'നൂറ്റിയൊന്നാമത്തെ പ്രണയിനി'- കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ

പെഡ്രോ  അഗസ്റ്റിനോസിന് രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. മുന്‍പൊരിക്കലും ഉണ്ടാകാത്ത വിഭ്രകാത്മകമായ അസ്വസ്ഥതയില്‍ അയാള്‍ ഉലഞ്ഞു
ചിത്രീകരണം: സചീന്ദ്രൻ കാറ‍‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍‍ഡുക്ക

പെഡ്രോ  അഗസ്റ്റിനോസിന് രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. മുന്‍പൊരിക്കലും ഉണ്ടാകാത്ത വിഭ്രകാത്മകമായ അസ്വസ്ഥതയില്‍ അയാള്‍ ഉലഞ്ഞു. അവളുടെ സുഗന്ധത്തിന്റെ സുഖദമായ പ്രതീക്ഷ കാറ്റിന്‍ തിരകളായി ഹൃദയത്തെ തഴുകാന്‍ അനുവദിച്ചതോടെ അയാള്‍ ശാന്തനായി. കറുത്ത കുതിരപ്പുറത്താണ് അവള്‍ കുതിച്ചെത്തുക. 

പതുപതുത്ത തൂവല്‍ക്കിടക്കയില്‍നിന്ന് പെഡ്രോ എണീറ്റു. മണി മൂന്നായെന്ന് ഓര്‍മ്മപ്പെടുത്തി പള്ളിമണി മുഴങ്ങി. പള്ളി എത്ര അകലത്തായിട്ടും മണിനാദം തന്നെത്തേടിയെത്തുന്നതില്‍ അയാള്‍ക്കല്പം നീരസം തോന്നാതിരുന്നില്ല. സമയത്തെ വര്‍ഷങ്ങളും മാസങ്ങളും മണിക്കൂറുകളും വിനാഴികകളുമൊക്കെയായി വെട്ടിമുറിക്കുന്നതിന്റെ രക്തം അയാള്‍ക്ക് അരോചകമാണ്. പക്ഷേ, എന്തു ചെയ്യാം, താനടക്കമുള്ള മനുഷ്യര്‍ക്ക് ഓരോ നിമിഷവും ആ രക്തത്തില്‍ സ്‌നാനം ചെയ്യാതെ വഴിയില്ല. മറ്റൊരു ജീവിക്കുമില്ലാത്ത ദുര്‍ഗ്ഗതി.

തുറന്നിട്ട ജനലിലൂടെ ഇരുട്ടിന്റെ സ്ഫടികക്കണ്ണിലൂടെ പെഡ്രോ പുറത്തേയ്ക്കു നോക്കി. അന്തമറ്റ കടല്‍ അമ്മയെപ്പോലെ അയാളെ സാന്ത്വനിപ്പിച്ചു.

അയാളുടെ ഉള്ളിലെ കാലം അതിരുകളില്ലാത്ത കടലാണ്. അയാളിന്റെ അമ്മയ്ക്കും അതിരുകളില്ല. അത് രക്തമാംസങ്ങളുള്ള റൊസ്ലിന്‍ എന്ന അമ്മയില്‍ ഒതുങ്ങിയില്ല, അമ്മയുടെ മുലമുട്ടിക്കുടിക്കുമ്പോള്‍ ബോധത്തില്‍ തെളിഞ്ഞ ആദികടലിന്റെ ഓര്‍മ്മ മുതല്‍.

കപ്പലടുക്കുന്ന ഓരോ തുറമുഖത്തിന്റേയും കരകളെ അയാള്‍ സ്വയം പരിചയപ്പെടുക കടല്‍ എന്നു തന്നെയാണ്. വെള്ളം അടിയിലേയ്ക്ക് തല്‍ക്കാലം ഊര്‍ന്നുപോയ മണല്‍പ്പരപ്പ്.

ഭൂമിയും അനേകായിരം നക്ഷത്രങ്ങളും ഒന്നിച്ച് ചേര്‍ന്നതാണ് അതിരുകളില്ലാത്ത പെഡ്രോയുടെ ലോകം. ഒരിക്കല്‍ അയാള്‍ കപ്പലുമായി അകലെയുള്ള നക്ഷത്രത്തിലേയ്ക്ക് പോയതായി സ്വപ്‌നം കണ്ടു. അവിടെ കടല്‍സിംഹങ്ങളുമായി സല്ലപിക്കുന്നതും.

കടലിന്റെ ഒരു ഘനീഭവിച്ച അംശമായിട്ടാണ് പെഡ്രോ അയാളെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഏതു സമയത്തും അയാള്‍ക്ക് കടലിന്റെ ജലത്തുള്ളിയായി ഒഴുകാനാവും.

ഇരുട്ടിന്റെ ചാരനിറത്തില്‍ ഒരു നക്ഷത്രം പെഡ്രോയെ നോക്കി പുഞ്ചിരിച്ചു. പെഡ്രോ മന്ത്രിച്ചു: നീയും ഒരു കടല്‍ത്തുള്ളിയാണ്; അകലെനിന്നു നോക്കുമ്പോള്‍. പക്ഷേ, എനിക്കറിയാം നീ കടല്‍ തന്നെയാണ്. 

നക്ഷത്രം പറഞ്ഞു: പെഡ്രോ, നീയൊരു കവിയാണ്. കവികള്‍ ഉറങ്ങാറില്ല.

അയാള്‍ നക്ഷത്രത്തിന്റെ വാക്കുകളില്‍ മന്ദഹസിച്ചു. നക്ഷത്രത്തിന്റെ കാതില്‍ സ്വകാര്യമായി: ഓമനേ, നിനക്കറിയില്ലേ! ഞാനവളെ കാത്തിരിക്കുകയാണ്. 

നക്ഷത്രം അത്ഭുതം കൂറി: പെഡ്രോ ഞാനതു മറന്നുപോയി. നീ പ്രണയിനിയുമാണല്ലോ. നൂറ്റിയൊന്നാമത്തെ പ്രണയിനിക്കായുള്ള പെഡ്രോയുടെ കാത്തിരിപ്പ്!

ഓമനേ, പെഡ്രോവിന്റെ കാത്തിരിപ്പുകള്‍ ഒരിക്കലും വിഫലമായിട്ടില്ല.

പെഡ്രോ, ഞാന്‍ നിന്നെ സമ്മതിച്ചിരിക്കുന്നു. ഈ നൂറ്റിയൊന്നാം വയസ്സിലും നീയെത്ര ക്ഷമാശീലന്‍!
ഓമനേ, കാമുകന്റെ ലജ്ജയില്‍ പെഡ്രോ മന്ത്രിച്ചു: ക്ഷമ ധീരതയാണ്. 

ശരി പെഡ്രോ, ഞാന്‍ നിനക്ക് ആശംസകള്‍ നേരുന്നു. നൂറ്റിരണ്ടാമത്തെ പ്രണയിനിക്കുവേണ്ടിയും കാത്തിരിക്കാനുള്ള ആയുസ്സ് ദൈവം നിനക്ക് സമ്മാനിക്കട്ടെ!

നക്ഷത്രം മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു. അനേകം നക്ഷത്രങ്ങള്‍ ഒന്നിച്ച് പ്രകാശിച്ചു. പ്രകാശത്തിന്റെ അനന്തമായ കാലുകള്‍ നൃത്തം വെച്ചു. 

പെഡ്രോ ഒന്നാംനിലയുടെ ജനല്‍ക്കല്‍നിന്നു മടങ്ങി.

തണുത്ത വെള്ളത്തില്‍ കുളിച്ചു. കിടപ്പുമുറിയിലെ നിലക്കണ്ണാടിക്കു മുന്‍പില്‍ നിലയുറപ്പിച്ചു. നെഞ്ചും നെറ്റിയും കവിളും കൈകാലുകളും പരിശോധിച്ചു.

മുടിയില്‍ കറുത്ത ചായം പുരട്ടി മിനുക്കി. ആസ്ത്രേലിയയിലെ വനാന്തരങ്ങളില്‍നിന്നു തദ്ദേശീയര്‍ ശേഖരിച്ച കാട്ടുപച്ചകള്‍ അരച്ചെടുത്ത കുഴമ്പില്‍ ചില ധാതുലവണങ്ങള്‍ ചേര്‍ത്തലിയിച്ച് അയാള്‍ നിര്‍മ്മിച്ചെടുത്തതാണ് കരിഞ്ചായം.

തലയോട്ടിയില്‍ ഇടതുഭാഗത്ത് ആനക്കൊമ്പിന്റെ ചീര്‍പ്പുകൊണ്ട് നേര്‍വരയെടുത്ത് സമൃദ്ധമായ മുടി വലതുഭാഗത്തേയ്ക്ക് ചീകിയൊതുക്കി. ചീര്‍പ്പോടിയ നേര്‍രേഖയില്‍ കണ്ട വെളുത്ത താരന്‍ പഴയ തൂവാലയാല്‍ ഒപ്പിയെടുത്തു. മനപ്പൂര്‍വ്വം കറുപ്പിക്കാതെ വിട്ടിരുന്ന അഞ്ചെട്ട് മുടിയിഴകള്‍ അവിടെത്തന്നെയില്ലേയെന്ന് ഉറപ്പാക്കി. മദ്ധ്യവയസ്സില്‍ ഏതു കാമുകനും അഞ്ചെട്ട് വെളുത്ത മുടിയിഴകള്‍ അഴകാണ്!

ഡാക്കാ സില്‍ക്കിന്റെ കടുംനീല അയഞ്ഞ പൈജാമയും ബാഗ്ദാദ് മസ്ലിന്‍ പട്ടില്‍ തങ്കനൂലുകളോടിച്ച മുട്ടിറങ്ങുന്ന ജുബ്ബയും ധരിച്ചു. ജുബ്ബയ്ക്കു മേല്‍ കയ്യില്ലാത്ത മുട്ടോളമെത്തുന്ന കറുത്ത അഫ്ഗാന്‍ കോട്ടുമിട്ടു. ജയ്പൂരി തുകല്‍ ചെരിപ്പിലേയ്ക്ക് പാദങ്ങള്‍ തിരുകി. ചെരിപ്പിന്റെ സ്വര്‍ണ്ണ അലുക്കുകള്‍ വെട്ടിത്തിളങ്ങി.

അലമാരകളില്‍നിന്നു വിവിധ രാജ്യങ്ങളില്‍നിന്നു വാങ്ങിയ മുന്തിയ സുഗന്ധദ്രവ്യങ്ങളുടെ തള്ളവിരലോളം പോന്ന കുപ്പികള്‍ പുറത്തെടുത്തു. അവയില്‍നിന്ന് അരയന്നക്കഴുത്തുകളുള്ള ഏഴ് കുപ്പികള്‍ തെരഞ്ഞു കണ്ടെത്തി. ഏഴില്‍നിന്നും വ്യത്യസ്തയിനം സുഗന്ധദ്രവ്യങ്ങള്‍ പാരീസ് തൂവാലയില്‍ ഇറ്റിച്ചു. മഹാനായ കലാകാരന്‍ തന്റെ സ്വന്തം ശില്പത്തിന് അവസാന മിനുക്കുകള്‍ ചെയ്യുന്ന ജാഗ്രതയില്‍.

തൂവാലയുടെ രണ്ടറ്റങ്ങള്‍ തള്ളവിരലിനും മോതിരവിരലിനും ഇടയില്‍ പിടിച്ചു വലിച്ചു. കോട്ടിന്റെ കോളറിനുള്ളില്‍ മസ്ലിന്‍ ജൂബ്ബയുടെ കഴുത്തില്‍ തൂവാല നിവര്‍ത്തിവെച്ച് രണ്ടറ്റങ്ങളും കോര്‍ത്ത് പുഷ്പാകൃതിയില്‍ കെട്ടി. കണ്ണില്‍ ഒമാനില്‍നിന്നുള്ള സുറുമയെഴുതി. 

എന്നിട്ടയാള്‍ നിലക്കണ്ണാടിയില്‍ വീണ്ടും നോക്കിയതും പള്ളിമണി അഞ്ചടിച്ചു.

ഇനി ഏറിയാല്‍ അറുപത് മിനിട്ട്...
ഹൃദയമിടിപ്പ് ക്രമാതീതമാകുന്നുവെന്നു തോന്നിയതും പെഡ്രോ തന്റെ ചെറിയ കണ്ണുകള്‍ കൂമ്പിയടച്ചു. മനസ്സും ശരീരവും തരളമാക്കി. ഹൃദയമിടിപ്പ് പൂര്‍വ്വസ്ഥായിയിലാവും വരെ അയാള്‍ ശ്വാസം നിയന്ത്രിച്ചു.
താന്‍ അക്ഷമനാണെന്ന് ഒരിക്കലും അവള്‍ക്കു തോന്നരുത്. ഭീരുവിന് ഒരു പ്രണയിനിയെ സ്വീകരിക്കാനാവില്ല. ഭീരു വികാരങ്ങള്‍ ധൂര്‍ത്തടിക്കും. വിചാരങ്ങളെ ഒറ്റിക്കൊടുക്കും. കൊടുങ്കാറ്റലയ്ക്കുന്ന കടലില്‍ കപ്പലോടിക്കുന്ന കപ്പിത്താന്റെ മനശ്ശാന്തി കാമുകനുണ്ടാകണം. ദൂരെദൂരെയുള്ള കരയുടെ വെളുത്ത കടല്‍ബിന്ദു ഉള്ളില്‍ കാണണം. ലക്ഷ്യം ഒന്നേയുള്ളൂ.

ആദ്യത്തെ പ്രണയിനിയുമായുള്ള ദിവ്യസമാഗമത്തില്‍ ഇങ്ങനെയൊരു തയ്യാറെടുപ്പ് ആവശ്യമായിരുന്നില്ല. അവള്‍ തന്നെ കണ്ടെത്തുകയായിരുന്നല്ലോ!
അതങ്ങനെ സംഭവിക്കുകയായിരുന്നു, പെഡ്രോ അറിയാതെതന്നെ. ദൈവത്തിന്റെ ചെറിയൊരു കുസൃതി.
എണ്‍പത്തിയേഴ് സംവത്സരങ്ങള്‍ക്കു മുന്‍പ്, അന്നയാള്‍ക്ക് പതിന്നാല് വയസ്സാണ്. ജനിച്ച് വളര്‍ന്ന ചെറുപട്ടണത്തിന്റെ പ്രാക്തനമായ കടല്‍ഗന്ധം അയാളെ ചൂഴ്ന്നു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അയാളുടെ ചെറുപട്ടണത്തിന് പടുകൂറ്റന്‍ കപ്പലുകള്‍ക്കു വരെ നങ്കൂരമിടാന്‍ പാകത്തില്‍ ആഴമുള്ള തുറമുഖമുണ്ടായിരുന്നു. എപ്പോഴോ അതിന്റെ കച്ചവടസാധ്യതകള്‍ മങ്ങിമങ്ങി അസ്തമിച്ചു. കാമുകന്മാര്‍ ഉപേക്ഷിച്ച തിരസ്‌കൃതയായി അവള്‍. പ്രതാപികളായ വെള്ളക്കാര്‍ ഒറ്റുകൊടുത്തതാണെന്നാണ് കേള്‍വി. പ്രകൃതിയും ആ തിരസ്‌കാരം അംഗീകരിച്ചപോലെ കടലാഴം കുറഞ്ഞു. ചെളികെട്ടി. നരച്ച ആകാശം പട്ടണത്തെ പൊതിഞ്ഞു. പൂപ്പല്‍ മണമുള്ള കാറ്റില്‍ പട്ടണത്തിന്റെ രക്തച്ഛവി ഇല്ലാതായി. കശാപ്പുകാരന്റെ കത്തി മുന്നില്‍ കണ്ട ചാവാലിപ്പോത്തിനെപ്പോലെ എപ്പോഴും അമറി. 

അസ്തമനത്തിന്റെ വെണ്ണീര്‍ തൂവിയ ഒരു സന്ധ്യയിലാണ് മാസങ്ങള്‍ക്കുശേഷം ഒരു ചെറിയ ചരക്ക് കപ്പല്‍ തുറമുഖത്ത് അടുത്തത്. അതും വഴിതെറ്റി ആകസ്മികമായി എത്തിപ്പെട്ടതാണ്. പെഡ്രോ എന്ന ബാലനുവേണ്ടി ദൈവം ഒരു വികൃതി ഒപ്പിച്ചതാകാം.

കപ്പിത്താനും അഞ്ചെട്ട് ജോലിക്കാരും മാത്രമാണ് കപ്പലിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയിലെ നാറ്റാള്‍ തുറമുഖത്തുനിന്നും വിലകുറഞ്ഞ ഇരുമ്പയിര്‍ കയറ്റി പുറപ്പെട്ട മുലാറ്റൊയാണ് വഴിതെറ്റി അവശയായി പുറംകടലിലെ ചെളിയിലേയ്‌ക്കെത്തിയത്. ഡച്ച് - ആഫ്രിക്കന്‍ ചോരകലര്‍ന്ന ആജാനുബാഹുവായ മദ്ധ്യവയസ്‌കനായിരുന്നു കപ്പിത്താന്‍. ജോലിക്കാര്‍ക്ക് ഇരുമ്പയിരിന്റെ നിറമായിരുന്നു.

കപ്പിത്താന്‍ നടന്നു വരുന്നത് കണ്ടാല്‍ ആരും ഒന്നു നിന്നുപോകും. കടപുഴകിയ ഒരു ചെറിയ പര്‍വ്വതം ആടിയുലഞ്ഞ് നടന്നടുക്കുന്നതുപോലെയായിരുന്നു അത്.

പെഡ്രോയുടെ അമ്മ റോസ്ലിന്‍ നടത്തിയിരുന്ന ചെറിയ ചാരായക്കടയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല അയാളുടെ ആകാരം. അയാള്‍ കടയിലേയ്ക്ക് നടന്നടുക്കുന്നതു കണ്ട അപ്പന്‍ അഗസ്റ്റിനോസ് കടയ്ക്കുള്ളില്‍നിന്നു പുറത്തേയ്‌ക്കോടിയെത്തി: ''ക്ഷമിക്കണം ക്യാപ്റ്റന്‍, ഞങ്ങളുടെ ഈ കൊച്ചു ചാരായക്കടയ്ക്ക് താങ്കളെ ഉള്‍ക്കൊള്ളാനുള്ള വലുപ്പമില്ല. ഇരുമ്പിന്റെ പഴയൊരു കസേര മണല്‍പ്പുറത്ത് ഇട്ട് തരട്ടെ!''
കപ്പിത്താന്‍ ചിരിച്ചു. രണ്ട് വയസ്സുകാരന്റെ നിഷ്‌കളങ്കഭാവം. ഒരൊറ്റ രോമംപോലും കിളിര്‍ക്കാത്ത അയാളുടെ മുഖം ചിരിക്കുമ്പോള്‍ ഒരു വലിയ തക്കാളിയായി ചുവന്നുതുടുത്തു.

റോസ്ലിന്റെ ചാരായക്കടയൊഴിച്ച് യാതൊന്നുമില്ലാത്ത മണല്‍പ്പരപ്പിന്റെ ശൂന്യത ചക്രവാളങ്ങളിലേയ്ക്ക് നീണ്ടു. നരച്ച ആകാശത്തിനു കീഴില്‍ ഒരിക്കലും മുഴുവനായി ഉണങ്ങാത്ത വ്രണംപോലെ ചാരായക്കട കാറ്റില്‍ വിറച്ചുതുള്ളിയും മഴയില്‍ കോച്ചിവലിച്ചും മഞ്ഞില്‍ ചുരുണ്ടും വേനലില്‍ തീത്തുള്ളിയായും നിലകൊണ്ടു. ശൂന്യതയുടെ കേന്ദ്രബിന്ദുവായി.     

സൂര്യന്‍ പടിഞ്ഞാറ് മുങ്ങിത്താഴ്ന്നു പോകുന്നത് നോക്കിയിരുന്ന കപ്പിത്താന്റെ ചിരിയില്‍ അജ്ഞാതമായ വിഷാദം കലര്‍ന്നിരുന്നു.

റോസ്ലിന്‍ പാണ്ട് പിടിച്ച കവടിപ്പിഞ്ഞാണത്തില്‍ തലേന്നാളത്തെ പുഴുങ്ങിയ മൂന്ന് താറാമുട്ടകളും വിയര്‍പ്പുപുരണ്ട കക്ഷത്തിലിടുക്കി മൂന്ന് ചാരായക്കുപ്പികളുമായെത്തിയതും അയാളുടെ മുന്‍പില്‍ നിരത്തിയതും കപ്പിത്താന്‍ അറിഞ്ഞതേയില്ല. തന്റെ മുഴുത്ത മാറിലേയ്ക്കും നഗ്‌നമായ വെളുത്ത കാലുകളിലേയ്ക്കും ചെറുനാഗങ്ങളിഴയുന്ന കണ്ണുകളിലേയ്ക്കും കാറ്റില്‍ പറക്കുന്ന കറുത്തുചുരുണ്ട മുടിയിഴകളിലേയ്ക്കും തടിച്ച ചുണ്ടുകളിലേയ്ക്കും ഒന്നു നോക്കുകപോലും ചെയ്യാത്ത കപ്പിത്താനെ റോസ്ലിന് ഒട്ടും ഇഷ്ടമായില്ല. എന്നിട്ടും അയാളുടെ ശ്രദ്ധയില്‍പ്പെടാന്‍ അവള്‍ ഇരുട്ടുവീഴുന്നതുവരെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

അയാള്‍ ഒരു ശിശുവിനെപ്പോലെ തേങ്ങിത്തേങ്ങി കരയുന്നതു കണ്ട അവള്‍ തിരിച്ച് ചാരായക്കടയിലേയ്ക്ക് മടങ്ങി. ഒരു മാസത്തെ പട്ടിണി മാറ്റാമെന്ന മോഹം അവള്‍ മണലില്‍ കുഴിച്ചു മൂടി.

ഇനിയും വരാനില്ലെന്ന ഉറപ്പോടെ അഗസ്റ്റിനോസ് ശേഷിച്ച മുട്ടകളും ചാരായക്കുപ്പികളും പിന്‍ഭാഗത്തേയ്ക്ക് കൊണ്ടുപോയി. അയാള്‍ തന്റെ ദുര്‍ദ്ദിനങ്ങളെ ശപിച്ചു. കടയ്ക്കുള്ളിലെ ആടുന്ന രണ്ട് പഴയ ബെഞ്ചുകള്‍ ചേര്‍ത്തിട്ട് അതിന്മേല്‍ കിടന്നു. റോസ്ലിനും ബാലനായ പേഡ്രോയും ചായ്പിലും.

പെഡ്രോ അതിരാവിലെ എണീറ്റ് പുറത്തു കടക്കുമ്പോഴാണ് അപ്പന്‍ ചായ്പിലേയ്ക്ക് സൂത്രത്തില്‍ പോകുക. അപ്പനും അമ്മയും ഉണരാന്‍ വൈകും. 

സൂര്യന്‍ ഉദിച്ചുപൊങ്ങി തീ കോരിയിടുകയാണ്. വരണ്ട ഉപ്പുകാറ്റ് വിജനതയില്‍ ദുര്‍മന്ത്രവാദിനിയായി പിറുപിറുത്തുകൊണ്ടിരുന്നു.

തുരുമ്പിച്ച ഇരുമ്പുകസേരയ്ക്കടുത്തായി പൊള്ളുന്ന പൂഴിമണലില്‍ കപ്പിത്താന്റെ പര്‍വ്വതശരീരം. അരികിലായി ഉറുമ്പുകളരിച്ച മുട്ടകളും. നിറച്ച ചാരായക്കുപ്പികളും.

മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പെഡ്രോ കസേരയിലിരുന്ന് കപ്പിത്താന്റെ ഉറക്കം വെറുതെ ശ്രദ്ധിച്ചു. സൂര്യന്‍ കനല്‍ വാരിയെറിഞ്ഞിട്ടും കപ്പിത്താന്‍ ഉണരാത്തതില്‍ അത്ഭുതപ്പെട്ടു.

ഉച്ചയോടെ വിയര്‍ത്തു കുളിച്ചാണ് അയാള്‍ ഉണര്‍ന്നത്. എണീറ്റിരുന്ന് കണ്ണുകള്‍ തിരുമ്മി. താന്‍ എവിടെയാണെന്നു നിശ്ചയിക്കാന്‍ ഏറെ നേരം പല ദിശകളിലേയ്ക്കും ഇടുങ്ങിയ കണ്ണുകള്‍ പായിച്ചു.
തന്നെ ഉറ്റുനോക്കുന്ന പെഡ്രോയെക്കണ്ട് ആശങ്കാകുലനായി ചോദിച്ചു: ''എന്റെ കപ്പലെവിടെ കുഞ്ഞേ?''
പെഡ്രോ ദൂരയ്ക്ക് കൈചൂണ്ടി.

അയാള്‍ ദൈവത്തിനു സ്തുതി പറഞ്ഞു. കഴുത്തില്‍ തൂങ്ങിക്കിടന്ന സാമാന്യം വലുപ്പമുള്ള ചെളികുടിച്ച മരക്കുരിശില്‍ മുത്തി. അയാള്‍ പെഡ്രോയെ അടുത്തേയ്ക്ക് വിളിച്ചു: ''നിന്റെ പേരെന്താണ്?''
''പെഡ്രോ റോസ്ലിന്‍ അഗസ്റ്റിനോസ്...''
''നിന്നെപ്പോലെ തന്നെ സുന്ദരം നിന്റെ പേരും'', അയാള്‍ കോട്ടുവായിട്ടു. തീരക്കടലിന്റെ ദുര്‍ഗന്ധം അന്തരീക്ഷത്തിലേയ്ക്ക് തള്ളി. പെഡ്രോവിനു തോന്നി അയാളുടെ ഉള്ളില്‍ ഒരു വലിയ കടലുണ്ടെന്ന്.
''എവിടെയാ നിന്റെ വീട്?'' കപ്പിത്താന്‍ എണീറ്റു നിന്നു. അയാളുടെ വലിയ നിഴലില്‍ അവന്‍ ചെറുതായി ചുരുണ്ടു.

അവന്‍ ചാരായക്കടയ്ക്കുനേരെ കൈചൂണ്ടി.

''നിനക്ക് ആരൊക്കെയുണ്ട്?''
''അപ്പനും അമ്മയും.''
''അവര്‍ ഭാഗ്യം ചെയ്തവര്‍. നിന്നെപ്പോലെ ഒരു മുത്തിനെ സ്വന്തമായി കിട്ടിയതില്‍.''
പെഡ്രോ ദു:ഖത്തോടെ പറഞ്ഞു: ''അപ്പന്‍ പറയുന്നത് ഞാന്‍ ചെകുത്താന്റെ സന്തതിയാണെന്നാണ്.'' എന്നിട്ടവന്‍ മുഷിഞ്ഞതും കീറിയതുമായ നീല ബനിയന്‍ അഴിച്ചു. അവന്റെ ശരീരത്തില്‍ തലങ്ങും വിലങ്ങും ചാട്ടയടിയുടെ പാടുകള്‍. കറുത്ത സര്‍പ്പങ്ങളായി ഇണ ചേരുന്നു.

''എന്തിനാണയാള്‍ നിന്നെ അടിക്കുന്നത്?''
''എന്റമ്മ പിഴയാണത്രെ. ഞാന്‍ അപ്പന്റെ മകനല്ലത്രെ... ഞാന്‍ തന്തയ്ക്ക് ജനിക്കാത്തവന്‍...''
''നമ്മുടെ യേശുവും തന്തയ്ക്ക് പിറക്കാത്തവനായിരുന്നില്ലേ? എന്നിട്ടുമവന്‍ ഭൂമിയില്‍ എത്രായിരം കോടി മനുഷ്യരുടെ മകനായി...''
അയാള്‍ അവന്റെ നെറ്റിയില്‍ തലോടി. ഉമ്മവെച്ചു.

''നീയെന്റെ കൂടെ പോരുന്നോ? ഞാന്‍ നിന്നെ ഒരു കപ്പിത്താനാക്കാം. ഭൂമിയിലെ എല്ലാ തുറമുഖങ്ങളിലേയ്ക്കും നിനക്ക് കപ്പലോടിക്കാം... നമ്മുടെ യേശുവിനെപ്പോലെ. അദ്ദേഹം ഈ ഭൂമിയുടെ കപ്പിത്താനാണല്ലോ.''
അവന്‍ നിശ്ശബ്ദനായി. മണ്ണിലേയ്ക്ക് തല താഴ്ത്തി. പൊള്ളുന്ന മണലില്‍ അവന്റെ കണ്ണീരിറ്റു വീണു. അവ മണലില്‍ പൊരിഞ്ഞു. ആവിയായി. ആകാശത്തിലേയ്ക്ക് പടര്‍ന്നു. മേഘങ്ങളില്‍ ലയിച്ചു.

കപ്പിത്താന്‍ പെഡ്രോയുടെ അപ്പനുമായി കച്ചവടമുറപ്പിച്ചു. ആവശ്യപ്പെട്ടതിലും ഇരട്ടി സ്വര്‍ണ്ണ നാണ്യങ്ങള്‍ കൊടുത്ത് അയാള്‍ പെഡ്രോയെ വാങ്ങി.

റോസ്ലിന്‍ കുറേനേരം കരഞ്ഞെങ്കിലും അഗസ്റ്റിനോസ് ചാട്ടയുമായി അവളുടെ നേരെ തിരിഞ്ഞതും അവള്‍ ചായ്പില്‍ അപ്രത്യക്ഷയായി. കടല്‍ച്ചുഴിയില്‍ പായ്വഞ്ചി രണ്ടായി പിളരുന്ന നിലവിളിയുയര്‍ന്നു. പെഡ്രോയുടെ ഉള്ളിലേയ്ക്കത് ആളിപ്പടര്‍ന്നെങ്കിലും അവന്‍ തിരിഞ്ഞു നോക്കാതെ കപ്പിത്താന്റെ നിഴലില്‍ കപ്പലിലേയ്ക്ക് പോയി. കപ്പിത്താന്റെ നിഴലിനു പിന്നില്‍ അഗസ്റ്റിനോസിന്റെ ചാട്ട പുളയുന്നത് അവനു കാണാമായിരുന്നു.
കടല്‍യാത്രയുടെ ഗര്‍ഭകാലത്തിന്നൊടുവില്‍ പത്താംമാസം ആദ്യത്തിലാണ് പെഡ്രോ നാറ്റാള്‍ തുറമുഖത്തെത്തിയത്.

കപ്പിത്താന്‍ അവനെ തന്റെ പ്രിയതമയുടെ മുന്നില്‍ നിര്‍ത്തി പ്രഖ്യാപിച്ചു: ''മറിയം... യാത്ര തിരിക്കുമ്പോള്‍ ഞാന്‍ നിനക്ക് വാക്ക് തന്നതുപോലെ ഇതാ നിനക്കുള്ള സമ്മാനം... ഇതിലും വലിയതെന്താണ് ഞാന്‍ നിനക്കു തരിക?''
ഊണും ഉറക്കവുമില്ലാതെ മാസങ്ങളായി കപ്പിത്താനെ കാത്തിരിക്കുന്ന മറിയം പെഡ്രോയെ അടിമുടി നോക്കി ഇങ്ങനെ പറഞ്ഞു: ''ദിയസ്സ്... കര്‍ത്താവ് നിന്നെ എന്നെന്നും അനുഗ്രഹിക്കും. സ്വര്‍ഗ്ഗസ്ഥനായ പിതാവിന് ഞാന്‍ സ്ത്രോതം ചൊല്ലുന്നു... ആമേന്‍...'' അവള്‍ കണ്ണടച്ച് കുരിശ് വരച്ചു.

കപ്പിത്താന്‍ മറിയത്തെ തന്നിലേയ്ക്കടുപ്പിച്ചു: ''നിന്റെ സ്വര്‍ഗ്ഗീയമായ സൗന്ദര്യത്തിന് ഇതിനേക്കാള്‍ ഉദാത്തമായ ഉപഹാരം ഈ ദിയസ്സിനു തരാനില്ല. അയാള്‍ പറഞ്ഞതിന്റെ ഇരട്ടി സ്വര്‍ണ്ണനാണ്യങ്ങള്‍ കൊടുത്താണ് ഞാനീ മുത്തിനെ സ്വന്തമാക്കിയത്... മറിയം നിനക്കുവേണ്ടി മാത്രം... ഒരു തരത്തില്‍ ഞാനെന്നെത്തന്നെ പണയപ്പെടുത്തുകയാണ്...''
മറിയം ദിയസ്സിനെ ഒരു കൊച്ച് കുഞ്ഞിനെയെന്നോണം തന്നില്‍നിന്നു വേര്‍പെടുത്തി പെഡ്രോയുടെ അടുത്തേയ്ക്ക നീങ്ങി: 
''മോനേ... എന്താണ് നിന്റെ പേര്?''
''പെഡ്രോ റോസ്ലിന്‍ അഗസ്റ്റിനോസ്...''
മറിയം: ''ദിയസ്സ്, സ്വര്‍ഗ്ഗപ്പക്ഷിയുടെ മനോഹരമായ കൂജനമാണ് അവന്റെ ശബ്ദം.''
ദിയസ്സ്: ''ഏഴാം സ്വര്‍ഗ്ഗത്തിലെ സ്വര്‍ണ്ണച്ചിറകുള്ള പക്ഷിയാണവന്‍. അവന്റെ തങ്കനിറവും നീണ്ടുചുരുണ്ട മുടിയിഴകളും നനുത്ത ചുണ്ടുകളും ഉയര്‍ന്ന നാസികയും വരച്ചുവെച്ചതുപോലെയുള്ള നേര്‍ത്ത പുരികവും ജലത്തിലെ മീന്‍പോലെ പിടയുന്ന നീലക്കണ്ണുകളും നിരയൊത്ത കൊച്ചരിപ്പല്ലുകളും അഴകാര്‍ന്ന ചെവിയും വിരിഞ്ഞനെഞ്ചും നീണ്ട കൈവിരലുകളും കടഞ്ഞെടുത്ത കാലുകളും പ്രാവിന്റെ കഴുത്തുപോലെ മാര്‍ദ്ദവമായ പാദങ്ങളും ഇടുങ്ങിയ അരക്കെട്ടും... നിന്റെ കറുത്ത അഴകിനോട് ചേര്‍ന്നത്...''
മറിയം ദിയസ്സിന്റെ മോതിരവിരലില്‍ മുത്തി: 

''ഇരുപത്തിയേഴ് സംവത്സരത്തിലെ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും നീയെന്നെ മറന്നിട്ടില്ല. ആദ്യരാത്രിയില്‍ നീയെന്നോട് പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു.''
''അന്ന് നിനക്ക്...''
''അതേ ദിയസ്സ്, എനിക്ക് പതിന്നാല് വയസ്സാണ്. നിന്റെ ഒരു കൈപ്പിടിയില്‍ ഞെരിച്ചാല്‍ ശ്വാസം മുട്ടുന്ന ഒരു കിളന്തു പെണ്‍കുട്ടി. പക്ഷേ, നീയൊരിക്കലും എന്നെ ശ്വാസം മുട്ടിച്ചില്ല. യു ആര്‍ ഗ്രേയ്റ്റ് ദിയസ്സ്!''
മറിയം പെഡ്രോയുടെ നേരെ തിരിഞ്ഞു: ''പെഡ്രോ റോസ്ലിന്‍ അഗസ്റ്റിനോസ്... നിനക്കെത്ര വയസ്സ്?''
''പതിന്നാല്.''
''ഓ... മൈ ജീസസ്... എത്ര ആകസ്മികം ദിയസ്സ്! നീയെന്നെ അപ്പനില്‍നിന്നു വാങ്ങിച്ച അതേ പ്രായം. പറഞ്ഞതിന്റെ ഇരട്ടി സ്വര്‍ണ്ണനാണ്യങ്ങളാണ് നീ അപ്പനു കൊടുത്തത്. അതേ, ദിയസ്സ്! നീ പടിഞ്ഞാറ് നിന്നെത്തിയ ജ്ഞാനിയാണ്. ഞാനിവനെ, എന്റെ മണിമുത്തിനെ നമ്മുടെ മണിയറയിലേയ്ക്ക് കൊണ്ടുപോകട്ടെ!''
ഏഴ് രാവും ഏഴ് പകലും കഴിഞ്ഞാറെ മറിയം പെഡ്രോയുമായി ദിയസ്സ് കിടന്നുറങ്ങിയിരുന്ന നീണ്ട ഹാളിലെത്തി. ഈ ദിവസങ്ങളത്രയും അയാള്‍ ഗാഢനിദ്രയിലായിരുന്നു. കടലിന്റെ ഗര്‍ഭപാത്രത്തില്‍, പുറം ലോകത്തിന്റെ യാതൊരു സ്പന്ദനങ്ങളുമറിയാതെ.

''ദിയസ്സ്... ദിയസ്സ്... ദിയസ്സ്... എണീക്ക്...''
വസ്ത്രങ്ങള്‍ വാരിച്ചുറ്റി അയാള്‍ വലിയ കട്ടിലില്‍ എണീറ്റിരുന്നു. തറയും മോന്തായവും കുലുങ്ങി.
മണ്‍ഭരണിയില്‍നിന്നു മറിയം നല്‍കിയ വീര്യമുള്ള വീഞ്ഞ് ഒരു കൂജനിറയെ കുടിച്ചു.

ബോധം തെളിഞ്ഞതും അയാള്‍ ഓര്‍മ്മിച്ചു: ''മറിയം... ഞാന്‍ നോഹയുടെ പെട്ടകത്തിലായിരുന്നു. എന്തൊരു വലുപ്പമാണ് ആ പെട്ടകത്തിന്. ഒരു വലിയ കടലുപോലെയുണ്ട്. ഒരു പെണ്‍കടുവയുടെ കൂടെയാണ് ഞാന്‍ ശയിച്ചിരുന്നത്...''
''ദിയസ്സ്... കാമത്തിന്റെ മദഗന്ധമല്ല പെഡ്രോവിന്റേത്. പ്രണയത്തിന്റെ നിതാന്ത സൗരഭ്യമാണവന്‍. ആദിനാഥനായ യേശുവില്‍ മാത്രമേ ഞാനീ ദിവ്യസൗരഭ്യം അനുഭവിച്ചിട്ടുള്ളൂ... നോക്കൂ ദിയസ്സ്... ഏഴ് ദിവസങ്ങള്‍കൊണ്ട് ഇവന് ഏഴ് വയസ്സ് കൂടിയിരിക്കുന്നു...''
പെഡ്രോ അതു ശരിവെച്ചു: ''കപ്പിത്താന്‍, അഞ്ചേകാലടിയായിരുന്ന എനിക്കിപ്പോള്‍ ആറേകാലടിയുണ്ട്. എന്റെ നെഞ്ചും അരക്കെട്ടും വിരിഞ്ഞിരിക്കുന്നു. കൈകാലുകളില്‍ മാംസപേശികള്‍ നൃത്തം വെയ്ക്കുന്നു. കണ്ണുകളില്‍ പൗരുഷം ഓളം വെട്ടുന്നു. സ്വനതന്തുക്കളില്‍ പുരുഷന്‍ നിറയുന്നു...''
മറിയം ദിയസ്സിനെ ഓര്‍മ്മപ്പെടുത്തി: ''ഇനി നിനക്ക് ഇവനേയും കൊണ്ട് യാത്ര തുടരാം. ഇവന്റെ ജ്ഞാനസ്‌നാനം യോഹന്നാനാല്‍ മുദ്രിതമായിരിക്കുന്നു. ഞാനിവന്റെ ശരീരലക്ഷണങ്ങള്‍ എണ്ണിനോക്കി. ഏഴ് അടയാളങ്ങള്‍ കണ്ടെത്തി. അതുകൊണ്ട് ഓരോ തുറമുഖത്തും ഇവനുവേണ്ടി പ്രണയിനികള്‍ കാത്തുനില്‍ക്കും. പക്ഷേ, ഓരോ തുറമുഖത്തും ഒരു പ്രണയിനിയെ മാത്രമേ സ്വീകരിക്കൂ.

''നിനക്കറിയാമോ ദിയസ്സ്, യേശുവില്‍ അറുപത്തിരണ്ട് പൂര്‍ണ്ണ ലക്ഷണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവനേക്കാള്‍ പൂര്‍ണ്ണനായവന്‍ ഈ ഭൂമിയിലില്ല. അവന്‍ കപ്പലടുപ്പിച്ച ഓരോ തുറമുഖത്തും അവനെ കാത്തിരുന്നത് നക്ഷത്രക്കണ്ണുകളുള്ള എത്രകോടി പ്രണയിനികളാണ്... എന്നിട്ടും അവന്റെ പ്രണയിനിയാകാന്‍ ഒരുവള്‍ക്കെ കഴിഞ്ഞുള്ളൂ...'' മറിയം ലജ്ജയോടെ വിരല്‍ കടിച്ചു.

അതോടെ പെഡ്രോ റോസ്ലിന്‍ അഗസ്റ്റിനോസിന്റെ രണ്ടാം സമുദ്രയാനത്തിനു തുടക്കമായി. താമസിയാതെ ദിയസ്സിന്റെ സ്ഥാനത്ത് അവന്‍ പ്രധാന കപ്പിത്താനായി.

റോട്ടര്‍ഡാമില്‍ മാക്‌സിമ സെറോഗുനിയ സെറുട്ടി, അറേബ്യയില്‍ ലത്തീഫ, മലേഷ്യയില്‍ അമിന മൈമൂന, ബെല്‍ജിയത്തില്‍ മെറ്റില്‍ഡ, വിയറ്റ്നാമില്‍ നാം ഫ്യുഓങ്ങ്, ഹാംബര്‍ഗില്‍ സിസിലി അഗസ്റ്റെ മേരി... പെഡ്രോയെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാള്‍ തന്റെ പ്രണയിനികളെ രാജകുമാരികളെന്നു വിളിച്ചു.

കൊളംബില്‍ കപ്പലടുപ്പിച്ച് രാത്രി വിശ്രമത്തിനായി പെഡ്രോ 'ശ്രാവസ്തി'യെന്ന പൗരാണിക ഹോട്ടലിലെത്തി. തന്നെ സ്വീകരിക്കാനായി തുറമുഖത്തോ പരിസരത്തോ ഒരു രാജകുമാരിയും എത്താത്തതില്‍ അയാള്‍ക്ക് മനസ്താപമുണ്ടായി. ഇനി കൊളംബോയില്‍ രാജകുമാരിമാരില്ലെന്നു വരുമോ? രാജകുമാരിമാരില്ലാത്ത ഒരു ദേശം അയാള്‍ക്കു സങ്കല്പിക്കാനായില്ല. രാത്രി മുഴുവന്‍ ഹോട്ടല്‍മുറിയിലെ വിയര്‍പ്പ് നാറുന്ന കിടക്കയില്‍ കിടന്നുകൊണ്ട് അയാള്‍ ആലോചിച്ചു.

പുലര്‍ച്ചെ അഞ്ചു മണിക്ക് വാതിലില്‍ തുടരെത്തുടരെയുള്ള മുട്ട് കേട്ട് പെഡ്രോയ്ക്ക് പതിവിനു വിപരീതമായി അല്പം ദ്വേഷ്യം തോന്നി. രാവിലെ അഞ്ചിനു ചായയെത്തിക്കാന്‍ കൊക്കിന്റെ മുഖമുള്ള ഹോട്ടല്‍ മാനേജരെ ഏര്‍പ്പെടുത്തിയിട്ടില്ല. പിന്നെ? ചായയും ഭക്ഷണങ്ങളും ഒറ്റയ്ക്ക് മുറിയിലിരുന്നു കഴിക്കുന്നത് അയാള്‍ക്കിഷ്ടമല്ല. ഹോട്ടലില്‍ ചെന്നിരുന്നു കഴിക്കുന്നതാണ് അയാളുടെ രീതി.

അയാള്‍ വസ്ത്രങ്ങള്‍ നേരെയാക്കി വാതില്‍ തുറന്നു.

പാട്ടക്കക്കൂസില്‍നിന്നു മലം എടുത്തുകൊണ്ടു പോകാനെത്തിയ പെണ്ണാണ്. അവളുടെ പൗരാണികമായ സുഗന്ധത്തില്‍ പെഡ്രോ മുഗ്ദ്ധനായി. എന്തൊരഴകാണിവള്‍ക്ക്! അയാള്‍ മനസ്സില്‍ അത്ഭുതം കൂറി. മനസ്സ് പുറത്തു കാണിക്കാതെ പെഡ്രോ അവളെ അകത്തേയ്ക്കു ക്ഷണിച്ചു: ''പെണ്ണേ! നിന്റെ പേരെന്താണ്?''
അവള്‍ തേനൂറും ശബ്ദത്തില്‍ മന്ത്രിച്ചു: ''അനുരാധ!''
''അനുരാധേ, നിന്റെ ഈ നാട്ടില്‍ രാജകുമാരിമാരില്ലേ?''
''ഞാന്‍ രാജകുമാരി അനുരാധയാണ്. പെഡ്രോ റോസ്ലിന്‍ അഗസ്റ്റിനോസ് എന്ന കപ്പിത്താന്‍ ഇന്നലെ വൈകീട്ട് ഞങ്ങളുടെ തുറമുഖത്ത് ഇറങ്ങിയതറിഞ്ഞ് രാത്രി മുഴുവന്‍ ഈ രാജകുമാരി അങ്ങയെത്തേടി അലയുകയായിരുന്നു. അങ്ങയെ കണ്ടെത്തിയതില്‍ സന്തോഷം! ഞാന്‍ അങ്ങയുടെ അന്‍പത്തിയൊന്നാമത്തെ പ്രണയിനിയാണ്...! സംശയമുണ്ടെങ്കില്‍ അങ്ങയുടെ സഹചാരിയായ ചെറിയ ഡയറി പരിശോധിക്കാം.''
ഉടനെ പെഡ്രോ പോക്കറ്റില്‍നിന്നു ചെറിയ നീല ഡയറിയെടുത്ത് നിവര്‍ത്തി.

അന്‍പതാമത്തെ പേജില്‍ മനില തുറമുഖത്തെ രാജകുമാരി മുസ്സെന്‍സാ ഫിലിക്കയാണ്...
''എന്റെ സുന്ദരിയായ പ്രണയിനീ നീ പറഞ്ഞതത്രയും നേരാണ്. എന്റെ അനുഭവത്തില്‍ ഭൂമിയില്‍ ഒരു പ്രണയിനിയും നുണ പറയാറില്ല. എന്റെ പൊന്നേ... പ്രണയത്തില്‍ നുണയില്ല... വരൂ നമുക്കീ രാജക്കട്ടിലിലിരിക്കാം...''
''വേണ്ട ക്യാപ്റ്റന്‍, അങ്ങയെ രാജകൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോകാനായി അലങ്കരിച്ച ഏഴു കുതിരകള്‍ പൂട്ടിയ വണ്ടി താഴെ റോഡില്‍ കിടപ്പുണ്ട്.''
തോട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ചതുപ്പിലാണ് അവരെത്തിയത്. അനുരാധയെ അയാള്‍ അനുഗമിച്ചു.

തുരുമ്പിച്ച തകരപ്പാട്ടകള്‍കൊണ്ട് തട്ടിക്കൂട്ടിയ കുടിലില്‍ അനുരാധ ക്ഷയരോഗിയായ അച്ഛനെ പരിചയപ്പെടുത്തി: ''രാജ ശുദ്ധോദനന്‍, അപ്പുറെ രാജമാതാ മഹാമായ തളര്‍വാതമായി കിടക്കുന്നു...''
പെഡ്രോ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിച്ചത് അനുരാധയുടെ കൊട്ടാരത്തിലാണ്. നാല്‍പ്പത്തിയൊന്ന് രാപ്പകലുകള്‍. നാല്‍പ്പത്തിരണ്ടാം നാള്‍ അനുരാധയുടേതു മാത്രമായ സുഗന്ധം ഹൃദയച്ചെപ്പിലാവാഹിച്ചെടുത്ത് കൊളംബോ തുറമുഖത്ത് കാത്തുകിടക്കുന്ന തന്റെ കപ്പലിലേയ്ക്ക് അയാള്‍ നടന്നു.

പിന്നീടയാള്‍ ഇരുപതോളം തുറമുഖങ്ങളിലെത്തി, അവിടങ്ങളിലെ പ്രണയിനികളുടെ സുഗന്ധങ്ങള്‍ ഹൃദയത്തിലാക്കി തന്റെ ജന്മനാട്ടില്‍ നങ്കൂരമിട്ടു.

മുപ്പത്തഞ്ച് വര്‍ഷത്തെ ഇടവേളയില്‍, ജനിച്ചു വളര്‍ന്ന തുറമുഖപട്ടണം ഏറെയൊന്നും മാറിയിട്ടില്ല. കടല്‍ക്കാറ്റിന്റെ വരള്‍ച്ച രൂക്ഷമാണ്. ഏകാന്തതയുടെ സൂചിക്കുത്തുകളും. പഴയ ആകാശത്തിന് ഒട്ടും നിറഭേദമില്ല.

അമ്മ റോസ്ലിന്റെ ചാരായക്കട നിന്നിരുന്ന തകരക്കുടിലിന്റെ സ്ഥാനത്ത് കടല്‍ക്കാറ്റടിച്ച് വിരൂപമായ ഒരു ചെറിയ കെട്ടിടം. പൂപ്പലിന്റെ കറപ്പ് വളരാത്ത ഒരിടംപോലും ചുമരുകളിലില്ല. അകലെനിന്നു നോക്കിയാല്‍ കറുത്ത് കുള്ളനായ ഒരു ജീവി ഉറങ്ങുകയാണെന്നു തോന്നും. ഇനി അത് അടുത്തൊന്നും ഉണരുമെന്നും തോന്നില്ല.

ആളുയരത്തില്‍ കള്ളിമുള്‍ച്ചെടികള്‍ പടര്‍ന്ന മുറ്റത്തേയ്ക്ക് കഷ്ടിച്ച് ഒരാള്‍ക്കു മാത്രം കടക്കാനാവുന്ന ഗേറ്റുണ്ട്. അതിലൂടെ ആരെങ്കിലും അടുത്തകാലത്തൊന്നും കടന്നുപോയതിന്റെ ലക്ഷണങ്ങളില്ല.

ഇരുള്‍ പരക്കുന്നതിന്റെ തൊട്ടുമുന്‍പാണ് പെഡ്രോ ആ വീടിന്റെ ഇറക്കാലിയില്‍ ഏതു കാലത്തോ ഞാത്തിയിട്ട ക്ലാവ്പിടിച്ച ഓട്ടുമണിയുടെ നാക്കില്‍ കെട്ടിയ കയറില്‍ പിടിച്ച് വലിച്ചത്. അതിന്റെ പ്രകൃതമായ ലോഹശബ്ദം അഗാധമായ ഒരു കിണറ്റിലേയ്‌ക്കെന്നപോലെ അപ്രത്യക്ഷമായി. നിമിഷങ്ങള്‍ക്കുശേഷം വീടിന്റെ ഉള്‍സ്ഥലികളിലെവിടെയോ പ്രതിദ്ധ്വനിച്ചു. പിന്നെയും മിനിട്ടുകളെടുത്തു തേങ്ങിക്കരയുന്ന തകരവാതില്‍ പാതി തുറക്കാന്‍. മെലിഞ്ഞു നീണ്ട ഒരു പെണ്‍കുട്ടി മെഴുകുതിരിയുമായി മുന്നില്‍. മെഴുകുതിരിയുടെ വെളിച്ചത്തിലേയ്ക്ക് ചെറുപ്രാണികള്‍ പറന്നെത്തി. പെണ്‍കുട്ടി പ്രാണികളെ ഇടതു കൈകൊണ്ട് ആട്ടിയകറ്റിക്കൊണ്ടിരുന്നു.
പെഡ്രോ ചോദിച്ചു: ''ഇവിടെ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പെഡ്രോ റോസ്ലിന്‍ അഗസ്റ്റിനോസ് എന്ന ഒരു പതിന്നാലുകാരനും അവന്റെ സുന്ദരിയായ അമ്മ റോസ്ലിനും കൃശഗാത്രനും വിരൂപനുമായ പിതാവ് അഗസ്റ്റിനോസും പാര്‍ത്തിരുന്നു. നിലം പൊത്താറായ ഒരു ചാരായക്കടയിലായിരുന്നു അവരുടെ പൊറുതി.''
പെണ്‍കുട്ടി പ്രേതത്തെ കണ്ടതുപോലെ പരിഭ്രമത്തില്‍ അലമുറയിട്ടു. അവളുടെ അമ്മൂമ്മയാകണം, അതോ അമ്മൂമ്മയുടെ അമ്മയോ, കൂനിക്കൂടിയ ഒരു രൂപം ഏന്തി ഏന്തി പുറത്തു വന്നു. പെഡ്രോ പറഞ്ഞതെല്ലാം അവരോട് പെണ്‍കുട്ടി ചെവിപൊട്ടുന്ന ശബ്ദത്തില്‍ ആവര്‍ത്തിച്ചു.    

''ഇല്ല'', അവര്‍ അറുത്തുമുറിച്ചു, ''കഴിഞ്ഞ ഇരുനൂറ് വര്‍ഷം മുന്‍പുള്ള കഥപോലും എനിക്കറിയാം. ഇങ്ങനെയാരും ഇവിടെ താമസിച്ചിട്ടില്ല. എനിക്കുറപ്പാണ്, ഞാനിവിടെ തൊണ്ണൂറ്റിനാല് വര്‍ഷമായി താമസിക്കുന്നു. എന്റെ അപ്പൂപ്പന്‍ പറഞ്ഞതനുസരിച്ച് ഇവിടെ ഇരുണ്ട ചതുപ്പായിരുന്നു...''
പെഡ്രോ ഉള്ളില്‍ പറഞ്ഞു: ''എന്റെ പിതൃത്വം മാത്രമല്ല, ജന്മദേശം കൂടി ഇല്ലാതായിരിക്കുന്നു...''
വൃദ്ധ കൂട്ടിച്ചേര്‍ത്തു: ''ഈ പ്രദേശത്തൊന്നും മറ്റൊരു വീടില്ല. ഒന്നുകില്‍ നിങ്ങള്‍ക്ക് കപ്പലിലേയ്ക്ക് തന്നെ മടങ്ങിപ്പോകേണ്ടിവരും. അല്ലെങ്കില്‍ പ്രേതങ്ങളുറങ്ങുന്ന ഈ കടപ്പുറത്ത് രാത്രി കിടക്കേണ്ടിവരും.'' അവര്‍ വാതില്‍ അടയ്ക്കാനൊരുങ്ങി.

പെഡ്രോ വൃദ്ധയുടെ ചെതമ്പലുകള്‍ നിറഞ്ഞ കൈ കവര്‍ന്ന് കൈത്തലത്തിലേയ്ക്ക് ഒരു ചെറിയ സ്വര്‍ണ്ണനാണ്യം തിരുകി: ''ഈ രാത്രി ഇവിടെ താമസിക്കാന്‍ അമ്മൂമ്മ എന്നെ അനുവദിക്കില്ലേ?''
വൃദ്ധ ചിരിച്ചു. കടല്‍ പൂപ്പലിന്റെ നാറ്റം: ''യുവാവേ നിനക്കിതു നേരത്തെ പറയാമായിരുന്നില്ലേ!'' അവര്‍ പെണ്‍കുട്ടിയുടെ നേരെ തിരിഞ്ഞു: ''ഇയാളേയും കൂട്ടി അകത്ത് പോ...''
പെഡ്രോ അകത്ത് കടക്കുന്നതിനിടെ വൃദ്ധ കൂട്ടിച്ചേര്‍ത്തു: ''എന്റെ മകളുടെ മകന്റെ മകളാണ്... മിടുക്കിയാണ് എമ്മ. ഇവളുടെ പിതാവ് രാജകുമാരന്‍ ഫെര്‍ഡിനാന്റ് എമ്മാ മാര്‍ക്കോസ്.''
രാജകുമാരിയുടെ കൂടെ ആറ് മണിക്കൂര്‍ മാത്രമേ പെഡ്രോ താമസിച്ചുള്ളൂ. അതുകൊണ്ടുതന്നെ തന്റെ ഡയറിയില്‍ എമ്മയ്ക്ക് അയാള്‍ ഒരര്‍ദ്ധ പ്രണയിനിയുടെ സ്ഥാനമേ കുറിച്ചുള്ളൂ.

പാതിരാത്രിയില്‍ അവളില്‍നിന്നു ബലമായി തന്നെ അടര്‍ത്തിമാറ്റി അവളോട് വിട പറയുമ്പോള്‍ ഒരു പ്രണയിനിയുടെ പൂര്‍ണ്ണ സുഗന്ധം അവളില്‍ എത്ര ആഴത്തില്‍ ഖനനം ചെയ്തിട്ടും അനുഭവിക്കാനായില്ലല്ലൊ എന്ന് പെഡ്രോ ഖിന്നനായി. പ്രേതങ്ങള്‍ ഓലിയിടുന്ന മണല്‍പ്പരപ്പിലൂടെ നടന്ന് എലികളും കൂറകളും വിഹരിക്കുന്ന കപ്പലിന്റെ ഇരുണ്ട മുറിയിലെത്തിയിട്ടും ആ അര്‍ദ്ധ പ്രണയിനി അയാളെ ആകുലപ്പെടുത്തിക്കൊണ്ടിരുന്നു. പ്രണയത്തില്‍ കാലെന്നോ അരയെന്നോ മുക്കാലെന്നോ ഉള്ള ലഘൂകരണങ്ങള്‍ ഇല്ലെന്ന് അയാള്‍ അയാളെത്തന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അതേസമയം എമ്മയെ പൂര്‍ണ്ണമായി മറക്കാനും അയാള്‍ക്കു കഴിഞ്ഞില്ല.
മറ്റൊരര്‍ദ്ധ പ്രണയിനിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. തന്റെ ലഘൂകരണങ്ങള്‍ തന്നെത്തന്നെ വഞ്ചിക്കുകയാണെന്നു വരെ അയാള്‍ക്കു തോന്നി.

അങ്ങനെ നോക്കിയാല്‍, പെഡ്രോ കണക്ക് കൂട്ടി... നൂറ്റൊന്നാമത്തെ പ്രണയിനിയിലെത്താന്‍ ഒരര്‍ദ്ധ സുഗന്ധം കൂടി തനിക്ക് ആവാഹിക്കേണ്ടതുണ്ട്. നൂറ്റിയൊന്നാമത്തെ പ്രണയിനിയില്‍ അതു പരിപൂര്‍ണ്ണമാക്കാം, അയാള്‍ ആത്മഗതം ചെയ്തു.

പള്ളിമണി നിര്‍ത്താതെ അടിക്കുന്നതും അതിന്റെ ശബ്ദം പ്രപഞ്ചത്തിന്റെ ഓരോ ധമനിയിലേയ്ക്കും പരക്കുന്നതും കടലാഴങ്ങളില്‍ ചുഴികള്‍ വിരിയുന്നതും കടല്‍സിംഹങ്ങള്‍ ജലപ്പരപ്പില്‍നിന്നു വായുവിലേയ്ക്കു ചാടി മറയുന്നതും തീക്ഷ്ണമായ ചൂടില്‍ കടല്‍ജലം വന്‍ പര്‍വ്വതങ്ങളായി ഉയരുന്നതും കരിമേഘങ്ങള്‍ ഭൂമി പിളര്‍ക്കും ശബ്ദത്തില്‍ അലറുന്നതും കാറ്റുകള്‍ പതിവില്ലാത്തവിധം പ്രചണ്ഡമാകുന്നതും    തന്റെ ഇരുനില വീട് വേരുകളറ്റ് വിറയ്ക്കുന്നതും പെഡ്രോ റോസ്ലിന്‍ അഗസ്റ്റിനോസ് അറിഞ്ഞു.

പൊടുന്നനെ എല്ലാം നിലച്ചു. പ്രപഞ്ചം ശാന്തമായി. ആദിമമായ മൗനം നിറഞ്ഞു.

വെള്ളവസ്ത്രം ധരിച്ച നൂറ്റിയൊന്നാമത്തെ പ്രണയിനി കറുത്ത കുതിരയുടെ പുറത്തേറി തന്നിലേയ്ക്ക് കുതിച്ചടുക്കുന്നതിന്റെ സുഗന്ധം അയാളുടെ ഹൃദയത്തിലേയ്ക്കിഴഞ്ഞു. അവളെ സ്വീകരിക്കാനായി കൈകള്‍ ചിറകുകളാക്കി പെഡ്രോ മെല്ലെ മെല്ലെ വായുവിലേയ്‌ക്കൊഴുകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com