'പുരോ(?)ഗമന പാതകള്‍'- എന്‍. പ്രദീപ്കുമാര്‍ എഴുതിയ കഥ

കുബ്ബൂസും കുഴിമന്തിയും പിറക്കുന്നതിനു മുന്‍പാണ്, പൊറോട്ടയും ചാപ്സും വിശിഷ്ടാഹാരമായി പടര്‍ന്നുപിടിക്കുന്ന കാലം
ചിത്രീകരണം : സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം : സചീന്ദ്രന്‍ കാറഡുക്ക

കുബ്ബൂസും കുഴിമന്തിയും പിറക്കുന്നതിനു മുന്‍പാണ്, പൊറോട്ടയും ചാപ്സും വിശിഷ്ടാഹാരമായി പടര്‍ന്നുപിടിക്കുന്ന കാലം. രസമുകുളങ്ങളേയും ആമാശയത്തേയും പിടിച്ചടക്കി മലയാളിയുടെ ദേശീയ ഭക്ഷണമായി പരിണമിക്കാന്‍ മൈദയുടെ പുതിയ രൂപം തിരനോട്ടം നടത്തുന്ന എണ്‍പതുകളുടെ ഒടുവിലാണ് ബാബുടീസ്റ്റാള്‍ ആരംഭിക്കുന്നത്.

പഴക്കവും പ്രൗഢിയുംകൊണ്ട് പ്രശസ്തമായ സെക്കണ്ടറി സ്‌കൂളിന്റെ സമീപത്ത് പുഴയോരം ചേര്‍ന്ന് ഒരു പ്രഭാതത്തില്‍ ബാബു ടീസ്റ്റാള്‍ എന്ന മരപ്പലക ബോര്‍ഡ് സ്ഥാപിതമായി. ഒന്നര ഏക്ര തെങ്ങിന്‍തോപ്പിന്റെ ശീതളച്ഛായയില്‍ മുളയലകുകളുടെ കഴുക്കോലില്‍ ഓലമേഞ്ഞ നെടുമ്പുരയായിരുന്നു ഹോട്ടല്‍.

പൊള്ളാച്ചിയിലെ ചായക്കടയില്‍ ആറേഴുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമായാണ് യൗവ്വനത്തിലേക്ക് പാദമൂന്നുന്ന കുപ്പന്‍ എന്ന വെപ്പുകാരന്‍ ബാബു ടീസ്റ്റാളുമായി അവതരിക്കുന്നത്. കള്ളിമുണ്ടും കയ്യില്ലാത്ത ചുവന്ന ബനിയനും ചുമലില്‍ മടക്കിയിട്ട ചുട്ടിത്തോര്‍ത്തുമായി കട തുറന്ന അയാള്‍ മുരുകന്റെ പടത്തിനു മുന്‍പില്‍ വിളക്കും ചന്ദനത്തിരിയും തെളിയിച്ചു. പിന്നെ, ആറുമണി പ്രഭാതത്തില്‍ പുറപ്പെടുന്ന മീനാക്ഷിപുരം മയില്‍വാഹനത്തിന്റെ ജീവനക്കാര്‍ക്കു ചായ പകര്‍ന്നു ദിവസം ആരംഭിച്ചു. ബസിന്റെ ഹോണ്‍ മുഴങ്ങുമ്പോഴേക്കും ആവി പറക്കുന്ന പുട്ടും പപ്പടവും കുപ്പന്‍ ഡസ്‌കില്‍ എത്തിച്ചു. ഡ്രൈവര്‍ മാമനും ജോസഫ് കണ്ടക്ടറും ക്ലീനര്‍ മൂസക്കുട്ടിയും തെങ്ങിന്‍ ചുവട്ടില്‍വെച്ച ബക്കറ്റിലെ വെള്ളമെടുത്ത് കൊപ്ലിച്ചു നീട്ടിത്തുപ്പുമ്പോഴേക്കും പൊടിക്കട്ടനും മധുരമില്ലാത്ത കടുപ്പവും പാല്‍ച്ചായയും ഡസ്‌കില്‍ ആഗതരെ കാത്ത് പുക ഊതിയകറ്റി. അകത്തോട്ടല്പം വളഞ്ഞ പൊള്ളക്കാലുകളില്‍ ഉയരം കുറഞ്ഞ് ഇരുണ്ടുമെലിഞ്ഞ ദേഹവുമായി മഴയെന്നോ വെയിലെന്നോ ഭേദമില്ലാതെ അയാള്‍ ബാബു ടീസ്റ്റാളില്‍ ഓടിനടന്നു പണിയെടുത്തു.

താരരാജപദവിയിലേക്കു പടയോട്ടം നടത്തുന്ന രാജാവിന്റെ മകനായിരുന്നു അക്കാലത്ത് പൊറോട്ട. ഗംഭീരമെങ്കിലും നിര്‍മ്മാണം സുപരിചിതമല്ല. അതുകൊണ്ടുതന്നെ വരുന്നവരും പോകുന്നവരും ഡാല്‍ഡ മെഴുക്കിന്റെ മാസ്മരഗന്ധമുള്ള അതീവ മൃദുവായ ബാബു ടീസ്റ്റാളിലെ പൊറോട്ടയുടെ രുചിക്കൂട്ടില്‍ ആകൃഷ്ടരും അതിന്റെ ആരാധകരുമായി.

സ്‌കൂള്‍ വിടുന്ന ഉച്ചഭക്ഷണ ഇടനേരങ്ങളില്‍ നിന്നുതിരിയാന്‍ നേരമില്ലാതെ അയാള്‍ അക്ഷീണം പൊറോട്ട ചുട്ടു. ഊണിനു വരുന്നവര്‍ക്കു വിളമ്പിക്കൊടുത്ത് അതിനിടെ വേണമായിരുന്നു പൊറോട്ടയുടെ അഭ്യാസം. കഴുകിവെച്ച പ്ലേറ്റ് കയ്യിലെടുത്തു പിടിച്ചു കുട്ടികള്‍ വരി പാലിച്ചു. കല്ലില്‍നിന്നും പ്ലേറ്റിലേക്ക് പകര്‍ന്നുകിട്ടിയ ചൂടന്‍ പൊറോട്ടയിലേക്ക് ഡസ്‌കില്‍ ഇരുന്ന ബക്കറ്റില്‍നിന്നു സാമ്പാര്‍ അവര്‍ സ്വയം കോരിയൊഴിച്ചു. വരിയുടെ അറ്റമെത്തും മുന്‍പേ പലപ്പോഴും മാവുതീര്‍ന്നു പൊറോട്ട അവസാനിച്ചു. നിരാശരായ കൗമാരക്കാര്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ട്, അടുത്ത ദിവസം കൂടുതല്‍ നേരത്തെ വരിയില്‍ ഇടംപിടിക്കാന്‍ തീരുമാനിച്ചുറച്ചു പിരിഞ്ഞുപോയി. എന്നിരുന്നാലും ഒരുനാളും നിശ്ചിത അളവില്‍ കൂടുതല്‍ മാവ് കുപ്പന്‍ ഒരുക്കുകയേ ചെയ്തില്ല.

അവിടവിടെ ടാറ് ഇളകിപ്പൊളിഞ്ഞ, വീതികുറഞ്ഞ നിരത്തോരത്ത് ബാബു ടീസ്റ്റാള്‍ അക്കാലത്തൊരു സാഹസമായിരുന്നു. ആഴ്ചയറുതിയിലെ സ്‌കൂള്‍ അവധി ദിനങ്ങളില്‍ പ്രദേശം വിമൂകമാകും. ആ പകലുകളില്‍ കുപ്പന്‍ ആകാശവാണിയുടെ മികച്ച ശ്രോതാവായി. സാമ്പാറിനു വറുത്തരയ്ക്കുമ്പോള്‍, വിരസത കുടഞ്ഞെറിയാന്‍, ഇത്തിരി കിളിപ്പേച്ചുള്ള, ഇമ്പമില്ലാത്ത ഒച്ചയില്‍ അയാള്‍ 'പാലാഴി പൂമങ്കേ'യും 'ദേവതാരു പൂത്തു മനസ്സിന്‍ താഴ്വര'യിലും ആലപിച്ചു.

പ്രവൃത്തിപരിചയത്തിന്റെ തമിഴ് ഭൂതകാല പശ്ചാത്തലത്തിനപ്പുറം കുപ്പനെക്കുറിച്ച് ആരെങ്കിലും തിരക്കുകയോ അയാള്‍ എന്തെങ്കിലും വിശദീകരിക്കുകയോ ചെയ്തതായി അറിവില്ല. കാലത്ത് അഞ്ചുമണിക്ക് ടീസ്റ്റാള്‍ തുറന്നുവെക്കലും രാത്രി ഏഴിന് അടച്ചുപൂട്ടലും യന്ത്രസമാനകൃത്യതയോടെ അയാള്‍ അനുഷ്ഠിച്ചു. പ്രഭാതത്തില്‍ റേഡിയോ നിലയം തുറക്കുന്നതിന്റെ പ്രാരംഭശബ്ദങ്ങള്‍ സംപ്രേഷണം ചെയ്തു പുഴയോരത്തെ ഉണര്‍ത്തുന്ന ആകാശവാണി, സന്ധ്യയ്ക്ക് കുപ്പന്റെ കക്ഷത്തിലിരുന്നു വയലും വീടും പ്രക്ഷേപണം ചെയ്ത് ഒന്നര കിലോമീറ്ററിനപ്പുറം നിരത്തോരം ചേര്‍ന്നുള്ള തെയ്യുണ്ണി നായരുടെ വാടകക്കെട്ടിടത്തിലേയ്ക്കു നടന്നു.

നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ക്കിടയിലെ പരസ്യ സംപ്രേഷണങ്ങളില്‍ കൊച്ചിന്‍ സ്റ്റോഴ്സ് ലക്ഷ്വറിയും കോട്ടയം അയ്യപ്പാസും നിറഞ്ഞുനിന്നു. ലക്ഷ്വറി എന്ന പദം, ജീവിതം ആര്‍ഭാടത്തിനോട് അത്രമേല്‍ ആസക്തമല്ലാതിരുന്നതുകൊണ്ട് ഗ്രാമീണര്‍ക്കിടയില്‍ സാര്‍വ്വജനീനമായിരുന്നില്ല. എന്നിരുന്നാലും ദേശം അത് ഉള്‍ക്കൊള്ളാന്‍ വിമുഖമായില്ല.

മാഞ്ഞാമ്പ്ര കുണ്ടുംചെരുവില്‍ അയ്യപ്പന്‍ ചേന്നാരുടെ നാലു പെണ്‍മക്കളില്‍ മുതിര്‍ന്നവള്‍ ലീലാ മണിയിലൂടെയാണ് പ്രദേശം ആഗോളീകരണത്തെ സ്വാംശീകരിച്ചത്. ചരിത്രാന്വേഷണത്തിന് ഇറങ്ങിത്തിരിച്ച് പ്രീഡിഗ്രിയുടെ കടായയില്‍ തടഞ്ഞുവീണ ലീലാമണി ആയിടെ കൊച്ചിന്‍ സ്റ്റോഴ്സ് ലക്ഷ്വറിയില്‍ സെയില്‍സ് ഗേളായി നിയമിതയായി.
ഗവണ്‍മെന്റ് പ്രസ്സിലെ ശിപായി വീരരാഘവന്‍ നായര്‍ക്ക് കടുപ്പത്തിലുള്ള ചായ ഡസ്‌കില്‍ കൊണ്ടുവെച്ചു തിരിയുന്ന ഏഴരമണി പ്രഭാതങ്ങളില്‍ ടീസ്റ്റാളിന് എതിരെ ബസ് കാത്തുനിന്ന ലീലാമണി എന്ന ദാവണി പെണ്‍മണി, ആകാശത്തേയ്ക്കു നോക്കുമ്പോള്‍ മേഘങ്ങള്‍ എന്ന പോലെ കുപ്പന്റെ പതിവു കാഴ്ചയായി.

സെക്കണ്ടറി സ്‌കൂള്‍ വിട്ട കൗമാരക്കാര്‍ ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും അവഗണിച്ചു വിദൂര നഗരങ്ങളിലെ കംപ്യൂട്ടര്‍ പഠനസ്ഥാപനങ്ങള്‍ക്കു മുന്‍ഗണന നല്‍കിത്തുടങ്ങിയ കാലത്താണ് പരോക്ഷമായ യുദ്ധക്കെടുതി നാടിനെ ഗ്രസിച്ചത്. ബാബു ടീസ്റ്റാളിലെ പറ്റുപടിക്കാരില്‍ ഗള്‍ഫ് ആശ്രിതരായ ചിലരെങ്കിലും താല്‍ക്കാലികമായി ഭക്ഷണനിയന്ത്രണം ശീലിച്ചു. ജനം ആകാശവാണി വാര്‍ത്തകള്‍ക്കായി കാതുകൂര്‍പ്പിച്ചു.

ഒരു മഴയും ഒരുനാളും ഒടുങ്ങാതിരുന്നിട്ടില്ലാത്തതുപോലെ ആ പ്രതിഭാസത്തിനും അവസാനമുണ്ടായി. ഒളിപ്പിച്ചുപിടിച്ച കുഷ്ഠം അപരന്റെ കുഴിനഖത്തെ അപഹസിക്കുംപോലെ, വംശവെറിയാല്‍ സ്ഥാപിതമായ സാമ്രാജ്യത്തിന്റെ ലോകാധീശത്വം നാടുവാഴിയുടെ നൃശംസതകള്‍ വിചാരണ ചെയ്ത് അയാളെ നിഷ്‌കാസിതനാക്കി നന്മമരമായി. യുദ്ധകാലത്ത് പലായനം ചെയ്യാതെ രണഭൂവില്‍ ജീവന്‍ പണയംവെച്ചു സ്വരൂപിച്ച സമ്പാദ്യത്തിന്റെ പിന്‍ബലത്തില്‍ പുത്തലന്‍ കൃഷ്ണന്‍കുട്ടി തെയ്യുണ്ണിനായരെ കണ്ട് തെങ്ങിന്‍തോപ്പ് കച്ചവടം ഉറപ്പിച്ചു.

കൃഷ്ണന്‍കുട്ടി ബാബു ടീസ്റ്റാള്‍ ഒഴിയുവാന്‍ ആവശ്യപ്പെട്ടില്ല. പകരം കോണ്‍ക്രീറ്റില്‍ വാര്‍ത്ത ഷട്ടര്‍ ഇട്ടു പൂട്ടാവുന്ന നാലു പീടികമുറികളിലൊന്നിലേയ്ക്ക് കുപ്പനെ കുടിയിരുത്തി. അതൊരു ഉചിതമായ തീരുമാനമെന്നതുപോലെ അപ്പോഴേയ്ക്കും മുന്നിലെ നിരത്ത് മാറില്‍ നെടുനീളത്തില്‍ ഭസ്മക്കുറിയണിഞ്ഞ് രണ്ടായി പിളര്‍ന്നു കുണ്ടുകുഴികളില്ലാതെ പുരോഗമിച്ചു.
ബാബു ടീസ്റ്റാളിനു തൊട്ട് മില്‍ക്ക് ബൂത്തും ചിഞ്ചു സ്റ്റേഷനറി കം എസ്.റ്റി.ഡി ബൂത്തും ഡിസ്‌കോ സലൂണും ഇടംപിടിച്ചു. തോട്ടത്തിലെ പാറ്റത്തെങ്ങുകള്‍ അറ്റുവീണിടത്ത് ഉയിര്‍ത്തെണീറ്റ റബ്ബര്‍ത്തൈകളില്‍ വിദേശനാണ്യം തളിരിട്ടു.
വീരരാഘവന്‍ നായര്‍ പ്രസ്സില്‍നിന്ന് അടുത്തൂണ്‍ പറ്റുന്ന നാള്‍ഡെസ്‌കില്‍ വെച്ച കടുപ്പച്ചായക്കൊപ്പം കുപ്പന്‍ ഒരത്ഭുതം ദര്‍ശിച്ചു. ദാവണിയില്‍നിന്നും സാരിയിലേയ്ക്കു പടര്‍ന്നുകയറിയിരുന്ന ലീലാമണി കഷ്ടിച്ചു മുട്ടോളമെത്തുന്ന മേല്‍ക്കുപ്പായവും കളസവും വേഷത്തില്‍ ബസ് കാത്തുനിന്നു.

കല്‍പ്പവൃക്ഷങ്ങളുടെ ഉന്മൂലനത്തില്‍ ഖിന്നനാവാതെ പിടിച്ചുനിന്ന തെങ്ങുകയറ്റക്കാരന്‍ കണാരന്റെ പരമദയനീയമായ മുഖം മറ്റൊരിക്കല്‍ കുപ്പന് അഭിമുഖീകരിക്കേണ്ടിവന്നു. നാലുമണി കട്ടന്‍ചായ മൊത്തുമ്പോള്‍ അന്ന് കണാരന്‍ സത്യപാലനോട് പാഞ്ചാലി അമ്മായിയുടെ കച്ചവടനേരം തിരക്കി. തന്റെ വളര്‍ച്ചയെ ഒറ്റുന്നവര്‍ക്കെതിരെ വടക്കന്‍ചൊവ്വ സന്നിധിയിലും മന്ത്രവാദി ഗോപാലന്റെ തുവ്വക്കൊടിച്ചി മണ്ഡപത്തിലും പകലിനെ വിന്യസിക്കുന്ന അവര്‍ ഇടപാടു നടത്തുന്ന രഹസ്യനേരം പതിവുകാര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. നിര്‍ലോഭം ലഭ്യമായ ചാരായത്തിനു നിരോധനം വന്നതോടെ കണാരനെപ്പോലെ അശരണരായ നിരവധി ആത്മാക്കള്‍ പാഞ്ചാലിയമ്മായിയെ അഭയം പ്രാപിച്ചു.

നിയമങ്ങള്‍ ധിക്കരിക്കാനുള്ളതാണെന്ന ധാര്‍ഷ്ട്യലേശത്തോടെയല്ലെങ്കിലും കണാരന്റെ സഹയാത്രികരെ പ്രോത്സാഹിപ്പിക്കാനാവാത്തതുകൊണ്ടുമാത്രം പുതിയ സര്‍ക്കാര്‍ മുന്തിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശലഹരി സാര്‍വ്വത്രികമാക്കി. പമ്മിപ്പതുങ്ങി, തലയില്‍ മുണ്ടുപുതച്ച്, അഗമ്യഗമനംപോലെ ഗോപ്യമായി അനുഷ്ഠിച്ച കൃത്യം അതോടെ മുഷ്ടിചുരുട്ടി പെരുവിരല്‍ ഉയര്‍ത്തിപ്പിടിച്ച് വൈകീട്ട് എന്താ പരിപാടി എന്ന തരത്തില്‍ മാന്യതയുടെ പ്രതീകമായി.

മാരുതി കാറില്‍ക്കറങ്ങിനടന്ന പുത്തലന്‍ കൃഷ്ണന്‍കുട്ടി നിരത്തിനിരുപുറവും കിടന്ന വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനൊപ്പം അപരിചിതരായ പലരുമൊന്നിച്ച് ബാബു ടീസ്റ്റാളില്‍ വന്നു ചായ കുടിച്ചു. മസാല ടീ, ദം ടീ എന്നിങ്ങനെയുള്ള ആഗതരുടെ അനാവശ്യ ജല്‍പ്പനങ്ങള്‍ നിര്‍മ്മമം ശ്രവിച്ച കുപ്പന്‍ അതു കാര്യമാക്കാതെ ട്രാന്‍സിസ്റ്ററില്‍ എഫ്.എം നിലയങ്ങള്‍ കേന്ദ്രീകരിക്കുന്നതില്‍ വ്യാപരിച്ചു.

നാല്‍ക്കവലയില്‍ പെറ്റ്സ് ആന്‍ഡ് മീറ്റ്സ് എന്ന വിസ്തൃതമായ കട തുറന്നു പ്രവര്‍ത്തനമാരംഭിച്ച ദിവസമാണ് കുപ്പന്‍ പിന്നെയും ഒരത്ഭുതത്തിനു സാക്ഷിയാവുന്നത്. സലൂണിലെ ദിനേശന്‍ പി.പിക്ക് ലെമണ്‍ ടീ കൊണ്ടുചെന്നുകൊടുക്കാന്‍ പോകുമ്പോള്‍, തലയില്‍ സുരക്ഷാകവചമുണ്ടായിരുന്നിട്ടും സ്‌കൂട്ടറില്‍ പോയത് ലീലാമണിയല്ലേ എന്ന് അയാള്‍ വിസ്മയം കൂറി. ഏഴര മണി ബസ് കാത്തുനില്‍ക്കുന്ന കൂട്ടത്തില്‍ ലീലാമണി ഇല്ലെന്നു തിട്ടംവരുത്തി അയാള്‍ തന്റെ സംശയം ദൂരീകരിച്ചു.

നീളന്‍ ആന്റിനയില്‍നിന്നു വട്ടക്കുടകളിലേക്ക് കാഴ്ച പുരോഗമിച്ചതോടെ ലക്ഷ്വറികള്‍ മാറിമറിഞ്ഞു. വിദേശങ്ങളിലെ പ്രിയപ്പെട്ടവരെ കേള്‍ക്കാന്‍ ബൂത്തിനു മുന്നില്‍ വരികാത്ത തലമുറ അന്യംനിന്നു പോയതോടെ ചിഞ്ചു മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കേന്ദ്രമായി. സൂക്കുകളും മാളുകളും കയ്യേറിയ നഗരത്തിലേക്കുള്ള നിരത്താകട്ടെ, റബ്ബറൈസ് ചെയ്യപ്പെട്ട് പിന്നെയും മിനുത്തു കറുത്തു. 

പുത്തലന്‍ കൃഷ്ണന്‍കുട്ടിയുടേയും സംഘത്തിന്റേയും ഉടമസ്ഥതയിലുള്ള മലകളിലൊന്നില്‍ സ്വാശ്രയ കോളേജിന് അനുമതി ലഭിച്ചു. കുന്നുകള്‍ ഇടിയുന്നതിനോടൊപ്പം തൂര്‍ന്ന വയലുകളുടെ നെഞ്ചില്‍ വാണിജ്യ സമുച്ചയങ്ങളുടേയും വില്ലകളുടേയും അസ്ഥിവാരങ്ങള്‍ പൊങ്ങി. തമിഴും ഹിന്ദിയും ബംഗാളിയും സംസാരിക്കുന്ന പണിക്കാരുടെ സംഘങ്ങള്‍ വെട്ടുകിളി പറ്റങ്ങള്‍പോലെ നാട്ടില്‍ വന്നു തമ്പടിച്ചു.

വൈകുന്നേരങ്ങളിലെ ചില്ലറ ഇടപാടുകളിലേക്കു കച്ചവടം ചുരുങ്ങിയപ്പോള്‍ കുപ്പന്‍ ഊണു നിറുത്തി. പൊറോട്ട ചുടുന്ന ഇരുമ്പുകല്ല് വീതനപ്പുറത്ത് ചാരിവെച്ച് ചീനച്ചട്ടിയില്‍ പൊക്കുവടയും മുളകു ബജിയും വറുത്തുകോരി. പലഹാരങ്ങള്‍ പാഴ്സല്‍ വാങ്ങുന്ന തൊഴിലാളികളുടെ സൗകര്യാര്‍ത്ഥം അയാള്‍ കോള, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ എന്നിവ കരുതിവെച്ചു. ഊണിനു സജ്ജമാക്കിയ ഡസ്‌ക്കും ബെഞ്ചും ചുമരോരം ചേര്‍ത്ത് സോഡട്രേയും കുപ്പിവെള്ളവും സൂക്ഷിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചു. ആള്‍ത്തിരക്കില്ലാത്ത പകലുകളില്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനവീഥികളിലൂടെ ''രാഗമേഘവുമായി ഒഴുകിവന്ന പൂമാന''വും ''കസ്തൂരി മണക്കുന്ന കാറ്റും'' മറ്റേതോ ലോകത്തില്‍നിന്നാണെന്ന് അയാള്‍ക്കു തോന്നി.

സ്‌കൂള്‍ കാലം അവസാനിച്ചിട്ടില്ലാത്ത രണ്ടു കൗമാരക്കാര്‍ കോളയും ഗ്ലാസ്സും വാങ്ങി ചിക്കന്‍ പൊക്കുവട ഇല്ലാത്തതിന്റെ നൈരാശ്യം പിറുപിറുത്തുകൊണ്ട് ബൈക്കില്‍ കയറുന്ന സന്ധ്യയ്ക്കാണ് പുത്തലന്‍ കൃഷ്ണന്‍കുട്ടിയുടെ എസ്.യു.വി. ബാബു ടീസ്റ്റാളിനു മുന്നില്‍ വന്നുനിന്നത്. കുപ്പന്‍ അന്നത്തെ ദിവസം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ ചായയടിക്കുന്ന തകരപ്പാത്രം കഴുകുകയായിരുന്നു.

''അടയ്ക്കുകയായോ?'' ട്രാന്‍സിസ്റ്ററിന്റെ ശബ്ദത്തിനു മേലേയ്ക്ക് പുത്തലന്റെ ചോദ്യം കമിഴ്ന്നുവീണു.
''ആ...'' കൈകള്‍ ബനിയനില്‍ തുടച്ചുകൊണ്ട് തിരിഞ്ഞുനിന്ന് അയാള്‍ പറഞ്ഞു: ''കട്ടന്‍ എടുക്കട്ടേ?''
''വേണ്ട... വേണ്ട...'' കൃഷ്ണന്‍കുട്ടി തടഞ്ഞു.

''പിന്നെ...'' ഒന്നു നിറുത്തി കുപ്പനെ അഭിമുഖീകരിക്കാതെ അയാള്‍ തുടര്‍ന്നു പറഞ്ഞു: ''മുന്‍പൊരിക്കല്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. മൊത്തത്തില്‍ കാലം മോശമാണ്. ഇതിപ്പോള്‍ അങ്ങനങ്ങ് ഒത്തുവന്നു. അടുത്ത മണ്‍ഡേ എഗ്രിമെന്റ് എഴുതും. വടക്കുള്ള കൂട്ടരാണ്. അവര്‍ക്കു വേറെയും ഡ്രൈവ് ഇന്‍ റെസ്റ്ററന്റുകള്‍ ഉണ്ട്.''
പുത്തലന്‍ അയാളെ ഒന്നു പാളിനോക്കി.

''ഓ...'' കുപ്പന്‍ വിധേയനായി. ''നാളെ ഒഴിയാം...''
''നാളെയെന്നല്ല ഞാന്‍...'' കൃഷ്ണന്‍കുട്ടിയുടെ ശബ്ദത്തിലൊരു വല്ലായ്മ നിറഞ്ഞു. ''എഗ്രിമെന്റ് എഴുതിയാല്‍ പിന്നെ...''
''അതു സാരമില്ല.'' മുരുകന്റെ പടത്തിനു മുന്നില്‍ എരിഞ്ഞുതീരാറായ ചന്ദനത്തിരിയിലേക്ക് കുപ്പന്‍ കണ്ണുനട്ടു.
''ഞാന്‍ ഇറങ്ങുന്നു...'' കൂടുതല്‍ നേരം നില്‍ക്കാതെ പുത്തലന്‍ കൃഷ്ണന്‍കുട്ടി തിരിഞ്ഞുനടന്നു.

ആദ്യമായി കാണുന്നതുപോലെ കടയിലെ ഓരോ മൂലയും അയാള്‍ സസൂക്ഷ്മം വീക്ഷിച്ചു. ഇടം വലം നോക്കാതെ നേരെയെങ്കില്‍ മറ്റേതോ വിദൂരലക്ഷ്യത്തിലെത്തിച്ചേരാമായിരുന്ന, മൂന്നുദശാബ്ദത്തിലേറെ കാലം പാദങ്ങള്‍ ചുറ്റിത്തിരിഞ്ഞുതീര്‍ത്ത ഇടം! മുരുകന്റെ പടത്തിനു താഴെ എരിഞ്ഞ ചന്ദനത്തിരി അണഞ്ഞിരുന്നു.

മേശവലിപ്പിലെ നോട്ടുകളും നാണയങ്ങളും കുപ്പന്‍ ക്യാഷ് ബാഗില്‍ എടുത്തിട്ടു. ലൈറ്റ് അണച്ച്, ആരോടെന്നില്ലാതെ അപ്പോഴും മൂളിക്കൊണ്ടിരുന്ന ട്രാന്‍സിസ്റ്റര്‍ കയ്യിലെടുത്ത് ഷട്ടര്‍ താഴ്ത്തി.

''ഒരു കുപ്പി വെള്ളം തരാമോ?''പിറകില്‍നിന്നു വന്ന ചോദ്യം കുപ്പനെ സ്പര്‍ശിച്ചു.
പാതി താഴ്ത്തിയ ഷട്ടര്‍ അങ്ങനെ നിറുത്തി അയാള്‍ അകത്തുകയറി. ലൈറ്റ് തെളിയിക്കാതെ തന്നെ ഡസ്‌ക്കില്‍ ഇരുന്ന വെള്ളം എടുത്തു പുറത്തേക്കു നീട്ടി.

''കോളയോ ഗ്ലാസ്സോ മറ്റോ വേണോ?'' അയാള്‍ ചോദിച്ചു. ''അടയ്ക്കുകയാണ്...''
''വേണ്ട...'' മറുപടി വന്നു.

പുറത്തിറങ്ങി ട്രാന്‍സിസ്റ്റര്‍ താഴെ വെച്ച് ഷട്ടര്‍ താഴ്ത്തി താഴിട്ടു നിവരുമ്പോള്‍ വെള്ളത്തിന്റെ പണം അയാള്‍ക്കു നേരെ നീണ്ടുവന്നു.

വളയിട്ട കൈത്തണ്ട കണ്ടതും എന്തൊക്കെയോ ചിന്തകളില്‍ മുങ്ങി നേരത്തെ, ചോദ്യത്തിലെ സ്ത്രീ സ്വരം ഗൗനിക്കാന്‍ വിട്ടതില്‍ അയാള്‍ക്കൊരു ജാള്യം അനുഭവപ്പെട്ടു.

''ഞാന്‍ ബുദ്ധിമുട്ടിച്ചില്ലല്ലോ?' ലീലാമണി വിടര്‍ന്നു ചിരിച്ചു.
''ഇല്ലില്ല.'' അയാള്‍ തിടുക്കത്തില്‍ പണം വാങ്ങി ബാഗില്‍ ഇട്ടു. എന്നിട്ട് കുനിഞ്ഞു താഴെയിരുന്ന ട്രാന്‍സിസ്റ്റര്‍ എടുത്തു.
''ജങ്ഷനിലേക്കല്ലേ...?'' അവര്‍ ചോദിച്ചു.

''ആ... അതെ...'' അങ്ങനെ പറയുമ്പോള്‍ എന്തെന്നില്ലാത്തൊരു പരിഭ്രമം അയാളെ പൊതിഞ്ഞു.
''എന്നാല്‍ വരൂ... ഞാനും ആ വഴിയാണ്...'' കടയോരം ചേര്‍ന്നുനിന്ന മഞ്ചാടി നിറമുള്ള കാറ് ചൂണ്ടി ലീലാമണി അയാളെ വിളിച്ചു.

''വേണ്ട... പൊയ്‌ക്കോളൂ... എനിക്ക്...''
''മറ്റെവിടെയെങ്കിലും കയറാനുണ്ടോ?'' അവര്‍ അന്വേഷിച്ചു.
''ഏയ് ഇല്ല...'' അറിയാതെ അയാളുടെ നാവില്‍നിന്നു സത്യം പുറത്തുവീണു.
''എങ്കില്‍ കയറൂ...'' പുറത്തിറങ്ങി മുന്‍വശത്തെ വാതില്‍ തുറന്നുപിടിച്ച് അവര്‍ ക്ഷണിച്ചു.

നിവൃത്തിയില്ലാതെ കുപ്പന്‍ കാറില്‍ കയറി. ബാഗും ട്രാന്‍സിസ്റ്ററും മടിയില്‍ ഒതുക്കി, സീറ്റില്‍ ചാരാതെ, ഒരര്‍ദ്ധാസനത്തില്‍ അയാള്‍ ഇരുന്നു. വിയര്‍പ്പുപടര്‍ന്ന തന്റെ വള്ളി ബനിയനും ചുമലിലെ ചുട്ടിത്തോര്‍ത്തും ശീതീകരിച്ച കാറിനകത്തെ നനുത്ത സുഗന്ധത്തിലും ഇരിപ്പിടത്തിന്റെ പതുപതുപ്പിലും അയാളിലൊരു അപകര്‍ഷമുളവാക്കി.
കാറിന്റെ മുന്‍വശം ചുറ്റിവന്ന ലീലാമണി വാതില്‍ തുറന്ന് അകത്തുകയറി. വെള്ളക്കുപ്പി പിന്‍സീറ്റില്‍ വെച്ച് സ്റ്റിയറിംഗ് വീലില്‍ ഇരുകൈപ്പത്തികളും ചേര്‍ത്ത് അവര്‍ അയാളെ നോക്കി ചിരിച്ചു.
''ചോദിക്കണമെന്നു കരുതിയിട്ട് ഒരുപാടു നാളായി...'' അയാളുടെ മുഖത്തേക്കു നോക്കി ചിരി മായ്ക്കാതെ അവര്‍ പറഞ്ഞു: ''ഒരു സംശയമാണ്...''
''എന്താണാവോ...?'' അയാള്‍ക്കൊരു പരവേശം അനുഭവപ്പെട്ടു.

''ബാബു നിങ്ങളുടെ ആരാണ്?'' അയാളുടെ പരവേശം കണക്കിലെടുക്കാതെ ലീലാമണി ചോദിച്ചു. 
പെട്ടെന്ന് കുപ്പന്റെ പരിഭ്രമം അസ്തമിച്ചു. പൊള്ളാച്ചിയിലെ സ്‌കൂള്‍ ഓഫ് നഴ്സിങിന്റെ കാന്റീനില്‍ ചുറുചുറുക്കോടെ ഓടിനടന്ന് ഓര്‍ഡര്‍ എടുക്കുന്ന ഒരു പതിനേഴുകാരനെ അപ്പോള്‍ അയാള്‍ക്കു കാണാനായി.

ഉച്ചഭക്ഷണവേളയില്‍, മൂന്നു വിദ്യാര്‍ത്ഥിനികള്‍ ഇരിക്കുന്ന മേശയ്ക്കരികെയായിരുന്നു അപ്പോള്‍ കുപ്പന്‍.
''എന്നിട്ട് പറയ്... ചെറുക്കനെങ്ങനെ?'' പെണ്‍കുട്ടികളില്‍ ഒരാള്‍ തികഞ്ഞ ഔത്സുക്യത്തോടെ എതിരെ ഇരുന്നവളോട് ചോദിച്ചു.

''ഉം...'' പെണ്ണുകാണല്‍ ചടങ്ങിനു നാട്ടില്‍ പോയി തിരിച്ചെത്തിയ പെണ്‍കുട്ടി തെല്ലു നാണം ഭാവിച്ചു.
''ആള്‍ടെ പേരെന്താ...?'' അതു വരെ മിണ്ടാതിരുന്ന തോഴി തിരക്കി.
''ശരത്ബാബു...'' അതുപറയുമ്പോള്‍ അവളുടെ മുഖം തുടുത്തു.

''നല്ല പേര്... അല്ലേ?'' തോഴി കൂട്ടുകാരിയെ നോക്കി കണ്ണിറുക്കി. ''അപ്പൊ നമുക്ക് ബാബ്വേട്ടന്‍ന്ന് വിളിക്കാം...''
പെണ്‍കുട്ടികളുടെ നിറഞ്ഞ, വെളുത്ത ചിരിയിലേക്ക് ഭക്ഷണം വിളമ്പുമ്പോള്‍ മണ്‍കൂരയിലെ വൈക്കോല്‍ തുമ്പുകളിലൂടെ ഇറവെള്ളം ഇറ്റുവീഴുന്ന പഴയൊരു കര്‍ക്കിടക സംക്രാന്തി കുപ്പന്റെ ഉള്ളില്‍ കുത്തിയൊലിച്ചു.

മല്ലീശ്വരനും മാരിയമ്മനും നേര്‍ച്ചക്കാഴ്ചകളിട്ട് എട്ടാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ കാമ്പ്രത്ത് ചള്ള മാമ്പി-തേയി ദമ്പതികള്‍ക്കൊരു ഉണ്ണി പിറന്നു. സംക്രാന്തി ശുദ്ധീകരണത്തിന്റെ കുപ്പയില്‍, അപ്പോള്‍ ഭൂമി സ്പര്‍ശിച്ച നവജാതനെ കിടത്തിയെടുക്കാന്‍ കല്‍പ്പിച്ചത് ജപിച്ചൂതുന്ന മുത്തിയമ്മയായിരുന്നു. മുത്തി നിര്‍ദ്ദേശിച്ച പ്രായശ്ചിത്തമോ മല്ലീശ്വരന്റെ കൃപാകടാക്ഷമോ, ഏഴാണ്ടിനിടെ തേയി പിന്നീട് മൂന്നു പെണ്‍സന്തതികളെ പ്രസവിച്ചു. പക്ഷേ, കാലങ്ങളായി സമുദായം സഹിച്ച് ശീലമാക്കിയ വിവേചനങ്ങള്‍ക്കുപരി സ്വന്തം നാമംപോലും അപഹാസ്യമായപ്പോള്‍ കുപ്പന്‍ പള്ളിക്കൂടം ഉപേക്ഷിച്ച് പൊള്ളാച്ചിയില്‍ തൊഴില്‍ തേടി. 

''സോറി. പറയാന്‍ പ്രയാസമാണെങ്കില്‍ വേണ്ട കേട്ടോ...'' ലീലാമണിയുടെ ശബ്ദം കുപ്പനെ ചുമ ലില്‍ തട്ടി ഉണര്‍ത്തി.
''ഏയ്... അങ്ങനെയൊന്നുമില്ല.'' അത്രയും നേരത്തിനിടെ ആദ്യമായി അയാള്‍ തുറന്നു ചിരിച്ചു.
''എന്നെങ്കിലും എനിക്ക് പിറക്കാനിടയുള്ള ഉണ്ണിക്ക് കരുതിയതായിരുന്നു... മടിശ്ശീല കനമില്ലാത്തവന്, അനന്തര തലമുറക്കായി കുലചിഹ്നങ്ങളുടെ ഭാരമില്ലാത്ത ഒരു പേരെങ്കിലും കരുതാമല്ലോ...''
ചിരിവിടാത്ത, പ്രസന്നമായ അയാളുടെ മുഖം കുറച്ചിട ലീലാമണി സാകൂതം വീക്ഷിച്ചു.
''പോകാം...?'' വിദൂരമായ ഏതോ ഗ്രഹത്തില്‍നിന്നെന്നപോലെ വന്ന ആ മനുഷ്യശബ്ദം അപ്പോള്‍ കുപ്പന്റെ കാതുകള്‍ ശ്രവിച്ചു. 
''ഓ...'' ഓര്‍ത്തെത്തുന്നിടത്തെങ്ങും ഇല്ലെന്നുറപ്പുണ്ടെങ്കിലും ഇടതൂര്‍ന്ന പച്ചത്തഴപ്പുപോലെ സമൃദ്ധമായൊരു ബാല്യസ്മൃതി തിരയാന്‍ ശ്രമിച്ച് സീറ്റില്‍ ചാരിയിരുന്നുകൊണ്ട് അയാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com