'വര- വരി- വെളിപാട്'- ജിജോ കുരിയാക്കോസ് എഴുതിയ കഥ

വിവാഹനിശ്ചയമോതിരങ്ങളില്‍ മലയാളത്തില്‍ പേരെഴുതാം എന്നുള്ള ആലോചന തര്യന്‍ തന്റെ കല്യാണമുറപ്പിക്കാന്‍ പോവുന്ന നയനയോട് പറഞ്ഞപ്പോള്‍ കാര്യകാരണങ്ങള്‍ ഒന്നും തിരക്കാതെ ആ കൊച്ച് അതിന് സമ്മതമറിയിച്ചിരുന്നു
ചിത്രീകരണം: പാവേൽ
ചിത്രീകരണം: പാവേൽ

വിവാഹനിശ്ചയമോതിരങ്ങളില്‍ മലയാളത്തില്‍ പേരെഴുതാം എന്നുള്ള ആലോചന തര്യന്‍ തന്റെ കല്യാണമുറപ്പിക്കാന്‍ പോവുന്ന നയനയോട് പറഞ്ഞപ്പോള്‍ കാര്യകാരണങ്ങള്‍ ഒന്നും തിരക്കാതെ ആ കൊച്ച് അതിന് സമ്മതമറിയിച്ചിരുന്നു. വിവാഹമേ വേണ്ട എന്ന് മനസ്സിലുറപ്പിച്ചിരുന്ന തര്യന്‍ പിന്നീടെപ്പോഴോ എന്തൊക്കെയോ സമ്മര്‍ദ്ദസാഹചര്യങ്ങളെ പഴിചാരി മണര്‍കാട് നാട്ടില്‍ തന്നെയുള്ള ഒരു പെണ്‍ക്കൊച്ചുമായുള്ള ബാല്യകാല സണ്‍ഡേ സ്‌കൂള്‍ സൗഹൃദം പുതുക്കുകയും വിവാഹാലോചന മുന്നോട്ടു കൊണ്ടുപോവുകയുമായിരുന്നു. 

ആ ആലോചന  ശരിയോ തെറ്റോ എന്നുള്ള നിശ്ചയമില്ലായ്മ തന്നെ അനുനിമിഷം വേട്ടയാടുന്നത് തര്യന്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഒരു വേതാളം വന്നു തോളത്തിരുന്നു തനിക്ക് പറ്റിയ വെളിപാട് നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ എന്ന് തര്യന്‍ വെറുതെ ആശിച്ചപ്പോഴേക്കും വിവാഹനിശ്ചയദിനവും കഴിഞ്ഞിരുന്നു. 

നേരത്തേതന്നെ നയനയുമായി ദിവസവുമുള്ള ഫോണ്‍ കോളുകള്‍ ശീലമായി തുടങ്ങിയിരുന്നുവെങ്കിലും തര്യന്‍ ഒട്ടും പ്രണയപ്രിയനായി തോന്നാത്തതിനാലാവാം ''തര്യാ, തനിക്ക് പ്രണയവൊക്കെ ഒണ്ടായിട്ടില്ലേ?'' എന്നൊരു ദിവസം നയന ചോദിച്ചത്. ഇല്ലെന്നറിയിച്ചാല്‍ ആത്മനിന്ദയാവും. 

പണ്ട് മള്‍ബെറി വൈന്‍ രുചിക്കാന്‍ തന്ന ജോമോന്‍ച്ചാച്ചനോട് തോന്നിയ അടുപ്പോം അതിനും മുന്നേ അവരായോട് തോന്നിയ ആദ്യാനുരാഗവും പലപ്പോഴായി നെഞ്ചോരം ചുംബനപ്പാടുകള്‍ മിച്ചമേല്‍പ്പിച്ച റിസായുമായി പുലര്‍ത്തുന്ന ആത്മബന്ധോമൊക്കെ അനുരാഗപരമ്പരയിലെ ആരോടും പറയാ അദ്ധ്യായങ്ങളായൊള്ളപ്പോള്‍  വിവാഹനിശ്ചയവെള്ളിയിലേക്ക്  ദിനമെണ്ണിയിരുന്നിരുന്ന പാലിന്‍ഡ്രോം പേരുകാരിയുമായുള്ള ഫോണ്‍ സംഭാഷണവേളകളില്‍  ഇവരോടൊത്തുള്ള അനുരാഗനേരങ്ങള്‍ ഒക്കെ യഥാക്രമം പെണ്ണുങ്ങളുമൊത്തുള്ള നിര്‍വ്യാജവേളകള്‍ എന്നോണം നുണ പറയേണ്ടതായിവന്നു തര്യന്. 

തുടര്‍ന്നു വരുന്ന ഈ  ശ്വാസംമുട്ടലിന്  ഇപ്പോള്‍ ഒരു അധികഭാരമായി വിരലില്‍ കേറിക്കിടക്കുന്ന നിശ്ചയമോതിരം മുന്‍പെങ്ങുമില്ലാത്തവിധം അയാളെ ഭീതിപ്പെടുത്തി. തന്റെ ചര്‍മ്മവിശപ്പിനും പ്രേമദാഹത്തിനും സഹജമായത് പെണ്‍രുചി അല്ലാ എന്നുറപ്പുണ്ടായിട്ടും ഏറ്റവുമൊടുവില്‍ മാനസികാരോഗ്യവിദഗ്ദ്ധയെ സന്ദര്‍ശിച്ചപ്പോള്‍ ''തനിക്ക് താനായി ജീവിക്കണമെങ്കില്‍ അതിനുള്ളത് ചെയ്യുക'' എന്ന ഉചിതനിര്‍ദ്ദേശം കിട്ടിയിട്ടും ജീവിതാവസാനം വരെ പെണ്‍പേരെഴുതിയ മോതിരധാരിയായി ജീവിക്കാന്‍ എപ്പോഴോ തീരുമാനം എടുത്തിരുന്നു അയാള്‍. താനിഷ്ടപ്പെടാത്ത ഒരു അലങ്കാരമായി ആരെയൊക്കെയോ കാണിക്കാനായുള്ള മുതിര്‍ന്ന ഒരാളിന്റെ സാമൂഹികയോഗ്യതയെന്നോണം വിരലിലേറ്റിയ ലോഹത്തുണ്ട് അപ്രിയമായി അനുഭവപ്പെട്ടപ്പോള്‍, പെണ്‍പ്രണയിയല്ല താനെന്ന് സ്വയം അംഗീകരിച്ച് അതൂരി മാറ്റണോ വേണ്ടയോ എന്ന ആകുലത അധികമായി ആ രാത്രിയില്‍; 2013 മാര്‍ച്ച് എട്ടാം തിയതി, വെള്ളിയാഴ്ച രാത്രിയില്‍.

ബോധഉപബോധങ്ങളുടെ ഞാണിന്മേല്‍ക്കളി കാരണം കുറേയായി ഉറക്കവും ഏകാഗ്രതയും ശരിയായി കിട്ടാഞ്ഞിട്ട് അരികത്തിരുന്ന റൂബിക്സ്‌ക്യൂബ് എടുത്ത് പിടിച്ച് കുറേക്കുറേ കറക്കി. അനായാസമായി അത് പരിഹരിക്കാറുള്ള തര്യന് പക്ഷേ, അന്നു രാത്രി എത്ര ശ്രമിച്ചിട്ടും അതിലേ വര്‍ണ്ണവശങ്ങള്‍ കൃത്യമായി ക്രമീകരിക്കാനാവാഞ്ഞതിന്റെ  കാരണവും മറ്റൊന്നായിരുന്നില്ല.

രോമക്കരടിയുടെ ആലിംഗനചിഹ്നമുള്ള നയനയുടെ ശുഭരാത്രി സന്ദേശം മൊബൈലില്‍  അപ്പോള്‍ വന്നു. നയനയുടെ വാട്സാപ്പ് ഡിസ്പ്ലേ ചിത്രം അപ്പോഴേക്കും 'ഹാപ്പിലി എന്‍ഗേജ്ഡ്' എന്ന അടിക്കുറിപ്പോടു കൂടിയ യുഗ്മചിത്രമായിരുന്നു. അതിലെ ഹാപ്പിലി എന്ന വാക്ക് തര്യന്റെ മാനസികമുറുക്കം ഇനിയും കൂട്ടി. താന്‍ തിരഞ്ഞെടുത്ത് നല്‍കിയ മരതകപ്പച്ച അരികോട് കൂടിയ മാതളനാരങ്ങയല്ലിയുടെ നിറമുള്ള കോട്ടണ്‍ സാരിയില്‍ ചക്കരച്ചിരിയോടെ നില്‍ക്കുന്ന നയനയോടൊത്ത് മനസ്സാവാചാകര്‍മ്മണാ സ്ത്രീകളോട് മോഹചിന്തകള്‍ ഇല്ലാത്ത താന്‍ എങ്ങനെ ദാമ്പത്യസന്തുഷ്ടി നിലനിര്‍ത്തും എന്നുള്ളത് കൂടി ആലോചിച്ചപ്പോള്‍ ആ ചിത്രത്തിലെ ആശംസാപൂക്കള്‍ തന്റെ തന്നെ കല്ലറക്ക് വെക്കാന്‍ സ്വയം തിരഞ്ഞെടുത്ത റീത്തുപോലെ തര്യന് തോന്നി.

പല ആണ്‍സുഹൃത്തുക്കള്‍ക്കായി സമ്മാനം നല്‍കാന്‍ മേടിച്ചിട്ടും അവര്‍ക്ക് തന്നോട് സവിശേഷ സ്നേഹമില്ല എന്ന തിരിച്ചറിവില്‍ സമ്മാനിക്കാതെ പോയ രോമപ്പാവകള്‍ നിരന്നിരുന്ന ജനലരികെ തലചായ്ച്ച്  പ്രച്ഛന്നപ്രജ്ഞനായി അതേ സന്ദേശം തര്യനും അയച്ചു. എന്നിട്ട് തുടര്‍ സംഭാഷണത്തിന് മിനക്കെടാതെ വിഷാദരോഗത്തിന് കുറേയായി ഉപയോഗിച്ചു വരുന്ന ഗുളികയിലൊരെണ്ണം അകത്താക്കി കണ്ണീര്‍ക്കറ വീണ തലയണകളെ ചേര്‍ത്ത് അയാള്‍ കിടന്നു.

എന്നിട്ടും ഉറക്കം വരാഞ്ഞിട്ട് എഴുന്നേറ്റ് മുറിയിലെ അലമാരി തുറന്ന് അതിന്നുള്ളിലേക്ക് നോക്കി ഇരിപ്പായി. ആരും കാണാതെ അലമാരിക്കകത്ത് കയറി ഇരുന്നിരുന്ന ശീലത്തിന് കൊറേ വഴക്കും പിച്ചും ചെറുപ്പത്തില്‍ കിട്ടിയത് തര്യന്‍ ഓര്‍ത്തു. ഇത്രേം വലുതായിട്ടും അലമാരക്കുള്ളിലെ കുഞ്ഞുകൊച്ച് തന്നെയാണെല്ലോ ഞാന്‍ എന്നയാള്‍ വിതുമ്പി; ശബ്ദമില്ലാതെ!

തനിക്ക് പ്രിയപ്പെട്ടതെല്ലാം സൂക്ഷിച്ചുവെച്ചേക്കുന്ന ആ അലമാരയുടെ താക്കോല്‍ ആര്‍ക്കും പങ്കുവെച്ചിരുന്നില്ല അയാള്‍. ഒരു തട്ടില്‍ ഒരു കവറിനുള്ളിലായി ശേഖരിച്ചുവെച്ചിരുന്ന ബന്ധു-മിത്രാദികളുടെ കല്യാണക്കുറികള്‍ അയാള്‍ ഒന്നെടുത്ത് നോക്കി. എല്ലാത്തിലും വധുവിന്റെ പേര് വെട്ടി തന്റെ പേര് തനിക്കു മാത്രം മനസ്സിലാവുന്ന ലിപിയില്‍ എഴുതിച്ചേര്‍ത്തതിലേക്ക് നോട്ടം പായിച്ചു.

വേറൊരു കവറില്‍ ഇടവകയിലെ യുവജനസമാജം ഒരിക്കല്‍ സംഘടിപ്പിച്ച കാലിഗ്രാഫി പരിശീലനത്തിനു സിറിയയില്‍നിന്നും വന്ന ചെമ്പന്‍താടിക്കാരന്‍ യൂജന്‍ ശെമ്മാശന്‍ പരിശീലനത്തില്‍ മികച്ച കൈപ്പടക്കുള്ള സമ്മാനത്തോടൊപ്പം ഇംഗ്ലീഷ് കേഴ്സിഫ് ശൈലിയില്‍ മഷിപ്പേനകൊണ്ടെഴുതിത്തന്ന ഒരു അഭിനന്ദനക്കുറിപ്പും എടുത്തുനോക്കി. അന്ന് സമ്മാനം മേടിച്ച ശേഷം ഞരമ്പുകള്‍ അലങ്കരിച്ച മാര്‍ഫാന്‍ വിരലോടുകൂടിയ ശെമ്മാശന്റെ കൈപ്പടം മുത്തിയപ്പോളനുഭവിച്ച കോള്‍മയിര്‍  ഇപ്പോള്‍ തികട്ടിവന്നത് വിഷമം കുറച്ച് ഒതുക്കാന്‍ അയാളെ സഹായിച്ചു. കാലിഗ്രഫിയുടെ മനോഹാരിത തര്യന്‍ ഏറ്റവും ശ്രദ്ധിച്ചത് ശവക്കല്ലറകളിലെ ഫലകങ്ങളിലും വലതുനിന്നും ഇടത്തോട്ട് എഴുതുന്ന ഭാഷാലിപികളിലും ആയിരുന്നു.

കുസാറ്റില്‍ ബിരുദാനന്തരബിരുദത്തിനു പഠിച്ചിരുന്ന സമയത്ത് സരോവര്‍ ജന്റ്സ് ഹോസ്റ്റലിലെ വാര്‍ഷിക സാംസ്‌കാരിക പരിപാടിയുടെ ഭാഗമായുള്ള പ്രണയലേഖന മത്സരത്തില്‍ സമ്മാനം ലഭിച്ച എഴുത്തും ആ കവറില്‍ ഉണ്ടായിരുന്നു. ഇത്രയും നാള്‍ പെണ്‍പ്രണയിയായ പുരുഷന്‍ എന്ന പ്രതീതി തീര്‍ക്കാന്‍ എന്തെല്ലാമോ കാട്ടിക്കൂട്ടിയത് ഓര്‍ത്തെടുത്തു. പച്ചനിറം വളരെ ഇഷ്ടമുള്ള തര്യന്‍ കൈത്തണ്ടയിലെ പച്ച ഞരമ്പിന്‍ വരികള്‍ തുറന്നുനോക്കിയാലോ എന്ന് പലവുരി ചിന്തിച്ചിരുന്നു. എന്നാല്‍ അപ്പോളൊക്കെ അതില്‍നിന്നും അയാള്‍ പിന്തിരിഞ്ഞിരുന്നത് ഈ അലമാരിയിലെ വേറാരും കാണാ ഓര്‍മ്മകളെ പുല്‍കിയാണ്.

പടം വരയ്ക്കാന്‍ അതീവ താല്പര്യമുള്ള അയാള്‍ ആരും കാണാതെ വരച്ചുവെച്ചിരുന്ന കുറച്ച് ചിത്രങ്ങള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നു. അതില്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ട തവിടന്‍ തൊലിയുള്ള ആണുങ്ങളുടെ രേഖാചിത്രങ്ങള്‍ മുതല്‍ വസ്ത്രഭാരമില്ലാതെ വിശ്രമിക്കുന്ന ആണുങ്ങളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. രോമപ്രിയനായ തര്യന്‍ വരച്ച ചിത്രങ്ങളില്‍ അബ്ശാലോമിന്റെ പോലത്തെ നീണ്ട മുടിയുള്ളതും അഹരോന്റെ പോലത്തെ താടിയുമുള്ള യവന-പുരോഹിത രൂപമുള്ള ആണുങ്ങള്‍ ആയിരുന്നു കൂടുതല്‍.  അതൊക്കെ വീണ്ടും കണ്ടപ്പോള്‍ പുക്കിള്‍കീഴേ നിന്നും വികാരപതംഗങ്ങള്‍ തലച്ചോറിലേക്ക് പറന്നുയര്‍ന്നു. അനുതാപം മുഖ്യരസമാക്കി ആണ്‍മാത്ര ഇടമായ മദ്ബഹായില്‍ ആരാധന നടത്തുന്ന യാക്കോബായ പുരോഹിതരോടുള്ള തര്യന്റെ മമതയുടെ അടിസ്ഥാനം അവരുടെ ശബ്ദം ആയിരുന്നു. അവരെപ്പോലെ ആലാപനമികവ് ഉണ്ടായിരുന്നെങ്കില്‍ എന്നേറെ ആഗ്രഹിച്ചിട്ടും അതിനുള്ള ശബ്ദസൗകുമാര്യം ഇല്ലാഞ്ഞ തര്യന്‍ പക്ഷേ, ചെറുപ്പത്തില്‍ പ്രസംഗവേദികളില്‍ തരംഗം തീര്‍ത്തിരുന്നു. കൗമാരം കടന്നിട്ടും വളരെ വൈകിയാണ് അയാളുടെ ശബ്ദം ജന്‍ഡര്‍-ന്യൂട്രല്‍ ശബ്ദത്തില്‍നിന്നും ആണ്‍ധ്വനിയിലേക്ക് ഉറച്ചത്. അതുകൊണ്ടുതന്നെ ശബ്ദമികവുള്ള ആളുകളോട് തര്യന് അധികയിഷ്ടമായിരുന്നു. 

അതിലേറ്റവും കൗതുകകരമായി അയാള്‍ ആസ്വദിച്ചിരുന്നത് പണ്ട് ആകാശവാണിയില്‍ ചലച്ചിത്രഗാനപരിപാടികള്‍ അവതരിപ്പിച്ചിരുന്ന ആണ്‍ശബ്ദങ്ങള്‍ ആയിരുന്നു. ഒരിക്കലും നേരില്‍ കാണാത്ത അവരുടെ ശബ്ദത്തോട് തോന്നിയ അതേ ഇഷ്ടം പള്ളി-മദ്ബഹായില്‍ പലപല പൂക്കളുടേയും പ്രാവിന്റേയും ചിത്രത്തുള്ളലുകളോട് കൂടിയ തിളങ്ങുന്ന മേല്‍ക്കുപ്പായം ധരിച്ച് ഭക്തിയുടെ ഉച്ചസ്ഥായിയില്‍ സുറിയാനിസ്തുതികള്‍ ചൊല്ലുന്ന പട്ടക്കാരുടെ നാദത്തോടും അയാള്‍ക്ക് പലപ്പോഴും തോന്നിയിരുന്നു. ഈ ഇഷ്ടങ്ങള്‍ ചില നോട്ടുബുക്ക് പേജുകളില്‍ വരച്ച് താലോലിച്ചിരുന്ന തര്യന്‍ ഈ സവിശേഷ ഇഷ്ടത്തിന്റെ കാരണം അന്വേഷിച്ചതേയില്ല. എന്നാലിപ്പോള്‍ ആ ഇഷ്ടത്തിന്റെ സ്വാഭാവികത മനസ്സിലാക്കിയിട്ടും ഒന്നും ചെയ്യാനാവാതെടുത്ത തീരുമാനത്തില്‍ ശൂന്യതാബോധത്തോടെ അലമാരിക്കരികേ അയാള്‍ നിന്നു. അലമാരയുടെ കതകടച്ച് കണ്ണാടിയില്‍ തന്നേത്തന്നെ നോക്കിനിന്നു. ഏതോ ഒരാണിനെ മനസ്സില്‍ ധ്യാനിച്ചു കഴുത്തിലെ ആദം പഴത്തേയും കക്ഷത്തിലെ രോമപ്പടര്‍പ്പിനേയും സ്വയം തഴുകിലാളിച്ചു. 

വീണ്ടും അലമാരി തുറന്ന് ഒരു പഴയ ബൈന്‍ഡ് ചെയ്ത പുസ്തകം എടുത്തു. പണ്ടൊരവധിക്കാലത്ത് പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്നത് പരിശീലിപ്പിക്കാന്‍ എത്തിയ മുന്‍ സെമിനാരിയനായിരുന്ന വര്‍ക്കിച്ചന്‍ സ്നേഹത്തോടെ തന്നതായിരുന്നു ആ ബുക്ക്.  

പൗരോഹിത്യത്തോടൊപ്പം വിവാഹ-കുടുംബ ജീവിതവും സാധ്യമായിട്ടുള്ള യാക്കോബായ അച്ചന്മാരില്‍നിന്നും വ്യത്യസ്തനായിരുന്നു വര്‍ക്കിച്ചന്‍. സെമിനാരിപഠനം ഇടക്കുവെച്ച് നിര്‍ത്തിയ വര്‍ക്കിച്ചന്‍ പള്ളിച്ചുമരുകളില്‍ ചുവര്‍ചിത്രങ്ങള്‍ വരക്കുന്നതിലും ബിഷപ്പുമാരുടേയും മറ്റും എണ്ണച്ഛായാചിത്രങ്ങള്‍ വരക്കാനും മര ഉരുപ്പടികള്‍ നിര്‍മ്മിക്കുന്നതിലും മറ്റും മികവുള്ള ആളായിരുന്നു. സ്റ്റാമ്പ് ശേഖരം എന്ന വിനോദം തനിക്കു പകര്‍ന്നു തന്നത് വര്‍ക്കിച്ചന്‍ ആണല്ലോ എന്ന് തര്യന്‍ ഓര്‍ക്കുകയും ചെയ്തു. തന്റെ  ശേഖരത്തിലെ പതിനായിരക്കണക്കിനു വരുന്ന  സ്റ്റാമ്പുകളില്‍ തര്യന് ഏറ്റവും പ്രിയങ്കരം ചതുരാകൃതിയില്‍ അല്ലാത്ത, ത്രികോണ-ഷഡ് ഭുജ-അര്‍ദ്ധവൃത്ത-വൃത്താകൃതിയില്‍ ഉള്ള സ്റ്റാമ്പുകള്‍ ആയിരുന്നു. തനിക്ക് ആദ്യമായി ഒരു സ്റ്റാമ്പ് ആല്‍ബം സമ്മാനിച്ച വര്‍ക്കിച്ചന്‍ തന്ന അതേ ആ തുകല്‍ച്ചട്ടയുള്ള പുസ്തകത്തില്‍ പതിപ്പിച്ചു വെച്ചേക്കുന്ന തനിക്കേറ്റവും പ്രിയപ്പെട്ട അസാധാരണമായ സ്റ്റാമ്പുകള്‍ കണ്‍കുളിര്‍ക്കെ നോക്കി. ഒപ്പം വര്‍ക്കിച്ചനെ ഒന്നു പോയി കണ്ടാലോ എന്ന ചിന്തയും. എന്തോ കാരണംകൊണ്ട് അയാള്‍ അവിവാഹിതനാണല്ലോ എന്ന കാര്യം ശിഷ്ടരാത്രിയില്‍ തര്യന്റെ അന്തരംഗത്തില്‍ താല്‍ക്കാലികാശ്വാസത്തിന്റെ കുന്തിരിക്കപ്പുക പടര്‍ത്തി. 

രാവിലെ എഴുന്നേറ്റ് കുളിയൊക്കെ പാസാക്കി സ്‌കൂട്ടറും പൊക്കി പായാനാഞ്ഞ എന്നോട് ''വിരുന്ന് അങ്ങോട്ട് കഴിഞ്ഞില്ല, വീണ്ടും ധൃതിയായോ നയനയെ കാണാന്‍'' എന്ന് വരാന്തേലിരുന്നു ആരെ ഒക്കെയോ ഫോണ്‍ വഴി കല്യാണം ക്ഷണിക്കുന്ന  അയാള്‍ടെ കുടുംബത്തിലെ മറിയ-ഔസേപ്പുമാര്‍ ചോദിച്ചു. ഹെല്‍മെറ്റ് വെച്ചിരുന്നതുകൊണ്ട് തര്യന്റെ മോന്തേലെ ഭാവം അവര്‍ ശ്രദ്ധിച്ചില്ല.

''അല്ല, മോന്‍ ഉണ്ടാക്കിയ ചക്കവരട്ടിയത് കൊടുക്കണ്ടേ, അതൂടെ എടുത്തോ'' എന്നും പറഞ്ഞ് അകത്തേക്കു പോയ അപ്പന്‍ ഒരു ചോറ്റുപാത്രത്തില്‍ ഐറ്റം എടുത്തോണ്ട് തന്നു. കിട്ടിയ തക്കത്തില്‍ തര്യന്‍ അവിടുന്ന് ചാടി. സ്പീഡ് കൊറച്ച് പോണേ, ഇനിയൊരാള്‍ കൂടെ ഇരിക്കാന്‍ ഒള്ളതല്ലേ ഒടനേ?

കൊറെച്ചെങ്കിലും ആശ്വസിച്ചെണീറ്റ അയാള്‍ടെ ഇത്തരം പരാമര്‍ശങ്ങള്‍ എപ്പോഴും വല്ലാത്ത ആശങ്ക ഉളവാക്കിയിരുന്നു. അല്ലെങ്കില്‍ തന്നെ വളര്‍ന്നുവന്ന ചുറ്റുപാടും സൗഹൃദക്കൂട്ടങ്ങളും എല്ലാം ആണുങ്ങളെ പെണ്ണുങ്ങളോട് മാത്രം ബന്ധപ്പെടുത്താന്‍ അനാവശ്യ വ്യഗ്രത പുലര്‍ത്തുന്നതായിരുന്നു എന്നുള്ളതായിരുന്നു തര്യന്‍ അഭിമുഖീകരിച്ച ഒരു സാംസ്‌കാരികബുദ്ധിമുട്ട്. 

സ്‌കൂട്ടറില്‍ തിരുവഞ്ചൂര്‍ ഭാഗത്തേയ്ക്ക് പോവുമ്പോള്‍ വഴിനീളെ വിവാഹവസ്ത്ര-ആഭരണ ഉല്പന്നങ്ങളുടെ വലിയ പരസ്യപ്പലകകളും മറ്റും കണ്ട് എല്ലാ ആളുകളും നിര്‍ബ്ബന്ധമായും വിവാഹിതരായാലേ ചുറ്റുവട്ടങ്ങളില്‍ മതിപ്പു ലഭിക്കൂ എന്ന വ്യാപാര വ്യവസായങ്ങള്‍ പോലും എന്തിനു തീര്‍പ്പുവെയ്ക്കുന്നു എന്ന് തര്യന്‍ ആലോചിച്ചു. ഇടയ്ക്കൊരു നാല്‍ക്കവലയില്‍ ഒരു വണ്ടിയില്‍ ഒരു ബൈക്കുകാരന്‍ ഒന്നുരസിയതിന് വണ്ടിയേന്നിറങ്ങി അവരുടെ ആയുസ്സിലെ രോഷം മുഴുവന്‍ തീര്‍ക്കുമാറ് അട്ടഹസിക്കുന്ന രണ്ടുപേര്‍ കാരണം കുറേനേരം ഗതാഗത തടസ്സം ഉണ്ടായി. അതിലൊരാള്‍ മറ്റേയാളോട് തെറിയഭിഷേകം നടത്തുന്നതിനിടയില്‍ പറഞ്ഞ ഒരു വാക്ക് തര്യന്റെ കാല്‍മുട്ടുകളെ വിറപ്പിച്ചു; കുണ്ടന്‍ എന്ന വിളി എന്തിനാ ആളുകള്‍ യാതൊരു ആവശ്യവുമില്ലാതെ ദേഷ്യപ്പെടുമ്പോള്‍ ഇങ്ങനെ ഉപയോഗിക്കുന്നത് എന്നോര്‍ത്ത് ഉള്ളില്‍ അവരെ പ്രാകി തിരിച്ചുപോയാലോ എന്നൊരു ക്ഷണം അയാള്‍ ചിന്തിച്ചെങ്കിലും അപ്പോഴേയ്ക്കും തടസ്സം മാറി വണ്ടികള്‍ നീങ്ങിത്തുടങ്ങിയിരുന്നു. എന്നാലും തര്യന്റെ ഉള്ള് കലങ്ങിത്തന്നെയിരുന്നു; ഒരാള്‍ ഒന്നും ചെയ്യാതെ തന്നെ ചുറ്റുപാടുകളുടെ ചെയ്തികള്‍ കാരണം ഇങ്ങനെ സമ്മര്‍ദ്ദത്തിലാവുന്നത് തര്യന് പുത്തരിയല്ലായിരുന്നു. മുന്നോട്ടു പോവുന്ന വഴി ഒരു പള്ളിയുടെ പുനര്‍നിര്‍മ്മാണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തനിക്കിഷ്ടപ്പെട്ട സ്റ്റെയിന്‍ഡ് ഗ്ലാസ് ഫലകങ്ങള്‍ കൊണ്ടുള്ള ജനാലകള്‍ കണ്ട തര്യന്‍ ഒരുവേള പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്ന വര്‍ക്കിച്ചനെ സങ്കല്പിച്ചു. അയാളൊരു പുരോഹിതനായിത്തീര്‍ന്നിരുന്നെങ്കില്‍ എങ്ങനെ ആവുമായിരുന്നു എന്ന് വെറുതെ ആലോചിച്ചു. കണ്ടിട്ട് പന്തീരാണ്ടു കൊല്ലത്തിലധികമായി, ഇപ്പോള്‍ അങ്ങേര്‍ടെ താടി ഒക്കെ നരച്ചുകാണുമല്ലോ എന്നൊക്കെ ഓര്‍ത്ത് തിരുവഞ്ചൂര്‍ അപ്പുറെ കരിമ്പിന്‍ച്ചെടികള്‍ അരികു പാകിയ വഴിയിലൂടെ ആരോടൊക്കെയോ വര്‍ക്കിച്ചന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു ചോദിച്ചു മുന്നോട്ടുപോയി. 

പാല്‍റോട്ടി മണക്കുന്ന ഒരു ബോര്‍മ്മ കടന്ന് വര്‍ക്കിച്ചന്റെ വീടരികെ എത്തി. കുറ്റിമുല്ലയും, നക്ഷത്രവള്ളിയും മിനാരാകൃതിയില്‍ അലങ്കരിച്ച ആ മുറ്റത്ത് ഒരു നീളന്‍ കമ്പളഅളവില്‍ ഇന്നലെ പൂത്ത് ഇന്ന് കൊഴിഞ്ഞ മുല്ലപ്പൂക്കള്‍ ആരെയോ സ്വീകരിക്കാനെന്നോണം നിലത്തു ചെങ്കല്ലുരുളുകളെ പുല്‍കി കിടന്നിരുന്നു. പറമ്പിലെ കാപ്പിമരങ്ങള്‍ സമ്മാനിച്ച കാമദേവനറിയാതെപോയ കാപ്പിപ്പൂക്കളുടെ ഉന്മാദവാസന ഉടലിലും ഉയിരിലും ഉന്മേഷം വാരിവിതറിയ പ്രതീതിയില്‍ നിന്ന തര്യന്‍ പെട്ടെന്നാണ് വീട്ടിനു മുന്‍വശത്ത് വാതില്‍ ഇല്ലല്ലോ എന്ന് ശ്രദ്ധിച്ചത്.

കൗതുകം മൂത്ത് വീടിന്റെ പൊറകിലോട്ട് ചെന്നപ്പോള്‍ അവിടെയാണ് അകത്തേക്കുള്ള വഴി എന്ന് മനസ്സിലായി. വീടിനോടു ചേര്‍ന്ന് അല്പം പൊക്കിക്കെട്ടിയ ചായ്പ്പില്‍ വെട്ടം കണ്ട് അങ്ങോട്ട് ചെന്ന് കതകില്‍ കൊട്ടിയപ്പോള്‍ ആരാന്നൊള്ള വിളി കേട്ട്.
 
''ഞാന്‍ മണര്‍കാട് നിന്നാ, പേര് തര്യന്‍, പണ്ടൊരിക്കല്‍ നിങ്ങള്‍ നടത്തിയ  പുസ്തകനിര്‍മ്മാണക്കളരിയില്‍ പങ്കെടുത്തിട്ടുള്ള ഒരാളാ, നിങ്ങള്‍ എനിക്കൊരു സ്റ്റാമ്പ് ആല്‍ബവും സമ്മാനിച്ചിരുന്നു.''

''കേറിവാ'' എന്ന ആ തുടര്‍ശബ്ദം ജീവിതത്തില്‍ ഇതുവരെ ലഭിച്ച ഏറ്റവും മികച്ച സ്വാഗതമായി തോന്നി.  ഏതോ വിദേശസുകുമാര കലാമ്യൂസിയത്തില്‍ എത്തിപ്പെട്ടപോലെ തോന്നി തര്യന്. കയ്യില്‍ കരുതിയിരുന്ന ചക്ക വരട്ടിയത് അയാള്‍ക്ക് കൊടുത്തിട്ട് സ്വയം പരിചയപ്പെടുത്തി.

''കുഞ്ഞിന്റെ മീശ കൊള്ളാമല്ലോ'' എന്ന് വര്‍ക്കിച്ചന്‍ അനുമോദിച്ചപ്പോള്‍   ശാരീരിക സവിശേഷതകളെ ശ്രദ്ധിച്ച് അവയ്ക്ക് ലഭിക്കുന്ന അനുമോദനത്തിന്റെ ആനന്ദം ആവോളം ആസ്വദിക്കുന്ന തര്യന്‍ ''ഇങ്ങേര്‍ടെ താടിയെന്നാ മോശമാണോ?'' എന്ന് തിരികെ ആശംസിച്ചു!

''കുടിക്കാന്‍ എന്തേലുമെടുക്കാം'' എന്ന് പറഞ്ഞ് അകത്തേക്കു പോയ ആള്‍ തേന്‍മധുരമുള്ള കരിമ്പിന്‍ നീരുമായി വന്നു മേശമേല്‍ വെച്ചു.

ആ മേശക്കരികെ ഒരു വലിയ ചിത്രം; കരിമ്പിന്‍ക്കളത്തില്‍ ശര്‍ക്കരയുരുക്കിയെടുക്കുന്ന ആണുങ്ങളുടെ ചിത്രം. വിശ്രമവേളയിലെന്നോണം കരിമ്പ് കടിച്ചു തിന്നുന്ന ഒരുത്തനും, കരിമ്പിന്‍തണ്ടുകള്‍ തൊലിചെത്തി വൃത്തിയാക്കുന്ന വേറൊരുത്തനും ശര്‍ക്കരപാവിളക്കുന്ന ഇനിയുമൊരുത്തനും പാവിലൊരു തരി വിരലിലെടുത്ത് അത് മറ്റൊരുത്തനെക്കൊണ്ട് നക്കിക്കുന്ന ഒരുത്തനും ക്യാന്‍വാസ് നിറച്ച ഒരു ചിത്രം. വിറകടുപ്പിലെ ചൂട് ശരീരത്തെ പ്രണയിച്ചപ്പോഴുണ്ടായ വിയര്‍പ്പുമണികള്‍ ഇറ്റിനില്‍ക്കുന്ന ഇരുള്‍നിറമുള്ള നെഞ്ചത്ത് നിറയെ പൂടയുള്ള ആണ്‍ശരീരങ്ങള്‍ അത്രയും ഭംഗിയായി കണ്‍മുന്നില്‍ തന്റെ ജീവിതത്തിലേക്കുള്ള  പുതിയനിയമ അദ്ധ്യായമെന്നോണം അയാള്‍ കണ്ടു.   

''ഈ പടം ആര്‍ക്കേലും വേണ്ടി വരച്ചതാന്നോ?'' ആശ്ചര്യത്തോടെ തര്യന്‍ ചോദിച്ചു.

''എനിക്കുവേണ്ടി തന്നെ വരച്ചതാ'' എന്ന് വര്‍ക്കിച്ചന്‍ മറുപടി പറഞ്ഞു. 

എന്താ വന്നേ എന്ന തുടര്‍ചോദ്യത്തിന് തര്യന് കൃത്യമായ ഉത്തരമില്ലായിരുന്നു.

''അല്ലാ, എന്നെ അങ്ങനെ ആരും കാണാന്‍ വരാറൊന്നുമില്ല. വര്‍ഷങ്ങളായി ഞാന്‍ ഒറ്റയ്ക്കാ താമസം. പിന്നെ മരപ്പണിയോ ചിത്രപ്പണിയോ വല്ലോം ഒണ്ടേല്‍ ആരേലും കൊണ്ടുപോവാന്‍ വരും എന്നല്ലാതെ'' ജനലഴികള്‍ വഴി വിരുന്നെത്തിയ സൂര്യാംശുക്കള്‍ അയാളുടെ ഇടതൂര്‍ന്ന താടിരോമത്തെ അലങ്കരിക്കുന്നത് അയാള്‍ ശ്രദ്ധിക്കാതെ നോക്കിയാസ്വദിച്ച തര്യനോട് അയാള്‍ തുടര്‍ന്നു.

''എന്താ പണ്ട് സെമിനാരിപഠനം നിര്‍ത്തിയത്?'' തര്യന്‍ കൗതുകം വിളമ്പി.

''എനിക്ക് തുടരാന്‍ തോന്നിയില്ല . അത് തന്നെ!''

എന്ത് പറയണം എന്നറിയാതെ തര്യനിരുന്നപ്പോള്‍ ''നിങ്ങള്‍ക്ക് എന്തേലും ചെയ്യണമെന്ന് തോന്നിയാല്‍ അത് ചെയ്യണം, ചെയ്യേണ്ട എന്ന് തോന്നിയാലോ അത് ചെയ്യരുത്-'' ഞാന്‍ വന്നതിന്റെ ഉദ്ദേശം നേരെ മനസ്സിലാക്കിയപോലെ വര്‍ക്കിച്ചന്‍ പറഞ്ഞല്ലോ എന്ന് തര്യന്‍ മനസ്സില്‍ പറഞ്ഞു. 

''ഇവിടിരിക്ക്, ഞാന്‍ എന്തേലും കഴിക്കാന്‍ ഉണ്ടാക്കാം എന്നും പറഞ്ഞു വര്‍ക്കിച്ചന്‍ ചായ്പ്പില്‍ നിന്നും അടുക്കളയിലേക്ക് പോയി.'' ''മീനിരിപ്പൊണ്ട്, കപ്പേം!'' അയാള്‍ അകത്തൂന്ന് പറഞ്ഞു.

എഴുന്നേറ്റ് മേശയുടെ മറ്റേത്തലക്കലേക്ക് നോക്കിയപ്പോള്‍ കുറേ മീനുകളുടെ നടുവില്‍ താമരയിതളിന്‍മേല്‍ പുഞ്ചിരിച്ചിരിക്കുന്ന ഒരാളുടെ പടം. പശ്ചാത്തലത്തില്‍ നിറയെ ശംഖുകളും ജലജീവികളും.

''ഇത് വരുണദേവന്‍ ആണോ?'' തര്യന്‍ ഉച്ചത്തില്‍ ചോദിച്ചു.

''അതേ, ജൂലെലാല്‍ എന്നും വിളിക്കും. മട്ടാഞ്ചേരി ഭാഗത്ത് ഒരു ചെറിയ ആരാധനാലയം ഉണ്ട് ദാര്യസ്ഥാന്‍ എന്ന പേരില്‍'' അകത്തു നിന്നും പ്രതികരണം കിട്ടി. ചിത്രത്തിലെ ജലാശയത്തില്‍ ആളിന്റെ മുഖപ്രതിഫലനവും കണ്ട തര്യന്‍ ചിത്രം ക്യാന്‍വാസ് തലകീഴായി പിടിച്ചുനോക്കി.

''വെള്ളത്തില്‍ കാണുന്ന മുഖത്തിന് വ്യതാസമുണ്ടല്ലോ'' എന്ന് ചോദിച്ചപ്പോള്‍
''ആ മുഖം വരുണനല്ലപ്പാ, മിത്രദേവനാ'' എന്ന് പറയുന്നത് കേട്ടു. 

''അവര് ഭയങ്കര കൂട്ടല്ലാര്‍ന്നോ?''

''നിങ്ങള്‍ ദൈവങ്ങളിലും മറ്റും വിശ്വസിക്കുന്നുണ്ടോ?''

''പടം വരയ്ക്കാന്‍ വിശ്വാസം വേണമെന്നുണ്ടോ?'' സംഭാഷണം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പരവതാനികൊണ്ട് മൂടിവെച്ചിരിക്കുന്ന മരത്തിന്റെ ഫ്രെയിംസ് കണ്ടു. 

''ഇത് ഞാന്‍ തുറന്ന് നോക്കിക്കോട്ടെ?'' എന്ന ചോദ്യത്തിന് മറുപടി ഒന്നും വരാഞ്ഞിട്ട് ''വര്‍ക്കിച്ചോ, കൂയി... ഞാന്‍ ഇതൊക്കെ ഒന്ന് നോക്കിക്കോട്ടെ?'' എന്ന് ചോദിച്ചുതീരുമ്പോഴേക്കും തന്റെ പിന്‍കഴുത്തിനരികില്‍ രോമങ്ങള്‍ തഴുകിവന്ന ശ്വാസച്ചൂട്  തര്യന് അനുഭവപ്പെട്ടു.

''കാണണമെന്ന് ഉറപ്പെങ്കില്‍ മാത്രം കാണിക്കാം.'' 

''അതെ ഉറപ്പാ''-ചോദ്യോത്തരങ്ങള്‍ പെട്ടെന്ന് കഴിഞ്ഞു!

അയാളെ ഇച്ചിരി മാറ്റിനിര്‍ത്തി ആ പരവതാനി എടുത്ത് മാറ്റിയപ്പോള്‍ കണ്ടത് കുറേക്കുറേ ഫ്രെയിമുകള്‍ ആണ്. 

കൂട്ടത്തില്‍ കാഹളം മുഴക്കുന്ന ഒരു യോദ്ധാവിന്റെ ചിത്രം നോക്കുന്നതു കണ്ട മീശക്കാരനോട് ''നിമ്രോദ് എന്ന് കേട്ടിട്ടുണ്ടോ?'' എന്ന് താടിക്കാരന്‍ ചോദിച്ചു.

''ബൈബിള്‍പ്രകാരം ഭൂമിയിലെ ആദ്യത്തെ വീരനല്ലേ നിമ്രോദ്?''

''ആം! അങ്ങനേം വിചാരിക്കാം! ശരിക്കും പറഞ്ഞാ ആദ്യ വിമതന്‍ എന്നോ വിപ്ലവകാരി എന്നോ രാജ്യദ്രോഹി എന്നോ ഒക്കെയാ  കണക്കാക്കണ്ടെ.''

വേറെ ഒരു ഫ്രെയിമില്‍  ഇളംപായല്‍ ഭംഗിചാര്‍ത്തിയ ഒരു പള്ളിക്കുളത്തില്‍ കുളിച്ചുല്ലസിക്കുന്ന വിവിധ ശരീരവലിപ്പമുള്ള ഒരു ഡസനോളം വരുന്ന ആണുങ്ങള്‍.  അതിലെ കുറേ പേര്‍ കുളക്കെട്ടിലെ പടവില്‍  രോമാനുഗ്രഹീതരരായ അണ്ണാന്‍, പൂച്ച, നീര്‍നായ, മുയല്‍ എന്നിവയെ ലാളിച്ചിരിക്കുന്നുണ്ടായിരുന്നത് കണ്ട തര്യന് വര്‍ക്കിച്ചനും മൈര്‍മോഹിയാണെന്ന് മനസ്സിലായി. പിന്നെ കൂട്ടത്തില്‍ കണ്ടത് മഞ്ഞളില്‍ കുളിച്ച് കുംഭകുടമാടുന്ന ആണുങ്ങള്‍, ഗരുഡന്‍പ്പുറത്തിരുന്ന് മയില്‍പ്പീലിധാരിയുടെ മുരളീവായന ആസ്വദിക്കുന്ന സവ്യസാച്ചി, നക്ഷത്രരാശി ചിഹ്നങ്ങളുടെ ആണ്‍പ്പകര്‍പ്പുകള്‍ തുടങ്ങിയതൊക്കെ ആയിരുന്നു.  ശരീരോത്സവവേളകളുടെ ആ വരകളൊക്കെ കണ്ടിട്ട് തന്റെ വസ്ത്രാവൃത ദേഹത്തിന്  കലാകാരന്റെ കൃപയില്‍  വസ്ത്രഭാരമില്ലാതായിരുന്നെങ്കില്‍ എന്നയാള്‍ മോഹിച്ചു.  

കസ്തൂരി ചുരത്തി ചര്‍മ്മവിസ്തൃതിയാകെ സ്പര്‍ശനം പ്രതീക്ഷിച്ച് ഉന്മാദത്തിന്റെ മഴവില്‍ചന്തയില്‍ എത്തിയിരുന്നെങ്കില്‍ എന്നയാള്‍ വല്ലാതെ കൊതിച്ചു. 

ഇതിനിടയില്‍ വര്‍ക്കിച്ചന്‍ അതില്‍ ചില ചിത്രങ്ങളെടുത്ത് നാലരിക് കൂടിയ ഒരു മരപ്പലകയില്‍ ഇറക്കി ഫ്രെയിമിനു മുകളില്‍ റെസിന്‍ ദ്രാവകം ഒഴിച്ചു വെച്ചു. സംശയത്തോടെയുള്ള തര്യന്റെ നോട്ടത്തിന് ''കാലാന്തരേ വെളിച്ചത്ത് വരും'' വര്‍ക്കിച്ചന്റെ വാക്കുകള്‍ ചേരുംപടി ചേര്‍ന്നു.

''ങേ!'' എന്ന് തര്യന്‍ ചോദിച്ചപ്പോഴേക്കും ''ഒളിച്ചു കടത്താന്‍'' ആണെന്നുള്ള തര്‍ക്കുത്തരം കിട്ടി.

 കട്ടന്‍കാപ്പി കുടിക്കുന്ന യേശുവിന്റേയും അച്ചപ്പം കൊറിക്കുന്ന യൂദാസിന്റേയും ഒരു ചിത്രം കണ്ട ആഹ്ലാദത്തില്‍ ''നിങ്ങളും അപ്പൊ അച്ചപ്പപ്രിയനേ അല്ലേ?'' ചിത്രകാരനോടുള്ള ചോദ്യം ചിരി മേടിച്ചു.

''ഇയാളും ചിത്രം വരക്കുമോ?'' ചോദ്യം തര്യനോടായി ''അതേ, വരക്കും.''

''എന്തോരം ഗൗരവമായി വരക്കാറുണ്ട്'' ചോദ്യം തുടര്‍ന്നു.

''ചെറുപ്പം മുതലേ വരക്കും. പക്ഷേ ഇടയ്ക്കെപ്പോഴോ നിര്‍ത്തി.''

''അഭിനന്ദനങ്ങള്‍, അംഗീകാരങ്ങള്‍ ഇവ ലഭിക്കാഞ്ഞിട്ടാണോ നിര്‍ത്തിയെ?''

''അല്ലാ, ഒരു പ്രായത്തിനു ശേഷം വരയ്ക്കാന്‍ തോന്നിയില്ല'' തന്നെ ഇതുവരെ സ്വയം അംഗീകരിക്കാഞ്ഞ തര്യന്‍ പറഞ്ഞു.

''അതേ, ചെയ്യേണ്ട എന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യേണ്ട എന്ന് ഞാന്‍ നേരത്തെ പറഞ്ഞില്ലാര്‍ന്നോ?''

''അതിപ്പോ ആര് പറഞ്ഞെന്നു പറഞ്ഞാലും ചെയ്യാന്‍ തോന്നാത്ത കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്. നേരെ മറിച്ചും.''

യേശുവിന്റെ കുപ്പായത്തിന് മള്‍ബെറി നിറമാണെന്നുള്ളത് ശ്രദ്ധിച്ച തര്യന്‍ തൊട്ടടുത്ത ഫ്രെയിം മാറ്റിനോക്കി. വട്ടത്തിലുള്ള മൂന്നുകാല്‍ തടി മേശക്കിരുപുറവുമിരുന്ന് ആഹാരം കഴിക്കുന്ന രണ്ടു ശെമ്മാശ്ശന്‍മാര്‍. കുപ്പായവും താടിയുമൊക്കെ വെച്ച് നോക്കുമ്പോള്‍ ഒരേപോലെയുള്ള രണ്ടുപേര്‍. പൂവുകളും മീനുകളും കൊത്തിവെച്ച മേശ കണ്ടിട്ട് ''മീന്‍ ഒത്തിരി ഇഷ്ടമാ അല്ലേ?'' എന്ന് തര്യന്‍ തിരക്കി. അതിനും ചിരി മാത്രമായിരുന്നു മധുരമറുപടി!

മേശക്ക് താഴെ കാല്‍വിരലുകള്‍കൊണ്ട് കുസൃതികളിക്കുന്ന ശെമ്മാശ്ശന്‍മാരുടെ കാലുകള്‍ അപ്പോഴാ തര്യന്‍ ശ്രദ്ധിച്ചത്. 

''ഇതൊക്കെ, സ്വന്തം അനുഭവങ്ങളാന്നോ ഈ വരച്ചേക്കുന്നതൊക്കെ?''

''അനുഭവമെന്നോ അനുഭവിക്കാന്‍ ആഗ്രഹിച്ചതോ എന്നാ വേണേലും പറയാം.''
''എല്ലാ, ഇതൊന്നും വേറെയാരും കാണാറില്ലേ?''

അടുത്ത ഫ്രെയിമായ ആദാമിന്റേയും ഹവ്വയുടേയും നഗ്‌നചിത്രവും ഇനിയും കുറെ ഉടുക്കാക്കുണ്ടികളായ ആണുങ്ങളുടെ ചിത്രങ്ങളും  കണ്ടിട്ട് തര്യന്‍ ചോദിച്ചു.

സല്ലാപവേളകളില്‍ മിക്കപ്പോഴും വേദപുസ്തകശീലുകള്‍ പരിചയപ്പെടുത്തുന്ന പ്രകൃതക്കാരനായ മുന്‍ സെമിനാരിയനായ വര്‍ക്കിച്ചനുമായുള്ള അന്നത്തെ കൂടിക്കാഴ്ചയില്‍ വര്‍ക്കിച്ചന്റെ വികാരഭരിത ശബ്ദം തന്നിലേക്കെത്തിയത് ''ഉല്‍പ്പത്തി രണ്ടിന്റെ ഇരുപത്തഞ്ച്''  എന്ന വാക്കുകളില്‍കൂടെയാര്‍ന്നു എന്ന് തര്യന്‍ തിരിച്ചറിഞ്ഞു.

''ഇരുവരും നഗ്‌നരായിരുന്നു; അവര്‍ക്കു നാണം തോന്നിയില്ലതാനും'' എന്ന വേദപുസ്തക വാക്യം തര്യന്‍ ഓര്‍ത്തെടുത്തപ്പോള്‍ 'ദേ വേര്‍ ദ വെരി ഫസ്റ്റ് ന്യൂഡിസ്റ്റ്‌സ്' എന്ന് പുഞ്ചിരികലര്‍ത്തി പറഞ്ഞ് മറുപക്കത്ത് വര്‍ക്കിച്ചന്‍ ബാക്കി ഫ്രെയിമുകള്‍ കാണിക്കുന്നത് തുടര്‍ന്നു.

നേരത്തെ  കണ്ട ചിത്രത്തിലേക്ക് ഒന്നൂടെ സസൂക്ഷ്മം നോട്ടമിട്ടപ്പോള്‍ അതിലുള്ള രണ്ടുപേര്‍ ഹവ്വയും ആദമും തന്നെയാണോ എന്ന് തര്യനൊരു സംശയം. 

''ഇത് ഹവ്വയും ആദമും തന്നെയാണോ?''

''ആവാം ആവാതിരിക്കാം! ചിലപ്പോ ലിലിത്തും ഹവ്വയും ആവാം, അല്ലേല്‍ ആദമും ആദിയും ആവാം'' എന്നും കളി പറഞ്ഞ വര്‍ക്കിച്ചനോട് തര്യന്റെ ആരായലുകള്‍ തുടര്‍ന്നു: ''നിങ്ങള്‍ വരച്ച ഈ പടങ്ങളൊക്കെ ആരേലും കണ്ടാല്‍, നിങ്ങളെക്കുറിച്ചു അവര്‍ എന്ത് വിചാരിക്കും?''  

''ഇതൊക്കെ ആരേലും കാണണോ വേണ്ടയോ എന്ന് ഞാന്‍ വിചാരിക്കാത്തിടത്തോളോം കാലം ഇതൊക്കെ ആരും കാണാന്‍ പോവുന്നില്ല. ഇനി അഥവാ കണ്ടാലും എനിക്കൊരു ചുക്കും ഇല്ല'' എന്ന് അയാള്‍ വിശ്വാസപ്രമാണം ചൊല്ലുന്ന ആര്‍ജ്ജവത്തോടെ പറയുമ്പോഴേക്കും മഞ്ഞനിയോണ്‍ വെളിച്ചമുള്ള മുറിയില്‍ അടുക്കിവെച്ചിരിക്കുന്ന ഇനിയും കുറെ ചിത്രങ്ങളിലേക്ക് തര്യന്റെ മഴവില്‍ക്കണ്ണുകള്‍ പാഞ്ഞു. ''ഇതൊക്കെ എന്താ അടച്ച് വെച്ചേക്കുന്നത്?'' 

റെസിന്‍ ഫിനിഷിങ്ങുള്ള ചില ഫ്രെയിമുകള്‍ കണ്ട തര്യന്‍ ചോദിച്ചു. ''അതൊക്കെ സുരക്ഷിതമായി പൊതിഞ്ഞുവെച്ചിരിക്കുന്ന പെയിന്റിങ്ങുകള്‍ ആണ്. ചിലയിടത്തേയ്ക്കൊക്കെ എത്തിക്കാനുള്ളവയാ'' - വര്‍ക്കി അടക്കം പറഞ്ഞു.

വര്‍ക്കിച്ചന്‍ പരുത്തിക്കുപ്പായം ധരിച്ച് യഹോവയ്ക്കു മുന്‍പാകെ നൃത്തം ചെയ്യുന്ന ദാവീദ് കുമാരന്റെ ചിത്രം തര്യന് കാണിച്ചുകൊടുത്തു. അതിലെ ദാവീദിന് ചുരുണ്ട മുടിയുള്ള മുയല്‍പ്പല്ലനായ മൃദുലപൗരുഷമുള്ള ഒരു മലയാളി യുവാവിന്റെ സാദൃശ്യമുള്ളതായി തോന്നി. 

പലയിടത്തും യാത്ര ചെയ്തിട്ടും കാണാത്ത ആണ്‍സൗന്ദര്യം, മലയാളി പ്രതിരൂപമായി ക്യാന്‍വാസില്‍ കണ്ട തര്യന്  ആ ചിത്രങ്ങള്‍ രതിരചനകളോ അവനവനാവിഷ്‌കാരമോ എന്ന  ചോദ്യം വീണ്ടും ചോദിക്കേണ്ടിവന്നില്ല വര്‍ക്കിച്ചനോട്. 

തന്റെ ഉള്ളിലെ ഒറ്റക്കൊമ്പന്‍ കരിങ്കുതിര കടിഞ്ഞാണ്‍ ഭേദിച്ചോടാന്‍ തയ്യാറായി എന്ന് തര്യന്  അപ്പോള്‍ വെളിപാടുണ്ടായി. 

താരാപഥം പശ്ചാത്തലമായി ഗുരുത്വബലത്തെ ഭേദിച്ച് വിണ്ണിലൊഴുകുന്ന ആണ്‍ശരീരങ്ങള്‍ നിറഞ്ഞ വേറൊരു ചിത്രം പള്ളിച്ചുമരുകളില്‍ കാണുന്ന മാലാഖമാരെ ഓര്‍മ്മിപ്പിച്ചു. മീശയും താടിയും തവിടന്‍തൊലിയുള്ള മാലാഖമാരുടെ ആ ചിത്രത്തില്‍ നിറയെ നീലാമ്പലുകളും വിടര്‍ന്നു നിന്നിരുന്നു. പ്രണയപ്രോത്സാഹനസ്രോതസ്സുകളുടെ കടുത്തക്ഷാമത്തില്‍ ജീവിച്ചുവന്ന തര്യന് ഇതെല്ലാം കൂടെ ഒറ്റയടിക്ക് കണ്ടിട്ട് പ്രണയേന്ദ്രിയത്തില്‍ പനിനീര്‍ നനവുണ്ടായി. ഭാഷയും ജനിച്ചുവളര്‍ന്ന സംസ്‌കാരവും കൊണ്ടാടുന്ന പ്രണയസമവാക്യങ്ങള്‍ ഒന്നുംതന്നെ തന്റെ ചേതോഹരങ്ങള്‍ക്ക് പൊരുളോ ചേരുമ്പടിയോ ചേരാത്തതിന്റെ മാനസികദീനതയില്‍ നാളുകളായി ജീവിച്ച അയാളെ ആ നിമിഷങ്ങള്‍ പ്രണയപറുദീസയിലെത്തിച്ചു. ഇതൊക്കെയും തനിക്കുവേണ്ടി വരച്ചതുപോലെ അയാള്‍ക്കു തോന്നി; നിറങ്ങളെ പ്രാപിച്ച അനുരാഗോത്തമഗീതങ്ങള്‍പോലെ തൊട്ടടുത്തുള്ള കലാസൃഷ്ടാവിനെ ആഞ്ഞാലിംഗനം ചെയ്യാന്‍ വെമ്പിയ അയാളോട് ''തന്റെ വരകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഒന്നുണ്ടോ'' എന്ന് വര്‍ക്കിച്ചന്‍ ചോദിച്ചു. ''അങ്ങനെ ഒന്നില്ല. ശരിക്കും പറഞ്ഞാല്‍ ഒരിക്കലും ഒന്നും പ്രിയപ്പെട്ടതായി തോന്നിയിട്ടില്ല. ചില നിറങ്ങളും സന്ദര്‍ഭങ്ങളുമൊഴിച്ച്'' തര്യന്‍ പറഞ്ഞുതീരുന്നതിന് മുന്നേ വര്‍ക്കിച്ചന്‍ ചിരി പൊട്ടിച്ചു.

''കളിയാക്കിയതാണോ?''

''എന്റെ പൊന്നു കുഞ്ഞേ, അല്ലാ!''

''അത് പോരെടോ? ക്യൂറേറ്റ് യുവര്‍ ഫേവറൈറ്റ് മൊമെന്റ്‌സ് ആന്‍ഡ് മെമ്മറീസ്''  എന്നയാള്‍ ഒരു പ്രാര്‍ത്ഥനാശീല് പോലെ മൂന്നുവട്ടം പറഞ്ഞതിന്റെ പൊരുള്‍ തര്യന് പെട്ടെന്ന് പിടികിട്ടിയില്ല.

''കഴിക്കാന്‍ വാ, ബാക്കി പിന്നെ കാണാം'' എന്നും പറഞ്ഞ് വര്‍ക്കിച്ചന്‍ എന്നെ അടുക്കളയിലേക്ക് വിളിച്ചു. 
അവിടെ നേരത്തെ ഒരു ചിത്രത്തില്‍ കണ്ട അതേ മേശ തര്യന്‍ ശ്രദ്ധിച്ചു.

''ഇത്?''

''അതേ, ഞാന്‍ നിര്‍മ്മിച്ച മേശയാ.''

മൂന്നുകാലിന്മേല്‍ തീര്‍ത്ത മേശയുടെ ഓരോ താങ്ങിലുമായി പല വലുപ്പത്തിലുള്ള  മീനുകളില്‍ ചിലതിന്റെ അധരാഗ്രങ്ങള്‍ക്ക് ആണ്‍പ്രണയാവയവത്തിന്റെ ഭംഗിതോന്നി. 

''പൂക്കളും ഇഷ്ടമാണല്ലേ?'' തര്യന്‍ ചോറ് വിളമ്പുന്നേന്റെ ഇടക്ക് കേറി ''എന്നാല്‍ ഇത് ശരിക്കും പൂക്കള്‍ അല്ല ഈ മേശക്കാലില്‍; അത് പൂ പോലെ തോന്നുമെങ്കിലും. സെയിന്റ് ഫ്‌ലോറിയാന്‍ ക്രോസ്സ് എന്നാണ് ഇതിനെ വിളിക്കുക''- പുത്തന്‍ അറിവിനോടൊപ്പം ആതിഥേയന്‍ കപ്പേം മീന്‍കറീം കട്ടന്‍കാപ്പീം വിളമ്പി.

പള്ളികളുടെ ചുവരുകളിലും അള്‍ത്താരഭിത്തിയിലും ബിഷപ്പുമാരുടെ കയ്യില്‍ പിടിക്കുന്ന കുരിശിനുമൊക്കെ ഈ രൂപം ചിലപ്പോള്‍ വരാറുള്ളത് തര്യന്‍ അപ്പോളാണ് ചിന്തിച്ചത്. 

''നിങ്ങള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഒന്നും വരക്കാറില്ലേ'' എന്ന് തര്യന്‍ കൗശലത്തോടെ ചോദിച്ചു. നിമിഷനേരം പോലും തികയുന്നേന് മുന്നേ ''കണ്ണുണ്ടായാല്‍ പോരാ കാണണം'' എന്ന് പറഞ്ഞ് വര്‍ക്കിച്ചന്‍ എഴുന്നേറ്റു. തര്യനും കൂടെ എഴുന്നേറ്റ് പ്ലേറ്റും പാത്രങ്ങളും മാറ്റിയപ്പോള്‍ ആണ് മേശയുടെ ഗ്ലാസ്സിനു കീഴേ ഒരു ചോരതെറിച്ച ഉടുപ്പിട്ട ഒരു ഇറച്ചിവെട്ടുകാരിയുടെ ചിത്രം അയാള്‍ കണ്ടത്.

''അതാണ് എന്റെ മറിയ, മഗ്ദല!'' വര്‍ക്കിച്ചന്‍ അതിലും കൗശലമായി ചിരിച്ചു. അനുരാഗഗരിമ ചാലിച്ച ബാക്കി ചിത്രങ്ങള്‍ കാണാന്‍ തര്യന്‍ തിടുക്കം കൂട്ടി തിരിച്ച് ചായ്പ്പിലേക്ക് കേറി ഫ്രെയിമുകള്‍ തപ്പിനോക്കി. 
നീലംപേരൂര്‍ പടയണിയിലെ വലിയ അന്നങ്ങളെ അനുസ്മരിപ്പിക്കുന്ന മൂന്നു കുരുത്തോലക്കോലങ്ങളുടെ ചിത്രവും കൂട്ടത്തില്‍ കണ്ടു.  അവയുടെ കഴുത്തിനു കീഴ്പോട്ടു മരാളമാതൃകയും മുകളില്‍ ആണ്‍രൂപങ്ങളുമായിരുന്നു. 

''അന്നനടയെ പുരുഷവല്‍ക്കരിച്ചതാണോ ഈ ചിത്രത്തില്‍.''

''ആ, എന്നാ വേണേലും അനുമാനിക്കാം.''

''കാണാന്‍ ആഗ്രഹിക്കുന്നത് കാണുന്നതാണല്ലോ ആസ്വാദനം.'' എന്നിലെ കലാനുഭാവിയെ അയാള്‍ ഒന്ന് കൊട്ടി.

പിന്നെ ധ്യാനിക്കുന്ന രണ്ടു മനുഷ്യരുടെ  ഒരു ചിത്രം അയാള്‍ കണ്ടു.

''ആം സ്റ്റില്‍ എലൈവ് ആന്‍ഡ് ബ്രീത്തിങ്'' എന്ന അടിക്കുറിപ്പോടുകൂടി പന്ത്രണ്ട് ആണ്‍ മയിലുകള്‍ക്ക് നടുവിലിരുന്നു ധ്യാനിക്കുന്ന ആ രണ്ടു പേര്‍ക്കും വര്‍ക്കിച്ചന്റെ മുഖമായിരുന്നു. 

''സെമിനാരീന്ന് പോന്നപ്പോള്‍ വരച്ചതാ ഇത്'' എന്നും പറഞ്ഞു ചിത്രകാരന്‍ പൊറകേ വന്നു. കയ്യില്‍ ഒരു ഫോട്ടോഫ്രെയിമും ഉണ്ടായിരുന്നു. 

''ഇത് കോതനല്ലൂര്‍ പള്ളിയിലെ അല്ലേ?'' ഫ്രെയിം ചെയ്ത ആ ഫോട്ടോ കയ്യിലേക്ക് വര്‍ക്കിച്ചന്‍ നീട്ടിയപ്പോള്‍  തര്യന്‍ മിണ്ടി ''അതേ, അതില്‍ ഞാന്‍ ഉണ്ട്.''

ഇരട്ട പുണ്യാളന്‍മാരായ പ്രോത്താസീസിന്റേം ഗര്‍വാസിസിന്റേം പേരിലൊള്ള ആ പള്ളിയില്‍ എല്ലാ കൊല്ലവും ഇരട്ടകളുടെ മഹാസംഗമം നടക്കാറുള്ളത് തര്യന് അറിയാമായിരുന്നു. 

''അല്ലാ, ഇതില്‍ നിങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഇരട്ടക്കൂടപ്പിറപ്പും കാണണമല്ലോ.''

''അആഹ്''- വര്‍ക്കിച്ചന്‍ കൂടുതല്‍ പറഞ്ഞില്ല! 

ഫോട്ടോയില്‍ ആളെ മനസ്സിലാക്കാന്‍ സാധിക്കാതെ തര്യന്‍ കുഴങ്ങി.

''ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചാര്‍ന്നു സെമിനാരിയില്‍ ചേര്‍ന്നത്. ഞാന്‍ അവനെപ്പോലെ പള്ളീലച്ചനായി കുടുംബവും കുട്ടികളുമൊക്കെ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നൊരിക്കല്‍ അവനോടു പറഞ്ഞപ്പോള്‍ അതിന്റെ കാരണം അവന് അറിയണം ആയിരുന്നു.'' 

കുടുംബക്കാരോട് കൂറും കുരുത്തവും കാണിക്കാന്‍ കല്യാണ കോലാഹലത്തിനടുത്തെത്തി നില്‍ക്കുന്ന തര്യന്‍ ബാക്കി കേള്‍ക്കാന്‍ കാതൊരുക്കി.

''ഇരട്ടസഹോദരങ്ങള്‍ എന്ന ജൈവികകൗതുകം പേറുന്ന ഞങ്ങളെ എല്ലാപേര്‍ക്കും ഇഷ്ടമായിരുന്നു. ഇതേപോലൊരു ജൈവികവശം, എന്നാല്‍ അവനില്‍നിന്നും വ്യത്യസ്തമായി എനിക്കുണ്ടെന്ന് അന്ന് ഞാന്‍ അവനോടു തുറന്നുപറഞ്ഞപ്പോള്‍ സഹോദരസ്നേഹംകൊണ്ട് സദാ എന്റെ കവിളുകളെ തലോടിയും ചുംബിച്ചും ശീലിച്ച അവന്‍ അടിച്ചപമാനിച്ചു. സഹജീവനത്തിന്റ കാര്യത്തില്‍ അവനെപ്പോലെ പെണ്‍ലയം തേടുന്നവന്‍ അല്ല ഞാനെന്ന് ഉള്‍ക്കൊള്ളാനാവാത്ത അവനേയും തുടര്‍ന്ന് പഠിച്ച സെമിനാരിയേയും ഞാന്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല.'' 

അപ്പോള്‍ അയാളുടെ ശബ്ദത്തിനു സ്വാഭിമാനത്തിന്റെ ഭാവമായിരുന്നു!

തന്നിലേക്ക് ആഞ്ഞടിച്ച ജ്ഞാന-പ്രചോദന തരംഗങ്ങളെ വെളിവിന്റെ മാമോദീസ മുങ്ങിയ പ്രതീതിയോടെ തര്യന്‍ സ്വീകരിച്ചു. 2013 മാര്‍ച്ച് 09 ശനിയാഴ്ചയായിരുന്നു അന്ന്. 

വര്‍ക്കിച്ചനപ്പോള്‍ അരികത്തിരുന്ന് ഏതോ മലയാളം പാട്ടിന്റെ ഈരടിയില്‍ ശൂളമടിക്കുന്നുണ്ടായിരുന്നു. 

''വിചിത്രം മോഹമേ 
വിശാലം നിന്‍ വീഥി'' എന്ന ഭാഗം വരുന്ന
''ഏകാന്തതേ നീയും അനുരാഗിയാണോ'' എന്ന സിനിമാപാട്ടിന്റെ വരികള്‍
തര്യന്‍ മെല്ലെ ഏറ്റു പാടി.

''ഈ വരികള്‍ ഒന്ന് ഇംഗ്ലീഷില്‍ ആക്കൂ'' എന്ന് ശൂളമടിക്കാരന്‍. 

''Oh Strange Desire, your ways are wider' എന്ന് ഏറ്റുപാടിയവന്‍. ''ചിലപ്പോഴൊക്കെ പദാനുപദമായി വിവര്‍ത്തനത്തേക്കാള്‍ മനോഹാരിത സാന്ദര്‍ഭിക തര്‍ജ്ജമയ്ക്ക് ആയിരിക്കും'' എന്നും പറഞ്ഞു.
ഒരു കടലാസ്സില്‍ 'Oh! Queer Desire, thy paths are diverse!' എന്ന് അതിമനോഹര കാലിഗ്രാഫിശൈലിയില്‍ എഴുതിത്തന്നു ഗായകന്‍. 

നയനയുടെ തുടരെയുള്ള ഫോണ്‍സന്ദേശങ്ങള്‍ അവഗണിച്ചിരുന്ന തര്യന്‍ പിന്നെ കണ്ടത് കുയില്‍പ്പേടകളും ഉപ്പന്‍മാരേയും സാക്ഷിയാക്കി കനകാംബരഹാരങ്ങള്‍ പരസ്പരം മാറിലണിയുന്ന രണ്ടു മലയാളി ആണുങ്ങളുടെ ചിത്രമായിരുന്നു. ഞരമ്പും മറുകും കട്ടിപ്പുരികവുമുള്ള അവന്മാരുടെ ചിത്രം കൊതിയോടെ നോക്കിനില്‍ക്കെ വര്‍ക്കിച്ചന്‍ ചോറ്റുപാത്രം തുറന്നു ചക്കവരട്ടിയത് വിരല്‍ കൊണ്ട് നക്കിത്തിന്നാന്‍ തുടങ്ങി. ചക്കവരട്ടിയത് തന്റെ കക്ഷക്കുഴിയില്‍വെച്ച് വര്‍ക്കിച്ചന് വിളമ്പിക്കൊടുക്കാന്‍ തര്യന്‍ വല്ലാതെ അപ്പോള്‍ കൊതിച്ചു!
''ഇപ്പോള്‍ എന്നതേലും മനസ്സില്‍ താലോലിക്കുന്നുണ്ടേല്‍ അത് ഒരു ചിത്രമാക്കി മാറ്റാന്‍ നോക്കൂ.''
യു മസ്റ്റ് ക്യൂറേറ്റ് യുവര്‍ ഫേവറൈറ്റ് മൊമെന്റ്‌സ് ആന്‍ഡ് മെമ്മറീസ് എന്നതിയാന്‍ കൊറച്ച് മുന്നേ പറഞ്ഞതിന്റെ പൊരുള്‍ അപ്പോള്‍ മാത്രമാണ് തര്യന് ദഹിച്ചത്.

ഒപ്പം ഏതെങ്കിലും കാലത്ത് ഈ നാട്ടില്‍ ഒരു പ്രണയദേവാലയമോ പ്രണയമികവിന്റെ കേന്ദ്രമോ നിര്‍മ്മിക്കുകയാണെങ്കില്‍ അതിന്റെ ഏതേലും മൂലയ്ക്ക് തന്റേതുപോലുള്ള അനുരാഗാഭിനിവേശങ്ങള്‍ പ്രമേയമായ ഒരു ചിത്രമെങ്കിലും ഉറപ്പിക്കേണ്ടതുണ്ടെന്നുള്ള ഉറച്ച ബോധ്യം തര്യന്‍ നേടി. ആരാധനാലയത്തിലെ മീനാരമച്ചില്‍ തൂക്കുകട്ടിലില്‍ മീനരാശിയിലെ മീനുകളെപ്പോലെ ചുംബിക്കുന്ന ആണനുരാഗികളെ അയാള്‍ ഉള്ളത്തില്‍ വരച്ചു. 

അനുരാഗജനാധിപത്യമെന്നോ വിശാല ലൈംഗിക റിപ്പബ്ലിക് എന്നോ ഒന്നും പറഞ്ഞാല്‍ മനസ്സിലാവാത്തവര്‍ക്കിടയില്‍ വര വെളിവുണ്ടാക്കട്ടെ എന്ന് തന്നെയല്ലേ വര്‍ക്കിച്ചന്‍ പറയാതെ പറഞ്ഞത് എന്ന് ആലോചിച്ചപ്പോഴും ഇയാള്‍ ഈ ചിത്രങ്ങളൊക്കെ എന്തുചെയ്യും, ഇതുപോലെയോ ഇതിലും ഭ്രമാത്മകമായി  വരച്ച മറ്റു ചിത്രങ്ങളും ഉണ്ടാവില്ലേ എന്ന തുടര്‍കൗതുകം തര്യന്റെ തൊണ്ടയില്‍ ചോദിക്കാതിരിക്കാനും എന്നാല്‍ ചോദിക്കാനും മേലാത്ത മുള്ളായി കുടുങ്ങി നിന്നു. 

''ആ മേശക്കടിയില്‍ മാറ്റിവെച്ചേക്കുന്ന ആ രണ്ടു ഫ്രെയിമുകള്‍ കൂടി ഇങ്ങെടുത്തോ. അടുത്താഴ്ചത്തേക്കിനി  എത്തിക്കാനൊള്ള രണ്ടു പെയിന്റിങ്ങുകള്‍ തീര്‍ക്കാനുണ്ട് എനിക്ക്.'' തന്നോട് പൊക്കോളാനുള്ള സൂചനയായി അത് തര്യനു തോന്നി. ഫ്രെയിം ചെയ്ത ആ രണ്ടു  ക്യാന്‍വാസുകളുടെ പുറത്ത് ഇളക്കിമാറ്റാനാവാത്തവിധം ഘനീഭവിച്ച എപ്പോക്സി  റെസിന്‍ ആവരണം ഉണ്ടായിരുന്നു. 

''അയല്‍ജില്ലയിലെ ഒരു പള്ളിയിലേക്കായി വരപ്പിക്കാനേല്പിച്ചതാ''ന്നും പറഞ്ഞ് റെസിന്‍ ആവരണത്തിന്റെ മുകളില്‍ ബിബ്ലിക്കല്‍ കഥ പറയുന്ന രണ്ടു ചുവര്‍ചിത്രങ്ങള്‍ വര്‍ക്കിച്ചന്‍ ആണികൊണ്ടു വരിഞ്ഞടിച്ചു വെച്ചു. 

കേവലപ്രണയത്തിനും ഭോഗാനന്ദത്തിനപ്പുറത്തേക്കുള്ള ഉടല്‍-ഉയിര്‍ പാരസ്പര്യപെരുന്നാള്‍ കൂടിയാണ് സ്വവര്‍ഗ്ഗാനുരാഗം എന്ന വെളിപാട്  കാണിച്ച വര്‍ക്കിച്ചനെ തര്യന്‍ സ്തുതിച്ചു. വാതിലിനരികെ 'എഫ്താഹ്''* എന്ന മരപ്പലക തൂങ്ങിക്കിടന്ന,  മരസിംഹങ്ങള്‍ ഇരുവശവും കാവലിരിക്കുന്ന പടികളോട് കൂടിയ, പിന്‍ഭാഗത്തുകൂടി പ്രവേശിക്കുന്ന വര്‍ക്കിച്ചന്റെ വീട്  വിട്ടിറങ്ങി; തന്റെ നിശ്ചയമില്ലായ്മയ്ക്കുള്ള ഉത്തരം നേടിക്കൊണ്ട്. അപ്പോഴേക്കും തിരുവഞ്ചൂര്‍ പക്കത്തുള്ള കുരിശിന്‍തൊട്ടിയില്‍ വാരാന്ത്യസന്ധ്യാനമസ്‌കാരത്തിനുള്ള മണി തുടരേ മുഴങ്ങി. 

നിശ്ചയമോതിരം വിരലില്‍നിന്നുമൂരി മാറ്റിയ തര്യന്‍ പിറ്റേന്ന് ഞായറാഴ്ച അവനവന്‍ ഭക്തിബഹുമാനങ്ങളാണ് ജ്ഞാനത്തിന്റെ ആരംഭം എന്ന ജീവിതവചനമവതരിപ്പിച്ച് തന്റെ പുനരുദ്ധാരണം കുടുംബത്തുവെച്ച് നടത്തി. 

*'എഫ്താഹ്- തുറക്കുക/ തുറന്നു വരിക/ Be Opened' എന്നീ അര്‍ത്ഥങ്ങള്‍ ഉള്ള ഒരു അരാമിക് സുറിയാനി വാക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com