'കമ്പംതൂറി'- മനോജ് വെള്ളനാട് എഴുതിയ കഥ

''ഒന്നുമല്ലെങ്കിലും നിങ്ങളൊരു ഹിന്ദുവല്ലേ?''- അസമയത്ത്, അനുവാദമില്ലാതെ എന്റെ എഴുത്തുമുറിയിലേയ്ക്ക് പാഞ്ഞു വന്നുകൊണ്ട് രാധിക വര്‍മ്മ ചോദിച്ചു
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

''ഒന്നുമല്ലെങ്കിലും നിങ്ങളൊരു ഹിന്ദുവല്ലേ?''

അസമയത്ത്, അനുവാദമില്ലാതെ എന്റെ എഴുത്തുമുറിയിലേയ്ക്ക് പാഞ്ഞു വന്നുകൊണ്ട് രാധിക വര്‍മ്മ ചോദിച്ചു. എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. തിരക്കിനിടയില്‍ എങ്ങനെയെങ്കിലും കുറച്ചുസമയം കണ്ടെത്തി വല്ലതും എഴുതാമെന്നു കരുതിയിരിക്കുമ്പോഴാണ് ഇമ്മാതിരി ചോദ്യവും ചോദിച്ചു വരുന്നത്.

''ആണെങ്കിലെന്ത്? അല്ലെങ്കിലെന്ത്?''

ഞാനാ ചോദ്യത്തെ നിസ്സാരമാക്കുന്ന മട്ടില്‍ തിരികെ ചോദിച്ചു. എന്റെ ചോദ്യം രാധികാ വര്‍മ്മയെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചുവെന്നു തോന്നുന്നു. അവള്‍ അരിശത്തില്‍ എന്റെ കട്ടിലില്‍ ഇരുന്നു. കൈകള്‍ പിറകിലേയ്ക്ക് പിണച്ച് മെത്തയിലൂന്നിക്കൊണ്ട്, കാലുകള്‍ വേഗത്തില്‍ ചലിപ്പിച്ചുകൊണ്ടിരുന്നു. ഫ്രസ്ട്രേഷനും ടെന്‍ഷനും വരുമ്പോള്‍ കാലുകള്‍ വേഗത്തില്‍ ചലിപ്പിക്കുന്നത് രാധികയുടെ ഒരു പ്രത്യേകതയാണ്. അവളെന്നെ കണ്ണുകൊണ്ട് കുത്തുന്നപോലെ നോക്കിക്കൊണ്ടിരുന്നു. എഴുത്ത് മുറിഞ്ഞ ദേഷ്യത്തില്‍ ഞാന്‍ ലാപ്ടോപ് ഷട്ട്ഡൗണ്‍ ചെയ്യാന്‍പോലും നില്‍ക്കാതെ അടച്ചുവച്ചു. എണീറ്റുപോയി ഡ്രോയര്‍ തുറന്ന്, മദ്യം ഒരു ഗ്ലാസ്സിലേയ്ക്ക് പകര്‍ന്ന് ഒറ്റവലിക്കു കുടിച്ചു. ഒരെണ്ണം ഒഴിക്കൊട്ടൊ എന്ന ഭാവത്തില്‍ രാധികാ വര്‍മ്മയെ നോക്കി.

''പട്ടച്ചാരായമല്ലേ? എനിക്കെങ്ങും വേണ്ട.''

ഒരു പത്രാസുകാരി, എനിക്കു ചിരിവന്നു. നാലധ്യായം കൂടി കഴിയട്ടെ, കാണിച്ചുതരാം ഞാന്‍, ഞാന്‍ മനസ്സില്‍ പറഞ്ഞു.

''ഏ! എന്താന്ന്?''

ഞാനത് മൈന്‍ഡാക്കാതെ ഒന്നുകൂടി ഒഴിച്ച് അകത്താക്കി.

''എനിക്കീ ബന്ധത്തില്‍ തുടരാന്‍ ഒട്ടും താല്പര്യമില്ല. അതു നിങ്ങളോട് പറയാനാണ് ഞാനിപ്പൊ വന്നത്.''
ഞാന്‍ ആശങ്കാകുലനായി. ഇതെന്താണിപ്പൊ പെട്ടെന്നൊരു മനം മാറ്റം. അല്ലെങ്കിലും അതെങ്ങനെ അംഗീകരിക്കും. കഥയുടെ മൊത്തം സംഗതികളും ഈ പ്രണയത്തെ ചുറ്റിപ്പറ്റിയാണ്.

''കാര്യം?''

ഞാന്‍ ഗൗരവത്തില്‍ ചോദിച്ചു.

''ഇതിലെന്തോ ചതിയുണ്ടെന്നു ഞാന്‍ ബലമായി സംശയിക്കുന്നു. ഇതൊരു യഥാര്‍ത്ഥ പ്രണയമാണോ എന്നും.''

മിസ് വര്‍മ്മയുടെ അച്ചടിഭാഷ കുറച്ച് ബോറാണെന്ന് ഞാനോര്‍ത്തു. അതൊന്ന് മിനുക്കണം. ഞാന്‍ ചോദിച്ചു:

''എന്ത് ചതി?''

''ജിഹാദ്.''

ഞാനൊന്ന് ഞെട്ടി.

''എന്താന്ന്.''

''ജിഹാദ്. എന്താ കേട്ടിട്ടില്ലേ?''

ഈ പെണ്ണിതെവിടുന്നു പഠിച്ചിട്ടു വരുന്നു? പാവം സുബൈര്‍, അവനീ പ്രണയം മുന്നോട്ട് കൊണ്ടുപോകാന്‍ പെടുന്ന പാട് എനിക്കുമാത്രമറിയാം.

''ആരു പറഞ്ഞു. സുബൈര്‍ എന്തു നല്ല മനുഷ്യനാണ്. അവന്റെ പ്രണയം സത്യമാണ്. അവന്‍ നായകനാണ്.''
രാധിക വര്‍മ്മ പെട്ടെന്നു ചാടിയെണീറ്റു.

''അതുതന്നെയാണ് ഞാനും ചോദിച്ചത്. ഒരു ഹിന്ദുവായ താങ്കള്‍ എന്തിന് സുബൈറിനെ നായകനാക്കിയെന്ന്. അതിനൊക്കെ അവരുടെ കൂട്ടത്തില്‍ ധാരാളം എഴുത്തുകാരുണ്ട്.''

''അതു ഞാനല്ലേ തീരുമാനിക്കുന്നത്.''

എനിക്കു വീണ്ടും ദേഷ്യം കേറി.

''എന്നാലെന്റെ കാര്യം എനിക്കും തീരുമാനിക്കേണ്ടിവരും. എനിക്കൊരു മുസ്ലിം കാമുകന്‍ വേണ്ട.''

''നീ കണ്ട വിടുവായന്മാര് പറഞ്ഞുപരത്തുന്ന കെട്ടുകഥകള്‍ കേട്ടിട്ട് ഓരോന്ന് പറയരുത്. സുബൈര്‍ ഞാനിന്നോളം എഴുതിയ ഏറ്റവും നന്മനിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ്.''

''ഓ... അറിവുള്ളവര് പറഞ്ഞാ അതു കഥ. നിങ്ങള് കഥയിലെഴുതി വയ്ക്കുന്നതൊക്കെ ഭയങ്കര യാഥാര്‍ത്ഥ്യവും. അല്ലേ?''

രാധികാ വര്‍മ്മയുടെ ഭാഷ കുറച്ചു മെച്ചപ്പെട്ടതായി എനിക്കു തോന്നി. ഞാന്‍ പറഞ്ഞു,
''നോവല്‍ പകുതിപോലുമാവും മുന്‍പ് നീയിങ്ങനെ മുന്‍വിധിയോടെ സംസാരിക്കുന്നത് ഒട്ടും ശരിയല്ലാ. എഴുതിത്തീരും വരെയെങ്കിലും ഒന്നു ക്ഷമിക്കൂ. അപ്പൊ മനസ്സിലാവും.''

''എനിക്കെന്റെ ഭാവിയെപ്പറ്റി നല്ല ആശങ്കയുണ്ട്. അതാ ഞാനീ അര്‍ദ്ധരാത്രി രണ്ടും കല്പിച്ച് കയറിവന്നത്. പ്രണയമാണെന്നു കരുതി റിസ്‌കെടുക്കാന്‍ പറ്റില്ല.''

''നീ... നീയെന്ത് അണ്‍റൊമാന്റിക്കാണ് രാധികാ. ഞാനിങ്ങനെയൊന്നുമല്ലാ നിന്നെപ്പറ്റി കരുതിയത്.''
അതു പറയുമ്പോള്‍ എന്റെ ശബ്ദമിടറിയിരുന്നു. ഹൃദയം വേദനിച്ചിരുന്നു. സുബൈറിനെപ്പോലെ ഞാനും രാധികയെ പ്രേമിച്ചിരുന്നു. പെട്ടെന്നവള്‍ പറഞ്ഞു:

''ആ കണ്ടോ. എന്നെയും നിങ്ങള്‍ തന്നെയല്ലേ സൃഷ്ടിച്ചത്. എന്നിട്ടെന്നെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞോ? എന്നിട്ടാണ് വേറെ മതത്തിലെ ഒരുത്തന്റെ വക്കാലത്തുമായി വരുന്നത്.''

ഞാനുണ്ടാക്കിയ ഒരു കഥാപാത്രം ഒരു മടിയുമില്ലാതെ വര്‍ഗ്ഗീയത പറയുന്നതില്‍ എനിക്ക് വലിയ വിഷമം തോന്നി. എഴുത്തുകാരന്റെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി എന്നും പടപൊരുതിയിട്ടുള്ള എനിക്കീ ഗതി വന്നല്ലോ! ഇപ്പോള്‍ ഫ്രസ്ട്രേഷന്‍ മുഴുവന്‍ എനിക്കായി. അത് ഭ്രാന്തു പോലൊരു പകര്‍ച്ചവ്യാധിയാണ്. വിദേശനിര്‍മ്മിത നാടന്‍ പട്ടച്ചാരായത്തിന്റെ കുപ്പിയെടുത്ത് ഞാന്‍ അളവു നോക്കാതെ വിഴുങ്ങി.
സുബൈര്‍ വെറുമൊരു കാമുകന്‍ മാത്രമല്ല. നല്ലൊരു മനുഷ്യനുമാണ്. കാണാന്‍ സുന്ദരന്‍. ഹെല്‍ത്ത് കോണ്‍ഷ്യസ്. നല്ല വായനാശീലം. രക്തദാനശീലം.

നല്ല സംഘാടകന്‍. സ്ത്രീ വിരുദ്ധതയില്ല. ജനിച്ച മതത്തില്‍ വിശ്വസിക്കുന്നുണ്ടെന്നു മാത്രം. എന്നാലങ്ങനെ റിലീജിയസ് ലൈഫ് സ്റ്റൈലുമല്ല. രാധികയെന്നാല്‍ ജീവനും. രാധിക ഈ പറഞ്ഞതെങ്ങാനും അവനറിഞ്ഞാ, ശോ! ഓര്‍ക്കാന്‍ വയ്യ. അവന്‍ ആത്മഹത്യ ചെയ്യുമോ എന്നല്ല എന്റെ ഭയം. അങ്ങനെ ചെയ്യും മുന്‍പ് അവനനുഭവിക്കുന്ന സംഘര്‍ഷം ഞാനും കൂടി അനുഭവിക്കണമല്ലോ എന്നോര്‍ത്താണ്. എനിക്ക് രാധികയോട് കടുത്ത ദേഷ്യം തോന്നി.

''സുബൈര്‍ നിന്നെയോര്‍ത്ത് എന്തുമാത്രം സ്വപ്‌നങ്ങള്‍ നെയ്തിരിക്കുന്നെന്ന് നിനക്കറിയാമോ?''
ഞാനൊരു കസേര വലിച്ചിട്ട് രാധികയുടെ മുന്നിലിരുന്നു.

''എനിക്കറിയണ്ടാ. ഒന്നുകില്‍ നിങ്ങള്‍ നായകന്റെ മതം മാറ്റണം. അല്ലെങ്കില്‍, ഐ വാണ്ട് ബ്രേക്കപ്പ്.''

''ബ്രേക്കപ്പോ!''

പട്ടച്ചാരായത്തിന്റെ കിക്ക് മൊത്തം, സൂചിക്കുത്തേറ്റ ബലൂണ്‍പോലെ ''ട്ടും'' എന്നു പോയി. 

''കല്യാണമൊക്കെ കഴിഞ്ഞ് കാനഡയില്‍ സെറ്റിലാവുന്ന നിങ്ങളുടെ ജീവിതത്തിലെ മനോഹരങ്ങളായ പല സംഭവങ്ങളും ഞാനിതിനകം പ്ലാന്‍ ചെയ്തു കഴിഞ്ഞതാണ്. എനിക്കനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത ജീവിതമാണ് കുഞ്ഞേ, ഞാന്‍ നിങ്ങളിലൂടെ ജീവിക്കാന്‍ പോകുന്നത്. അപ്പൊഴാണ് അവളുടെ ഒരു ബ്രേക്ക് അപ്പ്. നീ പോകാന്‍ നോക്ക്. ഞാനൊന്നുറങ്ങട്ടെ. മനുഷ്യന്റെ സകല മൂഡും കളഞ്ഞു.''

''എന്റെ ജീവിതം ഒരു വഴിക്കാക്കീട്ട് നിങ്ങളെ ഞാനങ്ങനെ ഉറങ്ങാന്‍ വിടില്ല. ഇക്കാര്യത്തിലൊരു തീരുമാനമാക്കിയിട്ട് മതി ബാക്കി. രാധികാ വര്‍മ്മയോടാണ് കളി.''

രാധിക വളരെ സീരിയസാണെന്ന് എനിക്കു മനസ്സിലായി. അവളുടെ കഥാപാത്ര നിര്‍മ്മിതി അങ്ങനെ തന്നെയായിരുന്നു. എല്ലാ കാര്യത്തിലും സ്വന്തമായ അഭിപ്രായങ്ങള്‍, അതു തുറന്നു പറയാനുള്ള തന്റേടം ഒക്കെ ഞാനഭിമാനത്തോടെ പകര്‍ന്നുവച്ചതാണ്. പക്ഷേ, ഉള്ളിലൊരു വര്‍മ്മ വളര്‍ന്നതു മാത്രം ഞാനറിഞ്ഞില്ല. ഞാന്‍ ആവുന്നത്ര ശാന്തത അഭിനയിച്ചുകൊണ്ട് പറഞ്ഞു:

''ഞാനിനി പറയാന്‍ പോകുന്ന കാര്യം, നീ കുറച്ച് സംയമനത്തോടെ കേള്‍ക്കണം. രാധികാ വര്‍മ്മയെന്ന ഈ പൂമരത്തിന്റെ വേരുകള്‍ സഞ്ചരിച്ച വഴി...''

ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോഴേ അവള്‍ക്ക് ദേഷ്യം വന്നു.

''ഓ. നിന്ന നില്‍പ്പില്‍ ഓരോ കഥയുണ്ടാക്കി എന്നെ പറ്റിക്കാന്‍ നോക്കിയാലുണ്ടല്ലോ...''

''കഥയല്ലാ, പച്ചയായ പരമാര്‍ത്ഥം. ബുക്കിലെങ്ങും കാണാത്ത യഥാര്‍ത്ഥ ചരിത്രം. നീയത് അറിയണം. ക്ഷമയോടെ കേള്‍ക്കണം.''

രാധികയുടെ മുഖത്ത് ദേഷ്യം മാറി ആകാംക്ഷയായി. ശരീരഭാഷയിലും മാറ്റം വന്നു. അവളെന്നെ കേള്‍ക്കാന്‍ കണ്ണു കൂര്‍പ്പിച്ചിരുന്നു. ഞാന്‍ പറഞ്ഞുതുടങ്ങി.

''കുറേയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. തിരുവിതാംകൂറിലെ രാജാവിന് കൊട്ടാരത്തില്‍ ചില അതിഥികളുണ്ടായിരുന്നു. നാടുചുറ്റാന്‍ നടക്കുന്ന കുറച്ചു യൂറോപ്യന്‍സ്. ഓരോ നാട്ടിലേയും നാടന്‍ ഭക്ഷണങ്ങള്‍ കണ്ടെത്തുക, ഇഷ്ടപ്പെട്ടത് ഉണ്ടാക്കാന്‍ പഠിക്കുക, പോകുന്ന മറ്റിടങ്ങളിലുള്ളവരെ അതൊക്കെ പഠിപ്പിക്കുക ഒക്കെയായിരുന്നു ആ സംഘത്തിന്റെ പരിപാടികള്‍. പല രാജ്യങ്ങളും കറങ്ങി, ഒടുവില്‍ മലബാറിലേയും തിരുവിതാംകൂറിലേയും നാട്ടുവഴികളിലൂടെ നടന്ന് ഇവിടുത്തെ ഭക്ഷണരീതികളൊക്കെ പഠിച്ചിട്ടുള്ള വരവാണ്. കൊട്ടാരത്തിനു പുറത്ത് രാജാവിന്റെ സഹോദരിയുടെ ബംഗ്ലാവിലായിരുന്നു അവരുടെ സ്റ്റേ. അതിഥികളാണെങ്കിലും ഭക്ഷണപ്രിയരും ഗവേഷകരുമായതിനാല്‍, ബംഗ്ലാവില്‍ സ്വന്തമായി പാചകം ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടി രാജാവ് സായിപ്പന്മാര്‍ക്കു നല്‍കിയിരുന്നു. ഒരു ദിവസം ഒരു സായിപ്പ് പുതിയൊരു പലഹാരമുണ്ടാക്കി. മുളങ്കുറ്റിയില്‍ അരിപ്പൊടിയും തേങ്ങയും നിറച്ച് ആവിയില്‍ വേവിച്ചാണ് അതുണ്ടാക്കുന്നത്. രാജാവിന് ഒരു അനന്തിരവളുണ്ടായിരുന്നു, അത്തം തിരുനാള്‍ കാര്‍ത്യായിനി തമ്പുരാട്ടി. യൗവ്വനയുക്തയായ കാര്‍ത്യായിനിക്ക് ചെറുപ്പക്കാരനായ സായിപ്പ് താനുണ്ടാക്കിയ പുതിയ പലഹാരം കഴിക്കാന്‍ നല്‍കി. അവളത് പ്രേമത്തോടെ വാങ്ങി പാളയംകൊടന്‍ പഴവും ചേര്‍ത്തു കുഴച്ച് കഴിച്ചു.

''ഹാ! എന്താ രുചി.''

കൊട്ടാരത്തിലെ ഒരംഗം ഈ രംഗം കണ്ടുകൊണ്ടുവന്നു. അതിവേഗം അന്തരീക്ഷമാകെ പ്രക്ഷുബ്ധമായി. സായിപ്പിന്റേയും തമ്പുരാട്ടിയുടേയും പ്രേമമല്ലാ, ആ പലഹാരമായിരുന്നു പ്രശ്‌നഹേതു. കീഴാള ജാതിക്കാര്‍ മാത്രം കഴിക്കുന്ന കമ്പംതൂറിയെന്ന ഭക്ഷണമായിരുന്നു അത്. വിഷയമറിഞ്ഞ രാജാവ് വിദേശികളോട് വേഗം കൊട്ടാരം വിടാന്‍ കല്പിച്ചു. കീഴ്ജാതിക്കാരന്റെ ഭക്ഷണം കഴിച്ചതോടെ തമ്പുരാട്ടി ജാതിയിലും കൊട്ടാരത്തിലും ഭ്രഷ്ടയായി. പക്ഷേ, ഭ്രഷ്ടയായത് തമ്പുരാട്ടിക്കുട്ടിയാണ്. നായന്മാര് ചെയ്യുന്നപോലെ വല്ല പുലയനോ മണ്ണാനോ എടുത്തോട്ടേയെന്നു വച്ച് വഴിയിലിറക്കി വിടാന്‍ പറ്റുമോ? എന്നാലോ, സ്വജാതിയില്‍ കൂട്ടാനും പറ്റില്ല. കാര്‍ത്യായിനിയെ നായന്മാര്‍ക്കാര്‍ക്കെങ്കിലും ഇഷ്ടദാനം നല്‍കാന്‍ രാജാവ് ഒരു ശ്രമം നടത്തി. പെഴച്ചതാണെങ്കിലും, എന്തിന് ഒന്നോ രണ്ടോ പെറ്റതാണെങ്കില്‍ക്കൂടി അവര്‍ പോറ്റിയേനെ. ഇതിപ്പൊ കമ്പംതൂറി തിന്നുപോയില്ലേ, ഞങ്ങക്കെങ്ങും വേണ്ടാന്ന് നായന്മാരും പറഞ്ഞു. ഒടുവില്‍ വര്‍ക്കലയ്ക്കടുത്ത് ഒരു ചോവക്കുടിയിലെ നാണുക്കുട്ടന് കാര്‍ത്യായിനിയെ രായ്ക്കുരാമാനം കെട്ടിച്ചു കൊടുത്തു.''

രാധിക ശ്രദ്ധയോടെ കഥ കേള്‍ക്കുന്നുണ്ടായിരുന്നു. കമ്പംതൂറിയെന്ന പേരു കേട്ടപ്പോള്‍ത്തന്നെ രാധികയുടെ മുഖം തീട്ടത്തില്‍ ചവിട്ടിയതുപോലെ 'അയ്യേ' എന്നാവുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. നാലഞ്ചു തലമുറകള്‍ പിറകോട്ടു പോയാല്‍ ആരും അമേധ്യത്തില്‍ ചവിട്ടിപ്പോകുമെന്ന് മനസ്സിലോര്‍ത്ത് ഞാന്‍ ചരിത്രകഥനം തുടര്‍ന്നു:

''കമ്പംതൂറി കാര്‍ത്യായനിക്കു നാണുക്കുട്ടനിലും അയല്‍വക്കത്തെ കേളന്‍ പറയനിലും കൂടി ഒന്‍പത് മക്കളുണ്ടായി. അതില്‍ മൂന്നെണ്ണം യൗവ്വനം തികച്ചു. രണ്ടു പെണ്ണും ഒരാണും. അയാളുടെ പേര് കരുണന്‍. കഥയറിയാവുന്നവര്‍ അയാളെ കമ്പംതൂറി കരുണന്‍ എന്നു കളിയാക്കി വിളിച്ചു. പക്ഷേ, കരുണന്‍ ചിന്തകനായിരുന്നു. കളിയാക്കലുകള്‍ അയാളെ തെല്ലും ബാധിച്ചില്ല. സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ പന്തിഭോജനം നടത്തിയപ്പോ പങ്കെടുക്കാന്‍ കരുണനും പോയി. അയ്യപ്പനോട് കരുണന്‍ തന്റെ ഒരു ആവശ്യം വളരെ രഹസ്യമായി സൂചിപ്പിച്ചു നോക്കി, പന്തിഭോജനത്തിന്റെ മെനുവില്‍ കമ്പംതൂറി കൂടി ഉള്‍പ്പെടുത്തണമെന്ന്. എന്തുകൊണ്ടോ അതുണ്ടായില്ല.

ചെറായിയില്‍നിന്നു പിണങ്ങി തിരികെ വരുന്ന വഴി ആലുവയില്‍ വച്ചാണ് കരുണന്‍ അച്ചാമ്മയെ കാണുന്നത്. ഇടുക്കിയില്‍ മല കയ്യേറാന്‍ പോകുന്ന പെലയക്കൂട്ടത്തിലെ പെണ്ണായിരുന്നു അച്ചാമ്മ. കരുണനും അവരുടെ കൂടെ നേരെ ഇടുക്കിക്ക് വച്ചുപിടിച്ചു. കുടി കെടക്കാന്‍ ഒരു തുണ്ടു മണ്ണു കണ്ടെത്തും മുന്‍പേ അച്ചാമ്മ ഗര്‍ഭിണിയായി. അവര്‍ക്കുണ്ടായ കുഞ്ഞാണ് ഈശോ. ഞെട്ടണ്ടാ, ഈശോ ജനിക്കും മുന്‍പേ തന്നെ, മറ്റുള്ള കുടിയേറ്റക്കാരെപ്പോലെ കരുണനും അച്ചാമ്മയും മതം മാറി സെക്കന്‍ഡ് ക്ലാസ്സ് ക്രിസ്ത്യാനികളായിട്ടുണ്ടായിരുന്നു.
ഫ്രാന്‍സിസ് എന്നു പേരുമാറ്റിയ കരുണന് പക്ഷേ, മണ്ണിന്റെമേല്‍ അധികാരം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ജീവിക്കാന്‍ വഴിയില്ലാതെ അയാള് അവിടൊരു ചായക്കടയിട്ടു. കമ്പംതൂറിയും കടലക്കറിയുമായിരുന്നു കടയിലെ സ്പെഷ്യല്‍. രാവിലെ കടലക്കറിയെങ്കില്‍ രാത്രി പോത്തുകറി കൂട്ടി കമ്പംതൂറി വാരിത്തിന്നു പുത്തന്‍ മുതലാളിമാരും പണിക്കാരായ പാണ്ടികളും അങ്ങ് തഴുത്തു. ഫ്രാന്‍സിസിന്റെ കീശയും. അപ്പോഴേക്കും കമ്പംതൂറിയെന്ന കീഴാളപ്പേരൊക്കെ മാറി, ആള്‍ക്കാരതിനെ പുട്ട് എന്നൊക്കെ വിളിക്കാന്‍ തുടങ്ങി.

കാലം കടന്നുപോയി. ഒരുരുള്‍പൊട്ടലില്‍ കട ഒലിച്ചുപോയപ്പോള്‍, കയ്യില്‍ പൂത്തകാശുമായി ഫ്രാന്‍സിസും കുടുംബവും തന്റെ വൃദ്ധമാതാവിനെ കാണാന്‍ വര്‍ക്കലയില്‍ വന്നു. പട്ടിന്റെ മുണ്ടും ജൂബയുമിട്ട് പുത്തന്‍ പണക്കാരനായി മുന്നില്‍ നില്‍ക്കുന്ന കരുണനെ കണ്ടപ്പോ കാര്‍ത്യായനി കോരിത്തരിച്ചു. പക്ഷേ, ഫ്രാന്‍സിസിന്റെ കഴുത്തിലെ വെന്തിങ്ങയും അച്ചാമ്മയുടെ ചട്ടേം മുണ്ടും കൂടി കണ്ടപ്പോള്‍ കോരിത്തരിപ്പ് കോപമായി. അവര്‍ നവയൗവ്വനത്തിലെ തന്റെ പ്രണയ ചാപല്യമോര്‍ത്ത് നിലവിളിച്ചു. ഫ്രാന്‍സിസിന്റെ സില്‍ക്ക് ജൂബയുടെ കോളറില്‍ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ''നീ അത്തം തിരുനാള്‍ കാര്‍ത്യായനി തമ്പുരാട്ടിയുടെ മകനാണ്. ക്ഷത്രിയനാണ് നീ. അങ്ങനെ ജീവിച്ചാ മതി.''

അങ്ങനെ അല്‍ഷിമേഴ്സ് ബാധിച്ച അമ്മയുടെ അവസാന ആഗ്രഹമെന്ന നിലയില്‍ അറുപതാം വയസ്സില്‍ ഫ്രാന്‍സിസ്, കരുണാകര വര്‍മ്മയായി. അച്ചാമ്മ ഫ്രാന്‍സിസ്, അംബികാ വര്‍മ്മയായി. ഈശോ ഫ്രാന്‍സിസ്, ആദിത്യവര്‍മ്മയും. വര്‍ക്കലയില്‍ കേരളത്തിലെ ആദ്യത്തെ പുട്ടുകട തുടങ്ങിയത് ആദിത്യവര്‍മ്മയാണ്. അതു പിന്നെ കരുനാഗപ്പള്ളിയിലും ഫോര്‍ട്ട് കൊച്ചിയിലും കൊയിലാണ്ടിയിലും ഇന്നിപ്പോള്‍ ദുബായിലും ലണ്ടനിലുമൊക്കെ ബ്രാഞ്ചുള്ള വലിയ വ്യവസായ സംരംഭമായി. ഇന്നും വര്‍മ്മാസ് പുട്ടും പുട്ടുപൊടിയും തന്നെയാണ് വിപണിയിലെ നമ്പര്‍ വണ്‍.

ഇനിയാണ് കഥയുടെ ക്ലൈമാക്‌സ്. ആദിത്യവര്‍മ്മയുടെ ഏക മകള്‍ ദേവയാനി മെഡിക്കല്‍ കോളേജില്‍ ഡോക്ടറാവാന്‍ പഠിക്കുമ്പോള്‍ കുഞ്ഞബ്ദുള്ള എന്ന സഹപാഠിയുമായി പ്രേമത്തിലായി. ഇക്കാര്യമറിഞ്ഞ ആദിത്യവര്‍മ്മ വാളെടുത്തു. അയാളുടെ ഭാര്യ മണ്ണെണ്ണയും. താന്‍ ഗര്‍ഭിണിയാണെന്ന സത്യം ദേവയാനി തുറന്നു പറഞ്ഞിട്ടും ഭൂമി കുലുങ്ങിയില്ല. ആകാശം ഇടിഞ്ഞു വീണില്ല. തറവാടിന്റെ മാനത്തേക്കാള്‍ വലുതല്ല നിന്റെ ഗര്‍ഭമെന്ന് അവര്‍ ദേവയാനിയുടെ മുടിയില്‍ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

അനിശ്ചിതത്വങ്ങളുടേയും ആത്മഹത്യാ ഭീഷണികളുടേയും ഇരുണ്ട നാളുകള്‍ക്ക് അറുതിവരുത്തിക്കൊണ്ട് ആദിത്യവര്‍മ്മയുടെ ഫാമിലി ഫ്രണ്ടിന്റെ മകന്‍ മാധവമേനോന്‍ ദേവയാനിയെ ഗര്‍ഭത്തോടെ സ്വീകരിക്കാന്‍ തയ്യാറായി. അവരുടെ കല്യാണം കഴിഞ്ഞ് അഞ്ചാംമാസം ദുബായില്‍ വച്ചു ജനിച്ച മകളാണ് രാധിക വര്‍മ്മ. രാധികയുടെ സ്‌കൂളിംഗ് ഒക്കെ ദുബായില്‍ത്തന്നെ ആയിരുന്നു. അവിടെ 

വച്ച് അവള്‍ക്ക് രണ്ടു കാമുകന്മാരുണ്ടായിരുന്നു. ഇപ്പോളവള്‍ ഉപരിപഠനത്തിന് കേരളത്തില്‍ വന്നതാണ്. ഇവിടെ വച്ച് ഫേസ്ബുക്ക് വഴിയാണവള്‍ സുബൈറിനെ...''
''സ്റ്റോപ്പ് ഇറ്റ്...''

കെട്ടുകഥകളില്‍ മാത്രം കേട്ടിട്ടുള്ള ഏതോ ഭീകരജീവി അലറുംപോലെയാണ് എനിക്ക് തോന്നിയത്. രാത്രി അതിന്റെ വാര്‍ദ്ധക്യത്തിലേക്ക് കടന്നിരുന്നു. കഥ പറച്ചിലിന്റെ ലഹരിയില്‍ ഞാനെന്നെതന്നെ മറന്നുപോയിരുന്നു. 
''എന്നെയും കുടുംബത്തേയും മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ഓരോ കഥയുണ്ടാക്കിയാലുണ്ടല്ലോ...''
രാധികയെന്റെ നേരെ വിരല്‍ചൂണ്ടിനിന്നു വിറച്ചു. ചെറിയ പേടി തോന്നിയെങ്കിലും ഞാന്‍ സംയമനത്തോടെ തുടര്‍ന്നു:

''രാധികാ, ഒരിക്കലും ഞാനങ്ങനെ ചെയ്യില്ല. കഥകളില്‍ സത്യമുണ്ടെന്നു കരുതുന്ന, എഴുത്തിനെ ദൈവികമായി കാണുന്ന ഒരാളാണ് ഞാന്‍. നീ ശ്രദ്ധിച്ചിട്ടുണ്ടോ മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക നോവലുകളും ചരിത്രമോ ഫ്‌ലാഷ്ബാക്കുകളോ ആണ്. ഉണങ്ങിയ മുറിവുകള്‍ മാന്തിപ്പൊട്ടിക്കുന്നതു പോലെയാണ് എനിക്കവ വായിക്കുമ്പോള്‍ തോന്നുക. ആര്‍ക്കെന്ത് ഗുണം? ഞാനൊരിക്കലും എന്റെ കഥാപാത്രങ്ങളുടെ പൂര്‍വ്വകാലം എഴുതാറേയില്ല. നിന്റെ കഥയിലും വര്‍ത്തമാനവും ഭാവിയും മാത്രമേയുള്ളൂ. ഇതിപ്പോള്‍ നീ വാശിപിടിച്ചതുകൊണ്ട് എനിക്കു പറയേണ്ടിവന്നതാണ്. അതിനെന്നോട് ക്ഷമിക്കൂ...''

രാധിക നിശബ്ദയായി താഴേയ്ക്കുതന്നെ നോക്കി ഇരിക്കുകയാണ്. പെട്ടെന്നായിരുന്നു അത്. ''ങ്ങൂം...'' എന്ന മുഴക്കത്തോടെ രാധിക പൊട്ടിക്കരയാന്‍ തുടങ്ങി. കഥ അവളെ ഉലച്ചിട്ടുണ്ട്. കരയട്ടെ, മതിയാവോളം കരയട്ടെ. എന്തായാലും, ഇനിയവള്‍ എന്റെ ഇഷ്ടത്തിനനുസരിച്ച് നിന്നോളും. എഴുത്തുകാരനോടാണ് അവളുടെ കളി. 

പക്ഷേ, അപ്രതീക്ഷിതമായത് സംഭവിച്ചു. കരഞ്ഞുകൊണ്ടിരുന്ന രാധിക വര്‍മ്മ പെട്ടെന്നു ചാടിയെണീറ്റ്, എന്റെ നെഞ്ചുനോക്കി ഒറ്റ ചവിട്ട്. ഞാന്‍ കസേരയോടെ തെറിച്ചുപോയി ചുമരിലിടിച്ച് നിലംപതിച്ചു. കുറച്ചു നേരത്തേയ്ക്ക് എനിക്കു സ്ഥലകാല വിഭ്രാന്തിയുണ്ടായി. ബോധം തിരികെ വരുമ്പോള്‍, രാധിക എന്റെ ലാപ്ടോപ് തുറന്നുവച്ച് എന്തോ ചെയ്യുകയായിരുന്നു. ഞാന്‍ എണീക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. തല ചുറ്റുന്നു. 
''നീയെന്താ അതില്‍ ചെയ്യുന്നത്?''

എന്റെ വാക്കുകള്‍ മദ്യപിച്ച് ലക്കുകെട്ടവന്റെ നടത്തംപോലെയാണ് രാധികയുടെ അടുത്തേയ്ക്കു പോയത്. അവളെന്നെ മൈന്‍ഡ് ചെയ്യുന്നേയില്ല. ഞാന്‍ പതിയെ എണീറ്റ് അവളുടെ അടുത്ത് ചെന്നു. ഞാന്‍ ഞെട്ടിപ്പോയി.
''അയ്യോ, എന്റെ കഥകള്‍! എന്റെ നോവല്‍! എന്റെ ജീവിതം!''

ഞാന്‍ ഉറക്കെ നിലവിളിച്ചു. ആ ഒരുമ്പെട്ടവള്‍ സകലതും ഡിലീറ്റാക്കി. എന്നിട്ടും ദേഷ്യം തീരാഞ്ഞിട്ട് അവളാ ലാപ്ടോപ് ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നും താഴെ സ്വിമ്മിംഗ് പൂളിലേയ്ക്ക് വലിച്ചെറിഞ്ഞു. എന്നിട്ടെന്നെ തള്ളിമാറ്റി, കയറിവന്നതിനേക്കാള്‍ വേഗത്തില്‍ ഇറങ്ങിപ്പോയി. ആ രാത്രിയോടെ എന്റെ കഥ കഴിഞ്ഞു. അതിനുശേഷം ഞാനൊന്നും എഴുതിയിട്ടില്ല. എഴുതാന്‍ തോന്നിയിട്ടില്ല. 

സുബൈറിനെപ്പറ്റിയോ രാധികയെപ്പറ്റിയോ മാസങ്ങളായി യാതൊരു വിവരവുമില്ല. എന്നാലും ഈ ഗ്രില്ലിന്റെ കമ്പിയില്‍ തല ചാരിയിരുന്നു വല്ലപ്പോഴും ഞാനവരെപ്പറ്റി ഓര്‍ക്കും. അവരുടെ ആരും കൊതിക്കുന്ന ആ പ്രണയകാലം വെറുതേ കിനാവുകാണും.

പക്ഷേ, ഇന്നിപ്പോഴിതാ എന്നെ ഞെട്ടിച്ചുകൊണ്ട്, ആശുപത്രി കാന്റീനില്‍നിന്നും ഭാര്യ പുട്ടും പയറും പൊതിഞ്ഞുകൊണ്ടുവന്ന പത്രക്കടലാസില്‍ അവരുടെ ചിത്രം! വെഡിംഗ് ടുഡേ - രാധിക ആന്റ് സുബൈര്‍. പത്രത്തിലെ ഡേറ്റ് അറിയാന്‍ വയ്യ, പകുതി പേപ്പറേയുള്ളൂ. എന്നാലും എനിക്ക് സന്തോഷമായി. ഒടുവില്‍ അവള്‍ക്ക് തിരിച്ചറിവുണ്ടായല്ലോ. പാവം പെണ്ണ്. സൈക്യാട്രി വാര്‍ഡിലെ സെല്ലിലിരുന്ന്, ഞാന്‍ ഏറെ നാളുകള്‍ക്കുശേഷം വളരെ രുചിയോടെ പുട്ട് വാരി കഴിക്കാന്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com