'മാരിപ്പൊറാട്ട്'- ബീന എഴുതിയ കഥ

നെയ്ത്തുശാലകളെക്കുറിച്ച് ഒരു കവര്‍സ്‌റ്റോറി ചെയ്യുന്നതിന്റെ ഭാഗമായാണ് ഞാന്‍ മഹേശന്റെ നാട്ടിലെത്തിയത്
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

നെയ്ത്തുശാലകളെക്കുറിച്ച് ഒരു കവര്‍സ്‌റ്റോറി ചെയ്യുന്നതിന്റെ ഭാഗമായാണ് ഞാന്‍ മഹേശന്റെ നാട്ടിലെത്തിയത്. സഹ്യനില്‍നിന്ന് ഊര്‍ന്നിറങ്ങിയൊഴുകുന്ന തേജസ്വിനിപ്പുഴ നീലേശ്വരം പുഴയുടെ കൈപിടിച്ച് കടലില്‍ ലയിക്കുന്ന നാട്. കാസര്‍കോടിന്റെ സാംസ്‌കാരിക കേന്ദ്രം. ഒരുകാലത്ത് കോലത്തിരിസാമൂതിരി രാജവംശങ്ങളുടെ സങ്കലനമായ നീലേശ്വരം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശം. ബ്രിട്ടീഷ് ഭരണത്തിനും രാജഭരണത്തിനും അന്ത്യം കുറിച്ച സമരചരിത്രം കലര്‍ന്ന മണ്ണ്. പല സമുദായക്കാരായ ജനങ്ങള്‍ അവരവരുടെ കുലത്തൊഴില്‍ ചെയ്ത് വെവ്വേറെ കഴകങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ജീവിക്കുമ്പോഴും പാരസ്പര്യത്തിലൂടെ നിലനിര്‍ത്തിപ്പോന്ന സംസ്‌കാരം. 

കോലത്തിരി രാജാവ് രാജകുടുംബത്തിന് പട്ടു വസ്ത്രങ്ങള്‍ നെയ്യാനായി തഞ്ചാവൂരില്‍നിന്നു വരുത്തിയ നെയ്ത്തുകാരെ പട്ടുവാണിഭത്തെരുവില്‍ കുടിയിരിപ്പു സ്ഥാനം നല്‍കി പാര്‍പ്പിച്ചു. പട്ടുവം മുതല്‍ പനമ്പൂര്‍ വരെയുള്ള ശാലിയത്തെരുവുകളില്‍ നെയ്ത്തിന്റെ സുവര്‍ണ്ണകാലമൊരുക്കിയ പത്മശാലിയരില്‍ കാലംപോകെ കുലത്തൊഴില്‍ തുടരാന്‍ ആളില്ലാതായി. നെയ്ത്തുശാലകള്‍ നാശത്തിന്റെ വക്കിലായി. കൂലിയില്ലാതെയും കുറഞ്ഞകൂലിക്കും പണിയെടുക്കേണ്ടിവന്നു. നെയ്ത്തു തന്നെ ഉപേക്ഷിച്ചവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ഞാന്‍ നെയ്ത്തുകാരനായ മഹേശനെ പരിചയപ്പെട്ടത്. തൊഴിലില്‍നിന്നു പിരിയുമ്പോള്‍ നെയ്ത്തു സഹകരണസംഘത്തില്‍നിന്നു ഗ്രാറ്റുവിറ്റി കിട്ടാതെ കോടതിവരെ പോയി കേസുനടത്തി ജയിച്ച കടിഞ്ഞുമൂലയിലെ കുമ്പ എന്ന സ്ത്രീയെ കണ്ടെത്താന്‍ മഹേശനാണ് സഹായിച്ചത്. നെയ്ത്തില്‍ത്തന്നെ പിടിച്ചുനിന്ന മഹേശന്‍ പിന്നീട് എനിക്കൊരു കേസ് സ്റ്റഡി ആയി. 

അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രസ്ഥാനിയായ ചെട്ട്യാരശ്ശനില്‍നിന്ന് ആചാരപ്രകാരം എണ്ണ വാങ്ങിത്തേച്ച് കുളിച്ച് പൊറാട്ടു വേഷമണിഞ്ഞവര്‍ തെരുറോഡിലൂടെ നടന്ന് തളിയിലപ്പനെ വണങ്ങി. പിന്നെ ഘോഷയാത്രയായി തിരിച്ച് വീരര്‍കാവ് ക്ഷേത്രസമീപത്തെ അരയാല്‍ത്തറയിലേക്ക് നീങ്ങി. പച്ചകനത്ത ഇലകള്‍ തണല്‍വിരിച്ച അരയാല്‍ത്തറയില്‍ ചെണ്ടയില്‍ വലംതാളമടിച്ച് വാല്യക്കാര്‍ കൊട്ടിയറിയിപ്പു നടത്തി. പൂരവസന്തത്തില്‍ കാമമോഹിനികളായി ചെക്കിയും ചെമ്പകവും. തെരുവിലെങ്ങും ആചാരപ്പെരുമയുടെ ആഘോഷം കാത്തുനിന്ന ആള്‍ക്കൂട്ടത്തിന്റെ ആരവം. മറ്റു സമുദായങ്ങളുമായുള്ള മൈത്രി നര്‍മ്മത്തിലൂടെ സുദൃഢമാക്കിയും പാപപരിഹാരം ഇച്ഛിച്ചും ശാലിയ സമുദായത്തിന്റെ പൊറാട്ട്. ആചാരവേഷങ്ങളായി അട്ടക്കണം പോതി, വാഴപ്പോതി, അലാമി, സ്ഥാനികളായ അച്ചന്മാര്‍, പാങ്ങോന്മാര്‍, ചേകോന്മാര്‍. സമുദായവേഷങ്ങളായി കള്ളു ചെത്തുന്ന തീയ്യന്‍, മീന്‍പിടിക്കുന്ന മൊയോന്‍, ചെരുപ്പുകുത്തുന്ന ചക്കിലിയന്‍, മണ്‍പാത്രങ്ങളുമായി കൊയത്തി, വളവില്പനക്കാരി ചോയി, ആശാരി, മണിയാണി, വാണിയന്‍, കൊങ്ങിണിയന്‍, മാപ്പിള എന്നിവയും. കാണികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും പിന്നെയും പല വേഷങ്ങള്‍... അവയിലൊന്നായി മനോധര്‍മ്മം പറഞ്ഞ് രസിപ്പിച്ച് മഹേശന്റെ പെണ്‍വേഷം. വേഷങ്ങളുടെ അകമ്പടിയോടെ അച്ചന്‍പൊറാട്ടുകളെ അരയാല്‍ത്തറയുടെ മുന്നില്‍ ഒരുക്കിയ പീഠത്തില്‍ ഇരുത്തി. ചേകോന്‍ പൊറാട്ടുകള്‍ പോര്‍വിളി തുടങ്ങിയതും അച്ചന്‍ പൊറാട്ടുകള്‍ രാജാവിന്റെ ക്രൂരതകള്‍ തോറ്റങ്ങളായി പാടി. ഘോഷയാത്രയിലെ ദ്വയാര്‍ത്ഥ ഭാഷണങ്ങള്‍ ആസ്വദിച്ച് ആര്‍ത്തുചിരിച്ചവരെല്ലാം അന്നേരം നിശ്ശബ്ദരായി.

'പൂരംകുളിച്ച് മാടം കയറും മുന്‍പേ എന്റെ അകമ്പടികളെ കണ്ടു ബോധിപ്പിക്കാം. വലിയ അകമ്പടീ... കാരണവന്മാരേ... ചാലിയച്ചെട്ട്യാന്മാരേ... വന്നാല്‍ വന്നപോലെ കണ്ടോളണേ... ചക്കയെന്ന വണ്ണത്തിലും പോണ്ടിയെന്ന പ്രകാരത്തിലും എന്റെ കോലസ്വരൂപത്തെ ഞാന്‍ കാണിച്ചുതന്നിട്ടുണ്ട്. എടുക്കെന്റെ പഞ്ചവാദ്യം നൂറ്റെടുത്തോളം നൂലും ബാക്കി പരുത്തിയുംകൊണ്ട് കഷ്ടപ്പെടുന്ന പൈതങ്ങളേ... എന്റെ കുഞ്ഞിക്കുട്ട്യോളേ... പത്മശാലിയന്മാരേ... പത്മച്ചെട്ട്യാന്മാരേ...'
അട്ടക്കണം പോതിയുടെ ഉരിയാട്ടാണ്. 

ചുവപ്പ് മുണ്ടിന്മേല്‍ നെയ്ച്ചിങ്ങയുടെ ഓടുകൊണ്ടുള്ള അരമണികെട്ടി കാലില്‍ നെയ്ച്ചിങ്ങ കൊണ്ടുതന്നെയുള്ള ചിലമ്പിട്ട അട്ടക്കണം പോതി. സവര്‍ണ്ണന്റെ ദൈവസങ്കല്പത്തിനു നേരെയുള്ള പരിഹാസംപോലെ അട്ടക്കണം പോതി മുരിക്കിന്‍വാള്‍ കുലുക്കി കൂട്ടയില്‍നിന്ന് ഭസ്മക്കുറി വാരി ചുറ്റും വിതറിക്കൊണ്ട് 'വന്നത് വന്നതുപോലെ അനുഭവിച്ചോ...' എന്ന് ഉരിയാടിയപ്പോഴാണ് മഹേശന്‍ ഉറക്കം ഞെട്ടിയുണര്‍ന്നത്. തട്ടിപ്പിടിഞ്ഞെഴുന്നേറ്റ് കണ്ണുമിഴിച്ച് ചുറ്റും നോക്കിയപ്പോള്‍ കട്ടപിടിച്ച ഇരുട്ടല്ലാതെ മറ്റൊന്നും കണ്ടില്ല. ആന്തലോടെ പരതിനോക്കിയപ്പോള്‍ ഉടലില്‍ പൊറാട്ടുചമയങ്ങള്‍ ഒന്നുമില്ല. മഹേശനു മേലാകെ ചുട്ടുപൊള്ളി. കിടന്ന തഴപ്പായ വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. മീനച്ചൂടും ഉള്ളുരുക്കവും വല്ലാതെ പരവശനാക്കിയപ്പോള്‍ തലക്കാമ്പുറത്തുനിന്ന് മൊബൈല്‍ഫോണെടുത്ത് സമയം നോക്കി. വൈഫൈ ഓണാക്കിയതും മെസ്സേജുകളുടെ മലവെള്ളപ്പാച്ചില്‍. ഏറെയും പോയ വര്‍ഷങ്ങളിലെ പൊറാട്ടു ഘോഷയാത്രയുടെ ഫോട്ടോകള്‍. പിന്നെ കൊറോണ മരണക്കണക്ക്... പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ യമണ്ടന്‍ പാഠങ്ങള്‍... ഇനിയങ്ങോട്ട് ഒരു സാധാരണ ലോകം ഉണ്ടാവില്ലെന്നും വൈറസ് വിട്ടുപോകില്ലെന്നും പേടിപ്പിച്ചു കൊല്ലുന്ന മെസ്സേജുകള്‍ വേറെയും. മാസ്‌കു കൊണ്ട് മുഖം മറച്ചേ ഇനി മനുഷ്യജീവിതം സാദ്ധ്യമാകൂ എന്നു വേറെ ചില വാട്‌സാപ്പു വിദഗ്ദ്ധര്‍. പോയ ആണ്ടില്‍ സതിയേട്ടിയുടെ മക്കള്‍ പൂവിട്ട് പൂക്കാമനെ നിരത്തിയ പടിഞ്ഞാറ്റയില്‍നിന്ന് ഇപ്പോഴും വാടിത്തുടങ്ങിയ പൂക്കളുടെ ഗന്ധം അരിച്ചെത്തുന്നതുപോലെ മഹേശനു തോന്നി. 

'എത്ര ആഗോഷായിറ്റ് നടക്കണ്ടെ പൂരൂം പൊറാട്ട്വാന്ന്! ജനിച്ച് ഇക്കണ്ട കാലത്തിനെടക്ക് ഇദൊന്നും മൊടങ്ങ്യതായിറ്റ് നമ്മളെ അറിവില് ഒരന്ബവം ഇല്ലപ്പാ.'

വേലികളില്ലാത്ത പറമ്പുകളുടെ ഇങ്ങേത്തലക്കല്‍നിന്ന് മഹേശന്റെ അമ്മ പ്രേമ അങ്ങേപ്പറമ്പില്‍ നിന്ന ശോഭയോട് പറഞ്ഞു.
'കടിഞ്ഞിമൂലേലെല്ലം എന്താ സ്തിതി പ്രേമേട്ടീ? ആടേല്ലം പൂരങ്കുളി നടക്ക്വോ? സത്യേട്ടീരെ കുഞ്ഞള പൂവ്ടീച്ചിറ്റെ?'
'നീ എന്ത്ന്ന് പറേന്ന് ശോബേ! മറ്റെല്ലാട്ത്തക്കാളും പ്രശ്‌നൂണ്ടോലും നമ്മളെ ജില്ലേല്. ഒട്ടാകെ അടച്ച്പൂട്ട്യ മാതിര്യല്ലേ? ഒര് ദുബായിക്കാരന്‍ ഈ സൂക്കേടുംവെച്ചിറ്റ് ഏടേല്ലോ സര്‍ക്കീട്ട് പോയിനോലും. അദല്ലെ ഇങ്ങനെ പരന്നത്. സതീരാട കുഞ്ഞള പൂരംകുളിപ്പിക്കൂപ്പാ. അമ്പലത്തിലൊന്നും ഒരനക്കങ്കൂടീണ്ടാവൂല.'

'യ്യോ... ബല്ലാത്തൊര് മഹാമാര്യന്നെ... പൊറാട്ടും പൂരങ്കുളീം ഇല്ലാത്തൊര് കാലം ജീവിതത്തില്ണ്ടാവുംന്ന് നമ്മ വിജാരിച്ചിന പ്രേമേട്ടീ... ഇങ്ങനീണ്ടോപ്പ ഒര് പട്ട്ണിക്കഞ്ഞി! മീനത്തിലെ മകോല്ലെ ഇന്ന്! തെരൂല് പൊറാട്ടുംകണ്ട് ന്ക്കണ്ട നമ്മോല്ലെ അപ്പറൂം ഇപ്പറൂം തിരിയാങ്കയ്യാതെ നട്ടംതിരിയ്ന്ന്!'

തൈക്കടപ്പുറം കടിഞ്ഞിമൂലയിലേക്കാണ് മഹേശന്റെ പെങ്ങള്‍ സതിയെ കല്യാണം കഴിച്ചയച്ചത്. അവിടുത്തെ കാര്യമാണ് ശോഭ അന്വേഷിച്ചത്. ടൗണ്‍ വികസിപ്പിച്ച കാലത്ത് തെരുവില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നവര്‍ കടിഞ്ഞിമൂലയില്‍ വീടുവെച്ച് താമസമാക്കി. മഹേശന്റേതടക്കം വളരെ കുറച്ചു കുടുംബങ്ങളേ നീലേശ്വരം തെരുവില്‍ ഇനി അവശേഷിക്കുന്നുള്ളൂ. അവര്‍ക്കെല്ലാം കടിഞ്ഞിമൂലയില്‍ സ്വന്തബന്ധങ്ങളുണ്ട്.
പൂരംകുളിത്തലേന്ന് നടക്കേണ്ട അച്ചിക്കുള്ള സമുദായ സമര്‍പ്പണമായ പൊറാട്ട് മുടങ്ങിപ്പോയത് വിശ്വാസികള്‍ക്കെല്ലാം വളരെയധികം സങ്കടമുണ്ടാക്കി. ആണ്ടിലൊരിക്കല്‍ പെണ്‍വേഷം കെട്ടാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെട്ടതാണ് മഹേശന്റെ വിഷമം. ലോകത്തെ ചുറ്റിച്ച മഹാമാരിമൂലം അയാള്‍ക്ക് നഷ്ടമായത് കാത്തുകാത്തിരുന്ന സ്വയംപ്രകാശനമാണ്. പൊറാട്ടു ദിവസത്തിന്റെ ഓര്‍മ്മപോലും അയാളെ ത്രസിപ്പിച്ചു. പൊറാട്ടില്‍ പെണ്‍വേഷം കെട്ടുന്നത് അത്രയേറെ പ്രിയമുള്ള, ആത്മനിര്‍വൃതി നല്‍കുന്ന കാര്യമായിരുന്നു. കുട്ടിക്കാലത്ത് പൊറാട്ടു കണ്ടു രസിക്കുമ്പോള്‍ വളര്‍ന്നുവലുതാവാന്‍ കൊതിക്കുമായിരുന്നു. വലുതായാല്‍ വേഷമണിഞ്ഞ് ഘോഷയാത്രയുടെ ഭാഗമാവുന്നത് സ്വകാര്യമായി സ്വപ്നം കണ്ടു. കൂട്ടുകാര്‍ക്കെല്ലാം പൊടിമീശ മുളച്ചപ്പോള്‍ അവരുടെയൊക്കെ പരിഹാസത്തിന് ഇരയായിട്ടുണ്ട്. അവര്‍ കട്ടിമീശക്കാരായി വളര്‍ന്നപ്പോഴും രോമം കിളിര്‍ക്കാത്ത തന്റെ മുഖത്തുനോക്കി 'എന്തടാ നിനിക്ക് മീശ വരൂലേ? നിന്നക്കാണാന്‍ പെണ്ണിനപ്പോലീണ്ടല്ലോ' എന്നെല്ലാം കളിയാക്കിയപ്പൊഴും പകച്ചില്ലെന്നു മാത്രമല്ല, ഗൂഢമായി ആനന്ദിക്കുകയും ചെയ്തിരുന്നു. താടിമീശരോമങ്ങള്‍ മുളച്ചുവളരാനായി വീട്ടുകാരും ചങ്ങാതിമാരും പരിഹാരങ്ങള്‍ പലതും നിര്‍ദ്ദേശിച്ചപ്പോഴും അതിനൊന്നും മെനക്കെട്ടില്ല. അക്കാലമത്രയും തന്റെ മുഖം അരുമയായി തലോടിക്കൊണ്ട് സ്വപ്നസാക്ഷാല്‍ക്കാരത്തിനായി കാത്തിരുന്നു. എന്നാല്‍, പ്രകടമായ സ്‌ത്രൈണഭാവങ്ങളൊന്നും മഹേശനില്‍ ഉണ്ടായിരുന്നില്ല.

വേഷംകെട്ടി തെരുവിലേക്ക് ഓടിപ്പോയാലോ എന്നുപോലും മഹേശനു തോന്നി. ലോക്ഡൗണ്‍ കാലമായതിനാല്‍ അതിനൊക്കെ മുതിര്‍ന്നാല്‍ പൊലീസ് പിടിച്ചു കൊണ്ടുപോയേക്കും എന്ന പേടി അയാളെ വീട്ടില്‍ത്തന്നെ തടഞ്ഞുവെച്ചു. മീനത്തില്‍ കാര്‍ത്തിക മുതല്‍ പൂരംവരെ പൂവിടലും പൂരക്കളിയും പൊറാട്ടും പൂരംകുളിയും പൂരോത്സവത്തിന്റെ ആഹ്ലാദങ്ങള്‍. പരമശിവന്റെ തൃക്കണ്ണാല്‍ ഭസ്മമായ കാമദേവനെ പുനരുജ്ജീവിപ്പിക്കാന്‍ രതിദേവി നടത്തുന്ന ശ്രമങ്ങള്‍ വിജയിച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് കാമപൂജ. പടിഞ്ഞാറ്റയിലെ കന്നിമൂലയിലും കിണറ്റിന്‍കരയിലും നിലവിളക്കു തെളിയിച്ച് വ്രതംനോറ്റ പെണ്‍കുഞ്ഞുങ്ങളെ പൂവിടീക്കും. ചെക്കി, ചെമ്പകം, നരയന്‍പൂ, മുരിക്കിന്‍പൂ എന്നീ പൂക്കളാല്‍ കാമനെ നിരത്തി ധ്യാനിച്ച് പൂരച്ചോറും ചെരങ്ങക്കൂട്ടാനും നിവേദിക്കും. വരിക്കപ്ലാവിന്‍ ചോട്ടില്‍ പൂക്കാമനെ അടക്കി 'അടുത്ത കൊല്ലം നേരത്തേ കാലത്തേ വരണേ കാമാ...' എന്ന് യാത്രയയക്കുന്നതോടെ അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്. കാമമില്ലാതെ സൃഷ്ടിയില്ല. പൂക്കാലത്തിന്റേയും കാമപൂജയുടേയും ഉത്സവമായ പൂരവും കാമത്തെ അശ്ലീലമായി കാണാതെ തുറന്നുകാട്ടുന്ന തെരുവിന്റെ പൊറാട്ടുമെല്ലാം ഒരു വൈറസ് കാരണം മറന്നുകളയാന്‍ ആളുകള്‍ക്ക് കഴിഞ്ഞേക്കില്ല. പൊറാട്ടിന്റെ ഓര്‍മ്മകളില്‍ ആരെങ്കിലുമൊക്കെ തെരുവിലേക്കും ക്ഷേത്രത്തിനടുത്തേക്കും വന്നേക്കുമെന്ന അതിജാഗ്രത പൊലീസിനുണ്ടായിരുന്നു.

ഉറക്കംകിട്ടാതെ മഹേശന്‍ രാത്രിയുടെ ബാക്കി തള്ളിനീക്കി. അടുത്തമുറിയില്‍ അച്ഛന്റെ ഞരക്കവും അമ്മയുടെ ദീര്‍ഘനിശ്വാസവും കേള്‍ക്കാം. ആര്‍ക്കാണ് സമാധാനമായി ഉറങ്ങാനാവുക! അടുത്ത വീടുകളില്‍നിന്നു പെണ്‍കുഞ്ഞുങ്ങളെ പൂരം കുളിപ്പിക്കുന്നതിന്റെ പതിഞ്ഞ ഒച്ചകള്‍ കേള്‍ക്കുന്നുണ്ടോ എന്ന് അയാള്‍ കാതോര്‍ത്തു. പൂരവും പൊറാട്ടും കുഞ്ഞുന്നാളിലെ തെരുവും ഒച്ചയനക്കങ്ങളുമായി അപ്പോള്‍ ഓര്‍മ്മനിറയെ. പാവിന്റെ നൂലിഴകളില്‍ ഓടം ഓടിയത് അച്ഛാച്ഛന്റേയും അച്ഛമ്മയുടേയും കൈകാലുകളുടെ ചലനങ്ങളിലാണ്. ആ പൈതൃകവും പാരമ്പര്യവുമായിരുന്നു ജീവിതതാളം തന്നെ. മുഴുസമയ നെയ്ത്തിന് മെനക്കെട്ടില്ലെങ്കിലും അച്ഛനും അമ്മയും വീട്ടിലെ തറി ചിതലരിക്കാന്‍ വിട്ടിരുന്നില്ല.

മനോഹരമായ ഒരു ചേലപോലെയാണ് മഹേശന്റെ നാട്. മലകളും നദികളും ദ്വീപുകളും അഴിമുഖങ്ങളും കടലും ചിത്രപ്പണികള്‍ നെയ്ത ചേലപോലെ. എന്നാല്‍, ഒട്ടും സുന്ദരമായിരുന്നില്ല നെയ്ത്തുകാരുടെ ജീവിതം. ഓരോ വട്ടം തെരുവില്‍ എത്തുമ്പോഴും ഓരോ നെയ്ത്തു ജീവിതവും എന്റെ മുന്നില്‍ വലിച്ചുനിര്‍ത്തിയ പാവുപോലെ തെളിഞ്ഞുവന്നിരുന്നു. ചേല നെയ്തതിനാല്‍ ചാലിയര്‍ എന്നും വീടിനോട് ചേര്‍ന്ന് നെയ്ത്തുശാലയുള്ളതിനാല്‍ ശാലിയര്‍ എന്നും വിളിക്കപ്പെട്ടവര്‍. ക്ഷേത്രങ്ങളില്‍ തിരുവുടയാട ഒപ്പിക്കാന്‍ അവകാശമുള്ളവര്‍. ആ പാരമ്പര്യം പുലരാന്‍ നെയ്ത്തുഗ്രാമത്തില്‍ തുടര്‍ച്ചകള്‍ വേണം. മുന്‍പ് തെരുവിലെ ഓരോ വീടിനോടും ചേര്‍ന്ന് നെയ്ത്തുശാലയുണ്ടായിരുന്നു. തറികളില്‍ ഓടം പാവുകള്‍ക്കിടയിലൂടെ ഓടുന്ന നെയ്ത്തിന്റെ താളവും പാവിന്റെ ഗന്ധവുമായിരുന്നു തെരുവിലെങ്ങും. ചായം മുക്കുന്ന, നൂലുണക്കാനിടുന്ന, പാവുചുറ്റുന്ന, പാവുപിരിക്കുന്ന തൊഴിലാളികളെല്ലാം ചേര്‍ന്നതാണ് നെയ്ത്തു ശാല. നെയ്തുജീവിച്ചവരില്‍ ഏറെയും കാലംപോകെ പാപ്പരായി.
 
കൈത്തറി കച്ചവടം ചെയ്തവരില്‍ ചിലരെങ്കിലും തുണിമില്ലുടമകളും വസ്ത്രവ്യാപാരികളുമായി മുതലാളിമാരായി. തെരുവില്‍ നെയ്ത്തിന്റെ താളം കുറഞ്ഞുകുറഞ്ഞു വന്നു. ഒട്ടുംതന്നെ ലാഭമില്ലാത്ത അവസ്ഥ വന്നതോടെ നെയ്യാന്‍ ആളുകളില്ലാതായി. നെയ്ത്തു സഹകരണസംഘങ്ങള്‍ പൂട്ടിത്തുടങ്ങി. നെയ്ത്തുശാലകള്‍ നാമാവശേഷമായി. സഹകരണ സംഘംപോലും തൊഴിലാളിക്ക് നീതി ഉറപ്പാക്കാതെയായി. പല നെയ്ത്തുശാലകളിലും തറികള്‍ പൂതലിച്ചുപോയി. പിന്നെയും കാലം കഴിഞ്ഞാണ് സര്‍ക്കാര്‍ 'വീട്ടില്‍ ഒരു തറി' പദ്ധതി നടപ്പാക്കിയത്. പഠിപ്പോ മറ്റു ജോലിയോ ഇല്ലാത്ത മഹേശന് അത് വലിയ ആശ്വാസമായി. സ്‌കൂള്‍ യൂണിഫോം പദ്ധതിയും നെയ്ത്തുകാര്‍ക്ക് വലിയ സഹായമായി. ചുരുക്കം ചില വീടുകളിലെങ്കിലും നെയ്ത്തുശാല ഉയിര്‍ത്തെണീറ്റ് തറികള്‍ വീണ്ടും ചലിച്ചുതുടങ്ങി. അതിനിടെയാണ് ലോകത്തെ മുഴുവന്‍ മുള്ളിന്മേല്‍ നിര്‍ത്തി കൊറോണ വൈറസ് അട്ടഹാസം മുഴക്കിത്തുടങ്ങിയത്! അത് പടര്‍ന്നുപടര്‍ന്ന് തെരുവും നിശ്ചലമായി. തറിയുടെ താളം മാത്രമല്ല, ജീവിതത്തിന്റെ താളംതന്നെ തെറ്റിപ്പോകുന്നതുപോലെ... അടഞ്ഞലോകം. അടഞ്ഞകാലം. കവര്‍സ്‌റ്റോറിയും കേസ് സ്റ്റഡിയും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച് ഞാനും മഹാമാരി ഒഴിയാനായി കാത്തിരുന്നു.

ജുമാഅത്ത് പള്ളിയില്‍നിന്ന് സുബ്ഹി ബാങ്കുവിളി ഉയര്‍ന്നുകേട്ടപ്പോള്‍. എരിപൊരി സഞ്ചാരത്താല്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു മടുത്ത മഹേശന്‍ എഴുന്നേറ്റു നടന്നു. അങ്കലാപ്പു നിറഞ്ഞ ആ നടപ്പിലേക്ക് തെരുവുവിളക്കുകള്‍ മണ്ണുമിഴിച്ചു. പതിവുള്ള പുലര്‍കാല കാഴ്ചകളില്ലാതെ, ഉറക്കമുണരാത്തതുപോലെ തെരുവ്. ഇലഞ്ഞിപ്പൂമണം പരന്ന വഴിയിലൂടെ നടന്ന് മഹേശന്‍ ഭഗവതീക്ഷേത്രത്തിനു മുന്നിലെത്തി. പന്തലിച്ചുനിന്ന അരയാല്‍ത്തറയില്‍ കുറേനേരം ഇരുന്നു. പുറത്തിറങ്ങിക്കൂടാത്ത കാലത്ത് ആ ഇരിപ്പുപോലും അപകടമാണെന്ന് അപ്പോള്‍ അയാള്‍ മറന്നിരുന്നു. ചൈതന്യമറ്റ് ഏകാകിയായി നിലകൊണ്ട ക്ഷേത്രത്തിലേക്ക് ആന്തലോടെ അയാള്‍ കണ്ണുപായിച്ചു. ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട നാടാണ്. എന്തുകാര്യം! ദൈവങ്ങള്‍ പരിഹാരമരുളാത്ത ആഗോളസമസ്യ അയാളെ അന്ധാളിപ്പിച്ചു. ഇത്രയും ഗതികെട്ടിരിക്കുന്ന ദൈവങ്ങളോട് താനെന്ത് സങ്കടം പറയാന്‍! സവര്‍ണ്ണദേവനെ പുറംതിരിഞ്ഞു തൊഴുത് കുലസ്ഥാനീയരെ അവഹേളിക്കുന്ന പൊറാട്ടുവേഷത്തെപ്പോലെ അയാള്‍ ക്ഷേത്രത്തെ പുറംതിരിഞ്ഞ് വീട്ടിലേക്കു തിരിച്ചുനടന്നു.

'പൊലച്ചക്കൂറ്റിനേ നീ ഇതേടപ്പോയതാ മഹീ?' അമ്മയുടെ ചോദ്യത്തിനു മഹേശന്‍ ഉത്തരമൊന്നും പറഞ്ഞില്ല.
'ആരും പൊറത്തൊന്നും എറങ്ങറ്ന്ന് നഗരസബേരെ അനൗണ്‍സ്‌മെന്റ് കേട്ടിറ്റേ നീ? പോരാഞ്ഞിറ്റ് പൂരങ്കുളി ദെവസൂം ആന്ന്. ബെര്‍ദെ ഓരോര് കണ്ടാമാല വെലിച്ച് തലേല് വെക്കാന്‍ ന്ക്കണ്ട.' സങ്കടമൊതുക്കി അച്ഛന്‍ കണാരന്‍ പറഞ്ഞതിന് ഒന്നു മൂളുകമാത്രം ചെയ്ത് മഹേശന്‍ നെയ്ത്തുശാലയില്‍ കയറി മഗ്ഗത്തിലിരുന്ന് നെയ്തുതുടങ്ങി. ഓടത്തിന്റെ താളം പൊറാട്ടിന്റെ മാത്രം താളമായി അയാള്‍ക്കപ്പോള്‍. അയാള്‍ നെയ്തുകൊണ്ടിരുന്നത് ഒരു ചേലയായിരുന്നു.
  
മാണിക്യക്കല്ല് എന്ന സ്ഥലത്തിനുവേണ്ടി അള്ളടസ്വരൂപവും ഇളങ്കുറ്റിസ്വരൂപവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മദ്ധ്യസ്ഥക്കാരായി ദേവതകള്‍ ഇടപെട്ടതായാണ് ഐതിഹ്യം. മനുഷ്യരെക്കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നത്തിനു പരിഹാരം കാണാന്‍ വേഷംമാറി ചാമുണ്ഡിയും ശ്രീപോര്‍ക്കലിയും പടവീരനും വേട്ടയ്‌ക്കൊരുമകനും പടക്കളത്തിലെത്തുന്നു. യഥാര്‍ത്ഥ അവകാശികളായ ഇളങ്കുറ്റിസ്വരൂപത്തിനെ സഹായിക്കാനാണത്രെ ദേവതകള്‍ വേഷപ്രച്ഛന്നരായി പടക്കളത്തില്‍ എത്തിയത്. മാണിക്യക്കല്ല് ലഭിക്കേണ്ടത് ഇളങ്കുറ്റിസ്വരൂപത്തിന് ആയിരുന്നിട്ടും പ്രലോഭനത്തില്‍പ്പെട്ട് വേട്ടയ്‌ക്കൊരുമകന്‍ കൂറുമാറി അള്ളടസ്വരൂപത്തിനൊപ്പം നിന്നത്രേ! പട കണ്ടുകൊണ്ടിരുന്ന ഒരു മാപ്പിള വാഴപ്പോതിയെ തിരിച്ചറിഞ്ഞ് ഈ ചതി ഉറക്കെ വിളിച്ചുപറഞ്ഞ് അറിയിച്ചു. ക്രുദ്ധയായ ചാമുണ്ഡി വേട്ടയ്‌ക്കൊരുമകനെ പിടികൂടി തന്റെ കണ്ണെത്താത്ത ദൂരത്തേക്ക് പ്രാണനുംകൊണ്ട് രക്ഷപ്പെട്ടോളൂ എന്നും പറഞ്ഞ് ഓടിച്ചുവിട്ടത്രെ. ചാമുണ്ഡിയും വേട്ടയ്‌ക്കൊരുമകനും ഒരേ സ്ഥലത്ത് കെട്ടിയാടിക്കാത്തത് ഇതുകൊണ്ടാണെന്ന് പറയപ്പെടുന്നു. ദൈവങ്ങള്‍ക്കുമുണ്ട് ദുരയും അസൂയയും കൂറുമാറ്റവും പ്രാണഭയവും! ദേവതകളുടെ കൃപാകടാക്ഷത്താല്‍ ഇളങ്കുറ്റിസ്വരൂപം യുദ്ധം ജയിച്ച ഐതിഹ്യത്തിന്റെ വീരസ്മരണ പുതുക്കുന്ന ആഘോഷത്തിന്റെ ദിവസമാണ് ഒച്ചയും അനക്കവുമില്ലാതെ തെരു കടന്നുപോയത്!

അമ്മ ഒരുപാട് നിര്‍ബ്ബന്ധിച്ചപ്പോള്‍ മഹേശന്‍ കുറച്ച് പൂരച്ചോറ് കഴിച്ചെന്നു വരുത്തി പിന്നെയും നെയ്ത്ത് തുടര്‍ന്നു. ഉറക്കം മതിയാവാത്ത കണ്ണുകള്‍ ഇടക്കിടെ പാളിയെങ്കിലും അയാള്‍ നെയ്തുകൊണ്ടിരുന്നു. നെയ്തുതീര്‍ത്ത ചേല ഒരു തുണിസഞ്ചിയിലാക്കി മാസ്‌ക് ധരിച്ച് നട്ടപ്രാന്തെടുത്തപോലെ അയാള്‍ നടന്നു. പൂരംനാളിലും ആരവമില്ലാത്ത, ആളനക്കമില്ലാത്ത തെരുവുംകടന്ന് കാവിലേക്കായിരുന്നു ആ പോക്ക്. പച്ചനിറഞ്ഞ കാവില്‍ മീനച്ചൂടിലും വാടാത്ത നരയന്‍ പൂക്കളും ചെക്കിയും ചെമ്പകവും അയാളുടെ വേവലാതികള്‍ക്കു കാതുകൊടുത്തു. ഉള്ളുരുക്കം തോന്നുമ്പൊഴൊക്കെ മഹേശന്‍ കാവിലെത്തും. പുറംപൊള്ളി പറന്നുവന്ന ധാരാളം കിളികള്‍ മരച്ചില്ലകളില്‍ വിശ്രമിക്കുന്നത് അയാള്‍ കണ്ടു. കണക്കുതെറ്റിച്ച കാലത്തെ മൗനംകൊണ്ട് അളക്കുന്നപോലെ പ്രായമേറിയ ഒരു പേരാല്‍മരം തലയാട്ടിനിന്നു. ഏറെനേരം സങ്കടംപെരുത്ത് ഇരുന്നപ്പോള്‍ തെരുവില്‍നിന്ന് ആരവം കേള്‍ക്കുന്നതായി മഹേശനു തോന്നി. ആരവത്തിനിടയിലും അട്ടക്കണം പോതിയുടെ പതംപറച്ചിലുപോലത്തെ ഉരിയാട്ടം അയാള്‍ തെളിഞ്ഞുകേട്ടു.

'ഒരു ചാലിയച്ചെക്കന്‍ നാലുകൈ മുണ്ടിന് നാലെട്ട് മുപ്പത്തിരണ്ട് കയ്യുംവെച്ചു കൊണ്ടുപോകുമ്പോള്‍ ഇടവഴിക്ക്ന്ന് പിടിച്ചുപറ്റി കീറിക്കളഞ്ഞു. ആയതും ചങ്ങാതിയല്ലോ... ഒരു കുശവന്‍ വാലിയക്കാരന്‍ നാലു പച്ചക്കലവും കൊണ്ടുപോകുമ്പോള്‍ ഇടവഴിക്ക്ന്ന് പിടിച്ചുപറ്റി ചവിട്ടിപ്പൊളിച്ച് വളയം കഴുത്തില്‍ കോര്‍ത്തുകെട്ടി പറഞ്ഞയച്ചു. ആയതും ചങ്ങാതിയല്ലോ... ഒരു വാണിയച്ചെക്കന്‍ നാനാഴി എണ്ണയും പച്ചപ്പുല്ലില്‍ കെട്ടിക്കൊണ്ടുപോകുമ്പോള്‍ പിടിച്ചുപറ്റി ചേതം വരുത്തിക്കളഞ്ഞു. ആയതും ചങ്ങാതിയല്ലോ... ഒരു മൊയോച്ചെക്കന്‍ നാലു പച്ചപ്പരല് കൊണ്ടുപോകുമ്പോള്‍ ഇടവഴിക്ക്ന്ന് തട്ടിപ്പറിച്ച് ചവച്ചുതുപ്പി തൂറിക്കളഞ്ഞു. ആയതും ചങ്ങാതിയല്ലോ...'
പോതിയുടെ നേരിലേക്ക് മഹേശന്‍ തന്റെ ഉള്ളുവേവിന്റെ ഒരു കീറ് നീട്ടി. അപ്പോള്‍ ഉച്ചച്ചൂടാറിയ വടക്കുനിന്ന് പതമുള്ളൊരു കാറ്റുവന്ന് അയാളുടെ ഉള്ളുരുക്കത്തിന്റെ ആഴത്തിലേക്ക് വീശുകയും ചെമ്പകമരങ്ങള്‍ പോയകാലത്തിന്റെ ഓര്‍മ്മകളിലേക്ക് പൂക്കള്‍ കൊഴിക്കുകയും ചെയ്തു.

മഹേശന്റെ ചുട്ടുപൊള്ളല്‍ തണുപ്പിക്കാന്‍ കാവിനും കാറ്റിനുമായില്ല. പൊറാട്ടുവേഷം കെട്ടാതെ അയാള്‍ക്ക് ഇരിക്കപ്പൊറുതി കിട്ടാതായി. ഓരോ ആണ്ടും കെട്ടിനിറയുന്ന വേഷമാണ്. കാത്തിരുന്ന ആ ദിവസമാണ് കൊഴിഞ്ഞുപോയത്. എന്തിലും അപ്പുറമായിരുന്നു അയാള്‍ക്ക് പൊറാട്ട്. മുറിഞ്ഞുവീണ ഇഷ്ടമരംപോലെ  അറ്റുവീണ പൂരവും പൊറാട്ടും മഹേശന്റെ അകവും പുറവും പൊള്ളിച്ചു. ജീവിതംതന്നെ വെറുതെയാവുന്നതുപോലെ അയാള്‍ വീര്‍പ്പുമുട്ടി.

പഠിക്കാന്‍ മിടുക്കില്ലാഞ്ഞിട്ടും ജീവിതത്തില്‍ മഹേശനെ ജയിപ്പിച്ചു നിര്‍ത്തിയത് തറിയായിരുന്നു. കുഞ്ഞുന്നാളിലേ കിട്ടിയ നെയ്ത്തുപരിശീലനമാണ് ജീവിതമായത്. നെയ്ത്തിന്റെ പലപല ഭാവങ്ങള്‍ മാറിമാറി അണിഞ്ഞ തെരു! ഒടുക്കം നഷ്ടക്കണക്കുകള്‍ പെരുകിവന്ന് തോര്‍ത്തുമുണ്ടും മല്ലുതുണിയും മുറിവിനു കെട്ടുന്ന ആശുപത്രിത്തുണിയും മാത്രമായി നെയ്ത്ത്. കുലത്തൊഴില്‍ തുടരാതെ പുതിയ തലമുറ സര്‍ക്കാര്‍ ജോലികളിലേക്കും തൊഴില്‍ തേടി ഗള്‍ഫുനാടുകളിലേക്കും മറ്റും പോയതോടെ നെയ്ത്ത് പഴയവരുടേത് മാത്രമായി ശോഷിച്ചു. ഞരങ്ങിയും മൂളിയും നെയ്തുനെയ്ത് ഒടുക്കം അച്ഛാച്ഛനും അച്ഛമ്മയും മരിച്ചതോടെ മഹേശന്റെ വീട്ടിലും മഗ്ഗം അധികമൊന്നും ഒച്ചവെക്കാതെയായി. അച്ഛന്‍ കണാരനും വീട്ടിലെ തറിയില്‍ നെയ്യുന്നത് നിര്‍ത്തി സഹകരണസംഘത്തില്‍ കണക്കെഴുത്തായി. മൂലക്കുരുമൂത്ത് ഇരിപ്പ് വയ്യാതായപ്പോള്‍ അതും മതിയാക്കേണ്ടിവന്നു അയാള്‍ക്ക്. പ്രേമ കഴിയുമ്പോലൊക്കെ ഇടക്ക് നെയ്തുപോന്നു. ടൗണ്‍ വികസിച്ചപ്പൊഴൊക്കെയും തെരുവ് ശോഷിച്ചുകൊണ്ടിരുന്നു. തെരുവില്‍ നെയ്ത്തിന്റെ താളം നേര്‍ത്തുനേര്‍ത്ത് ഇല്ലാതാവുമ്പൊഴും ചുരുക്കം ചിലരോടൊപ്പം മഹേശന്‍ പിടിച്ചുനിന്നു. സഹകരണസംഘം കഴിയുമ്പോലെ സഹായം നല്‍കി. കൈത്തറിയില്‍ പരീക്ഷണങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ നെയ്ത്ത് വീണ്ടുമൊന്ന് പച്ചപിടിച്ചുവന്നതാണ്. അപ്പൊഴാകട്ടെ, ലോകമാകെ മഹാമാരിയുടെ കൊടിയേറ്റവും!
ചിന്തിച്ചു ചിന്തിച്ച് ആധിയേറിയപ്പോള്‍ മഹേശന്‍ രണ്ടുംകല്പിച്ച് തുണിസഞ്ചിയില്‍ കരുതിയ പൊറാട്ടുചമയങ്ങള്‍ പുറത്തെടുത്തു.

പൂരംനാളില്‍നിന്ന് മകംനാളിന്റെ പൊറാട്ടിലേക്ക് ഒരു തിരിച്ചുനടത്തം. ക്ഷണനേരംകൊണ്ട് അയാള്‍ മുഖത്ത് ചായം തേച്ചു. ചേലചുറ്റിയ പെണ്ണായി. പണ്ടങ്ങളണിഞ്ഞു. കണ്ണാടിനോക്കിയ മഹേശന്‍ ഒത്തപെണ്ണിന്റെ പ്രതിബിംബത്തില്‍ കോരിത്തരിച്ചു. തളിയിലപ്പനുപകരം കാവിലെ പ്രകൃതിയെ വണങ്ങി. പിന്നെ പുതിയകാലത്തിന്റെ മുഖമായ മാസ്‌കുകൊണ്ട് മൂക്കും വായും മൂടിക്കെട്ടി. തെരുവിലേക്ക്, വേഷങ്ങളുടെ ആരവങ്ങളിലേക്ക് എന്നപോലെ ഉത്സാഹത്തോടെ നടന്നു. തെരുവിലൂടെ ക്ഷേത്രസമീപത്തെ അരയാല്‍ത്തറയിലേക്ക് നീങ്ങിയ വേഷങ്ങളുടെ പിന്‍കാഴ്ച അടുത്തടുത്ത് വരുന്നതുപോലെ അയാള്‍ ആവേശഭരിതനായി. ചെണ്ടകൊട്ട്... പടയിലടി... അരയാല്‍ത്തറയ്ക്കു മുന്നില്‍ പീഠങ്ങളില്‍ അച്ചന്‍ പൊറാട്ടുകള്‍... പോര്‍വിളി മുഴക്കുന്ന ചേകോന്‍ പൊറാട്ടുകള്‍... മുരിക്കിന്‍വാള്‍ കുലുക്കി അജീര്‍ണ്ണതകളെ ചോദ്യം ചെയ്ത് അട്ടക്കണം പോതി... ഉണങ്ങിയ വാഴയിലകള്‍ പൊതിഞ്ഞുകെട്ടിയ വാഴപ്പോതി... വാഴപ്പോതിയുടെ ചതി വിളിച്ചറിയിക്കുന്ന മാപ്പിളപ്പൊറാട്ട്... സ്ഥാനങ്ങളില്‍ ഇരിക്കുന്ന വേഷങ്ങള്‍ക്കു നേരെ പലകക്കഷണങ്ങളും കണ്ണാംചിരട്ടയും ചൂളിയും വലിച്ചെറിഞ്ഞ് അസഭ്യംപറഞ്ഞ് നിന്ദിക്കുന്ന പടയാളികള്‍... സമുദായവേഷങ്ങള്‍... സമൂഹത്തിലെ കൊള്ളരുതായ്മകളെ വിമര്‍ശിച്ചും പരിഹസിച്ചും ആണ്‍പെണ്‍വേഷങ്ങള്‍... സദാചാര സങ്കല്പങ്ങളെ കളിയാക്കുന്ന ഒളിയമ്പുകള്‍... അശ്ലീലം ശ്ലീലമാവുന്ന ചാലിയപ്പൊറാട്ട്! 

'എല്ലാരും പറേന്ന് ആധാറ് ലിങ്ക് ചെയ്യണംന്ന്. ഞാമ്പറേന്നത് ആധാറ് എല്ലാ സാമാനങ്ങളുമായി ലിങ്ക് ചെയ്യണംന്നാ... എന്നാലേ നമ്മളെ മന്ത്രിമാരെ തനിനെറം തിരിയൂലൂ... ഏടേല്ലം പോവ്ന്ന്ണ്ട്ന്ന് അറിയണല്ലൊ...' ഒരു കാര്‍ന്നോര്‍വേഷത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തിലേക്ക് ആര്‍ത്തുചിരിക്കുന്ന കാഴ്ചക്കാര്‍...
'നിങ്ങ ഇദ് നോക്കറോപ്പാ... ഈന്റെ വക്ക് നല്ല വക്കാന്ന്... നോക്ക്യേ... ഒന്ന് ചൂടാക്കിക്കൊട്ത്താമതി... ഒട്ടും തെളച്ച്‌പൊറത്ത് പോവൂല... നല്ല ഗാരണ്ടിയില്ലെ സാമാനാന്ന്.' മണ്‍ചട്ടി കൊട്ടിക്കാണിച്ചും വിവരിച്ചും മുണ്ടും ബ്ലൗസുമണിഞ്ഞ കൊയത്തി. 
പിടക്കുന്ന മീനിന്റെ മുഴുപ്പ് വിവരിച്ച് മൊയി.

ഗാന്ധിത്തൊപ്പിവെച്ച് കണക്കുപുസ്തകം കയ്യില്‍പ്പിടിച്ച കൊങ്ങിണിയന്റെ പലചരക്കുവ്യാപാരി തനതുശൈലിയില്‍ വര്‍ത്തമാനം തുടങ്ങിയപ്പോള്‍ തലയറഞ്ഞുചിരിച്ച് ആബാലവൃദ്ധം ജനങ്ങള്‍.
പച്ചക്കറിവില്പനക്കാരിയും വാര്‍പ്പുപണിക്കാരായ ആണും പെണ്ണുമെല്ലാം അശ്ലീലത്തിന് അതിരിടാതെ പൊറാട്ടാടി.

'ഊണുകഴിഞ്ഞു മടങ്ങുംനേരം പെണ്ണുപറഞ്ഞു
ഇന്നത്തെ കളി ഇവിടേയാക്കാം
ഇന്നത്തെക്കളി ഇവിടേയാക്കാം...
നാരായണജയ നാരായണജയ 
നാരായണജയ നാരായണജയ'

എന്ന് പൊറാട്ടുകണ്ടുനിന്ന പെണ്ണുങ്ങളെ നാണിപ്പിച്ച് ഓട്ടംതുള്ളല്‍വേഷം. പൊറാട്ടിലെ അശ്ലീല ഫലിതങ്ങളില്‍ ആര്‍ക്കും പരാതിയുണ്ടാവാറില്ല.
അയോദ്ധ്യാവിധിയും പൗരത്വസമരവും ഭരണഘടനയേന്തിയ അംബേദ്കറും പെട്ടെന്ന് കാണികളെ ഗൗരവക്കാരാക്കി.
'ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയിലെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും...' ഭരണഘടനയുടെ ആമുഖം വായിച്ച് അംബേദ്ക്കര്‍വേഷം തലയെടുപ്പോടെ നടന്നു.
'ഏയ് പണിക്കോറ്റ്‌ലേ...' എന്ന് തൊഴിലുറപ്പുകാരുടെ കുശലം. 

മഹേശന്റെ പെണ്‍വേഷം തെരുനിറഞ്ഞ് മനോധര്‍മ്മമാടി. കഴിഞ്ഞ പൊറാട്ടിലെ മത്സരവേഷങ്ങളില്‍ തന്റെ വേഷത്തിനു കിട്ടിയ സമ്മാനത്തിന്റെ ഓര്‍മ്മ അയാളെ അത്യുത്സാഹിയാക്കി. കൊറോണ വൈറസിനെ പേടിച്ച് അടച്ചു കഴിയേണ്ടിവന്ന ലോക നേതാക്കളേയും കൊറോണക്കാലത്തും തെരുവില്‍ സമരത്തിനിറങ്ങിയ അവസരവാദ നേതാക്കളേയും കണക്കറ്റ് പരിഹസിക്കുന്ന ആക്ഷേപഹാസ്യങ്ങള്‍ കൊറോണക്കാലത്തിന്റെ ഭേദഗതികളായി മഹേശന്റെ പൊറാട്ട് വര്‍ത്തമാനങ്ങളില്‍. അയാള്‍ തെരുവിലും അരയാല്‍ത്തറയിലെ വേദിയിലും നിറഞ്ഞുനടന്നു. ചേലചുറ്റി, മാസ്‌കു ധരിച്ച് ഒരു ഒറ്റവേഷപ്പൊറാട്ട്!

അടച്ചിട്ട ലോകം കുറേശ്ശെയായി തുറന്നുതുടങ്ങി. കൊറോണപ്പോതി പൊറാട്ടുവേഷം തുടരുമ്പോഴും ആളുകള്‍ അകലം പാലിച്ച് പുറത്തിറങ്ങി. കവര്‍സ്‌റ്റോറിക്കുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളില്‍ ഞാന്‍ വീണ്ടും തെരുവിലെത്തി. മഹേശനെന്ന നെയ്ത്തുകാരന്റെ കേസ് സ്റ്റഡി തുടരാനായി ഞാന്‍ അയാളെ തെരുവിലും നെയ്ത്തുശാലയിലും തെരഞ്ഞുകൊണ്ടിരുന്നു. ചാലിയത്തെരുവും കടന്ന് മൊകയത്തെരുവും തേര്‍വയലും തട്ടാച്ചേരിയും വടയന്തൂരുമെല്ലാം കൈത്തറിത്തുണികള്‍ വിറ്റുനടക്കുന്ന ഒരാള്‍! പല സമുദായവേഷങ്ങള്‍ സന്നിവേശിക്കുന്ന പൊറാട്ടിലെന്നപോലെ പല സമുദായ ഊരുകളില്‍ അയാള്‍ മൈത്രിയുടെ ഉണ്മയറിഞ്ഞു നടന്നു. തന്റെ നെയ്ത്തുശാലയില്‍ നെയ്തതെല്ലാം ചേലചുറ്റിയ, മാസ്‌ക് ധരിച്ച പെണ്ണിന്റെ വേഷത്തില്‍ വിറ്റുനടന്ന് പൊറാട്ട് തുടരുകയായിരുന്നു അയാളപ്പോള്‍. ജന്മസാഫല്യം നേടിയപോലെ പൊറാട്ടുവേഷത്തില്‍ നടന്ന മഹേശനെ നോക്കി അനുഗ്രഹിച്ചും വരം നല്‍കിയും ശപിച്ചും ശീലമില്ലാത്ത അഷ്ടകൂടം ഭഗവതി എന്ന അട്ടക്കണം പോതി കൂട്ടയില്‍നിന്ന് ഭസ്മം വാരിയെറിഞ്ഞ് ഉരിയാടി,
'വരുന്നത് വരുന്നതുപോലെ അനുഭവിച്ചോ...' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com