'ബയോ ഹാര്‍വെസ്റ്റ്'- കെ.എസ്. പ്രേമന്‍ എഴുതിയ കഥ

പണയമ്പം 63  കോളനിയിലെ വെള്ളമാരയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ജഡം റോഡിനു കുറുകെ ഇറക്കിവെയ്ക്കുമ്പോള്‍ റബ്ബറൈസ് ചെയ്ത റോഡില്‍നിന്ന് ഏപ്രിലിന്റെ ചൂടും ടാറിന്റെ ഉരുകി കുമിയുന്ന ഗന്ധവും നീരാവിപോലെ പരന്നു
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

ണയമ്പം 63  കോളനിയിലെ വെള്ളമാരയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ജഡം റോഡിനു കുറുകെ ഇറക്കിവെയ്ക്കുമ്പോള്‍ റബ്ബറൈസ് ചെയ്ത റോഡില്‍നിന്ന് ഏപ്രിലിന്റെ ചൂടും ടാറിന്റെ ഉരുകി കുമിയുന്ന ഗന്ധവും നീരാവിപോലെ പരന്നു. പാലന്‍ ബോളന്റേയും കൂട്ടരുടേയും കാഴ്ചകളില്‍ തീ പിടിച്ച കാടിന്റെ ഞരക്കംപോലെ അനിശ്ചിതത്വം നിറഞ്ഞുനിന്നു.

ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സ് ഹൈവേയില്‍നിന്ന് പണയമ്പത്തേക്ക് തിരിഞ്ഞ നിമിഷം വണ്ടിയുടെ പിന്‍വാതിലിന്റെ റെക്‌സിന്‍ ഒട്ടിച്ചുവൃത്തിയാക്കിയ ലോഹച്ചുമരില്‍ ആഞ്ഞടിച്ച് പാലന്‍ ബോളന്‍ അലറുകയായിരുന്നു. ഞെട്ടിത്തരിച്ചുപോയ ഡ്രൈവറും വണ്ടിയും ടാറില്‍ വീണ പാമ്പിനെപ്പോലെ ഹൈവേയില്‍ത്തന്നെ പുളഞ്ഞുനിന്നു. ഫെന്‍സിംഗ് ചവിട്ടിത്താഴ്ത്തി കാപ്പി പ്ലാന്റേഷനിലേക്കിറങ്ങുന്ന ആനക്കൂട്ടത്തിലെ തലയെടുപ്പുള്ള ഒറ്റക്കൊമ്പന്‍ മണിയനെപ്പോലെ പാലന്‍ ബോളന്‍ കരച്ചിലോ ചിന്നംവിളിയോ എന്നു തീര്‍ച്ചയില്ലാത്ത ഒരു അപായശബ്ദത്തില്‍ ആംബുലന്‍സില്‍നിന്നു പുറത്തേയ്ക്ക് ചാടി, ഒപ്പം മറ്റു നാലുപേരും.

പിന്നീട് കാണുന്ന കാഴ്ച - കനത്ത വെള്ളത്തുണിയുടെ ആവരണത്തില്‍, ദേശീയപാതയുടെ തിളയ്ക്കുന്ന ഉച്ചയില്‍, ഗുണ്ടല്‍പേട്ട വഴി മൈസൂരിലേയ്ക്ക് പോകുന്ന കേരളത്തിന്റെ പച്ചവണ്ടിക്കും തിരികെ മുത്തങ്ങയില്‍നിന്നു വരുന്ന വിഘ്നേശ്വരനും മദ്ധ്യേ ജഡമായിക്കിടന്ന് മാര വഴി മുടക്കുന്നതാണ്.

ജീവിച്ചിരുന്ന കാലത്ത് നെല്ലിക്ക നിറച്ച ചാക്കുമേറ്റി എത്രയോ തവണ അവളീവഴി നടന്നുപോയിട്ടുണ്ട്. കാട്ടിലെ നെല്ലിമരങ്ങള്‍ കായ്ചു തുടങ്ങിയാല്‍ കല്ലൂരിലെ ധന്വന്തരി വൈദ്യശാലയിലെ കുട്ടിക്കൃഷ്ണന്‍ വൈദ്യര്‍ ലേഹ്യത്തിനും ചൂടാരിഷ്ടത്തിനും വേണ്ടി മൂത്ത കാട്ടുനെല്ലിക്കയ്ക്ക് ഓര്‍ഡര്‍ തരും. ചിലപ്പോള്‍ കുറുന്തോട്ടിയും കല്പാശവും ചുണ്ടങ്ങയും ഏറ്റു തേനും എത്തിച്ചുകൊടുക്കേണ്ടിവരും.

അക്കാലത്ത് ഒരിക്കല്‍ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ തീറ്റയും പാട്ടും പുലഭ്യവും കുത്തിനിറച്ച് ലഹരിപിടിച്ച ഒരു കാറ് വെള്ളമാരയെ നിസ്സാരമായി തട്ടി താഴെയിട്ടു. അന്ന് വഴിയോരത്തെ വിജനമായ കാട്ടുപൊന്തയുടെ പച്ചപ്പിലും ചതുപ്പിലും അവള്‍ ഒരു മണിക്കൂറിലേറെ നേരം കിടന്നുപോയിട്ടുണ്ടാവണം. സ്വതവെ അല്പപ്രാണയായ അവളെ താങ്ങി എഴുന്നേല്‍പ്പിക്കാന്‍ കെട്ടിയവന്‍ കയ്മ കൂടെയില്ലായിരുന്നു. കാറുകാര്‍ക്ക് ഔദാര്യം കാണിക്കാന്‍ നേരവും.
പിന്നീടെപ്പോഴോ തലയുടെ മരവിപ്പു മാറിയപ്പോള്‍ അവള്‍ സ്വയം എഴുന്നറ്റുനിന്നു. മണ്ണില്‍ വേരുകളൂന്നി, വിറയ്ക്കാതെ കാലുറപ്പിച്ച് കരിമരുതിന്റെ തടിയില്‍ കൈകൊണ്ടു വട്ടം പിടിച്ച് അങ്ങനെ നിന്നപ്പോള്‍ ഒരുപാട് സ്വപ്നങ്ങളെ അവള്‍ക്കു തിരികെ കിട്ടി.

ചെടയന്‍ മേമ്പൊടി ചേര്‍ത്ത് അരിഷ്ടത്തിന്റെ ഗന്ധവും കയ്മയുടെ ചുണ്ടുകളുടെ സ്‌നേഹവും കവിളിലെ ചോരയില്‍ ഉമ്മവയ്ക്കുന്നതവള്‍ അറിഞ്ഞു. 63 പ്ലാന്റേഷനിലെ കോളി മരച്ചുവട്ടിലുള്ള ഏകാദ്ധ്യാപക വിദ്യാലയവും പീറ്റര്‍ മാഷും വാര്‍ഷികത്തിന് 'രാമലക്കടിരാമാലെ' എന്ന് ആടിപ്പാടുന്ന ഇളയമകളും അവളെ വന്നുതൊട്ടു. ട്രൈബലുകാരും മൃഗാശുപത്രിക്കാരും കൂടി വാങ്ങിത്തന്ന കഴുത്തില്‍ തോല്‍ തോരണമുള്ള മലബാറി ആട്ടിന്‍കുട്ടികള്‍ ഉടുതുണിയുടെ കീഴറ്റം പ്ലാവിലപോലെ ചവച്ച് അവളുടെ പിന്നാലെ കൂടി. അരയില്‍ പട്ടിത്തൊടലിട്ട, ഫോറസ്റ്റുകാരെ കണ്ടാല്‍ ഒളിക്കുന്ന മുത്തുക്കുരങ്ങന്‍ ആണത്തം പുറത്തുകാണിക്കാത്തവിധം ചെരിഞ്ഞിരുന്ന് വെള്ളമാരയുടെ ഉച്ചവിശ്രമങ്ങളില്‍നിന്നു പേനുകളെ പെറുക്കി തിന്നു. അപ്പോള്‍ ഇടയ്ക്കിടെ അവരെ തേടിവരാറുള്ള ഒരു പെണ്‍മയില്‍ തലേദിവസം അടിച്ചുകൂട്ടിയ മഴപ്പാറ്റകളേയും ചത്ത കൂറകളേയും ദേവസ്യ കൊച്ചേട്ടന്റെ ഇഞ്ചിക്കാലായില്‍നിന്നു പറിച്ചെടുത്ത പത്തലുമുളകിന്റെ ചുവപ്പിനേയും അന്വേഷിച്ച് പെരയ്ക്കലേക്കു വന്നു.

കയ്മ ഉമ്മറത്തെ പുല്ലുപായയില്‍ കിടന്ന് രണ്ടാഴ്ചത്തെ കൊടക് ഉറക്കം ഗാഢമായി ഉറങ്ങിത്തീര്‍ക്കുന്ന പകലായിരുന്നു അത്. ഗോണിക്കുപ്പയില്‍നിന്ന് ഇഞ്ചിപ്പണി കഴിഞ്ഞ് വന്നവന്റെ ലഹരി ഉറക്കത്തിലും അടിമുടി അവനെ ചൂഴ്ന്നുനില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മക്കള്‍ ദിലീപും മഞ്ചുവും പള്ളിസ്‌കൂളിലും ഇളയവള്‍ മാളു പീറ്ററുമാഷുടെ ഏകാദ്ധ്യാപക വിദ്യാലയത്തിലും പോകുന്നുണ്ടായിരുന്നു.

ദേവസ്യ കൊച്ചേട്ടന്റെ മകന്‍ ജോസുകുട്ടി ഇഞ്ചിക്കൃഷി കൊടകിലേക്കുകൂടി പറിച്ചുനട്ടതിന്റെ ധാരാളിത്തവും അഹങ്കാരവും അവന്റെ കൂര്‍ക്കംവലിക്കുപോലും ഉണ്ട് എന്ന് മാരയ്ക്കു തോന്നി. സ്ഥലം പാട്ടത്തിനെടുക്കുക, കാലകീറി വിത്തുപാകി പുതയിടുക, കളപറിച്ച് മരുന്നടിച്ച് ഇഞ്ചി പറിക്കുക, അവസാനം ആന്ധ്രാക്കാരന്റെ ലോറിയില്‍ കയറ്റിവിടുക - എല്ലാത്തിനും കയ്മ തന്നെ വേണമെന്ന നിര്‍ബ്ബന്ധം ജോസുകുട്ടിക്ക് പിടിവാശിപോലെയാണ്. അതുകൊണ്ടുതന്നെ ഈയിടെ ചിലപ്പോഴൊക്കെ അവന്‍ തന്നെയും മക്കളേയും മറന്നുപോകുന്നുണ്ടോ എന്നുപോലും മാരക്ക് തോന്നാതിരുന്നില്ല.

ഉറങ്ങുമ്പോള്‍ തുറന്നുപോകുന്ന അവന്റെ വായും മുറുക്കാന്‍ കറയുടെ ചേറടയാളങ്ങള്‍ വീണ ചക്കപ്പല്ലുകളും മാരയെ ചിരിപ്പിച്ചു. അവന്റെ വെടിഞ്ഞ ചുണ്ടുകളിലെ ചുവപ്പ് നോക്കിയിരിക്കെ, അവള്‍ക്ക് മൂത്ത മകന്റെ ഗര്‍ഭകാലം ലജ്ജയോടെ ഓര്‍മ്മവന്നു.

'മീശമാധവന്‍' സിനിമ ടൗണിലെ ജോസ് ടാക്കീസില്‍ ഒന്നര മാസത്താളം തകര്‍ത്തോടിയ കാലത്തായിരുന്നു അവള്‍ ഗര്‍ഭിണിയാവുന്നത്. അഞ്ചാമത്തെ തവണയും സിനിമ കണ്ടുവന്ന രാത്രിയില്‍ കയ്മ കുട്ടിക്കു പേരിട്ടു. അവളുടെ നിറഞ്ഞ വയറില്‍ മുറുക്കാന്‍ ചാറുപറ്റിയ ചുണ്ടുകൊണ്ട് നായികയുടെ ഉണ്ടക്കണ്ണുപോലെ അവന്‍ ഉമ്മവച്ച് നിറച്ചു. മാരയ്ക്ക് അകത്തുള്ളയാള്‍ ഇളകുന്നതുപോലെയും സിനിമയിലെ നായകനെപ്പോലെ ഗോഷ്ഠി കാണിച്ച് തട്ടിന്‍പുറത്തുനിന്ന് കീഴ്പ്പോട്ട് ചാടുന്നതുപോലെയും തോന്നി. അവള്‍ ഇക്കിളിപ്പെട്ട് ചിരിച്ചപ്പോള്‍ പെരയുടെ മൂലയ്ക്ക് കിടന്ന് ചര്‍ച്ചുകാര് കൊടുത്ത കമ്പിളിപ്പുതപ്പിനുള്ളില്‍നിന്ന് അപ്പന്‍ കലമ്പി.

''എനൈത്താവാ - ഉറങ്ങുമീ - ഈ നട്ടപാതിരാക്ക്'' - മാര വാപൊത്തി. ചിരിയൊതുക്കിയപ്പോള്‍ കയ്മ അവളുടെ ചെവിയുടെ പിന്നറ്റം മൃദുലമായി കടിച്ചു. ഇരുട്ടില്‍ ആരും കാണാനില്ലെങ്കില്‍ക്കൂടി സിനിമയിലെ മാധവനെപ്പോലെ ജന്മനാ അധികം വളര്‍ന്നിട്ടില്ലാത്ത കുറ്റിമീശ പിരിച്ച് ഭീഷണിപോലെ കയ്മ ചിരിച്ചു.

''ഈ ചൂച്ചി ദിലീപ് താനാ- അടുത്തവള് കാവ്യ'' അടുത്തത് കാവ്യയാവാന്‍ പക്ഷേ, മാര സമ്മതിച്ചില്ല. മഞ്ജു വാര്യരുടെ സിനിമ കാണാന്‍ വാശിപിടിക്കുന്നതുപോലെതന്നെ മാറ്റിനി കഴിഞ്ഞ് സന്തോഷ് ഹോട്ടലില്‍നിന്ന് പണ്ടാരി ജെയിംസേട്ടന്‍ അടിച്ച പൊറോട്ടയും കോഴിക്കറിയും കഴിക്കാനും അവള്‍ വാശിപിടിച്ചു. അപ്പോഴൊക്കെ താഴെ അങ്ങാടിയിലെ ബീവറേജസില്‍ ക്യൂ നിന്നു സാധനം വാങ്ങാന്‍ അരമണിക്കൂര്‍ സമയം മാര കയ്മയ്ക്ക് ഉദാരമായി നല്‍കി. എന്നിട്ട് അങ്ങനെയുള്ള ദിവസങ്ങളുടെ ലഹരി മാര കൊതിയോടെ കയ്മയില്‍നിന്ന് കട്ടെടുത്തു. അവളുടെ നിയന്ത്രണങ്ങളും അവളുടെ ഭാവനയും നിറഞ്ഞാടുന്ന രാത്രികളെ എന്തുകൊണ്ടോ അവന് ഇഷ്ടമാണെന്ന് മാരയ്ക്കും തോന്നിത്തുടങ്ങിയിരുന്നു.

മക്കളോടൊപ്പം സിനിമ കഴിഞ്ഞുവരുന്ന രാത്രികളില്‍ അവരിരുവരും ഉമ്മറത്തുതന്നെ ഉറങ്ങും. അപ്പനും കുഞ്ഞുങ്ങളും അകത്ത് കൂര്‍ക്കം വലിക്കുമ്പോള്‍ കാപ്പി പ്ലാന്റേഷനു മുകളിലൂടെ പിന്നിയൂര് കൊടി പടര്‍ന്ന സില്‍വ റോക്കിനും തേക്കുമരങ്ങള്‍ക്കും ഇടയിലൂടെ, നിലാവ് ഉമ്മറത്തേക്ക് ഇറങ്ങിവരും. മണ്ണുതേച്ച് ചാണകം മെഴുകി വൃത്തിയാക്കിയ കോലായയുടെ ഒരു ഭാഗം വെളുപ്പിച്ച് നിലാവങ്ങനെ മയങ്ങിക്കിടക്കും. ലോകം ഏതാണ്ട് നിശ്ശബ്ദമായിരിക്കും. ഇടവിട്ട് ചീവീടുകളുടെ കരച്ചില്‍, വല്ലപ്പോഴും ഒരു മ്ലാവിന്റെ കാറല്‍. രാത്രിയിലെപ്പോഴെങ്കിലും ഒരു കാട്ടുപന്നിപ്പടയുടെ റൂട്ട് മാര്‍ച്ച്. അത്രമാത്രം.

നിഴലും നിലാവും ഉമ്മറക്കോലായ പകുക്കുമ്പോള്‍ ഭൂമിയുടെ ഭ്രമണം പതിയെ തുടങ്ങും. ഒരു പകുതിയിലേക്ക് പകലും മറുപകുതിയിലേയ്ക്ക് രാത്രിയും തുച്ഛമായ ഇടവേളകൊണ്ട് കറങ്ങിയെത്തും. പൂത്ത കാപ്പിപ്പൂക്കളുടെ കത്തുന്ന ഗന്ധമുണ്ടാവും അപ്പോള്‍ ഭൂമിക്ക്. ചുട്ടുനീറി നില്‍ക്കുന്ന മണ്ണിലേക്ക് ആകാശത്തുനിന്ന് മഴപോലെ മഞ്ഞ് പെയ്തിറങ്ങും. കാറ്റില്‍ പന്നിയൂര്‍ തലപ്പുകള്‍ കുലുങ്ങും. അപ്പോള്‍ ഉമ്മറചായ്പില്‍ കെട്ടിയ മുത്തു കുരങ്ങന്‍ അസ്വസ്ഥനാകും. കോലായിലെ നിലാവിന്റെ തീവ്രതാളമുള്ള അനക്കങ്ങളെ അവന്‍ സസൂക്ഷ്മം നോക്കിനില്‍ക്കും. ഇടയ്ക്കിടെ ഞരങ്ങും. അവന്റെ ഭാഷയില്‍ സീല്‍ക്കാരങ്ങളുണ്ടാവും, അപ്പോള്‍ മാര കൂട്ടംകൂടും.
''മുത്തുവേ - മിണ്ടക്കാണി='
കയ്മ സമാധാനപ്പെടുത്തും.

''മുത്തുക്ക് നാങ്ക പൊണ്ണ് കെട്ടിക്കും-''
യഥാര്‍ത്ഥത്തില്‍ മുത്തു നാല് വയസ്സ് പ്രായമുള്ള ഒരാണാണ്. പ്ലാന്റേഷനിലെ തേക്കുമുറിക്കിടയില്‍ അമ്മയില്‍നിന്നു പിടിവിട്ട് ഒരു മരത്തിന്റെ വീഴ്ചയ്‌ക്കൊപ്പം ഭൂമിയിലേയ്ക്ക് വന്നുവീണതായിരുന്നു അവന്‍. മൂന്നോ നാലോ മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുകുസൃതിക്കാരന്‍. ഫോറസ്റ്റുകാരു കാണാതെ കയ്മ അവനെ കുടിയിലേക്കെടുക്കുകയായിരുന്നു. മൂന്നുനേരം ആട്ടിന്‍പാല്‍ കൊടുത്ത് മാര അവനെ വളര്‍ത്തി, റേഷനരിച്ചോറും ഉണക്കമുള്ളന്‍ ചൂട്ടയും താളുകറിയും മുളംകൂമ്പ് തോരനും മുത്തു തിന്നാന്‍ പഠിച്ചു. ഇടയ്ക്കിടെ അവന് പുറ്റുതേന്‍ കിട്ടി. വലുതായപ്പോള്‍ അവന്‍ കുടിയിലെ മിടുക്കനായ പേന്‍ നോട്ടക്കാരനായി.

പക്ഷേ, ഒരു രാത്രിയില്‍ മുത്തുവിന്റെ അസ്വാഭാവികമായ ബഹളം അവരെ പേടിപ്പിച്ചു. അവന്‍ കലശലായി ഒച്ചയിട്ടപ്പോള്‍ കയ്മയും മാരയും തലയുയര്‍ത്തി നോക്കി. നിലാവില്‍ ഇരുട്ട്, ചെറിയൊരു കുന്നുപോലെ മുറ്റത്തു നില്‍ക്കുന്നു. അവര്‍ സ്തംഭിച്ചുപോയി, ആനച്ചൂര് ചുറ്റും പരക്കുന്നു. നിലവിളിക്കാന്‍ ഒച്ചയില്ലാത്ത വിധം മരണം ഒറ്റക്കൊമ്പ് താഴ്ത്തി നിലാവിലൂടെ ഉമ്മറത്തേക്ക് തല നീട്ടി നില്‍ക്കുന്നു. അവര്‍ക്കൊപ്പം മുത്തുവും അരണ്ട് തറപറ്റി കിടന്നു. വരിഞ്ഞുമുറുകി ആലിംഗനബദ്ധമായ തുണിക്കെട്ടുപോലെ അപ്പോഴേയ്ക്കും കയ്മയും മാരയും ചുരുണ്ടുപോയിരുന്നു.

മണിയന്‍ - ശ്വാസം പിടിച്ചുനില്‍ക്കുന്ന രാത്രിയുടെ പശ്ചാത്തലത്തില്‍ വളരെ പതുക്കെ, അവരെ മൂടിയിരുന്ന പുതപ്പുകള്‍ കൂട്ടിപ്പിടിക്കുന്നതുപോലെ ഉയര്‍ത്തി. സ്വസ്തി ചിഹ്നങ്ങള്‍, കുരിശ്, ചന്ദ്രക്കല, ചെഗ്വേരത്തല, ത്രിവര്‍ണ്ണ അതിരുകള്‍- പുതപ്പുകളുടെ വൈവിധ്യം അവന്‍ അല്പനേരം നോക്കിനിന്നു. എന്നിട്ട് ചെറിയൊരു ചിന്നംവിളിയോടെ വീശി ദൂരേയ്ക്ക് എറിഞ്ഞു. പൂര്‍ണ്ണമായും നഗ്‌നരായ, ഏതാണ്ട് അവന്റെ തന്നെ നിറമുള്ള രണ്ടുപേരെ മണിയന്‍ ഏറെനേരം സൂക്ഷിച്ചുനോക്കി. എന്നിട്ട് ഇരുവരേയും കാണാവുന്ന രീതിയില്‍ ഉരുട്ടി വേര്‍പെടുത്തി ഉമ്മറത്തെ നിലാവിന്റെ പരവതാനിയിലേക്ക് മാറ്റിക്കിടത്തി. അടിമുതല്‍ മുടിവരെ രണ്ടുപേരേയും തുമ്പിക്കൈകൊണ്ട് മണത്തു. ഇരുവരുടേയും ചന്തിയിലും സ്വകാര്യഭാഗങ്ങളിലും കുറച്ചുനേരം തടവിയും താളം പിടിച്ചും നിന്നു. മുത്തു ശ്വാസം നഷ്ടപ്പെട്ടവനെപ്പോലെ ചായ്പിന്റെ മൂലയില്‍ പറ്റിക്കിടന്നു.

അപ്പോള്‍ ആദിമമായ എന്തോ ഒരു പ്രേരണയില്‍ മണിയന്‍ പിന്നോട്ടു തിരിഞ്ഞു. ചാണകം തളിച്ച് വൃത്തിയാക്കിയ പെരയുടെ മുറ്റത്ത് പിന്‍കാലുകള്‍ താഴ്ത്തി കുറച്ചുനേരം കൂനി നിന്നു. എന്നിട്ട് കണ പരമാവധി താഴോട്ട് ഇറക്കി. ഒരു ഉറവ തുറന്നതുപോലെ വന്യമായ ഭാവനയില്‍ അവന്‍ മൂത്രമൊഴിച്ചു. നല്ല വേനലില്‍ മണിയന്‍ നനച്ചുപോയ പെരയുടെ മുറ്റം പിറ്റേന്ന് മാരയും കയ്മയും മരവിച്ചുപോയൊരു സ്വപ്നംപോലെ കണ്ടു.

ഒരിക്കല്‍ പേന്‍ എടുക്കുന്ന അതിജാഗ്രതയ്ക്കിടയിലും മുത്തു ഉമ്മപോലെ എന്തോ ഒന്ന് കവിളില്‍ ചെയ്തു എന്ന സംശയം മാര പറഞ്ഞു. കയ്മയ്ക്ക് ലഹരിയുടെ ചെറിയൊരു തരിപ്പും തലോടലും കിട്ടിയ ദിവസമായിരുന്നു അത്. അപ്പന്‍ മുറ്റത്ത് തുടിക്കുവേണ്ടി കോലുചെത്തുന്ന പകലായിരുന്നിട്ടും അവന്‍ മാരയെ പൂണ്ടടക്കം പിടിച്ചു. മുത്തുവിനുള്ള മറുപടിപോലെ ഉമ്മകൊണ്ടവളെ നെറുകയോളം ശുദ്ധീകരിച്ചു. എന്നിട്ട് മുറ്റത്തേയ്ക്ക് ചാടിയിറങ്ങി അപ്പന്റെ തുടിക്കോലെടുത്തു. മുത്തുവിനെ പട്ടിത്തൊടലില്‍ പൊക്കി ആകാശത്തേയ്ക്കുതൂക്കി. കയ്മ അലറി.

''ഓനിക്ക് മറ്റേതിന്റെ ചൂക്കേടാ.''
മുത്തുവിന്റെ ദീനമായ കരച്ചിലിനൊപ്പം മാരയും കരഞ്ഞു. തൊടല്‍ വിടുവിച്ച് ഇരുവരേയും തെറി പറഞ്ഞവള്‍ മാറ്റിനിര്‍ത്തി. പിന്നെ ഒരമ്മയെപ്പോലെ ഇടയില്‍ കയറി മതിലുപോലെ നിന്നു.
പിറ്റേന്ന് രാവിലെതന്നെ മുത്തുവിനെ 'പെണ്ണുകാണിക്കാന്‍' കൊണ്ടുപോകാന്‍ ജോസുകുട്ടിയുടെ ജീപ്പുവന്നു.

''ജോസൂട്ടിയേട്ടന്റെ ചങ്ങായി സൈമണ്‍ ചേട്ടന്റെ വീട്ടില്‍ ഇവനേക്കാള്‍ മൂപ്പുള്ളൊരു പെണ്ണൊരുത്തിയുണ്ട്. മൂപ്പര് ഷിമോഗേന്ന് വരുമ്പോ കൊണ്ടാന്ന്വാ. ഇഞ്ചിക്കാലേന്ന് കിട്ട്യതാ'' യാത്രയില്‍ ഡ്രൈവറു പയ്യന്‍ ചരിത്രം പറഞ്ഞു.

മാരയും കയ്മയും മുത്തുവും ജീപ്പിന്റെ പിന്നിലിരുന്നു. മുത്തുവിന് ഇത് ആദ്യത്തെ വാഹനയാത്രയാണ്. അവന്‍ പിന്നോട്ടുപോകുന്ന കാഴ്ചകളേയും ഒപ്പം സീറ്റ് കവറിലെ പൂക്കളേയും അത്ഭുതത്തോടെ നോക്കി. പയ്യന്‍ മുന്നറിയിപ്പുപോലെ പറഞ്ഞു:
''കയ്മക്ക, ഓനെ നോക്കണം. ഓന്‍ സീറ്റ് കവര്‍ മാന്തും.''
''ഇല്ലപ്പാ ഇങ്ങള് പേടിക്കാണ്ടിരി.''
സൈമണ്‍ ചേട്ടന്റെ വിശാലമായ പുകപ്പുരയുടെ അടുപ്പിന് നാലാള്‍ക്ക് ഒന്നിച്ചുനടക്കാനുള്ള വീതിയുണ്ട്. ഇഞ്ചി ചെരണ്ടല്‍, ഉണക്കല്‍, ചുക്കിന്റെ കച്ചവടം - എല്ലാം നിര്‍ത്തിയപ്പോള്‍ പുകപ്പുരയും അനാഥമായി - അവള്‍ക്കൊപ്പം മുത്തുവിനെ ഇഞ്ചിപ്പുരയില്‍ നിര്‍ത്തിപോരുമ്പോള്‍ മാരയ്ക്ക് സങ്കടം വന്നു. സൈമണ്‍ ചേട്ടന്‍ സമാധാനിപ്പിച്ചു.

''ഓന്‍ ഒരാഴ്ച ഇവിടെ നില്‍ക്കട്ടെ. അവരൊന്ന് മെര്ങ്ങട്ടെ. കയ്മ ഈ ആഴ്ച പോയാലും കൊഴപ്പമില്ല. ജോസൂട്ടി കൊടക്ന്ന് വര്വല്ലോ. അവന്റെ കയ്യിലാണെങ്കിലും പെരക്കലേയ്ക്ക് ഓനെ കൊടുത്തുവിടാം, പോരെ.'' പിന്നെ സൈമണ്‍ ചേട്ടന്‍ ചിരിച്ചു.

''ഓള് ഗര്‍ഭിണിയാവോന്നുല്ല. എത്രാമത്യാദ്? ഓനേക്കാളും നാലുകൊല്ലെങ്ങാനും മുമ്പെറന്നാളാ അമ്മിണി. പിന്നെ ഫോറസ്റ്റുകാര് അറിയ്യേം വേണ്ട.''
തിരിച്ചുവരുമ്പോള്‍ ''ഓന്റെ പൂതി മാറട്ടേന്ന്'' കയ്മ പറഞ്ഞപ്പോള്‍ എന്തുകൊണ്ടോ തലയിലേക്ക് ഇഞ്ചി പുക കയറുന്നതുപോലെ മാരയ്ക്ക് തോന്നി. ഒപ്പം ഇഞ്ചി ചുരണ്ടുന്ന പെണ്ണുങ്ങളുടെ കൂട്ടനുണ -ഇല്ലിത്തട്ടിനു കീഴെ അടുപ്പില്‍ വിറക് നിറയ്ക്കുന്നവരുടെ വിയര്‍പ്പ് തിളക്കം. ആളിക്കത്തുന്ന തീ - എല്ലാം കൂടി ആയപ്പോള്‍ അവള്‍ ജീപ്പില്‍ നിന്ന് തല പുറത്തേക്ക് നീട്ടി ഓര്‍മ്മകളെ ഛര്‍ദ്ദിക്കാന്‍ തുടങ്ങി.

പക്ഷേ, ഏഴ് ദിവസവും മുത്തു നിസ്സംഗനായിരുന്നു. സൈമണ്‍ ചേട്ടന്റെ പണിക്കാരന്‍ കൊടുത്ത ഭക്ഷണംപോലും പരിമിതമായേ അവന്‍ ഉപയോഗിച്ചുള്ളൂ. അമ്മിണി അടുത്തുവന്ന് നിന്നപ്പോഴെല്ലാം വികാരരഹിതമായി അവന്‍ അവളെ തള്ളിമാറ്റി. പിന്നീട് രണ്ടു തവണ മുത്തു ക്രുദ്ധനായി അവളുടെ മുഖവും അടിവയറും മാന്തി വേദനിപ്പിച്ചു. കടുത്ത നിഷേധത്തില്‍ മനം മടുക്കുമ്പോള്‍ പുകപ്പുരയുടെ പഴയ കരിപ്പടര്‍പ്പുകള്‍ക്ക് കീഴെ അവള്‍ അഭയം കണ്ടെത്തി; മുത്തു അപ്പോഴും ഉമ്മറചായ്പും പക്ഷികളുടെ വിരുന്നും കുട്ടികളുടെ - മാളു, മഞ്ചു, ദിലീപ് - കലമ്പലും സ്വപ്നം കണ്ടു.
ജോസുകുട്ടി നാട്ടിലേക്കെത്തുന്നതും കയ്മ ഗോണിക്കുപ്പയിലേയ്ക്ക് വണ്ടി കയറുന്നതും കൊടകതിര്‍ത്തി അടയ്ക്കുന്നതും ഏതാണ്ട് ഒരേ സമയത്തായിരുന്നു.

''എല്ലാം കര്‍ത്താവിന്റെ കൃപ. അല്ലെങ്കിലെന്നാ ചെയ്യും? മുപ്പതേക്കറുണ്ട്. നോക്കി നടത്താന്‍ അവന്‍ തന്നെ വേണം.'' കയ്മ ഇഞ്ചി ഷെഡില്‍ എത്തിയ വിവരം അറിഞ്ഞ നിമിഷം ജോസുകുട്ടിക്ക് സമാധാനമായി. സെല്‍ഫോണ്‍ പോക്കറ്റിലേക്ക് തിരുകി, ഒരു പെഗ്ഗിനെ അപ്പോള്‍ത്തന്നെ അവന്‍ ഒട്ടും മയമില്ലാതെ അന്നനാളത്തിലേക്ക് ഒഴിച്ചു.

റബ്ബര്‍ തോട്ടത്തിന്റെ തെക്കേ മൂലയിലുള്ള മെഷീന്‍ പുര ജോസുകുട്ടിക്കും കൂട്ടുകാര്‍ക്കും ഒരു ആശ്വാസമാണ്. അവിഞ്ഞ മണമുണ്ടെങ്കിലും ഒരു പച്ചത്തുരുത്ത്. വീട്ടില്‍നിന്നും അപ്പനില്‍നിന്നും അത്രകണ്ട് നോട്ടമെത്തുകയുമില്ല. എന്നാല്‍, ആഘോഷമാവാം താനും. ഉണങ്ങാന്‍ തൂക്കിയിട്ട ഷീറ്റുകളും തൂവിപ്പോയ റബര്‍പ്പാലും ആസിഡ് കലര്‍ന്ന വെള്ളവും കെട്ട വാടയും പിന്നെ രാവിലെ മത്തച്ചന്റെ ടാപ്പിംഗ്, ഷീറ്റടി, പ്രണയഗാനങ്ങള്‍, ഇടയ്ക്കിടെ ഘോരമായ വളികള്‍ - പലപ്പോഴും റബ്ബര്‍ പുരയിലെ അലോസരങ്ങള്‍ അത്ര കൊണ്ട് തീരും. പിന്നെ ആരും എത്താറില്ല. പൊട്ടനീച്ചകളുടെ കടലിരമ്പം മാത്രം പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കും.

ജോസുകുട്ടി വന്നതറിഞ്ഞ് ദേവസ്യ കൊച്ചേട്ടന്റെ വീട്ടിലേക്ക് മാര ഓടിയെത്തിയതായിരുന്നു. മുത്തുവിനെ തിരികെ കൊണ്ടുവരുന്ന കാര്യം പറയണം. സൈമണ്‍ ചേട്ടന്റെ ഇഞ്ചിപ്പുരയില്‍ അവന്‍ വല്ല പ്രശ്‌നങ്ങളും ഉണ്ടാക്കിയോ എന്നു ചോദിക്കണം. പിന്നെ കയ്മ പറഞ്ഞേര്‍പ്പാടാക്കിയ പണം വാങ്ങണം.

അമ്മച്ചി പറഞ്ഞു: ''അവന്‍ മേലെയെങ്ങാണ്ട്, റബ്ബര്‍ പെരയിലോട്ട് പോയിട്ടുണ്ട്, മാര ചെല്ല്.''
മെഷിന്‍പുരയുടെ ചായ്പ്പിലെത്തിയതും കരിവാളിച്ചു തുടങ്ങിയ റബ്ബര്‍ ഷീറ്റുകളുടെ മറപറ്റി അവള്‍ അല്പനേരം നിന്നു. അകത്തുനിന്നും മുഖാവരണം അണിഞ്ഞ കുറച്ചുപേരുടെ ചുമയും ചിരിയും കേട്ടു. ലോകത്തെ മുഴുവന്‍ മനുഷ്യരും മുഖാവരണം അണിഞ്ഞുതുടങ്ങിയ കാര്യം അവള്‍ വാര്‍ത്തകളില്‍ കണ്ടിരുന്നു. കഴുത്തിലിട്ട തോര്‍ത്തെടുത്ത് അവളപ്പോള്‍ വായും മൂക്കും വട്ടത്തില്‍ മൂടി. ടൗണിലെ ദേവരാജന്റെ മരുന്നുകടയില്‍ സാധനമെത്തിയാല്‍ കുറച്ചെണ്ണം വാങ്ങിവെയ്ക്കണം. ഇനി മുഖംമൂടിയില്ലാതെ ജീവിക്കാന്‍ കഴിയില്ലല്ലോ എന്നവള്‍ ചിരിച്ചു. അപ്പോള്‍ അപ്രതീക്ഷിതമായി പറന്നിറങ്ങിയതുപോലെ ഒരു ചുഴലി റബ്ബര്‍ തലപ്പുകളെ വകഞ്ഞ്, മെഷീന്‍ പുരയുടെ ചുറ്റളവുകളിലൂടെ വട്ടം കറങ്ങി അകത്തേയ്ക്ക് നൂണ്ടു. കെട്ട നാറ്റവും ഈര്‍പ്പം നിറഞ്ഞ നീറ്റലും ചുറ്റും പരന്നു. ഈര്‍ച്ചകളുടെ ആര്‍പ്പ് ഉച്ചത്തിലായി. പിന്നീട് ഏറെ വൈകി ആയാസപ്പെട്ട് മാര കുന്നിറങ്ങിപ്പോയി.

അന്നു വൈകീട്ടുതന്നെ മുത്തുവിനെ കൊണ്ടുവരാന്‍ ആളു പോയി. ''പണിയാന്‍ കഴിവില്ലാത്ത ചണ്ണകള് സാമാനം തൂക്കിയിട്ട് നടന്നിട്ടെന്നാ കാര്യം'' എന്ന് ജോസുകുട്ടി പലതവണ ആശങ്കപ്പെട്ടു. ''പോരാത്തതിന് നാടുനിറയെ കൊരങ്ങ് പനിയും.'' അവസാനം മുത്തുവിന്റെ കാര്യം തീരുമാനമായി. അന്നുരാത്രി തന്നെ കൊന്ന് തൊലിയുരിച്ച്, പണ്ടം കളഞ്ഞ്, ഉപ്പും മഞ്ഞളും തേച്ച് അവനെ മെഷീന്‍പുരയുടെ ഇരുമ്പഴയില്‍ റബ്ബര്‍ ഷീറ്റുകള്‍ക്കൊപ്പം ഉണക്കാനിട്ടു.

തേക്കുമരങ്ങളുടെ തണലോ ഇല്ലിക്കാടുകളുടെ നിഴലോ ഇല്ലാതെ, ആകാശത്തിനും സൂര്യനും മുഖാമുഖം, പൊതുനിരത്തില്‍ മാര പകതീര്‍ക്കുന്നവളെപ്പോലെ കിടന്നു. ജീവനില്ലാത്ത മാരയ്ക്ക് തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞ നിരവധി വാഹനങ്ങളുടെ ശ്വാസോച്ഛാസം കറുത്ത പുകയായി ഹൈവേയില്‍ നിറഞ്ഞു. മുഖാവരണത്തിന്റെ കുഞ്ഞുശ്വാസപ്പഴുതുകളിലൂടെ വായു കണ്ടെത്തി പാലന്‍ ബോളന്‍ അപ്പോഴേക്കും മുഷ്ടി ചുരുട്ടി ആകാശത്തേക്ക് കൈ എറിഞ്ഞു.

വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതശരീരത്തിന്റെ നീരുവന്ന നാഭി പ്രദേശത്തുനിന്ന് പഴകിയ ചോര നൂലുപോലെ കിനിഞ്ഞു. അതിന്റെ വേരുകളില്‍നിന്ന് ഒരു പൂമരം അപ്പോള്‍ വളരാനും പടരാനും തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com