'പൂമണം വീശും തെന്നല്‍'- രഞ്ജിനി കൃഷ്ണന്‍ എഴുതിയ കഥ

സാവിത്രി ഒരു നല്ല സ്ത്രീ ആയിരുന്നു. അങ്ങനെ ആകണം എന്നു കരുതി ആയതല്ല. ആയി പോയതാണ്. അവളുടെ ഭര്‍ത്താവ് വിദേശത്തു പഠിച്ച ആളും പലതരം ജീവിതപരിചയങ്ങള്‍ ഉള്ള ആളും ആയിരുന്നു
ചിത്രീകരണം: പാവേൽ
ചിത്രീകരണം: പാവേൽ

സാവിത്രി ഒരു നല്ല സ്ത്രീ ആയിരുന്നു. അങ്ങനെ ആകണം എന്നു കരുതി ആയതല്ല. ആയി പോയതാണ്. അവളുടെ ഭര്‍ത്താവ് വിദേശത്തു പഠിച്ച ആളും പലതരം ജീവിതപരിചയങ്ങള്‍ ഉള്ള ആളും ആയിരുന്നു. അയാളാല്‍ നയിക്കപ്പെടുന്നതിലും അയാള്‍ക്ക് വശംവദയായി ഇരിക്കുന്നതിലും സാവിത്രിക്ക് അതിയായ സന്തോഷം ഉണ്ടായിരുന്നു. അയാളുടെ പേര് സത്യവാന്‍ എന്നായിരുന്നു എന്നതിലും അവള്‍ക്കു വളരെ സന്തോഷമുണ്ടായിരുന്നു. സത്യേട്ടന്‍ എന്നു വിളിക്കാന്‍ അവള്‍ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അയാള്‍ അതു സമ്മതിച്ചിരുന്നില്ല. തുല്യതയും സമത്വവും ആണ് പുതിയകാലത്തു ബന്ധങ്ങള്‍ക്കു വേണ്ടത് എന്നയാള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. പെണ്ണുകാണല്‍ കഴിഞ്ഞു പോയി പിറ്റേ ആഴ്ച സാവിത്രിയുടെ അച്ഛനെ അയാളുടെ അച്ഛന്‍ വിളിച്ചു സംസാരിച്ചതിനു ശേഷം ആണ് പരസ്പരം ഫോണ്‍നമ്പര്‍ കൈമാറിയത്. പുറത്തൊക്കെ പഠിച്ച ആളായതുകൊണ്ട് സംസാരിച്ച ശേഷം മതി തീയതി നിശ്ചയിക്കാന്‍ എന്ന് അയാള്‍ പറഞ്ഞതിന്‍ പ്രകാരമാണ് ആ നമ്പര്‍ കൈമാറ്റം നടന്നത്. അന്ന് സാവിത്രിക്കു നോക്കിയയുടെ ആ ഇഷ്ടിക ഫോണ്‍ കിട്ടിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ കയ്യില്‍ നീലവെളിച്ചം വരുന്ന മറ്റൊരു ഫോണ്‍ ആണെന്നു പെണ്ണുകാണാന്‍ വന്ന അന്ന് സാവിത്രി കണ്ടിരുന്നു. എന്തായാലും ആദ്യത്തെ സംഭ്രമം മാറിയപ്പോഴാണവള്‍ ഞാന്‍ ഏട്ടന്‍ എന്നു വിളിക്കട്ടെ എന്നു ചോദിച്ചത്. പലവട്ടം അതു വിളിച്ചു പരിശീലിക്കുകയും ചെയ്തിരുന്നു. സത്യം പറഞ്ഞാല്‍ അത് ഓരോ തവണ വിളിക്കുമ്പോഴും അവള്‍ക്കു സ്വയം ഒരു മധുരം തോന്നി. വരാനിരിക്കുന്ന ദിവസങ്ങളുടെ മധുരം ഓര്‍ത്ത് ആ ദിവസങ്ങളില്‍ അവള്‍ കുഴഞ്ഞുപോകുക പതിവായിരുന്നു. എന്നാല്‍, കുഴച്ചിലൊന്നും പുറത്തു കാണിക്കാതിരിക്കാന്‍ അവള്‍ക്കു അറിയാമായിരുന്നു. അതേസമയം ഒരു പുരുഷന് ഇഷ്ടം തോന്നുന്ന രീതിയില്‍ സംസാരിക്കാനും. ആരും പഠിപ്പിച്ചു കൊടുത്തതല്ല സാവിത്രിക്ക് അതൊന്നും. അതുകൊണ്ടുതന്നെ ഏട്ടന്‍ വിളിയുടെ പോരായ്മ അവള്‍ക്കു പെട്ടെന്നു പിടികിട്ടി. വീട്ടില്‍ ഏട്ടനെന്നും സുഹൃത്തുക്കളുടെ ഇടയില്‍ സത്യന്‍ എന്നും വിളിച്ചാല്‍ മതി എന്ന് അവള്‍ തീരുമാനിച്ചു. അതയാളോട് പറയുകയും ചെയ്തു. അയാള്‍ മനസ്സില്ലാമനസ്സോടെ അതു സമ്മതിച്ചു. സത്യത്തില്‍ അയാള്‍ക്കും അമ്മയെ വേദനിപ്പിക്കണം എന്നുണ്ടായിരുന്നില്ല. അയാളുടെ അമ്മയ്ക്കും പെങ്ങന്മാര്‍ക്കും അവള്‍ പേര് വിളിക്കുന്നത് പ്രശ്‌നം ആകും എന്ന് ഊഹിച്ചതുകൊണ്ടാണ് സാവിത്രി അങ്ങനെ ഒരു തീരുമാനം എടുത്തത്. ഇങ്ങനെ മറ്റുള്ളവര്‍ക്ക് എന്തു തോന്നും എന്നു നേരത്തെ മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറാന്‍ സാവിത്രിക്കുള്ള കഴിവ് പിന്നീട് പലപ്പോഴും സത്യന്‍ വളരെ കാര്യമായി അവളോട് പറഞ്ഞിട്ടുമുണ്ട്.

എന്തായാലും കല്യാണത്തിനു ശേഷം ഈ കഴിവ് സാവിത്രി പല സ്ഥലത്തും പ്രയോഗിച്ചു. അയാളുടെ കുടുംബക്ഷേത്രത്തില്‍ തൊഴാന്‍ പോകുമ്പോള്‍ നേര്‍ത്ത കസവുകരയുള്ള സെറ്റ്മുണ്ട് ഉടുക്കാനും അടി തേഞ്ഞ ലെതര്‍ ചെരുപ്പ് ഇടാനും അയാളുടെ ഓഫീസില്‍ പാര്‍ട്ടിക്കു പോകുമ്പോള്‍ ചുരിദാര്‍ ഇടാനും മുടി അയേണ്‍ ചെയ്ത് അഴിച്ചിടാനും ന്യൂഡ് ഷേഡിലുള്ള ലിപ്സ്റ്റിക്ക് ഇടാനും ഒന്നും ആരും പറഞ്ഞുകൊടുത്തിട്ടല്ല സാവിത്രി ചെയ്തു തുടങ്ങിയത്. ഒരുങ്ങിയിറങ്ങുമ്പോള്‍ സത്യന്റെ മുഖത്തുനിന്ന് അംഗീകാരം ഉള്ള ഒരു നോട്ടം കിട്ടണം എന്നും അവള്‍ക്കു നിര്‍ബ്ബന്ധമായിരുന്നു. ഒരിക്കല്‍ യു.എസ്സിലുള്ള ബന്ധുക്കള്‍ നാട്ടില്‍ വന്നപ്പോള്‍ കാണാന്‍ ഇറങ്ങിയ സാവിത്രി സത്യന്‍ ഒരു വാക്കുപോലും പറയാതെതന്നെ കാറില്‍നിന്നിറങ്ങിപ്പോയി ദുപ്പട്ട ഇട്ടുവന്നത് അതുകൊണ്ടായിരുന്നു. സത്യന്‍ ഒന്നും പറഞ്ഞില്ല. സാവിത്രി ചോദിച്ചും ഇല്ല. അതായിരുന്നു അവരുടെ ബന്ധത്തിന്റെ ഐക്യം. അവര്‍ കാലാകാലങ്ങളില്‍ പുതിയ പുതിയ ഹോബികള്‍ കണ്ടുപിടിച്ചു. ഒരു ആഴ്ചയില്‍ നാല് മണിക്കൂറെങ്കിലും എന്തെങ്കിലും ഒരു രസമുള്ള കാര്യം ഒരുമിച്ചു ചെയ്യണം എന്ന് സത്യനായിരുന്നു നിര്‍ബ്ബന്ധം. സത്യന്റെ ഇത്തരം വാശികളിലും നിര്‍ബ്ബന്ധങ്ങളിലും സാവിത്രിക്കു വലിയ അഭിമാനവും ആയിരുന്നു. എത്ര തിരക്കുണ്ടെങ്കിലും തന്റെ ഒപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്ന സത്യനോട് ചെറുതല്ലാത്ത കടപ്പാട് അവള്‍ക്കു തോന്നാറുണ്ട്. സ്വന്തം അമ്മയോടും സത്യന്റെ അമ്മയോടും അവള്‍ രണ്ടുരീതിയില്‍ ഇതു പറഞ്ഞിട്ടുമുണ്ട്. സ്വന്തം അമ്മയോട് പറഞ്ഞപ്പോള്‍ അവള്‍ അച്ഛനെപ്പോലെയല്ലമ്മേ എന്നുകൂടി ചേര്‍ത്തു. സന്ധ്യാസമയം മുഴുവന്‍ അച്ഛനെ കാത്തിരുന്നു ബോറടിച്ച അമ്മയ്ക്കല്ലാതെ ആര്‍ക്കു മനസ്സിലാകും ഒരുമിച്ചുള്ള നാല് മണിക്കൂറിന്റെ വില. സത്യന്റെ അമ്മയോട് ഇതു പറഞ്ഞപ്പോള്‍ അമ്മയുടെ മോന്‍ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അവള്‍ അതു പറഞ്ഞത്. അവരുടെ കണ്ണുകളില്‍ ചെറിയ ഒരു തിളക്കം വന്നുപോയത് അവള്‍ കാണുകയും ചെയ്തു. അവള്‍ക്കു ചെറുതായി സന്തോഷം തോന്നി. അല്ലെങ്കിലും എത്ര ബുദ്ധിമുട്ടിയായിരിക്കും ഒരു കുഞ്ഞിനെ ഒരു സ്ത്രീ വളര്‍ത്തിയെടുക്കുന്നത്. അവള്‍ സീരിയലില്‍ കാണുംപോലെ ഒരിക്കലും അമ്മായിഅമ്മയോട് അടികൂടിയിരുന്നില്ല. അവര്‍ക്കിടയില്‍ വഴക്കുകളേ ഉണ്ടാകാത്ത ഒരു രഹസ്യ ഉടമ്പടി ഉണ്ടായിരുന്നു. അവര്‍ ആ വീട്ടിലെ രണ്ടു നിലകള്‍ ആണ് പരിപാലിച്ചിരുന്നത്. താഴത്തെ നില അമ്മയുടെ രാജ്യമായി സാവിത്രി വിട്ടുനല്‍കിയിരുന്നു. മുകളിലെ നില അവളുടെ അഭിരുചിക്കും ആഗ്രഹത്തിനും ഇണങ്ങുന്ന രീതിയില്‍ അവള്‍ അലങ്കരിച്ചിരുന്നു. സത്യനു ബുദ്ധിമുട്ടാകാത്ത തരത്തില്‍ വീട്ടിനകം ഒരുക്കാനും അവള്‍ക്കു കഴിഞ്ഞിരുന്നു. അവരുടെ വീട്ടില്‍ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളോ തുണികളോ ഒന്നും എവിടേയും പാറിക്കിടന്നില്ല. ചെടിച്ചട്ടികളില്‍ കൃത്യ അളവ് വെള്ളം എപ്പോഴും ഉണ്ടായിരുന്നു. ആഴ്ചയിലൊരിക്കല്‍ അവള്‍ കുഷ്യന്‍ കവറുകള്‍ എല്ലാം മാറ്റി. ഈ ആഴ്ച ആകാശനീലയാണെങ്കില്‍ അടുത്ത ആഴ്ച കുങ്കുമചുവപ്പ്. അതിനടുത്ത ആഴ്ച സൂര്യകാന്തി മഞ്ഞ. അതുകൊണ്ട് ആര്‍ക്കും ആ വീടിന്റെ അകത്തളം മുഷിഞ്ഞില്ല. 

അങ്ങനെ ഇരിക്കെ അവരുടെ ദാമ്പത്യത്തിന്റെ ഏഴാംവര്‍ഷം ആയി. അയാളുടെ അമ്മ പതിവുപോലെ അവര്‍ക്കുവേണ്ടി അമ്പലത്തില്‍ രണ്ടാളുടേയും പേരില്‍ പുഷ്പാഞ്ജലി നടത്തി. പാല്‍പ്പായസവും വെച്ചു. വൈകുന്നേരം അയാള്‍ നേരത്തെ വന്നു. അവള്‍ ഭംഗിയുള്ള കേക്കുണ്ടാക്കി വച്ചിരുന്നു. അഞ്ചുവയസ്സുള്ള മകനോട് അന്ന് ഹോംവര്‍ക്ക് ചെയ്യണ്ട എന്നു പറഞ്ഞു അവള്‍. അയാള്‍ കഴിഞ്ഞ വെക്കേഷനു വിദേശത്തു പോയപ്പോള്‍ കൊണ്ടുവന്ന വിലകൂടിയ വൈന്‍ ശ്രദ്ധയോടെ എടുത്തു മേശപ്പുറത്തുവെച്ചു. സാവിത്രിയുടെ അമ്മയും അച്ഛനും വീഡിയോ കോളില്‍ വന്നു. അവര്‍ കേക്ക് കട്ട് ചെയ്തു. അന്നുരാത്രി കുഞ്ഞുറങ്ങിയ ശേഷം ഏറെ നേരം സാവിത്രിയും സത്യവാനും സംസാരിച്ചിരുന്നു. അവളുടെ കൈ എടുത്തു സ്‌നേഹപൂര്‍വ്വം തലോടിക്കൊണ്ടാണ് അയാള്‍ സംസാരിച്ചത്. ഏഴാംവര്‍ഷം ദാമ്പത്യത്തില്‍ വന്നേക്കാവുന്ന അസ്വാരസ്യങ്ങളെക്കുറിച്ചാണ് അയാള്‍ സംസാരിച്ചതത്രയും. അവള്‍ക്കു വിഷമം തോന്നി. എന്തിനാണ് നല്ലൊരു ദിവസം ഇങ്ങനെയൊക്കെ പറയുന്നത്. അവള്‍ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. മുറിയില്‍ മുഴുവന്‍ ഫ്രൈഡ്റൈസിന്റെ മണമായിരുന്നു. അല്ലെങ്കിലും ഈ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എടുത്താലേ ഇങ്ങനെയാണ്. ഈ വീട്ടിലും അടുത്ത വീട്ടിലും പിന്നെ ഒരു മണവും കിട്ടില്ല എന്നവള്‍ ഓര്‍ത്തു. കൈ ടൂത്ത് പേസ്റ്റിട്ടു കഴുകിയില്ലേ എന്നവള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തുറപ്പിച്ചു. ഉമ്മവെയ്ക്കും മുന്‍പ് കൈകള്‍ അയാള്‍ മുഖത്തേയ്ക്ക് ചേര്‍ത്തുവെയ്ക്കുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റിന്റെ മണം വരുന്നത് അവള്‍ക്കു സഹിക്കാന്‍പോലും കഴിയില്ലായിരുന്നു. അയാളാണെങ്കിലോ, അവളുടെ കൈ യാന്ത്രികമായി തലോടുന്നതല്ലാതെ അസ്വാരസ്യങ്ങളെ കുറിച്ചുള്ള ചിന്തകളില്‍നിന്നു വിട്ടുപോന്നിരുന്നേയില്ല. മറ്റെന്തെങ്കിലും പറയാന്‍ അവള്‍ പല തരത്തില്‍ ശ്രമിച്ചു. എന്തോ സ്വപ്‌നദര്‍ശനം ഉണ്ടായപോലെ അയാള്‍ അശുഭചിന്തകള്‍ വാരി വലിച്ചിടാന്‍ തുടങ്ങി. നാല് മണിക്കൂര്‍ എട്ടു മണിക്കൂര്‍ ആക്കിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ പറ്റുമോ എന്ന് അയാള്‍ ആലോചിച്ചു. അയാള്‍ സ്വയം തന്നെ നല്ല ഒരു മനഃശാസ്ത്രജ്ഞന്‍ ആയിരുന്നു. വീട്ടിലായാലും ടീമിലായാലും സ്വയം രണ്ടായി പിളര്‍ന്നു തന്റെ സ്വഭാവത്തേയും പെരുമാറ്റത്തേയും മനസ്സിലാക്കാന്‍ അയാള്‍ക്കു കഴിഞ്ഞിരുന്നു. പൊതുവെ സാവിത്രിക്ക് അയാള്‍ പറയുന്ന കാര്യങ്ങള്‍ പറയും മുന്‍പേ മനസ്സിലാവാറുള്ളതാണ് എന്ന് ആദ്യം പറഞ്ഞല്ലോ. എന്നാല്‍, ഇത്തവണ സാവിത്രിക്ക് എന്താണ് നടക്കുന്നത് എന്നു മനസ്സിലായതേ ഇല്ല. അങ്ങനെ അവള്‍ അയാളുടെ ആശങ്കകളെ അവഗണിക്കാന്‍ തീരുമാനിച്ചു. സംസാരം അവസാനിപ്പിക്കാനായി മുടിയഴിച്ച് സത്യന്റെ നെഞ്ചിലേയ്ക്കു പരത്തിയിട്ടു. ആ നിമിഷത്തെ അയാളിലെ മനഃശാസ്ത്രജ്ഞന്‍ അതിജീവിക്കില്ല എന്നവള്‍ക്കുറപ്പായിരുന്നു. എന്തായാലും അങ്ങനെ തീര്‍ത്തും സ്മാര്‍ട്ട് ആയ ഒരു നീക്കത്തില്‍ അവള്‍ ഏഴാം വാര്‍ഷികത്തെ രക്ഷിച്ചെടുത്തു.

സത്യന്റെ സുഹൃത്തിന് അമേരിക്കയിലേയ്ക്ക് പോകാന്‍ ഉള്ള അവസരം കിട്ടിയത് ആഘോഷിക്കുന്ന പാര്‍ട്ടിയിലാണ് പക്ഷേ, സാവിത്രിയുടെ അടിതെറ്റിക്കുന്ന ആ സംഭവം നടന്നത്. പരിചയമുള്ള ആളുകളെ മാത്രം ആണ് അവള്‍ ആ പാര്‍ട്ടിയില്‍ പ്രതീക്ഷിച്ചിരുന്നത്. അത്തരം ആളുകള്‍ മാത്രമേ ആ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുമുള്ളൂ. ഒരാളൊഴികെ. അത് അവരുടെ ഓഫീസില്‍ പുതിയതായി വന്ന ഒരാള്‍ ആയിരുന്നു. ഓഫീസിലെ കാര്യങ്ങള്‍ ആ ലിഫ്റ്റ് കടക്കുമ്പോള്‍ കുടഞ്ഞുകളയണം എന്നത് അക്ഷരംപ്രതി പാലിക്കുന്ന ആളായതുകൊണ്ട് അയാളുടെ ടീമില്‍ പുതുതായി വന്ന ആളുകള്‍ ആരെല്ലാമാണെന്നൊന്നും സാവിത്രിക്കു കൃത്യമായി അറിയില്ലായിരുന്നു. ആണുങ്ങള്‍ വിസ്‌കിയും സ്ത്രീകള്‍ വൈനും ജിന്നും വോഡ്കയും കുടിച്ചിരുന്ന ഒരു പാര്‍ട്ടിയായിരുന്നു അത്. അതിനിടയില്‍ വൈന്‍ഗ്ലാസ്സ് നിറയ്ക്കാന്‍ അയാള്‍ അവരുടെ മേശയ്ക്കരികിലേക്കു വന്നപ്പോള്‍ ആണ് സാവിത്രി അയാളെ ആദ്യമായി കാണുന്നത്. ഗ്ലാസ്സ് നിറച്ച് അയാള്‍ തിരിച്ചുപോയപ്പോള്‍ ആണ് അവള്‍ക്ക് ആ മണം കിട്ടിയത്. ചന്ദനമാണോ കര്‍പ്പൂരമാണോ എന്നറിയാത്ത ഒരു മണം. അതയാളുടെ മണമാണോ എന്നവള്‍ അത്ഭുതത്തോടെ ആലോചിച്ചു. ഒരു പ്രത്യേകതകളും ഇല്ലാതെ ഒരാള്‍ എങ്ങനെയാണ് ഇത്ര മനോഹരമായ സൗരഭ്യം പൊഴിക്കുക എന്ന അവിശ്വാസത്തോടെ അയാളെ പാളിനോക്കി. അയാള്‍ ഇതൊന്നും അറിയാതെ ഒരു മൂലയില്‍ ദിവാസ്വപ്‌നത്തില്‍ ആയിരുന്നു. ഇയാള്‍ എന്താണ് ആരോടും മിണ്ടാത്തത്. അവള്‍ക്കു പെട്ടെന്ന് അയാളില്‍ കൗതുകം തോന്നി. ആരോടും ഒന്നും പറയാനും ഇല്ല വിസ്‌കിയും കുടിക്കുന്നില്ല. എങ്കില്‍ അയാള്‍ എന്തിനാണ് ഈ പാര്‍ട്ടിക്കു വന്നത്. പൊടുന്നനെ അവള്‍ക്ക് അവളുടെ മേശയില്‍ നടന്നിരുന്ന സംസാരത്തില്‍ താല്പര്യം നഷ്ടപ്പെട്ടു. അവള്‍ കസേര അഡ്ജസ്റ്റ് ചെയ്തിട്ട് അയാളെ സാകൂതം നോക്കാന്‍ തുടങ്ങി. മദ്യത്തില്‍ നിലമറക്കുകയോ സത്യന് അമ്പരപ്പുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയോ ചെയ്യുന്ന ആളല്ല സാവിത്രി. അതുകൊണ്ട് അവള്‍ ഫോണ്‍ കയ്യിലെടുത്ത് അതിലേക്കുകൂടി ദൃഷ്ടി പായിച്ചുകൊണ്ട് മൊത്തം കാര്യങ്ങള്‍ക്ക് ഒരു ലാഘവം വരുത്തി. എന്നാലും അയാളില്‍ എന്തോ കാന്തികശക്തി ഉള്ളതുപോലെ അവള്‍ക്കു തോന്നി. അവിടെയുള്ള എല്ലാ സ്ത്രീകളും ആരുടെയൊക്കെ ഭാര്യമാര്‍ ആണെന്ന് അവള്‍ക്കു കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അയാള്‍ ഒറ്റയ്ക്കാണ് എന്ന കാര്യത്തില്‍ അവള്‍ക്കു ഏതാണ്ട് ഉറപ്പായിരുന്നു. അയാള്‍ ഒറ്റയ്ക്കായിരിക്കുന്ന അവസ്ഥയില്‍ അവള്‍ക്കു ചെറുതല്ലാത്ത ആനന്ദം തോന്നി. അയാളുടെ കുര്‍ത്തയുടെ അരികും പാതി നരച്ച താടിയും അവള്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടു. അയാളുടെ മീശയ്ക്കിപ്പോള്‍ വൈനിന്റെ മണം ആകുമെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് അയാളെ ഉമ്മവെച്ചാലെന്നപോലെ നാണം തോന്നി. എന്തോ ചിന്തിച്ചുകൊണ്ട് അയാള്‍ മീശയില്‍ തൊടുന്നതു കണ്ട അവള്‍ പെട്ടെന്ന് അവളുടെ നോട്ടം പിന്‍വലിച്ചു. പണ്ട് ബസില്‍ കോളേജില്‍ പോകുമ്പോള്‍ ആളുകളുടെ നോട്ടം ചെന്നു തറയുന്ന ഭാഗങ്ങള്‍ എത്ര മറച്ചാലും മതിയാവാത്ത താന്‍ ഇതെന്താണ് കാണിക്കുന്നത് എന്ന് അവള്‍ക്കു തന്നെ സംഭ്രമം ആയി. അവള്‍ മേശയിലെ സംസാരത്തിലേക്കു മനസ്സ് തിരിച്ചു. സ്‌കൂളിലെ ടീച്ചേര്‍സ് വാട്സ്ആപ്പില്‍ ഹോംവര്‍ക്ക് കൊടുക്കുന്നതിനെപ്പറ്റി ആണ് ചര്‍ച്ച. ചിലര്‍ അതു നല്ലതാണെന്നും ചിലര്‍ അതു ജോലിചെയ്യുന്ന അമ്മമാരെക്കൊണ്ട് പിന്നേം ജോലി ചെയ്യിക്കാനുള്ള പണിയാണെന്നും വാദിക്കുന്നുണ്ടായിരുന്നു. ആ ചര്‍ച്ചയില്‍ ഏറ്റവും ബാലന്‍സ്ഡ് ആയി അഭിപ്രായം പറയേണ്ട ആളായിരുന്നു അവള്‍. എന്നാല്‍, എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് ആ ചര്‍ച്ചയിലേയ്ക്കു കയറാന്‍ കഴിഞ്ഞില്ല. അവള്‍ ആരും ശ്രദ്ധിക്കാത്ത രീതിയില്‍ അയാള്‍ നിന്ന സ്ഥലത്തേയ്ക്കു നോക്കി. അയാള്‍ അവിടെയില്ല. അവളുടെ ഹൃദയം പിടഞ്ഞു. അയാള്‍ എവിടെ പോയി. അവള്‍ ചര്‍ച്ച ചെയ്യാന്‍ തോന്നിയ നേരത്തെ ശപിച്ചു. താന്‍ നോട്ടം പിന്‍വലിച്ചപ്പോള്‍ വിഷമമായി കാണുമോ എന്നവള്‍ ആലോചിച്ചു. അടുത്ത നിമിഷം അവള്‍ക്കുതന്നെ ചിരിവന്നു. അയാള്‍ അറിഞ്ഞുകാണുമോ താന്‍ നോക്കുന്നത്. ആണുങ്ങള്‍ക്ക് സ്ത്രീകളുടെ നോട്ടം ഇഷ്ടമാണോ. ശരിക്കും എന്താണ് ചിലര്‍ നോക്കുമ്പോള്‍ അവര്‍ നോക്കിയിരുന്നെങ്കില്‍ എന്നും ചിലര്‍ നോക്കുമ്പോള്‍ അവര്‍ നോക്കല്ലേയെന്നും തോന്നുന്നത്. അവള്‍ നോട്ടത്തെപ്പറ്റിത്തന്നെ ആലോചിച്ചുകൊണ്ടിരിക്കവേ അവളുടെ കണ്ണുകള്‍ അയാളെ തിരഞ്ഞുകൊണ്ടേയിരുന്നു. ആകെ പത്ത് പതിമൂന്നു പേരുള്ള ഒരു പാര്‍ട്ടിയില്‍ ക്ഷണനേരം കൊണ്ട് അയാള്‍ ഇതെവിടെപ്പോയി മറഞ്ഞു എന്നവള്‍ക്കു ആശ്ചര്യമായി. ഇനി അയാളെ കാണുകയേ ഇല്ലേ എന്നവള്‍ക്കു സങ്കടം വന്നു. സങ്കടം തീര്‍ക്കാന്‍ വോഡ്ക വീണ്ടും നിറയ്ക്കാന്‍ അവള്‍ മേശയ്ക്കരികിലേയ്ക്ക് നടക്കുമ്പോള്‍ അവിടെ നില്‍ക്കുന്നു അയാള്‍. ഇത്ര വേഗം കുടിച്ചുകഴിഞ്ഞോ ഒരു ഗ്ലാസ്സ് വൈന്‍ എന്നു ചോദിക്കാന്‍ തോന്നി അവള്‍ക്ക്. അയാളുടെ അടുത്തുനിന്നു മദ്യം ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോള്‍ അവള്‍ക്കു സംഭ്രമം തോന്നി. കണ്ണൊന്നുയര്‍ത്തി അയാളെ നോക്കാന്‍ അവള്‍ കൊതിച്ചു. അത് ഇത്ര വലിയ ശ്രമകരമായ ജോലിയാണോ എന്നവള്‍ സ്വയം ആലോചിച്ചു. ആലോചന നടന്നതല്ലാതെ അങ്ങനെ ചെയ്യാനുള്ള ധൈര്യം അവള്‍ക്കു കിട്ടിയതേ ഇല്ല. പകരം അവള്‍ ചന്ദനവും കര്‍പ്പൂരവും കലര്‍ന്ന അയാളുടെ മണം ആവോളം വലിച്ചെടുത്തു. അവള്‍ മദ്യം നിറച്ചപ്പോഴേക്കും അയാള്‍ തിരിഞ്ഞു നടന്നുകഴിഞ്ഞിരുന്നു. അയാള്‍ എവിടെ പോകുന്നോ അവിടേയ്ക്കുതന്നെ പോകും എന്ന് അവളും ഉറപ്പിച്ചു. ഒരു പാര്‍ട്ടിയില്‍ ഒരാളോട് മിണ്ടുന്നത് അത്ര വലിയ അപരാധമൊന്നുമല്ലല്ലോ. ആരു കണ്ടാലും സ്വാഭാവികമായ കാര്യം. പുറത്തൊക്കെ പോകുമ്പോള്‍ സത്യന്‍ ആരെയൊക്കെ കാണുന്നുണ്ടാകും. അവള്‍ക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, ഒരിക്കല്‍ വിദേശയാത്ര കഴിഞ്ഞുവന്ന സത്യന്റെ കയ്യില്‍ കണ്ട ഒരു സംഗതി. അതെന്താണെന്ന് അവള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അവള്‍ അത് കണ്ടതിന്റെ ജാള്യം അയാള്‍ക്കും മാറിയിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ രണ്ടുപേരും അതേക്കുറിച്ച് സംസാരിച്ചിട്ടുമില്ല. അല്ലെങ്കിലും എല്ലാം സംസാരിച്ചല്ല തീര്‍ക്കുക. ചിലതു സംസാരത്തിലേക്കുപോലും വരരുത്. അതൊക്കെ സാവിത്രിക്ക് അറിയാം. എന്തായാലും ഇപ്പോള്‍ അവള്‍ അയാള്‍ എവിടെയാണോ അവിടേയ്ക്കുതന്നെ നടക്കാന്‍ സ്വയം തീരുമാനിച്ചു. മദ്യം നിറച്ചു തിരിഞ്ഞുനോക്കിയപ്പോള്‍ അയാള്‍ ഒരു സോഫയില്‍ എന്തോ ഒരു മാസിക മറിച്ചുനോക്കിക്കൊണ്ട് ഇരിക്കുന്നത് കണ്ടു. അപ്പോള്‍ ഇനിയും ആരോടും മിണ്ടാന്‍ ഭാവമില്ല. സാരമില്ല. ഞാന്‍ ഉണ്ടല്ലോ എന്നു മനസ്സിലോര്‍ത്തുകൊണ്ട് അവള്‍ അയാള്‍ ഇരിക്കുന്നിടത്തേയ്ക്ക് നടന്നു. അവള്‍ വരുന്നതു കണ്ട അയാള്‍ അല്പം കൂടി ഒതുങ്ങി ഇരുന്നു. എന്നാല്‍, അടുത്തു വന്നിരുന്ന അവളെ നോക്കുകയോ സംസാരം തുടങ്ങാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അവള്‍ക്കു ചെറിയ ഒരു അമ്പരപ്പ് തോന്നി. ഇരിക്കണോ എഴുന്നേറ്റു പോരണോ എന്ന സംശയത്തില്‍ അവള്‍ ഇരിപ്പു തുടര്‍ന്നു. എത്രനേരം അങ്ങനെ ഇരുന്നെന്ന് അവള്‍ക്ക് അറിയില്ല. അയാള്‍ മാസികയില്‍നിന്നു കണ്ണെടുത്ത് അവളെ നോക്കിയത് അവള്‍ക്ക് ഓര്‍മ്മയുണ്ട്. ലോകത്തില്‍നിന്നു പിന്‍വലിച്ചിരിക്കുന്ന ആ കണ്ണുകള്‍! ആ കണ്ണിന്റെ ആഴത്തില്‍ മുങ്ങിച്ചാവാന്‍ സാവിത്രിക്കു തോന്നി. അവള്‍ അയാളുടെ മുഖത്തേയ്ക്ക് നോക്കി. അയാള്‍ അവളുടെ മുഖത്തേയ്ക്കും. അയാളുടെ ശ്വാസത്തിന്റെ ശബ്ദം കേള്‍ക്കാവുന്ന അത്രയും അടുത്താണല്ലോ താന്‍ ഇരിക്കുന്നത് എന്നവള്‍ ഓര്‍ത്തു. അയാളുടെ കൈകള്‍ക്കുള്ളില്‍ ആകുക എന്നതു മാത്രമാണ് തനിക്കു ജീവിതത്തില്‍ വേണ്ടത് എന്ന് അവള്‍ക്കു തോന്നി. ഓമനത്തമുള്ള കണ്ണുകള്‍. നനുത്ത ഏകാന്തത നിറഞ്ഞുതുളുമ്പുന്ന കണ്ണുകള്‍. മറ്റൊന്നും ജീവിതത്തില്‍ ആവശ്യമില്ല എന്നു തോന്നി. ആ കണ്ണിലേയ്ക്കു ഞാന്‍ വീണാല്‍ എന്നെ ചാവാന്‍ വിടരുത്. കൊല്ലുകയുമരുത്. ഓമനത്തമുള്ള ഒരു പുരുഷനു മാത്രം സാധ്യമായ രീതിയില്‍ പിടിച്ചു കയറ്റണം. അവള്‍ അയാളോട് പറയാതെ പറഞ്ഞു. അയാള്‍ വീണ്ടും മാസികയിലേയ്ക്കു തിരിച്ചു പോയി. അവള്‍ അല്പസമയം ഫോണില്‍ നോക്കിയിരുന്ന ശേഷം അവളുടെ സുഹൃത്തുക്കള്‍ക്കിടയിലേക്കും പോയി.

ആ പാര്‍ട്ടിക്കു ശേഷം അവളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല. എല്ലാ പണികളും അവള്‍ പതിവുപോലെ തീര്‍ത്തു. സത്യനോടൊപ്പം നാല് മണിക്കൂര്‍ ചെലവിട്ടു. എന്നാല്‍, രാത്രികാലങ്ങളില്‍ അവള്‍ വീടിനെ പിത്തവെള്ളമായി ശര്‍ദ്ദിച്ചുവെക്കാന്‍ തുടങ്ങി. ചെടിച്ചട്ടികളും കുഞ്ഞിന്റെ വര്‍ക്ക് ഷീറ്റുകളും കുഷ്യന്‍ കവറുകളും എല്ലാം ആ പിത്തവെള്ളത്തില്‍ പൊന്തിക്കിടന്നു. അങ്ങനെ പാര്‍ട്ടി കഴിഞ്ഞു പത്താംനാള്‍ അവള്‍ ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും അയാളുടെ മുഖത്തോട് ചേര്‍ന്നുനില്‍ക്കുന്ന നമ്പര്‍ തപ്പിയെടുത്തു. കാണണം എന്ന് മെസ്സേജ് അയച്ചു. അയാളുടെ വാട്സ്ആപ്പില്‍ നീല ടിക്ക് വരാന്‍ യുഗങ്ങള്‍ എടുക്കുന്നതുപോലെ തോന്നി. ആദ്യം അയാള്‍ ഓണ്‍ലൈന്‍ എന്നു കാണിച്ചു. പിന്നീട് ടൈപ്പിംഗ് എന്നും. അവള്‍ക്ക് ഫോണ്‍ എറിഞ്ഞുകളഞ്ഞ് ഓടിപ്പോകാന്‍ തോന്നി. എങ്കിലും നിധിയെന്നപോലെ അതിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഇരുന്നു. ഒരു സ്മൈലി ആണയാള്‍ അയച്ചത്. അവളുടെ മനസ്സ് ഇടിഞ്ഞു. എന്താണ് ഇതിന്റെ അര്‍ത്ഥം. ഭാഷ കണ്ടുപിടിച്ചത് സംസാരിക്കാന്‍ അല്ലേ. ഈ സ്മൈലി ആരാണ് കണ്ടുപിടിച്ചത്. അവള്‍ ഉരുകി. അയാളെ കഴുത്തിനു പിടിച്ചു ദേഹത്തോട് ചേര്‍ത്തുനിര്‍ത്താന്‍ അവള്‍ക്കു തോന്നി. കാണണ്ടേ എന്നു വീണ്ടും മെസ്സേജ് അയച്ചു. പത്തു ദിവസം ആലോചിച്ച ആള്‍ എനിക്ക് പത്തു സെക്കന്‍ഡ് തരില്ലേ ആലോചിക്കാന്‍ എന്നു മറുപടി വന്നു. ഇല്ല എന്നവള്‍ മറുപടി അയച്ചു. വീണ്ടും സ്മൈലി മറുപടി വന്നു. ഒരു ലൊക്കേഷനും. അവള്‍ക്കു ലോകം വെട്ടിപ്പിടിച്ച സന്തോഷം തോന്നി. ആ ലൊക്കേഷന്‍ ലിങ്കില്‍ അവള്‍ വിരലമര്‍ത്തി. ശ്രീ വില്ലിപുത്തൂര്‍ എന്നു മാപ്പില്‍ തെളിഞ്ഞുവന്നു. അറിയാത്ത ഒരു ഫ്‌ലാറ്റിന്റെ പടവുകള്‍ കയറുന്നത് ഓര്‍ത്തുകൊണ്ട് അവള്‍ കുഷ്യന്‍ കവറുകള്‍ മാറ്റാന്‍ തുടങ്ങി. ബാല്‍ക്കണിയിലൂടെ ഒരു പൂമണം വീശും തെന്നല്‍ അപ്പോള്‍ അവളെ കടന്നുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com