'അഞ്ചാം ഊഴം...?'  ജെആര്‍ അനി എഴുതിയ കഥ 

''ജനിച്ചാല്‍ ഒരുനാള്‍ മരണം സുനിശ്ചിതമാണ്, അതിന് മുന്‍പ് ഈ ലോകത്തെ കടമകള്‍ ശരിയായി നിറവേറ്റുന്നവനാണ് ശരിയായ മനുഷ്യന്‍.'' 
'അഞ്ചാം ഊഴം...?'  ജെആര്‍ അനി എഴുതിയ കഥ 

പണ്ടു പണ്ട് ഒരു ഗ്രാമത്തില്‍ ഒരു ബുദ്ധഭിക്ഷുവും അദ്ദേഹത്തിന്റെ കുടുംബവും പാര്‍ത്തിരുന്നു. അവര്‍ക്ക് വാത്സല്യ നിധികളായ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ആയിടയ്ക്ക് ഗ്രാമത്തിലാകെ പടര്‍ന്നുപിടിച്ച ഒരു മഹാമാരിയില്‍ മൂത്തകുട്ടി അകാലചരമം പ്രാപിച്ചു. ഏറെ ദുഃഖിതരായ ആ ദമ്പതികള്‍ ദൈവത്തോട് കരഞ്ഞു പ്രര്‍ത്ഥിക്കുകയും കാലാന്തരത്തില്‍ എല്ലാം വിധി എന്നോര്‍ത്ത് സമാധാനിച്ച് നാളുകള്‍ കഴിക്കുകയും ചെയ്തു. അധികനാള്‍ കഴിയുന്നതിനു മുന്‍പ് ജ്വരബാധിതനായി മുലകുടി മാറാത്ത മകനും മരിച്ചു. തങ്ങള്‍ക്ക് ശേഷക്രിയ ചെയ്യാന്‍ കൂടി ഇനി ആരും തന്നെയില്ലെന്ന തിരിച്ചറിവ് അവരെ തീര്‍ത്തും തളര്‍ത്തിക്കളഞ്ഞു. ഇത്രയേറെ ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചിട്ടും താന്താങ്ങള്‍ക്ക് ഈ ദുര്‍വ്വിധിയുണ്ടായതെന്താണ്? എന്തു കൊണ്ടാണ് തങ്ങള്‍ മാത്രം ഇത്തരത്തില്‍ അഗാധ ദുഃഖത്തില്‍ നിപതിക്കാനിടയായത്? അചഞ്ചലമായ ദൈവ വിശ്വാസത്തിന് തങ്ങളെ ഈ സങ്കടക്കടലില്‍നിന്നും രക്ഷിക്കാനാവില്ലേ? അവസാനം അവര്‍ യോജിച്ച് ഒരു തീരുമാനത്തിലെത്തി. മരിച്ച കുഞ്ഞിന്റെ ജഡവും ചുമലിലേറ്റി ആ മാതാപിതാക്കള്‍ ശ്രീബുദ്ധന്റെ തിരുസന്നിധിയില്‍ എത്തി. അവിടത്തെ മുന്നില്‍ കുഞ്ഞിന്റെ ശരീരം കിടത്തി അവര്‍ ബുദ്ധനോട് അപേക്ഷിച്ചു: 
''അല്ലയോ മഹാത്മാവേ, ജീവിതകാലമത്രയും അങ്ങയെ ഉപാസിച്ചും ദൈവപ്രീതിക്കായുള്ള മന്ത്രങ്ങളുരുക്കഴിച്ചും മാത്രം കഴിയുന്ന എനിക്ക് ഇത്തരത്തില്‍ ഒരു ദുര്‍ഗ്ഗതി വരുത്താനിടയാക്കിയതെന്താണ്? ഇങ്ങനെ വരികില്‍ ഇഹലോകത്ത് പ്രാര്‍ത്ഥനയ്ക്കും സദ്വൃത്തികള്‍ക്കും എന്ത് മേന്മയാണ് അവകാശപ്പെടാനുള്ളത്? ഉറ്റവരും ഉടയവരും ഈ ലോകത്ത് അവശേഷിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്കായി അവിടന്ന് ഈ കുഞ്ഞിനെയെങ്കിലും ദൈവത്തോടപേക്ഷിച്ച് പുനര്‍ജ്ജീവിപ്പിക്കാന്‍ കനിവുണ്ടാകണം...''
അമ്മ അര്‍ദ്ധോക്തിയില്‍ നിറുത്തി...
''എന്നിട്ട് ... എന്നിട്ടെന്തു സംഭവിച്ചു..? '
ഞങ്ങള്‍ ഞാനും ചേട്ടനും ഒരേ സ്വരത്തിലാണ് അമ്മയോട് ചോദിച്ചത്. അമ്മ ആകാംക്ഷാഭരിതരായിരിക്കുന്ന ഞങ്ങളെ നോക്കി ഒരു നിമിഷം മൗനത്തിലാണ്ടു. പിന്നെ തുടര്‍ന്നു: 
''ജനനവും മരണവും ഒരേ നാണയത്തിന്റെ തന്നെ രണ്ട് വശങ്ങളാണ്. സുഖദുഃഖങ്ങള്‍ സാര്‍വ്വ ജനീനവും എല്ലാ ചരാചരങ്ങള്‍ക്കും ഒരുപോലെ തന്നെ ബാധകവുമാണ്. കൂടുവിട്ട് കൂടുമാറുന്ന മാറുന്ന ആത്മാവിന് നാശമില്ല. അത് ഒരു ശരീരം വിട്ട് പുതിയ മറ്റൊരു ശരീരത്തിലേയ്ക്ക് നിരന്തരം പൊയ്ക്കൊണ്ടേയിരിക്കും, കാലാതിവര്‍ത്തിയായി. അതിനാല്‍ത്തന്നെ ദേഹവിയോഗങ്ങളില്‍ അഗാധദുഃഖത്തിന് സ്ഥാനമില്ല; നവ ജനികളില്‍ അമിതാഹ്ലാദത്തിനും!''
എന്നാല്‍, സിദ്ധാര്‍ത്ഥന്റെ ഇത്തരം സമാശ്വാസങ്ങള്‍ക്കൊന്നും തന്നെ ഹതാശയനായ ആ ബുദ്ധഭിക്ഷുവിനെ ഗ്രസിച്ചിരിക്കുന്ന മഹാദുഃഖത്തില്‍നിന്നും മോചിപ്പിക്കാനായില്ല. അദ്ദേഹത്തിന്റെ നിരന്തരമായ യാചനകള്‍ക്കൊടുവില്‍ ബുദ്ധന്‍ ഇങ്ങനെ പറഞ്ഞു:
''ഇതു വരെ മൃത്യുദര്‍ശനം ഏല്‍ക്കാത്ത ഒരു കുടുംബത്തില്‍നിന്നും ഒരുപിടി ധാന്യമണികള്‍ വാങ്ങി വരിക. ഞാന്‍ നിങ്ങളുടെ പുത്രനെ പുനര്‍ജ്ജീവിപ്പിക്കാം.'' 
ശ്രീബുദ്ധന്റെ സമാശ്വാസ വാക്കുകള്‍ കേട്ട് പ്രത്യാശരായ ആ ബുദ്ധഭിക്ഷുവും ഭാര്യയും മരണം സംഭവിക്കാത്ത വീട്ടില്‍നിന്നും ധാന്യമണികള്‍ ശേഖരിക്കാനിറങ്ങി. അവര്‍ ദിക്കുകള്‍ തോറും ദിനവും അലഞ്ഞു. ഓരോയിടത്ത് ചെല്ലുമ്പോഴും ഏതെങ്കിലും ഉറ്റവര്‍ മരിച്ച കഥകള്‍ മാത്രമാണ് അവര്‍ കേള്‍ക്കാനിടയായത്. ചുരുക്കത്തില്‍ മൃത്യു സാര്‍വ്വജനീനമാണെന്നും അത് ബാധിക്കാത്ത ചരാചരങ്ങള്‍ ഇഹത്തില്‍ അവശേഷിക്കുന്നില്ലെന്നും അവര്‍ ക്രമേണ തിരിച്ചറിഞ്ഞു:
''ജനിച്ചാല്‍ ഒരുനാള്‍ മരണം സുനിശ്ചിതമാണ്, അതിന് മുന്‍പ് ഈ ലോകത്തെ കടമകള്‍ ശരിയായി നിറവേറ്റുന്നവനാണ് ശരിയായ മനുഷ്യന്‍.'' 
അമ്മ പറഞ്ഞുനിറുത്തി: 
''നമുക്ക് നെല്ല് കൊടുക്കാമായിരുന്നല്ലോ. നമ്മുടെ വീട്ടില്‍ ഇതുവരെ ആരും മരിച്ചിട്ടില്ലല്ലോ.''
കഥ കേട്ടുകൊണ്ടിരുന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി. 
അമ്മ ചിരിച്ചുകൊണ്ട് എന്നെ നോക്കി. പിന്നെ കുടുംബമെന്ന സങ്കല്‍പ്പത്തെക്കുറിച്ചും ബന്ധങ്ങളുടെ സനാതനത്വത്തെക്കുറിച്ചും വാചാലയായി. സത്യത്തില്‍ അച്ഛനും അമ്മയും ചേട്ടനും ഞാനും മാത്രം അടങ്ങുന്നതായിരുന്നു അന്നുവരെ എന്റെ കുഞ്ഞുമനസ്സിന്റെ വലിയ പ്രതലത്തില്‍ വിരചിച്ച കുടുംബചിത്രം!
''മരണം നമുക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയുമോ?'' ഇത്തവണ ചേട്ടനാണ് ചോദിച്ചത്. 
''ഉവ്വ്. ഒരാള്‍ മരണാസന്നനാകുമ്പോള്‍ തൃകാല ജ്ഞാനികള്‍ക്ക് അതറിയാന്‍ കഴിയും. അതവരുടെ സാധനകളുടെ പരിണതിയാണ്. നോട്ടം കൊണ്ടും എന്തിന് ഗന്ധം കൊണ്ടുപോലും മൃതിയുടെ സാന്നിധ്യം മഹാതപസ്വികള്‍ക്ക് വിവേചിച്ചറിയാം.'' 
ആ വാക്കുകളുടെ വിവക്ഷകള്‍ തീര്‍ത്ത മലരികളില്‍പ്പെട്ടുഴറി വലഞ്ഞ ഞാന്‍ നിസ്വനായി. അനാദിയായ അറിവുകളുടെ ചക്രവാളസീമകളില്‍ കടുത്ത ചായക്കൂട്ടുകളുടെ താണ്ഡവം!
പുറത്ത് മഴ തിമിര്‍ക്കുന്നുണ്ട്. അകത്തെ മുറിയിലെവിടെയോ ജനാലയുടെ പാളികള്‍ വലിയ ശബ്ദത്തത്തോടെ അടഞ്ഞുതുറക്കുന്നു. ആകാശച്ചെരുവുകളെ ദീപ്തമാക്കി കൊള്ളിയാനുകള്‍ പുളഞ്ഞു. അകമ്പടികളായി ഇടിമുഴക്കത്തിന്റെ പ്രകമ്പനങ്ങള്‍! അടുത്തെവിടെയോ തുടങ്ങി അങ്ങ് വിഹായസ്സുകളിലേയ്ക്ക് നേര്‍ത്തൊടുങ്ങുന്ന മാറ്റൊലികള്‍... ഞാന്‍ വര്‍ത്തമാനത്തിലേയ്ക്ക് കണ്ണുകള്‍ മിഴിച്ചു.
ഇപ്പോള്‍ അമ്മ എന്നെത്തന്നെ തുറിച്ചുനോക്കി കിടക്കുകയാണ്. പാതിയടഞ്ഞ ചേതനയറ്റ കണ്ണുകളിലേയ്ക്കും നിര്‍ജ്ജലീകരിച്ചുണങ്ങി വരണ്ട ചുണ്ടുകളിലേയ്ക്കും നോക്കി കിടക്കയുടെ ഓരം പറ്റി ഞാനിരുന്നു. കിടക്കയില്‍ അമ്മയുടെ ശരീരം ഇപ്പോള്‍ ഏറെ ചുരുങ്ങിച്ചെറുതായതുപോലെ. മുഖത്ത് പതിവിലും കവിഞ്ഞ വെളിച്ചം നിറഞ്ഞതുപോലെ. കൈത്തണ്ടകളിലെ മാംസം എല്ലുകളില്‍നിന്ന് വിട്ട് താഴോട്ട് ഊര്‍ന്നിറങ്ങി തൂങ്ങിക്കിടന്നിരുന്നു. എന്നാല്‍, ആ മുഖത്ത് അമ്മയെ ബാധിച്ചിരുന്ന അര്‍ബുദത്തിന്റെ ആകുലതകള്‍ തീരെയില്ലായിരുന്നു. ഓര്‍ക്കുമ്പോള്‍ അമ്മ എന്നും അങ്ങനെ തന്നെയായിരുന്നില്ലേ. അച്ഛന്‍ മരിച്ച ദിവസവും അമ്മ കരഞ്ഞിരുന്നില്ല. കുട്ടികളായിരുന്ന എന്നേയും ചേട്ടനേയും ആദ്യം അണച്ചുപിടിച്ച അമ്മ പിന്നീട് അമ്മാവന്മാരെ അനുസരിച്ച് ശേഷക്രിയകള്‍ ചെയ്യാന്‍ ഞങ്ങളെ പറഞ്ഞുവിടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അടിത്തൂണ്‍ പറ്റി പിരിഞ്ഞ് സ്‌കൂളില്‍നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടില്‍ വന്നപ്പോള്‍ ചിരിച്ചു കൊണ്ടുമാത്രം നിന്ന അമ്മയെ ആരോ കളിയാക്കി പറഞ്ഞത് ഇന്നും ഓര്‍മ്മയില്‍ ഉണ്ട് ''ടീച്ചറിനെ കരയിപ്പിക്കണമെങ്കില്‍ നമ്മള്‍ ഒന്നുകൂടിജനിക്കേണ്ടി വരും.''
ഞാന്‍ വെറുതെ എം.ടിയുടെ രണ്ടാമൂഴം എടുത്ത് വായിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഇതൊരു പതിവാക്കിയിരിക്കുന്നു. ജന്മംകൊണ്ട് രണ്ടാമനായിപ്പോയതിനാല്‍ മാത്രം എന്നും തിരസ്‌കൃതനാകുന്ന വൃകോദരന്റെ വ്യാകുലതകള്‍ അമ്മയ്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. എല്ലാം ഉള്ളിലടക്കി കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനുവേണ്ടിയുള്ള ഭീമന്റെ പരിത്യാഗങ്ങള്‍ അമ്മയുടെ ഉള്ളില്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ ചെറുപ്പത്തില്‍ സംസാരത്തിന്നിടയില്‍ പലപ്പോഴും എനിക്ക് വ്യതിരിക്തമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ക്ലാവുപിടിച്ചുപോയ ചേതനകളെ തുടച്ച് അമ്മയെ വര്‍ത്തമാനത്തിലേയ്ക്കുണര്‍ത്താന്‍ ആരും അടുത്തില്ലാത്തപ്പോള്‍ ഞാന്‍ പലപ്പോഴും അതുപയോഗിച്ചിരുന്നു എന്നതായിരുന്നു സത്യം. 
അമ്മയുടെ കിടക്കയ്ക്കടിയിലായി മങ്ങിയ പച്ചനിറം തേച്ച ട്രങ്ക് പെട്ടിയില്‍ അടുക്കി വച്ച ആനുകാലികങ്ങളുടെ നിറഞ്ഞ ശേഖരം എപ്പോഴും ഉണ്ടായിരുന്നു. പരാശ്രയത്തിന്റെ ചതുപ്പിലേയ്ക്ക് മുഴുവനായും ആണ്ടു പോകുന്നതിനു മുന്‍പ് സന്ദര്‍ശകരില്ലാത്ത പകലുകളില്‍ വായിച്ചു കഴിഞ്ഞവ തന്നെ അമ്മ വീണ്ടും വീണ്ടും വായിച്ചു കൊണ്ടേയിരിക്കുമായിരുന്നു. കീറിപ്പോയ പുറം ചട്ടകള്‍ ചേര്‍ത്തൊട്ടിച്ചും വിട്ടുപോയ പേജുകള്‍ കുത്തിത്തയ്ച്ചും മോഡേണ്‍ ബ്രഡ്ഢിന്റെ എണ്ണ മെഴുക്കുള്ള കവറുകള്‍ നിവര്‍ത്തി ഒട്ടിച്ച പുസ്തകങ്ങള്‍ പൊതിഞ്ഞും അമ്മ സമയം പോക്കി. ഓരോ പുസ്തകത്തിലേയും പേജുകളിലെ ബോക്‌സുകളിലെ ചെറുലിഖിതങ്ങള്‍പോലും അമ്മയ്ക്ക് ഹൃദിസ്ഥങ്ങളായിരുന്നു. കാലപ്പഴക്കത്താല്‍ പല പേജുകളും മഞ്ഞിക്കുകയും വക്കുകള്‍ ഇരട്ടവാലന്മാര്‍ കാര്‍ന്നൊടുക്കി ക്രമം തെറ്റിച്ച് അവയുടെ പുറം മോടിക്ക് ക്ഷതമുണ്ടാക്കുകയും ചെയ്‌തെങ്കിലും അവയിലെ അക്ഷരക്കുട്ടങ്ങളുടെ വശ്യത എന്നും അമ്മയെ ഹഠാദാകര്‍ഷിച്ചിരുന്നു.
പത്താംതരത്തില്‍ പഠിക്കുമ്പോള്‍ കൂടി അമ്മയുടെ മടിയില്‍ക്കിടന്ന് ടോംസോയറിന്റെ ഇംഗ്ലീഷ് നോണ്‍ ഡീറ്റെയില്‍ വായിച്ചുതരാന്‍ പറയുമായിരുന്ന എന്നെ അമ്മ പിന്നീട് പലപ്പോഴും അതു പറഞ്ഞ് കളിയാക്കാറുണ്ടായിരുന്നു. കാലം കഴിഞ്ഞ് അമ്മ വയസ്സാകുകയും തിമിരം അമ്മയുടെ കാഴ്ചയെ ക്ഷയിപ്പിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ ജോലി കഴിഞ്ഞെത്തുന്ന പല വൈകുന്നേരങ്ങളിലും ഇറയത്തിരിക്കുന്ന എന്നോട് ആനുകാലുകങ്ങളിലെ കഥകള്‍ ഉറക്കെ വായിച്ചു കൊടുക്കാന്‍ പറയുമായിരുന്നുവെന്നത് കാലം കരുതിവച്ച ചില ചെറിയ കുസൃതികള്‍ മാത്രം. 
ആറു മാസങ്ങള്‍ക്കു മുന്‍പ് ഒരു നാള്‍ പെട്ടെന്ന് പൊതുവേ ക്ഷീണിതയായിരുന്ന അമ്മ വല്ലാതെ ഛര്‍ദ്ദിക്കുകയും തല ചുറ്റി വീഴുകയും ചെയ്തപ്പോഴാണ് രോഗലക്ഷണങ്ങള്‍ വെളിവായിത്തുടങ്ങിയത്. കണ്ണുകളിലെ മഞ്ഞളിപ്പ് ശ്രദ്ധിച്ച എന്റെ സുഹൃത്തിന്റെ ഡോക്ടറായ ഭാര്യയാണ് അമ്മയെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളും സ്‌കാനിങ്ങുകളും അമ്മയുടെ വിധി അക്ഷരാര്‍ത്ഥത്തില്‍ കുറിക്കുകയായിരുന്നു. പിത്ത സഞ്ചിക്കു ചേര്‍ന്ന് വളരുന്ന കോശപരിണാമത്തിലുയിര്‍കൊണ്ട ഒരു മുഴയുടെ സാന്നിധ്യം ചികിത്സാവിധികള്‍ക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അമ്മയുടെ പ്രായാധിക്യം, മോശം ആരോഗ്യസ്ഥിതി എന്നിവ മറ്റൊരു വിധത്തിലുമുള്ള വിചിന്തനങ്ങള്‍ക്കും വഴിവയ്ക്കുന്നതായിരുന്നില്ല. അങ്ങനെയാണ് അവസാനം അമ്മ ഡോക്ടറന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയയാകുന്നതും അറിഞ്ഞുകൊണ്ടു തന്നെ മരണക്കിടക്കയിലേയ്ക്ക് നിഷ്‌ക്രമിക്കാനിടയായതും... ഇപ്പോള്‍ അമ്മയെ പരിചരിച്ചുകൊണ്ട് സന്തത സഹചാരിയായി സെല്‍വി എന്ന തമിഴ് പെണ്‍കുട്ടിയുണ്ട്. ലോക്ഡൗണ്‍ കാരണം തുണിക്കമ്പനി പൂട്ടിയപ്പോള്‍ തിരുപ്പൂരിലെ ഗോബിചെട്ടി പാളയത്തുനിന്നും ചേട്ടന്‍ കൂട്ടിക്കൊണ്ട് വന്നതാണ്.
വേദനാസംഹാരികളന്വേഷിച്ചുള്ള പരക്കം പാച്ചിലുകളാണ് പിന്നീടത്തെ ചരിത്രം. പ്രത്യേകിച്ച് ജീവരക്ഷാസിദ്ധികളൊന്നും തന്നെയില്ലായെന്ന് അറിയാമെങ്കിലും അവസാന ശ്രമമായി പാരമ്പര്യ വൈദ്യം തുടങ്ങി എന്തും പരീക്ഷിക്കുന്നത് മനുഷ്യരുടെ ജീവിത വാഞ്ഛയാണല്ലോ. ആശയുടെ കിരണങ്ങള്‍ വിണ്ടും ഉദിപ്പിച്ച് ക്രമേണ നേര്‍ത്തൊടുങ്ങുമ്പോഴും അതിങ്ങനെ അനുവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു! അര്‍ത്ഥലേശമില്ലാത്ത കാലികത... എന്നിപ്പോള്‍ തോന്നുന്നു! വനസ്ഥലികളില്‍ പച്ചിലക്കൂട്ടുകളുടെ ഒറ്റമൂലി രഹസ്യങ്ങളറിയുന്നകാണിമൂപ്പന്മാരെ തേടിയുള്ള നെടുങ്കന്‍ വനയാത്രകളുടേയും കാത്തിരിപ്പുകളുടേയും വിരസ നൈരന്തര്യം... ഒടുവില്‍...!
എന്നാലിവിടെ യുക്തി ഭ്രംശത്തിനിടയാക്കുന്ന ഒരു സാമ്യത അവശേഷിക്കുന്നുണ്ട്. അത് പറയാതെ പോകുന്നത് ഉത്തരം തരാത്ത ഒരു സമസ്യ ഫലത്തില്‍ അവശേഷിപ്പിക്കുന്നതാകും. തന്നെയുമല്ല നമ്മുടെ കുടുംബത്തിലരങ്ങേറുന്ന ഒരു ചാക്രികതയുടെ പരാമര്‍ശവുമാണത് എന്നിപ്പോള്‍ തോന്നുന്നു... കാലാന്തരത്തിലെ നിയതികളുടെ മുറ തെറ്റാത്ത ദുര്‍ഗ്രഹമായ അനുക്രമം!
ആദ്യം കുടുംബത്തില്‍ അര്‍ബ്ബുദ ഗ്രസ്ഥനായത് ഏറ്റവും മൂത്ത അമ്മാവന്‍ ആയിരുന്നു. ശ്വാസകോശാര്‍ബ്ബുദം 35-ാം വയസ്സില്‍ അദ്ദേഹത്തിനെ ഗ്രസിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിരന്തരമായ പുകവലി ശീലത്തെയാണ് ഏവരും പഴിച്ചത്. എന്നാല്‍, കാലമേറെയെത്തും മുന്‍പ് വില്ലേജ് ഓഫീസറായിരുന്ന കുഞ്ഞമ്മ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ ചുറ്റിനും ദോഷൈക ദൃക്കുകളുടെ പുരികങ്ങള്‍ ഉയരുന്നത് കണ്ടു. ആവര്‍ത്തിച്ചുണ്ടാകുന്ന ദുരന്തങ്ങള്‍ ഞങ്ങളുടെ കുടുംബത്തെ വേട്ടയാടുകയാണോയെന്ന സന്ദേഹങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ ഭയപ്പെട്ടു. മുജ്ജന്മ ചെയ്തികളുടെ ശുഷ്‌ക മാറാപ്പുകള്‍ കുടഞ്ഞിട്ട് അസ്ഥിപജ്ഞരങ്ങള്‍ തേടുന്ന സമൂഹത്തിലെ 'വിരാഗി'കളുടെ നിസ്വാര്‍ത്ഥ ശ്രമങ്ങളെ ഞങ്ങള്‍ മനഃപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചു.
തുടര്‍മരണങ്ങള്‍ കണ്ട് മനം തളര്‍ന്ന മുത്തശ്ശിയുടെ ഊഴമായിരുന്നു പിന്നിടത്തേത്. പ്രായാധിക്യം കൊണ്ടാണെന്ന് എല്ലാപേരും അംഗീകരിക്കുമ്പോഴും ഞങ്ങളൊക്കെ വിശ്വസിച്ചാശ്വസിക്കുമ്പോഴും കരളിലിനെ ഗ്രസിച്ചരണ്ടാമത്തെ അര്‍ബ്ബുദബാധ ഞങ്ങളുടെ കുടുംബത്തിന്റെ മാത്രം രഹസ്യമായി ഒതുക്കുകയായിരുന്നു! ഇപ്പോള്‍ വിധി വീണ്ടും അതിന്റെ അലംഘനീയത ഒന്നുകൂടി വെളിവാക്കുന്നു... മനുഷ്യജീവിതത്തിലെ പോംവഴികള്‍ അവശേഷിപ്പിക്കാത്ത തീര്‍പ്പുകളെ വിധി എന്ന് വിശേഷിപ്പിക്കാമെങ്കില്‍...!
''ചിറ്റപ്പാ...    നമുക്കും വലുതാകുമ്പോള്‍ കാന്‍സര്‍ വരും അല്ലേ...?'' 
ആ ചോദ്യം എന്നെ വര്‍ത്തമാന ചേതനകളിലേയ്ക്ക് ദംശിച്ചുണര്‍ത്തി. ഒരു നടുങ്ങലോടെ ഞാന്‍ ഹരിയെക്കണ്ടു. എന്റെ ചേട്ടന്റെ മകനാണ്. അഞ്ചാംതരത്തില്‍ പഠിക്കുന്നു. അവന്‍ എന്റെ ഓരം ചേര്‍ന്നു നില്‍ക്കുകയാണ്. എപ്പോഴാണ് എത്തിയതെന്നറിയില്ല. തിരിഞ്ഞുനോക്കാതെ തന്നെ അവന്റെ പിന്നില്‍ ഉത്തരം മുട്ടി നില്‍ക്കുന്ന ചേട്ടന്റെ നിഴല്‍രൂപം എനിക്ക് കാണാതെ കാണാം. അവന്‍ ഇപ്പോള്‍ നിശ്ശബ്ദനാണ്. അരുതാത്തത് അനവസരത്തില്‍ പറഞ്ഞുപോയതിന്റെ ജാള്യത ആ കുഞ്ഞുമുഖത്ത് അലയടിക്കുന്നുവോ? ആ കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്കതയും നൈര്‍മ്മല്യവും ഓര്‍ത്ത് ഞാന്‍ സ്വയം ശമിച്ചു. പിന്നെ അവനെ നോക്കി പതിയെ പുഞ്ചിരിച്ചു. അവന്റെ വ്യാകുലതകളില്‍ ആയപ്പെട്ടുകൊണ്ടു തന്നെ. 
ഞാന്‍ അമ്മയെ നോക്കി. അമ്മ ഇത് കേട്ടിട്ടുണ്ടാകുമോ? ഇല്ല, ആ മുഖത്ത് ചേതനകള്‍ വിറങ്ങലിച്ചു കിടക്കുന്നു! എന്നിരുന്നാലും തിമിരം മുറ്റിയ ആ കണ്ണുകളുടെ തീവ്രത എന്നെ കൊത്തിപ്പറിക്കുന്നതുപോലെ തോന്നി. ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് ശരീരത്തിലേയ്ക്ക് ലവണ മിശ്രിതങ്ങള്‍ സന്നിവേശിപ്പിക്കാനായി ഞരമ്പുകള്‍ കണ്ടെത്തി സ്ഥിരമായി സ്ഥാപിച്ച വലത്തേ കയ്യിലെ ക്യാനുല എപ്പോഴോ ഇളകി പ്ലാസ്റ്ററിലൊട്ടി തൂങ്ങിക്കിടക്കുന്നത് ഞാന്‍ കണ്ടു. ഒരു നടുക്കത്തോടെ അത് കടന്നെടുത്തു. അപ്പോള്‍ പതിവില്ലാതെ തൊണ്ടയില്‍ കുരുങ്ങി വലിയുന്ന ശബ്ദത്തില്‍ അമ്മ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട് എന്നെനിക്ക് തോന്നി. സ്വനപേടകങ്ങളുടെ ദ്രവിച്ച പ്രതലങ്ങളിലുരസി ഇടമുറിഞ്ഞ സീല്‍ക്കാരങ്ങളായി തിരിച്ചറിയാനാവാത്ത വാക്കുകള്‍ അമ്മ പുറത്തേയ്ക്ക് തുപ്പി. ആശയ വിനിമയത്തിനകമ്പടിയെന്നോണം ഇടതുകയ്യിലെ ശോഷിച്ച വിരലുകള്‍ അതിനനുസരിച്ച് ദുര്‍ബ്ബലമായി ഉയര്‍ന്നു താഴ്ന്നു. ഇപ്പോള്‍ അമ്മയുടെ തുറന്ന കണ്ണുകള്‍ മുന്‍പിലെ ചുവരില്‍ പതിപ്പിച്ചിരിക്കുന്ന ഘടികാരത്തിലാണ്. ഞാന്‍ അതിലെ സമയം നോക്കാന്‍ മിനക്കെട്ടില്ല. സത്യത്തില്‍ കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നത് എനിക്കപ്പോള്‍ കാണാമായിരുന്നു!
ആകാംക്ഷ മുറ്റുന്ന കണ്ണുകളുമായി ഹരി എന്റെ മുഖത്ത് തന്നെ നോക്കി നില്‍ക്കുകയാണ്. അപ്പോള്‍ ജിവിതത്തില്‍ ആദ്യമായി എനിക്ക് അവനെ അഭിമുഖീകരിക്കാന്‍ പ്രയാസം തോന്നി. ദൈന്യതയോ, പരാജയ ഭീതിയോ, അപകര്‍ഷതയോ ഒക്കെ മുഖത്ത് വെളിപ്പെടാതിരിക്കാന്‍ ഞാന്‍ വൃഥാ തത്രപ്പെട്ടു.
കൊള്ളിയാന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ അമ്മയുടെ മുഖത്ത് അപ്പോള്‍ തെളിഞ്ഞു കാണുന്ന ഭാവങ്ങള്‍ എനിക്ക് തീര്‍ത്തും അന്യങ്ങളായിയിരുന്നു. അര്‍ത്ഥലേശമില്ലാത്ത വികല പദങ്ങള്‍ പിന്നെയും അമ്മ നിഷ്‌ക്രമിപ്പിച്ചു കൊണ്ടേയിരുന്നു. ഞാന്‍ അമ്മയുടെ കിടക്കയിലേയ്ക്ക് പതിയെ കുനിഞ്ഞു. അവിടെ നിന്ന് മൃതിയുടെ മനം മടുപ്പിക്കുന്ന ഗന്ധം ഉയരുന്നുവോ? അത് ക്രമേണ ചുറ്റുപാടുകളിലേയ്ക്ക് സന്നിവേശിക്കുന്നുവോ? ദുര്‍ജ്ഞേയവിധിയുടെ നീരാളിക്കയ്യുകള്‍ നടത്തുന്ന പാവക്കൂത്താട്ടം ഒരു വലിയ തിരിച്ചറിവിനടിപ്പെട്ട് നിസ്സഹായതയോടെ ഞാന്‍ നോക്കിയിരുന്നു!
ഇനി ആ സംജ്ഞകളുടെ തന്നെ പൊരുള്‍ ആണോ അമ്മ പണ്ടേ പോലെ എനിക്ക് പറഞ്ഞു തരാന്‍ ശ്രമിക്കുന്നത്...? എം.ടി. പറയാന്‍ ബാക്കി വച്ച ഒരു അഞ്ചാം ഊഴം...? അതോ...?
ഞാന്‍ അക്ഷമനായി കാതോര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com