ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

'അടി'- വി. ഷിനിലാല്‍ എഴുതിയ കഥ

തന്നെ ആരോ പുറംതലയില്‍ അടിക്കാന്‍ കയ്യോങ്ങുന്നതായി എസ്.ഐക്ക് തോന്നി. അത് വെറുമൊരു തോന്നലാണോ എന്ന സംശയത്തില്‍ ടപേന്ന് വെട്ടിത്തിരിഞ്ഞ് പിന്നിലോട്ട് നോക്കി

1. പെലപ്പോലീസ് 

തന്നെ ആരോ പുറംതലയില്‍ അടിക്കാന്‍ കയ്യോങ്ങുന്നതായി എസ്.ഐക്ക് തോന്നി. അത് വെറുമൊരു തോന്നലാണോ എന്ന സംശയത്തില്‍ ടപേന്ന് വെട്ടിത്തിരിഞ്ഞ് പിന്നിലോട്ട് നോക്കി. അതൊരു തോന്നല്‍ മാത്രമായിരുന്നു. എന്നാല്‍, തോന്നല്‍ ആവര്‍ത്തിച്ചതുകൊണ്ട് തോന്നലാണോ അത് എന്നറിയാന്‍ വെട്ടിത്തിരിഞ്ഞുള്ള നോട്ടം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതോടെ, പെലപ്പോലീസ് എന്ന് അറിയപ്പെട്ടിരുന്ന പീലിപ്പോസ് എസ്.ഐക്ക് തലവെട്ട് എന്നൊരു പുതിയ പേരും കൂടി വീണു. അയാള്‍ സ്ഥലം മാറി എത്തുന്ന സ്റ്റേഷനുകളിലെല്ലാം ഇരട്ടപ്പേരും സ്ഥലം മാറ്റം വാങ്ങി എത്തിച്ചേര്‍ന്നു.

പീലിപ്പോസിന്റെ ജീവചരിത്രം പറയുന്ന ലേഖനമാണ് ഈ കഥ.

കണ്‍മുന്നില്‍ നിവര്‍ന്നിരിക്കുന്ന പരാതിക്കടലാസോ വാതില്‍ വിടവില്‍ക്കൂടി കാണാവുന്ന പാറാവുകാരന്റെ ചന്തിയോ അയാള്‍ നിലത്ത് കുത്തിയിരിക്കുന്ന ത്രീ നോട്ട് ത്രീ റൈഫിളിന്റെ മുനയോ അയാള്‍ കണ്ടില്ല. തൊട്ടുമുന്‍പ് ഇറങ്ങിപ്പോയ എ.എസ്.ഐ കൃഷ്ണന്‍ തമ്പി പറഞ്ഞ ഡയലോഗ് മാത്രം ഫീലിപ്പോസിന്റെ കാതുകളില്‍ മുഴങ്ങി. 

''പീലിപ്പോസേ, സംഗതി താന്‍ എസ്.ഐ ഒക്കെ തന്നെ. പക്ഷേ, നിന്നെ വെറുതെ സല്യൂട്ടടിക്കാനൊന്നും എന്നെ കിട്ടൂല. ഒന്നുകില്‍ നീ, പരേഡ് നടക്കുന്ന വെള്ളിയാഴ്ചകളില്‍ എനിക്ക് ലീവ് തരണം. അല്ലെങ്കില്‍ നീ ലീവെടുത്ത് പോണം.''

സ്വന്തം നാട്ടിലെ സ്റ്റേഷനിലേക്ക് പലരുടേയും കാല്‍പിടിച്ച് ഒപ്പിച്ച സ്ഥലം മാറ്റമാണ്. അയാള്‍ തലകുമ്പിട്ട് കുറച്ചുനേരം ഇരുന്നു. ഏറെ നേരത്തെ ചിന്തയ്ക്കുശേഷം അയാള്‍ ഒരു കടലാസ് കീറിയെടുത്ത് അവധിയപേക്ഷ എഴുതാന്‍ തുടങ്ങി.

2. ഭാരത് ബന്ത് 

''നാളെ നേരം വെളുക്കുമ്പം സാക്കളേ, ബന്ത് കണ്ണും മുന്‍പ വന്നങ്ങ് നിയ്ക്കും. തൂറാന്നേരത്ത് പെരട്ടം അന്നഴിക്കണ പരിപാടി നടക്കൂല പറഞ്ഞേക്കാം. ഇത് ഒണക്ക സമരമല്ല. മൂന്ന് കല്ലെടുത്ത് തെറ്റുംമറ്റും കീച്ചിയാ തീരാനക്കൊണ്ട്. ഇത് ബന്താണ്. ഭാരത ബന്ത്. ആ!''

തോട്ടു വിളുമ്പിലിരുന്ന് കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കൊപ്ലിച്ച് തോട്ടിലേയ്ക്കു തന്നെ തുപ്പുകയായിരുന്നു സഖാവ് വിക്രമന്‍ നായര്‍. ''വരാം, സാവേ.'' വിക്രമന്‍ നായര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നിട്ട്, ''ഒരു നല്ല ബന്ത് കണ്ട കാലം തന്നെ മറന്നു'' എന്നു മനോഗതം പറഞ്ഞശേഷം തോട്ടിലിറങ്ങി രണ്ട് മുക്ലിയിട്ട് കുളിച്ചു. മുക്ലിയോട് കൂടിത്തന്നെ വെള്ളത്തില്‍ മൂത്രവുമൊഴിച്ചു.

തോട്ടിന്റെ നൂറടി താഴെ പല്ല് തേച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കല്ലന്‍ മണിയന്‍ വിളിച്ചു പറഞ്ഞു: ''വരാം സാവേ. വൈയൂട്ടത്തെ കമ്മിറ്റിയല്ലേ. വന്നിരിക്കും.''
 
''അറിയാല്ല്, ഒറ്റയടിക്ക് ഒരു രുവയാണ് 
പെട്രോളിനു കൂട്ടിയത്.''

''അതിന് നമക്ക് വല്ല വണ്ടിയാ കുണ്ടിയാ ഇരിക്കണാ? എന്നാലും പോട്ട് ഞാന്‍ വന്നോളാം.'' ഒരു ബന്ത് കണ്ടിട്ട് എത്ര കാലമായി, പാര്‍ട്ടിക്ക് പഴയ ഉശിരില്ല എന്നെല്ലാം പുറുപുറുത്തുകൊണ്ട് തോടിന്റെ കുറച്ച് താഴെ നിന്ന് ഒരു കവിള്‍ വെള്ളം വായില്‍ കോരി നീളത്തില്‍ തുപ്പിക്കൊണ്ട് വള്ളക്കടവ് സുകുമാരന്‍ പറഞ്ഞു: ''പിന്ന സാവേ, ആവശ്യത്തിന് കരി ആയില് കരുതി വെച്ചോളണം. നാക്കുറുഞ്ചിപ്പൊടിയും.''

''അതൊക്കെ ഏര്യാക്കമ്മിറ്റീന്ന് രാത്രി വണ്ടി വരുമ്പം കൊണ്ടുവരും.''

''മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല...'' എന്ന് മൂളിപ്പാട്ടും പാടിക്കൊണ്ട് ബ്രാഞ്ച് സെക്രട്ടറി പിന്നെയും താഴോട്ട് നടന്നു. തോട്ട്വക്കിലൂടെ രാവിലെ നടന്നാല്‍ എല്ലാ സഖാക്കളേയും കണ്ടുപിടിക്കാനാവും. ''വരുന്നു ഞങ്ങള്‍ ഫാക്ടറി വാതില്‍ തുറന്നു തരൂ.'' എന്ന വരി എത്തിയപ്പോഴേക്കും മമ്മേസ്മായില്‍ കുളിക്കുന്ന കടവെത്തി. ആകെയുള്ള നിക്കര്‍ നനച്ച് കരയില്‍ ഉണക്കാനിട്ട ശേഷം ജലത്തെ വസ്ത്രമാക്കി അമര്‍ന്നിരിക്കുകയായിരുന്നു അദ്ദേഹം. സഖാവിനേയും കാര്യം ധരിപ്പിച്ചു.

ഏഴ് ബ്രാഞ്ച് മെമ്പറന്മാരില്‍ ഏഴാമനായിരുന്നു പീലിപ്പോസിന്റെ അപ്പന്‍ ഏലിസണ്‍. ഒന്നര നൂറ്റാണ്ട് മുന്‍പ് നാഴി ഉരി പച്ചരിയും നാവുരി ഉപ്പും നാല് തോര്‍ത്തുമുണ്ടും സുവിശേഷ പ്രവര്‍ത്തകന്റെ കയ്യില്‍നിന്നും ഒരു കാരണവന്‍ വാങ്ങിച്ചുപോയതിന്റെ പേരില്‍ പെലജാതി വിട്ട് ക്രിസ്ത്യാനിപ്പട്ടം കിട്ടിയവനായിരുന്നു ഏലിസണ്‍. ഒരു ക്രിസ്മസ് രാത്രി ആവശ്യത്തിലേറെ കള്ള് കുടിച്ച ശേഷം റേഷന്‍ കടയില്‍നിന്നും മൂന്നുകിലോ പച്ചരി വാങ്ങിക്കൊണ്ട് ഏലിസണ്‍ പള്ളി മുറ്റത്ത് ചെന്നു നിന്നു. 

''അച്ചാ, എറങ്ങി വാ. ഇന്നാ എന്റപ്പൂപ്പന്‍ വാങ്ങിച്ച പച്ചരി. ഇനി നമുക്ക് ജാതിയില്ല. മതോമില്ല.'' അന്തംവിട്ട് നിന്ന പള്ളീലച്ചന്റെ മുന്‍പില്‍ അരി, സഞ്ചിയോടെ നീക്കിവെച്ച ശേഷം ഏലിസണ്‍ ഒറ്റ നടപ്പ് നടന്നു. നേരെ ചെന്നു നിന്നത് ബ്രാഞ്ച് കമ്മിറ്റി ആപ്പീസില്‍. വള്ളക്കടവ് സുകുമാരന്‍, ജാതിയും മതവും വിട്ട് വിപ്ലവപാത സ്വീകരിച്ച ഏലിസണെ സ്വീകരിച്ച് അകത്തിരുത്തി. അന്നുമുതല്‍ ഏലിസണ്‍, പെലക്കമ്യൂണിസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടു.

തോട്ടില്‍ കുത്തിയിരുന്ന് വെള്ളം കോരി കുളിക്കുകയും വരമ്പില്‍നിന്നും ചൊറിയന്‍ ചിത്തിരത്ത പിഴുത് അടുക്കിക്കൂട്ടുകയുമായിരുന്നു ഏലിസണ്‍. ''നീയിവിടെ കുത്തിയിരുന്നു തൂറിക്കൊണ്ടിരി. നാളെ ബന്താണ്. അറിയാല്ല്.''

''സാവേ, നല്ല ചൊറിയണ ചിത്തിരത്തപ്പൂവാണ് ഞാന്‍ പറിച്ചോണ്ടിരിക്കണ. നാക്കുറിഞ്ചി തോറ്റ് പോവും. ഇന്നി ചൊറിയണം കൂടി ഒടിച്ചുവയ്ക്കണം.''

വേണ്ട ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കിയ സമാധാനത്തില്‍ ബ്രാഞ്ച് സെക്രട്ടറി പണിക്ക് പോയി. കൊത്തന്‍ മേശിരിയായിരുന്നു സെക്രട്ടറി. ഒരു കല്ലിന്മേല്‍ ചാന്ത് തേച്ച് മറുകല്ല് വക്കുന്നതിനിടെ ഒരു തള്ള് തള്ളി: ''നാള, ആ രാജീവ് ഗാന്ധീര ആപ്പീസ് പൂട്ടും.''

3. ഡയറക്ട് ആക്ഷന്‍ 

അങ്ങനെ, കാത്തുകാത്തിരുന്ന ആ ഭാരത ബന്ത് വന്നെത്തി.

കാലം: 1987

രാഷ്ട്രീയം: സീപ്പീയെമ്മിന്റെ പ്രതാപകാലം.

പ്രധാന വാര്‍ത്തകള്‍: വീരപ്പന്‍, ബോഫോഴ്സ്. ശ്രീലങ്കന്‍ സമാധാന സേന ലരേ.
സന്ദര്‍ഭം: ഇടതുപക്ഷം ഭാരത ബന്ത് പ്രഖ്യാപിക്കുന്നു.

സ്ഥലം: തിരുവനന്തപുരം ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള ഒരു ഗ്രാമം.

സമയം: നട്ടുച്ച.

കാലാവസ്ഥ: എരിയനാം പറക്കണ വെയില്‍.

ഭാരതം, എന്നുവെച്ചാല്‍ കേരളം ചത്തു ചമഞ്ഞുകിടന്നു. ബന്ത് ഭയന്ന് ഒരീച്ചപോലും റോഡില്‍ ഇറങ്ങിയില്ല. റോഡില്‍ അവിടവിടെ കൂറ്റന്‍ തടികള്‍ വഴിമുടക്കി. പാറക്കല്ലുകള്‍ ഉരുട്ടി വന്മതിലുകള്‍ നിര്‍മ്മിച്ചു. അതിനുമേല്‍ നാക്കുറുഞ്ചിപ്പൊടി വിതറി. കരി ഓയില്‍ തേച്ചു. ചതച്ച ചിത്തിരത്തപ്പൂവ് വിതറി. ചൊറിയണച്ചെടിയുടെ വള്ളികള്‍ പിണച്ച് അലങ്കരിച്ചു. തൊടുന്നവന്റെ ആപ്പീസ് പൂട്ടും. റോഡിന്റെ രണ്ട് വശങ്ങളും കുന്നും അവിടം റബ്ബര്‍ തോട്ടവുമാണ്. ആവശ്യത്തിന് ചീങ്കല്ലുമായി രണ്ട് കുന്നുകളിലും ഇരുപത്തഞ്ച് വീതം സഖാക്കള്‍ പതുങ്ങിയിരുന്നു. പൊലീസ് വന്നാല്‍ എന്തര് ചെയ്യണം? തടസ്സം മാറ്റാന്‍ ശ്രമിക്കുമ്പോള്‍ എന്തര് ചെയ്യണം? ആരാണ് ആദ്യം എറിയേണ്ടത്? പൊലീസുകാര്‍ ഓടിച്ചാല്‍ എന്തര് ചെയ്യണം? ഇങ്ങനെ ഓരോ കാര്യത്തിലും വ്യക്തമായ നിര്‍ദ്ദേശം സെക്രട്ടറി നല്‍കിയിരുന്നു. 

മമ്മേസ്മായില്‍, വള്ളക്കടവ് സുകുമാരന്‍ തുടങ്ങിയ പ്രഗത്ഭരും ബ്രാഞ്ച് സെക്രട്ടറിയും പതുങ്ങിയ തോട്ടത്തിലായിരുന്നു ഏലിസണ്‍. അയാള്‍ വീട്ടില്‍നിന്നും കപ്പയും തലേന്നത്തെ മീന്‍കറിയും കൂട്ടി തിന്നുകൊണ്ട് രാവിലെ ബന്തിനിറങ്ങാന്‍ ഒരുങ്ങിയതും മകന്‍ പീലിപ്പോസ് നിര്‍ബ്ബന്ധം തുടങ്ങി: ''ഞാനും വരണേ. എന്നേം കൂടി കൊണ്ട് പോവിനേ.'' 

''മോനേ, ഇത് സാധാരണ ബന്തല്ല. ഫാരത ബന്താണ്'' എന്നെല്ലാം പറഞ്ഞ് വിരട്ടാന്‍ നോക്കിയിട്ടും അവന്‍ അടങ്ങിയില്ല.

ഒടുവില്‍ നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ഏലിസണ്‍ മകനേയും ഒപ്പം കൂട്ടി. ''സാവേ, ഇത് വേണ്ടേരുന്ന്'' -ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. 

''എനിക്ക് അപ്പനക്കാട്ടിലും ഉന്നമൊണ്ട്.'' പീലിപ്പോസ് ഒരു കല്ലെടുത്ത് ഉന്നം പിടിച്ച് എറിഞ്ഞു കാട്ടിക്കൊടുത്തു. സെക്രട്ടറി പിന്നെ ഒന്നും പറഞ്ഞില്ല. സമയം നീണ്ടുനീണ്ട് ഉച്ചയായി. ചില സഖാക്കള്‍ക്ക് ഉറക്കം വന്നു. അവര്‍ റബ്ബര്‍ത്തടത്തില്‍ത്തന്നെ ശയ്യകൊണ്ടു.
 
താമസിച്ചില്ല. നീലനിറമുള്ള ഇടിവണ്ടി വന്നുനിന്നു. തോക്കും ലാത്തിയും പിടിച്ച പൊലീസുകാര്‍ ചാടിയിറങ്ങി. പീലിക്കോടന്‍ പ്രഭാകരന്‍ എന്നു പേരുള്ള എസ്.ഐയാണ് ആദ്യം ഇറങ്ങിയത്. ഇറങ്ങിയ പാടേ അയാള്‍ ചുറ്റുപാടും നോക്കി തള്ളയ്ക്ക് വിളി തുടങ്ങി. സഹപൊലീസുകാര്‍ ശരണം വിളിപോലെ അതേറ്റു വിളിച്ചു. അയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ധീരന്മാരായ രണ്ട് യുവപൊലീസുകാര്‍ മുന്നോട്ടുവന്ന് റോഡിലെ കല്ലുരുട്ടി മാറ്റാന്‍ തുടങ്ങി. നാക്കുറിഞ്ചിപ്പൊടി വിതറിയ കല്ലില്‍ തൊട്ടതും അവന്മാര്‍ക്ക് പുറം ചൊറിഞ്ഞു. 

''കീച്ചിന്‍ സാക്കളേ, കല്ലെടുത്ത്.'' ബ്രാഞ്ച് സെക്രട്ടറി ആജ്ഞ നല്‍കി. ആ സമയം മമ്മേസ്മായിലിന് തൂറാന്‍ മുട്ടി. ''സാവേ, ഒരു നിമിഷം, ഞാന്‍ ഇപ്പം വരാം.'' അനുമതിയും വാങ്ങി ട്രാസ് ഊരി തോളിലിട്ട് മമ്മേസ്മായില്‍ ഒരു റബ്ബര്‍ക്കുഴിയില്‍ ചെന്ന് കുത്തിയിരുന്നു. 

ദുരവസ്ഥയില്‍പ്പെട്ട പൊലീസുകാരുടെ മുന്നിലേക്ക് ആദ്യത്തെ കല്ല് വന്നുവീണു. ക്രമേണ കല്ലുകളുടെ ശരവര്‍ഷം തുടങ്ങി. പൊലീസുകാര്‍ വാനില്‍ കയറി അടച്ചുമൂടി അഭയം പ്രാപിച്ചു. വാനില്‍ അസംഖ്യം കല്ലുകള്‍ വന്നുവീണു. ഗ്ലാസ്സ് പൊട്ടി. പൊലീസുകാര്‍ അതിനുള്ളില്‍ അടങ്ങിയിരുന്ന് താളത്തില്‍ ചീത്തവിളിച്ചു. ക്രമേണ കല്ലേറ് നിലച്ചു. പീലിക്കോടന്‍ പതിയെ വെളിയില്‍ വന്നു. 'ചാര്‍ജ്.' വിസില്‍ മുഴങ്ങി. ഒറ്റനിമിഷംകൊണ്ട് പൊലീസുകാര്‍ വാനില്‍നിന്നും ചാടിയിറങ്ങി. തോക്കും ലാത്തിയും പിടിച്ച് റബ്ബര്‍ തോട്ടത്തിലേക്ക് പാഞ്ഞ് കയറി. സഖാക്കള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ, ഏറ് കിട്ടിയാല്‍ പൊലീസുകാര്‍ പിന്തിരിഞ്ഞ് പോകുകയാണ് പതിവ്. ഇന്ന് കണക്ക് തെറ്റി എന്നു ചിന്തിച്ചു തീരുന്നതിനും മുന്‍പ് പൊലീസുകാര്‍ കണ്‍മുന്നിലെത്തി. 

''സാക്കളേ, ഓടിക്കോളൂ.'' ബ്രാഞ്ച് സെക്രട്ടറി ആജ്ഞ നല്‍കി. ഒറ്റനിമിഷം കളയാതെ സഖാക്കള്‍ ഓട്ടം തുടങ്ങി. നിക്കര്‍ ഊരി തോളിലിട്ട അവസ്ഥയിലാണ് ഓട്ടം എന്നത് മമ്മേസ്മായില്‍ സഖാവിന്റെ വേഗതയെ ഒട്ടും ബാധിച്ചില്ല. പൊലീസുകാര്‍ തൊട്ടുപിന്നില്‍. വേറെ വഴിയില്ല. നേരത്തെ പറഞ്ഞുവെച്ച പ്രകാരം, അവസാന ആശ്രയം എന്ന നിലയില്‍ വിളവന്‍കോട്ട് വീട്ടില്‍ അഭയം പ്രാപിക്കണം. അവിടെ പൊലീസ് കേറില്ല. പൊലീസ് കേറുന്നത് തമ്പിമാര്‍ക്ക് ഇഷ്ടവുമില്ല. തറവാട് ലക്ഷ്യമാക്കിയായി സഖാക്കളുടെ ഓട്ടം. പീലിപ്പോസും പിതാവും ഒട്ടും വേഗത കുറയാതെ ഓടി. വിളവന്‍കോട്ട് വീടിന്റെ വാതില്‍ തുറന്നുകിടന്നു. ആദ്യം ബ്രാഞ്ച് സെക്രട്ടറിയും പിന്നാലെ മമ്മേസ്മായിലും വള്ളക്കടവ് സുകുമാരനും പടികടന്നു. പടിപ്പുരയില്‍ ഒന്നറച്ചെങ്കിലും പാര്‍ട്ടി കുടുംബമല്ലേ എന്ന ധൈര്യത്തില്‍ ഏലിസണ്‍ അകത്തു കയറി. പുത്രന്‍ ഓടി എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. അവന്‍ നോക്കിനില്‍ക്കേ, പോയതിലും വേഗത്തില്‍ അപ്പന്‍ തിരികെ വരുന്നത് കണ്ടു. അപ്പന്റെ പിന്‍കഴുത്തില്‍ ബലിഷ്ഠമായ ഒരു കൈ ബലമായി തള്ളിപ്പിടിച്ചിരിക്കുന്നതും കണ്ടു. അടുത്തനിമിഷം ഏലിസണ്‍ നെഞ്ചിടിച്ച് നിലത്തു വന്നുവീണു. പൊലീസ് ഇങ്ങടുത്തെത്തി. ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല. കൈത പൂത്തുകിടന്ന പൊന്തക്കാട്ടില്‍ അപ്പനും മകനും പതുങ്ങിയിരുന്നു. അപ്പോഴെല്ലാം മകന്‍ അപ്പന്റെ പിന്‍കഴുത്തില്‍ തടവിക്കൊണ്ടിരുന്നു. 

വിളവന്‍കോട്ട് വീട്ടിന്റെ മതില്‍ക്കെട്ടു വരെ വന്ന പൊലീസുകാര്‍ അകത്തു കയറാതെ മടങ്ങിപ്പോയി. വിളവന്‍ കോട്ട് വീടിന്റെ ഉമ്മറത്തിട്ട കസേരകളില്‍ നേതാക്കള്‍ ഇരിക്കുന്നത് അപ്പനും മകനും പൊന്തയില്‍ ഇരുന്നു കണ്ടു. മകന്‍ അപ്പനേയും അപ്പന്‍ മകനേയും ഒരേസമയം നോക്കി. മകനേയും കൂട്ടി സന്ധ്യയോടെ ഏലിസണ്‍ കുടിയിലേക്ക് മടങ്ങി. എത്ര തിരിഞ്ഞു മറിഞ്ഞ് കിടന്നിട്ടും രണ്ടു പേര്‍ക്കും ഉറക്കം വന്നില്ല. ''ഇതെന്തര് പോലും. നല്ലപ്പഴ് ബന്ത് നടത്തണ പോല.'' ഏലിസണ്‍ന്റെ ഭാര്യ പുറുപുറുത്തു.

അന്ന് രാത്രിയാണ് സ്വപ്‌നത്തില്‍ ആദ്യമായി ആരോ തന്നെ പിന്‍തലയില്‍ അടിക്കുന്നതായി പീലിപ്പോസിന് തോന്നിയത്. അവന്‍ ഞെട്ടിയുണര്‍ന്നു. നോക്കിയപ്പോള്‍ അപ്പനും ഉണര്‍ന്ന് തന്നെ കിടക്കുകയാണ്. അപ്പന്‍, അമ്മ കേള്‍ക്കാതെ പതിയെ അവനോട് പറഞ്ഞു. 

''നീ പോലീസാവണം.''

4. എസ്.ഐ. 

ഇ. ഫിലിപ്സ് എന്ന് നെയിംബാഡ്ജ് നെഞ്ചില്‍ കുത്തിയെങ്കിലും ആളുകള്‍ അയാളെ കേട്ടും കേള്‍ക്കാതേയും പെലപ്പോലീസ് എന്നേ വിളിച്ചുള്ളൂ. അയാള്‍ കൊമ്പന്‍മീശ വെച്ചു. കണ്ണുരുട്ടി. വെട്ടിത്തിരിഞ്ഞുനിന്ന് പീലിക്കോടനെ അനുകരിച്ച് തള്ളയ്ക്ക് വിളിച്ചുനോക്കി. അയാളുടെ പേര് മാറിയില്ല. നേരിട്ടു കാണുമ്പോള്‍ പീലിപ്പോസേ, സാറേ എന്നൊക്കെയാണ് നാട്ടുകാര്‍ വിളിച്ചിരുന്നതെങ്കിലും കണ്ണൊന്നു തപ്പിയാല്‍ ആ വിളി പെലപ്പോലീസേ എന്നാവും. അതുകൊണ്ടു തന്നെ നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം അയാള്‍ ഒരു കാക്കയുടെ ജാഗ്രത പാലിച്ച് ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. അപൂര്‍വ്വം ചില ആട്ടോറിക്ഷാക്കാരെ കയ്യോടെ തൂക്കിയെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു പെരുമാറി. എന്നിട്ടും പേര് അയാള്‍ക്കൊപ്പം വിടാതെ സഞ്ചരിച്ചു.

ഫിലിപ്സിന് എസ്.ഐ ആയി പ്രമോഷന്‍ കിട്ടി. പ്രമോഷന്‍ ആയതോടുകൂടി അയാളുടെ സംബോധനയിലും പ്രമോഷന്‍ വന്നു: പെല എസ്സൈ. അതുവരെ ഒപ്പം നടന്ന പൊലീസുകാര്‍ തന്നെ അത് കുശുകുശുത്തു. എന്നാല്‍, വിക്രമന്‍ തമ്പി മാത്രം നേരിട്ടു തന്നെ പരിഹസിച്ചു ചിരിച്ചു. അപ്പോഴെല്ലാം ബലിഷ്ഠമായ ഒരു കൈ പിന്‍തലയില്‍ വന്നു പതിക്കുന്നതും ഒരു മനുഷ്യന്‍ നെഞ്ചിടിച്ച് നിലത്ത് വന്നു വീഴുന്നതും അയാള്‍ ഓര്‍ത്തു.
അങ്ങനെയാണ് ആ അടി അയാളെ വീണ്ടും പിന്തുടരാന്‍ തുടങ്ങിയത്.

ആരോ തന്റെ പിന്‍തലയില്‍ അടിക്കാന്‍ കയ്യോങ്ങുന്നതായി ഫിലിപ്സിനു തോന്നി. അതൊരു വെറും തോന്നലാണോ എന്നു ചിന്തിച്ചുനില്‍ക്കുന്നത് റിസ്‌കാണല്ലോ എന്നു ചിന്തിച്ച് അയാള്‍ പെട്ടെന്നു തിരിഞ്ഞുനോക്കി. സത്യത്തില്‍ പിന്നില്‍ ചുവരും അവിടെ ഗാന്ധിജിയുടെ ചിത്രവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമാധാനത്തോടെ അയാള്‍ മേശമേല്‍ വച്ചിരുന്ന അന്യായക്കടലാസ് എടുത്തു വായിച്ചു.

കുനിഞ്ഞിരുന്നു വായിച്ചുകൊണ്ടിരിക്കെ, മേല്‍ക്കൂരയില്‍ നിന്നൊരു കൈ പിന്‍കഴുത്തിലേക്ക് പാഞ്ഞുവരുന്നതായി അയാള്‍ക്കു തോന്നി. അയാള്‍ ചാടിയെണീറ്റു. ആരും കണ്ടില്ലെന്നുറപ്പിച്ച് തിരികെ കസേരയിലിരുന്നപ്പോള്‍ അയാള്‍ക്ക് നാണം തോന്നി. 

അടി നിലച്ചില്ല. കക്കൂസില്‍, കവലയില്‍, ജീപ്പില്‍, വീട്ടില്‍. എവിടെയും പിന്നാംതലയിലെ അടി അയാളെ പിന്തുടര്‍ന്നു. നിരന്തരമായ മായ അടികളേറ്റ് അയാളുടെ കഴുത്ത് കുനിഞ്ഞു. അയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അഭിസംബോധന ചെയ്ത് അയാള്‍ ഒരു ലീവപേക്ഷ തയ്യാറാക്കി.

ലീവപേക്ഷ കൊടുത്ത ഉടനെ അയാള്‍ ബൈക്കെടുത്ത് തന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് വിട്ടു.

5. ഒടി 

''ഇന്നേ, നിങ്ങക്ക് കണ്ണ് കാണാമോ?'' പീലിപ്പോസ് ചോദിച്ചു.

''വയത് നൂറ്റിയൊന്നാണ്. കണ്ണും പിണ്ണാക്കുമൊന്നും കണ്ടൂട ചെറുക്കാ. എന്നാ നീ ചോയിക്കണേം പറയണേം കേക്കാം.'' അമ്മൂമ്മ പറഞ്ഞു. കാളുവമ്മുമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് എസ്.ഐ. 

''ഇന്നേ, ഒരന്തരാളിപ്പ്. പേടി. അതെപ്പഴും ഒണ്ട്. ആരോ പിന്‍തലയില്‍ അടിക്കാനോങ്ങണത് പോലെ. ഇന്നേ, നിങ്ങക്ക് ഓതി കെട്ടാനെക്ക അറിയാമല്ലോ.''

''കൊച്ച് ചെറുക്കാ, പണ്ട് നിന്റ കാരണവന്മാര് നടക്കമ്പം എക്കെ തല വെട്ടിച്ച് തിരിഞ്ഞ് നോക്കുമാരുന്ന്. നടക്കമ്പം മാത്തറമല്ല, പെണ്ടാട്ടീര ഒപ്പം കെടക്കമ്പം, നെലം ഉഴമ്പം. കാളയടിക്കുമ്പം.'' എസ്.ഐ. തലയുയര്‍ത്തി അമ്മുമ്മയെ നോക്കി. ''ഏത് നേരം വേണോങ്കിലും ഒരടി അവര പിന്നാംതലക്ക് വന്നുവീഴാം. അങ്ങനെയിരിക്കുമ്പം...'' അമ്മുമ്മ നടു നിവര്‍ത്തി ഇരുന്നു. 

''നെടുമങ്ങാട്ട് ചന്തസമരം തൊടങ്ങി. മേത്തമ്മാരും നായമ്മാരും ഈഴച്ചട്ടമ്പിമാരൊന്നും നമ്മള ആളുകള ചന്തക്കകത്ത് കേറ്റൂല. കൊണ്ട് ചെല്ലണ കിടുപിടികള് അവമ്മാര് പിടിച്ച് പറിച്ചോണ്ട് പോവും. വെല ചോയിച്ചാ, അടിതരും. അങ്ങനെയാണ് സമരം തൊടങ്ങണത്. എന്റപ്പനും പെയ്യി. സമരം ചെയ്യാന്‍.''

''എന്നിട്ടാ?''

''എന്നിട്ടെന്തര്? ആര് കേപ്പാന്‍? ആര് കാമ്മാന്‍? അപ്പഴാണ് വരവ്. മണികെട്ടിയ കാളകള് വലിക്കണ വില്ലുവണ്ടിയില്. വന്നെറങ്ങേയല്ലേ... ആര്? അയ്യങ്കാളിത്തമ്പുരാന്‍.''

''ഹൊ! എന്നിട്ട്?''

''എന്നിറ്റെന്തര്?'' കാളു അമ്മുമ്മ നടു നിവര്‍ത്തിയിരുന്നു.

''നേതാക്കന്മാര് കാട്ടിക്കൂട്ടണ പോല പ്രസംഗമൊന്നും നടത്തിയില്ല അയ്യന്‍കാളി. എറങ്ങി അടിച്ച്. മുന്‍പ് കിട്ടിയ എല്ലാമ്മാരേം അങ്ങേര് തന്നെ എറങ്ങിയങ്ങ് അടിച്ച്. അടി ചെയ്യണ ഒതവി അണ്ണന്‍ തമ്പീം ചെയ്യൂല എന്നു കേട്ടിറ്റില്ലേ നീ. അങ്ങനെയാണ് ചന്തയില് നമ്മക്കും കേറാന്‍ പറ്റിയത്. അല്ലാത, ഒരുത്തനും സൗജന്യമായിറ്റ് പിടിച്ച് കേറ്റിയതല്ല.'' 

''അന്ന് രാത്രി വെളവങ്കോട്ടത്തെ തമ്പിയങ്ങത്ത പെണ്ണ് പിടിക്കാനായിറ്റ് എറങ്ങി നടന്ന് മുപ്പറ വയലെത്തി. പെട്ടെന്ന് എങ്കാണ്ടുന്നാ ഒരടി വന്ന് അങ്ങത്തേര പിന്തലയില്‍ ഏറ്റ്. അങ്ങത്ത തിരിഞ്ഞു നോക്കി. ഒടനേ അടുത്ത അടി. അയ്യോ... ഒടി ഒടി എന്ന് അലറിവിളിച്ചുംകൊണ്ട് അങ്ങത്ത ഒറ്റയോട്ടം. വേറേ മൂന്നാല് അങ്ങത്തമാരിക്കും ഇരുട്ടടി കിട്ടി. അന്നുമുതല്‍ രാത്രി സേവക്കിറങ്ങണ അങ്ങത്തമാര് കാരണമില്ലാതെ പിന്തിരിഞ്ഞു നോക്കാന്‍ തുടങ്ങി. വേറേം അതിശയം നടന്നു. നമ്മള ആളുകള്‍ പിന്തിരിഞ്ഞ് നോക്കാതേം ആയി.''

''അതുകൊള്ളാം.'' ഫിലിപ്പോസ് ചിരിച്ചു. 

''അന്നൊരൂസം ഞാന്‍ എന്റ അപ്പന്റൂടി ചോദിച്ചു: അങ്ങത്തമാരയൊക്കെ ഒടിയന്‍ അടിക്കണെന്നു പറയുന്നല്ല. അപ്പം അപ്പന്‍ പറയണ്. അത് ഒടിയനല്ല കാളൂ, അടിയനാണ്. എന്നിറ്റ്, കക്കക്കംവെട്ടി ഒറ്റച്ചിരി.''
ഫിലിപ്പോസ് അമ്മുമ്മയുടെ മടിയില്‍നിന്നും എണീറ്റു. 

''വല്ലതും തിരിഞ്ഞാ?'' അമ്മൂമ്മ ചോദിച്ചു.

6. അടി 

രാത്രി. 
ഫിലിപ്പോസ് വയല്‍ വരമ്പത്ത് കാത്തുനിന്നു. തലയെടുപ്പുള്ള ഒരു കൊന്നത്തെങ്ങ് അയാളെ കാഴ്ചയില്‍നിന്നും മറച്ചുപിടിച്ചു. ദൂരെ റോഡില്‍ ഒരു ബൈക്കിന്റെ വെളിച്ചം പ്രത്യക്ഷപ്പെട്ടു. അത് അടുക്കെ, ഫിലിപ്പോസിന്റെ കാലുകളില്‍ വൈദ്യുതി പടര്‍ന്നു. വെട്ടിവിറയോടെ അത് മുകളിലേക്ക് പ്രവഹിച്ചു. മെയിന്‍ റോഡില്‍നിന്നും പതിയെ വരമ്പിലേക്ക് ബൈക്കിറങ്ങിയതും ഫീലിപ്പോസ് കയ്യിലിരുന്ന മരക്കമ്പുയര്‍ത്തി ഉന്നം പിടിച്ചു. തെങ്ങിന്റെ അടുത്ത് ബൈക്കെത്തിയതും മാറുതല കൊണ്ട് പാളി ഒറ്റയടി. വിക്രമന്‍ തമ്പി ബൈക്കോടെ ഒന്നുലഞ്ഞു. തമ്പി കരുത്തനായിരുന്നു. അയാള്‍ ചാടിയിറങ്ങി. ഒറ്റ നിമിഷത്തില്‍ മിന്നല്‍പോലൊരു ചലനമുണ്ടായി. തെങ്ങിന്‍ ചുവട്ടില്‍നിന്നും മറുതവേഗത്തില്‍ എന്തോ മറയുന്നത് തമ്പി കണ്ണാലെ കണ്ടു. ഒട്ടു ഭയത്തോടെ അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പാഞ്ഞു. രണ്ടാമത്തെ വളവെത്തി. ഇരുളില്‍നിന്നും ഒരു കമ്പിന്റെ മിന്നലാട്ടം അയാള്‍ കണ്ടു. ഇപ്പോള്‍ അടികൊണ്ടത് മാട്ടുതലയില്‍. ആയിരം ശത്രുക്കളുടെ മുഖം തമ്പിയുടെ ശിരസ്സിലൂടെ പാഞ്ഞു. മൂന്നാംവളവില്‍ ഒരു നീളന്‍ കയ്യാണ് പ്രത്യക്ഷപ്പെട്ടത്. അടിയില്ല. പിന്‍തലയില്‍ വന്നു പതിച്ച കൈവെള്ളകൊണ്ട് ഒറ്റ തള്ളല്‍. 

വെപ്രാളത്തോടെ അയാള്‍ തറവാട്ടില്‍ ഓടിക്കയറി. അപ്പോള്‍ വയല്‍മധ്യത്ത് അവിടവിടെ നിന്നും പൊട്ടിച്ചിരി കേട്ടു. പനി പിടിച്ച തമ്പി മൂന്നുനാള്‍ അടങ്ങിക്കിടന്നു.

7. അടിയന്‍ 

പരാതിക്കടലാസ്സ് മറിച്ചുനോക്കെ, തന്നെയാരോ പിന്‍തലയില്‍ അടിക്കാനോങ്ങുന്നതായി ഫീലിപ്പോസിനു തോന്നി. തോന്നല്‍ എത്ര കലശലായിട്ടും അയാള്‍ തിരിഞ്ഞു നോക്കിയില്ല. രാത്രിയായിരുന്നു. പത്തു ദിവസത്തെ അവധി കഴിഞ്ഞ് അയാള്‍ സ്റ്റേഷനില്‍ വന്ന ദിവസമാണ്.

''ആ എ.എസ്.ഐ തമ്പിയെ ഇവിടെ വരാന്‍ പറയൂ.'' ഫീലിപ്പോസ് കോണ്‍സ്റ്റബിളിനോട് പറഞ്ഞു.

''തമ്പിസാറ് ഇരുട്ടുന്നതിന് മുന്നേ പോയി. നാളെ തറവാട്ടില്‍ എന്തോ പെട കൊട ഒണ്ടെന്ന്.'' പാറാവുകാരന്‍ വിളിച്ചു പറഞ്ഞു.

''അതൊന്നും എനിക്കറിയണ്ട. അയാളെ വേഗം ഇവിടെ വരാന്‍ പറയൂ.''

താമസിയാതെ തമ്പി സ്റ്റേഷനില്‍ വന്നു. എസ്.ഐ. അയാളെ റൂമിനകത്താക്കി. കതക് കുറ്റിയിട്ടു. ധാര്‍ഷ്ട്യവും പരിഹാസവും മാത്രം നിറഞ്ഞുനിന്ന തമ്പിയുടെ മുഖം ഒന്നു മങ്ങി. അത് നിറച്ചും സംശയം മാത്രമായി.
''എന്താണ് തമ്പീ, മുഖത്തൊരു വാട്ടം. എന്തുണ്ടെങ്കിലും പറയിന്‍.'' ഫീലിപ്പോസ് കസേരയില്‍ നിവര്‍ന്നിരുന്നു. തമ്പി അതിശയത്തോടെ അയാളുടെ ആത്മവിശ്വാസത്തെ നോക്കി. ''നേരത്തേയുള്ള പോക്ക് ശരിയാവില്ല. ബുദ്ധിമുട്ടുണ്ടെങ്കില്‍ എന്നോട് പറയണം. ലീവ് തരാം.'' ഫീലിപ്പോസ് കര്‍ക്കശക്കാരനായി.

''വരമ്പ് വഴി തറവാട്ടിലേക്ക് രാത്രി നടക്കാന്‍ പ്രയാസമുണ്ട്'' -തമ്പി പറഞ്ഞു.

''അതെന്താ?''

''കാരണവന്‍മാരായിട്ട് ക്രൂരതകള്‍ പലതും ചെയ്തിട്ടുണ്ട്. പണ്ടുകാലത്തേ ഒടിയന്റെ ശല്യമുണ്ടായിട്ടുണ്ട്.''

''അതിന് ഇപ്പം എന്താ പ്രശ്‌നം.''

''ഒടിയന്‍ എന്നെയും അടിച്ചു. ഒന്നല്ല. മൂന്ന് വട്ടം.'' തമ്പി തല കുമ്പിട്ടു നിന്നു.

''ഒടിയനല്ല, അടിയന്‍. അടിയന്‍.'' ഇളകിയ പല്ല് കാട്ടി ഫീലിപ്പോസ് ചിരിച്ചു. തമ്പി ഒന്നും മനസ്സിലാവാതെ നില്‍ക്കെ എസ്. ഐ എഴുന്നേറ്റ് വാതില്‍ തുറന്നുകൊടുത്തു. തമ്പി പുറത്തിറങ്ങി. 

8. തമ്പി 

അപ്പോള്‍, തന്നെയാരോ പിന്‍തലയില്‍ അടിക്കാന്‍ വരുന്നതായി തമ്പിയങ്ങത്തക്ക് തോന്നി. അത് വെറുമൊരു തോന്നല്‍ മാത്രമോ എന്ന സംശയം തീര്‍ക്കാന്‍ വേണ്ടി അയാള്‍ ഇടക്കിടക്ക് തലവെട്ടിച്ച് തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com