'ജാസ് ബാബു റോസ്'- പി.കെ. സുധി എഴുതിയ കഥ

കൗമാരക്കാരായ ദാഫ്നീസിന്റേയും ക്ലോയിയുടേയും നിസ്സഹായതയുടെ നിശ്വാസം ഇന്നും അതേ തീവ്രതയില്‍ മുഴങ്ങുന്നുണ്ട് ലോംഗൂസിന്റെ നോവലില്‍
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ആമുഖം

കൗമാരക്കാരായ ദാഫ്നീസിന്റേയും ക്ലോയിയുടേയും നിസ്സഹായതയുടെ നിശ്വാസം ഇന്നും അതേ തീവ്രതയില്‍ മുഴങ്ങുന്നുണ്ട് ലോംഗൂസിന്റെ നോവലില്‍. അന്യോന്യം പ്രേമിക്കുന്നുണ്ടെങ്കിലും അതു മനസ്സിലാക്കാത്തതിന്റെ, രതിയിലേര്‍പ്പെട്ട് അതിനെ പൂര്‍ത്തീകരിക്കാന്‍ അറിയാത്തതിന്റെ നിസ്സഹായതയിലാണ് അവര്‍. മുട്ടനാട് പെണ്ണാടിനോടു ചെയ്യുന്നത് അവര്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ചുംബിക്കുകയും ആലിംഗനം ചെയ്യുകയും നഗ്‌നരായി കിടക്കുകയുമല്ലാതെ കൂടുതല്‍ എന്തുവേണമെന്നവര്‍ക്ക് അറിയില്ല. പരസ്പരം നഗ്‌നത കണ്ട് അവര്‍ ഉത്തേജിതരാകുന്നുണ്ടെങ്കിലും ആ ഉദ്ദീപനത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാതെ ഇളംപ്രായക്കാര്‍ ഉഴറുന്നു. ഇരുവരേയും പ്രേമത്തിന്റെ നിഗൂഢതകളിലേയ്ക്ക് വഴികാണിക്കാന്‍ ഈറോസ്, ഡയോണിസസ്, പാന്‍ തുടങ്ങിയ ദേവന്മാര്‍ ജലദേവതമാരുമായി കൈകോര്‍ക്കുകയാണ്. അവര്‍ പ്രണയത്തിലാണെന്ന് ഇടയവൃദ്ധന്‍ ഫിലേറ്റസ് അവരെ പറഞ്ഞു മനസ്സിലാക്കുന്നു.
ബാബേല്‍ഫിഷ്. സച്ചുതോമസ്. 

അവരുടെ പേരുകള്‍ ജാസ്മിന്‍, റോസ്മേരി എന്നിങ്ങനെയായിരുന്നു. അവന്‍ ബാബുമോനും. 

ബാബുമോന്‍

ബാബുമോന്‍ അതിനെക്കുറിച്ച് ഇങ്ങനെയാണ് ഓര്‍ക്കുന്നത്: 
എനിക്കവര്‍ ജാസും റോസുമായിരുന്നു. ഒറ്റദിവസക്കാഴ്ചയില്‍ ഞാനവരെ മനസ്സില്‍ച്ചേര്‍ത്തു. കാച്ചെണ്ണയില്‍ കുതിര്‍ന്ന ആ പൂമണം തൊട്ടടുത്ത്. ആ സുന്ദരിക്കുട്ടികള്‍ വന്നപ്പോഴത്തെ സുഗന്ധം അതിപ്പോഴും മനസ്സില്‍ ഇരയ്ക്കുന്നുണ്ട്. അന്നു ഞങ്ങളെല്ലാം കുട്ടികളായിരുന്നു. ഒന്നുമൊട്ടും മറക്കാന്‍ വയ്യ! ഞങ്ങള്‍ക്ക് ഒരുമിക്കാന്‍ കഴിഞ്ഞത് വെറും മണിക്കൂറുകള്‍ മാത്രം. അത് വര്‍ഷങ്ങള്‍ അല്ലെങ്കില്‍ ദിനങ്ങളിലേയ്‌ക്കെങ്ങാനും നീണ്ടിരുന്നെങ്കില്‍! അതൊക്കെ ഓര്‍ത്തോര്‍ത്ത് ഞാന്‍ ചത്തുപോകുമായിരുന്നു. 

ഞങ്ങളന്ന് അവരുടെ ആ ചെറിയ നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. പപ്പയ്ക്ക് അവിടെയായിരുന്നു ജോലി. ഞാന്‍ ആ നാട്ടിലെ ബോയ്സ് സ്‌കൂളില്‍ പഠിച്ചു. അടുത്തല്ലാത്ത പെണ്‍പള്ളിക്കൂടത്തില്‍ വച്ചുനടന്ന റവന്യൂ യുവജനോത്സവത്തിനു പോയപ്പോള്‍ ഒരേ നഗരത്തിലായിരുന്ന ഞങ്ങള്‍ അങ്ങനെ ആദ്യമായി കണ്ടു. 

അതിശയം അവര്‍ ഇരട്ടകളോ? അതോ പ്രതിബിംബങ്ങളോ? ഒന്നിനെ മുറിച്ചുവച്ചതു മാതിരി. കഥാപ്രസംഗം പറയാനുള്ള സ്റ്റേജിനു സമീപത്തെ ഇരുണ്ട ക്ലാസ്സ്മുറിയില്‍ നില്‍ക്കെ ആ പെണ്‍കുട്ടികള്‍ ഒരുമിച്ച് കയ്യനക്കുന്നു. ചുണ്ടുകളിളക്കുന്നു. അവരെന്നെ മത്സരിച്ചു നോക്കുകയല്ലേ? എന്നൊക്കെയാണ് എനിക്കു തോന്നിയത്. അചേതനങ്ങളായ അവരുടെ പാവാടയും മുടിയും മാത്രം കാറ്റിനനുസരിച്ച് വിപരീതമായി ചലിച്ചു. തങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ തന്നെയാണെന്ന ഭാവം പകര്‍ന്നു. 

പലതവണ എന്റെ രണ്ടും അവരുടെ നാലും കണ്ണുകള്‍ ഒരുമിച്ചിടഞ്ഞു. ഞങ്ങളൊരുമിച്ച് അവ പിന്‍വലിച്ചു. എങ്ങനെയെന്നറിയില്ല. ഇച്ഛിക്കുമ്പോള്‍ നേത്രങ്ങള്‍ നാലും ഒരുമിച്ചു എന്നിലേയ്ക്ക് പറന്നുവന്നു. സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് ഒന്നുകൂടി കഥാപ്രസംഗം ഓര്‍മ്മിക്കണമെന്ന് തീരുമാനിച്ചിരുന്നതാണ്. അതു പറ്റിയില്ല.

ആദ്യം വേദിയില്‍ കയറിയത് ഞാനും ടെന്‍തിലെ ബൈജുവുമായിരുന്നു. അതു നന്നായി. അവര്‍ ഞങ്ങളുടെ പരിപാടി കാണാനെങ്ങാനുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ കുഴങ്ങിയേനേ! എനിക്ക് കഥയെടുക്കാന്‍ നാവു പൊങ്ങാതെ പോകുമായിരുന്നു. ബൈജുവിന് എന്തുപറ്റിയോ? അവന്റെ പിന്നണിപ്പാട്ടുകളും പാഴായി. ഗോപി കിട്ടും. സ്റ്റേജിന്റെ പടി ചാടിപ്പോരുമ്പോള്‍ എനിക്ക് തീര്‍ച്ചവന്നു. പെണ്‍പള്ളിക്കൂടമായതോണ്ടാവും വലിയ തോതില്‍ കൂവല്‍ കിട്ടിയില്ല. ആരാധനയായിരുന്നു ഏറെയും. 

ആറു കണ്ണുകള്‍ മടങ്ങിയതും ഒരേ ബസിലായിരുന്നു. നഗരം വിടുന്നതിനു തൊട്ടുമുന്‍പിലെ സ്റ്റോപ്പിലാണ് അവരിറങ്ങിപ്പോയത്. എന്റെ കണ്ണുകള്‍ ആവുന്നിടത്തോളം അവരെ പിന്തുടര്‍ന്നു. സ്റ്റോപ്പിനു പുറകിലാവണം അവരുടെ വീട്. അവര്‍ മുറ്റം കടന്നിട്ടേ ഞാനിരുന്ന വണ്ടി നീങ്ങിയുള്ളു. മുന്നോട്ടു നീങ്ങുന്ന ബസിലിരിക്കെ ആ നാലു കണ്ണുകള്‍ ഇതാ എന്റെ പുറകേ. അതെനിക്കു പിന്നാലെയുണ്ട്. ഞാനതു കണ്ടു. ആ കോമ്പൗണ്ടില്‍ ഒരേ മാതിരി രണ്ടു വീടുകള്‍. ആ ചെറുവസന്തങ്ങളെപ്പോലെ. അതവരുടേതാവണേ!
എനിക്ക് ബൈജുവിനോട് ദേഷ്യം തോന്നി. അവന്‍ റോസ്മേരിയുടേയും ജാസ്മിന്റേയും കഥാപ്രസംഗം എങ്ങനെയെന്നറിയാന്‍പോലും താല്പര്യപ്പെട്ടില്ല. ഒരു ഐസ്സ്റ്റിക്കും കടിച്ചുവലിച്ച് അവനങ്ങനെ നിന്നു. ഒരു പഞ്ചാര! എന്റെ വലത്തേ കൈ മുറിച്ചെടുത്ത് പതിവച്ചു വളര്‍ത്തിയെടുക്കാന്‍ ഞാന്‍ കൊതിച്ചു. ആ കൈമുറിത്തുണ്ട്, അവനെന്റെ ഇരട്ടയായ ചേട്ടനായി മാറുന്നതാണ്. അങ്ങനെ ഞങ്ങള്‍ നാലുപേരായി മാറും. മറ്റാര്‍ക്കും തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഇരുജോഡികള്‍.

അന്നു രാത്രിയില്‍ ഞാനുറങ്ങിയില്ല. അവര്‍ക്കൊപ്പം ജോഡി ചേര്‍ന്നു കഥ പറഞ്ഞും കഥാപ്രസംഗം നടത്തിയും അനേക വര്‍ഷങ്ങള്‍ ജീവിക്കുന്നതായി മനപ്പൂര്‍വ്വം കിനാവുകള്‍ കണ്ടു. സ്വപ്‌നങ്ങള്‍ തുടര്‍ച്ചയില്ലാതെ അറച്ചു മുറിയുമ്പോള്‍ ഞാനത് കൃത്യമായി ചിന്തിച്ചു പൂരിപ്പിച്ചു. 

പിറ്റേന്ന് നാലാം പീരിയേഡില്‍ ഞങ്ങളുടെ ക്ലാസ്സുമുറ്റത്ത് കാറുവന്നു നിന്നു. അതിനു മുന്‍പേ തന്നെ പപ്പ എച്ച്.എമ്മിനെ കണ്ടിരുന്നു. ബോര്‍ഡില്‍ മലയാളം സാറെഴുതിക്കൊണ്ടിരുന്ന അര്‍ത്ഥാന്തരന്യാസ അലങ്കാരത്തിന്റെ ലക്ഷണം എഴുതിത്തീര്‍ക്കാതെ പുസ്തകക്കെട്ടുമെടുത്ത് ഞാനതില്‍ കയറിപ്പോയി. ആരോടും യാത്ര പറയാന്‍പോലും കഴിഞ്ഞില്ല. നേരം കിട്ടിയില്ല. ''സംസാരമാം സാഗരത്തില്‍ അംസാന്തം മുങ്ങൊലാ സഖേ!'' അതായിരുന്നു ആ ക്ലാസ്സില്‍നിന്നും ഞാനവസാനം കേട്ടത്. 

മമ്മി ഇരുന്നതിനപ്പുറത്ത് ഞാന്‍ ജാസിനേയും റോസിനേയും കൈപിടിച്ചു കയറ്റിയതായി സങ്കല്പിച്ചു: അതിനാല്‍ സ്‌കൂളിനേയും കൂട്ടുകാരേയും മുറിച്ചുപോകുന്നതില്‍ സങ്കടം വന്നില്ല. ഒരു പത്ത് പന്ത്രണ്ട് മണിക്കൂറുകള്‍ ആ കാറോടിയിട്ടുണ്ടാവും. 

ഞാന്‍ മടുത്തില്ല. രണ്ട് പെണ്‍കുട്ടികളെ കല്യാണം കഴിച്ച് ഒപ്പം കൂട്ടുന്ന കേമഭാവത്തിലിരുന്നു.
ഇരട്ടക്കുട്ടികളെ എവിടെക്കണ്ടാലും ബാബു എന്ന ബാബുമോന്‍സാര്‍ അതെല്ലാം ഇക്കാലമത്രയും ഓര്‍ത്തു. അതിങ്ങനെ അയാളുടെ ജീവനുമായി പറ്റിക്കിടക്കുകയാണ്. 

റോസ്

നയന്‍തിലെ റോസ്മേരി ജോസഫിനേയും ജാസ്മിന്‍ ജോസഫിനേയും പരസ്പരം തിരിച്ചറിയാന്‍ പറ്റത്തില്ലല്ലോ! ആ ഗേള്‍സ് സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ സമാന ഇരട്ടക്കുട്ടികള്‍ പലപ്പോഴും ചര്‍ച്ചാവിഷയമായി. 
ഇവളുമാരെ കെട്ടിപ്പോകുമ്പോളാ കുഴപ്പമാകുന്നേ!
ടീച്ചര്‍മാര്‍ അങ്ങനെ പറഞ്ഞതിലെ ആന്തരാര്‍ത്ഥം ചില വാദ്ധ്യാന്മാര്‍ക്ക് മനസ്സിലായില്ല. ഓ, എന്നാ കുഴപ്പമാ? അവരുടക്കിട്ടു. അക്കാലത്ത് കാര്യങ്ങള്‍ക്ക് ഒരുവിധത്തിലുമുള്ള മനശ്ശാസ്ത്ര സമീപനങ്ങളുമില്ലായിരുന്നു. എല്ലാറ്റിലും വെട്ടൊന്ന് കണ്ടം രണ്ട് എന്നവസാനിപ്പിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.

ജാസ്മിന്‍, നിനക്ക് ഫിസിക്‌സിന് എഴുപത്തിയെട്ട്, റോസ്, യുഹാവ് എയിറ്റി, ഫോര്‍ കെമിസ്ട്രി. അങ്ങനെ ഉത്തരക്കടലാസു വിതരണവേളയില്‍ മിസ്സുമാരും സാറന്മാരും ഒരാളിനെക്കുറിച്ച് പറഞ്ഞാല്‍ മറ്റേയാളിന് എത്ര മാര്‍ക്കെന്നാരും അന്വേഷിക്കേണ്ട. മറ്റവള്‍ക്കും സെവന്റിയേറ്റും എണ്‍പതും തന്നെയാണ് ഫിസിക്‌സിനും കെമിസ്ട്രിക്കും. എത്ര കണ്ണുകിഴിച്ചു നോക്കിയാലും ഒരക്ഷരത്തെറ്റുപോലും... പരസ്പരം കണ്ടെഴുതി വച്ചതുമാതിരി. ചില കൊനഷ്ടന്‍ സാറന്മാര്‍ അവരെ മുന്നിലും പിന്നിലുമായി മാറ്റിയിരുത്തി ടെസ്റ്റുപേപ്പറുകള്‍ എഴുതിച്ചു നോക്കി.

ജാസ്മിനും റോസ്മേരിയും എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്റ്റാഫ് റൂമിലുണ്ടായ കോലാഹലം അവരുടെ ശാരീരിക, മാനസികപ്പൊരുത്തത്തെ അച്ചിട്ടുറപ്പിച്ചു. അന്നത്തെ ദിവസം റോസ് സ്‌കൂളില്‍ വന്നിരുന്നില്ല. 
എന്ത്യേടീ റോസ്? അവളെവിടെപ്പോയി?
ക്ലാസ്സില്‍വച്ചു അതു ചോദിച്ച അദ്ധ്യാപികയ്ക്ക് മുന്നില്‍ നാണം കാട്ടിയ ജാസ്മിന്‍ മറുപടി പറഞ്ഞില്ല. കൃത്യം മൂന്നാമത്തെ പീരിയേഡില്‍ ജാസ്മിനെ ബയോളജി ടീച്ചര്‍തന്നെ ഒതുക്കിപ്പിടിച്ചു കൊണ്ട് സ്റ്റാഫ്റൂമിലെത്തി. അവളെ വീട്ടിലെത്തിക്കാന്‍ അവര്‍ തന്നെ കൂട്ടുപോയി. അവിടെ അമ്മ ശോശന്നയ്‌ക്കൊപ്പം ആദ്യ തിരളലിന്റെ നാണവുമായി ബയോളജി ടീച്ചറിനെ വരവേറ്റത് റോസ്മേരിയായിരുന്നു. അതിനുശേഷം അവരുടെ കിറുകൃത്യമായ വ്യക്തിവിശേഷങ്ങളെ ആരും ചോദ്യം ചെയ്തില്ല. ആരാണ് ഏടത്തിയെന്നും അനിയത്തിയെന്നും അറിയാന്‍ വന്നവര്‍ വട്ടംചുറ്റിപ്പോയി.

ജാസ് 

കഥാപ്രസംഗ മത്സരം നടന്നതിന്റെ അന്നത്തെ ദിവസം ആ പെണ്‍കുട്ടികളുമുറങ്ങിയില്ല. ആദ്യമായിട്ടാണ് കല്യാണം കഴിക്കുന്നതിനെക്കുറിച്ച് അവരാലോചിച്ചത്. അതുവരെയും അത്തരത്തിലൊരു ചിന്ത അവരില്‍ കൂടുകെട്ടിയിരുന്നില്ല. 

ഞാന്‍ ആ ബാബുവിനെ മാത്രമേ കല്യാണം കഴിക്കത്തൊള്ളൂ. പപ്പയോട് പറഞ്ഞാല്‍ നടത്തിത്തരും. തീര്‍ച്ചയാണ്. എന്നിട്ട് അവനെയിങ്ങനെ ഉമ്മവയ്ക്കും. അത്രയൊക്കെ മതി. വേറൊന്നും വേണ്ട. ജാസിന്റെ ചിന്തകളില്‍ ഒരിടപെടല്‍. മനഃമാധുര്യത്തെ തട്ടിക്കമഴ്ത്തി റോസവളുടെ സ്വപ്‌നങ്ങളില്‍ കടന്നുകയറി. ജാസ് നോക്കിനില്‍ക്കെ, മോശം തന്നെ, അവള്‍ ബാബുമോനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും ചെയ്തു. ഇനി? മറ്റൊന്നും സമ്മതിക്കാതെ റോസിനു മുന്‍പേ ബാബുവുമായി ജാസ്. 

അവനെ കാണുന്നില്ലല്ലോ? പിറ്റേന്നു രാവിലെ അവര്‍ ബസ് സ്റ്റേഷനില്‍ വന്നെത്തിയ ബസുകളില്ലൊം ബാബുമോനെ തെരഞ്ഞു.

താന്‍ ശരിക്കും ഇരുവരേയും എങ്ങനെയാണ് ഒരേ സമയം ഏല്‍ക്കുക? അതായിരുന്നു ബാബുമോനെ ദുഃഖിപ്പിച്ചതെങ്കില്‍; എങ്ങനെ മറ്റൊരാളിനെ വെട്ടിച്ച് ബാബുമോനുമായി രമിക്കാമെന്ന് ഒരുപടികൂടി കയറി പെണ്‍കുട്ടികള്‍ കൊതിച്ചു. പാവം! കിനാവുകളിലും അവര്‍ക്ക് പരസ്പരം മത്സരിക്കേണ്ട അവസ്ഥയായി. ഈ ലോകത്തിലെ അതീവ പാവങ്ങളായ മൂന്നു കുട്ടികള്‍. അക്കാലത്തായിരുന്നു ബീഹാറിലെ ചാസ്നാലാനയിലെ കല്‍ക്കരി ഖനിയില്‍ വലിയൊരപകടം നടന്നത്. പത്തുമുന്നൂറ്റിയെണ്‍പത് പാവങ്ങള്‍ മണ്‍താഴ്ചയ്ക്കുള്ളില്‍ വച്ചു ശ്വാസംമുട്ടി മരിച്ചു. നിവര്‍ത്തിയിട്ട ഒരു ഇന്ത്യന്‍ ഭൂപടത്തില്‍ ജോസഫ് സാര്‍ ആ ഖനിനാട് വിരല്‍കൊണ്ട്, പിന്നെ പെന്‍സില്‍വെച്ച് അടയാളമിട്ടു മക്കളെ കാണിച്ചു. കുട്ടികള്‍ അതൊന്നും ശ്രദ്ധിച്ചില്ല. അപ്പോഴേയ്ക്കും അവര്‍ പത്രം വായിക്കുന്നതു നിര്‍ത്തിയിരുന്നു. ബാബുമോന്‍ അവരുടെ പകല്‍ക്കിനാവിലും നിറഞ്ഞ കാലമായിരുന്നത്. 

ഭ്രൂണമുണ്ടാകുന്നത് ആണ്‍ബീജവും പെണ്‍ബീജവുമായി... പാഠപുസ്തകത്തില്‍നിന്നും അതു മുഴുമിപ്പിച്ചുരുവിട്ടു പഠിക്കാന്‍പോലും ആ ചെറുകുട്ടികള്‍ക്കായില്ല. അപ്പോഴൊക്കെ ജാസിന്റേയും റോസിന്റേയും മനസ്സില്‍ പാല്‍മാതിരി എന്തെന്നറിയാത്ത ഒരു ദ്രാവകം നിറഞ്ഞു. ഛീ... അവരുടെ പഠിത്തം ഉഴപ്പി. അടുത്ത വര്‍ഷം എസ്.എസ്.എല്‍.സി.ക്ക് ഒറ്റയടിക്ക് ഗേള്‍സിലെ രണ്ട് ഫസ്റ്റുക്ലാസ്സുകളാണ് ഉടഞ്ഞുപോയത്. 

ഒരു വെടിക്ക് രണ്ടു പക്ഷി. അങ്കോം കാണാം താളീമൊടിക്കാം. നാട്ടിലെ എല്ലാ ട്യൂട്ടോറിയല്‍ക്കാരും അവരെ കൊതിച്ചു. അവരെ നമ്മുടെ കോളേജില്‍ത്തന്നെ പീഡീസി ബാച്ചില്‍ അഡ്മിഷനെടുപ്പിക്കണം.

ഓ! ഞങ്ങളിനി പഠിക്കുന്നില്ലെന്നേ! പ്രീഡിഗ്രി പ്രൈവറ്റ് ബാച്ചില്‍ അഡ്മിഷനെടുപ്പിക്കാന്‍ വന്ന ചെറുപ്പക്കാരായ അദ്ധ്യാപകരെ അവരൊത്തു ചേര്‍ന്നു തുരത്തിവിട്ടു. അതായിരുന്നു അവരിലെ ദുര്‍ലക്ഷണത്തിന്റെ തുടക്കം.

ജോസഫ്, ശോശന്ന

കണ്ണടയില്ലാത്ത നേരത്ത് തനിക്കിരുവരേയും പരസ്പരം തിരിച്ചറിയാന്‍ പറ്റത്തില്ല. ഒരു പ്രൈമറി സ്‌കൂളദ്ധ്യാപകനായിരുന്ന ജോസഫ് സാറിനു തന്റെ ഇരട്ടകളായ പെണ്‍കുട്ടികളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അവരുടെ സൗന്ദര്യം, ബുദ്ധിശക്തി ഇവയില്‍ പിതൃകണ്ണുകള്‍ മഞ്ഞളിച്ചതിനാല്‍ ഇരട്ടക്കുട്ടികളില്‍ ഒരുമിച്ചുവന്ന മാറ്റം തിരിച്ചറിഞ്ഞില്ല.

ഇവരെയിനി എന്നാ പഠിപ്പിക്കാനാ? പള്ളിക്കൂടത്തില്‍ പരസ്യമായും നാട്ടില്‍ രഹസ്യമായും ചിട്ടി നടത്തിയും പിശുക്കിയുമുണ്ടാക്കിയ പണംകൊണ്ട് താമസിക്കുന്ന വീടിനു തൊട്ടുചേര്‍ന്ന് മറ്റൊന്നുകൂടി കാലേകൂട്ടി പണിഞ്ഞത് നന്നായി എന്നദ്ദേഹം ചിന്തിച്ചു. 

ഇവറ്റകള്‍ എന്തായാലും ഒരേപോലെ മാത്രമേ നീങ്ങത്തൊള്ളൂ. ഒരുത്തിക്ക് പഠിക്കാന്‍ വയ്യെങ്കില്‍ മറ്റവളെ പുസ്തകവും പാഠങ്ങളും കാട്ടിയേച്ച് ഒരു കാര്യവുമില്ല. ഒന്നിനെ വിട്ട് മറ്റൊന്നിനു മാറിപ്പൊറുക്കാന്‍ പോലും കഴിയത്തില്ല. എന്നാല്‍പ്പിന്നെ അടുത്തടുത്ത വീടുകളിലെങ്കിലുമാവട്ടെ! തനിക്കിനി അതൊക്കെ മാത്രമേ ചെയ്യാനുള്ളൂ. എത്ര നന്നായി പഠിച്ചിരുന്ന കുട്ടികളായിരുന്നു? എന്നാ പറ്റിയോ? ജോസഫ് സാര്‍ ആ ചീട്ടങ്ങ് വലിച്ചുകീറി. അതീവ സങ്കടത്തോടെ.

ഇന്ദിരാഗാന്ധി മരിച്ചതിന്റെ അന്നത്തെ രാത്രി. ഇനിയും വയ്യ! അവരിരുവരും തങ്ങളുടെ കിനാവുകള്‍ മമ്മിയോട് വെളിപ്പെടുത്തി. ഏതോ ഒരു ബാബുമോനെത്തന്നെ അവര്‍ക്കു രണ്ടുപേര്‍ക്കും വേണം. 

ഇതെന്നാ കൂത്താ? ഞാനിതെന്നാ ചെയ്യാനാ? ഈ ബാബുമോന്‍ എവിടുത്തുകാരനാ? ഇതൊക്കെ പറഞ്ഞാ പള്ളീം പട്ടക്കാരും. ആലോചിക്കാനേ വയ്യെന്റെ മക്കളേ! പിള്ളേര്‍ വിട്ടില്ല. ശോശന്നയ്ക്ക് കലിഭ്രാന്തു കയറി. അവര്‍ മൂവരുമായി അലമാരയിലെ സര്‍വ്വ ക്രോക്കറികളും എറിഞ്ഞുടച്ചു. എന്നിട്ടും പിള്ളേരടങ്ങിയില്ല. പാതിരാവില്‍ രക്തസമ്മര്‍ദ്ദം മൂത്ത് അമ്മച്ചി കുഴഞ്ഞു വീണു. 

ഇന്ദിരാഗാന്ധി മരിച്ച ഹര്‍ത്താലായാലും നാളെ ആളുകൂടും. സുന്ദരികളായ നമ്മള്‍ മാത്രമുള്ള വീട്ടില്‍ അതു തീര്‍ച്ച. നമ്മുടെ ബാബുമോനും വരാതിരിക്കത്തില്ല. റോസും ജാസും വെളുക്കുവോളമിരുന്ന് സര്‍വ്വ ക്രോക്കറിക്കഷണങ്ങളും നുള്ളിമാറ്റി. വീടിനു പുറകില്‍ ആരും കാണാത്തിടത്ത് പാത്തുവച്ചു. 
റോസേ എടീ, എന്റയീ കൊട്ട താങ്ങുന്നത് ആരാന്നെറിയാമോ? പളുങ്കു കഷണങ്ങള്‍ നിറഞ്ഞ കുട്ട പൊക്കിക്കാട്ടി അവള്‍ ചോദിച്ചു.

നീ പോടീ ചൂലേ. ബാബുമോനിപ്പം നിക്കുന്നത് എന്നോടൊപ്പമാ! പൊറത്ത് ഇരുട്ടായോണ്ടാ നിനക്കവനെ കാണാമ്പറ്റാത്തേ! ഓ, വന്നിരിക്കുന്നു ഒരു ചുന്നരി. എന്റെ ബാബുമോനെ തട്ടിപ്പറിക്കാന്‍.

പിറ്റേന്നു സെമിത്തേരിക്ക് ഇറങ്ങുമ്പോള്‍ അവര്‍ ആ സെറ്റിയുടെ ഒരു കോണില്‍ ഒരു ക്രോക്കറിക്കഷണം ഒരുമിച്ചവര്‍ കണ്ടു. അതു ബാബുമോനെടുക്കാതെ വിട്ടുകളഞ്ഞതാവും! ഇരുവരും അങ്ങനെ കരുതി.

ചാന്‍സ്ലാനാ

നീയാ റേഡിയോ ഒന്നു തുറന്നേ ജാസ്. ചാന്‍സ്ലാനാ ഖനിയില്‍നിന്നും എത്ര ശവം തിരിച്ചെടുത്തു എന്നറിയാമല്ലോ.

അയ്യോ റോസ്. ഞാനും ബാബുമോനും ഇത്രേം നാളും അതിലെ വര്‍ത്തമാനം ഒരുമിച്ചിരുന്നു കേള്‍ക്കുവല്ലായിരുന്നോ. മിണ്ടിമിണ്ടി റേഡിയോടെ ഒച്ചയടഞ്ഞന്നേ! ഇപ്പോഴൊന്നും കേക്കത്തില്ല. അതു ചത്തു.
മമ്മിയും പോയതോടെ ജാസ്മിനും റോസ്മേരിയും തെല്ലും വളര്‍ന്നതേയില്ല. അവരെന്നും പത്തുതോറ്റവരായി തുടര്‍ന്നു.

അവിടെ നനയ്ക്കാത്തേം കുളിക്കാത്തേം രണ്ടു പെണ്ണുങ്ങളാ താമസം. പാതിരാത്രിയില്‍ ചെലപ്പം വെട്ടം കാണാം. തട്ടലും മുട്ടലുമുണ്ടാവും. മുതുക്കികളായിട്ടും പിള്ളേരമാതിരിയാണ് അസത്തുക്കടെ പെരുമാറ്റം. ചിലപ്പോ മാസങ്ങളോളം ആവീം അനക്കവും കാണത്തില്ല. നാട്ടുകാരവരെ വെറുത്തു. അതീവ സുന്ദരികളായിരുന്നവരുടെ പേരുകള്‍പോലും ചുറ്റുവട്ടക്കാര്‍ ഉപയോഗിക്കാതായി. 

പാല്‍ക്കാരന്‍ വീടിന്റെ ഇറയത്ത് പാലുവച്ചുപോയി. മമ്മിയുടെ കാലത്തു കൊടുത്ത അതേ സംഖ്യ തന്നെ തുടര്‍ന്നതിനാല്‍ അയാള്‍ പാലളവ് ചുരുക്കി. അതുതന്നെ അരിയും പലചരക്കും എത്തിച്ചവനും അവരോടു ചെയ്തു. പക്ഷേ, കറണ്ട് അത് മുക്കാല്‍, പകുതി, അരയ്ക്കാല്‍, കാലരയ്ക്കാല്‍ അങ്ങനെ തുള്ളിയായിട്ടല്ല വലിഞ്ഞത്. റോഡിനും ഇരട്ടവീടുകള്‍ക്കുമിടയില്‍ ഒരു കൂറ്റന്‍ രണ്ടുനില ഷോപ്പിംഗ് സെന്റര്‍ കയറിവന്നു. അതോടെ ഏറെ കൗതുകമായ ആ വീടുകളും പുറംലോകത്തിനു മുന്നില്‍ വെട്ടപ്പെടാതെയായി. 

രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്ക കാലത്ത് മുറ്റം കവച്ച് വീട്ടുപടിയോളം ആറ്റുവെള്ളം കയറി. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ഭക്ഷണപ്പൊതികള്‍ ജാസും റോസും കൈപ്പറ്റി. 

ഞങ്ങളുടെ പപ്പയ്ക്ക് കൂടി ഒരു പൊതി താടോ. ഞങ്ങടെ പപ്പ വെള്ളത്തിന്റെ മോട്ടോറും തൊറന്നിട്ടേച്ച് പോയേക്കുവാ. കാണാനില്ല. അതാ ഈ മുറ്റത്തും പറമ്പേലും ഇങ്ങനെ വെള്ളം കയറിയേ! കിട്ടുവാണെങ്കില്‍ കൊറച്ച് അവലോസ് പൊടിയും നാളെ വരുമ്പം കൊണ്ടത്താ. 

വിട്ടോടാ. രണ്ടിനും മൂത്ത വട്ടാ. ഇവരുടെ അപ്പന്‍ പണ്ടെങ്ങാണ്ട് മരിച്ചുപോയി. പിന്നാലെ അവരുടമ്മച്ചിയും... പിറുപിറുത്തുകൊണ്ട് ദുരിതാശ്വാസക്കാര്‍ വലിഞ്ഞു.

മോട്ടോറുമിട്ടേച്ച് എന്നതാ ഈ പപ്പ ഒറങ്ങുവാന്നോ? ചെലപ്പം നമ്മള് ബാബുമോനുമായി കൂടുന്നതില്‍ കെറുവിച്ചേച്ച് നിന്റെ വീട്ടില്‍ ചെന്നു കെടക്കുവായിരിക്കും ഈപ്പപ്പ. പെരുവെള്ളമിറങ്ങുന്നതു വരെയും അവര്‍ രണ്ടു വീടുകളിലും മാറിമാറി ജോസഫ് സാറിനെ തെരഞ്ഞു.

ഇന്നലെ ചോറുകൊണ്ടുവന്നവന്മാര് ആരാണ്ട് നമ്മള് കാണാതെ പപ്പയെ എടുത്തോണ്ടു പോയതാവണം. പപ്പ വന്നാലൊടനെ നമക്കു പഠിക്കാന്‍ പോണമെടീ. എങ്ങനേം ബാബുമോനെ കണ്ടെത്തണം. 
നമക്ക് ഡാന്‍സ് പഠിക്കാന്‍ പോയാലോ റോസ്സേ! അവനേം വിളിക്കാം. എനിക്കീ കഥാപ്രസംഗം പറഞ്ഞു മടുത്തു.

അതുവേണോ? അതൊക്കെ മിന്നുകെട്ടു കഴിഞ്ഞേച്ച് മതി.
ജാസ്സേ, അതു നെനക്കു മാത്രമായി ബാബുമോനെ വളച്ചെടുക്കാനല്ലേ? ഞാനത് സമ്മതിക്കൂല്ല. 
പപ്പ തിരിച്ചുവന്നാല്‍ നമക്ക് രണ്ടു റേഡിയോകള്‍ വാങ്ങിപ്പിക്കണം. ആ കല്‍ക്കരി ഖനിയേന്ന് ആള് രക്ഷപ്പെട്ടോന്നറിയണം. ഏതു കുഴിയേല്‍ച്ചാടിയാലും മനുഷ്യന്റെ കാര്യം പോക്കാന്നേ!

സ. അലക്‌സാണ്ടര്‍

ശരിക്കും ആ നാട്ടില്‍ തുടര്‍ന്നു നിന്നിരുന്നെങ്കില്‍ താനൊരു വട്ടനായിപ്പോകുമായിരുന്നു. ആ ഇരുപുഷ്പങ്ങളും തന്നെ കുത്തിക്കോരി ഇപ്പോഴുമിളക്കുന്നു. ജാസിനേയും റോസിനേയും കിനാവു കാണാത്ത ഒരു രാത്രിയുമില്ല. എല്ലാ അപ്പന്മാരെപ്പോലെയും തന്നെയും രക്ഷിച്ചത് പപ്പയായിരുന്നു. പപ്പയെ കുറിച്ചാലോചിക്കുമ്പോഴൊക്കെ ബാബുമോനാദ്യം ഓര്‍ക്കുന്നത് അതാണ്. 

അടിയന്തരാവസ്ഥയുടെ ഏതോ കുരുക്കില്‍ വീണതോടെ പൊലീസ് മന്ത്രിയെ വെട്ടിച്ച് അവരുടെ പാര്‍ട്ടിക്കാരനായ മുഖ്യനാണ് അലക്‌സാണ്ടറെ കാസറകോട് താലൂക്ക് കച്ചേരിയിലേയ്ക്ക് രായ്ക്കുരാമാനം സ്ഥലം മാറ്റി വിഷയം തണുപ്പിച്ചത്. കാസറകോട്ടു കിടന്ന് ബാബുമോന്റെ ചങ്ക് വല്ലാതെ ഉണങ്ങിപ്പോയി. അവന്റെ ഖല്‍ബില്‍ കയറി പിന്നൊരു പെണ്ണും പൂപറിച്ചതുമില്ല.

ടെസ്റ്റെഴുതി ബാബുമോന്‍ സര്‍വ്വീസില്‍ കയറി. ആദ്യശമ്പളം കൈപ്പറ്റിയ അവനൊരു വേണ്ടാതീനം കാണിച്ചു. അവന്‍ പാവം ബാബുമോനായി മാറി റോസും ജാസുമുള്ള ആ പഴയ സ്ഥലത്തേയ്ക്ക് ചെന്നു. പക്ഷേ, ആ നഗരത്തെ അതിനോടകം ഗള്‍ഫ് പണം ഉഴുതുമറിച്ചിട്ടു കളഞ്ഞിരുന്നു. ബാബുമോനേയും കൊണ്ട് ഒരു ഓട്ടോക്കാരന്‍ തലങ്ങും വിലങ്ങും പണ്ട് പെണ്‍കുട്ടികളിറങ്ങിപ്പോയ ബസ്സ്റ്റോപ്പില്‍ പലകുറി കറങ്ങി. ആ ഇരട്ട വീടിനെ ഷോപ്പിംഗ് സെന്റര്‍ രൂപത്തില്‍ ഗള്‍ഫ് പണപ്പൊലിപ്പ് മറച്ചുകളഞ്ഞതാണ്. 

ദേ. ഓട്ടോ ഒന്നു നിര്‍ത്ത്യേ. ഇവനെന്റെ കൂടെ ഇവിടെ ബോയ്സില്‍ പഠിച്ചവനാന്ന് തോന്നുന്നു.
ചേട്ടനിറങ്ങിയേ, എനിക്കൊരു അടിയന്തര ഓട്ടമുണ്ടായിരുന്നു. അതെടുക്കണം. അല്ലേല്‍ വേണ്ട ഞാന്‍ സ്റ്റാന്‍ഡേല്‍ വിട്ടുതരാം. ഇവനെന്റെ പരിചയക്കാരനാണ്, പലരെക്കണ്ടും അതാവര്‍ത്തിച്ചപ്പോള്‍ ആട്ടോക്കാരനും അവനെ വെറുത്തു. 

സ. അച്യുതമേനോന്‍ മരിച്ചിട്ട് ശവമടക്കിനുപോലും ബാബുമോന്‍ പോയില്ല. അതു ഭയം കൊണ്ടായിരുന്നു. തന്റെ മനസ്സിലുള്ളത് ഈ ലോകത്തിന്റെ കാതിലേയ്ക്ക് പകരാന്‍ സാധിക്കില്ല. ആ അറിവുറച്ചതോടെ കല്യാണം കഴിക്കാതെ നില്‍ക്കുന്നതിനു കാരണവും ബാബുസാര്‍ ആരോടും വെളിവാക്കിയില്ല. നാണക്കേടാണ്. കൊച്ചുന്നാളിലെ ഒരു മനപ്പിഴയും ചുമന്നു നടക്കുന്നവന്‍! 
സത്യത്തില്‍ ക്ലോണിംഗ് വിദ്യ വന്നപ്പോള്‍ ബാബു സാര്‍ ഞെട്ടിപ്പോയി. തനിക്കന്ന് ഇടം കൈ മുളപ്പിക്കാനുള്ള ആശയമുണ്ടായിരുന്നു. കണ്ടുപിടുത്തങ്ങള്‍ കാലം മാറിയെത്തുമ്പോള്‍ അതെത്രമാത്രം സ്വപ്‌നഭംഗമുണ്ടാക്കും? ഫയലെഴുതുമ്പോഴൊക്കെ ബാബുസാര്‍ അതു ചിന്തിച്ചു. 

അവളുമാരെന്നേ മിന്നും കെട്ടിയിപ്പോ മുത്താച്ചിമാരായിട്ടുണ്ടാവും. നമ്മളിവിടെ ലോഡ്ജിന്റെ മച്ചും നോക്കിക്കിടക്കുവാ. ആന മണ്ടത്തരം. പുതുതായി ജോലിക്ക് ഓഫീസില്‍ ചേര്‍ന്ന ആ തൈക്കെളവിയെ ഒന്നാലോചിച്ചാലോ? 

വാകത്താനത്തില്‍

റോസ്, ജാസ് വില്ലകള്‍ക്ക് അടുത്തുള്ള പ്ലോട്ടില്‍ നടന്ന ആദ്യ പൈലിംഗില്‍ ചുവരിലുറപ്പിച്ചിരുന്ന റോസ് & ജാസ് എന്ന നെയിംബോര്‍ഡ് തറപറ്റി. 

ഇരുപത്തിനാലു നില ഫ്‌ലാറ്റുയര്‍ന്നു. ആഘോഷപൂര്‍വ്വം അതിന്റെ ഉദ്ഘാടനം നടക്കുന്നതിനു മുന്‍പ് പതിനെട്ടിലെ വെള്ളപ്പൊക്കത്തില്‍ ആ നാട്ടിലെ കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിച്ചത് അതിന്റെ അടിനിലയിലെ പാര്‍ക്കിംഗിലായിരുന്നു. അങ്ങനെ നാട്ടിലെ ഒരുവിധം ചെറുപ്പക്കാരെല്ലാം അതിന്റെ മുകള്‍നിലവരെ കയറിപ്പോയി. അകലെയുള്ള മലകളില്‍ എവിടെയാണ് ഉരുള്‍ പൊട്ടിയതെന്നറിയാന്‍ അവരുടെ കണ്ണുകള്‍ നീണ്ടുപോയി. 
ഇന്നലെ അവലോസുപൊടികൊണ്ടുവരാന്‍ പറഞ്ഞ ആ വട്ടുകേസുകളുടെ വീടുകളാണ് അത്. പതിമ്മൂന്നാം നിലയിലെ അപ്പാര്‍ട്ടുമമെന്റില്‍നിന്നും രണ്ടു സന്നദ്ധപ്രവര്‍ത്തകര്‍ താഴേയ്ക്ക് ചൂണ്ടുകയും ചെയ്തു.
അതേ സമയത്ത് ആ ഘോരമഴ കണ്ടിരിക്കെയാണ് ബാബുസാര്‍ തന്റെ മനോഗതം ലോഡ്ജിലെ അടുത്ത മുറിക്കാരനോട് വെളിപ്പെടുത്തിയത്. 

ഇനിയൊരു രണ്ടുവര്‍ഷം. പെന്‍ഷനൊന്നാവട്ടെ, ഞാനൊരു പുഴയോരത്ത് പോയി താമസിക്കും. 

അയ്യോ സാറേ. അപ്പം മുറീല് വെള്ളങ്ങള് കേറത്തില്ല്യോ? 
അതു മണ്ടാ ഞാനൊരു ഫ്‌ലാറ്റുവാങ്ങിക്കും. അടുത്തൊരു പള്ളിക്കൂടം കൂടിയുണ്ടങ്കില്‍ നന്ന്. അതു പെണ്‍പള്ളിക്കൂടമാവണം. അക്കാര്യം ബാബുസാര്‍ മനസ്സില്‍ വച്ചു. പരസ്യമാക്കിയില്ല. ആര്‍ക്കും പിടിക്കത്തില്ല.
പെന്‍ഷനായപ്പോള്‍ കയ്യില്‍ വന്ന വലിയ സംഖ്യയില്‍ കള്ളക്കണ്ണിട്ടു കല്യാണമാലോചിച്ചു വന്ന രണ്ട് ഉദ്യോഗസ്ഥകളെ വെട്ടിച്ച് ബാബുസാര്‍ ആ പഴയ സ്ഥലത്തെത്തി. ജാസിന്റേം റോസിന്റേം സ്വന്തമിടത്ത്. വാകത്താനത്തില്‍ അപ്പാര്‍ട്ടുമെന്റിന്റെ പതിമ്മൂന്നാം നിലയില്‍ താമസമാക്കി. കാസര്‍കോട്ടുനിന്നും മമ്മിയെ കൂട്ടിക്കൊണ്ടുവന്നു. സ. അലക്‌സാണ്ടര്‍ അക്കാലമായപ്പോഴേയ്ക്കും അന്ത്യകൂദാശപോലും നിരസിച്ച് മുനിസിപ്പല്‍ ക്രിമറ്റോറിയം വഴി കടന്നുപോയിരുന്നു.

മമ്മിയേ, ഇതേതാണിടമെന്നറിയാവോ? അയാള്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും മമ്മിക്ക് ആ സ്ഥലം മനസ്സിലാക്കാനുള്ള പ്രാപ്തി നഷ്ടമായിപ്പോയിരുന്നു. 

ബൈനോക്കുലര്‍ വച്ചു നോക്കിയിട്ടും ബാബുസാറിനും ചുറ്റുവട്ടങ്ങളില്‍ പ്രത്യേകിച്ചൊന്നും കാണാന്‍ കഴിഞ്ഞില്ല. ''കോകസ്ത്രീ വിരഹത്തീയിന്‍ പുകയല്ലോ തമസ്സിത്'' എന്ന് ഒന്‍പതിന് ക്ലാസ്സില്‍ കേട്ടത് പാടി നോക്കിയിട്ടും... 
ഒരു ബാബുമോനുമായി കിടക്കുന്നതിന്റെ പേരിലുള്ള വക്കാണം മൂത്ത് ഇടയ്ക്കിടെ താഴെയുള്ള ഇരട്ടവീടുകള്‍ക്കിടയില്‍ പറന്നുകളിക്കുന്ന സ്റ്റീല്‍പാത്രങ്ങളേയും മുകള്‍നിലയില്‍ നിന്നിരുന്ന ബാബുമോന്‍ സാര്‍ കണ്ടതേയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com