'സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രം'- ബിജു സി.പി എഴുതിയ കഥ

ആകാശത്തേക്ക് കുത്തനെ ഒരു ബുള്ളറ്റ് ഓടിച്ചുകയറ്റുന്നതായിരുന്നു മാക്‌സ് ഗ്രെവാള്‍ഡ് പതിവായി കാണാറുള്ള സ്വപ്‌നം
ചിത്രീകരണം/ സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം/ സചീന്ദ്രൻ കാറഡുക്ക

കാശത്തേക്ക് കുത്തനെ ഒരു ബുള്ളറ്റ് ഓടിച്ചുകയറ്റുന്നതായിരുന്നു മാക്‌സ് ഗ്രെവാള്‍ഡ് പതിവായി കാണാറുള്ള സ്വപ്‌നം. തൊണ്ണൂറു ഡിഗ്രിയില്‍ കുത്തനെ ബുള്ളറ്റ് ഓടിച്ചുകയറ്റുന്നത് അത്രമേല്‍ അസാധ്യമാണെന്നു സ്വപ്‌നത്തില്‍പ്പോലും ഉള്‍ക്കൊള്ളാന്‍ തക്ക അറിവുണര്‍ന്നതോടെ മാക്‌സ് ഗ്രെവാള്‍ഡിന്റെ ബുള്ളറ്റ് 4550 ഡിഗ്രി ചെരിഞ്ഞ് നീലാകാശത്തേക്കു പാഞ്ഞുകയറുന്നതു പതിവാക്കി. ആകാശത്തേക്കു പാഞ്ഞുയരുമ്പോള്‍ പക്ഷേ, അതിലൂടെ ചീറിപ്പോകുന്ന മറ്റു ബുള്ളറ്റുകള്‍ കുടുകുടു ശബ്ദത്തോടെ പുറന്തള്ളുന്ന കരിമ്പുക കണ്ണില്‍ നിറയും. പതുക്കെ നീറാന്‍ തുടങ്ങും. അടുക്കളയില്‍ ചുമരലമാരയോളം പോന്ന വലിയ ഫ്രിഡ്ജിന്റെ ചുവടെയുള്ള ഫ്രീസര്‍ തുറക്കുമ്പോള്‍, അത്രമേല്‍ അലസമായി പതഞ്ഞുയര്‍ന്ന് എത്തിനോക്കുന്ന മഞ്ഞുപുക മാതിരി നീലാകാശത്തെങ്ങും മഞ്ഞുമേഘങ്ങള്‍ അലസമലസമായി പാറുന്നുണ്ടാവും. സ്വര്‍ഗ്ഗത്തിലെ ഫ്രിഡ്ജില്‍ ദൈവം തണുപ്പിക്കാന്‍വെച്ച നീരാവിക്കട്ടകളാണ് മഞ്ഞായി പെയ്യുന്നത് എന്ന സ്‌കോട്ടിഷ് നാടോടിക്കഥയുമായി മാക്‌സ് ചെറുപ്പത്തിന്റെ മങ്ങിയ ഇടനാഴികളില്‍ എവിടെയോകൂടി കണ്ടിട്ടുണ്ടായിരുന്നു.

നീലാകാശത്തെ കരിമ്പുകയേറ്റ് നീറുന്ന കണ്ണില്‍ മഞ്ഞുമേഘം ഇഴയുന്നത് സുഖകരമാണെങ്കിലും പതുക്കെ മാക്‌സിനു വിറയല്‍ തുടങ്ങും. മൂത്രസഞ്ചി വീര്‍ത്തു നിറഞ്ഞ് ഇപ്പോള്‍ പൊട്ടിയൊലിക്കുമോ എന്നു തോന്നും. തണുത്ത് താടി കിടുകിടുക്കും. ആട്ടിന്‍കാട്ടം പോലെ മണിമണിയായി ബുള്ളറ്റുകള്‍ കാഷ്ടിച്ച പുകത്തുണ്ടുകളല്ലാതെ മറ്റൊന്നുമില്ല ആകാശനീലിമയില്‍. മാക്‌സ് ഗ്രെവാള്‍ഡിനു പേടിയാകും. നീറ്റം മാറിയ കണ്‍പോളകളിലൂടെ താഴേയ്ക്കു നോക്കുമ്പോള്‍, അങ്ങുതാഴെ ആനമുടിയുടെ മുകളില്‍ മേഘത്തലപ്പുകള്‍ക്കിടയിലൂടെ ഉലയുന്ന പച്ചപ്പൊടിപ്പുകള്‍. പെട്ടെന്ന്, നട്ടെല്ലിനുള്ളിലൂടെ ഒരു നെടുങ്കന്‍ ഐസ് ക്യൂബ് പുതഞ്ഞുയരും. കുഞ്ഞു ഗ്രെവാള്‍ഡ് പേടിച്ചു വിറങ്ങലിച്ചുപോകും. ബുള്ളറ്റിന്റെ ഹാന്‍ഡിലില്‍നിന്നു പിടിവിട്ടുപോകും. പുകത്തുണ്ടുകള്‍ കാഷ്ടിച്ച് ബുള്ളറ്റ് കുടുകുടു ശബ്ദമണഞ്ഞ് താഴേക്കു പാറി വീണുപോകും. ആകാശത്തുവെച്ച് കൊളുത്തിപ്പിടിത്തം വന്ന് ചിറകുകള്‍ ഇളക്കാനേ കഴിയാതെ പോയ ഒരു പരുന്തായി മാക്‌സ് പുളഞ്ഞുപോകും. പൊടുന്നനെ മാക്‌സ് ഗ്രെവാള്‍ഡ് താഴേയ്ക്ക് താഴേയ്ക്ക് പാറി വീണുപോകും. 

വീഴ്ചയുടെ ആക്കം കൂടുന്നതനുസരിച്ച് പേടി പെരുകിപ്പെരുകി വരും. പലപ്പോഴും മൂത്രസഞ്ചി ചോര്‍ന്നൊഴുകും. മരിച്ചവരുടെ നിലവിളിയോളം പേടിയുണര്‍ത്തുന്ന കൊടും നിശ്ശബ്ദതയില്‍ മാക്‌സ് കൂപ്പുകുത്തും. ദേഹം മരിച്ചു മരവിച്ചിട്ടും ബോധം പോകാത്തവരെപ്പോലെ മാക്‌സ് കൈകാലുകള്‍ അനക്കാന്‍ വേണ്ടി കുതറും. പൊട്ടിപ്പിളരുന്ന തലവേദനയിലേക്ക് ഉണരുമ്പോള്‍ ഗ്രെവാള്‍ഡിനു മറ്റെല്ലാറ്റിനുമപ്പുറം സങ്കടവും ദേഷ്യവും കൂടി നിറയും. ഓരോ സ്വപ്‌നവും ഗ്രെവാള്‍ഡിനു നട്ടെല്ലു മരവിപ്പിക്കുന്ന പേടിയനുഭവമായിരുന്നു. ഇന്നും ആ സ്വപ്‌നം വരല്ലേ എന്ന് കുരിശുവരച്ചു പ്രാര്‍ത്ഥിച്ചു കിടന്നാലും ഇടവിടാതെ അതേ പാറിവീഴ്ച കിടക്ക നനച്ചും തലപൊട്ടിപ്പിളര്‍ത്തിയും മാക്‌സിനെ വിടാതെ കൊത്തിപ്പറിച്ചുകൊണ്ടേയിരുന്നു.

***
പിന്നിട്ടവര്‍ക്ക് 35 കൊല്ലം അത്ര നീണ്ട കാലമൊന്നുമല്ല. തല പിളര്‍ത്തുന്ന സ്വപ്‌നപ്പേടിയും ദേഷ്യസങ്കടങ്ങളും മാറ്റിനിര്‍ത്തിയാല്‍ മാക്‌സ് ഗ്രെവാള്‍ഡിനും അത് ഒരുനൊടി ഓര്‍മ്മയില്‍ പിന്നോട്ടെത്താവുന്ന കൈപ്പാടകലം മാത്രം. തൊടാന്‍ വേണ്ടി അറിയാതെ വിരല്‍നീട്ടിപ്പോകുന്ന ഇന്നലെകള്‍. 35 കൊല്ലം മുന്‍പാണ് മാക്‌സ് നീലാകാശത്തുനിന്ന് ആദ്യം പാറി വീണുപോയത്. കൗമാരം കൂമ്പിയുണരുന്ന 13ാം വയസ്സില്‍.

***
മഴ പതുക്കെ ചാഞ്ഞിറങ്ങുകയായിരുന്നു. പെയ്ത്ത് എന്നു പറയാനില്ല. മഴയുടെ നേര്‍ത്ത നൂലിഴകള്‍കൊണ്ട് ആകാശത്തിനു ചോടെ ജലരാശിയുടെ ഒരു ത്രിമാന വിന്യാസം. കാടാണെങ്കിലും നാടിന്റെ മണവും വെളിച്ചവുമുള്ള നെടുങ്കന്‍ വഴിത്താര. വല്ലപ്പോഴുമൊരിക്കല്‍ മാത്രം ഫ്രണ്ട്‌വീല്‍ ഡ്രൈവ് ജീപ്പുകള്‍ ഹനുമാന്‍ ഗിയറില്‍ മുകളിലേക്കു കയറും.  അവ പുറംതള്ളുന്ന കറുത്ത നിശ്വാസം ദിവസങ്ങളോളം കാര്‍മേഘത്തുള്ളികളെപ്പോലെ വഴിയോരത്ത് പതഞ്ഞുനില്‍ക്കും. പിന്നെ പതുക്കെ അത് അലിഞ്ഞുപോകും. എന്നാലും പെട്രോളിന്റെ സാര്‍വലൗകികമായ നാഗരഗന്ധം കാട്ടുമണങ്ങളിലേക്ക് അലിഞ്ഞുചേരാനാകാതെ മൊടപിടിച്ച് കുതറിനില്‍ക്കും. ക്ലാസ്സിലെ കുട്ടിക്കൂട്ടത്തിലേക്ക് അലിഞ്ഞുചേരാതെ വീര്‍ത്തുപിടിച്ചു നില്‍ക്കുന്ന പഠിപ്പിക്കുട്ടിയെപ്പോലെ, ഒരുതരം ചെടിപ്പു കിനിയുന്ന ഗര്‍വോടെ. ഇരവികുളത്തിന്റെ ഗാഢവന്യതയില്‍ ദയനീയത കിനിയുന്ന ലായത്തെരുവുകള്‍. മനുഷ്യമുശുക്ക് മുറ്റിനില്‍ക്കുന്നവ. അതിനപ്പുറത്തായി, തൊഴിലാളിക്കൂട്ടത്തിന്റെ മനുഷ്യതീക്ഷ്ണമായ ഗാഢജീവിതത്തിനുമേല്‍ ചെടിപ്പുകിനിയുന്ന ഗര്‍വോടെ തെഴുത്തുനിന്ന കമ്പനി ബംഗ്ലാവുകള്‍.
നാരു നാരായ നീര്‍ച്ചാലുകള്‍കൊണ്ട് മുതിരപ്പുഴയാറിനെ നെയ്തുവിരിക്കുന്ന ആനമുടിക്കുന്നുകള്‍. അവയ്ക്കിടയില്‍ പര്‍വ്വതമുകളിലെ തുറന്ന കാട്ടുമൈതാനത്തിനു നടുവില്‍ കെട്ടിയുറപ്പിച്ച ഇരവികുളം ഹട്ട്. അവിടേയ്ക്കുള്ള യാത്രകളുടെ ഹരമാണ് കുട്ടിയായിരുന്ന മാക്‌സ് ഗ്രെവാള്‍ഡിന്റെ കുടുകുടു ബുള്ളറ്റിനെ ആകാശത്തേക്കു പാഞ്ഞുകയറാന്‍ പ്രേരിപ്പിച്ചിരുന്നത്.

കടല്‍നിരപ്പില്‍നിന്ന് 8841 അടി മുകളില്‍, മുനിയാണ്ടി അരശരുടെ കൊട്ടാരത്തിന്റെ നിഴല്‍പ്പാടിലാണ് ഇരവികുളം ഹട്ട്. മുനിയാണ്ടി അരശര്‍ കാടിന്റേയും കാറ്റിന്റേയും മഴയുടേയും മഞ്ഞിന്റേയും ദേവന്‍. കോപം വരുമ്പോള്‍ ഇടിമുഴക്കി പേടിപ്പിക്കും. കലിയടങ്ങാതെ വന്നാല്‍ മിന്നല്‍കൊണ്ടു തൊടും.

മുനിയാണ്ടി അരശരുടെ കൊട്ടാരത്തിനു ചോടെ കീഴ്പാറാവുകളായി കാറ്റുമല, കന്നിമല, തേവിമല, കുമരിക്കല്ല്, പുവ്വാറ്... മുനിയാണ്ടിയരശന്റെ ഭൂതമാണെങ്കിലും അരശനെപ്പോലെ കനിവില്ലാതെ എപ്പോഴും കോപിക്കുന്ന നയ്മാരു. ആനമലക്കുന്നില്‍നിന്ന് മുനിയാണ്ടിയരശന്‍ നയ്മാരുവിനെ നയമക്കുന്നിലേക്ക് മാറ്റിക്കൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ നയ്മാരുവിന്റെ കോപതാപങ്ങള്‍ക്ക് മറുകൃതി ചെയ്ത് അവിടെ ഇരവികുളം ഹട്ട് പണിതൊരുക്കാന്‍ ഹാമില്‍ട്ടണ്‍ സായ്‌വിനും ഗ്രെവാള്‍ഡുമാര്‍ക്കും കഴിയുമായിരുന്നില്ല.

മലയിലും പാറകളിലും കാറ്റിലും കുളത്തിലുമെല്ലാം ദൈവങ്ങള്‍ നിറയുന്ന ആനമുടിമല. അവിടത്തെ ദൈവത്താന്‍മാരെയെല്ലാം മാക്‌സ് ഗ്രെവാള്‍ഡിനറിയാമായിരുന്നു. എല്ലാ ഗ്രെവാള്‍ഡുമാര്‍ക്കും അറിയാമായിരുന്നു. മലദൈവങ്ങള്‍ എല്ലാ ഗ്രെവാള്‍ഡുമാര്‍ക്കും അനുഭവമുള്ള ഉഗ്രശക്തികളായിരുന്നല്ലോ. പപ്പയുടെ അസിസ്റ്റന്റ് ദൊരൈസാമിയുടെ അപ്പന്‍ കുറുഞ്ചിയപ്പനായിരുന്നു മാക്‌സിന്റെ അസിസ്റ്റന്റ്. മുതിരപ്പുഴുക്കില്‍ ഇടയ്ക്കിടെ കിട്ടുന്ന കൊപ്രാക്കൊത്തായി ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ത്ത് കുറുഞ്ചിയപ്പന്‍ ആനമുടി മലകളുടെ കഥകള്‍ മാക്‌സ് ഗ്രെവാള്‍ഡിനു പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്നു. കുറുഞ്ചിയപ്പന്‍ മാക്‌സിനെ കുഞ്ഞിഗ്രെവാള്‍ഡേ എന്നുമാത്രം വിളിച്ചു.

ഒരേ മലയുടെ കഥ ഓരോ ദിവസവും ഓരോ തരത്തില്‍ മാറുമ്പോള്‍ മാക്‌സിന് ആദ്യം ദേഷ്യവും അതിശയവുമായിരുന്നു. എന്നാല്‍, ഒരു ദൈവത്തിന്റെ കഥയിലും ഒരക്ഷരം പോലും മാറാതെയാണ് കുറുഞ്ചിയപ്പന്‍ കഥ പറഞ്ഞത്. വഴിയിലെമ്പാടും ഉള്ളിലേക്കു വലിഞ്ഞ് പതുങ്ങി നിന്നിരുന്ന കുനുകുനു വയലറ്റ് പൂക്കളുടെ പേരും കുറുഞ്ചി എന്നാണെന്ന് ആദ്യം കേട്ടപ്പോള്‍ മാക്‌സ് അഹ്ഹഹാ... എന്ന് ആര്‍ത്തുചിരിച്ചു. കുറുഞ്ചിയപ്പന്‍ എന്നും ഒരു മലദൈവമുണ്ടെന്നറിഞ്ഞ് വാൗവ്... എന്ന് അമ്പരന്നു. മലമുകളിലെ മനുഷ്യരോരോരുത്തരും കുഞ്ഞുകുഞ്ഞു മലദൈവങ്ങളാണെന്ന് കുറുഞ്ചിയപ്പന്‍ ഗ്രെവാള്‍ഡിനോട് പറഞ്ഞില്ല. ഉള്‍വലിഞ്ഞു നില്‍ക്കുന്ന കുറുഞ്ചിയെപ്പോലെ. ഉള്ളിലൊരു പെരുപ്പു നിറഞ്ഞാലും പൂക്കാന്‍ പേടിച്ച്. പന്തീരാണ്ടിലൊരിക്കലെങ്ങാന്‍ എന്തും വരട്ടെയെന്ന് പൂത്തുതിമിര്‍ക്കുമ്പോള്‍ മലനിരകളെയാകെ കീഴടക്കി നിറയുന്ന കുറുഞ്ചി. 

***
ഏറ്റവും മോശമായതിനെ നേരിടാനുള്ള ഒരുക്കത്തിനാണ് മാക്‌സ് ഗ്രെവാള്‍ഡിന്റെ ഗ്രേറ്റ് ഗ്രാന്‍പാ ഇന്ത്യയിലെ ദ വെരിഫസ്റ്റ് സ്‌കോട്ടിഷ് ഗ്രെവാള്‍ഡ്, ആനമുടിക്കുന്നുകളിലേക്കു പിടിച്ചുകയറിയത്. നല്ലതിനു പ്രാര്‍ത്ഥിക്കുക, സര്‍വ്വനാശത്തെ നേരിടാനൊരുങ്ങുക  അതായിരുന്നു ആദി ഗ്രെവാള്‍ഡിന്റെ സിദ്ധാന്തം. പിന്നീട് സാക്ഷാല്‍ വെല്ലിംഗ്ടണ്‍ പ്രഭുവായി ലോകചരിത്രത്തിലേക്കു കുതിരയോടിച്ചുപോയ ആര്‍തര്‍ വെല്ലസ്ലിയുടെ യുദ്ധതന്ത്രങ്ങളുടെ അച്ചാണിയായിരുന്നു ആദിഗ്രെവാള്‍ഡ്. ടിപ്പു സുല്‍ത്താന്റെ മുന്നേറ്റങ്ങള്‍ ഗ്രേറ്റ് ബ്രിട്ടന്റെ സ്വപ്‌നങ്ങളെത്തന്നെ കീഴടക്കിക്കളയുമെന്നു തോന്നിയപ്പോളാണ് സാക്ഷാല്‍ വെല്ലസ്ലി മലബാറിലേക്ക് കപ്പലേറിയെത്തിയത്. ഒരേസമയം മുന്നില്‍നിന്നും പിന്നില്‍നിന്നും ടിപ്പുവിനെ ആക്രമിക്കുന്ന വമ്പന്‍ പദ്ധതിയായിരുന്നു വെല്ലസ്ലിയുടേത്. അപ്പോള്‍ ടിപ്പുവിന്റെ സൈന്യം വശങ്ങളിലേക്കു തെന്നി മലകയറി എത്തിയേക്കും എന്ന് കണക്കുകൂട്ടി, ചാടിവീഴാന്‍ കുമളിഗ്യാപ്പില്‍ എത്തി തമ്പടിച്ചു വെല്ലസ്ലി. എല്ലാ കണക്കും തെറ്റിച്ച്, ടിപ്പു സുല്‍ത്താന്‍ പെരിയാര്‍ കടന്ന്, കൊച്ചിയും തിരുവിതാംകൂറും കീഴടക്കിയാലും അവസാനത്തെ സുരക്ഷിത കേന്ദ്രമായി ആ പര്‍വ്വതശിഖരങ്ങളില്‍ ഒരു യൂറോപ്യന്‍ തെരുവ് ഒരുക്കിനിര്‍ത്തണമെന്ന് ആദിഗ്രെവാള്‍ഡാണ് വെല്ലസ്ലിയോട് പറഞ്ഞത്. അതിനുള്ള സാധ്യതകള്‍ തേടാന്‍ വെല്ലസ്ലി ഗ്രെവാള്‍ഡിനെത്തന്നെ ഏര്‍പ്പാടാക്കി. തേവിമലയുടെ ചെരിവില്‍ കുമളിഗ്യാപ്പിലേക്കു കാഴ്ച കിട്ടുംവിധം ഒരു കാവല്‍ക്കോട്ട പണിയാനാണ് ഗ്രെവാള്‍ഡ് ആദ്യം ഉത്തരവ് വാങ്ങിയത്. 

അവസാന സങ്കേതമായി ഒരു ടിപ്പു കേറാമല പണിതുവെക്കാന്‍ ഒരു ലാസ്റ്റ് റിസോര്‍ട്ട് ഒരുക്കാന്‍ വേണ്ടിയാണ് പോയതെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ഹില്‍സ്‌റ്റേഷന്‍ റിസോര്‍ട്ടുകളിലൊന്നാണ് ഒരുങ്ങിയത് എന്ന് ആദ്യത്തെ ഗ്രെവാള്‍ഡ് ഡയറിയെഴുതി.  ആദിഗ്രെവാള്‍ഡ് അഭിമാനത്തോടെ എഴുതിവെച്ച ഡയറിക്കുറിപ്പ് ഗ്രെവാള്‍ഡുമാര്‍ തലമുറകളിലേക്ക് കൈമാറുന്നുണ്ട്. ക്ഷുദ്രജീവിതം പേറുന്ന ഇന്ത്യന്‍ സമൂഹത്തിനുമേല്‍ ഒരു തരം പരിഹാസം നുരയുന്ന ഗര്‍വോടെ.

***
മലയോരങ്ങളില്‍ നൂറുകണക്കിനു മനുഷ്യരുടെ ജീവിതം കാട്ടരുവികളുടെ നേരൊഴുക്കോടെ തല്ലിച്ചിതറി അലിഞ്ഞിറങ്ങുന്ന ഇടമായിരുന്നല്ലോ പണ്ടേ അവിടം. എങ്കിലും, ആ ഹില്‍സ്‌റ്റേഷന്‍  'കണ്ടുപിടിച്ചവര്‍' എന്ന ബഹുമതി ഗ്രെവാള്‍ഡുമാര്‍ക്കു നല്‍കി വെല്ലസ്ലി പ്രഭു. 

ആന ചവിട്ടിയാലും വീഴാത്ത ഉറപ്പോടെ കരിങ്കല്ലുകള്‍കൊണ്ടു ഭിത്തികെട്ടി. മദിരാശിയില്‍നിന്ന് തകരപ്പാളികള്‍ കൊണ്ടുവന്ന് മേല്‍ക്കൂരയിട്ടു. ആനമുടിക്കു ചുവട്ടില്‍ ഗ്രെവാള്‍ഡിന് ബംഗ്ലാവ് പണിതു. മദിരാശിയില്‍നിന്ന് കുമളിയിലെത്തിച്ച് പത്തിരുപത് കഴുതകളെക്കൊണ്ടു ചുമപ്പിച്ച് ബംഗ്ലാവിലെ നിലവറയില്‍ നിരത്തിയടുക്കിയ കുപ്പികളില്‍നിന്ന് നിത്യവും വിസ്‌കി നുണഞ്ഞ് ഗ്രെവാള്‍ഡ് ആനമുടിക്കുന്നുകളുടെ ജാതകം എഴുതാന്‍ തുടങ്ങി. പ്രഭാതങ്ങളില്‍ കുതിരപ്പുറത്തു കയറിയും കാല്‍നടയായും കുന്നായ കുന്നെല്ലാം ചുറ്റിക്കണ്ടു. സായാഹ്നങ്ങളില്‍ കാഴ്ചകളുടെ വിസ്മയം ഒട്ടും ചോരാതെ കുറിപ്പുകളെഴുതാനിരുന്നു. കണ്ട കാഴ്ചകള്‍ക്കു മുന്നില്‍ അന്നോളം കേട്ട ഭാഷകളൊക്കെ ഞരങ്ങിക്കിതച്ചു. മാറ്റിമാറ്റിയെഴുതിയിട്ടും തൃപ്തിയാകാതെ ആത്മപുച്ഛത്തിന്റെ കലി നിറഞ്ഞ് ഗ്രെവാള്‍ഡ് മദ്യചഷകങ്ങള്‍ എറിഞ്ഞുടച്ചു. തരകുകാര്‍ കൂട്ടിക്കൊണ്ടുവന്നു കൊടുത്ത പെണ്‍കുട്ടികളുടെ മാറിലും ചന്തിയിലും കടിച്ചു മുറിച്ചു. പതുക്കെപ്പതുക്കെ തന്റെ ഭാഷയ്ക്ക് ഗ്രെവാള്‍ഡ് സ്വയം മെരുങ്ങിക്കൊടുത്തു. വാക്കുകള്‍കൊണ്ടു മതിവരാതെ മലമടക്കുകളുടെ രേഖാചിത്രങ്ങള്‍ വരച്ചുചേര്‍ത്തു.
ലണ്ടന്‍ നഗരമാകെ മാറ്റിപ്പണിയാനുള്ള തേക്കും വീട്ടിയും ഈ മലകളിലുണ്ടെന്ന് ഗ്രെവാള്‍ഡ് വിസ്തരിച്ച് കത്തെഴുതി. വന്മരങ്ങള്‍ മുറിച്ച് കൊടുമുടിയില്‍നിന്ന് താഴേക്കു തള്ളിയിടണം. അവിടെനിന്ന് വലിച്ചു നിരക്കിയെടുക്കാവുന്നിടത്ത് തീവണ്ടിയെത്തണം. എങ്കിലേ പെരുമരങ്ങള്‍ തൂത്തുക്കുടിയിലെത്തിച്ച് കപ്പലില്‍ കയറ്റി തെംസ് നദിയിലേക്ക് ഒഴുക്കിയെത്തിക്കാന്‍ കഴിയുകയുള്ളൂ.

പക്ഷേ, ഗ്രെവാള്‍ഡിന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ക്ക് മദിരാശിയില്‍നിന്ന് പരിഹാസമാണ് കിട്ടിയത്. കുതിരപ്പുറത്തു കയറി തൂത്തുക്കുടിയിലെത്തി കപ്പലേറി മദിരാശിയോളം ചെന്ന് തന്റെ നീണ്ട കുറിപ്പുകളും ചിത്രങ്ങളും കാണിച്ച് കളക്ടറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഗ്രെവാള്‍ഡിന് ഏറെ കഷ്ടപ്പെടേണ്ടിവന്നു. അടുത്ത കടമ്പ കല്‍ക്കത്തയിലായിരുന്നു. അവിടെയും പരിഹാസം. ഈ കൊടുങ്കാട്ടിലെ പര്‍വ്വതത്തിലേക്ക് തീവണ്ടിയെത്തിക്കാന്‍ എത്ര ലക്ഷം പൗണ്ട് വേണ്ടി വരും! മില്യന്‍ ചെലവാക്കിയാല്‍ ബില്യന്‍ വരുമെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ ഗ്രെവാള്‍ഡ് ഒരു മാസത്തോളം താമസിച്ചു കല്‍ക്കത്തയില്‍. 

പിന്നെയും ഏറെക്കഴിഞ്ഞാണ് തിരുവിതാംകൂറില്‍നിന്ന് മണ്‍റോ സായിപ്പ് മലകയറിയെത്തി തിരുവിതാംകൂര്‍ ഹൈറേഞ്ച് ആകെ പാട്ടത്തിനെടുത്തത്. അപ്പോഴും കൊടുമുടിക്കു മുകളിലെ ടോപ് സ്ലിപ്പില്‍ ഇടതടവില്ലാതെ വന്മരങ്ങളുടെ കൂട്ടനിലവിളി മുഴങ്ങിക്കൊണ്ടേയിരുന്നു. 

സിവന്‍ മലയുടെ ചെരിവുകളിലെ പാര്‍വ്വതിക്കുന്നില്‍ വന്മരക്കാടുകളെ ക്ഷൗരം ചെയ്‌തൊരുക്കിയ വിലാപമണ്ണില്‍  ഷാര്‍പ്പ് സായിപ്പ് തേയില നട്ടു. ക്രമേണ, ലക്ഷക്കണക്കിനു ഏക്കര്‍ സ്ഥലത്ത് തേയിലച്ചെടികള്‍ നിരനിരയായി പട്ടാളച്ചിട്ടയില്‍ അച്ചടക്കത്തോടെ ലെഫ്റ്റ് റൈറ്റ് വെച്ച് പതുക്കെ തലനീട്ടി. മണ്‍റോയുമായി ചേര്‍ന്ന് ഗ്രെവാള്‍ഡ് ലോകത്തിലെ ഏറ്റവും വലിയ തേയില സാമ്രാജ്യമൊരുക്കി. തേയിലപ്പണികള്‍ക്ക് മലമുകളിലെ മുതുവാന്മാര്‍ മതിയാകുമായിരുന്നില്ല. കമ്പത്തും തേനിയിലും ട്രിച്ചിയിലും മധുരയിലും ചെന്ന് തോട്ടത്തിലേക്ക് പറ്റം പറ്റമായി പണിക്കാരെ കൊണ്ടുവന്നു. പറ്റം പറ്റമായി നടന്നെത്തുന്ന പണിക്കാരെ കാണാനായി ഗ്രെവാള്‍ഡ് മലമുകളില്‍ ഉള്‍നിറവോടെ നിന്നു.

കറുമ്പന്മാര്‍ക്കിടയിലെ കറുകറുമ്പന്മാരെ ഇരുളന്മാരെന്നു വിളിച്ചു. അതിവിനയത്താല്‍ അടിപണിയുന്ന കൂട്ടരെ അടിയാന്മാരെന്നു വിളിച്ചു. സ്വയം പേരുവിളിക്കാത്ത പണിമനുഷ്യക്കൂട്ടങ്ങളെയൊക്കെ ചെറുപരിഹാസമിറ്റുന്ന പേരുകള്‍ വിളിച്ച് ഇനം തിരിച്ചു. മലയോരങ്ങളില്‍ നീട്ടിനീട്ടിക്കെട്ടിയ ലായങ്ങളില്‍ കൊടും തണുപ്പു പുതച്ച് അവര്‍ ഉറങ്ങിയുണര്‍ന്നു. കഠിനാധ്വാനം നിറച്ച പകലുകള്‍ തെളിച്ച് അവര്‍ ഗ്രെവാള്‍ഡിനു രാജസ്തുതികളേകി. പുതുചോര കുടിച്ച് ആനമുടിത്താഴ്‌വരയിലെങ്ങും അട്ടകള്‍ വീര്‍ത്തു ചീര്‍ത്തു തുടുത്തു.

മണ്ണിനടിയില്‍ ഒരായിരം തരം വനവേരുകള്‍ ഉടലറ്റു പിടഞ്ഞു. വനവേരുകള്‍  ഉണങ്ങിച്ചുങ്ങി ഞരങ്ങിയപ്പോള്‍ അവയെ ഇറുകിപ്പുല്‍കിയിരുന്ന മലമണ്ണ് നെഞ്ചകം വെന്ത് വരണ്ടു വിണ്ടു. എല്ലാറ്റിനും മീതേ തേയിലപ്പച്ചയുടെ ഏകശാസനം പരന്നു തെഴുത്തു. സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രത്തില്‍നിന്ന് പലമയുടെ പൊലിമ വരണ്ടു കെട്ടു. തേയിലയുടെ ഏകശാസനം മലമടക്കുകളിലെ സസ്യസര്‍വാധിപത്യമായി. മലമടക്കുകളുടെ മൃതദേഹത്തിനുമേല്‍ തേയില വിരിച്ച പച്ചപ്പട്ട് വിഷാദത്തോടെ പതിഞ്ഞുകിടന്നു. ആനമുടിയുടെ ചോടേ തേയിലയും കാപ്പിയും സിങ്കോണയും വളര്‍ത്തി ഒരു നവലോകം പണിയുമ്പോഴും ഗ്രെവാള്‍ഡുമാര്‍ക്ക് കമ്പം ലണ്ടന്‍ നഗരം പുതുക്കിപ്പണിയാന്‍ പോന്നത്ര കരിവീട്ടിയും തേക്കും തമ്പകവും കപ്പല്‍ കയറ്റാന്‍ തന്നെയായിരുന്നു.

***
കാലമറിയാതെ ദിനരാത്രങ്ങള്‍ കടന്നുപോയ നീണ്ട 25 കൊല്ലം. ഒന്നാം ഗ്രെവാള്‍ഡിന്റെ 52ാം വയസ്സിലാണ് അനബെല്‍ തൂത്തുക്കുടിയിലെത്തിയത്. കപ്പലിറങ്ങിയ ഭാര്യയെ കൈ പിടിച്ചു ചുംബിച്ച് കുതിരപ്പുറത്തു കയറ്റി ഗ്രെവാള്‍ഡ്. 

നാല്‍പ്പതാം വയസ്സിന്റെ രണ്ടാം താരുണ്യത്തിലായിരുന്നു അനബെല്‍. സന്ദേഹമില്ലാത്ത ധീര സാഹസികതകള്‍ പൊട്ടിവിടരുന്ന പെണ്‍നാല്‍പ്പതുകളില്‍. ഒതുക്കിയടച്ച് മുരടിപ്പിച്ചു കളഞ്ഞ പുളപ്പുകളെ വാശിയോടെ പുനരുജ്ജീവിപ്പിക്കുന്ന കൂസലില്ലായ്മയുടെ പ്രായം. കുതിരപ്പുറത്ത് ഇറുകിയിരുന്ന് അവള്‍ ഗ്രെവാള്‍ഡിന്റെ കാല്‍ക്കുപ്പായത്തിലേക്ക് കൈ തിരുകി ചുമലില്‍ കടിച്ചു. അങ്ങുയരെ മലമുകളിലെ നെടുമ്പരപ്പില്‍ തെഴുത്ത കാടിന്റെ കൊടുംപച്ചയില്‍ ഗ്രെവാള്‍ഡിനെ കോര്‍ത്തുപിടിച്ച് കെയ്‌ലിദ് ഡാന്‍സിന്റേയും റീലിന്റേയും ചുവടുകള്‍വെച്ച് അനബെല്‍. ആനമുടിക്കുന്നിന്റെ കരിമ്പച്ചത്തണലില്‍ ഒരു സ്‌കോട്ടിഷ് ബാള്‍ നര്‍ത്തനവേദി.
പിന്നെയവള്‍ ഇലച്ചാര്‍ത്തിലൂടെ സൂര്യനെ അരിച്ചെടുത്ത മൃദുകിരണങ്ങള്‍കൊണ്ടലങ്കരിച്ചു ആ വേദി. ദേഹോത്സവങ്ങളുടെ താണ്ഡവമേളക്കിടപ്പറ. എല്ലാ മൃഗയാവിനോദങ്ങള്‍ക്കുമായി ആദ്യഗ്രെവാള്‍ഡാണ് ഇരവികുളം ഹട്ട് പണിതൊരുക്കിയത്. സ്‌കോട്ടിഷ് മദ്യവും സ്‌കോട്ടിഷ് നൃത്തവും സ്‌കോച്ച് കാമസൂത്രവും ഇരവികുളം ഹട്ടില്‍ നിറഞ്ഞു. കടുവകളുടെ നെറ്റിയില്‍ പുതഞ്ഞു കയറിയ വെടിയുണ്ടകള്‍കൊണ്ട് ഗ്രെവാള്‍ഡ് തന്റെ വാടിയ ആണത്തത്തിനു മറയിടാന്‍ വെമ്പി. 

ആദ്യഗ്രെവാള്‍ഡും മഹാറാണിയും ലിപ്‌സകള്‍ വറ്റും മുന്നേ കപ്പല്‍ കയറി. ബാക്കി മഹോത്സവം സ്‌കോട്ട്‌ലന്റില്‍ കൊണ്ടാടാനുള്ള ജാഗ്രതയോടെ. മലമുകളിലെ മഹാ ഹരിത സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും മകനും മരുമകള്‍ക്കും കൈമാറിയിട്ട്, പിന്നെയും പിന്നെയും ഗ്രെവാള്‍ഡുമാര്‍ ആഘോഷങ്ങളുടെ ചരിത്രം നിറപ്പകിട്ടോടെ ആവര്‍ത്തിച്ചു. മലഞ്ചെരിവുകള്‍ക്കു മീതേ വീണ തേയിലയുടെ പച്ചപ്പട്ട്, പടരുന്ന ത്വക്ക് രോഗം പോലെ പരന്നു വ്യാപിച്ചു. പൊന്തിവളര്‍ന്ന മരങ്ങളും താണുപടര്‍ന്ന അടിക്കാടുകളും നിറഞ്ഞ സസ്യ സാമൂഹ്യശാസ്ത്രത്തിലെ അനന്തവൈവിധ്യങ്ങള്‍ തേയിലയുടെ ഏകാധികാരത്തിന്റെ നെടുംപരപ്പില്‍ അമര്‍ന്നൊടുങ്ങി. തേയിലയുടെ മെരുക്കിയൊതുക്കിയ സസ്യത ഒരേ മട്ടില്‍ ഒരേ പരപ്പില്‍ ഭയഭക്തിയോടെ കുനിഞ്ഞുനിന്നു. ഇടയ്ക്കിടെ പൊന്താന്‍ വെമ്പുന്ന തളിരുകളും നാമ്പുകളും ജാഗ്രതയോടെ നുള്ളിയെടുക്കപ്പെട്ടു.

***
ആദിഗ്രെവാള്‍ഡിന്റെ കൊച്ചുമകന്റെ കൊച്ചുമകനാണ് എത്രയോ ദശകങ്ങള്‍ക്കുശേഷം ഇരവികുളം ഹട്ടിന് ഒരു പുത്തന്‍ നിയോഗം കൂടി ഏല്പിച്ചത്. ലൂയി ഗ്രെവാള്‍ഡ്. മലമുകളില്‍ മണ്ണിനേയും മരത്തേയും മൃഗത്തേയും മനുഷ്യനേയും വേട്ടയാടിയാല്‍ മാത്രം പോരെന്ന് ലൂയി കണ്ടറിഞ്ഞു. സ്വര്‍ണമുട്ടയിടുന്ന താറാവിനെ വളര്‍ത്തുന്നതാണ് ലാഭം! മലഞ്ചെരിവുകളില്‍ വേരുപിടിത്തമുള്ള മരങ്ങളും മുളങ്കൂട്ടങ്ങളും വേണം. പാമ്പ്, പന്നി, പുലി എന്നിവയൊഴികെ മറ്റു മൃഗങ്ങളെ കൊല്ലുന്നതിന് നിയന്ത്രണം വേണം. വേട്ടയ്ക്കിറങ്ങാന്‍ ലൈസന്‍സ് വേണം. ഇരവികുളത്തെ മലമടക്കുകളില്‍ ആദ്യമായി ലൂയി ഗ്രെവാള്‍ഡ് പുതിയൊരു വാക്കിന്റെ വിത്തിട്ടു കണ്‍സര്‍വേഷന്‍.

കാടിനു സംരക്ഷണമോ! മുതുമുത്തച്ഛന്‍ ആദിഗ്രെവാള്‍ഡിനു കിട്ടിയ അതേ പരിഹാസവും ചിരിയും ലൂയിക്കും കിട്ടി. അപ്പോഴേക്ക് പക്ഷേ, മുതിരപ്പുഴ എത്രയോ വട്ടം കലങ്ങിയൊഴുകി, തെളിഞ്ഞുനിറഞ്ഞ്, കുത്തിയൊലിച്ച്, പിന്നെയും മെലിഞ്ഞ് അങ്ങനെയങ്ങനെ കഴിഞ്ഞേ പോയിരുന്നു. നൂറ്റാണ്ടു പിന്നിട്ടതും ലോകം മഹായുദ്ധങ്ങള്‍ കൊണ്ടാടിയതും മലമടക്കുകളില്‍ പുതച്ചുറങ്ങിയ ഗ്രെവാള്‍ഡുമാര്‍ ഗൗനിച്ചതേയില്ല. തലമുറകള്‍ പിന്നിട്ട് അവര്‍ വേട്ട തുടര്‍ന്നുകൊണ്ടേയിരുന്നു. തേയിലയുടെ പച്ചമണത്തിനുമേല്‍ സ്വന്തം വാര്‍ദ്ധക്യത്തിന്റെ പഴുപ്പുമണം അടിക്കാന്‍ തുടങ്ങുമ്പൊഴേക്ക് ഗ്രെവാള്‍ഡുമാര്‍ കിരീടം യുവരാജാവിനു കൈമാറി സ്‌കോട്‌ലന്റിലേക്ക് കപ്പല്‍ കയറുകയാണ് പതിവ്.

***
ഗ്രെവാള്‍ഡുമാരുടെ കുടുംബസാമ്രാജ്യത്തിലേക്ക് എത്തുമ്പോള്‍ ലൂയിക്ക് രണ്ടു വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. ആനമുടിക്കുന്നുകളിലെമ്പാടും പിച്ചവെച്ചു പഠിച്ച ലൂയിക്ക് കാടും മലയും ജീവിതത്തിന്റെ വലിയ പാഠശാലകളായി. കോളറ പിടിച്ച് മരിച്ചുപോയ അമ്മ എലിനയെക്കുറിച്ച് ഓര്‍ക്കാന്‍പോലും ഇടകൊടുക്കാതെ പപ്പയും പണിക്കാരും ലൂയിയെ മലമുകളിലെ രാജകുമാരനായി കൊണ്ടാടി. ബംഗ്ലാവിലാകെ അടിയാന്മാരും പെണ്ണുങ്ങളും ഭയഭക്തിയോടെ പപ്പയെ ആദരിച്ചാരാധിക്കുന്നതു കണ്ടുവളര്‍ന്ന ലൂയിക്ക് തന്റെ മഹാമഹികളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അങ്ങകലെ ലണ്ടനില്‍ വാഴുന്ന  ചക്രവര്‍ത്തിയോടും എന്നുമൊരു സ്വപ്‌നമായ യൂറോപ്യന്‍ നാടിനോടുമുള്ള ലൂയിയുടെ അത്യാദരത്തിന് അതിരുകളില്ലായിരുന്നു. ചക്രവര്‍ത്തിക്കും തന്റെ നാടിനും വേണ്ടി ഇവിടെ പ്രയത്‌നിച്ച് സമ്പത്തുകള്‍ എത്തിച്ചു കൊണ്ടേയിരിക്കുന്നതില്‍ പപ്പയ്ക്കുള്ള ഹരം പതിന്മടങ്ങായി ലൂയിക്ക്. വംശമഹിമ കുറഞ്ഞ പാവം നാട്ടുമനുഷ്യരോട് ലൂയിക്ക് കനിവും ഔദാര്യവുമായിരുന്നു. തെറ്റുകുറ്റങ്ങളോടും ധിക്കാരത്തോടും പൊറുക്കാനാവാത്ത കാര്‍ക്കശ്യവും.

പപ്പയുടെ മുറിയിലേക്ക് ഊഴമിട്ടെത്തിക്കുന്ന പെണ്ണുങ്ങളെ ആദ്യകാലങ്ങളില്‍ കൗതുകത്തോടെയും പിന്നീട് അറപ്പോടുകൂടിയും അതുകഴിഞ്ഞ് വെറുപ്പോടെയും പിന്നെയൊരു കാലം കൗടില്യത്തോടെയും അല്പം മുതിര്‍ന്നപ്പോള്‍ അവകാശത്തോടേയും കണ്ടു ലൂയി. പപ്പയുടെ അസിസ്റ്റന്റ് കുറുഞ്ചി കൊടുത്ത കൂണ്‍ തോരനും പിശ്ശാങ്കത്തിമുനയില്‍ തോണ്ടി വിരല്‍ത്തുമ്പിലേക്കു പകര്‍ന്ന കറുപ്പും ലൂയിയെ വേഗം വലിയൊരാളാക്കി. 
ആനമുടിക്കുന്നുകളെ അടക്കിവാഴുന്ന ഗ്രെവാള്‍ഡുമാര്‍ക്ക് ഉല്ലാസത്തിനായി കാട്ടുപെണ്ണുങ്ങളെ എങ്ങനെയൊക്കെ തട്ടിക്കളിക്കാമെന്ന് കുറുഞ്ചി മകന്‍ ദൊരൈസാമി ലൂയിയെ പഠിപ്പിച്ചു കൊടുത്തു. ആനമുടിക്കുന്നുകളിലെ വമ്പന്‍ മേടുകളിലൊക്കെ ലൂയി നടന്നുകയറി. മലയിടുക്കുകളിലെ നീര്‍ച്ചാലുകളൊക്കെ ലൂയി തൊട്ടുതൊട്ട് എണ്ണിയെടുത്തു. മരങ്ങളായ മരങ്ങളെയൊക്കെ വേറിട്ടറിഞ്ഞു. പെണ്ണുങ്ങളായ പെണ്ണുങ്ങളെയൊക്കെ, 'നിങ്ങള്‍ രസിക്കൂ അതാണെനിക്കു രസം' എന്ന് രസിക്കാന്‍ പഠിപ്പിച്ചു രസിച്ചു.

കൊടൈക്കനാലില്‍ നിന്നെത്തിയ വയലറ്റ് എന്ന പെണ്‍കുട്ടി ലൂയിയുടെ ഹെര്‍ ഹൈനസ്സാകുമ്പോഴേക്ക് ഒരുപാട് ജന്മങ്ങള്‍ താണ്ടിയിരുന്നു ആനമുടിക്കുമേല്‍ ലൂയി. എന്നാല്‍, പ്രകൃതിശാസ്ത്രത്തിന്റെ പാഠപുസ്തകങ്ങള്‍ നോക്കാന്‍ ലൂയിയെ പഠിപ്പിച്ചത് വയലറ്റാണ്. അരിഞ്ഞു തീര്‍ക്കുകയല്ല എന്നേക്കുമുള്ള ഖനിയായി ആനമുടിക്കുന്നുകളെ കാക്കുകയാണ് കാര്യമെന്ന്  അവള്‍ ലൂയിയെ പഠിപ്പിച്ചു.

പപ്പയുടെ അസിസ്റ്റന്റ് കുറുഞ്ചിയുടെ മകന്‍ ദൊരൈസാമി സ്വാഭാവികമായിത്തന്നെ ലൂയിയുടെ അസിസ്റ്റന്റായി വളര്‍ന്നു. കുതിരത്താരകളെ ബുള്ളറ്റുകള്‍ പായിക്കാനുള്ള വഴികളായി വഴക്കിയെടുക്കാന്‍ ദൊരൈസാമിയാണ് വഴിപ്പടങ്ങള്‍ വരച്ചുണ്ടാക്കിയത്. വഴി വരയ്ക്കാനുള്ള നീണ്ടയാത്രകളില്‍ ദൊരൈസാമിയും ലൂയിയും ആഴ്ചകളോളം മലമടക്കുകളില്‍ പിശറന്‍ കാറ്റില്‍ അലിഞ്ഞിഴഞ്ഞു. ലൂയിയുടെ കാലിടുക്കില്‍ കുനിഞ്ഞിരുന്ന് ദൊരൈസാമി അധികാരിയുടെ ഞരമ്പൊലിപ്പുകളുടെ വിരേചനം ഏറ്റുവാങ്ങി. ഓക്കാനിച്ചപ്പോഴൊക്കെ ഹിസ് ഹൈനസ് ആക്രോശത്തോടെ ദൊരൈസാമിയുടെ കവിളുകളില്‍ കുത്തിപ്പിടിച്ച് വായ് നിറച്ചു.

രതിയുടെ സാമൂഹ്യശാസ്ത്രത്തില്‍ അധികാരത്തിന്റെ ഏകശാസനം ദൊരൈസാമിയിലൊരു മലയിടിച്ചിലാണുണ്ടാക്കിയത്. കീഴ്‌വഴങ്ങിയവന്റെ അടിയാളത്തം എപ്പോഴും ഒരേ മട്ടില്‍ ഒരേ തരത്തില്‍ ഭയഭക്തിയോടെ കുനിഞ്ഞിരുന്നു. ഇടയ്ക്കിടെ പിന്മാറാന്‍ വെമ്പുന്ന മുക്കലുകളും മുരങ്ങലുകളും ജാഗ്രതയോടെ നിശ്ചലമാക്കപ്പെട്ടു. പിന്നെപ്പിന്നെ അധികാരത്തിന്റെ സ്രവങ്ങളെ അമൃതുപോലെ ആസ്വദിക്കാന്‍ അയാള്‍ മനപ്പൂര്‍വം ശ്രമിച്ചു. ബര്‍മിങ്ഹാമില്‍നിന്ന് കപ്പലില്‍ പ്രത്യേകം വരുത്തി മലകയറ്റിയെത്തിച്ച റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളില്‍ ലൂയിയും ദൊരൈസാമിയും ആനമുടിക്കു ചോടെയുള്ള മലയായ മലയിലെല്ലാം ബൈക്ക് മേധം നടത്തി.

***
ഹിസ് ഹൈനസ് ലൂയി ഗ്രെവാള്‍ഡിന്റെ മകന്‍ മാക്‌സ് ഗ്രെവാള്‍ഡിനെ ബുള്ളറ്റിനു പിന്നിലിരുത്തി ദൊരൈസാമി സാവധാനം ആനമുടിക്കുന്നിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി. അരഞ്ഞരഞ്ഞ് യന്ത്രക്കുതിര കന്യാഹരിതം ഭേദിച്ചു മുന്നേറിയപ്പോള്‍ മലനിരകള്‍ വിങ്ങലോടെ പേടിച്ച് വിധേയപ്പെട്ടു കിടന്നു. അതു പുറന്തള്ളുന്ന കറുത്ത നിശ്വാസം പൊട്ടിയൊലിച്ച ചോരമണം പോലെ വഴിയോരത്ത് പതഞ്ഞുനിന്നു. അമര്‍ന്നുകയറ്റത്തിന്റെ സാര്‍വ്വലൗകികമായ നാഗര ഗന്ധം കാട്ടുമണങ്ങളിലേക്ക് അലിഞ്ഞുചേരാനാകാതെ മൊടപിടിച്ച് കുതറിനിന്നു. ആകാശത്തിലേക്ക് കുത്തനെ ഒരു ബുള്ളറ്റ് ഓടിച്ചുകയറ്റുന്ന സ്വപ്‌നം പോലെ മാക്‌സ് ഗ്രെവാള്‍ഡ് ദൊരൈസാമിക്കു പിന്നില്‍ മുഴുവന്‍ ഉടലുകൊണ്ടും ഉയിരുകൊണ്ടും ഇറുകെ പിടിച്ചിരുന്നു. അങ്ങുതാഴെ ഇളംപാട്ടുപോലെ പതിഞ്ഞ താളത്തില്‍ അലസമൊഴുകുന്ന മേഘക്കുഞ്ഞുങ്ങളെ കണ്ട് മാക്‌സ് ഗ്രെവാള്‍ഡ് ഇളം കാറ്റിലുലയുന്ന വെരുകു മണം പോലെ തളിര്‍ത്തു. അകലെയകലെ ചക്രവാളം വരെ നിരനിരയായി വെച്ച നീലമലകളുടെ പല പല പാളികളുടെ മഹാകാശഭംഗി ഒരു 13 വയസ്സുകാരന്റെ ആത്മാവില്‍ തലച്ചോറിലെ ചുളിവുകളോളം ആഴത്തില്‍ നിറഞ്ഞു. മാക്‌സ് ഗ്രെവാള്‍ഡ് ദൊരൈസാമിയെ കെട്ടിപ്പിടിച്ചു. ശ്വാസം മുട്ടി അവന്‍ തുള്ളിത്തുളുമ്പി. ഇരവികുളത്തേക്കുള്ള ബൈക്ക് സഞ്ചാരങ്ങള്‍ മാക്‌സ് ഗ്രെവാള്‍ഡിനു മഹോത്സവമായി.

ഇരവികുളം ഹട്ടിനുള്ളില്‍വെച്ച് ഏതോ പച്ചിലച്ചാറു തേച്ച് നേരിയ ചവര്‍പ്പു വരുത്തിയ,  വയലറ്റു നിറമാര്‍ന്ന ഒരു മണിപ്പേരക്കായ മാക്‌സ് ഗ്രെവാള്‍ഡിനു കൊടുത്തു ദൊരൈസാമി. തെല്ലു നേരം കുഞ്ഞിനെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. പിന്നെ ഇരുതോളിലും പിടിച്ച് മാക്‌സ് ഗ്രെവാള്‍ഡിനെ മുന്നിലേക്കു വലിച്ചിരുത്തി. തണുതണുത്ത പിശറന്‍ കാറ്റില്‍ ദൊരൈസാമിയുടെ മെനകെട്ട നഗ്‌നത അശ്ലീലത്തിന്റെ ധ്വജമായി. അറപ്പും വെറുപ്പും പേടിയും ഒരു പതിമൂന്നുകാരന്റെ ആത്മാവില്‍ തലച്ചോറിലെ ചുളിവുകളോളം ആഴത്തില്‍ നിറഞ്ഞു. അലറിക്കരഞ്ഞ മാക്‌സ് ഗ്രെവാള്‍ഡിന്റെ കവിളുകളില്‍ കുത്തിപ്പിടിച്ച് ദൊരൈസാമി ആ വായ് നിറച്ചു. മാക്‌സ് ഗ്രെവാള്‍ഡ് എന്ന കുഞ്ഞു മനുഷ്യന്‍ അടിപടലേ അടിഞ്ഞുവീണു.

നട്ടെല്ലിലൂടെ ഒരു മഞ്ഞുപാളി പുതഞ്ഞുയരും പോലെ കുഞ്ഞു ഗ്രെവാള്‍ഡിനു പൊള്ളിപ്പനിച്ചു. പുതപ്പുകള്‍ക്കുമേല്‍ സ്വയമൊരു പുതപ്പായി മമ്മ വയലറ്റും മാക്‌സിനുമേല്‍ വിരിഞ്ഞു കിടന്നു. ഒരാഴ്ചയോളം നിന്നു തിമിര്‍ത്ത പനിയില്‍ മാക്‌സ് ഗ്രെവാള്‍ഡിന്റെ കുട്ടിത്തമാകെ കുത്തിയൊലിച്ച് തൂര്‍ന്നുപോയി. മലമടക്കുമുകളില്‍ പുതഞ്ഞുനില്‍ക്കുന്ന മഞ്ഞുമേഘം പോലെ മൗനം അവനുമേല്‍ കനച്ചുനിന്നു. ആകാശത്തേക്ക് കുത്തനെ ഒരു ബുള്ളറ്റ് ഓടിച്ചുകയറ്റുന്ന സ്വപ്‌നം മാക്‌സ് ഗ്രെവാള്‍ഡ് കാണാന്‍ തുടങ്ങിയത് അങ്ങനെയാണ്. അലറിക്കരഞ്ഞും പേടിച്ചുമുള്ളിയും കുഞ്ഞു ഗ്രെവാള്‍ഡ് തലപൊട്ടിപ്പിളരുന്ന വേദനയിലേക്കുണരുന്നത് താങ്ങാനാവില്ലെന്ന് ഉറപ്പായപ്പോളാണ് വയലറ്റ് മകനേയുംകൊണ്ട് മലയിറങ്ങിയത്.

ഫോര്‍ട്ടുകൊച്ചിയില്‍ കല്‍വത്തിപ്പുഴയുടെ തീരത്തെ ബംഗ്ലാവിന്റെ മട്ടുപ്പാവിലിരുന്ന് അകലെയകലെ ചക്രവാളം വരെ നിരനിരയായി വെച്ച നീലത്തിരകളുടെ പല പല പാളികളുടെ മഹാസമുദ്രഭംഗി മാക്‌സ് ഗ്രെവാള്‍ഡിന്റെ ആത്മാവിലെ ആഴച്ചുഴികളിലും ചുളിവുകളിലും സാന്ത്വനമായി നിറഞ്ഞു.

***
നീണ്ട 35 കൊല്ലം! ആനമുടിക്കുന്നുകളില്‍ അധികാരത്തിന്റെ സാമൂഹ്യശാസ്ത്രം പലപാട് വേരുണങ്ങിയും വേരുപിണഞ്ഞും പുതുവേരുകളുണര്‍ന്നും പുതുപച്ചകള്‍ വിടര്‍ത്തിയിരുന്നു. ഗ്രെവാള്‍ഡുമാര്‍ പടുത്തുകെട്ടിയ തീവണ്ടിനിലയങ്ങളും വന്മരങ്ങളെ വെട്ടിയിറക്കുന്ന പാതകളും പെരുംപ്രളയങ്ങളില്‍ ശകലങ്ങള്‍പോലും ബാക്കിയില്ലാതെ ഒലിച്ചിറങ്ങിയിരുന്നു. കല്‍വത്തിപ്പുഴയുടെ തീരത്തെ പഴയ ബംഗ്ലാവിനടുത്ത് വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ വിമാനമിറക്കാന്‍ നിലയമൊരുങ്ങിയെന്നറിഞ്ഞ് അമ്പരപ്പിക്കുന്ന ആഹ്ലാദത്തിലാണ് മാക്‌സ് ഗ്രെവാള്‍ഡും എമിലിയും ഗ്ലാസ്‌ഗോയില്‍നിന്ന് വിമാനം കയറിയത്.

ഏറ്റവും ഇഷ്ടമുള്ള നിറം നീലയായത് എന്തുകൊണ്ടെന്ന് മാക്‌സ് എമിലിയോട് പറഞ്ഞിട്ടുണ്ടായിരുന്നു. അകലങ്ങളിലെ മലകളുടേയും അലകടലിന്റേയും നിറം. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഇടമേത്, ഏറ്റവും ഇഷ്ടമുള്ള മനുഷ്യനാര്... ഏറ്റവും വെറുക്കുന്നതെന്തിനെ... എല്ലാ മനുഷ്യര്‍ക്കും അവരവരുടെ ഉത്തരങ്ങളുണ്ടാവണമെന്ന് എമിലി നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒരിക്കലെങ്കിലും അത്തരം ചോദ്യങ്ങളില്‍ സ്വയം അറിയണം. മാക്‌സിന്റെ ഉത്തരങ്ങളെല്ലാം ആനമുടിക്കുന്നുകളിലായിരുന്നു. ബാല്യത്തിന്റെ എക്കലുകളിലാണല്ലോ ഓര്‍മ്മകള്‍ ആഴത്തില്‍ വേരുപിടിക്കുന്നത്.

കൈമാറിപ്പോയ അധികാരം ഫോര്‍ട്ടുകൊച്ചിയിലെ ബംഗ്ലാവില്‍ ഒരു നിറം മാറ്റമേ വരുത്തിയിരുന്നുള്ളൂ. അടര്‍ന്ന ചുവരുകള്‍ മിനുക്കി. പാറി നിറയുന്ന പൊടിയുടെ പെരുപ്പം അറിയാതിരിക്കാന്‍ ഇളം തവിട്ടിലേക്കു മാറി; അത്രമാത്രം. ബംഗ്ലാവിന്റെ മട്ടുപ്പാവില്‍ കൈവരികളില്‍ ഇളക്കം തട്ടിയ പഴയ മരക്കസേരയിട്ട് മാക്‌സ് ഗ്രെവാള്‍ഡ് കടല്‍ കാണാനിരുന്നു. അതേ കടല്‍. ചക്രവാളം വരെ നിരനിരയായി വെച്ച ചെറിയ ചെറിയ നീലത്തിരകളുടെ അതേ ജലപാളികള്‍. അകലെ തെളിഞ്ഞ ആ വെളിച്ചം പോലും പഴയതാണെന്ന് മാക്‌സ് എമിലിക്കു കാണിച്ചുകൊടുത്തു.

പിറ്റേന്ന് മാക്‌സ് ആനമുടിക്കുന്നുകളിലേക്ക് ടാക്‌സി പിടിച്ചു. ഏറ്റവും വലിയ ഇഷ്ടങ്ങളെ അതേ കൊതിയോടെ കാണാന്‍. അതിലും വലിയ വെറുപ്പിനു നേരേ അത്ര അറപ്പോടെ അമറിത്തുപ്പാന്‍. മൂന്നാറില്‍നിന്ന് ഫ്രണ്ട് വീല്‍ ഡ്രൈവ് ജീപ്പില്‍ മുകളിലേക്ക്. അനുമതികളെല്ലാം നേടിയെടുക്കാന്‍ പഴയ അധികാരത്തിന്റെ സൂചനകള്‍ മതിയായിരുന്നു.

കരിങ്കല്ലില്‍ പടുത്ത ചുവരിനു ചേര്‍ന്ന് ദൊരൈസാമി പതുങ്ങിക്കിടക്കുകയായിരുന്നു. വലതുകാല്‍ മുട്ടിനു മുകളില്‍വെച്ച് മുറിച്ചുനീക്കിയിരുന്നതിനാല്‍ മിക്കപ്പോഴും അതേ കിടപ്പ്. പരുത്ത കിടക്കയിലുരഞ്ഞ് പുറത്ത് അവിടവിടെ തിണര്‍ത്തും പൊട്ടിയും. ഇരവികുളം ഹട്ടില്‍ വനപാലകരുണ്ടാവുമെന്ന് അയാള്‍ പറഞ്ഞു. വഗ്വാരയില്‍നിന്ന് 10 കിലോമീറ്ററോളം കയറണം. മുകളിലേക്കു കയറാന്‍ കൂട്ടിനു വിടാന്‍ പക്ഷേ, ആരുമുണ്ടായിരുന്നില്ല. വനപാലകരുടെ ബുള്ളറ്റില്‍ മാക്‌സും എമിലിയും.

അരഞ്ഞരഞ്ഞ് യന്ത്രക്കുതിര മുന്നേറിയത് തെളിഞ്ഞ വഴികളിലൂടെയായിരുന്നു. ബുള്ളറ്റുകളുടെ കുടുകുടു ശബ്ദത്തെ ഒട്ടും ഗൗനിക്കാതെ ആനമുടിക്കുന്നുകള്‍ പതിവു കടന്നു കയറ്റങ്ങളിലെ  താല്പര്യമില്ലായ്മയോടെ അലസമായി കിടന്നു. ഇരവികുളം ഹട്ടില്‍ വനപാലകര്‍ പേരയ്ക്ക കൊടുത്തപ്പോള്‍ പക്ഷേ, ഗ്രെവാള്‍ഡിന് ഓക്കാനം വന്നു. എമിലി, മാക്‌സിനെ ചേര്‍ത്തു പിടിച്ച് പുറത്ത് തടവി. സസ്യങ്ങള്‍ മനുഷ്യരെക്കാളും ഓര്‍മ്മകള്‍ പേറുന്നവയാണെന്ന് മാക്‌സ് പറഞ്ഞു.

***
ഫോര്‍ട്ടുകൊച്ചിയിലെ ബംഗ്ലാവിനെ ഗ്രെവാള്‍ഡ് ഫൗണ്ടേഷന്റെ പൂര്‍ണ്ണ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് ഏജ് ഹോമായി മാറ്റാമെന്നു പറഞ്ഞത് എമിലിയായിരുന്നു. ആദ്യ അന്തേവാസിയായി ചക്രക്കസേരയില്‍ ദൊരൈസാമിയെത്തി. അയാള്‍ എന്തൊരു പാവമായിരിക്കുന്നു അല്ലേ എന്ന് എമിലിയോടു ചോദിക്കുമ്പോള്‍ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും മാക്‌സിന്റെ തൊണ്ടയിലെ മലയിടിച്ചിലില്‍ വാക്കുകള്‍ ചിതറി. എല്ലാ മനുഷ്യരും പാവങ്ങളാണ്. മാക്‌സ്  എമിലി പ്രണയം വീണ്ടെടുത്തു. പാവത്തത്തിന്റെ സസ്യതകള്‍ വെട്ടിയിറക്കി അധികാരത്തിന്റെ തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കും നമ്മള്‍. അതാണ് നമുക്ക് വളര്‍ച്ച. പ്രായമാകുമ്പോള്‍, ശരീരം തളരുമ്പോള്‍ എല്ലാ മനുഷ്യരും വീണ്ടും പാവങ്ങളായി മാറുമെന്ന് എമിലി പറഞ്ഞു. മണ്ണിനടിയില്‍ വേരുകളില്‍ ജീവന്റെ ശകലങ്ങള്‍ പൂഴ്ത്തി, മഴയുടെ തക്കം പാര്‍ത്തു കഴിയും ആ പഴയ സസ്യങ്ങള്‍. മരം മറിഞ്ഞുവീണാലും അതേ വേരുകളില്‍നിന്ന് വൈകാരികത പൊടിഞ്ഞുണര്‍ന്ന് സസ്യങ്ങള്‍ വളരും. നൂറ്റാണ്ടു പിന്നിട്ടാലും തേയിലയുടെ ഏകശാസനത്തിനു കര്‍ശന നിയന്ത്രണത്തില്‍നിന്നൊരയവു വന്നാല്‍ മതി മണ്ണിനടിയിലെ നൂറു നൂറായിരം വനവേരുകളില്‍ മയങ്ങിക്കിടക്കുന്ന സസ്യസമൂഹം തിണര്‍ത്തുയരുകതന്നെ ചെയ്യും. ഇളവില്ലാത്ത കാര്‍ക്കശ്യത്തോടെ നിരന്തരം വെട്ടിയൊതുക്കി പുതുനാമ്പുകളെ നുള്ളി നുള്ളിക്കൊണ്ടേയിരുന്നില്ലെങ്കില്‍ ഒരേ നിരപ്പില്‍ ഒരു സസ്യവും ഒരു പരപ്പിലും അമര്‍ന്നൊതുങ്ങില്ല. ഒരു മഴയുടെ നിശ്വാസവേള മതി മണ്ണിനടിയില്‍നിന്ന് വനവേരുകള്‍ ചന്നം പിന്നം പൊട്ടിയുണരാന്‍. ഏകവിളയുടെ കൊടുംശാസനങ്ങളെ തൂര്‍ത്ത് പൊന്തിപ്പടരാന്‍...

മനുഷ്യര്‍ പാവങ്ങളാണ് മാക്‌സ്... എമിലി, ഗ്രെവാള്‍ഡിന്റെ കണ്ണുകളിലേക്ക് ചിരിച്ചു. പിന്നെയവര്‍ കൈവേരുകളില്‍ കോര്‍ത്തുപിടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com