'മേതില്‍ ഒന്നുമറിഞ്ഞിരുന്നില്ല'- ടി.കെ. ശങ്കരനാരായണന്‍ എഴുതിയ കഥ      

ഒരു പ്രമുഖ ആഴ്ചപ്പതിപ്പില്‍ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണനുമായി ഞാനൊരു അഭിമുഖം നടത്തിയിരുന്നു
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ന്നു രാത്രി അജ്ഞാതമായ ഒരു നമ്പറില്‍നിന്നും സ്ത്രീ ശബ്ദത്തില്‍ ഒരു വിളി വന്നു. സുനിത, തൃശ്ശൂരിലെ ഒരു ഹയര്‍ സെക്കണ്ടറിയില്‍ അദ്ധ്യാപിക എന്നു സ്വയം പരിചയപ്പെടുത്തി.
'മേതില്‍ സാറുടെ അഭിമുഖം വായിച്ചു... അസ്സലായിരിക്കുന്നു...'
ഒരു പ്രമുഖ ആഴ്ചപ്പതിപ്പില്‍ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണനുമായി ഞാനൊരു അഭിമുഖം നടത്തിയിരുന്നു.

'മേതില്‍ സാറിന്റെ നമ്പര്‍ ഒന്നു തരാമോ?' അവര്‍ ആവശ്യപ്പെട്ടു.
അപരിചിതര്‍ക്ക് ഫോണ്‍ നമ്പര്‍ കൈമാറുന്നത് മേതിലിന് പൊതുവെ ഇഷ്ടമല്ല.
'എങ്കില്‍ അഡ്രസ്സ്?'
'ഞാനൊന്നു ചോദിക്കട്ടെ...'
പിറ്റേന്ന് ഫേസ്ബുക്കില്‍ അവരുടെ സൗഹൃദാപേക്ഷ വന്നു. 'ടൈംലൈന്‍' എടുത്തു നോക്കിയപ്പോള്‍ അതില്‍ അവരെഴുതിയ ചില കവിതകളും പുസ്തക നിരൂപണങ്ങളും കണ്ടു. കവിതകള്‍ ആറ്റിക്കുറുക്കിയവയാണ്. നിരൂപണങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. അവരെക്കുറിച്ച് കൂടുതലറിയാന്‍ എനിക്ക് താല്പര്യം തോന്നി. 
'മേതില്‍ സാറോട് ചോദിച്ചോ?' പിറ്റേന്ന് സുനിത വീണ്ടും വിളിച്ചു.
'എന്ത്?'
'വിലാസം തരുന്ന കാര്യം?'
സത്യത്തില്‍ ഞാനതു മറന്നിരുന്നു.
'ഇന്നു ചോദിക്കാം...'
'അതോ ഇന്നും മറക്കുമോ...?'
പരിഭവിക്കുമ്പോള്‍ സുനിതയുടെ ശബ്ദത്തിന് വാഴനാര് കീറും പോലുള്ള നനുത്ത ശബ്ദത്തിന്റെ ഒരു സുഖം എനിക്ക് തോന്നി.

ശല്യമാവില്ലല്ലോ എന്ന സന്ദേഹത്തോടെ സുനിതയ്ക്ക് നമ്പര്‍ കൊടുത്തുകൊള്ളാന്‍ മേതില്‍ സമ്മതം മൂളി.
'എപ്പോഴാണ് മേതില്‍ സാറെ വിളിക്കാനുള്ള കണ്‍വീനിയന്റ് ടൈം?'
'വൈകീട്ട് വിളിച്ചോളൂ... ഹി വില്‍ ബി ഫ്രീ...'

അന്നുതന്നെ സുനിത മേതിലിനെ വിളിച്ചു. വിളിച്ച വിവരത്തിന് ഇന്‍ബോക്‌സില്‍ സന്ദേശം തന്നു. പിറ്റേന്നു കാലത്ത് മുതല്‍ സുപ്രഭാതത്തിനു പുറമേ മേതില്‍ കഥകളിലെ ചില പ്രയോഗങ്ങള്‍ എടുത്തെഴുതാന്‍ തുടങ്ങി.
മൊസേയ്ക്ക് നിലത്ത് കസാലക്കാല്‍ ഉരഞ്ഞപ്പോഴുണ്ടായ ശബ്ദത്തില്‍ എലിയുടെ കരച്ചില്‍ തോന്നി.
'ഈ വാചകം ഏതു കഥയില്‍?'
പെട്ടെന്ന് എനിക്കോര്‍മ്മ കിട്ടിയില്ല. ഞാനൊന്നു പരുങ്ങി.
ഉള്ളില്‍ ടെന്നീസ് പന്തുകള്‍ കുത്തിച്ചാടുന്ന വെളുത്ത ഉടുപ്പുമായി...
'ഈ വാചകവും അതേ കഥയിലാണ്... ഏതു കഥ?'
മേതില്‍ ഇന്നോളമെഴുതിയ എല്ലാ കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷേ, വരികളൊന്നും കൃത്യമായി ഓര്‍മ്മയിലില്ല.
'സുനിത തന്നെ പറയൂ... ഏതു കഥ?' ഞാന്‍ കീഴടങ്ങി.
'പ്രാതലിന് ഒരു കൂണ്...'

പോകെപ്പോകെ സുപ്രഭാതസന്ദേശങ്ങളുടേയും മേതില്‍ വിശേഷങ്ങളുടേയും സ്ഥാനത്ത് വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഇടം പിടിച്ചു.

പുതിയ വീടു വെച്ചതിന്റെ EMI ചില മാസങ്ങളില്‍ വല്ലാതെ കഴുത്തു ഞെരിക്കുന്നു. സാര്‍ക്ക് EMI ഉണ്ടോ?
സ്‌കൂള്‍ ജോലിയും വീട്ടുജോലിയും മകനെ പഠിപ്പിക്കലും എല്ലാം കൂടി ഇപ്പോള്‍ വായനക്ക് തീരെ സമയം കിട്ടുന്നില്ല... സാര്‍ ഒരു ദിവസം എത്ര മണിക്കൂര്‍ വായിക്കും?
ഇന്നു കാലത്ത് ഫ്രിഡ്ജ് തുറന്നു നോക്കുമ്പോള്‍ പച്ചക്കറിയൊന്നുമില്ല. ചെറിയൊരു ചമ്മന്തിയുണ്ടാക്കി. പപ്പടം കാച്ചി. അച്ചാറും വെച്ച് ഒരുവിധം ഒപ്പിച്ചു.

ഇരുനില വീടിന്റെ ഓരോ മുറികളും പച്ചപ്പ് നിറഞ്ഞ തൊടിയും തന്റെ വായനാമേശയും ലൈബ്രറിയുമടങ്ങുന്ന മൂന്നു മിനിറ്റ് വീഡിയോ സുനിത എനിക്ക് വാട്‌സാപ്പ് ചെയ്തു. നല്ല യുക്തിയോടെ നിര്‍മ്മിച്ച വീട്. ഓരോ മുറിയിലെ ചുവരുകള്‍ക്കും വ്യത്യസ്ത നിറം. എന്തെങ്കിലുമൊരു കൗതുകവസ്തു ഓരോ മുറിയേയും അലങ്കരിച്ചു. സുനിതയുടെ വായനാമേശയില്‍ ബെര്‍ട്രന്റ് റസ്സലിന്റെ 'ഠവല ണീൃറ'െ എന്ന പുസ്തകം പാതി വായിച്ച മട്ടില്‍ വിശ്രമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

'പല കുതിരശക്തികളില്‍ ചിനക്കുകയും അണക്കുകയും ചെയ്യുന്ന കാറ്റ്; കുതിരവായിലെ നീരാവി ഈ കുന്നുകളോളം പെരുത്തുണ്ടായ മഞ്ഞ്; തിളങ്ങുന്ന കടിഞ്ഞാണുകള്‍ അയച്ചും മുറുക്കിയും ചാറുന്ന മഴ; ഒളിംപിക് സ്വര്‍ണ്ണത്തേക്കാള്‍ അകലത്തായ സൂര്യന്‍...'
പെട്ടെന്നൊരു നാള്‍ സുനിത വീണ്ടും മേതിലിലേക്ക് തിരിച്ചു വന്നു. മേല്‍ ഖണ്ഡിക വാട്‌സാപ്പില്‍ കുറിച്ച് ക്വിസ് മാസ്റ്ററെപ്പോലെ ഒരു ചോദ്യം: 'ഇതേതു കഥയില്‍?'
ഈ വരികള്‍ എനിക്ക് വളരെ സുപരിചിതമാണ്. ഞാന്‍ ആവര്‍ത്തിച്ചു വായിച്ചതുമാണ്. പക്ഷേ
'എനിക്ക് ഓര്‍മ്മ കിട്ടുന്നില്ലല്ലോ...'
'എന്തൊരു കഷ്ടമാണ്...', സുനിത അര്‍ത്ഥംവെച്ചു ചിരിച്ചതുപോലെ തോന്നി? 'ആട്ടെ, സാര്‍ക്ക് ഏറ്റവുമിഷ്ടപ്പെട്ട മേതില്‍ കഥയേതാണ്?'
വരമ്പില്‍ ഒരു കൊറ്റി, എങ്ങനെയൊരു പഴുതാരയെ കൊല്ലാം, മെലിഞ്ഞവരുടെ മനശ്ശാസ്ത്രം, ഉടല്‍ ഒരു ചുഴുനില... പിന്നെ... 

'ഇഷ്ടപ്പെട്ട ഒരു കഥയുടെ പേരു പറയാന്‍ ഇത്രേം ആലോചിക്കണോ?' സുനിത തുറന്നടിച്ചു. 'സോറി റ്റു സേ... സാര്‍ ഒരു നല്ല മേതില്‍ ആരാധകനല്ല കേട്ടോ...'
എനിക്ക് വല്ലാത്ത ജാള്യം തോന്നി.
'നേരത്തേ അയച്ച ആ പാരഗ്രാഫുണ്ടല്ലോ... ഒളിമ്പിക് സ്വര്‍ണ്ണത്തേക്കാള്‍ അകലത്തായ സൂര്യന്‍... അത് തൂങ്ങിക്കിടക്കുന്ന റിസീവര്‍ എന്ന കഥയിലാണ്...'
വരുംനാളുകളില്‍ സുനിതയെ നേരിടാനെങ്കിലും മേതില്‍ കഥകള്‍ വീണ്ടുമൊരാവര്‍ത്തി വായിച്ചിരിക്കണമെന്ന് ഞാന്‍ നിരൂപിച്ചു.

രാത്രി ഏതാണ്ട് പതിനൊന്നരയോടടുത്ത് വാട്‌സാപ്പില്‍ സുനിത വന്നു.
'നല്ലൊരു മേതില്‍ ആരാധകനല്ല എന്നു ഞാന്‍ പറഞ്ഞത് സാറെ വേദനിപ്പിച്ചോ? എങ്കില്‍ ആത്മാര്‍ത്ഥമായും ക്ഷമ ചോദിക്കുന്നു...'

ക്ഷമ ചോദിക്കാന്‍ മാത്രം വലിയ തെറ്റാണോ അതെന്ന് ഞാന്‍ ആ പരാമര്‍ശത്തെ അളന്നു തൂക്കി. സുനിത എന്തൊരു പാവമാണ്!
പിറ്റേന്ന് കാലത്ത് വാട്‌സാപ്പ് തുറന്നതും രാത്രി 3.37ന് അയച്ച സന്ദേശം:
'എന്നോട് ക്ഷമിച്ചുവോ? ഇല്ലെങ്കില്‍ ക്ഷമിക്കണം... നല്ലൊരു മേതില്‍ ആരാധകനല്ല താങ്കള്‍ എന്നു പറയാന്‍ ഞാനാര്...?'

3.37 മാ എന്ന വാട്‌സാപ്പ് സമയത്തില്‍നിന്നും സുനിത രാത്രി ഉറങ്ങിയിട്ടില്ലെന്ന് ഉറപ്പായി.
ആയിടക്കാണ് എന്റെ പുതിയ കഥാസമാഹാരമൊരെണ്ണം അച്ചടി പൂര്‍ത്തിയായി പ്രകാശനത്തിന് തയ്യാറെടുത്തത്. അതിന്റെ അവസാന മിനുക്കുപണികളുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ വരെ പോകാനുണ്ടായിരുന്നു. വണ്ടി ഒറ്റപ്പാലത്തെത്തിയപ്പോള്‍ സുനിതയുടെ ഫോണ്‍! വെറുതെ വിളിച്ചതായിരുന്നു. തൃശ്ശൂര്‍ക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ നേരില്‍ കാണാന്‍ പറ്റുമോ എന്നായി. ഏകദേശ സമയവും സ്ഥലവും നിശ്ചയിച്ചു. അങ്ങനെ കറന്റ് ബുക്‌സില്‍ പുതിയ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു നടക്കുമ്പോള്‍ സുനിതയെത്തി. ആദ്യ കൂടിക്കാഴ്ച! ഇളം നീലയില്‍ വലിയ ബ്രൗണ്‍ പൂക്കളുള്ള ചൂരിദാറായിരുന്നു. എന്തു സംസാരിച്ചു തുടങ്ങണമെന്നറിയുന്നില്ല, രണ്ടു പേര്‍ക്കും.

'ഒരു ചായ കുടിച്ചാലോ...'
ചായകുടി വെറും വഴിപാട്. ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു, എത്രയോ നേരം. പിന്നെ ഒന്നും സംസാരിക്കാനില്ലാത്തവരെപ്പോലെ യാത്ര പറഞ്ഞു.
രാത്രി വാട്‌സാപ്പില്‍ സുനിത വന്നു.
'ഞാന്‍ സാറോട് ശരിക്കും ബിഹേവ് ചെയ്തില്ല... അല്ലേ?'
'ഏയ്... അങ്ങനെ തോന്നിയില്ലല്ലോ...'

അവരുടെ യഥാര്‍ത്ഥ പെരുമാറ്റം എങ്ങനെയെന്നറിയാത്തതുകൊണ്ട് ഞാനതത്ര ഗൗരവമായെ ടുത്തില്ല.
'സാര്‍ക്ക് നല്ല നിറമാണ്', പെട്ടെന്ന് സുനിത പറഞ്ഞു. 'സാര്‍ സുന്ദരനാണ്...'
ഞാന്‍ കണ്ണാടി നോക്കി. എനിക്ക് അത്രക്ക് നിറമുണ്ടോ? ഞാന്‍ സുന്ദരനാണോ?
അതുവരെയില്ലാതിരുന്ന ഒരു ചിന്ത പെട്ടെന്നാണ് എന്നെ മഥിച്ചു തുടങ്ങിയത്. നേരിട്ടുള്ള കൂടി ക്കാഴ്ചയില്‍ മേതിലിനെക്കുറിച്ച് ഒരക്ഷരം പോലും സുനിത മിണ്ടിയില്ലല്ലോ!
കഥാസമാഹാരത്തിന്റെ പ്രകാശനത്തിന് നേരത്തേ തന്നെ സുനിതയെത്തി. ഉലുവ നിറത്തില്‍ ഓറഞ്ച് കരയുള്ള ഒരു സാരിയാണ് ഉടുത്തിരുന്നത്. സാരിയുടെ നുണിയില്‍നിന്നും പിടിവിടാതെ പത്തു പന്ത്രണ്ടു വയസ്സു തോന്നിക്കുന്ന മകന്‍.

പ്രകാശനച്ചടങ്ങ് പെട്ടെന്ന് കഴിഞ്ഞു. തിരക്കുകള്‍ ഒഴിഞ്ഞു. മുറിയില്‍ വന്ന് വാട്‌സാപ്പ് തുറന്ന പ്പോള്‍ സുനിതയുടെ സന്ദേശം.

'പ്രകാശനത്തിന്റെ സന്തോഷത്തില്‍ ഫ്രന്റ്‌സുമൊത്ത് വല്ലാതെ കൂടരുത്... കുറച്ചു കഴിച്ചാല്‍ മതി...'
ആ വാക്കുകള്‍ മനസ്സില്‍ പശപോലെ ഒട്ടി. എന്തിനാണ് എനിക്കിത്രയും പരിഗണന! 
പിറ്റേന്ന് എഫ്.ബി ഇന്‍ബോക്‌സില്‍ ഞാന്‍ ഒന്നു കിന്നരിച്ചു.
'പുതിയ സാരിയില്‍ ഇന്നലെ സുന്ദരിക്കുട്ടിയായിരുന്നുട്ടോ...'
'ഓരോരുത്തരും സാറുടെ കഥകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ശ്രദ്ധ ആ പ്രസംഗങ്ങളിലൊന്നുമായിരുന്നില്ല... വയലറ്റുനിറമുള്ള ആ ഖദറും മുണ്ടും സാര്‍ക്ക് നന്നായി ചേരുന്നുണ്ട്... ഞാന്‍...'
രണ്ടു മനസ്സുകളുടെ തിടുക്കങ്ങള്‍ ആ വരികളില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ടു.
'ആട്ടെ, ഇനിയെന്നാണ് നമ്മള്‍ കാണുക?', എനിക്ക് കാണാന്‍ ധൃതിയായിത്തുടങ്ങിയിരുന്നു.
'നമുക്ക് ഒരു സിനിമക്ക് പോയാലോ?'
സുനിതയുടെ തുറന്ന ചോദ്യം കേട്ട് എനിക്ക് മയിര്‍ക്കൂച്ച് അനുഭവപ്പെട്ടു. കാര്യങ്ങള്‍ക്ക് വല്ലാതെ വേഗം കൂടിയപ്പോയോ?
'പോകാം...', അടുത്തെവിടെയെങ്കിലും വസന്തയുണ്ടോ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍.
'വരുന്ന 23നായാലോ?'
കലണ്ടര്‍ നോക്കി. 23ന് അസൗകര്യങ്ങളൊന്നുമില്ല. തൃശ്ശൂര് ഒരു പുസ്തകപ്രകാശനമുണ്ടെന്ന് വസന്തയോട് പറയാം. കൊച്ചി മെമു കാലത്ത് പത്തു മണിക്ക് തൃശ്ശൂരെത്തും. മോണിംഗ് ഷോ കണ്ട് ഊണു കഴിഞ്ഞ് വൈകീട്ടുള്ള അതേ മെമുവില്‍ മടങ്ങാം.

ഇതിനിടെ എന്റേയും സുനിതയുടേയും സന്ദേശങ്ങള്‍ പൂര്‍ണ്ണമായും എഫ്.ബി ഇന്‍ബോക്‌സി ലായിക്കഴിഞ്ഞിരുന്നു. വസന്ത ഇടക്കിടെ എന്റെ വാട്‌സാപ്പ് തുറന്നു നോക്കുന്നതുപോലെ സുനിതയുടെ ഭര്‍ത്താവും തരം കിട്ടുമ്പോഴൊക്കെ വാട്‌സാപ്പ് പരിശോധിക്കുന്നുണ്ടത്രെ. പരസ്പര സുരക്ഷയെ കരുതി ഞങ്ങള്‍ ഇന്‍ബോക്‌സിലേക്ക് മാറി.

23 അടുത്തു വരുന്തോറും എനിക്ക് നില്‍പ്പുറക്കാതായി. വസന്തയെ മുഖാമുഖം കാണുമ്പോള്‍ ഒരു ജാള്യം. മുന്‍പൊരിക്കലും ഇതുപോലൊരു പ്രവൃത്തിയില്‍ ഞാനേര്‍പ്പെട്ടിട്ടില്ലല്ലോ എന്ന പരിഭ്രമം. അതേസമയം സുനിതയോടൊപ്പം അടുത്തടുത്ത സീറ്റിലിരുന്ന്... ഇരിക്കപ്പൊറുതിയും നില്‍ക്കപ്പൊറുതിയും തരാതെ ദിനങ്ങള്‍ കടന്നുപോയി.
22ന് വൈകീട്ട് സുനിത ഇന്‍ബോക്‌സില്‍ വന്നു.
'ഞാന്‍ സാരിയുടുക്കണോ ചൂരിദാറിടണോ?'
ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് പിടികിട്ടിയില്ല.

'സാറോട് ഞാനെന്താ പറയ്വാ...', സുനിത ചിരിയടക്കി. 'ഞാന്‍ ചൂരിദാറിടാം...'
സിനിമ തീരാന്‍ കഷ്ടിച്ച് അഞ്ചു മിനിറ്റുള്ളപ്പോള്‍ സുനിത ഒരു ബോംബു പൊട്ടിച്ചു.
'ഇത്രേം നാള്‍ മറച്ചുപിടിച്ചു എന്നു തോന്നരുത്... അയാം... അയാം എ ക്രിസ്റ്റ്യന്‍...'
ഒരു വെട്ട്‌കൊണ്ട പോലെ എനിക്ക് മുറിഞ്ഞു. ആ നിമിഷം വരെ സുനിതയുടെ ജാതിയോ മതമോ ഞാന്‍ ചിന്തിച്ചിരുന്നില്ല. 
'അപ്പൊ ഹസ്ബന്റ്?'
അതിന് മറുപടിയൊന്നും പറഞ്ഞില്ല.

മെമുവില്‍ മടങ്ങുമ്പോള്‍ ഫേസ്ബുക്കില്‍ സുനിതയുടെ About info തിരഞ്ഞു : Abhinav, cousin: Surendran എന്നാണ് കണ്ടത്. ഫേസ്ബുക്കില്‍ സുരേന്ദ്രന് ഭര്‍ത്താവിന്റെ പദവിയല്ല.
പെട്ടെന്ന് ഞാനാലോചിച്ചു. സുനിതയുടെ യഥാര്‍ത്ഥ പേര് എന്തായിരിക്കും? ഔദ്യോഗിക രേഖകളില്‍ ക്രിസ്ത്യന്‍ പേരു തന്നെയായിരിക്കുമോ, അതോ...

ഞാന്‍ വീണ്ടും ആലോചിച്ചു. മേതിലിനെക്കുറിച്ചോ ആ കഥകളെക്കുറിച്ചോ എന്തെങ്കിലും സംസാരിച്ചിട്ട് എത്രയോ ദിവസങ്ങളായി. സംഭാഷണങ്ങളിലും സന്ദേശങ്ങളിലും ഏറ്റവും നിറഞ്ഞു നിന്ന ആള്‍ തുമ്പും പൊടിയുമില്ലാതെ നിഷ്‌ക്രമിച്ചിരിക്കുന്നു. ഇനിയെന്നാണ് ഞെട്ടിക്കുന്ന അവതാരമായി മേതില്‍ ഞങ്ങളുടെ സംഭാഷണത്തിലേക്ക് കടന്നു വരിക? സുനിത വിളിക്കുമ്പോള്‍ മേതിലിനെക്കുറിച്ച് ബോധപൂര്‍വ്വം രണ്ടു വാക്കു പറയാന്‍ ഞാന്‍ തീരുമാനിച്ചു.

എന്നാല്‍, സുനിത വിളിക്കുകയുണ്ടായില്ല എന്നു മാത്രമല്ല, ഞാന്‍ വിളിച്ചപ്പോള്‍ തിരിച്ചു വിളിച്ചതുമില്ല. പിറ്റേന്നു വീണ്ടും വിളിച്ചു. എടുത്തില്ല. വാട്‌സാപ്പില്‍ ഘമേെ ടലലിന് നേരെ സാധാരണ സമയം കാണുമായിരുന്നു. അത് ഹൈഡ് ഓപ്ഷനിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ എപ്പോഴെല്ലാമാണ് വാട്‌സാപ്പ് നോക്കുന്നത് എന്നറിയാന്‍ പറ്റാതായി. ഫേസ്ബുക്കിലും പുതിയ പോസ്റ്റിങ്ങൊന്നും കണ്ടില്ല. 
'എന്നാ എപ്പവും ഒരു യോശനൈ...', എന്റെ മട്ടും ഭാവവും കണ്ട് വസന്തക്ക് ഉല്‍ക്കണ്ഠ.
'ഒരു പെരിയ നോവല്‍ എഴുതപ്പോറേന്‍...', തല്‍ക്കാലം രക്ഷപ്പെടാന്‍ എനിക്ക് അങ്ങനെ പറയേണ്ടിവന്നു. 'അതോട് യോശനൈ...'

ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചപ്പോള്‍ കുറേ ദിവസങ്ങളായി സുനിത വരാറില്ലെന്നും ലീവിലാണെന്നും അറിഞ്ഞു. ആറാട്ടുപുഴ ഓട്ടു കമ്പനിക്കടുത്താണ് വീട് എന്നു പറഞ്ഞതായാണ് ഓര്‍മ്മ. ആറാട്ടുപുഴ കൂട്ടായ്മ, നമ്മുടെ ആറാട്ടുപുഴ എന്നീ ഫേസ്ബുക് പേജുകളില്‍ എവിടെയെങ്കിലും സുനിതയുണ്ടോ എന്നറിയാന്‍ ഞാനതില്‍ അംഗമാവുകയും ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.
ദിനങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. പതിയെപ്പതിയെ സുനിതയുടെ മുന്‍തൂക്കം എന്നില്‍ കുറയാന്‍ തുടങ്ങി. മകനെ പഠിപ്പിക്കുന്നതിലും വീട് വൃത്തിയാക്കി വെക്കുന്നതിലും എന്റെ ജോലിയില്‍ ത്തന്നെയും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു.
ഇടക്കൊരു നാള്‍ മേതില്‍ വിളിച്ചു.
'ശങ്കു... സുനിത വിളിക്കാറുണ്ടോ?'
'ഇല്ല... എന്തേ?'
'ഈസ് ഷി ആക്ടിവ് ഇന്‍ എഫ്.ബി...?'
'ഇല്ല... അടുത്തൊന്നും പോസ്റ്റിങ്ങ് കണ്ടില്ല...'
'വാട്ട് ഹാപ്പന്‍ഡ്?'
'നോ ഐഡിയ...'
'സര്‍പ്രൈസിങ്ങ്...', മേതിലിന്റെ ശബ്ദത്തില്‍ ആശ്ചര്യം. 'ഷി വാസ് കാളിങ്ങ് ട്വൈസ് ആന്റ് ത്രൈസ് എ ഡേ... വാട്ട് ഹാപ്പന്‍ഡ് സഡണ്‍ലി...'

മേതിലിനെ ദിനവും രണ്ടും മൂന്നും വട്ടം വിളിച്ചിരുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു.
സുനിതയുമായി അടുപ്പം തോന്നിത്തുടങ്ങിയ നാളുകളില്‍ മുദ്രമോതിരത്തിലെ മഴമുകില്‍ ചിത്രവേല എന്ന പാട്ട് ഞാന്‍ ഇടക്കിടെ കേള്‍ക്കുമായിരുന്നു. നിന്നെ ഞാനെന്തു വിളിക്കും എന്ന വാണിജയറാമിന്റെ പാട്ടു കേള്‍ക്കുമ്പോള്‍ സുനിത അടുത്തു വന്നു നില്‍ക്കുന്നതുപോലെ തോന്നിയി രുന്നു. ഇപ്പോള്‍ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടായ ഈ അകല്‍ച്ച എന്നില്‍ നിരാശയോ നഷ്ട ബോധമോ ഉണ്ടാക്കുന്നില്ല. ജീവിതത്തിലെ ഹ്രസ്വമായ ഒരദ്ധ്യായം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അത് ചുരുങ്ങി.

ഞാന്‍ മറ്റെന്തെങ്കിലും ആലോചിച്ച് അസ്വസ്ഥനായിരിക്കുമ്പോഴും വസന്ത നിഷ്‌കളങ്കമായി അന്വേഷിച്ചു:
'നോവല്‍ ആലോചിക്കറേളാ?'
വൃശ്ചികത്തിലെ പൗര്‍ണ്ണമി.

ടെറസ്സില്‍ ഒറ്റക്കിരുന്ന് യു ട്യൂബില്‍ പാട്ടു കേള്‍ക്കുന്നു. പെട്ടെന്ന് നനുത്തൊരു കാറ്റു വീശി. പൂര്‍ണ്ണചന്ദ്രനെ പാതിയും മറച്ചുനിന്ന ഒരു കരിമേഘം പൊടുന്നനെ പോയ്മറഞ്ഞു. ഭൂമിയാകെ പാലൊഴിച്ചപോലെ വെളുത്തു. ആ നിമിഷം പാട്ട് അവസാനിക്കുകയും മൊബൈലില്‍ നോട്ടിഫി ക്കേഷന്‍ ശബ്ദിക്കുകയും ചെയ്തു. വാട്‌സാപ്പ് തുറന്നു നോക്കിയ ഞാന്‍ എന്റെ കണ്ണുകളെ നമ്പാനാവാതെ വീണ്ടും വീണ്ടും ആ ഫോട്ടോവിലേക്ക് തന്നെ നോക്കി.

സുനിത!
മെലിഞ്ഞിരുന്നു. ഈറന്‍ മുടി മുന്നിലേക്ക് വകഞ്ഞിട്ടിരുന്നു. ജനലിലൂടെ വീഴുന്ന മഴവില്ലിന്റെ ഒരു തുണ്ട് മുഖത്തിന് ചാരുത കൂട്ടുന്നതുപോലെ. സുനിതയെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ഫോട്ടോവിലാണ്.
'യു ലുക് സോ പ്രെറ്റി... സോ ബ്യൂട്ടിഫുള്‍... ഇത്രേം നാള്‍ എവിടായിരുന്നു? എന്തിനാരുന്നു ഈ വലിയ ഗാപ്...'
'ഹ... ഹ... ഹ... ശുഭരാത്രി' എന്നൊരു മറുപടിയില്‍ സുനിത സംഭാഷണത്തിന് കുത്തിട്ടു.
പിറ്റേന്ന് വിളിച്ചപ്പോള്‍ ഫോണെടുത്തു.
'എവിടാരുന്നു ഇത്രേം കാലം?' അസ്ഥിബലം ക്ഷയിച്ച കാമുകനെപ്പോലെ ഞാനൊന്നു പിണക്കം നടിച്ചു. 'എത്ര തവണ ഞാന്‍ വിളിച്ചു... ഒന്ന് എടുത്തുപോലുമില്ലല്ലോ...'
'എനിക്ക് കുറച്ച് പ്രോബ്ലംസുണ്ട്...'
അസുഖകരമായ മൗനം എന്നു തോന്നിച്ച ഒരിടവേളക്കു ശേഷം സുനിത പറഞ്ഞു.
'എന്തു പ്രോബ്ലംസ്...?'
വീണ്ടും മൗനം.
'അത്... അത് പിന്നെപ്പറയാം...'
'എനിക്കൊന്നു കാണണം...'
'കാണാനൊന്നും ഇനി പറ്റുമെന്നു തോന്നുന്നില്ല...'
'അതെന്താ...'
'ഇവിടെ കുറേ പ്രോബ്ലംസുണ്ട്...'
'ശരി... ദിവസവും വാട്‌സാപ്പില്‍ വരുമോ?'
'ഉറപ്പു പറയുന്നില്ല...'
'ആഴ്ചയിലൊരിക്കല്‍ വിളിക്കുമോ?'
'ഉറപ്പില്ല... നോക്കാം...'
'എല്ലാത്തിനും ഇങ്ങനെ തൊട്ടും തൊടാതെയും ഉത്തരം പറഞ്ഞാലോ?'
'എന്റെ പ്രസന്റ് കണ്ടിഷന്‍ അതാണ്...'
'എന്താണ് ആക്ച്വല്‍ പ്രശ്‌നം?'
'സമയമാവുമ്പോള്‍ പറയാം...'
സംഭാഷണം എങ്ങുമെങ്ങുമെത്താതെ മുറിഞ്ഞവസാനിച്ചു. ഞാന്‍ ഗാലറി തുറന്ന് ആ മഴവില്‍ ഫോട്ടോ വീണ്ടും എടുത്തുനോക്കി. തലേന്ന് കണ്ടതിനേക്കാള്‍ സുനിതക്ക് ഭംഗിവെച്ചതുപോലെ! ആ ഫോട്ടോ എന്റെ ചുണ്ടുകളില്‍നിന്നും മുത്തം ചോദിച്ചു വാങ്ങി. രാത്രി ഉറക്കം ദൂരെ മാറിനിന്ന് എന്നെ പരിഹസിക്കുന്നതുപോലെ...

പിറ്റേന്ന് വിളിച്ചെങ്കിലും സുനിത ഫോണെടുത്തില്ല. വാട്‌സാപ്പില്‍ പരിഭവമറിയിച്ചപ്പോള്‍ ചുടുങ്ങനെ മറുപടി വന്നു.
'വാട്‌സാപ്പില്‍ ഇനി മെസ്സേജൊന്നും അയക്കരുത്...'
അങ്ങനെയെങ്കില്‍ ആ മഴവില്‍ ഫോട്ടോ അയച്ച് വീണ്ടും ഈ അദ്ധ്യായം തുറന്നതെന്തിന്? വിളിച്ചപ്പോള്‍ ഫോണെടുത്ത് സംസാരിച്ചതെന്തിന്?
സുനിതയുടെ താക്കീത് ലംഘിച്ച് ഞാന്‍ വാട്‌സാപ്പില്‍ രോഷപ്പെട്ടു.

'എന്താണ് വിളിച്ചാല്‍ ഫോണെടുക്കാത്തത്?... എനിക്ക് ഉടനെ ഒന്നു കാണണം... എപ്പോഴാണ് സൗകര്യം?'
'എന്താ പറഞ്ഞാല്‍ മനസ്സിലാവാത്തത്? ഇവിടെ പ്രശ്‌നമാണ്... വാട്‌സാപ്പില്‍ ഒരു മെസ്സേജും അയക്കരുത്...'
സുനിത എന്റെ കൈപ്പിടിയില്‍നിന്നും തെന്നിപ്പോവുകയാണെന്ന് എനിക്കുറപ്പായി. പിറ്റേന്ന് രണ്ടും കല്പിച്ച് ഞാന്‍ തൃശ്ശൂര്‍ക്ക് പുറപ്പെട്ടു. സുനിത പഠിപ്പിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുന്നില്‍ കുറേനേരം നിന്നതല്ലാതെ സ്‌കൂളിലേക്ക് കയറിച്ചെല്ലാനോ സ്റ്റാഫ് റൂമില്‍ ചെന്ന് സുനിതയെ അന്വേഷിക്കാനോ ധൈര്യം വന്നില്ല. നല്ല വിശപ്പുണ്ടായിട്ടും ഒന്നും കഴിക്കാന്‍ തോന്നിയില്ല.

ബസ്സ് പിടിച്ച് ആറാട്ടുപുഴ ഓട്ടുകമ്പനി പരിസരത്തെത്തി. പ്രധാന റോഡില്‍നിന്നും ടി ആകൃതി യില്‍ പിരിയുന്ന പഞ്ചായത്ത് റോഡില്‍ നാലാമത്തതായിരുന്നു സുനിതയുടെ വീട്. വീട്ടുമുറ്റത്ത് വണ്ടികളോ വളര്‍ത്തുമൃഗങ്ങളോ കണ്ടില്ല. ഗെയ്റ്റ് വെറുതെ ചാരിയിട്ടുണ്ട്. ഞാന്‍ ആ വീട്ടുപരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്നതില്‍ എന്തോ പന്തികേട് തോന്നിയ ഒന്നുരണ്ടു പ്രദേശവാസികള്‍ പെട്ടെന്നു നില്‍ക്കുകയും എന്തോ അര്‍ത്ഥം വെച്ച് എന്നെ നോക്കുകയും ചെയ്തു. അതിലൊരാള്‍ മൊബൈലെടുത്ത് ആരെയോ വിളിക്കാനോങ്ങുന്നു എന്നു തോന്നിയതും ഒരല്പം വേഗത്തില്‍ നടന്ന് ദൈവഹിതംപോലെ പെട്ടെന്നു മുന്നില്‍ വന്നുനിന്ന ബസില്‍ ചാടിക്കയറി. ബസിന്റെ പിന്‍ചില്ലിലൂടെ നോക്കുമ്പോള്‍ അവര്‍ ഒരു ബൈക്കില്‍ പിന്‍തുടരുന്നതുപോലെ തോന്നി. ബസ് ആരെയും ഗൗനിക്കാതെ കുതിച്ചു മുന്നേറിയപ്പോഴാണ് ശ്വാസം നേരെ വീണത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ടുമൂന്നു സമയങ്ങളിലായി വിളിച്ചെങ്കിലും സുനിത ഫോണെടുത്തില്ല. വേറെ നമ്പറില്‍നിന്നു വിളിച്ചപ്പോള്‍ ശബ്ദം തിരിച്ചറിഞ്ഞതും കട്ട് ചെയ്തു.

'നിനക്കെന്തു പറ്റി?', ഗത്യന്തരമില്ലാതെ വാട്‌സാപ്പില്‍ എനിക്ക് ചോദിക്കേണ്ടിവന്നു. 'നിന്നെ കാണാന്‍ സ്‌കൂളിലേക്കും ആറാട്ടുപുഴയിലേക്കും ഞാന്‍ വന്നിരുന്നു... അറിയാമോ?'
'എത്ര പറഞ്ഞാലും മനസ്സിലാവാത്തവരോട് ഇനി ഒറ്റ വഴിയേയുള്ളു...'
സുനിത വാട്‌സാപ്പില്‍ എന്നെ ബ്ലോക്ക് ചെയ്തു. ഡിസ്‌പ്ലേ ചിത്രവും മാറ്റിയതോടെ പുതിയ ഫോട്ടോകള്‍ കാണാനുള്ള അവസരവും നഷ്ടമായി. കുതിരവേഗത്തില്‍ ഞാന്‍ എഫ്.ബി ഇന്‍ബോക്‌സിലേക്ക് കുതിച്ചു.
'വാട്ട് ഹാപ്പന്‍ഡ് റ്റു യു... വൈയാര്‍ യു ബിഹേവിങ്ങ് ലൈക് ദിസ്... വാട്ടീസ് യുവര്‍ പ്രോബ്ലം...'
അതോടെ ഇന്‍ബോക്‌സിലും ഞാന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. സുനിതയിലേക്കുള്ള ദൂരം വല്ലാതെ വര്‍ദ്ധിച്ചതോടെയാണ് കൊറിയര്‍ എന്ന ആശയമുദിച്ചത്.

പ്രധാനമായും എനിക്ക് ചോദിക്കാനുണ്ടായിരുന്നത് സ്വഭാവത്തില്‍ വന്ന അടിമുടി മാറ്റമാണ്. പ്രശ്‌നങ്ങള്‍ മനസ്സിലാക്കാം. വാട്‌സാപ്പിലും എഫ്.ബിയിലും ബ്ലോക്ക് ചെയ്തതും ഉള്‍ക്കൊള്ളാം. ഫോണെടുക്കാതിരിക്കുന്നതെന്തിന്?
സ്‌കൂള്‍ വിലാസവും ഫോണ്‍ നമ്പറും ഗൂഗിളില്‍നിന്നു തപ്പിയെടുത്ത് ഡിലന്‍ തോമാസിന്റെ പന്ത് എന്ന പഴയ മേതില്‍ സമാഹാരത്തിനുള്ളില്‍ കത്തുവെച്ചു. പിറ്റേന്ന് കൊറിയര്‍ കിട്ടിയിട്ടുണ്ടാവും എന്ന എണ്ണത്തില്‍ വിളിച്ചപ്പോള്‍ സുനിത ഫോണെടുത്തില്ല എന്നു മാത്രമല്ല, റിങ്ങ്‌ടോണ്‍ പൂര്‍ത്തിയാവും മുന്‍പ് കട്ടാക്കുകയും ചെയ്തു.

ഉടനെ ഞാന്‍ മേതിലിനെ വിളിച്ചു.
'അടുത്തെങ്ങാനും സുനി വിളിച്ചിരുന്നോ മേതില്‍?'
'സുനി! ഹൂയീസ് ദാറ്റ്...'
'സോറി... സുനിത...'
'നോ... നോ ഇന്‍ഫോ... വൈ?'
'നതിങ്ങ്... ജസ്റ്റ് ചോദിച്ചൂന്ന് മാത്രം...'
ഇതില്‍ ഞാനാകെ കണ്ട സമാധാനം, എന്നെ മാത്രമല്ല, മേതിലിനേയും സുനിത വിളിക്കുന്നില്ല എന്നതാണ്. അടുത്താഴ്ച ഏതാണ്ട് ആദ്യ കത്തിലെ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ട് സ്‌കൂള്‍ വിലാസത്തിലേക്ക് വീണ്ടും ഒരു കൊറിയര്‍ അയച്ചു. ആ കൊറിയര്‍ മടങ്ങി.
വാട്‌സാപ്പ്, ഫേസ്ബുക്, മൊബൈല്‍... ഇപ്പോഴിതാ കൊറിയറും!
മുന്നിലുള്ളത് ഇനി സാധാ തപാല്‍ മാത്രം.

അപേക്ഷയുടെ സ്വരത്തിലാണ് കത്ത് തുടങ്ങിയതെങ്കിലും ഇടക്ക്‌വെച്ച് എന്റെ താളം തെറ്റി. ഞാനറിയാതെ എന്നില്‍ കോപം മുന്നിട്ടു. നമ്മള്‍ കൈമാറിയ സകല സ്വകാര്യങ്ങളും തെളിവുകള്‍ സഹിതം എന്റെ കൈവശമുണ്ടെന്നും സാഹചര്യം വന്നാല്‍ അതെല്ലാം വെളിപ്പെടുത്തുമെന്നും എന്റെ അവിവേകം അക്ഷരങ്ങളില്‍ കലമ്പി. അതു ഭയന്നിട്ടെങ്കിലും സുനിത തിരിച്ചുവരുമെന്ന് എന്നിലെ ക്ഷുദ്രമനസ്സ് കണക്കുകൂട്ടിയോ?
പിറ്റേന്ന് കത്ത് കൈപ്പറ്റിയ ഉടനെ സുനിത വിളിച്ചു. മറ്റേതോ ലോകത്തില്‍നിന്നെന്ന പോലുള്ള വിളി. കരയും, ഭയത്തില്‍ കരഞ്ഞ് കാലുപിടിക്കും എന്ന എന്റെ എണ്ണം തെറ്റി.

'എന്താ ബ്ലാക്‌മെയിലിങ്ങാ?' അട്ടഹാസത്തോളമെത്തുന്ന നിലവിളിയില്‍ മൊബൈല്‍ വിറച്ചു. 'ഞാന്‍ സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യണോ?'
'അയ്യോ... ബ്ലാക്‌മെയിലിങ്ങോ... ഞാനതൊന്നും ഉദ്ദേശിച്ചില്ല...', എനിക്ക് മുട്ടുവിറക്കാന്‍ തുടങ്ങി.
'ഉദ്ദേശിക്കണ്ട... പക്ഷേ, അതാണല്ലോ കത്തിന്റെയൊരു ടോണ്‍...'
'അയ്യോ... ഞാനങ്ങനെയൊന്നും...'
'തനിക്കിപ്പൊ എന്താ വേണ്ടേ... എന്തിന്റെ സൂക്കേടാ...?'
സാര്‍ എന്ന സ്ഥാനത്ത് എന്നെ താന്‍ എന്നു വിളിച്ചു!
'അയ്യോ... ഞാന്‍... അത് സുനു...', വാക്കുകള്‍ കിട്ടാതെ ഞാന്‍ തടുമാറി.

'ഇനി കത്തയക്കുകയോ പഴയ കാര്യങ്ങള്‍ പുലമ്പുകയോ ചെയ്താല്‍ എനിക്ക് പൊലീസില്‍ പരാതിപ്പെടേണ്ടിവരും...' സുനിതയുടെ കിതപ്പ് എനിക്കു കേള്‍ക്കാം. 'വകുപ്പ് എന്താന്നറിയാലോ...?'
ഫോണ്‍ വെച്ചെങ്കിലും സുനിതയുടെ ഭീഷണി എന്നില്‍ അവസാനമില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു. ഇത് ഈ ബന്ധത്തിന്റെ ആമുഖമോ അവസാനമോ എന്നറിയാതെ, അല്ലെങ്കില്‍ ആമുഖവും അവസാനവും ഒന്നായിത്തീരുന്ന ഒരു ചുഴുനിലയില്‍ സുനിത എന്നില്‍നിന്ന് അപ്രത്യക്ഷയായി.
സുനിതയുമായുള്ള എന്റെ തുടര്‍വുകളെക്കുറിച്ച് മേതിലിന് ഒന്നുമറിയില്ലായിരുന്നു, അദ്ദേഹമാണ് അതിന് നിമിത്തമെങ്കില്‍ക്കൂടി. 

മൂക്കു തിരുമ്മിക്കൊണ്ട് മുന്നില്‍ വസന്ത.
'എന്ന രൊമ്പ യോശനൈ?'
'നീ പോയി ചൂടാ ഒരു കോഫി കൊണ്ടു വാ...'
'കോഫിയാ...' വസന്തക്ക് അതിശയം. 'എന്നാ ധിടീര്‍ന്ന്2...'
ഒന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു.
'നോവല്‍ ഇന്നക്ക് ആരംഭിക്കറേന്‍...' 

1 യോശനൈ  ആലോചന
2 ധിടീര്‍ന്ന് = പെട്ടെന്ന്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com