'നെയ്മ ഫാത്തിമ'- രാജേഷ് കെ. നാരായണന്‍ എഴുതിയ കഥ

ദൈവം കുറച്ച് നേരം ആലോചിച്ചിരുന്നു. നെയ്മ ഫാത്തിമയുടെ ജീവിതത്തിലെ തന്റെ ഇടപെടലില്‍ തെറ്റ് പറ്റിയിട്ടുണ്ടോ? നെയ്മ ഫാത്തിമ മുന്നില്‍ നില്‍ക്കുന്നുണ്ട്. ദൈവത്തിന് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.
ചിത്രീകരണം: പാവേൽ
ചിത്രീകരണം: പാവേൽ

ദൈവം കുറച്ച് നേരം ആലോചിച്ചിരുന്നു.

നെയ്മ ഫാത്തിമയുടെ ജീവിതത്തിലെ തന്റെ ഇടപെടലില്‍ തെറ്റ് പറ്റിയിട്ടുണ്ടോ?

നെയ്മ ഫാത്തിമ മുന്നില്‍ നില്‍ക്കുന്നുണ്ട്. ദൈവത്തിന് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.

താന്‍ തന്നെ തെളിച്ചെടുത്ത് അവളെ നടത്തിയ വഴികളിലൂടെ ഒന്നുകൂടി തിരിച്ചുനടന്നു നോക്കാമെന്നു കരുതി.

ഇങ്ങനെയൊരാവശ്യം ഉണ്ടാകാറില്ലാത്തതാണ്.

പക്ഷേ, ഇപ്പൊ ഒരു സംശയം, എവിടെയെങ്കിലും പാളിച്ചയുണ്ടായിട്ടുണ്ടോ?

കണ്ണടച്ചിരിക്കുന്ന ദൈവത്തിനിപ്പോള്‍ കാണാന്‍ കഴിയുന്നത്, ഗുരുവായൂര്‍-ചാവക്കാട് റോഡിലൂടെ പാഞ്ഞുപോകുന്ന മോണിംഗ് സ്റ്റാര്‍ ബസാണ്.

ആ ബസിപ്പോള്‍ ഓവര്‍ടേക്ക് ചെയ്തത് നെയ്മ ഫാത്തിമയുടെ പിങ്ക് കളറുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടറിനേയും.
ഹെല്‍മറ്റില്‍നിന്നും പുറത്തേയ്ക്ക് പാറിവീണ മുടിയിഴകള്‍, ഇളംപച്ച ഷാള്‍. ഇവ രണ്ടും പൊടുന്നനെ തൂവിപ്പോയ ചായംപോലെ അവള്‍ക്കു പിന്നിലേയ്ക്ക് പടര്‍ന്നുനില്‍ക്കുകയാണ്.

നെയ്മ ഫാത്തിമ ചാവക്കാട് ബസ് സ്റ്റാന്‍ഡിനു മുന്‍പിലെ ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തി. ഹെല്‍മറ്റ് സീറ്റിനടിയില്‍വെച്ച് നീല ഫയലുമായി അവള്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറി.
താഴേയ്ക്കിറങ്ങി വന്നവരിലേയ്ക്ക് ചെമ്പകപ്പൂവിന്റെ ഗന്ധം വന്നു തൊട്ടതുപോലെ.

പൂത്ത ചെമ്പകം ഇവിടെയെങ്ങുമില്ലല്ലോയെന്ന് അവര്‍ അത്ഭുതം കൊള്ളവെ ചെമ്പകപ്പൂവിന്റെ ഗന്ധമറിഞ്ഞ് അരവിന്ദ് രമേശ് തല ഉയര്‍ത്തി നോക്കി.

അവന്റെ മുന്നില്‍ നെയ്മ ഫാത്തിമ.

അവന്‍ അവളില്‍നിന്നും കണ്ണെടുത്തത്, തന്റെ ഓള്‍ട്ടോ കാറിന്റെ കീക്കൊപ്പം മേശപ്പുറത്ത് കിടക്കുന്ന ചെമ്പകപ്പൂമൊട്ടിലേക്കായിരുന്നു. മുറിച്ചുമാറ്റിയതിന്റെ ഖേദമേതുമില്ലാതെ വിടരാനൊരുങ്ങിയ പൂമൊട്ട്, ഒരു മന്ദസ്മിതം ഒളിപ്പിച്ചുവെച്ച പെണ്‍കുട്ടിയെപ്പോലെ.

അവനത് രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അമ്മ നല്‍കിയതായിരുന്നു.

എന്തിനാണത് ഇറുത്തതെന്ന് ചോദിച്ചാനേരത്തവന്‍ അമ്മയോട് ഒന്നു ചൊടിച്ചിരുന്നു.

''ഇപ്പോഴാണെങ്കില്‍ മണം പോകില്ല, വിടര്‍ന്നാല്‍ മണം പോകുമെന്ന്'' -അമ്മ പറഞ്ഞു.

കാറിലും ഇപ്പോള്‍ അരവിന്ദ് രമേശിന്റെ സഞ്ചാരികള്‍ക്ക് യാത്രാസഹായം നല്‍കുന്ന ഓഫീസിലും ചെമ്പകപ്പൂവ് നാണം മാറാത്ത പെണ്‍കുട്ടിയെപ്പോലെ മന്ദഹസിച്ച് ഇരുന്നിരുന്നു.

ഈ ഗന്ധം ചെമ്പകപ്പൂവിന്റെയല്ലെന്നും മുന്നിലെ പെണ്‍കുട്ടി ഉപയോഗിച്ചിരിക്കുന്ന സ്‌പ്രേയുടേതാണെന്നും അരവിന്ദിനു മനസ്സിലായി.

അവള്‍ നീട്ടിയ പാസ്പോര്‍ട്ടില്‍നിന്നും അരവിന്ദ് അവളുടെ പേര് വായിച്ചു, നെയ്മ ഫാത്തിമ.
ഈ തിങ്കളാഴ്ച നെടുമ്പാശ്ശേരിയില്‍നിന്നും ദുബായ്ക്ക് ഒരു ടിക്കറ്റ് വേണം. തിരികെ വ്യാഴാഴ്ച ദുബായില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കും.

ടിക്കറ്റ് അവയ്ലബലിറ്റി...

ബിസിനസ്സ്, എക്കണോമി... എമിറേറ്റ്സ്... ഇത്തിഹാദ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ... എയര്‍വെയ്സുകളിലൂടെ സഞ്ചരിച്ച് ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമവസാനം അരവിന്ദ് ടിക്കറ്റ് നല്‍കി.

നെയ്മ ഫാത്തിമ തിരിച്ചു നടന്നു.

ഇവിടെ വരെ താന്‍ ഇടപെട്ടില്ല -ദൈവം ഓര്‍ത്തു.

പക്ഷേ, ആ നിമിഷം താന്‍ ഇടപെട്ടു.

നെയ്മ ഫാത്തിമ അവളുടെ പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു.

അവള്‍ ട്രാവല്‍ ഏജന്‍സിയുടെ പടിയിറങ്ങിപ്പോയി.

പാസ്പോര്‍ട്ട് പാതി മന്ദഹസിച്ച ചെമ്പകപ്പൂവിനോട് ചേര്‍ന്ന് ഇരുന്നു, അരവിന്ദ് ഓഫീസില്‍നിന്ന് ഇറങ്ങുന്നതുവരെ.

പതിവുപോലെ അമ്മയോട് വീട്ടുസാധനങ്ങളെന്തെങ്കിലും വാങ്ങാനുണ്ടോയെന്ന് ഫോണില്‍ വിളിച്ച് അന്വേഷിച്ചുകൊണ്ട് കാറിന്റെ കീയെടുക്കാനായുമ്പോഴാണ് നെയ്മ ഫാത്തിമയുടെ പാസ്പോര്‍ട്ട് കണ്ടത്.

അതെടുക്കുമ്പോള്‍ത്തന്നെ അതിനുള്ളില്‍നിന്നും ചെമ്പകപ്പൂവ് മേശയിലേയ്ക്ക് വീണു. ചെമ്പകപ്പൂവിന്റെ മന്ദഹാസമിപ്പോ വിടര്‍ന്ന ചിരിയായിരിക്കുന്നു.

പാസ്പോര്‍ട്ട് നെയ്മ ഫാത്തിമ മറന്നതാണെന്ന് അരവിന്ദിനു മനസ്സിലായി.

പക്ഷേ, ഈ ചെമ്പകപ്പൂമൊട്ട് എങ്ങനെ പാസ്പോര്‍ട്ടിനുള്ളിലെത്തിയെന്നവന് എത്ര ചിന്തിച്ചിട്ടും ഓര്‍മ്മിച്ചെടുക്കാനായില്ല.

അപ്പോള്‍ താന്‍ തന്നെ ഒപ്പിച്ച കുസൃതിയില്‍ ദൈവം ചിരിക്കുകയായിരുന്നു.

പാസ്പോര്‍ട്ട് അവള്‍ മറന്നതും ചെമ്പകപ്പൂ പാസ്പോര്‍ട്ടിനുള്ളിലെത്തിച്ചതും ഞാനാണെന്ന് ദൈവം പറഞ്ഞെങ്കിലും അരവിന്ദത് കേട്ടില്ല.

അവനാ നേരത്ത് നെയ്മ ഫാത്തിമ നല്‍കിയ കോണ്‍ടാക്ട് നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

പാസ്പോര്‍ട്ട് മറന്നുവെച്ച കാര്യം കേട്ടതോടെ ഫോണെടുത്ത നെയ്മ ഫാത്തിമ നിശബ്ദയായി.

താന്‍ ചാവക്കാടുനിന്ന് ഗുരുവായൂരിലേക്കാണ് പോകുന്നതെന്നും കോട്ടപ്പടിയിലെവിടെയാണ് വീടെന്നു പറഞ്ഞാല്‍ പോകുന്നവഴിക്ക് പാസ്‌പോര്‍ട്ട് തരാമെന്നും അരവിന്ദ് പറഞ്ഞു.

നെയ്മ ഫാത്തിമ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ വീട്ടിലേക്കുള്ള വഴി പറഞ്ഞു. കാരണം പിറ്റേന്നവള്‍ക്ക് സെമസ്റ്റര്‍ എക്‌സാം തുടങ്ങുകയാണ്.

മൂന്നു ദിവസങ്ങള്‍ക്കപ്പുറം ദുബായിലേക്ക് പോകേണ്ടതുമുണ്ട്.

അരവിന്ദ് പാസ്പോര്‍ട്ടുമായി കോട്ടപ്പടി ജംഗ്ഷനില്‍നിന്നും തിരിയുമ്പോള്‍ എറണാകുളം ഹൈക്കോര്‍ട്ടില്‍നിന്നും പുറപ്പെട്ട മോണിംഗ് സ്റ്റാര്‍ ബസ് ലാസ്റ്റ് ട്രിപ്പ് അവസാനിപ്പിക്കുന്നതിന്റെ തിടുക്കത്തില്‍ അവനെ കടന്നുപോയി.

എറണാകുളം-ചാവക്കാട് ബസുകളുടെ മരണവേഗം പരിചിതമായ ഒരു ഗുരുവായൂരുകാരനെന്ന നിലയില്‍ മോണിംഗ് സ്റ്റാറിന്റെ പാച്ചില്‍ അരവിന്ദിനെ അലോസരപ്പെടുത്തിയതേയില്ല.

അരവിന്ദ് നെയ്മ ഫാത്തിമയുടെ വീടിനു മുന്നിലെത്തുന്നതിനിടയില്‍, നെയ്മ അയച്ച ലൊക്കേഷന്‍ മാപ്പ് ഒരു പ്രാവശ്യംപോലും നോക്കിയില്ല. 

ആ വഴിയുടെ അവസാനത്തിലായിരുന്നു അരവിന്ദിന്റെ പ്ലസ്ടൂ സുഹൃത്തിന്റെ വീട്. 

അവരാ വീട് വിറ്റുപോകുന്നതുവരെ ആ വഴിയില്‍ അവന്‍ പല പ്രാവശ്യം പോയിട്ടുണ്ടായിരുന്നു.

ആ വഴിയിലേയ്ക്ക് കടന്നതും വീണ്ടും ഒരു കുസൃതി താന്‍ ഒപ്പിച്ചത് ദൈവം ഓര്‍ത്തു.

അരവിന്ദിന്റെ പ്ലസ്ടൂ സുഹൃത്തിന്റെ വീടായിരുന്നു നെയ്മ ഫാത്തിമയുടെ വാപ്പച്ചി യൂസഫ് മന്‍സൂര്‍ വാങ്ങിയത്.

നിറയെ മാവും പ്ലാവും നെല്ലിയും അത്തിയും വാകയും ഇലഞ്ഞിയും നില്‍ക്കുന്ന മുപ്പത് സെന്റ് സ്ഥലവും പകുതി ഓടിലും പകുതി വാര്‍പ്പിലും തീര്‍ത്ത, മരഗോവണിയും മച്ചുമുള്ള ആ വീട് അരവിന്ദിന് സ്വന്തം വീടിനേക്കാള്‍ പരിചിതമായിരുന്നു. ഇപ്പോള്‍ ആകെ വ്യത്യാസം വീടിന്റെ പുതുക്കിപ്പണിത മതിലും ഗെയ്റ്റും മതിലിലെ 'ഫാത്തിമാ മന്‍സില്‍' എന്ന നെയിം ബോര്‍ഡും.

അരവിന്ദ് ആ ഗെയ്റ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി.

അവന്‍ കാറില്‍നിന്നിറങ്ങി.

ഗെയ്റ്റ് തുറന്നത് നെയ്മ ഫാത്തിമയുടെ അമ്മായിയായിരുന്നു. അവര്‍ സ്വയം പരിചയപ്പെടുത്തി. പാസ്പോര്‍ട്ട് വാങ്ങി, ഗെയ്റ്റടഞ്ഞു.

ഒരുപാടു വട്ടം നടന്നുകയറിയ, ചെങ്കല്ല് വിരിച്ച, രാജമല്ലിപ്പൂക്കള്‍ വീണുകിടക്കുന്ന വഴി അരവിന്ദിനു മുന്നില്‍ പിരിഞ്ഞുപോയ കാമുകിയുടെ അപരിചിതത്വത്തോടെ നിന്നു.

അരവിന്ദ് തിരികെ കാറില്‍ കയറി.

കാര്‍ മുന്നോട്ട് എടുത്ത് തൊട്ടപ്പുറത്തെ വെളിമ്പറമ്പിലെ ഇടത്തില്‍ ഒരു ചിരപരിചിതനെപ്പോലെ തിരിച്ച് അരവിന്ദ് കോട്ടപ്പടി ജംഗ്ഷനിലെത്തി, ഗുരുവായൂര്‍ക്ക് തിരിഞ്ഞു.

വീട്ടിലെത്തി അമ്മ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറാത്തതിനെക്കുറിച്ചും വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് പറയുന്നതിനു മുന്‍പെ ഫോണ്‍ കട്ട് ചെയ്തതിനെക്കുറിച്ചും പരാതി പറയുമ്പൊ അരവിന്ദന്‍ ചിരിക്കുകയും എന്റെ പഴയ ഫ്രണ്ട് ജീനസ്സിന്റെ വീട്ടില്‍ താനിന്നു പോയെന്നും ഒരു മുസ്ലിം ഫാമിലിയാണ് ആ വീട് വാങ്ങിയതെന്നും പറഞ്ഞു.

ആ വീടിനെക്കുറിച്ച് പറഞ്ഞതും മൂവാണ്ടന്‍ മാമ്പഴവും തേന്‍വരിക്ക ചക്കയും ഇരിമ്പന്‍പുളിയും ഓമക്കയും ആയി അമ്മയുടെ സംസാരം.

ഇതെല്ലാം ഓരോ യാത്രകളിലും ആ പറമ്പില്‍നിന്നും കൊണ്ടുവന്നിരുന്നതാണ്, അമ്മയ്ക്കാ വീടിനോടും പറമ്പിനോടുമുള്ള ഇഷ്ടം.

ആ പറമ്പ് വിറ്റ് കൊച്ചിയില്‍ ഫ്‌ലാറ്റ് മേടിച്ചതില്‍ ജീനസ്സിന്റെ പപ്പയോടും മമ്മിയോടുമുള്ള മുഴുവന്‍ ദേഷ്യവും ഇപ്രാവശ്യവും പറഞ്ഞു. 

രാത്രി ഭക്ഷണവും കഴിഞ്ഞ് മെയിലും പിന്നെയവസാനം ഇന്‍സ്റ്റയിലുമൊന്ന് നോക്കി അരവിന്ദ് കിടക്കാനൊരുങ്ങുന്ന നേരത്ത്, അതുവരെ മറ്റനേകം പേരുടെ കാര്യങ്ങളില്‍ വ്യാപൃതനായിരുന്ന ദൈവം പെട്ടെന്നോര്‍മ്മിച്ചിട്ടെന്നവണ്ണം, വളരെ തിടുക്കപ്പെട്ട് അരവിന്ദിലേക്ക് എത്തുകയും അവനെക്കൊണ്ട് അവന്റെ ലാപ്ടോപ്പിന്റെ ഗ്യാലറിയില്‍ തിരയിക്കുകയും മൂന്നുവര്‍ഷം മുന്‍പ് പഴയ സാംസങ് ജെ സെവനില്‍ എടുത്ത ജീനസ്സിന്റെ വീടിന്റെ കിഴക്കേവശത്തെ ബാല്‍ക്കണിയും അതിനോട് ചേര്‍ന്ന അത്തിമരവും പിന്നിലെ കുളപ്പടവുകളും ഇല്ലിമരച്ചാര്‍ത്തുകള്‍ക്കിടയിലൂടെ വരുന്ന വൈകുന്നേര വെയില്‍പ്പൊട്ടും ചേര്‍ന്ന ഫോട്ടോ ഇന്‍സ്റ്റയില്‍ പങ്കുവെച്ച് അരവിന്ദ് സ്‌നേഹത്തിന്റെ ഒരു ഓര്‍മ്മചിഹ്നം കൂടി അതിനോട് ചേര്‍ത്ത് വെച്ച് ലാപ് ഷട്ട് ഡൗണ്‍ ചെയ്യുമ്പോള്‍, ദൈവം ഇനിയിവിടെ തനിക്കൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവില്‍ ചെന്നെത്തിയത് നെയ്മ ഫാത്തിമയുടെ അടുത്താണ്.

സെമസ്റ്റര്‍ എക്‌സാമിന്റെ ചൂടില്‍നിന്ന് തല തണുക്കാനായി ഷവറിനു കീഴിലായിരുന്നു അവളന്നേരത്ത്. ദൈവത്തിനു കാത്തുനില്‍ക്കാന്‍ നേരമില്ലാതിരുന്നതുകൊണ്ട് വളരെ വേഗമവള്‍ മുറിയിലെത്തി.

ആ പകലില്‍, അരവിന്ദിന്റെ ട്രാവല്‍ ഓഫീസില്‍നിന്നും ദുബായ് ടിക്കറ്റെടുത്ത് മടങ്ങിയ നേരത്തിനുശേഷം ഒരു ചെറിയ ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍നിന്നുണര്‍ന്ന് വൈകുന്നേര വെയിലില്‍ അവള്‍ കിഴക്കേ ബാല്‍ക്കണിയിലേയ്ക്ക് വരികയും സ്വര്‍ണ്ണവെയില്‍പ്പൊട്ടുകള്‍ കുളക്കടവിലും ഇല്ലിമരച്ചാര്‍ത്തിലും അത്തിമരത്തിന്റെ വലിയ ഇലകള്‍ക്കിടയിലൂടെ അരുമയോടെ വന്നുവീഴുന്നതും കണ്ട് വേഗത്തില്‍ തന്റെ ഐഫോണെടുത്ത് ആ ബാല്‍ക്കണിയും അത്തിമരച്ചാര്‍ത്തും കുളക്കടവിനേയും അഭൗമമായ സ്വര്‍ണ്ണവെളിച്ചത്തില്‍ ഒരു ഫോട്ടോയാക്കി മാറ്റിയിരുന്നു.

ദൈവം കുസൃതിയോടെ അവളെക്കൊണ്ട് അതു ചെയ്യിച്ചു, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നെയ്മ ഫാത്തിമ ആ ചിത്രം പങ്കുവെച്ചു. എന്തോ ഓര്‍ത്തിട്ടെന്നവണ്ണം സ്വീറ്റ് എന്നുകൂടി ചേര്‍ത്ത് ഇന്‍സ്റ്റയില്‍നിന്നവള്‍ ഇറങ്ങുമ്പോള്‍ ദൈവം തിടുക്കപ്പെട്ട് ഇനിയും ഈ രാത്രിയിലിനി തനിക്കേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന മട്ടില്‍ നിലാവിലൂടെ നീങ്ങി. 

ഇതൊന്നുമറിയാതെ ഉറങ്ങാന്‍ കിടക്കുന്ന നെയ്മ ഫാത്തിമയും അരവിന്ദ് രമേശും നാളെ ഒരു പകല്‍കൊണ്ട് പ്രണയത്തിന്റെ ചുഴിയിലേയ്ക്ക് വീഴുന്ന കാര്യമോര്‍ത്ത് ഊറിച്ചിരിച്ച് ദൈവം ഏറെ ദൂരം മുന്നോട്ട് പോയി.
കാര്യങ്ങള്‍ അങ്ങനെ തന്നെ സംഭവിച്ചു.

അല്ലെങ്കിലും ദൈവത്തിനപ്പുറം ഇടപെടാന്‍ മറ്റാര്?

അരവിന്ദന്‍ യാത്രകളില്‍ ആളുകളെ എങ്ങനെ സഹായിക്കാമെന്നതിലും നെയ്മ ഫാത്തിമ സെമസ്റ്റര്‍ എക്‌സാമിന്റെ പ്രോബ്ലം സോള്‍വിങ്ങിലും വ്യാപൃതരാകുമ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ഇരുവരുടേയും ഒരു കോമണ്‍ ഫ്രണ്ട്, അരവിന്ദ് രമേശും നെയ്മ ഫാത്തിമയും പോസ്റ്റ് ചെയ്ത ഒരേ ആംഗിളും ഒരേ മരച്ചാര്‍ത്തുകളും ഒരേ പ്രകാശവിന്യാസവുമുള്ള ചിത്രങ്ങള്‍ കണ്ട് അമ്പരക്കുകയായിരുന്നു.

ഇവിടെയൊന്നും ദൈവം ഇടപെടാനേ പോയില്ല. മുന്നോട്ടുള്ള എല്ലാ വഴികളും വരഞ്ഞിട്ടിട്ട്, ഇനി കുറെ കഴിഞ്ഞു തിരിച്ചെത്താമെന്നതായിരുന്നു ദൈവത്തിന്റെ തീരുമാനം.

അതിന്റെയേ ആവശ്യമുണ്ടായിരുന്നൊള്ളൂ.

നെയ്മ ഫാത്തിമയും അരവിന്ദ് രമേശും പ്രണയത്തിലായി.

ഇന്‍സ്റ്റയിലെ മ്യൂച്ച്വല്‍ ഫ്രണ്ട് അവരെ തമ്മില്‍ അടുപ്പിച്ചു.

നെയ്മ ഫാത്തിമയുടെ വീടിന്റെ രഹസ്യങ്ങളിലൂടെയും താന്‍ ഒട്ടേറെ തവണ കടന്നുപോയിട്ടുള്ള ആ വീട്ടകങ്ങളിലൂടെയും അരവിന്ദ് അവള്‍ക്ക് ഏറെ പരിചിതനായി.

ദുബായിലെ ഫ്‌ലാറ്റില്‍ മൂന്നു ദിവസങ്ങള്‍ വാപ്പച്ചിക്കും ഉമ്മച്ചിക്കും ഇളയവരായ രണ്ടു സഹോദരന്മാര്‍ക്കുമൊപ്പം ആയിരുന്നെങ്കിലും ഫാത്തിമ മന്‍സിലെന്ന വീടായിരുന്നു അവളില്‍ നിറഞ്ഞുനിന്നിരുന്നത്.

ദുബായ് എയര്‍പോര്‍ട്ടിലേക്ക് എത്തുമ്പോഴും നെടുമ്പാശ്ശേരിയില്‍നിന്നും കോട്ടപ്പടിയിലേക്ക് യൂബറില്‍ പോരുമ്പോഴും നെയ്മ ഫാത്തിമയും അരവിന്ദും സംസാരിച്ചുകൊണ്ടിരുന്നു.

ഇതിനിടയില്‍ തൃപ്രയാറിനിപ്പുറം വെച്ച് മോണിംഗ് സ്റ്റാര്‍ ബസ് നെയ്മയുടെ യൂബറിനെ കടന്നുപോയി.
ഇവിടെയൊന്നും താന്‍ ഇടപെട്ടിട്ടില്ല, ദൈവം വിചാരിച്ചു.

അരവിന്ദും നെയ്മയും ഒരുപാട് ഇഷ്ടത്തിന്റെ വഴികളിലൂടെ ചിരിച്ചും പറഞ്ഞും രസിച്ചങ്ങനെ മുന്നോട്ട് പോയി.
അരവിന്ദിന്റെ അമ്മയും ഇതിനിടയില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു.

നെയ്മ ഫാത്തിമയെ അവര്‍ക്കും ഇഷ്ടമായി. ആ ഇഷ്ടത്തിലും ദൈവം കയറി ഇടപെട്ടില്ല.

പഴയതുപോലെ കോട്ടപ്പടിയില്‍നിന്നു തേന്‍വരിക്കയും മൂവാണ്ടന്‍ മാങ്ങയും ഇരിമ്പന്‍പുളിയും ഓമക്കയും അരവിന്ദിന്റെ അമ്മയെ തേടിയെത്തി.

അമ്മ ജീനസ്സിന്റെ പപ്പയേയും മമ്മിയേയും കുറ്റപ്പെടുത്തരുതായിരുന്നെന്നു മാത്രമല്ല, അവര്‍ ആ വീടും പറമ്പും വിറ്റത് നന്നായിയെന്നായി അമ്മയ്ക്ക്.

നെയ്മയുടെ സ്‌നേഹം വിരിഞ്ഞ വാക്കുകളായിരുന്നു അതിനു കാരണം.

ഒരുപാട് പേരുടെ ഒരുപാട് കാര്യങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് ഒരു ശബരിമല തീര്‍ത്ഥാടനകാലത്തെ ഗുരുവായൂരിന്റെ ശരണംവിളിക്കിടയിലൂടെയാണ് ദൈവം പിന്നെ നെയ്മ ഫാത്തിമയ്ക്കും അരവിന്ദിനും അടുത്തേക്ക് എത്തുന്നത്.

ആ ഇടപെടലും ഒരു സാധാരണ ഇടപെടലായിരുന്നുവെന്ന് ദൈവം ഓര്‍ത്തു.

യൂസഫ് മന്‍സൂര്‍ തന്റെ മകളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞു.

അരവിന്ദ് രമേശിനേയും അമ്മയേയും രഹസ്യമായി അയാള്‍ അന്വേഷിച്ച് കണ്ടെത്തി.

അവരുടെ വീടും അരവിന്ദിന്റെ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസും അയാള്‍ കണ്ടു.

മറ്റാരും ഇതറിയാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചു.

മാധവിക്കുട്ടിയുടെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് വീട്ടിലെ നീര്‍മാതളത്തെക്കുറിച്ച് യൂസഫ് മന്‍സൂര്‍ ഒരു ദിവസം നെയ്മ ഫാത്തിമയോട് പറഞ്ഞു. ഒരു നീര്‍മാതളം നമുക്കിവിടെ നടണമെന്ന് പറഞ്ഞിട്ടയാള്‍ നോക്കിയത് മകളുടെ കണ്ണുകളിലായിരുന്നു.

അന്നുരാത്രി നെയ്മ ഫാത്തിമ അരവിന്ദിനോട് വാപ്പച്ചി നമ്മുടെ ഇഷ്ടം തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞു.

അരവിന്ദ് നിശബ്ദനായപ്പോള്‍ നെയ്മ പറഞ്ഞത് ഒരു പകലിനപ്പുറത്തേക്ക് സമയമില്ലെന്നായിരുന്നു. എന്റെ വാപ്പച്ചിയെ എനിക്കാണ് ഏറ്റവും നന്നായി അറിയാവുന്നത് എന്ന് അവള്‍ പറഞ്ഞതോടെ അരവിന്ദ് ആ രാത്രിയില്‍ത്തന്നെ തീരുമാനം എടുത്തു.

ആലുവായിലെ പെരിയാറിന്‍തീരത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു നെയ്മ ഫാത്തിമയുടേയും അരവിന്ദിന്റേയും താലികെട്ട് ചടങ്ങ് നടന്നത്. ഏതു മനുഷ്യരേയും മതം നോക്കാതെ സ്വീകരിക്കുന്ന അവിടുത്തെ ശ്രീകൃഷ്ണനു മുന്നില്‍ അരവിന്ദിനൊപ്പം നെയ്മ നിന്നു.

തുളസിമാലയായിരുന്നു പരസ്പരം അണിയിച്ച ഹാരം.

അരവിന്ദിന്റെ അമ്മ ശ്രീകൃഷ്ണന് കദളിപ്പഴവും ത്രിമധുരവും വെണ്ണയും നടയില്‍ വെച്ചു.

സെറ്റ്മുണ്ടുടുപ്പിച്ച് തലയില്‍ മുല്ലപ്പൂ ചൂടിച്ച് അരവിന്ദിന്റെയമ്മ നെയ്മയെ ഒരുക്കുമ്പോള്‍ ഇവിടെ വരെ അവളെയൊന്നാകെ മറച്ചിരുന്ന പര്‍ദ്ദ കൃത്യമായി മടക്കി അരവിന്ദ് കാറിന്റെ സീറ്റില്‍ത്തന്നെ വെച്ചിരുന്നു.

ഇനിയും ഇത് ആവശ്യമുണ്ടെന്ന് അവന്‍ മനസ്സില്‍ പറഞ്ഞത്, തിരികെ കാറില്‍ കയറുമ്പോ മടക്കിവെച്ച പര്‍ദ്ദ കണ്ട് നെയ്മ ഫാത്തിമ അറിഞ്ഞു. അവള്‍ അവന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു. 

യൂസഫ് മന്‍സൂര്‍ ദുബായിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് നെയ്മയുടെ മുറിയില്‍ എത്തുമ്പോഴാണ് ആ കോള്‍ വരുന്നത്.

ആ നമ്പര്‍ അരവിന്ദിന്റേതാണെന്ന് യൂസഫ് മന്‍സൂര്‍ തിരിച്ചറിഞ്ഞു.

''ആരാ വിളിക്കുന്നത്? എന്താ ഫോണ്‍ എടുക്കാത്തത്'' എന്നൊക്കെയുള്ള ഭാര്യയുടെ സംശയങ്ങള്‍ക്ക് അയാള്‍ മറുപടി പറഞ്ഞില്ല.

ആ നേരത്ത് വാടാനപ്പള്ളിയില്‍ മോണിംഗ് സ്റ്റാര്‍ ബസിനെ മറികടക്കുമ്പോള്‍, അരവിന്ദും നെയ്മയും സഞ്ചരിച്ചിരുന്ന കാറിന്റെ മിററില്‍ മോണിംഗ് സ്റ്റാറിന്റെ സൈഡ് ഒന്ന് ഉരഞ്ഞു.

കാറോടിച്ചിരുന്ന അരവിന്ദിന്റെ സുഹൃത്ത് റിനീഷ് കാര്‍ നിര്‍ത്താന്‍ തുടങ്ങുമ്പോ ''സാരമില്ല, പോട്ടെ, കൂടുതലൊന്നും പറ്റിയില്ലല്ലോ'' -അരവിന്ദ് പറഞ്ഞു.

രണ്ടാമത്തെ കോളും യൂസഫ് മന്‍സൂര്‍ അറ്റന്‍ഡ് ചെയ്യാതെ നിശബ്ദമാവുകയായിരുന്നു അന്നേരം.

ഇത്രയും നാടകീയ സംഭവങ്ങളിലൊന്നും ഇടപെടാതെ നില്‍ക്കുകയായിരുന്നു ദൈവം.

ചേറ്റുവാ കടപ്പുറത്ത് പട്ടം പറത്തുന്ന കുട്ടികളുടെ പട്ടച്ചരട് മുറിക്കുക, വീശുവലയില്‍ കുടുങ്ങിയ മീനുകള്‍ ഉയര്‍ത്തപ്പെടുന്നതിനു മുന്‍പ് വള്ളം മറിക്കുക തുടങ്ങിയ തമാശകളിലായിരുന്നു ദൈവത്തിന്റെ ശ്രദ്ധയത്രയും.
ആ രാത്രി തൃശൂര് വടക്കുന്നാഥന്റെ കിഴക്ക് ഭാഗത്തുള്ള ഫ്‌ലാറ്റിലായിരുന്നു നെയ്മ ഫാത്തിമയും അരവിന്ദും.
രാവേറെ ചെല്ലുവോളം പന്ത്രണ്ടാമത്തെ നിലയിലെ ബാല്‍ക്കണിയിലെ വെറും നിലത്തവര്‍ ഇരുന്നു.

മുറിക്കകങ്ങളിലും ഹാളിലും അടുക്കളയിലും ഫര്‍ണിച്ചറുകളൊന്നുമില്ലാത്ത ഫ്‌ലാറ്റായിരുന്നു അത്. അരവിന്ദിന്റെ സുഹൃത്തിന്റെ കാനഡയിലുള്ള അങ്കിളിന്റെ ഫ്‌ലാറ്റ്.

ആ ഫ്‌ലാറ്റിലെ ആദ്യ താമസക്കാരും അവരായിരുന്നു.

അരവിന്ദാണ് ഹാളിലെ ഏക ഫാനിന്റെ ചുവട്ടില്‍ ബെഡ്ഷീറ്റ് വിരിച്ചത്.

ഫര്‍ണിച്ചറുകളില്ലാത്ത ഫ്‌ലാറ്റാണെന്നറിഞ്ഞ് അവനെടുത്ത് കാറിലിട്ടിരുന്ന ബെഡ്ഷീറ്റായിരുന്നത്.

നെയ്മ ഫാത്തിമയ്ക്കുവേണ്ടി അരവിന്ദിന്റെ അമ്മ കൊടുത്തയച്ച നൈറ്റി വളരെ വലുതായിരുന്നു.

അവളതിനകത്ത് പുഴമദ്ധ്യത്തിലെ ഒറ്റ കൊമ്പിലെ പക്ഷിയെപ്പോലെ തോന്നിപ്പിച്ചു.

നാലുപേര്‍ ഉറങ്ങാത്ത രാത്രിയായിരുന്നത്.

അരവിന്ദിന്റെ അമ്മ എണ്ണമില്ലാത്തത്ര തവണ ജനാലയിലൂടെ ഗെയ്റ്റിലേക്ക് നോക്കി. 

നെയ്മയുടെ വീട്ടുകാര്‍ ഓരോ തവണയും ഗെയ്റ്റിനു മുന്നിലെത്തിക്കഴിഞ്ഞെന്നവര്‍ പരിഭ്രമിച്ചു.
യൂസഫ് മന്‍സൂറിനും ഉറങ്ങാനായില്ല.

നെയ്മ തന്റെ സമ്മതപ്രകാരം കൂട്ടുകാരിയുടെ വീട്ടിലാണെന്ന് അയാള്‍ ഭാര്യയെ വിശ്വസിപ്പിച്ചിരുന്നു.
അവര്‍ക്കതുകൊണ്ട് ഉറക്കത്തിനു തടസ്സം വന്നില്ല.

ഉറങ്ങുന്ന ഭാര്യയെ നോക്കി യൂസഫ് മന്‍സൂര്‍ പിറ്റേ പകലിനെക്കുറിച്ചാണ് ചിന്തിച്ചത്.

പരസ്പരം തൊടാതെ വയലറ്റില്‍ നീലപ്പൂക്കളുള്ള ബെഡ്ഷീറ്റില്‍ നെയ്മയും അരവിന്ദും കിടന്നു.

ഉറങ്ങാനാവില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും എപ്പഴോ അരവിന്ദ് ഉറങ്ങിപ്പോയി. ചെമ്പകപ്പൂവിന്റെ ഗന്ധത്തിലേക്കായിരുന്നു അവന്‍ ഉറങ്ങിയത്.

കര്‍ട്ടനുകളില്ലാത്ത ജനാലയിലൂടെ സൂര്യവെളിച്ചം ഫ്‌ലാറ്റാകെ നിറഞ്ഞപ്പോഴാണ് അരവിന്ദനുണര്‍ന്നത്.

ബാല്‍ക്കണിയിലായിരുന്നു നെയ്മ അന്നേരത്ത്.

അരവിന്ദിന്റെ അമ്മയെ കാണാനെത്തിയ റിനീഷിന്റെ കയ്യില്‍ ഒരു പകലിലേയ്ക്ക് വേണ്ട ഭക്ഷണം പുലര്‍ച്ചെ അമ്മ തയ്യാറാക്കി കൊടുത്തയച്ചു. ഭക്ഷണമൊന്നും വേണ്ടെന്ന് അരവിന്ദ് പലവട്ടം പറഞ്ഞെങ്കിലും അവസാന നിമിഷം അമ്മ നിര്‍ബ്ബന്ധിച്ച് പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നു.

വാഴയിലയില്‍ പൊതിഞ്ഞ മൂന്ന് പൊതിച്ചോറുകളുമായി റിനീഷ് അവന്റെ ഇന്നോവയില്‍ കയറി. കാര്‍ അകന്നുപോകുന്നതുവരെ അമ്മ നോക്കിനിന്നു.

ഇക്കാര്യത്തില്‍ തന്റെ ചെറിയ കുസൃതി ഉണ്ടായിരുന്നെന്ന് ദൈവം ഓര്‍ത്തു.

പൊതിച്ചോറെന്ന സെന്റിമെന്റ്‌സ് യൂസഫ് മന്‍സൂറിനുവേണ്ടിയായിരുന്നു.

അരവിന്ദിന്റെ വീടിനു മുന്‍പില്‍ കാത്തുനിന്നിരുന്ന യൂസഫ് മന്‍സൂറിന്റെ കാര്‍ ഇന്നോവയെ പിന്തുടര്‍ന്ന് ഫ്‌ലാറ്റിലും പിന്നെ തൃശൂര്‍ കോയമ്പത്തൂര്‍ റോഡിലും എത്തി.

നെയ്മ ഫാത്തിമയും അരവിന്ദും സഞ്ചരിച്ച വാഹനത്തില്‍നിന്നും സുരക്ഷിത അകലത്തില്‍ യൂസഫ് മന്‍സൂര്‍ കാര്‍ ഓടിക്കുമ്പോ, ദൈവം എറണാകുളത്തേക്ക് യാത്ര തിരിച്ചിരുന്നു.

ഇനി ബാക്കി എറണാകുളത്തെ ഹൈക്കോടതിയിലാണെന്നറിയാതെ നെയ്മ ഫാത്തിമയും അരവിന്ദും ഇന്നോവയുടെ പിന്‍സീറ്റിലിരുന്നു.

റിനീഷ് കേരളം കടക്കുന്ന ധൈര്യത്തോടെ ഇന്നോവ ആളൊഴിഞ്ഞ വാളയാര്‍ ചെക്ക്‌പോസ്റ്റ് കടത്തി.

യൂസഫ് മന്‍സൂറും പിന്നിലുണ്ടായിരുന്നു, നിശ്ചിത അകലത്തില്‍. ഇടയില്‍ മൂന്നുതവണ വിളിച്ച ഭാര്യയോടയാള്‍ ''ഓളേം കൂട്ടി ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് വന്നോളാം'' എന്നു പറഞ്ഞു. നിങ്ങള് ഇറങ്ങിക്കോ എന്ന വാക്കില്‍ വിശ്വസിച്ച് അവരും കോട്ടപ്പടിയില്‍നിന്നും നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചു.

പന്ത്രണ്ട് മണിക്ക് ഹൈക്കോടതിയിലെ ഓഫീസില്‍നിന്നിറങ്ങിയ അഡ്വക്കേറ്റ് വിജയ് ചിദംബരം പാര്‍ക്കിംഗിലെത്തി കാറിലേയ്ക്ക് കയറുന്ന നേരത്ത് ആകെ കണ്‍ഫ്യൂസ്ഡായിരുന്നു. എന്താണ് വേണ്ടതെന്നായിരുന്നു അയാളുടെ ചിന്ത.

ഫോര്‍ട്ട്‌കൊച്ചിയിലെ സീഗളില്‍ പോയാല്‍ ബിയറും ഗീ റൈസും ഫിഷ് മോളിയും കഴിക്കാം, കടലിലേയ്ക്ക് നോക്കിയിരിക്കാം.

ഇടപ്പള്ളി-വരാപ്പുഴ റോഡിലാണെങ്കില്‍ പുഴയോരത്തുനിന്ന് നാടന്‍മീനും ചോറും വിളമ്പി തരുന്ന സെലിന്റെ തെളിഞ്ഞ ചിരിയും... ഏതു വേണം? വിജയ് എപ്പഴുമിങ്ങനെയാണ്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവാതെ മനസ്സ് ചാഞ്ചാടും. എന്നാലോ?

കോടതിയിലോ കേസിലോ ഒറ്റ തീരുമാനമേയുള്ളൂ. ശരിയായാലും തെറ്റായാലും.

ഹൈക്കോടതിക്കു മുന്നിലെ സിഗ്‌നലില്‍ വെച്ച് വിജയ് സീഗളിലേക്ക് പോകാന്‍ തീരുമാനിച്ചു.

അവിടെ വിളിച്ച് ഫുഡ് ഓര്‍ഡര്‍ കൊടുത്തു.

പക്ഷേ, ഇനി ആ പകലൊരു ഭക്ഷണവും കഴിക്കാനാവില്ലെന്നും രാത്രി പത്തുമണി കഴിഞ്ഞ് സരിത തീയേറ്ററിനു മുന്‍പിലെ തണുത്ത ദോശയിലും കട്ടന്‍കാപ്പിയിലുമാണ് ഇന്നത്തെ ഭക്ഷണമവസാനിക്കുക എന്നുമറിയാതെ വിജയ് ചിദംബരം ഫോര്‍ട്ട്‌കൊച്ചിയിലേക്ക് കാറോടിച്ചു. മഹാരാജാസിനു മുന്‍പില്‍നിന്ന് വാരിയംറോഡ് വഴി ഷിപ്പ്യാര്‍ഡിനടുത്തേക്കുള്ള ഇടറോഡിലൂടെ പോകുമ്പോഴാണ് തീരുമാനങ്ങള്‍ മാറിയത്.

ഒരു ഫോണ്‍ കോള്‍. വിജയ് കാര്‍ നിര്‍ത്തി ശ്രദ്ധയോടെ കേട്ടു. പിന്നീട് ഓഫീസില്‍ തന്റെ ജൂനിയര്‍ വരലക്ഷ്മിയെ വിളിച്ച് ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡ്രാഫ്റ്റ് ചെയ്യാന്‍ പറഞ്ഞു. ''ടുഡെ മൂവിങ്ങ്, അരവിന്ദ് രമേശ് എന്നയാളുടെ ഭാര്യയായ നെയ്മ ഫാത്തിമയെ യുസഫ് മന്‍സൂര്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നു. അവര്‍ ഇന്ത്യ വിടാനൊരുങ്ങി നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലേക്ക് നീങ്ങുന്നു, അര്‍ജന്റ് പെറ്റീഷന്‍ ഉച്ചകഴിഞ്ഞു കോടതി കൂടുന്ന നേരത്ത് എത്തണം'' വിജയ് വരലക്ഷ്മിക്ക് നിര്‍ദ്ദേശം നല്‍കി കാര്‍ അടുത്ത തിരിവില്‍വെച്ച് തിരിച്ചു.

അരവിന്ദ് രമേശിപ്പോള്‍ ഇന്നോവയുടെ മുന്‍ സീറ്റിലാണ്.

നെയ്മയുടെ ഷാള്‍ മാത്രം പിന്‍ സീറ്റില്‍ കിടക്കുന്നുണ്ടായിരുന്നു. ചെമ്പകപ്പൂഗന്ധം അവളുടെ സാന്നിധ്യം ഇതുവരെ അവിടെ ഉണ്ടായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തി.

അരവിന്ദ് ചുണ്ടിലെ ചെറിയ മുറിവില്‍ വിരല്‍തൊട്ടപ്പോള്‍ കാറോടിച്ചിരുന്ന റിനീഷ് വേദനയുണ്ടോ എന്നു ചോദിച്ചു. അവന്റേയും കൈമുട്ട് ടാര്‍ റോഡിലുരഞ്ഞ് തൊലിപോയിരുന്നു. അരവിന്ദതിനു മറുപടി പറഞ്ഞില്ല.
അവന്റെ ഫോണില്‍ കോളുകള്‍ വന്നുകൊണ്ടേയിരുന്നു. വിജയ് ചിദംബരമായിരുന്നു ഓരോ കോളിലും. റിനീഷിന്റെ അമ്മാവനാണ് വിജയ് ചിദംബരം. വിവാഹം നടന്ന സര്‍ട്ടിഫിക്കറ്റില്ല, ഫോട്ടോ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അത് വാട്‌സാപ്പ് ചെയ്യാന്‍ വിജയ് പറഞ്ഞു.

നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില്‍ നെയ്മ ഫാത്തിമയോട് ഉമ്മച്ചി ചോദിച്ചതിനൊന്നും മറുപടി കിട്ടിയില്ല. യൂസഫ് മന്‍സൂര്‍ ഭാര്യയോട് ഓരോ പ്രാവശ്യവും മിണ്ടാതിരിക്കാന്‍ പറഞ്ഞു. നെയ്മയും യൂസഫ് മന്‍സൂറും എന്തോ പ്ലാനിംഗിലാണെന്നും വാപ്പയും മകളും തമ്മില്‍ തന്നെ കബളിപ്പിക്കാന്‍ ഇങ്ങനെ ഓരോ കളികള്‍ നടത്തുക പതിവാണല്ലോയെന്ന ചിന്തയില്‍ അവര്‍ നിശബ്ദയായി.

അങ്കമാലി കഴിഞ്ഞ് അത്താണിയടുക്കുമ്പോള്‍ റിനീഷ് അരവിന്ദിനോട് എയര്‍പോര്‍ട്ടിലേക്ക് തിരിയണോയെന്നു ചോദിച്ചു.

വേണ്ട, ഹൈക്കോടതിയിലെത്തിയാ മതി. അരവിന്ദ് വിളറിയ ആകാശത്തിലേയ്ക്ക് നോക്കി പറഞ്ഞു.

എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ്സിനായി നില്‍ക്കുമ്പോള്‍ യൂസഫ് മന്‍സൂറിനു പണി പാളിയെന്നു മനസ്സിലായി.

''ട്രാവല്‍ ബാന്‍ ഉണ്ട്'' -എയര്‍ലൈന്‍ ഓഫീസിലെ പെണ്‍കുട്ടി പറഞ്ഞു.

ആ നേരത്ത് മാര്‍ത്താണ്ഡവര്‍മ്മ പാലം കഴിഞ്ഞ് എറണാകുളത്തേക്ക് പോവുകയായിരുന്നു ഇന്നോവ. അരവിന്ദ് നോക്കി. നിശ്ചലം നില്‍ക്കുകയാണ് പുഴ. അഡ്വക്കേറ്റ് വിജയ് ചിദംബരത്തിനു മുന്‍പില്‍ അരവിന്ദ് അന്ധനെപ്പോലെ ഇരുന്നു.

''പെണ്‍കുട്ടി നിങ്ങള്‍ക്കൊപ്പം പോകണമെന്നു പറയണം, ഇല്ലെങ്കില്‍ കേസ് തോല്‍ക്കും'' -വിജയ് പറഞ്ഞു.
റിനീഷ് അമ്മാവനെ, ഞാനെത്രവട്ടം പറഞ്ഞുകഴിഞ്ഞു എന്ന മട്ടില്‍ നോക്കി.

അവന്റെ അസഹ്യതയെ ഒരു നോട്ടംകൊണ്ട് അടക്കി. അരവിന്ദ് പറഞ്ഞു: ''അവള്‍ എനിക്കൊപ്പം പോരണമെന്നു പറയും.''

''അപ്പൊ ശരി, നാളെ രാവിലെ പത്തുമണി.'' വിജയ് എഴുന്നേറ്റു.

കാറില്‍ കയറുമ്പോള്‍ വീണ്ടും വിശപ്പ് വിജയ്ലേക്ക് തിരിച്ചെത്തി.

സരിതാ തീയേറ്ററിനു മുന്‍പിലെ തണുത്ത മൂന്ന് ദോശകള്‍ക്കും സമോവറിലെ പകല്‍ മുഴുവന്‍ തിളച്ചുമറിഞ്ഞ കോര്‍പ്പറേഷന്‍ വാട്ടറും തങ്ങള്‍ക്കു വിധിച്ചയാളുടെ വരവിന്റെ നേരമായെന്നറിഞ്ഞ് വിധി സ്വീകരിക്കാന്‍ തയ്യാറായി.

ഉറങ്ങാനാവാത്ത രണ്ടാമത്തെ രാത്രിയായിരുന്നു അത്. നാലുപേര്‍ക്കെന്നത് നെയ്മ ഫാത്തിമയുടെ ഉമ്മച്ചിയെക്കൂടി ചേര്‍ത്ത് അഞ്ചുപേരായി എന്ന വ്യത്യാസം മാത്രം.

ഹൈക്കോടതിയുടെ ഡയസ്സിലേയ്ക്ക് മൂന്ന് മരത്തട്ടുകളുണ്ട്. ജഡ്ജിനോട് അടുത്ത് സംസാരിക്കാന്‍ അനുവാദമുള്ളത് ഹേബിയസ് കോര്‍പ്പസിലെ പ്രതിക്കാണ്.

നെയ്മ ഫാത്തിമയ്ക്ക് ജഡ്ജിനടുത്തേയ്ക്ക് എത്തണമെങ്കില്‍ രണ്ടു തട്ടുകളും കയറേണ്ടിവന്നു. അഞ്ചടി ഉയരത്തില്‍ വെളുത്തു മെലിഞ്ഞ മുഖമുള്ള നെയ്മ ഫാത്തിമ ജഡ്ജിയോട് ആരുടെ കൂടെ പോകണമെന്ന ചോദ്യത്തിനു പറഞ്ഞ മറുപടി: ''വാപ്പച്ചിയുടെ കൂടെ'' എന്നതായിരുന്നു.

കൊച്ചിക്കായലില്‍നിന്നു വീശിവന്ന കാറ്റില്‍ കോടതിമുറ്റത്തെ പൂവരശുമരത്തില്‍നിന്നും ഉതിരുന്ന പൂക്കള്‍ പെറുക്കിക്കൂട്ടി വീണ്ടും തട്ടിത്തെറിപ്പിച്ചു നിന്നിരുന്ന ദൈവമാ നേരത്ത് ഒരിടപെടല്‍ കൂടി നടത്തി.

വിജയ് ചിദംബരം നെയ്മ ഫാത്തിമയുടെ മറുപടി കേട്ട് അരവിന്ദിനെ നോക്കുന്ന നേരമായിരുന്നത്.

ഇളം കരിക്ക് ഞെട്ടറ്റ് വീഴുന്ന ശബ്ദം കേട്ടിട്ടെന്നവണ്ണം നോക്കുമ്പോ നെയ്മ ഫാത്തിമ കോടതി ഡയസ്സിനു മുന്നിലെ നൂറ്റിപതിനെട്ടു വര്‍ഷത്തിലേറെ പഴക്കമുള്ള മരപ്പടിയില്‍ തലയടിച്ചു വീണിരുന്നു.

ജഡ്ജ് പകപ്പോടെ എഴുന്നേറ്റു.

പൂവരശുമരത്തിനു കീഴെ കാറ്റിനെ അമ്മാനമാടി പൂക്കളിറ്റ് വീഴുന്നത് കണ്ടുനില്‍ക്കുക മാത്രമേ ദൈവം ചെയ്‌തൊള്ളൂ.

ഡോക്ടറെ വിളിക്കുകയും അറ്റന്‍ഡേഴ്‌സ് ഓടിക്കൂടുകയും നെയ്മ ഫാത്തിമയ്ക്ക് വൈദ്യപരിശോധന നല്‍കുകയും മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയും എന്ന നടപടികളിലൂടെ കോടതി കടന്നു പോയി.

നാലു മണിക്ക് മോര്‍ണിംഗ് സ്റ്റാര്‍ ബസ് നേരം തെറ്റിക്കാതെ ഹൈക്കോടതിക്കു മുന്‍പില്‍നിന്ന് പുറപ്പെട്ടു.

അതിനു മുന്‍പെ യൂസഫ് മന്‍സൂറും നെയ്മ ഫാത്തിമയും പോയിരുന്നു.

തെല്ലും തിടുക്കമില്ലാതെ റിനീഷിന്റെ ഇന്നോവയും വരാപ്പുഴ പാലം കടന്നു.

അരവിന്ദ് തല പിന്നിലേയ്ക്ക് ചായ്ച്ച് കണ്ണുകളടച്ച് ഇരുന്നു.

നെയ്മ ഫാത്തിമയുടെ തോളില്‍ യൂസഫ് മന്‍സൂര്‍ അരുമയോടെ ചേര്‍ത്തുപിടിച്ചു.

മൂന്നാം ക്ലാസ്സില്‍ വെച്ച് പനിയെന്നറിഞ്ഞ് സ്‌കൂളില്‍നിന്ന് നെയ്മയെ കൂട്ടിക്കൊണ്ടുവന്ന പകലായിരുന്നു അയാളുടെ മനസ്സിലപ്പൊ. പനി വന്നു മാറിയതുപോലെ അവള്‍ തിരികെ എത്തുമെന്ന് അയാളുടെ മനസ്സ് പറഞ്ഞു.

ആ നേരത്തും താന്‍ ചിരിക്കുകയായിരുന്നെന്ന് ദൈവമോര്‍ത്തു. എന്തൊക്കെ മണ്ടത്തരങ്ങളാണീ മനുഷ്യര്‍ ചിന്തിച്ചു കൂട്ടുന്നത്.

അരവിന്ദ് നെയ്മയെ അവളുടെ വാപ്പച്ചി ഭീഷണിപ്പെടുത്തി മനസ്സ് മാറ്റിയെന്നു ചിന്തിക്കുന്നു.

തന്റെ മകള്‍ തന്നെ അനുസരിക്കാതിരിക്കില്ലെന്ന് യൂസഫ് മന്‍സൂര്‍ ചിന്തിക്കുന്നു.

ഒരു ഉച്ച മുതല്‍ പിറ്റേ ഉച്ച വരെ നടത്തിയ തീവ്രശ്രമങ്ങളുടെ പരാജയത്തെ മൂന്നാമത്തെ ബിയറില്‍ അവസാനിപ്പിച്ച് വിജയ് ചിദംബരം പിറ്റേന്നത്തെ പുതിയ കേസിന്റെ വഴികളിലൂടെ കടന്നുപോകുന്നു.

തീരുമാനമൊന്നുമില്ലാതെ, ചിന്തകളേതുമില്ലാതെ നിസ്സംഗതയോടെയിരിക്കുന്ന നെയ്മ ഫാത്തിമ.

ഒരിടപെടല്‍ കൂടി വേണമെന്ന് അന്നേരത്താണ് ദൈവത്തിനു തോന്നിയത്.

ഇടപെട്ടു.

നെയ്മ ഫാത്തിമ ഒരാഴ്ച കഴിഞ്ഞു വീണ്ടും അരവിന്ദിനടുത്തെത്തി. ഇത്തവണ അവള്‍ പറയാതെയായിരുന്നില്ല വീട്ടില്‍നിന്നിറങ്ങിയത്.

അരവിന്ദിന്റെ അമ്മ നെയ്മ ഫാത്തിമയെ വീടിനകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

അച്ഛന്റെ ഫോട്ടോക്ക് മുന്‍പില്‍ നെയ്മയുമായി അരവിന്ദ് നിന്നു.

അമ്മ നിലവിളക്ക് കത്തിച്ചു.

നെയ്മയുടെ കണ്ണുകള്‍ നിറയുന്നതു കണ്ട് അമ്മ പറഞ്ഞു: ''മോള്‍ടെ വാപ്പച്ചി മോളെ മനസ്സിലാക്കും.'' 
നെയ്മയെ കൂടുതല്‍ വിഷമിപ്പിക്കാതെ വീടിന്റെ പിന്നിലെ തൊടിയിലേക്ക് അമ്മ കൂട്ടിക്കൊണ്ടു പോയി.

അവിടെ കോട്ടപ്പടിയിലെ അവളുടെ വീട്ടില്‍നിന്നും പലപ്പോഴായി അവള്‍ അരവിന്ദിനു കൊടുത്തയച്ച വാകയും വരിക്കപ്ലാവിന്റെ തയ്യും ഇലഞ്ഞിയും മൂവാണ്ടന്‍ മാവും ഉത്സാഹത്തോടെ വളരുന്നുണ്ടായിരുന്നു.

അവ കൗതുകത്തോടെ അവളെ നോക്കുന്നുണ്ടെന്നും മറ്റൊരാള്‍ക്ക് കൊടുത്തയച്ച നായ്ക്കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം കാണുമ്പൊ ഓടിയെത്തി കാല്‍പ്പാദങ്ങളിലുരുമ്മി ഓര്‍മ്മ പുതുക്കുന്നതുപോലെ, ചെടികളിലെ ഇലച്ചാര്‍ത്തുകള്‍ അവളോട് ചേര്‍ന്ന് സ്‌നേഹവും ഓര്‍മ്മയും പങ്കിടുന്നുവെന്നും നെയ്മക്കു തോന്നി.

ഇവിടം മുഴുവന്‍ ജാതിമരങ്ങളായിരുന്നു. നല്ല തണലും കുളിര്‍മ്മയുമാ, പക്ഷേ, അങ്ങ് പടര്‍ന്ന് വളരും. മറ്റൊന്നിനേം കിളിര്‍ക്കാനും വളരാനും സമ്മതിക്കില്ല. അരവിന്ദിന്റെ അച്ഛനാ അതു മുഴുവന്‍ വെട്ടിക്കളഞ്ഞത്.

അച്ഛന്‍ പോയതോടെ ഇങ്ങോട്ടാരും ഇറങ്ങാതായി. മോളെ പരിചയപ്പട്ടതോടെയാ അരവിന്ദും ഇതൊക്കെ നട്ടത്.

അമ്മയുടെ വര്‍ത്തമാനത്തിനിടയിലൂടെ തന്റെ ഹോണ്ട ആക്ടീവയുടെ ശബ്ദം നെയ്മ തിരിച്ചറിഞ്ഞു.

അവളുടെ മുഖഭാവം ശ്രദ്ധിച്ച് ആരോ വന്നല്ലോയെന്ന് അമ്മ പറഞ്ഞു.

അതെന്റെ ഹോണ്ടയാ...

നെയ്മ സ്വയം പറഞ്ഞു.

ഹോണ്ട ആക്ടീവയില്‍നിന്നിറങ്ങിയത് യൂസഫ് മന്‍സൂറും നെയ്മയുടെ ഉമ്മച്ചിയുമായിരുന്നു.
പതിന്നാലു കിലോമീറ്റര്‍ യൂസഫ് മന്‍സൂര്‍ ആ സ്‌കൂട്ടര്‍ ഓടിച്ചു. തന്റെ ഇരുപതാമത്തെ വയസ്സില്‍ ദുബായിലേക്ക് പോയതിനുശേഷം കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ അയാള്‍ ടൂ വീലറുകളൊന്നും ഓടിച്ചിട്ടുണ്ടായിരുന്നില്ല.

എയര്‍പോര്‍ട്ടിലേയ്ക്ക് പോകാനായി ഇറങ്ങിയ യൂസഫ് മന്‍സൂര്‍ പോര്‍ച്ചിലിരിക്കുന്ന നെയ്മയുടെ സ്‌കൂട്ടര്‍ കുറച്ചുനേരം നോക്കിനിന്നു.

ദുബായിലെ പ്ലസ്ടൂ പഠനം കഴിഞ്ഞു നാട്ടില്‍ എന്‍ജിനീയറിംഗിനു ചേരണമെന്ന യൂസഫിന്റെ തീരുമാനത്തെ നെയ്മ അംഗീകരിച്ചതിന്റെ സന്തോഷമായിരുന്നു ആ സ്‌കൂട്ടര്‍.

യൂസഫ് മന്‍സൂര്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി, ഭാര്യയോട് കയറാന്‍ പറഞ്ഞു.

സ്‌കൂട്ടര്‍ തലേ രാത്രിയില്‍ കൊഴിഞ്ഞുവീണ മാവിലകള്‍ക്കും പ്ലാവിലകള്‍ക്കും രാജമല്ലിപ്പൂക്കള്‍ക്കും മുകളിലൂടെ ഗെയ്റ്റിനു പുറത്തേയ്ക്കു നീങ്ങി.

സ്‌കൂട്ടറിനു പിന്നാലെ എയര്‍പോര്‍ട്ടിലേയ്ക്ക് പോകാനായി വിളിച്ച ടാക്‌സിയും.

കോട്ടപ്പടി ജംഗ്ഷനില്‍ വെച്ച് മോര്‍ണിംഗ് സ്റ്റാര്‍ ബസ് അവരെ കടന്നുപോയി.

ചാവക്കാട്-തൃപ്രയാര്‍ റൂട്ടിലെ പ്രൈവറ്റ് ബസുകളുടെ ഗതിവേഗമറിയാത്ത യൂസഫ് മന്‍സൂര്‍ എങ്ങനെയോ സംഭവിച്ച ഒരു വെട്ടിത്തിരിയലില്‍ രക്ഷപ്പെട്ട് സ്‌കൂട്ടര്‍ റോഡ് വക്കത്തെ കുഴിയില്‍ നിന്നും ടാര്‍ റോഡിലേക്ക് വീണ്ടും കയറ്റി.

ആ യാത്രയിലുടനീളം യൂസഫ് മന്‍സൂര്‍ ഭാര്യയോട് ഒന്നും പറഞ്ഞില്ല, അവരും.

പത്തൊന്‍പത് വര്‍ഷങ്ങളെ യൂസഫ് മന്‍സൂര്‍ എന്ന ദുബായ് ബിസിനസുകാരന്‍ മുന്നൂറ്റി അറുപത്തിയഞ്ചുകൊണ്ട് മനസ്സില്‍ ഗുണിച്ചു. ആറായിരത്തി തൊള്ളായിരത്തി മുപ്പത്തിയഞ്ചെന്ന് അയാള്‍ക്ക് ഉത്തരം കിട്ടി. ഇത്രയും രാപകലുകളായിരുന്നു... താന്‍ ഒരു പെണ്‍കുട്ടിയുടെ പിതാവായിരുന്നതെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തി.

പെണ്‍കുട്ടിയെന്ന തന്റെ സ്വപ്‌നത്തെപ്പറ്റി വിവാഹത്തിന്റെ ആദ്യ ദിവസം ഭാര്യയോട് പറഞ്ഞത് മാത്രമായിരുന്നു അയാള്‍ അന്ന് എയര്‍പോര്‍ട്ടില്‍നിന്നും ട്രാവല്‍ബാന്‍ വന്ന് തിരികെ വന്ന രാത്രിയില്‍ നെയ്മ ഫാത്തിമയോട് പറഞ്ഞത്.

ആദ്യ ഗര്‍ഭത്തിന്റെ ആലസ്യത്തിലായിരുന്ന ഭാര്യയോട് തനിക്ക് ജനിക്കേണ്ട പെണ്‍കുഞ്ഞിനെക്കുറിച്ചു മാത്രം അയാള്‍ സംസാരിച്ചു. പെണ്‍കുഞ്ഞിന്റെ പിതാവാകുക എന്ന സ്വപ്‌നത്തിന്റെ പടവുകളിലേക്ക് തിടുക്കത്തോടെ ഇറങ്ങിച്ചെല്ലാനായി ദുബായിലെ സുഹൃത്തിന്റെ സ്‌കാനിംഗ് സെന്ററില്‍ വെച്ച് രഹസ്യമായി നടത്തിയ സ്‌കാനിംഗില്‍ പെണ്‍കുഞ്ഞല്ല എന്നറിഞ്ഞ നിമിഷം അയാള്‍ തകര്‍ന്നിരുന്നു.

മനസ്സുകൊണ്ട് ആ കുഞ്ഞില്ലാതാകാന്‍ പ്രാര്‍ത്ഥിച്ച നിമിഷം തന്റെ തലയില്‍ കയറിയ ചെകുത്താനെ പറിച്ചെറിയാനാകാതെ വിതുമ്പിയയാള്‍ 'തൗബ' ചെയ്യുകയും 'അസ്ത ഹ് ഫിറുള്ള' എന്നു വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.

പെണ്‍കുഞ്ഞിനോടുള്ള അമിതാഗ്രഹത്തിന്റെ വേവലാതിയില്‍ വീണ ഓരോ ചിന്തയിലും റബ്ബിനോടയാള്‍ മാപ്പപേക്ഷിച്ചു.

മൂന്നാം ദിവസം യൂസഫ് മന്‍സൂറിന്റെ ഭാര്യയുടെ ഗര്‍ഭം അലസി.

പിന്നീട് കാത്തിരുന്ന ദിവസമെത്തിയത് റംസാന്‍ നിലാവ് ഭൂമിയെ തൊട്ട നേരത്തായിരുന്നു.

അപ്പോഴായിരുന്നു നെയ്മ ഫാത്തിമയുടെ ജനനം.

പടച്ച റബ്ബിന്റെ പ്രിയ സ്‌നേഹം പേരിനൊപ്പം ചേര്‍ത്ത് യൂസഫ് അവളെ നെയ്മ ഫാത്തിമയെന്നു പേര് ചൊല്ലി വിളിച്ചു.

''നാളെ കോടതിയില്‍ മോള്‍ക്ക് എന്തും പറയാം. വാപ്പച്ചിക്കുവേണ്ടി തീരുമാനം മാറ്റണ്ട. ഒന്നു മാത്രം പറയുന്ന നേരത്ത് മനസ്സില്‍ ഉണ്ടാകണം, വാപ്പച്ചിയെ സ്‌നേഹിക്കുന്ന, വാപ്പച്ചിയെ മനസ്സിലാക്കുന്ന, വാപ്പച്ചിയെ അനുസരിക്കുന്ന, വാപ്പച്ചിക്കൊപ്പം എന്നും കഴിയണമെന്നാഗ്രഹിച്ച നിന്റെ പിറക്കാതെ പോയ ജ്യേഷ്ഠന്റെ വാപ്പച്ചിയോടുള്ള ഇഷ്ടമാണ് നീ... ആ ഉരുകിയൊലിച്ചിറങ്ങിപ്പോയ ചോരയുടെ വില മോള് കണ്ടില്ലെങ്കില് ഇനി ഈ ദുനിയാവില് നിനക്ക് പടച്ചോന്‍ എന്ത് കിസ്മത്താ തരിക?''

വിതുമ്പലേതുമില്ലാതെ ഇത്രയും പറഞ്ഞ്, യൂസഫ് മന്‍സൂര്‍ നെയ്മയുടെ മുറിയില്‍നിന്നും തിരിച്ചുനടന്നു.
നിലാവസ്തമിച്ച നേരമായിരുന്നത്.

നെയ്മയുടെ മുറിയുടെ ബാല്‍ക്കണിക്ക് പുറത്ത് അത്തിമരത്തിന്റെ ഇലകള്‍ വെളിച്ചങ്ങളുടെയെല്ലാം കണ്ണ് പൊത്തിക്കളഞ്ഞു.

കുളക്കടവിലെ ഇല്ലിമരങ്ങള്‍ തല കുമ്പിട്ടു നിന്നു.

പിറ്റേന്ന് ഹൈക്കോര്‍ട്ടിലെത്തി തല ഉയര്‍ത്തിയ നെയ്മക്ക് മുന്‍പില്‍ മറ്റാരും ഇല്ലായിരുന്നു.
അവള്‍ക്കൊപ്പം ചോരച്ചാലുപോലെ പടര്‍ന്നൊപ്പം നിന്നത് ഒന്നാമൂഴത്തില്‍നിന്ന് അവള്‍ക്ക് വേണ്ടി സ്വയം പിന്മാറിയ ജ്യേഷ്ഠനായിരുന്നു.

ഗര്‍ഭപാത്രത്തിലെന്നവണ്ണം അവളെയവന്‍ പൊതിഞ്ഞുനിന്നു. മറ്റാരും തൊടാതെ, നോക്കാതെ തന്റെ ചോരയാല്‍ പുതപ്പിച്ചു. അവളാരെയും കണ്ടില്ല. ആര്‍ക്കൊപ്പം പോകണമെന്നു ചോദിച്ച ജഡ്ജിയോട് വാപ്പച്ചിക്കൊപ്പം എന്നുമാത്രം പറഞ്ഞനിമിഷം, സകല ലോകത്തിലേയും ഇരുട്ടും അവളിലേയ്ക്ക് വന്നു തിക്കിത്തിരക്കി, അവള്‍ ബോധം കെട്ട് വീണു.

ഇപ്പോഴും അതേ ഇരുട്ടിലായിരുന്നു നെയ്മ നിന്നിരുന്നത്.

അവള്‍ക്ക് ഒന്നും കാണാനൊത്തില്ല; സ്വരങ്ങള്‍ മാത്രമവള്‍ കേട്ടു.

അരവിന്ദിന്റെ അമ്മയുടെ സ്വരം കുറച്ച് പതറിയിരുന്നെങ്കിലും 'അകത്തേയ്ക്ക് ഇരിക്കാം' എന്നവര്‍ പറഞ്ഞൊപ്പിച്ചു.

യൂസഫ് മന്‍സൂര്‍ ഭാര്യക്കൊപ്പം ചെരുപ്പഴിച്ചുവെച്ച് അകത്തേയ്ക്കു കയറി, അമ്മയുടെ വാക്കുകള്‍ ഏതോ ദൂരത്തെന്നവണ്ണം പതിയെ വന്നു തൊട്ടു.

''കുടിക്കാന്‍ എന്താ എടുക്കേണ്ടത്?''

''ചായ കിട്ടിയാല്‍ കൊള്ളാം. നല്ല ചൂടുള്ളതാ ഇഷ്ടം.''

യൂസഫ് മന്‍സൂര്‍ പറഞ്ഞത് ഒരാശ്വാസംപോലെ അരവിന്ദിന്റെ അമ്മയ്ക്ക് തോന്നി.

അവര്‍ അടുക്കളയിലേയ്ക്ക് പോയി.

യൂസഫ് മന്‍സൂര്‍ ഭാര്യയുടെ നേരെ കൈനീട്ടി. അവര്‍ ലുലു ഹൈപ്പര്‍ സിറ്റിയുടെ മഴവില്‍ നിറങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന കവര്‍ കൊടുത്തു.

രണ്ട് പാക്കറ്റുകളാണ് യൂസഫ് മന്‍സൂര്‍ പുറത്തേയ്‌ക്കെടുത്തത്.

''ഇത് ഇവള്‍ക്കുവേണ്ടി വാങ്ങിച്ചുകൂട്ടിയ സ്വര്‍ണ്ണാഭരണങ്ങളാ. ഡയമണ്‍ഡ്‌സും ജെംസുമുണ്ട്. പലപ്പോഴായി വാങ്ങിച്ചതുകൊണ്ട് എത്ര എമൗണ്ടിന്റെയുണ്ടെന്നറിയില്ല.''

പിന്നീട് എടുത്തത് ഒരു പ്ലാസ്റ്റിക് ഫയലായിരുന്നു.

''ഓരോ വര്‍ഷത്തേയും എന്റെ ബിസിനസ്സിലെ ലാഭത്തില്‍നിന്നു ഞാനെന്റെ ശമ്പളമായി മാറ്റി വെച്ചത് ഇവളുടെ പേരില്‍ ഡിപ്പോസിറ്റ് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ഈ വര്‍ഷത്തേത് ഇന്നലെ ഡിപ്പോസിറ്റ് ചെയ്തതടക്കമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റ് തുകയുടെ റസീപ്റ്റ്. നോമിനിയുടെ സ്ഥാനത്തുനിന്ന് എന്റെ പേര് മാറ്റിയിട്ടുണ്ട്.''

''പിന്നെ...''

യൂസഫ് ഒന്നു നിര്‍ത്തി.

''ഇതുകൂടി ഉപേക്ഷിച്ചുപോകാന്‍ തോന്നിയില്ല. ഒപ്പം ഉണ്ടായിരുന്നതല്ലേ, അതുകൊണ്ട്...'' ഹോണ്ട ആക്ടീവയുടെ കീ കൂടി പാക്കറ്റുകള്‍ക്കുമേല്‍ യൂസഫ് മന്‍സൂര്‍ വെച്ചു.

ഇരുട്ടില്‍ എല്ലാം ശബ്ദങ്ങളായി മാത്രം നെയ്മ അറിഞ്ഞു.

അരവിന്ദ് എന്താണ് ഒന്നും പറയാത്തത്? ചായയുമായി വന്ന അമ്മ നിശ്ചലം നിന്നു.

യൂസഫ് മന്‍സൂര്‍ ചായ വാങ്ങി ഭാര്യക്ക് കൊടുത്തു; അയാളും ഒരിറക്ക് ചായ കുടിച്ചു.

അകത്തെ മുറിയിലേയ്ക്കു പോയ അരവിന്ദ് തിരിച്ചുവന്നു.

അവന്റെ കയ്യില്‍ അന്നത്തെ പത്രത്തില്‍ പൊതിഞ്ഞെടുത്ത നെയ്മ ഫാത്തിമയുടെ ചുരിദാറായിരുന്നു. അതായിരുന്നു അവള്‍ ഇവിടേക്ക് വന്നപ്പോള്‍ ധരിച്ചിരുന്നത്.

അവന്‍ ശബ്ദം താഴ്ത്തിയെങ്കിലും വ്യക്തമായി പറഞ്ഞു: 

''ഇവയൊന്നും എനിക്കു വേണ്ട, ഈ ഡ്രസ്സ് അടക്കം തിരിച്ചു കൊണ്ടുപോകണം.''

''തെറ്റും ശരിയും എനിക്കറിയില്ല, ഒന്നു മാത്രമേ എനിക്ക് അറിയൂ, നെയ്മ ഫാത്തിമയെ ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ ഇല്ലാതായാലും അതു നിലനില്‍ക്കും. ഞാനും നെയ്മയും ഒരുമിച്ചില്ലെങ്കിലും അത് അവസാനിക്കില്ല.''

യൂസഫ് മന്‍സൂര്‍ ചായക്കപ്പ് അരവിന്ദിന്റെ അമ്മയുടെ കയ്യിലേക്ക് തിരികെ നല്‍കി.

അവര്‍ എഴുന്നേറ്റു.

തിരികെ എയര്‍പോര്‍ട്ടിലേക്കുള്ള ടാക്‌സിയിലേക്ക് കയറുന്നതിനു മുന്‍പെ അത്ര ദൂരം സഞ്ചരിച്ചെത്തി കിതപ്പാറ്റി നിന്ന ഹോണ്ട ആക്ടീവയുടെ ഹാന്‍ഡിലില്‍ യൂസഫ് മന്‍സൂര്‍ സ്‌നേഹത്തോടെ തടവി.
ഉമ്മച്ചി അവളെ ചേര്‍ത്തുപിടിച്ചു.

നെയ്മയുടെ വലതുകയ്യിലെ നനവില്‍ ഹോണ്ട ആക്ടീവയുടെ താക്കോലിരുന്നു കുതിര്‍ന്നു.

യൂസഫ് മന്‍സൂര്‍ തന്റെ കയ്യിലെ പത്രത്തില്‍ പൊതിഞ്ഞ നെയ്മയുടെ ആ മെറൂണ്‍ നിറമുള്ള ചുരിദാര്‍ തന്നോട് ചേര്‍ത്തുപിടിച്ചിരുന്നു. പത്തൊന്‍പത് വര്‍ഷം മുന്നിലെ റംദാന്‍ മാസത്തില്‍ പ്രസവമുറിക്കു മുന്നിലെ നില്‍പ്പായിരുന്നു ആ നേരത്ത് അയാളുടെ മനസ്സില്‍; കയ്യില്‍, തന്റെ കണ്‍മണിക്കായി വാങ്ങിയ നേര്‍ത്ത്, നേര്‍ത്ത സ്‌നേഹത്തിന്റെ തൂവല്‍ ഉടുപ്പ്  ടാക്‌സി ഗെയ്റ്റ് കടന്ന് പുറത്തേയ്ക്കിറങ്ങുന്ന നേരത്ത് ചാവക്കാടുനിന്നും അവസാന ട്രിപ്പിനായി എറണാകുളത്തേയ്ക്ക് പോകുന്ന മോര്‍ണിംഗ് സ്റ്റാര്‍ ബസ് ഗെയ്റ്റിനു മുന്നിലൂടെ അതിവേഗം പാഞ്ഞുപോയി.

പിന്നാലെ യൂസഫ് മന്‍സൂറും ഭാര്യയും കയറിയ ടാക്‌സി എയര്‍പോര്‍ട്ടിലേക്കും.

ഇവിടെ വെച്ച് ഇവര്‍ക്കു പിന്നാലെയുള്ള അലച്ചില്‍ അവസാനിപ്പിക്കേണ്ടതായിരുന്നു എന്ന് ദൈവം ഓര്‍ത്തു. എത്രയോ പേരെ ഇതുപോലെ ഈ വഴിത്തിരിവില്‍ ഉപേക്ഷിച്ചിരിക്കുന്നു.

പക്ഷേ, ചെയ്തില്ല, വീണ്ടും ഇടപെട്ടു.

എന്തിനായിരുന്നു അത്?

ദൈവത്തിനും അസൂയ ഉണ്ടാകുമോ?

വിത്തു വിതച്ച് തടം കോരി, ഈരില വിരിഞ്ഞ്, ചില്ലകള്‍ വീശി മൊട്ട് വിരിഞ്ഞ് വിടരുന്ന പൂവിനോട് നട്ടു വളര്‍ത്തിയയാള്‍ക്ക് വിദ്വേഷം തോന്നുമോ?

അങ്ങനെയെങ്കില്‍ യൂസഫ് മന്‍സൂറല്ലേ തന്നേക്കാള്‍ യോഗ്യന്‍...

അയാളുടെ സ്‌നേഹത്തേക്കാള്‍ അയാളുടെ വിട്ടുകൊടുക്കലിനേക്കാള്‍ എത്രയോ ചെറുതായിപ്പോയി തന്റെ പ്രവൃത്തി.

ദൈവം ഉള്ളിലെ കുറ്റബോധത്തിന്റെ ചൂടില്‍ വെന്തു.

മുന്നില്‍ നെയ്മ ഫാത്തിമ നില്‍ക്കുകയാണ്.

എന്തു മറുപടി പറയും?

മൂന്ന് മാസം നെയ്മ ഫാത്തിമയേയും അരവിന്ദിനേയും താന്‍ മറന്നിരിക്കുകയായിരുന്നെന്ന് ദൈവം ഓര്‍ത്തു.
മൂന്നു മാസം കഴിഞ്ഞ് അവര്‍ക്കടുത്ത് എത്തുമ്പോഴേയ്ക്ക്, ലളിതാ സഹസ്രനാമവും ശിവാഷ്ടകവും നെയ്മ കാണാതെ ചൊല്ലുകയും സൂറത്ത് യാസിനും സൂറത്തുല്‍ ഫാത്തിഹയും അരവിന്ദ് ഓതാനും പഠിച്ചിരുന്നു. നിസ്‌കാരവും ചമ്രം പടിഞ്ഞിരുപ്പും കൊണ്ട് ആ വീടിനകം ഭൂപടത്തിലില്ലാത്ത ഒരിടംപോലെയായിയെന്ന് അരവിന്ദ് തമാശ പറഞ്ഞു.

അരവിന്ദിന്റെ അമ്മ നെയ്ച്ചോറും ബീഫും ഉണ്ടാക്കി.

നെയ്മ ഉണ്ടാക്കിയ അവിയലും പരിപ്പ് പായസവും വാട്‌സാപ്പിലൂടെ ദുബായിലെത്തി യൂസഫ് മന്‍സൂറിന്റെ രസമുകുളങ്ങളെ വിസ്മയിപ്പിച്ചു.

വാപ്പച്ചി വരുമ്പൊ ഇത്തവണ അവിയലും കിച്ചടീം മാമ്പഴപുളിശ്ശേരിയുമാണ് എന്ന് നെയ്മ ഫാത്തിമ ഫോണിലൂടെ പറയുമ്പൊ അരവിന്ദന്‍ ഇടയില്‍ കയറി കഫ്‌സയെക്കുറിച്ചും ഇറച്ചിപത്തിരിയെക്കുറിച്ചും പറയുകയും ചെയ്യുന്ന നേരത്ത്, അകത്ത് കടക്കാത്ത കാറ്റായി ദൈവം അവരുടെ ജനാലയുടെ തുറന്ന പാളിക്കപ്പുറം നിന്നു.
ആരോടാണ് അന്നേരത്ത് അസൂയ തോന്നിയത് എന്ന് ഇപ്പൊ ചിന്തിച്ചെങ്കിലും ദൈവത്തിനൊരുത്തരം കിട്ടിയില്ല.

നെയ്മ ഫോണില്‍ സംസാരിക്കുന്നതു കേട്ട് അവളുടെ ചെമ്പകപ്പൂഗന്ധമുള്ള മുടിയിഴകളിലൂടെ വിരലോടിച്ചിരുന്ന അരവിന്ദിനോടോ..?

മകളുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ക്ക് വലിയ പൊട്ടിച്ചിരികളുടെ മത്താപ്പൂ വിരിയിച്ച യൂസഫ് മന്‍സൂറിനോടോ..?

ഒട്ടും സന്തോഷത്തോടെയല്ല താനവിടെ നിന്നതെന്ന് ദൈവം തിരിച്ചറിഞ്ഞു.

പൊടുന്നനെ ചാവക്കാടിനും ഗുരുവായൂരിനുമിടയിലൊരു രാത്രിമഴ വന്നുവീണു.

ഒരു കാര്യവുമില്ലാതെ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് കറന്റും പോയി.

ആ രാത്രി വിമ്മി വിതുമ്പിയ ആകാശമായിരുന്നു ഭൂമിക്കു മുകളില്‍.

നെയ്മ ഫാത്തിമയും അരവിന്ദും വെറുതെ ഓരോന്നൊക്കെ പറഞ്ഞും സ്വപ്‌നങ്ങളുടെ മലയടിവാരത്തിലൂടെ ഏകാന്തരായി സഞ്ചരിച്ചും ആ രാത്രിയെ മറികടക്കാന്‍ ശ്രമിച്ചു.

പുലര്‍ച്ച എത്തുന്ന നേരത്ത് തുറന്നുകിടക്കുന്ന ജനാല കതകിനിടയിലൂടെ മുറിക്കകത്ത് പാറി വീണ മഴച്ചാറ്റലില്‍ അരവിന്ദിന്റെ കാലൊന്ന് വഴുക്കി, നെയ്മ അയാളെ ചേര്‍ത്തുപിടിച്ചു. അരവിന്ദിനെ കൈകളില്‍ ചുറ്റിയണച്ച് നെയ്മ പറഞ്ഞു:

''വിടില്ല... ഒരുകാലത്തും...''

പള്ളിയില്‍നിന്ന് സുബഹി നമസ്‌കാരത്തിന്റെ അലകളിലൂടെ പൂജാമുറിയിലെ നിലവിളക്കിലെ കത്തുന്ന നെയ്ത്തിരിയുടെ ഗന്ധവും മുറിയിലേയ്ക്ക് വന്നു.

ഇടിയപ്പവും വെജിറ്റബിള്‍ കറിയും കഴിച്ച് ചൂട് കോഫിക്കൊപ്പം തലേന്ന് വറുത്തെടുത്ത നെയ്യില്‍ പൊരിച്ച ഉന്നക്കായ അമ്മ കാണാതെ നെയ്മയുടെ വായില്‍ വെച്ച്, കുസൃതിയോടെ അരവിന്ദ് കാറിലേയ്ക്ക് കയറി.
ചെമ്പകപ്പൂമരം സങ്കടത്തോടെ അരവിന്ദിനെ യാത്രയാക്കി. അരവിന്ദ് തിരികെയെത്തുമ്പൊ താന്‍ ഉണ്ടാകില്ലെന്ന തിരിച്ചറിവില്‍ മരം ഓരോ സസ്യങ്ങള്‍ക്കും മനുഷ്യരോട് സംസാരിക്കാനായെങ്കിലെന്ന് വ്യസനത്തോടെ മോഹിച്ചു.

ഇനി പൂക്കാനാവില്ലെന്ന തിരിച്ചറിവില്‍ ഒരു രാത്രികൊണ്ട് വിടര്‍ന്ന പൂക്കളിലൂടെ തന്റെ ജന്മത്തിന്റെ ഗന്ധങ്ങളൊന്നാകെ ആ വീടിനും മുറ്റത്തും തൊടിയിലും നിറച്ചുവെച്ചു. ആ ഗന്ധത്തിലൂടെ അരവിന്ദിന്റെ കാര്‍ കടന്നുപോയി.

ഗെയ്റ്റിനപ്പുറം കാര്‍ കടന്നുപോയി കഴിഞ്ഞിട്ടും നെയ്മ ഫാത്തിമ വഴിയുടെ അങ്ങേയറ്റത്തോളം കണ്ണെടുക്കാതെ കുറെനേരം കൂടി കാത്തുനിന്നു. 

വഴിയോരങ്ങളിലെ മഷിപ്പച്ചയും തൊട്ടാവാടിയും നിമിഷനേരം കൊണ്ട് ജലമുരുകിയും ഇല കൂമ്പിയും വരാനിരിക്കുന്ന സങ്കടത്തില്‍ കണ്ണടച്ചു.

വെയില്‍ തെളിഞ്ഞും മങ്ങിയും സന്തോഷവും സങ്കടവുംപോലെ ഒളിച്ചുകളി നടത്തിക്കൊണ്ടിരുന്നു.
നെയ്മ ഫാത്തിമ വാപ്പച്ചിയെ വിളിച്ചു.

ഞാന്‍ കോട്ടപ്പടിക്ക് പോവുകയാണ്, വെറുതെ നമ്മുടെ വീടിനകത്തുകൂടി നടക്കാന്‍ തോന്നുകയാണെന്നവള്‍ പറഞ്ഞു.

യൂസഫ് മന്‍സൂര്‍ അരവിന്ദിനെക്കൂടി കൂട്ടിക്കൊണ്ടു പോകാന്‍ പറഞ്ഞപ്പോ, അതു വേണ്ടെന്നും ഞാന്‍ തനിച്ചു പോകട്ടെയെന്ന് നെയ്മ പറഞ്ഞത് ദ്വയാര്‍ത്ഥവാചകങ്ങളാണെന്നു തിരിച്ചറിഞ്ഞത് ദൈവം മാത്രമായിരുന്നു. ദൈവമത് കേട്ടില്ലെന്നു നടിച്ചു. പക്ഷേ, ഇപ്പൊ... കുറ്റബോധം കുറച്ചൊന്നുമല്ല വന്നു പൊതിയുന്നത്, എന്തിനാണ് ആ നേരത്ത് നെയ്മ ഫാത്തിമയെ കോട്ടപ്പടിയിലെ മരപ്പാളികളുള്ള ജനലിനോരത്തെ ആകാശം കാണാന്‍ മോഹിപ്പിച്ചത്, വിശാലമായ ആകാശമാകെ അവള്‍ക്കു സ്വന്തമായതിലെ അസൂയയായിരുന്നോ? ദൈവം കൈവിട്ടുപോയ മനസ്സിനെ ചേര്‍ത്തുവെക്കാനാവാതെ കുഴങ്ങി, യാത്ര പിരിഞ്ഞ് ഇറങ്ങിയ ഇടങ്ങളിലേയ്ക്ക് അവളെ തിരികെയെത്തിക്കാനുള്ള വെറും മോഹം അവളിലേക്ക് മനപ്പൂര്‍വ്വം ചേര്‍ത്തുവെച്ചു; എല്ലാം അറിയാമായിരുന്നിട്ടും ഒന്നുമറിയാത്തതുപോലെ നിന്നു. ഹോണ്ട ആക്ടീവയിലേക്ക് കയറിയ നേരത്താണ് നെയ്മ ഫാത്തിമ വാട്‌സാപ്പില്‍ ട്രാവല്‍ ടു ഹെവന്‍ എന്ന് അരവിന്ദിന് മെസ്സേജ് അയച്ച് ആക്ടീവ സ്റ്റാര്‍ട്ടാക്കിയത്.
അതും തന്റെ കുസൃതിയെന്ന് ദൈവം ചിന്തിച്ചു.

ചെമ്പകമരത്തിലെ ചില്ലകളില്‍നിന്നു പൂക്കളടര്‍ന്നു വീണു തുടങ്ങിയിരുന്നു. ഇലകളൊന്നാകെ കൂമ്പി. ബലി കര്‍മ്മങ്ങള്‍ക്കായി പുഴയില്‍നിന്നും തൊഴുകയ്യോടെ മുങ്ങിനിവരുന്ന പിതൃസ്മരണയുടെ ഭാവമായിരുന്നാ മരത്തിനാന്നേരത്ത്.

തന്റെ ഗന്ധങ്ങളൊന്നാകെ പുറപ്പെടുവിച്ച് ഒരു വലിയ വിലാപംപോലെയാ മരം അവളെ തടയാനൊരുങ്ങി, നെയ്മ ഫാത്തിമയുടെ സ്‌കൂട്ടര്‍ ഗെയ്റ്റ് കടന്നതും ദൈവത്തിന്റെ കൃത്യമായ പ്ലാന്‍ തന്നെ നടപ്പിലായി.
മോര്‍ണിംഗ് സ്റ്റാര്‍ ബസ് നെയ്മ ഫാത്തിമയുടെ സ്‌കൂട്ടറിനേയും അവളേയും ഇടിച്ചുയര്‍ത്തി.

കാറ്റില്‍ ഉയര്‍ന്നുപൊന്തിയ നീല ശംഖുപുഷ്പംപോലെ അവളുടെ നീല ചുരിദാറിന്റെ തിളക്കം ആകാശനീലിമയ്‌ക്കൊപ്പം സഞ്ചരിച്ച് ഒന്നു പകച്ചുനിന്നു പൊടുന്നനെ താഴേയ്ക്ക് പതിച്ച് നിശ്ചലമായി.

നെയ്മ ഫാത്തിമ മുന്നില്‍ നില്‍ക്കുന്നുണ്ട്.

എന്തിനാണ് അവള്‍ ഇങ്ങനെ തനിക്കു മുന്‍പില്‍ നില്‍ക്കുന്നത്?
മറുപടി പറയേണ്ട കാര്യം തനിക്കില്ല, ധൈര്യം സംഭരിച്ച് ദൈവം തല ഉയര്‍ത്തി ഹോസ്പിറ്റല്‍ ഐ.സിയുവിന്റെ നീളന്‍ വരാന്തയിലായിരുന്നു, അവര്‍ ഇരുവരും. അവര്‍ക്കു നടുവില്‍ സ്റ്റീല്‍ കസേരയുടെ തണുപ്പില്‍ ഭിത്തിയില്‍ ചാരി കണ്ണുകളടച്ച് അരവിന്ദ് ഇരിക്കുന്നുണ്ടായിരുന്നു.

ഇനിയങ്ങോട്ട് തീരുമാനം എന്താണെന്ന മട്ടില്‍ നെയ്മ ഫാത്തിമ ദൈവത്തെ നോക്കി; ഐ.സി.യുവിനകത്ത് ഇനിയും ഇനിയും എന്നാവര്‍ത്തിക്കുന്ന മട്ടില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്ത് ഡോക്ടര്‍മാരും അവരുടെ സഹായികളും തീവ്ര ശ്രമത്തിലായിരുന്നു. വെന്റിലേറ്ററും ശ്വസനോപകരണങ്ങളും ആവുന്നത്ര ഓക്‌സിജനെ ശരീരഭാഗങ്ങളിലേക്ക് അതിദ്രുതം എത്തിച്ചു കൊണ്ടിരുന്നു; തീരുമാനം അവിടെയല്ലെന്ന തിരിച്ചറിവോടെ നെയ്മ ഫാത്തിമ നോക്കുമ്പോള്‍ ദൈവം കോറിഡോറിന്റെ അങ്ങേയറ്റത്തുകൂടി നടന്നിറങ്ങി, ആശുപത്രി കോംപൗണ്ടിലെ ഊഴം കാത്തുകിടക്കുന്ന ആംബുലന്‍സുകളിലാദ്യത്തേതില്‍ ചാരിനിന്ന് ഇനിയുള്ള കാഴ്ചകളിലേയ്ക്ക് കണ്ണയച്ചു. നെയ്മ ഫാത്തിമയുടെ മരണം കഴിഞ്ഞാല്‍ എന്താകും അരവിന്ദിന്റെ ജീവിതത്തില്‍ സംഭവിക്കുക എന്നറിയാനുള്ള കൗതുകത്തിനപ്പുറം, തന്റെ പ്രവൃത്തികളുടെ ബാക്കിയെന്താണെന്ന് കാണാനുള്ള ആകാംക്ഷയും ആ നോട്ടത്തിലുണ്ടായിരുന്നു. നെയ്മ ഫാത്തിമയെ മരണത്തിലേയ്ക്ക് വിടുന്നതിന് മുന്‍പെ, അവളുടെ മരണശേഷമുള്ള കാഴ്ചകളിലേയ്ക്ക് തനിക്കു മാത്രം സാധിക്കുന്ന മുന്‍നോട്ടവുമായി ദൈവം ചെന്നെത്തിയത് അരവിന്ദിന്റെ വീടിനു മുന്നിലാണ്, പൊലീസുകാര്‍ വരച്ച ടാര്‍ റോഡിലെ ആക്‌സിഡന്റ് മാര്‍ക്കിനപ്പുറം ഗെയ്റ്റ്.

വീടിനു മുകളില്‍ വളരുന്ന ചെമ്പകം മരണം കൊണ്ടുവരുമെന്നു പറഞ്ഞു വെട്ടിമാറ്റിയ ചെമ്പക മരത്തിനും അഴിച്ചു കൊണ്ടുപോയ മരണപ്പന്തലിന്റെ പടുതകള്‍ക്കുമപ്പുറത്തേയ്ക്ക് ദൈവത്തിന്റെ കാഴ്ചയെത്തി.
പുതുമണ്ണിന്റെ കൂനയ്ക്ക് മുകളില്‍ അരവിന്ദ് തന്റെ കൈകള്‍കൊണ്ട് ഒരു മണ്‍വീടുണ്ടാക്കുകയായിരുന്നന്നേരം.

മണ്ണടരുകള്‍ ഞാനാദ്യം ഞാനാദ്യം എന്നു മത്സരിച്ചു.

അത്തിമരച്ചില്ലകള്‍ മേല്‍ക്കൂരയാകാന്‍ കാത്തുനിന്നു.

വാകമരം ഒരുപാട് വര്‍ഷങ്ങളെ മുന്നോട്ടാക്കി നിറയെ പൂത്ത് ആ വീടിനു നിറമേകാനൊരുങ്ങി.

ഞാവല്‍ മരങ്ങള്‍ കായ്കളെ പൊടുന്നനെ പഴുപ്പിച്ച് മുറ്റമാകെ വിതറാനൊരുങ്ങി നിന്നു.

വെട്ടിമാറ്റിയ ചെമ്പകമരം പകവീട്ടലെന്നപോലെ ഇനിയും എത്രയോ വര്‍ഷങ്ങള്‍ക്കപ്പുറം പൂക്കാനിരുന്ന പൂക്കളുടെ ഗന്ധംകൊണ്ട് അവിടമാകെ സുഗന്ധം ജ്വലിപ്പിച്ചു.

ആ സസ്യജാലങ്ങളാകെ മനുഷ്യരോട് സംസാരിക്കാനാവില്ലെന്ന സങ്കടമേതുമില്ലാതെ അരവിന്ദിനൊപ്പം നില്‍ക്കുന്നയാനേരത്ത്,  പ്രണയത്തെ ഇല്ലാതാക്കുന്ന മനുഷ്യരോടു തോന്നുന്ന അതേ പകയായിരുന്നു ദൈവത്തെ നോക്കിയ ആ സസ്യജാലകക്കണ്ണുകളിലെല്ലാം.

മനുഷ്യര്‍ക്കൊപ്പം തരംതാഴ്ന്നയാ നില്‍പ്പില്‍ മറുപടിയേതുമില്ലാതെ ദൈവം തലകുനിച്ചു. നെയ്മ ഫാത്തിമ മരിച്ചാല്‍ സംഭവിക്കാന്‍ പോകുന്നത് കണ്ടറിഞ്ഞപ്പോള്‍ ദൈവം നിശ്ചലമായി നിന്നു.

പ്രണയിക്കുന്നവരെ കൊല്ലുന്ന മനുഷ്യരെപ്പോലെയായി മാറിയോ ദൈവവും എന്ന ചിന്തയില്‍ തീരുമാനം മാറ്റാന്‍ ദൈവം തിടുക്കപ്പെട്ടു. 

ഈ നേരത്താണ് ആംബുലന്‍സിലെ ഡ്രൈവര്‍ക്ക് ഫോണ്‍ വന്നത്, ഐ.സി.യുവില്‍ ആക്‌സിഡന്റായി കൊണ്ടുവന്ന പെണ്‍കുട്ടിയുടെ മരണം ഉടനെ സ്ഥിരീകരിക്കുമെന്നും, ആ മരണ യാത്രയ്ക്കായി തയ്യാറെടുക്കുക, എന്നതായിരുന്നാ സന്ദേശം.

ദൈവം വീണ്ടും ചിന്തിച്ചു. 

പ്രണയത്തിന്റെ മഴവില്ലുകളെ മായ്ച്ചുകളയുന്ന മനുഷ്യര്‍ക്കൊപ്പം തലകുനിച്ചു നില്‍ക്കേണ്ടതല്ല ദൈവമെന്ന തിരിച്ചറിവ് ഉണ്ടായതും ആശുപത്രി കോംപൗണ്ടില്‍ ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു. ആംബുലന്‍സില്‍ തനിക്കടുത്ത് ഇത്രനേരം ചാരിനിന്നയാളാണ് പൊടുന്നനെ ജാലവിദ്യക്കാരനായി മാറിയതെന്ന ആശ്ചര്യത്തില്‍ ആംബുലന്‍സ് ഡ്രൈവറും മരണയാത്രയുടെ ഒരുക്കങ്ങളെ മറന്ന് ജാലവിദ്യ കാണാനാരംഭിച്ചു, സിഗററ്റ് കൂടുകൊണ്ട് മുയല്‍ക്കുട്ടിയെ സൃഷ്ടിച്ചു.

ടൗവ്വല്‍ വീശിയപ്പോള്‍ ഒരു പച്ച പനംതത്ത ചിറകടിച്ച് പറന്നു.

പെറുക്കിക്കൂട്ടിയ കരിയിലകള്‍ വാരിവിതറിയപ്പോള്‍ ഇളം കുരുവികള്‍ എവിടേക്കോ കൂട്ടത്തോടെ ഉയര്‍ന്നു.
അത്ഭുതങ്ങളുടെ കെട്ടില്‍ ആള്‍ക്കൂട്ടം നിര്‍ത്താതെ കയ്യടിച്ചപ്പോള്‍, ജാലവിദ്യക്കാരന്‍ തന്റെ ചുരുട്ടിപ്പിടിച്ച കൈ ആള്‍ക്കൂട്ടത്തിനു നേര്‍ക്കു നാടകീയമായി നീട്ടിത്തുറക്കുന്ന കൈവിരലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്യത്ഭുതം കാണാന്‍ ആള്‍ക്കൂട്ടം വെമ്പല്‍ കൂട്ടവെ, ജീവിത ലഹരിയുടെ ഉന്മാദത്തില്‍ വിരലുകളൊന്നൊന്നായി ആ ജാലവിദ്യക്കാരന്‍ വിടര്‍ത്തി. കൈവെള്ളയിലെ ചെമ്പക പൂമൊട്ട് കണ്ടതും ആള്‍ക്കൂട്ടം നിരാശരായി, ഇനിയൊന്നും കാണാനില്ലെന്ന മട്ടില്‍ അവര്‍ പിരിഞ്ഞു പോകുമ്പോള്‍, ഐ.സി.യുവിന്റെ ഡോര്‍ തുറന്ന് ഡോക്ടര്‍ പുറത്തേയ്ക്ക് ഇറങ്ങിവന്നു. അരവിന്ദ് ഭിത്തിയില്‍ ചാരി ഇരിക്കുകയായിരുന്നു. ഡോക്ടര്‍ അരവിന്ദിന് അടുത്തേക്ക് വന്നതും അവിടമാകെ ചെമ്പകപ്പൂവിന്റെ ഗന്ധം നിറഞ്ഞു. ഇവിടെങ്ങും ചെമ്പക മരമില്ലല്ലോയെന്ന് ഡോക്ടര്‍ അത്ഭുതം കൊള്ളവേ, അരവിന്ദ് ആ ചെമ്പകപ്പൂ ഗന്ധം തിരിച്ചറിഞ്ഞ് ഡോക്ടറെ നോക്കി ചിരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com