'ഷെര്‍ലക് ഹോംസും ഇന്ത്യന്‍ വിധവയും'- എസ്. ജയേഷ് എഴുതിയ കഥ  

എന്‌റെ ഉറ്റ സുഹൃത്തും കുറ്റാന്വേഷണ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയുമായ ഷെര്‍ലക് ഹോംസിന്റെ ഈ കേസന്വേഷണം ഇത്രയും നാളും വായനക്കാരിലെത്തിക്കാന്‍ അശ്രദ്ധ കാണിച്ചതില്‍ ഖേദം പ്രകടിപ്പിക്കട്ടെ
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ന്‌റെ ഉറ്റ സുഹൃത്തും കുറ്റാന്വേഷണ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയുമായ ഷെര്‍ലക് ഹോംസിന്റെ ഈ കേസന്വേഷണം ഇത്രയും നാളും വായനക്കാരിലെത്തിക്കാന്‍ അശ്രദ്ധ കാണിച്ചതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കട്ടെ. ഇത്രയും പ്രധാനപ്പെട്ടതും ഹോംസ് എന്ന വ്യക്തിയുടെ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത സ്വഭാവവൈശിഷ്ട്യം നിരൂപിക്കുന്നതുമായ ഈ കേസ് എങ്ങനെ എന്റെ എഴുത്തുമേശയില്‍നിന്നും അപ്രത്യക്ഷമായെന്നത് സാക്ഷാല്‍ ഹോംസ് തന്നെ അന്വേഷിച്ച് കണ്ടെത്തേണ്ടതാകുന്നു.

ഈ ആഖ്യാനത്തിനായുള്ള കുറിപ്പുകള്‍ എന്റെ പഴയ മെഡിക്കല്‍ പുസ്തകങ്ങള്‍ക്കിടയില്‍നിന്നും കണ്ടെത്തുമ്പോള്‍ ഞാന്‍ ഷെര്‍ലക് ഹോംസിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞിരുന്നു. ഇടയ്‌ക്കൊരിക്കല്‍ ലൈബ്രറിയില്‍ വെച്ച്, ഞാന്‍ അപൂര്‍വ്വമായി മാത്രം സന്ദര്‍ശിക്കാറുള്ള ലണ്ടനിലെ ഒരിടം, ജ്യേഷ്ഠസുഹൃത്ത് മൈക്രോഫ്റ്റ് ഹോംസിനെ കണ്ടുമുട്ടാന്‍ ഇടയായപ്പോള്‍ അറിഞ്ഞ ചില കാര്യങ്ങള്‍ മാത്രമായിരുന്നു ഷെര്‍ലക്കിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍.

മൈക്രോഫ്റ്റ് ഹോംസ് പറഞ്ഞതനുസരിച്ച് ഷെര്‍ലക് ഒരു കേസ് സംബന്ധമായി ആദ്യം സിംഗപ്പൂരിലേയ്ക്കും പിന്നീട് അഫ്ഗാനിസ്ഥാനിലേയ്ക്കും പോയിരുന്നു. വിജയകരമായി ആ കേസ് പൂര്‍ത്തിയാക്കിയ ഹോംസ് ലണ്ടനിലേയ്ക്ക് തിരിച്ചു വരാതെ ഇന്ത്യയിലേയ്ക്ക് പോകുകയാണുണ്ടായത്. അവിടെ ഹൈദരാബാദ് നിസാമിന്റെ വജ്രമാല മോഷണം പോയ കേസ്, ഒരു ധനിക കുടുംബത്തിലെ ഒരു സ്ത്രീയുടെ ഒളിസേവ കണ്ടെത്താനുള്ള നിയോഗം, അഴിമതിക്കാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കള്ളി വെളിച്ചത്താക്കാന്‍ ലഭിച്ച അവസരം എന്നിങ്ങനെ ചെറുതും വലുതുമായ കേസുകളുമായി ഹോംസ് ഇന്ത്യയില്‍ ചുറ്റിക്കറങ്ങുകയാണത്രേ! എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ മൈക്രോഫ്റ്റ് പോലും കൈമലര്‍ത്തിയതേയുള്ളൂ. കുറേക്കാലം ഇന്ത്യയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളതിനാല്‍ ഹോംസിന് ഒരിക്കലും അവിടം മടുക്കാനിടയില്ലെന്നു ഞാന്‍ സ്വയം പറഞ്ഞു. ബുദ്ധിക്കു ജോലി കൊടുക്കുന്ന എന്തെങ്കിലും തുടര്‍ച്ചയായി കിട്ടുന്ന ഏതു സ്ഥലവും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരിക്കുമല്ലോ!

പിന്നീട് ഞാന്‍ എന്റെ വൈദ്യജോലിയും കുടുംബത്തിരക്കുകളുമായി ഹോംസിനെ മുഴുവനായും തന്നെ മറന്നുപോയിരുന്നു എന്നതും ഖേദത്തോടെ സമ്മതിക്കട്ടെ. എന്റെ വാടകവീടും ക്ലിനിക്കും ബേക്കര്‍ സ്ട്രീറ്റില്‍നിന്നും അകലെയായതും ഒരു കാരണമാകാം. മുഖവുര അധികം വലിച്ചുനീട്ടാതെ നേരിട്ട് ആ കേസിലേയ്ക്ക് കടക്കുകയാണ്.

ഡോ. ജോണ്‍ എച്ച്. വാട്ട്‌സണ്‍
ലണ്ടന്‍, 12122019

അങ്ങനെയിരിക്കേ, ലണ്ടനിലെ മഞ്ഞുമൂടിയ ഒരു ജനുവരി ദിവസം രാവിലെ ഞാന്‍ എന്റെ പതിവ് നടത്തത്തിനിറങ്ങിയതായിരുന്നു. തെംസ് നദിയില്‍ പ്രഭാതകിരണങ്ങള്‍ ഒളിവെട്ടുന്നതും ആസ്വദിച്ച്, പത്രം വില്‍ക്കുന്ന ചെറുക്കന്മാരുടെ സൂത്രപ്പണികള്‍ ആസ്വദിച്ച്, നീളം കൂടിയ ചങ്ങലകളില്‍ ബന്ധിച്ച രണ്ട് ഉശിരന്‍ പട്ടികളുമായി നടക്കാനിറങ്ങി നാട്ടുകാരെ പേടിപ്പിക്കുന്ന ഒരു സ്ത്രീയുടെ നിസ്സംഗത കണ്ട്, കാര്യമായ തിരക്കുകളൊന്നും ഉണ്ടാകാനിടയില്ലാത്ത ഒരു ദിവസത്തിനെ സ്വാഗതം ചെയ്ത് ഞാന്‍ നടക്കുമ്പോള്‍ ഹോംസിന്റെ സ്വകാര്യ സൈന്യത്തിലെ ഒരു ചെറുക്കന്‍ എന്റെയടുത്തേയ്ക്ക് ഓടിയെത്തി ഒരു കുറിപ്പ് കൈമാറി.
'എത്രയും പെട്ടെന്ന് ബേക്കര്‍ സ്ട്രീറ്റില്‍ എത്തുക, ഹോംസ്' എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. ഹോംസിനെ സംബന്ധിച്ചിടത്തോളം രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാത്തതിനാല്‍ എന്തെങ്കിലും പുതിയ കേസ് വന്നു പെട്ടിട്ടുണ്ടാകും എന്നു കരുതി ഞാന്‍ നടത്തം മതിയാക്കി എന്റെ ഒരുകാലത്തെ പ്രിയപ്പെട്ട വസതിയായിരുന്ന ബേക്കര്‍ സ്ട്രീറ്റിലേയ്ക്ക് ടാക്‌സി പിടിച്ചു.

221 ബി എന്ന ആ പ്രശസ്തമായ വീട്ടിലേയ്ക്ക് ഞാന്‍ കയറിച്ചെന്നു. പുറത്തെ മഞ്ഞിനോട് മത്സരിക്കുന്നതുപോലെ കപ്പല്‍ പുകയിലയുടെ പുക മുറിയിലെങ്ങും തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. അതിനര്‍ത്ഥം, കുറച്ച് ദിവസങ്ങളായി കേസൊന്നുമില്ലാതെ കൊക്കേയ്‌നിന്റെ ലഹരിയില്‍ വിരസത മാറ്റിയിരുന്ന ഹോംസ് കര്‍മ്മനിരതനായിരിക്കുന്നു എന്നു തന്നെയാണല്ലോ. എനിക്ക് അതിയായ സന്തോഷം തോന്നി.
'ഹോംസ്...' ഞാന്‍ വിളിച്ചു.

അകത്തെ മുറിയില്‍നിന്നും ഹോംസ് പ്രതിവചിച്ചു. അവിടെ ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു ഹോംസ്. കെട്ടുപോകാറായ പൈപ്പില്‍ വീണ്ടും പുകയില നിറയ്ക്കുകയാണ്.
'ഇത് ഇന്ത്യയില്‍നിന്നും വന്നതാണ്, ഇന്നലത്തെ പാഴ്‌സലില്‍. ഹൈദരാബാദ് നിസാമിന്റെ മ്യൂസിയത്തില്‍നിന്നും മോഷണം പോയ വജ്രമാല കണ്ടെത്തിക്കൊടുത്തതിനുള്ള പാരിതോഷികം. ഒന്ന് ശ്രമിച്ചു നോക്കുന്നോ?'
ഹോംസ് പതിവ് പരിഹാസച്ചുവയില്‍ ചോദിച്ചു.

'ഇന്ത്യന്‍ പുകയില എനിക്ക് അത്ര പഥ്യമല്ലെന്ന് അറിയില്ലേ ഹോംസ്?' ഞാന്‍ ഒന്ന് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.
'ഓഹ്, താങ്കളുടെ കല്‍ക്കത്ത അനുഭവം ഞാന്‍ മറന്നു, ക്ഷമിക്കൂ വാട്ട്‌സണ്‍, താങ്കളുടെ സ്വന്തം പുകയില തന്നെ തരട്ടെ?'
ഞാന്‍ ശ്വാസംമുട്ടല്‍ കാരണം പുകവലി നിര്‍ത്തിയതും ഹോംസ് മറന്നിരിക്കുന്നു. ഒരു വൈദ്യന്റെ നിരീക്ഷണങ്ങള്‍ ഉപയോഗിച്ച് ഹോംസിന്റെ ഇപ്പോഴത്തെ ആരോഗ്യനില അനുമാനിക്കുന്നതിലായിരുന്നു എന്റെ അപ്പോഴത്തെ ശ്രദ്ധ. അതില്‍ പൂര്‍ണ്ണമായും ഞാന്‍ പരാജയപ്പെട്ടെന്ന് അല്പം കഴിഞ്ഞ് സമ്മതിക്കേണ്ടിയും വന്നു.
'പറയൂ, ഹോംസ്... ഇന്ത്യയില്‍നിന്നും എപ്പോള്‍ തിരിച്ചെത്തി? എന്തൊക്കെയായിരുന്നു അവിടത്തെ വീരസാഹസിക അനുഭവങ്ങള്‍?'

'പ്രിയപ്പെട്ട വാട്ട്‌സണ്‍' ഹോംസ് ഗൗരവമായ എന്തെങ്കിലും സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് പ്രദര്‍ശിപ്പിക്കാറുള്ള ശാന്തത നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു: 'താങ്കള്‍ക്ക് കുറഞ്ഞത് 20 കഥകള്‍ എഴുതാനുള്ള അനുഭവങ്ങള്‍ ഇന്ത്യയില്‍നിന്നും ലഭിച്ചിട്ടുണ്ട്. അതെല്ലാം വഴിയേ തരാം. ഒരു കാര്യം സമ്മതിക്കാതെ വയ്യ, എന്നെപ്പോലെ കുറ്റാന്വേഷണ വൈദഗ്ദ്ധ്യത്തില്‍ അഗ്രഗണ്യനായ മറ്റൊരാള്‍ ലോകത്തില്ലെന്ന് അറിയാമായിരിക്കുമല്ലോ? ആ എന്നെപ്പോലും സമര്‍ത്ഥമായി കബളിപ്പിക്കുന്ന കുറ്റവാളികളാണ് ഇന്ത്യയില്‍. ഉദാഹരണത്തിന്, ഒരു കൊലപാതക സംഭവത്തില്‍, കേസ് കൊടുത്തതും പൊലീസിന് അന്വേഷണത്തിനായുള്ള എല്ലാ സഹായങ്ങളും ചെയ്തതും കൊലപാതകി തന്നെ ആയിരുന്നെന്നു പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? എന്നെ കുറച്ചൊന്നുമല്ല അയാള്‍ വട്ടം കറക്കിയത്.'
ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചു. ഹോംസ് സ്വന്തം ജാള്യത മറച്ചുവയ്ക്കാതെ ഒരു പുഞ്ചിരിയോടെ പൈപ്പിലേയ്ക്ക് തീക്കൊള്ളി അടുപ്പിച്ചു.

'അതുമാത്രമല്ല, പതിറ്റാണ്ടുകളായി ഒരു തുമ്പും കിട്ടാത്ത കേസുകളെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച ചെയ്യുന്നവരാണ് അവിടെ കൂടുതലും. അവര്‍ക്ക് കുറ്റം തെളിയിക്കുകയോ കുറ്റവാളിയെ കണ്ടെത്തുകയോ ഒന്നും പ്രധാനപ്പെട്ടതല്ല. കുറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍, മിക്കവാറും പത്രങ്ങള്‍ പടച്ചുവിടുന്ന അഭ്യൂഹങ്ങള്‍, സംസാരിക്കുകയുമാണ് അവിടെ പ്രധാനം. ഉദാഹരണത്തിന്, ഒരു ധനിക കുടുംബത്തിലെ മരുമകള്‍ക്ക് ആരുമായോ ഒളിസേവയുണ്ടെന്ന് എങ്ങനെയോ വാര്‍ത്ത പരക്കുന്നു. ആ കുടുംബത്തിലെ മുതിര്‍ന്നയാള്‍ ഒരു പെട്ടിനിറയെ പണവുമായി എന്നെ സമീപിക്കുന്നു. ഭാഗ്യത്തിന് ഞാന്‍ ഇന്ത്യയിലുള്ളതും ആ കേസ് അന്വേഷിച്ചതും മറ്റാരും അറിഞ്ഞില്ല. അത് പുറത്തറിഞ്ഞാല്‍ ആ കുടുംബത്തിനുണ്ടാകാവുന്ന മാനഹാനി കാരണമായിരിക്കും അത്രയും രഹസ്യമായത്. ഞാനാണെങ്കില്‍ സിംഗപ്പൂരിലെ കേസ് കഴിഞ്ഞ് അല്പം വിശ്രമം ആഗ്രഹിക്കുന്ന സമയമായിരുന്നു. ഇന്ത്യയിലെ ചരസ്സ് ഒന്നാന്തരം നേരം കൊല്ലിയാണ്.'
'എന്നിട്ട് ആ കേസ് എന്തായി?'

'അത് പിന്നേയും രസമായിരുന്നു. അന്വേഷണം കുറേ പുരോഗമിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ പോകേണ്ടിവന്നു. എന്റെ ജീവന്‍ തന്നെ അപകടത്തിലാകുന്ന അവസ്ഥയിലെത്തിയപ്പോള്‍, പ്രൊഫസര്‍ മൊറിയാര്‍ട്ടി പെട്ടെന്നു മുന്നില്‍ വന്നുനിന്ന് തോക്ക് ചൂണ്ടുന്നതുപോലെ, ഞാന്‍ വിദഗ്ദ്ധമായി അവിടെനിന്നും രക്ഷപ്പെട്ട് സിംഗപ്പൂര്‍ വഴി ലണ്ടനില്‍ എത്തുകയായിരുന്നു.'

ഹോംസ് ഒന്ന് നിര്‍ത്തിയിട്ട് തമാശയോടെ എന്നെ നോക്കി. ഞാന്‍ എന്റെ ആകാംക്ഷ മറച്ചുവെച്ചതുമില്ല.
അപ്പോള്‍ മിസ്സിസ് ഹഡ്‌സണ്‍ കുറേ നാളായി കേള്‍ക്കാതിരുന്ന ആ ശബ്ദത്തില്‍ സന്തോഷിച്ച് രണ്ട് കപ്പ് ചൂടുള്ള കട്ടന്‍ ചായയും ബ്രാണ്ടിയുടെ ഒരു കുപ്പിയും മേശപ്പുറത്ത് വെച്ചിട്ട് തിരിച്ചുപോയി.
വളരെ നാളുകള്‍ക്കുശേഷം ഹോംസിനെ കണ്ടതിലും അദ്ദേഹം ആരോഗ്യത്തോടേയും ആഹ്ലാദത്തോടേയും ഇരിക്കുന്നതിലും എനിക്കുള്ള സന്തോഷം പറഞ്ഞ് അറിയിക്കാന്‍ ആകാത്തതായിരുന്നു. തെരുവുപിള്ളേരില്‍ ഒരാളെ അയച്ച് എന്നെ വിളിപ്പിച്ചത് എന്തിനാണെന്നു ചോദിക്കാന്‍ ഞാന്‍ മറന്നുപോയിരുന്നു. ഹോംസും അങ്ങനെ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം ഉള്ളതായി ഭാവിച്ചതുമില്ല. ഞങ്ങള്‍ ഓരോ പെഗ് ബ്രാണ്ടിയും മൊത്തിക്കൊണ്ട് ഇരുന്നു.

ഹോംസ് കുപ്പായക്കീശയില്‍നിന്നും ചുവന്ന നിറമുള്ള ഒരു കടലാസ് എടുത്ത് എനിക്കു നേരെ നീട്ടി. വില കുറഞ്ഞ, ഒട്ടും നിലവാരമില്ലാത്ത ഒരു കടലാസ് ആയിരുന്നു അത്.
'എന്റെ രീതികള്‍ ഉപയോഗിച്ച് എന്തൊക്കെ കണ്ടെത്താന്‍ സാധിക്കുമെന്നു നോക്കൂ വാട്ട്‌സണ്‍.'
ഞാന്‍ ആ കടലാസ് ലെന്‍സ് ഉപയോഗിച്ച് പരിശോധിച്ചു. മണത്തു നോക്കി. അതില്‍ എഴുതിയിരുന്ന ഏതാനും വരികള്‍ സൂക്ഷ്മായി വായിച്ചു. എന്നിട്ട് എന്റെ നിഗമനങ്ങള്‍ പറഞ്ഞു:
'ഇത് ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച കടലാസല്ല. ഇത്രയും നിലവാരം കുറഞ്ഞ കടലാസ് ന്യൂസ് പ്രിന്റ് ആയിപ്പോലും ഇവിടെ ഉപയോഗിക്കാറില്ല. മാത്രമല്ല, താങ്കള്‍ അടുത്തകാലത്ത് ഇന്ത്യയില്‍ ആയിരുന്നതിനാല്‍ ഇത് അവിടെനിന്നും കിട്ടിയതായിരിക്കും എന്നു ഞാന്‍ ഊഹിക്കുന്നു.'
'ഒന്നാന്തരം വാട്ട്‌സണ്‍, തുടരൂ...'

'ഇത്തരം കടലാസ് ശിവകാശിയിലെ പടക്കനിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നതാണ്. കനക്കുറവ് കാരണം പെട്ടെന്ന് തീ പിടിക്കും.'
'വളരെ ശരി, പിന്നെന്തൊക്കെ?'
'കടലാസിനെക്കുറിച്ച് ഇത്രയുമേയുള്ളൂ. ഇനി ഇതിലെ കുറിപ്പ്. ഇതൊരു സ്ത്രീ എഴുതിയതാണെന്ന് ഉറപ്പ്, നല്ല ഏതോ സ്‌കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച ഒരു സ്ത്രീ. കോണ്‍വെന്റ് സ്‌കൂള്‍ ആയിരിക്കണം മിക്കവാറും.'

'ബലേ ഭേഷ്... അതെങ്ങനെ കണ്ടെത്തിയെന്നും പറയൂ...'
'ഇത്രയും ചെറിയ കയ്യക്ഷരം സാധാരണ സ്ത്രീകള്‍ക്കാണുണ്ടാകുക. വലത്തേയ്ക്ക് ചെരിച്ച് കുനുകുനാന്ന് എഴുതിയിരിക്കുന്നു. ഇതില്‍ 'ഞ' എന്ന അക്ഷരം എഴുതിയിരിക്കുന്ന രീതി ശ്രദ്ധിക്കൂ. ബ്രിട്ടീഷ് രീതിയിലുള്ള വിദ്യാഭ്യാസത്തില്‍ കോപ്പി എഴുതിപ്പഠിച്ചവരാണ് അങ്ങനെ എഴുതുക. മാത്രമല്ല, ഉപയോഗിച്ചിരിക്കുന്ന വാക്കുകളും അങ്ങനെയാണ്.'

'ഞാന്‍ ശരിക്കും അമ്പരന്നിരിക്കുകയാണ് വാട്ട്‌സണ്‍. താങ്കള്‍ ഡോക്ടര്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത് നന്നായി, ഇല്ലെങ്കില്‍ എനിക്ക് പണിയില്ലാതായേനേ.'
ഹോംസ് പ്രശംസിച്ചതാണോ പരിഹസിച്ചതാണോയെന്ന് ഞാന്‍ സംശയിച്ചിരിക്കുമ്പോള്‍ അദ്ദേഹം ആ കടലാസ് തിരികെ വാങ്ങിച്ച് ഭദ്രമായി കുപ്പായക്കീശയില്‍ തിരുകി. ബ്രാണ്ടിക്കപ്പില്‍ ഒന്ന് മൊത്തിയിട്ട് ഹോംസ് അടുത്ത വലിക്കായി പൈപ്പ് നിറയ്ക്കാന്‍ തുടങ്ങി.
അപ്പോള്‍ ഞാന്‍ ആ കത്തിലെ വരികള്‍ മനസ്സിലിട്ട് വിശകലനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
'മിസ്റ്റര്‍ ഹോംസ്, എനിക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. പണം എത്ര വേണമെങ്കിലും തരാം. ഇന്ന് വൈകുന്നേരം നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള തടാകത്തിനരികിലെ നടപ്പാതയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
കെ.ബി.എച്ച്'

ഇതായിരുന്നു കത്തിലെ ഉള്ളടക്കം. ഹോംസ് ഏറ്റവും ഉത്സാഹത്തോടെ സംസാരിച്ചത് ധനിക കുടുംബത്തിലെ ഒളിസേവയെക്കുറിച്ചായിരുന്നതിനാല്‍ ഈ കത്തും അതുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. എന്നാലും അതിന്റെ വിശദാംശങ്ങള്‍ ഹോംസില്‍ നിന്നും തന്നെ അറിയാനുള്ള ആഗ്രഹം ഞാന്‍ മറച്ചില്ല.
'ഹോംസ്, എന്നിട്ട് താങ്കള്‍ പോയോ?'

ദീര്‍ഘമായ ഒരു പുകയെടുത്ത് ഹോംസ് മേല്‍ക്കൂരയിലേയ്ക്ക് നോക്കി സാവധാനം ഊതി. നീലനിറമുള്ള പുക ചുരുളുകളായി അന്തരീക്ഷത്തിലേയ്ക്ക് അലിഞ്ഞുചേര്‍ന്നു. പുറത്ത് പതിവില്ലാത്ത മഴക്കോളുണ്ടായിരുന്നു. പാതി നീക്കിയിട്ടിരിക്കുന്ന ജനാലക്കര്‍ട്ടനിലൂടെ വേഗത്തില്‍ വീട് പിടിക്കാനോടുന്ന ജനങ്ങളെ കാണാം. അങ്ങിങ്ങായി കുട നിവര്‍ത്തിയവരും ഉണ്ടായിരുന്നു. ലണ്ടന്‍ നഗരത്തില്‍ മഴ ഒരു അത്ഭുതമല്ലെങ്കിലും അത് ഇപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്ന് ആരോ പറഞ്ഞത് ഓര്‍മ്മവന്നു. ഏതാനും നിമിഷങ്ങള്‍ക്കകം ജനല്‍ച്ചില്ലുകളില്‍ വെള്ളത്തുള്ളികള്‍ വന്നിടിക്കാന്‍ തുടങ്ങി. ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചു. ഈ മഴയില്‍ ടാക്‌സി കിട്ടാനും പ്രയാസമായിരിക്കും.
മുറിയില്‍ പുകയിലഗന്ധത്തിനൊപ്പം തണുപ്പും വര്‍ദ്ധിച്ചുവന്നു. ഞാന്‍ എഴുന്നേറ്റ് നെരിപ്പോടിലെ മരക്കഷണങ്ങള്‍ കൊടില്‍കൊണ്ട് ഇളക്കി തീ ആളിക്കത്തിച്ചു. സുഖകരമായ ചൂടില്‍ കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് തിരികെ വന്നിരുന്നു.

ഹോംസ് ആലോചനാലോകത്തില്‍നിന്നും പുറത്തുവന്ന് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
'വാട്ട്‌സണ്‍, താങ്കള്‍ ഇപ്പോള്‍ത്തന്നെ മനസ്സിലാക്കിയിരിക്കുന്നതുപോലെ ഈ കത്ത് ആ ഒളിസേവക്കേസുമായി ബന്ധപ്പെട്ടതുതന്നെയാണ്...'
'പക്ഷേ, ഒരു കാര്യം, ഹോംസ്. താങ്കള്‍ ഇത്തരം കേസുകളിലൊന്നും താല്പര്യം കാണിക്കാറില്ലല്ലോ. നോര്‍മണ്ടിയിലെ പ്രഭുകുമാരന്‍ ജാരസന്തതിയാണെന്നു കണ്ടുപിടിച്ചത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലായിരുന്നു. അതും ഇത്തരം ഒരു അവസ്ഥയിലുള്ള കേസായിരുന്നില്ലല്ലോ?'
'ശരിയാണ് വാട്ട്‌സണ്‍. എനിക്ക് ഇത്തരം ഒളിസേവക്കേസിലൊന്നും താല്പര്യമില്ല. പക്ഷേ, പലപ്പോഴും വളരെ നിസ്സാരവും ഒട്ടും ഉദ്വേഗം തോന്നിപ്പിക്കാത്തതുമായ കേസുകള്‍ ഞാന്‍ ഏറ്റെടുക്കുന്നത് മറ്റു പല ഉദ്ദേശ്യങ്ങള്‍ കൊണ്ടായിരിക്കും. അതിലൊന്നാണ് ആളുകളെ, സംസ്‌കാരങ്ങളെ പഠിക്കുക എന്നത്. നോക്കൂ, ഈ ഒരു കേസ് ഇല്ലെങ്കില്‍ ഇന്ത്യയിലെ രീതികളെക്കുറിച്ച് എനിക്കെങ്ങനെ അറിയാന്‍ കഴിയും? ഇംഗ്ലണ്ടിലോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്തിലോ വച്ച് ഒരു ഇന്ത്യാക്കാരന്‍ എന്റെ കേസുമായി ബന്ധപ്പെട്ട് വരുകയാണെങ്കില്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമാകാന്‍ ഇത്തരം അനുഭവങ്ങള്‍ ആവശ്യമാണ്.'
'അത് ശരിതന്നെ, ബാക്കി പറയൂ...'

'ഉം, ആ കേസിന്റെ അന്വേഷണത്തിനായി ഞാന്‍ നഗരത്തിലെ ഒരു ഇടത്തരം ലോഡ്ജില്‍ താമസമാക്കിയിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പ്രഭുകുടുംബം നല്‍കാമെന്നേറ്റ ആഡംബര ഹോട്ടല്‍മുറി വേണ്ടെന്നു വച്ചു. മറ്റൊരു കാരണം അത് ഇന്ത്യയിലെ പത്രക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കും എന്നതും കൂടിയാണ്. പക്ഷേ, അത്രയും രഹസ്യമായി കരുക്കള്‍ നീക്കിയിട്ടും ആ സ്ത്രീ എന്നെ കണ്ടുപിടിച്ചത് അത്ഭുതം തന്നെ.'
'ക്ഷമിക്കണം ഹോംസ്, ഇടക്ക് കയറി പറയുകയാണ്. എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്...'
'ഐറിന്‍ ആഡ്‌ലര്‍ അല്ലേ? ഞാന്‍ ഊഹിച്ചു...'
ഹോംസ് മധുരമുള്ള ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഒരാളുടെ പേര് ഉച്ചരിക്കുമ്പോള്‍ ബഹുമാനവും സ്‌നേഹവും ഹോംസില്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഐറിന്‍ എന്ന മഹതിയുടേതു മാത്രമാണ്.
'അതേ, ശരിക്കും അതേ...' ഞാന്‍ പറഞ്ഞു.

'അന്ന് വൈകുന്നേരം ഒരു പക്ഷിനിരീക്ഷകന്റെ വേഷത്തില്‍ ഞാന്‍ ആ തടാകക്കരയിലേയ്ക്ക് പോയി. ഇരുട്ട് പരന്നുതുടങ്ങി. വഴിവിളക്കുകള്‍ തെളിഞ്ഞ ശേഷമേ അവര്‍ പ്രത്യക്ഷപ്പെട്ടുള്ളൂ. ഒരു ഷാള്‍ കൊണ്ട് മുഖവും മുടിയും മറച്ചായിരുന്നു അവര്‍ വന്നത്. അതിന് ക്ഷമ ചോദിക്കുകയും ചെയ്തു. ഞങ്ങള്‍ ആളൊഴിഞ്ഞ ഒരിടത്ത് പോയിരുന്ന് സംസാരിക്കാം എന്ന് ആലോചിച്ചെങ്കിലും വിദേശിയായ എന്റെ കൂടെ ഒരു ഇന്ത്യാക്കാരിയെ കാണുമ്പോള്‍ അത് നാട്ടുകാരുടെ ശ്രദ്ധ ആകര്‍ഷിക്കുമെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ വഴിപോക്കരായ ചിലര്‍ ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ രണ്ട് ടാക്‌സികളിലായി അല്പം ദൂരെയുള്ള ഒരു കോളനിയില്‍ എത്തിച്ചേര്‍ന്നു.'
'കോളനി?'
'അതേ, അലക്കുകാര്‍ താമസിക്കുന്ന കോളനി. അത്തരം ഒന്ന് നമുക്ക് സങ്കല്പിക്കാന്‍ പോലുമാവില്ല. വളഞ്ഞുപുളഞ്ഞ ഇടവഴികള്‍. ഏതാണ്ട് ഒരേപോലെയിരിക്കുന്ന ചെറിയ കുടുസ്സു വീടുകള്‍. സ്വന്തം വീട് കണ്ടെത്തണമെങ്കില്‍പ്പോലും അസാമാന്യ കഴിവ് ആവശ്യമായി വരുന്ന നിര്‍മ്മാണം.'

'ഓഹ് അങ്ങനെ, കോളനി എന്നു കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മവരുന്നത് മറ്റെന്തൊക്കെയോ ആണ്.'
'ശരി, അവര്‍ എന്നെ ഒരുപാട് ഉള്ളിലുള്ള സാമാന്യം ഭേദപ്പെട്ട ഒരു വീട്ടിലേയ്ക്ക് കൊണ്ടുപോയി. സ്വന്തം വീട്ടിലേയ്‌ക്കെന്നപോലെ, ചിരപരിചിതമായ ഒരിടത്തേയ്ക്ക് കയറിച്ചെല്ലുന്ന അനായാസത അവരിലുണ്ടായിരുന്നു. പച്ചനിറമുള്ള ചെറിയ ഇരുമ്പുഗേറ്റ് കടന്ന് നിലത്ത് ഇഷ്ടിക പാകിയ മുറ്റത്തിലൂടെ ഞാന്‍ അവരെ പിന്തുടര്‍ന്നു. അത്രയും ബഹളങ്ങള്‍ നിറഞ്ഞ പരിസരത്ത് ആ വീട് ശാന്തമായി നിലനില്‍ക്കുന്നത് എനിക്ക് അത്ഭുതമായിരുന്നു. ഉയരം കൂടിയ മതില്‍ വീടിനെ ചുറ്റി നില്‍ക്കുന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് അകത്തേയ്ക്ക് കാഴ്ച ലഭിക്കില്ലായിരുന്നു. അവര്‍ കാളിംഗ് ബെല്‍ അമര്‍ത്തിയതും ഞങ്ങളെ കാത്തിരിക്കുകയായിരുന്നെന്നപോലെ ഒരു ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു. ഉയരം കൂടി മെലിഞ്ഞ് വിളറിയ നിറമുള്ള അയാള്‍ വല്ലാത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരുന്നു. ഞാന്‍ ആദ്യം ശ്രദ്ധിച്ചത് അയാളുടെ കൈകള്‍ ആയിരുന്നു.'

ഹോംസ് ഒന്നു നിര്‍ത്തി. കാലിയായ ഗ്ലാസ്സില്‍ വീണ്ടും ബ്രാണ്ടി നിറച്ച് മൊത്തി. തണുപ്പ് അധികരിക്കുന്നുണ്ടായിരുന്നു. പുറത്ത് കോരിച്ചൊരിയുന്ന മഴ. അത്തരം ഒരു കാലാവസ്ഥയില്‍ ചൂടു കൂടിയ ഒരു ഇന്ത്യന്‍ നഗരത്തിലെ കഥ കേള്‍ക്കുന്നതില്‍ രസംപിടിച്ചു വരുകയായിരുന്നു ഞാന്‍.

'വാട്ട്‌സണ്‍, താങ്കള്‍ക്ക് എന്റെ രീതികള്‍ അറിയാമല്ലോ. ഒരാളെ കണ്ട മാത്രയില്‍ എനിക്ക് ഊഹിച്ചെടുക്കാന്‍ കഴിയുന്ന ഒരുപാട് വിശദാംശങ്ങള്‍. അങ്ങനെയൊന്നും തന്നെ അയാളില്‍നിന്നും കണ്ടെത്താന്‍ എനിക്കായില്ല. അതിന്റെ കാരണം ആ രാജ്യത്തിന്റെ പ്രത്യേകത തന്നെയാണെന്നു ഞാന്‍ കരുതുന്നു. ഇവിടെ ഇംഗ്ലണ്ടില്‍, ഒരു കുതിരക്കാരനേയും അവധിക്കു വന്ന പട്ടാളക്കാരനേയും തിരിച്ചറിയാന്‍ ഒട്ടും പ്രയാസമില്ല. പക്ഷേ, ഇന്ത്യയില്‍ ബാങ്ക് ഉദ്യോഗസ്ഥനും നികുതിവകുപ്പ് മേധാവിയും കോളേജ് അദ്ധ്യാപകനും സൂപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളിയും എല്ലാം ഒരുപോലെയിരിക്കും. അവരുടെ തൊഴില്‍ വെളിപ്പെടുത്തുന്ന ലക്ഷണങ്ങളൊന്നും തന്നെ അവര്‍ക്കുണ്ടാവില്ല. എന്നെപ്പോലെ ഒരു കുറ്റാന്വേഷകനു വളരെ പ്രയാസമുണ്ടാക്കുന്ന ഒരുതരം അവസ്ഥയാണത്. അതുപോലെ ഒരു അടയാളവും ആ ചെറുപ്പക്കാരനില്‍ എനിക്ക് കണ്ടെത്താനായില്ല. പക്ഷേ, ഒന്നുമാത്രം എനിക്ക് ഉറപ്പായിരുന്നു. അത് ആ കേസില്‍ വളരെ പ്രധാനപ്പെട്ടതുമായിരുന്നു.'
'എന്തായിരുന്നു അത്?' ഞാന്‍ ആകാംക്ഷകൊണ്ട് മുന്നോട്ട് ചാഞ്ഞു.

'പറയാം, അതിനു മുന്‍പ് ആ സ്ത്രീ എന്റെ സഹായം ആവശ്യപ്പെട്ടത് എന്തിനാണെന്ന് വിശദമാക്കട്ടെ. വളരെ ചെറുപ്പക്കാരിയായിരുന്നു അവര്‍അവരുടെ പേര് രഹസ്യമാക്കിത്തന്നെ സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതില്‍ ക്ഷമിക്കുക വാട്ട്‌സണ്‍. ഇന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അവര്‍ താങ്കള്‍ ആ കുറിപ്പില്‍നിന്നും കണ്ടെത്തിയതുപോലെ ഒരു മിഷനറി സ്‌കൂളില്‍ മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവളായിരുന്നു. കോളേജ് പഠനകാലത്ത് അവരുടെ പിതാവ് ഒരു അപകടത്തില്‍ മരിച്ചതുകാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ചെറിയ ജോലികള്‍ ലഭിച്ചെങ്കിലും അനിയന്മാരും അനിയത്തിമാരും അമ്മയും അടങ്ങുന്ന ഒരു കുടുംബത്തിന്റെ വിശപ്പടക്കാന്‍ അതു തികയില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ആ ധനിക കുടുംബത്തിലെ കുട്ടികള്‍ക്കു റ്റിയൂഷന്‍ എടുക്കാനുള്ള അവസരം ലഭിച്ചത്. മേല്‍ജാതിക്കാരിയായ അവരെ അവര്‍ക്കു നന്നായി ബോധിച്ചെന്നുതന്നെ വേണം പറയാന്‍. ഇന്ത്യയില്‍ അതെല്ലാം വളരെ പ്രധാനമാണ് വാട്ട്‌സണ്‍. അവരുടെ റ്റിയൂഷന്‍ പുരോഗമിക്കുന്നതിനോടൊപ്പം ആ കുടുംബത്തിന് അവരോടുള്ള ഇഷ്ടവും കൂടുന്നുണ്ടായിരുന്നു. അങ്ങനെയാണ് ആ കുടുംബത്തിലെ ഇളയ തമ്പുരാനുമായി വിവാഹബന്ധത്തില്‍ എത്തിപ്പെട്ടത്. അവര്‍ക്ക് അതില്‍ താല്പര്യമില്ലായിരുന്നെങ്കിലും തന്റെ കുടുംബം അതുകൊണ്ട് രക്ഷപ്പെടും എന്ന കാരണംകൊണ്ട് സമ്മതിക്കുകയായിരുന്നു. വിടനും ഭോഷ്‌കനുമായ തന്റെ ഭര്‍ത്താവിന്റെ ക്രൂരതകളെല്ലാം സഹിച്ച് അവര്‍ അവിടെ കഴിഞ്ഞു.'

'ഒരു കാര്യം ഹോംസ്. അവര്‍ അവിടത്തെ ഇളയ തമ്പുരാനെ വിവാഹം കഴിച്ചത് ശരി. പക്ഷേ, എന്റെ ഇന്ത്യയിലെ അനുഭവം വെച്ച് അത്തരം ബന്ധത്തില്‍ എത്തിപ്പെടുന്ന പാവപ്പെട്ട കുടുംബത്തിലെ ഒരു പെണ്ണിനു പിന്നീട് തന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും എന്നന്നേയ്ക്കുമായി മറക്കേണ്ടിവരും. ഇവരുടെ കാര്യത്തിലും അങ്ങനെയായിരുന്നോ?'
'അല്ലെന്നു വേണം പറയാന്‍. ആഴ്ചയിലൊരിക്കല്‍ രോഗബാധിതയായ തന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അനുവാദം ഉണ്ടായിരുന്നു. അങ്ങനെയുള്ള ദിവസങ്ങളിലാണ് അവര്‍ അല്പനേരമെങ്കിലും തനിക്കുവേണ്ടി ജീവിച്ചതെന്ന് അവര്‍ എന്നോട് നേരിട്ട് പറഞ്ഞതുമാണ്.'
എന്തോ ഒരു മൗനം ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു. ഏതാനും നിമിഷങ്ങള്‍ ഞങ്ങളിരുവരും പരസ്പരം നോക്കാതെ, ഒന്നും മിണ്ടാതെ ചിന്താലോകങ്ങളില്‍ മുഴുകിയിരുന്നു. അപ്പോഴാണ് ഇന്‍സ്‌പെക്ടര്‍ ലെസ്‌ട്രേഡ് ഓടിക്കിതച്ച് മുറിയിലേയ്ക്ക് വന്നത്.

'ഹോംസ്...' ലെസ്‌ട്രേഡ് അക്ഷരാര്‍ത്ഥത്തില്‍ നിലവിളിക്കുകയായിരുന്നു. ഹോംസ് ആകട്ടെ, ഇതെന്ത് ശല്യം എന്ന മട്ടില്‍ കൈകള്‍ കൂട്ടിമുട്ടിച്ച് പതിവ് രീതിയില്‍ ഇരുന്നതേയുള്ളൂ.
'ഹോംസ്, ഒരു കേസില്‍പ്പെട്ട് കുഴങ്ങിയിരിക്കുകയാണ് ഞാന്‍. ഒരു തുമ്പും കിട്ടുന്നില്ല. സഹായിക്കണം.' ലെസ്‌ട്രേഡ് അപേക്ഷിച്ചു.

'സ്വര്‍ണ്ണപ്പണിക്കാരന്റെ മൃതദേഹം നിങ്ങള്‍ക്കു കണ്ടെത്താനായില്ല, അല്ലേ?' ഹോംസ് നിസ്സാരമായി, എന്നാല്‍ അല്പം പരിഹാസത്തോടെ ചോദിച്ചു. ലെസ്‌ട്രേഡ് ഒരു മെന്റലിസ്റ്റിന്റെ മുന്നിലെത്തിയ കൂടോത്രക്കാരനെപ്പോലെ ഞെട്ടി.'
'അതേ അതേ, എന്തെങ്കിലും വഴി പറഞ്ഞുതരാമോ?'
'വൈകുന്നേരം ഓപ്പെറ ഹാളില്‍വന്ന് എന്നെ കാണൂ. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്നു ഞാന്‍ നോക്കട്ടെ.' ഹോംസ് സ്ഥലം വിട്ടോളാന്‍ പറയുന്നതുപോലെ ആംഗ്യം കാണിച്ചു. ആശ്വാസത്തോടെ ലെസ്‌ട്രേഡ് വിടപറഞ്ഞു.

പറഞ്ഞു വന്ന കഥയുടെ രസച്ചരട് പൊട്ടിയതിന്റെ അരിശം ഹോംസിന്റെ മുഖത്തുണ്ടായിരുന്നു. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ ആ മുഖത്ത് ആവേശവും ഊര്‍ജ്ജവും നിറഞ്ഞ് പ്രസന്നവുമായി.
'ഭര്‍ത്താവിന്റെ ക്രൂരതകള്‍. പാവപ്പെട്ട വീട്ടില്‍നിന്നും വന്നവള്‍ ആയതിനാല്‍ ധനിക കുടുംബത്തില്‍ അനുഭവിക്കേണ്ടിവരുന്ന യാതനകള്‍, പിന്നെ ഒരു വിനോദവുമില്ലാത്ത ജീവിതം എന്നിവയെല്ലാം അഭ്യസ്തവിദ്യയായ ഒരു പെണ്‍കുട്ടിക്ക് എത്രത്തോളം താങ്ങാന്‍ കഴിയുമെന്ന് ആലോചിച്ചു നോക്കൂ. അങ്ങനെ ഒരിക്കല്‍ അമ്മയെ കാണാന്‍ വീട്ടിലേയ്ക്ക് പോയപ്പോഴാണ് അവര്‍ മുകുന്ദ് എന്ന ആ ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. അയാളുടെ വരവ് അവര്‍ക്ക് ശരിക്കും ആശ്വാസമായിരുന്നു. വൈകാതെ തന്നെ അവര്‍ അഗാധമായ പ്രണയത്തിലായി. ആഴ്ചതോറുമുള്ള പരോളിനിടയില്‍ മുകുന്ദിന്റെ വീട്ടില്‍ പോകാനും അവര്‍ സമയം കണ്ടെത്തി. വൈകാതെ തന്നെ അവര്‍ക്ക് പരസ്പരം കാണാതെ ഒരു നിമിഷംപോലും കഴിച്ചുകൂട്ടാന്‍ സാധിക്കാത്ത നിലയിലെത്തി. അങ്ങനെയാണ് ഇടയ്ക്ക് ചില രാത്രികളില്‍ മുകുന്ദ് അവളുടെ ബംഗ്ലാവില്‍ ഒളിച്ചും പാത്തും എത്തി നിലവറയില്‍വെച്ച് കഴിയാവുന്നത്ര സമയം ഇരുവരും ചെലവഴിക്കുന്ന പതിവ് ആരംഭിച്ചത്. അധികം വൈകാതെ തന്നെ അവരുടെ ഭര്‍ത്താവ് കുടിച്ച് കുടിച്ച് കരള്‍ രോഗം ബാധിച്ച് മരിച്ചുപോയതും ഉപകാരമായി എന്നുവേണം പറയാന്‍.'

അങ്ങനെ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ആ ബന്ധം വളര്‍ന്നു. അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ പുതിയ വെല്ലുവിളികള്‍ ഉയരുകയായിരുന്നു. മുകുന്ദ് ഒരു എന്‍ജിനീയര്‍ ആയിരുന്നതുകൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നതായിരുന്നു അവരുടെ ധൈര്യം. അവര്‍ക്കാകട്ടെ, തന്റെ പഠനം മുഴുവനാക്കി നല്ല ഉദ്യോഗത്തില്‍ പ്രവേശിച്ച് തന്റെ കുടുംബത്തിനേയും രക്ഷപ്പെടുത്തണം എന്ന ആഗ്രഹവും.

പക്ഷേ, അവരുടെ സ്വപ്‌നങ്ങളെ തകിടംമറിച്ചുകൊണ്ട് മുകുന്ദിന്റെ രാത്രിസഞ്ചാരങ്ങള്‍ ആരൊക്കെയോ ശ്രദ്ധിക്കുകയും ബംഗ്ലാവിലെ ജോലിക്കാര്‍ക്കിടയില്‍ തമാശയാകുകയും ചെയ്തിരുന്നു. പക്ഷേ, മുകുന്ദ് ആരാണെന്നും ബംഗ്ലാവിലെ ആരുമായിട്ടാണ് ബന്ധമെന്നും ആര്‍ക്കും സൂചനയില്ലായിരുന്നു. ബംഗ്ലാവിലെ പുരുഷന്മാര്‍ താന്താങ്ങളുടെ രീതിയില്‍ അന്വേഷണം ആരംഭിച്ച് അധികം വൈകാതെ പിടിക്കപ്പെടും എന്നായപ്പോഴാണ് ആ വിധവയായ യുവതി എന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.'
ഹോംസ് പൈപ്പ് നിറയ്ക്കാനായി ഒരു ഇടവേളയെടുത്തു. ഞാന്‍ ആ സമയത്ത് സംഭവങ്ങളുടെ ഗതി എങ്ങോട്ടായിരിക്കും എന്ന് ഊഹിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

'ഹോംസ്, ആ സമയത്തല്ലേ താങ്കള്‍ അവരുടെ കേസ് ഏറ്റെടുത്തത്?' ഞാന്‍ ചോദിച്ചു.
'അതേ, അതുകൊണ്ടാണല്ലോ അവര്‍ എന്റെ സഹായം തന്നെ വേണമെന്ന് തീരുമാനിച്ചതും...'
'എന്തായിരുന്നു അത്?'
'പറയാം, അവര്‍ക്ക് രാജ്യം വിടണമെന്നായിരുന്നു ആഗ്രഹം. എങ്ങനെയെങ്കിലും ഇംഗ്ലണ്ടില്‍ എത്തിപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള കാലം സമാധാനമായി ജീവിക്കാം എന്നു പ്രതീക്ഷിച്ചു കാണും.'
'പക്ഷേ, അതിനു താങ്കള്‍ എന്ത് ചെയ്യാനാണ്?'
'നല്ല ചോദ്യം. ഒരുപക്ഷേ, എനിക്ക് അവരെക്കുറിച്ച് കുറച്ചെന്തെങ്കിലും അറിയാവുന്നത് കൊണ്ടും ബ്രിട്ടീഷ് നയതന്ത്ര കാര്യാലയങ്ങളില്‍ എനിക്ക് പിടിപാടുള്ളതു കൊണ്ടും എളുപ്പത്തില്‍ നാട് വിടാമെന്ന് അവര്‍ കരുതിക്കാണും.'
'അങ്ങനെ ആലോചിക്കുന്നതില്‍ യുക്തിയുണ്ട്.'
'അങ്ങനെ ഞാന്‍ മുകുന്ദുമായി സംസാരിക്കുന്നു. അയാളുടെ മാതാപിതാക്കള്‍ മരിച്ചു പോയിരുന്നു. ഉള്ളത് ഒരേയൊരു സഹോദരി. അവര്‍ മറ്റേതോ നഗരത്തില്‍ കുടുംബവുമായി സുഖജീവിതം നയിക്കുന്നു. നിലവില്‍ അയാള്‍ക്ക് ആകെയുള്ള ആത്മബന്ധം ഈ യുവതിയുമായിട്ടായിരുന്നു. എനിക്ക് സഹായിക്കണമെന്നു തോന്നി. പക്ഷേ, വളരെ പെട്ടെന്നു തന്നെ എനിക്ക് ആ ആലോചനതന്നെ മാറ്റേണ്ടതായി വന്നു. അതിനുള്ള ഒരു കാരണം ഞാന്‍ കണ്ടെത്തിയിരുന്നു.'

'എന്താണത്?'
'ഞാന്‍ ആദ്യം പറഞ്ഞില്ലേ? ഇന്ത്യയില്‍ നമുക്ക് ഒരാളുടെ തൊഴില്‍ കണ്ടെത്താന്‍ പ്രയാസമാണ്. പക്ഷേ, മറ്റു ചിലതെല്ലാം എളുപ്പത്തില്‍ കണ്ടെത്താനും പറ്റും. അതിനുള്ള സൂചനകള്‍ പടിവാതില്‍ മുതല്‍ ഒരുങ്ങിയിരിക്കുന്നുണ്ടാകും മിക്കവാറും ഭവനങ്ങളില്‍. അതില്‍ പ്രധാനപ്പെട്ടതാണ് അവര്‍ വിശ്വസിക്കുന്ന മതം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ കാണുന്നിടത്തെല്ലാം അവര്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. അവരുടെ ആ ശീലം എന്നെ ഒരു കൊലപാതക പ്രേരണാക്കുറ്റത്തില്‍നിന്നും രക്ഷിച്ചെന്നു പറയാം.'
ഹോംസ് അവസാനം പറഞ്ഞത് എന്നെ ഞെട്ടിച്ചു. ഇത്തരത്തിലൊരു തിരിവിലേയ്ക്ക് ആ കഥ നീളുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. എന്റെ അന്ധാളിപ്പ് മനസ്സിലാക്കി ഹോംസ് പുഞ്ചിരിച്ചു.

'അതേ വാട്ട്‌സണ്‍, ഒന്നല്ല രണ്ട് കൊലപാതകങ്ങള്‍ക്കുള്ള സാധ്യത ആ കേസിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഞാന്‍ രക്ഷപ്പെട്ടത്.'
'എങ്ങനെ? എന്തായിരുന്നു അത്?'
'ഒന്നാമത്തെ കാര്യം, മുകുന്ദ് എന്ന പേര് ഇന്ത്യയില്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ ഉപയോഗിക്കുന്നതാണ്. മറ്റു മതക്കാര്‍ ആ പേര് ഉപയോഗിക്കാറില്ല. രണ്ടാമത്, മുകുന്ദ് ഹിന്ദുവല്ല എന്ന കാര്യം ഞാന്‍ മനസ്സിലാക്കിയതാണ്.'
'അതെങ്ങനെ?'
'പറഞ്ഞല്ലോ, മതചിഹ്നങ്ങള്‍. ആ വീടിന്റെ ഗേറ്റ് മുതല്‍ ഒരു മുസ്‌ലിം കുടുംബത്തിന്റെ വീടാണതെന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. അകത്ത് സ്വീകരണമുറിയില്‍ കൂടുതല്‍ പ്രകടമായ ചിഹ്നങ്ങള്‍. പിന്നെ ഷോക്കേയ്‌സില്‍ വെച്ചിരുന്ന കുടുംബഫോട്ടോകള്‍. താന്‍ മുസ്‌ലിം ആണെന്ന കാര്യം മറച്ചുവെച്ച് മറ്റൊരു വേഷത്തില്‍ നിന്നാല്‍ ബ്രിട്ടീഷുകാരനായ എനിക്ക് മനസ്സിലാവില്ലെന്ന് അയാള്‍ കരുതിക്കാണണം.'
'അത് ഭീകരമായിപ്പോയി ഹോംസ്, താങ്കള്‍ എന്നിട്ടെന്ത് ചെയ്തു?'
'ആലോചിക്കാം എന്നു മറുപടി കൊടുത്ത് തിരികെ ഹോട്ടലിലേയ്ക്ക് പോയി ചെക്ക് ഔട്ട് ചെയ്തു. ബംഗ്ലാവിലേയ്ക്ക് ഒരു കേസ് റിപ്പോര്‍ട്ട് കൊടുത്തയച്ചു. കമിതാക്കളെക്കുറിച്ച് പരാമര്‍ശിക്കാതെ തന്നെ. എന്നിട്ട് എത്രയും വേഗം സിംഗപ്പൂരിലേയ്ക്ക് കടന്നു.'

ഞാന്‍ തരിച്ചിരുന്നുപോയി. ചിലപ്പോള്‍ ഹോംസിനെ ഒരിക്കലും തിരികെ ലഭിക്കാനാകാത്ത വിധം കുഴപ്പം പിടിച്ച കേസ് ആയിരുന്നു അത്. ആ കമിതാക്കള്‍ക്കൊപ്പം ഹോംസിനേയും അവര്‍ വധിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍, ഓര്‍ത്തപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു മിന്നല്‍ പാഞ്ഞു.
'പിന്നീട് അവര്‍ക്ക് എന്ത് സംഭവിച്ചു എന്നറിഞ്ഞോ?'
'ഇല്ല വാട്ട്‌സണ്‍, അതിനെക്കുറിച്ച് എന്തെങ്കിലും വാര്‍ത്തകളുണ്ടോയെന്ന് ഇന്ത്യന്‍ പത്രങ്ങളില്‍ ദിവസവും നോക്കാറുണ്ട്. ഇന്ന് രാവിലെ വരെ ഒന്നുമില്ല.'
ഹോംസ് പതുക്കെ എഴുന്നേറ്റ് കിടപ്പുമുറിയിലേയ്ക്ക് പോയി. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങാന്‍ തയ്യാറായി വന്നു.

'വാട്ട്‌സണ്‍, വിരോധമില്ലെങ്കില്‍ താങ്കളും കൂടെ വരൂ...'
'എങ്ങോട്ട്?'
'സ്വര്‍ണ്ണപ്പണിക്കാരന്റെ മൃതദേഹം കണ്ടുപിടിക്കാന്‍. എനിക്ക് ചില ഊഹങ്ങളുണ്ട്. വൈകുന്നേരം ലെസ്‌ട്രേഡ് വരുമ്പോള്‍ നിരാശപ്പെടുത്തരുതല്ലോ?'
പുറത്ത് മഴ തോര്‍ന്നിരുന്നെങ്കിലും ആകാശം ഇരുണ്ടുതന്നെയായിരുന്നു. ഞങ്ങള്‍ തെരുവിലേയ്ക്കിറങ്ങി. അപ്പോഴും എന്റെ മനസ്സില്‍ ആ കമിതാക്കള്‍ തന്നെയായിരുന്നു, ഇത് എഴുതുന്നതുവരെ, എഴുതിക്കഴിഞ്ഞും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com