'ഉത്തോലകം'- വി. സുരേഷ് കുമാര്‍ എഴുതിയ കഥ

വട്ടുള പാറ ജയന്‍ എന്ന വി.പി. ജയന്‍ ഏഴാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ എന്റെ സഹപാഠി ആയിരുന്നു. ഡിഗ്രിക്ക് ഫുള്‍പേപ്പര്‍ ജയിക്കാന്‍ ആകാതെ അവന്‍ പഠനം നിര്‍ത്തി
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ട്ടുള പാറ ജയന്‍ എന്ന വി.പി. ജയന്‍ ഏഴാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ എന്റെ സഹപാഠി ആയിരുന്നു. ഡിഗ്രിക്ക് ഫുള്‍പേപ്പര്‍ ജയിക്കാന്‍ ആകാതെ അവന്‍ പഠനം നിര്‍ത്തിയശേഷം വീട്ടുകാരുടെ നിര്‍ബ്ബന്ധത്താല്‍ ലിഫ്റ്റ് ടെക്‌നോളജി, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീ കോഴ്‌സുകളില്‍ ഉന്നതപഠനം നല്‍കി ആയിരങ്ങളെ വിദേശത്തും സ്വദേശത്തും ഉയര്‍ന്ന തൊഴിലിനു പ്രാപ്തമാക്കുന്ന  കൊച്ചിയിലെ കെ.എല്‍. കോശിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.

ലിഫ്റ്റ് ടെക്‌നോളജിയിലെ ഒരു വര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞതും അവര്‍ അവനെ പഞ്ചാബിലെ ജലന്ദറിലേക്ക് പരിശീലനത്തിന് അയച്ചു. എറണാകുളത്തുനിന്നും അവധിയില്‍ വരുന്നതിനു മുന്നേ അവന്റെ പോസ്റ്റ്കാര്‍ഡ് വരും. ഞാന്‍ വരുന്നാഴ്ച നാട്ടില്‍ എത്തും നമുക്ക് കാണണം...
ജയന്‍ വന്നാല്‍ കൊച്ചിയിലെ മുഴുവന്‍ കഥയും പറയും. കടുത്ത സിനിമാ ഭ്രാന്തന്‍ ആയതിനാല്‍ കഥകളില്‍ സിനിമയും സിനിമക്കാരും നിറയും.

അങ്ങനെ ഒരു ദിനം മോഹന്‍ലാല്‍, ബാബു ആന്റണി, സുരേഷ്‌ഗോപി എന്നിവരെ വളരെ അടുത്തുനിന്നും 
സിമ്രാനെ കുറച്ചുദൂരെ നിന്നും കണ്ടതിന്റെ കഥ വള്ളിപുള്ളി തെറ്റാതെ പറയുകയായിരിന്നു. ജയന്റെ കഥയുടെ ഭൂരിഭാഗവും മോഹന്‍ലാലും സുരേഷ്‌ഗോപിയും ആയിരുന്നെങ്കിലും ഞാന്‍ അവന്‍ ദൂരെ നിന്നും കണ്ട സിമ്രാന്റെ ഗ്ലാമറിനെ ചുറ്റിപ്പറ്റി ആലോചിച്ചു.
മോഹന്‍ലാല്‍ വന്നിറങ്ങിയതും ഫോര്‍ട്ട്‌കൊച്ചിയിലെ കപ്പലില്‍നിന്നുവരെ ആള്‍ക്കാര്‍ കൈകള്‍ ഉയര്‍ത്തി ലാലേട്ടാ... എന്നു വിളിക്കാന്‍ തുടങ്ങി.
പാലസിലെ ഷൂട്ടിങ്ങിനായി ലാലേട്ടന്‍ പുലര്‍ച്ചെ എത്തിയിരുന്നു.

അവിടെ പരിചയത്തിലെ ഒരു ചേട്ടന് ന്യൂസ്‌പേപ്പര്‍ ഏജന്‍സിയുണ്ട്. അവരുടെ പത്രം ഇടാന്‍ രാവിലെ ഞാനും കൂടും. അത്യാവശ്യം ചെലവിനുള്ള പൈസയൊക്കെ അങ്ങനെ ഒക്കും. എല്ലാറ്റിനും അപ്പുറം ആ ജോലികൊണ്ട് മാത്രം ലാലേട്ടനെ കണ്ടു.

ചായ കുടിക്കവേ മോഹന്‍ലാല്‍ വിഷയം മാറ്റാനായി ഞാന്‍ മമ്മൂട്ടിയെ ചോദിച്ചു.
നിനക്ക് ഇതുവരെയും മമ്മൂട്ടിയെ കാണാന്‍ പറ്റിയില്ലല്ലോ..?
എല്ലാവരെയും പോലെ മമ്മൂട്ടിയെ അങ്ങനെ ആര്‍ക്കും എപ്പോഴും കാണാനും പറ്റില്ലല്ലോ ഭയങ്കര ചൂടനും അഹങ്കാരിയും അല്ലേ...
ജയന്‍ ഒന്നും മിണ്ടാതായി.

കോഴിയെ കൊന്ന് അതിന്റെ കരള്‍ എടുക്കുന്നത്രയും സൂക്ഷ്മതയോടെ ഞാന്‍ വീണ്ടും ജയനോട് പറഞ്ഞു:
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍സെപ്ക്ടര്‍ ബലറാമിന്റെ ഷൂട്ടിങ്ങിനു പറശ്ശിനിക്കടവില്‍ വന്നപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ കണ്ടിരുന്നു...!

അന്നു ഞങ്ങള്‍ പറശ്ശിനിക്ക് അടുത്തുള്ള കോള്‍മൊട്ടയിലെ തറവാട്ടിലാണ് താമസം. വീടിനു തൊട്ട് അപ്പുറത്തു ഞങ്ങള്‍ കൊടുത്ത സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ പൊലീസ് സ്‌റ്റേഷന്‍.
ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ മമ്മൂട്ടി നമ്മുടെ നാല് ഏക്കറിലധികം വരുന്ന പറമ്പിലൊക്കെ ചുറ്റിക്കറങ്ങി നടക്കും.
മമ്മൂട്ടി പറമ്പില്‍ കയറുമ്പോള്‍ സിനിമയിലെ മറ്റു പൊലീസുകാര്‍ പറമ്പിനു ചുറ്റും കാവല്‍ നില്‍ക്കും!
രാവിലേയും വൈകുന്നേരവും ഓരോ ചെന്തെങ്ങിന്റെ ഇളനീര്‍ പറമ്പില്‍നിന്നും മമ്മൂട്ടിക്ക് പതിവായിയിരുന്നു.
അവന്‍ കാണാത്ത മമ്മൂട്ടിയെ കണ്ടത് വിശ്വസിപ്പിക്കുവാനായി കയ്യിലുള്ള തെളിവുകള്‍ ഒന്നൊന്നായി ഞാന്‍ പുറത്തെടുത്തു.

എന്നാല്‍ ജയന്‍ കൂടുതലൊന്നും ചോദിക്കാതെ ചായ മേശയിലേക്ക് വെച്ച് ഹോട്ടല്‍ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.

അപ്പോഴേക്കും ചൂട് ബിരിയാണി എത്തിയിരുന്നു. ഞാന്‍ അതിലെ മസാലയും കോഴിയും ചോറിന്റെ രണ്ടു ഭാഗത്തേക്ക് നീക്കുന്നതിനിടയില്‍ ജയന്‍ എന്നെ നോക്കി നാടകീയമായി പറഞ്ഞു:
ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു എന്നുമാത്രം അല്ല അദ്ദേഹത്തെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷിക്കാനും കഴിഞ്ഞു...

ഇവനിതു എന്തു കുന്തമാണ് പറയുന്നത്...?

ജയന്‍ ബിരിയാണി തൊടാതെ ചൂടു പറക്കുന്ന ചായ ഒരിറക്ക് കൂടി കുടിച്ചു.
അതൊരു വലിയ കഥയാണ്:

ബിഗ്ബിയുടെ ഷൂട്ടിങ്ങ് കൊച്ചിയില്‍ നടക്കുന്ന സമയം. ഷൂട്ടിങ്ങിന്റെ എല്ലാ കാര്യവും അന്നു വളരെ രഹസ്യമായിരുന്നു. മമ്മൂട്ടിയെ കാണാനായി രാവിലെ മുതല്‍ ആള്‍ക്കാര്‍ പല നാടുകളില്‍നിന്നും ഒഴുകിയൊഴുകിവന്നു. ആരാധകര്‍ മട്ടാഞ്ചേരിയില്‍ പോകുമ്പോള്‍ ഷൂട്ടിങ്ങ് വെല്ലിങ്ടണിലേക്ക് മാറും; മേനകയില്‍ ഷൂട്ടിങ്ങ് ഉണ്ടെന്നു പറയും; പക്ഷേ, ഷൂട്ടിങ്ങ് ഫോര്‍ട്ട്‌കൊച്ചിയില്‍. പകല്‍ ആണെന്ന് കരുതിയാല്‍ രാത്രി... എല്ലാം ഒരു ത്രില്ലര്‍ സിനിമ പോലെ...

ക്ലാസ്സ് കഴിഞ്ഞുള്ള നേരങ്ങളില്‍ ഞാനും കൊച്ചിയിലെ ഓരോ ഇടവും അരിച്ചുപെറുക്കി.
മമ്മൂട്ടിയെ നേരില്‍ കാണണം എന്ന ചെറുപ്പം മുതലേ ഉള്ള ആഗ്രഹം കുറച്ച് ദിവസംകൊണ്ട് ഒരിക്കലും നടക്കില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായി.

അങ്ങനെ ഒരു പകല്‍ ദിനം ഓഫീസ് സഹായി ഞങ്ങള്‍ക്ക് ക്ലാസ്സ് എടുക്കുന്ന ജോണ്‍ സാറിനെ വിളിച്ചു.
'ടെറാസ്'ന്റെ പടുകൂറ്റന്‍ ക്രൈനുകളേയും അവരുടെ ഏറ്റവും പുതിയ സൂപ്പര്‍ ലിഫ്റ്റുകളെക്കുറിച്ചും ആയിരുന്നു അന്നത്തെ ക്ലാസ്സ്. ഒരു വലിയ പര്‍വ്വതത്തെ ജോണ്‍ സാര്‍ ഭാരമേറിയ ക്രൈന്‍ ഉപയോഗിച്ച് താഴ്ത്തുകയായിരുന്നു. ജോണ്‍ സാറിന്റെ ക്ലാസ്സ് പകുതിവെച്ചു മുറിഞ്ഞപ്പോള്‍ പര്‍വ്വതം ഞങ്ങളുടെ എല്ലാവരുടേയും തലയ്ക്കു മുകളില്‍ വെറും വായുവില്‍ നില്‍ക്കുന്നതായി എനിക്കു തോന്നി.

മാഷ് പുറത്തേക്ക് പോകാന്‍ നേരം എന്നെ വിളിച്ചു ടൂള്‍ ബാഗ് എടുത്തു കൂടെ വരാന്‍ പറഞ്ഞു.
കാറില്‍ കയറവേ ജോണ്‍ സാര്‍ പറഞ്ഞു:
മമ്മൂട്ടി കയറിയ ലിഫ്റ്റ് കേടായിരിക്കുന്നു...!
അവിടുത്തെ ടെക്‌നീഷ്യന്മാര്‍..? ഞാന്‍ ചോദിച്ചു.

അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ലജോണ്‍ സാര്‍ ഒരു സി.ബി.ഐ ഓഫീസറെപ്പോലെ ഗൗരവത്തിലായി.
ദൈവമേ മമ്മൂട്ടി ഇപ്പോഴും ലിഫ്റ്റില്‍... ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.
ലിഫ്റ്റില്‍ കുടുങ്ങിയാല്‍ ആര്‍ക്കായാലും തലചുറ്റും. കണ്ണു മൂടും... ലിഫ്റ്റിനുള്ളിലെ വായു തീരുന്നതോടെ ബോധം പോകും...
ഞങ്ങള്‍ ഹോട്ടലില്‍ എത്തുമ്പോഴേക്കും പിന്നെയും 20 മിനിട്ട് കഴിഞ്ഞിരുന്നു.

ജോണ്‍ സാര്‍ ലിഫ്റ്റിന്റെ ഓപ്പറേഷന്‍ റൂമില്‍ ചെന്നു മൊത്തം നോക്കി. മിറ്റ്‌സുബിഷിയുടെ ഏറ്റവും പുതിയ ഓട്ടോമാറ്റിക് മോഡല്‍ ലിഫ്റ്റായിരുന്നു. സര്‍ അതിന്റെ ബോക്‌സ് അഴിച്ചു മൂന്നുമിനിട്ട് കൊണ്ട് കംപ്ലയിന്റ് തീര്‍ത്തു.
ഞങ്ങള്‍ ഓടി മുകളില്‍ ചെന്ന് ലിഫ്റ്റ് മൂവ് ചെയ്യിച്ചു.
അടുത്ത നിമിഷം മമ്മൂട്ടി ഒന്നും സംഭവിക്കാത്തപോലെ ഒരു മൂളിപ്പാട്ടോടെ നാലാംനിലയില്‍ ഞങ്ങളുടെ മുന്നിലേക്ക് ഇറങ്ങി.

ഹോട്ടല്‍ മാനേജരും ജീവനക്കാരും മമ്മൂട്ടിയുടെ മുന്നില്‍ ഭയന്നുവിറച്ചു നില്‍ക്കുന്നു.
മമ്മൂട്ടി അവരെയൊന്നും നോക്കാതെ ഞങ്ങളുടെ അരികിലേക്ക് വന്നു മെല്ലെ പറഞ്ഞു:
പുതിയ ടെക്‌നോളജി ഇവിടുത്തെ പിള്ളേരെക്കൂടി ഒന്നു പഠിപ്പിച്ചു വിട്ടേക്ക് മാഷേ... എല്ലാവര്‍ക്കും എന്നെപ്പോലെ ഇത്രയും നേരം പിടിച്ചുനില്‍ക്കാനുള്ള കരുത്തൊന്നും ഉണ്ടാകില്ല...
മമ്മൂട്ടി ഹോട്ടല്‍ ജീവനക്കാരെ ആകെ നോക്കി.
പിന്നെ മെല്ലെ തന്റെ കൂളിംഗ് ഗ്ലാസ്സില്‍ കൈതൊട്ട് പറഞ്ഞു:

ഡോണ്ട് വറി... ഐ ആം ഒക്കെ... നിങ്ങളാരും പേടിക്കരുത്...
മമ്മൂട്ടി എന്തോ ഓര്‍ത്തിട്ടെന്നപോലെ വീണ്ടും ഞങ്ങളുടെ ചുമലില്‍ തൊട്ടു.
നിങ്ങള്‍ വന്നത് നന്നായി... ഡോര്‍ തുറക്കാന്‍, ലിഫ്റ്റ് അനക്കാന്‍ ഞാന്‍ പരമാവധി നോക്കിയിരുന്നു... എന്റെ കഴിവിനും അപ്പുറത്താണ് ഈ പുതിയ ടെക്‌നോളജി...

ബി.സി ഇരുന്നൂറ്റി മുപ്പത്തിയാറില്‍ അര്‍ക്കമെഡീസ് ആണ് ലിഫ്റ്റ് എന്ന ആശയം ആദ്യം സ്വപ്‌നം കണ്ടത്...
ആയിരത്തി എണ്ണൂറ്റി അമ്പത്തിയാറില്‍ ആയിരിക്കണം നമ്മളിന്നു കാണുന്ന ലിഫ്റ്റിന്റെ തുടക്കം.
ഞാന്‍ ലോകത്തിന്റെ പല ഭാഗത്തുള്ള ലിഫ്റ്റില്‍ കയറിയിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടായിരുന്നു... നിങ്ങള്‍ സമയത്തിന് വന്നില്ലായിരുന്നു എങ്കില്‍...

അദ്ദേഹം കൂളിംഗ് ഗ്ലാസ്സ് മെല്ലെ മാറ്റി, ഞങ്ങളോടുള്ള സ്‌നേഹംകൊണ്ട് മമ്മൂട്ടിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഇറ്റുന്നു.
നനഞ്ഞ കണ്ണുകള്‍ കാണാതിരിക്കാനായി അദ്ദേഹം പെട്ടെന്ന് കൂളിംഗ് ഗ്ലാസ്സ് നേരെയാക്കി...
പിന്നെ എന്തൊക്കെയോ ഇംഗ്ലീഷില്‍ പറഞ്ഞു ചിരിച്ചുനടന്നു.

തിരിച്ചു വരുമ്പോള്‍ ജോണ്‍ സാര്‍ പറഞ്ഞു: അദ്ദേഹം എപ്പോഴും ഈ കടും കളര്‍ കൂളിംഗ് ഗ്ലാസ്സ് വെക്കുന്നത് പെട്ടെന്നു സങ്കടം വരുന്ന ആ കണ്ണുകളെ ആരും കാണാതിരിക്കാന്‍ കൂടിയാണ്...
അന്നു രാത്രി നട്ടപ്പാതിരയ്ക്ക് ഞാന്‍ മമ്മൂട്ടിയെ സ്വപ്‌നം കണ്ടു. മമ്മൂട്ടി തൊട്ടുമുന്നില്‍ വന്നു കൈകള്‍ വീറോടെ താഴ്ത്തി ദേഷ്യത്തോടെ ഒരു സിനിമയില്‍ എന്നപോലെ ആ ഡയലോഗ് വീണ്ടും പറയുന്നു: നിങ്ങളെനിക്ക് ഒരു ഉത്തോലകം തരൂ; ഞാനീ ലിഫ്റ്റിനെ എങ്ങോട്ട് വേണമെങ്കിലും ഉയര്‍ത്തി കാണിക്കാം...
ഞാന്‍ ജയന്റെ കണ്ണുകളിലെ മമ്മൂട്ടിയെ അതിശയത്തോടെ നോക്കിനിന്നു.
കൊച്ചിയിലെ തിയേറ്ററുകള്‍, ഇറുകിയ വസ്ത്രം മാത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍, വില കൂടിയ വാഹനങ്ങള്‍, വലിയ വലിയ ഉയരത്തിലുള്ള കെട്ടിടങ്ങള്‍, കായലുകള്‍, കപ്പലുകള്‍... മുഴുവനും മമ്മൂട്ടിയുടെ മുന്നില്‍ നരച്ചതും കീറിയതും ആയിരിക്കുന്നു.

ഓര്‍ക്കാപ്പുറത്തു പെയ്ത കാറ്റിലും മഴയിലും പെട്ടതുപോലെ ആയി ഞാന്‍...
ജയനും ഒന്നും മിണ്ടിയില്ല.
ജയന്‍ അങ്ങനെ അത്രയും മൗനത്തില്‍ ആയത് ആദ്യമായിട്ടാണ്.

ഏതു വിഷയത്തിലും നിര്‍ത്താതെ ഉള്ള സംസാരം. സിനിമ, സാഹിത്യം, ക്രിക്കറ്റ്, സെക്‌സ്... അവനെ സംബന്ധിച്ച് സംസാരിക്കുന്ന വിഷയത്തിനൊരു പരിധിയും ഇല്ലായിരുന്നു. കയ്യില്‍ കിട്ടുന്ന എന്തും അപ്പുറവും ഇപ്പുറവും നോക്കാതെയുള്ള അവന്റെ ഒടുക്കത്തെ വായന...
സുഹൃത്തുക്കളെ ഉണ്ടാക്കാനും നിലനിര്‍ത്താനുമുള്ള അപാരമായ കഴിവ്. വി.പി. ജയന്‍ എങ്ങനെ നോക്കിയാലും ഞങ്ങള്‍ക്കിടയില്‍ അന്നേ ഒരു സംഭവം ആയിരുന്നു.

ടൗണില്‍ വെച്ചു പിരിയുമ്പോള്‍ ജയന്‍ എന്നോട് പറഞ്ഞു: ലിഫ്റ്റിനെ മുകളിലേക്ക് ഉയര്‍ത്തുന്നത് ആരുടേയും ശക്തികൊണ്ടല്ല... ബുദ്ധികൊണ്ടാണ്...
സര്‍ സയ്ദ് കോളേജിലെ ഡിഗ്രി കാലത്ത് അവന്‍ ക്ലാസ്സിലേക്കാളും കൂടുതല്‍ കയറി ഇറങ്ങിയത് ലൈബ്രറിയില്‍ ആയിരുന്നു. ഉള്ളത് പറയാമല്ലോ, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, എം.ടി. വാസുദേവന്‍ നായര്‍ എന്നൊക്കെ ഉള്ള ആള്‍ക്കാര്‍ എഴുത്തുകാര്‍ ആണെന്നും അവരൊക്കെ മനുഷ്യര്‍ക്ക് വായിക്കാന്‍ ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും അതിലൊക്കെയും അനേകം കഥകള്‍ ഉണ്ടെന്നും ഞങ്ങളെ അറിയിച്ചത് ഇതേ ജയന്‍ ആണ്...

ഈ ലോകം നിര്‍മ്മിച്ചത് കുറെ എഴുത്തുകാര്‍ കഥകള്‍ കല്ലുകള്‍പോലെ അടുക്കിവെച്ചും ആണ്. അതില്‍ കുറച്ചെങ്കിലും വായിക്കാന്‍ കഴിഞ്ഞാല്‍ ലോകത്ത് എവിടെ പെട്ടാലും നമുക്ക് വലിയ പരുക്കില്ലാതെ ജീവിക്കാന്‍ കഴിയും ജയന്‍ പറഞ്ഞു.

കൃത്യം ആ രണ്ടായിരത്തി നാല് വര്‍ഷത്തില്‍ ആവശ്യത്തിന് എണ്ണയില്ലാത്ത കാന്റീനിലെ പഴംപൊരി കടിച്ചുവലിക്കുമ്പോള്‍ അവന്‍ ഒന്നുകൂടി ഞങ്ങളോട് പറഞ്ഞു:
ഒരു അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വിദ്യാഭ്യാസം ആയിരിക്കില്ല നമ്മുടെ ലോകത്തെ മുന്നോട്ട് നയിക്കുക; പകരം നൂതനങ്ങളായ ആശയങ്ങള്‍ ആയിരിക്കും... ടെക്‌നോളജി ആശയങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും...
ജലന്ധറില്‍നിന്നും ലീവിനു വന്ന ആദ്യം അവന്‍ എന്നെയും കൂട്ടി നേരെ പോയത് കോളേജ് പഠനകാലത്ത് സ്ഥിരം ചെല്ലാറുള്ള നഗരത്തിലെ പഴയ മാഗസിന്‍ വില്‍ക്കുന്ന കടയിലേക്കായിരുന്നു.
'പഞ്ചാബില്‍ ഒന്നും വായിക്കാന്‍ കിട്ടാതെ എനിക്ക് ഭ്രാന്ത് കയറുന്നു. ഇങ്ങനെ പോയാല്‍ വായിക്കാനായി പഞ്ചാബി ഭാഷ പഠിക്കേണ്ടിവരും...'

ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ പുരാതനമായ മാഗസിന്‍ ഷോപ്പിലെ വയസ്സന് പഴയ നിത്യ സന്ദര്‍ശകന്‍ ജയനെ ഓര്‍മ്മ വന്നു.

ജയന്‍ അവിടെ കൂട്ടിയിട്ട പഴയ പേപ്പറിലേക്കും പുസ്തകങ്ങളിലേക്കും ഇറങ്ങി.
ഡിഗ്രി കഴിഞ്ഞ് ആകെ അന്തം കിട്ടാതെ നില്‍ക്കുന്ന ഞാന്‍ പി.എസ്.സി എന്ന പേര് കാണുന്ന പുസ്തകങ്ങള്‍ മാത്രം പരതി... അങ്ങനെ കണ്ട ഒന്ന് രണ്ടെണ്ണം പാതിവിലയ്ക്ക് കിട്ടുന്നതിനാല്‍ മേടിച്ചു.
ഈ ക്യാപ്‌സ്യൂള്‍ മാത്രം വായിച്ചു പഠിച്ചു ജോലി നേടുന്നവരെ സമ്മതിക്കണം.
ജയന്‍ ആഴ്ചപ്പതിപ്പുകള്‍ മറിച്ചുനോക്കുന്നതിനിടയില്‍ പറഞ്ഞു.
നീ ജലന്ധറിലെ പരിശീലനമൊക്കെ കഴിഞ്ഞു വലിയ ശമ്പളത്തോടെ ദുബായിലേക്ക് പോകില്ലേ...
നമുക്കും എന്തെങ്കിലും ജീവിക്കാന്‍ വേണ്ടേ...

ജലന്ധര്‍... ഉണ്ട... എന്നെ ആര് ദുബായില്‍ കൊണ്ടുപോകാന്‍...?
ഇതൊക്കെ കോശിയുടെ തട്ടിപ്പാണ്... ആ തട്ടിപ്പില്‍ എന്റെ വീട്ടുകാര്‍ പെട്ടു... അച്ഛന്‍ മരിച്ചതോടെ എനിക്കൊരു വരുമാനം ഇപ്പോള്‍ എന്നെക്കാള്‍ ആവശ്യം എന്റെ വീട്ടുകാര്‍ക്കാണ്. അതുകൊണ്ട് ബന്ധുക്കള്‍ ഒക്കെക്കൂടി പൈസയൊക്കെ സംഘടിപ്പിച്ച് എന്നെ അവിടെ ചേര്‍ത്തു.
ഞാന്‍ കണ്ട ഭൂമിയിലെ ഏറ്റവും വലിയ ലിഫ്റ്റ് കോശി ആണ്... ആള്‍ക്കാരെ താഴേയ്ക്ക് ഇറക്കാതെ പൊക്കി മാത്രം വിടുന്ന ലിഫ്റ്റ്.

ഓരോ കൊല്ലവും ആയിരവും രണ്ടായിരവും കുട്ടികളാണ് അയാളുടെ പരസ്യം കണ്ട് വരുന്നത്.
അതില്‍ നാലോ അഞ്ചോ പേര് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ സഹായത്തോടെ കടല് കടക്കുന്നു.

ജലന്ധറില്‍ ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്ന ആ ചെറിയ ടൗണില്‍ ആകെ രണ്ട് ലിഫ്റ്റാണുള്ളത്... അവ ഓപ്പറേറ്റ് ചെയ്യാന്‍ ഇന്ത്യയിലെ പല കോശിമാരുടെ സ്ഥാപനങ്ങളില്‍നിന്നും പഠിച്ചുവന്ന ട്രൈനീസുകള്‍ പത്തു പതിനഞ്ച് എണ്ണവും...
ഞാന്‍ ജീവിച്ചുപോകുന്നത് താമസിക്കുന്നതിന് അടുത്തുള്ള ഒരു വയസ്സന്റെ പീടികയില്‍ കത്രിക അടിച്ചുകൂട്ടാനുള്ള ഇരുമ്പ് മുറിച്ചുകൊടുക്കുന്ന പണി എടുത്താണ്... രാത്രി മുഴുവന്‍ ആ പഞ്ചാബിയുടെ ഇരുമ്പ് ആലയില്‍...
പിന്നെ പഞ്ചാബ് അതൊരു ഗംഭീര സ്ഥലമാണ്. എല്ലാവരും എന്തെങ്കിലും ജോലിചെയ്തു കൊണ്ടിരിക്കും... ജോലി കഴിഞ്ഞാല്‍ ഫുള്‍ ജോളിയും...
മലയാളത്തിലെ ഒന്നും വായിക്കാന്‍ കിട്ടുന്നില്ല എന്നൊരു പ്രശ്‌നം മാത്രമേ ഞാന്‍ നോക്കിയിട്ട് അവിടെ ഒരു കുറവായുള്ളൂ...
പോകുമ്പോള്‍ കുറെ പുസ്തകങ്ങള്‍ കരുതിയിരുന്നു.
നോക്കൂ, ആ പുസ്തകങ്ങള്‍ വായിച്ചു ഞാന്‍ എഴുതിയ കത്തുകള്‍ക്ക് മുകുന്ദേട്ടനും അശോകന്‍ ചരുവിലും സി.വി. ബാലകൃഷ്ണനും അയച്ച മറുപടികളാണിത്.

വായിച്ചുകഴിഞ്ഞാല്‍ എനിക്ക് എഴുത്തുകാര്‍ക്ക് കത്തുകള്‍ എഴുതണം...
ജയന്‍ കുറെ കത്തുകള്‍ എന്റെ നേരെ നീട്ടി...

ജയന് മറുപടി എഴുതിയ പല എഴുത്തുകാരുടേയും പേരുകള്‍ ആദ്യമായി കേള്‍ക്കുന്നതിനാല്‍ ആ കത്തുകളോട് എനിക്ക് വലിയ അത്ഭുതമോ ആദരവോ തോന്നിയില്ല.

ഞാന്‍ ആ കത്തുകള്‍ അവന്റെ കയ്യിലേക്ക് തന്നെ തിരിച്ചുകൊടുത്തു.
നാട്ടിലേക്കുള്ള ബസ് കയറി.

പിന്നീട് ഒന്നു രണ്ട് വര്‍ഷത്തേയ്ക്ക് ജയന്റെ വിളിയോ കാര്‍ഡോ ഒന്നും ഉണ്ടായില്ല.
ഒന്നുകില്‍ അവന്‍ അവിടെ ഏതെങ്കിലും പഞ്ചാബി പെണ്ണിനേയും കെട്ടി മുടിയൊക്കെ നീട്ടി ജീവിച്ചിരിക്കും. അല്ലെങ്കില്‍ പഞ്ചാബികള്‍ അവന്റെ സാഹിത്യ സംസാരം സഹിക്കാന്‍ കഴിയാതെ തല്ലിക്കൊന്നിരിക്കണം.
ഫുഡ് ഹൗസ് കാണുമ്പോഴൊക്കെ എനിക്ക് അവനെ ഓര്‍മ്മവരും.

പക്ഷേ, അങ്ങോട്ട് വിളിക്കാനോ പറയാനോ യാതൊരു വഴിയും ഇല്ല.
നീണ്ട രണ്ട് വര്‍ഷത്തിനുശേഷം ഫുഡ് ഹൗസിനു മുന്നിലൂടെ നടക്കുമ്പോള്‍ ഒരു സ്വപ്‌നത്തില്‍ എന്നപോലെ ജയന്‍.

രണ്ടു കട്ട പഞ്ചാബികളുടെ കൂടെ ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്നു.
എന്നെ കണ്ടതും അവനും അവനെ കണ്ടതും ഞാനും ഞെട്ടി.
പഞ്ചാബികളുടെ അരികില്‍നിന്നും മാറി അവന്‍ എന്നോട് പറഞ്ഞു: 'ഞാന്‍ പഞ്ചാബ് വിട്ട് നാട്ടില്‍ എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.'

ജെയിന്‍ എന്ന പഞ്ചാബ് ബേസ്ഡ് മെറ്റല്‍ കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവായാണ് ഇപ്പോള്‍ വേഷം. കോഴിക്കോട് മുതല്‍ കാസറഗോഡ് വരെയുള്ള ഏരിയ. പണി ഒത്തത് ഇവന്മാരുമായി അവിടുത്തെ ഒരു വെള്ളമടി കമ്പനിയിലെ പരിചയത്തില്‍നിന്നാണ്.

രണ്ടിനും ബിരിയാണിയും ബിയറും ഒരിക്കലും മതിയാകില്ല... ഇവര്‍ തിരികെ പോകുന്നതുവരെ എന്റെ മെയിന്‍ പണി അതാണ്.
നീ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്...? ഒറ്റശ്വാസത്തില്‍ ജയന്‍ എല്ലാം കൂടി എന്നോട് ചോദിക്കുകയും പറയുകയും ചെയ്തു.
ഞാന്‍ മലയാളത്തില്‍ ബി.എഡ് ചെയ്യുന്നു...
ശരിക്കും നിന്നെയൊക്കെ ഇപ്പോള്‍ നമിച്ചുപോകുന്നു, ഓരോ പുസ്തകവും തീര്‍ക്കാന്‍ ഞാന്‍ പെടുന്ന പാട്...
ഞാന്‍ പറഞ്ഞുതീര്‍ക്കുന്നതിനും മുന്നേ അവന്‍ പറഞ്ഞു:

നിന്റെ നമ്പര്‍ പറയൂ ഞാന്‍ വിളിക്കാം. എനിക്ക് ഇവരെ ഏതെങ്കിലും ബാറില്‍ കയറ്റി കണ്ണൂരില്‍ എത്തിക്കണം.
നിന്നെ ഞാന്‍ വിളിക്കും...
ജയന്‍ അവരുടെ കൂടെ കാറില്‍ കയറി.
വീണ്ടും വര്‍ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു ഇന്നേവരെയും അവന്‍ വിളിച്ചില്ല.
ഈ കാലത്തിനിടയില്‍ മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിനായി അനേകം കണ്ടുപിടുത്തങ്ങള്‍ സംഭവിച്ചു.

രണ്ടായിരത്തി പതിന്നാലില്‍ നമ്മള്‍ രണ്ടായിരത്തി നാല് ബാച്ച് കോളേജ് റീ യൂണിയന്‍ ചേര്‍ന്നു.
എന്തുകൊണ്ടോ അന്നത്തെ പരിപാടിയിലും ജയന്‍ ഉണ്ടായില്ല.
എന്റെയും ജയന്റേയും കൂടെ പഠിച്ചിരുന്ന ദുബായില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ നല്ല ജോലിയുള്ള അനൂപ് പോലും പരിപാടിക്ക് വന്നു.

എന്നെ കണ്ടയുടനെ അനൂപ് ജയന്റെ കാര്യം ചോദിച്ചു:
കോളേജ് വിട്ടതിനുശേഷം ഒരിക്കല്‍പ്പോലും ജയനെ കണ്ടില്ലെന്ന് അനൂപ് വിഷമം പറഞ്ഞു.
പക്ഷേ, ഇപ്പോള്‍ എഫ്.ബിയില്‍ നല്ല സൗഹൃദത്തിലാണ്... ചാറ്റിങ്ങ് ചെയ്യാറുണ്ട്. 
ജോലി എന്താണെന്നു ചോദിച്ചാല്‍ അതിനെക്കുറിച്ച് മാത്രം ഒന്നും പറയാറില്ല...
ബാക്കി ലോകത്തുള്ള മുഴുവന്‍ വിവരവും പറയും. ഒരു പത്തു മിനിട്ട് ചാറ്റ് ചെയ്യുമ്പോഴേക്കും നമുക്ക് നൂറു ഐഡിയാസ് പുള്ളി തരും... ഉള്ളത് പറയാല്ലോ ജയന്റെ ചിലതൊക്കെ കിടുവാണ്.
അനൂപ് ജയനെ ആരാധനയോടെ സംസാരിക്കുകയും കാണാന്‍ പറ്റാത്തതിലുള്ള വിഷമം പരിപാടി കഴിയുന്നത് വരെയും എന്നോട് പറയുകയും ചെയ്തു.

ജയനെ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഈ തിരക്കിലും ദുബായില്‍നിന്നും വന്നത്.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ അനൂപ് ജയന്‍ പറഞ്ഞ ഒരു ഡയലോഗ് ഓര്‍ത്തു പറഞ്ഞു:

'ഒരുത്തന്റെ കീഴില്‍ ജോലി ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടാണ്... പണം കൂടുതല്‍ തരുന്തോറും അവര്‍ നമ്മളെ കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക് താഴ്ത്തും...

ഞാനൊക്കെ ജയന്‍ പറയാറുള്ള ആ കിണറിന്റെ അടിത്തട്ടില്‍ എത്തിയിരിക്കുന്നു. മടുത്തു ജോലിയും ജീവിതവും...
എല്ലാം ഒഴിവാക്കി നാട്ടില്‍ വന്ന് ജയന്റെ ഒപ്പം കൂടിയാലോ എന്നാണ് ഇപ്പൊ എന്റെ ആലോചന..!
ലാസ്റ്റ് ചാറ്റ് ചെയ്യവേ ജയന്‍ പറഞ്ഞു:

'അനൂപേ, രണ്ടോ മൂന്നോ വര്‍ഷത്തിനകം ഈ ലോകജീവിതം വാട്‌സാപ്പിനേയും ഫേസ് ബുക്കിനേയും ചുറ്റിപ്പിണഞ്ഞായിരിക്കും... അക്ഷരാര്‍ത്ഥത്തില്‍ ഫേസ്ബുക്ക് ആകാശത്തിനും ഭൂമിക്കും മദ്ധ്യേ ഒരു പുതിയ ലോകം നിര്‍മ്മിക്കും.

അവിടെയുള്ള ആ പത്തു മുന്നൂറ് പേരുടെ സര്‍ക്കിള്‍ മതി നമ്മുടെ കയ്യില്‍ നല്ലൊരു ആശയം ഉണ്ടെങ്കില്‍ സുഖമായി ജീവിച്ചു പോകാന്‍... ഞാന്‍ ഇപ്പോള്‍ അങ്ങനെ ചില പ്ലാനുകളിലാണ്. ബാക്കിയൊക്കെ വഴിയേ നിന്നോട് പറയാം...

ഒരു നിഗൂഢത എപ്പോഴും ജയന്‍ ഒളിപ്പിച്ചുവെച്ചിരുന്നു. കടുകട്ടി സാഹിത്യം വായിച്ചു വായിച്ച് അവന്‍ പറയുന്നത് ചിലപ്പോള്‍ നമുക്കൊന്നും മനസ്സില്‍ ആകാറുമില്ല...
ഇതും പറഞ്ഞു ചിരിച്ച് അനൂപ് കാറിലേക്ക് കയറി.
ഞാന്‍ വീട്ടില്‍ എത്തിയ ഉടന്‍ എഫ്.ബി ഓപ്പണ്‍ ചെയ്തു.

ജയന്‍ വട്ടുള പാറ എന്ന പേരിനു താഴെ വൈക്കം മുഹമ്മദ് ബഷീറിന്റെ ഫോട്ടോ തെളിഞ്ഞു.
മൗസ് താഴേക്ക് നീക്കിയപ്പോള്‍ ഡല്‍ഹി, ആള്‍ക്കൂട്ടം, ധര്‍മ്മപുരാണം, ഖസാക്കിന്റെ ഇതിഹാസം... തുടങ്ങി നൂറുകണക്കിനു പുസ്തകങ്ങളും അതിനെക്കുറിച്ചുള്ള അവന്റെ വലിയ എഴുത്തുകളും.
ഒരു പേജുള്ള കഥപോലും നിവൃത്തികേടുകൊണ്ടുമാത്രം വായിക്കുന്ന ഞാന്‍ ജയന്‍ എഴുതിയത് മുഴുവന്‍ കണ്ടപ്പോള്‍ ആരൊക്കെയോ ചുറ്റിലും നിന്നു വളഞ്ഞിട്ട് വെടിവെച്ചിട്ടതു പോലെയായി...
അവന്‍ എഴുതിയ സംഗതികള്‍ മൊബൈലിലേക്ക് സേവ് ചെയ്തിട്ടു.

പലതും പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളിലുള്ളതാണ്.
ഇതിനിടയില്‍ രണ്ടായിരത്തി പതിനഞ്ചു മുതല്‍ ഞാന്‍ സ്‌കൂളില്‍ ജോലിയില്‍ കയറിയിരുന്നു.
ജോലി കിട്ടാനുള്ള എളുപ്പത്തിന് അച്ഛന്‍ പറഞ്ഞതുപോലെ ബി.എഡ് മലയാളം എടുത്തു.
നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ ഒക്കെ പലതരം ഗൈഡുകള്‍ നിരത്തി പാസ്സായി.
അച്ഛന്‍ പിരിയുമ്പോള്‍ അച്ഛന്റെ സ്‌കൂളില്‍ അച്ഛന്റെ ഒഴിവില്‍ മലയാളം മാഷ്.
കാര്യങ്ങളൊക്കെ മാനേജ്‌മെന്റുമായി അച്ഛന്‍ നേരേത്തെ സംസാരിച്ചു.

സ്‌കൂള്‍ മാഷ് ആയതോടെ എന്റെ ലോകം ശമ്പളക്കമ്മിഷന്‍, ഗ്രാറ്റിവിറ്റി, ഡി.എ, ബാങ്ക്, ഇന്‍ഷുറന്‍സ്... എന്നിവയിലൂടെ നിരന്തരം വട്ടംകറങ്ങി.

സ്‌കൂളില്‍ ചേര്‍ന്ന ആദ്യത്തെ ഒന്നുരണ്ട് വര്‍ഷം കാര്യമായി പണിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷത്തോടെ കാര്യങ്ങള്‍ മുഴുവന്‍ കൈവിട്ടു.
സാഹിത്യം, ചര്‍ച്ച, എഴുത്തുകാരുമായി മുഖാമുഖം, സംവാദം... കൃതികള്‍ പരിചയപ്പെടുത്തല്‍, ഒരു കൃതിക്ക് സമാനരീതിയിലുള്ള മലയാളത്തിലെ മറ്റു കൃതികള്‍ കണ്ടെത്തുക... പാഠഭാഗങ്ങളെ വിപുലീകരിക്കുക...
രാവിലെ സ്‌കൂളിലേക്ക് പോകുന്നത് യുദ്ധത്തിനു പോകുന്നത്രയും തയ്യാറെടുപ്പുള്ള ഒന്നായി. ഇതിനിടയില്‍ നാട്ടുകാരും പി.ടി.എ കമ്മിറ്റിയും ചേര്‍ന്ന് സ്‌കൂളിലെ ലൈബ്രറിയുടെ ചുമതലയും എനിക്ക് തന്നു.
നൂറ്റാണ്ട് പഴക്കമുള്ള ഒരു ഗുഹയിലേക്ക് കയറുന്ന അസ്വസ്ഥത ലൈബ്രറി തുറക്കുന്ന ദിനങ്ങളില്‍ എന്നെ പിടികൂടി.

മൊബൈലിലും കംപ്യൂട്ടറിലും സകല വിവരങ്ങളും കിട്ടുന്ന ഈ കാലത്ത് എന്തിനാണ് ഇത്രയും കൂടുതല്‍ പുസ്തകങ്ങള്‍.
ലൈബ്രറി തുറക്കാന്‍ വരുന്ന എന്നെയും കാത്ത് അനേകം കുഞ്ഞു ജയന്മാര്‍ കാത്തുനില്‍ക്കുന്നു.
ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടിയാണ് ഈ പിള്ളേര് ഇങ്ങനെ വായിച്ചുകൂട്ടുന്നത്...? പിള്ളേരെ കാണുമ്പോഴേ എനിക്ക് കലിപ്പ് കയറും.

ഇപ്പോഴത്തെ കാലത്ത് ആരോടും ഒന്നും എതിര്‍ത്തു പറയാനും പറ്റില്ല. എന്തെങ്കിലും പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഈ പിള്ളേര് മുഴുവന്‍ സ്‌കൂളില്‍നിന്നും പോയാല്‍ അച്ഛന്‍ പിരിയുമ്പോള്‍ കൊടുത്ത പണവും എന്റെ ജോലിയും ഇല്ലാതാകും.

അച്ഛന്റെ കാലം വരെയും ഒരു മലയാളം മാഷ്‌ക്ക് പഠിപ്പിക്കുന്ന പിള്ളേരോട് പോലും ഒന്നും മിണ്ടാതെ, ആരുടേയും കൂട്ടത്തില്‍ കൂടാതെ ഒറ്റയ്ക്ക് നടന്നാല്‍ മതി. ആ നല്ല കാലമൊക്കെ അന്നത്തോടെ അവസാനിച്ചിരിക്കുന്നു...
ഇപ്പോള്‍ കുട്ടികളുടേയും നാട്ടുകാരുടേയും കണ്ണില്‍ പൊടിയിടാന്‍ പുതുതായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം... ക്രിയാത്മകം എന്നാണ് വകുപ്പ് പറയുന്നത്. ഈയിടെയായി വകുപ്പില്‍നിന്നും ആരു വന്നു പ്രസംഗിച്ചാലും 'ക്രിയാത്മക' വല്ലാതെ കൂടിവരുന്നു.

ഏതൊരു ദുഃഖത്തിനും പിന്നീട് ഒരു സുഖവും മാര്‍പുറമെന്ന് ഏതോ മഹാകവി പാടിയിട്ടുണ്ടല്ലോ...
അങ്ങനെ ഈ വര്‍ഷം പകുതിക്ക് മുതല്‍ വലിയൊരു സന്തോഷവും ഉണ്ടായി.
ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധി രൂപത്തില്‍.

രോഗം കണ്ടമാനം വ്യാപിക്കാന്‍ തുടങ്ങിയതോടെ ഗവണ്‍മെന്റ് പത്തു നാല്പത് ദിവസത്തിലേക്ക് നാടും നഗരവും സ്‌കൂളും ലൈബ്രറികളും പൂര്‍ണ്ണമായും അടച്ചിട്ടു.

സ്‌കൂള്‍ വാര്‍ഷിക പരീക്ഷപോലും എന്നു നടത്തുമെന്ന് ആര്‍ക്കും യാതൊരു ഉറപ്പും ഉണ്ടായില്ല.
ജോലിയില്‍ കയറി നീണ്ട കാലത്തിനുശേഷം വലിയ സന്തോഷവും ശാന്തിയും തിരിച്ചു കിട്ടി.
കവിതയുടേയും കഥയുടേയും അലോസരം ഇല്ലാതെ, ലൈബ്രറിയിലെ കെട്ടനാറ്റം അടിക്കാത്ത കുറെ ദിവസങ്ങള്‍.

ഞാന്‍ മീനും ചിക്കനും മേടിച്ച് വറുത്തും പൊരിച്ചും തിന്നു ദിവസങ്ങളെ നന്നായി ആസ്വദിച്ചു.
ശമ്പളം കൃത്യതയോടെ വന്നുകൊണ്ടിരുന്നതിനാല്‍ എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നു നല്ല മോഹവും ഉള്ളില്‍ തോന്നി.

എന്നാല്‍, പത്തു നാല്പത് ദിവസങ്ങള്‍ കഴിഞ്ഞതും ഒരു പണിയും ഇല്ലാത്ത കുറെ ആള്‍ക്കാര്‍ മെല്ലെ പുറത്തിറങ്ങി. അവരില്‍ ചിലര്‍ ഇടയ്ക്കിടെ വീടിന്റെ ഗേറ്റില്‍ വന്നു വിറക് കീറാനുണ്ടോ തെങ്ങിന് വളം ഇടാനുണ്ടോ എന്നൊക്കെ ചോദിച്ചു പോയി.

ലോകം നാളെ, മറ്റന്നാള്‍ വീണ്ടും പഴയപടി ആകുന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ കടുത്ത വിഷാദം തോന്നി.
എന്നാല്‍, വലിയ ആശ്വാസമായത് സ്‌കൂള്‍ തുറക്കാന്‍ ഇനിയും വൈകുമെന്നുള്ള അറിയിപ്പ് ആയിരുന്നു.
കഴിഞ്ഞ പത്തു നാല്‍പ്പത് ദിവസങ്ങളില്‍ കോഴിയും മീനും കണ്ടമാനം തിന്നു മടുത്തതിനാല്‍ നല്ല ആട്ടിറച്ചിയും പന്നി ഇറച്ചിയും വില്‍ക്കുന്ന ആള്‍ക്കാരെ ഗൂഗിളിലും വാട്‌സാപ്പിലും ഫേസ്ബുക്കിലും ഞാന്‍ തിരഞ്ഞുപിടിച്ചു.

ഇന്നലെ കുറച്ചു പിള്ളേരുടെ വേട്ട എന്നൊരു ഗ്രൂപ്പില്‍നിന്നും കാട്ടുവെരുകിന്റെ ഇറച്ചി വില്‍ക്കുന്ന വിവരം അറിഞ്ഞു.
ഉടനെ ഞാന്‍ അവരെ രഹസ്യമായി ബന്ധപ്പെട്ട് ഒരു മുഴു വെരുക് തന്നെ സംഘടിപ്പിച്ചു.
യുട്യൂബിലെ പാചക സൈറ്റ് നോക്കി ആ വെരുക് ഇറച്ചിയിലേക്ക് ഉപ്പും മുളകും തേച്ചു പിടിപ്പിക്കുകയായിരുന്നു. ഇനി അതിന്റെ തലയിലേക്ക് കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ഒക്കെയും കുഴമ്പ് രൂപത്തില്‍ ആക്കണം.

വെരുകിന്റെ ഏറ്റവും ടേസ്റ്റ് തലയ്ക്കാണ് പോലും.
വെരുകിന്‍ തല തിന്നാല്‍ പല അലര്‍ജി രോഗങ്ങളും ഏഴയലത്തു വരികയും ഇല്ല എന്നും യുട്യൂബ് ചാനലില്‍ പറയുന്നു.

അരച്ചുവെച്ച കുഴമ്പ് മിശ്രിതം വെരുകിന്റെ തലയിലേക്ക് വളരെ സൂക്ഷ്മതയോടെ ഞാന്‍ കുത്തി നിറച്ചു.
ഏറെ ശ്രമകരവും ക്ഷമയും വേണ്ടുന്ന ഒരു ജോലി ആയിരുന്നു അത്.
അത്രയും കഷ്ടപ്പെടുമ്പോളാണ് ഹെഡ്മാഷുടെ ഫോണ്‍ വരുന്നത്.
സംസാരം തുടങ്ങിയപ്പോള്‍ത്തന്നെ അതു ഹെഡ്മാഷുടെ ആശയമല്ലെന്ന് എനിക്ക് ഉറപ്പായി.
മാഷ് ആരോ എഴുതിക്കൊടുത്തത് വായിക്കുംപോലെ കാര്യങ്ങള്‍ പറഞ്ഞു:
അതിങ്ങനെ ആയിരുന്നു:

'നമ്മുടെ പിള്ളേര്‍ക്ക് വീട്ടില്‍ ഇരുന്നും കിടന്നും മടുത്തിരിക്കുന്നു. സകല നേരവും മൊബൈല്‍ നോക്കി ലോകത്തുള്ള തോന്നിയവാസങ്ങള്‍ മുഴുവന്‍ പഠിക്കുകയാണ്... ഇതേ പോക്ക് ആണെങ്കില്‍ സ്‌കൂള്‍ തുറക്കുമ്പോഴേക്കും വരുന്നത് പിള്ളേര് ആയിരിക്കില്ല; പകരം ചിന്താശേഷി നഷ്ടപ്പെട്ട കുറെ ഗുണ്ടകള്‍ ആകും... ആയിരിക്കില്ലേ..?
ഈ രോഗം മാറി ഇനി എന്നാണ് സ്‌കൂള്‍ തുറക്കുക എന്ന് അടുത്തൊന്നും നമുക്ക് ആര്‍ക്കും ഒരു ഉറപ്പുമില്ലല്ലോ... ഉണ്ടോ..?
പല പുറംരാജ്യങ്ങളിലും അവിടുത്തെ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് വാട്‌സാപ്പ് വഴിയും ഫേസ് ബുക്ക് വഴിയും പാഠഭാഗങ്ങളും ജീവിതത്തിലെ നല്ല കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കുന്നു.
നാട്ടിലുള്ള പല നല്ല മാഷമ്മാരും ഈ പരിപാടി അവരുടെയൊക്കെ സ്‌കൂളുകളില്‍ നേരത്തെ തുടങ്ങിയിട്ടുമുണ്ട്. ഉണ്ടല്ലോ...?
പഠിക്കാനുള്ള പാഠങ്ങളോടൊപ്പം മലയാളത്തിലെ നല്ല കഥകളും കവിതകളും നല്ല മനുഷ്യരേയും കുട്ടികളെ വായിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുക.

കുട്ടികള്‍ ആ കഥകളെ, ജീവിതത്തെ, എഴുത്തുകാരോട് സംസാരിക്കുന്നു. അങ്ങനെ കഥയും കഥാപാത്രങ്ങളും ജീവിതവും കൂടുതല്‍ തെളിച്ചത്തോടെ നമ്മുടെ കുട്ടികളുടെ മുന്നിലേക്ക് വരും. വരില്ലേ..?
കുട്ടികള്‍ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും ഉയര്‍ച്ചകളും താഴ്ചകളും പരിചയപ്പെടും. ജീവിതം ടി.വിയിലെ പരസ്യമോ സിനിമയിലെ പാട്ടോ മാത്രം അല്ലായെന്നു നമ്മുടെ കുട്ടികള്‍ക്ക് ബോധ്യപ്പെടും. ബോധ്യപ്പെടില്ലേ!

ഇത്രയും ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തിയ ഹെഡ്മാഷ് പിന്നെ കുറെ നേരം കിതച്ചു.
വീണ്ടും തുടങ്ങി:
നമുക്കും നമ്മുടെ കുട്ടികളെ അങ്ങനെ ഒരു വഴിയില്‍ എത്തിക്കണം. ഇനിയുള്ള ദിവസങ്ങളില്‍ എങ്കിലും കുട്ടികള്‍ കുറച്ചു പുസ്തകങ്ങള്‍ വായിക്കട്ടെ. ഈ കാര്യത്തില്‍ മാഷ് എല്ലാവര്‍ക്കും വേണ്ടി ഒരു മലയാളം മാഷ് എന്നുള്ള നിലയില്‍ ക്രിയാത്മകമായി ഇടപെടണം..
ഫോണ്‍ വെക്കുന്നതിനു മുന്നേ ഹെഡ്മാഷ് ഒരു സ്വകാര്യംപോലെ പറഞ്ഞു:
പി.ടി.എ പ്രസിഡന്റ് രത്‌നാകരന്‍ പറഞ്ഞിട്ട് കാര്യം ചെയ്തില്ലേല്‍ നമ്മളെ മാത്രം അല്ല, സ്‌കൂളിനെപ്പോലും അതു കാര്യമായി ബാധിക്കും... അറിയാല്ലോ...? വിദ്യാഭ്യാസ
മന്ത്രി വരെ ഇടയ്ക്കിടെ വിളിക്കുന്ന ഒരു ചെങ്ങായി ആണ് ഈ രത്‌നാകരന്‍...
ഫോണ്‍ താഴെ വെച്ചതും ഞാന്‍ ആലോചിച്ചു.
ഇതൊക്കെ എന്തിനാണ് എന്നോട് മാത്രം പറയുന്നത്. ഭൂമിയിലെ കുട്ടികളെ മുഴുവന്‍ നേര്‍വഴിക്കു നയിക്കുക എന്നത് ഒരു മലയാളം മാഷുടെ മാത്രം പണി ആണോ..?
വെരുകിന്‍ തല കരിഞ്ഞ മണം...
എനിക്ക് കരച്ചില്‍ വന്നു.

ലോകത്തിലെ ഒരുവിധപ്പെട്ട പുസ്തകങ്ങള്‍ മുഴുവന്‍ വായിക്കുകയും അതിനെക്കുറിച്ച് എഴുത്തുകാരുമായി കത്തിടപാടുകള്‍ നടത്തുകയും ചെയ്യുന്ന സുഹൃത്ത് വി.പി. ജയനെ ഓര്‍മ്മ വന്നു...
ഞാന്‍ അവന്റെ ഫേസ്ബുക്ക് പേജിലേക്ക് കയറി. എഫ്.ബിയില്‍ അവന്റെ പേരുള്ള ആ വലിയ ലൈബ്രറി ഇപ്പോള്‍ റിമൂവ് ആയിരിക്കുന്നു. ഞാന്‍ ജയന്റെ വിവരം അറിയാനായി ദുബായില്‍ ഉള്ള അനൂപിനെ വിളിച്ചു. അനൂപിന്റെ നമ്പര്‍ നിലവില്‍ ഇല്ല. ഞാന്‍ മറ്റൊരു വഴിയും കാണാത്തതിനാല്‍ സംഘടനാ നേതാവ് രവി മാഷെ വിളിച്ചു. മാഷ് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുതന്നു.
'എടാ ഇതു ഭയങ്കര ചൊറ പിടിച്ച പരിപാടിയാണ്. വിഷയത്തില്‍ നല്ല ധാരണ ഇല്ലെങ്കില്‍ നമ്മുടെ പണവും മാനവും ഒരുമിച്ചു പോകും.

ക്ലാസ്സില്‍ ആണെങ്കില്‍ നമുക്ക് ബുദ്ധിമുട്ടുള്ള പാഠഭാഗം പഠിപ്പിക്കാതെ അടുത്തതിലേക്ക് കടക്കാം. പക്ഷേ, ഇവിടെ അങ്ങനെ ഒന്നിനും നിവൃത്തിയില്ല. ഇത്തരം കാര്യങ്ങളില്‍ നല്ല വിവരം ഉള്ള ആരെയെങ്കിലും സഹായത്തിനു കിട്ടിയില്ലെങ്കില്‍ നമ്മള് പെടും, പെട്ടു നാറും.
ഇനി രണ്ടാമത്തെ കാര്യം നല്ല എഴുത്തുകാര്‍; ഇങ്ങനത്തെ തട്ടിക്കൂട്ട് പരിപാടിക്കൊന്നും നിന്നു തരികയും ഇല്ല.

എന്നാല്‍, അവരുടെ വായനക്കാര്‍ ആവശ്യപ്പെട്ടാല്‍ എന്തിനും സമ്മതിക്കുകയും ചെയ്യും...
നമ്മളൊന്നും ഒരിക്കലും ഒന്നും വായിക്കാത്തതിനാല്‍ എഴുത്തുകാരുമായുള്ള പരിപാടി തല്‍ക്കാലം ഒറ്റയ്ക്ക് ആലോചിക്കാതിരിക്കുന്നതാണ് നല്ലത്... കുറച്ചു പൈസ ചെലവാക്കുമെങ്കില്‍ ഈസിയായി ഞാന്‍ ഒരു കാര്യം പറഞ്ഞുതരാം... കൊച്ചിയില്‍ ഇപ്പോള്‍ ഇതിന്റെ ഒരു എക്‌സ്‌പെര്‍ട്ട് ടീം ഉണ്ട്. ഓണ്‍ലൈനിലുള്ള എല്ലാ പരിപാടിയും സൈബര്‍ അറ്റാക്കിങ്ങ്, ആത്മകഥ ഉണ്ടാക്കല്‍, ഓണ്‍ലൈന്‍ പ്രമോഷന്‍, വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മ്മാണം... നമ്മള് കുറച്ച് പൈസ ചെലവാക്കണം... എന്നാലും നമുക്ക് ലാഭമാണ് എളുപ്പവും...
ഞാനൊക്കെ ഇപ്പോള്‍ ഇവരില്‍ക്കൂടിയാണ് സ്‌കൂള്‍ ഗ്രൂപ്പും സാഹിത്യവും ഓടിക്കുന്നത്.
ഒരു ഇവന്റ് കമ്പനിയെപ്പോലെ കൃത്യമായി ഭംഗിയായി അവര്‍ കാര്യങ്ങള്‍ ചെയ്തു തരുന്നു.

കമ്പനിയുടെ പേര് തന്നെ വായില്‍ കൊള്ളാത്ത ടൈപ്പ് ഒരു മോഡേണ്‍ പേരാണ്. ഫോണില്‍ ഉണ്ട് ഞാന്‍ അയച്ചുതരാം...'
ഞാന്‍ ഫോണില്‍ നോക്കിയിരുന്നു. അടുത്ത നിമിഷം മാഷ് അയച്ചുതന്ന പേര് ഞാന്‍ വായിച്ചു 'ഉത്തോലകം.'
എവിടെയോ നല്ല പരിചയം ഉള്ള വാക്ക്  ഉത്തോലകം.

ഞാന്‍ മൊബൈലില്‍ ഉത്തോലകം എന്നു ടൈപ്പ് ചെയ്തു. ഇനി ലോകം ഇല്ല, ഉത്തോലകം മാത്രം എന്ന അവരുടെ വലിയ പരസ്യം തെളിഞ്ഞു. താഴെ അവരുടെ അഡ്രസ്സും മറ്റു വിവരങ്ങളും.
എപ്പോള്‍ എങ്ങനെ വായിച്ചാലും ഈ പേര് ഉത്തലോകം എന്നേ വായില്‍ വരുന്നുള്ളൂ എന്നു ഞാന്‍ തിരിച്ചറിഞ്ഞു...
ട്രെയിനും ബസും ഇല്ലാത്തതിനാല്‍ എങ്ങനെ പോകും എന്നൊക്കെ ആലോചിച്ചിരിക്കുമ്പോള്‍ രവി മാഷ് വീണ്ടും വിളിച്ചു.

എന്റെ ഭാര്യയുടെ അമ്മാവന്‍ അദ്ദേഹത്തിന്റെ ആത്മകഥ ഉണ്ടാക്കുന്നതിനായി നാളെ ഉത്തോലകത്തിലേക്ക് പോകുന്നുണ്ട്. കക്ഷിക്ക് നേരെത്തെ അവിടെ പോയി പരിചയവുമുണ്ട്. അമ്മാവന്‍ റിട്ടയേഡ് സെന്റര്‍ ഗവണ്‍മെന്റാണ്, പേര് ഗോവിന്ദ രാജ. നിനക്ക് അങ്ങേരുടെ കാറില്‍ പോകാം.
അമ്മാവന്‍ എല്ലാവരേയും അങ്ങനെ കൂടെ കൂട്ടാറില്ല.

പിന്നെ നീ മാഷ് ആണെന്നും നമ്മുടെ അസോസിയേഷനും ഒരേ ജാതിയും (ചിരി) മറ്റും ആണെന്നും പറഞ്ഞപ്പോള്‍ മൂപ്പര് സമ്മതിച്ചു.
നീ ഒന്ന് അമ്മാവനെ വിളിക്കണം ഞാന്‍ നമ്പര്‍ അയച്ചുതരാം.
പുലര്‍ച്ചെ ആറു മണിക്ക് ഞാന്‍ ഗോവിന്ദ രാജ സര്‍ വരുന്ന റോഡില്‍ എത്തി.
ഗുഡ്‌മോര്‍ണിംഗ് മിസ്റ്റര്‍ ഉണ്ണിമേനോന്‍ മാഷ്... കാറില്‍ കയറിയ ഉടനെ ഗോവിന്ദ രാജ സര്‍ എന്നെ പേരെടുത്തു വിളിച്ച് അഭിസംബോധന ചെയ്തു.

ഞാന്‍ ആളെ നോക്കി ഭയങ്കര ചുറുചുറുക്കുള്ള വൃദ്ധനായ ഒരു ചെറുപ്പക്കാരന്‍.
സമയത്തില്‍ ഞാന്‍ കണിശക്കാരനാണ്. ഞാന്‍ മാത്രം അല്ല ഒട്ടുമിക്ക സെന്‍ട്രല്‍ ഗവണ്‍മെന്റ് റിട്ടയേര്‍സും എന്നെപ്പോലെയാണ്. പരക്കംപാഞ്ഞിട്ടുള്ള ഒരു പരിപാടിക്കും ഞങ്ങളുടെ ഡിസിപ്ലൈന്‍ അനുവദിക്കുന്നില്ല. വൃത്തി, വെടിപ്പ്... അതും ഞങ്ങളുടെ ജീവിതത്തിന്റെ അടയാളങ്ങളാണ്.
നോക്കൂ, ഇപ്പോഴത്തെ രോഗം തന്നെ വൃത്തിയില്ലാത്തവരില്‍ ആണ് ക്രൂരമായി പടര്‍ന്നു കയറുന്നത്...
നമ്മെപ്പോലുള്ള ആളുകളില്‍ ഒരു ശതമാനത്തിനുപോലും ഇതേവരെയും ഈ രോഗം ഒരു ചുക്കും ചെയ്തിട്ടില്ല.

പുലര്‍ച്ചെ കഴുകിവെച്ച ഒരു പിഞ്ഞാണപ്പാത്രംപോലുള്ള റോഡിലൂടെ ഇരുപത്തിയഞ്ചുകാരന്റെ ചുറുചുറുക്കോടെ ഗോവിന്ദ രാജ സര്‍ കാറിനെ ഓടിച്ചു.

ഓട്ടത്തിനിടയില്‍ അദ്ദേഹം പറഞ്ഞു:
ഞാന്‍ ജോലി ചെയ്തത് മുഴുവന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ആയിരുന്നു... ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ജോലി ചെയ്തിട്ടുമുണ്ട്... നമ്മുടെ രാജ്യം വളരെ സുന്ദരമാണ് പക്ഷേ, ചില ആളുകള്‍...
അതൊക്കെ ഞാന്‍ ആത്മകഥയില്‍ വിശദമായി പറയും.

ഗോവിന്ദ രാജ സര്‍ ഡ്രൈവിങ്ങിനിടയില്‍ അദ്ദേഹത്തിന്റെ ആത്മകഥ പറഞ്ഞുതുടങ്ങി.
ഇതിനിടയില്‍ ഒരു വൃദ്ധന്‍ സൈക്കിളില്‍ വലിയ വീപ്പക്കുറ്റിപോലുള്ള പാല്‍പ്പാത്രവും വഹിച്ചു ഇടറോഡില്‍നിന്നും മറുഭാഗം നോക്കാതെ കിതച്ചുകൊണ്ട് ഹൈവേയിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറ്റി...
ഗോവിന്ദ രാജ സര്‍ന് സംസാരത്തിനിടയില്‍ കാറിന്റെ സ്പീഡ് കുറച്ച് ഒന്ന് ബ്രേക്ക് ചെയ്തു സ്റ്റിയറിങ്ങ് മാറ്റേണ്ടിവന്നു.

സര്‍ അയാളെ കാറിന്റെ മിററില്‍നിന്നും മായുവോളം ഇംഗ്ലീഷില്‍ തെറിവിളിച്ചു.
പിന്നെയും രോഷം അടങ്ങാതെ ആത്മകഥ നിറുത്തി എന്നെ നോക്കി പറഞ്ഞു:

അവന്റെ പാലിന്റെ മാത്രം അല്ല, പശുവിന്റെ പോലും ലൈസന്‍സ് ഞാന്‍ തെറിപ്പിക്കും... ഞാന്‍ കോടതിയില്‍ കംപ്ലയിന്റ് ചെയ്യും... ഡല്‍ഹി വരെ ആ നായിന്റെ മോനേ ഞാന്‍ നടത്തിക്കും.
കോമണ്‍സെന്‍സും ഡിസ്‌പ്ലൈനും ഇല്ലാത്ത കഴുതകള്‍... റോഡ് അവന്റെ അപ്പന്‍ ആണോ ഉണ്ടാക്കിയത്, സത്യത്തില്‍ ഈ സൈക്കിളുകാര്‍ക്ക് പോകാന്‍ ഉള്ളതല്ല നമ്മുടെ റോഡുകള്‍... വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഇവറ്റകള്‍ എപ്പോഴും ശല്യം ആണെന്നെ.
ഗോവിന്ദ രാജ സര്‍ വീണ്ടും പറഞ്ഞു:

ഐ ആം സെവെന്റ്റി യേര്‍സ് ഓള്‍ഡ്... ഞാനൊരു റിട്ടയേര്‍ഡ് സെന്‍ട്രല്‍ റിട്ടയേര്‍ഡ് ആണ് ഒപ്പം സീനിയര്‍ സിറ്റിസെനും... ഞങ്ങള്‍ ഈ രാജ്യത്തിനുവേണ്ടി...

റോഡ് സൈഡില്‍ മറച്ചുകെട്ടിയ ചെറിയ ചെറിയ ചായക്കടകളും വണ്ടികളില്‍ ഷീറ്റ് പൊതിഞ്ഞ പഴക്കടകളും തുറന്നുവരുന്നു... പഴക്കൊട്ടകളും പച്ചക്കറികളും അവ അടുക്കാനുള്ള പ്ലൈവുഡ് മേശയും മറ്റും വണ്ടിയില്‍നിന്നും പലരും മെല്ലെ ഇറക്കിവെക്കുന്നത് കാറിന്റെ വേഗതയ്ക്കിടയിലും ഞാന്‍ കണ്ടു.
ഗോവിന്ദരാജ സര്‍ തന്റെ ജീവിതകഥ വീണ്ടും തുടങ്ങി:

ഹൈവേ അതിന് ഇപ്പുറവും അപ്പുറവും ഉള്ള ഈ സ്ഥലങ്ങള്‍ ഇതൊക്കെ ഞങ്ങളുടെ മേല്‍നോട്ടത്തില്‍ ഉള്ളതാണ്. പൂനയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു വലിയ സംഭവം ഉണ്ടായി. ഇന്ത്യ മുഴുവന്‍ ഉള്ള പത്രങ്ങളില്‍ അന്ന് അതൊരു വലിയ വാര്‍ത്തയും ആയി. ഇവിടുത്തെപ്പോലെ അല്ല അവിടെ റോഡ് വളരെ വീതി ഏറിയതാണ്. അതിനേക്കാള്‍ വീതിയില്‍ മൈതാനംപോലുള്ള ഇരുവശങ്ങളും...
ഒരു രാത്രി ഞാന്‍ ഫ്‌ലാറ്റില്‍നിന്നും നോക്കുമ്പോള്‍ റോഡിന്റെ രണ്ട് വശങ്ങളിലും പലതരം തെരുവ് കച്ചവടക്കാര്‍.

ഞാന്‍ ഉറങ്ങാതെ രാത്രി മുഴുവന്‍ റോഡിലേക്ക് നോക്കി നേരം വെളുപ്പിച്ചു; പുലര്‍ച്ചെ വരെ നീളുന്ന അവരുടെ വഴിയോര കച്ചവടം. കച്ചവടം ഒക്കെ കഴിഞ്ഞു പുലര്‍ച്ചെ പണം ഒക്കെ എണ്ണി എല്ലാം കെട്ടിപ്പൂട്ടി റോഡില്‍ കിടക്കുന്നു...
ആര്‍ക്കും ഒരു പൈസയും കൊടുക്കേണ്ട; നികുതി വേണ്ട; ഇലക്ട്രിസിറ്റി വേണ്ട... വാടക വേണ്ട; ശരിക്കും കൊള്ളക്കാര്‍... രാജ്യത്തിന്റെ പുരോഗതിയെ തുരങ്കം വെക്കുന്ന കാട്ടുകള്ളന്മാര്‍.
ഇവരുടെ ഈ മുതലെടുപ്പ് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഒരു പുലര്‍ച്ചെ ഞാന്‍ കുറെ ജെ.സി.ബി റെഡി ആക്കി. വ്യാപാരം കഴിഞ്ഞ് അവര്‍ എല്ലാം പതിവുപോലെ അടച്ചുപൂട്ടിയതും മുഴുവന്‍ വൈദ്യുതിയും കട്ട് ചെയ്യാന്‍ ഞാന്‍ ഓര്‍ഡര്‍ നല്‍കി.
പിന്നെ എല്ലാം നിമിഷങ്ങള്‍ കൊണ്ടായിരുന്നു. റോഡിനു ഇരുപുറവും ഉള്ള സകലതും ഞാന്‍ തുടച്ചു വൃത്തിയാക്കി ശുദ്ധി ചെയ്തു.
പിറ്റേന്ന് ഹിന്ദു പത്രം ഒന്നാം പേജില്‍ എഴുതി: ഗോവിന്ദ രാജ... റോഡ് രാജ..!
ഇതൊക്കെ ആത്മകഥയില്‍ ഞാന്‍ വിശദമായി പറയുന്നുണ്ട്.

റോഡില്‍ അന്യനാട്ടുകാരായ കൂലിത്തൊഴിലാളികള്‍ തങ്ങളുടെ നിറംമങ്ങിയ ബേഗും സഞ്ചിയും ഒപ്പം കുഞ്ഞുങ്ങളേയും ചുമന്നു നാട്ടിലേക്കുള്ള വണ്ടിക്കായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നടക്കുന്നു.
ഞങ്ങള്‍ കലൂര്‍ എത്തി. ഗോവിന്ദ രാജ സര്‍ നേരത്തെ വന്നതിനാല്‍ ഓഫിസും സ്ഥലവും കൃത്യമായിരുന്നു.
ഒരു വലിയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ആയിരുന്നു ഉത്തോലകം.
കോര്‍പ്പറേറ്റ് കമ്പനിയുടെ സൗകര്യങ്ങള്‍ ആയിരുന്നു ഉള്ളില്‍.
പല വര്‍ണ്ണങ്ങള്‍, ശബ്ദങ്ങള്‍...
നീളത്തില്‍ ഉള്ള ആ ഹാളിലെ ക്യാബിനില്‍ കുറെ ആണ്‍പെണ്‍ കുട്ടികള്‍ എല്ലാവരും പലതരം തിരക്കില്‍. ചിലര്‍ കംപ്യൂട്ടര്‍ നോക്കുന്നു, ഫോണില്‍ സംസാരിക്കുന്നു, മൊബൈല്‍ ടൈപ്പ് ചെയ്യുന്നു...
ഓരോന്നിനും ഓരോ വിഭാഗങ്ങള്‍ ആയിരുന്നു.

ഗോവിന്ദ രാജ സര്‍ ക്രിയേറ്റീവ് ലാന്‍ഡ് എന്ന വിഭാഗത്തിലേക്ക് കയറി.
ഞാന്‍ ആദ്യമായിട്ട് ആയിരുന്നതിനാല്‍ വിസിറ്റേഴ്‌സ് റൂമില്‍ ഇരുന്നു.
പേര് രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചറിയും; ഗോവിന്ദ രാജ സര്‍ കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നു.

ഞാന്‍ രജിസ്ട്രഷന്‍ ഫീസും മറ്റും കൊടുത്തു പുറത്തിരുന്നു.
ഇതിനിടയില്‍ ഒരു പെണ്‍കുട്ടി വന്നു പറഞ്ഞു: ഞങ്ങളുടെ സി.ഇ.ഒ നിങ്ങളെ കാണാന്‍ കാത്തു നില്‍ക്കുന്നു...
ഇത്രയും വലിയ സ്ഥാപനത്തിന്റെ സി.ഇ.ഒ എന്തിനാണ് എന്നെ കാണുന്നത്... ഞാന്‍ സുന്ദരിയായ ആ പെണ്‍കുട്ടിയെ നോക്കി.
പെണ്‍കുട്ടി എന്നോട് പുഞ്ചിരിച്ചു:
സര്‍ അദ്ദേഹത്തിന്റെ അത്രയും പ്രിയപ്പെട്ട ഒരു സുഹൃത്ത് ആയിരുന്നു സ്‌കൂള്‍ കാലം മുതല്‍.
ജയന്‍..! വട്ടുള പാറ ജയന്‍... ഞാന്‍ ഉറപ്പിച്ചു.

ഞങ്ങളുടെ കൂട്ടത്തില്‍ ഇത്രയും സ്വപ്‌നങ്ങള്‍ ഒരുമിച്ചു കണ്ടത് അവന്‍ മാത്രം ആയിരുന്നു.
വെറുതെ അല്ല കുറച്ച് നാളുകള്‍ ആയി അവനെ എവിടെയും കാണാന്‍ ഇല്ലാത്തത്.
ഞാന്‍ സി.ഇ.ഒയുടെ മുറിയിലേക്ക് നടന്നു.
ഡോര്‍ തുറന്ന് അകത്തേക്ക് കയറിയതും ദുബായില്‍ ഉണ്ടായിരുന്ന അനൂപ്.
അവന്‍ സീറ്റില്‍നിന്നും എഴുന്നേറ്റു.

നീ മുകളിലേക്ക് കയറുമ്പോഴേ ഞാന്‍ കാണുന്നുണ്ട്.
ഞാന്‍ ദുബായ് വിട്ടു. ഇങ്ങനെ ഒന്ന് തുടങ്ങിയിട്ട് നാളേക്ക് ഒരു വര്‍ഷം..
ആരോടും ഒന്നും പറയാന്‍ പറ്റിയില്ല...
തുടങ്ങിയത് ഒരു ഗംഭീരസമയത്ത് ആയി...
ഇപ്പോള്‍ എല്ലാം നന്നായി പോകുന്നു... അനൂപ് അത്രയും മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
നിനക്ക് സ്‌കൂള്‍ ഗ്രൂപ്പ് അല്ലേ... നമുക്കത് ഭംഗി ആയി ചെയ്യാം; സാഹിത്യവും സംസ്‌കാരവും ഒക്കെ ആയി.
എനിക്കെന്തോ ജയനെ ഓര്‍മ്മവന്നു.
ആ സീറ്റ് അനൂപിന്റെ അല്ല, ജയന്റേതാണെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഞാന്‍ അനൂപിന്റെ ഒരിടത്തും ഉറച്ചുനില്‍ക്കാത്ത കണ്ണില്‍ നോക്കി നമ്മുടെ ജയന്‍... അവന്‍ വിളിക്കാറുണ്ടോ..?
ഏത് നമ്മുടെ വട്ടുള ജയനോ... അവന്‍ കുറച്ചുനാളായി ഇവിടെ കൊച്ചിയില്‍ ഉണ്ട്.
മമ്മൂട്ടിക്ക് അഭിനയിക്കാനുള്ള ഒരു തിരക്കഥയും കൊണ്ടാണ് പഹയന്‍ ഇപ്പോള്‍ ഇങ്ങോട്ട് വണ്ടി കയറിയത്... ഇതുവരെയും അവന് മമ്മൂട്ടിയെ മാത്രം കാണാന്‍ പറ്റിയില്ല... അനൂപ് ഇതും പറഞ്ഞു ഒച്ചത്തില്‍ ചിരിച്ചു.
അവന്റെ കഥയ്ക്കും അഭിനയിക്കാന്‍ മമ്മൂട്ടിയെ തന്നെ വേണം!
അവനൊക്കെ ശരിക്കും എന്തോ കാര്യമായ തകരാര്‍ ഉണ്ട്...
അനൂപ് ഇതും പറഞ്ഞു ചിരിച്ചുകൊണ്ട് മേശയില്‍ കയ്യടിച്ചു.

എനിക്ക് ഒരു തരിപോലും ചിരിവന്നില്ല. അതുകണ്ടോ എന്തോ അവനും പെട്ടെന്നു ചിരി നിര്‍ത്തി പറഞ്ഞു:
ഞാന്‍ വട്ടുളയ്ക്ക് എന്നെക്കൊണ്ട് ആകുന്ന സഹായങ്ങളൊക്ക നല്‍കുന്നുണ്ട്  സ്‌കൂള്‍ ഗ്രൂപ്പിന് വേണ്ടുന്ന മാറ്ററുകള്‍ എഴുതിക്കാനും എഴുത്തുകാരെ ക്ഷണിക്കാനും അവനെ വിളിക്കും.

എല്ലാറ്റിനും ചില്ലറ തുക അപ്പപ്പോള്‍ കൊടുക്കുകയും ചെയ്യും.

ഒരു കാര്യം ചെയ്യാം.
നിങ്ങളുടെ ഗ്രൂപ്പ് മൊത്തം വട്ടുളയെ ഏല്‍പ്പിക്കാം അവനാകുമ്പോള്‍ കേരളത്തില്‍ അറിയാത്ത എഴുത്തുകാരില്ലല്ലോ...
ഞാന്‍ ഒന്നും പറയാതെ പുറത്തേക്കിറങ്ങി.
ഗോവിന്ദ രാജ വരുന്നത് വരെ ഉത്തോലകത്തിന്റെ വരാന്തയില്‍നിന്നു നഗരത്തെ നോക്കി.
പലതരം ജീവിതങ്ങള്‍ ചുമന്നു നടക്കുന്ന മനുഷ്യര്‍... പലരും പലതുകൊണ്ടും ക്ഷീണിച്ചിരുന്നു... കീറിയതും മുഷിഞ്ഞതും ആയ വസ്ത്രങ്ങളോടെ അപ്പോഴും കുറെ അധികം ആളുകള്‍ അഭയാര്‍ത്ഥികളെപ്പോലെ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഒഴുകുന്നു.

അവരുടെ കുഞ്ഞുങ്ങള്‍ തളര്‍ന്നോ കരഞ്ഞോ വിശന്നോ ഉറങ്ങിയിരുന്നു.
പലര്‍ക്കും ഈ ജീവിതം എന്നു പറയുന്നത് ആകെ തീപിടിച്ചതിന്റെ ഒരു പുകച്ചില് ആയിരിക്കണം.
ഒരിക്കലും ഉണങ്ങാത്ത അതിന്റെ മരുന്ന് തേടി അവര്‍ മരണം വരെയും അലയുന്നു. 
എനിക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി .

ജീവിതത്തില്‍ ഒട്ടും അധ്വാനിക്കാതെ ഉയര്‍ന്നുയര്‍ന്നുപോകാനുള്ള ഉത്തോലകം ജനിക്കുമ്പോഴേ ലഭിക്കുന്നത് വളരെ കുറച്ചു മനുഷ്യര്‍ക്ക് മാത്രം ആണെന്ന് ഈ നേരത്തിനകം ഞാന്‍ എങ്ങനെയോ തിരിച്ചറിഞ്ഞിരുന്നു.
ഇപ്പോള്‍ ദൂരെ റോഡില്‍ ശിഖരങ്ങള്‍ വെട്ടിമാറ്റിയ ഒരു മരത്തിന് അരികില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന ഒരു വിചിത്ര മേശ ഞാന്‍ കണ്ടു. അതിന്റെ ഒരറ്റം ആ ചെറുപ്പക്കാരന്‍ തലപോയ മരത്തോട് ചേര്‍ത്തു കെട്ടി നിര്‍ത്തുന്നു.
ഞാന്‍ നോക്കിനില്‍ക്കവേ ആ ഒറ്റക്കാലന്‍ മേശയിലേക്ക് ചെറുപ്പക്കാരന്‍ പഴയതും പുതിയതുമായ കുറെ പുസ്തകങ്ങള്‍ അടുക്കിവെച്ചു.

അയാള്‍ ആ പുസ്തകങ്ങള്‍ പല രൂപങ്ങളില്‍ നിരത്തിയതിനുശേഷം മുന്നിലൂടെ പോകുന്ന യാത്രക്കാരെ നോക്കി അങ്ങേയറ്റത്തെ ഉത്സാഹത്തോടെ ഇങ്ങനെ പറയുന്നതും ഞാന്‍ കേട്ടു:
'ഇപ്പോള്‍ വായിച്ചില്ലെങ്കില്‍ ഇനി എപ്പോഴാണ് നിങ്ങള്‍ പുസ്തകങ്ങള്‍ വായിക്കുക!'
എവിടെയോ കേട്ട് മറന്ന നല്ല പരിചയം ഉള്ള ശബ്ദം.

ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ചെറുപ്പക്കാരനെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. പല വഴിക്ക് പോകുന്ന ആള്‍ക്കൂട്ടം ആ മേശയ്ക്ക് ചുറ്റും നിറഞ്ഞിരുന്നു.
മീറ്റിംഗ് കഴിഞ്ഞ് ഗോവിന്ദ രാജ പുറത്തേക്കിറങ്ങി.

ജീവിതകഥ ഗംഭീരം ആണെന്നാണ് എല്ലാവരുടേയും അഭിപ്രായം...
ആ സി.ഇ.ഒ ചെറുപ്പക്കാരന്‍ പറഞ്ഞത് അടുത്തൊന്നും ഇത്രയും ആക്ഷന്‍സും തീവ്രതയും ഉള്ള ഒരു ആത്മകഥ മലയാളത്തില്‍ ഉണ്ടായില്ല എന്നാണ്...
ആ ചെറുപ്പക്കാരന്‍ എന്റെ ഈ കൈ തൊട്ട് പറഞ്ഞു: എന്തൊരു ജീവിതം ആണ് സര്‍ ഇതില്‍ നിറയെ...!
ഈ ജീവിതം ഉടനെ ഒരു ബോളിവുഡ് സിനിമ ആകും.
ഞാന്‍ കാറിലേക്ക് കയറി.

കാര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അതൊരിക്കലും ആ വിചിത്ര പുസ്തകമേശയ്ക്ക് മുന്നിലൂടെ മാത്രം പോകരുത് എന്നു ഞാന്‍ ആഗ്രഹിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com