'ചിന്തേര്‍'- ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ

ഇന്ന് നാട്ടുവൈദ്യനെ കാണാന്‍ പോകേണ്ടതുകൊണ്ട് മാത്രമാണ് അയാള്‍ നേരത്തേ എഴുന്നേറ്റത്. അല്ലെങ്കില്‍ വെയില്‍ ശരീരത്തെ ചൂടാക്കിയെടുക്കുംവരെ അയാള്‍ കിടക്കയില്‍ത്തന്നെ കിടക്കും
sചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
sചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

ണര്‍ന്ന് വളരെനേരം കഴിഞ്ഞാണ് സദാനന്ദന്‍ കിടക്ക വിട്ടെഴുന്നേറ്റത്. ഇടത്തോട്ടും വലത്തോട്ടും പലതവണ ചലിച്ച് മരിച്ചുപോവാന്‍ തുടങ്ങുന്നൊരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതുപോലെ അയാള്‍ തന്റെ ശരീരത്തെ കിടക്കയില്‍നിന്നും പൊക്കിയെടുത്തു. അത്രയും കടുത്തതാണയാളുടെ നടുവേദന.

ഇന്ന് നാട്ടുവൈദ്യനെ കാണാന്‍ പോകേണ്ടതുകൊണ്ട് മാത്രമാണ് അയാള്‍ നേരത്തേ എഴുന്നേറ്റത്. അല്ലെങ്കില്‍ വെയില്‍ ശരീരത്തെ ചൂടാക്കിയെടുക്കുംവരെ അയാള്‍ കിടക്കയില്‍ത്തന്നെ കിടക്കും. ഇന്നലെ നാട്ടുവൈദ്യനെ വിളിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം വഴി പറഞ്ഞുതന്നു. ആരാ എന്താ എന്നീ ചോദ്യങ്ങള്‍ക്കുശേഷം ബസ് സ്റ്റോപ്പിന്റെ പേരു പറഞ്ഞിട്ട് അതിനെതിരെയുള്ള കെട്ടിടത്തില്‍ ഞാനിരിപ്പുണ്ടെന്ന് വളരെ പരുക്കനായാണ് അദ്ദേഹം പറഞ്ഞത്. കഷ്ടപ്പെട്ടവിടെയെത്തുമ്പോള്‍ കുറച്ചുപേര്‍ നിരത്തിയിട്ട മരക്കസേരകളില്‍ അദ്ദേഹത്തെ കാണാന്‍ കാത്തിരിപ്പുണ്ടായിരുന്നു. കാത്തിരിക്കുന്നവര്‍ക്കും വൈദ്യനുമിടയില്‍ ഒരു തുണിക്കര്‍ട്ടന്‍ മാത്രമാണുണ്ടായിരുന്നത്. വൈദ്യന്‍ ഉച്ചത്തില്‍ രോഗിയോടു ചോദിക്കുന്നതൊക്കെ കേട്ട് അദ്ദേഹമൊരു ശുണ്ഠിക്കാരനാണെന്ന് സദാനന്ദന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ എവിടെയാണ് ചെയ്തതെന്നു ചോദിച്ചപ്പോള്‍ ഒരു സ്ത്രീ ആശുപത്രിയുടെ പേരു പറയുന്നതു കേട്ടു. ഉടന്‍തന്നെ ഛെ എന്ന താക്കീതോടെ ഓപ്പറേറ്റ് ചെയ്ത ഭാഗം തൊട്ടുകാണിക്കാന്‍ പറഞ്ഞ് വൈദ്യന്‍ ശബ്ദം കടുപ്പിക്കുന്നതും കേട്ടു.

സദാനന്ദന്‍ കടന്നുചെന്നപ്പോഴും അദ്ദേഹത്തിന്റെ മുഖം കനത്തുതന്നെയിരുന്നു. അങ്ങോട്ടു നോക്കാതെ, ഷര്‍ട്ടിടാത്ത വൈദ്യന്റെ മെല്ലിച്ച ശരീരത്തില്‍ നോക്കിയാണയാള്‍ രോഗവിവരം പറഞ്ഞത്. തന്റെ കുറ്റിത്തലമുടിയില്‍ തടവിക്കൊണ്ട് വൈദ്യന്‍ അയാളോട് രണ്ടു മൂന്നു തവണ തറയില്‍ ഇരുന്നിട്ടെഴുന്നേല്‍ക്കാന്‍ പറഞ്ഞു. വളരെ പ്രയാസപ്പെട്ട് അയാളങ്ങനെ ചെയ്തു. ഇതൊക്കെ ഇങ്ങനെ എന്നും ചെയ്തിരുന്നെങ്കില്‍ എന്നെ വന്നു കാണേണ്ടി വരില്ലായിരുന്നല്ലോയെന്ന് അയാളോട് ശബ്ദമുയര്‍ത്തി വൈദ്യന്‍ പറഞ്ഞു. സദാനന്ദനെ കമിഴ്ത്തിക്കിടത്തി നടുഭാഗത്തേക്ക് കൈകള്‍കൊണ്ട് ഞെരുക്കി പിഴിഞ്ഞെടുത്ത പച്ചില മരുന്ന് വൈദ്യന്‍ ഒഴിച്ചു. ഒരു സഞ്ചിയില്‍ മരുന്നുകളും മരത്തൊലിച്ചുരുളും മറ്റും എടുത്തുനീട്ടി അദ്ദേഹം ചികിത്സ എങ്ങനെയൊക്കെ ചെയ്യണമെന്ന് ഉപദേശിച്ചു. 

വേദന ഒത്തിരി കൂടിയാല്‍ ഇടയ്ക്ക് നടുവിലിത്തിരി മണ്ണെണ്ണയും പുരട്ടിക്കൊള്ളാന്‍ വൈദ്യന്‍ പറയുന്നതുകേട്ട് ഇദ്ദേഹമൊരു വിചിത്ര മനഷ്യനാണല്ലോ എന്ന് സദാനന്ദന്‍ വിചാരിച്ചു.

ആഞ്ഞിലിത്തൊലി ചതച്ച് നാട്ടുവൈദ്യന്‍ ഉണ്ടാക്കിയ മെത്തയുടെ ചുരുള്‍ വീട്ടിലെത്തി നിവര്‍ത്തുമ്പോള്‍ തന്റെ നട്ടെല്ലില്‍ ആരോ നാരായം കുത്തിയിറക്കുന്നതായി സദാനന്ദനു തോന്നി. തുടങ്ങിയിട്ട് ആറാഴ്ച പിന്നിട്ട നടുവേദനയ്ക്ക് ആഞ്ഞിലിത്തൊലി മെത്ത പരിഹാരമുണ്ടാക്കുമോയെന്ന് അയാള്‍ക്ക് അപ്പോഴും സംശയമുണ്ട്. ചികിത്സകളെല്ലാം തന്നെ പരീക്ഷണങ്ങളുമാണല്ലോ എന്നയാള്‍ നെടുവീര്‍പ്പിട്ടു. നോക്കുക, അത്രതന്നെ. നോക്കുകയെന്ന വാക്ക് തലയില്‍ കയറിയതിന്റെ തുടര്‍ച്ചയായി അയാള്‍ മുറിയുടെ ജനല്‍ തുറന്നു. പുഴവെള്ളത്തിനു മുകളിലൂടെ ഇപ്പോള്‍ ഒന്നും ഒഴുകി നടക്കുന്നില്ല. അയാള്‍ പതിയെ കണ്ണടച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുഴവെള്ളത്തിനു മുകളിലൂടെ ഈറ്റച്ചങ്ങാടങ്ങള്‍ ഒഴുകിപ്പോകുമായിരുന്നു.
പുഴയിലൂടെ ഒഴുകിവരുന്ന മരക്കഷണങ്ങള്‍ പിടിച്ചെടുക്കാന്‍ അയാള്‍ക്ക് അക്കാലത്ത് തിടുക്കമുണ്ടാവും. മരക്കഷണമെന്നല്ല എന്തും പിടിച്ചെടുക്കാനുള്ള ഒരുതരം പനി എങ്ങനെയാണ് തന്നെ പിടികൂടിയതെന്ന് അയാള്‍ക്കറിയില്ല. സദാനന്ദന് സ്വയം ശമിപ്പിക്കാന്‍ പറ്റാത്തൊരു ജ്വരമാണത്. പറമ്പിന്റെ വടക്കേ അതിര് എന്താണങ്ങനെ വളഞ്ഞുപുളഞ്ഞു കിടക്കുന്നതെന്ന് അയാളെപ്പോഴും ആലോചിക്കും. അത്രയും വളവുതിരിവുകളുള്ള അതിര് ഒരു പറമ്പിനും ഉണ്ടാവില്ല എന്ന ബോദ്ധ്യത്തില്‍ അയാള്‍ വില്ലേജോഫീസില്‍ പല തവണ കയറിയിറങ്ങി. ഒടുവില്‍ അവരെക്കൊണ്ടുതന്നെ നേരതിര് ശരിയാക്കിയപ്പോള്‍ അയല്‍ക്കാരന്റെ മുഖം ഇരുണ്ടു. സദാനന്ദന് കൂടുതല്‍ ഭൂമി കിട്ടിയതോടെ അയല്‍ക്കാരന്‍ മിണ്ടാതായി. പടിഞ്ഞാറതിരില്‍ നിന്ന മൂത്ത തേക്കിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലും അയാള്‍ ജയിച്ചു. മറ്റൊരയല്‍ക്കാരന്‍ കൂടി മിണ്ടാതായപ്പോള്‍ സദാനന്ദന്‍ മോഹവിലയ്ക്കത് വെട്ടി വിറ്റു.

ഓരോ ജയവും കഴിഞ്ഞു മുറിയിലെ ജനല്‍ തുറന്ന് പുഴയിലേക്കു നോക്കുന്നതോടെ പിടിച്ചടക്കാന്‍ പണിപ്പെട്ടപ്പോളനുഭവിച്ച ലഹരിയൊക്കെ ചോര്‍ന്നുപോകുന്നതായി അയാളറിഞ്ഞു. ദൂരെനിന്നു നോക്കിയാല്‍ പച്ച റൂള്‍പെന്‍സിലുകള്‍ കൂട്ടിക്കെട്ടിയതുപോലെ തോന്നിക്കുന്ന ഒരു ഈറ്റച്ചങ്ങാടം അയാളുടെ ഉള്ളിലൂടെ അപ്പോള്‍ ഒഴുകിപ്പോകും. എന്തിനായിരുന്നു തര്‍ക്കങ്ങള്‍ എന്നൊരു ശൂന്യത അന്നേരം അയാളെ പുഴവെള്ളത്തിനടിയിലേക്കെന്നോണം പിടിച്ചു താഴ്ത്തും. ശ്വാസം മുട്ടി പിടയുമെങ്കിലും അടുത്തൊരു തര്‍ക്കത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞതേയില്ല. മുതലിനെ ഒത്തിരി ലാളിച്ചെങ്കിലും അയാളൊരു പണക്കാരന്‍ ആയില്ല. എണ്ണിയെടുക്കാന്‍ പറ്റാത്തത്ര രോഗങ്ങളെപ്പറ്റിയുള്ള പരാതികളിലൂടെ അടുക്കള വിട്ടുവന്ന് സരോജം അയാളുടെ പണം ചെലവാക്കാനുള്ള വഴി എപ്പോഴും കണ്ടെടുത്തു. സ്റ്റേറ്റ്‌സിലുള്ള മകന്‍ ഒരു മദാമ്മയെ പ്രണയിച്ചു തുടങ്ങിയതോടെ അവിടെനിന്നുള്ള വരവും അടഞ്ഞു. ഏതു തര്‍ക്കമുണ്ടാക്കി ആരുടെ സ്വത്തിലാണിനി കൈവയ്‌ക്കേണ്ടതെന്ന ഒരാന്തല്‍ പുഴമീനിനെപ്പോലെ അയാളുടെ ഉള്ളിലെപ്പോഴും പുളഞ്ഞു.

അതിനിടെ വന്നുപെട്ട നടുവേദനയെ ശപിച്ചുകൊണ്ടാണ് അയാള്‍ കിടക്ക വിട്ടെഴുന്നേറ്റത്. മരപ്പലക തറച്ച കട്ടിലില്‍ ആഞ്ഞിലിത്തൊലിമെത്ത വിരിച്ച് കിടന്നുറങ്ങണമെന്നാണ് നാട്ടുവൈദ്യ വിധി. അതിനു മരമെവിടെയെന്ന് വിചാരപ്പെട്ടപ്പോള്‍ പുഴയില്‍നിന്നും പിടിച്ചെടുത്ത മരക്കഷണങ്ങള്‍ പുലിവാലാകാതിരിക്കാന്‍ കയ്യോടെ വിറ്റൊഴിയാറുള്ള കാര്യം അയാളോര്‍ത്തു. വലിയച്ഛന്റെ പീടിക പൊളിച്ചപ്പോള്‍ കിട്ടിയ ശീലാന്തികളും പലകകളും തണ്ടികയില്‍ സൂക്ഷിച്ചിട്ടുള്ളത് എടുത്തു നോക്കാമെന്നയാള്‍ കരുതി. വലിയച്ഛന്റെ പീടിക എന്നോര്‍ത്തപ്പോള്‍ത്തന്നെ അയാളുടെ ചെവിയില്‍ മൂളക്കങ്ങള്‍ നിറഞ്ഞു. പീടികയുടെ ശീലാന്തികള്‍ പലതും കരിവണ്ടുകള്‍ കുത്തിത്തുളച്ചവയായിരുന്നു. എവിടെ നിന്നെങ്കിലും പറന്നുവന്ന് അത്ഭുതകരമായി അവ ശീലാന്തികളില്‍ തുളകള്‍ തീര്‍ത്തു. തുളകളില്‍ കയറി ഒളിക്കുന്ന അവയെ തുരത്താന്‍ സദാനന്ദന്‍ ശീലാന്തികളില്‍ ആഞ്ഞടിക്കും. ചെവി പൊളിക്കുന്ന ഒച്ചയില്‍ ശീലാന്തിത്തുളകളുടെ ഉള്ളിലിരുന്ന് കരിവണ്ടുകള്‍ മുരളും. അടി സഹിക്കാതാവുമ്പോള്‍ അവ വലിയ ഒച്ചയോടെ തുള വിട്ട് പുറത്തേയ്ക്കു പായുന്നു. കുറച്ചുനേരം കഴിഞ്ഞു പിന്നെയും അവ തുളകളിലേക്ക് തിരിച്ചെത്തും. അങ്ങനെ വലിയച്ഛന്റെ പീടികയെന്നാല്‍ അയാള്‍ക്ക് നിലയ്ക്കാത്തൊരു മൂളല്‍ മാത്രമായി. 

ശീലാന്തിയുടെ തുള വീഴാത്ത ഭാഗങ്ങള്‍ മുറിച്ചെടുത്താല്‍ കട്ടില്‍ കാലുകളുണ്ടാക്കാം. പലകകള്‍ക്ക് കേടൊന്നും പറ്റിയിട്ടുമില്ല. മരപ്പണിക്കാരന്‍ നാണപ്പനെ വിളിക്കാമെന്ന് അയാള്‍ അപ്പോള്‍ത്തന്നെ തീരുമാനമെടുത്തു, മരം മുറിക്കാനും മിനുക്കാനുമുള്ള യന്ത്രങ്ങളൊന്നുമില്ലാതെ, പഴയ വാളും ചിന്തേരും ഉളിയും കൊട്ടുവടിയുമായി നാണപ്പന്‍ പിറ്റേന്നുതന്നെ വന്നു. ടേപ്പിനു പകരം മുഴക്കോല്‍ പിടിച്ച് നാണപ്പന്‍ മരമൊക്കെ അളന്നു. പഴയ മരത്തിനു പഴയ പണിത്തരമൊക്കെ മതിയെന്ന് സദാനന്ദനു തോന്നി. കൂലിയും കുറച്ചു കുറവാണ്. മുതലിന്റെ കാര്യം നോക്കാതെ പറ്റില്ലല്ലോ.

നാണപ്പന്‍ പണി തുടങ്ങിയപ്പോള്‍ മുതല്‍ സദാനന്ദന്‍ നോക്കിനിന്നു. തണ്ടികയില്‍നിന്നും വലിച്ചിറക്കിയ ശീലാന്തി അയാള്‍ കൈവാളുകൊണ്ട് കട്ടില്‍ കാലിനുള്ള കഷണങ്ങളാക്കി. അതു മുറിക്കുമ്പോള്‍ വലിയച്ഛന്റെ കച്ചവടകാലത്തുനിന്ന് ഒരു കരിവണ്ടെങ്കിലും പുറത്തേക്ക് അലറിപ്പറക്കാതിരിക്കില്ല എന്ന് സദാനന്ദനു തോന്നി. പകരം അതിനുള്ളിലിരുന്നു ചത്തുപോയ ഒരു കരിവണ്ടിന്റെ കൊമ്പിന്‍ കഷണങ്ങളും പുറം തോടും വെളിയില്‍ വീണു. 

കാലിനുള്ള കഷണത്തില്‍ നാണപ്പന്‍ കൊച്ചുളികൊണ്ട് ചിത്രപ്പണി തുടങ്ങി. അത് തച്ചു കൂട്ടാനുള്ള പണിയാണെന്ന് സദാനന്ദനു ബോദ്ധ്യം വന്നു. നാക്കില്‍ ചൊറിഞ്ഞുവന്ന ചീത്ത വിഴുങ്ങിക്കൊണ്ട് ഇത് ചപ്രമഞ്ചമൊന്നുമല്ലെന്നും നടുവേദനക്കു കിടക്കാനുള്ള കട്ടിലാണെന്നും അയാള്‍ നാണപ്പനെ തിരുത്തി. 
സത്യത്തില്‍ അത് തച്ചു കൂട്ടാനുള്ള ശ്രമം തന്നെയായിരുന്നു. എങ്ങനെയും കുറച്ചു ദിവസം പണി നീട്ടിക്കിട്ടിയാല്‍ മകളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന നീട്ടിനീട്ടി വെച്ച ആവശ്യം നടത്താമെന്നു നാണപ്പന്‍ പ്രതീക്ഷിച്ചു. എന്നാല്‍, ഈ പിശുക്കന്റെയടുത്ത് ഒന്നും നടപ്പില്ലെന്ന് നാണപ്പനും ബോദ്ധ്യം വന്നു. 
കട്ടില്‍ കാലുകളും ചട്ടവും തീര്‍ന്ന ദിവസം നാണപ്പന്‍ സദാനന്ദനോട് നാലായിരം രൂപ കൂടുതല്‍ ചോദിച്ചു. പണിക്കൂലി തട്ടിക്കിഴിച്ച് ബാക്കിവരുന്ന കടം ഒരു മാസത്തിനകം തിരിച്ചു കൊടുക്കാമെന്നും നാണപ്പന്‍ പറഞ്ഞു. പണിക്കൂലി കൂടുതല്‍ മുന്‍പേറ് കൈപ്പറ്റിയാല്‍ ഒരു പണിക്കാരനും പിന്നെ ഈ വഴി വരില്ലെന്ന് സദാനന്ദന്‍ ഉറപ്പിച്ചു. ഒരു രക്ഷയുമില്ലെന്നയാള്‍ കൈമലര്‍ത്തി. നാണപ്പന്‍ ദയനീയമായി പിന്നെയും ആവശ്യം ആവര്‍ത്തിച്ചു. ഒരു തരിപോലും മനസ്സിളകാതെ അന്നത്തെ പണിക്കൂലി മാത്രം എടുത്തു കൊടുത്തിട്ട് ഉച്ചകഴിഞ്ഞ നേരത്ത് അയാള്‍ സരോജത്തിനുള്ള സൗജന്യ മരുന്നു വാങ്ങാന്‍ പുറത്തേക്കു പോകാനൊരുങ്ങി. മുറ്റം കടന്ന് വഴിയിലേക്കിറങ്ങിയ അയാളുടെ പുറകെ ചെന്ന് നാണപ്പന്‍ മകളുടെ സ്ഥിതി അത്രയ്ക്കും മോശമാണെന്നും ഈടിന് തന്റെ പണി സാധനങ്ങളൊക്കെ ഇവിടെത്തന്നെ സൂക്ഷിച്ചു കൊള്ളാനും പറഞ്ഞു. എന്റെ കയ്യിലൊന്നുമില്ലെന്ന് പിറുപിറുത്തുകൊണ്ട് അയാള്‍ നാണപ്പനെ നോക്കുകപോലും ചെയ്യാതെ അതിവേഗം നടന്നുമറഞ്ഞു.

വൈകുന്നേരമാണയാള്‍ മടങ്ങിയത്. വീടടുക്കാറായപ്പോള്‍ വഴിയില്‍ കണ്ട പലരും അയാളെ നോക്കി വല്ലാതെ ചിരിച്ചു. തന്നെക്കാണുമ്പോള്‍ മുഖം തിരിക്കാറുള്ള പലരും എന്താണിങ്ങനെ ചിരിക്കുന്നതെന്ന് അയാള്‍ക്കൊരു പിടിയും കിട്ടിയില്ല. വീടുമുറ്റത്തെത്തിയ അയാള്‍ ഞെട്ടിപ്പോയി. താന്‍ പണിയിക്കുന്ന കട്ടിലിന്റെ ചട്ടം മുറ്റത്തിനടുത്തുള്ള തെങ്ങിനു ചുറ്റുമായി മുറുക്കിയിട്ടിട്ടാണ് നാണപ്പനിന്ന് കടന്നുകളഞ്ഞത്. ചോദിച്ച പണം കൊടുക്കാത്തതിനുള്ള പ്രതികാരം. ദേഷ്യം കൊണ്ടയാള്‍ അടിമുടി വിറച്ചു. ചട്ടത്തിനുള്ളിലായ തെങ്ങിന്റെ മണ്ടയിലേക്കയാള്‍ നോക്കി. ഈ അപമാനത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍ ഒരു തേങ്ങയെങ്കിലും നാണപ്പന്റെ തലയില്‍ വീഴ്ത്താന്‍ തോന്നിയില്ലല്ലോയെന്ന് അയാള്‍ തെങ്ങിനെ പ്രാകി. എന്താണ് സദാനന്ദാ തെങ്ങിന് കിടക്കാന്‍ കട്ടില്‍ പണിതോയെന്ന് അമര്‍ത്തി ചിരിച്ചുകൊണ്ട് ചോദിച്ച് കണ്ടാല്‍ മിണ്ടാറില്ലാത്ത രണ്ടയല്‍ക്കാര്‍ അന്നേരം വഴിയെ നടന്നുപോയി. കോപം അയാളുടെ നിറുകയിലേക്ക് ഇരച്ചു കയറ്റാന്‍തന്നെയായിരുന്നു ഇതിനു മുന്‍പ് പല തര്‍ക്കത്തിനും വന്നിട്ടുള്ള അവര്‍ അത് ചോദിച്ചത്. നേരെ ചെന്ന് നാണപ്പനെ തൂക്കിയെടുത്ത് രണ്ടു പൊട്ടിക്കാന്‍ അയാളുടെ കൈ തരിച്ചു. എന്നാല്‍, മെലിഞ്ഞുണങ്ങിയിരിക്കുന്ന നാണപ്പന്‍ അതോടെയെങ്ങാന്‍ തീര്‍ന്നുപോയാല്‍ താനും അഴികള്‍ക്കുള്ളിലാകുമല്ലോ എന്നോര്‍ത്തയാള്‍ അടങ്ങി.

വീട്ടിലേക്കു കയറിയ സദാനന്ദന്‍ കോപം മുഴുവന്‍ സരോജത്തിനു നേരെ തുറന്നുവിട്ടു. നാലു ചുവരുകള്‍ക്കുള്ളില്‍ എപ്പോഴും വെരുകിനെപ്പോലെ നടന്നുകൊണ്ടിരുന്നാല്‍ പുറത്ത് ആകാശം ഇടിഞ്ഞുവീണാലും നീയൊന്നുമറിയില്ലല്ലോ എന്നയാള്‍ അവരോട് കയര്‍ത്തു. പുറത്തൊരാള്‍ എന്തു കന്നത്തരമാണ് കാട്ടിയിരിക്കുന്നതെന്നു കാണാന്‍ നിനക്കിനി കണ്ണു ചികിത്സയും വേണോയെന്നായി സദാനന്ദന്‍. പതിവുപോലെ സരോജം ഒന്നും മിണ്ടിയില്ല. രണ്ടു കൈകളും കൂട്ടിയടിച്ചാലല്ലേ ഒച്ച കേള്‍ക്കൂ എന്നു മനസ്സില്‍ പറഞ്ഞ് കൂട്ടിയടിക്കാത്ത ഒറ്റക്കൈ കൊണ്ട് മുഖം തുടച്ച് അവര്‍ അടുക്കളയിലേയ്ക്ക് വലിഞ്ഞു. നടന്നപ്പോള്‍ കാല്‍ തട്ടിയ മേശയെക്കൂടി ചീത്ത പറഞ്ഞ് അയാള്‍ ചാരുകസേരയില്‍ച്ചെന്ന് കുറേനേരം വെറുതെ കിടന്നു.

പിറ്റേന്നു വെളുപ്പിനുതന്നെ അയാള്‍ മറ്റൊരു മരപ്പണിക്കാരനെ തപ്പിയിറങ്ങി. ഇനി ആരെങ്കിലും കാണും മുന്‍പ് തെങ്ങിന്റെ ചുറ്റിനുമുള്ള കട്ടില്‍ച്ചട്ടം അഴിച്ചു മാറ്റണം. ആരെങ്കിലും ചെയ്തതിന്റെ ബാക്കി പണിക്കു വിളിച്ചാല്‍ വരില്ലെന്നു വാശിപിടിച്ച ഒരാളുടെ കാലുപിടിച്ച്, അതിനു ചോദിച്ച അധിക കൂലിയും കൊടുത്ത്, വല്ലപാടും സദാനന്ദന്‍ ചട്ടം അഴിച്ചെടുപ്പിച്ചു. പുതിയ ആളെക്കൊണ്ട് മറ്റു പണികളും ചെയ്യിച്ച് പലകക്കട്ടിലില്‍ ആഞ്ഞിലിത്തൊലിമെത്ത വിരിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലാത്ത നടുവുപോലും മിന്നിപ്പോകുന്ന ഇടപാടുകളാണല്ലോ നടന്നതെന്ന് അയാള്‍ മൂക്കത്ത് വിരല്‍വെച്ചു. തുരുമ്പന്റെ കാശ് ഇങ്ങനെയൊക്കയാവും തീരുക എന്ന മറ്റൊരാത്മഗതം കൂടി നടത്തി സരോജം അത്താഴത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ആഞ്ഞിലിത്തൊലിമെത്തയില്‍ കിടന്ന നേരത്ത് അയാള്‍ക്കൊരു സുഖമൊക്കെ തോന്നി. ജനലിലൂടെ കാണാവുന്ന പുഴവെള്ളത്തിനു മീതെ താനങ്ങനെ മലര്‍ന്നു കിടക്കുകയാണെന്നയാള്‍ വിചാരിച്ചു. കൊച്ചു മീനുകള്‍ വന്നു നടുവില്‍ കൊത്തിയാലെന്നതുപോലെ ഇടയ്ക്കിടെ അയാള്‍ നടുങ്ങി. വിളക്കും പാട്ടും വയ്പും കുടിയും തീറ്റയുമൊക്കെയായി ഒരു ചെറുസംഘം ഈറ്റച്ചങ്ങാടത്തില്‍ തന്നോടൊപ്പം പോരുന്നുണ്ടെന്ന് സദാനന്ദന്‍ സങ്കല്പിച്ചു.

പിറ്റേന്നു രാവിലെ വീടിനു പിന്നിലുള്ള പുഴയോടു ചേര്‍ന്ന വിശാലമായ കൃഷിയിടത്തിലെ നടുതലകള്‍ക്കിടയിലൂടെ അയാള്‍ വെറുതെ നടന്നു. ഇങ്ങനെയൊക്കെ നടക്കുമ്പോഴാണ് അയാള്‍ക്ക് പുതിയ തര്‍ക്കങ്ങള്‍ക്കുള്ള ആശയങ്ങള്‍ രൂപപ്പെട്ടു കിട്ടുന്നത്. കൃഷി ചെയ്തതുകൊണ്ടു മാത്രം ജീവിക്കാനാവില്ല എന്നയാള്‍ തന്നോടുതന്നെ പറയും. ആരും കേള്‍ക്കാനില്ലാത്തതിനാല്‍ അയാളത് ചിലപ്പോള്‍ ചേന ഇലയോടോ വാഴക്കൂമ്പിനോടോപോലും പറയുന്നു. കാറ്റില്‍ ഒന്നനങ്ങിയാല്‍ അവ തന്റെ വാദം ശരിവയ്ക്കുന്നതായി അയാള്‍ കരുതും.

പിന്നെയും മൂന്നു മാസം കഴിഞ്ഞാണ് മഴക്കാലം വന്നത്. അതോടെ സദാനന്ദന്റെ നടുവേദന കലശലായി. തണുപ്പ് വീടിനുമേല്‍ പിടിമുറുക്കിയതുപോലെ. ഒന്നു തിരിഞ്ഞു കിടക്കാനയാള്‍ പലപ്പോഴും ബദ്ധപ്പെട്ടു. സഹിക്കാവുന്ന ചൂടില്‍ കിഴി വയ്ക്കാന്‍ നാട്ടുവൈദ്യന്‍. സരോജം ശരിയാക്കിയെടുക്കുന്ന കിഴിക്ക് ഒന്നുകില്‍ ചൂടു പോര, അല്ലെങ്കില്‍ അതു പൊള്ളും. സഹിക്കാവുന്ന ചൂടില്‍ അതൊരിക്കലും അയാളുടെ നടുവിനുമേല്‍ എത്തിയില്ല. 

മഴക്കാലം കഴിയാറായപ്പോഴാണ് ഒരു ദിവസം മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയത്. ശക്തി കൂടിക്കൂടി വന്നതല്ലാതെ ഒരു നേരത്തും അത് നേര്‍ത്തില്ല. പുഴയിലേക്കു നോക്കിയാല്‍ ഒന്നും വ്യക്തമായിരുന്നില്ല. എങ്ങും വെളിച്ചം മങ്ങിയ ചാരനിറം മാത്രം. 

മഴ നാലു ദിവസം നിറുത്താതെ പെയ്തു. വീട്ടിലിരുന്നാല്‍ പുഴയില്‍ എത്രമാത്രം വെള്ളമുയര്‍ന്നു എന്നറിയാന്‍ പറ്റുന്നില്ല. കണ്ണിനു മുന്നിലുള്ള മഴയുടെ തിരശ്ശീല മറ്റു കാഴ്ചകളെയൊക്കെ മറച്ചു. പുഴ പറമ്പിന്റെ താഴത്തേ അതിരിലേക്ക് കയറിക്കഴിഞ്ഞു എന്ന് സദാനന്ദനു തോന്നി. പറമ്പിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് വീടിരിക്കുന്നതെങ്കിലും ഇങ്ങനെ മഴപെയ്താല്‍ പുഴ ഉടന്‍തന്നെ വീട്ടിലേയ്‌ക്കെത്തുമെന്ന് അയാള്‍ പേടിച്ചു.

അടുത്ത ദിവസം മഴ ഒന്നു കടിഞ്ഞാണിട്ടപ്പോള്‍ പുഴയിലൂടെ മരക്കൊമ്പുകളും ചത്തുപോയ ജന്തുക്കളും കെട്ടുകയര്‍ പൊട്ടിയ വള്ളങ്ങളുമൊക്കെ ഒഴുകിപ്പോവുന്നതയാള്‍ കണ്ടു.

ക്രമേണ മഴ ശമിച്ചു. പറമ്പില്‍നിന്നും വെള്ളം പിന്‍വാങ്ങിത്തുടങ്ങി. വെള്ളം പൂര്‍ണ്ണമായും ഇറങ്ങിക്കഴിഞ്ഞ ദിവസം പറമ്പിലേയ്‌ക്കെത്തിയ സദാനന്ദന്‍ അന്തംവിട്ടുപോയി. അയാളുടെ പറമ്പിലേക്ക് നല്ല കനത്തില്‍ പഞ്ചസാരപോലുള്ള പുഴമണല്‍ വന്നടിഞ്ഞിരിക്കുന്നു. നാലുപാടും പകച്ചു നോക്കിയ അയാള്‍ക്ക് ഒരു കാര്യം കൂടി ബോദ്ധ്യപ്പെട്ടു. തന്റെ പറമ്പില്‍ മാത്രമാണങ്ങനെ കനത്തില്‍ മണല്‍ വന്നുചേര്‍ന്നത്. രണ്ടതിരിലുമുള്ള പറമ്പുകളില്‍ ഒരു തരി മണല്‍പോലും അടിഞ്ഞിട്ടില്ല. പുഴയോടു ചേര്‍ന്നു നല്ല നീളത്തിലായിരുന്നു സദാനന്ദന്റെ പറമ്പിന്റെ അതിര്. അതില്‍ നിറയെ വന്നടിഞ്ഞ മണലിന്റെ വിലയോര്‍ത്തപ്പോള്‍ അയാള്‍ക്ക് തുള്ളിച്ചാടണമെന്നു തോന്നി. പെട്ടെന്ന് അയാളുടെ തലയ്ക്കു മുകളിലൂടെ വലിയ ശബ്ദത്തില്‍ മൂളിക്കൊണ്ട് ഒരു കൂമന്‍ പറന്നുപോയി. അതിന്റെ പ്രകമ്പനത്തില്‍ അയാളുടെ കാലുകള്‍പോലും വിറച്ചു.

അന്നേരമാണ് ശക്തിയേറിയ ഒരു കൊള്ളിയാനായി അയാളുടെ തലയിലേക്ക് ഒരു വിചാരം പാഞ്ഞെത്തിയത്. പുഴ വാസ്തവത്തില്‍ തന്നെ കളിയാക്കുകയാണ്. ഒടുങ്ങാത്ത തന്റെ ആര്‍ത്തിയുടെ വലിയ വായിലേയ്ക്കാണ് പുഴ ഈ മണലത്രയും തള്ളിക്കയറ്റിയിരിക്കുന്നത്. ആദ്യം അയാളെ സന്തോഷിപ്പിച്ച അടുത്ത പറമ്പുകളിലെ ശൂന്യത അതുതന്നെയാണ് പുഴ ചെയ്തതെന്ന് അയാളോടാവര്‍ത്തിച്ചു. അന്നേരം അയാളുടെ മുതലിനോടുള്ള ആര്‍ത്തിയിലേക്ക് പതിയെ ഭയത്തിന്റെ തണുപ്പ് അരിച്ചുകയറി.

വീട്ടില്‍ തിരിച്ചെത്തിയിട്ടും സദാനന്ദന്റെ തലയില്‍ കയറിക്കൂടിയ തരിപ്പ് വിട്ടുപോയില്ല. ആ രാത്രി മുഴുവന്‍ തര്‍ക്കങ്ങളുടേയും പിടിച്ചടക്കലിന്റേയും അര്‍ത്ഥമില്ലായ്മ അയാളുടെ ഉറക്കം കെടുത്തി. സമൃദ്ധമായി തന്റെ മുന്‍പില്‍ വന്നുചേരുന്ന വസ്തുക്കളുടെ ഉടമസ്ഥാവകാശംപോലും തനിക്കാണോ എന്നയാള്‍ തീര്‍ത്തും സംശയാലുവായി.

അയാളുടെ സംശയത്തെ ബലപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് ഏതോ ഉദ്യോഗസ്ഥരോ മറ്റാരൊക്കെയോ അയാളുടെ പറമ്പില്‍ വന്നു നോക്കി. കുറേപ്പേര്‍ അത്ഭുതക്കാഴ്ച കാണാനും എത്തിയിരുന്നു. എന്നാല്‍, അയാള്‍ വീട്ടില്‍നിന്നും പുറത്തിറങ്ങിയില്ല. പലതും തന്റേതാണെന്നു സ്ഥാപിക്കാന്‍ ആവേശം കൊണ്ടിരുന്ന അയാള്‍ക്ക് പറമ്പില്‍ വന്നു നോക്കിയ ആരേയും കാണണമെന്നുപോലും തോന്നിയില്ല. ആ നേരമത്രയും അയാളുടെയുള്ളിലെ ശാന്തമായ പുഴയിലൂടെ ജീവിതം നിറഞ്ഞ ഈറ്റച്ചങ്ങാടങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു. ഒരിക്കലും കെട്ടുപൊട്ടാത്ത പച്ച റൂള്‍പെന്‍സിലുകള്‍ക്ക് എന്തൊരു ഭംഗിയാണ്.

കാഴ്ചക്കാരൊക്കെ ഒഴിഞ്ഞുപോയിട്ടും പറമ്പില്‍ മണല്‍ അങ്ങനെതന്നെ കിടന്നു. പറമ്പിന്റെ പുഴയോടു ചേര്‍ന്ന അതിരില്‍ വായില്‍ പകുതി വിഴുങ്ങിയ തവളയുമായി ഒരു പാമ്പ് ചത്തു കിടന്നിരുന്നു. വെള്ളമിറങ്ങിയപ്പോള്‍ പറമ്പില്‍ ചത്ത കോഴിക്കുഞ്ഞുങ്ങളും താറാവുകളും വന്നു പെട്ടിരുന്നു.
തണുപ്പേറെയുണ്ടായിരുന്നെങ്കിലും അന്ന് ആഞ്ഞിലിത്തൊലിമെത്തയില്‍ കിടന്നപ്പോള്‍ അയാള്‍ക്ക് നടുവേദനയ്ക്ക് കുറവുണ്ടെന്നു തോന്നി. പതിവില്ലാതെ കുറച്ചുസമയം സരോജത്തോട് സംസാരിച്ചിരിക്കണമെന്നുപോലും അയാള്‍ വിചാരിച്ചു.

ആഴ്ചകള്‍ കഴിഞ്ഞൊരു ദിവസം സദാനന്ദന്‍ ഗെയിറ്റിനോടു ചേര്‍ന്നുള്ള മതിലിനരികില്‍ നില്‍ക്കുകയായിരുന്നു. അയാളെ ഗൗനിക്കാതെ ചില അയല്‍ക്കാര്‍ വഴിയിലൂടെ നടന്നുപോയി. അവര്‍ തന്നോടു മിണ്ടാതിരിക്കുന്നതില്‍ അയാള്‍ക്ക് ആദ്യമായി ഖേദം തോന്നി. എങ്കിലും അവരെ വിളിച്ചു നിറുത്തി സംസാരിക്കാന്‍ അയാള്‍ക്കൊട്ട് തോന്നിയതുമില്ല.

വീടിനു പിന്നാമ്പുറത്തെ പറമ്പില്‍നിന്ന് കലിയൊടുങ്ങിയ പുഴയെ സദാനന്ദന്‍ നോക്കി. കരയിലെ മരങ്ങളുടെ നിഴല്‍ വീണതുകൊണ്ട് തീരത്തോടു ചേര്‍ന്ന പുഴയിലെ വെള്ളത്തിന് ഇരുണ്ട നിറമായിരുന്നു. എന്നാല്‍, പുഴയ്ക്കു നടുവിലെ വെള്ളം വെയില്‍ വീണും ആകാശത്തിലെ നിറങ്ങള്‍ പതിഞ്ഞും പ്രകാശിച്ചു. തന്റെ ജീവിതത്തിലെ രണ്ടു കാലങ്ങള്‍ അയാളപ്പോള്‍ ഓര്‍മ്മിച്ചു.

സരോജത്തിനുള്ള മരുന്നു വാങ്ങാന്‍ സദാനന്ദന്‍ ഗെയിറ്റിനു വെളിയിലേക്കിറങ്ങി. പെട്ടെന്നാണയാളുടെ മുന്‍പില്‍ നാണപ്പന്‍ പ്രത്യക്ഷപ്പെട്ടത്. അയാളെ കണ്ട പാടെ നാണപ്പന്‍ പരുങ്ങുകയും പിന്‍തിരിഞ്ഞു നടക്കാന്‍ ഭാവിക്കുകയും ചെയ്തു. സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു:
''നാണപ്പാ മുന്നോട്ടുതന്നെ നടന്നുവാ.''

അതുകേട്ട് നാണപ്പന്‍ ഒന്നുകൂടി പരുങ്ങി. സദാനന്ദന്‍ തന്നോടു പകവീട്ടാനൊരുങ്ങുകയാണോ എന്ന് നാണപ്പന്‍ ഭയന്നു. മകളുടെ ദീനവും കഷ്ടപ്പാടുകളും കൊണ്ടാവാം നാണപ്പന്‍ ഒന്നുകൂടി മെലിഞ്ഞിരിക്കുന്നു. കുനിഞ്ഞിരുന്നു ജോലി ചെയ്തതുകൊണ്ടെന്നോണം നാണപ്പന്റെ ചുമലുകള്‍ കുറച്ചുകൂടി കീഴോട്ട് വളഞ്ഞിട്ടുണ്ട്. അങ്ങേയറ്റം വിവശമായ മുഖം നന്നായി കറുത്തിരിക്കുന്നു. എന്തും കേള്‍ക്കാനുള്ള തയ്യാറെടുപ്പോടെ നാണപ്പന്‍ മുന്നോട്ടുതന്നെ നടന്നുവന്നു. സദാനന്ദന്‍ തുടര്‍ന്നു:
''തന്നോടെനിക്ക് കെറുവൊന്നുമില്ലെടോ.''

അതൊട്ടും പ്രതീക്ഷിക്കാത്ത മട്ടിലായിരുന്നു നാണപ്പന്റെ മറുപടി:
''എന്തു വന്നാലും സൊന്തം തൊഴിലിനെ നിന്ദിക്കണ പണി ആരും ചെയ്യരുതെന്നെനിക്ക് മനസ്സിലായി.''
ഒന്നു നിറുത്തി, മണ്ണിലേക്ക് നോക്കിനിന്ന് നാണപ്പന്‍ ബാക്കിയും പറഞ്ഞു:
''വീടിന്റെ ഒരു ഭിത്തി വെള്ളപ്പൊക്കത്തില്‍ ഇടിഞ്ഞുപോയി.''
സദാനന്ദന്‍ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. മടിച്ചുമടിച്ച് നാണപ്പന്‍ അയാളോടു ചോദിച്ചു:
''അതൊന്നു കേറ്റിക്കെട്ടാന്‍ എന്റെ കയ്യിലൊന്നൂല്ല. ഈ പറമ്പിക്കിടക്കണ പൊഴമണല്‍ കൊറച്ച് ഞാന്‍ കൊണ്ടോക്കോട്ടേ?''

അപ്പോഴും അയാള്‍ ഒന്നും പറഞ്ഞില്ല. നാണപ്പന്റെ തൊണ്ട കിരുകിരുപ്പിലായി:
''അത് സമ്മതിക്കാന്‍ പറ്റണ പണിയൊന്നുമല്ല ചെയ്‌തേച്ചു പോയേന്നറിയാം. വേറെ ഗതിയൊന്നൂല്ലാത്തോണ്ടാണ്.''

അങ്ങനെ അനുവദിക്കാന്‍ താനാരുമല്ലെന്ന് സദാനന്ദനു ബോദ്ധ്യം വന്നിരുന്നു. പുഴമണലിന്റെ അവകാശം സര്‍ക്കാരിനാണെന്നോര്‍ത്തൊന്നുമായിരുന്നില്ല അയാളങ്ങനെ കരുതിയത്. മണല്‍ തന്റേതല്ലെന്ന പൂര്‍ണ്ണമായൊരു തീര്‍പ്പില്‍ അയാള്‍ നിവര്‍ന്നുനിന്നു.

അയാളുടെ നോട്ടം നാണപ്പന്റെ ഇടതു കയ്യില്‍ മുകളറ്റത്തൊരു കുരുക്കുമായി തൂങ്ങിയാടി നിന്ന പ്ലാസ്റ്റിക് സഞ്ചിയിലേയ്ക്കായി. അതില്‍ നിറയെ പണി ആയുധങ്ങളാണ്.

അവയുടെ കൂടെ ചിന്തേര്‍ ഉണ്ടാവും. വേണ്ടാത്തതെല്ലാം ചീന്തി മാറ്റുന്ന ചിന്തേര്‍. 
സാവകാശം സദാനന്ദന്‍ നാണപ്പനോടു പറഞ്ഞു:
''സമ്മതം തരാന്‍ ഞാനാരുമല്ല. മണല്‍ എന്റേതൊന്നുമല്ല. ഇയാളതെടുക്കണതിന് എനിക്ക് വിരോധോന്നുമില്ലെന്നേ പറയാന്‍ പറ്റൂ.''

അന്നേരം കാലമേറെക്കഴിഞ്ഞ് ഒറ്റതിരിഞ്ഞ് വന്നുപെട്ടതുപോലെ പാട്ടും വയ്പും തീറ്റയും കുടിയുമായി ഒരു പുതിയ സംഘത്തിന്റെ ഈറ്റച്ചങ്ങാടം പതിയെ പുഴയുടെ നടുവിലൂടെ ഒഴുകിപ്പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com