'ഐഡന്റിറ്റികള്‍ വില്പനയ്ക്ക്'- ഉമാശങ്കര്‍ എഴുതിയ കഥ

'ഐഡന്റിറ്റികള്‍ വില്‍പ്പനയ്ക്ക്' എന്ന അസാധാരണമായ ബോര്‍ഡാണ് അയാളുടെ ശ്രദ്ധയെ അങ്ങോട്ടാകര്‍ഷിച്ചത്. ''ഇത് എന്താണാവോ? ഇങ്ങനെയൊന്ന് എവിടെയും കണ്ടതായിട്ടും ഓര്‍ക്കുന്നില്ലല്ലോ
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

'ഐഡന്റിറ്റികള്‍ വില്‍പ്പനയ്ക്ക്' എന്ന അസാധാരണമായ ബോര്‍ഡാണ് അയാളുടെ ശ്രദ്ധയെ അങ്ങോട്ടാകര്‍ഷിച്ചത്. ''ഇത് എന്താണാവോ? ഇങ്ങനെയൊന്ന് എവിടെയും കണ്ടതായിട്ടും ഓര്‍ക്കുന്നില്ലല്ലോ. എന്തായാലും ഒന്ന് അറിഞ്ഞിരിക്കാം.'' കൗതുകത്തോടേയും തെല്ലൊരു ആശങ്കയോടെയും അയാള്‍ ആ വിശാലമായ ഷോറൂമിന്റെ വാതില്‍ പതിയെ തുറന്നു. തികച്ചും അപരിചിതമായൊരു ലോകത്തേയ്ക്കാണ് അയാള്‍ കാലെടുത്തുവച്ചതു്. നിറഞ്ഞ പുഞ്ചിരിയുമായി യൂണിഫോം അണിഞ്ഞ ഒരു പയ്യന്‍ അയാളെ അകത്തേയ്ക്കു ക്ഷണിച്ചുകൊണ്ടു പറഞ്ഞു: ''വരൂ, വരൂ സര്‍, ഐഡന്റിറ്റികളുടെ ലോകത്തേയ്ക്ക് താങ്കള്‍ക്ക് സ്വാഗതം. താങ്കള്‍ക്ക് ഇഷ്ടമാകുന്ന ധാരാളം ഐഡന്റിറ്റികള്‍ ഇവിടെയുണ്ട്. താങ്കള്‍ക്ക് അനുയോജ്യമാകുന്നത് വാങ്ങുകയും ചെയ്യാം.''

അയാള്‍ സങ്കോചത്തോടെ ഷോറൂമിനുള്ളിലേയ്ക്ക് നോക്കി. പല നിലകളിലായി വിശാലമായ ഷോറൂം. വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള മേലങ്കികള്‍പോലെ തോന്നിക്കുന്ന എന്തോ നിറയെ അടുക്കടുക്കായി വെച്ചിരിക്കുന്നു. ചിലത് വിവിധ പ്രതിമകളില്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

പരിചിതമല്ലാത്ത ഏതോ വിസ്മയലോകത്തെത്തിയപോലെ അന്ധാളിച്ചുനില്‍ക്കുന്ന അയാളോട് സെയില്‍സ്മാന്‍ പറഞ്ഞു: ''പരിഭ്രമിക്കേണ്ട, എന്റെ കൂടെ വന്നോളൂ, എല്ലാം താങ്കളെ ഞാന്‍ കാണിച്ചുതരാം. താങ്കള്‍ക്ക് പ്രത്യേകിച്ച് ഇഷ്ടമുള്ള ഏതെങ്കിലും ഐഡന്റിറ്റി മനസ്സില്‍ ഉണ്ടോ? സംശയത്തോടേയും ഉള്ളിലെ പരിഭ്രമം പുറമേ കാണിക്കാതേയും അയാള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു: ''അങ്ങനെ ഒന്നും ഇല്ല; ബോര്‍ഡ് കണ്ട് എന്താണെന്നറിയാനുള്ള ആകാംക്ഷകൊണ്ട് കയറിയതാ.'' ''കൊള്ളാം സര്‍, സാധാരണ ഇവിടെ ആളുകള്‍ ഇതന്വേഷിച്ചു വരാറാണ് പതിവ്. ഇവിടെയുള്ളത് മനുഷ്യര്‍ക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത വിവിധ ഐഡന്റിറ്റികളാണ്. ഓരോരുത്തരും അവരവരുടെ സാഹചര്യവും കാലഘട്ടത്തിനും അനുസരിച്ച് അവര്‍ക്ക് ഇഷ്ടമുള്ള ഐഡന്റിറ്റി വാങ്ങിക്കൊണ്ടുപോകും. ഒരുപാട് കസ്റ്റമേഴ്സ് ഇപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കുണ്ട്. അതും ഒരു പരസ്യംപോലും ഇല്ലാതെതന്നെ.'' സെയില്‍സ്മാന്‍ മുഖവുരയെന്നോണം പറഞ്ഞുനിര്‍ത്തി. 

''പക്ഷേ, എനിക്കിപ്പോഴും ഇതിന്റെ ആവശ്യകത എന്തിനെന്നു പിടികിട്ടുന്നില്ല. ഇതു വാങ്ങുന്നതിനായി ആളുകളും അതിനു മാത്രമായി ഒരു ഷോറൂമും!'' അയാള്‍ സംശയഭാവത്തില്‍ പറഞ്ഞു:

''സാറിനെ കണ്ടിട്ട് അധികം പുറത്തേക്കൊന്നും ഇറങ്ങാത്തയാളാണെന്നു തോന്നുന്നു. അതാണ് സാര്‍ ഇതിനെക്കുറിച്ച് അറിയാതെപോയതു്. പുറത്തേയ്ക്കിറങ്ങി സമൂഹവുമായി ബന്ധപ്പെടുമ്പോള്‍ സാറിന് ഐഡന്റിറ്റിയുടെ വില മനസ്സിലാകും. ഇപ്പോള്‍ ഉദാഹരണത്തിന് സാറെന്തെങ്കിലും വാങ്ങാന്‍ ഒരു ഷോപ്പില്‍ പോയി എന്നിരിക്കട്ടെ, ഷോപ്പുടമ സാറിനെ ശ്രദ്ധിക്കാതെ സാറ് വന്നതിനുശേഷം വന്ന ആളോട് പ്രത്യക പരിഗണന കൊടുക്കുന്നത് എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ?''

''ഉവ്വ്... കണ്ടിട്ടുണ്ട്, അവര്‍ പരിചയക്കാരോ ബന്ധുക്കളോ മറ്റോ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയിട്ടുള്ളത്'' -അയാള്‍ സൗമ്യമായി പറഞ്ഞു.

''ഒന്നുമല്ല സര്‍, ...ഐഡന്റിറ്റി... അതാണ് ഞാന്‍ പറഞ്ഞ ഐഡന്റിറ്റി. അപ്പോള്‍ വന്നയാള്‍ക്കുള്ള ഐഡന്റിറ്റി, അതുമാത്രമേ ഷോപ്പുടമ കാണുന്നുള്ളൂ. അതേസമയം ആ വന്നയാളിനേക്കാള്‍ വലിയ ഐഡന്റിറ്റി സാറിനുണ്ടായിരുന്നെങ്കിലോ? ഷോപ്പുടമ സാറിന്റെയടുത്തുനിന്നു മാറാതെ നിന്നേനെ. ഇതൊരു വളരെ ചെറിയ ഉദാഹരണം. വലിയ വലിയ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് ഇതില്ലെങ്കില്‍ അവര്‍ക്കു യാതൊരു സ്വീകാര്യതയും കിട്ടില്ല സര്‍'' -അയാള്‍ പറഞ്ഞുനിര്‍ത്തി.

''അതു കൊള്ളാമല്ലോ, സാഹചര്യത്തിനിണങ്ങുന്ന ഐഡന്റിറ്റികള്‍, കൊള്ളാം, അങ്ങനെയെങ്കില്‍ ഒരെണ്ണം ഞാനും നോക്കാം. എനിക്ക് ഏത്... ഏത് ഐഡന്റിറ്റി ആയിരിക്കും ചേരുക? അതെങ്ങനെ അറിയാന്‍ പറ്റും. എന്നെ ഒന്നു സഹായിക്കുമല്ലോ അല്ലേ?'' ''തീര്‍ച്ചയായും സര്‍, അകത്തേയ്ക്കു വരൂ.'' അതിനുമുന്‍പ് സര്‍ ദയവായി ഇപ്പോള്‍ താങ്കള്‍ക്കുള്ള ഐഡന്റിറ്റി ഇവിടെ ലോക്കറില്‍ ഏല്പിക്കണം, എന്നിട്ടു ടോക്കണ്‍ വാങ്ങി സൂക്ഷിച്ചുകൊള്ളൂ. തിരിച്ചു പോകുമ്പോള്‍ ഒന്നുകില്‍ പുതിയ ഐഡന്റിറ്റിയുമായോ അല്ലെങ്കില്‍ താങ്കളുടെ ഇപ്പോഴുള്ള ഐഡന്റിറ്റിയുമായോ പുറത്തേക്കിറങ്ങാം. താങ്കളുടെ ഐഡന്റിറ്റി ഇവിടെ സുരക്ഷിതമായിരിക്കും.''
തെല്ലൊരു ആശങ്കയോടെ അയാള്‍ ചോദിച്ചു: ''അതെന്താ അങ്ങനെ? ഞാനെന്തിന് എന്റെ ഐഡന്റിറ്റി ഇവിടെ ഏല്പിക്കണം?'' 

''ക്ഷമിക്കണം സര്‍, സ്വന്തം സാധനങ്ങള്‍ ഒന്നും അകത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടില്ല എന്നുള്ളതാണ് ഇവിടുത്തെ നിയമം. അകത്തുള്ള വിശാലമായ ഷോറൂമിലെവിടെയെങ്കിലും താങ്കളുടെ ഐഡന്റിറ്റി മറന്നുവെച്ചാല്‍ പിന്നീട് കണ്ടുപിടിക്കുന്ന കാര്യം വലിയ ബുദ്ധിമുട്ടാകും; അതുമാത്രവുമല്ല, പുതിയ ഐഡന്റിറ്റി തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം ഐഡന്റിറ്റി കൂടെയില്ലാത്തതാണ് ഏറ്റവും നല്ലതു്. വിഷമിക്കേണ്ട കാര്യമില്ല സര്‍, ഇവിടെയുള്ള എല്ലാവരും, എന്തിന് ഈ ഞാന്‍ പോലും എന്റെ ഐഡന്റിറ്റി ഇവിടെ ലോക്കറില്‍ വെച്ചതിനുശേഷമാണ് ജോലിചെയ്യുന്നത്'' -സെയില്‍സ്മാന്‍ ഒരു ചെറുപുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു. 

സെയില്‍സ്മാന്‍ അയാളെ സ്വീകരിച്ചുകൊണ്ട് മുന്നോട്ടു നടന്നുകൊണ്ടു പറഞ്ഞു: ''സര്‍, ഈ കാണുന്നത് വ്യത്യസ്തങ്ങളായിട്ടുള്ള ഐഡന്റിറ്റികളുടെ വിശാലമായ ലോകമാണ്. സാധാരണക്കാര്‍, പണക്കാര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊലീസ്, പട്ടാളം, അതില്‍ത്തന്നെ വ്യത്യസ്തതയുള്ളവ അങ്ങനെ തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര. കൂടാതെ രാഷ്ട്രീയം, മതം, ഭാഷ ദേശം അങ്ങനെയുള്ളവ വേറെയും.''

അയാള്‍ സെയില്‍സ്മാന്‍ പറയുന്നതു സാകൂതം കേട്ട് കൂടെ നടന്നു. ''അതെന്താ പല നിറങ്ങളിലുള്ള ഒന്ന് കാണുന്നത്?'' അയാള്‍ ഒരു ഐഡന്റിറ്റി ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു.

''അതോ? അത് രാഷ്ട്രീയ ഐഡന്റിറ്റികളാണ്. രാഷ്ട്രീയ ഐഡന്റിറ്റികള്‍ക്കു മാത്രമുള്ള ഒരു പ്രത്യേകതയാണ് ഈ പല നിറങ്ങള്‍. അതു ധരിച്ചുകഴിഞ്ഞാല്‍ ഏതു നിറത്തിലേയ്ക്കും അനായാസം രൂപാന്തരപ്പെടാം. രാഷ്ട്രീയ കൗശലമുള്ളവര്‍ അവസരത്തിനനുസരിച്ചു കൂടുതല്‍ മെച്ചമുണ്ടാക്കാന്‍ പറ്റിയ നിറംനോക്കി വാങ്ങും. വലിയ ഡിമാന്‍ഡുള്ള ഒന്നാണത്; പ്രത്യേകിച്ചും ഇലക്ഷന്‍ കാലമാകുമ്പോള്‍, കൂടാതെ വിലയും അധികമാണ്. പക്ഷേ, അതു വാങ്ങുന്നതുകൊണ്ടുള്ള മെച്ചം എന്താണെന്നുവെച്ചാല്‍ അതിനോടൊപ്പം മറ്റു രണ്ടു ഐഡന്റിറ്റികള്‍ തികച്ചും ഫ്രീയായി കിട്ടും. ഒരു കള്ളന്റേയും പിന്നെ ഒരു മതേതരന്റേയും. ഈ മൂന്ന് ഐഡന്റിറ്റികളും വളരെ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന ധാരാളം പേര്‍ ഇവിടെയുണ്ട്. സാറ് ശ്രദ്ധിക്കാത്തതുകൊണ്ടു കാണുന്നില്ല എന്നുമാത്രം. താങ്കള്‍ക്കു താല്പര്യമുണ്ടെങ്കില്‍ അതു കാണിച്ചുതരാം.''

''ഏയ് വേണ്ട, രാഷ്ട്രീയ ഐഡന്റിറ്റി എനിക്കു ചേരില്ല. വേറെന്തെങ്കിലും നോക്കാം'' -അയാള്‍ സെയില്‍സ്മാനോടൊപ്പം മുന്നോട്ടു നടന്നു. 

''സര്‍, ഇതു നോക്കൂ, ഇതൊരു പണക്കാരന്റെ ഐഡന്റിറ്റിയാണ്. ഇതുണ്ടെങ്കില്‍ എവിടെയും നല്ല സ്വീകരണമായിരിക്കും. നാട്ടിലെ നിയമപാലകരും, ഭരണാധിപന്മാരും എല്ലാം താങ്കളെ വണങ്ങിനില്‍ക്കും; ഇതായാലോ?'' സെയില്‍സ്മാന്‍ ആവേശത്തോടെ പറഞ്ഞു.

അയാള്‍ കുറച്ചുനേരം ആലോചനയില്‍നിന്നശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു: ''വേണ്ട, അതെനിക്കു ചേരുമെന്നു തോന്നുന്നില്ല. കുറച്ചുനാള്‍ കഴിയുമ്പോള്‍ മടുപ്പുതോന്നും. വേറെ എന്താണുള്ളത്?''

''വരൂ സര്‍, വളരെ അപൂര്‍വ്വമായൊരു ഐഡന്റിറ്റി ഇവിടെയുണ്ട്. പണ്ട് ധാരാളം ഉണ്ടായിരുന്നു; പക്ഷേ, ഇപ്പോള്‍ വളരെ ചുരുക്കമായേ ഇതു കാണാന്‍കൂടി ഉള്ളൂ. എന്തുചെയ്യാം, അതു വാങ്ങാന്‍ ആളില്ല; വിലയാണെങ്കില്‍ വളരെ കുറവും. ഈ ആഴ്ചകൂടിയെ ഇവിടെ സ്റ്റോക്ക് ഉണ്ടാകുകയുള്ളൂ. വിറ്റുപോകാത്തതിനാല്‍ അതു ഞങ്ങള്‍ മ്യൂസിയത്തിലേയ്ക്ക് സംഭാവന ചെയ്യാന്‍ പോകുകയാണ്. ഇനിയുള്ള കാലം അതൊരു പുരാവസ്തുവായി നിലനില്‍ക്കും.''

''അതെന്താ അങ്ങനെ, എന്താണതെന്നു ഒന്നു കാണട്ടെ'', അയാള്‍ അത്ഭുതത്തോടെ ആരാഞ്ഞു.
''ഇതാണ് സര്‍, സത്യസന്ധന്റെ ഐഡന്റിറ്റി. സാറിനിതു നന്നായി ചേരുമെന്നു തോന്നുന്നു.'' സെയില്‍സ്മാന്‍ അതു വിടര്‍ത്തിക്കാണിച്ചുകൊണ്ടു പറഞ്ഞു.

''കൊള്ളാം, നല്ല നേര്‍മ്മയുള്ള ഐഡന്റിറ്റി. എനിക്കിതിഷ്ടമായെങ്കിലും പക്ഷേ, ഇപ്പോഴുള്ള അന്തരീക്ഷത്തിനിതു പറ്റില്ല. വളരെ വേഗം അഴുക്കുപുരളും. മാത്രമല്ല, കേടുവന്നാല്‍പ്പിന്നെ അതു വൃത്തിയാക്കാനും പറ്റില്ലല്ലോ? വേണ്ട, വേറെന്തങ്കിലും നോക്കാം.'' ''ഇവിടെ നിഷ്‌കളങ്കന്റെ ഐഡന്റിറ്റി ഉണ്ടോ?''

സെയില്‍സ്മാന്‍ ആവേശഭരിതനായി. ''ഉണ്ടല്ലോ, ഉണ്ട്, എനിക്കു തോന്നിയിരുന്നു സാറത് ചോദിക്കുമെന്ന്. പക്ഷേ, ഒരു കാര്യം പറയട്ടെ സര്‍, ഇതുവരെ ആരും അതു മാത്രമായി വാങ്ങിയിട്ടില്ല. കൂടെ ഒരു കള്ളന്റേയോ ചതിയന്റേയോ തട്ടിപ്പുകാരന്റേയോ ഒക്കെ കൂടെ വാങ്ങും. അല്ലെങ്കില്‍ വാങ്ങിയതുകൊണ്ടു വലിയ പ്രയോജനമൊന്നും കിട്ടില്ല.''

''അതെന്താ അങ്ങനെ?'' അയാള്‍ സാകൂതം ചോദിച്ചു.

''ലോകം മാറിയില്ലേ സര്‍, നിലനില്‍പ്പിനിതെല്ലാം ഇപ്പോള്‍ അനിവാര്യമല്ലേ. അല്ലെങ്കില്‍ ഈ ഐഡന്റിറ്റിക്കും സത്യസന്ധന്റെ അതേ ഗതി വരും.''

അയാള്‍ വിശാലമായ ഷോറൂമിലേയ്ക്ക് കണ്ണോടിച്ചുകൊണ്ടു ചോദിച്ചു: ''ഈ കാണുന്ന ഐഡന്റിറ്റികളെല്ലാം ഈ നാട്ടിലേതുതന്നെയോ അതോ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നവയും ഉണ്ടോ?''

സെയില്‍സ്മാന്‍ കുലുങ്ങിച്ചിരിച്ചുകൊണ്ടു പറഞ്ഞു: ''ഈ നാട്ടിലുള്ളത്രയും വെറൈറ്റി ഐഡന്റിറ്റികള്‍ ഭൂമിയില്‍ വേറെ എവിടെ കിട്ടാനാ സാറേ? മാത്രവുമല്ല, വിദേശ ഐഡന്റിറ്റികള്‍ക്കു നാടന്റെ അത്രയും ഒറിജിനാലിറ്റിയോ നിലനില്‍പ്പോ ഉണ്ടാകില്ല. അതുകൊണ്ടു ഞങ്ങള്‍ അതു സ്റ്റോക്ക് ചെയ്യാറില്ല. അതുവേണം എന്നു നിര്‍ബ്ബന്ധമുള്ളവര്‍ വിദേശത്തുനിന്നും നേരിട്ട് വരുത്തുന്നുണ്ട്. പക്ഷേ, നാട്ടിലെ കാലാവസ്ഥയില്‍ അതു വളരെ വേഗം ഇല്ലാതെയായിത്തീരുകയും ചെയ്യും. പക്ഷേ, ഇവിടുത്തെ ചില ഐഡന്റിറ്റികള്‍ക്കു വിദേശത്തു നല്ല മാര്‍ക്കറ്റാണ്. നാട്ടില്‍ വിലകിട്ടാതെ വരുമ്പോള്‍ അതു വിദേശത്തേയ്ക്ക് കടത്തും. തനി നാടന്‍ ഐഡന്റിറ്റികള്‍ക്കു വിദേശത്തുള്ളവര്‍ നല്ല വിലയും കൊടുക്കും. കൂടെ സ്ഥാനമാനങ്ങള്‍, പണം, പ്രശംസാവചനങ്ങള്‍ തുടങ്ങി പലതും. എല്ലാം കച്ചവടമല്ലേ സര്‍?''

അയാള്‍ സമ്മതഭാവത്തില്‍ തലകുലുക്കി വീണ്ടും മുന്നോട്ടു നടന്നു. 

''ഇവിടെ പുരുഷന്മാര്‍ക്കുള്ളത് മാത്രമേയുള്ളോ? സ്ത്രീകളുടേതു കാണുന്നില്ലല്ലോ?'' അയാള്‍ ആകാംക്ഷയോടെ ചോദിച്ചു
''സാര്‍, ഇതിനങ്ങനെ ആണ്‍പെണ്‍ വ്യത്യാസമൊന്നുമില്ല; എല്ലാവര്‍ക്കും ഒരുപോലെ ചേരും. പണ്ട് സ്ത്രീകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇതു വാങ്ങാന്‍ വരുമുണ്ടായിരുന്നുള്ളൂ, പക്ഷേ, ഇപ്പോള്‍ അവരും ധാരാളം വരുന്നുണ്ട്. അതില്‍ ചോദിച്ചുവാങ്ങുന്നവര്‍ വരെയുണ്ട്. അതല്ലേ സര്‍; ഞങ്ങളുടെ ബിസിനസ്സിന്റെ വിജയരഹസ്യം.''

അയാള്‍ സയില്‍സ്മാന്റെ അടുത്തേയ്ക്കു ചെന്നു ചോദിച്ചു: ''അല്ല ഈ ഐഡന്റിറ്റികള്‍ എല്ലാവര്‍ക്കും സ്വന്തമായി ഉണ്ടാക്കിയെടുത്തൂടെ? എന്തിനാ ഇവ വിലകൊടുത്തു വാങ്ങുന്നതു്?''

''ഇത്ര കണിശതയുള്ള ഐഡന്റിറ്റികള്‍ തനിയെ ഉണ്ടാക്കിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടല്ലേ സര്‍, എത്രകാലം എടുത്താലാ ഒരെണ്ണം ഒന്നു ശരിയായി കിട്ടുന്നത്. മാത്രവുമല്ല ഒന്ന് ചീത്തയായാല്‍ മറ്റൊന്ന് ഉണ്ടാക്കിയെടുക്കുന്നത് അതിലും പ്രയാസമല്ലേ. ഇവിടെയാകുമ്പോള്‍ ഒന്നും നോക്കണ്ട. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം, വേണമെങ്കില്‍ രണ്ടോ മൂന്നോ അതിലധികമോ വാങ്ങി സ്റ്റോക്കും ചെയ്യാം. അവസരമനുസരിച്ച് ഉപയോഗിക്കുകയും ആവാമല്ലോ. ഒരു കാര്യമുള്ളത്, വാങ്ങി സൂക്ഷിക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കണം. അല്ലെങ്കില്‍ അതിന്റെ പകിട്ട് മങ്ങി ആകര്‍ഷണം നഷ്ടപ്പെടും. പൊതുജനത്തിന്റെ ശ്രദ്ധ പതിയാനും താമസം വരും. കേടായാല്‍ പുതിയത് വാങ്ങുകയല്ലാതെ ഇതു കഴുകാനോ ഡ്രൈ ക്ലീനിംഗോ ഒന്നും ചെയ്യാന്‍ പറ്റില്ല. ഞങ്ങള്‍ തിരികെ വാങ്ങാറുമില്ല; എന്തിനു പറയണം, ആക്രിക്കടയില്‍പ്പോലും വാങ്ങില്ല. ഇതു ഞങ്ങള്‍ക്കു നല്ല ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. പരിസ്ഥിതിക്കും സമൂഹത്തിനും ഉപദ്രവമാകുന്നു എന്നു പറഞ്ഞു പല സംഘടനകളും ഞങ്ങള്‍ക്കെതിരാണ്'' - അയാള്‍ പറഞ്ഞുനിര്‍ത്തി. പിന്നീട് അയാളുടെ അടുത്തേയ്ക്കു ചെന്നു ശബ്ദംതാഴ്ത്തി പറഞ്ഞു: ''സാറിനറിയുമോ ഈ സംഘടനയിലെ പല നേതാക്കന്മാരും ഞങ്ങളുടെ സ്ഥിരം കസ്റ്റമറാ, ഇവരെല്ലാം പല ഐഡന്റിറ്റിയുള്ളവരല്ലേ സാര്‍, അതുകൊണ്ടു ഇതെല്ലാം അങ്ങ് ഒതുങ്ങിപ്പോകും.''

''ഇവിടെ കലാകാരന്മാരുടെ ഐഡന്റിറ്റികളില്ലേ, ഒന്നും കാണുന്നില്ലല്ലോ?''

സെയില്‍സ്മാന്‍ വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു: ''ഒരുനില മുഴുവനായും കലാകാരന്മാരുടേതാണ് സര്‍. വിവിധ വിഭാഗങ്ങളിലായിട്ടു ധാരാളമുണ്ട്. കവികള്‍, കഥാകാരന്മാര്‍, പാട്ടുകാര്‍, അഭിനേതാക്കള്‍ എന്നുവേണ്ട നാട്ടിലുള്ളതും പണ്ടുണ്ടായിരുന്നതും ആയ വിവിധ കലാരൂപങ്ങളുടേയും ഇവിടെയുണ്ട്. ഇവിടെനിന്നു വാങ്ങിപ്പോയവരെല്ലാം ഇപ്പോള്‍ വലിയ നിലയിലുമാണ്.''

''അതെന്താ അങ്ങനെ?''

''അത് സര്‍, ഞങ്ങള്‍ കൊടുക്കുന്ന കലാകാരന്മാരുടെ ഐഡന്റിറ്റിയുള്ളവരെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കും. അവരെ വിലയ്ക്കുവാങ്ങാന്‍ രാഷ്ട്രീയക്കാര്‍, സമുദായം തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ തയ്യാറുമാണ്. ഏതെങ്കിലും ഒരു സംഘടനക്കാര്‍ ഇവരെ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം കുശാലല്ലേ? കലാകാരന്മാര്‍ അവര്‍ക്കുവേണ്ടി കഥകളും കവിതകളും എഴുതും; അവരുടെ ശത്രുക്കളെക്കുറിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കും; പുതിയ ഭാഷ്യത്തില്‍ പറഞ്ഞാല്‍ ട്രോളുകള്‍ ചമയ്ക്കും; കലാവിരുന്നുകള്‍ സംഘടിപ്പിക്കും. പ്രതിഫലമായി പണം, പ്രശസ്തി, പുരസ്‌കാരങ്ങള്‍ തുടങ്ങി എല്ലാം കിട്ടുകയും ചെയ്യും. നിലനില്‍പ്പും ഈസി.'' സെയില്‍സ്മാന്‍ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞുനിര്‍ത്തി.

''താങ്കള്‍ പറയുന്നത് ഒരു കലാകാരന്‍ സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ഐഡന്റിറ്റി വെറുതെ ആയിപ്പോകും എന്നാണോ?'' അയാള്‍ നീരസത്തോടെ ചോദിച്ചു.

''തികച്ചും അല്ല സര്‍, ഇതു നിലനില്‍പ്പിന്റെ ഐഡന്റിറ്റി; സാറു പറയുന്നതു യഥാര്‍ത്ഥ ഐഡന്റിറ്റി; അതു കാലത്തിനെ അതിജീവിക്കുന്നവ; അതു ഞങ്ങള്‍ക്കെന്നല്ല ആര്‍ക്കും വാങ്ങാനോ; വിലയിടാനോ സാധിക്കുകയുമില്ലല്ലോ.''

''ശരി, ശരി ഒരുകാര്യം ചെയ്യൂ, എനിക്ക്... എനിക്കൊരു ദേശസ്‌നേഹിയുടെ ഐഡന്റിറ്റി കിട്ടുമോ?'' - അയാള്‍ സംശയത്തോടെ ചോദിച്ചു.

''വളരെ ബുദ്ധിമുട്ടാണ് സര്‍, പണ്ട് ധാരാളമായി ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട് സര്‍, ശരിയായ ദേശസ്‌നേഹികള്‍. ഇപ്പോള്‍ വളരെ കുറവും. അവരെ തിരിച്ചറിയാന്‍പോലും ബുദ്ധിമുട്ടല്ലേ സര്‍. പ്രത്യേകിച്ചും ഒറിജിനല്‍ കിട്ടാന്‍. ഡ്യൂപ്ലിക്കേറ്റ് മതിയെങ്കില്‍ ഇവിടെയുണ്ട്. പേരിനൊരു ചെറിയ മാറ്റമുണ്ടാകും എന്നു മാത്രമേയുള്ളൂ. ദേശത്തിനു പകരം ദേഹമാകും, ദേഹസ്‌നേഹി. അതുമായി പുറത്തിറങ്ങിയാല്‍ ദേശസ്‌നേഹിയാണെന്നേ തോന്നു. എത്രയോ പേര്‍ ഞങ്ങളുടെ അടുത്തുനിന്നും അതുവാങ്ങി പോയിരിക്കുന്നു; അവര്‍ക്കെല്ലാം ഇപ്പോള്‍ എന്താ വിലയെന്നറിയാമോ സാറിന്. സാറിനെപ്പോലെയുള്ളവര്‍ ദേശസ്‌നേഹം ഒരു ഐഡന്റിറ്റിയായി മാത്രം കൊണ്ടുനടക്കരുത്; യഥാര്‍ത്ഥ ദേശസ്‌നേഹം ഉള്ളിലല്ലേ സര്‍ വേണ്ടത്; അതു പ്രകടനത്തിനും പ്രദര്‍ശനത്തിനും ഉള്ളതല്ലല്ലോ സര്‍.''

''താങ്കള്‍ക്ക് ഒരു സെയില്‍സ്മാന്റെ ഐഡന്റിറ്റി മാത്രമല്ല, ഒരു തത്ത്വചിന്തകന്റേതു കൂടിയുണ്ടല്ലോ?'' അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

''കണ്ടോ കണ്ടോ, സാര്‍ കുറച്ചുസമയം കൊണ്ടുതന്നെ ഐഡന്റിറ്റികളെ തിരിച്ചറിയാനും മനസ്സിലാക്കാനും പഠിച്ചിരിക്കുന്നു. കൊള്ളാം.''

''സുഹൃത്തേ, ഞാനിതെല്ലാം കണ്ട് ആകെ ആശയക്കുഴപ്പത്തിലായിരിക്കുന്നു. ഐഡന്റിറ്റികളെ തമ്മില്‍ കണ്ടാല്‍പ്പോലും തിരിച്ചറിയാനാവുന്നില്ല. ശരിക്കു പറഞ്ഞാല്‍ ഒരു ഐഡന്റിറ്റി ക്രൈസിസ്... സ്വത്വപ്രതിസന്ധി. ഏതാണ് തിരഞ്ഞെടുക്കുക എന്നുള്ളത് അതിലും ബുദ്ധിമുട്ട്. ഇപ്പോള്‍ത്തന്നെ വാങ്ങണമോ അതോ പിന്നീട് മതിയോ എന്ന സംശയവും. എന്തായാലും ഒന്നുകൂടി ആലോചിച്ചു പിന്നീട് വന്നുവാങ്ങാം. തല്‍ക്കാലം എന്റെ ഇപ്പോഴുള്ള ഐഡന്റിറ്റിയുമായി പോകാം എന്നു കരുതുന്നു. എന്താ താങ്കളുടെ അഭിപ്രായം?'' അയാള്‍ സെയില്‍സ്മാനോട് ചോദിച്ചു.

''സര്‍, താങ്കളെപ്പോലെയുള്ളവര്‍ അനിവാര്യമെങ്കില്‍ മാത്രം ഇതു വാങ്ങിയാല്‍ മതി. സ്വന്തമായി ഐഡന്റിറ്റികള്‍ ഇല്ലാത്തവര്‍ ധാരാളമുണ്ട്. അവര്‍ ഇതു തരംപോലെ വാങ്ങുകയും അതു മുതലാക്കുകയും ചെയ്‌തോളും. അതിരില്ലാത്ത ആഗ്രഹങ്ങള്‍ ഉള്ളവരാണ് സര്‍ പലവിധ ഐഡന്റിറ്റികളുടെ പുറകെ പായുകയും പലപ്പോഴും കാലിടറി വീഴുകയും ചെയ്യുന്നത്.'' - സെയില്‍സ്മാന്‍ ഉപദേശരൂപേണ പറഞ്ഞുനിര്‍ത്തി.
''തല്‍ക്കാലം ഇപ്പോള്‍ വാങ്ങേണ്ട എന്നു തീരുമാനിക്കാമെന്നു വിചാരിക്കുന്നു. എന്തായാലും ഇതെല്ലാം കാണാനും താങ്കളെ പരിചയപ്പെടാനും കഴിഞ്ഞല്ലോ. ജീവിക്കാന്‍ ഇതൊരെണ്ണം കൂടിയേ തീരൂ എന്നു തോന്നുമ്പോള്‍ ഞാനിവിടെ വരാം.'' നന്ദി പറഞ്ഞു തിരികെ നടന്ന അയാളെ സെയില്‍സ്മാന്‍ പുറത്തേയ്ക്കുള്ള വാതിലിനടുത്തേയ്ക്ക് അനുഗമിച്ചു.

അയാള്‍ ടോക്കണ്‍ കൗണ്ടറില്‍ കൊടുത്തു. ''എന്റെ ഐഡന്റിറ്റി തന്നേക്കൂ, തല്‍ക്കാലം അതുമതി.''

കൗണ്ടറിലിരുന്നയാള്‍ ടോക്കണുമായി അകത്തേയ്ക്കു പോയി. കുറച്ചുനേരത്തിനുശേഷം വളരെ പരിഭ്രമത്തോടെ പുറത്തേയ്ക്കു വന്നു പറഞ്ഞു: ''ക്ഷമിക്കണം, താങ്കളുടെ ഐഡന്റിറ്റി ഇവിടെയെങ്ങും കാണുന്നില്ല. ആരോ മാറി എടുത്തോണ്ട് പോയോ എന്നു സംശയമുണ്ട്.''

അയാള്‍ വിശ്വസിക്കാനാകാതെ അന്ധാളിച്ചുകൊണ്ട് കൗണ്ടറിലെ ആളിനേയും കൂടെയുണ്ടായിരുന്ന സെയില്‍സ്മാനേയും മാറിമാറി നോക്കി. ''നിങ്ങളെന്താ ഈ പറയുന്നത്? എന്റെ ഐഡന്റിറ്റി കാണുന്നില്ലെന്നോ. നിങ്ങള് പറഞ്ഞിട്ടല്ലേ ഞാനത് ഇവിടെ ഏല്പിച്ചത്. സുരക്ഷിതമായിരിക്കും എന്നു നിങ്ങളല്ലേ എനിക്കുറപ്പു തന്നതു്. നിങ്ങളൊന്നുകൂടി ശരിയായി നോക്കൂ, ദയവായി എന്റെ ഐഡന്റിറ്റി നോക്കിയെടുത്തു തരൂ.'' അയാള്‍ വിലപിച്ചുകൊണ്ടു നിലത്തേയ്ക്കിരുന്നു.

''ദൈവമേ, എന്റെ ഐഡന്റിറ്റി... ഞാനെങ്ങനെ പുറത്തേക്കിറങ്ങും; എന്റെ വീട്ടിലെന്തു പറയും; നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും? എന്റെ ഐഡന്റിറ്റി കണ്ടെത്തി തരൂ.'' അയാള്‍ ദയനീയമായി രണ്ടപേരെയും നോക്കി.

''വിഷമിക്കാതിരിക്കൂ സര്‍, ഞങ്ങള്‍ അതു കണ്ടെത്തി തരാം. ഇപ്പോള്‍ ഒരു കാര്യം ചെയ്യൂ, താങ്കളുടെ ഫോണ്‍ നമ്പറും അഡ്രസ്സും തരൂ. ഞങ്ങള്‍ എത്രയും പെട്ടെന്നുതന്നെ താങ്കളുടെ ഐഡന്റിറ്റി കണ്ടുപിടിച്ചു താങ്കളുമായി ബന്ധപ്പെടാം. തല്‍ക്കാലം ഒരു കാര്യം ചെയ്യൂ സര്‍, ഇവിടെ നിന്നും ഒരു നല്ല ഐഡന്റിറ്റിയുമായി പോകൂ. താങ്കളുടെ ഐഡന്റിറ്റി കിട്ടിയതിനുശേഷം അതു തിരിച്ചേല്പിച്ചാല്‍ മതി. ഈ ഐഡന്റിറ്റിക്കു താങ്കള്‍ വിലയും തരേണ്ട.''

നിലത്തു തലകുനിച്ചിരുന്ന അയാള്‍ സങ്കടത്തോടെയും ദേഷ്യത്തോടെയും എഴുന്നേറ്റുകൊണ്ടു പറഞ്ഞു: ''എനിക്കു വേണ്ട നിങ്ങളുടെ ഐഡന്റിറ്റി. വിലയില്ലാത്ത ഐഡന്റിറ്റി. എനിക്കെന്റെ ഐഡന്റിറ്റി മതി. ആര്‍ക്കുവേണം വിലയില്ലാത്ത ഐഡന്റിറ്റി.'' 

ഇത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകളുമായി അയാള്‍ പുറത്തേയ്ക്കിറങ്ങി നടന്നു. അപ്പോഴും അയാള്‍ ഒരു ഉന്മാദ അവസ്ഥയിലെന്നോണം പുലമ്പുന്നുണ്ടായിരുന്നു '...എനിക്കെന്റെ ഐഡന്റിറ്റി മതി... എന്റെ ഐഡന്റിറ്റിയെവിടെ... ആരാണ് എന്റെ ഐഡന്റിറ്റിയുമായി പോയത്?... ആര്‍ക്കുവേണം വിലയില്ലാത്ത ഐഡന്റിറ്റി... എനിക്കെന്റെ ഐഡന്റിറ്റി മതി.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com