'പോത്ത്'- രാജേഷ് കെ. നാരായണന്‍ എഴുതിയ കഥ

വറുത്തരച്ചു വെച്ച പോത്തിറച്ചിക്കറീല് മനുഷ്യപാദത്തിലെ തള്ളവിരല് കണ്ട്, വെന്ത ചൂട് ചോറില്‍ ഇറച്ചീടെ ചാറും കൂട്ടി വിരകിക്കൊണ്ടിരുന്ന കുഞ്ഞച്ചന്റെ കയ്യും ഇറച്ചി ചവച്ചു തള്ളിയിറക്കിയിരുന്ന വായും നിശ്ചലമായി
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

റുത്തരച്ചു വെച്ച പോത്തിറച്ചിക്കറീല് മനുഷ്യപാദത്തിലെ തള്ളവിരല് കണ്ട്, വെന്ത ചൂട് ചോറില്‍ ഇറച്ചീടെ ചാറും കൂട്ടി വിരകിക്കൊണ്ടിരുന്ന കുഞ്ഞച്ചന്റെ കയ്യും ഇറച്ചി ചവച്ചു തള്ളിയിറക്കിയിരുന്ന വായും നിശ്ചലമായി.

അടുത്ത നിമിഷമയാള്‍ പുറത്തേയ്‌ക്കോടി ഛര്‍ദ്ദിച്ചു.

മൊഴനെഞ്ചും കപ്പയും ചേര്‍ത്തിളക്കിയ ഏഷ്യാഡില്‍നിന്നു കിട്ടിയ കാല്‍മുട്ടിന്റെ കഷണത്തിലായിരുന്നു ആ നേരത്ത് സിബിയുടെ ശ്രദ്ധ. മാമോദീസ സദ്യയുടെ ഭാഗമായി ഉണ്ടാക്കിയ സ്പെഷ്യല്‍ ടച്ചിംഗ്സ്സാക്കി മൂന്നാമത്തെ പെഗ്ഗ് ഒഴിച്ചുവെച്ച നിലയിലായിരുന്നു.

സ്‌നേഹയുടെ കയ്യീ കിട്ടിയ റബ്ബര്‍ റോള്‍പോലെ തോന്നിച്ച മാംസക്കുഴലിന്റെ ബാക്കി മൂന്നു മുറി കഷണങ്ങള്‍ കാടായം സലീമിന്റേം അജു പി. കുര്യാക്കോസിന്റേം പ്ലെയിറ്റുകളിലായിരുന്നു. ഇനി ബാക്കിയൊന്ന് വെളുമ്പി എല്‍സേടെ പ്ലെയിറ്റിലേയ്ക്ക് വീഴാനായി തവിയിലും.
മാമോദീസാ സദ്യയുടെ ജനക്കൂട്ടമൊന്നാകെ കട്ടക്കനായി വീടിന്റെ ടാര്‍പോളിന്‍ പന്തലിനു കീഴെ നിന്നു ഛര്‍ദ്ദിച്ചും ഓക്കാനിച്ചും പുറത്തുചാടി.

അവര്‍ റബ്ബര്‍മരങ്ങള്‍ക്കും കൈതക്കാടിനും ഇടയിലൂടെ ചെങ്കര കനാലിന്റെ സൈഡിലൂടെ മുന്നോട്ടോടി.
അവരുടെ കൈകളിലാകെ പോത്തിന്‍ക്കറീലെ നെയ്യ് അടര്‍ത്തിമാറ്റാനാവാതെ നെയ്പ്പാളിയായി മാറിയിരുന്നു. 
''ഇതെന്നാടാ ഉവ്വേ, നെയ്പ്പായസോ...?'' നെയ്യിന്റെ പാളികളിലൂടെ വിരലോടിച്ച് വക്കന്‍ ഒരു വെടക്ക് ചിരി ചിരിച്ചു.

അവന്‍ കാണിച്ച ഉരുവിനെ മേടിക്കാത്തതിന്റെ ചൊരുക്കായിരുന്നവന്റെ മൊകത്ത്.
തൊലിയുടെ കീറലില്‍ നെയ്ക്കട്ടയുടെ നീണ്ടുപോകുന്ന വഴിയോരങ്ങളില്‍ പെട്രോമാക്‌സിന്റെ വെളിച്ചം.
വെള്ള നെയ് മുറ്റിയ പോത്തിന്‍ക്കുട്ടന്റെ അറത്തുമാറ്റിയ തല തന്നെ നോക്കി ചിരിച്ചതായി ജോസിനു തോന്നി.
പോത്തിന്‍ കുട്ടന്റെ പിന്‍കാല് രണ്ടും പിരിച്ച് വക്കന്‍ ആണിയില്‍ കുത്തിക്കൊളുത്തി തൂക്കി. വെള്ള നെയ്ക്കകത്ത് മാംസത്തിന്റെ ചുവപ്പ് അകലെയെവിടെയോ നിന്നെത്തിനോക്കുന്ന നായ്ക്കുട്ടിയെപ്പോലെ പതറിനില്‍ക്കുന്നു.

മുന്‍കാലുകളും നെഞ്ചുംകൂടും കൂടി കൊളുത്തില്‍ കുത്തിച്ചാര്‍ത്തി വക്കന്‍ ഒരു ഊള ചിരീം ചിരിച്ച് ഉരിഞ്ഞിട്ട പോത്തിന്‍ കുട്ടന്റെ തൊലിയെടുത്ത് ടീവീയെസ്സ് സുസുകീടെ പെട്രോള്‍ ടാങ്കിനു മുകളില് വട്ടമിട്ട് സ്റ്റാര്‍ട്ടാക്കി പോയി.

ചെങ്കര ഇടത്തേ കനാലിനപ്പുറത്തുകൂടി വക്കന്റെ ബൈക്കിന്റെ ചുവന്ന വെളിച്ചം ചിതറിത്തെറിച്ച് അവസാനിച്ചു.

അവന്‍ പോകുന്നത് ഡെയ്സീടെ വീട്ടിലേക്കാണെന്നും അവളുടെ ഭര്‍ത്താവ് റോയിച്ചന്‍ പാലമറ്റം എസ്റ്റേറ്റിലേക്ക് റബ്ബര്‍ വെട്ടാന്‍ പോയി കഴിഞ്ഞിട്ടുണ്ടാകുമെന്നും ജോസ് കരുതി.
പെട്രോമാക്‌സിന്റെ തിരി കെടുത്തി ഇറച്ചിത്തട്ടില് ജോസ് കിടന്നു. മൂന്ന് മൂന്നരയേ ആയിട്ടൊള്ളൂ. അഞ്ചരേടെ സൈറണ്‍ കേള്‍ക്കുന്ന വരെ ഒന്ന് കണ്ണ് ചായ്ക്കാന്‍ നേരമൊണ്ട്.

ഇരുട്ടില് പോത്തിന്റെ കാലും ഉടലും തെളിഞ്ഞുതന്നെ നിന്നു. നാളത്തെ പകല് കൊണ്ട് രൂപാ ഏഴായിരമെങ്കിലും പോയിക്കിട്ടുമെന്ന് ജോസോര്‍ത്തു. ഇറച്ചി തൂക്കം കഴിഞ്ഞ് ഇച്ചിരി നെയ്യെന്ന നാട്ടുകാരുടെ പറച്ചിലില്‍ തന്റെ കാശ് ഉരുകിപ്പോകും.
ജോസിന് ഉറക്കം വന്നില്ല.

ഡെയ്സീടെ വീട്ടി നിന്ന പോത്തിന്‍ കുട്ടനാ.
വക്കന്റെ കൊളുത്തിലാ ഡെയ്സീന്നറിയാമെങ്കിലും അവള് വിളിച്ചപ്പോ ഒരു പൂതി.
വെറ്റിലപ്പാറേന്ന് കൊണ്ടുവന്ന് വളര്‍ത്തണ പോത്തിന്‍ കുട്ടനാന്നും പറഞ്ഞ് അവള് ചിരിച്ചു. ആ സമയത്ത് പോത്തിന്‍ കുട്ടനെയല്ല അവളുടെ ഇടം പല്ലിന്റെ ചെറിയ വിടവില് പറ്റിയിരിക്കണ ചുവന്ന പേരയ്ക്കയുടെ കുരുവിലായിപ്പോയി ശ്രദ്ധ. അവളോട് വിലയൊന്നും തര്‍ക്കിച്ചില്ല. പതിനേഴായിരത്തിലൊറപ്പിച്ചു.
വക്കനെ കാണിക്കാനും നിന്നില്ല.

പക്ഷേ, ഇന്ന് അറക്കാന്‍ വന്നപ്പത്തന്നെ വക്കന് മണമടിച്ചപോലെ മനസ്സിലായി.
''ഡെയ്സീടെ പോത്തിന്‍ കുട്ടനാണോ?''
''ആ.''
''ഞാന്‍ കാണിച്ച ഉരുവിനെന്താരുന്നു കുഴപ്പം?''
''ഇറച്ചി കൂടുതലിതിനാടാ.''
വക്കന്‍ ഒന്നും പറയാതെ ഉരുവിനെ കാല് കെട്ടി മറിച്ചു.
കഴുത്തിന് കവട്ടക്കമ്പുകൊണ്ട് കുത്തി.

കാലുകള് ഇടത്തേയ്ക്കും വലത്തേയ്ക്കും വലിച്ചുകെട്ടി.
പോത്തിനെ അറക്കുന്നതില്‍ ഇങ്ങനെയൊരു ശൈലി വക്കന്റെ മാത്രമാണ്.
പോത്തിന്‍ കുട്ടന്‍ ഒന്നമറാന്‍ നോക്കുമ്പളേയ്ക്കും ചോര ഒഴുകിത്തുടങ്ങിയിരുന്നു. തുറന്ന വായും മുറിവും ഒരേപോലെ വിടര്‍ന്നിരുന്നു.

മണ്ണില് ചുര മാന്തി, മണ്ണ് തെറിപ്പിച്ച് കാല് കോച്ചി, പോത്തിന്‍ ചോരയുടെ ചൂര് അവിടെയാകെ നിറഞ്ഞു.
ഇറച്ചിപ്പണീല് പറ്റാത്തത് ഇത് മാത്രാ. ഓരോ ഉരുവിനേംകൊണ്ട് വരുമ്പൊ കരുതും ഇത്തവണ അറക്കണം.
നേരമാകുമ്പൊ മനസ്സ് മാറും. ഉരുവിന്റെ കണ്ണില് നോക്കുമ്പം സങ്കടം വരും... ഛെ...
വക്കന്‍ തന്നെ വരും.

തോലുംകൊണ്ട് പോകും. രൂപാ മൂവായിരത്തഞ്ഞൂറിന് മുകളിലാ തോലിന്റെ വില.
ആ പോട്ടെ...
ജോസ് ഒന്ന് കണ്ണുചിമ്മി. ഉറക്കത്തിനും മയക്കത്തിനുമിടയിലും പെട്ടപ്പഴാ, ആരോ അടുത്തുണ്ടെന്ന് തോന്നിയത് കണ്ണ് തിരുമ്മിത്തുറന്നു.
തൊട്ടടുത്ത് ഡെയ്സി നില്‍ക്കുന്നു. ഇച്ചിരെ മാറി വക്കനും.
ടോര്‍ച്ചെടുത്ത് തെളിച്ചു.

ഡെയ്സീടെ ദേഹത്താകെ ചോര. വക്കന്റെ ഷര്‍ട്ടിലും ചോരയുണ്ട്.
''ലൈറ്റ് കെടുത്ത്'' -വക്കന്‍ അമറിച്ചപോലെ പറഞ്ഞു.
''എന്നാടാ.''
''ഒരു കാര്യോണ്ട്.''
വക്കനടുത്തേയ്ക്ക് വന്നു.
''ഞാന്‍ ചെല്ലുമ്പൊ റോയിച്ചനെ ഇവള് കൊന്നേച്ച് നിക്കുവാ.''
കിടുങ്ങി വിറച്ചുപോയി.

വക്കന്‍ വീണ്ടും പറഞ്ഞു.
''ആ... ഒള്ളതാന്നേ... റബ്ബറ് വെട്ടണ കത്തി പൂളിച്ചാ തട്ടീത്...''
''നിനക്കറിയാലോ ഇവക്കടെ കാര്യം. വേറെയാരുമില്ല ഒരു സഹായത്തിന്.''
ഒന്നു നിര്‍ത്തീട്ട് വക്കന്‍ തുടര്‍ന്നു:
''ഡാമില് താത്താന്ന് പറഞ്ഞപ്പൊ ഇവളാ പറഞ്ഞത് നീ സഹായിക്കൂന്ന്... ഒള്ളതാണോ..?''
വക്കനോടൊന്നും പറയാതെ നിന്നു.
വീണ്ടും വക്കന്‍ ചോദിച്ചു:
''എന്നതാ പ്ലാന്‍... ഒന്നും മിണ്ടാതെ നിന്നാ പറ്റത്തില്ല, നേരം വെളുക്കാമ്പോകുവാ... ഡാമി താത്തിയാലോ?''
''മൂന്നാം പക്കം പൊങ്ങത്തില്ലേ...''
ഡെയ്സി ജോസിനെ നോക്കി അടക്കത്തി ചോദിച്ചു.

''പൊങ്ങാതിരിക്കുകേലാ.''
വക്കനൊരുമാതിരി വഴുവഴുപ്പുള്ള കല്ലേ ചവിട്ടുന്ന മാതിരി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഡെയ്സി അടക്കിയ ശബ്ദത്തില്‍ രാത്രി നടന്നത് ജോസിനോടായി പറഞ്ഞു:
''വക്കനും നീയും തമ്മില് ഏര്‍പ്പാടുണ്ടെന്നുള്ളത് നാട്ടിലെല്ലാര്‍ക്കും അറിയാം; എന്നുവെച്ച് ഇനീം ഒരുത്തന്റെകൂടി എച്ചിലേ പിടിക്കാനീ റോയിച്ചനെ കിട്ടത്തില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു വഴക്ക്... നിവൃത്തി ഇല്ലാതെ വന്നപ്പഴാ ഞാന്‍ റബ്ബര്‍ കത്തിയെടുത്തത്. ഒന്ന് പേടിപ്പിക്കാന്നേ വിചാരിച്ചൊള്ള്. പൂളിക്കേറൂന്ന് വിചാരിച്ചില്ല...''
പറയുന്നതിനിടയില് ഡെയ്സി കരയുകയാണെന്ന് ഇരുട്ടിലും മനസ്സിലായി.
''നീ പുരാണോം പറഞ്ഞോണ്ട് നിന്നാ നേരം വെളുക്കും. എന്നാ വേണ്ടേന്ന് പറഞ്ഞാ ചെയ്യാം...'' വക്കന്‍ അക്ഷമനായി.

''എവിടാ...?''
വിറയലോടെയാ ചോദിച്ചത്.
''കൊണ്ടുവന്നിട്ടൊണ്ട്... ദാണ്ടെ...''
ജോസിന്റെ കയ്യീന്ന് ടോര്‍ച്ച് വാങ്ങി വക്കന്‍ അടിച്ചു. ടീവീഎസ് സുസുക്കീടെ സീറ്റിനും പെട്രോള്‍ ടാങ്കിനുമിടയില് പോത്തിന്‍ കുട്ടന്റെ തോലില്‍പ്പൊതിഞ്ഞ് റോയിച്ചന്റെ ശരീരം. രണ്ടു കാലും കവച്ചാ വെച്ചിരിക്കുന്നത്. കുന്തിച്ചിരിക്കണ പട്ടിയെപ്പോലൊരു തൊലിക്കെട്ട്.
''വേറൊന്നും കിട്ടീല. അതാ തോലീപ്പൊതിഞ്ഞത്... ഇവിടെങ്ങും ചോര വീഴത്തില്ല...''
''ഇങ്ങോട്ടെടുത്ത് കിടത്തട്ടെ...''
മറുപടിക്ക് കാത്തുനില്‍ക്കാതെ വക്കന്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ തോലില്‍ പൊതിഞ്ഞു കെട്ടിയത് ഇറച്ചിപ്പൊരേടെ മൂലയിലേക്കിട്ടു.
പോത്തിന്‍ കുട്ടന്റെ തലേടെ തൊട്ടപ്പുറത്തായിട്ട് വന്നുവീണു.
''തല്‍ക്കാലം ഇവിടെ കിടക്കട്ടെ, നാളെ രാത്രി വരെ സമയോണ്ട്... അതിനിടേല് ഒരു തീരുമാനമാക്കാം...''
വക്കന്‍ ഇറച്ചിപ്പുരേടെ തൂണില് കൈ തുടച്ചുകൊണ്ട് പറഞ്ഞു.

വടാട്ടുപാറേന്ന് ആദ്യത്തെ ബസ് ഭൂതത്താന്‍കെട്ടിന്റെ പുതിയ പാലം കടന്നുവരുന്ന വെളിച്ചം കണ്ടു.
''എന്നാ ഞാനും ഇവളും പോയേച്ച് വരാം... അവിടിച്ചിരി പണിയൊണ്ട്... ചോരവീണതൊക്കെയൊന്ന് കഴുകണം.''
വക്കന്‍ അടുത്തേക്ക് വന്ന് ബാക്കി അടക്കത്തി പറഞ്ഞു:
''ഇവക്കിനി വേറെയാരാ ഒള്ളത് നമ്മളല്ലാതെ... എന്നാ പോയേച്ചും വരാടാ.''
വക്കന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. ഡെയ്സി പൊറകിലേക്ക് കയറാനായി നടന്നിട്ട്, തിരിച്ചുവന്ന് ജോസ്സേന്ന് ശബ്ദം താഴ്ത്തി വിളിച്ചു. എന്നിട്ട് കയ്യിലൊന്ന് പിടിച്ചു. അവള്‍ടെ കയ്യിലെ വഴുവഴുപ്പ് റോയിച്ചന്റെ ചോരയുടേതാണെന്ന് മനസ്സിലായി. 

വക്കനും ഡെയ്സിയും ചെങ്കര കനാലിന്റെ ഇടത്തേ വഴിയിലൂടെ പോയി. ഡെയ്സീടെ കയ്യീന്ന് പറ്റിയ ചോര ഉണങ്ങാതെ തണുത്തു.

അഞ്ചരേടെ ബസും പാലുവണ്ടീം വരുന്നതിനു മുന്നെ കട്ടക്കനായീലെ വര്‍ക്കീടെ മോന്റെ കൊച്ചിന്റെ മാമോദീസക്കുള്ള ഇരുപത് കിലോ എറച്ചിക്കുള്ള ആള് വന്നു.
തൂക്കിയപ്പോ നുറുക്കിവെച്ചേരെ പള്ളീപ്പോയിട്ട് വരുമ്പൊ എടുത്തോളാമെന്ന് പറഞ്ഞ് പോയി.
ജോസിന് നില്‍ക്കാനും ഇരിക്കാനും വയ്യാതായി. 

പോത്തിന്‍ കുട്ടന്റെ തല എല്ലാം തിരിച്ചറിഞ്ഞതുപോലെ ജോസിനെ നോക്കിക്കൊണ്ടിരിക്കുന്നു.
അന്ന് ഡെയ്സീടെ വീട്ടിലെ മുറീന്നിറങ്ങുമ്പൊ പറമ്പീനിന്ന് നോക്കിയ അതേ നോട്ടം. കട്ടിലിനു താഴെ വീണുകിടന്ന നൈറ്റി എടുത്തിട്ടോണ്ടായിരുന്നന്നേരം ഡെയ്സി ചോദിച്ചത്, ''പോത്തിന്‍ കുട്ടനെ ഇപ്പഴാന്നോ കൊണ്ടുപോകുന്നേ... അതോ... ഒന്നുകൂടി വരുവോ?''
''വക്കനെ കാണിക്കാതിതുവരെ ഞാനൊരു ഉരുവിനെം വാങ്ങീട്ടില്ല...''
''എല്ലാം പറഞ്ഞ് സമ്മതോം വാങ്ങിച്ചോണ്ട് ചെയ്യാമ്പറ്റുവോ?''
ഡെയ്സി ചിരിച്ചോണ്ട് ചോദിച്ചു...
''ദേ, ജോസിന്റെ പല്ലില് പേരയ്ക്കേടെ കുരു...'' അവള് ആ കുരുവെടുക്കാന്‍ മുന്നോട്ടാഞ്ഞു വന്നു.
''ജോസ് വരുമ്പൊ ഞാന്‍ പേരയ്ക്കാ തിന്നുവല്ലായിരുന്നോ...''
അവള് ചിരിച്ചോണ്ട് പറഞ്ഞു. പേരയ്ക്കക്കുരു എടുക്കുന്നതിനിടയില് ഡെയ്സീടെ വിരല് ചുണ്ടിനു മുകളിലൂടൊന്ന് ചുറ്റിത്തിരിഞ്ഞു. ആരേലും കാണുന്നുണ്ടോന്ന് നോക്കുമ്പൊ കണ്ണ് പറിക്കാതെ നോക്കിനില്‍ക്കുകാ പോത്തിന്‍ കുട്ടന്‍.

''അതങ്ങനാ, നോക്കിയാ കണ്ണെടുക്കത്തില്ല. നാല്‍ക്കാലിയാണേലും നോട്ടം കണ്ടാ പേടിയാകും; അതാ ഞാന്‍ അറക്കാന്‍ കൊടുക്കാന്ന് വിചാരിച്ചത്; പേടിച്ചും ഒളിച്ചും എത്ര നാളാന്നേ...''
ഡെയ്സി പോത്തിന്റെ മരണത്തിന്റെ കാരണത്തിന് ന്യായമുണ്ടാക്കി പറഞ്ഞു.
ആ നേരത്തെ അതേ നോട്ടം ഇപ്പോഴും പോത്തിന്റെ മൊകത്ത്.

പോത്തിന്‍ തൊലിയില്‍ പൊതിഞ്ഞുവെച്ചിരിക്കണ റോയിച്ചന്റെ ശരീരത്തിന് അനക്കമുണ്ടോ?
സൊസൈറ്റീ പാലും കൊടുത്തേച്ച് വന്ന പിള്ളേച്ചന്‍ പതിവുപോലെ ഒരു കിലോ ഇറച്ചീം അരക്കിലോ മൊഴനെഞ്ചും വാങ്ങിച്ചു.

മുറിച്ചിട്ടും വെട്ടീട്ടും തൂക്കീട്ടും എറച്ചീം എല്ലും വിടാതേം മുറിയാതേം കയ്യീക്കെടന്ന് കളിച്ചു.
തേക്കിലയില്‍ പൊതിഞ്ഞ് ഇറച്ചി കൊടുക്കുമ്പൊ കൈക്ക് വിറയലുണ്ടോയെന്ന് തനിക്ക് തോന്നീത് ശരിയാണെന്ന് പിള്ളേച്ചന്റെ എന്നാ ജോസേ ഒരു തളര്‍ച്ചപോലെന്ന ചോദ്യം കൂടിയായപ്പൊ ഒറപ്പിച്ചു.
ഇനി നിക്കാമ്പറ്റത്തില്ല... എന്നു വിചാരിക്കുമ്പഴാ വക്കന്‍ തിരിച്ചു വന്നത്...
അവനെ ദയനീയമായി നോക്കി; മുന്നില് രണ്ടു പേരുണ്ട്; നെയ്യ് മുറ്റിയ ഇറച്ചിയെക്കുറിച്ചും നെയ്യില്ലാത്ത ഇറച്ചിക്കറിക്കൊരു ഗുമ്മില്ലെന്നും ഇങ്ങനെ പല ജാതി വര്‍ത്തമാനംകൊണ്ട് ഇളപ്ലായ്ക്കല്‍ യോഹന്നാനും വെള്ളക്കണ്ണി ശശിയും ഇറച്ചിപ്പുരയെ ഒരു വെപ്പു പുരയാക്കി. കല്ലിലരച്ച വറ്റല്‍മുളകും മല്ലിയും വിറകടുപ്പില്‍ വെട്ടിത്തിളയ്ക്കുന്ന ഇറച്ചിക്കറിയിലെ മസാലയില്‍ പുരണ്ട് വെന്തു വിടര്‍ന്നു. 

വെളുക്കാനിനീം നേരമൊണ്ട്, ചോര തണുക്കണേന് മുന്‍പ് എറച്ചി വാങ്ങാന്‍ വരുന്ന പതിവുകാര്‍ വന്നുകൊണ്ടിരുന്നു... ഒരുതരത്തിലവര്‍ക്ക് വെട്ടി കൊടുത്തുവിട്ടു. തൂക്കമൊന്നും കൃത്യമല്ലാരുന്നു; കൂടീം കുറഞ്ഞും പോയി. മുഴനെഞ്ചും തുടയെല്ലും മാറിമറിഞ്ഞു. നെഞ്ചെറച്ചീം പൂളെറച്ചീം തമ്മി കൊരുത്തു; മനസ്സ് നിക്കാത്തിടത്തെങ്ങനാ കത്തി ചെല്ലുകാന്ന് തോന്നിയപ്പൊ ചുറ്റും നോക്കി. കാണുന്നത് വക്കനെയാ. അവന്‍ കുളികഴിഞ്ഞ് ഷര്‍ട്ടും മുണ്ടും മാറ്റിയിട്ടുണ്ട്.
അവന്റെ മുഖത്ത് ഭാവഭേദമൊന്നുമില്ല.

പോത്തിന്‍തോല് മൂടിപ്പുതഞ്ഞ് ഒരു വലിയ ഭാണ്ഡക്കെട്ടുപോലെ കിടക്കുകയാണ്.
ഇന്നലെ പകല് ഡെയ്സി ഇട്ടിരുന്ന നൈറ്റിയുടെ നെറമാണതിനെന്നു തോന്നി.
''വക്കാ എനിക്ക് നിക്കാമ്പറ്റണില്ലാടാ.''
''എന്നാ വിട്ടോ.''
''എറച്ചിയോ.''
''അത് ഞാന്‍ വെട്ടിക്കൊടുത്തോളാം.''
''എന്നിട്ട്?''
''എന്നിട്ടെന്നാ ബാക്കിയൊക്കെ വൈന്നേരം തീരുമാനിക്കാന്ന്...''
വക്കന്‍ ഒരു കുലുക്കോമില്ലാതെ പറഞ്ഞു.

നോട്ടം വീണ്ടും പോത്തിന്‍ തോലിനകത്തേക്കായി. അതുകണ്ട് വക്കന്‍ ചിരിച്ചു.
''പോത്തായാലും മനുഷ്യനായാലും കൊന്നാ പിന്നെ ശവമാ... പോത്തിനെ വെട്ടിക്കീറി തിന്നും; മനുഷ്യനെ കുഴിച്ചിടും. അത്രേം വ്യത്യാസമേയൊള്ള്...'' 
''ഒന്നു പയ്യെ പറയെടാ...'' ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് പറഞ്ഞു.
''ആഹാ അതുശരി, ഓരോന്ന് ഒപ്പിച്ചിട്ടിപ്പോ പയ്യെപ്പറയെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?''
ഒന്നു നിര്‍ത്തീട്ട് വക്കന്‍ തുടര്‍ന്നു:
''ഡെയ്സീനെ മോഹിച്ചതില് ഞാന്‍ നിന്നെ തെറ്റു പറയത്തില്ല... ആരായാലും കൊതിച്ചു പോകും...''
പുലരി തെളിഞ്ഞുവരുന്ന നേരത്തെ വെളിച്ചത്തിലവനെ ദയനീയമായിട്ടൊന്ന് നോക്കി; പിന്നെയവനൊന്നും പറഞ്ഞില്ല.

കയ്യീന്ന് കത്തി വാങ്ങി അരം കൊണ്ട് മൂര്‍ച്ച കൂട്ടുന്നതിനിടേല് പറഞ്ഞു:
''പോയിക്കിടന്നൊന്നൊറങ്ങ്. തലയൊന്ന് തണുക്കട്ടെ. വൈകുന്നേരത്തേന് ഒരു തീരുമാനമൊണ്ടാക്കാം; പറ്റിപ്പോയില്ലേ...''
ആദ്യമായിട്ടാ ഒരു ഞായറാഴ്ച ഇറച്ചിപ്പൊരേന്ന് മാറിനിക്കണത്...
നില്‍ക്കാന്‍ പറ്റുന്നില്ല.

എങ്ങോട്ട് നോക്കിയാലും കാണുന്നത് പോത്തിന്‍ കുട്ടന്റെ തൊലിയില്‍ പൊതിഞ്ഞകെട്ടാ. അതങ്ങനെ ചുരുണ്ടുകൂടി വട്ടംചുറ്റി കിടക്കുകയാ.

റോഡിലേക്കിറങ്ങീട്ട് തിരിച്ചുവന്ന് പറഞ്ഞു: ''കട്ടക്കനായീലെ കൊച്ചിന്റെ മാമോദീസാ സദ്യക്കുള്ള എറച്ചി മാറ്റിവെച്ചിട്ടുണ്ട്. അതൊന്ന് നുറുക്കിവെച്ചേരെ. ജോര്‍ജൂട്ടി പള്ളീന്ന് വരുമ്പ കൊണ്ടോക്കോളും...''
വീട്ടിലേക്ക് പോകാന്‍ തോന്നിയില്ല.

മാലിപ്പാടത്തിന്റെ കരേക്കൂടി നടന്നെത്തീത് ചൂരക്കാടിനപ്പുറത്തെ കെട്ടിലാ.
പാറക്കുഴി വെള്ളമില്ലാതെ കിടക്കുന്നു. ഞെരിഞ്ഞിലും ഇഞ്ചവള്ളീം തൊട്ടാവാടിക്കാടും പാറക്കുഴിക്കുമേലെ ആകാശമില്ലാതാക്കീട്ടൊണ്ട്.

നൂണ്ടിറങ്ങി പാറക്കുഴീലെ ചരലില് കിടന്നു...
ഒറ്റ പകലുകൊണ്ട് എല്ലാ വഴീം അടഞ്ഞല്ലോന്ന് ചിന്തിക്കുമ്പഴേയ്ക്ക് കണ്ണടഞ്ഞു തുടങ്ങി. ഒറക്കമാണോ...? അതോ ബോധം കെടുന്നതോ...
എന്തൊക്കെയോ ചിന്തകള് തലേല്‍ കുത്തിമറിയുകയാ.
ഒരു വര്‍ഷത്തിലെത്ര ഞായറാഴ്ചയൊണ്ട്... പതിനേഴ് വര്‍ഷത്തിലെത്ര ഞായറാഴ്ചയൊണ്ട്... അതീന്ന് നോമ്പുകാലം കുറച്ചാ കിട്ടണതാ കൊന്നുതീര്‍ത്ത പോത്തുകളുടെ എണ്ണം...
ആ പോത്തുകളെല്ലാം വന്ന് മാലിപ്പാടം നിറഞ്ഞ് നിക്കുകാ...
മിണ്ടാപ്രാണികളാണെങ്കിലും... മരണമല്ലേ...
ഞാനല്ലല്ലോ കൊന്നത്? വക്കനല്ലേ?
വക്കനെന്താ പങ്ക്...?
പോത്തിനെ വാങ്ങീതും കൊണ്ടുവന്നതും ആരാ?
എന്തിനുവേണ്ടിയാ വക്കന്‍ പോത്തിനെ അറത്തത്?
വക്കന്‍ അറുത്ത പോത്തിന്റെ എറച്ചി ആരാ വിറ്റത്?
ഒഴിഞ്ഞുമാറാന്‍ പറ്റുവോ?
വക്കന് പങ്കില്ല.

വക്കന് കുറ്റബോധം തോന്നണ്ട കാര്യോമില്ല...
മാലിപ്പാടം ചുറ്റി പോത്തുകള് വരിനില്‍ക്കുന്നുണ്ട്; പാറക്കുഴിയിലായതുകൊണ്ട് കണ്ടിട്ടില്ല...
ഇഞ്ചക്കാടും ഞെരിഞ്ഞിലും രക്ഷിക്കുമോ? 
''ആഹാ... ഇതിനകത്തു കേറിയിരിക്കുവാണോ? പാറക്കുഴീടവിടെ സൈക്കിളുമിട്ടേച്ച് ഇതിനകത്തിരുന്നാ കണ്ടുപിടിക്കത്തില്ലെന്നാണോ ജോസേ നെന്റെ വിചാരം...?''
മയക്കത്തീന്നുണര്‍ന്ന് വക്കനെ നോക്കുമ്പഴാ, ഇന്നലത്തെ പകല് മുതല് ഇന്നത്തെ വെളുപ്പാന്‍കാലെം വരെ വീണ്ടും തെളിഞ്ഞുവന്നത്...
''നേരമെത്രയായി... എന്താക്കി? റോയിച്ചന്റെ കാര്യത്തിലെന്നതാ ചെയ്യാമ്പോണെ?''
വക്കന്‍ ചിരിച്ചു.
''ആദ്യമീ പാറക്കുഴീന്നെഴുന്നേല്‍ക്ക്...''
''എന്നിട്ടോ...''
''വാന്ന്...''
വക്കനാ സൈക്കിളുന്തിയത്... കനാലിന്റെ കരയിലൂടെ നടന്നു.

വക്കനൊന്നും മിണ്ടുന്നില്ല. വെയില് കത്തിനില്‍ക്കുന്നു നേരമെത്രയായിട്ടുണ്ടാകും. പന്ത്രണ്ടാണെങ്കി ഇനി രാത്രിയാകാന്‍ ആറേഴ് മണിക്കൂറേ ഉള്ളൂ.

രാത്രി വന്നെങ്കി ഒരു തീരുമാനമൊണ്ടാക്കാരുന്നു. പോത്തിന്‍ തോലീ പൊതിഞ്ഞുവെച്ചേക്കുന്ന റോയിച്ചന്റെ ശവം കൊണ്ടുപോയി കുഴിച്ചിടുവോ കത്തിക്കുവോ; ഡാമില്‍ താത്തുകോ...
എതിരെ ആരാണ്ടെല്ലാം വരുന്നുണ്ട്.

കട്ടക്കനായീല് മാമോദീസ സദ്യക്ക് പോകുന്നവരാ, വിളിയൊണ്ടാരുന്നതാ... പോയാ മൂന്ന് ബ്രാണ്ടീം അടിച്ച് ചോറും ഉണ്ടേച്ച് ഒരു കൈ റമ്മീം കളിക്കേണ്ടതാ, എല്ലാം തീര്‍ന്നു...
ആകെയൊരാശ്വാസമുള്ളത് കൊന്നതും കൊണ്ടുവന്നതും താനല്ലെന്നതാ.
കുറ്റം വന്നാ മൂന്നാം പ്രതിയാകും - ശവം ഒളിപ്പിക്കുന്നതിന് കൂട്ട് നിന്നു...
എങ്ങോട്ടാ പോകുന്നതെന്ന് വക്കനോട് ചോദിക്കുന്നതിനു മുന്‍പെ എറച്ചിപ്പെരേലേക്ക് തിരിയണ വഴിയായി.
വെയിലില് എറച്ചിപ്പുര തിളങ്ങി തീ കത്തിപ്പടരുന്നതുപോലെ കിടക്കുന്നു.

അടുത്തെത്തുന്തോറും കാലും കയ്യും കൊഴയുകാ... ചെളിക്കണ്ടത്തില് കാലം പൂണ്ട നാല്‍ക്കാലീടെ പിടച്ചിലാ... പിടയുന്തോറും താഴുകാ, എന്നാ ഒരു വിധിയാ...
ഒടിഞ്ഞുമടങ്ങി പോത്തിന്‍ തൊലീല് ചോരേം തൊലീടെ നെയ്യുളുപ്പും പറ്റിയാ റോയിച്ചന്‍ കിടക്കുന്നെ... മനുഷ്യന്റെ ചോരേം പോത്തിന്റെ ചോരം ചേര്‍ന്നാലൊള്ള മണമാ അവിടെ മുഴുവന്‍.
വക്കന്‍ ഇറച്ചിത്തട്ടേലേയ്ക്ക് കേറി. ഇറച്ചിപ്പറ്റും വെട്ടിത്തെറിച്ച എല്ലിന്‍കഷണത്തിന്റെ ബാക്കീം നക്കിയും കൊത്തിയും കടിച്ചും നിന്നിരുന്ന മണിയനീച്ചകളും കാക്കയും ചാവാലിപ്പട്ടിയും ക്രൂരമുഖത്തോടെ ഇരച്ച് പൊങ്ങിയാര്‍ത്തു. ചാവാലിപ്പട്ടി മുരണ്ട്, മുന്നോട്ടാഞ്ഞ് കിട്ടിയ എല്ലിന്‍കഷണവുമായി റബ്ബര്‍ത്തോട്ടത്തിലേക്ക് വലിഞ്ഞു.

ജോസ് ഭയത്തോടെ നോക്കി.
പോത്തിന്‍തലയിരുന്നിടം ശൂന്യം...
പോത്തിന്‍ തോല് മാത്രം കാറ്റുപോയ പന്തുപോലെയവിടെ ചുക്കിച്ചുളിഞ്ഞ് കിടപ്പുണ്ട്...
ജോസ് അമ്പരപ്പോടെ വക്കനെ നോക്കി.
അവനൊന്ന് ചിരിച്ചു...
''എന്ത്യേ... റോയിച്ചന്റെ... ശവം...?''
വാക്കൊന്നും പുറത്തേക്കു വന്നില്ല...
വക്കനൊന്ന് ചിരിച്ചു.
''കട്ടക്കനായീലെ സദ്യക്ക് എത്ര കിലോ എറച്ചിയായിരുന്നു...?''
''ഇരുപത്...''
''പകുതിയേ കൊടുത്തുള്ളൂ.''
ബാക്കി...
''ബാക്കി...'' വക്കനൊരു ചിരി ചിരിച്ചു.

''എല്ലാം എറച്ചിയല്ലേടാ ഉവ്വേ... ഞാനതങ്ങ് വെട്ടിക്കൂട്ടി, അതിനകത്തിട്ട് വെരുകിക്കൊടുത്തു... പോത്തിറച്ചീം മനുഷ്യറച്ചീം... തിരിച്ചറിയത്തൊന്നുമില്ല, പോരാത്തതിന് പോത്തിന്‍ കുട്ടന്റെ മുറ്റ് നെയ്യും...''
വക്കന്‍ എറച്ചിപ്പെരേടെ മോന്തായത്തീന്ന് ജവാന്റെ പകുതിയായ പൈന്റ് എടുത്ത് വായിലേയ്ക്ക് കമഴ്ത്തി. ''നട്ടെല്ലും കാലെല്ലും കയ്യെല്ലും വെട്ടിപ്പൊട്ടിച്ച് എല്ല് കുഴീലിട്ടു, എല്ലുപൊടിയാക്കി കമ്പനിക്കാര് കൊണ്ടുപൊയ്‌ക്കൊള്ളും. ഇനിയൊറ്റപ്പണിയേ ബാക്കിയൊള്ളൂ - തല... പോത്തിന്റേം റോയിച്ചന്റേം ഇതിനകത്തുണ്ട്.''
കുത്തഴിഞ്ഞു വീണ പെണ്ണുങ്ങടെ രാത്രിക്കുപ്പായംപോലെ കിടക്കണ പോത്തിന്റെ തോലിനു നേര്‍ക്ക് കൈചൂണ്ടി വക്കന്‍ പറഞ്ഞു:

''രാത്രി ഇതുകൂടി തല്ലിപ്പൊട്ടിച്ച് കീരമ്പാറേന്ന് കാട് കേറി തുണ്ടം വഴി മലക്കപ്പാറ വരെ ഒറ്റപ്പോക്ക്. പോണവഴി ഓരോ പീസ് ഇട്ടിട്ടുപോയാ കാട്ടിലെ മൃഗങ്ങള് തിന്നോളും. ഒടല് മനുഷ്യര്‍ക്കും തല മൃഗങ്ങള്‍ക്കും...''
എല്ല് ചെടികള്‍ക്കും... റോയിച്ചനൊന്നൊന്നര ഭാഗ്യം ചെയ്‌തോനാ, ഇല്ലേടാ ജോസേ... എന്നാ പിന്നെ രാത്രി കാണാം... ആ... പിന്നേയ്...
''ഡെയ്സീം കാടുകേറാന്‍ പോരാന്ന് പറയണണ്ട്... ജോസിന്റെ അഭിപ്രായമറിഞ്ഞിട്ട് പറയാന്നാ ഞാന്‍ പറഞ്ഞേക്കണത്. ഇനിയെല്ലാം നമ്മള് രണ്ടാളും കൂടിയല്ലേ തീരുമാനിക്കണത്... പണ്ട് ഉരൂനെ വാങ്ങുമ്പൊ ഒരു മനസ്സായിട്ട് വാങ്ങിയതുപോലെ.''

ഒന്നും കേട്ടില്ല...
ഒന്നും കണ്ടുമില്ല...
രണ്ടു തലകള്... ഒന്നിന് കൊമ്പില്ല... ഒന്നിന് കൊമ്പുണ്ട്...
പോത്തിന്‍ കുട്ടന്റെ തൊലിക്കകത്ത് പൊതിഞ്ഞുവെച്ചേക്കുന്നു...
രാത്രീല് വെട്ടിക്കൂട്ടിയ പോത്തിന്റേം റോയിച്ചന്റേം തലയെല്ലുകള് അങ്ങോട്ടെറിഞ്ഞ് ഇങ്ങോട്ടെറിഞ്ഞ് മലകേറാമെന്നാ വക്കന്‍ പറഞ്ഞത്. ചെറുപ്പത്തില് കൊരങ്ങാട്ടി മലയിലേക്ക് പോയപ്പൊ കല്ലെറിഞ്ഞ് കളിച്ചതാ മനസ്സില് വരുന്നതെന്നവന്‍ പറഞ്ഞു.

അന്നാരൊക്കെയാ കൂടെയുണ്ടായിരുന്നത്? സലോമിയുണ്ടായിരുന്നു; വക്കനാ അവള്‍ക്ക് എറിയാന്‍ കല്ലു കൊടുത്തിരുന്നത്. ഇടയിലെപ്പഴോ ഞാന്‍ അവള്‍ക്ക് കൊടുത്ത കാട്ടമ്പഴം വക്കന്‍ വാങ്ങി ദൂരേക്കെറിഞ്ഞു; ആ അമ്പഴക്കായിപ്പൊ വളര്‍ന്ന് വലിയ മരമായിട്ടുണ്ടാകും; സലോമി എവിടെയായിരിക്കുമിപ്പൊ?
വക്കനവളെ മറന്നുകാണുമോ? 

ഇപ്പൊ ഉള്ളില് പേടിയല്ല. വലത്തോട്ടും ഇടത്തോട്ടും ചീളുപോലെ പായുന്ന എല്ലിന്‍ കഷണങ്ങള്‍. വക്കനൊന്ന് ഡെയ്സിക്ക് കൊടുക്കുമ്പം; അടുത്തത് ഞാന്‍ പിന്നെ വക്കന്‍. പിന്നെ ഞാന്‍, എറിഞ്ഞെറിഞ്ഞ് മുന്നോട്ട് പോകുകയാ... ഇപ്പൊ കൂടെയുള്ളത് സലോമിയാ. ഓരോ ഏറിലും അവളുടെ ചിരി മലചുറ്റി തിരിച്ചുവരുന്നുണ്ട്; വക്കന് ആവേശമാണ്; അവനേക്കാള്‍ ആവേശമാണെനിക്ക്; സലോമിയുടെ ഏറ് കാത്ത് പുലികള്‍, കാട്ട് ചെന്നായ്ക്കള്‍, കടുവകള്‍, മുന്നേ കാട് കയറിയ നാട്ട് നായ്ക്കള്‍ അവയങ്ങനെ പുളച്ച് നില്‍ക്കുകയാണ്; ഏറ് തെറ്റിയ കല്ല് മരത്തിലടിച്ചിട്ടെന്നവണ്ണം തിരിച്ചെത്തി തലയിലടിച്ചു.
തെറിച്ചു ചീറ്റിയ ചോരയില്‍ തെന്നി ഓര്‍മ്മകളീന്ന് കാല്തെറ്റി വീണു; പൊറകില് ഒരാരവം:
മാമോദീസാ സദ്യേലെ വറുത്തരച്ച പോത്തിറച്ചീന്ന് റോയിച്ചന്റെ കാലിലെ തള്ളവിരല് കിട്ടിയ കുഞ്ഞച്ചന്‍, കാല്‍മുട്ട് കിട്ടിയ സിബി, നാലായി മുറിഞ്ഞ ആണ്‍ശരീരത്തിലെ ഏക എല്ലില്ലാത്ത അവയവത്തിന്റെ നാല് കഷണങ്ങള്‍ ചേര്‍ത്തുവെച്ച സ്‌നേഹേം കാടായം സലിമും അജൂം വെളുമ്പി എല്‍സേം...
പുരുഷാരം മുഴുവന്‍ പിന്നാലെ, റബ്ബറുങ്കാ പൊട്ടണ തോട്ടത്തിക്കൂടി പാഞ്ഞുവരുന്നു.
ആരെ കൊന്നാടാ വെട്ടിയരിഞ്ഞ് തന്നത്...?
പിടിക്കവനെ...
കൊല്ലവനെ, വിടരുത്...
വെള്ളീരി മടേം അയ്യപ്പന്‍ മുടീം ഓടിക്കേറി. മുരിക്കിന്‍ മുള്ളും ഈറ്റക്കുറ്റീം ഇഞ്ചപ്പടര്‍പ്പും മേത്താകെ ചുറ്റിവരിഞ്ഞും കുത്തിക്കേറീം ചോരേം എറച്ചീം മുള്ളിലും മരക്കുറ്റീലും പറ്റിച്ചേര്‍ന്നു.
ഒന്നു തിരിഞ്ഞുപോലും നോക്കീല, നാലു ചുറ്റും നാട്ടുകാര്.

എവിടെയൊക്കെയോടി, എവിടൊക്കെ വീണു...
ആര്‍ത്തലച്ച് പെയ്യാന്‍ തുടങ്ങുന്ന മഴപോലെ കീരമ്പാറക്കവലേലേയ്ക്ക് വരുമ്പൊ പതിവു പോലെ ഒറ്റയ്ക്ക് നടത്തുന്ന വചനപ്രഘോഷണം.

രക്ഷകന്റെ വരവ്, വചനത്തിന്റെ ശക്തി, അന്ത്യനാളുകളിലെ വിധിയെഴുത്ത്, ഇരുളിലാഴുന്ന ഭൂമി...
ഭ്രാന്തന്റെ സുവിശേഷം ഭൂമിയില്‍ വീണ വിത്തുകള്‍പോലെ മുളപൊട്ടാതെ കിടക്കുന്നു.
വേറൊന്നും നോക്കാനില്ല; അറിയട്ടെ, എല്ലാവരും അറിയട്ടെ, നാട്ടുകാര് അലറിവിളിച്ചോണ്ട് പൊറകേയുണ്ട്.
ഇപ്പഴേ പറയാമ്പറ്റൂ...
ഇപ്പഴെങ്കിലും പറഞ്ഞില്ലെങ്കി പിന്നെ ഒരവസരമില്ല.
അടിച്ചുകൊല്ലുന്നതിന് മുന്‍പ് സത്യം പറയണം...
കൊന്നതും കൊത്തിയരിഞ്ഞ് എറച്ചീക്കൂട്ടീതും ഞാനല്ല.
ഇരുട്ട് വന്ന് വിഴുങ്ങുകയാ... ഇരുളേ ഈ വഴിയടയ്ക്കല്ലേയെന്ന് ഭ്രാന്തനുപദേശി അലറിയതും ചാടിപ്പിടിച്ച് മൈക്കെടുത്ത് ഒച്ചത്തിപ്പറഞ്ഞു: ''ഞാനല്ല റോയിച്ചനെ കൊന്നത്... ഞാനല്ല കൊത്തിയരിഞ്ഞതും... എറച്ചീക്കൂട്ടിയതും ഞാനല്ല... ഞാനൊന്നും ചെയ്തിട്ടില്ല...''
കിതപ്പടക്കി നോക്കുമ്പൊ ഒച്ചയനക്കമൊന്നുമില്ല. 

''എന്നെയൊന്നും ചെയ്യരുത്... എന്നെയൊന്നും ചെയ്യരുത്...''
കീരമ്പാറക്കവലേലേയ്ക്ക് മൈക്കിലൂടെ പറഞ്ഞത് കേട്ട് ആളുകളോടിക്കൂടി.
''സത്യമാ... ചത്തത് റോയിച്ചനാ... കൊന്നത് ഡെയ്സിയാ... കൊത്തിയരിഞ്ഞതും എറച്ചീ ചേര്‍ത്തതും വക്കനാ...''
ആള്‍ക്കൂട്ടം പരസ്പരം നോക്കി.
''വാ, പോത്തിന്‍ കുട്ടന്റെ തലേം റോയിച്ചന്റെ തലേം എറച്ചിപ്പെരേല് പോത്തിന്‍ കുട്ടന്റെ തോലീപ്പൊതിഞ്ഞ് വെച്ചിട്ടൊണ്ട്... എല്ലാരും വാ... ഞാന്‍ കാണിച്ചുതരാം.''
ആള്‍ക്കാര് മണിയനീച്ചപോലെ പൊതിഞ്ഞു.

പോത്തിന്‍ പണ്ടം കടിച്ചുവലിക്കണ പട്ടിയെപ്പോലെ ഇറച്ചിപ്പെരേലേയ്ക്കവര് വലിച്ചോണ്ടോടി...
''പോത്തിന്‍ തൊലിക്കകത്ത് തലയൊണ്ട്... രണ്ടു തല... റോയിച്ചന്റേം പോത്തിന്‍ കുട്ടന്റേം... കൊമ്പൊള്ളതും കൊമ്പില്ലാത്തതും.''
പോത്തിന്‍തോല് മെഴുമെഴാന്ന് കയ്യീക്കിടന്ന് തെന്നിക്കളിക്കുവാ...
വലിച്ചുയര്‍ത്തി. വലിച്ചഴിച്ചെടുത്ത ഉടുപ്പ്പോലെ വീശിയെറിഞ്ഞു.
''കണ്ടോ... നോക്ക്.... നോക്ക്...''
മുഖമടച്ചുള്ള ഒറ്റയടിയില്‍ എറച്ചിപ്പെരേടെ പുളിങ്കുറ്റീടപ്പുറത്തേയ്ക്ക് തെറിച്ചുവീണു.
''എവിടേടാ നാറീ എന്റെ തല...''
റോയിച്ചന്‍ അടുത്ത അടിക്കായി മുന്നിലേയ്ക്ക് കിതച്ചുവന്നു.
വലിച്ചെറിഞ്ഞ പോത്തിന്‍ തൊലിക്കടിയില്‍ പോത്തിന്‍ തല മാത്രം. 
റോയിച്ചനെ നോക്കി...
തലയുണ്ട്... കയ്യുണ്ട്... വിരലുകളുണ്ട്... കൈലിമുണ്ടിനകത്ത് അവസരമില്ലാതെ മയങ്ങുന്ന മൂന്നരയിഞ്ചും...
നാട്ടുകാരൊന്നാകെ നോക്കി.

പോത്തിന്റെ ചോര വര്‍ഷങ്ങളായി വീണുകുതിര്‍ന്ന കരിമണ്ണിലേയ്ക്ക് ജോസ് മുഖംതാഴ്ത്തി കിടക്കുന്നു...
ഡെയ്സി ആള്‍ക്കൂട്ടത്തിലുണ്ട്.

വക്കന്‍ ബീഡി വലിച്ചോണ്ട് റബ്ബര്‍ മരത്തേല്‍ ചാരിനില്‍പ്പൊണ്ട്.
''ഈ നാറിക്ക് വട്ടാ... എന്റെ പെണ്ണുമ്പിള്ളേനെ കിട്ടാന്‍ കൊതിപിടിച്ച് നടന്ന് വട്ടായതാ... അതിനിവനുണ്ടാക്കിയ കഥയാ ഇത്.'' റോയിച്ചന്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞു.
മൈക്ക് തിരിച്ചുകിട്ടിയ ഭ്രാന്തനുപദേശീടെ സുവിശേഷം തിരിച്ചറിയാനാകാത്തവിധം എവിടെയൊക്കെയോ തട്ടിത്തെറിച്ച് വീഴുന്നതിനിടയില്‍ റോയിച്ചന്‍ കാല്‍പ്പെരുവിരല്‍കൊണ്ട് ജോസിന്റെ കഴുഞെരമ്പ് തിരഞ്ഞു.
''ഇനിയീ നാറിയെ വെച്ചോണ്ടിരുന്നാ നാട്ടുകാരെക്കുറിച്ച് മുഴുവന്‍ കഥയുണ്ടാക്കിയിവന്‍ കൊല്ലിക്കും... കഥയൊണ്ടാക്കുന്നവന്മാര്‍ക്കെല്ലാമൊള്ള അനുഭവമായിരിക്കണമിത്.'' 

റോയിച്ചന്റെ നഷ്ടമാകാത്ത ഊര്‍ജ്ജമത്രയും വാക്കുകളായി പുറത്തേയ്ക്കു വന്നു.
''നിന്നേം കൊല്ലും അവനേം കൊല്ലും ഞാനും ചാകും'' എന്നു തലേരാത്രി പറഞ്ഞ വക്കനല്ല ഇതെന്നും ഒരു വലിയ കഥാകാരനാണ് വക്കനെന്നും ഡെയ്‌സി ചിന്തിച്ച നേരത്ത്, വക്കന്‍ ചാരി നിന്ന റബ്ബര്‍മരത്തിന്റെ തണല്‍ അവള്‍ക്കു മേലേയ്ക്കും ചാഞ്ഞുവന്നു. 

റോയിച്ചന്റെ പെരുവിരലിലേയ്ക്ക് അയാളുടെ ശരീരത്തിലെ രക്തമൊന്നാകെ ഒഴുകിയെത്താന്‍ കുതികൊള്ളവെ ജോസൊന്നമറി.

വിടര്‍ന്നു വികസിച്ച മൂക്കിനകത്തുനിന്ന് കൊഴുപ്പില്ലാത്ത ദ്രാവകം ചീറ്റിത്തെറിച്ചു.
മുക്രയിട്ട നാല്‍ക്കാലിയുടെ ചൂര് അവിടെയാകെ പരന്നു.
റോയിച്ചന്റെ കാല് ജോസിന്റെ കഴുഞരമ്പേല്‍ പിണയാന്‍ തുടങ്ങുമ്പൊ ജോസൊന്നുകൂടിയമറി കൈകള്‍ കുത്തി നിവര്‍ന്നു. ആള്‍ക്കൂട്ടം പകച്ചു.

ജോസിന്റെ രണ്ട് കാലുകളും മുകളിലേയ്ക്ക് ഉയര്‍ന്നു.
ഒന്നു മൂരിനിവര്‍ന്ന്, ചുര മാന്തി നാലുകാലില്‍നിന്ന് പരിസരവീക്ഷണം നടത്തി ഒറ്റക്കുതിപ്പുകൊണ്ട് അപ്രത്യക്ഷമായി.

പോത്തുകള്‍ക്കൊപ്പം കയത്തിലും കാട്ടിലും കലപില പറഞ്ഞുനടക്കുന്ന ഒരു രൂപത്തെ ഒരേ സമയം മലക്കപ്പാറയിലും കീരമ്പാറയിലും കണ്ടിരുന്നതായും തലയില്‍ കൊരുത്ത കൊമ്പും കാലിലെ കുളമ്പും ആ ജീവിയുടെ പരിണാമ ചരിത്രത്തിലേക്കുള്ള വഴിയായിരുന്നുവെന്നും ആളുകള്‍ ഏറെക്കാലം പറഞ്ഞുനടന്നു. 
പുതിയ കഥാകാരന്മാരുടേയും കഥകളുടേയും വരവോടെ പിന്നീടവര്‍ ഈ കഥ മറന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com