്‍ക്കും. ഇപ്പോ ചെല്ല്... ഷോ തുടങ്ങാറായി...'
ചിരിച്ചുകൊണ്ട് അയാള്‍ കാറില്‍ കയറി. കൊച്ചുകുട്ടികളുടെ മുഖവും ചിരിയുമാണയാള്‍ക്കെന്ന് അനീഷിനു തോന്നി.

കൂടുതല്‍ ആലോചിച്ചു സമയം കളയാതെ ടിക്കറ്റെടുത്ത് അടുത്ത ഷോയ്ക്ക് കയറി. 
അതുകഴിഞ്ഞ് ഒരു നാരങ്ങാവെള്ളം കുടിച്ചിട്ട് അതിനടുത്ത ഷോയ്ക്ക് ടിക്കറ്റെടുത്തു. അതും കണ്ടു. അതോടെ ആ ദിവസം കഴിഞ്ഞു.

ഇനി അടുത്ത ദിവസം വെളുപ്പിന് എട്ടുമണി മുതലേ ഷോ ഉള്ളൂ.
അന്നേരം വരാമെന്നു തീരുമാനിച്ച് അനീഷ് വീട്ടിലേക്കു മടങ്ങി.
രാവിലെ നേരത്തെ എണീക്കാന്‍ ടൈംപീസില്‍ അലാം വെച്ചു. പൊതുവേ ഉറക്കം ഇഷ്ടമുള്ളയാളാണ് അനീഷ്. നേരത്തെ ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന സ്വഭാവം.
അനീഷിന്റെ അമ്മ ജാനകി തൊഴിലുറപ്പ് കഴിഞ്ഞു വരുമ്പോഴേക്കും മൂടിവെച്ച ചോറ് സ്വയമെടുത്ത് കഴിച്ച് അനീഷ് ഉറങ്ങിയിട്ടുണ്ടാകും. 

അനീഷിന്റെ അച്ഛന്‍ ഒ. ബാലന്‍ തന്നാലാവോളം ബ്രാണ്ടി കുടിച്ച് ബാക്കിയുള്ള ബ്രാണ്ടി ചോറിലൊഴിച്ച് ഉരുളകളാക്കിവെയ്ക്കുന്ന പ്രവൃത്തിയിലായിരിക്കുമപ്പോള്‍. അവസാനത്തെ ഉരുളയും ഉരുട്ടുന്നതോടെ ഒ. ബാലന്‍ ബോധം മറഞ്ഞ് ചോറിലേക്ക് കൃത്യം മൂക്കുകുത്തി വീണിരിക്കണം. 
ഇതാണ് വര്‍ഷങ്ങളായുള്ള ചിട്ട.

വീടിനു മുന്‍വശത്തെ റോഡിലാകും ചിലപ്പോള്‍ ജാനകിക്കു പണി. അപ്പോള്‍ ഒറ്റയോട്ടത്തിനു വീട്ടില്‍വന്ന് ചോറ് വാര്‍ക്കുകയോ ജീരകവെള്ളം കുടിക്കുകയോ ഒക്കെ ചെയ്യും. 

പൊതുവേ ദുര്‍ബ്ബലയെങ്കിലും പണിചെയ്യുമ്പോള്‍ തന്നേക്കാള്‍ ഇരട്ടിവീറുള്ള തെങ്ങോല പുല്ലുപോലെ വലിക്കുകയും പച്ചപ്പുളിമരത്തിന്റെ തടി മഴുകൊണ്ടു വെട്ടിമുറിക്കുകയുമൊക്കെ ചെയ്യുമവര്‍. 

പ്ലസ്ടൂക്കാരിയായ അനുജത്തി അനൂജ ആദ്യമൊക്കെ അനീഷിന്റെ തുണി അലക്കിക്കൊടുക്കുകയും സിനിമ കണ്ട് അവശനായി വരുന്ന അനീഷിന് ചോറ് എടുത്തുവെയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോഴവള്‍ അനീഷിനെ ശ്രദ്ധിക്കാറില്ല. തന്റെ സഹപാഠിയായ വിദ്യുത് കുമാറുമായി അനൂജ ദിവ്യപ്രണയത്തിലാണ്. ദിവസവും രാത്രി തന്റെ നഗ്‌നചിത്രങ്ങള്‍ എടുത്ത് അവന് അയച്ചുകൊടുക്കും. എങ്കില്‍ മാത്രമേ അനൂജയെ വിവാഹം കഴിക്കൂവെന്ന് വിദ്യുത് അന്തിമ താക്കീത് നല്‍കിയിട്ടുണ്ട്. അനുജയുടെ ശരീരഭാഗങ്ങള്‍ കണ്ടുകൊണ്ട് വിദ്യുത് ചോറ് ഉരുട്ടി പ്രണയപൂര്‍വ്വം കറിയില്‍ മുക്കിത്തിന്നും. എല്ലാ രാത്രികളിലും ഏറെ തിരക്കിലാകും അനുജ. 
അടുത്തതും അതിനടുത്തതുമായ ദിവസങ്ങളില്‍ അനീഷ് തിയേറ്ററിലെത്തി. പതിനായിരം രൂപ തീരുംവരെയും ബാഹുബലി കണ്ടു.

പതിനായിരം തീര്‍ന്ന കൃത്യം ദിവസം. കീശയില്‍ ഇനി കുറച്ച് ചില്ലറകള്‍ കണ്ടേക്കും.
തിയേറ്ററിനു മുന്‍പില്‍ അനീഷിനെ കാത്ത് ബെന്‍സ്.

അന്നു കണ്ടയാള്‍ കാറില്‍ നിന്നിറങ്ങി ചിരപരിചിതനെപ്പോലെ അടുത്തുവന്നിട്ട്:
'അനീഷ്... പണം തീര്‍ന്നുവല്ലേ...? ദാ... ഇപ്പോത്തരാം...'
അയാള്‍ പഴ്‌സ് തുറന്ന് രണ്ടായിരത്തിന്റെ പത്ത് നോട്ടുകള്‍ സംഗീതത്തില്‍ വലിച്ചെടുത്തു.
'ഇരുപതിനായിരമുണ്ട്... വേഗം ചെല്ലൂ... അടുത്ത ഷോ തുടങ്ങാറായി...'
അനീഷ് അയാളെ തുറിച്ചുനോക്കി.

എന്തൊക്കെയോ ചോദ്യങ്ങളുണരുന്നുണ്ടായിരുന്നു. എന്താണെന്ന് തിരിഞ്ഞുകിട്ടിയില്ലെന്നു മാത്രം.
'ചോദ്യം ചോദിക്കാനുള്ള സമയം!.. വേഗം ചെല്ലൂ...'
അയാള്‍ കാറില്‍ കയറി. 

കാര്‍ നീങ്ങി. അനീഷ് വീണ്ടും തിയേറ്ററിലേക്ക്.
തുടര്‍ന്നങ്ങോട്ടും ദിനചര്യപോലെ അനീഷ് തിയേറ്ററില്‍ വന്നുകൊണ്ടിരുന്നു. തുരുതുരാ ബാഹുബലി കണ്ടുകൊണ്ടിരുന്നു.
 
ദിവസങ്ങള്‍ പരുന്തുവേഗത്തില്‍ പറന്നു. 
ഒരുകുറി
ഷോ തുടങ്ങുന്നതും കാത്ത് സീറ്റിലിരിക്കവെ അനീഷ് ആലോചിച്ചു.
ഇതിപ്പോള്‍ എത്രാമത്തെ ഷോയാണ്!
എണ്ണിയിട്ടില്ല.

കഥാഗതിയും കഥാപാത്രങ്ങളും സംഭാഷണങ്ങളും തന്റെ ഞരമ്പുകളിലൂടൊഴുകുന്ന ഒ നെഗറ്റീവ് ചോരയോളം സുപരിചിതം. അപരിചിതമായ ഭാഷയില്‍ പറയുന്ന സംഭാഷണങ്ങള്‍ക്കിടയിലെ മൗനം പോലും തനിക്കിപ്പോള്‍ പൂരിപ്പിക്കാം.

അനീഷ് സീറ്റില്‍ ചാഞ്ഞിരുന്നു.
സ്‌ക്രീനില്‍ കരിമ്പാറകള്‍ തെളിഞ്ഞു. 
പുറകെ 
ബലിയോ ബലി ബാഹുബലി.
ബാഹുബലി മനുഷ്യര്‍ക്ക് അസാധ്യമാംവിധം വൃക്ഷങ്ങള്‍ വളയ്ക്കുകയും കരിംപാറക്കല്ലുകള്‍ ചുമലിലേറ്റുകയും ചെങ്കുത്തായ കൊടുമുടികളിലേക്ക് മരയോന്തിനെപ്പോലെ നീന്തിക്കയറുകയുമൊക്കെ ചെയ്യുന്ന പതിവ് കാഴ്ച. 

പെട്ടെന്ന് കണ്ണൊന്നു മിന്നി. കാഴ്ചയില്‍ ഇടങ്ങേറ്.
കണ്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍ പരസ്പരം പാളം മാറിപ്പോകുന്നു? 
അനീഷ് സന്ദേഹിച്ചു.

ഏയ്, അതല്ല, പുത്തന്‍പുതിയ കഥാപാത്രങ്ങള്‍ കണ്മുന്നില്‍ വന്നെത്തുകയാണ്.
ഇതുവരെയും കഥയില്‍ കടന്നുവരാത്ത കഥാപാത്രങ്ങള്‍. മഹിഷ്മതി സാമ്രാജ്യത്തിന്റെ അധിപനായെത്തിയ അമരേന്ദ്ര ബാഹുബലിക്കു കിരീടം ചാര്‍ത്തുന്നത് ഇത്തവണ മറ്റാരുമല്ല; തന്റെ അമ്മ ജാനകിയാണ്.
ഭല്ലാലദേവന്‍ തന്റെയച്ഛന്‍ ഒ. ബാലന്‍. ഉള്ള ലുങ്കിപോലും തികച്ചുടുക്കാത്ത അച്ഛന്‍ അംഗവസ്ത്രവും കിരീടവുമണിഞ്ഞിട്ടുണ്ട്. ദേഹമാകെ വിലപിടിപ്പുള്ള രത്‌നാഭരണങ്ങള്‍.

അനീഷ് നോക്കിനില്‍ക്കെ ഒരു കിണ്ണം നിറയെ ചോറ് വിളമ്പിയിട്ട് വാരിവാരിയുണ്ണുവാന്‍ തുടങ്ങി തന്റെയച്ഛനായ ഭല്ലാലദേവന്‍. ഇടയ്ക്ക് ബ്രാണ്ടി കുടിക്കുകയും കുറെ തലയിലൊഴിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ഉണ്ണുന്ന പാത്രത്തിലേക്ക് ഛര്‍ദ്ദിച്ചു. അതറിയാതെ വിയര്‍ത്തുകുളിച്ച് പിന്നെയും ഊണ് തുടരുന്ന അച്ഛനെ തടയാനാകാതെ അനീഷ് എരിപൊരികൊണ്ടു. 

അപ്പോള്‍ അമ്മ ജാനകി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ശിവകാമിയുടെ പട്ടുചേലയാണ് വേഷം.
ഒ. ബാലനെ നോക്കി ജാനകി വിറച്ചുകൊണ്ടു പറഞ്ഞു: 
'നിര്‍ത്തല്ലേ... ചോറ് തിന്നല് നിര്‍ത്തിക്കളയല്ലേ... ഒരുമണിപോലും ബാക്കിയാക്കല്ലേ...'
പറഞ്ഞത് മുഴുമിപ്പിക്കാതെ അവര്‍ കൈ നെറ്റിയില്‍ വെച്ച് തേങ്ങി.
അനീഷിന്റെ തലയ്ക്കുള്ളില്‍ മുന്നൂറ് വണ്ടുകള്‍ ഒന്നിച്ചു മുരണ്ടു.
'സിനിമ മാറി... സിനിമ മാറി... മര്യാദയ്ക്ക് ബാഹുബലി ഇടെടാ...'
അവന്‍ എഴുന്നേറ്റു തിരിഞ്ഞുനിന്ന് ചതുരവെളിച്ചത്തിന്റെ ഉറവിടം നോക്കി ആക്രോശിച്ചു.
'സിനിമയൊന്നും മാറിയിട്ടില്ല. ദാ നോക്ക്...'
അടുത്തിരുന്നയാള്‍ സൗമ്യമായി അനീഷിനോടു പറഞ്ഞു. 
അവന്‍ വീണ്ടും സ്‌ക്രീനില്‍ നോക്കി.

ഇപ്പോഴവിടെ ബാഹുബലി തന്നെ. സിനിമയിലെ ഇതുവരെ കണ്ടു പരിചയിച്ച സീനുകള്‍. ആദ്യമുണ്ടായത് തന്റെ തോന്നലാകാം...
തലകുടഞ്ഞ് അല്പമാശ്വാസത്തോടെ വീണ്ടും സീറ്റിലിരുന്നു. 
പെട്ടെന്ന് സ്‌ക്രീനില്‍ അനൂജ. 
അനൂജയുടെ മുഖത്ത് ആരോ ടോര്‍ച്ചടിച്ചതുപോലെ വെളിച്ചം. ദേവസേനയുടെ വിലപിടിച്ച വസ്ത്രങ്ങളാണ് അനുജ അണിഞ്ഞിരിക്കുന്നത്.

'നീയെന്താടീ ഇവിടെ?'
അനീഷ് പരിസരം മറന്ന് വിളിച്ചുചോദിച്ചു.
'സിനിമയാണെടോ... മിണ്ടാതിരുന്ന് കാണിന്‍...'
അടുത്തിരുന്ന മറ്റൊരാള്‍ അനീഷിനോട് പറഞ്ഞു.
'എന്ത് സിനിമ... ഏത് സിനിമ... എന്റെ പെങ്ങളാ ഇത്...'
അനീഷ് കണ്ണു തുറുപ്പിച്ചു പറഞ്ഞു.
ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യാതെ അടുത്ത നിമിഷം ഒരിളം ചിരിയോടെ അനൂജ തന്റെ വസ്ത്രങ്ങള്‍ മെല്ലെ പ്രേക്ഷകര്‍ക്കായി അഴിച്ചുതുടങ്ങി. അനീഷിന് നിയന്ത്രണംവിട്ടു.
'നിര്‍ത്തെടീ... അനൂജേ... നാണമില്ലാത്തവളേ...'
അലറാന്‍ ശ്രമിച്ചെങ്കിലും ശബ്ദം ഉള്ളില്‍നിന്നും പുറപ്പെട്ടുപോന്നില്ല.
തനിക്കു ചുറ്റും എന്തൊക്കെയോ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന ഭയം ഒരു പച്ചിലപ്പാമ്പിനെപ്പോലെ തന്റെ ഉടലാകെയിഴഞ്ഞത് ആദ്യമായി അനീഷറിഞ്ഞു. എഴുന്നേറ്റ് ഇരുട്ടിലൂടെ തട്ടിത്തടഞ്ഞ് ഒരുവിധം തിയേറ്ററിനു പുറത്തെത്തി.

അവിടെ ആ ബെന്‍സ്.
അതില്‍ ചാരി അയാള്‍. അതേ മൊട്ടത്തല. 
അതേ വെയില്‍. 
അയാള്‍ ചിരിച്ചു.
അനീഷ് ചിരിച്ചില്ല. 
'അനീഷേ... എന്താ ഇറങ്ങിവന്നത്? ഇത് ശരിയല്ല. വേഗം അകത്തുചെന്ന് സിനിമ കാണൂ...'
അയാള്‍ മൊട്ടയില്‍ താളം മുട്ടി പറഞ്ഞു. മുഖം മെല്ലെ കനത്തുവന്നു.
'കാണുന്നില്ല. മതിയായി.'
അനീഷ് മുഖത്തു നോക്കാതെ പറഞ്ഞു.

'കാണുന്നില്ലെന്നോ...? ഹഹ... നല്ല കാര്യമായി...'
അയാള്‍ പോക്കറ്റില്‍നിന്നും പഴ്‌സ് എടുത്തു. രണ്ടായിരത്തിന്റെ ഒരു കുത്ത് നോട്ട് റാപ്പര്‍ കളഞ്ഞ് വിടര്‍ത്തി. മയില്‍ പീലി വിരിക്കും പോലെ നോട്ടുപീലികള്‍. പെട്ടെന്നയാള്‍ അനീഷിനെ കടന്നുപിടിച്ചു. ബെന്‍സില്‍ ചാരിനിര്‍ത്തി, ഇടംകൈകൊണ്ട് അവന്റെ തൊണ്ടയില്‍ കുത്തിപ്പിടിച്ചു. അനീഷിന്റെ വായ പിളര്‍ന്നുവന്നു. തന്റെ വലംകൈകൊണ്ട് മുഴുവന്‍ നോട്ടുകളും അതില്‍ കുത്തിത്തിരുകിയിട്ട് അയാള്‍ അലറി:
'കാണ് നീ... കണ്ണുപൊട്ടുംവരെ കാണ്... ഇത് അമ്പതിനായിരം തികച്ചുമുണ്ട്. ഇതു തീരുംവരെ നീ സിനിമ കാണ്... കണ്ടേ തീരൂ... ഇതു തീരുമ്പോ ഞാന്‍ വരും. അപ്പോ ബാക്കി പണം...'
കണ്ണുകള്‍ മിഴിച്ച്, ശ്വാസം വിലങ്ങിനിന്ന അനീഷിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ച് അയാള്‍ രഹസ്യംപോലെ പറഞ്ഞു: 

'അഥവാ... അതിനിടയില്‍ നീ സിനിമ കാണല്‍ അവസാനിപ്പിച്ച് വേറേതെങ്കിലും ജോലിക്കു പോയാല്‍ നായിന്റെ മോനേ... നിന്നെ ഞാന്‍ ബെന്‍സിടിച്ചു കൊല്ലും. എന്നിട്ട് സിനിമ കാണാത്തതിന്റെ പേരില്‍ ബെന്‍സിടിച്ചു മരിക്കുന്ന ലോകത്തിലെ ആദ്യത്തെ വിഡ്ഢിയുടെ കഥ സിനിമയാക്കും. സിനിമയാണെന്റെ ചോറ്. മരിക്കുംവരെയെനിക്കു ചോറ് തിന്ന് ജീവിക്കണമെടാ...' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com