'ചട്ടിക്കളി'- കെ.എന്‍. പ്രശാന്ത് എഴുതിയ കഥ

ഗാനമേളയിലെ അവസാന പാട്ടിന്റെ താളത്തില്‍ മൃദുലും അര്‍ജുനും ജിതിന്റെ പിറകേ കാവിനു തെക്കുള്ള ഇടവഴിയിലൂടെ വയലിലേക്കിറങ്ങി
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

ഗാനമേളയിലെ അവസാന പാട്ടിന്റെ താളത്തില്‍ മൃദുലും അര്‍ജുനും ജിതിന്റെ പിറകേ കാവിനു തെക്കുള്ള ഇടവഴിയിലൂടെ വയലിലേക്കിറങ്ങി. ചടുലമായ തമിഴ്പാട്ട് അവര്‍ക്കു മുന്‍പേ ചെന്ന് വിശാലമായ ഇരുട്ടില്‍ അലയടിച്ചു. ദൂരെ നിരനിരയായി കെട്ടിയ ട്യൂബു വെളിച്ചത്തില്‍ ആളുകള്‍ വരികയോ പോകുകയോ ചെയ്യുന്നു. ഒരു തെങ്ങിന്‍ ചുവട്ടില്‍ കൂട്ടുകാരെ നിര്‍ത്തിയിട്ട് വെളിച്ചം കെടുത്താതെ കാത്തുനില്‍ക്കുന്ന സ്വന്തം വീട്ടിലേക്ക് ജിതിന്‍ നടന്നു. തിരികെ വരുമ്പോള്‍ വഴിയടക്കം മൂടി പടര്‍ന്നുകിടക്കുന്ന നാര്‍ച്ചിക്കാട് നേരം വെളുത്താലുടന്‍ ചെത്തി വെളുപ്പിക്കണമെന്ന് എന്നത്തേയും പോലെ മനസ്സിലുറപ്പിച്ചു. കവറില്‍നിന്നും ഇതുവരെ കണ്ടിട്ടില്ലാത്ത അമേരിക്കന്‍ മദ്യം പുറത്തുവന്നപ്പോള്‍ കാത്തുനിന്നവരുടെ കണ്ണുതള്ളി. ചിയേഴ്‌സ് പറഞ്ഞയുടന്‍ അര്‍ജുന്‍ ഫോണില്‍ യൂടൂബ് തുറന്നു.

''ഈ ശ്രീനാഥേട്ടന്‍ ആള് പൊളിയാണ് ട്ടാ.'' വീഡിയോയില്‍ നോക്കി അവന്‍ ചിറി തുടച്ചു. കൊച്ചിയിലെ ഒരു വലിയ ഹോട്ടലിലും അതിനടുത്തുള്ള തട്ടുകടയിലും മാറി മാറി ഭക്ഷണം കഴിച്ച് വിലയിരുത്തുകയാണ് ശ്രീനാഥ് മുരളി.
''ഇയാള് അമേരിക്കേലല്ലേ? പിന്നെങ്ങനെ കൊച്ചീല്?'' മൃദുലിനു സംശയമായി. 
''അമേരിക്കയില്‍നിന്നും ബിസിനസ് ആവശ്യത്തിനു വരുമ്പോ ചെയ്യുന്ന വീഡിയോസാ ഏട്ടന്റെ ഹൈലൈറ്റ്.''
മറ്റൊരു നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നും വിലകൂടിയ വിദേശഭക്ഷണം കഴിച്ചുകൊണ്ട് അതുപോലുള്ള സ്ഥലങ്ങളില്‍ കയറാന്‍ ശേഷിയില്ലാത്ത ആളുകളെ കളിയാക്കുന്ന അടുത്ത വീഡിയോ തുടങ്ങിയതും മൃദുല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഓഫ് ചെയ്തു.

''പൈസ ഉള്ളോന് ഏടക്കേറി തിന്നൂടാത്തത്? അതുകണ്ട് വെള്ളമൊലിപ്പിക്കാന്‍ നിന്നപ്പോല്ത്തെ കൊറേ ബെഗ്ഡന്മാരും'' അവന്‍ ഗ്ലാസ്സിലുള്ളത് ദേഷ്യത്തിനൊപ്പം ഒറ്റവലിക്കു തീര്‍ത്തു. 

''ആള് തന്ന സാധനാണ് ഈ നക്ക്ന്നത്ന്നോര്‍മ്മ വേണം. കഴിവുള്ളവര അംഗീകരിക്കാന്‍ പഠിക്ക് ആദ്യം.''
ബലപ്രയോഗത്തില്‍ ഫോണ്‍ തിരിച്ചുവാങ്ങി ഗ്ലാസ്സില്‍ ബാക്കിയായത് തൊണ്ടയിലേക്ക് കമിഴ്ത്തി അര്‍ജുന്‍ അനിഷ്ടത്തോടെ ജിതിനെ നോക്കി. ഉത്സവത്തിന് ഗാനമേള സ്‌പോണ്‍സര്‍ ചെയ്ത ശ്രീനാഥ് മുരളിയും വയല്‍ക്കരയില്‍ ഇരുന്ന് മുന്തിയ ഇനം മദ്യം കഴിക്കുന്ന അവരും തമ്മിലുള്ള ലിങ്ക് അവനാണ്. എന്തോ അലോചിച്ച് ജിതിന്‍ മതി എന്ന് കൈ ഉയര്‍ത്തി.
''ഓ അങ്ങനെ ആന്നെങ്കില് ഞാന്‍ പോയേക്കാ.''
മൃദുല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതും ഗാനമേള തീര്‍ന്നെന്ന് അറിയിച്ച് ആകാശത്ത് അമിട്ടുകള്‍ പല നിറത്തില്‍ പൊട്ടി.
''മൃദുലേ നീ ആട ഇരിക്ക്. നിന്ന ഞാനാ വിളിച്ചത്. അത് ഫിനിഷെയ്യ്. ഇതൊന്നും വെറ്‌തേ കിട്ട്യതല്ല. ഒരു കൊല്ലായിട്ട് പൂട്ടിയിട്ട ഓറെ വീടും കാറും കഴുകിയതിനും മൂന്നാല് ദെവസം മാര്‍ക്കറ്റിലും ആടീം ഈടീം പോയതിനും ഒക്കെ ഉള്ള കൂലിയാന്ന് വെച്ചോ.''
അത് പറയുമ്പോള്‍ ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജന്മിയുടെ ആളുകള്‍ തല്ലിക്കൊന്ന അമ്മമ്മയുടെ അമ്മാവനെക്കുറിച്ചുള്ള കഥ ജിതിന്റെ തലയ്ക്കകത്ത് ഓടി. ആ ഭാഗത്ത് ആദ്യകാലത്തു വെച്ച തെങ്ങുകളില്‍ ഒന്നില്‍ കെട്ടിയിട്ടായിരുന്നു കൊലപാതകം. അതുവരെ തലയുയര്‍ത്തി നിന്ന തെങ്ങ് ഏറ്റുകാരന്റെ ചോരവീണ് അന്നു രാത്രിയില്‍ മിന്നലേറ്റ് കത്തിയമര്‍ന്നു എന്നാണ് കഥ. അപ്പോള്‍ ആ കഥയുടെ ഓര്‍മ്മ വന്നുകയറിയത് എന്തിനെന്ന് അവനു മനസ്സിലായില്ല.

പിന്നീട് ആരും ഒന്നും മിണ്ടിയില്ല. ധൃതിയില്‍ കുപ്പികള്‍ കാലിയായി. സുന്ദരിയായ ദ്രാവിഡ യുവതി 'ഉച്ചൂളിക്കടവത്ത് ഭഗവതി'യുടെ തോറ്റംപാട്ട് വൃശ്ചികനിലാവിന്റെ പാടവീണ വയലിലൂടെ ഒഴുകി അയിറ്റിപ്പുഴയും കടന്ന് അറബിക്കടലിലേക്ക് കപ്പല് കയറാന്‍ പോയി. കാലിയായ കുപ്പികള്‍ ഒതുക്കി അവര്‍ തെയ്യപ്പറമ്പിലേക്ക് കയറി. പലയിടത്തും ചുറ്റിനടന്നശേഷം പലവഴി പിരിഞ്ഞു.

ഓംലെറ്റിന്റെ മണമടിച്ചപ്പോള്‍ കൊതികയറി ജിതിന്‍ തട്ടിനടുത്തു ചെന്ന് ഒരു ഡബിളിനു പറഞ്ഞു. ഗാനമേള കഴിഞ്ഞപ്പോള്‍ ചിതറിത്തുടങ്ങിയ ഭക്തജനങ്ങള്‍ പൊടിപറത്തി പലയിടത്തുമായി നടക്കുന്നു. ഉത്സവച്ചന്തയ്ക്കു മുന്നില്‍ കൂടിനില്‍ക്കുന്ന പെണ്ണുങ്ങളില്‍ തോറ്റംപാട്ട് പ്രത്യേക ഊര്‍ജ്ജം നിറയ്ക്കുന്നതായി അവനു തോന്നി. ജിതിന്‍ കൊതിയോടെ അവരെ നോക്കി. ആവി പാറുന്ന ഓംലെറ്റ് കയ്യില്‍ കിട്ടിയതും അര്‍ജുന്റെ വിളി വന്നതും ഒരുമിച്ചായിരുന്നു. ഉള്ളിയും പച്ചമുളകും കൂടിയ അളവില്‍ ചേര്‍ത്ത അതിന് ഒരു പങ്കാളിയെ സങ്കല്പിക്കാന്‍ പറ്റാത്തതിനാല്‍ എവിടെ ഉണ്ട് എന്ന ചോദ്യത്തിന് വെടിപൊട്ടിക്കുന്നിടത്തെന്ന് അവന്‍ കള്ളം പറഞ്ഞു. കാവിന്റെ ഭാഗത്ത് അടി നടക്കുന്നെന്നും ശ്രീനാഥേട്ടനെ പൊലീസ് പിടിച്ചെന്നും കേട്ടപ്പോള്‍ സ്‌കോച്ചിന്റെ മുകളില്‍ ആരെങ്കിലും കൊടുത്ത കാട്ടികൂടി അടിച്ച് അവന്റെ വെളിവ് പോയതായിരിക്കും എന്ന് ജിതിന്‍ ഉറപ്പിച്ചു. ആ രാത്രി ആരെ പൊലീസു പിടിച്ചാലും ശ്രീനാഥ് ആ ലിസ്റ്റില്‍ വരില്ല. കഴിച്ച് തീര്‍ത്ത് അവന്‍ ധൃതിയില്‍ അര്‍ജുന്‍ പറഞ്ഞ ഭാഗത്തേക്ക് ആളുകള്‍ക്കിടയിലൂടെ നടന്നു. പക്ഷേ, അവിടെ എത്തിയപ്പോള്‍ കാര്യം വിചാരിച്ചതിനേക്കാള്‍ കുഴഞ്ഞതാണെന്നു മനസ്സിലായി.

''തൊട്ടാ ഒറ്റൊര്ത്തനീം വ്ടൂല. പറഞ്ഞില്ലാന്ന് വേണ്ട.''
ബലം പ്രയോഗിച്ച് രക്ഷപ്പെടാന്‍ കുതറുന്ന ശ്രീനാഥിന്റെ കോളറില്‍ മുറുകെപ്പിടിച്ച് ഒരു പൊലീസുകാരന്‍ ആളുകള്‍ക്കു നേരെ അലറുകയാണ്. അയാളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും അടുത്തു ചെല്ലാന്‍ ധൈര്യപ്പെട്ടില്ല. ഏതു നിമിഷവും തിരിഞ്ഞു കൊത്താവുന്ന പാമ്പാണ് ഒറ്റപ്പെട്ട പൊലീസുകാരന്‍. അത്താഴം മുടങ്ങാന്‍ അതുമതി. 
''എന്താ പ്രശ്‌നം?'' വായും പൊളിച്ചു നില്‍ക്കുന്ന അര്‍ജുനേയും മല്‍പ്പിടുത്തം കണ്ടാസ്വദിക്കുന്ന മൃദുലിനേയും ജിതിന്‍ കണ്ടു.

''ചട്ടിക്കളീന്റെ എടേല് പൊലീസ് കേറി.''
''ചട്ടിക്കളിയാ ശ്രീനാഥേട്ടനാ?''
''അതേ ഓടുമ്പോ ആ പൊലീസുകാരന് ചവ്ട്ടും കൊട്ത്തു'' മൃദുല്‍ ഇടപെട്ടു.
''അല്ലടാ ആള് ഇതൊക്കെ യൂടൂബിലിടാന്‍ ഷൂട്ടെയ്യാര്ന്നു. അപ്പളാണ് പൊലീസ് വന്നത് ചട്ടിക്കളിക്കാരനും പൈസ ഇട്ട് കളിച്ചോരും ഓടി. പാവത്തിന് ഓടാന്‍ ടൈം കിട്ടീല്ല.''
അര്‍ജുന്‍ പറഞ്ഞത് പകുതി സത്യമായിരുന്നു. ആല്‍ത്തറയ്ക്കടുത്ത് കാറ് നിര്‍ത്തി അമ്പലത്തിലേക്ക് നടക്കുമ്പോള്‍ തന്റെ പൂര്‍വ്വികനായ നാടുവാഴി പടിയത്ത് ചക്രലിംഗന്റെ കോട്ടയായിരുന്ന അമ്പലം വര്‍ണ്ണവെളിച്ചത്തില്‍ മിന്നിത്തിളങ്ങുന്നത് ശ്രീനാഥ് കണ്ടു. തനിക്കു മുന്‍പ് തറവാടിന്റെ അധികാരങ്ങള്‍ നഷ്ടപ്പെട്ടതില്‍ അവന് നഷ്ടബോധം ഉണ്ടായി. ലാസ് വേഗാസിലെ കൂട്ടുകാരോട് പറയാറുള്ളതാണ്. ''മൈ ആന്‍സസ്റ്റേഴ്‌സ് വാസ് ദ ലോര്‍ഡ്‌സ് ഓഫ് ദ വില്ലേജ്.''
അമ്പലം നില്‍ക്കുന്ന സ്ഥലമാണ് നാടിന്റെ മര്‍മ്മസ്ഥാനം; അവിടെനിന്ന് നോക്കിയാല്‍ ഒന്നൊന്നര കിലോമീറ്റര്‍ ദൂരെയുള്ള ഓടക്കാവു ടൗണ്‍ വരെ വ്യക്തമായി കാണാം. ഓടക്കാവില്‍ ചെന്നു മുട്ടുന്ന റോഡ് തുടങ്ങുന്നത് ഭൂമി ഉണ്ടായ കാലത്ത് മുളച്ചു പടര്‍ന്ന ആല്‍മരത്തിനടുത്താണ്. അതിനു താഴേക്ക് പതിനഞ്ച് പടവുകളിറങ്ങി വയലിനു മുകളില്‍ മണ്ണിട്ട് സിമന്റ് തേച്ച നടവഴിയിലൂടെ അവന്‍ നടന്നു. വടക്കുഭാഗത്ത് കുളം, പിന്നെ നോക്കെത്താദൂരം വയലാണ്. വയല്‍ ചെന്നു മുട്ടുന്ന പടവുകള്‍ കയറിയാല്‍ വിശാലമായ അമ്പലപ്പറമ്പിനു വടക്കായി പത്തടി ഉയരമുള്ള മതിലിനുള്ളിലാണ് ദേവീപ്രതിഷ്ഠ. തെയ്യം കെട്ടിയാടുന്നത് മതിലിനു പുറത്താണ്. ഉത്സവവും എഴുന്നള്ളത്തും അകത്ത്. മതിലിന്റെ നാല് ഭാഗത്തെ പടിപ്പുരകള്‍ നാലു ജാതിക്കാരെ ഉദ്ദേശിച്ചാണ്. തൊട്ടുകൂടാത്തവര്‍ പണ്ട് പുറത്തുനിന്ന ഭാഗത്തുതന്നെ ഇപ്പോള്‍ അകത്തു നില്‍ക്കുന്നു. തീണ്ടിക്കൂടാത്തവര്‍ക്ക് പടിഞ്ഞാറെ പടിപ്പുരയുടെ പുറത്തായിരുന്നു സ്ഥാനം. അവിടേക്കുള്ള ദൂരം മതിലില്‍നിന്നും കുറച്ച് കൂടുതലാണ്. അതിനു തെക്ക് കണ്ടംകുളത്ത് കാവ്. പടിപ്പുരയിറങ്ങിയാല്‍ വിരുന്താളം വയല്‍. പിന്നെ കൈപ്പാട്. അതും കഴിഞ്ഞ് നൊച്ചിക്കാട്, ആയിറ്റിപ്പുഴ, അറബിക്കടല്‍. ശ്രീനാഥ് ഓരോന്ന് ഓര്‍ത്ത് ആളുകള്‍ക്ക് ഇടയിലൂടെ നടന്നു. 

''തെയ്യം ദിവസമായ ഇന്ന് നടന്ന കോഴിക്കോട് സ്റ്റാര്‍ സിംഗേഴ്‌സിന്റെ ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത് പടിയത്ത് ശ്രീനാഥ് മുരളി.''
മൈക്കിലൂടെ ഇടയ്ക്കിടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഗാനമേള നടക്കുമ്പോള്‍ എത്താത്തതിന് പരിഭവം പറഞ്ഞ് ആഘോഷക്കമ്മിറ്റി പ്രസിഡണ്ട് ഹരീന്ദ്രന്‍ ഓടിവന്ന് അവനെ ചേര്‍ത്തുപിടിച്ച് സെല്‍ഫി എടുത്തു. കമ്മിറ്റി ഓഫീസിലേക്ക് ഇരിക്കാന്‍ ക്ഷണിച്ചെങ്കിലും എല്ലാം ചുറ്റിനടന്ന് ഓര്‍മ്മകള്‍ പുതുക്കാന്‍ അവന്‍ ചെണ്ടകൊട്ടുകളുടെ ആരവങ്ങളിലേക്ക് ഇറങ്ങി. പലരും തിരിച്ചറിയുകയും ചിരിക്കുകയും പേരു വിളിക്കുകയും ചെയ്യുന്നതിനിടെ ഫോണില്‍ പടങ്ങളെടുത്ത് പടിഞ്ഞാറുഭാഗത്തെ പടിപ്പുരവരെ നടന്നു. നൊച്ചിക്കാട്ടേക്കുള്ള വഴി ഇറങ്ങിയപ്പോഴാണ് കണ്ടംകുളത്തുകാവിനു പിറകിലായി നടവഴിയിലെ വെളിച്ചം കഷ്ടി വീഴുന്നിടത്ത് മെഴുകുതിരി വെട്ടം കണ്ടത്. അതിനു ചുറ്റും സന്തോഷത്തിന്റേയും നിരാശയുടേയും ശബ്ദങ്ങള്‍.

''വെയ് രാജാ വെയ് ആര്‍ക്കും വെക്കാ എത്രയും വെക്കാ ഒന്ന് വെച്ചാ രണ്ട് രണ്ട് വെച്ചാ നാല് പത്ത് വെച്ചാ നൂറ് അഞ്ഞൂറ് വെച്ചാ ആയിരം വെയ്യ് രാജാ വെയ്യ്.'' രൂപമില്ലാത്ത പരുക്കന്‍ ശബ്ദം ക്ഷണിച്ചപ്പോള്‍ കൗതുകത്തോടെ അവന്‍ അങ്ങോട്ട് നടന്നു. ചട്ടിക്കളി! ലാസ് വേഗാസിലെ കാസിനോകളില്‍ കോടികള്‍ മറിയുന്ന ഗാംബ്ലിംഗിന്റെ പ്രാകൃത രൂപം.
മൈക്കിലൂടെ ഉയര്‍ന്നുകേള്‍ക്കുന്ന തോറ്റംപാട്ടിനകമ്പടിയായി ഉയരുന്ന ചീനിക്കുഴലിന്റേയും വയലിലെ നിശ്ശബ്ദതയുടേയും നടുവില്‍ നടക്കുന്ന ആദിമചൂതാട്ടം തന്റെ വ്‌ലോഗ് ആരാധകര്‍ക്കു വേണ്ടി പകര്‍ത്താന്‍ അവന്‍ ഫോണ്‍ കാമറയില്‍ നൈറ്റ് മോഡ് ഓണാക്കി.

''ശ്രീനാഥേട്ടോ?''
പണമിട്ടു കളിക്കുന്നവര്‍ക്കിടയില്‍നിന്നും തലനീട്ടിയ അര്‍ജുനെ അവനു മനസ്സിലായില്ല. ഷൂട്ട് ചെയ്യുകയാണെന്നു കണ്ടപ്പോള്‍ ചട്ടിക്കളിക്കാരന്‍ വലിയ ഒരു തെറി പറഞ്ഞ് കൈ ഉയര്‍ത്തി. അര്‍ജുന്‍ അവന്റെ അടുത്തേക്ക് നിന്നു. ചട്ടിക്കളി നിയമവിരുദ്ധമാണ്. പൊലീസ് അറിഞ്ഞാല്‍ കളിനടത്തിയോനും കളിച്ചോനും എല്ലാം കുടുങ്ങും. അവന്‍ ഭവ്യതയോടെ പറഞ്ഞു:
''ഈ മൈരനെല്ലം ഏട്ന്ന് വെര്ന്ന്പ്പാ.'' 
കളിയുടമ അവനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പാട്ടകുലുക്കി കട്ട താഴെയിട്ടു. ശ്രീനാഥ് ഫോണ്‍ ഓഫ് ചെയ്ത് എന്താണ് വേണ്ടതെന്നറിയാതെ നിന്നു.

''ശ്രീനാഥേട്ടാ എന്നെ തിരിഞ്ഞില്ലേ? അര്‍ജുന്‍. ജിതിന്റെ ചങ്കാന്ന്. നിങ്ങ തന്ന സാധനം അടിച്ച് നമ്മ ഇപ്പോ കേറ്യതേ ഉള്ളൂ.''
അവന്‍ നന്ദി വഴിഞ്ഞൊഴുക്കി. മദ്യത്തെക്കുറിച്ച് പറഞ്ഞത് ചുറ്റും നില്‍ക്കുന്നവര്‍ക്ക് ഉത്സാഹമുണ്ടാക്കിയതുപോലെ തോന്നി. ചമ്മി നില്‍ക്കുന്നതിനിടെ പരിചയപ്പെടാന്‍ വന്നവന് ഒരു ചവിട്ട് കൊടുക്കാന്‍ തോന്നിയെങ്കിലും ശ്രീനാഥ് ചിരിച്ചു തലയാട്ടി. പുരുഷന്മാരെ എലികളെപ്പോലെ പിറകെ നടത്തിക്കുന്ന കറുപ്പിലും ചുവപ്പിലുമുള്ള ചീട്ടുചിഹ്നങ്ങള്‍ക്കു മുന്നില്‍ ഇരുന്നും നിന്നും കളിക്കുന്നവര്‍ പുച്ഛത്തോടെ നോക്കുന്നു എന്ന് തോന്നിയപ്പോള്‍ ചമ്മല്‍ മാറ്റാന്‍ വേണ്ടി അവന്‍ നൂറു രൂപയെടുത്ത് തട്ടിലേക്കിട്ടു. പക്ഷേ, അത് ''കമ്പനിക്കടിച്ചു.'' സ്വയം ഒരു കാസിനോ കമ്പനി ആയി മാറിയിരിക്കുന്ന, തീരെ മാര്‍ദ്ദവമില്ലാത്ത, ഇരുട്ടിന്റെ മുഖമുള്ള കട്ടിമീശക്കാരനെ അവന് നല്ല പരിചയം തോന്നി. പക്ഷേ, എവിടെ? നെവാദയിലെ മില്ല്യണെയര്‍ കാസിനോയിലെ എത്ര പ്രാവശ്യം കണ്ടാലും പരിചയം കാണിക്കാത്ത ആഫ്രോ അമേരിക്കന്‍ കാവല്‍ക്കാരനാണോ അത്?
മൂന്നാം തവണയും കാശുപോയ ശ്രീനാഥ് മുതലത്തോല്‍ പേഴ്സില്‍നിന്നും രണ്ടായിരം രൂപ പുറത്തെടുത്തു. ചെറിയ തുകകള്‍ ഇട്ട് ഭാഗ്യം നേടിക്കൊണ്ടിരുന്നവര്‍ അതു കണ്ട് വിശ്വസിക്കാന്‍ പറ്റാതെ എഴുന്നേറ്റു നിന്നു. കുലുക്കിയിട്ട കട്ടയെ മൂടിയ പാട്ട തുറന്നതും ചുറ്റും നിന്നവര്‍ ആഹ്ലാദശബ്ദമുണ്ടാക്കി അവന്റെ മേലേക്കു ചാഞ്ഞു. അപ്പോഴാണ് താനെവിടെയാണ് നില്‍ക്കുന്നതെന്ന ബോധം അവനുണ്ടായത്. കാശുവാങ്ങി വന്ന വഴിയിലൂടെ തിരിച്ചു നടന്നപ്പോള്‍ അര്‍ജുനും അവന്റെ കൂടെ ചെന്നു.

''അതെന്ത് പരിപാടി? പണം അടിച്ചാ മതിയാക്ക്ന്നത് മര്യാദയാണോ?'' ഒരുത്തന്‍ പിന്നില്‍നിന്നും വിളിച്ചുപറഞ്ഞു. അതു കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ മെഴുകുതിരി വെട്ടം പാളി കളിക്കാരന്റെ കീരിമുഖം ഒന്നുകൂടി തെളിഞ്ഞു. പെട്ടെന്ന് ശ്രീനാഥിന് ഓര്‍മ്മയുടെ മിന്നലേറ്റു. കീരി! പഴയ ചട്ടിക്കളിക്കാരന്‍ കരിയന്റെ മകന്‍ കീരിഗിരീശ്. പണം കിട്ടിയാല്‍ മതിയാക്കുന്ന കളി കരിയന്‍ അനുവദിച്ചിരുന്നില്ല. അങ്ങനെ കടന്നുകളയുന്നവരെ അറിയാവുന്ന തെറികള്‍ മുഴുവനും വിളിച്ച് അയാള്‍ നാറ്റിക്കും. പക്ഷേ, അത് കീരിയാണ്; അവന്‍ തന്നെ കളിയില്‍നിന്നും ഒഴിവാക്കുകയാണ്. 
''അവന്മാര് നമ്മളെ വെല്ലുവിളിച്ചതാണോ?'' പിറകെ വന്ന അര്‍ജുനോട് അവന്‍ ചോദിച്ചു.
''എനിക്കും തോന്നി. ശ്രീനാഥേട്ടന്‍ അങ്ങനെ വിടണ്ടാര്ന്നു. ആ കോളനിക്കാര്‌ടെ മുന്‍പില് ചെറ്താവണ്ടാര്ന്നു.''
''കളിനടത്തുന്നവന്റെ പേര് ഗിരീശ്ന്നാണോ?''
''അങ്ങന എന്തോ വിളിക്കുന്നത് കേട്ടു ശ്രീനാഥേട്ടാ.''
കണ്ടുമറന്ന രൂപമായി തോന്നിയത് അതുകൊണ്ടാണോ? പല നിറത്തില്‍ മിന്നുന്ന വിളക്കുകാലിനു കീഴില്‍ അവര്‍ നിന്നു. ആരോ ശ്രീനാഥിനെ ബഹുമാനിച്ച് കടന്നുപോയി. ഗാനമേള സ്‌പോണ്‍സര്‍ ചെയ്ത സ്വന്തം പേര് മൈക്കിലൂടെ കേട്ടപ്പോള്‍ അത് വേറെ ആരെക്കുറിച്ചോ ആണെന്ന് അവനു തോന്നി.

പെരുവിരലില്‍നിന്നും കയറിയ തരിപ്പില്‍ കളിസ്ഥലത്തേക്ക് തിരികെ നടക്കുമ്പോള്‍ ഗിരീശിനെ അവസാനം കണ്ട ദിവസങ്ങള്‍ ശ്രീനാഥിന് ഓര്‍മ്മവന്നു.

ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരോടോ അടികൂടിയതിന് സ്റ്റാഫ്‌റൂമിനു മുന്നില്‍ വച്ച് ഈശ്വരന്‍ മാഷിന്റെ വിചാരണ നടക്കുകയായിരുന്നു. തെറ്റുകള്‍ ചെയ്ത് പിടികൂടിയാല്‍ മാഷ് ആദ്യം ചോദിക്കുക പ്രതികളുടെ സ്ഥലമാണ്. കൊല്ലമെത്ര കഴിഞ്ഞാലും മാമൂലായിട്ടുള്ള അത്തരം ചോദ്യങ്ങള്‍ അയാള്‍ ഒഴിവാക്കാറില്ല. എത്രയോ തലമുറയെ വാര്‍ത്തെടുത്ത വാര്‍പ്പുകാരനാണദ്ദേഹം.
''ഏട്യാ നിന്റെ വീട്?''
''പായാളം കോളനീല്.''
''ഏട?'' അവജ്ഞയോടെ അയാള്‍ മുഖം ചുളിക്കും.
''പയാ...'' 
''പോ കഴുതേ കഞ്ഞി കുടിക്കാനായിറ്റ് സ്‌കൂളില് വെര്ന്ന കൈസാടെ. മുട്ടേന്ന് വിരിഞ്ഞ്വടാ നീ?''
പറഞ്ഞ് തീരും മുന്‍പ് നാലഞ്ച് അടി പലയിടത്തായി കിട്ടിയ ഗിരീശ് പുളയാന്‍ തുടങ്ങി. കയ്യിലും പുറത്തും മുഖത്തുമാണ് ചൂരല്‍ വീണത്. ചാവുന്നതുവരെ തല്ലുമെന്ന വാശിയോടെ ഈശ്വരന്‍ പെരുമാറി. അന്നു മുഴുവന്‍ ക്ലാസ്സിനു പുറത്ത് നിന്ന അവനെ വൈകുന്നേരം കളിച്ചു വരുന്ന വഴിയില്‍ ശ്രീനാഥ് കണ്ടു. ആര്‍ക്കോ വേണ്ടി അരിഞ്ഞ പുല്ല് കെട്ടിവച്ച് അതേ പറമ്പിലെ ഞാവല്‍ മരത്തില്‍നിന്നും പഴങ്ങള്‍ കുലുക്കി ഇടുകയായിരുന്നു അവന്‍. ശ്രീനാഥിനെ കണ്ടതും ചിരിച്ചുകൊണ്ട് സൈക്കിളിനടുത്തു വന്ന് ഞാവലുകള്‍ നീട്ടി. എന്തോ ആലോചിച്ച് ശ്രീനാഥ് വേണ്ടെന്ന് തലയാട്ടി.
''ഇന്നും ഈശ്വരന്‍മാഷിന്റെ കയ്യ്ന്ന് കിട്ടി അല്ലേ?'' ശ്രീനാഥ് കളിയാക്കി.

ക്ലാസ്സിലെ ഒരു കുട്ടിയുടെ ബാഗില്‍നിന്നും പൈസ കളവ് പോയതിനും ദേശീയഗാനത്തിനിടെ ആരോ ചിരിച്ചതിനും ഒക്കെയായി ഗിരീശനു തല്ലു കിട്ടാത്ത ദിവസങ്ങളില്ല.

''കൊറേ ആയി ഞാന്‍ സഹിക്ക്ന്ന്. ഇനിയും തച്ചാ എല്ലാരേം ഞാന്‍ കൊല്ലും'' പിന്നെയും എന്തൊക്കെയോ പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ട് അവന്‍ ദേഷ്യത്തോടെ ഞാവലുകള്‍ തുപ്പി. അവന്റെ കണ്ണുകള്‍ നിറഞ്ഞുവന്നു.
''മാഷിനേം?''
''ആ അയാള ആദ്യം കൊല്ലും.''
''എങ്ങനെ?''
''പുല്ലരിയ്ന്ന ഈ കത്തിയോണ്ട് ഒറ്റവീശല് മതി തല രണ്ടായി കണ്ടിക്കും.'' കുട്ടയില്‍ നിന്നെടുത്ത കത്തി അവന്‍ വായുവില്‍ വീശി. അദൃശ്യമായ എന്തോ മുറിഞ്ഞുവീണു. അതില്‍നിന്നും ചീറ്റിയ രക്തം കണ്ട് പേടിച്ച് പാഞ്ഞുപോയ ശ്രീനാഥിന്റെ സൈക്കിള്‍ മാഷിന്റെ ഇരുമ്പുഗേറ്റില്‍ ചെന്നുനിന്നു. കോളിംഗ് ബെല്ലടിച്ചപ്പോള്‍ കണ്ടുകൊണ്ടിരുന്ന സീരിയലിനു തടസ്സമുണ്ടായതിലുള്ള നീരസത്തോടെ ഈശ്വരന്‍ പുറത്തേയ്ക്കു വന്നു.

പിറ്റേന്ന് മണിയടിക്കാറായിട്ടും എത്താതിരുന്ന കീരിയെ സ്‌കൂള്‍ പകയോടെ കാത്തുനിന്നു. മൈതാനത്ത് കാലെടുത്ത് വച്ചതും അലര്‍ച്ചയോടെ ഈശ്വരന്‍ അവന്റെ മേലേക്ക് ചാടിവീണു. പല്ലുകള്‍ എല്ലാം പുറത്തുകാട്ടി നാവു വെളിയിലിട്ട് ആക്രമിക്കാനായി കുരച്ചുവരുന്ന നായയെ ആണ് അവന് ഓര്‍മ്മവന്നത്. ഓടാന്‍ ശ്രമിക്കും മുന്‍പ് ആദ്യ അടിയില്‍ത്തന്നെ അവന്‍ മണ്ണുപറ്റി. തല്ലിത്തളര്‍ന്ന് മാഷ് മതിയാക്കും വരെ ഗിരീശ് വെറും നിലത്ത് കിടന്നു. എഴുന്നേറ്റപ്പോള്‍ മുന്‍പില്‍ ശ്രീനാഥും കൂട്ടുകാരും തീരെ സഹതാപമില്ലാത്ത മുഖവുമായി നില്‍ക്കുന്നതു കണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞു. എന്തോ പറയാന്‍ ശ്രമിച്ചതും വലിയ ഒരു കല്ല് അവന്റെ നെറ്റിയില്‍ പതിച്ചു. അടുത്തത് എറിയാന്‍ ഈശ്വരന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ആദ്യ ഏറ് ഉന്നം തെറ്റാതെ കൊള്ളിച്ച അഭിമാനത്തോടെ ശ്രീനാഥ് 'കീരീ' എന്നു വിളിച്ച് അടുത്ത കല്ലെടുത്തു. പെട്ടെന്ന് ഒരു മലക്കംമറിഞ്ഞ് കുട്ടികളെ അമ്പരപ്പിച്ച് തനിക്കു നേരെ വരുന്ന കല്ലുകളില്‍നിന്നും അവന്‍ ഓടി രക്ഷപ്പെട്ടു. അവന്റെ നിലവിളി കുറച്ചു നേരം അവിടെ തങ്ങിനിന്നെങ്കിലും 'വന്ദേമാതരം' തുടങ്ങിയപ്പോള്‍ അത് മാഞ്ഞുപോയി. 

പിന്നീടവന്‍ സ്‌കൂളിലേക്ക് വന്നില്ല. ഒരു ദിവസം ഈശ്വരന്‍ മാഷ് മാവിന്‍ ചോട്ടിലേക്ക് ക്ലാസ് മാറ്റിയ നേരത്ത് വഴിയിലൂടെ പോത്തുകളെ തെളിച്ചുപോയ ചെറുപ്പക്കാരനെ നോക്കി ഒരു കുട്ടി പറഞ്ഞു: 
''മാഷേ കീരി!''
മാഷിന് അവനെ മനസ്സിലായില്ല. പുള്ളി ലുങ്കിയും ഫുള്‍ക്കൈ ഷര്‍ട്ടുമിട്ട മുതിര്‍ന്ന ഒരു പുരുഷനാണതെന്ന് മാഷിനു തോന്നി. നിസ്സംഗരായി നടക്കുന്ന പോത്തുകള്‍ക്കു പിറകേ ആരോടോ ഉള്ള വാശിയോടെ കൈകള്‍ വീശി അവന്‍ നടന്നു. ചൂരല്‍ ചൂണ്ടി മാഷ് വിളിച്ചപ്പോള്‍ മൃഗങ്ങളെ അനുസരിപ്പിക്കുന്ന പുളിവടിയുമായി അവന്‍ ക്ലാസ്സിനടുത്തേക്ക് ചെന്നു. സ്‌കൂളില്‍ വരാത്തതിന് മാഷ് ചീത്തപറയാന്‍ തുടങ്ങിയതും കുട്ടികള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത കുറച്ചു തെറികള്‍ അയാളെ വിളിച്ച് കൂസലില്ലാതെ അവന്‍ തിരിച്ചു പോയി. അവന്‍ എന്തോ പറഞ്ഞപ്പോള്‍ പോത്തുകള്‍ ഈശ്വരനെ തിരിഞ്ഞുനോക്കി അയവെട്ടി. കുട്ടികള്‍ അയാളെ പേടിച്ച് ചിരികള്‍ കടിച്ചുപിടിച്ച് ഇരുന്നു. ശ്രീനാഥിനു നേരെ കൂര്‍ത്ത ഒരു നോട്ടമെറിഞ്ഞ് നെറ്റിയിലെ ഉണങ്ങാത്ത മുറിവില്‍ ഒന്നു തടവിയ ശേഷം പരന്നുകിടക്കുന്ന മൈതാനം കടന്ന് അവനും പോത്തുകളും ലോകത്തിനറ്റത്തേയ്ക്കു നടന്നുപോയി.

ചട്ടിക്കളിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ ശ്രീനാഥ് കിതയ്ക്കുന്നുണ്ടായിരുന്നു. രണ്ടായിരത്തിന്റെ രണ്ട് നോട്ടുകള്‍ അവന്‍ തട്ടിലേക്കിട്ടതും അര്‍ജുന് ആവേശം മൂത്തു. 

''തരാന്‍ നാലായിരം കയ്യിലുണ്ടാവ്വോ?''
ഇടവിട്ടു വളര്‍ന്ന മീശ പിരിച്ചുകൊണ്ട് അവന്‍ കളിക്കാരനെ പുച്ഛിച്ചു. നിര്‍വ്വികാരനായി അയാള്‍ പാട്ട കുലുക്കി. പക്ഷേ, ഞെട്ടാന്‍പോലും നേരമില്ലാത്ത വേഗതയില്‍, ആളുകള്‍ ചിതറിയോടുന്നതും താനിട്ട ചുവന്ന നോട്ടുകളും ചീട്ടുചിഹ്നങ്ങള്‍ പതിച്ച കളിത്തട്ടും അപ്രത്യക്ഷമാകുന്നതും ശ്രീനാഥ് കണ്ടു.

''പൊലീസ്!''
ഇരുട്ടില്‍ ശബ്ദങ്ങള്‍ കൂട്ടിമുട്ടി. ആരോ പിടിച്ചു തള്ളിയതും കീശയില്‍നിന്നും ഫോണ്‍ തെറിച്ചു പോയതും അറിഞ്ഞെങ്കിലും നിസ്സഹായനായി അവന്‍ ഗുരുത്വാകര്‍ഷണത്തിനു കീഴടങ്ങി. നിലം തൊടും മുന്‍പ് ആരുടേയോ തല തനിക്കടിയില്‍ പെട്ടിട്ടുണ്ടെന്ന് അവനു മനസ്സിലായി. വീഴ്ചയുടെ തരിപ്പില്‍നിന്നും ഉണര്‍ന്നപ്പോഴാണ് നെറ്റിയിലും കൈമുട്ടിലും ചോരയൊലിച്ച് തനിക്കൊപ്പം എഴുന്നേറ്റയാള്‍ പൊലീസുകാരനാണെന്നു കണ്ടത്. ഓടാനുള്ള ആദിമചോദന ഉണ്ടായെങ്കിലും അയാളുടെ ബലമുള്ള കൈ ശ്രീനാഥിന്റെ പളപളയുള്ള കുര്‍ത്തയടക്കം പിടിച്ച് ഒന്നു തിരിയാന്‍ പോലും പറ്റാതെ പൂട്ടിയിരുന്നു.

പിടിത്തം വിടാന്‍ ശ്രീനാഥ് പലതും പറഞ്ഞുനോക്കി. അവസാനത്തെ അടവായി കൈക്കൂലി തരാം എന്നു പറഞ്ഞത് അല്പം ഉച്ചത്തിലായതിനാല്‍ നിയമപാലകന്റെ കൈക്കെട്ട് മുറുകിവന്നു. ആദ്യത്തെ പകപ്പ് മാറി ഓടിപ്പോയവര്‍ തിരിച്ചുവരാന്‍ തുടങ്ങിയതും പെട്ടെന്ന് കണ്ണുകള്‍ തുറിച്ച് ഒച്ചയിട്ട് മറ്റൊരു പൊലീസുകാരന്‍ രംഗപ്രവേശം ചെയ്തു. അയാള്‍ ലാത്തിവീശി അവനെ തല്ലാനോങ്ങി. ബഹളം കേട്ട് കാര്യം എന്തെന്ന് അന്വേഷിക്കാന്‍ ജയ്ജവാന്‍ ജിംനേഷ്യത്തിലെ ജിമ്മന്മാര്‍ അവിടെ എത്തി. അവരെ കണ്ടതും വിവേകശാലിയായ രണ്ടാമത്തെ പൊലീസുകാരന്‍ ''നിക്കടാ ചട്ടിക്കളിക്കാരാ'' എന്നലറിവിളിച്ച് ലാത്തി ഉയര്‍ത്തി ഇരുട്ടിലേക്ക് ഓടിമറഞ്ഞു. തങ്ങള്‍ക്കു നേരെയാണ് കാക്കിയുടെ വരവെന്ന് ഭയന്ന് മസിലന്മാര്‍ പേടിച്ച് കൂവിയാര്‍ത്ത് പലവഴി പാഞ്ഞു.

മനുഷ്യര്‍ തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തില്‍ ആദിമകാലം മുതലുള്ള കൗതുകത്തോടെയും ആവേശത്തോടെയും ആളുകള്‍ കൂട്ടംകൂടാന്‍ തുടങ്ങി. വീണ്ടും തനിച്ചായ പൊലീസുകാരന്‍ മൃഗത്തിനെ മുന്നില്‍ കിട്ടിയിട്ടും കാട്ടിലകപ്പെട്ടുപോയ വേട്ടക്കാരന്റെ ഏകാന്തതയോടെ തന്നെ തേടിവരാവുന്ന സഹപ്രവര്‍ത്തകരെ കാത്തുനിന്നു. ഏകദേശം അരമണിക്കൂറു നേരം അതേ അവസ്ഥയില്‍ നിന്ന അയാള്‍ തന്റെ അവസാനത്തെ ഓര്‍മ്മയും മാഞ്ഞുപോകും വരെ ആ രാത്രി സംഭവം ഓര്‍ക്കും. വര്‍ഷങ്ങള്‍ കഴിയുന്തോറും ആളുകളുടെ കയ്യില്‍ കത്തി, വടിവാള്‍, നാടന്‍ തോക്ക് തുടങ്ങിയ ആയുധങ്ങള്‍ ഉണ്ടായിരുന്നോ എന്ന സംശയം അയാളെ വന്നു ചുറയുകയും കഥയില്‍ അത് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. വിരമിച്ച് കവലയിലൂടെ നടന്നുപോകുമ്പോള്‍ പണ്ട് ഉത്സവപ്പറമ്പില്‍ ആന ഇടഞ്ഞപ്പോള്‍ ഒറ്റയ്ക്ക് പിടിച്ചുകെട്ടിയ ആളാണ് എന്ന് അയാള്‍ കേള്‍ക്കെയും കേള്‍ക്കാതേയും ആളുകള്‍ പറയുമെങ്കിലും ഇപ്പോള്‍ അയാളോളം നിസ്സഹായന്‍ ഭൂമിയില്‍ വേറെ ആരുമുണ്ടാവില്ല.

പൊലീസ് ജീപ്പ് അമ്പലപ്പറമ്പിലേക്ക് ചീറി വന്നതിനുശേഷമാണ് സീന്‍ മാറിയത്. സി.പി.ഒ. രാജേഷ് എന്ന പൊലീസുകാരനെ തനിയെ വിട്ട് ഓടി രക്ഷപ്പെട്ട സി.പി.ഒ മനോജ് സ്റ്റേഷനില്‍ എത്താറായപ്പോള്‍ ജീപ്പ് വരുന്നതുകണ്ട് കൈനീട്ടുകയായിരുന്നു. സല്യൂട്ട് അടിക്കുമ്പോള്‍ എസ്.ഐ കബീര്‍ അയാളെ മനുഷ്യരുടെ ജനനേന്ദ്രിയങ്ങള്‍ ചേര്‍ത്ത് വലിയ തെറികള്‍ വിളിച്ചു. അതുകേട്ട് ചിരിച്ച ജൂനിയറായ പൊലീസുകാരെ എസ്.ഐ കേള്‍ക്കാതെ അതിലും കൂടിയ രണ്ടെണ്ണം പറഞ്ഞ് അയാള്‍ ബൊലേറോയിലേക്കു കയറി. ചീത്തവിളിച്ചെങ്കിലും അത്രയും സമയത്തിനുള്ളില്‍ ഏകദേശം രണ്ട് രണ്ടര കിലോമീറ്റര്‍ ഓടി എത്തിയ മനോജിന്റെ കായിക ക്ഷമതയില്‍ എസ്.ഐക്ക് മതിപ്പുതോന്നി.

ജീപ്പില്‍നിന്നും ചാടി ആക്രോശിച്ചു വരുന്ന പൊലീസുകാരെ കണ്ട് ആള്‍ച്ചങ്ങലയുടെ കണ്ണി പൊട്ടി. കസവ് മുണ്ട് മാടിക്കുത്തി നില്‍ക്കുന്ന ശ്രീനാഥിന്റെ കൊഴുത്ത കാലില്‍ കബീര്‍ ലാത്തി വച്ച് വീക്കി. ആള്‍ക്കൂട്ടം പൊടിപറത്തി ഓടി. കാഴ്ചക്കാരായി നിന്ന ഭക്തര്‍ക്കു പിറകിലും തെയ്യം ഒരുങ്ങുന്ന അണിയറയുടെ മറവിലും കാവിലെ മരങ്ങളുടെ നിഴലിലും ഒളിച്ചു. ഇരുട്ടില്‍നിന്നും ആരൊക്കെയോ പൊലീസിനെ തെറിവിളിച്ചു. അതിനൊത്ത് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. അവനെ വലിച്ചിഴച്ച് നല്ല വെളിച്ചമുള്ളിടത്ത് പൊലീസുകാര്‍ എത്തുമ്പോഴേക്കും എന്തും ചെയ്യാന്‍ തയ്യാറായി ആളുകള്‍ സംഘടിക്കാന്‍ തുടങ്ങി. തെയ്യം പുറപ്പെടുന്നതും കാത്ത് നില്‍ക്കുന്നവര്‍ക്കു നടുവിലൂടെ ശ്രീനാഥിന്റെ സ്വര്‍ണ്ണബ്രേസ്ലെറ്റ് കെട്ടിയ കൈ പിറകില്‍ പിണച്ച് എസ്.ഐ അവനെ വണ്ടിക്കടുത്തേക്ക് നടത്തി.

ഓടി ഒളിച്ചവര്‍ പതിയെ മാളങ്ങളില്‍നിന്നും പുറത്തു വന്ന് വഴിയില്‍ മതിലായി മാറാന്‍ തുടങ്ങിയതും പൊലീസുകാര്‍ ലാത്തിയുമായി ഒരുങ്ങിനിന്നു.

''മിസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍, എന്നെ വേണമെങ്കില്‍ കൊണ്ടുപോകാം; പക്ഷേ, നാളെ ഞാന്‍ ആരെന്നറിഞ്ഞാല്‍ ദുഃഖിക്കരുത്.'' 
അമേരിക്കന്‍ ശൈലിയില്‍ ശ്രീനാഥ് പറഞ്ഞതും സി.പി.ഒ. രാജേഷ് അതുവരെ കടിച്ചുപിടിച്ച ദേഷ്യം അവന്റെ മുഖത്ത് തീര്‍ത്തു. താടിയെല്ല് ഇളകിയതായി അവനു തോന്നി. ആള്‍ക്കൂട്ടം അടിയേറ്റ പാമ്പിനെപ്പോലെ പുളഞ്ഞെങ്കിലും അവരെ ശാന്തരാക്കിക്കൊണ്ട് ഉത്സവക്കമ്മിറ്റി പ്രസിഡണ്ട് ഹരീന്ദ്രന്‍ കീഴടങ്ങിയ പടത്തലവനെ ഓര്‍മ്മിപ്പിച്ച് കൈകള്‍ ഉയര്‍ത്തി മുന്നോട്ട് വന്നു. തോളിലിരുന്ന സ്വര്‍ണ്ണക്കരയുള്ള തോര്‍ത്തെടുത്ത് കയ്യില്‍ പിടിച്ച് എസ്.ഐ ക്കു മുന്‍പില്‍ അയാള്‍ വിനീതനായി.

എസ്.ഐ എന്തോ പറയാന്‍ തുടങ്ങിയതും ആള്‍ത്തിരയിളകി. ലാത്തിയെടുത്ത് വീശാന്‍ ഒരുങ്ങിയ പൊലീസുകാരെ ഹരീന്ദ്രന്‍ അനുനയിപ്പിക്കുന്നതും അയാളും എസ്.ഐയും ആഘോഷ കമ്മിറ്റി ഓഫീസിലേക്കു പോകുന്നതും വണ്ടിയിലിരുന്നു കണ്ടപ്പോള്‍ ഹരീന്ദ്രനു കൊടുത്ത സ്‌കോച്ചും സംഭാവനയും വെറുതെ ആയില്ലെന്ന് ശ്രീനാഥ് സമാധാനിച്ചു. എല്ലാം ഒരു തമാശയായിട്ടാണ് അവനു തോന്നിയത്. അച്ഛന്‍ റിട്ടയേഡ് സെയില്‍സ് ടാക്‌സ് ഓഫീസര്‍ മുരളീധരന്‍ നമ്പ്യാര്‍ വിരമിക്കും മുന്‍പ് വലുതും ചെറുതുമായ കച്ചവടക്കാരുടെ ചട്ടിയില്‍നിന്ന് ധാരാളം കയ്യിട്ട് വാരിയിട്ടുണ്ടെങ്കിലും ചട്ടിക്കളിയോ അതുപോലുള്ള ലൊടുക്ക് ചൂതാട്ടത്തിലോ ഇന്നോളം ഏര്‍പ്പെട്ടിട്ടുണ്ടാവില്ല.
 
ചൂതുകളിയുടെ ഈറ്റില്ലമായ ലാസ് വേഗാസില്‍ സ്വന്തമായി ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന താന്‍ ഇരുണ്ട മൂലയിലെ മെഴുകുതിരി വെട്ടത്തില്‍ വെറും കൗതുകത്തിനു കുലുക്കിക്കുത്തിയപ്പോള്‍ പൊലീസ് പിടിച്ചിരിക്കുന്നു! മില്ല്യനെയര്‍ കാസിനോയിലെ ഇറ്റാലിയന്‍ സുന്ദരി അപ്പോലിനിയ പെപ്പോനിയോട് അടുത്ത പ്രാവശ്യം കിടക്കയില്‍ കിടന്നു പറയാന്‍ ഒരു തമാശ, അത്രേ ഉള്ളൂ. പക്ഷേ, അവന്‍ കീരിയാണോ? ആണെങ്കില്‍ പൊലീസ് വന്നപ്പോള്‍ തന്നെ തള്ളിയത് അവനാണ്. ആ വീഴ്ചയാണ് പൊലീസുകാരനെ ശത്രു ആക്കിയത്. എന്നിട്ട് അവന്‍ എവിടെ? ആള്‍ക്കൂട്ടത്തില്‍നിന്നും പകയുള്ള കണ്ണുകള്‍ തന്നെ നോക്കുന്നുണ്ടോ?
''പത്തും അന്‍പതും ഉറ്പ്യ വച്ച് നേരമ്പോക്കിന് ചട്ടികളിക്കുന്നത് ഇത്ര വെല്ല കേസാക്കണോ സാറേ? കോഴിക്കെട്ട്ന്ന് സാറ് കേട്ടിറ്റ്ണ്ടാകും. അയ്യായിരോം പത്തായിരോം ആണ് പന്തയം. അത് നടക്ക്ന്ന ജില്ലയാന്ന് സാറേ ഇത്. കോളനിക്കാര് ജീവിക്കാന്‍ വേണ്ടി നടത്ത്ന്ന ഈ ലൊടുക്ക് പരിപാടിക്ക് മുറിയെ നിക്കണ്ട കാര്യം സാറിന്ണ്ടാ?'' 
ഉത്സവക്കമ്മിറ്റി ഓഫീസിലെ എ.സിയുടെ തണുപ്പിലിരുന്ന എസ്.ഐക്ക് കരിക്ക് നല്‍കിക്കൊണ്ട് ഹരീന്ദ്രന്‍ ഭവ്യതയോടെ പറഞ്ഞു.

''പിന്നെ സാറു ജീപ്പില് കേറ്റിയ ചെക്കന്‍ ഈ നാടിന്റെ അഭിമാനാന്ന്. ഒരുകാലത്ത് പടിയത്തെ യശ്മാനായിരുന്നു ഈ നാടിന്റെ ജന്മി. നമ്മളിരിക്കുന്ന ഈ സ്ഥലം ഉള്‍പ്പെടെ സ്‌കൂളും വയലും എല്ലാം അവരുടെ കുടുംബത്തിന്റേതായിരുന്നു. അതൊക്കെ നെയമം വന്നപ്പോ മറ്റ്‌ള്ളോര് കൊണ്ടോയില്ലേ? നമ്മളെ നാട്ടിലെ ഉസ്‌കൂളില് പഠിച്ചിട്ട് അമേരിക്കക്കാരോടൊക്കെ മുട്ടുകാന്ന് പറഞ്ഞാ ചെറിയ കാര്യണോ സാറേ? ഇന്നത്തെ ഗാനമേള സ്‌പോണ്‍സര്‍ ചെയ്തതുപോലും ഓനാണ്. അഞ്ചുര്‍പ്യാ ചെലവ്! കമ്മിറ്റിക്ക് തറവാടകപോലും തരാത്ത ചട്ടിക്കളിക്കാര നിങ്ങള് പിടിച്ചിട്ടുമില്ല! പടിയത്തെ കുട്ടി ചട്ടികളിക്കുംന്ന് ഇന്നാട്ടിലെ ഒറ്റക്കുഞ്ഞീം വിശ്വസിക്കൂല സാറേ.''
ആസ്വദിച്ച് കരിക്ക് കുടിച്ച് എസ്.ഐ തൊണ്ട് താഴെയിട്ടു.

''ഇതിപ്പോ ആരാടോ പറഞ്ഞത് കുലുക്കികുത്തീട്ടാണ് അവനെ പിടിച്ചിരിക്കുന്നേന്ന്? ഡ്യൂട്ടിസമയത്ത് പൊലീസിനെ ആക്രമിച്ചതിനാണ് അവനെ കസ്റ്റഡിയില്‍ എടുക്കുന്നത്.''
ഊരിയ തൊപ്പി തലയിലേക്ക് വച്ച് എസ്.ഐ പുറത്തേക്കിറങ്ങി. തീരുമാനം അറിയാന്‍ കാത്തുനിന്നവരോട് ഒന്നും നടന്നില്ലെന്ന് ഹരീന്ദ്രന്‍ കയ്യാംഗ്യം കാട്ടി. ശേഷം ജിതിനേയും അര്‍ജുനേയും മാറ്റിനിര്‍ത്തി അയാള്‍ എന്തോ ആസൂത്രണം ചെയ്തു.

''അങ്ങനെ ഉത്സവം കൊളാക്കാനാണ് സാറിന്റെ തീരുമാനെങ്കില് അത് നടക്കൂല സാറേ. ഇത് തങ്ങളുപ്പാപ്പാന്റെ ഉറൂസല്ല.'' 
അര്‍ജുന്‍ ഓടാന്‍ തയ്യാറായിക്കൊണ്ട് വിളിച്ചുപറഞ്ഞെങ്കിലും എസ്.ഐ അത് കേട്ടതായി ഭാവിച്ചില്ല. അപ്പോള്‍ തിരയകന്ന കടലാണ് മുന്നില്‍ എന്നു കണ്ട് അവന്‍ മുന്നോട്ട് കേറി.

''പള്ളീലാന്നെങ്കില് നിങ്ങ ഈ കളികളിക്ക്വ സാറേ?'' 
ഏതോ മുന്തിയ സാധനം എന്നു പറഞ്ഞ് ഒരു കൂട്ടുകാരന്‍ ചാരായത്തില്‍ വൈന്‍ കലക്കി കൊടുത്തത് കുടിച്ച ഉഷാറില്‍ പതിവില്‍ കവിഞ്ഞ ധീരത കാണിച്ച അവന്റെ തല അടുത്ത നിമിഷം മണ്ണില്‍ കുത്തി. അമ്പലനടയിലേക്കുള്ള വെട്ടുവഴി കയറി വയലിലേക്കിറങ്ങിയതിന് അടിച്ചുകൊല്ലാന്‍ നോക്കിയ മേല്‍ജാതിക്കാരെ പാതിരാത്രി വീട്ടില്‍ക്കയറി വെട്ടി നാടുവിട്ട് പൊന്നാനിയില്‍ പോയി മതം മാറിയ ഉപ്പൂപ്പയുടെ ഉപ്പയുടെ ചരിത്രം എസ്.ഐ കബീറിന് ഓര്‍മ്മ വന്നു. അതിന്റെ ഊക്കില്‍ അര്‍ജുനെ വാരിയെടുത്ത് വണ്ടിയുടെ പിന്നാമ്പുറത്തിട്ട് അയാള്‍ മുന്‍സീറ്റില്‍ കയറിയിരുന്നു. എസ്.ഐയുടെ വിശ്വരൂപം കണ്ട ആള്‍ക്കൂട്ടം ഒന്നു പരുങ്ങി.

അതോടെ ഒന്നുകൂടി ഉഷാറായ ഉത്സവപ്പറമ്പിന്റെ പിന്നാമ്പുറത്തുനിന്നും പെട്ടെന്ന് ഒരു ആരവം കാഴ്ചക്കാരെ രണ്ടാക്കി അവടേയ്ക്കു വന്നു. ജയ് ഹനുമാന്‍ ജിംനേഷ്യത്തില്‍ വര്‍ഷങ്ങളോളം വലിയ അലര്‍ച്ചയോടെ പല തൂക്കങ്ങളിലുള്ള ആയുധങ്ങള്‍ എടുത്തുയര്‍ത്തി കരുത്തരായ നാലഞ്ചുപേര്‍ ഒരുത്തനെ ഉന്തിയും തള്ളിയും ജീപ്പിനു മുന്നിലേക്കിട്ടു. 
''സാറേ ഇവനാണ് ചട്ടിക്കളിക്കാരന്‍'' കൂട്ടത്തില്‍ ഏറ്റവും മസിലുള്ളവന്‍ പഴയ ഗായിക പി. സുശീലയുടെ ശബ്ദത്തില്‍ പറഞ്ഞു. സി.പി.ഒ മനോജിന്റെ അലര്‍ച്ച കേട്ട് കാവ് കയറിയ മസിലന്മാര്‍ ചെന്നെത്തിയത് ഒളിച്ചിരിക്കുന്ന ചട്ടിക്കളിക്കാരന്റെ മുന്നിലാണ്. അത്രയും പേരുണ്ടായിട്ടും അയാളെ പിടിക്കുന്നതിനിടെ അവരിലൊരുത്തന്റെ കുപ്പായം കീറുകയും മറ്റൊരുത്തന്റെ നെറ്റി പൊട്ടി ചോരവരികയും ചെയ്തിരുന്നു. അയാളെ എസ്.ഐയുടെ മുന്നിലേക്കു തള്ളി അവര്‍ നെഞ്ച് വിരിച്ച് കൈകള്‍ കെട്ടിനിന്നു.

അഴിഞ്ഞുപോയ ലുങ്കി മുറുക്കാന്‍ വേണ്ടി അയാള്‍ കൈകള്‍ വിടര്‍ത്തിയതും മസിലന്മാര്‍ പേടിച്ച് പിന്നോട്ട് ചാടി. അയാള്‍ കൂസലില്ലാതെ വണ്ടിക്കരികിലേക്കു നിന്നു.
''തെയ്യം കാണാന്‍ വന്നതാന്ന് സാറേ. തൊടങ്ങാന്‍ വൈകുംന്നറിയുന്നോണ്ട് കാവിന്റട്ത്ത് കൊറച്ച് സമയം കെടന്നതാന്ന്. അപ്പളാ ഇവര് വന്ന് തല്ലാന്‍ തൊടങ്ങിയത്.''
അവന്‍ പറഞ്ഞ നുണ കേട്ടപ്പോള്‍ സത്യം പറയാന്‍ വേണ്ടി നാവ് ചൊറിഞ്ഞെങ്കിലും നേരത്തേ കിട്ടിയ അടി ഓര്‍ത്ത് ശ്രീനാഥും അര്‍ജുനും മിണ്ടാതിരുന്നു.
എന്താണ് വേണ്ടതെന്നറിയാതെ എസ്.ഐ സി.പി.ഒ. രാജേഷിനെ നോക്കി.

''ഞാന്‍ കണ്ടില്ല സാറേ. അപ്പഴേക്കും ഓടിപ്പോയിര്ന്നു. പക്ഷേ, ഇവന കണ്ടാല് ഒരു കോളനി ലുക്കുണ്ട്.''
''എന്ത് കണ്ടാല്?'' രാജേഷ് എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായ കബീറിനു ദേഷ്യം വന്നു.
''സാറേ ഇവനാണാ ചട്ടിക്കളിക്കാരന്‍. ഇവന പിടിച്ച് കേറ്റീറ്റ് നമ്മളെ പിള്ളറ ഇങ്ങോട്ട് വിട്.'' ഹരീന്ദ്രന് ആവേശമായി. പക്ഷേ, എസ്.ഐ അത് കേട്ടതായി ഭാവിച്ചില്ല.
''എന്താ നിന്റെ പേര്?''എന്തോ ആലോചിച്ച് എസ്.ഐ അയാളോട് ചോദിച്ചു.

അയാള്‍ പറഞ്ഞത് പതിയെ ആയതിനാല്‍ എസ്.ഐ മാത്രമേ ആ പേര് കേട്ടുള്ളൂ. എസ്.ഐ അയാളോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞപ്പോള്‍ അനുസരണയോടെ അയാള്‍ പിന്നിലേക്കു കയറി.

''ഏതായാലും സ്റ്റേഷനില്‍ എത്തട്ടെ എന്നിട്ട് തീരുമാനിക്കാം'' ആള്‍ക്കൂട്ടത്തിനു നേരെ നോക്കി എസ്.ഐ അറിയിച്ചു.
മുന്നോട്ട് നീങ്ങിയ വണ്ടി പെട്ടെന്ന് എന്തോ കണ്ട് ബ്രേക്കിട്ട് ഉലഞ്ഞുനിന്ന് മുരണ്ടു. ഹെഡ് ലൈറ്റില്‍ കുളിച്ച് തന്റെ നെഞ്ചിലൂടെ മാത്രമേ വണ്ടി പോകൂ എന്ന മട്ടില്‍ കൈകള്‍ വിരിച്ച് ഒരുത്തന്‍ മുന്നില്‍ നില്‍ക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം അണഞ്ഞപ്പോള്‍ അവന്‍ വണ്ടിക്കരികിലേക്കു വന്ന് എസ്.ഐക്ക് അരികില്‍ നിന്നു. അത് ജിതിനാണെന്ന് ശ്രീനാഥ് കണ്ടു. അവന്റെ നീക്കം അറിയാന്‍ എസ്.ഐ കാത്തിരുന്നു.

എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും ആകാംക്ഷയോടെ നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനും പൊലീസുവണ്ടിക്കും മുന്‍പില്‍ നില്‍ക്കുന്നത് താനല്ല, തെങ്ങില്‍ കിടന്ന് തീര്‍ന്നുപോയ തന്റെ പൂര്‍വ്വികനാണെന്ന് അവനു തോന്നി. പ്രാകൃതരായ ആള്‍ക്കൂട്ടം കൊല്ല് കൊല്ല് എന്ന് ആര്‍ക്കുന്നില്ലേ? അവന്‍ ചെവി വട്ടംപിടിച്ചു.
''എന്താടാ?'' എസ്.ഐ അലറി.
''സാറേ ഇതു ശ്രീനാഥേട്ടന്റെ ഫോണാ ബഹളത്തിനിടയ്ക്ക് വീണുപോയതാ. കൊടുത്തോട്ടെ?''
''വേഗം കൊടുത്തിട്ട് പോടാ.''
ഇനിയൊന്നിനും വയ്യെന്ന ഭാവത്തില്‍ എസ്.ഐ അത് അനുവദിച്ചു. 

ശ്രീനാഥിനെ രക്ഷിക്കാന്‍ വേണ്ടി പിടികൊടുക്കുന്ന തന്നെ കാണാന്‍ ശ്വാസം അടക്കിപ്പിടിച്ചു നില്‍ക്കുന്ന ഹരീന്ദ്രനേയും ശിങ്കിടികളേയും നോക്കാതെ ജിതിന്‍ ഫോണ്‍ കൈമാറിയ ശേഷം തെയ്യം പുറപ്പെടാറായ പള്ളിയറയ്ക്കടുത്തേക്കു നടന്നു. കുട്ടികള്‍ വിശന്നു വലഞ്ഞപ്പോള്‍ കുറച്ചു നെല്ല് കൊയ്ത് കഞ്ഞി തിളപ്പിച്ചതിനു തല്ല്‌കൊണ്ട് ശ്വാസം പോയവന്റെ ആത്മാവ് പിറുപിറുക്കുന്നത് പോലെ മൈക്കിലൂടെ പതിഞ്ഞ സ്ഥായിയില്‍ തെയ്യത്തിന്റെ ഉരിയാട്ടം കേട്ടുതുടങ്ങി. 

കതിനകളുടെ മുഴക്കത്തിനുശേഷം ചെണ്ടമുറുകി തെയ്യം അലറി ഉറയുന്നത് കോളാമ്പികളിലൂടെ വായുവില്‍ വീണ് ചിതറി അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നിടത്ത് പൊലീസ് വണ്ടി നിന്നു. അവിടെ വലിയ തണല്‍മരത്തിന്റെ നിഴലുകളില്‍ തെരുവുവിളക്കിന്റെ മഞ്ഞ പടര്‍ന്നുകിടക്കുന്നു. എന്തോ ആലോചിച്ച ശേഷം ചട്ടിക്കളിക്കാരനോട് പുറത്തിറങ്ങാന്‍ എസ്.ഐ പറഞ്ഞു. കാര്യം മനസ്സിലാവാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.

''മിസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ ഇവനാണ് ചട്ടിക്കളിക്കാരന്‍.''
അയാളെ പോകാന്‍ അനുവദിക്കുകയാണെന്നു മനസ്സിലായപ്പോള്‍ ശ്രീനാഥിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകുന്നത് എസ്.ഐ കണ്ണാടിയിലൂടെ കണ്ടു.

''ആണെന്ന് തന്നെ വച്ചോ. ഈ വണ്ടി സ്റ്റേഷനിലെത്തും മുന്‍പ് നിന്നെയൊക്കെ ഇറക്കാന്‍ ആളെത്തുമെന്ന് നിനക്കും എനിക്കും അറിയാം. ഇയാളെ എന്ത് പറഞ്ഞ് ലോക്കപ്പ് ചെയ്യും?'' പിന്നിലേക്ക് നോക്കി ഒരു പുച്ഛച്ചിരി ചിരിച്ച് എസ്.ഐ അയാളോട് പൊയ്‌ക്കൊള്ളാന്‍ കൈകാട്ടി. 

തെരുവു വെളിച്ചത്തിലേക്കിറങ്ങി വണ്ടിയിലേക്കു നോക്കി ചിരിക്കുന്ന അയാളുടെ പേരറിയാന്‍ ശ്രീനാഥിന് അടക്കാനാവാത്ത ആഗ്രഹം ഉണ്ടായി. വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്‍ തിരിഞ്ഞുനോക്കി. പക്ഷേ, അങ്ങനെ ഒരാള്‍ വണ്ടിയില്‍നിന്നും ഇറങ്ങിയിട്ടില്ല എന്നപോലെ വെളിച്ചത്തിന്റെ ശൂന്യതയില്‍ വൃക്ഷങ്ങളുടെ നിഴലുകള്‍ മാത്രം ഇളകി.
എത്ര സംഭവബഹുലമായിരുന്നു ഇന്നത്തെ രാത്രി എന്ന് നെടുവീര്‍പ്പിട്ട ശേഷം വണ്ടി ഇരമ്പലോടെ ഇരുട്ടിനെ തുളച്ച് പാഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com