'തിങ്കള്‍ക്കഥ'- പ്രമോദ് രാമന്‍ എഴുതിയ കഥ

എഴുത്തുകാരനായ റിട്ടയേഡ് അദ്ധ്യാപകന്‍ രവി വാധ്യാരുടെ എട്ടുവയസ്സുകാരിയായ മകള്‍ തിങ്കള്‍ വലിയ കുസൃതിക്കാരിയായിരുന്നു
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ഴുത്തുകാരനായ റിട്ടയേഡ് അദ്ധ്യാപകന്‍ രവി വാധ്യാരുടെ എട്ടുവയസ്സുകാരിയായ മകള്‍ തിങ്കള്‍ വലിയ കുസൃതിക്കാരിയായിരുന്നു. കാലം വൈകിയുള്ള ഗര്‍ഭത്തിന്റെ പലവിധ സങ്കീര്‍ണ്ണതകള്‍ കാരണം അവളുടെ അമ്മ പ്രസവിച്ച ഉടനെ മരിച്ചുപോയതാണ്. അതുകൊണ്ട് തിങ്കളിന്റെ എല്ലാ കുസൃതിയും അച്ഛന്റെ അതിലാളനകൊണ്ടാണെന്നാണ് മറ്റുള്ളവര്‍ പറയുക. എന്നാലും രവി വാധ്യാര്‍, (അദ്ദേഹം ദീര്‍ഘകാലം ജോലിചെയ്ത സ്‌കൂളിലെ മറ്റ് അദ്ധ്യാപകര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചാണ് ആ പേര് വീണത്. പിന്നെ അതദ്ദേഹത്തിന്റെ തൂലികാ നാമമായി) അതു കണക്കിലെടുക്കാറില്ല. അദ്ദേഹം മകളെ വല്ലാതെ സ്‌നേഹിച്ചു. അവളുടെ എല്ലാ കുറുമ്പുകളും ആസ്വദിച്ചു. അതിനു കൂട്ടും തണലുമായി. അങ്ങനെ രവി വാധ്യാര്‍ മകളുടെ ആനയായി, അണ്ണാറക്കണ്ണനായി, കുരങ്ങായി, പട്ടിയായി, പോത്തായി. എന്നുവേണ്ട, തീവണ്ടിയും ലോറിയും കപ്പലും വിമാനവും വരെയായി.

''അച്ഛനെന്താ എഴുതുന്നേ?'' എന്തെങ്കിലും എഴുതാനിരിക്കുമ്പോള്‍ അവള്‍ വന്നു ചോദിക്കും.
''അച്ഛനേ ഒരു കഥ എഴുതുവാ.''
''ആരുടെ കഥയാ?'''
''അതേ, ഒരു പട്ടീടേം പൂച്ചേടേം കഥയാ.''
''അച്ഛനെന്തിനാ പട്ടീടേം പൂച്ചേടേം കഥ എഴുതുന്നേ? തിങ്കളിന്റെ കഥ എഴുതണം.''
''ശരി, ശരി.''
അങ്ങനെ ഒത്തിരിത്തവണ രവി വാധ്യാര്‍ തിങ്കളിന്റെ കഥകളെഴുതി. തിങ്കളെന്ന് കടലാസിന്റെ മുകളില്‍ എഴുതി മകളെ കാണിച്ചശേഷം അദ്ദേഹം എഴുതിയ കഥകളിലെല്ലാം വേറെ ആളുകളായിരുന്നു കഥാപാത്രങ്ങള്‍. പക്ഷേ, കഥ വായിക്കാന്‍ പറയുമ്പോള്‍ അദ്ദേഹം തിങ്കളിനെക്കുറിച്ചുള്ള കഥയായി അതു വായിച്ചുകൊടുത്തു. അങ്ങനെ തിങ്കള്‍ കുഞ്ഞായി, കുരുവിയായി, മയിലായി, നക്ഷത്രമായി, ദേവതയായി, മഴവില്ലുവരെയായി. എന്നിട്ടും തൃപ്തി വരാതെ അവള്‍ തന്നെക്കുറിച്ച് വീണ്ടും വീണ്ടും കഥകളെഴുതാനാവശ്യപ്പെട്ടുകൊണ്ടിരുന്നു. രവി വാധ്യാര്‍ ഓരോ തവണയും കടലാസിനു മുകളില്‍ അവളുടെ പേരെഴുതുകയും എന്നിട്ട് തനിക്കുവേണ്ട കഥകളെഴുതുകയും മകള്‍ ആവശ്യപ്പെടുമ്പോള്‍ കള്ളക്കഥകള്‍ വായിച്ചുകൊടുക്കുകയും ചെയ്തു.

മഴക്കാലം കഴിഞ്ഞ് മുറ്റത്ത് പവിഴമല്ലികള്‍ പൂത്തുവിടര്‍ന്നുനില്‍ക്കുന്ന പ്രശാന്തമായ ഒരു പ്രഭാതത്തില്‍ രവി വാധ്യാര്‍ എഴുതാനിരുന്നു. കിടപ്പുമുറിയുടെ ജനലിനോട് ചേര്‍ന്നഭാഗത്തെ മേശയ്ക്കു പിന്നിലിരുന്നാണ് അദ്ദേഹം എഴുതാറുള്ളത്. പടിഞ്ഞാറുനിന്നുള്ള ഇളംകാറ്റ് അദ്ദേഹത്തിന് അഭൗമമായ കുളുര്‍മ പകര്‍ന്നു. 
പെട്ടെന്ന് മകള്‍ മുറിയിലേക്ക് ഓടിവന്ന് അച്ഛനോട് പറഞ്ഞു: ''അച്ഛാ നമുക്കു സാറ്റ് കളിക്കാം.''
എഴുത്തിന് ഇരുന്നതേയുള്ളൂവെങ്കിലും അച്ഛന്‍ മറിച്ചൊന്നും പറഞ്ഞില്ല, സമ്മതിച്ചു. 

''എന്നെ ഇന്ന് അച്ഛനു പിടിക്കാനേ പറ്റില്ല. ഒറപ്പാ.''
''എന്നാ അതൊന്നു കാണണമല്ലോ. ഞാന്‍ കണ്ടുപിടിച്ചിരിക്കും.''
രവി വാധ്യാര്‍ കണ്ണടച്ച് വരാന്തയിലെ ചുവരില്‍ മുഖം ചേര്‍ത്തുനിര്‍ത്തി എണ്ണാന്‍ തുടങ്ങി. എണ്ണുന്ന നേരത്ത് മകള്‍ ഒളിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. മുറ്റത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്ലാവിന്റെ മറവില്‍, വലതുവശത്തുള്ള കോഴിക്കൂടിന്റെ പിന്നില്‍, കിടപ്പുമുറിയിലെ പായച്ചുരുളില്‍, ചിലപ്പോള്‍ എഴുത്തുമേശയുടെ താഴെ, ചിലപ്പോള്‍ അടുക്കളയിലെ മേശയുടെ താഴെ, ഇതൊന്നുമല്ലെങ്കില്‍ പിറകിലെ കാവ്യയുടെ വീട്ടില്‍ പണിനടക്കുന്നതുകൊണ്ട് വളച്ചുകെട്ടിയ പച്ചക്കര്‍ട്ടന്റെ പിന്നില്‍. ഇവിടെയൊക്കെയല്ലാതെ അവള്‍ എങ്ങോട്ടുപോകാന്‍. 

അന്‍പതുവരെ എണ്ണിയ ശേഷം അദ്ദേഹം ചുവര്‍ പിടിച്ചുകൊണ്ടുതന്നെ നാലുപാടും നോക്കി. പരിസരത്ത് എവിടെയുമില്ലെന്നു കണ്ടപ്പോള്‍ പതുക്കെ ചുവരില്‍നിന്നു കൈവിട്ട് അടുക്കളയിലേക്ക് എത്തിനോക്കി. മേശയുടെ താഴെയില്ല. പാത്രങ്ങളൊക്കെ വച്ച ഭാഗത്തില്ല. പിന്നെ കിടപ്പുമുറിയിലേയ്ക്ക് നോക്കി. അവിടെയില്ല. പായച്ചുരുളില്‍ കൂടിയിട്ടില്ല. ഈ സമയത്തൊക്കെ ഏതുനിമിഷവും അവള്‍ ഓടിവന്ന് സാറ്റ് പറയുമെന്നും താന്‍ തോറ്റുപോകുമെന്നും രവി വാധ്യാര്‍ പേടിച്ചു. പക്ഷേ, കിടപ്പുമുറിയിലും അടുക്കളയിലും വരാന്തയിലും കാണാത്തപ്പോള്‍ അദ്ദേഹം പതുക്കെ പുറത്തേക്ക് ഇറങ്ങിനോക്കി. കോഴിക്കൂടിനു പിന്നിലും പ്ലാവിന്റെ മറവിലും പച്ചക്കര്‍ട്ടന്റെ പിറകിലും ഇല്ല. അച്ഛന്‍ ഇളിഭ്യനായി.

അവള്‍ പറഞ്ഞത് ശരിയാ. ഇന്നവള്‍ ഏതോ പുതിയ ഒളിവുകേന്ദ്രം കണ്ടെത്തിയിരിക്കുന്നു, അദ്ദേഹം ഓര്‍ത്തു.
പവിഴമല്ലിപ്പൂക്കള്‍ അദ്ദേഹത്തെ നോക്കി കളിയാക്കി ചിരിച്ചു.

''മോളേ, തിങ്കളേ വാ. അച്ഛനിതാ, തോറ്റു. വാ.''
അവള്‍ വന്നില്ല. എത്ര വിളിച്ചിട്ടും മകള്‍ വന്നു സാറ്റടിച്ചില്ല. രവി വാധ്യാര്‍ കുറേ നേരം വീടിന്റെ ചുറ്റിലും നോക്കി. കോഴിക്കൂട് തുറന്നുനോക്കി. പലകകളൊക്കെ മാറ്റി; ചെറിയ ദ്വാരങ്ങള്‍പോലും ഇളക്കിനോക്കി, കിടപ്പുമുറിയുടെ ഓരോ മൂലയും തപ്പി; അടുക്കളയില്‍ പാത്രങ്ങളൊക്കെ വാരിവലിച്ചിട്ട് നോക്കി; മേശകളും കസേരകളും മറിച്ചിട്ടുനോക്കി; വീടാകെ അരിച്ചുപെറുക്കി. വീടിന്റെ അതിരിലെ പച്ചക്കര്‍ട്ടന്‍ അദ്ദേഹം വലിച്ചുപൊട്ടിച്ചു. മകളെ കണ്ടില്ല.

''തിങ്കളേ.''
ആ വിളി ദയനീയമായിരുന്നു. അയല്‍വീടുകളില്‍നിന്ന് ആളുകള്‍ ഓടിവന്നു. അവരും കുറേ അന്വേഷിച്ചു. പരിസരത്തെ വീടുകളിലേക്കെല്ലാം ആളുപാഞ്ഞു. എത്രനേരം നോക്കിയിട്ടും തിങ്കള്‍ എവിടെയുമില്ല. പൊലീസ് വന്ന് അന്വേഷണം തുടങ്ങി. രവി വാധ്യാരോടും അയല്‍പക്കത്തുള്ളവരോടും എല്ലാം കാര്യങ്ങള്‍ ചോദിച്ചു. കുറ്റിക്കാടുകളും സമീപത്തെ കിണറുകളുമെല്ലാം പരിശോധിച്ചു. അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആ ദിവസം രവി വാധ്യാരുടെ വിങ്ങിപ്പൊട്ടുന്ന മുഖത്ത് ഇരുള്‍പരന്ന് അവസാനിച്ചു.

പിറ്റേന്നും അതിനു പിറ്റേന്നും അങ്ങനെ ദിവസങ്ങളും മാസങ്ങളും ഒടുവില്‍ വര്‍ഷങ്ങളും അച്ഛന്‍ കാത്തിരുന്നു. പൊലീസ് അന്വേഷണവും എവിടെയും എത്തിയില്ല. അങ്ങനെ ഋതുപകര്‍ച്ചകള്‍ കൊടുത്ത മുറിവുകള്‍ പേറി, ഉള്ളില്‍ വാടിക്കരിഞ്ഞ ഒരു വസന്തത്തിലെ അവസാനത്തെ പവിഴമല്ലിപ്പൂവിന്റെ വിളറിയ നിറംപേറി ആ എഴുത്തുകാരന്‍ ഏകാന്തമായ വയോധിക ജീവിതത്തിലേക്ക് ആണ്ടുപോയി.

ഒരു വെളുപ്പിന് അദ്ദേഹത്തിന് എന്തെങ്കിലും എഴുതണമെന്നു തോന്നി. എന്തോ ഉത്തരവാദിത്തം തീര്‍ക്കാനുണ്ട് എന്നൊരു തോന്നല്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ച് ദൂരെയിട്ട പേനയും ഒരു കടലാസുമെടുത്ത് അദ്ദേഹം മേശയ്ക്കരികിലെത്തി എഴുതാനാഞ്ഞു. 

പേനയില്‍നിന്നു കടലാസിലേയ്ക്ക് ഉതിര്‍ന്നുവീണ ആദ്യത്തെ വാക്ക് കയ്യടിച്ച് വിജയീഭാവത്തില്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചു: ''അച്ഛാ.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com