'പദപ്രശ്‌നം'- മനോജ് വെള്ളനാട് എഴുതിയ കഥ

By മനോജ് വെള്ളനാട്  |   Published: 12th May 2021 01:37 PM  |  

Last Updated: 12th May 2021 01:37 PM  |   A+A-   |  

WhatsApp_Image

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

 

തൊരു അവിഹിതബന്ധമാണോന്നു ചോദിച്ചാല്‍ അല്ലെന്നാണ് എന്റെ ഉത്തരം. ഞാനും ആരോണും പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയിക്കുന്നു. ബന്ധപ്പെടുന്നു. ആഴത്തിലുള്ള സൗഹൃദം സൂക്ഷിക്കുന്നു. ആരോണുമായി മാത്രമല്ല കേട്ടോ, ആരോണിന്റെ ശ്വേതയുമായും എനിക്കു നല്ല സൗഹൃദം തന്നെയാണ്. പക്ഷേ, അവള്‍ക്കറിയില്ല, ഞങ്ങള്‍ തമ്മില്‍ ഇങ്ങനൊരു ബന്ധം കൂടി ഉണ്ടെന്ന്. ആരോണിനാണെങ്കില്‍ ശ്വേതയെ വലിയ ഇഷ്ടവുമാണ്. ആ ഇഷ്ടത്തില്‍ എനിക്കൊരു ഇഷ്ടക്കേടുമില്ല. അവള്‍ക്കെന്തെങ്കിലും കുറവുള്ളതുകൊണ്ടൊന്നുമല്ല ആരോണ്‍ എന്നോടൊരു റിലേഷനിലായതെന്ന് എനിക്കറിയാം. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചുപോയതാണ്. അതിന്റെ ആ സ്വാഭാവികതയാണ് എന്നെയിതില്‍ ഇത്രയും ഒട്ടിച്ചേര്‍ത്തു നിര്‍ത്തുന്നതും. ഒരു ഓഫീസില്‍ ഒന്നിച്ചു ജോലിചെയ്യുന്നവര്‍. അടുത്തടുത്ത ക്യൂബിക്കിളുകളില്‍ ഇരിക്കുന്നവര്‍. ഫീല്‍ഡില്‍ ഒരുമിച്ചു യാത്ര ചെയ്യുന്നവര്‍. പല ഓഫീസ് പരിപാടികളിലും അല്ലാതേയും രണ്ടു പെഗ് കഴിക്കാന്‍ എനിക്കു കൂട്ടു വരുന്നവന്‍. അങ്ങനെയങ്ങനെ ഞങ്ങള്‍ തമ്മില്‍ അറിയാതങ്ങു അടുത്തു പോയതാണ്.

ഇനിയവന്‍ ഒരു ദിവസം എന്നെ ഉപേക്ഷിച്ചിട്ട്, ശ്വേതയുമായുള്ള സ്വസ്ഥജീവിതത്തിനു ഞാനൊരു തടസ്സമാണെന്നു പറഞ്ഞുകളയുമോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. അങ്ങനെ പറഞ്ഞാലും അവനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ പറയുകയുമില്ല. ശരിക്കും എനിക്കവനോട് പ്രണയം തന്നെയാണ്. ഇതെന്റെ പ്രണയമാണ്. എന്റെ പ്രണയം എനിക്കെങ്ങനെ അവിഹിതമെന്നു പറയാന്‍ പറ്റും? ശ്വേതയിതറിഞ്ഞാല്‍ എന്താവുമെന്നോര്‍ത്താണെന്റെ ആകെയുള്ള ടെന്‍ഷന്‍.
ഈ ശ്വേതയും ആരോണും വലിയ വിപ്ലവ പ്രണയവിവാഹം കഴിച്ച ടീംസാണ്. സംഭവം നടന്നിട്ടിപ്പോ മൂന്നാലഞ്ച് കൊല്ലമായി. പത്രത്തിലൊക്കെ വലിയ കോളങ്ങളില്‍ വാര്‍ത്തയൊക്കെ വന്നിരുന്നു. പത്രം കണ്ടാല്‍ പട്ടി പാല്‍ക്കായം കണ്ടപോലോടുന്ന ഞാനീ കോലാഹലങ്ങളൊന്നും അറിഞ്ഞതേയില്ല. പക്ഷേ, ശ്വേത സകല പത്രവാര്‍ത്തകളും കട്ട് ചെയ്‌തെടുത്ത് ഒരു ആല്‍ബത്തിലൊട്ടിച്ചു സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്നെയതു പലവട്ടം കാണിച്ചുതന്നിട്ടുണ്ട്. അതിലെ രസമെന്താന്നു വച്ചാല്‍, അതാണവരുടെ കല്യാണ ആല്‍ബം.

ഇവര്‍ രണ്ടാളും ഒരേ പള്ളീലെ കുഞ്ഞാടുകളായിരുന്നെങ്കിലും അന്നൊന്നും പരസ്പരം ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. ശ്വേതയെക്കാള്‍ സുന്ദരിമാരും ആരോണിനേക്കാള്‍ സുന്ദരന്മാരും ഉണ്ടായിരുന്നൊരു കളര്‍ഫുള്‍ ഇടവക ആയിരുന്നിരിക്കണം അവരുടേത്. അങ്ങനെയിരിക്കെ, ഒരു വെള്ളിയാഴ്ച വൈകുന്നേരം രണ്ടുപേര്‍ക്കും ഒന്നു കുമ്പസാരിച്ചോളാന്‍ വയ്യാത്ത ഗതികേടുണ്ടായി. സ്വര്‍ഗ്ഗം കാത്തുകിടക്കുന്ന ഏതോ ഇടവകവാസിക്ക് എത്രയും പെട്ടെന്നാ വാതില്‍ തുറന്നു കൊടുക്കണേന്നും കര്‍ത്താവിന്റെ തൊട്ടടുത്തുതന്നെ നല്ലൊരു പൊസിഷന്‍ കൊടുക്കണേന്നും പ്രാര്‍ത്ഥിക്കാന്‍ പോയ അച്ചന്‍ വരുന്നതും കാത്ത്, അള്‍ത്താരയുടെ മുന്നിലെ ബെഞ്ചിലിരിക്കുമ്പോഴാണ് രണ്ടുപേരും ആദ്യമായി സംസാരിക്കുന്നത്. ചുമ്മാ പേരും പഠിക്കണ കോളേജുമൊക്കെ ചോദിച്ചിട്ട് പിന്നൊന്നും സംസാരിക്കാനില്ലാതെ, എന്നും കാണുന്ന പള്ളിക്കകമൊക്കെ എന്തോ സയന്‍സ് എക്‌സിബിഷന്‍ കാണാനെന്നപോലെ സൂക്ഷ്മമായി നോക്കി രണ്ടെണ്ണവും കുറേനേരമവിടിരുന്നു. പോഡിയത്തിലിരുന്നൊരു തടിയന്‍ ബൈബിള്‍ പൊക്കി ആരോണ്‍ മസില്‍ പെരുപ്പിച്ചു. ശ്വേത ക്വയറില്‍ ലാസ്റ്റ് പഠിപ്പിച്ച പാട്ടു ഹമ്മിംഗില്‍ മൂളി. വരാന്തയില്‍ അലസമായി ഉലാത്തി. ഇനിയും നേരം വൈകിയാല്‍ വീട്ടിലെത്തുമ്പോ വഴക്കാവുമല്ലോ കര്‍ത്താവേ എന്ന മനസ്സിലെ ആശങ്ക ശ്വേതയുടെ ശരീരഭാഷയില്‍നിന്നും ആരോണ്‍ വായിച്ചെടുത്തു.

'ഇനീപ്പോ പോയിട്ട് നാളെ വാ... അച്ചനിനീം ലേറ്റാവുമെന്നാ തോന്നണേ...' ആരോണ്‍ പറഞ്ഞു.
'നാളെ വരെയൊക്കെ... എങ്ങനാ, വെയ്റ്റ് ചെയ്യാന്‍ പറ്റുമോന്നാ...' ശ്വേത അല്പം പരിഭ്രമത്തോടെ പറഞ്ഞു.
'അത്രയ്ക്കും സീരിയസാണോ? വലിയ പാപിയാണോ?'
'അയ്യോ... അങ്ങനല്ലാ, ഞാന്‍ പാപോന്നും ചെയ്തിട്ടില്ല... എന്നാലും കര്‍ത്താവെല്ലാടത്തും ഉള്ളതാന്നല്ലേ... അതങ്ങു കുമ്പസാരിച്ചു തീര്‍ത്തേക്കാമെന്നു കരുതി...'
'താനൊന്നും ചെയ്തില്ലേല്‍ പിന്നെന്താ. നോ പ്രോബ്ലം. സംഭവം എന്നോട് പറയാവുന്നതാണെങ്കിപ്പറ. ചുമ്മാ ഒരു കൗതുകം...' ആരോണ്‍ കൂടുതല്‍ ജിജ്ഞാസുവായി.

'അയ്യോ... അതുവേണ്ടാ...' ശ്വേത നിഷ്‌കളങ്കമായൊരു ഞെട്ടലോടെ പറഞ്ഞു.
'ഞാനും ഇപ്പറഞ്ഞപോലെ പാപോന്നും ചെയ്തിട്ടില്ല സത്യത്തില്‍. ചെയ്താത്തന്നെ ഇക്കാലത്ത് ആരാണ് കുമ്പസാരിക്കുന്നത്. ഞാനമ്മേടെ നിര്‍ബ്ബന്ധം സഹിക്കാന്‍ പറ്റാഞ്ഞിട്ട് ഭ്രാന്തുപിടിച്ചു വന്നതാണ്. ഞാനിന്നുതന്നെ കുമ്പസാരിച്ച്, നാളെ ഉപവസിച്ചു, മറ്റന്നാള്‍ കുര്‍ബ്ബാന കൂടി അതിന്റെ പിറ്റെന്നാള്‍ കോളേജില്‍ തിരിച്ചു ചെല്ലുമ്പോള്‍ ഒരു പുതിയ പുണ്യാളനായിരിക്കണം എന്നാണ് അമ്മയുടെ ഇന്നത്തെ പ്ലാന്‍.'
'സെമിനാരീടെ കോളേജെന്നു പറയുമ്പോ..., അപ്പൊ അച്ചനാവാന്‍ പഠിക്കുവാണോ?'
'അല്ലല്ലാ, എന്‍ജിനീയറിംഗിനാണ്. അവിടെ ചെറിയ പ്രശ്‌നം. കോളേജാവുമ്പോ അല്ലറ ചില്ലറ കച്ചറകളും അടിപിടിയുമൊക്കെ കാണൂല്ലേ. കഴിഞ്ഞാഴ്ച ഉണ്ടായൊരു സംഭവം, അബദ്ധത്തില്‍ ഞാനമ്മയോടൊന്നു പറഞ്ഞുപോയി. എന്റെ പൊന്നോ... അതിന്റെ ബാക്കിയാ...'
'അടിയായിരുന്നോ? എന്തിനായിരുന്നു?' ശ്വേതയ്ക്ക് ആകാംക്ഷ.
'ഒന്നുമില്ലാന്നെ... പെണ്‍പിള്ളേരുടെ റീഡിംഗ് റൂം കുറച്ചു സ്റ്റാഫ് കയ്യേറി അവരുടേതാക്കി. ചോദിക്കാന്‍ ചെന്ന ഒരു കൊച്ചിനോട് ഒരുത്തന്‍ ചോദിക്കുവാ, നിനക്കൊക്കെ എന്തിനാടീ ഒറ്റയ്ക്കുള്ള റൂമുകള്‍, വേറെ വല്ല പരിപാടിയും ആണോന്ന്. അതറിഞ്ഞ ഞങ്ങള്‍ കുറച്ചുപേര്‍ കൂടി അങ്ങോട്ട് ചെന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേന് ഒരുത്തന്‍ കേറിയങ്ങ് പൊട്ടിച്ചു. പിന്നങ്ങ് അലമ്പായി.'
'അതെന്തായാലും നന്നായി. അയാള്‍ക്കൊരു അടി ആവശ്യം തന്നെ.' ശ്വേത അടിച്ചയാള്‍ക്കുള്ള തന്റെ മാനസിക പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു.

'പക്ഷേ, അടികൊണ്ടത് അയാക്കല്ല. പ്രിന്‍സിപ്പാളിനായിരുന്നു.'
'ങേ...!' ശ്വേത ആദ്യമൊന്നു ഞെട്ടിയെങ്കിലും പെട്ടെന്നു തന്നെയതൊരു പൊട്ടിച്ചിരിയിലേയ്ക്കു വഴിമാറി. 'അതുകലക്കി' രണ്ടുപേരും കുറച്ചുനേരം അങ്ങനെ ചിരിച്ചിരുന്നു.

'എന്നിട്ട്?' ശ്വേത ചോദിച്ചു.
'എന്നിട്ടെന്താവാന്‍. അടിച്ചവനെതിരെ ആക്ഷനെടുത്താ സ്ത്രീപീഡനത്തിനു ഞങ്ങളും കേസ് കൊടുക്കുമെന്ന് പെണ്‍പിള്ളേര്. അങ്ങനെ അതൊതുങ്ങി.'
'ഇതിലിപ്പോ നിങ്ങക്കെന്താ കുമ്പസാരിക്കാനുള്ളത്?'
'അമ്മ കരുതുന്നത് ഞാന്‍ കോളേജില്‍ ചെന്നു കൂട്ടുകൂടി നശിക്കണെന്നാണ്. പോയി കുമ്പസാരിച്ചു, ഇനി അടിപിടിയിലൊന്നും ചെന്നു പെടില്ലാന്നു അച്ചനു വാക്കുകൊടുത്തിട്ടു വരാന്‍ പറഞ്ഞു വിട്ടതാ... എനിക്കിനീം കാത്തിരിക്കാന്‍ വയ്യ. ഞാന്‍ പോണ്. കുമ്പസാരിച്ചെന്നങ്ങു പറഞ്ഞേക്കാം.'
പറഞ്ഞുകൊണ്ട് ആരോണ്‍ ബെഞ്ചീന്നെണീറ്റു.
'താനെന്തായാലും പാപമൊക്കെ പറഞ്ഞു തീര്‍പ്പാക്കിയിട്ടല്ലേ പോണൊള്ളൂ...'
'ഞാന്‍ പാപിയൊന്നുമല്ലാന്നു പറഞ്ഞില്ലേ... പിന്നൊരു ടെന്‍ഷന്‍ കാരണം വന്നതാ.' ശ്വേതയും എണീറ്റു.
'ഈ മറ്റുള്ളവര്‍ പാപം ചെയ്യുന്നതു കാണുന്നതും പാപമാണോ...?' ശ്വേത പെട്ടെന്നങ്ങ് ചോദിച്ചു പോയി. ആരോണ്‍ കുറച്ചുനേരം അവളെ കണ്ണുമിഴിച്ചു നോക്കിനിന്നു. എന്നിട്ട് ചോദിച്ചു:
'നെറ്റീന്നാ?'
'അല്ലാ. ഒരു സിനിമേല്...' ശ്വേത മുഖത്തു നോക്കാതെ മൂളി.

'ഇത്രേള്ളോ. പൊന്നു മോളേ, ഇതൊന്നും കണ്ടില്ലെങ്കിലാണ് പാപം. വീട്ടിപ്പോയി ഒന്നൂടി കാണ്. പോ... പിന്നെ, ഇതൊന്നും കുമ്പസാരമാണെന്നു കരുതി അച്ചന്മാരോടൊന്നും പോയി പറഞ്ഞേക്കല്ലേ. പണി കിട്ടും പറഞ്ഞേക്കാം...'
ഇങ്ങനെ രണ്ടു കുമ്പസാര രഹസ്യങ്ങള്‍ പരസ്പരം പങ്കിട്ടതിന്റെ തിരുശേഷിപ്പാണവരുടെ ശിഷ്ടജീവിതം. അവര്‍ രണ്ടുപേരും പലപ്പോഴായി പറഞ്ഞതില്‍നിന്നും ഞാനുണ്ടാക്കിയെടുത്തതാണീ വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ ഏകദേശ ചിത്രം.


ആരോണിന്റെ ഫോണ്‍കോളും പ്രതീക്ഷിച്ചു ഞാനീ ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കാന്‍ തുടങ്ങീട്ടിപ്പൊ മണിക്കൂറ് രണ്ടായി. ഇന്ന് ശ്വേതയ്‌ക്കെന്തോ ഷോപ്പിംഗുണ്ടെന്നും അതൊന്നു ഫിനിഷ് ചെയ്തിട്ട് പെട്ടെന്നു വരാമെന്നും പറഞ്ഞ് ഓഫീസീന്നിറങ്ങി പോയവനാണ്. അവനല്ലേലും ശ്വേതയുടെ അടുത്തു പോയാ ശ്വേത. എന്റടുത്തു വന്നാ ഞാന്‍. എല്ലാം ഒരുപോലാ. കുട്ടികളൊന്നും ഇല്ലാത്തോണ്ട് അതിന്റെ ടെന്‍ഷനുമില്ല. ആദ്യ അഞ്ചു കൊല്ലത്തില്‍ കുട്ടികള്‍ വേണ്ടാന്ന് ശ്വേതയുടെ ഡിമാന്റായിരുന്നത്രേ. ഒന്നാലോചിച്ചാല്‍ അവനൊരു ഭാഗ്യം ചെയ്ത ജന്മമാണെന്ന് എനിക്കിടയ്ക്കിടെ തോന്നും. ഒരേ സമയം രണ്ടു പെണ്ണുങ്ങളെ പ്രണയിക്കാന്‍ പറ്റുക. അതു രണ്ടും ക്ലാഷാവാതെ കൊണ്ടുപോകാന്‍ പറ്റുക. സംഭവം തന്നെ. എന്നാലും, എവിടെയോ ഒരു കുറവ് അവനുണ്ടെന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ങാ... ഞാനിങ്ങനെ ഓവര്‍ തിങ്കിങ്ങിന്റെ ആളായോണ്ട്, വെറുതേ തോന്നുന്നതുമാവാം.

'ഒരു പണി കിട്ടി... ശ്വേതയൊന്നു വീണു. മാളിലെ എസ്‌കലേറ്ററിന്റെ മുകളീന്ന്. ഇടത് കൈക്കും വലതുകാലിനും പൊട്ടലുണ്ട്. ഞാനിപ്പൊ കിംസിലാ ഉള്ളത്. ഇവിടെ അഡ്മിറ്റാക്കുന്നു. ഞാന്‍ പിന്നെ വിളിക്കാം.'
കാത്തിരുന്നു വന്ന ആരോണിന്റെ ഫോണെടുത്ത് ഹലോ പറയും മുന്‍പേ ഇത്രയും പറഞ്ഞിട്ടവന്‍ ഫോണ്‍ വച്ചുകളഞ്ഞു. ശ്ശോ! അതിപ്പൊ വലിയ കഷ്ടമായല്ലോ. പാവം ശ്വേത. അവള്‍ക്കീ എസ്‌കലേറ്ററി കേറുന്നതേ പേടിയാണ്. മേലേയ്ക്കു പോണതാണെങ്കില്‍ പിന്നേം കുഴപ്പമില്ല. താഴേയ്ക്കു പോകുന്നതില്‍ കയറാന്‍ വരുമ്പോഴേ അവളൊന്നറയ്ക്കും. അറച്ചുപോയാല്‍ അപ്പഴേ ചെറിയ തലചുറ്റലൊക്കെ തോന്നും. എന്നാലും ഞാന്‍ നിര്‍ബ്ബന്ധിച്ചു കയറ്റുമായിരുന്നു. അങ്ങനെ വിട്ടാ പറ്റില്ലല്ലോന്നു പറഞ്ഞു കയ്യില്‍ പിടിച്ച് സപ്പോര്‍ട്ട് ചെയ്തു കൂടെ നിര്‍ത്തും. ഇന്നിപ്പൊ കയ്യില്‍ പിടിക്കാനും സപ്പോര്‍ട്ട് ചെയ്യാനും ആരും ഉണ്ടായില്ലായിരിക്കും. ഞാന്‍ നെടുവീര്‍പ്പെട്ട് നിസ്സംഗയായി ഇരുന്നു. ആശുപത്രിയില്‍ സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ. ആരോണ്‍ മാത്രമല്ലേയുള്ളൂ അവിടെ. ഞാന്‍ തന്നെ പോണമല്ലോ അപ്പൊ. അവര്‍ക്കിവിടെ ഇത്രയും ക്ലോസായിട്ട് ഞാന്‍ മാത്രേ ഉള്ളൂ. ബന്ധുക്കളാരും വരാന്‍ പോകുന്നില്ല. ആരോണവരെ അറിയിക്കാനും ചാന്‍സില്ല.
'ആരോണ്‍ ഫ്‌ലാറ്റില്‍ പോയി ഫ്രഷായിട്ട് വാ. അല്ലെങ്കി ഒരു കാര്യം ചെയ്യ്, ഇന്നിനി വരേണ്ട. രാത്രിയിപ്പൊ വേറൊന്നും ചെയ്യാനില്ലല്ലോ. ഞാനിരുന്നോളാം. ഓപ്പറേഷന്‍ നാളെയല്ലേ ഉള്ളൂ.'
ശ്വേതയുടെ കട്ടിലില്‍ അവളുടെ അടുത്തിരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു. ഭാര്യയോടുള്ള സ്‌നേഹമാണോ, അതോ എന്റെ സാന്നിധ്യമാണോ എന്നറിയില്ല, ആരോണിനു ഫ്‌ലാറ്റിലേയ്ക്ക് പോകാന്‍ നല്ല മടിയായിരുന്നു. കുറച്ചു നിര്‍ബ്ബന്ധിക്കേണ്ടിവന്നു, അവനെ പറഞ്ഞുവിടാന്‍. ശ്വേത വേദനസംഹാരികളുടെ സെഡേഷനിലായതിനാല്‍ ആരോണിനെ തൊട്ടുനിന്നു സംസാരിക്കാനും ഇടയ്‌ക്കൊരുമ്മ കൊടുക്കാനുമൊന്നും എനിക്കൊട്ടും പേടിയുണ്ടായില്ല. പക്ഷേ, ആരോണിനതൊന്നും ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നെനിക്കു മനസ്സിലായി. അല്ലെങ്കില്‍ ഒരവസരം കിട്ടിയാ പാഴാക്കാത്തവനാണ്.

ശ്വേത ആകെ തളര്‍ന്നപോലെ ആയിരിക്കുന്നു. പാവം. ഞാന്‍ നിര്‍ബ്ബന്ധിച്ച് കുറച്ചു കഞ്ഞി കുടിപ്പിച്ചു. മരുന്നിന്റെ മയക്കുസ്വഭാവം കൊണ്ടുകൂടിയാവണം അവള്‍ക്കൊന്നും സംസാരിക്കാന്‍ കൂടി വയ്യ. തളര്‍ന്നങ്ങ് കിടക്കുന്നു. വെറുതെ കണ്ണടച്ചു കിടക്കുവാണോ അതോ ഉറങ്ങിയോ? ഞാനവളേയും ഉറ്റുനോക്കി കുറേ നേരമിരുന്നു. അവളുടെ ഭര്‍ത്താവിനെ ഞാന്‍ പങ്കിട്ടെടുക്കുന്ന കാര്യം അവളറിഞ്ഞാലെന്തായിരിക്കും പ്രതികരണമെന്നായിരുന്നു എന്റെ ആ സമയത്തെ ചിന്ത മുഴുവന്‍. ആ പത്തുനില ഫ്‌ലാറ്റിന്റെ മുകളീന്ന് താഴേക്കൊരൊറ്റ ചാട്ടം? ഫാന്‍, കയര്‍, കഴുത്ത്? എലിവിഷം? അല്ലെങ്കില്‍ ആരോണിനെ തള്ളി താഴെയിട്ടിട്ട് പിറകെ അവളും? ഒരു ഭ്രാന്തിയെപ്പോലെ അലറിക്കൊണ്ട്, മീന്‍ മുറിക്കുന്ന കത്തിയെടുത്ത് സെറ്റിയിലിരുന്നു ചായ കുടിക്കുന്ന എന്റെ നെഞ്ചിലേക്ക് ഒരൊറ്റ ആഴ്ത്തല്‍? അതുമല്ലെങ്കില്‍ സ്‌നേഹപൂര്‍വ്വം എന്നെ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തി ചായയിലോ ബിരിയാണിയിലോ വിഷം ചേര്‍ത്തു തന്നിട്ട് ശരീരം ഖണ്ഡിച്ച് പലപല പെട്ടികളിലാക്കി കാട്ടിലോ ആറ്റിലോ കൊണ്ടുപോയി കളയും?
ശ്വേതയുടെ ഒരു സ്വഭാവം വച്ചിട്ട് അവളിതിലേതും ചെയ്യാം. സ്‌നേഹിച്ചാല്‍ അത്രയ്ക്കും നല്ലവളാണ്. കണ്ണടച്ചങ്ങ് വിശ്വസിക്കും. അതുകൊണ്ട് ചതിക്കപ്പെട്ടുവെന്ന വിഷമത്തില്‍ പൊടുന്നനെയുള്ള ഒരു റിയാക്ഷനില്‍ അവള്‍ സ്വയം അവസാനിപ്പിക്കാം. ഇനി കുറച്ചുസമയം കഴിഞ്ഞാല്‍, ചതിച്ചവരെ തിരിച്ചു ചതിക്കാനും അവള്‍ ഒരുമ്പെട്ടേയ്ക്കും. ആത്മാഭിമാനമുള്ളവളാണ്. അതിനുള്ള ധൈര്യമൊക്കെ താനേ വരുമായിരിക്കും.

അഥവാ അവള്‍ ആത്മഹത്യ ചെയ്താല്‍ ആരോണ്‍ എന്റേതാവും. മറ്റൊരവകാശിയില്ലാതെ ആരോണ്‍ എന്റേതു മാത്രമാകുന്ന ഒരവസ്ഥയെപ്പറ്റി ഞാനിതുവരേയും ചിന്തിച്ചിട്ടേയില്ല എന്നു ഞാനാ നിമിഷം അത്ഭുതത്തോടെ ഓര്‍ത്തു.
എന്റെയീ കാടുകയറിയ ചിന്തകളെ അവമതിച്ചുകൊണ്ട് അനുവാദംപോലും ചോദിക്കാതൊരു നഴ്‌സ് മുറിയിലേയ്ക്കു കയറിവന്നു. 'മാഡം ഉറങ്ങുന്നില്ലേ...?' എന്നെന്നോട് കുശലം ചോദിച്ചുകൊണ്ടവള്‍ ട്യൂബ് വഴി പ്ലാസ്റ്റിക് സഞ്ചിയില്‍ ശേഖരിക്കപ്പെട്ട ശ്വേതയുടെ മൂത്രം ഒരു ബക്കറ്റിലേയ്ക്കു പകര്‍ന്നു ക്ലോസറ്റില്‍ കൊണ്ടുപോയി കളഞ്ഞു. എന്നിട്ട് സ്റ്റാന്‍ഡില്‍നിന്നും ഒഴിഞ്ഞ ഡ്രിപ് കുപ്പിയുമെടുത്ത് മിണ്ടാതിറങ്ങിപ്പോയി. അതിനിടയില്‍ എന്റെ ചിന്തകള്‍ തുടര്‍ച്ച കണ്ടെത്താനാകാതെ കാട്ടിലെവിടെയോ നഷ്ടമായിപ്പോയി. ശ്വേത ഇപ്പോഴും ഒന്നുമറിയാതെ ശാന്തമായുറങ്ങുന്നു.
ശ്വേതയുടെ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ വൈകുന്നേരമായി. കാലിലെ എല്ലുപൊട്ടിയതിനു മാത്രേ ഓപ്പറേഷന്‍ ചെയ്തുള്ളൂ. തുടയെല്ലില്‍ കമ്പിയിട്ടു. കയ്യുടേതിനു പ്ലാസ്റ്റര്‍ ഇട്ടാ മാത്രം മതിയെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്നൊരു ദിവസം ശ്വേത കഇഡവിലായിരിക്കുമെന്നും. നാളെയേ റൂമിലേയ്ക്കു മാറ്റൂ. ഞാനും ആരോണും കുറേനേരം റൂമിലിരുന്നു. ശ്വേതയ്ക്കു വയ്യാതായതോടെ ആരോണും പെട്ടെന്നൊരു രോഗിയായപോലെ. പാവം, മങ്ങിയ മുഖത്തോടെ അലസമായി പലതിലേക്കും നോക്കി മിണ്ടാതിരിക്കുന്നു.

'ഞാനിറങ്ങട്ടെ ആരോണ്‍? നാളെ എന്തായാലും ഓഫീസില്‍ പോണം. ആ പ്രോജക്റ്റിന്റെ പ്രസന്റേഷനാണ്. അതോടെ അതിന്റെ തലവേദന അങ്ങു തീരും. ഈവനിംഗ് വരാം.' പറഞ്ഞുകൊണ്ട് ഞാനെണീറ്റു.
'നിനക്കീ ഹോം നഴ്‌സിനെ കിട്ടുന്ന ഏജന്‍സി വല്ലതും പരിചയമുണ്ടോ?' ആരോണ്‍ ചോദിച്ചു.
ഞാന്‍ അടുത്തു ചെന്ന് രണ്ടു കൈകൊണ്ടും ആരോണിന്റെ മുഖം കോരിയെടുത്തു. എന്നിട്ട് നെറ്റിയിലൊരുമ്മ കൊടുത്തു.
'എന്തുവാടേ ഇത്. നീ കൂളായിട്ടിരിക്ക്. ഷി വില്‍ ബി ആള്‍ റൈറ്റ് സൂണ്‍.'
'ഉം.'
'ഞാന്‍ സേവയില്‍ ഒന്നു വിളിച്ചുനോക്കാം, ആരേലും കിട്ടുമോന്ന്...' പറഞ്ഞുകൊണ്ട് ഞാനിറങ്ങി.
മടക്കിവയ്ക്കാന്‍ പറ്റുന്നൊരു വീല്‍ച്ചെയറും വാങ്ങി ആരോണ്‍ ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോഴാണ് വൈകുന്നേരം ഞാനെത്തുന്നത്. എന്റെ വരവ് അവനെ കുറച്ചു സന്തോഷിപ്പിച്ചുവെന്നു തോന്നി. ആ സന്തോഷത്തിനു വേണ്ടിയാണല്ലോ ഞാനോടി വരുന്നതുതന്നെ.

'അവളെ ഇരുത്താന്‍ തന്നെയാണല്ലേ പ്ലാന്‍?' ഞാന്‍ തമാശയായി ചോദിച്ചു.
'ഒരു മാസത്തേയ്ക്ക് കാലില്‍ വെയ്റ്റ് കൊടുക്കാന്‍ പാടില്ലാന്ന്. അതുവരെ ഒരിടത്തിങ്ങനെ കിടത്താന്‍ പറ്റില്ലല്ലോ. നീ ഹോം നഴ്‌സിന്റെ കാര്യം അന്വേഷിച്ചാ?'
'ഇല്ലാ. ഞാന്‍ പറയാം.'
'എന്ത് പറയാന്ന്...'
'അതൊക്കെ പറയാം. നീ വാ.'
ശ്വേത കഴിഞ്ഞ ദിവസം കണ്ടതിന്റത്രയും ക്ഷീണിതയല്ല ഇപ്പോള്‍. എണ്ണമയമില്ലാതെ വരണ്ടുണങ്ങിയ മുടി മുഖത്തേക്കും വശങ്ങളിലേക്കും പാറിക്കിടക്കുന്നു. അതിനേക്കാളുമെനിക്ക് അത്ഭുതം അവള്‍ മാക്‌സിയാണ് ഇട്ടിരുന്നതെന്നാണ്. എന്തൊരു വെറുപ്പാണെന്നോ ശ്വേതയ്ക്ക് മാക്‌സിയോട്. കൊന്നാലും ഇടൂല്ല. വീട്ടില്‍ നില്‍ക്കുമ്പോഴും ചുരിദാറോ ലെഗിംഗ്‌സും ടോപ്പുമോ പാവാടയും ടീ ഷര്‍ട്ടുമോ മാത്രം. എന്റെ വാ തുറന്നുള്ള നോട്ടം കണ്ടപ്പൊഴേ അവള്‍ പറഞ്ഞു:
'എന്തു നോട്ടമാടീ പിശാശെ...? മനുഷ്യന്മാര് ഗതികെട്ടാലിങ്ങനാ... നീയിപ്പോ എന്താ പറയാന്‍ പോണതെന്നെനിക്കറിയാം. മിണ്ടരുത്... ഹും...'
കാഴ്ചയിലുള്ള ക്ഷീണമേ ശ്വേതയ്ക്കുള്ളൂ. ശബ്ദത്തിലാ പഴയ പ്രസരിപ്പൊക്കെ വന്നിട്ടുണ്ട്. പ്ലാസ്റ്ററിട്ട ഇടതുകൈ കഴുത്തിലൂടെയിട്ട ഒരു സ്ലിംഗില്‍ തൂക്കി കട്ടിലില്‍ ചാരിയിരിക്കുവാണവള്‍. ഞാനവളുടെ നെറ്റിയിലൂടെ മുടിയിലേക്ക് തഴുകി. 'സുന്ദരിക്ക് വേദന കുറവുണ്ടോ'ന്നു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് 'ഉം' എന്നു പറഞ്ഞു. ഞാനവളുടെ നടുനെറ്റിയില്‍ ഒരു മുത്തം കൊടുത്തു, ഇന്നലെ ആരോണിനു കൊടുത്തപോലെ.

'നാളെ വിടാന്ന് പറഞ്ഞു. വീട്ടിപ്പോയി റെസ്റ്റെടുത്താ മതിയത്രേ. നീയാ ഹോം നഴ്‌സിന്റെ കാര്യം എന്തായെന്ന് പറ.'
ആരോണ്‍ ഫ്‌ലാസ്‌കില്‍നിന്നും ചായ കപ്പുകളിലേക്ക് പകരുന്നതിനിടയില്‍ ചോദിച്ചു.
'എത്ര കൊടുക്കും, ശമ്പളം?' ഞാന്‍ കസേര വലിച്ചിട്ടിരുന്നു.

'ഇപ്പൊഴത്തെ റേറ്റെങ്ങനെയാ? പത്തൊക്കെ കൊടുക്കാം. എന്താ?' ആരോണ്‍ ഒരു കപ്പ് ചായ ശ്വേതയുടെ വലതുകയ്യില്‍ പിടിപ്പിച്ചുകൊണ്ട് ചോദിച്ചു.

'സ്ഥിരമായി വീട്ടില്‍ സ്റ്റേ ചെയ്ത് രോഗിയെ പരിചരിക്കുന്നതിന്, ഒരു പതിനഞ്ചെങ്കിലും കൊടുക്കണം.'
'പതിനഞ്ചങ്കി പതിനഞ്ച്. ആവശ്യം നമ്മുടേതല്ലേ. കൊടുക്കാം.'
'എന്നാ, ആള് റെഡി.'
'ആരാ? വിശ്വസിക്കാവുന്നവര്‍ വേണം. വീട്ടില്‍ വേറാരും ഇല്ലാത്തതാണ്' ആരോണ്‍ പറഞ്ഞു.
'100 ശതമാനം വിശ്വസിക്കാം. ആള് ഞാന്‍ തന്നെ.'
ശ്വേതയും ആരോണും ഒരേ താളത്തില്‍ 'ങേ...!' എന്ന അതിശയസ്വരം പൊഴിച്ചു. ശ്വേതയെന്നിട്ട് 'പോടീ പൊട്ടീ'ന്ന് പറഞ്ഞു കുറേ ചിരിച്ചു. ആരോണിന്റെ ചായ 'ങേ!'യുടെ ആഘാതത്തില്‍ തുളുമ്പി. അവനു പക്ഷേ, ചിരി വന്നില്ല. കണ്ണുമിഴിച്ച് അന്തംവിട്ടു നിന്നതേയുള്ളൂ. കാരണം, അവനറിയാം ഞാന്‍ പറഞ്ഞത് സീരിയസ്സായിട്ടാണെന്ന്.
ശ്വേത എന്ത് വൃത്തിയിലും ഭംഗിയിലുമാണ് ഫ്‌ലാറ്റിനകം സൂക്ഷിക്കുന്നതെന്ന് ഞാനെപ്പോ ഇവിടെ വന്നാലും ഓര്‍ക്കും. ഇത്തിരി പൊടിയില്ല. മാറാലയില്ല. ഒരു പത്രമോ മാസികയോ പോലും അലങ്കോലമായി കിടക്കാറില്ല. അടുക്കളയൊക്കെ കാണണം. തറയില്‍ ഇരുന്നുണ്ണാന്‍ തോന്നുമെന്നൊക്കെ പണ്ടുള്ളവര്‍ പറയില്ലേ, അമ്മാതിരിയാ. പിന്നെ, കഴിച്ചാല്‍ പാത്രങ്ങളൊക്കെ അപ്പപ്പോ കഴുകി വയ്ക്കണം. അവരവര്‍ കഴിക്കുന്നത് അവരവര്‍ തന്നെ കഴുകുകയും വേണം. ഞങ്ങടെ ഓഫീസില്‍നിന്നും വരാറുള്ള അപൂര്‍വ്വം വി.ഐ.പി ഗസ്റ്റുകള്‍ക്കൊഴികെ ഈ നിയമം ശ്വേത കര്‍ശനമായി നടപ്പാക്കാറുണ്ട്. കുക്കിംഗ് കഴിഞ്ഞാല്‍ അപ്പോഴേ അടുക്കളയിലെ വേസ്റ്റെല്ലാം ക്ലീന്‍ ചെയ്ത് ബാസ്‌കറ്റില്‍ ഡംപ് ചെയ്യും. ഫ്‌ലാറ്റില്‍ വന്നു കയറിയപ്പോഴേ ഇനി ഇതൊക്കെ എന്റെ പണിയാണല്ലോ എന്നാണ് ഞാനാദ്യമേ കുണ്ഠിതപ്പെട്ടത്. എന്നാലും ഞാനിവിടുത്തെ താമസം നന്നായി ആസ്വദിക്കുമെന്നെനിക്കുറപ്പുണ്ട്. ആസ്വദിക്കാനാവാത്ത എന്താണെനിക്കിവിടെ ചെയ്യാനുള്ളത്? ശ്വേതയെ ശ്രദ്ധിക്കണം. പിന്നെ കുക്കിംഗ്, ക്ലീനിംഗ്, വാഷിംഗ്, ഡ്രയിംഗ്, അയണിംഗ്, പിന്നെ... പിന്നെന്താ... പിന്നൊന്നുമില്ലാ...

ഫ്‌ലാറ്റിലിനി മുതല്‍ എന്റെ സാന്നിധ്യം സ്ഥിരമായുണ്ടാകുമെന്ന കാര്യം ആരോണിനെ ചെറുതായി അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. അസ്വസ്ഥതയല്ല, പേടിയാണ് പാവത്തിന്. കാമുകിയേയും ഭാര്യയേയും ഒരുമിച്ച് പൊറുക്കാന്‍ വിട്ടിട്ട് എങ്ങനെ സ്വസ്ഥനായി ഓഫീസില്‍ പോവും. ശ്വേതയ്ക്കു സഹായത്തിനു ഞാന്‍ മതിയെന്ന തീരുമാനമുണ്ടായ വൈകുന്നേരം, ആരോണെനിക്കു മെസ്സേജയച്ചിരുന്നു. നീ വീട്ടിലുള്ളതെനിക്കു സന്തോഷം തന്നെ. അന്യരൊന്നുമല്ലാത്തോണ്ട് ശ്വേതയും കംഫര്‍ട്ടബിളായിരിക്കും. പക്ഷേ, അവള്‍ക്കു സംശയം ജനിപ്പിക്കുന്ന രീതിയിലൊന്നും നമ്മുടെ ഭാഗത്തൂന്ന് ഉണ്ടാവാന്‍ പാടില്ല കേട്ടോ എന്നൊക്കെ പറഞ്ഞുകൊണ്ട് ഇംഗ്ലീഷിലൊരു എസ്സേ...
ആരോണ്‍ ഓഫീസില്‍ പോയിക്കഴിഞ്ഞു ഞാന്‍ ശ്വേതയെ വീല്‍ച്ചെയറിലിരുത്തി ബാല്‍ക്കണിയില്‍ കൊണ്ടുപോയി. അവളവിടെ കുറേ ചെടികളൊക്കെ വളര്‍ത്തുന്നുണ്ട്. കാറ്റടിച്ചപ്പോഴവളുടെ അഴിച്ചിട്ട മുടിയിഴകള്‍ സര്‍പ്പക്കൂട്ടംപോലെ ആകാശത്തേയ്ക്ക് പറക്കുന്നത് സുന്ദരമായ കാഴ്ചയായിരുന്നു. ബാല്‍ക്കണിയില്‍ ആദ്യമായി പൂത്തൊരു പനിനീര്‍ റോസിന്റെ മണമവള്‍ ആസ്വദിക്കുന്നത് കണ്ടപ്പോള്‍ ഞാനും പോയി മണത്തുനോക്കി. ഊം, സുഗന്ധി തന്നെ.
'ആ കാണുന്ന പള്ളിക്കുരിശു കണ്ടോ? അങ്ങ് ദൂരെ, അതിനപ്പുറം കടലാണ്.'
ശ്വേത ദൂരേയ്ക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. അത്രയും ദൂരെയൊരു കുഞ്ഞു കുരിശു കണ്ടൂ. ശ്വേതയുടെ കഴുത്തിലെ മാലയില്‍ കോര്‍ത്ത ലോക്കറ്റിന്റത്രയും ചെറുത്. 

'നിങ്ങള്‍ പോയിട്ടുണ്ടോ അവിടെ?' ഞാന്‍ ചോദിച്ചു.
'ഇല്ലാ, ആരോണ്‍ പറഞ്ഞതാ.'
കാറ്റ് ആരോണിന്റെ അപരനായി വന്നു ഞങ്ങള്‍ രണ്ടാളേയും കാമിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ ഒന്നും മിണ്ടാതെ കുറച്ചുനേരം കാറ്റുകൊണ്ടിരുന്നു. എന്നിട്ട് ഞാന്‍ നേരെ അടുക്കളയിലേക്ക് ചെന്നു. ഉച്ചയ്ക്കുള്ള ചോറ് കുക്കറില്‍ റെഡിയാണ്. ഒരു പുളിശ്ശേരി വയ്ക്കണം. ഒരു മുട്ട കൂടി പൊരിച്ച് കുശാലാക്കാനാണെന്റെ പ്ലാന്‍. പെട്ടെന്നെനിക്കൊരു ഉള്‍ക്കിടിലമുണ്ടായി. ശ്വേത ബാല്‍ക്കണിയില്‍ ഒറ്റയ്ക്കാണ്. ഈ ഫ്‌ലാറ്റില്‍ എല്ലാ ദിവസവും പകല്‍ മുഴുവന്‍ ഒറ്റയ്ക്കിരിക്കുന്ന ശ്വേതയെ മനസ്സില്‍ സങ്കല്‍പ്പിച്ചപ്പോഴായിരുന്നു അത്. എന്തൊരു ദുര്യോഗമാണതെന്നു ഞാനോര്‍ത്തു. മിണ്ടാനും പറയാനുമാരുമില്ലാതെ, എത്രനേരമെന്നു വച്ചാ? മനുഷ്യനു വട്ടായിപ്പോവില്ലേ? ഞാനോടിപ്പോയി ശ്വേതയെ അടുക്കളയിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നു.

'എന്നാലും നീ ഇത്രയും നാള്‍ ലീവെടുത്ത് എന്നെ നോക്കാന്‍ നില്‍ക്കുന്നതെനിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി പറ്റുന്നില്ല. എന്റെ സ്വന്തം സിസ്റ്ററാണെങ്കില്‍പ്പോലും ചെയ്യില്ലാന്ന് നൂറു ശതമാനം ഗ്യാരണ്ടി. ദേവീ, നീയൊരു റെയര്‍ പീസാണ്, സത്യം.'
ശ്വേത, ഞാന്‍ പാചകം തുടരുന്നതിനിടയില്‍ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ വെറുതേ ചിരിച്ചതല്ലാതെ ഒന്നും പറയാന്‍ പോയില്ല. ഉച്ചയൂണിനു മുന്‍പ് ശ്വേതയുടെ സ്‌പെഷ്യല്‍ കൈതച്ചക്ക വൈന്‍, അതുണ്ടാക്കുന്ന റെസിപ്പിയും കൂട്ടി രണ്ടു ഗ്ലാസ് വീതം ഞങ്ങളകത്താക്കി. ഹോ, അമൃത്! മണമോ, മത്താക്കും മനുഷ്യനെ. ഇളം വൈനിന്റെ മണമാണതെന്ന് ശ്വേത പറഞ്ഞു. ഈ മണത്തിന് അരോമ എന്നാണത്രെ പറയുന്നത്. വൈന്‍ കുടിക്കുന്നതിനും പ്രത്യേക രീതികളുണ്ടെന്നവളെന്നെ പഠിപ്പിച്ചു. ഞാന്‍ ചെയ്തപോലെ മടമടാന്നങ്ങ് വലിച്ചുകേറ്റാന്‍ പാടില്ല. ലുക്ക്, സ്‌മെല്‍ ആന്‍ഡ് ടേസ്റ്റ്, അതാണതിന്റെ ഓര്‍ഡര്‍. ഗ്ലാസ്സിലേയ്ക്കു പകര്‍ന്നുവച്ച്, ആദ്യമതിന്റെ നിറമാസ്വദിക്കണം. ഗ്ലാസ്സിന്റെ ഭിത്തിയിലൂടെ വൈനൊഴുകിയ വഴിയില്‍ ശേഷിക്കുന്ന വൈന്‍ കാലുകള്‍ കൊതിയോടെ നോക്കണം. പിന്നെ ഗ്ലാസ്സിന്റെ വാ വട്ടം മൂക്കിനു നേരെ പിടിച്ചു മണത്തു നോക്കണം, അതും കണ്ണടച്ച്. അരോമ മൂക്കിലൂടെ തലച്ചോറിലേക്ക് നേരിട്ടങ്ങ് കേറണം. കുടിക്കുമ്പോഴോ, ആദ്യം ചുണ്ടുകൊണ്ട്, പിന്നെ നാക്കുകൊണ്ട്, അതും കഴിഞ്ഞ് ഉള്ളിലേക്കതങ്ങനെ ഒഴുകുന്നതറിഞ്ഞു വേണം...
രാത്രിയില്‍ ശ്വേതയും ആരോണും അവരുടെ റൂമിലും ഞാന്‍ മറ്റൊന്നിലും കിടന്നു. ശ്വേത ഉറങ്ങിയ ശേഷം ആരോണ്‍ പതുങ്ങിപ്പതുങ്ങി എന്റടുത്തേയ്ക്ക് വരുന്നത് സങ്കല്‍പ്പിച്ചു ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്ക്ക് അവളെങ്ങാനും ഉണര്‍ന്നാല്‍, എല്ലാം അതോടെ തീരും. അതോര്‍ത്തപ്പോള്‍ത്തന്നെ എനിക്കെന്റെ നെഞ്ചിടിപ്പ് സ്വയമറിയാമെന്ന സ്ഥിതിയായി. അയ്യോ! ഒന്നും വേണ്ടാ, ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ആരോണ്‍ 'ഗുഡ്‌നൈറ്റ് ഡിയര്‍, ഉമ്മാ', പിന്നെ കുറേ ഉമ്മ സ്‌മൈലികളും മെസ്സേജായി അയച്ച് എന്റെ ആശങ്കകള്‍ക്കൊരു തീരുമാനമുണ്ടാക്കി. അവന്‍ വരില്ലാ. അവനവളെ നല്ല പേടിയുണ്ട്.

പിറ്റേന്ന് ശ്വേതയൊരു രഹസ്യംപോലെ പറഞ്ഞു:
'രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, പിരീഡ്‌സായി. അതോണ്ട് ഇന്നെന്തായാലും കുളിക്കണം. രണ്ട്, പാഡില്ലാ എന്റെ കയ്യില്‍. അന്നു വാങ്ങിയതായിരുന്നു. കാലൊടിഞ്ഞ ബഹളത്തിനിടയില്‍ എവിടെയോ മിസായി. നിന്റേലുണ്ടാവ്വോ?'
'കുളിക്കുന്ന കാര്യം പ്രശ്‌നമില്ല. ചെയറിലിരുന്നു കുളിക്കാം. പ്ലാസ്റ്ററൊക്കെ പ്ലാസ്റ്റിക് കവറുകൊണ്ട് കവര്‍ ചെയ്താ മതിയല്ലോ. പക്ഷേ, പാഡില്ലാ. ഞാന്‍ കപ്പാണ്, കുറച്ചു നാളായിട്ട്. ഒരെണ്ണം സ്‌പെയറുണ്ട്, യൂസ് ചെയ്യാത്തത്. അതു തരാം...'
'അയ്യോ കപ്പോ!? എനിക്കു വേണ്ടാ. അതൊക്കെ ഭയങ്കര ഇറിറ്റേഷനല്ലേ.'
'ഒരു ഇറിറ്റേഷനുമില്ല. നീയത് യൂസ് ചെയ്തിട്ടില്ലാത്തോണ്ടാ. അതു വച്ചിട്ട്, പിരീഡ്‌സാണെന്നു മറന്നുപോയവര്‍ വരെയുണ്ട് നമ്മുടെ ഓഫീസില്‍. സോ, യൂ ഡോണ്ട് വറി മിസിസ് ശ്വേതാ എലിസബത്ത്, പുതിയ കാലത്തിലേക്ക് സ്വാഗതം...'
ശ്വേത എന്തൊരു നാണക്കാരിയാണ്. എന്റെ മുന്നില്‍ ഉടുപ്പഴിക്കാന്‍ എന്തൊരു മടിയായിരുന്നു ആദ്യം. സത്യത്തില്‍ ആദ്യമെനിക്കും ചെറിയ നാണമൊക്കെ തോന്നിയിരുന്നു, അവളെ നോക്കുമ്പോ. തലയില്‍ എണ്ണ തേച്ച്, പ്ലാസ്റ്ററുകള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ്, വസ്ത്രം മാറ്റി ശ്വേത വീല്‍ച്ചെയറിലിരുന്നു. ഞാന്‍ വെള്ളം കുറേശ്ശെ തലവഴി ഒഴിച്ചുകൊടുത്തു. വെള്ളം തൊട്ടിട്ട് കുറച്ചു നാളായ ശ്വേതയുടെ ശരീരം വലയില്‍ കുടുങ്ങിയ മീനിനെപ്പോലൊന്നു വിറച്ചു.
ഞാന്‍ മറ്റൊരു പെണ്ണിന്റെ നഗ്‌നത ഇത്രയടുത്ത് കാണുന്നതിതാദ്യമായിരുന്നു. എന്തു സുന്ദരിയാണിവള്‍. ഞാനവളെ ഒരിത്തിരി അസൂയയോടെ തന്നെ നോക്കിക്കണ്ടു. പെണ്ണിന്റെ ശരീരം മറ്റൊരു പെണ്ണിനുപോലും ഇത്രയും കൗതുകമുണര്‍ത്തുമോയെന്ന് ഞാനതിശയത്തോടെ ഓര്‍ത്തു.

സോപ്പുപതയുമായി എന്റെ കൈകള്‍ ശ്വേതയുടെ ദേഹത്തലഞ്ഞുനടന്നു. ശ്വേതയേക്കാള്‍ എന്തു ക്വാളിറ്റിയായിരിക്കും ആരോണിനെ എന്നോട് ചേര്‍ത്തുനിര്‍ത്തുന്നതെന്ന്, അതിനിടയിലും എനിക്കു ചിന്തിക്കാതിരിക്കാനായില്ല.
കുളികഴിഞ്ഞ് മെന്‍സ്ട്രുവല്‍ കപ്പുപയോഗിക്കുന്നതിനെ പറ്റിയൊരു രണ്ടു മിനിറ്റ് സ്റ്റഡിക്ലാസ്സ് തന്നെ കൊടുത്തു അവള്‍ക്ക്. എന്നിട്ട്, ഇനി നീ തന്നെയത് അകത്തേയ്ക്ക് വച്ചോന്നു പറഞ്ഞു ഞാനാ കപ്പ് ശ്വേതയെ ഏല്‍പ്പിച്ചു. അവള്‍ക്കപ്പോഴുമത് മറ്റെന്തിനേക്കാളും പേടിയായിരുന്നു. ഹോ, എന്തൊരു പേടിത്തൂറി. ഒടുവില്‍ ഞാന്‍ തന്നെ ചെയ്യാമെന്നേറ്റു.
തന്റെ സ്വകാര്യഭാഗങ്ങളില്‍ ഞാന്‍ തൊടുന്നതിന്റെ ജാള്യതയില്‍ ശ്വേത ചുവന്നു. കപ്പകത്തേയ്ക്ക് വയ്ക്കുമ്പോള്‍ 'ദേവീ... പയ്യെ... പയ്യെ' എന്നവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. കപ്പ് വച്ചു കഴിഞ്ഞു ഞാന്‍ തമാശയായി പറഞ്ഞു:
'കാലില്‍ പ്ലാസ്റ്ററിട്ട, പാന്റീസിടാന്‍ പറ്റാത്ത പെണ്ണുങ്ങള്‍ക്കു വേണ്ടിയാണ് കര്‍ത്താവ് കപ്പ് കണ്ടുപിടിച്ചിട്ടുള്ളതെന്ന് നിനക്കറിയാമോ കുഞ്ഞാടേ...?'
പുതിയ ഉടുപ്പുകള്‍ ഇടീച്ച് വീല്‍ച്ചെയറിലിരുത്തി ഞാനവളെ ബാല്‍ക്കണിയില്‍ കൊണ്ടിരുത്തി. തലമുടി നനവുണങ്ങാനായി വിടര്‍ത്തിയിട്ടു. അപ്പോഴവള്‍ പറഞ്ഞു:
'ദേവീ... യു ആര്‍ റിയലി ഗ്രേറ്റ്...'
ഞാനൊന്നു ചിരിച്ചു. ശ്വേതയുടെ നെറ്റിയിലൊരു ചുംബനം കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.

'യൂ ടൂ, മൈ ഡിയര്‍ ബ്യൂട്ടീ ക്വീന്‍.'
ഉച്ചയ്‌ക്കൊന്ന് മയങ്ങിയപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു. വീല്‍ച്ചെയറിലിരുന്ന് ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ചെണീക്കാന്‍ ശ്രമിക്കുന്ന ശ്വേത. ഒടിഞ്ഞ കാലൂന്നി എണീക്കാനുള്ള ശ്രമത്തിനിടയില്‍ പിടിവിട്ട് അവള്‍ താഴേയ്ക്കു വീഴുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു. ശ്വേത അടുത്തു കിടന്നുറങ്ങുന്നുണ്ട്. ഞാനെന്തിനാണാ സ്വപ്നം കണ്ടതെന്നോര്‍ത്ത് എന്റെ സമാധാനം പോയി. ഇനി ഞാന്‍ തന്നെയാണോ അവളെ തള്ളിയിട്ടിട്ടുണ്ടാവുക? 
എന്റെ ഉറക്കം പോയി. എണീറ്റ് അലമാരയില്‍ അലങ്കോലമായി കിടക്കുന്ന ഡ്രസ്സൊക്കെ അടുക്കിവയ്ക്കാമെന്നു കരുതി. അതിനിടയിലാണ് ഷെല്‍ഫിനുള്ളില്‍നിന്നും ശ്വേതയുടെ ആല്‍ബം കയ്യില്‍ തടഞ്ഞത്. പത്രവാര്‍ത്തകള്‍ കൊണ്ടുണ്ടാക്കിയ ആ കല്യാണ ആല്‍ബം. മുന്‍പ് കണ്ടിട്ടുള്ളതാണെങ്കിലും ഞാന്‍ വെറുതെ മറിച്ചുനോക്കി.

മനസമ്മതത്തിനു പള്ളീലെത്തിയ വധു ബോധംകെട്ടു വീഴുന്നു. എല്ലാവരും അന്തംവിട്ടു നില്‍ക്കുമ്പോള്‍ മനസമ്മതം കൂടാനെത്തിയ ഒരു ചെറുപ്പക്കാരന്‍ അവളേയും താങ്ങിയെടുത്ത് ഓടിച്ചെന്നൊരു കാറില്‍ കയറ്റുന്നു. മറ്റാരെങ്കിലും കയറും മുന്‍പേ കാറ് സ്റ്റാര്‍ട്ടായി അതിവേഗം പള്ളിമുറ്റം കടന്നുപോകുന്നു. പിറകേ പോയവര്‍ക്ക് അടുത്തുള്ള ആശുപത്രികളിലെങ്ങും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പരാതിപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോ രണ്ടും അവിടുണ്ട്. അവര്‍ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ശ്വേതയുടെ അഭിനയ ചാതുര്യത്തേയും ആരോണിന്റെ സാഹസികതയേയും ഒരു സിനിമയിലെന്നപോലെ വര്‍ണ്ണിക്കുന്ന കഥകളുണ്ട് ആ ആല്‍ബത്തില്‍. പ്രണയക്കുറ്റത്തിനു രണ്ടുമാസത്തോളം വീട്ടുതടവില്‍ കിടന്ന പെണ്ണിന്റെ കദനകഥ മറ്റൊന്നില്‍. ബോധം കെട്ടുവീഴുന്ന അച്ഛനമ്മമാരുടെ ചിത്രവും വളര്‍ത്തി വലുതാക്കിയ മക്കളുടെ തോന്ന്യവാസവും വിവരിക്കുന്നൊരു മഞ്ഞപ്പത്രത്തിന്റെ പേജുമുണ്ട്. അങ്ങനെ കുറേ പേപ്പര്‍ കട്ടിങ്ങുകള്‍. ആല്‍ബത്തിന്റെ ലാസ്റ്റ് പേജില്‍ റജിസ്റ്ററോഫീസില്‍ വച്ച് രണ്ടുപേരും ഒപ്പിടുന്ന ഓരോ ഫോട്ടോയും. ആരോണതില്‍ എന്ത് മെലിഞ്ഞിട്ടാണ്. ശ്വേതയ്ക്ക് വലിയ മാറ്റമൊന്നും ഇപ്പോഴും ഇല്ല.
'മനുഷ്യന്മാര്‍ക്ക് ഈ നാണമെന്നു പറയുന്നത് ഈ സോപ്പുകുമിളപോലെയാണ്. ഒരിക്കല്‍ ഇല്ലാണ്ടായാല്‍ പിന്നെ അതില്ല, ശൂന്യം.' രണ്ടുമൂന്ന് ദിവസം കൊണ്ട് കുളിപ്പിക്കുമ്പോഴും കപ്പ് മാറ്റുമ്പോഴുമുള്ള ജാള്യത ശ്വേതയ്ക്കിപ്പോള്‍ ഇല്ലാതായതിനെപ്പറ്റി ഇത്തിരി സാഹിത്യം കലര്‍ത്തി ഞാനവളോട് പറയുവായിരുന്നു. ശ്വേതയുടെ ശരീരത്തില്‍ ഇതുവരെ ആരും കാണാത്ത ഒരു കാക്കപ്പുള്ളി വരെ ഞാനതിനിടയ്ക്ക് കണ്ടെത്തിക്കൊടുത്തിരുന്നു. 

ശ്വേതയ്ക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കലായിരുന്നു പിന്നെയുള്ള പല ദിവസങ്ങളിലും എന്റെ പ്രധാന ഹോബി. ഇഷ്ടമുള്ളതെന്താന്നു ചോദിച്ചു മനസ്സിലാക്കി, യൂട്യൂബില്‍ കയറി അതുണ്ടാക്കുന്ന വിധമൊക്കെ പഠിച്ച്, വേണ്ട സാധനങ്ങള്‍ വാങ്ങി വരാന്‍ ആരോണിന് മെസ്സേജയച്ച്, പിറ്റേന്നതുണ്ടാക്കി, അവളെക്കൊണ്ട് കഴിപ്പിച്ച്, 'ദേവീ... സൂപ്പര്‍', 'ദേവീ... നീയൊരു സംഭവാട്ടോ' എന്നൊക്കെയുള്ള ആത്മാര്‍ത്ഥമായ പുകഴ്ത്തലുകളില്‍ ആനന്ദം കണ്ടെത്തുന്നതായിരുന്നു എന്റെ ആനന്ദം. 

ആരോണില്ലായിരുന്നെങ്കില്‍ ശ്വേതയോടൊപ്പം എന്തെങ്കിലും പറഞ്ഞുപറഞ്ഞങ്ങനെ കിടക്കാമായിരുന്നു എന്നൊക്കെ ഞാന്‍ രാത്രിയിലൊറ്റയ്ക്ക് കിടക്കുമ്പോഴോര്‍ത്തു. അതോര്‍ത്തപ്പോ തന്നെ ആരോണിന്റെ സ്ഥിരം 'ഗുഡ്‌നൈറ്റ്, ഉമ്മ' മെസ്സേജെത്തി. എന്നും പെട്ടെന്നു മറുപടി അയയ്ക്കുന്ന ഞാനന്ന് ഒന്നും ചെയ്യാതെ ഫോണില്‍ നോക്കി വെറുതേയിരുന്നു. പെട്ടെന്നതാ മറ്റൊരു മെസ്സേജ്. ശ്വേതയാണ്. അവളങ്ങനെ മെസ്സേജൊന്നും അയക്കാറില്ലാത്തതാണ്.

'ഉറങ്ങുന്നില്ലേ...?'
'ഉം.'
'ആരോടാ, രാത്രിയില്‍ ചാറ്റിംഗ്? ങ്ങൂം...?'
'ആരുമില്ല.'
'ചുമ്മാ ചോദിച്ചതാടോ.'
'നീയുറങ്ങാത്തെന്താ?'
കുറച്ചുനേരം മറുപടിയൊന്നും വന്നില്ല. ഞാന്‍ ഫോണിന്റെ സ്‌ക്രീനും നോക്കിയിരുന്നു. ഇടയ്ക്കിടെ ശ്വേത ടൈപ്പിംഗ് എന്നു കാണുന്നതല്ലാതെ മെസ്സേജ് മാത്രം വരുന്നില്ല. അവര്‍ തമ്മിലെന്തെങ്കിലും പ്രശ്‌നമുണ്ടായിക്കാണുമോ? അതോ അവളെന്തെങ്കിലും ആരോണിനോട് പറഞ്ഞുകാണുമോ എന്നൊക്കെ ഞാനോര്‍ത്തുകൊണ്ടിരുന്നു. അപ്പോഴതാ വന്നു മറുപടി,
'ദേവീ... ഐ മിസ് യൂ...' കൂടെ കുറേ ചുംബന സ്‌മൈലികളും.
ഞാനാകെയൊന്ന് കോരിത്തരിച്ച് കട്ടിലില്‍ എഴുന്നേറ്റിരുന്നുപോയി. ഒട്ടും വൈകിക്കാതെ തന്നെ മറുമൊഴി അയച്ചു:
'ഐ മിസ് യു ടൂ... ഉമ്മാ...'
'വൈ നോ റിപ്ലേ?' അതിനിടയില്‍ ആരോണ്‍ ഒരു കണ്‍ഫ്യൂഷന്‍ സ്‌മൈലിയുടെ അകമ്പടിയോടെ ചോദിച്ചു. ഞാനുടനെ, ഒരു ഗുഡ്‌നൈറ്റ് അയച്ചു. 'ഇന്നെന്താ ഉമ്മയില്ലേ?', ആരോണ്‍ ചോദിച്ചു. ഒരു മൂഡില്ലാന്ന് ഞാന്‍ മറുപടിയെഴുതി. 'അതെന്താ? പിരീഡ്‌സാണോ?' എന്ന മെസ്സേജിന്റെ നോട്ടിഫിക്കേഷന്‍ വന്നെങ്കിലും ഞാന്‍ വായിക്കാന്‍ നില്‍ക്കാതെ നെറ്റ് ഓഫ് ചെയ്ത് കമിഴ്ന്ന് കിടന്നു.

പക്ഷേ, എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരിഞ്ഞ് സീലിംഗില്‍ നോക്കി കണ്ണുതുറന്ന് കിടന്നു. ശ്വേതയും ഉറങ്ങാതെ കിടക്കുവായിരിക്കുമെന്ന് ഉള്ളാലേ ചിരിച്ചുകൊണ്ടോര്‍ത്തു. എനിക്ക് പെട്ടെന്നൊരു നാണം തോന്നി. ഞാന്‍ ചരിഞ്ഞ്, ചുരുണ്ടുകൂടി ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞ് കിടക്കുന്നപോലെ കിടന്നു.

'എന്തായാലും നനഞ്ഞില്ലേ. ഇന്ന് നീയും എന്റെ കൂടെ കുളിക്ക്.' അന്ന് കുളിപ്പിക്കുന്നതിനിടയില്‍ ശ്വേതയെന്നോട് പറഞ്ഞു. ആദ്യമൊന്ന് മടിച്ചെങ്കിലും ഒന്നുരണ്ടുവട്ടം കൂടി പറഞ്ഞപ്പോള്‍ ഞാനെന്റെ വസ്ത്രമെല്ലാം അഴിച്ചു. ശ്വേത കൗതുകക്കണ്ണുകളോടെ എന്നെ നോക്കുന്ന കണ്ടപ്പോള്‍ ഞാന്‍ ചൂളിപ്പോയി. ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു.
'ഓ... പിന്നേ... ഒരു നാണക്കാരി...' ശ്വേതയെന്നെ കളിയാക്കി.

'അതു നിന്റെ നോട്ടം ശരിയല്ലാത്തോണ്ടാ...' 
ശ്വേത ചിരിച്ചു. തിരിഞ്ഞു നിക്കുമ്പോഴും ശ്വേത നോക്കുന്നുണ്ടെന്ന തോന്നലില്‍ ഞാന്‍ കൂടുതല്‍ തുടുത്തു. 
'ദേവീ, നിന്നോട് ഞാനൊരു കുമ്പസാരം നടത്തട്ടെ?' 
ശ്വേത ചോദിച്ചു. കുമ്പസാരമെന്നു കേട്ടപ്പോള്‍ത്തന്നെ എന്റെ ഹൃദയമിടിപ്പ് പെട്ടെന്നു കൂടി. വിരല്‍ത്തുമ്പീന്നൊരു വിറയല്‍ മേലേയ്ക്കു പടര്‍ന്നുകയറുന്നതുപോലെ തോന്നി. അതു തോന്നലായിരുന്നില്ല. എന്തുപറയണമെന്നറിയാതെ ഞാന്‍ കുറച്ചുനേരം നിന്നുപോയി. ഞാന്‍ കണ്ണുകളടച്ച് ശ്വാസം പിടിച്ച് ധൈര്യം സംഭരിച്ചു. 

പക്ഷേ, ഞാനെന്തെങ്കിലും പറയും മുന്‍പേ ശ്വേത വലതുകൈ കൊണ്ടെന്റെ അരക്കെട്ടിനെച്ചുറ്റി ചേര്‍ത്തുപിടിച്ചു. ആ പിടിത്തത്തില്‍ വീല്‍ച്ചെയര്‍, ഇപ്പോള്‍ മറിയുമെന്ന ഭീഷണിയോടെ ഒന്നുലഞ്ഞു നിവര്‍ന്നു. ഞാനവളുടെ പിടി വിടുവിച്ചു, അവള്‍ക്കു നേരെ തിരിഞ്ഞുനിന്നു.

'നിനക്കറിയാമോ, രണ്ടു പാപികള്‍ പരസ്പരം കുമ്പസാരിക്കുന്നതിന്റെ പേരാണ് പ്രണയം...' ഞാനവളുടെ കാതില്‍ പറഞ്ഞു.
'ദേവിക്കോര്‍മ്മയുണ്ടോ, ഞാന്‍ പറഞ്ഞിട്ടുണ്ടിത്... ഞാനാദ്യം ആരോണിനോട് മിണ്ടുന്നതും ഒരിക്കല്‍ കുമ്പസാരിക്കാന്‍ പോയപ്പോളായിരുന്നെന്ന കാര്യം. ഞാനന്നൊരു സിനിമ കാണുവായിരുന്നു... അതിലുണ്ടല്ലോ... ഹോ, ആലോചിക്കുമ്പൊഴേ ഒരു പെരുപ്പാണ് ആകെ. അതും രണ്ടു പെണ്ണുങ്ങള്‍... ശ്ശോ! ഞാനങ്ങ് വല്ലാണ്ടായി. അതൊക്കെ പാപമാണെന്ന് ബൈബിള്‍ ക്ലാസ്സില്‍ അച്ചന്‍ പറയാറുള്ളതാ. അതോര്‍ത്തപ്പോ പേടിയും. അങ്ങനാ കുമ്പസാരിക്കാന്‍ ഓടിയത്...'
'അതുകൊണ്ടല്ലേ കുഞ്ഞാടേ, നമുക്കും കണ്ടുമുട്ടാന്‍ കഴിഞ്ഞത്...' ഞാനവളുടെ വീല്‍ച്ചെയറിനു മുന്നില്‍ മുട്ടുകുത്തിയിരുന്ന് കൈപ്പത്തിയില്‍ മുത്തിക്കൊണ്ട് പറഞ്ഞു.

കുളി കഴിഞ്ഞ് ഞങ്ങള്‍ ബാല്‍ക്കണിയില്‍ കാറ്റുകൊള്ളാനിരുന്നു. ഒരു സ്റ്റൂളിന്മേല്‍ കയറ്റിവച്ച ശ്വേതയുടെ വലതുകാലിലെ പ്ലാസ്റ്ററിനു പുറത്ത് ഞാന്‍ ദേവി എന്നെഴുതി. ഒന്നെഴുതി, രണ്ടെഴുതി, മൂന്നെഴുതി, അങ്ങനെ ഒരു പതിനായിരം ദേവിയെങ്കിലും ഞാനതിലെഴുതി. പതിനായിരം ദേവിമാര്‍ നീലനിറത്തില്‍ പുഴുക്കളെപ്പോലെ ശ്വേതയുടെ കാലില്‍ പറ്റിപ്പിടിച്ചു കിടന്നു. ഇടതു കയ്യിലെ പ്ലാസ്റ്ററിലും എഴുതാന്‍ ഭാവിച്ചപ്പോള്‍ ഞാന്‍ ശ്വേതയെ നോക്കി. അവളൊരു കുസൃതിച്ചിരിയോടെ എഴുതിക്കോളാന്‍ പറഞ്ഞു.

വൈകുന്നേരം ആരോണ്‍ വന്നപ്പോള്‍ ഇതുകണ്ട് അത്ഭുതം കൂറി. 'എന്ത് വൃത്തികേടാണിതിങ്ങനെ എഴുതിവയ്ക്കുന്നത്.' ആരോണിനതിഷ്ടപ്പെട്ടില്ലാന്ന് ഞങ്ങള്‍ക്കു തോന്നി.

'ഒരു പദപ്രശ്‌നം പൂരിപ്പിച്ചതാ' ഞാന്‍ രംഗം തണുപ്പിക്കാന്‍ തമാശരൂപേണ പറഞ്ഞു.
'എന്ത് പദപ്രശ്‌നം?'
'ആ പ്രശ്‌നത്തിന്റെ ഉത്തരമാണതില്‍ എഴുതിവച്ചിരിക്കുന്നത്' ഞാന്‍ വേഗം അടുക്കളയിലേക്ക് മുങ്ങി.
'ആരോണില്ലായിരുന്നെങ്കില്‍ എന്നു നീ എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ?' ഒരുച്ചകഴിയുന്ന നേരത്ത് ഞാന്‍ ശ്വേതയോട് ചോദിച്ചു:
'ആരോണില്ലായിരുന്നെങ്കില്‍ നമ്മളെങ്ങനെ കാണുമായിരുന്നു?'
'നമ്മള്‍ കണ്ടല്ലോ. ഇന്ന്, ഈ നിമിഷം മുതല്‍ ഇനി ആരോണ്‍ ഇല്ലായിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടോ?'
ശ്വേത വെറുതെ എന്നെ നോക്കിയിരുന്നു. മുഖത്തെ ഭാവത്തില്‍നിന്ന് അവളെന്താണ് ചിന്തിക്കുന്നതെന്ന് എനിക്കൂഹിക്കാനേ കഴിഞ്ഞില്ല. കുറേ നേരമായി ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു:
'നമ്മുടെയീ റിലേഷന്‍ അവിഹിതങ്ങളുടെ ഗണത്തില്‍പ്പെടുവോ? എന്താണ് നിന്റെ അഭിപ്രായം?'
ശ്വേത എന്തോ ആലോചിക്കും പോലെ ദൂരെ കടലിനടുത്തെ ആ പള്ളിക്കുരിശിലേക്ക് നോക്കിയിരുന്നു. പിന്നെ പറഞ്ഞു:
'എല്ലാം സ്വാഭാവികമായി അങ്ങ് സംഭവിച്ചുപോയതല്ലേ. മറ്റുള്ളവരുടെ കണ്ണില്‍ ചിലപ്പോഴിത് അവിഹിതമായിരിക്കും...'
ഞാനത്ഭുതത്തോടെ ശ്വേതയെ നോക്കി. രണ്ടു പെണ്ണുങ്ങള്‍ ഒന്നിച്ച് താമസിച്ചാല്‍ അവരുടെ മെന്‍സസ് ഡേറ്റ്‌സ് അടുത്തടുത്ത് വരുമെന്ന് കേട്ടിട്ടുണ്ട്. ചിന്തകളും ഇതുപോലെ ഒന്നായി മാറുന്നത് അത്ഭുതം തന്നെ. ഞാന്‍ വീല്‍ച്ചെയറിലേക്ക് കുനിഞ്ഞ്, ശ്വേതയെ നെഞ്ചോട് ചേര്‍ത്തു. അവളുടെ കവിളിലും നെറ്റിയിലും കണ്ണുകളിലും മാറിമാറി ഉമ്മവച്ചു. അവള്‍ തിരിച്ചും. എനിക്ക് പെട്ടെന്നു കരച്ചില്‍ വന്നു.

അന്നുരാത്രി ആരോണ്‍ മെസ്സേജിലൂടെ ചോദിച്ചു:
'നിനക്കെന്താണിപ്പൊ ഒരു അകല്‍ച്ചപോലെ...?'
'ഏയ്. അങ്ങനൊന്നുമില്ല.' ഞാന്‍ പറഞ്ഞു.
'അങ്ങനെ ഉണ്ടെന്ന് നിനക്കുമറിയാം എനിക്കുമറിയാം. എന്താ കാര്യം?'
'ഒന്നുമില്ലാന്നേ...'
'ലുക്ക് ദേവീ, വീട്ടില്‍ വച്ച് വലിയ അടുപ്പം കാണിച്ചാ ശ്വേതയ്ക്കത് സംശയവും വിഷമവുമൊക്കെ ആവുമെന്ന് കരുതീട്ടാ. നാളെ കഴിഞ്ഞാല്‍ അവളുടെ പ്ലാസ്റ്റര്‍ വെട്ടുമല്ലോ. പിന്നെല്ലാം പഴയ പോലെ. നീ വിഷമിക്കാതെ...'
ഞാനതിനു മറുപടി പറയാതെ ഒരു ഗുഡ്‌നൈറ്റ് മാത്രമയച്ച് ഉറങ്ങാന്‍ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടുമെനിക്ക് ഉറക്കം വന്നില്ല. ആരാണിതിനൊരു പരിഹാരം പറഞ്ഞുതരുന്നത്? എല്ലാമറിയാവുന്നയാള്‍ ഞാന്‍ മാത്രമാണ്. അപ്പോള്‍ പരിഹാരം കാണേണ്ടതും ഞാന്‍ തന്നെ. പക്ഷേ, എങ്ങനെ? ആരോണിനെക്കാള്‍ ശ്വേതയിപ്പോള്‍ എന്നെയാണ് സ്‌നേഹിക്കുന്നത്. ആരോണോ? എന്നെത്തന്നെയാവും.

അതേ ചോദ്യം ഞാനെന്നോടുതന്നെ ചോദിച്ചു. ഉത്തരം എത്ര ലളിതം. ഒട്ടും സംശയമില്ലാതെ ഞാന്‍ പറയും, ലോകത്ത് മറ്റാരെക്കാളും മറ്റെന്തിനെക്കാളും എനിക്കിഷ്ടം ശ്വേതയെ ആണെന്ന്. പക്ഷേ, ഇക്കാര്യങ്ങള്‍ ആരോണറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? ഞങ്ങള്‍ രണ്ടുപേരെയും ഒരേ കത്തിമുനയില്‍ കോര്‍ക്കുമായിരിക്കും. അതോ, രണ്ടുപേരെയും ഒരേ ഹൃദയവിശാലതയോടെ അംഗീകരിക്കുമോ? അതില്ലായിരിക്കും. പുറമേ പുരോഗമനക്കാരനെങ്കിലും ആരോണ്‍ വെറും പുരുഷനാണെന്നെനിക്കറിയാം. അവന്‍ കാമുകിയെ കടത്തിക്കൊണ്ടുപോയി കല്യാണം കഴിച്ച സാഹസികനായിരിക്കാം. പക്ഷേ, ഇതുപോലുള്ള സന്ദര്‍ഭങ്ങളെ നേരിടാന്‍ മാത്രം ശക്തനൊന്നുമല്ല. അവനാദ്യം പൊട്ടിത്തെറിക്കും. പിന്നെ ആക്രമിക്കും. അല്ലാതെന്ത് ചെയ്യാന്‍? സത്യം പറഞ്ഞാല്‍ ആരോണിന്റെ കാര്യത്തില്‍ എനിക്കു സങ്കടം തോന്നി. ഞാന്‍ തിരിഞ്ഞു കിടന്നു.

ശ്വേതയിപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവുമോ? ഞാന്‍ എണ്ണമില്ലാത്തത്രയും ഉമ്മ സ്‌മൈലികളയച്ച് ശ്വേത കാണുന്നുണ്ടോന്നു നോക്കിനോക്കി കിടന്നു. പിന്നെപ്പൊഴോ ഉറങ്ങിപ്പോയി.

പിറ്റേന്നുച്ചയ്ക്ക് ഞാന്‍ ശ്വേതയ്‌ക്കേറ്റവും ഇഷ്ടപ്പെട്ട കശ്മീരി പുലാവും കാന്താരി ചിക്കനുമുണ്ടാക്കി. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഓരോ ഈന്തപ്പഴവും നുണഞ്ഞു ഞങ്ങള്‍ കെട്ടിപ്പിടിച്ചു കിടന്നു.

'ബാത്‌റൂമിലിപ്പഴും വൈനിന്റെ നല്ല മണമുണ്ട്' ഞാനൊരു രഹസ്യംപോലെ ശ്വേതയുടെ ചെവിയില്‍ പറഞ്ഞു.
'അയ്യോ കര്‍ത്താവേ, അതു കുരിശാവ്വോ?!' ശ്വേതയുടെ ശ്വാസഗതിക്കു വേഗമേറി.

'പേടിക്കാതെ... ഞാന്‍ കുറച്ച് റൂം ഫ്രഷ്‌നറുകൂടി ചേര്‍ത്തു വേറൊരു സ്‌മെല്ലാക്കിയിട്ടുണ്ട്. എക്‌സോസ്റ്റും ഓണാണ്...'
ഞാന്‍ ശ്വേതയുടെ നെഞ്ചില്‍ സദാ പറ്റിച്ചേര്‍ന്നു കിടക്കുന്ന കുരിശിനേയും അതിലെ ഭാഗ്യവാനായ ക്രിസ്തുവിനേയും അസൂയയോടെ നോക്കിക്കൊണ്ട് പറഞ്ഞു. കുരിശിനപ്പുറം കടല്‍, ഞാന്‍ മനസ്സിലോര്‍ത്തു.

'ദേവീ... നിനക്ക് ഇനി മുതല്‍ ഇവിടെ നിന്നൂടെ? ഹോസ്റ്റലില്‍ നിക്കുന്നതിലും നല്ലതല്ലേ. ഞാന്‍ ആരോണിനോട് പറയാം.'
ഞാന്‍ ശ്വേതയുടെ കയ്യിലെ വെള്ള പ്ലാസ്റ്ററിനു മുകളിലൂടെ നിരനിരയായി എങ്ങോട്ടെന്നില്ലാതെ ഇഴഞ്ഞുപോകുന്ന നീലപ്പുഴുക്കളേയും നോക്കി മിണ്ടാതെ കിടന്നു. ഞാനൊന്നും മിണ്ടുന്നില്ലാന്നു കണ്ടു ശ്വേത പറഞ്ഞുകൊണ്ടിരുന്നു:
'ഒരു മാസം, ഹോ! എത്ര പെട്ടെന്നാല്ലേ പോയത്...? നാട്ടിലെ പള്ളിപ്പെരുന്നാളുപോലും ഇതിലും സ്ലോയാ... ദേവീ നിനക്കറിയോ, കല്യാണത്തിനുശേഷം ഞാനിത്രയും സന്തോഷമായിരുന്ന ഒരു സമയമേ ഉണ്ടായിട്ടില്ലാ... സത്യം. പിന്നേ, നാളെ പ്ലാസ്റ്റര്‍ ഒക്കെ എടുത്തുകഴിഞ്ഞിട്ടൊരു ദിവസം നമുക്കാ മാളില്‍ ഒന്നൂടി പോണം. എന്നിട്ട് കുറേ പ്രാവശ്യം ആ എസ്‌കലേറ്ററിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചുമ്മാ കയറിയിറങ്ങണം. കാലൊടിച്ചതിനു നന്ദി പറയണം... നീ കേള്‍ക്കുന്നുണ്ടോ, ഡീ ഉറങ്ങിയാ... ദേവീ...'
ശ്വേതയുടെ നെഞ്ചിനപ്പോഴും പൈനാപ്പിള്‍ വൈനിന്റെ അരോമയായിരുന്നു. അതെന്റെ മൂക്കിലൂടെ നേരെ തലച്ചോറിലേക്കും അവിടുന്നു ദേഹാസകലവും പടരുന്നതുമാസ്വദിച്ചു ഞാന്‍ കണ്ണടച്ച് ഉറക്കം നടിച്ചു കിടന്നു. 

പ്ലാസ്റ്റര്‍ വെട്ടുന്ന കട്ടിംഗ് മെഷീന്‍ കണ്ടപ്പോഴേ ശ്വേതയ്ക്കു പേടിയായി. ധൈര്യം പകരാനാരെങ്കിലും മുറിയില്‍ ചെല്ലണമെന്ന് അറ്റന്‍ഡര്‍ വന്നു പറഞ്ഞു. ആരോണ്‍ അകത്തേയ്ക്കു പോയപ്പോള്‍ ഞാന്‍ പുറത്തെ കാത്തിരിപ്പ് കസേരകളിലൊന്നില്‍ അനിശ്ചിതത്വത്തിലേക്കു നോക്കിയിരുന്നു. പക്ഷേ, പോയ വേഗത്തില്‍ത്തന്നെ ആരോണ്‍ പുറത്തിറങ്ങി. ഒന്നും മിണ്ടാതെ നേരെ വന്നു കസേരയിലിരുന്നു. എന്നിട്ട് ഒട്ടും താല്‍പ്പര്യമില്ലാത്തപോലെ പറഞ്ഞു:
'നീ ചെന്നാ മതിയെന്നവള്‍ക്ക്...'
ഞാനൊരു നിമിഷം അമാന്തിച്ചുനിന്നു. പിന്നെ ഒന്നും പറയാതെ എണീറ്റ് മുറിയിലേയ്ക്കു നടന്നു. ടേബിളിനുമേലെ കിടക്കുകയായിരുന്ന ശ്വേതയുടെ വലതു കൈപ്പത്തിയില്‍ ഞാന്‍ മുറുകെ പിടിച്ചു. നെറ്റിയില്‍ തലോടി ആശ്വസിപ്പിച്ചു. പേടിക്കണ്ടാന്നു പറഞ്ഞു. ഞാന്‍ പൂരിപ്പിച്ച പദപ്രശ്‌നങ്ങളുടെ ഉത്തരങ്ങള്‍ മെഷീന്‍ കട്ടറിന്റെ ചക്രമൂര്‍ച്ചയില്‍ വെളുത്ത പൊടിയായി അന്തരീക്ഷത്തില്‍ നിറയുന്നതും നോക്കി ഞാന്‍ നിന്നു. മുറിനിറയെ ദേവിമാര്‍. ശ്വേതയെന്റെ കൈകള്‍ ഞെരിക്കുന്നവിധം അമര്‍ത്തിപ്പിടിച്ച്, കണ്ണടച്ചു കിടന്നു.

ആരോണിന്റെ കയ്യില്‍ പിടിച്ചു നടന്നാണ് ശ്വേത ഡോക്ടറുടെ മുറിയിലേയ്ക്കു പോയത്. അവര്‍ മുറിയില്‍ കടന്നു വാതിലടച്ചയുടനെ ഞാനെന്റെ ബാഗുമെടുത്തിറങ്ങി. തലേന്നു റെഡിയാക്കി വെച്ചിരുന്നൊരു റെസിഗ്‌നേഷന്‍ ലെറ്റര്‍ കമ്പനി ഇമെയിലിലേക്കു വേഗമയച്ചു. പിന്നെ ഫോണില്‍നിന്നും സിമ്മൂരി രണ്ടായി ഒടിച്ചു വേസ്റ്റ് ബോക്‌സ് കിറ്റിലിട്ടിട്ട് ആവുന്നത്ര വേഗത്തില്‍ പുറത്തേയ്ക്കു നടന്നു. ആരെങ്കിലും പുറകീന്നു വിളിക്കുമോന്ന ഭയത്താല്‍ ഇയര്‍ ഫോണെടുത്തു ചെവിയില്‍ തിരുകി ഏതോ ഒരു പാട്ട് ഉച്ചത്തില്‍ പ്ലേ ചെയ്തു. എനിക്കറിയാവുന്ന സകലമാന വാക്കുകളും പുറത്തെടുത്താല്‍പ്പോലും പൂരിപ്പിക്കാന്‍ പറ്റാത്തൊരു വലിയ സമസ്യയെ പുറകിലുപേക്ഷിച്ച്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഒരോട്ടോയില്‍ ഞാന്‍ ഓടിക്കയറി.