'ആറ്റിറ്റ്യൂ‍ഡ് ഓഫ് ​ഗ്രാറ്റിറ്റ്യൂഡ്'- വി.എസ്. അജിത്ത് എഴുതിയ കഥ

ചെന്നൈ എഗ്മോറില്‍നിന്നും അനന്തപുരി എക്‌സ്പ്രസ് അനങ്ങിത്തുടങ്ങിയപ്പോഴാണ് അയാള്‍ ഓടിക്കയറിയത്. ട12-ന്റെ ഹാന്‍ഡ് റെയിലിലാണ് പിടിത്തം കിട്ടിയത്
ചിത്രീകരണം: പാവേൽ
ചിത്രീകരണം: പാവേൽ

ചെന്നൈ എഗ്മോറില്‍നിന്നും അനന്തപുരി എക്‌സ്പ്രസ് അനങ്ങിത്തുടങ്ങിയപ്പോഴാണ് അയാള്‍ ഓടിക്കയറിയത്. ട12-ന്റെ ഹാന്‍ഡ് റെയിലിലാണ് പിടിത്തം കിട്ടിയത്. തോളില്‍ ബാക്ക് പായ്ക്കും വലംകയ്യില്‍ എയര്‍ബാഗുമുണ്ട്. മനക്കണക്കുകൊണ്ട് കമ്പാര്‍ട്ട്‌മെന്റുകള്‍ എണ്ണിയെണ്ണി വെസ്റ്റിബ്യൂള്‍സിലൂടെ നടന്ന് ട5-ല്‍ എത്തി. ചോദിക്കാന്‍ ആരും ഇല്ല. യാത്രക്കാര്‍ മൊത്തം കയറുന്നത് അടുത്ത സ്റ്റേഷനില്‍നിന്നാണെന്നു തോന്നുന്നു.

ബാഗുകളും പൊതികളും സീറ്റില്‍ ഉപേക്ഷിച്ചശേഷം ഷൂസും സോക്‌സും ഊരിമാറ്റി. മിന്നലുപോലെ തണുത്ത കാറ്റിന്റെ ഒരു ചീള് പാദങ്ങളെ തൊട്ട് കടന്നുപോയി. ഒരു ഫോര്‍പ്ലേയുടെ സുഖം! എയര്‍ബാഗില്‍നിന്നും പ്ലാസ്റ്റിക് കവറെടുത്തു് ചപ്പല്‍സ് തറയില്‍ തട്ടി. ഷൂസും സോക്‌സും അതിലിട്ട് തിരികെ വച്ചു. സൈഡിലെ സിബ്ബ് തുറന്ന് കോര്‍ട്ടറും സ്പ്രൈറ്റും പൊക്കി. അവ പാന്റ്സിന്റെ ഇരുപോക്കറ്റുകളിലുമായി നിക്ഷേപിച്ചു. കുഴല്‍പോലെ ഉരുട്ടിവച്ചിരുന്ന ടീഷര്‍ട്ടെടുത്ത് കക്ഷത്തില്‍ തിരുകി ടോയ്ലറ്റിലേക്ക് നടന്നു. അറുനൂറുമില്ലിയുടെ സ്പ്രൈറ്റില്‍നിന്നും ഇരുനൂറു മില്ലി കുടിച്ചശേഷം കോര്‍ട്ടര്‍ പൊട്ടിച്ചു് പ്രീമിക്‌സ് ചെയ്തു. ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പി കക്കൂസ് കുഴിയിലൂടെ പാളത്തിലേക്ക് വീഴുന്ന 'ക്ലിങ്' ശബ്ദം ഫ്രോണ്ടല്‍ലോബില്‍നിന്നും മെഡുല ഒബ്ലാങ്കേറ്റയിലേക്ക് കൊള്ളിയാന്‍പോലെ പാഞ്ഞു. ഒരറുപതടിച്ച സുഖം! സംഗീതാത്മകം! 

ഉടുപ്പൂരി മൂന്നുപ്രാവശ്യം മുഖംകഴുകി കുളിര്‍മ്മ വരുത്തിയിട്ട് ടീഷര്‍ട്ടണിഞ്ഞു. നനഞ്ഞ കൈവിരലുകളാല്‍ തലമുടി മുന്‍പില്‍നിന്നും പുറകിലേയ്ക്ക് വയലുപോലെ പത്തുചാല്‍ ഉഴുത ശേഷം ഇരുചെവികളേയും അമര്‍ത്തി. സൈഡ് സീറ്റില്‍ വന്ന് കാല്‍ നിവര്‍ത്തിയിരുന്നു. നിലാവെളിച്ചത്തില്‍ പിന്നിലേയ്ക്ക് പായുന്ന മരങ്ങളെ സാക്ഷിയാക്കി ഫസ്സിയായ കാമുകിയുടെ ബ്രായുടെ ഹുക്ക് പുറകുവാക്കിന് ആദ്യമായി അഴിക്കുന്നപോലെ സ്ലോമോഷനില്‍ ഫിസ്സിയായ പ്രീമിക്‌സിന്റെ അടപ്പു തുറന്ന് ഒരിറുക്ക് വായിലേക്കൊഴിച്ചു. ഹാ! വാട്ട് എ ജൂസി സ്മൂച്ച്! അന്നനാളവും ആമാശയവും കടന്ന് അത് ഡുവോഡിനത്തില്‍ സ്പര്‍ശിച്ച മാത്രയില്‍ നിര്‍ത്താതെ കടന്നുപോയ കുഞ്ഞുസ്റ്റേഷനിലെ മഞ്ഞവെളിച്ചത്തില്‍ അയാളുടെ കവിളില്‍ കണിക്കൊന്ന വിടര്‍ന്നു. ഒരു കവിള്‍കൂടി അകത്താക്കി.

ഓര്‍ഗാസത്തിലെന്നപോലെ കണ്ണുകളടച്ചു് രണ്ടു നിമിഷം ഇരുന്നു. സ്‌കെലറ്റല്‍ മസിലുകള്‍ അയഞ്ഞ് സ്മൂത്ത് മസിലുകള്‍ ആയി! ഒന്‍പതു മണിക്ക് തുടങ്ങിയ കോണ്‍ഫറന്‍സും ഫയറിങ്ങും ടാര്‍ജെറ്റും ഒക്കെ മരങ്ങള്‍ക്കൊപ്പം പുറകിലേക്ക് ചലിച്ച് ചരിത്രത്തിനു മുതല്‍ക്കൂട്ടായി. മൂന്നാമത്തെ സിപ്പോടെ അയാള്‍ മുഴുവനായും പ്രസന്റ് ടെന്‍സില്‍ എത്തി.

ഹോട്ടലില്‍നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള ദുരിതയാത്രയില്‍ മുടിഞ്ഞ ട്രാഫിക്കായിട്ടു കൂടി കോര്‍ട്ടറും സ്‌പ്രൈറ്റും ടൊമാറ്റോ ഫ്‌ലേവര്‍ ലേയ്സും വാങ്ങാന്‍ സഹായിക്കുകയും ട്രെയിന്‍ പോയിക്കളയും മുന്‍പ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്ത ഓട്ടോക്കാരന്‍ അണ്ണാച്ചിക്ക് മനസ്സാ നന്ദി പറഞ്ഞു. 'ആറ്റിറ്റിയൂഡ് ഓഫ് ഗ്രാറ്റിറ്റിയൂഡ്' ആയിരുന്നല്ലോ സെയില്‍സില്‍ ശോഭിക്കാത്തതുകൊണ്ട് ട്രെയിനിങ്ങിലേക്ക് പ്രൊ മോഷന്‍ കിട്ടിയ ചാറ്റര്‍ജിയുടെ ഒരു മണിക്കൂര്‍ നേരത്തെ കണ്ഠക്ഷോഭം! പവര്‍ പോയിന്റില്‍ കിടക്കുന്ന വാക്യങ്ങള്‍ നോക്കി വായിച്ചു എന്നല്ലാതെ ചാറ്റര്‍ജിക്ക് വിഷയം അത്ര പിടികിട്ടിയ ലക്ഷണമില്ലെന്ന് പുള്ളി കയ്യീന്നിട്ടു പറഞ്ഞ പൊട്ട ഉദാഹരണങ്ങളില്‍നിന്നും വ്യക്തമാണ്. അയാള്‍ക്കത് കുറച്ചുകൂടി കലങ്ങിയിട്ടുണ്ട്. ആറ്റിറ്റിയൂഡ് ഓഫ് ഗ്രാറ്റിറ്റിയൂഡ് എന്നാല്‍, സമൃദ്ധിയുടെ മനോനിലയാണെന്നു തോന്നുന്നു. ഇന്നത്തെ രാത്രിഭക്ഷണം മൂന്നു പെഗ്ഗ് മദ്യവും പത്തുരൂപയുടെ ലേയ്സും ആണെന്നതില്‍ ഒരു റിച്ച്നെസ്സ് ഫീല്‍ ചെയ്യുക! മനോനിര്‍വൃയും സംതൃപ്തിയും അനുഭവിക്കുക. ആയതിനു ഉരുളക്കിഴങ്ങ് കര്‍ഷകന്‍ മുതല്‍ അടുത്ത സ്റ്റേഷനില്‍നിന്നു മാത്രം കേറാനിരിക്കുന്ന മോറല്‍ പൊലീസുകാരോടുവരെ നന്ദിയുണ്ടായിരിക്കുക. എത്ര മഹത്തായ ആശയം!

''വാതിലിനു തൊട്ടടുത്തുള്ള കമ്പാര്‍ട്ട്മെന്റ് കിട്ടരുതേ എന്ന് എപ്പഴും ആഗ്രഹിക്കും. പക്ഷേ, അതേ കിട്ടൂ. റെയില്‍വേയുടെ കെടാവിളക്കായ കക്കൂസ് ലൈറ്റിന്റെ വെട്ടം കാരണം ഇന്നത്തെ ഉറക്കവും ഗോപി തന്നെ. ലോവര്‍ബര്‍ത്ത് കിട്ടിയതുകൊണ്ട് ഒരു ബാര്‍ഗൈനിങ് പൊട്ടന്‍ഷ്യല്‍ ഉണ്ട്. മിഡില്‍ബര്‍ത്തിലെ അമ്മച്ചിയുടേതുമായി എക്‌സ്ചേഞ്ച് ചെയ്യാന്‍ അപേക്ഷ കിട്ടിയേക്കും. അതാവുമ്പം ആളുകള്‍ ചാരിച്ചാരി പൊടിയൊക്കെ തൂത്തുകളഞ്ഞിട്ടുണ്ടാവും. ഫാനില്‍നിന്നുള്ള ദൂരം നോക്കിയാലും മിഡില്‍ബര്‍ത്താണ് അനുകൂലം. ഇതുവരെയുള്ള ചരിത്രം അനുസരിച്ചു് ഒരു കിളവനും കിളവിയും അഞ്ച് മരങ്ങോടന്മാരുമായിരിക്കും സഹയാത്രികര്‍. മൊത്തവും 'ബൈജു'മാര്‍ വന്ന് അപ്പര്‍ബെര്‍ത്തിലോട്ട് ഓടിക്കാതിരുന്നാല്‍ മതിയായിരുന്നു. അവിടമാകെ പൊടിയായതുകൊണ്ട് തുമ്മിത്തുമ്മി മരിക്കും. ചെറുപ്പക്കാരി പോയിട്ട് ഒരു 'തൈ'പോലും വരാനുള്ള ഭാഗ്യം നമുക്കില്ല. പത്തുരൂപേടെ ലേയ്സ് തൊണ്ടക്കുഴിവരെ എത്താനുള്ളതേ ഉള്ളൂ. കോണ്‍ഫറന്‍സ് ഇത്തിരി നേരത്തേ നിര്‍ത്തണമെന്ന് ആ സാഡിസ്റ്റ് പന്നികളോട് എത്ര പറഞ്ഞാലും കേള്‍ക്കില്ല. അല്ലെങ്കിലവര്‍ക്ക് ഫ്‌ലൈറ്റ് ടിക്കറ്റ് തന്നുകൂടേ! ഒരു ചിക്കന്‍കാല് കടിക്കാനുള്ള മൂടുണ്ട്. ഇന്നിനി വല്ല ചപ്പാത്തിയും കിഴങ്ങുമെങ്കിലും കിട്ടിയാല്‍ ഭാഗ്യം. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇരുപത്തിനാലു മണിക്കൂറും കിട്ടുന്ന 'പെറോട്ടയും മുട്ടക്കറീം' പാഴ്സലിന്റെ വില ഇപ്പഴാണ് അറിയുന്നത്.''

അയാളുടെ സ്റ്റാന്‍ഡേര്‍ഡ് ചിന്താധാരയാണ് മേല്‍ പ്രസ്താവിച്ചത്. ഇന്നയാള്‍ പാടേ മാറിയിരിക്കുന്നു. ഗ്രാറ്റിറ്റിയൂഡിന്റെ ക്ലാസ്സ് ഗുണംചെയ്ത മട്ടുണ്ട്. ആര്‍.എ.സിക്കാരന്‍ വരികയാണെങ്കില്‍ അയാള്‍ക്ക് തന്റെ ബര്‍ത്ത് കൊടുത്തിട്ട് പുറകിലേക്ക് പായുന്ന മരങ്ങളും ആകാശവും മകരനക്ഷത്രവും നോക്കി ഇന്നത്തെ രാത്രി ഉറങ്ങാതെ ഇരിക്കാമെന്നാണ് അയാളിപ്പോള്‍ ചിന്തിക്കുന്നത്! നമുക്ക് ഗോചരമല്ലാത്ത ഒബ്ലീക്ക് ആംഗിളിലൂടെ അര്‍ക്കനുമായി നോണ്‍ വെര്‍ബല്‍ കമ്യൂണിക്കേഷന്‍ നടത്തുന്ന അമ്പിളിയെ നിരീക്ഷിക്കണമെന്നുമുണ്ട്! 

''വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍''

എന്ന മൂളിപ്പാട്ടിന്റെ ലഹരിയില്‍ അയാള്‍ പ്രീമിക്‌സിനെ ഒന്നുകൂടി ചുംബിച്ചു.

''വാതിലില്‍ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിന്‍
വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു... തെന്നല്‍ തരിച്ചുനിന്നു'' 

എന്ന ഭാഗത്തെത്തിയപ്പോള്‍ ട്രെയിന്‍ നിന്നു. ഭൂതത്താന്‍ അണക്കെട്ട് തുറന്നുവിട്ടപോലെ ആളുകള്‍ ഇരച്ചുകയറി. ആളുക്ക് നാലു ബാഗുംകൊണ്ട് കയറിയ പാണ്ടികള്‍ സീറ്റുക്ക് ആറ് പേരെന്ന കണക്കില്‍ ഇരുന്നു. പണ്ടത്തെപ്പോലെ അയാള്‍ വിമ്മിഷ്ടം കാണിച്ചില്ല. പതിവുപോലെ ഒരു പ്രമുഖ മുഖ്യപ്രഭാഷകനും ഇരുപത്തേഴ് ഏഴാംകൂലി ആശംസാപ്രസംഗകരും എന്ന പവര്‍ ഇക്വേഷന്‍ മനസ്സില്‍ തികട്ടിയില്ല. ഇച്ചിരി ഒതുങ്ങിക്കൊടുക്കുകയൂം ചെയ്തു. സീറ്റിന്റെ അവകാശികള്‍ വരുമ്പോള്‍ പാണ്ടികള്‍ പൊയ്ക്കോളും. ഇന്നിപ്പോ പോയില്ലെങ്കിലും അയാള്‍ക്ക് പുല്ലാ! അവനവന്റെ കാര്യത്തില്‍ സ്ഥിരതയില്ലാത്ത ജനക്കൂട്ടം വല്ലവന്റേം കന്നന്തിരിവില്‍ ശ്രദ്ധിക്കില്ല എന്ന വിശ്വാസത്തില്‍ അയാള്‍ ഒരു സിപ്പുകൂടി എടുത്തു.

വിചാരിച്ചപോലെ തന്നെ സീറ്റുനമ്പരിന്റെ ഉടയോന്മാര്‍ എത്തുകയും പാവങ്ങള്‍ പെട്ടിയും തൂക്കി പുറകിലേയ്ക്ക് പോവുകയും ഉണ്ടായി. കസേരകളിയും ടി.ടി.ഇയുടെ വരവും കഴിഞ്ഞ് കാര്യങ്ങള്‍ ഒന്നു കലങ്ങിത്തെളിഞ്ഞപ്പോഴാണ് ഏറിയാല്‍ മുപ്പത്തെട്ടു വയസ്സു തോന്നിക്കുന്ന, മുടിഞ്ഞ അഴകളവുകളുള്ള സുന്ദരിയും പതിനാറ്-പതിനേഴ് വയസ്സുള്ള മകളുമാണ് തന്റെ സഹബര്‍ത്തിനികള്‍ എന്ന സത്യം അയാള്‍ക്ക് വെളിപ്പെട്ടത്. ഒരു കാര്യം പറയാന്‍ മറന്നു. ഇത്രനേരവും മൂച്ചുവിടാതെ ഒരു മൊശകോടന്‍ അപ്പര്‍ബര്‍ത്തില്‍ കിടപ്പുണ്ടായിരുന്നു. ടി.ടി.ഇ വന്നപ്പോള്‍ മാത്രമാണ് നാം ടിയാനെ കാണുന്നത്. കെട്ടിയോനും കെട്ടിയോളും കൊച്ചു ചെറുക്കനും അമ്മൂമ്മത്തള്ളയും അടങ്ങിയ ഒരു ഇന്‍ഡിഫറന്റ് ഫാമിലിയും എത്തിയിട്ടുണ്ട്. 'വെന്‍ഡയഗ്ര'മനുസരിച്ച് അവരൊരു ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് എക്‌സ്‌ക്ലൂസീവ് ഗണമായി തുടരാനാണ് സാധ്യത! കൊച്ചുചെറുക്കന് തന്റെ ബര്‍ത്ത് കൊടുക്കുകയാണെങ്കില്‍ 'ക ഴമ്‌ല യശൃവേ മ രവശഹറ' എന്നു പറയാന്‍ പറ്റുമോ എന്ന വളിച്ച കോമഡിയാണ് അയാള്‍ക്ക് പെട്ടെന്ന് മനസ്സില്‍ വന്നത്. എന്നാല്‍, കോമഡി ട്രാജഡിയാക്കാനാണ് അപ്പര്‍ ബര്‍ത്തില്‍നിന്നുമിറങ്ങി എതിര്‍വശത്തെ സീറ്റില്‍ ഇരിപ്പുറപ്പിച്ച മൊശകോടന്‍ മയിരന്റെ തീരുമാനം! ടിയാന്‍ ഇനിയങ്ങോട്ട് 'മോമ' എന്നറിയപ്പെടും!

മോമ അയാളുടേയും സുന്ദരിയുടേയും മോന്തായത്തില്‍ ഒരു തൊട്ടില്‍ക്കമ്പുറപ്പിച്ച ശേഷം അതില്‍ ഞാത്തിയിരിക്കുന്ന തുണിയെ വരയ്ക്കുന്നപോലെ താടിയെല്ലുകള്‍ മൂന്നു പ്രാവശ്യം ആട്ടിയ ശേഷം പെന്‍ഡുലം സുന്ദരിയുടെ മൂഞ്ചിയില്‍ എത്തിയ വാറേ ഇപ്രകാരം മൊഴിഞ്ഞു:
''മാത്രയെ പോട്ടിരുക്ക്.''

അനന്തരം തന്റെ ഓഞ്ഞ തല നാല്‍പ്പത്തഞ്ചു ഡിഗ്രി ചരിച്ച് പെടുക്കാന്‍ നേരം പട്ടികള്‍ ചെയ്യുന്ന പോലെ അടിഭാഗം കഥാനായകന്റെ ഭാഗത്തേയ്ക്ക് പൊക്കി. ''നിന്നെ ഞാന്‍ പൂട്ടും മോനേ'' എന്ന വഷളന്‍ അംഗവിക്ഷേപത്തിനുശേഷം അതേ സ്പീഡില്‍ തിരിച്ചുവന്ന് സുന്ദരിയുടെ മുഖത്തു സ്റ്റില്‍ ആയി. സ്വര്‍ണ്ണക്കടത്ത് പിടിക്കാന്‍ വന്ന ഇ.ഡിയുടെ ഭാവമായിരുന്നു അയാള്‍ക്ക്! മാത്രയെന്നു പറഞ്ഞാല്‍ മരുന്ന്. മാത്രയെ പോട്ടിരുക്ക് എന്നു വെച്ചാല്‍ മരുന്നടിച്ചിട്ടുണ്ട്. അറിയാവുന്ന പൊടിത്തമിഴു വെച്ച് നിര്‍ദ്ധാരണം ചെയ്തപ്പോള്‍ താന്‍ മദ്യപിച്ചിട്ടുണ്ട് അഥവാ മദ്യപിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് ലവന്‍ പറയുന്നതെന്ന് അയാള്‍ക്കു പിടികിട്ടി.

സുന്ദരിയും മകളും പ്രതിക്കു നേരെ തിരിഞ്ഞുകൊണ്ട് ഏകകണ്ഠമായി ''മാത്രയെ പോട്ടിരുക്കാ?'' എന്നു ചോദിച്ചു. ''ആമാ'' എന്നു പാവം പ്രതിസ്പന്ദിച്ചു. അറിയാതെ പ്രീമിക്‌സ് പൊക്കിക്കാണിക്കുകയും ചെയ്തു. തല്‍ക്ഷണം അമ്മയും മകളും കുനിഞ്ഞു സീറ്റിനടിയില്‍നിന്നും തടിച്ച ബാഗ് പുറത്തെടുത്തു.

''ദൈവമേ... കുടികാരന്റടുത്ത് ഒരു നിമിഷംപോലും ഇരിക്കില്ലാന്നു വെച്ച് പിണങ്ങിപ്പോവുകയാണോ? പൊലീസിനെ വിളിച്ചോണ്ട് വരാനും മതി.''
ബാഗ് മടിയില്‍ വച്ച് ഇരുവരും കയ്യിട്ടുപരതി ഒരു കവര്‍ മിക്‌സ്ചര്‍ പുറത്തെടുത്ത്
''മാത്രയെ പോട്ടതല്ലേ? പശിയിരുക്കും...'' 

എന്നു പറഞ്ഞുകൊണ്ട് അയാള്‍ക്കുനേരെ നീട്ടി. മോമ ആരായി? ശശിയെന്നോ സുരയെന്നോ നിങ്ങള്‍ക്കിഷ്ടമുള്ളതു പറയാം. ലവന്‍ എന്തോ പിറുപിറുത്തുകൊണ്ട് അപ്പര്‍ബര്‍ത്തിലെ മാളത്തിലേക്കു വലിഞ്ഞു. മോമ പോയ ഗ്യാപ്പില്‍ അയാള്‍ അതിനാല്‍ എതിര്‍ഭാഗത്തു് ഒഴിവുവന്ന വിന്‍ഡോ സീറ്റില്‍ അഭിമുഖമായിരുന്ന് സുന്ദരിയെ നോക്കാന്‍ എളുപ്പമായി. പെണ്‍കുട്ടിക്ക് സൈഡ് സീറ്റ് കിട്ടിക്കോട്ടെ എന്ന ഔദാര്യമായും കരുതാം. പെണ്‍കുട്ടിയും അമ്മയും അയാളും ഒരു ട്രയാംഗിളിന്റെ മൂന്നു കോണുകളില്‍ ആയതോടെ ഇരുപ്പിന്റെ ക്ഷേത്രഗണിതം ശരിയായി.
സുന്ദരിക്ക് തമിഴ് മാത്രമേ തെരിയൂ. മകള്‍ക്ക് ഇംഗ്ലീഷ് അറിയാം. മകളെ വിവര്‍ത്തകയാക്കി അവര്‍ ആശയവിനിമയം തുടങ്ങി. സുന്ദരി നാണത്തോടെയും സ്ഥിരോത്സാഹത്തോടെയും മകളുടെ ചെവിയില്‍ ഓരോന്ന് മന്ത്രിക്കും. മകള്‍ മുന്നോട്ടു കുനിഞ്ഞുകൊണ്ട് ഓരോന്നും അയാളുടെ മൂക്കില്‍ വിവര്‍ത്തിക്കും. അവള്‍ക്ക് ഏലക്കയുടെ സുഗന്ധമുണ്ട്. ആചാരം രസകരമായി തോന്നിയതുകൊണ്ട് അയാളും അമ്മയ്ക്കായുള്ള ഉത്തരങ്ങളും ചോദ്യങ്ങളും അവളുടെ മുഖതാവില്‍ തന്നെ മൊഴിയും. ഇതൊന്നും സഹിക്കവയ്യാത്ത മോമ കൊക്കപ്പുഴുവിന്റെ ഉപദ്രവത്താലെന്നപോലെ ഒന്നുരണ്ടു പിടച്ചില്‍ പിടഞ്ഞശേഷം പൃഷ്ടം കാണിച്ച് കിടന്നുറങ്ങി.

അപ്പോഴേക്കും പുരികംവരെ നരച്ച ഒരു എലുമ്പന്‍ ഒരു കവറില്‍ വാഴപ്പഴമോ മറ്റോ കൊണ്ടു വന്നു മകളെ ഏല്പിച്ചിട്ടുപോയി. ആരാന്ന് ചോദിക്കാതെ തന്നെ അത് അപ്പയാണെന്ന് മകള്‍ പറഞ്ഞു. 

''അപ്പയേയും അമ്മയേയും കണ്ടാല്‍ അച്ഛനേയും മകളേയുംപോലെ ഉണ്ടല്ലോ.''

എന്ന് അയാള്‍ സാധാരണയില്‍നിന്നും വ്യത്യസ്തമായി അന്വര്‍ത്ഥമായും വസ്തുനിഷ്ഠമായും ആശ്ചര്യപ്പെട്ടു. 
''എല്ലാരും അങ്ങനെ പറയും. 26 വയസ്സിന്റെ വ്യത്യാസമുണ്ട്.''

അമ്മയുടെ വാക്യം അവള്‍ മൊഴി മാറ്റി.

''വൃദ്ധന്റെ പ്രണയം 
ചാഞ്ഞു പെയ്യുന്ന 
മഴ പോലെയാണ്.
അത് ശരക്കണ്ണീര്‍
പൊഴിച്ചുകൊണ്ട് 
ഉപരിതലങ്ങളെ സ്പര്‍ശിക്കുന്നു 
ഭൂഗര്‍ഭ 
നിഗൂഢതകളിലേക്കാഴ്ന്നിറങ്ങും മുന്‍പ് 
പെയ്തുമടങ്ങുന്നു.''

എന്ന റോസ്മേരിയുടെ വരികള്‍ ഓര്‍ത്തുകൊണ്ട് അയാള്‍ പൂര്‍ണ്ണചന്ദ്രനെ നോക്കി ഒരു സിപ്പുകൂടി ഇറക്കി. അവസാനത്തെ തുള്ളിയായിരുന്നു അത്.

ഡിണ്ടിവനത്തെത്തിയപ്പോള്‍ സഹയാത്രികരുടെ സൗകര്യാര്‍ത്ഥം മൂവരും ഒരു സൈഡിലേക്ക് മാറിയിരുന്നു. ഫോര്‍മല്‍ ആയ ചോദ്യങ്ങള്‍ തീര്‍ന്നുപോയ സ്ഥിതിക്ക് സംഭാഷണം തമാശകളിലേക്കും സ്ഥലനാമങ്ങളിലേക്കും തിരിഞ്ഞു. മലയാളികള്‍ നായയെ പട്ടി എന്നു പറയുമ്പോള്‍ തമിഴില്‍ അതിനു ഗ്രാമം എന്നാണ് അര്‍ത്ഥമെന്ന് അവര്‍ പറഞ്ഞു. കോവില്‍പ്പട്ടി, കാളിപ്പട്ടി, കോടംപ്പട്ടി തുടങ്ങിയ ഉദാഹരണങ്ങള്‍ നിരത്തി. അയാള്‍ ''ഉസിലാം പട്ടി പെണ്‍കുട്ടി മുത്തു പേച്ചു'' എന്ന മൂളിപ്പാട്ട് പാടി. വില്ലുപുരം എത്തിയപ്പോള്‍ മകള്‍ വില്ലടിച്ചു തുടങ്ങി. അനന്തരം എതിര്‍വശത്തെ ലോവര്‍ ബര്‍ത്തില്‍ നിദ്രയെ കെട്ടിപ്പിടിച്ചു് ഉറങ്ങി. 

ബെര്‍ത്തില്‍ അയാളും സുന്ദരിയും മാത്രമായി. ഉറക്കം വരുന്നെങ്കില്‍ തന്റെ മടിയില്‍ തല ചായ്ച്ച് കിടന്നോളാന്‍ അവള്‍ ആഹ്വാനം ചെയ്തു. ഉറക്കം വന്നില്ലെങ്കിലും അയാള്‍ അതനുസരിച്ചു. അവള്‍ തലമുടിയില്‍ തലോടുകയും കുസൃതിയോടെ മൂക്കില്‍ പിടിക്കുകയും ചെയ്തു. അനന്തരം നെറുകയില്‍ ചുംബിച്ചു. തല്‍ക്ഷണം നിദ്രയെ പൂണ്ടാനയാള്‍. സ്വച്ഛന്ദ സുന്ദര സുകുമാര സുഷുപ്തി. 

മൂന്നാംയാമത്തില്‍ ഞെട്ടിയുണര്‍ന്നു. ഡീഹൈഡ്രേഷനും മൂത്രശങ്കയും ഒരുമിച്ചു വന്നപോലെ! ശങ്ക തീര്‍ക്കാന്‍ നിദ്രാടകനെപ്പോലെ മറപ്പുരയിലേക്കു നടന്നു. ഒഴിഞ്ഞ മദ്യക്കുപ്പി വീണ ഗഹ്വരത്തിലൂടെ 'കാതുസൂത്രം' ട്രാക്കിലേക്കു വീണു. ട്രെയിനപ്പോള്‍ സ്ലോ മോഷനില്‍ ആയിരുന്നു. ബ്രേക്ക് പിടിക്കുമ്പോഴുള്ള ഇരുമ്പും ഉരുക്കും ഉരസുന്നതിന്റെ ഞരക്കം കേള്‍ക്കാം. ട്രെയിന്‍ നിന്നു. വിരുദുനഗര്‍ സ്റ്റേഷന്റെ ഔട്ടര്‍ ആയിരുന്നു അത്. അയാള്‍ അവിടെ ഇരുട്ടില്‍ ഇറങ്ങി. 'കൈപേശി' തേടി ട്രാക്കിനരികിലെ ചരലിലൂടെ നടന്നു.

നടന്നു നടന്ന് ശ്രീവില്ലിപുത്തൂറിലെ ആണ്ടാള്‍ കോവിലിനുള്ളില്‍ കയറിപ്പറ്റിയത് എങ്ങനെയെന്ന് ഓര്‍മ്മയില്ല. സവാരി കഴിഞ്ഞെത്തിയ കാളി അകത്താരെന്നു ചോദിച്ചു. പുറത്താരെന്നായി അവന്‍. പുറത്തു കാളി. എന്നാല്‍ അകത്തു ദാസന്‍. ശൂലം കൊണ്ട് നാവില്‍ ചിന്താമണിമന്ത്രം എഴുതുമ്പോള്‍ മിന്നല്‍പ്രഭയില്‍ അവനാ മുഖം കണ്ടു. തന്റെ നെറുകയില്‍ ചുംബിച്ച സുന്ദരി. ''ഐ ആം സെല്‍വി, അമ്മ നെയിം സുഗന്ധി'' എന്നു മകള്‍ പറഞ്ഞത് ഓര്‍മ്മ വന്നു. കൊളംബോയില്‍നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പത്തുമണിക്ക് അയാള്‍ തിരുവനന്തപുരത്തിറങ്ങി! ട്രെയിനപ്പോള്‍ നാഗര്‍കോവിലില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.

''പുലരി വന്നു വിളിച്ച നേരം അവനുണര്‍ന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞുപോയി...''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com