'മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു'- ജേക്കബ് ഏബ്രഹാം എഴുതിയ കഥ

പൂവന്‍കോഴി കൂവി. ആന്‍സി ഉണര്‍ന്നു. ഉണരാന്‍ അലാറം വേണ്ട. റബ്ബര്‍ തോട്ടത്തില്‍ നേരിയ വെട്ടം വീഴുമ്പോഴേ കോഴി കൂവി ഉണര്‍ത്തും
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

പൂവന്‍കോഴി കൂവി. ആന്‍സി ഉണര്‍ന്നു. ഉണരാന്‍ അലാറം വേണ്ട. റബ്ബര്‍ തോട്ടത്തില്‍ നേരിയ വെട്ടം വീഴുമ്പോഴേ കോഴി കൂവി ഉണര്‍ത്തും. കിഴക്കന്‍മലകളില്‍ തട്ടുതട്ടായി കുന്നുകയറിപ്പോകുന്ന റബ്ബര്‍ മേടുകള്‍ക്കിടയിലൂടെ സൂര്യപ്രകാശമെത്തി. ശരിക്കും നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്. മുടി വാരിക്കെട്ടി, നൈറ്റി നേരെയാക്കി, പുതപ്പ് മാറ്റി ജോസിനേയും പിള്ളാരേയും ഉണര്‍ത്താതെ ആന്‍സി ഉണര്‍ന്നു. ഒരു കോട്ടുവായ വിട്ടുകൊണ്ട് അടുക്കളവാതില്‍ തുറന്ന് കിണറ്റിന്‍ കരയിലേക്ക് നടന്നു. പൈപ്പുണ്ടെങ്കിലും കിണറില്‍നിന്നും പാറക്കെട്ടില്‍ ഊറിക്കിടക്കുന്ന വെള്ളം കോരി മുഖം കഴുകുന്നതാണ് ശീലം. തണുത്ത് ഐസ് പോലെയുള്ള കിണറ്റ് വെള്ളം വീണാലേ കണ്ണുകള്‍ ശരിക്കും തുറക്കുകയുള്ളൂ. ജാതിമരങ്ങള്‍ കിണറിനു ചുറ്റുമുണ്ട്. നേരം പരപരാ വെളുത്തുവരുന്നുണ്ട്. 

ഇരുമ്പ് വലയിട്ട കിണര്‍മൂടിയില്‍ ഇരിക്കുന്ന അപ്രതീക്ഷിത അതിഥികളെ കണ്ട് ആന്‍സി കാറിവിളിച്ചു. 
ജോസച്ചായാ ഓടിവരണേ! 

'എന്നതാടീ' എന്ന് മറുവിളി വിളിച്ച് ജോസ് കൈലിയും വാരിപ്പിടിച്ച് ഓടിവന്നപ്പോഴേക്കും ആന്‍സിയുടെ കിണറ് മൂടിയില്‍ ചില അനക്കങ്ങള്‍ കണ്ടു. ആന്‍സി ചൂണ്ടിയ ദിശയിലേക്ക് ജോസ് നോക്കി. നാലു കുരങ്ങന്മാര്‍. പേടിക്ക് പകരം അത്ഭുതമാണ് തോന്നിയത്. പെട്ടെന്ന് താന്‍ മൂന്നാറിലോ ഊട്ടിയിലോ എത്തപ്പെട്ടപോലെ ജോസിനു തോന്നി. തേക്കടിയിലോ ഗവിയിലോ ഊട്ടിയിലോ പോയപ്പോഴാണ് അവസാനം ഇവന്മാരെ കണ്ടത്. ഇതിപ്പം എവിടുന്നാണ്? അയാള്‍ക്കും അത്ഭുതം തോന്നി. 

അപ്പനും അമ്മയുമുണ്ടാക്കിയ ബഹളത്തില്‍ ഉണര്‍ന്ന് പിള്ളേരും കൂടി എത്തിയതോടെ നാലു മനുഷ്യരും നാലു വാനരന്മാരും ആ മലമ്പ്രദേശത്തെ പ്രഭാതത്തില്‍ മുഖാമുഖം നോക്കി കുറച്ചുനേരം നിന്നു. പിള്ളാര് ഉണ്ടാക്കിയ ബഹളത്തില്‍ കുരങ്ങന്മാരിലെ കുട്ടി തൊട്ടി തട്ടി താഴെയിട്ടു. എന്നിട്ട് കൂട്ടത്തോടെ കിണറ്റിന്‍കര വിട്ട് മരച്ചില്ലകളില്‍ ഊഞ്ഞാലാടി അടുത്ത പറമ്പിലേക്ക് ചാടിപ്പോയി. 

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ജോസിന്റെ കൊച്ചാപ്പന്റെ അടച്ചിട്ടിരിക്കുന്ന വീടും തോട്ടവും കടന്നാണ് കുരങ്ങന്മാര്‍ നിഷ്‌ക്രമിച്ചത്. ജോസിന്റെ അപ്പന്റെ അനിയനായ കൊച്ചാപ്പനും കുടുംബവും അമേരിക്കയ്ക്ക് കുടിയേറിയതാണ്. കാടും പടലവും മുറ്റത്തും പറമ്പിലും കയറി ഭൂമി വീടെടുത്ത് തുടങ്ങിയിട്ടുണ്ട്. വെട്ടാതെ കിടക്കുന്ന തോട്ടം കുറ്റിക്കാടുകള്‍ വളര്‍ന്ന് കാട്ടുപൊന്തകള്‍ പോലെയായി. കൊച്ചാപ്പന്റെ തോട്ടത്തിലൂടെ ഒരു വനം വളര്‍ന്നു വരുന്നത് കുരങ്ങന്മാരുടെ ഗതി നോക്കി നിന്ന ജോസിന്റെ ചിന്തയില്‍ ഉണര്‍ന്നു. 
ആന്‍സിയുടെ ചോദ്യം കാട്ടുപന്നികളെപ്പോലെ തലച്ചോറിലൂടെ അതിലേം ഇതിലേം ഓടിയ ജോസിന്റെ ചിന്തകളെ നേര്‍വഴിക്ക് കൊണ്ടുവന്നു. 

എന്നാലും അച്ചായാ... ഇതിപ്പം എവിടുന്നാ...? 
എടീ റബ്ബറിന് വിലയിടിഞ്ഞതോടെ ഒരുത്തനുമിപ്പോള്‍ റബ്ബറ് വെട്ടുന്നില്ല. ഇവിടെ മൊത്തം ഇപ്പോള്‍ റബ്ബര്‍ വനം അല്ലിയോ... നമ്മുടെ ഈ മല കേറിയിറങ്ങി ചേരുന്നത് റാന്നി ഭാഗത്തേക്കാ. പിന്നെ അവിടുത്തെ നാച്ച്വറല്‍ വനവുമായി ചേര്‍ന്ന് ഇവിടം താമസിയാതെ ഫോറസ്റ്റായി മാറും. അതിന്റെ ലക്ഷണമാ ഇതൊക്കെ. കൊച്ചാപ്പന്റെ പറമ്പ് ഇപ്പോത്തന്നെ കാടായി. 
ജോസ് ഒരു തത്ത്വംപോലെ പറഞ്ഞു. 

തോട്ടത്തില്‍നിന്നും കിളികളുടേയും പക്ഷികളുടേയും ഒച്ചകള്‍ പൊന്തിയതോടെ ജോസ് കിണറ്റിന്‍ കരയോട് ചേര്‍ത്ത് കെട്ടിയ കുളിമുറിയുടെ പുറത്തെ ഭിത്തിയില്‍ കോപ്പയില്‍ ഇട്ടുവെച്ചിരിക്കുന്ന ബ്രഷില്‍ പേസ്റ്റ് തേച്ച് കൊച്ചാപ്പന്റെ മുറ്റം വഴി തോട്ടത്തിലൂടെ പല്ല് തേച്ച് കൊണ്ട് നടന്നു. പച്ചിലക്കിളികളും ഉപ്പന്മാരുമാണ് തോട്ടത്തില്‍ ബഹളം വയ്ക്കുന്നത്. 

തേന്‍വരിക്കയില്‍ ഒരു മരംകൊത്തി, ഒരു വെരുക് ഇടിഞ്ഞുകുത്തി നിലം പതിച്ച കോഴിക്കൂടിന് സൈഡിലൂടെ പാഞ്ഞു. പട്ടിക്കൂട്ടില്‍ ഇപ്പോഴും ഒരു പാത്രമിരിപ്പുണ്ട്.
 
പല്ലുതേച്ചു വന്ന് ആന്‍സി കൊടുത്ത കട്ടന്‍കാപ്പിയും പത്രവുമായി സിറ്റൗട്ടിലിരുന്ന് ജോസ് കുരങ്ങന്മാരെക്കുറിച്ച് ആലോചിക്കുകയായിരുന്നു. കൊച്ചിലെ വല്യപ്പച്ചന്റെ കാലത്ത് മൂപ്പിലാന്‍ പറഞ്ഞുകേട്ട കാര്യങ്ങള്‍. കഴിഞ്ഞ ജനുവരിയില്‍ മരിച്ച അപ്പനും പറയാനുണ്ടായിരുന്നത് കാട്ടുമൃഗങ്ങളുടെ കാര്യങ്ങളായിരുന്നു. കാട്ടുമൃഗങ്ങളുടെ ഊറ്റമുള്ള കഥകള്‍... പലതും മുന്നില്‍വന്ന് നില്‍ക്കുന്നതുപോലെ തോന്നും. കടും കാപ്പി ഊതിക്കുടിച്ചു. 

ചുറ്റുവട്ടത്തെ പല സ്ഥലങ്ങളുടേയും പേര് മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ പേരാണ്. മയിലാടുംപാറ, ആനത്തൊട്ടി, പന്നിമറ്റം, പുലിപ്പാറ, ആനപ്പാറ, കുരങ്ങുമല, ചീങ്കണ്ണിത്തോട് ഇനിയും കാണും സ്ഥലപ്പേര്. അപ്പച്ചന്റെ കാലത്ത് ഈ മലകളിലെല്ലാം രണ്ടാള്‍ പിടിച്ചാലും വട്ടം കിട്ടാത്ത വണ്ണമുള്ള മരങ്ങളുണ്ടായിരുന്നു. പകല് പോലും വെട്ടം കിട്ടുകേല. ഇന്നും പകല് വെട്ടം നേരെ വീഴില്ല. റബ്ബറാണ് ചുറ്റും. 

കാട് വെട്ടിത്തെളിച്ച് നാട് തെളിച്ചെടുത്ത കാലത്ത് വേട്ടക്കാരുടെ നാടന്‍ തോക്കിനു മുന്‍പില്‍ കാട്ടുപന്നികളും മാനും കാട്ടുപോത്തുമൊക്കെ പെട്ട കാര്യങ്ങള്‍ വല്യപ്പച്ചന്‍ പറഞ്ഞ് ജോസ് കേട്ടിട്ടുണ്ട്. ഒന്ന് രണ്ട് കാട്ടുമുയലുകളെ കൂട്ടുകാരുടെ കൂടി എയര്‍ഗണ്ണിനു വെടിവെച്ചിട്ടിട്ടുണ്ട്. റബ്ബറിനു തണുപ്പു കിട്ടാനിടുന്ന പടല്‍പ്പടര്‍പ്പില്‍ മാളം തുരന്ന് താമസിക്കുന്ന വന്യമൃഗങ്ങളായിട്ട് കാട്ടുമുയലുകളേയുള്ളൂ. വല്ലപ്പോഴും ആനപ്പാറയില്‍നിന്നു കൂവി വിളിച്ച് വരുന്ന കുറുക്കനേയോ പള്ളിപ്പാക്കാനേയോ ഞാനെന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ പറമ്പ് കടന്നുപോകുന്ന കീരിയേയോ വല്ലോം കണ്ടാലായി ഈ പരിസരങ്ങളില്‍. മനുഷ്യരും മനുഷ്യര് വളര്‍ത്തുന്ന മൃഗങ്ങളും കൂടെ കാട്ടുമൃഗങ്ങളെ ഒന്നടങ്കം തുരത്തിയിരുന്നു. 

വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു ജോസ്. എരുമ, പശു, ആട്, പന്നി, കുതിര, കഴുത, ഒട്ടകം, നായ, പൂച്ച പിന്നെ കോഴി ഉള്‍പ്പെടെയുള്ള പക്ഷികള്‍ അങ്ങനെ കന്നുകാലികളുടേയും പക്ഷികളുടേയും ഒരു കണക്കെടുത്തു. ലോകത്തെ വളര്‍ത്തുമൃഗങ്ങളില്‍ പതിനൊന്ന് ശതമാനവും വളരുന്നത് ഇന്ത്യയിലാണ്. ഓരോ നൂറ് ആളുകള്‍ക്കും എഴുപത്തിയാറ് മൃഗങ്ങള്‍ വീതമുണ്ട്. ഈ മൃഗങ്ങളെയെല്ലാം വരിവരിയായി നിര്‍ത്തിയാല്‍ അതൊന്ന് ഭൂമിയെ വലംവെക്കാനുള്ള നീളം വരും. കഴിഞ്ഞ ദിവസം ഒരു കര്‍ഷക മാസികയില്‍ വായിച്ച വിവരങ്ങളൊക്കെ ജോസ് ചുമ്മാ ഓര്‍ത്തെടുത്തു. രണ്ട് മൂന്ന് കൊല്ലം വീട്ടിലെ പൂച്ച ഇറങ്ങിപ്പോയതും അതൊരു കാടന്‍ പൂച്ചയായി മാറിയതും ആലോചിച്ചപ്പോള്‍ മനുഷ്യരുടെ വളര്‍ത്തുമൃഗങ്ങളും കാട്ടുമൃഗങ്ങളും തമ്മില്‍ എന്തോ ഒരു ഗൂഢാലോചന നടക്കുന്നില്ലേയെന്ന സംശയം ഉയര്‍ന്നു. രാവിലെ കിണറ്റിന്‍കരയില്‍ കണ്ട കുരങ്ങന്മാര്‍ അയാളുടെ ചിന്തയെ ആകെ തകിടം മറിച്ചു. ജോസ് സാവധാനം കട്ടന്‍കാപ്പി കുടിച്ചുതീര്‍ത്തു. ഇതിപ്പോ ഇതെല്ലാം കൂടെ തിരിച്ചു വരുന്ന കോളാണല്ലോ. കാപ്പിമട്ട് പൂത്തുനില്‍ക്കുന്ന ചാമ്പയുടെ ചുവട്ടിലേക്ക് കമത്തി.

വെളുപ്പാന്‍കാലത്തെ ബഹളത്തിന്റെ വിശേഷങ്ങള്‍ ചോദിക്കാനെത്തിയ അക്കൂറ്റത്തെ ലില്ലിക്കുട്ടി ആന്‍സിയുടെ അടുത്ത് താടിക്ക് കയ്യും കൊടുത്ത് നില്‍ക്കുന്നതു കണ്ടാണ് ജോസ് കവലയിലേക്ക് ഇറങ്ങിയത്. രാവിലെ മുക്കിനിറങ്ങി നാട്ടിലെ സ്ഥിതിഗതികളൊക്കെ ഒന്ന് മനസ്സിലാക്കുന്നത് ശീലമാണ്. പിന്നെ പതിവ് ചായ. രമണിയുടെ ബിന്ദു ടീ സ്റ്റാളില്‍നിന്ന് കുടിക്കും. അതൊരു സുഖമാണ്. പിന്നെയൊരു നടപ്പും.

ജോസ് ചായക്കടയിലേക്കെത്തുമ്പോള്‍ പുരുഷാരം ജോയിക്കു ചുറ്റും വട്ടം കൂടിയിരുന്ന് കഥ കേള്‍ക്കുന്ന സീനാണ് കാണുന്നത്. എയര്‍പോര്‍ട്ട്, മെഡിക്കല്‍ കോളേജ്, കല്യാണ ഓട്ടം, പ്രസവ ഓട്ടം എന്നിങ്ങനെ മിന്നല്‍ വേഗത്തില്‍ ടാറ്റ ഇന്‍ഡിക്ക ടാക്‌സി സര്‍വ്വീസ് നടത്തുന്ന കൂരിക്കാട്ടില്‍ ജോയി കയ്യും കലാശവും കാട്ടി പറയുകയാണ്. കടയിലേക്ക് കേറി ബഞ്ചിന്റെ അറ്റത്ത് ജോസിരുന്നു. 

 എന്റടാ കൂവേ.... ഇന്നലെ രാത്രി ഞാന്‍ എയര്‍പോര്‍ട്ടും കഴിഞ്ഞു തിരിച്ചു വരുവാരുന്നു. നമ്മുടെ പാടത്തിന്‍കരയിലെ റോണിക്കുട്ടി ഇന്നലെ അല്ലിയോ ഗള്‍ഫിനു തിരിച്ചുപോയേ... ഞാന്‍ വിട്ടിങ്ങ് വരുവായിരുന്നു. നമ്മുടെ ആശാന്‍ വളവിലെ റബ്ബര്‍ തോട്ടം കഴിഞ്ഞപ്പോഴല്ലിയോ അത് കണ്ടത്. ഹെഡ്‌ലൈറ്റിന്റെ വെട്ടത്തില് മൂന്ന് കാട്ടുപന്നികള്‍ റോഡ് മുറിച്ച് റബ്ബര്‍ തോട്ടത്തിലോട്ട് ഇറങ്ങുന്നു. തേറ്റയുള്ള ഒന്നാന്തരം ഐറ്റം. ഇതാദ്യമാ കേട്ടോ... നെഞ്ചീക്കൂടി തീപോയി തമ്പുരാനേ...

ചാനലിലെ ന്യൂസ് അവറിനിരിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ ചായയുമായി രാവിലത്തെ ചര്‍ച്ചയ്ക്കിരിക്കുന്ന സംഘത്തിലേക്ക് ജോസും വര്‍ത്തമാനത്തില്‍ താല്പര്യപ്പെട്ട് ഒന്നിളകി ഇരുന്നു. 
ജോയിയുടെ കഥ കേട്ടവരൊക്കെ ചായ മൊത്തിക്കുടിച്ചിട്ട് വിശ്വാസം വരാത്തപോലെ അവനെ നോക്കി. കിണറ്റിന്‍ കരയില്‍ കുരങ്ങന്മാരെ കണ്ട കാര്യം പറയാന്‍ വന്ന ത്വര ജോസടക്കി. അതിനിടയില്‍ രമണിച്ചേട്ടന്‍ അടിച്ച് പതപ്പിച്ച് ചായ വെച്ചു. അപ്പോഴാണ് ടാപ്പിംഗുകാരന്‍ കൊച്ചുചെറുക്കന്‍ ബീഡി കത്തിച്ചുകൊണ്ട് തുടങ്ങിയത്. 

ഇതിപ്പം വലുതായിട്ട് അത്ഭുതപ്പെടാനെക്കൊണ്ട് ഒന്നുമില്ല. ഇപ്പോത്തന്നെ എനിക്ക് വെട്ടു കുറവാ... കുറവാന്നല്ല, ഇല്ലെന്നു തന്നെ പറയാം. പലരും ഷോട്ടറിന് വെട്ടി റബ്ബര്‍ കൊടുത്തുതുടങ്ങി. മലഞ്ചെരുവില് പഴയ കൃഷികളൊക്കെ ഇറക്കുന്നവരും ഉണ്ട്. പറക്കോട്ടെ നമ്മുടെ അളിയന്റെ ഭാഗത്തൊക്കെ ഉള്ളോര് കാന്താരി മുളക് പിടിപ്പിച്ച് തുടങ്ങി. റബ്ബറ്‌കൊണ്ട് ഇനി വല്യ പ്രയോജനമൊന്നും വരികേല. നിങ്ങളിപ്പം വയസ്സായ റബ്ബര്‍ മരത്തെ നോക്കീട്ടൊണ്ടോ. മറ്റ് മരങ്ങളെപ്പോലെ അതിനും ഭയങ്കര മാറ്റം ഉണ്ട്. തടിയില്‍ മുഴുപ്പും പരുപരുപ്പും! ടാപ്പിംഗ് കത്തി ശൂന്ന് കേറ്റാനൊക്കത്തില്ല. മറ്റ് മരങ്ങളുമായി ഇടപഴകി റബ്ബറിനും ഒരു കാടന്‍ സ്വഭാവം വന്നിട്ടുണ്ട്. പണ്ട് റബ്ബര്‍ നില്‍ക്കുന്നത് കണ്ടാല്‍ മറ്റു മരങ്ങളൊക്കെ അയ്യടേന്ന് ആകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തയ്യാവുമ്പം തൊട്ട് വളര്‍ന്ന് കേറുമ്പം വരെ റബ്ബറിനെ മറ്റ് മരങ്ങളൊന്നും കൂട്ടത്തില്‍ കൂട്ടില്ലായിരുന്നു. ഇതിപ്പം റബ്ബറേതാ പാഴ്മരമേതാ എന്ന് തിരിച്ചറിയാന്‍ വയ്യ. കാടു കേറി റബ്ബര്‍ വനമായില്ലിയോ... പണ്ടൊക്കെ മിനുമിനുപ്പുള്ള റബ്ബറിന്റെ തോലേല്‍ ടാപ്പിംഗ് കത്തികൊണ്ടൊന്നു പോറിയാല്‍ മതി, വെളുത്ത് കൊഴുത്ത് പശുവിന്റെ പാലുപോലുള്ള കറ കുടുകുടാന്ന് ഒലിച്ചിങ്ങ് വരുവായിരുന്നു. മണിമലയാറിന്റെ കരയ്ക്ക് ചീന്തയാറില്‍ കോര്‍ഫി സായ്പ് റബ്ബര്‍തോട്ടം നട്ടുവളര്‍ത്തിയപ്പോള്‍ ഇപ്പോഴത്തെ ഈ ഗതി വിചാരിച്ചുകാണുമോ? കാട്ടുമരങ്ങളെ വെട്ടിമാറ്റിയായിരിക്കും സായ്പ് റബ്ബര്‍ക്കുരു കുഴിച്ചിട്ടത്. ആ മരങ്ങളൊക്കെ ഇപ്പോ അങ്ങ് തിരിച്ചു വന്നെന്ന് കരുതിയാ മതി. എന്നാലും എനിക്ക് മനസ്സിലാവാത്തത് ഈ റബ്ബര്‍ മരത്തിന്റെ ഒരു മാറ്റമാ... തനി കാട്ടുമരമാ ഇപ്പോ റബ്ബറ്. കാട്ടുമരത്തിന്റെ തടിയില്‍ കാണുന്നതു പോലെയുള്ള പരുപരുപ്പും നിറവ്യത്യാസവും... ടാപ്പിംഗ് കത്തി മൂന്നെണ്ണമാ തടിയുടെ കാതല് തട്ടി ശക്തികൊണ്ട് ഒടിഞ്ഞുപോയത്...

കൊച്ചുചെറുക്കന്‍ നിരാശയുടെ ശബ്ദം കേള്‍പ്പിച്ച് ചായ കുടിച്ചുതീര്‍ത്തു. ജോസിനെ കണ്ടെന്നു വരുത്തി ഒരു പരിചയച്ചിരി ചിരിച്ചു. പത്രത്തില്‍ തല കുമ്പിട്ടിരുന്ന സുനിക്കുട്ടന്‍ കോന്നി വനഭാഗത്ത് ഒരു കാട്ടുപോത്ത് ആദിവാസിയെ കുത്തിക്കൊന്ന വാര്‍ത്ത ഉറക്കെ വായിച്ചു. കൂടി വന്നാ ഒരു മുപ്പത് കിലോമീറ്ററിനകം സംഭവിച്ച കാര്യം ജോസ് ഗണിച്ചെടുത്തു. ടാങ്കര്‍ സണ്ണി എന്ന പേരിലറിയപ്പെടുന്ന കുടിയന്‍ സണ്ണി രമണിയുടെ നേര്‍ക്കു തിരിഞ്ഞു. 

രമണി കൊച്ചേട്ടാ... നിങ്ങള്‍ക്ക് അറിയത്തില്ലായോ... പണ്ട് ഇവിടുന്ന് നടന്നല്ലായിരുന്നോ ആള്‍ക്കാര് ശബരിമലയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നേ. കാട്ടിലൂടെയും മേട്ടിലൂടെയുമുള്ള നടപ്പല്ലിയോ നടയെത്താന്‍. തിരിച്ച് വന്നാ വന്നൂന്ന് പറയാം. പിന്നെ പിന്നെ ധൈര്യമായി എല്ലാവര്‍ക്കും... കപ്പയും കാപ്പിയും വില്‍ക്കുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കാന്‍ ഞാനും പോയിട്ടുണ്ട്. ഇന്നിപ്പം നടന്നുപോണേല്‍ ഇച്ചിരി പാടാ. ഒളിച്ചിരുന്ന കാട്ടുപോത്തും കടുവയും എല്ലാം പുറത്തിറങ്ങി നടക്കുവാന്നാ കേള്‍ക്കുന്നെ. 

കിണറ്റുകരയില്‍ കുരങ്ങന്മാരെ കണ്ടതും ചായക്കടയിലെ ചര്‍ച്ചയും എല്ലാം കൂടി ബന്ധിപ്പിച്ചപ്പോള്‍ ജോസിന് എല്ലാം കൂടി വിചിത്രമായി തോന്നി. ഈ പ്രദേശത്തെ ആദിമ നിവാസികള്‍ പ്രകൃതിയോട് ഏറ്റുമുട്ടിയതിന്റെ കണക്കുതീര്‍ക്കാനെന്നവണ്ണം ചില കാര്യങ്ങള്‍ അണിയറയില്‍ നടക്കുന്നപോലെ. 

ചായക്കട ചര്‍ച്ചയെ പിന്നിലാക്കി ജോസ് കാശ് കൊടുത്ത് പുറത്തേക്കിറങ്ങി. സാധാരണ സ്‌കൂള്‍ പിന്നിട്ട് റബ്ബര്‍തോട്ടത്തിലൂടെ ഇറക്കമിറങ്ങി അക്കുഡേറ്റ് വരെ ഒന്നൊന്നര കിലോമീറ്റര്‍ നടക്കും. തിരിച്ചും. അത്രയും ദൂരമുണ്ട്. രാവിലെ ഇളംകാറ്റും കൊണ്ട് അങ്ങനെ നടക്കുന്നതില്‍ ഒരു സുഖമുണ്ട്. ഇവിടുത്തെ ആദ്യത്തെ തലമുറയില്‍ പെട്ടതാണ് വല്യപ്പച്ചന്‍. കാടായിരുന്ന കാലത്ത് മൂപ്പിലാന്റെ കാളവണ്ടിയായിരുന്നു കാട്ടു വഴികളിലെ ആശ്രയം. പിന്നീട് വന്ന തലമുറയില്‍പ്പെട്ട പലരും മലബാറിലേക്ക് കുടിയേറി. പലവിധ ചിന്തകളുമായി ജോസ് താര്‍ റോഡിലൂടെ നടന്ന് ദൂരെ കാണുന്ന മലനിരകളിലേക്ക് നോക്കി. ഈ പ്രദേശങ്ങളെല്ലാം ചെറുതരം മലകളും കുന്നുകളും പാറക്കെട്ടുകളുമായി കിടക്കുന്ന ഭൂമിയാണ്. 

കുന്നിന്റെ ചരുവുകളെല്ലാം ഇടക്കയ്യാലകള്‍കൊണ്ട് തട്ടുതട്ടായി തിരിച്ചിരിക്കുകയാണ്. നല്ല അസല്‍ ഉരുളന്‍ പാറകളും. കുന്നിന് ഒരു താങ്ങെന്നവണ്ണം പാറകള്‍ ഇടയ്ക്കിടക്ക് മുഴച്ച് നില്‍ക്കുന്നതു കാണാം. മലകളൊക്കെ വളരെ അടുത്താണെന്നു തോന്നും. പക്ഷേ, കയറാന്‍ തുടങ്ങിയാല്‍ അറിയാം പാട്. എത്രയെത്ര തലമുറകള്‍ ഈ കുന്നിന്‍ ചരുവുകളില്‍ ജീവിച്ചു മരിച്ചുപോയിട്ടുണ്ട്. റബ്ബറിലകളെ ഉലച്ചുകൊണ്ട് ഒരു ചെറുകാറ്റ് പൂര്‍വ്വികരുടെ തലോടല്‍പോലെ ജോസിനെ തഴുകി കടന്നുപോയി. ഓലക്കൂരകളായിരുന്നു പാറകളുടെ ചരുവുകളില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് ഓടിട്ട വീടുകളായി. കാലക്രമേണ വാര്‍ക്കക്കെട്ടിടങ്ങളായി ഓരോ വീടിനോടും ചേര്‍ന്ന് മനുഷ്യരെപ്പോലെ വളര്‍ത്തുമൃഗങ്ങളും വന്നുചേര്‍ന്നു. പണ്ടീ പാറകളിലൊക്കെ കുറുക്കന്മാര്‍ ഓരിയിടുന്നത് കേള്‍ക്കാമായിരുന്നു എന്നാണ് പറയുന്നത്. രാവിലെ കിണറ്റിന്‍കരയില്‍ കുരങ്ങന്മാരെ കണ്ടതുമുതല്‍ തുടങ്ങിയതാണ് ചിന്തകള്‍. കൈകള്‍ കറക്കി എക്‌സര്‍സൈസ് ചെയ്യുന്നതുപോലെ ജോസ് നടത്തത്തിന് ഉഷാറ് കൂട്ടി. ചിന്തകളെ തട്ടിമാറ്റാന്‍ ശ്രമിച്ചു. 

താര്‍ പാതയില്‍നിന്നും റബ്ബര്‍ തോട്ടത്തിലേക്ക് ഇറങ്ങുന്ന വഴിക്കാണ് കൈതപ്പൊന്തയില്‍ എന്തോ ഒന്ന് അനങ്ങുന്നതു കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ പഴുത്ത കൈതച്ചക്ക തുരന്നുകൊണ്ടിരിക്കുന്ന അണ്ണാനെയാണ് കണ്ടത്. ഇത് സാധാരണ അണ്ണാന്‍ അല്ലെന്ന് സംശയമായി. തീരെ ചെറുതല്ല. കുറച്ച് വലിപ്പമുള്ള അണ്ണാന്‍. ജോസ് നോക്കുന്നത് ശ്രദ്ധിച്ചാവണം അണ്ണാറക്കണ്ണന്‍ ഇരിപ്പൊന്ന് മാറി. വാലിന് നല്ല നീളം. മുഖത്തിനു വലിപ്പം കൂടുതലാണ്. ശരീരത്തിന് കുറച്ച് തടി തോന്നും. സാധാരണ കാണുംപോലെ ഒട്ടിച്ചേര്‍ന്ന വയറല്ല. വരയണ്ണാനോ മലയണ്ണാനോ ആവും. തോട്ടത്തിലെ ചെമ്മണ്‍പാതയിലൂടെ ജോസ് നടപ്പു തുടര്‍ന്നു. 

തോട്ടുവക്കത്ത് വീടുകള്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ. മുറ്റമടിക്കുന്ന പരിചയക്കാരികള്‍ ചിരിച്ചു. ജോസ് തിരിച്ചും ചിരിച്ചു. എന്നാലും അത് മലയണ്ണാന്‍ തന്നെയാണോയെന്ന ചിന്തയും രാവിലെ കണ്ട കുരങ്ങന്മാരും മനസ്സില്‍ നിറഞ്ഞുനിന്നു. ഉപ്പന്മാരുടെ ഒരു കൂട്ടം റബ്ബര്‍തോട്ടത്തിലൂടെ ചിറകുവെട്ടി പാഞ്ഞു. പാറച്ചെരുവുകളും ഈ മലമേടുകളും എത്ര കൈകളുടെ അധ്വാനമാണ്. മുറിച്ചു വെച്ചിരിക്കുന്ന ഭൂമിയുടെ കഷണങ്ങളില്‍ അരഞ്ഞാണംപോലെ കാട്ടുകല്ലിനു കെട്ടിവച്ചിരിക്കുന്ന കല്ലു കയ്യാലകള്‍. നിരയൊത്ത കാട്ടുകല്ല് വാക്കത്തിക്കും മഴുവിനും വെട്ടിയൊതുക്കി കയ്യാല കെട്ടിക്കേറുന്നതു കാണാന്‍ തന്നെ നല്ല രസമാണ്. 

ജോസിന്റെ നടപ്പുവഴിയിലാണ് അമ്മാച്ചന്‍ എന്നു വിളിക്കുന്ന കുഞ്ഞുമോന്റെ വീട്. കളിക്കൂട്ടുകാരാണ്. ഗള്‍ഫില്‍ രണ്ടുപേരും ഒരുമിച്ചാണ് പോയത്. ഒരുമിച്ചാണ് തിരിച്ചുപോന്നത്. ഇപ്പോള്‍ രണ്ടുപേരും കൂടി ഒരുമിച്ചാണ് ചുമ്മാതിരിക്കുന്നത്. റബ്ബറ് തിന്നാന്‍ തരും എന്ന് കരുതിയവരൊക്കെ ഇപ്പോള്‍ റബ്ബര്‍ പാല്‍ ഉറയുന്ന ആസിഡ് കുടിക്കാന്‍ കാത്തിരിക്കുന്നു. 

അമ്മാച്ചന്‍ വീട്ടിലുണ്ടേല്‍ ജോസ് മുറ്റത്തു നിന്ന് സംസാരിക്കും. ഗള്‍ഫിലെ കഥകളാണ് ഇരുവര്‍ക്കും സംസാരിക്കാനുള്ളത്. ക്യാമ്പിലെ കഥകളൊക്കെ അയവിറക്കി അന്നമ്മ കൊടുക്കുന്ന രണ്ടാമത്തെ ചായ കുടിച്ചിട്ടാണ് പിന്നെ നടപ്പ്. അമ്മാച്ചന്റെ മുറ്റത്ത് പതിവില്ലാത്ത ഒരു ആള്‍ക്കൂട്ടം കണ്ട് ജോസൊന്ന് ഞെട്ടി. പലരും വടിയും കമ്പും പിടിച്ചാണ് നില്‍ക്കുന്നത്. ഏറ്റവും പിന്നില്‍ ഒരു ഉണക്ക ചുള്ളിയും പിടിച്ച് നില്‍ക്കുന്ന രായപ്പനോട് കാര്യം തിരക്കി. 
 
എന്റെടാ ജോസേ... ഇന്നലെ നമ്മുടെ അമ്മാച്ചന്റെ കൊച്ചും പുതുചെറുക്കനും കൂടെ കുമ്പളാംപൊയ്കയില്‍നിന്ന് വന്നത് നീ അറിഞ്ഞതല്ലേ. തടിമച്ചുള്ള മോളിലത്തെ മുറിയിലാ പിള്ളാര് കിടന്നേ.... രാത്രീല് ആരോ ഒളിഞ്ഞ് നോക്കീന്ന് പറഞ്ഞ് വല്യ പുകിലായിരുന്നു ഇവിടെ. ഇന്നല്ലെയോ ആളിനെ കണ്ടത്... 
രായച്ചന്‍ ചിരിയോട് ചിരി. 

ആരാ രായപ്പാ?
മറ്റാരും അല്ലെടാ. ഒരു മരപ്പട്ടി... സ്‌റ്റോര്‍ റൂമീന്നാ കിട്ടിയത്... അമ്മാച്ചന്റെ പെണ്ണുമ്പിള്ളയാ കണ്ടത്... ഇരുട്ടത്ത് തിളങ്ങുന്ന രണ്ട് കണ്ണുകള്‍... 
മുറ്റത്തു കൂടിയ ആള്‍ക്കൂട്ടത്തില്‍നിന്നും പല പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഫോറസ്റ്റുകാരെ അറിയിക്കണമെന്നായി ചിലര്‍. മരപ്പട്ടി സൂപ്പിനു നല്ലതാണെന്ന് ഒരു കൂട്ടര്‍. ഒടുവില്‍ ധൈര്യശാലിയായ നില്‍പ്പന്‍ മണിയന്‍ സ്‌റ്റോര്‍ റൂമില്‍നിന്നും മരപ്പട്ടിയെ തല്ലിയിറക്കി ഓടിച്ചു. കുറ്റിക്കാട്ടു വഴിയിലൂടെ റബ്ബര്‍തോട്ടത്തിലേക്ക് ഓടുന്ന മരപ്പട്ടിയുടെ പിന്നാലെ ജനം കുറച്ച് ഓടി തിരിച്ചുവന്ന് തെല്ലു നേരം നിന്ന് അവരവരുടെ പാട്ടിനു പോയി. കാഴ്ച കാണാന്‍ നിന്ന വഴിപോക്കരും പിരിഞ്ഞുപോയി. അവശനായ അമ്മാച്ചന്‍ ജോസിനെ ചാരിനിന്നു കിതച്ചു. 
ഇവളെ പറഞ്ഞാല്‍ മതിയല്ലോ. രാത്രീല് നിലാവ് കാണാമെന്നും പറഞ്ഞ് ജനലും വാതിലുമെല്ലാം തുറന്ന് മലര്‍ത്തിയിട്ടാല്‍ പിന്നെ... 

അമ്മാച്ചന്‍ മരുമകന്‍ അടുത്തു നില്‍ക്കുന്ന കാര്യമോ മകള്‍ മുതിര്‍ന്ന ഒരു പെണ്ണാണെന്ന കാര്യമോ ചിന്തിക്കാതെ ഒരു കാടന്‍ മട്ടില്‍ ചൂടാകാന്‍ തുടങ്ങി. 

ചായക്കടയില്‍ പറയാതിരുന്ന രാവിലത്തെ വാനരന്മാരുടെ സന്ദര്‍ശനത്തിന്റെ കാര്യം രംഗം തണുപ്പിക്കാനെന്നവണ്ണം ജോസ് പറഞ്ഞു. ആള്‍ക്കൂട്ടം പിരിഞ്ഞുപോയിട്ട് തത്തിത്തത്തി നിന്ന സാറാമ്മ ചേടത്തി താനാ കുരങ്ങന്മാരെ കണ്ടെന്ന് ചുമ്മാ പറഞ്ഞു. 

കുരങ്ങന്മാരുടെ കാര്യം പറഞ്ഞ് തന്റെ യാത്രയുടെ ഉദ്ദേശം പൂര്‍ത്തിയാക്കിയതുപോലെ ജോസ് തിരിച്ച് വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. രാവിലത്തെ പുകിലില്‍ അന്നമ്മയുടെ പതിവ് ചായ കിട്ടിയില്ലല്ലോയെന്ന കാര്യം മാത്രം പോകുന്ന പോക്കില്‍ ആലോചിച്ചു. ഇന്നിനി അക്കുഡേറ്റ് വരെ നടക്കാന്‍ മൂഡില്ല. 

മെയിന്‍ റോഡ് വീട്ടിലേക്കുളള വഴിയെ നടന്നു. മരുത് നിന്നിരുന്ന സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്ന് വേറൊരു മരം നില്‍ക്കുന്നതുപോലെ തോന്നി. അതിനു പിന്നില്‍ ഒരു കലമാനിന്റെ തലപോലെ. മുന്നോട്ട് നടന്നു. റബ്ബര്‍തോട്ടത്തിനിടയില്‍ ഒരുപാട് അറിയാത്ത മരങ്ങള്‍ നില്‍ക്കുന്നതുപോലെ തോന്നി. കാട്ടുപൊന്തകളില്‍നിന്നും ചീവീടുകള്‍ ഉറക്കെ കരഞ്ഞ് ശബ്ദമുണ്ടാക്കി. അസ്വസ്ഥമായ മനസ്സോടെ നടത്തത്തിന് കുറച്ച് വേഗത കൂട്ടി. നടപ്പാതയിലെ തോട്ടുവഴി കയറവേ ഒരു വലിയ ചിലന്തിവല വന്ന് ജോസിന്റെ മുഖം മൂടി. വട്ടയിലയിലും കുറ്റിക്കാട്ടിലും കൂടെ പടര്‍ന്നുകിടന്ന ചിലന്തിവല തൂത്തുമാറ്റി മുഖം വൃത്തിയാക്കി. നടപ്പിന്റെ വേഗത കൂടി... പ്രാണികളുടെ ഒരു വലിയ കൂട്ടം തന്നെ റബ്ബര്‍തോട്ടത്തിനുള്ളില്‍ ഇരമ്പുന്നു. 

ചീവീടുകള്‍ തോട്ടത്തില്‍ ഒച്ചവെച്ച് ബഹളം കൂട്ടുന്നു. റബ്ബര്‍ കാടിനുള്ളില്‍ റബ്ബറല്ലാത്ത ഒരുപാട് മരങ്ങള്‍ നില്‍ക്കുന്നതുപോലെ. അന്തരീക്ഷത്തിനു വല്ലാത്ത മ്ലാനത പിടിച്ചിരിക്കുകയാണ്. ചപ്പിലക്കിളികളുടെ ചിറകടിയൊച്ചകള്‍, തഴച്ചുനില്‍ക്കുന്ന മരത്തിന്റെ ഇലകളും ചില്ലകളും കടന്ന് അല്പാല്പമായിട്ടാണ് വെട്ടം തോട്ടത്തില്‍ വീഴുന്നത്. ജോസിനു വല്ലാത്ത വിഭ്രമം തോന്നി. താഴത്തെ തോട്ടത്തില്‍ കണ്ട മലയണ്ണാന്‍ വായില്‍ എന്തോ നിറച്ചുകൊണ്ട് പോകുന്നതു കണ്ടു. തുറന്നുവെച്ച കൂടകള്‍പോലുള്ള മരക്കൂണുകള്‍ ചരിഞ്ഞുവീണു കിടക്കുന്ന ഒരു വയസ്സന്‍ റബ്ബര്‍ മരത്തടിയില്‍ തെറ്റിട്ട് നില്‍ക്കുന്നു. അതിനിടയിലൂടെ ഒരു ചേര പാഞ്ഞുപോയി. കാട്ടുപൊന്തകളില്‍ എന്തോ ഒന്ന് മുരളുന്നതിന്റേയും ചില്ലകള്‍ ഞെരിഞ്ഞ് മലരുന്നതിന്റേയും ഒച്ചകള്‍ കേട്ടു. ജോസിന്റെ മുഖത്തേക്ക് ഒരുപറ്റം ഈച്ചകള്‍ പൊട്ടിയടര്‍ന്നു കിടക്കുന്ന കൂഴച്ചക്കയില്‍നിന്നും പറന്നുകയറി. ഈച്ചകള്‍ ഒരുമിച്ച് പറന്നപ്പോള്‍ ഉണ്ടായ ശബ്ദം പേടിപ്പെടുത്തി. ദൂരെ നിന്നു മരച്ചില്ലകള്‍ ഉലയുന്ന ശബ്ദം കേട്ടു. അത് അടുത്തടുത്ത് വന്നു. ആദ്യം കുട്ടിക്കുരങ്ങനാണ് പ്രത്യക്ഷപ്പെട്ടത്. ജോസിന്റെ തലയ്ക്കു മുകളിലൂടെ മരച്ചില്ലകളില്‍ ഊഞ്ഞാലാടി രാവിലെ കിണറ്റിന്‍ കരയില്‍ കണ്ട നാല്‍വര്‍ സംഘം പാഞ്ഞു. 

വണ്ടുകളും കടന്നലുകളും ചിത്രശലഭങ്ങളും കാട്ടുപൊന്തകളിലും പുല്‍ക്കൂട്ടങ്ങളിലും പറന്നു കളിച്ചു. നനഞ്ഞു കുഴഞ്ഞ് കിടന്ന മണ്ണില്‍ നിരവധി മൃഗങ്ങളുടെ കാലടിപ്പാടുകള്‍ പുതഞ്ഞുകിടന്നു. വര്‍ഷങ്ങളായി നടന്നുണ്ടായ വഴിത്താരപോലെ. ഇത്രയും നാളും ഈ കാല്‍പ്പാടുകള്‍ അദൃശ്യമായി കിടക്കുകയായിരുന്നോ? ജോസിനു സംശയം തോന്നി. തോട്ടത്തില്‍ സൂര്യപ്രകാശം ഇരുളും വെളിച്ചവും പ്രത്യേക രീതിയില്‍ പകര്‍ത്തി. കുറെ നേരം ഇരുട്ടായാല്‍ പെട്ടെന്നു തന്നെ വെയില്‍ തെളിഞ്ഞ് പ്രകാശം വരും. 

ജോസിനു തലകറങ്ങുന്നതുപോലെ തോന്നി. മരങ്ങള്‍ക്കും പൊന്തകള്‍ക്കുമിടയിലൂടെ വീട് കാണാമെങ്കിലും സ്വപ്‌നത്തിലെന്നപോലെ അങ്ങോട്ട് എത്തിച്ചേരാനാവാത്തവിധം എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു. പെട്ടെന്നാണ് റബ്ബര്‍തോട്ടത്തെ മൊത്തത്തില്‍ ഉലച്ചുകൊണ്ട് കാറ്റ് വീശാന്‍ തുടങ്ങിയത്. മലയിറങ്ങി വന്ന കാറ്റ് സര്‍വ്വശക്തിയും ഉപയോഗിച്ച് മരങ്ങളെ പ്രഹരിച്ചു തുടങ്ങി. കാറ്റില്‍ മറിഞ്ഞുവീഴാതിരിക്കാനായി ജോസ് ഒരു റബ്ബര്‍ മരത്തെ കെട്ടിപ്പിടിച്ചു നിന്നു. ഒരു വലിയ ബറ്റാലിയന്‍ പട്ടാളം മാര്‍ച്ച് ചെയ്തുപോയപോലെ ശബ്ദമുണ്ടാക്കി കാറ്റ് താഴ്‌വാരമിറങ്ങിപ്പോയി. 

ജോസിനു പേടിയായി. വീട്ടിലേക്കുള്ള ബാക്കി വഴി ഓടി. ഓട്ടത്തിനിടയില്‍ കണ്ണില്‍ വീണ ഒരു കുഞ്ഞന്‍ എരിയനീച്ച ജോസിനെ പരിക്ഷീണനാക്കി. വീട്ടിലേക്കുള്ള വഴി മറന്നപോലെ റബ്ബര്‍തോട്ടത്തിനും മലയ്ക്കുമിടയില്‍ കയ്യാലകള്‍ വട്ടംചുറ്റി നടന്നു. നടന്ന് നടന്ന് വീടിനു പിന്നിലുള്ള ഒരു വലിയ പാറയുടെ മുകളിലേക്ക് അയാള്‍ വലിഞ്ഞുകയറി. കിതച്ച് ഇരുന്നുപോയി. പച്ചപുതച്ച് കിടക്കുന്ന മരത്തലപ്പുകള്‍ മാത്രം ജോസിന്റെ കണ്‍ദൂരത്ത് പടര്‍ന്നുകിടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com