'ചന്ദ്രികാചര്‍ച്ചിതം'- വി.ആര്‍. സുധീഷ് എഴുതിയ കഥ

അഭിസാരികമാരെക്കുറിച്ചായിരുന്നു എന്റെ ആദ്യകാല ഗവേഷണം. ചന്ദ്രഗിരിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലുള്ള പേരുകേട്ട തേവിടിശ്ശികളെക്കുറിച്ചു പലമാതിരി കേട്ടറിവുകളേ ഉണ്ടായിരുന്നുള്ളൂ
വിആർ സുധീഷ്/ ഫെയ്സ്ബുക്ക്
വിആർ സുധീഷ്/ ഫെയ്സ്ബുക്ക്

ഭിസാരികമാരെക്കുറിച്ചായിരുന്നു എന്റെ ആദ്യകാല ഗവേഷണം. ചന്ദ്രഗിരിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലുള്ള പേരുകേട്ട തേവിടിശ്ശികളെക്കുറിച്ചു പലമാതിരി കേട്ടറിവുകളേ ഉണ്ടായിരുന്നുള്ളൂ. കൂത്തുപറമ്പ് മാണിക്കായിരുന്നു അവരില്‍ കൂടുതല്‍ കേളി. പാലയാട് ജാനകി, എടോടി ലക്ഷ്മി, മുക്കാളി സരസ, ചെരണ്ടത്തൂര്‍ ചന്ദ്രി എന്നിങ്ങനെ വളരെ കുറച്ചുപേരേ അക്കാലത്ത് പുകഴ്ചയുള്ള വെടിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നുള്ളൂ. കൂത്തുപറമ്പ് മാണി മറ്റുള്ളവരേക്കാള്‍ മുന്‍പേ, ഏകദേശം അരനൂറ്റാണ്ടു മുന്‍പേ മരണമടഞ്ഞവളാണ്. അങ്ങനെയൊരാള്‍ ഇല്ലെന്നാണ് ഒരു കൂത്തുപറമ്പുകാരന്‍ തറപ്പിച്ചു വാദിച്ചത്. രക്തസാക്ഷിത്വത്തിന്റെ പേരില്‍ മാത്രം കൂത്തുപറമ്പിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന അയാളുടെ നിഷേധത്തെ ഖണ്ഡിക്കാന്‍ മതിയായ തെളിവുകളൊന്നും എന്റെ കയ്യിലില്ലായിരുന്നു. മാണിയുടെ പിന്‍തലമുറക്കാരാകട്ടെ, പൂര്‍വ്വചരിത്രം ഓര്‍ക്കാനേ ഇഷ്ടപ്പെട്ടില്ല.

ഞാന്‍ നേരിട്ടുകണ്ട, പരിചയപ്പെട്ട ഒരേയൊരു വേശ്യാസ്ത്രീ ചെരണ്ടത്തൂര്‍ ചന്ദ്രിയാണ്. എന്റെ പ്രീഡിഗ്രി കാലത്തും ഡിഗ്രി കാലത്തും കത്തുന്ന ചോപ്പുവെളിച്ചവും നീലവെളിച്ചവും സാരിയില്‍ ചൊരിഞ്ഞ് അന്തിമയങ്ങും മുന്‍പ് ചന്ദ്രി വടകര ടൗണിലെത്തും. സഫയറിലോ സവിതയിലോ കയറി ഒരു കാലിച്ചായ കുടിക്കും. അപ്പോഴേക്കും ടാക്‌സിസ്റ്റാന്‍ഡിലെത്തിയ ആര്‍ക്കെങ്കിലും ചോരയ്ക്ക് ചൂട് പിടിച്ചുകാണും. പിന്നെ ഏതെങ്കിലും ടാക്‌സിയില്‍ ചന്ദ്രി എങ്ങോട്ടോ മറയുന്നു.

പുഞ്ചിരിയോടെയാണ് എപ്പോഴും ചന്ദ്രിയെ കാണാറ്. കുട്ടിയുടെ മുഖഭാവമാണ്. മുപ്പത് വയസ്സ് കാണും. പതിയെ ആണ് നടക്കുക. പൊലയാടിച്ചി ആക്രാന്തമില്ല. പാകത വന്ന വര്‍ത്തമാനം. രാത്രിക്കൂട്ട് കഴിഞ്ഞ് പുലരുമ്പോഴാണ് ചന്ദ്രി മടങ്ങുക. കരിമ്പനപ്പാലത്തെ മരവ്യവസായികളുടെ നിരനിരയായി അടുക്കിവെച്ച ഓട്ടുകൂനകള്‍ക്കിടയിലായിരുന്നു ചന്ദ്രിയുടെ അവസാനകാല വിഹാരം. ഒരു പൈന്‍ഡ് ബ്രാണ്ടിയുമായി സന്ധ്യാനേരത്ത് ചന്ദ്രി അവിടെ എത്തിച്ചേരും. നിത്യകാമുകനായ ഗംഗാധരന്‍ ചന്ദ്രിയെ കാത്തിരിക്കും. ഓട്ടുകൂനയുടെ മറവില്‍ ഇരുവരും ബ്രാണ്ടി കുടിച്ച് ആമോദം രമിച്ചടങ്ങും.

എന്റെ ചങ്ങാതിയായ പ്രകാശനുമായി ചന്ദ്രിക്ക് നല്ല അടുപ്പമായിരുന്നു. പ്രകാശന് പ്രായത്തില്‍ കവിഞ്ഞ ആകാരമായിരുന്നു. ഗള്‍ഫില്‍ ബിസിനസ്സ് ചെയ്യുന്ന ഹസ്സന്‍ ഹാജിയുടെ മേപ്പയിലെ വീട് വാടകക്കാര്‍ ഒഴിഞ്ഞുപോയപ്പോള്‍ പ്രകാശനെയാണ് നോക്കാന്‍ ഏല്പിച്ചത്. പ്രകാശന്‍ അവിടെ താമസം തുടങ്ങി. ഒന്നുരണ്ടു ദിവസം ചന്ദ്രിയേയും കൂട്ടിനു വിളിച്ചു. സഫയറില്‍ ഒരു ദിവസം ഞാനും പ്രകാശനും ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ചന്ദ്രി വന്നുകയറി. പ്രകാശന്‍ എന്നെ ചന്ദ്രിക്കു പരിചയപ്പെടുത്തി. മോനേ എന്നാണ് ചന്ദ്രി എന്നെ വിളിച്ചത്. എനിക്ക് അതൊട്ടും ഇഷ്ടമായില്ല. എനിക്ക് ചന്ദ്രിയോട് പൂതി ഉണ്ടായിരുന്നു. അത് പ്രകാശന്‍ ചന്ദ്രിയോട് പറഞ്ഞിരുന്നു. ഓന്‍ കുട്ടിയല്ലേ എന്നാണ് ചന്ദ്രി പ്രതികരിച്ചത്. ചന്ദ്രിയോട് അന്നൊക്കെ സംസാരിക്കാന്‍ പേടിയായിരുന്നു. എല്ലാവരും ശ്രദ്ധിക്കും. ചന്ദ്രി ടൗണില്‍ ബസിറങ്ങിയാല്‍ എല്ലാ കണ്ണുകളും നീണ്ടു വളഞ്ഞു കൂടെ പുളഞ്ഞുവരും.

ചന്ദ്രിയുടെ കൂടെ എന്നെങ്കിലും പ്രകാശനെപ്പോലെ ഏതെങ്കിലും വീട്ടില്‍ ഒരു രാത്രി കൂടണമെന്ന് എനിക്ക് കടുത്ത ആശയുണ്ടായി. നമ്പൂതിരി ചിത്രം പോലുള്ള ചന്ദ്രിയുടെ വടിവ് വരഞ്ഞുവെച്ച ശരീരത്തില്‍ എന്റെ കാമനകള്‍ രാത്രികാലങ്ങളില്‍ മുരണ്ടുപറന്നു.

ചിത്രീകരണം/ സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/ സചീന്ദ്രന്‍ കാറഡുക്ക

ചന്ദ്രിയെ കൊണ്ടുപോകാന്‍ എനിക്ക് ഇടമില്ലായിരുന്നു. 
ചന്ദ്രി വിളിക്കുന്നിടത്ത് പോകാന്‍ ധൈര്യമില്ലായിരുന്നു.
ചന്ദ്രിക്ക് കൊടുക്കാന്‍ പൈസയില്ലായിരുന്നു.
മോഹങ്ങളങ്ങനെ വെറുതെ ഉലയില്‍ ഊതിക്കളിച്ചു.
'ഇഞ്ഞ് എന്റെ കഥയെഴുത്വോ?'
ഒരിക്കല്‍ ചന്ദ്രി എന്നോട് ചോദിച്ചു.

സവിതയില്‍ ചായ കുടിക്കുമ്പോള്‍ മുന്നില്‍ വന്നിരുന്നതാണ്. എഴുതാനാണോ എഴുതാതിരിക്കാനാണോ ചന്ദ്രി അന്വേഷിക്കുന്നതെന്ന് പെട്ടെന്ന് ആലോചിച്ച് ഉത്തരം പറയാനാവാതെ ഞാന്‍ ശങ്കിച്ചിരുന്നു.

ചന്ദ്രി പറഞ്ഞു:
'എഴുതാന്‍ ഒരുപാടുണ്ട് മോനേ. എന്റെ കഥ പറഞ്ഞാല്‍ തീരില്ല.'
പറയാന്‍ ഒരു രാത്രിയും കഴിയാന്‍ ഒരു വീടും വേണം. ടാക്‌സിസ്റ്റാന്‍ഡില്‍നിന്ന് ഓരോ സന്ധ്യയ്ക്കും ചന്ദ്രി ആരുടെയൊക്കെയോ കൂടെ കാറില്‍ പറന്നുപോകുന്നത് നിരാശയോടെ ഞാന്‍ നോക്കിനില്‍ക്കും.
എം.എ. പരീക്ഷ തലശ്ശേരി പോയി എഴുതാന്‍ നന്നേ രാവിലെ ഞാന്‍ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ചന്ദ്രിയെ കണ്ടു.
'നല്ല കണി. ഇന്ന് പരീക്ഷയാ.'
ഞാന്‍ പറഞ്ഞപ്പോള്‍ ചന്ദ്രി നിറഞ്ഞു ചിരിച്ചു.

പരീക്ഷ ഞാന്‍ നന്നായി എഴുതി. നാലാം റാങ്കും കിട്ടി. നീലച്ചേലയിലും ചോപ്പിലും ചന്ദ്രിയെ പിന്നീട് അന്തിമാനത്തിനു കീഴെ മിന്നല്‍ നുറുങ്ങുപോലെ പലയിടങ്ങളിലും കണ്ടു.
നാടുവിട്ടതില്‍പ്പിന്നെ ചന്ദ്രി മനസ്സില്‍നിന്നു പോയി. അവളോട് തോന്നിയ റങ്കും മറവിയിലൊഴുകിപ്പോയി.
ഇന്നാളൊരിക്കല്‍ ചെരണ്ടത്തൂര്‍ വഴി ഒരു കല്യാണച്ചടങ്ങിനു കൂടാന്‍ പോയപ്പോള്‍ ഞാന്‍ ചന്ദ്രിയെ ഓര്‍ത്തു. അവളെ അന്വേഷിച്ചു. ഇരുപത് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കണം.

ചന്ദ്രിയും ജാനുവും. രണ്ട് പെണ്‍കുട്ടികളായിരുന്നു കുന്നുമ്മല്‍ രാഘവനും ദേവകിക്കും. ചന്ദ്രി പത്താംതരവും ജാനു എട്ടാംതരവും തോറ്റ് വീട്ടിലിരിക്കുന്ന കാലത്താണ് രാഘവന്‍ പേപ്പട്ടി കടിച്ച് മരിച്ചത്. ദേവകി ആദ്യ പ്രസവത്തില്‍ത്തന്നെ മാനസികനില തെറ്റിയ നിലയിലായിരുന്നു. ചന്ദ്രി ചേര്‍ക്കായി കുഞ്ഞമ്പുവിന്റേയും ജാനു ആയിരത്തൊടി കൃഷ്ണക്കുറുപ്പിന്റേയും വീട്ടില്‍ ജോലിക്കു പോയി. അമ്മയെ വീട്ടിനകത്ത് പൂട്ടിയിടും. മക്കള്‍ വൈകീട്ട് വരുന്നതുവരെ ജാലകത്തിനരികില്‍ മരയഴിപിടിച്ച് ദേവകി നടവഴിയിലേക്ക് നോക്കിയിരിക്കും.
ചന്ദ്രിയും ജാനുവും കാണാന്‍ ഒരുപോലെയായിരുന്നു. രണ്ടുപേരെയും പരസ്പരം മാറിപ്പോകുമായിരുന്നു. ഇരുവരുടേയും ഉടലാഴ പ്രവേശം അതാതു ഗൃഹങ്ങളിലെ നായകന്മാര്‍ തന്നെയാണ് യഥോചിതം നിര്‍വ്വഹിച്ചത്. ജാനു അവിടുത്തെ കിണറ്റില്‍ വീണു മരിച്ചു. ഗര്‍ഭിണിയായിരുന്നെന്നും കൊന്നിട്ടതാണെന്നും സംസാരമുണ്ടായി. കുഞ്ഞമ്പുവും ചന്ദ്രിയും തമ്മിലുള്ള രഹസ്യച്ചടങ്ങ് കണ്ണില്‍പ്പെട്ട വീട് ചന്ദ്രിയെ പറഞ്ഞുവിട്ടു. അങ്ങനെ ചന്ദ്രി ചെരണ്ടത്തൂരില്‍നിന്നും നിത്യേന വടകരക്ക് ബസ് കയറി.
ഓടിന്റെ അട്ടിക്കൂന മറവിലെ ഇളകിയാട്ടങ്ങളുടെ കാലത്ത് ചന്ദ്രി ഗംഗാധരന്റേതു മാത്രമായി. പണം കൊണ്ടും അധികാരം കൊണ്ടും പ്രബലനായിരുന്ന ഗംഗാധരന്റെ ഇഷ്ടക്കാരൊക്കെ ചന്ദ്രിക്കു മേലെ നിലംപൊത്തി. അഞ്ഞൂറ് മില്ലി ബ്രാണ്ടി നിത്യേന കുടിച്ച് ഗംഗാധരനു മതിയായ്മ കൊടുത്ത് മദിച്ച ചന്ദ്രിയുടെ ജീവിതം ഓടുകളുടെ അട്ടിക്കൂനകള്‍ക്കിടയില്‍ മെലിഞ്ഞുതീര്‍ന്നു.
എയ്ഡ്‌സ് വന്നാണ് ഗംഗാധരന്‍ മരിച്ചത്.

ചന്ദ്രിയും അങ്ങനെയായിരിക്കണമെന്ന് ഒട്ടും വിനീതരല്ലാത്ത ചരിത്രകാരന്മാര്‍ പറയുന്നു!
ഗവണ്‍മെന്റ് ആശുപത്രിയില്‍ അനാഥശവമായി കിടന്ന ചന്ദ്രിയെ തിരിച്ചറിഞ്ഞത് മണിയൂരിലെ ഭാസ്‌കരന്‍ എന്ന പൊലീസുകാരനാണ്. അയാള്‍ക്ക് ചന്ദ്രിയോട് പണ്ടേ പിരിശമുണ്ടായിരുന്നു. അയാളുടെ ഉത്സാഹത്തിലാണ് ചന്ദ്രിയുടെ ജഡം ചെരണ്ടത്തൂരിലെത്തിച്ചത്. ചെരണ്ടത്തൂര്‍ അങ്ങാടിയില്‍ ആംബുലന്‍സിലെത്തിയ പൊലീസുകാര്‍ ചന്ദ്രിയുടെ വീടന്വേഷിച്ചു. ആളുകള്‍ പരസ്പരം നോക്കി മിഴിച്ചു. ചെരണ്ടത്തൂരില്‍ അങ്ങനെ ഒരു ചന്ദ്രിയോ ചന്ദ്രിയുടെ വീടോ ഇല്ലായിരുന്നു! രണ്ടു മൂന്നു നാഴികകള്‍ക്കപ്പുറത്ത് മുതുവനക്കടുത്തായിരുന്നു ചന്ദ്രിയുടെ വീട്. വൈകീട്ട് ഊടുവഴികളും വയല്‍വരമ്പുകളും താണ്ടി കുന്നുകയറിയിറങ്ങി മുതുവനനിന്നും ചന്ദ്രി ചെരണ്ടത്തൂരിലെത്തും. അവിടെനിന്നാണ് വടകരക്കുള്ള ബസ്. നാട്ടുകാര്‍ അറിയാതിരിക്കാന്‍ ചെരണ്ടത്തൂരില്‍ വന്നു ബസ് കയറിയും ഇറങ്ങിയും മുതുവനയുള്ള ചന്ദ്രി ആളുകള്‍ക്ക് ചെരണ്ടത്തൂര്‍ ചന്ദ്രിയായി. കഥാപ്രാസംഗികര്‍ക്കും കലാകാരന്മാര്‍ക്കും കവികള്‍ക്കും മാത്രമല്ല, പോയകാലത്തെ അഭിസാരികമാര്‍ക്കും അതാതു നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ പേരിനോട് നാടിന്റെ നാമം കെട്ടി പുകഴ്ച നല്‍കി.

പുലര്‍കാലത്താണ് ചന്ദ്രികയുടെ മടക്കം.
അഞ്ചേ അന്‍പതിന്റെ പീപ്പിള്‍സിന്.

തോരാത്ത ചന്ദ്രവെളിച്ചം തലപ്പാവിട്ട കുന്നുകയറി ചെരണ്ടത്തൂര്‍ പാടം കടന്ന് പൊന്‍ചുവപ്പിന്റെ പുലരിയില്‍ കത്തുന്ന മറ്റൊരു ചുവപ്പായി ചന്ദ്രി ദൂരെനിന്നു വരുന്ന കാഴ്ച അതിരമണീയമായിരിക്കും. നെല്ലോളി അമ്പലത്തിനു പിറകിലുള്ള ഇടവഴിയിലൂടെയാണ് ചന്ദ്രി വീടെത്തുക. ചിലപ്പോള്‍ കാറിലോ ജീപ്പിലോ നേരത്തെ എത്തുമ്പോള്‍ വഴിയില്‍ തിങ്കള്‍ത്തരികള്‍ മാത്രമേ കാണുകയുള്ളൂ. അമ്പലപ്പറമ്പിനു പിന്നില്‍ പാതിരയ്ക്കു യക്ഷിയെ കണ്ടതായി ചില കാലങ്ങളില്‍ പറച്ചില്‍ ഉണ്ടായിരുന്നു. യക്ഷിയെ പേടിച്ച് പലരും വഴി മാറി നടന്നു. അത് ചന്ദ്രിയായിരുന്നു എന്നു വൈകിയാണ് ആളുകളുടെ തലയിലുദിച്ചത്. ചന്ദ്രി വരുമ്പോള്‍ ചെരണ്ടത്തൂര്‍ ചിറയില്‍ സൂര്യവെളിച്ചം താമരപ്പൂക്കള്‍ക്കൊപ്പം ഒഴുകുന്നുണ്ടാകും. ഘടികാരസൂചിയെ ഓര്‍മ്മിപ്പിക്കുന്ന കിക്ക് കിക്ക് ശബ്ദവുമായി പവിഴക്കാലികള്‍ ചതുപ്പുകള്‍ക്കുമേലെ കൂട്ടത്തോടെ അതിവേഗത്തില്‍ പറക്കുന്നുണ്ടാകും. ദേശാടനപ്പക്ഷികളായ വയല്‍ക്കോതികള്‍ നിരനിരയായി വെള്ളത്തില്‍ ചിറകനക്കുന്നുണ്ടാകും. ഊതനിറമുള്ള താമരക്കോഴികള്‍ ഒരു വശത്ത്. കത്രികപ്പക്ഷികള്‍ മറുവശത്ത്. ദൂരെ കൊറ്റികളുടെ പാടം.

ചന്ദ്രിയുടെ ജഡവുമായി ആംബുലന്‍സ് അരമണിക്കൂര്‍  ചെരണ്ടത്തൂര്‍ അങ്ങാടിയില്‍ കാത്തുനിന്നു.
ചന്ദ്രിയെ തിരിച്ചറിഞ്ഞ ആരോ പൊലീസുകാര്‍ക്ക് മുതുവനക്കുള്ള വഴി പറഞ്ഞുകൊടുത്തു.
ഇടവഴികള്‍ പിന്നിട്ട് ആംബുലന്‍സ് എത്തുമ്പോള്‍ നര മൂടിയ ശിരസ്സും ശോഷിച്ച ശരീരവുമായി ഒരു മുഷിഞ്ഞ ജന്മത്തിന്റെ നന്നേ വൃദ്ധമായ കണ്ണുകള്‍ മരയഴികള്‍ക്കിടയിലൂടെ നടവഴിയിലേക്ക് തേടിവന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com