'പപ്പായ'- അംബികാസുതന്‍ മാങ്ങാട് എഴുതിയ കഥ

ഗേറ്റില്‍ പേരുണ്ട്. വീട് തെറ്റിയിട്ടില്ല. ശബ്ദമുണ്ടാക്കാതെ സവിധന്‍ ഗേറ്റ് ഉന്തിത്തുറന്ന് അകത്ത് കയറി. നാലഞ്ചുനിമിഷം നിശ്ചലനായി നിന്ന് ചുറ്റും നോക്കി
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ഗേറ്റില്‍ പേരുണ്ട്. വീട് തെറ്റിയിട്ടില്ല. ശബ്ദമുണ്ടാക്കാതെ സവിധന്‍ ഗേറ്റ് ഉന്തിത്തുറന്ന് അകത്ത് കയറി. നാലഞ്ചുനിമിഷം നിശ്ചലനായി നിന്ന് ചുറ്റും നോക്കി. കുട്ടിക്കാലം മുതല്‍ നായ്ക്കളെ ഭയങ്കര പേടിയാണ്.
മഞ്ഞച്ചായം തേച്ച വീട്ടിലേക്ക് ഇരുന്നൂറടിയെങ്കിലും ദൂരമുണ്ട്. വഴിക്കിരുവശത്തും നിറയെ ചെടികളും മരങ്ങളും. പപ്പായമരങ്ങള്‍ക്കിടയില്‍ ഒരാള്‍ നില്പുണ്ടായിരുന്നു. സവിധന്‍ ആശ്വാസത്തോടെ അങ്ങോട്ട് നടന്നു.
അത്ഭുതകരമായ ദൃശ്യം കണ്ട് സവിധന്‍ നോക്കിനിന്നുപോയി. നൂറോളം പപ്പായ മരങ്ങള്‍. പപ്പായച്ചെടികള്‍ എന്നു പറയുന്നതാവും കൂടുതല്‍ ഭംഗി. മനുഷ്യന്റെ പൊക്കമേയുള്ളൂ. ഓരോന്നിലും കൊഴുത്തുരുണ്ട വലിയ പപ്പായകള്‍. കുറച്ചൊന്നുമല്ല. നിറയെ കുലച്ചിരിക്കുകയാണ്. ഓറഞ്ച് നിറത്തോടെ പഴുക്കാന്‍ തുടങ്ങിയവയും ധാരാളമുണ്ട്.

നന്നായി പഴുത്തൊരു പപ്പായ ഇരുകൈകള്‍കൊണ്ടും ഏറ്റിപ്പിടിച്ച് അരികിലേക്കു വന്ന മനുഷ്യനോട് സവിധന്‍ ചോദിച്ചു:
'ഫീലിപ്പോസ് സാറല്ലേ?'
പുഞ്ചിരിയോടെ അയാള്‍ തലകുലുക്കി.

'ആണല്ലോ. എന്താ കാര്യം?'
ഫീലിപ്പോസ് ചെറുപ്പക്കാരനെ അടിമുടിയൊന്ന് നോക്കി. പത്തിരുപത്തഞ്ച് വയസ്സ് കാണും. താടിയും മുടിയും നീട്ടി വളര്‍ത്തിയിട്ടുണ്ട്. ഒരു കാതില്‍ മിന്നുന്ന കമ്മല്‍. തോളില്‍ തുണി സഞ്ചി. ഒരു ശില്പിയോ ചിത്രകാരനോ ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്.

സവിധന്‍ അഭ്യര്‍ത്ഥിച്ചു:
'സാറോട് ഒരഞ്ചു മിനിട്ട് സംസാരിക്കാനാണ്. എന്റെ  പേര് സവിധന്‍.'
'ഓ, അതിനെന്താ, വരൂ.'
വീടിന്റെ സിറ്റൗട്ടില്‍ കസേര നീക്കിയിട്ട് ഫീലിപ്പോസ് ക്ഷണിച്ചു:
'സവിധന്‍ ഇരിക്കൂ.'
പപ്പായ അകത്ത് കൊണ്ട് വെച്ചശേഷം ഒരു ഷര്‍ട്ട് ഇട്ട് കൊണ്ടുവന്ന് ഫീലിപ്പോസ് എതിരെയുള്ള കസേരയിലിരുന്നു.
'പറയൂ, എന്താ വേണ്ടത്?'
'സാര്‍, ഞാന്‍ കുറച്ചകലെ നിന്നാണ്. എനിക്കൊരുപകാരം ചെയ്യണം. സാറിന്റെ ഇന്റിമേറ്റ് ഫ്രണ്ടല്ലേ ഗുണശേഖരന്‍ സാറ്. ഒന്ന് പരിചയപ്പെടുത്തിത്തരണം.'
ഫീലിപ്പോസിന് അത്ഭുതമായി. ആദ്യമായിട്ടാണ് ഒരാള്‍ ഗുണശേഖരനെ തേടിവരുന്നത്.
'ദാ, ഇവിട്ന്ന് നാലാമത്തെ വീടാണ്. ഗേറ്റില്‍ എഴുതിവെച്ചിട്ടുണ്ട്. 'തക്ഷശില.'
'സാര്‍, സത്യത്തില്‍ ഞാനവിടെ ചെന്നിരുന്നു. പക്ഷേ, വാതില്‍ തുറന്നില്ല. ജനലിലൂടെ എന്തോ വിളിച്ചുപറഞ്ഞു. എനിക്ക് മുഴുവനായൊന്നും മനസ്സിലായില്ല. കാര്യമായ ജോലിയിലാണ്, ബുദ്ധിമുട്ടിക്കരുത് എന്നാണെന്നു തോന്നി. വലിയ വീടിന്റെ മുറ്റത്തുണ്ടായിരുന്ന സാറിന്റെ വൈഫ് പറഞ്ഞു. ഫീലിപ്പോസ് സാറ് വന്നാലേ വാതില് തുറക്കാറുള്ളൂ എന്നും രാപ്പകലിരുന്ന് എന്തോ വലിയ പുസ്തകം എഴുതുകയാണ് എന്നും. എന്ത് പുസ്തകമാ സാറേ?'
പലവട്ടം ഫീലിപ്പോസും സ്വയം ചോദിച്ച ചോദ്യമാണ്. ഏതു പുസ്തകമായിരിക്കും? അടുത്ത കാലത്തായി കാണാന്‍ ചെന്നാല്‍ കുറേ എഴുതാനുണ്ട് എന്നു പറഞ്ഞ് രണ്ട് മൂന്ന് മിനിട്ടില്‍ മുറിയില്‍ കയറി വാതിലടയ്ക്കും. അങ്ങോട്ട് ചോദിച്ചില്ല. വേണമെങ്കില്‍ പറയട്ടെ എന്നു വിചാരിച്ചു. തന്നോടല്ലെങ്കില്‍ പിന്നെ ആരോടാണ് ഗുണശേഖരന്‍ പറയുക? ഒരേ ദിവസം കോളേജില്‍ ജോയിന്‍ ചെയ്തവരാണ്. ഒന്നിച്ച് അടുത്തടുത്ത് വീടു വെച്ചു. ഒന്നിച്ചായിരുന്നു പോക്കും വരവും. ഒരേ ദിവസം പെന്‍ഷന്‍ പറ്റി. പക്ഷേ, അധികമാരോടും ലോഹ്യം കൂടുന്ന പതിവ് ഗുണശേഖരനുണ്ടായിരുന്നില്ല.

സവിധന്‍ വീണ്ടും ചോദിച്ചു:
'എന്ത് പുസ്തകമായിരിക്കും സാറേ? നോവലോ മറ്റോ?'
'ഹേയ്! നോവലായിരിക്കില്ല. ലിറ്ററേച്ചര്‍ പുസ്തകങ്ങള്‍ കാണുന്നതേ പുള്ളിക്ക് അറപ്പായിരുന്നു.'
ഫീലിപ്പോസ് വീണ്ടും ആലോചനയിലാണ്ടു. രണ്ട് മൂന്ന് കൊല്ലമായിക്കാണും എഴുത്ത് തുടങ്ങിയിട്ട്. ഇതുവരെ എന്തുകൊണ്ട് ആ വിഷയം ആലോചിച്ചില്ലെന്ന് ഓര്‍ത്തപ്പോള്‍ വിസ്മയം തോന്നി. ഇന്ത്യയുടെ പ്രാചീന ചരിത്രമോ മറ്റോ ആയിരിക്കുമോ? പക്ഷേ, സര്‍വ്വീസിലിരിക്കുന്ന കാലത്ത് ഒരു കുറിപ്പ് പോലും എഴുതിക്കണ്ടിട്ടില്ല. വായനാശീലമോ ലൈബ്രറിയില്‍ കയറുന്നതോ കണ്ടിട്ടില്ല. കുട്ടികളിട്ട വട്ടപ്പേര് 'അച്ചുതണ്ട്' എന്നായിരുന്നു. പ്രിപ്പയര്‍ ചെയ്യാതെ ക്ലാസ്സിലെത്തുന്ന ദിവസങ്ങളിലെല്ലാം കയ്യിലൊരു ഗ്ലോബുണ്ടാകും. മേശപ്പുറത്ത് വെച്ച് കുട്ടികളോട് ഓരോ രാജ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ആവശ്യപ്പെടും. ഓരോ ബെഞ്ചായി വന്ന് കുട്ടികള്‍ രാജ്യങ്ങള്‍ കണ്ടുപിടിക്കും. ക്ലാസ്സെടുത്താല്‍ തന്നെ കുട്ടികള്‍ക്ക് ഒന്നും പിടികിട്ടില്ല. ആദ്യത്തെ രണ്ടു നിര ബ!ഞ്ചുകള്‍ക്കുമാത്രം കേള്‍ക്കുന്ന കുഞ്ഞ് ശബ്ദമാണ്. അതാവട്ടെ, അക്ഷരങ്ങളൊന്നും തെളിയാത്ത ഒരു കൊഞ്ചിക്കുഴയലായിരുന്നു. അതുകൊണ്ട് ഗ്ലോബുമായി ക്ലാസ്സില്‍ കയറിവരുന്ന ദിവസം കുട്ടികള്‍ക്ക് വലിയ സന്തോഷമായിരുന്നു.
ഫീലിപ്പോസ് നിസ്സഹായനായി.

'എനിക്കും മനസ്സിലാവുന്നില്ല സവിധന്‍. അത് പോട്ടെ, എന്താ താങ്കളുടെ ഉദ്ദേശ്യം?'
കവിത ചൊല്ലാനൊരുങ്ങുന്നപോലെ സവിധന്‍ തൊണ്ട ശരിയാക്കി.
'സാര്‍, ഞാനൊരു ഫേസ്ബുക്ക് കവിയാണ്. സവിധന്‍ അനങ്ങാപ്പാറ. സാറ് വായിച്ചിട്ടുണ്ടാകും. ഫേസ്ബുക്കില്‍ ഏറ്റവുമധികം കവിതകള്‍ മലയാളത്തില്‍ എഴുതുന്നത് ഞാനാണ്. ഇടയ്ക്ക് കഥകളും എഴുതാറുണ്ട്. ഇക്കഴിഞ്ഞ പ്രളയത്തിനു ഞാന്‍ 'പ്രളയശതകം' സീരീസില്‍ നൂറ് കവിതകള്‍ എഴുതി. ആദ്യമൊക്കെ അഞ്ചും പത്തും ലൈക്കുകള്‍ കിട്ടിക്കൊണ്ടിരുന്നു. പിന്നെ തീരെ ഇല്ലാതായി. നൂറാമത്തേതിന് ഒരു ലൈക്ക് പോലും കിട്ടിയില്ല സാര്‍. അതോടെ ഞാന്‍ നിരാശയുടെ പടുകുഴിയില്‍ വീണുപോയി. ഒരാഴ്ച വീട്ടില്‍നിന്നും പുറത്തിറങ്ങിയില്ല. ആത്മഹത്യയെക്കുറിച്ചുപോലും ഞാന്‍ കാര്യമായി ചിന്തിച്ചുതുടങ്ങി. അക്കാലത്താണ് ഞാന്‍ ഗുണശേഖരന്‍ സാറിന്റെ ഫേസ്ബുക്ക് ഫ്രണ്ടാവുന്നത്. ഹോ, സാറിന്റെ ഓരോ പോസ്റ്റിനും കിട്ടുന്നത് ആയിരക്കണക്കിന് ലൈക്കും കമന്റുകളുമാണ് സാറേ! വാട്‌സാപ്പ് ഗ്രൂപ്പുകളിലെല്ലാം ഗുണശേഖരന്‍ സാറ് തരംഗമാണ്. ഇടിവെട്ട് പോസ്റ്റുകളാണെല്ലാം. അദ്ദേഹത്തെ നേരില്‍ക്കണ്ട് പരിചയപ്പെടാനുള്ള ആവേശം കൊണ്ടാണ് സാര്‍.'
ഫീലിപ്പോസ് വിസ്മയത്തോടെ ചോദിച്ചു:

'ഗുണശേഖരന്‍ പോസ്റ്റുകളൊക്കെ എഴുതിയിടുമോ? ലോകത്തിലെ സംഭവങ്ങളോടൊക്കെ പ്രതികരിക്കുമോ?'
'സ്വന്തം പോസ്റ്റല്ല സാര്‍, എല്ലാം ഷെയര്‍ ചെയ്യുന്നതോ ഫോര്‍വേഡ് ചെയ്യുന്നതോ ആണ്. പക്ഷേ, ഞാന്‍ സ്വന്തമായി എഴുതിയിടുന്നതാ. പക്ഷേ, ഒരു കവിതപോലും ആരും ഷെയര്‍ ചെയ്യുന്നില്ല. കമന്റില്ല. കണ്ടതായി നടിച്ച് വിരല്‍ പൊക്കുന്നുപോലുമില്ല.'
ഫീലിപ്പോസ് ചിന്താധീനനായി പറഞ്ഞു:

'ഒരു നിലപാടുണ്ടായാല്‍ വായനക്കാര്‍ പരിഗണിക്കും സവിധന്‍.'
'അതൊക്കെ വെറുതെ സാറേ. പത്ത് ദിവസം മുന്‍പ് ഗുണശേഖരന്‍ സാറ് പെണ്ണുങ്ങള്‍ മല കയറുന്നതിനെതിരെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ആയിരത്തിലധികം കമന്റുകളും നാന്നൂറോളം ഷെയറുകളും മലവെള്ളം പോലെ വന്നു. മിനിഞ്ഞാന്ന് ഷെയര്‍ ചെയ്ത മലകയറ്റത്തിനെ അനുകൂലിക്കുന്നൊരു പോസ്റ്റാണ്. അതിനും കിട്ടി ഉരുള്‍പൊട്ടിയപോലെ പ്രതികരണങ്ങള്‍. ഫേസ്ബുക്കില്‍ നിലപാടൊന്നും വേണ്ട സാര്‍ ലൈക്ക് കിട്ടാന്‍.'
ഫീലിപ്പോസിന് അത്ഭുതമായി.

'ആണോ? ഗ്രന്ഥരചനയ്ക്കിടയില്‍ ഇതിനൊക്കെ ഗുണശേഖരന്‍ എങ്ങനെ സമയം കണ്ടെത്തുന്നു?'
'അറിയില്ല സാര്‍.'
'ഫേസ്ബുക്കില്‍ വരുന്ന മറ്റു കവികളുടെ രചനകളൊക്കെ സവിധന്‍ വായിക്കാറുണ്ടോ?'
'അന്യരുടെ കവിതകളൊന്നും ഞാന്‍ നോക്കാറില്ല സാര്‍.'
'അതെന്തേ?'
'അതെന്റെ കവിതയിലെ മൗലികതയേയും സര്‍ഗ്ഗാത്മകതയേയും വന്ധ്യംകരിച്ചു കളയും സാര്‍.'
തേട്ടിവന്ന ചിരിയെ പല്ലുകള്‍കൊണ്ട് ഞെരിച്ച് പിടിച്ച് ഫീലിപ്പോസ് തലകുലുക്കി.
'അത് ശരിയാ.'
'സാറിന് ഈ ഫേസ്ബുക്കും വാട്‌സാപ്പുമൊന്നും ഇല്ലേ?'
'ഉണ്ട് സവിധന്‍. പക്ഷേ, തുറന്നൊന്ന് നോക്കാന്‍ നേരം കിട്ടണ്ടെ? കാലത്ത് അഞ്ചര ആറു മണിയാകുമ്പോഴേയ്ക്കും ഞാന്‍ പറമ്പിലേക്കിറങ്ങും. കുറേ പച്ചക്കറിയും തെങ്ങും കവുങ്ങുമൊക്കെ ഉണ്ട്. ഒരേക്ര  വയലുണ്ട്. ഒരു കൊല്ലത്തേക്കുള്ള നെല്ല് കിട്ടും. ഉപ്പൊഴിച്ച് കടയില്‍നിന്ന് ഞങ്ങളൊന്നും വാങ്ങാറില്ല. കുളത്തില്‍ മീനുള്ളതുകൊണ്ട് എല്ലാ ദിവസവും കറിയില്‍ മീനുണ്ടാകും. കണ്ടില്ലേ, കോഴികളും പശുക്കളും ഉണ്ട്. ഇരുട്ടുന്നതുവരെ ഓരോ പണിയുണ്ടാകും. വീട്ടിനുള്ളില്‍ കേറിയാലും എന്തെങ്കിലുമൊക്കെ കാണും. പിന്നെയെപ്പഴാ മൊബൈല് തുറന്ന് ചാറ്റാനും ചീറ്റാനുമൊക്കെ നേരം?'
മൊബൈല്‍ നീട്ടിപ്പിടിച്ച് സവിധന്‍ പറഞ്ഞു:

'സാറ് ലിറ്ററേച്ചറല്ലേ പഠിപ്പിച്ചത്. എന്റെ ഈ പുതിയ കവിത ഒന്നു നോക്കിയേ. വരുന്ന വഴിക്ക് ബസിലിരുന്ന് എഴുതിയതാ. എയറ് ചെയ്തിട്ടിപ്പോ രണ്ട് മൂന്ന് മണിക്കൂറായി. കണ്ടോ, ആകെക്കിട്ടിയത് രണ്ട് ഉണക്കലൈക്ക്.'
ഫീലിപ്പോസ് കവിതയിലേക്ക്  നോക്കി. പത്ത് വരികളേയുള്ളൂ. മലയാളത്തിലാണ്. പക്ഷേ, മൂന്നുവട്ടം വായിച്ചു നോക്കിയിട്ടും തലയും വാലും തിരിയുന്നില്ല. നിരാശയെ വിഴുങ്ങിക്കളഞ്ഞ് വരണ്ട ചിരി ചിരിച്ച് പറഞ്ഞു:
'നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്... ഞാന്‍ പത്ത് മുപ്പത് കൊല്ലം ലിറ്ററേച്ചര്‍ പഠിപ്പിച്ചു എന്നത് നേര് തന്നെ. പക്ഷേ, ഈ സാഹിത്യത്തോടൊന്നും എനിക്കൊരു കാലത്തും മമത തോന്നീട്ടില്ല. കുറേയാളുകള്‍ കുത്തിയിരുന്ന് ഓരോ ഭാവന പടച്ചുവിടുന്നു. കാശും പ്രശസ്തിയും നേടുന്നു. സാധാരണ മനുഷ്യന് അതേക്കൊണ്ട് എന്ത് പ്രയോജനം? സയന്‍സ് കോഴ്‌സിനു വേണ്ട മാര്‍ക്കില്ലാത്തതുകൊണ്ടാ വീട്ടുകാര്‍ എന്നെ ലിറ്ററേച്ചറിനു നിര്‍ബ്ബന്ധിച്ച് ചേര്‍ത്തത്. എം.എ. കഷ്ടിച്ച് പാസ്സായിക്കിട്ടിയപ്പോള്‍ അപ്പന്‍ കുറേ കാശ് സംഘടിപ്പിച്ച് കോളേജിലെ ജോലി സംഘടിപ്പിച്ചു തന്നു. അങ്ങനെ കുറേക്കാലം ജീവിച്ചുപോയി. സത്യം പറയാലോ സവിധന്‍, റിട്ടയര്‍ ചെയ്തശേഷം ഞാനൊരു പുസ്തകമോ വീക്കിലിയോ മറിച്ചുനോക്കിയിട്ടില്ല.'
ഫീലിപ്പോസിന്റെ വീട്ടുകാരി ഒരു വെള്ളിത്തട്ടില്‍ രണ്ട് ഗ്ലാസ്സ് പാനീയവും ഒരു സ്റ്റീല്‍പ്ലേറ്റ് നിറയെ പപ്പായ ചെത്തിപ്പൂളിയതും ടീപ്പോയിന്മേല്‍ കൊണ്ടുവെച്ചു. വെട്ടിത്തിളങ്ങുന്ന ഓറഞ്ച് നിറത്തില്‍ കഷണങ്ങള്‍ ശോഭിക്കുന്നത് കണ്ടപ്പോള്‍ സവിധന് കൊതി തോന്നി. പണ്ടേ പപ്പായ ഭയങ്കര ഇഷ്ടമാണ്.
'കഴിക്കൂ.'
ഫീലിപ്പോസ് പറഞ്ഞു.

കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ സവിധന്‍ ഒരു കഷണമെടുത്ത് കടിച്ചു. ഹോ! എന്തൊരു സ്വാദ്! ഇത്ര രുചിയുള്ള പപ്പായ ജീവിതത്തില്‍ കഴിച്ചിട്ടില്ല. സവിധന്റെ മുഖത്തെ തിളക്കം കണ്ട് ഫീലിപ്പോസ് ചോദിച്ചു:
'ഇഷ്ടപ്പെട്ടോ?'
'ഇഷ്ടപ്പെട്ടോ എന്നോ? പതിനായിരം ലൈക്ക് ഒന്നിച്ചു കൊടുക്കാവുന്ന ടേസ്റ്റാ സാറേ.'
'കര്‍ണ്ണാടകയിലെ കുന്താപുരത്ത് എന്റെ ഒരു ചാച്ചനുണ്ട്. അവിടന്ന് കൊണ്ടുവന്ന പപ്പായച്ചെടികളാ. വെറ്‌തെ നട്ടുകൊടുത്താല്‍ മതി. മത്സരിച്ച് കായ്‌ച്ചോളും. കറിക്കും ഉപ്പേരിക്കും പച്ചടിക്കും കിച്ചടിക്കുമൊക്കെ ബെസ്റ്റാ. പരിപ്പിട്ട് മൊളൂഷ്യം വെച്ചാല്‍ സംഗതി സൂപ്പറാ.'
'കടയില്‍ കൊടുത്താല്‍ നല്ല വെലയും കിട്ടും അല്ലേ?'
'ഏയ്! ഇതൊന്നും ഞാന്‍ വില്‍ക്കാറില്ല. ഈ പ്രദേശത്തെ വീടുകളിലൊക്കെ കൊടുക്കും. എല്ലാ ജാതിമതക്കാരും കൊണ്ടുപോകും. അതൊര് സന്തോഷമല്ലേ.'
ഗ്ലാസ്സിലെ കൊഴുത്ത മഞ്ഞലായിനി എടുത്ത് നോക്കുന്നത് കണ്ടു ഫീലിപ്പോസ് പറഞ്ഞു:
'ധൈര്യമായി കുടിച്ചോളൂ. പാഷന്‍ഫ്രൂട്ട് ജ്യൂസാ. ഇവിടെ വിളഞ്ഞതാ. ഞങ്ങള്‍ ചായേം കാപ്പിയുമൊക്കെ എന്നേ നിര്‍ത്തി. പഞ്ചസാര വീട്ടിക്കേറ്റാറില്ല. പപ്പായ മുഴുവന്‍ കഴിക്കൂ. ബാക്കി വെയ്ക്കണ്ട.'
സവിധന്‍ പ്ലേറ്റ് കാലിയാക്കി. ജ്യൂസ് കുടിച്ചുതീര്‍ത്തപ്പോള്‍ വയര്‍ നിറഞ്ഞു.
'സാര്‍ ഒന്ന്  എന്റെ കൂടെ വരാമോ?'
'വരാമല്ലോ, ഗുണശേഖരനെ കണ്ടിട്ടും നാള് കുറച്ചായി.'
ഗേറ്റ് കടന്നു റോഡിലേക്കെത്തിയപ്പോള്‍ ഫീലിപ്പോസ് സ്വാതന്ത്ര്യത്തോടെ സവിധന്റെ തോളില്‍ കൈവെച്ചു.
'രണ്ട് മൂന്ന് കാര്യങ്ങളുണ്ട് സവിധന്‍. ഒന്ന് നിന്റെ പേര്. ഫേസ്ബുക്കിന് അത് കൊള്ളില്ല. നല്ല മിനുസമുള്ള പേര് വേണം. നിന്റെ പേരിന്റെ വാലും തീരെ കൊള്ളില്ല. എന്തിനാ അനങ്ങാപ്പാറ?'
'അത് ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണ് സാര്‍. അവിടെ ഒരു കൂറ്റന്‍ പാറയുണ്ട്. അതാ നാടിന് ആ പേര് വന്നത്.'
'പക്ഷേ, അനങ്ങാപ്പാറ നിന്റെ പേരിലുള്ള കാലത്തോളം നിന്റെ കമന്റ് ബോക്‌സില് അനക്കമുണ്ടാവില്ല. പിന്നെ ഫോട്ടോ. നല്ല ഫോട്ടോ വേണം. മോന്ത നന്നല്ലെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല. ഏതെങ്കിലും സിനിമാതാരത്തിന്റെ ഫോട്ടോ ഇട്ട് നോക്ക്. ലൈക്ക് പ്രവഹിക്കും. ഇടയ്ക്ക് മറ്റുള്ളോര്‍ക്കും ഓരോ ലൈക്ക് കൊടുക്കണം. എന്തും കൊടുത്താലേ തിരിച്ചു കിട്ടൂ. ഒരു കാര്യം കൂടി. കവിത എന്നു പറഞ്ഞ് ഇടുന്ന സാധനം വായിക്കുന്നവന്റെ ഉള്ള് തൊടണം. അതില് പച്ച ജീവിതം തുളുമ്പുന്നുണ്ടാവണം.'
സവിധന്റെ മുഖം ഇരുണ്ടു. പെട്ടെന്നു വിഷയം മാറ്റി.

'എന്തിനെക്കുറിച്ചായിരിക്കും സാര്‍ ഗുണശേഖരന്‍ സാര്‍ എഴുതുന്നത്?'
'എന്തായാലും നമുക്കത് ഇന്നു കണ്ടുപിടിക്കണം.'
വീടിനു മുന്നില്‍ ഗുണശേഖരന്റെ ഭാര്യ കഴുകിയ തുണി അയയില്‍ ഉണങ്ങാനിടുകയായിരുന്നു. ഇരുണ്ട അവരുടെ മുഖത്ത് അല്പം വെളിച്ചം തെളിഞ്ഞു.
'ഓ! ഫീലിപ്പോസ് സാറാണോ. കുറേ ദിവസമായല്ലോ കണ്ടിട്ട്.'
'എപ്പോഴും ഓരോ തിരക്ക് തന്നെ ദേവികാ. ഗുണശേഖരന്‍ ഔട്ട് ഹൗസിലല്ലേ ഉള്ളത്?'
'അതേ സാര്‍... ഔട്ട് ഹൗസില്‍നിന്നും പുറത്തിറങ്ങാറേയില്ല. ഏത് നേരത്തും എഴുത്ത് തന്നെ.'
പെട്ടെന്ന് ദേവിക മുന്നോട്ടു വന്നു. മുഖത്ത് സങ്കടച്ചുളിവുകള്‍ നിറഞ്ഞു.

'സാറൊന്ന് ഗുണദോഷിക്കണം. ഇപ്പോള്‍ കുറച്ചു ദിവസമായി പുറത്തിറങ്ങുന്നേയില്ല.
പല്ലുതേപ്പും കുളിയുമില്ല. ഭക്ഷണം പുറത്തുകൊണ്ട് വെയ്ക്കും. ചില നേരം എടുത്ത് കഴിച്ചാലായി. രാത്രി ഉറങ്ങുന്നുണ്ടോന്ന് സംശയം. ഏത് നേരത്തും ലൈറ്റ് കാണാം. ഏത് പുസ്തകമാ എഴുതുന്നത് എന്നു ചോദിച്ചാല്‍ പറയുന്നില്ല. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന പുസ്തകമാണെന്നു മാത്രം പറയും. എനിക്ക് പേടിയാകുന്നു സാര്‍. മക്കളുടെ ഫോണ്‍പോലും അറ്റന്റ് ചെയ്യുന്നില്ല. എന്നോടും മിണ്ടുന്നില്ല.'
ദേവികയുടെ കണ്ണ് നിറഞ്ഞു. തൊണ്ടയിടറി. ഫീലിപ്പോസ് സമാധാനിപ്പിച്ചു.

'പേടിക്കാനില്ല ദേവികാ. പുസ്തകം തീരാറാവുന്ന സ്വിറ്റ്വേഷനില്‍ എഴുത്തുകാര്‍ക്കൊക്കെ ഒരു തരം ഉന്മാദം പിടിപെടാറുണ്ട്. തീര്‍ക്കാനുള്ള ബദ്ധപ്പാടാണ്. അത് മാറിക്കോളും. ഞാനൊന്ന് സംസാരിക്കട്ടെ.'
വീടിന് ഓരത്തെ ചെടികള്‍ക്കിടയിലൂടെ നടന്ന് ഔട്ട് ഹൗസിനു മുന്നിലെത്തി. ഓടിട്ട പഴയ കെട്ടിടമാണ്. വാതിലില്‍ മൂന്നുനാല് പ്രാവശ്യം മുട്ടി നോക്കി. അനക്കമില്ല. ഉറക്കെ വിളിച്ചു.

'ഗുണശേഖരാ, വാതില്‍ തുറക്ക്. ഇതു ഞാനാ.'
നാലഞ്ചു നിമിഷം. ഒരു വാതില്‍പ്പാളി അല്പം തുറന്ന് തലമാത്രം ഗുണശേഖന്‍ പുറത്തേക്ക് നീട്ടി.
'എന്താ ഫീലിപ്പോസേ.'
ഫീലിപ്പോസ് അല്പം പകച്ചുപോയി. താടിയും മുടിയുമൊക്കെ നീണ്ട് വളര്‍ന്നിരുന്നു. ഡൈ ചെയ്യാത്തതുകൊണ്ട് പെട്ടെന്നു വൃദ്ധനായതുപോലെ തോന്നി. ഞൊടിയിടയില്‍ വാതിലിന്റെ മറ്റേപ്പാളി തള്ളിത്തുറന്ന് ഫീലിപ്പോസ് അകത്ത് കയറി. ഗുണശേഖരന്റെ ദുര്‍ബ്ബലമായ പ്രതിരോധം വെറുതെയായി. സവിധനും പിന്നാലെ കയറിക്കൂടി.

മുടിനിറയെ എഴുതിത്തീര്‍ന്ന വലിയ നോട്ട് പുസ്തകങ്ങള്‍ പല അട്ടികളായി നമ്പറിട്ട് വെച്ചിരിക്കുന്നു. നോട്ട് പുസ്തകങ്ങളുടെ വലിയൊരു ബണ്ടില്‍ പൊട്ടിക്കാതെ വെച്ചിട്ടുണ്ട്. മേശപ്പുറത്ത് അഞ്ചാറ് മൊബൈലുകള്‍. ചുവരില്‍ വാല് നീട്ടിക്കിടക്കുന്ന എലികള്‍പോലെ കുറേ ചാര്‍ജറുകള്‍. നിലം നിറയെ മഷി തീര്‍ന്ന ബോള്‍പ്പെന്നുകള്‍...
മുറിയില്‍ അഴുകിയ മണം പരന്നിരുന്നു. 

ഫീലിപ്പോസ് മൂക്ക് ചുളിച്ചു പറഞ്ഞു:
'കുളിയും ജപവും പല്ലുതേപ്പും ഒന്നും ഇല്ലാതായി അല്ലേ. ഉടുപ്പ് മാറ്റിയിട്ട് തന്നെ ദിവസങ്ങളായി എന്നു തോന്നുന്നല്ലോ. എന്താ ഗുണശേഖരാ ഇത്.'
'ഞാന്‍ എഴുത്തിന്റെ തിരക്കിലാ ഫീലിപ്പോസ്. കുറച്ചുദിവസം കഴിഞ്ഞു വരൂ.'
'ഞാന്‍ പെട്ടെന്നു പോയേക്കാം. ഇതെന്താ എഴുതിക്കൂട്ടുന്നത്, ലോകചരിത്രമാണോ?'
'അല്ല.'
'പിന്നെ? പറയൂ. എന്നോട് ഗുണശേഖരന്‍ എന്തെങ്കിലും മറച്ചുവെച്ചിട്ടുണ്ടോ? അത്രയ്ക്ക് രഹസ്യമാണെങ്കില്‍ പറയണ്ട. ഞാന്‍ പോയ്‌ക്കോളാം.'
ഗുണശേഖരന്‍ നിഗൂഢമായ പുഞ്ചിരി പുറത്തെടുത്തു.

'ഞാന്‍ പറയാം. സംഗതി രഹസ്യം തന്നെയാണ്. ഇത് ഇന്ത്യാചരിത്രവും ലോകചരിത്രവുമൊന്നുമല്ല. സമൂഹമാധ്യമങ്ങളില്‍ എനിക്ക് വലുതായി ലൈക്കും ഷെയറുമൊക്കെ കിട്ടാറുണ്ട്. അതൊക്കെ ഞാന്‍ അപ്പപ്പോള്‍ എഴുതിവെയ്ക്കും. ആരൊക്കെ ഞാന്‍, കമന്റിട്ടു, കമന്റ് എന്താണ്, ആരൊക്കെ ഷെയര്‍ ചെയ്തു എന്നൊക്കെ അപ്പപ്പോള്‍ രേഖപ്പെടുത്തും. കൂടുതല്‍ ലൈക്കും കമന്റും ഷെയറും കിട്ടിയതിന്റെ ലിസ്റ്റ് സപ്പറേറ്റുണ്ടാക്കും. ഇതൊക്കെ ഏറ്റവും കൂടുതല്‍ തവണ ചെയ്യുന്നവരുടെ പട്ടിക ഓരോ ആഴ്ചയിലും മാസത്തിലും ഗവേഷണം ചെയ്തുണ്ടാക്കും. ഇതൊക്കെ രേഖപ്പെടുത്താതെ പോകുന്ന ചരിത്രമാണ്. ഇത് പുതിയതരം ചരിത്രനിര്‍മ്മിതിയാണ്. ലോകത്തിലാരും ഇങ്ങനെ രേഖപ്പെടുത്തിവെയ്ക്കുന്നില്ല. പക്ഷേ, എഴുതിത്തീരണ്ടേ? രാത്രി രണ്ട് മണിവരെ ഉറക്കമിളച്ച് ഇരുന്നെഴുതും. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് സകല സോഷ്യല്‍ മീഡിയകളിലും ചുറ്റിനടക്കും. വൈറലാകാന്‍ സാധ്യതയുള്ള പോസ്റ്റുകളൊക്കെ എടുത്ത് ഓരോ ഗ്രൂപ്പുകളില്‍ കൊണ്ടുപോയി ഇടും.'
അഭിമാനത്തോടെ ഗുണഖേശരന്‍ കൂട്ടിച്ചേര്‍ത്തു:

'കേട്ടിട്ടില്ലേ, ഇന്ദിരാഗാന്ധി നാലു മണിക്കൂറേ ഉറങ്ങിയിരുന്നുള്ളൂ. ഞാനോ? മൂന്ന് മണിക്കൂര്‍! ഇന്ദിരാഗാന്ധിയെ തോല്പിച്ചാണ് ഞാന്‍ ചരിത്രത്തെ നിര്‍മ്മിക്കുന്നത്.'
ചുറ്റും നിറഞ്ഞ പുസ്തകക്കൂമ്പാരത്തിലേക്ക് നോക്കി ഫീലിപ്പോസ് അതിശയത്തോടെ ചോദിച്ചു:
'എന്തിനാ ഇങ്ങനെ എഴുതിക്കൂട്ടുന്നത്?'
തികഞ്ഞ ആത്മവിശ്വാസത്തോടെ ഗുണശേഖരന്‍ വിശദീകരിച്ചു:
'എല്ലാം പബ്ലിഷ് ചെയ്യും. ഈ രഹസ്യം പുറത്തറിഞ്ഞാല്‍ പെന്‍ഗ്വിന്‍ ബുക്‌സോ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയോ ഒക്കെ ഓടിവരും. ഇംഗ്ലീഷില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്തു വന്നാല്‍ പിന്നെ ലോകഭാഷകളിലെല്ലാം പടരും. കോടിക്കണക്കിനു രൂപയും പ്രശസ്തിയും എന്നെ തേടിവരും. പക്ഷേ, എഴുതിത്തീരുന്നില്ല ഫീലിപ്പോസ്. മിടുക്കനായ ഒരു അസിസ്റ്റന്റിനെ ഞാന്‍ തേടുകയാണ്.'
ഫീലിപ്പോസ് ചിരി കടിച്ചുപിടിച്ച് സവിധനെ നോക്കി. സവിധന്‍ കണ്ണുതള്ളി അമ്പരന്ന് നില്‍ക്കുകയാണ്.
ഫീലിപ്പോസ് പറഞ്ഞു:
'ഇത് സവിധന്‍ അനങ്ങാപ്പാറ. ഫേസ്ബുക്ക് കവിയാണ്. ഗുണശേഖരനെ പരിചയപ്പെടാന്‍ വന്നതാണ്. താങ്കളുടെ വലിയ ആരാധകനാണ്.'
ഗുണശേഖരന്‍ വിടര്‍ന്ന മഞ്ഞച്ചിരിയോടെ കൈ നീട്ടി.

'ഹലോ.'
കൈപിടിച്ച് നിന്നപ്പോള്‍ സവിധന് ഉടലാകെ കോരിത്തരിച്ചു. ആയിരക്കണക്കിനു ലൈക്കും കമന്റും ഷെയറും വാരിക്കൂട്ടുന്ന ഒരു മഹാനാണ് തന്റെ കൈപിടിച്ചിരിക്കുന്നത്. വിശ്വസിക്കാനാവുന്നില്ല.
തൊണ്ടയിടറിക്കൊണ്ട് സവിധന്‍ പറഞ്ഞു:
'സാറേ, അസിസ്റ്റന്റായി ഞാന്‍ ജോലി ചെയ്‌തോളാം. ആത്മാര്‍ത്ഥതയ്ക്ക് ഒട്ടും ഭംഗം വരാതെ ജോലി ചെയ്‌തോളാം.'
ഫീലിപ്പോസിന്റെ നേരെ തിരിഞ്ഞ് സവിധന്‍ കൂട്ടിച്ചേര്‍ത്തു:
'സാറ് നടന്നോളൂ. ഞാനിവിടെ നിന്നോളാം.'
ഫീലിപ്പോസ് യാത്ര പറഞ്ഞിറങ്ങി. പൂച്ചയെപ്പോലെ ശബ്ദം കേള്‍പ്പിക്കാതെ പതുക്കെ നടന്നു. ഭാഗ്യം! ഗുണശേഖരന്റെ ഭാര്യ മുറ്റത്തുണ്ടായിരുന്നില്ല. ഗേറ്റ് കടന്ന് വേഗത്തില്‍ നടന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ പിന്നിലാരോ ഓടിവരുന്ന ഒച്ചകേട്ട് അമ്പരപ്പോടെ തിരിഞ്ഞു നോക്കി.
സവിധനാണ്.

ഫീലിപ്പോസ് ആരാഞ്ഞു:
'ഹാ! എന്തു പറ്റീ?'
'സാറേ ഞാന്‍ ഒരാഴ്ചത്തെ ഡ്രസ്സ് എടുക്കാന്‍ വീട്ടിലേക്ക് പോവുകയാണ്. ഇന്ന് ഞായറല്ലേ. എല്ലാ ഞായറാഴ്ചയും അവധിയാണെന്ന് പറഞ്ഞു.'
'അത് നന്നായി.'
ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ ഫീലിപ്പോസ് പറഞ്ഞു:
'ഒരു നിമിഷം നില്‍ക്കൂ സവിധന്‍. ഞാനിപ്പോള്‍ വരാം.'
ധൃതിയില്‍ വീട്ടിലേക്ക് പോയ ഫീലിപ്പോസ് പഴുത്തൊരു പപ്പായയുമായിട്ടാണ് തിരിച്ചുവന്നത്.
'വീട്ടിലേക്കാണ്. വീട്ടിലുള്ളവര്‍ക്കെല്ലാം കൊടുക്കണം.'
ഫീലിപ്പോസ് തന്നെ പപ്പായ സവിധന്റെ കവിതക്കടലാസുകള്‍ നിറഞ്ഞ സഞ്ചിയില്‍ വെച്ചു.
'ഇനി വരുമ്പോള്‍ ഒരു ബിഗ്‌ഷോപ്പര്‍ കരുതിക്കോളൂ. പച്ചയും പഴുത്തതും നിറയെത്തരാം. എന്തേ?'
സവിധന്‍ സന്തോഷത്തോടെ തലകുലുക്കി.

അന്നേരം പോക്കറ്റില്‍നിന്നും ചെറിയ കടലാസ് പൊതിയെടുത്ത് ഫീലിപ്പോസ് തുറന്നു കാണിച്ചു.
'ഇതാ കുറച്ച് പപ്പായ വിത്തുകള്‍. ഇത് വെണ്ട വിത്താണ്! കുറച്ചു പയറും ഉണ്ട്. വെറുതെ വിരല് വെച്ച് മണ്ണില്‍ ഒന്നു താഴ്ത്തിക്കൊടുത്താല്‍ മതി. പച്ചപിടിച്ച് ആഞ്ഞ് വളര്‍ന്നോളും.'
ഇരുകൈകള്‍ കൊണ്ടും വിത്തുകള്‍ ഏറ്റുവാങ്ങി പോക്കറ്റില്‍ നിക്ഷേപിച്ച് സവിധന്‍ ബസ് സ്‌റ്റോപ്പിലേക്ക് സാവധാനം നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com