'കന്യാവ്രതത്തിന്റെ കാവല്‍ക്കാരന്‍'- പ്രിയ ജോസഫ് എഴുതിയ കഥ

റേച്ചലിന്റെ കാല്‍ക്കല്‍ ഇരുന്ന് ഒരു ശാസ്ത്രജ്ഞന്റെ ഏകാഗ്രതയോടും കൃത്യതയോടും കൂടി പാദങ്ങള്‍ ഉരയ്ക്കുന്നതും തിരുമ്മുന്നതും വേറാരുമല്ല, റേച്ചലിന്റെ ഭര്‍ത്താവ് ടോണിയാണ്
ചിത്രീകരണം/ സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം/ സചീന്ദ്രൻ കാറ‍ഡുക്ക

പെഡിക്യൂര്‍ ബേസിനില്‍, പൈജാമ മുട്ടുവരെ ചുരുട്ടിവച്ച്, ചൂടുവെള്ളത്തില്‍ കാലുമുക്കി വച്ചിരിക്കുന്നത് റേച്ചല്‍. റേച്ചലിന്റെ കാല്‍ക്കല്‍ ഇരുന്ന് ഒരു ശാസ്ത്രജ്ഞന്റെ ഏകാഗ്രതയോടും കൃത്യതയോടും കൂടി പാദങ്ങള്‍ ഉരയ്ക്കുന്നതും തിരുമ്മുന്നതും വേറാരുമല്ല, റേച്ചലിന്റെ ഭര്‍ത്താവ് ടോണിയാണ്. അനുസരണയില്ലാത്ത കുട്ടിയെ ശാസിക്കുന്നതുപോലെ ഇടയ്ക്ക് കാലില്‍നിന്ന് തലയുയര്‍ത്തി ടോണി പറയുന്നു: 
'സോക്‌സിട്ട് നടക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ.' 
'സത്യമായിട്ടും സോക്‌സിട്ടാണ് നടന്നത്.'
റേച്ചല്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും ആള്‍ അതത്ര വിശ്വസിക്കുന്നില്ല. പക്ഷേ, ഉരയ്ക്കലും തിരുമ്മലും തുടരുന്നു. ഈ കാല്‍ പരിചരണത്തിലൂടെ ജീവിതത്തിന്റെ ലക്ഷ്യവും ദിശയും തിരിച്ചറിഞ്ഞതുപോലെയാണ് ടോണി പെരുമാറുന്നത് എന്ന് റേച്ചല്‍ ചിന്തിക്കുന്നു. പെഡിക്യൂര്‍ ചെയ്യുന്നതിന് ആള്‍ക്ക് കിറുകൃത്യമായ ചിട്ടയുണ്ട്. ആദ്യം ചൂടുവെള്ളം പെഡിക്യൂര്‍ ബേസിനില്‍ ഒഴിക്കുന്നു. അതിലേയ്ക്ക് അഞ്ച് സ്പൂണ്‍ എപ്‌സം സോള്‍ട്ട് ഇടുന്നു. 
'സാധാരണ ഉപ്പിട്ടാല്‍ എന്താ കുഴപ്പം?' 
ഇതിനേക്കുറിച്ച് യാതൊന്നുമറിയാത്ത റേച്ചലിന്റെ സംശയം ന്യായമാണ്. 

'എപ്‌സം സോള്‍ട്ടിടുമ്പോഴാണ് കാല് നല്ല പൂ പോലെയാകുന്നത്.'
പാദത്തിലെ മൃതചര്‍മ്മം വേഗം പോകും എന്ന് ശാസ്ത്രജ്ഞന്‍ പറയുമ്പോള്‍ റേച്ചല്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്നതായി ഭാവിക്കുന്നു. പൂ പോലെയാകാന്‍ പോകുന്ന കാല് ഏകദേശം അരമണിക്കൂര്‍ ആ ഉപ്പുവെള്ളത്തില്‍ മുക്കിവച്ച് ഇരിക്കുന്നു. നന്നായി കുതിര്‍ന്നു കഴിയുമ്പോള്‍ അരിമ്പുള്ള സ്‌ക്രബ്ബര്‍കൊണ്ട് പാദത്തിലെ കട്ടിചര്‍മ്മം ഉരച്ചുരച്ച് കളയുന്നു. വിരലുകള്‍ വൃത്തിയാക്കാന്‍ വലിപ്പം കുറഞ്ഞ സ്‌ക്രബ്ബറും ബ്രഷും ശാസ്ത്രജ്ഞന്റെ കൈവശമുണ്ട്. 
അതിനുശേഷം ആപ്രിക്കോട്ട് സ്‌ക്രബ് കാല്‍മുട്ടുവരെ തേച്ചുപിടിപ്പിച്ച് ശക്തിയായി തിരുമ്മുന്നു. അത് കഴുകി കളഞ്ഞതിനുശേഷം മുല്ലപ്പൂവിന്റെ മണമുള്ള ഏതോ ഒരു ക്രീം മുട്ടുതൊട്ട് പാദം വരെ പുരട്ടുന്നു. വീണ്ടും ഒരു പത്ത് മിനിറ്റ് കാലും പാദവും നന്നായിട്ടുഴിയുന്നു. നനവുള്ള ചൂടുടവ്വല്‍കൊണ്ട് കാലുരണ്ടും പൊതിഞ്ഞ് വയ്ക്കുന്നു. വെളിച്ചെണ്ണയില്‍ ബദാം എണ്ണ ചേര്‍ത്ത് കാലുകളും പാദങ്ങളും ഉഴിയുന്ന ടോണിയുടെ വിരലുകള്‍ക്ക് ലോകത്തൊരു പെഡിക്യൂര്‍ സ്ഥലത്തു പോയാലും കിട്ടാത്ത കരുതലും കനിവുമാണ്. 

ഇവിടെ വരെ എത്തുമ്പോഴേയ്ക്കും ടോണിയുടെ ശ്വാസത്തിനു കനംവച്ചു തുടങ്ങുന്നു റേച്ചലിന്റെ ചുവന്നു തുടുത്ത പാദങ്ങളിലും വിരലുകളിലും കടിച്ചുമ്മവച്ച് പരമമായ സത്യത്തെ ടോണി തേടിക്കൊണ്ടിരിക്കുമ്പോള്‍ റേച്ചല്‍ ക്ഷമയോടെ ഇരുന്ന് കൊടുക്കുന്നു. കാലു പതിയെ പൊക്കി തറയില്‍ ചവിട്ടാനായുന്ന റേച്ചലിനെ ടോണിയുടെ കൈ തടയുന്നു.

'സോക്‌സില്ലാതെ എഴുന്നേക്കല്ലേ പൊന്നേ.'
ഇന്നാള് മേസീസീന്ന് വാങ്ങിച്ച ആ സില്‍വര്‍ ചെരുപ്പെന്തിയേ? ഇന്നെനിക്കതിട്ട് കാണണം.'
'അതിടാന്‍ ഒട്ടും സുഖമില്ല' 
എന്ന് റേച്ചല്‍ പറയുന്നത് കേള്‍ക്കാതെ നേര്‍ത്ത വള്ളിയുള്ള, കല്ലുവച്ച ചെരുപ്പ് ടോണി എടുത്തുകൊണ്ട് വരുന്നു. അത് കാലില്‍ ഇടീക്കുന്നതിനു മുന്‍പ്  സ്‌നേഹിച്ച്, കൊഞ്ചിച്ച് റേച്ചലിന്റെ തളിരുപോലുള്ള പാദങ്ങളില്‍ ടോണി വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട് പച്ചകുത്തുന്നു. വിയര്‍പ്പാല്‍ കുതിരുന്ന പച്ച! 
കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം തൊട്ടുള്ള ടോണിയുടെ കാല്‍പ്രണയത്തിന്റെ ഒരു തരിപോലും ആകുന്നില്ല ഈ വിവരണം. കോളേജ് ഹോസ്റ്റലില്‍ ഉറങ്ങാതെയിരുന്ന് കേട്ട ആദ്യരാത്രി കഥകളിലോ ടെക്സ്റ്റ് ബുക്കും റഫറന്‍സുമായി വച്ചിരിക്കുന്ന ബിന്ദു ജോസഫിന്റെ ആദ്യരാത്രി വിവരണങ്ങളിലോ ഇങ്ങനൊരു സംഗതി പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നുള്ളത് റേച്ചലിനെ അസ്വസ്ഥയാക്കുന്നുണ്ട്.

പാദങ്ങളില്‍ കാമം ചിതറി ക്ഷീണിച്ച് കിടന്നുറങ്ങുന്ന ടോണിയുടെ അരികില്‍ കിടന്ന് 'വിേണ്ണതാണ്ടി വരുവായ' സിനിമയിലെ ട്രെയിന്‍ സീന്‍ റേച്ചല്‍ ഓര്‍ത്തെടുക്കുന്നു. ജെസ്സിയുടെ പാദങ്ങളില്‍ കാര്‍ത്തിക് തൊടുന്നതു കണ്ട് കോരിത്തരിച്ച കോളേജ് കുട്ടിയുടെ കോരിത്തരിപ്പ് എവിടെപ്പോയി എന്നോര്‍ത്ത് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നു.

മാസങ്ങള്‍ ഇങ്ങനെ ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് എന്ന് പറഞ്ഞ് ചുമ്മാ മുന്നോട്ട് പോകുന്നു. എവിടെ! ഒന്നും നടക്കുന്നില്ല. പാദപൂജ മാത്രം മുടങ്ങാതെ നടക്കുന്നുണ്ട്. രണ്ടാം മാസം തൊട്ട് നാട്ടില്‍നിന്ന് മമ്മി ഫോണിലൂടെ ചോദിച്ചുതുടങ്ങി: 
'വിശേഷം വല്ലതുമുണ്ടോ?' 
ഈ വിശേഷം എന്നതുകൊണ്ട് മമ്മി ഉദ്ദേശിക്കുന്നത് കുഞ്ഞിക്കാലാണ് എന്ന് നന്നായി മനസ്സിലാകുന്നുണ്ടെങ്കിലും ആ അപ്പാര്‍ട്ട്‌മെന്റിലേയും അതിനടുത്ത അപ്പാര്‍ട്ട്‌മെന്റിലേയും അതും പോരാഞ്ഞിട്ട് ഒരു മൂന്നുമൈല്‍ ചുറ്റളവില്‍ താമസിക്കുന്നവരുടേയും വിശേഷങ്ങള്‍ മമ്മിയെ പറഞ്ഞുകേള്‍പ്പിക്കുന്നു. തല്‍ക്കാലം റേച്ചലിന്റെ വിശേഷത്തെ പാടെ മറന്ന് അവരുടെ വിശേഷത്തില്‍ മമ്മി സംതൃപ്തയാകുന്നു. 

ആറാം മാസമായപ്പോള്‍ അയച്ച ഫോട്ടോയില്‍ വണ്ണം വച്ചിരിക്കുന്നത് കണ്ട് മമ്മി പരിഭ്രാന്തയായി വിളിക്കുന്നു. 
'നീ പില്‍സ് എടുക്കുന്നുണ്ടോ? ഇത് പില്‍സ് എടുത്തിട്ടുള്ള വണ്ണം തന്നെയാ.' 
എന്നുമുതലാണ് വണ്ണം കാണുമ്പോള്‍ അത് എന്തു കഴിച്ചിട്ടുള്ള വണ്ണമാണെന്നു പറയാന്‍ മാത്രം മമ്മി വിദഗ്ദ്ധ ആയത് എന്ന് റേച്ചല്‍ തലപുകഞ്ഞാലോചിക്കുന്നു. 
'എന്ത് പില്‍സ്? അത് കാര്‍ട്ടണ്‍ കണക്കിന് ഐസ്‌ക്രീമും പിസ്സായും കഴിക്കുന്നതിന്റേയാണ്.'
ഇനി അതല്ല, ഒരു മൂന്നാം ലോകരാജ്യത്തുനിന്ന് മെലിഞ്ഞു ചുള്ളിക്കമ്പ് പോലെ വന്ന മമ്മിയുടെ മകള്‍ ഒന്നാംലോക രാജ്യത്ത് എത്തിയപ്പോള്‍ വന്ന അനിവാര്യമായ മാറ്റമാണ് ഇതെന്നു പറഞ്ഞിട്ടൊന്നും മമ്മിയുടെ അടുത്ത് ഏശുന്നില്ല.

വിശേഷമുണ്ടാക്കുന്ന പ്രക്രിയയില്‍ കുറച്ചുകൂടി പാണ്ഡിത്യം വേണമെന്നു തോന്നി ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുന്നു. അവരില്‍ ചിലരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച് മനസ്സ് തുറപ്പിക്കുന്നു. രണ്ട് മാര്‍ഗരീറ്റാ അകത്തു ചെല്ലുമ്പോള്‍ മാത്രം മിനിയും ടീനയും പറഞ്ഞുതുടങ്ങുന്ന ചില വിശേഷങ്ങളുണ്ട്.:
'എടോ, പഠിത്തോം, ജോലീം ആയിട്ട് കല്യാണം കഴിഞ്ഞപ്പോള്‍ 29 വയസ്സായി. ആദ്യരാത്രിതന്നെ എന്റെ കണ്ട്രോള് വിട്ടുപോയെടോ. എല്ലാം കഴിഞ്ഞിട്ടാ ഹലോ ഞാന്‍ മിനി, എന്താ പേരെന്ന് മാത്യൂനോട് ചോദിക്കുന്നതുതന്നെ.'
'എന്റെ മോളെ, അപ്പൂനെ പ്രസവിച്ച് കഴിഞ്ഞ് കുഴമ്പ് തേച്ച് കുളിക്ക് അമ്മച്ചിയെന്നെ കുളിമുറീല്‍ കേറ്റീത് മാത്രം ഓര്‍മ്മയുണ്ട്. വേതുവെള്ളം മുകളിലെ കുളിമുറീല്‍ കൊെണ്ടാഴിക്കാവോന്ന് ജോച്ചായനോട് അബദ്ധത്തില്‍ ഒന്ന് ചോദിച്ചുപോയി. ദാ, കൃത്യം പത്താം മാസത്തില്‍ സുജമോളേം കൊണ്ടാ ഞാന്‍ പുറത്തുവന്നത്.'
മിനിയും ടീനയും പറയുന്ന, പരിചയമില്ലാത്ത ലോകത്തെ അവളുടേതുമായി താരതമ്യം ചെയ്ത് ചില പോയിന്റുകള്‍ റേച്ചല്‍ മനസ്സില്‍ കുറിച്ച് വയ്ക്കുന്നു.

ഒരു വര്‍ഷം തികഞ്ഞപ്പോള്‍ നാട്ടില്‍നിന്ന് ബെറ്റിച്ചേച്ചിയുടെ ഫോണ്‍ വരുന്നു. ഒരു മുഖവുരയുമില്ലാതെ ചോദിക്കുന്നു: 
'ടോണി ഇറുക്കമുള്ള അണ്ടര്‍വെയര്‍ ആണോ ഇടുന്നത്.' 
'ആണെങ്കില്‍?' 
എന്നൊരു മറുചോദ്യം അങ്ങോട്ട് കൊടുക്കുന്നു. ഇതിന്റെ അവസാനം കണ്ടിട്ടുതന്നെ എന്ന് മനസ്സില്‍ നിശ്ചയിക്കുന്നു. 
ഇറുക്കമുള്ള അണ്ടര്‍വെയര്‍ ബീജനിര്‍മ്മാണ പ്രക്രിയയെ സാരമായി ബാധിക്കുന്നതാണെന്ന ഡോക്ടര്‍ ചേച്ചിയുടെ സാക്ഷ്യം കേട്ട് റേച്ചല്‍ കണ്ണുകള്‍ ഉരുട്ടി 'അതെയോ' എന്ന് അത്ഭുതപ്പെടുന്നു. 

മമ്മി ബെറ്റിച്ചേച്ചിയെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം നിര്‍ദ്ദേശിക്കണമെന്ന് പറയുകയും ചെയ്തതനുസരിച്ചാണ് ഈ വിളി. 
എന്റെ പൊന്നുചേച്ചി, ഇവിടെ പാദപൂജ പുരോഗമിക്കുന്നതല്ലാതെ ഒരിഞ്ച് പോലും കാര്യങ്ങള്‍ മുകളിലേയ്ക്ക് നീങ്ങുന്നില്ല എന്ന് പറഞ്ഞാലോ എന്ന് ഒരു നിമിഷാര്‍ദ്ധം ചിന്തിക്കുന്നു. പിന്നെ വേണ്ടാന്ന് വയ്ക്കുന്നു.

തല്‍ക്കാലം ഇറുക്കമുള്ള അണ്ടര്‍വെയറില്‍ കുറ്റം ആരോപിച്ചാല്‍ കുറച്ചുകാലം കൂടി സ്വസ്ഥമായി കഴിയാന്‍ പറ്റും എന്നുള്ളതുകൊണ്ട് പുതിയത് വാങ്ങി ടോണിയെ ഇടീപ്പിക്കാം എന്ന് ചേച്ചിക്ക് വാക്ക് കൊടുത്തിട്ട് റേച്ചല്‍ ഫോണ്‍ വയ്ക്കുന്നു. 

ലൂസ് അണ്ടര്‍വെയറിന്റെ ഫലം കാത്ത് മമ്മിയും കൂട്ടരും രണ്ടുമാസം തള്ളിനീക്കുന്നു. 
റേച്ചലിന്റെ കാല് മുഖത്തേക്കാളും സുന്ദരമാണ് എന്ന് മിനിയും ടീനയും പറയുന്നു. 
'ടോണി കാല് കണ്ടിട്ടാണോ മൂക്കും കുത്തി വീണത്?' 
'കാലില് റൂഷ് ഇടാറുണ്ടോ' എന്ന് അവര്‍ രണ്ടുപേരും സംശയം പ്രകടിപ്പിക്കുന്നത് കേള്‍ക്കാത്തതുപോലെ ഇരിക്കുന്നു. 
അവരുടെ പുതിയ കഥകള്‍ കേട്ട് അവള്‍ അസ്വസ്ഥയാവുന്നു.

ഫ്രോയിഡിന് ഇതിനേപ്പറ്റി എന്താണ് പറയാനുള്ളത് എന്നു റേച്ചല്‍ ഇന്റര്‍നെറ്റില്‍ കയറി നോക്കുന്നു. ലോകത്തുള്ള സകല കാര്യങ്ങളേയും മനശ്ശാസ്ത്രപരമായി അപഗ്രഥിച്ചിരിക്കുന്ന ഈ മനുഷ്യന് ഇതിനെക്കുറിച്ചുമാത്രം അത്ര പറയാനില്ലാത്തത് അവളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ഫൂട്ട് ഫെറ്റിഷിസ്റ്റ് ആയിട്ടുള്ള പ്രശസ്ത വ്യക്തികള്‍ ആരെന്ന് ഇന്റര്‍നെറ്റില്‍ പരതുന്നു. പണ്ട് സ്‌കൂളില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമ്പോള്‍ ക്ലാസ്സിലെ ഏറ്റവും വല്യ പഠിപ്പിസ്റ്റുകള്‍ക്കും ഇത്തവണ മാര്‍ക്ക് വളരെ കുറവാണ് എന്നു പറഞ്ഞ് വീട്ടിലെ വഴക്കില്‍നിന്നു രക്ഷപ്പെടുന്നതുപോലെയുള്ള ഒരു മൈന്റ്ട്രിക്ക് ആണിത്. ഈ പ്രശസ്തര്‍ക്കുണ്ടെങ്കില്‍ ടോണിക്കും ആവാല്ലോ, സാരമില്ലായെന്ന് സ്വയം ആശ്വസിപ്പിക്കാനുള്ള ഒരു വിദ്യ!
മുപ്പതു പേരുടെ ഒരു ലിസ്റ്റുമായി ബസ്ഫീഡ് (യൗ്വ്വളലലറ) പൊങ്ങിവരുന്നു. ബ്രിട്ടനി സ്പിയേഴ്‌സ്, ആന്‍ഡി വാര്‍ഹോള്‍, എല്‍വിസ് പ്രസ് ലി, ജയിംസ് ജോയ്‌സ്, ഡോസ്‌റ്റോവ്‌സ്‌കി, തോമസ് ഹാര്‍ഡി, ജയ് ലെനോ ! ലിസ്റ്റില്‍ ഇനിയുമുണ്ട് പേരുകള്‍ . ഇത്രയും കണ്ടപ്പോള്‍ത്തന്നെ റേച്ചലിന്റെ മനസ്സ് കുളിര്‍ന്നു. 
ഡോസ്‌റ്റോവ്‌സ്‌കിയുടെ കാമുകിയുടെ സാക്ഷ്യം വായിച്ച് മനപ്പാഠമാക്കുന്നു. ഒരോ പുരുഷന്റേയും രഹസ്യം രഹസ്യമായി കൊണ്ടുനടക്കുന്ന ഭാര്യയേയും കാമുകിമാരേയും റേച്ചല്‍ മനസ്സാ നമസ്‌കരിക്കുന്നു.

ഒരു വര്‍ഷവും രണ്ടു മാസവും കഴിഞ്ഞപ്പോള്‍ ഗൈനക്കോളജിസ്റ്റിനെ കാണണമെന്ന് മമ്മിക്ക് ഒരേ വാശി. എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലല്ലേ ഗൈനക്കോളജിസ്റ്റിനെ കാണേണ്ട കാര്യമുള്ളൂ എന്ന് മമ്മിയോട് പറയാന്‍ പറ്റാത്തതുകൊണ്ട് പോയിക്കാണാം എന്ന് വാക്കുകൊടുക്കുന്നു.

ഭാഗ്യത്തിന് ഈ സമയം ടോണിക്ക് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഒരു പ്രോജക്റ്റ് ശരിയാകുന്നു. അവിടെ വാട്ടര്‍ഗേറ്റ് ഹോട്ടലിലെ താമസം കൂടാതെ ടാക്‌സി അലവന്‍സ് ഫുഡ് അലവന്‍സ് എന്നുവേണ്ട സകല കാര്യങ്ങളും ക്ലയന്റിന്റെ ചെലവില്‍ നടന്നുകൊള്ളും. കുഞ്ഞിക്കാല് കാണുന്നതിനുള്ള കാര്യങ്ങളൊഴിച്ച്! 
പെട്ടിയും പ്രമാണവും നാട്ടീന്ന് കൊണ്ടുവന്ന അച്ചാറുകുപ്പികളും ഇടിയിറച്ചിയും അവലോസു പൊടിയുമായി ബോസ്റ്റണില്‍നിന്ന് നേരെ വാഷിങ്ങ്ടണ്‍ ഡി.സിയിലേയ്ക്ക്.

ഗൈനക്കോളജിസ്റ്റിന്റെ കാര്യം പറഞ്ഞ് വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയാല്‍ അവരുടെ ഇന്‍ഷ്വറസിന് ഡിസിയില്‍ കവറേജ് ഇല്ല എന്ന് പറയാമെന്ന് റേച്ചല്‍ തീരുമാനിക്കുന്നു.
'ഇന്‍ഷുറന്‍സ് കമ്പനി കനിഞ്ഞാലെ എനിക്ക് ഗര്‍ഭിണി ആകാന്‍ പറ്റുള്ളൂ' എന്ന് അറ്റകൈയ്ക്ക് മമ്മിയെ വിളിച്ച് അറിയിക്കുന്നു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ പഴിചാരാനുള്ള സംഗതികളാണ് ഇന്‍ഷുറന്‍സ്, അമ്മായിയമ്മ, മൈഗ്രേന്‍, പി.എം.എസ് മുതലായവ. രാവിലെ കോട്ടും സൂട്ടുമിട്ട് ടോണി ക്ലയന്റ് സൈറ്റിലേയ്ക്ക് പോയാല്‍ പിന്നെ റേച്ചല്‍ ഫ്രീ. മുട്ടുകുത്തിനിന്ന് കൊന്ത, കരുണക്കൊന്ത, ഉണ്ണീശോയോടുള്ള നൊവേന, യൗസേപ്പിതാവിനോടുള്ള നൊവേന, കുരിശിന്റെ വഴിഇത്രയും ചൊല്ലിക്കഴിഞ്ഞാല്‍ ബാഗുമെടുത്ത് സിറ്റി കാണാന്‍ റേച്ചല്‍ ഇറങ്ങുന്നു.

'എങ്ങോട്ട് വേണേലും പൊയ്‌ക്കോ, കാല് വൃത്തികേടാക്കരുത്.' 
എന്ന ഒറ്റ കണ്ടീഷനേ ടോണിക്കുള്ളു. പാദപരിചരണത്തിന് ഹോട്ടലില്‍ സൗകര്യം കുറവാണെന്നുള്ളത് ആളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. 
ആമസോണില്‍നിന്ന് സ്‌പെഷ്യല്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ പെഡിക്യൂര്‍ ബേസിനും മറ്റു കുറേ അനുസാരികളും ആദ്യമേ തന്നെ വണ്ടിയില്‍ എടുത്തുവച്ചെങ്കിലും ഇതുവരെ അതൊന്ന് ഉപയോഗിക്കാന്‍ സമയം കിട്ടിയിട്ടില്ല. പുതിയ പ്രോജക്റ്റ് ആയതുകൊണ്ട് ഓഫീസ് റ്റൈം കഴിഞ്ഞാലും ഡിന്നര്‍ മീറ്റിംഗുകളും ഡിസ്‌കഷനും നീളുന്നു. അതുകഴിഞ്ഞ് വന്ന് കാലില്‍ കൊതിതീരെ ഉമ്മവയ്ക്കാനും പരിലാളിക്കാനും സമയം കിട്ടുന്നില്ലാ എന്നുള്ളതാണ് ടോണിയുടെ ഏറ്റവും വല്യ വേദന.
ഡി.സി പ്രോജക്റ്റ് തീരുന്നതുവരെ വിശേഷം ആകാഞ്ഞിട്ടുള്ള മന:പ്രയാസം പങ്കുവെയ്ക്കുന്ന ഫോണുകള്‍ നാട്ടില്‍നിന്ന് കുറവായിരുന്നു. പകരം ഇവിടുന്ന് കുറച്ച് പൊങ്ങച്ചം അങ്ങോട്ട് പറയുക, അതിന്റെ പ്രതികരണം നോക്കിയിട്ട് പൊങ്ങച്ചത്തിന്റെ അളവ് കൂട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുക. വാട്ടര്‍ഗേറ്റ് ഹോട്ടലിലാണ് ക്ലയന്റ് താമസം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പറഞ്ഞതും 'അയ്യോ ക്ലിന്റന്റെ മുന്നിലൊന്നും ചെന്ന് പെട്ടേയ്ക്കല്ലേ എന്റെ മോളേ' ന്നായി പെരുമ്പാവൂരുള്ള മമ്മിയുടെ ചേച്ചി ആന്‍സിയാന്റി.

'ക്ലിന്റനൊക്കെ പണ്ട്, ഇപ്പൊ ഒബാമയും കഴിഞ്ഞ് ട്രംപ് ആയതൊന്നും ആന്റി അറിഞ്ഞില്ലേ' എന്നു പറഞ്ഞിട്ടും ആന്‍സിയാന്റി ക്ലിന്റണത്തന്നെ മുറുകെ പിടിച്ചിരിക്കുന്നു. ക്ലിന്റണ്‍ വിവാദത്തില്‍ നിക്‌സണ്‍ വിവാദം മുങ്ങിപ്പോയതായിരിക്കും എന്നു വിചാരിച്ച്, ആന്റിയുടെ ശ്രദ്ധ അതിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ പത്രവായന ശീലമില്ലാത്ത ആന്റി നിക്‌സണിന്റെ വാട്ടര്‍ഗേറ്റ് വിവാദത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. ഇനി കേട്ടിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ല. ആന്റിയുടെ പൊതുവിജ്ഞാനം കൂട്ടാമെന്ന് കരുതുമ്പോള്‍ മോണിക്കാ ലെവിന്‍സ്‌കി ഇപ്പോഴും അവിടെയുണ്ടോ എന്നുമാത്രം അറിഞ്ഞാല്‍ മതി ആന്റിക്ക്. അതു് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതില്‍ നടന്നതാ, അതുകഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ കുറേയായില്ലേ എന്ന് പറഞ്ഞിട്ടും ആന്റിക്ക് അത് തലയില്‍ കയറുന്നേയില്ല. രണ്ടുദിവസം മുന്‍പ് നടന്ന കാര്യം വിളിച്ചു ചോദിച്ചാല്‍ ഓര്‍ക്കുന്നില്ല മോളെ എന്നു പറയുന്ന ആന്റിയുടെ ഈ സെലക്റ്റീവ് ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ റേച്ചല്‍ അസ്വസ്ഥയാകുന്നു. ഇനി ഉടനെയെങ്ങും ഈ കൂപമണ്ഡൂകത്തെ വിളിക്കില്ല എന്ന് ശപഥമെടുക്കുന്നു.
ഒരു മാസം കൊണ്ട് ഡി.സിയിലെ സ്ഥലങ്ങളെല്ലാം കണ്ടു മടുത്തപ്പോള്‍ വിരസതയകറ്റാന്‍ മാസ്‌റ്റേഴ്‌സിനു ചേരുന്നു.

ക്ലാസ്സിലുള്ള സുന്ദരന്‍ ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. ജിയാന്നി എന്നാണ് അയാളുടെ പേര്. ജിയാന്നി അമേരിക്കക്കാര്‍ക്ക് ജോണിയാണെന്നു പറയുമ്പോള്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ക്കും അങ്ങനെതന്നെ എന്ന് റേച്ചല്‍ അയാളോട് പറയുന്നു. ഉച്ചയ്ക്ക് ക്ലാസ്സു കഴിയുമ്പോള്‍ ബാക്കി കറക്കം ജിയാന്നിയുടെകൂടെയാക്കുന്നു.

ഡി.സിയിലെ സ്മിത്ത്‌സോണിയന്‍ മ്യൂസിയത്തില്‍ ജിയാന്നിയുടെ കൂടെ ഈജിപ്ഷ്യന്‍ മമ്മികളെ നോക്കി നില്‍ക്കുമ്പോള്‍ ആന്‍ഡി വാര്‍ഹോള്‍ മമ്മിഫൈ ചെയ്ത ഒരു മനുഷ്യപാദം കിടയ്ക്കക്കരികെ സൂക്ഷിച്ചിരുന്നു എന്ന് വായിച്ചത് റേച്ചലിന് ഓര്‍മ്മവരുന്നു. മുഖവും മുടിയും സുന്ദരമാക്കുന്നതിലും കൂടുതല്‍ കാല് സുന്ദരമാക്കി വയ്ക്കാന്‍ ആവശ്യപ്പെടുന്ന ടോണിയെ ആന്‍ഡി വാര്‍പോളിന്റെ സ്ഥാനത്ത് സങ്കല്പിച്ചുനോക്കുന്നു. ടോണിയുടെ കട്ടിലിനരികില്‍ ഇരിക്കുന്ന മമ്മിഫൈഡ് പാദങ്ങളുടെ വിഷ്വല്‍സ് അവളില്‍ ഞെട്ടലുണ്ടാക്കുന്നു. 

'മതി, നമുക്കിവിടുന്ന് പോകാം' ജിയാന്നിയുടെ ചെവിയില്‍ അവള്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ സംഘത്തിന്റെ കൂടെ തീന്‍മൂര്‍ത്തി ഭവനില്‍ വന്നിട്ടുണ്ടെന്നും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധിക്കിഷ്ടമുള്ള 'തിരമിസ്യൂ' അതിന്റെ തനതു രുചിയില്‍ കിട്ടുന്ന ഒരു കൊച്ചു സ്ഥലമുണ്ട് ഡിസിയില്‍, നാളെ എനിക്ക് നിന്നെ അവിടെ കൊണ്ടുപോകാന്‍ ആഗ്രഹമുണ്ടെന്നും ജിയാന്നി പറയുന്നു. അയാളുടെ ചിരിയും നോട്ടവും പെരുമാറ്റവും ഹൃദയത്തില്‍ എവിടെയോ ഉടക്കിയിരിക്കുന്നതുകൊണ്ട് പോകാമെന്ന് അവളും പറയുന്നു. അന്നുരാത്രി ടോണിയെ കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ അയാളെ സ്വപ്‌നംകണ്ട്, നനഞ്ഞ് എഴുന്നേല്‍ക്കുന്നു. അടുത്ത ദിവസം റസ്‌റ്റോറന്റില്‍ ഇരുന്ന് വായ് നിറയെ വര്‍ത്തമാനം പറയുമ്പോള്‍ ക്യാബേജ് സൂപ്പില്‍ സ്പൂണ്‍കൊണ്ട് കളം വരച്ച് അയാള്‍ അവളെ നോക്കി നിശ്ശബ്ദനായി ഇരിക്കുന്നു. തിരിച്ച് വാട്ടര്‍ഗേറ്റിലേയ്ക്ക് ഒരുമിച്ചു നടക്കുമ്പോള്‍ ആദ്യം ജിയാന്നിയുടെ ഹോട്ടല്‍ വരുന്നു. 

'വരൂ കയറിയിട്ട് പോകാം' എന്ന് അയാള്‍ ക്ഷണിക്കുന്നു. 
ടോണി എട്ടുമണിക്ക് വരുന്നതുവരെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ആ ക്ഷണം സ്വീകരിക്കുന്നു. ഹോട്ടലിന്റെ ലോബിയിലെ മഞ്ഞ സില്‍ക്ക് കുഷ്യനിട്ട സോഫാ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ അയാള്‍ കൈപിടിച്ച് നിര്‍ത്തുന്നു. 

'അങ്ങോട്ടല്ല, നമുക്ക് എന്റെ മുറിയില്‍ പോയിരുന്ന് സംസാരിക്കാം.' 
ഇത് പറയുമ്പോള്‍ അയാളുടെ കണ്ണ് അവളുടെ കണ്ണുമായി കൊരുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് അവള്‍ കാണുന്നു. അയാളുടെ ഒപ്പം എലവേറ്ററിന്റെ ദിശയിലേയ്ക്ക് മൂന്ന് ചുവട് വച്ചതേയുള്ളു, വാളും പരിചയുമായി യൗസേപ്പിതാവ് ചാടിവീഴുന്നു. 'കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും തിരുകുടുംബത്തിന്റെ മധ്യസ്ഥനും പിതാവുമായ യൗസേപ്പിതാവേ...', ഇനി രക്ഷയില്ലാ! 
ഇങ്ങനെ സ്ഥാനത്തും അസ്ഥാനത്തും ചാടിവീഴുന്ന യൗസേപ്പിതാവിനെക്കൊണ്ട് റേച്ചല്‍ തോല്‍ക്കുന്നു. ഒലിവെണ്ണയുടെ മിനുക്കവും തിളക്കവുമായി ഹൃദയത്തില്‍ കസേര വലിച്ചിട്ട് ഇരിക്കാന്‍ തുടങ്ങിയ ഒരു ഇറ്റാലിയന്‍ഇന്ത്യന്‍ കുഞ്ഞിന്റെ രൂപം കുടഞ്ഞെറിഞ്ഞുകൊണ്ട് അവള്‍ പറയുന്നു: 
'നമുക്കു ലോബിയില്‍ ഇരുന്ന് സംസാരിക്കാം.' 
അയാള്‍ പെട്ടെന്ന് മുന്നോട്ടാഞ്ഞ് റേച്ചലിന്റെ കവിളില്‍ ഉമ്മവയ്ക്കുന്നു. ചില സത്യങ്ങള്‍ എത്ര പേടിപ്പെടുത്തുന്നതാണെന്ന് അയാളുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍ റേച്ചല്‍ തിരിച്ചറിയുന്നു.

മനസ്സും കാലുകളും അവിടെനിന്നു പണിപ്പെട്ട് വലിച്ച് പറിച്ച് തിരിച്ച് ഹോട്ടലില്‍ വന്ന്, നിക്‌സണ്‍ വിവാദത്തില്‍ ആന്‍സിയാന്റി പുലര്‍ത്തിയ ഉദാസീന മനോഭാവം മറന്നുകളഞ്ഞ് ആന്റിയെ വീണ്ടും വിളിക്കുന്നു. ഇത്രയും കാലം വിളിക്കാതിരുന്നതിന് പരിഭവം പറഞ്ഞ്, കുഞ്ഞുന്നാളില്‍ അവള്‍ നായികയായിട്ടുള്ള ഒന്നുരണ്ട് പ്രധാനപ്പെട്ട കഥകള്‍ അവളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ റേച്ചലിനു നാട്ടില്‍ പോയി മമ്മിയെ കാണാന്‍ കൊതി തോന്നുന്നു. പറയാന്‍ വിട്ടുപോയ ഒന്ന് രണ്ട് പൊങ്ങച്ച വിശേഷങ്ങള്‍ ആന്റിയെ പറഞ്ഞു കേള്‍പ്പിക്കുന്നു. 'തേര്‍ട്ടി അണ്ടര്‍ തേര്‍ട്ടി' ലിസ്റ്റില്‍ സ്ഥാനം പിടിച്ച ടോണിയുടെ ഫോട്ടോ വാട്ട്‌സാപ്പ് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും അയക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരിക്കല്‍പ്പോലും വിളിക്കാത്തവര്‍ക്കും അയച്ചുവിടുന്നു.

ഫോട്ടോയുടെ ചൂട് ആറിത്തുടങ്ങിയെങ്കിലും ഇറ്റാലിയന്റെ ഉമ്മയുടെ ചൂടാറുന്നില്ല. അതിങ്ങനെ ഉള്ളില്‍ കിടന്ന് തിളയ്ക്കുന്നു. കാലിനെ വരിച്ച ഒരാളുടെ ഭാര്യയായിട്ടിരിക്കുന്നതിലും ഭേദം കാല്‍വരിയിലേയ്ക്ക് കുരിശുമായി നടന്ന ആളുടെ മണവാട്ടിയാകുന്നല്ലേ നല്ലത് എന്ന് അവള്‍ ദിവസങ്ങളോളം ധ്യാനനിരതയാകുന്നു. അതിന്റെ ഭാഗമായി യൂറ്റിയൂബില്‍ ധ്യാനപ്രസംഗങ്ങളും ഭക്തിഗാനങ്ങളും മുടങ്ങാതെ കേള്‍ക്കാന്‍ തുടങ്ങുന്നു. ചില അച്ചന്മാരുടെ പ്രസംഗത്തിലെ സ്ത്രീവിരുദ്ധതയും മറ്റു മതക്കാരോടുള്ള അസഹിഷ്ണുതയും സഹിക്കാന്‍ പറ്റാതെ ആ പരിപാടി ഫുള്‍സ്‌റ്റോപ്പിടുന്നു. കന്യാസ്ത്രീമഠത്തില്‍ ചേരുന്നതിന്റെ ഗുണവും ദോഷവും പലതവണ ഇഴകീറി പരിശോധിച്ചതിനുശേഷം, 'കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായവരെ മഠത്തിലെടുക്കുമോ' എന്ന് തിരുഹൃദയമഠത്തിലുള്ള അമ്മാമയുടെ അനിയത്തി മറിയാമ്മച്ചിയേ വിളിച്ച് സംശയം ചോദിക്കുന്നു. 'ഉത്തമ ഭാര്യ രാവിലേയും വൈകുന്നേരവും വായിക്കണം' എന്നു മറിയാമ്മച്ചി പറഞ്ഞപ്പോള്‍ 'ഒരു നേരം വായിച്ചാല്‍ പോരേ' എന്ന് ചോദിക്കുന്നു. ഇപ്പോഴത്തെ പ്രാര്‍ത്ഥനകളും നൊവേനകളും ചൊല്ലിത്തീര്‍ത്തിട്ട് ഉത്തമ ഭാര്യ രണ്ടുനേരം വീതം ചൊല്ലാനുള്ള സമയക്കുറവ് മറിയാമ്മച്ചിയെ ബോധിപ്പിക്കുന്നു. ഭര്‍ത്താവിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി വയറ്റിലൂടെയാണെന്നുള്ളത് മറക്കണ്ടാ എന്ന് മറിയാമ്മച്ചി വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. മറിയാമ്മച്ചി ഇത് ഏതു് യുഗത്തിലാ ജിവിക്കുന്നതെന്ന് ആലോചിച്ച് 'അതൊക്കെ പണ്ട്, ഇപ്പൊ ഹൃദയത്തിലേയ്ക്കുള്ള വഴി പാദങ്ങളിലൂടെയാണ്' എന്ന് പറഞ്ഞപ്പോഴേയ്ക്കും ഫോണ്‍ കട്ടായിപ്പോകുന്നു.

ഉത്തമ ഭാര്യ വായിച്ച് തുടങ്ങിയെങ്കിലും 'പുലര്‍ച്ചയ്ക്കു മുന്‍പേ അവള്‍ ഉണര്‍ന്ന് കുടുംബാംഗങ്ങള്‍ക്കു ഭക്ഷണമൊരുക്കുകയും...' എന്ന വരികളില്‍ എത്തിയപ്പോള്‍ അവിടെ തട്ടിത്തടഞ്ഞ് വീഴുകയും 'അതിരാവിലെ എന്റെ പട്ടി എഴുന്നേല്‍ക്കും' എന്നു മനസ്സില്‍ പറഞ്ഞ് ബൈബിളടച്ച് രാവിലെ പതിനൊന്ന് മണിവരെ കിടന്നുറങ്ങുകയും ചെയ്യുന്നു.

നാലാംവര്‍ഷം ആയപ്പോഴേയ്ക്കും മമ്മിയുടെ മേല്‍നോട്ടമുണ്ടെങ്കിലേ കുഞ്ഞിക്കാല് കാണൂ എന്ന തോന്നലില്‍ പ്ലയിന്‍ പിടിച്ച് നേരെ ബോസ്റ്റണില്‍ വന്നിറങ്ങുന്നു മമ്മി. ഗൈനക്കോളജിസ്റ്റിന്റെ അപ്പോയിന്റ്‌മെന്റ് എടുക്കാതെ ഇനി രക്ഷയില്ല എന്നു മനസ്സിലാകുന്നു. ഗൈനക്കോളജിസ്റ്റ് പുരുഷന്‍ വേണോ സ്ത്രീ വേണോ എന്ന് ആലോചിക്കുന്നു. മിനിയോടും ടീനയോടും വിളിച്ചു ചോദിച്ചപ്പോള്‍ സ്ത്രീ ഗൈനക്കോളജിസ്റ്റുകള്‍ക്ക് യാതൊരു ദയയുമില്ലെന്നും പുരുഷ ഗൈനക്കോളജിസ്റ്റുകളാണെങ്കില്‍ പ്രസവസമയത്ത് വേദന വരുമ്പോള്‍ കഴുത്തില്‍ കെട്ടിപ്പിടിച്ചാല്‍പ്പോലും അവര് ദേഷ്യപ്പെടില്ലാ എന്നു കേട്ടപ്പോള്‍ പുരുഷ ഡോകടര്‍ തന്നെ മതിയെന്നു തീരുമാനിക്കുന്നു. ഗര്‍ഭിണിയായി വേദന വന്നാലല്ലേ പുരുഷ ഗൈനക്കോളജിസ്റ്റിന്റെ കഴുത്തില്‍ തൂങ്ങി 'ഇറ്റ് ഹര്‍ട്ട്‌സ് ഡോക്ടര്‍' എന്നു കരയാന്‍ പറ്റുള്ളൂ എന്ന് ആ ഒരു എക്‌സൈറ്റ്‌മെന്റില്‍ അങ്ങ് മറന്നുപോകുന്നു.

വിചാരിച്ചപോലെ സംഗതി അത്ര എളുപ്പമല്ലാ എന്നുള്ളത് നീല ഹോസ്പിറ്റല്‍ ഗൗണിട്ട്, പച്ച വൈനല്‍ പരിശോധനാമെത്തയില്‍, കാലുരണ്ടും സ്റ്റിറപ്‌സില്‍ പൊക്കിവച്ച് കിടക്കുമ്പോള്‍ അവള്‍ക്ക് മനസ്സിലാകുന്നു. പ്രത്യേകിച്ച്, ബോളിവുഡ് നടനാകേണ്ട ആള് വഴിതെറ്റി വന്ന് ഡോക്ടറായതാണോ എന്ന് സംശയം തോന്നുന്നപോലുള്ള ഒരാള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍! കാല് സ്റ്റിറപ്‌സില്‍നിന്ന് വലിച്ചൂരി അവിടെനിന്ന് ഓടി രക്ഷപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. പുറത്ത് വെയ്റ്റിംഗ് മുറിയില്‍ കാത്തിരിക്കുന്നഅഥവാ കാവല്‍ നില്‍ക്കുന്ന മമ്മിയെ ഓര്‍ക്കുമ്പോള്‍ ആ തോന്നലിനെ കുഴിച്ചുമൂടുന്നു.

ഡോക്ടറുടെ ഗ്ലൗസ്സിട്ട വിരലുകള്‍ രഹസ്യങ്ങള്‍ ചികയുന്നത് അറിയുന്നു. പാദങ്ങളുടെ അടിയില്‍ ഏഴായിരം ഞരമ്പുകള്‍ അവസാനിക്കുന്നുണ്ടെന്ന് ടോണി പറഞ്ഞതോര്‍ക്കുന്നു. അതിനേക്കാള്‍ ആയിരം കൂടുതലുള്ളിടത്താണ് ഒരു പുരുഷന്റെ വിരലുകള്‍ ആദ്യമായി സത്യം തിരയുന്നത്. കണ്ണടച്ചു കിടന്ന് നൊവേന ചൊല്ലിത്തുടങ്ങി. 
'കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും തിരുകുടുംബത്തിന്റെ മധ്യസ്ഥനും പിതാവുമായ മാര്‍ യൗസേപ്പേ, ഈശോയും നിര്‍മ്മല കന്യാമറിയവും ഈ ഞാനും അങ്ങയുടെ വിശ്വാസമുള്ള സൂക്ഷത്തിന് ഏല്പിക്കപ്പെട്ടുവല്ലോ...

പരിശോധന കഴിഞ്ഞ് ഹോസ്പിറ്റല്‍ ഗൗണ്‍ മാറി സ്വന്തം വസ്ത്രം ധരിക്കാന്‍ സമയം തന്ന്  ഡോക്ടര്‍ പുറത്തേക്കിറങ്ങുന്നു. ഡ്രസ്സിട്ട്, മുഖത്ത് പരമാവധി ഗൗരവം വരുത്തി ഡോക്ടര്‍ പറയുന്നത് കേള്‍ക്കാന്‍ റെഡിയായി ഇരിക്കുന്നു. 

കസേര വലിച്ചിട്ടിരുന്ന് ഡോക്ടര്‍ പേഴ്‌സണല്‍ മെഡിക്കല്‍ ഹിസ്റ്ററിയിലൂടെ കണ്ണോടിക്കുന്നു. 
'എന്തെങ്കിലും മേജര്‍ സര്‍ജറികള്‍?' 
കത്തി അരികില്‍ക്കൂടിപ്പോലും പോയിട്ടില്ല.

'ഗര്‍ഭനിരോധന ഗുളിക എടുക്കുന്നുണ്ടോ?' 
ഗര്‍ഭനിരോധന ഗുളിക ജീവിതത്തില്‍ കണ്ടിട്ടില്ല.
'പീര്യഡ്‌സ് റെഗുലര്‍ ആണോ?' 
ജീവിതത്തില്‍ ആകെ റെഗുലര്‍ ആയിട്ട് വരുന്നത് പീര്യഡ്‌സ് മാത്രമാണ്. 
'വിവാഹം കഴിഞ്ഞിട്ട് എത്ര നാളായീന്നാ പറഞ്ഞത്?' 
ഒന്നിളകിയിരുന്ന്, ഒരുകൈ മറുകൈയുടെ മീതെ ഭംഗിയായി എടുത്ത് വച്ച് പറയുന്നു: 'നാല്' അടുത്ത ഏറ്റവും പ്രധാനപ്പെട്ട ചോദ്യം:
'സെക്‌സ് ചെയ്യാറുണ്ടോ?' 
എന്തൊരു ചോദ്യം! മുഖത്ത് പരമാവധി പുച്ഛം കലര്‍ത്തി ഈ ചോദ്യത്തെ നേരിടുന്നു. നിവര്‍ന്നിരുന്ന്, തല ഉയര്‍ത്തി, ശ്വാസം അകത്തേയ്ക്ക് വലിച്ച്, കണ്ണൊന്ന് ചിമ്മുകപോലും ചെയ്യാതെ ഉത്തരം പറയുന്നു. അവളുടെ ഉത്തരത്തിലെ ആത്മവിശ്വാസത്തില്‍ സുന്ദരന്‍ ഡോക്ടര്‍ പതറുന്നു. ആ ചോദ്യത്തെ മറ്റൊരു ആംഗിളില്‍ സമീപിക്കുന്നു. 

'ബന്ധപ്പെടുമ്പോള്‍ ബുദ്ധിമുട്ടോ വേദനയോ തോന്നാറുണ്ടോ?' 
എന്ത് ബുദ്ധിമുട്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് മാത്രമേ ബുദ്ധിമുട്ടുള്ളു എന്ന് മനസ്സില്‍ വിനയാന്വിതയായി. മിനിയും ടീനയും പറഞ്ഞത് കേട്ട് പുരുഷ ഗൈനക്കോളജിസ്റ്റ് വേണ്ടായിരുന്നു എന്ന് ഇതിനോടകം ഒരായിരം തവണയെങ്കിലും മനസ്സില്‍ പറഞ്ഞ് അതിനും ഉത്തരം കൊടുക്കുന്നു. 
'ഇല്ലേയില്ല.' 
അല്പനേരം ആലോചനയില്‍ ഇരുന്നിട്ട് പരിശോധനാ നിഗമനം മധുരത്തില്‍ പൊതിയാതെ ഡോക്ടര്‍ അവള്‍ക്കു നേരെ നീട്ടുന്നു. 
'നിങ്ങളുടെ ഹൈമെന്‍, അഥവാ കന്യാചര്‍മ്മം ഇപ്പോഴും ഇന്റാക്റ്റ് ആണ്. ആദ്യം ഞാന്‍ ഇമ്പര്‍ഫൊറേറ്റ് ഹൈമെന്‍ (ശാുലൃളീൃമലേ വ്യാലി) ആണോന്ന് സംശയിച്ചു. പക്ഷേ, പീര്യഡ്‌സ് കൃത്യമായി വരുന്നതുകൊണ്ട് ആ സാധ്യത തള്ളിക്കളയാം.' 
നൊവേന മുടങ്ങാതെ ചൊല്ലുന്നതുകൊണ്ടാണ്, അത് നിര്‍ത്തിക്കഴിയുമ്പോള്‍ ശരിയായിക്കൊള്ളും എന്നു പറയാന്‍ ആഗ്രഹിക്കുന്നു, പക്ഷേ, ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല. ഡോക്ടര്‍ ആശയക്കുഴപ്പത്തിലാണ്. എന്തെങ്കിലും ഒരു തുമ്പ് കിട്ടിയേക്കുമെന്നു കരുതി മെഡിക്കല്‍ ഹിസ്റ്ററിയില്‍ വീണ്ടും പരതുന്നു. അവിടെ പരതിയിട്ട് ഒരു കാര്യവുമില്ല ഡോക്ടര്‍, പകരം എന്റെ മനോഹരമായ കാല്‍പ്പാദങ്ങളിലേയ്ക്ക് നോക്കൂ. താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവിടെയുണ്ട്. ടോണി ചുണ്ടുകള്‍കൊണ്ട് പച്ചകുത്തിയിരിക്കുന്ന പാദങ്ങളുടെ ഭംഗിയില്‍ നോക്കി റേച്ചല്‍ ഒരു മിനിറ്റ് മതിമറന്നിരിക്കുന്നു.

'ശരിയായ രീതിയിലല്ല ബന്ധപ്പെടുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.' 
ഡോക്ടര്‍ ആശയക്കുഴപ്പത്തിലാണെന്ന് നെറ്റിയില്‍ തെളിഞ്ഞിരിക്കുന്ന ചുളിവുകള്‍ കണ്ടാലറിയാം. ഡോക്ടറുടെ കഴുത്തിലൂടെ കയ്യിട്ട് അയാളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണമെന്ന് അവള്‍ക്ക് ആഗ്രഹം തോന്നുന്നു. പക്ഷേ, കൈ രണ്ടും മടിയില്‍ത്തന്നെ ഭദ്രമായി അടുക്കുന്നു.
'വേറെ കുറച്ച് ടെസ്റ്റുകളും കൂടി ഒന്നു ചെയ്തിട്ട് നമുക്ക് ട്രീറ്റ്‌മെന്റ് പ്ലാന്‍ തുടങ്ങാം.'
ആശ്വസിപ്പിക്കുന്ന ഒരു ചിരിയിലേയ്ക്ക് മുഖം കൊണ്ടുവന്ന് ഡോക്ടര്‍ നോട്ട്പാഡില്‍ ചെയ്യാനുള്ള ടെസ്റ്റുകള്‍ കുത്തിക്കുറിച്ച് അവളുടെ നേരെ നീട്ടുന്നു. അവളത് വാങ്ങി നാലായി മടക്കി ബാഗില്‍ ഭദ്രമായി വയ്ക്കുന്നു.

ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന മമ്മിയെ അവിടെത്തന്നെ നിര്‍ത്തിക്കൊണ്ട് രണ്ടുപേരും വീട്ടിലേയ്ക്ക് മടങ്ങുന്നു. പോകുന്ന വഴിക്ക് വാള്‍ഗ്രീന്‍സിന്റെ മുന്നില്‍ റേച്ചല്‍ വണ്ടി നിര്‍ത്തുന്നു. പൂപോലുള്ള പാദങ്ങളില്‍ മണ്ണോ അഴുക്കോ പുരളാതെ സൂക്ഷിച്ച് അകത്തേയ്ക്ക് നടക്കുന്നു. എപ്‌സം സോള്‍ട്ട് തീര്‍ന്നത് വാങ്ങിക്കൊണ്ടുവരണമെന്ന് ടോണി പറഞ്ഞിട്ടുണ്ട്. 


* തിരമിസ്യൂ 
കാപ്പിപ്പൊടിയും കോഫീ ലിക്വറും മാസ്‌ക്രപ്പോണ്‍ ചീസും സ്പഞ്ച് കേയ്ക്കും ചേര്‍ത്തുണ്ടാക്കുന്ന ഒരു ഇറ്റാലിയന്‍ ഡിസ്സേര്‍ട്ട്. pick me up or cheer me up എന്നാണ് തിരമിസ്യൂ എന്ന വാക്കിന്റെ അര്‍ത്ഥം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com